অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാര്‍ഷിക വിളകള്‍

കശുമാവ്

ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യപ്പെടുന്ന വിളകളില്‍ കശുമാവ് സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു. ബ്രസീലാണ് കശുമാവിന്‍റെ ജന്മദേശമെന്നു കരുതപ്പെടുന്നുണ്ട്. ഇന്ന് ബ്രസീലിനു പുറമേ ഇന്ത്യ, മൊസാമ്പിക്ക്, താന്‍സാനിയ, കെനിയ, വിയറ്റ്നാം എന്നിവിടങ്ങളില്‍ കശുമാവ് വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തിപ്പോരുന്നു.  പോര്‍ച്ചുഗീസുകാര്‍  കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതിനാല്‍ ‘പറങ്കിമാവ്’ എന്നും കശുമാവിന്  പേരുണ്ട്. പ്രധാനയിനങ്ങള്‍: ആനക്കയം1, മാടക്കത്തറ1, വൃദ്ധാചലം3, കനക, ധന, അക്ഷയ, അനഘ, അമൃത, പ്രിയങ്ക, ധരശ്രീ, മാടക്കത്തറ2, സുലഭ, ദാമോദര്‍, രാഘവ്, പൂര്‍ണിമ, ശ്രീ എന്നിവയാണ്.  മറ്റ് വിളകളൊന്നും വളരാത്ത തരിശുഭൂമിയില്‍ പോലും കശുമാവ് വളരുമെങ്കിലും വെള്ളക്കെട്ടുള്ളതും, ക്ഷാരാംശം കൂടുതലുള്ളതുമായ സ്ഥലങ്ങള്‍ കശുമാവ് നടാന്‍ യോജിച്ചതല്ല. കന്നിമഴ കിട്ടുന്നതോടെ നടേണ്ട സ്ഥലം തയാറാക്കാം. പതിവെച്ച തൈകളോ ഒട്ടുതൈകളോ നടുന്നതിന് ഉപയോഗിക്കാമെങ്കിലും ഒട്ടുതൈകളാണ് കൂടുതല്‍ മെച്ചമായി കണ്ടുവരുന്നത്.

അര മീറ്റര്‍ ആഴവും വീതിയും ഉയരവുമുള്ള കുഴികളില്‍ 10 കി.ഗ്രാം ചാണകം/കമ്പോസ്റ്റ് മേല്‍മണ്ണും ചേര്‍ത്തു നിറച്ചശേഷം ഇടവപ്പാതിയോടുകൂടി തൈകള്‍ നടാം. ഒട്ടുതൈകള്‍ നടുമ്പോള്‍ ഒട്ടിച്ചഭാഗം തറനിരപ്പിന് അര വിരല്‍ മുകളിലെങ്കിലുമായിരിക്കാന്‍ ശ്രദ്ധിക്കണം. ഫലപുഷ്ടിയുള്ള ആഴമുള്ള മണ്ണിലും സമുദ്രതീരങ്ങളിലുള്ള മണല്‍ മണ്ണിലും, തൈകള്‍ തമ്മിലും നിരകള്‍ തമ്മിലും 10 മീറ്റര്‍ അകലം വരുന്ന വിധത്തില്‍ ഏക്കറില്‍ 40 തൈകള്‍ നടാവുന്നതാണ്. ചരിഞ്ഞ ഭൂമിയില്‍ നിരകള്‍ തമ്മില്‍ 10 മുതല്‍ 15 മീറ്റര്‍ വരെയും, ചെടികള്‍ തമ്മില്‍ 6 മുതല്‍ 8 മീറ്റര്‍ വരെ അകലം വരുന്ന രീതിയില്‍ ഏക്കറില്‍ 33 മുതല്‍ 66 തൈകള്‍ വരെ നടാം. ശരിയായ നടീലകലം പാലിക്കുന്നതു മരങ്ങള്‍ തമ്മില്‍ സൂര്യപ്രകാശത്തിനും സസ്യമൂലകങ്ങള്‍ക്കും വേണ്ടി മല്‍സരിക്കുന്നതു തടയാനും വേരുപടലങ്ങള്‍ തമ്മില്‍ പിണയുന്ന സ്ഥിതിവിശേഷം കുറയ്ക്കാനും അങ്ങനെ ഓരോ മരവും നന്നായി വളര്‍ന്നു മികച്ച വിളവു തരാനും സഹായിക്കും. പൊക്കം കുറഞ്ഞ ഇനങ്ങള്‍ക്ക് 4×4 മീറ്റര്‍ മുതല്‍ (ഏക്കറില്‍ 250 തൈകള്‍) 7×7 മീറ്റര്‍ (ഏക്കറില്‍ 80 തൈകള്‍) വരെ നടീലകലം മരങ്ങളുടെ വലിപ്പമനുസരിച്ചു പാലിക്കാം.

വളങ്ങള്‍ രണ്ടു ഗഡുക്കളായി ജൂണ്‍-ജൂലൈയിലും (ഇടവപ്പാതി), സെപ്റ്റംബര്‍-ഒക്ടോബറിലും (തുലാവര്‍ഷം) ചെടികള്‍ക്ക് ഇട്ടു കൊടുക്കാം. കശുമാവിന്‍തോട്ടത്തില്‍ കീടാക്രമണത്തിനുള്ള സാധ്യത കുറയ്ക്കാനും, മരങ്ങള്‍ നന്നായി വളരാനും കളനിയന്ത്രണം ആവശ്യമാണ്. തൊഴിലാളികളെ ഉപയോഗിച്ചുള്ള കളനിയന്ത്രണമാണ് നടത്തുന്നതെങ്കില്‍ വളപ്രയോഗത്തിനു മുമ്പും വിളവെടുപ്പിനോട് അടുപ്പിച്ചുമാണ് കളയെടുക്കേണ്ടത്.  ആഗസ്റ്റ് മാസമാണ് കളനിയന്ത്രണത്തിന് അനുയോജ്യം. 160 ഗ്രാം പാരാക്വാറ്റ്, 400 ഗ്രാം, 2,4 ഡി എന്നിവയാണ് ഒരേക്കറിലെ കള നിയന്ത്രണത്തിനു വേണ്ടിവരുന്ന കളനാശിനികള്‍. മരങ്ങളുടെ ചുവട്ടില്‍ മഴ കഴിയുന്നതോടെ കരിയിലകളോ ഉണങ്ങിയ പുല്ലോ മറ്റോ ഉപയോഗിച്ച് പുതയിടുന്നത് കളശല്യം കുറയ്ക്കുന്നതോടൊപ്പം ഈര്‍പ്പം സംരക്ഷിക്കാനും സഹായിക്കും. ഡൈബാക്ക് അഥവാ പിങ്ക് രോഗം എന്ന കുമിള്‍രോഗമാണ് കശുമാവിലെ മുഖ്യരോഗം. മഴസമയത്താണ് ഇതു കാണപ്പെടുക. ശിഖരങ്ങളില്‍ വെള്ളപ്പാടുകള്‍ വീണ് അവ ഉണങ്ങുന്നതാണ് പരിണിത ഫലം. ഉണങ്ങിയ ശിഖരങ്ങള്‍ ഉണങ്ങിയിടത്തുവെച്ച് മുറിച്ചുമാറ്റി മുറിവില്‍ ബോര്‍ഡോക്കുഴമ്പോ, ബ്ലളിറ്റോക്സ് കുഴമ്പോ പുരട്ടുന്നതാണ് പ്രതിവിധി. ചെന്നീരൊലിപ്പ് കാണുന്നുണ്ടെങ്കില്‍ ആ ഭാഗം ചുരണ്ടിമാറ്റി ടാര്‍ പുരട്ടുക.

കശുവണ്ടി  വിളവെടുക്കുമ്പോള്‍  ശ്രദ്ധിക്കണം. നല്ലവണ്ണം പാകമായ കശുവണ്ടിയും, മാങ്ങയും മരത്തില്‍നിന്നും താഴെ വീണശേഷം ശേഖരിച്ച് തോട്ടണ്ടി വേര്‍പെടുത്തിയെടുക്കുന്നതാണ് അനുയോജ്യം. തോട്ടയോ മറ്റോ ഉപയോഗിച്ച് പറിച്ചെടുക്കുമ്പോഴും വടി ഉപയോഗിച്ച് തല്ലി വേര്‍പെടുത്തുമ്പോഴും മൂപ്പാകാത്ത കശുമാങ്ങയും അണ്ടിയും വീഴാന്‍ സാധ്യതയുണ്ട്. തോട്ടണ്ടി മാങ്ങയില്‍നിന്നും വേര്‍പെടുത്തി രണ്ടു ദിവസം വെയിലത്തിട്ട് ചിക്കി ഉണക്കിയശേഷം സംഭരിക്കാം. വൃത്തിയുള്ള ചാക്കുകളില്‍ നിറച്ച് ഈര്‍പ്പം ഏല്‍ക്കാത്ത രീതിയില്‍ പലകകള്‍ക്കു മുകളിലോ മറ്റോ വെച്ചു വേണം സംഭരിക്കുവാന്‍.  സംഭരണത്തിനുമുമ്പ് തോട്ടണ്ടി ഉണക്കുമ്പോള്‍ ഈര്‍പ്പം 8 ശതമാനത്തില്‍ നിറുത്തുകയാണ് അഭികാമ്യം. ശരിയായി ഉണങ്ങാത്ത തോട്ടണ്ടിയില്‍ പൂപ്പലുണ്ടായി പരിപ്പ് കേടാകാനിടയുണ്ട്.

കവുങ്ങ്

ഭാരതത്തിലെ ഒട്ടെല്ലാ സമൂഹങ്ങളും മതപരവും സാമൂഹ്യവുമായ പല ചടങ്ങുകളിലും വിപുലമായി ഉപയോഗിച്ചുവരുന്ന ഒരു പ്രധാന വസ്തുവാണ് അടയ്ക്ക.  ഇതിന്‌ അടയ്ക്കാമരം എന്നും കമുക് എന്നും ദേശങ്ങൾക്കനുസരിച്ച് പേരുണ്ട്. Arecanut tree, Betelnut tree എന്നിവയാണ്‌ ഈ സസ്യത്തിന്‍റെ ആംഗലേയ നാമങ്ങൾ. മംഗള, ശ്രീമംഗള, സുമങ്ങള, മോഹിത്നഗർ, ഇപ്പോൾ പുതിയ ഒരു സങ്കര ഇനം നാടൻ ഇനമായ ഹിരെല്ലിയ യും മറ്റൊരിനമായ സുമങ്ങള യും ചേർന്ന സങ്കര ഇനമാണ് വി ടി എൻ ഏഏച്ച്-1 എന്നാ കുള്ളൻ ഇനം എന്നിവയെല്ലാമാണ് കവുങ്ങിന്‍റെ മറ്റിനങ്ങള്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ പരക്കെ അടയ്ക്ക ഉപയോഗിക്കുന്ന സ്വഭാവമുണ്ടെങ്കിലും ഭാരതത്തില്‍ മാത്രമാണ് കവുങ്ങിന്‍റെ കൃഷിയും ഗവേഷണവും നടക്കുന്നത്. കിഴക്കന്‍ ആഫ്രിക്ക, മഡഗാസ്കര്‍, സാന്‍സിബാര്‍, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മലേഷ്യ, ഇന്‍ഡോനേഷ്യ, ചൈന, ഫിലിപ്പൈന്‍സ്, ഫിജി ദ്വീപുകള്‍ എന്നീ രാജ്യങ്ങളിലും കവുങ്ങ് കൃഷിചെയ്തു വരുന്നു.

ഈ മരം  ഏകദേശം 40 മുതൽ 60 മീറ്റർ വരെ ഉയരത്തിൽ ഒറ്റത്തടിയായി വളരുന്നു.നല്ലതുപോലെ വിളഞ്ഞുപഴുത്ത അടക്കായാണ്‌ വിത്തായി ഉപയോഗിക്കുന്നത്. ഇടവമാസത്തിലാണ് പുതിയ തൈകള്‍ വയ്ക്കുന്നത്.  മണ്ണ് കിളച്ച് തടമാക്കി അതില്‍ അടക്കമുളപ്പിച്ചത്  ഓരോന്നായി  പാവുക.  ശേഷം നനച്ച് ചൂടേല്‍ക്കാതിരിക്കാന്‍ മുകളില്‍പന്തലിടുക.   ചപ്പുചവറുകളും വളങ്ങളും ചേര്‍ത്ത കുഴിയില്‍ തൈകള്‍ ഓരോന്നായി കുഴിച്ചിടുക.  പുതിയ തൈയില്‍ നിന്നും വിളവ് എടുക്കണമെങ്കില്‍ അഞ്ചോഅതിലധികമോ വര്‍ഷങ്ങള്‍ എടുക്കും. സാധാരണയായി വിളവ് എടുത്തു കൊണ്ടിരിക്കുന്ന ഒരു തോട്ടമാണെങ്കില്‍ ആറുമാസം  നന്നായി  നനയ്ക്കണം.   ചാണകം, വെണ്ണീര്‍,  തോല്‍  എന്നിവയാണ്  പ്രധാന വളങ്ങള്‍.   തടം  തുറന്നാണ്  വളങ്ങള്‍ ഇടുന്നത്. അടയ്ക്ക വിരിഞ്ഞതിനു ശേഷം 22 മുതല്‍ 35 ദിവസത്തിനുള്ളില്‍

അടയ്ക്ക പറിക്കാവുന്നതാണ്.

ഇടവിളകളായി ഒട്ടുജാതി, വാഴ, തീറ്റപ്പുല്ല്,ഔഷധസസ്യങ്ങൾ, ഇഞ്ചി,മഞ്ഞൾ തുടങ്ങിയവ കൃഷിചെയ്താൽ വരുമാനവും തോട്ടത്തിലെ ഈർപ്പത്തിന്‍റെ  അളവും കൂട്ടാൻ സഹായിക്കും. കൂടാതെ ഈ സസ്യങ്ങളുടെ വിളവെടുപ്പിനുശേഷം കവുങ്ങിന്‌ പുതയിടുന്നതിനും ഉപയോഗിക്കാം.ഇതിന്‍റെ  വിത്താണ് ഔഷധ യോഗ്യമായ ഭാഗം. കമുകിൽ നിന്നും ലഭിക്കുന്ന ഒരു ഔഷധഗുണമുള്ള ഒരു ഫലമാണ് അടക്ക. ചില പ്രദേശങ്ങളിൽ പാക്ക് എന്നും ഇതറിയപ്പെടുന്നു. വെറ്റില മുറുക്കുന്നതിനായ് ഉപയോഗിക്കുന്നതിൽ ഒരു സുപ്രധാന സ്ഥാനമാണ്‌ അടക്കക്കുള്ളത്. മധുരവും ചവർപ്പും ചേർന്ന രുചിയാണ്‌ അടക്കക്കുള്ളത്.പഴുത്ത അടക്ക വെറ്റിലമുറുക്കുന്നതിന്‌ അത്യന്തം നല്ലതാണ്‌.ഇതിന്‍റെ  ഗുണങ്ങൾ കഫം നശിപ്പിക്കുന്നതുകൂടാതെ ശോധനയും ഉണ്ടാക്കുന്നു. പക്ഷേ ഇത് വാതം ഉണ്ടാക്കുകയും ശരീരത്തിലെ തൊലി പരുപരുത്തത് ആക്കുകയും ചെയ്യുന്നു.

അടക്ക, ചടങ്ങുകളിൽ ദക്ഷിണ കൊടുക്കുന്നതിന് ഉപയോഗിക്കുന്നു. കൂടാതെ മുറുക്കാൻ കൂട്ടിലെ ഒന്നാണ് അടക്ക. കവുങ്ങിന്റെ ഇലയെ തടിയോടു ചേർത്തു നിറുത്തുന്ന ഭാഗം. ഇലയെ അതിന്റെ തണ്ടോടു കൂടി പട്ട എന്നും വിളിക്കുന്നു.പട്ടയും പാളയും നിത്യജീവിതത്തിൽ ആവശ്യമായ അനേകം വസ്തുക്കൾ ഉണ്ടാക്കുന്നതിന് കേരളീയർ ഉപയോഗിക്കുന്നു.കമുകിന്റെ പാള, തൊട്ടി രൂപത്തിൽ കെട്ടി, കിണറിൽ നിന്നും വെള്ളം കോരുന്നതിനും ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രമായും, തൊപ്പിയായും ഉപയോഗിച്ചിരുന്നു. പാള മുറിച്ച് വിശറിയായി ഉപയോഗിക്കാറുണ്ട്. ചാണകം മെഴുകുമ്പോൾ നിലം വടിക്കുന്നതിനും പാള ഉപയോഗിക്കാറുണ്ട്. ഇതിനു പുറമേ കുട്ടികളെ കുളിപ്പിക്കുന്നതിനും സാധങ്ങൾ ഉണക്കുന്നതിനും കമുകിന്റെ പാള ഉപയോഗിക്കുന്നു.കവുങ്ങിന്റെ തടി, താൽക്കാലിക കൊടിമരത്തിനും പന്തലുകൾ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. ഇപ്പോൾ പ്ളേറ്റുകൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.

കൊക്കോ

ശാസ്ത്രീയനാമം: Theobroma cacao

ദക്ഷിണ അമേരികന്‍ മഴക്കാടുകളില്‍ നിന്നുള്ള   ഒരു നിത്യഹരിതവൃക്ഷമാണ് കൊക്കോ. ചോക്കലേറ്റ് നിർമ്മിക്കുന്നതിനുള്ള പ്രധാന അസംസ്കൃതവസ്തുവാണ് കൊക്കോയുടെ കുരുക്കൾ. ഒരു വനവൃക്ഷം എന്ന നിലയിൽ നിന്ന് ലോകമെങ്ങും കൃഷിചെയ്യപ്പെടുന്ന ഒരു വിളയായി ഇന്ന് ഇതു മാറിയിരിക്കുന്നു.  ആദ്യകാലത്ത് ഒരു ഇടവിളയായി മാത്രം  കൃഷി ചെയ്തിരുന്ന കൊക്കോ  എന്നാല്‍ ഇന്ന്  ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ഏഷ്യഎന്നിവിടങ്ങളിലെ കർഷകരുടെ ഒരു പ്രധാന കാർഷികവിളയായിരിക്കുകയാണ്. കോക്കോ ഉൽപ്പന്നങ്ങൾ ലോകമെങ്ങും വിറ്റു വരുന്നു. എല്ലാ മാസവും പൂക്കളും കായ്കളും ഉണ്ടാകുന്ന ഒരു ചെടിയാണ്‌ കൊക്കോ. കൂടാതെ ഇലകൾ ധാരാളമായി ഉണ്ടാകുന്നതും പൊഴിയുന്നതും കൊക്കോയിലാണ്‌. ഇലകൾ ധാരാളമായി ഉണ്ടാകുന്നതിനാൽ സൂര്യപ്രകാശം ഭൂമിയിൽ പതിക്കാതെ വരികയും കളകളുടെ വളർച്ചയെ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇലകൾ പൊഴിയുന്നതിനാൽ തോട്ടങ്ങളിൽ സ്വാഭാവിക പുതയിടൽ ഉണ്ടാകുകയും മണ്ണൊലിപ്പ് കുറയുകയും മണ്ണിലെ ജലാംശം വർദ്ധിക്കുകയും ചെയ്യുന്നതോടൊപ്പം  അന്തരീക്ഷത്തിൽ ഈർപ്പത്തിന്‍റെ  അളവ് കൂടുകയും ചെയ്യുന്നു. തണൽ കൂടിയ പ്രദേശങ്ങളിലും നല്ലതുപോലെ വളർച്ച കാണിക്കുന്ന ഒരു സസ്യമാണിത്. ലഭ്യമാകുന്ന സൂര്യപ്രകാശം മുഴുവനും ഉപയോഗപ്പെടുത്തുന്നതിലേക്കായി വളർച്ചാദിശയിൽ മാറ്റം വരുത്തുന്നതിനുള്ള കഴിവും ഈ ചെടിക്കുണ്ട്. ചോക്കലേറ്റിന്റേയും ചോക്കലേറ്റ് ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിലുള്ള വൻ വർദ്ധന മൂലം കോക്കോയുടെ ആവശ്യകത ഇന്നു വളരെ  ഏറിയിട്ടുണ്ട്.

വിത്തുകൾ മുളപ്പിച്ച തൈകളോ ഒട്ടുതൈകളോ നടീൽ‌വസ്തുവായി ഉപയോഗിക്കാം. ഗുണനിലവാരമുള്ള മാതൃവൃക്ഷത്തിൽ നിന്നും എടുക്കുന്ന മുകുളങ്ങളാണ്‌ ഉപയോഗിക്കുന്നത്. ഫലഭൂയിഷ്ഠി കുറഞ്ഞ ചരല്‍ നിറഞ്ഞ ചെങ്കല്‍ പ്രദേശങ്ങളില്‍ 50 സെ.മീ. x  50 സെ.മീ. x 50 സെ.മീ. വലിപ്പത്തില്‍ കുഴികളെടുക്കണം. അതിനുശേഷം ഈ കുഴികളില്‍ മേല്‍മണ്ണും, ജൈവാംശങ്ങളും നിറയ്ക്കണം. എന്നാല്‍ നല്ല ഘടനയും ആഴവുമുള്ള മണ്ണില്‍ വലിയ കുഴികളെടുക്കേണ്ട  ആവശ്യമില്ല. വേനല്‍ മഴ ലഭിക്കുന്ന മേയ്-ജൂണ്‍ മാസങ്ങളാണ് നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. കൊക്കോയുടെ പോഷക ആഗിരണവേരുകള്‍ മണ്‍നിരപ്പില്‍ ഒതുങ്ങി നില്‍ക്കുന്നതുകൊണ്ട്, അധികം ആഴത്തിലല്ലാതെ വേണം തൈകള്‍ നടാന്‍. അല്ലെങ്കില്‍; ആറോ, ഒന്‍പതോ ഇഞ്ച്‌ നീളമുള്ള പോളിത്തീന്‍ കൂടുകളില്‍ മണ്ണും, ചാണകപ്പൊടിയും കൂടി (കുറച്ചു മണലും കൂടി ഉണ്ടെങ്കില്‍ നല്ലത്) മിശ്രിതമാക്കിയിട്ടു നിറക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു , ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് ജല സേചനവും, തണലും നല്‍കണം. കൂടകള്‍ തമ്മില്‍ ഒരടിയെങ്കിലും അകലം വേണം. മൂന്നു മാസം കഴിയുമ്പോഴേക്കും, കൂടയില്‍ തൈകള്‍ തയ്യാറാകും. ജൂണ്‍ മാസമാകുമ്പോള്‍, ഒന്നരയടി സമ ചതുരവും താഴ്ചയുമുള്ള കുഴികളെടുത്തു്, അതില്‍ കുറച്ചു വളപ്പൊടിയും, മണ്ണും ചേര്‍ത്ത്, ഇളക്കിയത്തിനു ശേഹം തൈകള്‍ നടുക. ഒരു മാസം കഴിയുമ്പോള്‍ പത്തു ഗ്രാം ഫാക്ടം ഫോസ് ഇട്ടാല്‍ നന്നായിരിക്കും. വളത്തിന്‍റെ  അളവ് കുറച്ചു, മാസം തോറും ഇടുന്നത് നല്ലതാണ്.

പ്രകൃതിയിൽ ലഭ്യമായ കൊക്കോ ചെടികളെ അവയിൽ ഉണ്ടാകുന്ന കായ്കളുടെ ഘടനയും സവിശേഷതകളും അനുസരിച്ച് മൂന്നായി തിരിച്ചിരിക്കുന്നു. ക്രയലോ. ഫോറസ്റ്റീറോ, ട്രിനിറ്റാരിയോ എന്നിവയിൽ ആദ്യത്തെ രണ്ടെണ്ണം പ്രകൃത്യാ ഉരുത്തിരിഞ്ഞുവന്നവയും ട്രിനിറ്റാരിയോ പ്രകൃതിദത്ത സങ്കരയിനവുമാണ്‌. ക്രയലോ  വർഗ്ഗത്തിലെ ചെടികളിൽ ഉണ്ടാകുന്ന കായ്കൾക്ക് ചുവന്ന നിറവും പരുപരുത്ത തൊലിയും ആഴത്തിലുള്ള വരിപ്പുകളുമാണുള്ളത്. ഗുണനിലവാരത്തിൽ ഒന്നാം സ്ഥാനത്തുള്ള കൊക്കോയിനമാണെങ്കിലും വിളവ് കുറവാണ്‌. കീടരോഗബാധകളേയും പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള കഴിവും ഇവയ്ക്ക് കുറവാണ്‌. ഏറ്റവും പ്രചാരത്തിലുള്ള കൊക്കോയിനമാണ് ഫോറസ്റ്റീറോ.  ഉരുണ്ടതും ആഴമില്ലാത്ത വരിപ്പുകളും മിനുസമാർന്ന പ്രതലവുമാണ്‌ ഈ ഇനങ്ങളുടെ പ്രത്യേകത. കായ്കൾക്ക് പച്ച നിറവും മൂപ്പെത്തുന്നതോടുകൂടി മഞ്ഞ നിറവുമാണുള്ളത്. ക്രയലോയുടെയത്ര മികച്ച ഗൂണനിലവാരമില്ലെങ്കിലും ഉയർന്ന രോഗപ്രതിരോധശേഷിയും പ്രതികൂല കാലാവസ്ഥയെ തരണം ചെയ്യാനുള്ള കഴിവ് എന്നിവയും ഈ വർഗ്ഗത്തിനു കൂടുതലായുണ്ട്.ക്രയലോയുടേയും ഫോറസ്റ്റീറോയുടേയും സമ്മിശ്ര ഗുണങ്ങൾ ഉള്ള കോക്കോ വർഗ്ഗമാണ്  ട്രിനിറ്റാരിയോ.

ഇവയെക്കൂടാതെ കേരള കാർഷിക സർ‌വ്വകലാശാല വികസിപ്പിച്ചെടുത്ത സിസിആർപി-1 മുതൽ സിസിആർപി 7 വരെയുള്ള ഏഴ് ഇനങ്ങളും സിസിആർപി-,8,9,10 എന്നീ ഹൈബ്രീഡ് ഇനങ്ങളും വികസിപ്പിച്ചിട്ടുണ്ട്.

കോവല്‍

ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ , പച്ചക്കറി കൃഷി ആരംഭിക്കാന്‍ താല്പര്യം ഉള്ള ഒരാള്‍ക്ക് ഏറ്റവും ആദ്യം തിരഞ്ഞെടുക്കാവുന്ന ഒന്നാണ് കോവല്‍ അഥവാ കോവക്ക.
ഏറ്റവും എളുപ്പവും ലളിതവും ആണ് കോവല്‍ കൃഷിയും അതിന്റെ പരിപാലനവും. കൂടാതെ കോവലിൽ നിന്ന് ദീർഘ കാലത്തേക്ക് വിളവെടുക്കുകയും ചെയ്യാം . ദിവസവും നിറയെ കായ്കള്‍ കിട്ടുകയും ചെയ്യും  ..ഇത് സാലഡില്‍ ഉപയോഗിക്കാം .പച്ചയ്ക്ക് തിന്നാനും നല്ലത് ,,കൂടാതെ പല രോഗങ്ങള്‍ക്കും ഒരു പരിഹാരമാണ് കോവക്ക .
കോവക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും.എന്നു മാത്രമല്ല ശരീര മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാന്‍ കോവക്കക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. ഏറെ പോഷകാംശങ്ങള്‍ നിറഞ്ഞതും ശരീരത്തിന് കുളിര്‍മ്മ നല്‍കുന്നതും ആരോഗ്യദായകവുമാണ് കോവക്ക
ശരീരത്തിനാവശ്യമായ ധാതുക്കള്‍ , വിറ്റാമിനുകള്‍, മാംസ്യം, അന്നജം, നാരുകള്‍ എന്നിവ കോവക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും കോവക്ക നല്ലതാണ്
കാര്യമായി കീടബാധ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ ആര്‍ക്കും മുറ്റത്തും തൊടിയിലും നിഷ്പ്രയാസം കൃഷി ചെയ്യാന്‍ സാധിക്കും ..കോവക്ക ഒരു പടര്‍ന്നു കയറുന്ന ചെടിയാണ് . പ്രത്യേകം ശുശ്രൂഷകള്‍ ഒന്നും തന്നെ വേണ്ടതില്ല ….
കോവക്ക  കയ്പ്പുള്ളവയും,കയ്പ്പില്ലത്തവയും എനിങ്ങനെ 2 വിധത്തിലുണ്ട്. ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്. വള്ളി മുറിച്ചു നട്ടാണ്‌ കോവക്ക  കൃഷി ചെയ്യുന്നത്‌. തുടർച്ചയായി വലിപ്പമുള്ള കായ്ഫലം തരുന്ന തായ്‌ വള്ളികളിൽ നിന്നാണ്‌ വള്ളി ശേഖരിക്കേണ്ടത്‌. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്‌. കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട്‌ കുഴിയിലേക്കു നടാം. ഉണങ്ങിയ കാലിവളം, തരിമണൽ, മേൽ‌മണ്ണ്‌ എന്നിവ സമം കൂട്ടിയിളക്കിയത്‌ പോളിത്തിൻ കവറിന്റെ മുക്കാൽ ഭാഗം വരെ നിറക്കുക. വള്ളിയുടെ രണ്ടു മുട്ടുകൾ മണ്ണിൽ പുതയാൻ പാകത്തിൽ വള്ളികൾ നടുക. ഇവ തണലിൽ സൂക്ഷിക്കുക. ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളിൽ തൈകൾ മാറ്റി നടാം. പോളിത്തിൻ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്‌. അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, കുറച്ചു എല്ല് പൊടി, വെപ്പിന്‍ പിണ്ണാക്ക് ഇവ വേണമെങ്കില്‍ ഇടാം. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം. മരങ്ങളില്‍ കയറ്റി വിടുന്നത് ഒഴിവാക്കുക, നമുക്ക് കയ്യെത്തി കായകള്‍ പറിക്കാന്‍ പാകത്തില്‍ പന്തല്‍ ഇട്ടു അതില്‍ കയറ്റുന്നതാണ് ഉചിതം. വെർമിവാഷ്‌, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണു. തണുത്ത കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത് വിളവു വര്‍ധിപ്പിക്കാന്‍ സാധിക്കും. കോവക്ക അധികം മൂക്കുന്നതിനു മുന്‍പേ വിളവെടുക്കാന്‍ ശ്രദ്ധിക്കുക

ഔഷധ ഗുണം

“കുക്കുര്‍ബിറ്റേസി “ എന്ന സസ്യ കുലത്തിലെ അംഗമായ കോവക്ക ഇംഗ്ലീഷില്‍ ഐവി ഗാഡ്” എന്നും സംസ്കൃതത്തില്‍ “മധുശമനി” എന്നും അറിയപ്പെടുന്നു.നമ്മുടെ ശരീരത്തിനാവശ്യമായ ധാതുക്കള്‍ , വിറ്റാമിനുകള്‍, മാംസ്യം, അന്നജം, നാരുകള്‍ എന്നിവ കോവക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും കോവക്ക നല്ലതാണ്. വായ്പ്പുണ്ണില്‍ നിന്ന് രക്ഷനേടാന്‍ കോവക്ക നീര് കവിള്‍ കൊള്ളുന്നത് നല്ലതാണ്. കോവയില അരച്ച് നെറുകയിലിടുന്നത് സുഖനിദ്ര ലഭിക്കുന്നതിന് ഉത്തമമാണ്. നീര്‍ക്കെട്ട്, കഫകെട്ട്, രക്തക്കുറവ്, തുടങ്ങി ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും കോവക്ക സഹായിക്കുന്നു.
നമ്മുടെ പറമ്പില്‍ സര്‍വസാധാരണമായ ഒന്നാണ് കോവക്ക. മഴക്കാലത്തും ഇത്  ഒരു മടിയുമില്ലാതെ ഇഷ്ടം പോലെ വിളവു തരുന്നു…തോരന്‍ ഉണ്ടാക്കാന്‍ ഇലകളും ഉപയോഗിക്കുന്നു.  ഉപ്പേരിയടക്കം പല വിഭവങ്ങളുമുണ്ടാക്കി കഴിക്കാറുണ്ടെങ്കിലും ഇതിന്‍റെ ഔഷധ ഗുണങ്ങളെ കുറിച്ച് നമ്മള്‍ അധികം ബോധവാന്‍മാരല്ല.
കോവക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും.എന്നു മാത്രമല്ല ശരീര മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാന്‍ കോവക്കക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. ഏറെ പോഷകാംശങ്ങള്‍ നിറഞ്ഞതും ശരീരത്തിന് കുളിര്‍മ്മ നല്‍കുന്നതും ആരോഗ്യദായകവുമാണ് കോവക്ക. കോവക്ക പച്ചയായും കഴിക്കാവുന്നതാണ് .
പ്രമേഹരോഗികള്‍ക്ക് രോഗാശമനത്തിന് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് കോവക്ക.കോവക്ക പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഒരു ഇന്‍സുലിനാണ്. ഒരു പ്രമേഹരോഗി നിത്യവും ചുരുങ്ങിയത് നൂറ് ഗ്രാം  കോവക്ക ഉപയോഗിച്ചു വരികയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പദിപ്പിക്കുവാനും, നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും.
കോവക്ക ഉണക്കിപ്പൊടിച്ച പൊടി പത്തുഗ്രാം വീതം ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍ച്ചേര്‍ത്തു കഴിച്ചാലും ഇതേ ഫലം സിദ്ധിക്കും. കോവക്ക നിത്യവും ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹക്കുരു വരാനുള്ള സാദ്ധ്യത വളരെക്കുറവാണ്. കോവക്കയുടെ ഈ അത്ഭുത സിദ്ധിയെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ ധാരാളം പഠനം നടത്തിയിട്ടുണ്ട് .
.
കോവക്കയുടെ ഇലക്കും ഔഷധ ഗുണമുണ്ട്. കോവക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി സൂക്ഷിക്കുക. ഈ പൊടി ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം ചൂടുവെള്ളത്തില്‍ കലക്കി ദിവസവും സേവിക്കുകയാണെങ്കില്‍ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. വയറിളക്കത്തിന് കോവയിലയുടെ നീര് ഒരു ഔഷധമായി ഉപയോഗിക്കാം.ഒരു ടീസ്പൂണ്‍ കോവയില നീര് ഒരു ചെറിയകപ്പ് തൈരില്‍ച്ചേര്‍ത്ത് ദിവസവും മൂന്നു നേരം കഴിക്കുക
മലശോധന സാധാരണ രീതിയിലാകുന്നതു വരെ ഇതു തുടരുക. കോവയ്ക്ക കൊണ്ട് സ്വാദിഷ്ട്മായ സലാഡും, തോരനും ഉണ്ടാക്കാം.പ്രമേഹ രോഗികള്‍ നിത്യവും അവരുടെ ഭക്ഷണക്രമത്തില്‍ കോവയ്ക്കയെ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും
കോവലിന്റെ ഇളംകായ്കള്‍ , ഇല, തണ്ട് എന്നിവ പച്ചക്കറിയായി ഉപയോഗിച്ചുവരുന്നു. ഇവക്ക് പുറമെ വേര് പല ആയുര്‍വേദ ഔഷധനിര്‍മാണത്തിനും ഉപയോഗിച്ചുവരുന്നു
ആയുര്‍വേദം, യുനാനി എന്നീ പരന്പരാഗത ചികിത്സാരീതികളില്‍ കോവലിന്റെ വിവിധ ഭാഗങ്ങള്‍ ഔഷധ നിര്‍മാണത്തിനായി ഉപയോഗിച്ചുവരുന്നു. പ്രമേഹരോഗത്തിന് കൈക്കൊണ്ട ഔഷധമാണ് കോവല്‍. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതില്‍ ഇവ പ്രധാനപങ്കു വഹിക്കുന്നുണ്ട്. ഇന്‍സുലിന്‍ ചികിത്സപോലും ഫലവാകാത്ത സാഹചര്യത്തില്‍ കോവലിന്റെ ഇലച്ചാറ്, വേരില്‍ നിന്നുള്ള സത്ത് എന്നിവ നിര്‍ദേശിക്കാറുണ്ട്. ഇലച്ചാറ് മുറിവുണക്കാന്‍ ഉത്തമ ഔഷധമാണ്.
രക്തശുദ്ധീകരണത്തിനും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും ചര്‍മരോഗങ്ങള്‍ക്കും കോവലിന്റെ വിവിധഭഭാഗങ്ങള്‍ (ഇല, കായ്) വളരെ ഉപയോഗപ്രദമാണ്.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങളായ ആന്റി ഓക്സിഡന്റുകള്‍ , ബീറ്റാകരോട്ടിന്‍ എന്നിവയുടെ നല്ല സ്രോതസ്സായതിനാല്‍ കോവക്ക നിത്യേന കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. കരളിന്റെയും സ്വേദഗ്രന്ഥികളുടെയും ശരിയായ പ്രവര്‍ത്തനം, ദഹനശക്തി വര്‍ധിപ്പിക്കല്‍ എന്നിവക്കും കോവല്‍ സഹായിക്കുന്നു.

പാവല്‍ കൃഷി എങ്ങനെ?

 

നനയ്ക്കുന്നതിനുള്ള സൗകര്യമുണ്ടെങ്കില്‍ വര്‍ഷത്തില്‍ ഏതുസമയത്തും പാവല്‍ കൃഷി ചെയ്യാവുനന്താണ്. എന്നിരുന്നാലും, ഏപ്രില്‍-മെയ്, ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ നടുന്നവയ്ക്കാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്. ഈ സമയങ്ങളില്‍ തുടങ്ങുന്ന പാവല്‍കൃഷിയില്‍ കീട-രോഗ ശല്യവും താരതമ്യേന കുവായിട്ടാണ് കാണുന്നത്.
പ്രീതി, പ്രിയ, പ്രിയങ്ക എന്നിങ്ങനെ കേരളത്തില്‍ പ്രധാനമായും മൂന്നിനങ്ങളാണ് കൃഷി ചെയ്തുവരുന്നത്. 
നല്ല വെളുത്ത നിറത്തോടുകൂടിയതും ഇടത്തരം നീളമുള്ളതും മുള്ളുകള്‍ ഉള്ളതുമായ ഇനമാണിത്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ഏറ്റവും കൂടുതലായി കൃഷിചെയ്യുന്നതും ഉപയോഗിക്കുന്നതും ഈയിനമാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കൃഷിചെയ്യപ്പെടുന്ന പാവല്‍ ഇനമാണ് പ്രീതി. കേരളത്തിലെ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തിന് ഏറ്റവും അനുയോജ്യമാണ് ഈ ഇനം. 
നല്ല നീളമുള്ള പച്ചനിറത്തോടുകൂടിയ പതിഞ്ഞ മുള്ളുകളുള്ള ഇനമാണിത്. വിത്തുകളുടെ എണ്ണം കുറവായിരിക്കും.
നല്ല വലിപ്പമുള്ള കായ്കളും വെള്ളകലര്‍ന്ന പച്ചനിറവും കട്ടിയുള്ള ഭക്ഷ്യയോഗ്യമായ ഭാഗങ്ങളുമാണ് 
*കൃഷിരീതി*
ഒരു സെന്‍റ് പാവല്‍ കൃഷിചെയ്യുന്നതിന് 25 ഗ്രാം വിത്ത് ആവശ്യമുണ്ട്. ഒരു സെന്‍റില്‍ 10 കുഴികള്‍ എടുക്കാവുന്നതാണ്. രണ്ടു ചെടികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അഥവാ ആറടിയുടെ ഇടയകലം വേണം. ഒരു കുഴിയില്‍ നാലഞ്ച് വിത്തുകള്‍ നട്ട് വളര്‍ന്നുവരുമ്പോള്‍ ആരോഗ്യമുള്ള രണ്ടെണ്ണം മാത്രം നിലനിര്‍ത്തിയാല്‍ മതിയാകും. മൂന്നു സെന്‍റിമീറ്റര്‍ ആഴത്തിലാണ് വിത്തുകള്‍ നടേണ്ടത്.
പ്രധാന രോഗങ്ങള്‍
*മൊസൈക്ക് *
പാവലിനെ ബാധിക്കുന്ന വൈറസ് രോഗമാണിത്. രോഗം ബാധിച്ച ചെടികളുടെ ഇലകളില്‍ മഞ്ഞയും പച്ചയും കലര്‍ന്ന തടിപ്പുകള്‍ കാണുകയും ക്രമേണ ഇവ നശിച്ചുപോകുകയും ചെയ്യുന്നു. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക, രോഗം ബാധിച്ച ചെടികള്‍ നശിപ്പിച്ചുകളയുക, രോഗം പകരാതിരിക്കാനായി കീടങ്ങളെ നിയന്ത്രിക്കുക എന്നിവയാണ് പ്രധാന നിയന്ത്രണമാര്‍ഗ്ഗങ്ങള്‍. കീടങ്ങളെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ – വെളുത്തുള്ളിമിശ്രിതമോ, വേപ്പധിഷ്ഠിത ജൈവകീടനാശിനികളോ തളിക്കാവുന്നതാണ്.
*ചൂര്‍ണ്ണ പൂപ്പ് രോഗം* പ്രധാനമായും മഞ്ഞുകാലത്തും വേനല്‍ക്കാലത്തുമാണ് ഈ രോഗം പ്രത്യക്ഷപ്പെടുന്നത്. ഇലകള്‍ തവിട്ട് നിറമായി ഉണങ്ങിപ്പോകുന്നതാണ് പ്രധാന ലക്ഷണം. ഇതിനെതിരെ സ്യൂഡോമോണാസ് 20 ഗ്രാം /ലിറ്ററില്‍ രണ്ടാഴ്ചയില്‍ ഒരു തവണ എന്ന കണക്കില്‍ തളിക്കാവുന്നതാണ്.
*പ്രധാന കീടങ്ങള്‍*
*കായീച്ച * പാവല്‍ചെടിയില്‍ ആദ്യമായി കായ്പിടിച്ചു തുടങ്ങുമ്പോള്‍തന്നെ പ്രത്യക്ഷപ്പെടുന്ന കീടമാണ് കായീച്ച. കായീച്ചയുടെ പുഴുക്കള്‍ കായ് തുരന്ന് ഉള്ളില്‍ ചെന്ന് പാവയ്ക്കയെ തിന്നു നശിപ്പിക്കുന്നു. വളരെ വേഗത്തില്‍ ഇവ വര്‍ധിക്കുന്നതായും കാണാം. ഇവയുടെ ആക്രമണത്തില്‍നിന്നു പാവയ്ക്കയെ സംരക്ഷിക്കുവാന്‍ കടലാസുകൊണ്ടോ, പോളിത്തീന്‍കവറുകള്‍കൊണ്ടോ കായ്കള്‍ പൊതിഞ്ഞു സൂക്ഷിക്കാം. കായീച്ച ബാധിച്ച കായ്കള്‍ പറിച്ചെടുത്ത് നശിപ്പിച്ചു കളയുകയും വേണം. ബ്യൂവേറിയ ബാസ്സിയാന എന്ന ജീവാണു കീടനാശിനി 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെടുത്ത് തളിക്കാവുന്നതാണ്. ഫിറമോണ്‍ കെണിയും ഫലപ്രദമാണ്.
*പച്ചത്തുള്ളന്‍*
പാവലിന്‍റെ  ഇലയുടെ അരികില്‍ പറ്റിയിരുന്ന് നീരൂറ്റിക്കുടിക്കുന്ന കീടമാണ് പച്ചത്തുള്ളന്‍. ഇതിന്‍റെ ആക്രമണം മൂലം ചെടി പെട്ടെന്ന് മഞ്ഞളിച്ച്, നശിച്ചുപോകുന്നു. ഇതിനെ നിയന്ത്രിക്കുവാന്‍ രണ്ടു ശതമാനം വീര്യമുള്ള വെളുത്തുള്ളി – വേപ്പണ്ണ മിശ്രിതം ഇലകളുടെ അടിയില്‍ തളിക്കാവുന്നതാണ്. മുഞ്ഞ, മണ്ഡരി, വെള്ളീച്ച എന്നിവയുടെ ആക്രമണത്തെ നിയന്ത്രിക്കാനും വേപ്പണ്ണ- വെളുത്തുള്ളി മിശ്രിതം ഫലപ്രദമാണ്.
*ആമവണ്ട്*
പാവല്‍ചെടിയുടെ ഇലകള്‍ തിന്നു നശിപ്പിച്ച് വലപോലെയാക്കുന്നു. ചിത്രകീടമാകട്ടെ ഇലയുടെ മുകളിലത്തെ ഭാഗം തിന്നു നശിപ്പിക്കുന്നു. നാല് ശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്ത് പ്രയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്. 
*ഇലതീനിപ്പുഴുക്കള്‍* ഇവയെ നശിപ്പിക്കുന്നതിനായി കാന്താരിമുളക് – ഗോമൂത്രമിശ്രിതം ഉപയോഗിക്കാവുന്നതാണ്.
*വെള്ളീച്ച*
വെള്ളീച്ചകള്‍ പാവലിന്‍റെ ഇലയുടെ അടിവശത്തുനിന്നു നീരുറ്റിക്കുടിക്കുന്ന കീടങ്ങളാണ്. നീരുറ്റിക്കുടിച്ച് ചെടിയെ ദുര്‍ബലമാക്കുന്നതോടൊപ്പം മൊസൈക്ക് രോഗം പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇവയെ നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മഞ്ഞക്കെണികള്‍ ഉപയോഗിച്ചുകൊണ്ട് ഇവയെ ഫലപ്രദമായി നിയന്ത്രിക്കാം. തോട്ടത്തില്‍ അങ്ങിങ്ങ് മഞ്ഞനിറത്തിലുള്ള തകരഷീറ്റിലോ, പ്ലാസ്റ്റിക് പേപ്പറിലോ, ആവണക്കെണ്ണപുരട്ടി കമ്പുകളില്‍ നാട്ടി വയ്ക്കുക. അല്ലെങ്കില്‍ പന്തലില്‍ തൂക്കിയിടുകയും ചെയ്യാം. വെള്ളീച്ചകള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുകയും ഇതില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യും. പിന്നീട്, ഇവയെ എടുത്ത് നശിപ്പിച്ചുകളഞ്ഞാല്‍ മതിയാകും
ചെടി നട്ട് 45 – 50 ദിവസത്തിനുള്ളില്‍ പൂവിടുന്ന പാവല്‍ 60 – 70 ദിവസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകുന്നു. കൃത്യമായി പരിപാലിക്കുന്ന ചെടികളില്‍നിന്ന് 3-4 മാസം വരെ വിളവെടുക്കാവുന്നതാണ്.

മാങ്കോസ്‌റ്റീന്‍

കേരളത്തിലെ ഉഷ്ണമേഖല കാലവസ്ഥയ്ക്ക് അനുയോജ്യമായ പഴങ്ങളുടെ റാണിയാണ്   മാങ്കോസ്റ്റിന്‍. ധാരാളം വെള്ളം ലഭിക്കുന്ന സ്ഥലത്താണ് ഇത് കൃഷി ചെയ്യാന്‍ ഉത്തമം. പഴം മൂന്ന് മുതല്‍ നാല് ആഴ്ചവരെ കേടുകൂടാതെ ഇരിക്കുന്നതിനാല്‍ കയറ്റുമതിക്കും നല്ല സാധ്യതകളുണ്ട്.  മഴക്കാലത്തോടെ പാകമെത്തുന്ന ഈ പഴവര്‍ഗത്തിന്റെ കേന്ദ്രം ഇന്തോനേഷ്യയാണ്‌. മലേഷ്യയില്‍നിന്നുമാണ്‌ ഈ വിദേശി പഴം കേരളത്തിലെത്തിയത്‌. കേരളത്തിലെ ഉഷ്‌ണമേഖലാ കാലാവസ്‌ഥ ഈ പഴത്തിന്‍റെ കൃഷിക്ക്‌ ഏറെ അനുയോജ്യമാണ്‌. സാന്തോണുകള്‍ എന്നറിയപ്പെടുന്ന നാല്‌പതിലധികം സ്വാഭാവിക രാസസംയുക്‌തങ്ങള്‍ അടങ്ങിയിട്ടുള്ള മാങ്കോസ്‌റ്റീന്‍ പഴം ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിന്‌ മികച്ചതാണ്‌. ഉദരരോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ഇതിന്‌ ശേഷിയുണ്ട്‌. പഴത്തിന്റെ തോട്‌ ഉണക്കിപ്പൊടിച്ച്‌ തൈരും ചേര്‍ത്ത്‌ കഴിച്ചാല്‍ ഉദരരോഗങ്ങള്‍ മാറും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും ശരീരം തണുപ്പിക്കാനും ഈ പഴം നല്ലതാണ്‌. വീട്ടുവളപ്പുകളില്‍ ഒന്നോ രണ്ടോ മാങ്കോസ്‌റ്റീന്‍ കൃഷി ചെയ്യുന്ന പതിവാണ്‌ കേരളത്തില്‍. തിളങ്ങുന്ന ഇലകളോടുകൂടിയ മാങ്കോസ്‌റ്റീന്‍ 25 മീറ്ററോളം ഉയരത്തല്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ. പഴങ്ങള്‍ക്ക്‌ ക്രിക്കറ്റ്‌ ബോളിന്‍റെ  വലിപ്പമുണ്ടാകും. മൂപ്പെത്താത്ത കായ്‌കള്‍ക്ക്‌ പച്ചനിറമാണ്‌. മൂപ്പെത്തിയാല്‍ ഇത്‌ തവിട്ട്‌ കലര്‍ന്ന പര്‍പ്പിള്‍ നിറമാകും. കട്ടിയുള്ള പുറന്തോടിനുള്ളില്‍ വെളുത്ത മാംസളമായ ഭാഗമാണ്‌ ഭക്ഷ്യയോഗ്യം. പഴത്തിന്‌ നല്ല മധുരവും ഹൃദ്യമായ ഗന്ധവുമുണ്ട്‌.

നടുന്നതിനായ് തൈകളാണ് ഉപയോഗിക്കാറ്.അതിനായി വിത്തുമുഖേനയാണ് പ്രധാനമായും തൈകള്‍ മുളപ്പിക്കുന്നത്. ഒരുകായയില്‍ അങ്കുരണശേഷിയുള്ള ഒന്നോ രണ്ടോ വിത്തുകളെ കാണാറുള്ളു. ഒമ്പത്‌ മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. കുഴിയ്‌ക്ക് 90 സെന്റിമീറ്റര്‍ വീതം നീളവും വീതിയും ആഴവുമുണ്ടായിരിക്കണം. ഉണക്കി പൊടിച്ച കാലിവളവും മേല്‍മണ്ണും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നിറച്ചതിനുശേഷം വേണം തൈകള്‍ നടാന്‍. നടുമ്പോള്‍ ഒട്ടുഭാഗം മണ്ണിനടിയില്‍ പോകരുത്‌. തൈകള്‍ക്ക്‌ തണല്‍ കൊടുക്കണം. നനയും നല്‍കണം. ആദ്യവര്‍ഷങ്ങളില്‍ തൈ ഒന്നിന്‌ പത്തു കിലോ വീതം കാലിവളമോ കമ്പോസേ്‌റ്റാ ചേര്‍ത്തു കൊടുക്കണം. കാലവര്‍ഷാരംഭത്തോടെ മരത്തിനു ചുറ്റും ആഴം കുറഞ്ഞ തടങ്ങളെടുത്ത്‌ ജൈവവളവും പച്ചിലവളവും ചേര്‍ത്തു കൊടുക്കാം. മണ്ണിന്‍റെ  മുകള്‍പരപ്പില്‍തന്നെ വേരുകള്‍ ഉള്ളതിനാല്‍ മരച്ചുവട്‌ ആഴത്തില്‍ കുഴിക്കരുത്‌.

പ്രായമായ മരങ്ങള്‍ക്ക്‌ ജൈവവളം 50 കിലോഗ്രാം, വേപ്പിന്‍പിണ്ണാക്ക്‌, കടല പിണ്ണാക്ക്‌ എന്നിവയില്‍ ജൈവളം 50 കിലോഗ്രാം, വേപ്പിന്‍ പിണ്ണാക്ക്‌, കടലപിണ്ണാക്ക്‌ എന്നിവയില്‍ ഏതെങ്കിലും രണ്ട്‌ കിലോഗ്രാം, എല്ലുപൊടി ഒന്ന്‌ രണ്ട്‌ കിലോഗ്രാം എന്ന അളവില്‍ നല്‍കണം. ആവശ്യമെങ്കില്‍ മാത്രം രാസവളം 17:17:17 മിശ്രിതം മരമൊന്നിനു ഒരു കിലോഗ്രാം എന്ന നിരക്കില്‍ നല്‍കാം. വേലല്‍കാലത്ത്‌ കരിയില, തെങ്ങോല, വാഴത്തടം, ചപ്പുചവറുകള്‍ തുടങ്ങിയവകൊണ്ട്‌ തടത്തില്‍ പുതയിടണം. വേനല്‍കാലത്ത്‌ ക്രമമായ ജലസേചനം നല്‍കണം. മഴക്കാലത്ത്‌ മരചുവടില്‍ വെള്ളം കെട്ടി നില്‌ക്കാന്‍ ഇടയാകരുത്‌.കേരളത്തിലെ സമതലങ്ങളില്‍ ഡിസംബര്‍ ജനുവരി മാസങ്ങളിലാണ്‌ മാങ്കോസ്‌റ്റീന്‍ പൂത്തുതുടങ്ങുന്നത്‌. കായ്‌കള്‍ പിടിച്ച്‌ 100-105 ദിവസമാകുമ്പോഴേക്കും പരമാവധി തൂക്കവും വലിപ്പവും എത്തും. നന്നായി നനവ്‌ കൊടുത്താന്‍ കായ്‌ കൊഴിച്ചില്‍ കുറയ്‌ക്കാം. മെയ്‌ ,ജൂലൈ മാസങ്ങളില്‍ പഴങ്ങള്‍ വിളവെടുക്കാം. പച്ചനിറത്തിലുണ്ടാകുന്ന കായ്കള്‍ വയലറ്റു നിറത്തിലാകുമ്പോള്‍ വിളവെടുക്കാം. 20 വര്‍ഷത്തിനുമുകളില്‍ പ്രായമുള്ള ഒരു വൃക്ഷത്തില്‍ നിന്ന് 200 മുതല്‍ 500 വരെ കായ്കള്‍ ലഭിക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ മാസങ്ങളിലാണ് വിളവെടുപ്പ്. അല്ലികളായി അടര്‍ത്തിയെടുക്കാവുന്ന മാംസളഭാഗമാണ് ഭക്ഷ്യയോഗ്യം. ഇതിന് നല്ല മധുരവും മണവുമുണ്ട്.

വാനില കൃഷി

ഓർക്കിഡ് കുടുംബത്തിലെ ഒരു വള്ളിച്ചെടിയായ  വാനില ഒരു കാർഷികവിളയാണ് . ഭക്ഷ്യവസ്തുക്കൾക്കു സ്വാദും സുഗന്ധവും പ്രദാനം ചെയ്യുന്ന സത്ത് അടങ്ങിയ കായ്കൾക്കുവേണ്ടിയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഉഷ്ണമേഖലാ പ്രദേശത്ത് നന്നായി വളരും. ഇതിന്റെ ജന്മസ്ഥലം മെക്സിക്കോയാണ്.  ഇത് വള്ളികളായി വളര്‍ന്നു വരുന്നവയാണ്.  വര്‍ഷത്തില്‍ 150-300 മി.ലി. വരെ മഴ കിട്ടുന്നതും ഈര്‍പ്പവും ചൂടുള്ളതുമായ സ്ഥലത്ത് വാനില നന്നായി വളരുന്നു . എന്നാല്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നത് രോഗകാരണമാകുന്നു . ജൈവവള സമ്പന്നമായ ഇളകിയ മേല്‍മണ്ണാണ് വാനിലയ്ക്ക് നന്നായി വളരാന്‍ പറ്റിയത് . മണല്‍ കലര്‍ന്ന പശിമരാശി മണ്ണു മുതല്‍ വെട്ടുകല്‍ മണ്ണുവരെയുള്ള വ്യത്യസ്ത മണ്ണിനങ്ങളില്‍ വാനില കൃഷി ചെയ്യാം . സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 1500 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ വാനില കൃഷിക്ക് അനുയോജ്യമാണ് . വാനിലക്ക് രണ്ടു നടീല്‍ കാലമാണുള്ളത്. കാലവര്‍ഷം കനക്കുന്നതിന് മുമ്പ് മെയ്‌ മാസത്തിലും കാലവര്‍ഷത്തിനും തുലാവര്‍ഷത്തിനും മദ്ധ്യേ സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ മാസങ്ങളിലും. കേരളത്തിലെ സാഹചര്യത്തില്‍ ഏറ്റവും നല്ലത് രണ്ടാമത്തെ കൃഷിക്കാലമാണ്.

വാനിലയുടെ വള്ളി മുറിച്ചോ  കൂടതൈകളോ ആണ്  നടാനുപയോഗിക്കുക. പതിനഞ്ചു മുതല്‍ ഇരുപതു വരെ ഇടമുട്ടുകളുള്ള നീളന്‍ തണ്ട് നട്ടാല്‍ ചെറിയ തണ്ടുകളേക്കാള്‍ വേഗം പുഷ്പിക്കുന്നു. എന്നാല്‍ ഇത്രയേറെ നീളമുള്ള വള്ളികള്‍ നടാന്‍ കിട്ടി എന്നു വരില്ല. അങ്ങനെ വരുമ്പോള്‍ വള്ളികളുടെ ലഭ്യതയനുസരിച്ച് നീളം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം . ഏറ്റവും കുറഞ്ഞത് അഞ്ച് ഇടമുട്ടുകള്‍ അല്ലെങ്കില്‍ അറുപത് സെന്‍റീമീറ്ററെങ്കിലും നീളമില്ലാത്ത തലകള്‍ നടാന്‍ ഉപയോഗിക്കരുത്. തണ്ടിന്‍റെ  ഇല നീക്കിയ ചുവടുഭാഗം താങ്ങുമരത്തിന്‍റെ  ചുവട്ടിലെ ഇളകിയ മണ്ണില്‍ പതിച്ചു വയ്ക്കണം. ഇതിന് മീതെ രണ്ടോ മൂന്നോ സെന്‍റിമീറ്റര്‍ കനത്തില്‍ നനമണ്ണ് വിതറണം.  തണ്ടിന്‍റെ  ചുവട്ടിലെ മുറിഭാഗം മാത്രം അല്‍പം മണ്ണിന് മുകളിലായിരിക്കണം.  കടചീയല്‍ രോഗം പിടിപെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. തണ്ടിന്‍റെ  മുകള്‍ഭാഗം താങ്ങുകാലിനോട് ചേര്‍ത്ത് കെട്ടണം. വയ്ക്കോല്‍, ഉണങ്ങിയ പുല്ല്, കരിയില, തൊണ്ട് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് ചുവട്ടില്‍ പുതയിടണം.  ഉണങ്ങിയ പോതപ്പുല്ല്, വാഴയില, ഓല എന്നിവയിലേതെങ്കിലുമൊന്ന്  ഉപയോഗിച്ച് തണ്ടില്‍ വെയില്‍ തട്ടാതെ തണല്‍ നല്‍കണം.ചെറിയ തോതില്‍ നനയ്ക്കണം.ഒന്നു രണ്ടു മാസം കൊണ്ട് വേരുപിടിക്കുകയും മുളപൊട്ടുകയും ചെയ്യും.

കമ്പോസ്റ്റ്, കാലിവളം, പച്ചില, ബയോഗ്യാസ്‌, സ്ലറി, മണ്ണിര കമ്പോസ്റ്റ്, പിണ്ണാക്കുകള്‍, എല്ലുപൊടി എന്നിവയാണ് ഉത്തമം. കടലപ്പിണ്ണാക്കും ചാണകവും ചേര്‍ത്ത ലായനി മാസത്തിലൊരിക്കല്‍ ചെടിയുടെ ചുവട്ടില്‍ ഒഴിക്കുന്നത് വളര്‍ച്ച വേഗത്തിലെത്താന്‍ സഹായിക്കുന്നു. 17:17:17 എന്ന രാസവള മിശ്രിതം 1 കിലോ 100 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ചെടിയുടെ തണ്ട്,ഇല എന്നിവിടങ്ങളില്‍ തളിച്ചുകൊടുക്കുന്നത് വള്ളികളുടെ വളര്‍ച്ചയെ സഹായിക്കും. വേനല്‍ക്കാലത്ത് ആഴ്ചയില്‍ ചെടിയൊന്നിന് 2 മുതല്‍ 3 ലിറ്റര്‍ വെള്ളം കിട്ടുന്ന വിധത്തില്‍ നന ക്രമീകരിക്കുക.  ഫെബ്രുവരി മുതല്‍ മെയ്‌ വരെയുള്ള നാലുമാസം വാനിലക്ക് ആഴ്ചയില്‍ രണ്ടു നനയെങ്കിലും കൂടിയേ തീരൂ.   വാനിലച്ചെടിയുടെ 80 ശതമാനം വേരുകളും മണ്ണിനു മുകളിലുള്ള ജൈവവസ്തുക്കളിലാണ് പറ്റിക്കൂടി വളരുന്നത്. അതുകൊണ്ടുതന്നെ പുതയിടലിന് വലിയ പ്രാധാന്യമുണ്ട്. ചപ്പും ചവറും ഇലകളുമാണ് പുതയിടലിനുപയോഗിക്കുന്നത്. വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും പുതയിടണം.ചുവട്ടിലെ മണ്ണ് ഇളക്കരുത്; വാനിലത്തണ്ടില്‍ നിന്ന് അല്‍പം അകറ്റി വേണം പുതയിടാന്‍ . പൂപ്പല്‍ബാധ ഒഴിവാക്കാനാണിത്. നട്ടാലുടന്‍ ഉണക്കയിലകളുടെ പുത, അതു കഴിഞ്ഞാല്‍ തൊണ്ട് അടുക്കിയുള്ള പുത, ആറു മാസം കഴിഞ്ഞാല്‍ പച്ചിലപുത എന്നിവയാണ് നല്ലത്. വേനല്‍ക്കാലത്ത് തൊണ്ടിന്‍റെ  പുത നല്ലതാണ്. വാഴയില, വാഴത്തട എന്നിവയൊക്കെ വളര്‍ച്ചയെത്തിയ വാനിലക്ക് നല്ല പുതയാണ്. വാനിലക്ക് പടര്‍ന്നുകയറാന്‍ താങ്ങുവേണം. അതിനാല്‍ പടര്‍ന്ന് കയറാന്‍ ഉചിതമായതാങ്ങുമരങ്ങള്‍ നട്ടുപിടിപ്പിക്കണം. വള്ളികളെ വെയിലിന്‍റെ  കാഠിന്യത്തില്‍ നിന്ന് രക്ഷിക്കാനും ഭാഗികമായ തണല്‍ നല്‍കാനും ഇത് ഉപകരിക്കും. താങ്ങു മരച്ചില്ലകളുടെ ഇടയിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശത്തിന്റെ 50 ശതമാനം വാനിലയ്ക്ക് മതിയാകും.ശീമകൊന്നയാണ് കേരളത്തില്‍ പൊതുവെ വളര്‍ത്തുന്ന താങ്ങുമരം.

സാധാരണയായി ഒരു പൂങ്കുലയില്‍ ഒരു ദിവസം ഒരു പൂവു മാത്രമേ വിടരുകയുള്ളൂ . മൂന്നാഴ്ചക്കാലത്തോളം വേണ്ടിവരും ഒരു കുലയിലെ എല്ലാ പൂക്കളും വിരിഞ്ഞുതീരുവാന്‍.പൂങ്കുലയില്‍ ആദ്യം വിരിയുന്ന പൂക്കള്‍ ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ പരാഗണം ചെയ്യേണ്ടതുണ്ട്. ഇത് കായ്കള്‍ ഏതാണ്ട് ഒരേ കാലയളവില്‍ മൂക്കാന്‍ സഹായിക്കുന്നു. ശരിയായ രീതിയില്‍ പരാഗണം നടന്നുകഴിഞ്ഞാല്‍ കായ്‌ അതിവേഗം നീളം വച്ചു തുടങ്ങും. ആഴ്ചയില്‍ ഏതാണ്ട് 2 സെ.മീ. എന്ന തോതില്‍ 6 മുതല്‍ 7 ആഴ്ചകൊണ്ട് വേണ്ടത്ര നീളവും വണ്ണവും വയ്ക്കും . പക്ഷേ 9 മുതല്‍ 11 മാസം വരെ വേണ്ടിവരും കായ്‌ പാകമാകാന്‍. ആറിഞ്ചിനു മേല്‍ നീളമുള്ള കായ്കളാണ് ഏറ്റവും ഉത്തമം.

കൂവളം

ശാസ്ത്രീയനാമം: Aegle marmelos

പവിത്രമായ ഒരു പുണ്യവൃക്ഷമാണു കൂവളം.കൂവളത്തിന്‍റെ  ഇലയെ അലൌകികതയുടെ പ്രതീകമായാണ്‌ ഹിന്ദുമത വിശ്വാസികൾ  കണക്കാക്കുന്നത്. ശിവ ക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും മാലയ്ക്കും ഇലകൾ ഉപയോഗിക്കുന്നു ചിത്തിര നാളുകാരുടെ ജന്മനക്ഷത്രവൃക്ഷമാണു. ഏറെ ഔഷധ മൂല്യമുള്ള ഒരു വൃക്ഷമാണ് കൂവളം. ശിവന്‍റെ  ഇഷ്ടവൃക്ഷമെന്ന രീതിയിൽ ‘ശിവദ്രുമം’ എന്നും ഇതിനെ വിളിക്കാറുണ്ട്. 0-12 മീറ്റർ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ ശാഖകളിലും ഉപശാഖകളിലും കട്ടിയുള്ള മുള്ളുകൾ കാണാം. ഇലപൊഴിക്കുന്ന അതിന്റെ ഏകാന്തരപത്രത്തിനു മൂന്നു പാളികളാണുള്ളത്. രണ്ടെണ്ണം സമ്മുഖമായും ഒരെണ്ണം അഗ്രഭാഗത്തും. ഇലകൾ അണ്ഡാകൃതിയിലുള്ളതും അഗ്രം കൂർത്തതുമാണ്. ഏപിൽ- മെയ് മാസങ്ങളിൽ പച്ച കലർന്ന മഞ്ഞ പൂക്കളുണ്ടകുന്നു. 4-5 ഇതളുകൾ ഉള്ള പൂക്കൾക്ക് സുഗന്ധമുണ്ട്. ഫലം- ബെറി ഇനം, 5-15 സെ.മീ വ്യാസമുള്ള ഇവക്ക് പന്തിന്‍റെ  ആകൃതിയാണ്‌, അകത്ത് പല അറകളിലായി മാംസളമായ മജ്ജയും അവയ്ക്കുള്ളിലായി വിത്തുകളും കാണപ്പെടുന്നു. മാംസളഭാഗത്തിനു മധുരം ഉണ്ടാകും ഇത് പക്ഷികളേയും അണ്ണാനേയും ആകർഷിക്കുന്നു.

വിത്തു മുളപ്പിച്ചും തണ്ടു മുറിച്ചു നട്ടും ചെടി വളർത്താം. പ്രധാനമായും വിത്തുകൾ മുളപ്പിച്ചാണ്‌ കൂവളത്തിന്‍റെ  തൈകൾ ഉത്പാദിപ്പിക്കുന്നത്. വേരുകളുടെ കഷണങ്ങളും നടീൽവസ്തുവായി ഉപയോഗിക്കാവുന്നതാണ്‌. നന്നായി പഴുത്ത കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ വെള്ളത്തിൽ കഴുകി പുറമേയുള്ള കൊഴുപ്പ് നീക്കം ചെയ്യേണ്ടതാണ്‌. അതിനുശേഷം മണൽ വിരിച്ച വാരങ്ങളിൽ പാകി ക്രമായി നനയ്ക്കുന്നു. പാകി ഒൻപതാം ദിവസം മുതൽ കിളിർക്കാൻ ആരംഭിക്കുന്ന വിത്തുകൾ ഏകദേശം 20 ദിവസം കൊണ്ട് കിളിർപ്പ് പൂർത്തിയാക്കും.  ഇങ്ങനെയുള്ള തൈകൾ നാലില പ്രായമായാൽ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ ബാഗുകളിൽ നടാവുന്നതാണ്‌. വർഷകാലാരംഭത്തോടെ തനിവിളയായോ ഇടവിളയായോ ആറുമീറ്റർ അകലം നൽകി തൈകൾ നടാവുന്നതാണ്‌. ചെടികൾക്ക് ജൈവവളം നൽകുന്നത് നല്ലതുപോലെ വളരുന്നതിന്‌ സഹായകരമാകും. മരത്തിന്‌ 15 – 20 വർഷം പ്രായമാകുമ്പോൾ വിളവെടുപ്പ് തുടങ്ങാവുന്നതാണ്‌.

കൂവളവേര് പ്രധാനഘടകമായ ഒരു ഔഷധമാണ് വില്വാദിഗുളിക. സര്‍പ്പവിഷം, തേള്‍വിഷം, ചിലന്തിവിഷം, തേനീച്ചയെപ്പോലെയുള്ള മറ്റു പ്രാണികളുടെ വിഷം, അജീര്‍ണ്ണം, വിഷൂചിക, ത്വക്-രോഗങ്ങള്‍, പനി, മലമ്പനി, കൈവിഷം തുടങ്ങിയ ഒട്ടനവധി പ്രശങ്ങള്‍ക്ക് വില്വാദിഗുളിക പരിഹാരമാണ്. പാമ്പ് പോലെ ജീവികള്‍ കടിച്ചുണ്ടാകുന്ന മുറിവായില്‍ പുരട്ടാനും ഉള്ളില്‍ കഴിക്കാനും വില്വാദിഗുളിക ഉത്തമമാണ്. സഹസ്രയോഗപ്രകാരം കൂവളവേര്, തുളസിക്കതിര്, പുങ്കിന്‍കുരു (ഉങ്ങ്), തകരം, ദേവതാരം, ത്രിഫലത്തോട്, ത്രികടു, മഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി ഇവ സമമെടുത്ത് ആട്ടിന്‍മൂത്രത്തില്‍ നന്നായി അരച്ച് ഗുളികയാക്കി ഉരുട്ടി നിഴലില്‍ ഉണക്കിയെടുത്താണ് വില്വാദിഗുളിക ഉണ്ടാക്കേണ്ടത്.  കൂവളത്തിന്‍റെ  ഇല, വേര്, ഫലം എന്നിവയ്ക്ക് ആന്റിബയോട്ടിക് ഗുണങ്ങളുണ്ടെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കഫം, വാതം, ചുമ, പ്രമേഹം, അതിസാരം എന്നിവയ്ക്കും മികച്ച ഔഷധമാണ് കൂവളം. കായിലുണ്ടാകുന്ന ദ്രാവകം പശയായും വാർണിഷ് ഉണ്ടാക്കുന്നതിനും സിമന്റ് കൂട്ടുകളിലും ഉപയോഗിക്കുന്നു. പഴുക്കാത്ത കായുടെ തോടിൽ നിന്നും മഞ്ഞ ചായം കിട്ടുന്നു. കായുടെ മാംസള ഭാഗം കുമ്മായവുമായി ചേർത്താൽ സിമന്റു പോലെ ഉറയ്ക്കും

കൂവ കൃഷി.

ശാസ്ത്രീയനാമം: Maranta arundinacea

കൃഷിചെയ്യപ്പെടുന്ന കിഴങ്ങ് വർഗത്തിൽ‌പ്പെട്ട ഒരു സസ്യമാണ് കൂവ. കൂവയുടെ കിഴങ്ങ് ഒരു വിശേഷപ്പെട്ട ഭക്ഷണമാണ് രണ്ട് അടിയോളം പൊക്കം വയ്ക്കുന്ന ബഹുവർഷിയായ ഒരു ചെടിയാണ് ആരോറൂട്ട് അഥവാ കൂവ. കിഴങ്ങിൽ ധാരാളമായുള്ള അന്നജത്തിനായി വളർത്തുന്നു. കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്. ചേരാച്ചിറകൻശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ തിന്നാറുണ്ട്. പുരാതനകാലത്ത് കരീബ്യൻ ദീപുകളിലെ നിവാസികൾ കൂവയ്ക്ക് ആഹാരത്തിൽ ആഹാരം എന്നർത്ഥം വരുന്ന അരു-അരുഎന്നാണ് പേരിട്ടിരുന്നത്. പണ്ടുകാലം മുതൽ അമ്പേറ്റ മുറിവുണങ്ങാനും മുറിവിലൂടെയുള്ള വിഷബാധതടയാനും കൂവക്കിഴങ്ങിന്റെ നീര് അരച്ച് പുരട്ടിയിരുന്നു. ഈ കാരണങ്ങൾകൊണ്ടാവാം കൂവയ്ക്ക് ആരോറൂട്ട് എന്ന് ഇംഗ്ലീഷിൽ പേര് ലഭിച്ചത്. അമ്പ് വിട്ടതുമ്പോലെ മണ്ണിൽ നീണ്ടുനീണ്ട് വളരുന്നതാണ് ഇതിന്‍റെ കിഴങ്ങ്.  കൂവക്കിഴങ്ങിന്‍റെ നീരിൽനിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടിയാണ് കൂവക്കൃഷിയുടെ പ്രധാന ലക്ഷ്യം. കൂവപ്പൊടി പ്രധാനമായും ഉപയോഗിക്കുന്നത് ആരോറൂട്ട് (Arrowroot) ബിസ്ക്കറ്റുണ്ടാക്കുന്നതിനു വേണ്ടിയാണ്. മറ്റ് ആരോഗ്യ സംരക്ഷണ പാനീയപ്പൊടീകളീലും  കൂവപ്പൊടി ചേർക്കാറുണ്ട്. കൂവക്കിഴങ്ങ് പുഴുങ്ങിയത് വിളവെടുപ്പുകാലത്തെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്. നല്ല ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിലാണ് കൂവ നന്നായി വളരുന്നത്.

കേരളത്തിലെ കാലാവസ്ഥയും മണ്ണും കൂവകൃഷിക്ക് അനുയോജ്യമാണ്. അന്തരീക്ഷത്തിലെ ചൂട് 20-30 ഡിഗ്രിസെൽഷ്യസ്, വർഷം തോറും 1500-2000 മില്ലിമീറ്റര് മഴ, എന്നിവ കൂവകൃഷിക്ക് ഉത്തമമാണ്. നല്ല താഴ്ചയുള്ള, വളക്കൂറുള്ള, നീർവാർച്ചയുള്ള മണൽ കലർന്ന പശിമരാശി മണ്ണിൽ കൂവ നന്നായി തഴച്ചു വളരുന്നു. തണൽ പ്രദേശങ്ങളിലും വളരുന്നതിനാൽ വീട്ടുവളപ്പിലെ മാവിന്‍റെയും പ്ലാവിന്‍റെയും ചുവട്ടിലും തെങ്ങിനും വാഴയ്ക്കിടയിലും കൂവ കൃഷി ചെയ്യാം. കൃഷി ചെയ്യുന്നതിനായി വിത്താണ് തിരഞ്ഞെടുക്കുന്നത്.  രോഗബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ ചെടികളിൽ നിന്നുമാണ്‌ വിത്തിനായുള്ള കിഴങ്ങുകൾ ശേഖരിക്കുന്നത്. മുളയ്ക്കുന്നതിനുശേഷിയുള്ള ഓരോ മുകുളം, ഓരോ കഷണം നടീൽവസ്തുവിലും ഉണ്ടായിരിക്കണം. നന്നായി കിളച്ചൊരുക്കിയ സ്ഥലത്ത് 5 X 30 സെന്റീമീറ്റർ അകലത്തിൽ ചെറുകുഴികൾ എടുത്ത് മുകുളം മുകളിലാക്കി നടുക. ഈ മുകുളം മൂടത്തക്കവിധം ചാണകപ്പൊടി ഇട്ട് അതിനുമുകളിലായി കരിയിലകൾ കൊണ്ടോ വൈക്കോൽ കൊണ്ടോ കൊണ്ട് പുതയിടണം. കളകൾ ആകെ കൃഷിസമയത്തിൽ രണ്ടോ മൂന്നോ തവണ നടത്തേണ്ടതാണ്‌. കളകൾ നീക്കം ചെയ്യുന്നതോടൊപ്പം മണ്ണ് തടത്തിലേയ്ക്ക് അടുപ്പിക്കുകയും പുതയിടുകയും വേണം. രാസവള മിശ്രിതമായ എൻ.പി.കെ. യഥാക്രമം 50:25:75 കിലോഗ്രാം / ഹെക്ടർ എന്നതോതിൽ നൽകേണ്ടതാണ്‌. കൂവ നട്ട് ഏകദേശം ഏഴുമാസം ആകുമ്പോഴേയ്ക്കും വിളവെടുക്കാൻ പാകത്തിലാകും. ഇലകൾ കരിഞ്ഞ് അമരുന്നതാണ്‌ വിളവ് പാകമായതിന്റെ ലക്ഷണം. കിഴങ്ങുകൾ മുറിയാതെ താഴ്ത്തി കിളച്ചെടുക്കുക. വേരുകളും തണ്ടും നീക്കി വൃത്തിയാക്കിയതിനുശേഷം ഉണക്കി സൂക്ഷിക്കാം. ഒരു ഹെക്ടറിൽ നിന്നും 47 ടൺ വിളവുവരെ ലഭിക്കാം.

അന്നജത്താല്‍  സമൃദ്ധമാണ് കൂവപ്പൊടി. 25 മുതൽ 28 വരെ ശതമാനം അന്നജവും രണ്ട്മൂന്ന് ശതമാനം നാരും കൂവക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിർന്നവർക്കും കുട്ടികൾക്കും ഉത്തമ ആഹാരമാണ്. ദഹനക്കേട്, വയറിളക്കം പോലുള്ള അസുഖങ്ങൾ മാറാൻ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്. തിരുവാതിര നോമ്പു നോക്കുന്ന സ്ത്രീകൾക്ക് കൂവ കുറുക്കിയത്  പ്രധാന ഭക്ഷണമാണ്. കൂവപ്പൊടി പായസം, ഹൽവ, പുഡ്ഡിംഗ്മുതലായ സ്വാദിഷ്ഠമായ വിഭവളുണ്ടാക്കാൻ കൂവപ്പൊടി ഉപയോഗിക്കുന്നു. കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തിൽ കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയാണ്. മൂത്രാശയ രോഗങ്ങൾക്കും കൂവ നല്ലതാണ്.പാനീയമാക്കി കഴിക്കുന്നത്‌ മൂത്ര ചൂട് ,മൂത്ര കല്ല്‌ ഇവക്ക് ഉത്തമമാണ് .

വിളവെടുത്ത കൂവക്കിഴങ്ങുകൾ മണ്ണും തൊലിയും നീക്കി കഴുകി വൃത്തിയാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇങ്ങനെ വൃത്തിയാക്കിയ കിഴങ്ങുകൾ ചെറുകഷണങ്ങളായി മുറിച്ച് ഉരലിൽ ഇടിച്ച് ചതക്കുന്നു. ചതച്ചെടുത്ത ചണ്ടിയും നീരും വലിയപാത്രത്തിലെ പച്ചവെള്ളത്തിൽ കലക്കണം. പിന്നീട് ഈ മിശ്രിതം അരിപ്പയിൽ അരിച്ച് മാറ്റുന്നു. അരിച്ചെടുത്ത വെള്ളം അടിയാൻ വെക്കണം. നല്ലവണ്ണം അടിഞ്ഞ് തെളിവെള്ളമാകുമ്പോൾ കൂവപ്പൊടി കലങ്ങാതെ വെള്ളം ഊറ്റിക്കളയുന്നു. കൂവപ്പൊടി അടിഞ്ഞ പാത്രം വെയിലിൽ ഉണങ്ങാൻ വക്കണം. നല്ലവണ്ണം വെള്ളം വറ്റിക്കഴിയുമ്പോൾ കൂവപ്പൊടി മുറത്തിലോ മറ്റോ വച്ചിട്ടുള്ള കടലാസിലേക്ക് തട്ടിയിട്ട് ചിക്കി വീണ്ടും ഉണക്കിയെടുക്കാം.

സോയാബീന്‍ കൃഷി

 

കിഴക്കനേഷ്യ ജന്മദേശമായിട്ടുള്ള ഒരു പയറുവർഗ്ഗ സസ്യമാണ് സോയാബീൻസ് (Soybean). പയർവർഗ വിളകളിലൊന്നാണ് സോയാബീൻ. മണ്ണിലെ നൈട്രജൻ അളവു കൂട്ടാൻ ഈ പയർവർഗ വിളക്കു കഴിയും. ധാരാളം പ്രോട്ടീനും മറ്റു പോഷകങ്ങളും അടങ്ങിയ പയര്‍വര്‍ഗ വിളയാണ് സോയാബീന്‍. ആരോഗ്യസംരക്ഷണത്തിനായി 25 ഗ്രാം സോയാപ്രോട്ടീന്‍ പ്രതിദിനം ഒരാള്‍ കഴിക്കണമെന്നതാണ് ആരോഗ്യസംഘടനയുടെ കണക്ക്. അടുക്കളത്തോട്ടത്തിന് അനുയോജ്യമായ വിളയാണിത്.  കേരളത്തിൽ സോയാബീൻസ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ്. കൂടുതൽ മണൽ കലർന്നതും അംമ്ലഗുണമുള്ളതുമായ മണ്ണിൽ ഇത് കൃഷി ചെയ്യാവുന്നതാണ്. തനിവിളയായും തെങ്ങ്, കരിമ്പ്, വാഴ, മരച്ചീനി, പരുത്തി, മഞ്ഞൾ എന്നിവയുടെ ഇടവിളയായും കൃഷിചെയ്യാവുന്ന ഒരു സസ്യമാണിത് ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് സോയാബിൻ കൃഷിക്ക് നല്ലത്. കനത്തമഞ്ഞും വേനലും ചെടിവളരുന്നതിന് പ്രതികൂലമാണ്.നീർവാർച്ചയുള്ള മണൽ മണ്ണോ ചെളികലർന്ന പശിമരാശി മണ്ണോ എക്കൽ മണ്ണോ ഇതിന്റെ വളർച്ചയ്ക്ക് നല്ലതാണ്കാലവര്‍ഷാരംഭത്തിനു മുമ്പും ശേഷവും കൃഷിചെയ്യുന്നതാണ് നല്ലത്. മണല്‍കലര്‍ന്ന നല്ല ജൈവാംശമുള്ള മണ്ണാണ് കൃഷിക്കനുയോജ്യം.

വിത്ത് നേരിട്ട് കൃഷിസ്ഥലങ്ങളിൽ വിതയ്ക്കാവുന്നതാണ്. വിതയ്ക്കുന്നതിന് 24 മണിക്കൂർ മുൻപ് ജീവാണുവളങ്ങൾ തണുത്ത കഞ്ഞിവെള്ളത്തിൽ കലക്കി നിഴലിൽ ഉണക്കി വയ്ക്കുക. വിതയ്ക്കുന്നതിനുമുൻപായി വിത്ത് കുമിൾ നാശിനിയുമായി കലർത്തി വിതയ്ക്കാം. ജൈവവളങ്ങൾ അല്ലെങ്കിൽ രാസവളങ്ങൾ, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ അടിവളമായി നിലത്ത് ഉഴുതു ചേർക്കണം. മഴക്കാലത്തു വിത്ത് മുളയ്ക്കാനും നന്നായി വളരാനും അവ ഉയർത്തി കോരിയ വാരങ്ങളിൽ പാകണം. ഒരടി തിട്ടയിൽ അരയടി വ്യാസത്തിലുള്ള കുഴികളിൽ രണ്ട് വിത്തുകൾ വീതം നടാവുന്നതാണ്. വിത്തു 2-5 സെ.മീ വരെ താഴ്ത്തി നടാം. എന്നാൽ നടുന്ന സമയത്ത് മണ്ണിൽ വേണ്ടത്ര നനവുണ്ടെങ്കിൽ അധികം താഴ്ത്തേണ്ടതില്ല. വിത്ത് വരികൾ തമ്മിൽ 10 സെ.മീ അകലവും ചെടികൾ തമ്മിൽ 20 സെ.മീ അകലവും നൽകണം.അടിവളമായി ഒരു ചെടിക്ക് രണ്ടു കി.ഗ്രാം ജൈവവളം ചേര്‍ത്തുകൊടുക്കണം. മേല്‍വളമായി ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ രണ്ടാഴ്ചത്തെ ഇടവേളകളില്‍ കൊടുക്കണം. മഴ ലഭിക്കുന്നതുവരെ നന കൊടുക്കണം. മഴ ആരംഭിക്കുന്നതോടെ മണ്ണ് അടുപ്പിച്ചുകൊടുക്കണം.    നാലുമാസത്തിനകം പൂവിട്ട് കായകള്‍ ലഭിക്കാന്‍ തുടങ്ങും.

മൂപ്പെത്താത്ത കായകള്‍ പറിച്ചെടുത്ത് തോരനും ഉപ്പേരിയും ഉണ്ടാക്കാം. നന്നായി ഉണങ്ങിയ സോയാവിത്തുകളില്‍നിന്ന് സോയാപാല്‍ ഉണ്ടാക്കാം.  സോയാപാല്‍ ഉണ്ടാക്കുന്നവിധം  ധാരാളം പോഷകമടങ്ങിയ പാനീയമാണ് സോയാപാല്‍. ആരോഗ്യത്തിന് ഹാനികരമായ കൊളസ്‌ട്രോളിന്‍റെ  അളവ് കുറയ്ക്കാന്‍ ഇത് ഉപകരിക്കും. ഒരുലിറ്റര്‍ സോയാപാല്‍ ഉണ്ടാക്കുന്നതിന് 125 ഗ്രാം സോയവിത്ത് വേണ്ടിവരും. നന്നായി വിളഞ്ഞുണങ്ങിയ വിത്തുകള്‍ കഴുകിവൃത്തിയാക്കി 8–10 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. കുതിര്‍ത്തെടുത്ത വിത്ത് അമര്‍ത്തി പുറംതൊലി കളഞ്ഞ് പരിപ്പെടുത്ത് കഴുകിവൃത്തിയാക്കി നന്നായി അരച്ചെടുക്കുക. സോയപയറിന് ദുര്‍ഗന്ധമുണ്ട്. ചൂടുള്ള കഞ്ഞിവെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിവച്ചശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുത്താല്‍ ഈ ദുര്‍ഗന്ധം മാറിക്കിട്ടും. അരച്ചെടുത്ത പയര്‍ ഇടവിട്ടടവിട്ട് പുഴുങ്ങി വീണ്ടും അരച്ചെടുക്കുക. ഇങ്ങിനെ തയ്യാറാക്കിയ മാവില്‍ എട്ടിരട്ടി വെള്ളം ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് ചെറുതായി ഇളക്കി വീണ്ടും തിളപ്പിക്കുക. അതിനുശേഷം അഞ്ചുദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇങ്ങനെ തയ്യാറാക്കിയ സോയാപാല്‍ ആവശ്യാനുസരണമെടുത്ത് തിളപ്പിച്ച് ഉപയോഗിക്കാം. ആഴ്ചയിലൊരിക്കലെങ്കിലും തിളപ്പിച്ച് ദീര്‍ഘകാലം സൂക്ഷിക്കുകയും ചെയ്യാം

കുറ്റി കുരുമുളക്

സാധാരണയായി കുരുമുളക് വള്ളിയായി താങ്ങുമരങ്ങളിലാണ് വളര്‍ത്തുന്നത്. ഇതിനുവേണ്ടി താങ്ങുമരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും, വിള പരിപാലനത്തിനും, കുരുമുളക് പറിക്കാനും മറ്റും ഉത്പാദനചെലവ് വര്‍ദ്ധിക്കുന്നുണ്ട്   കുരുമുളകിന്‍റെ  പുതിയ ഇനമാണ് – പെപ്പര്‍ തെക്കന്‍സാധാരണ കുരുമുളകിനങ്ങളില്‍ ഒരു തിരിയില്‍ 50-70 മണികള്‍ പിടിക്കുമ്പോള്‍ തെക്കന്‍ കുരുമുളകില്‍ ഒരു തിരിയിലും ശാഖകളിലുമായി 1000 മണി വരെ കാണുന്നു
സാധാരണ കുരുമുളക് 33% ഉണങ്ങിയ കുരുമുളക് ലഭിക്കുമ്പോള്‍ തെക്കന്‍ കുരുമുളക് 44% ഉണങ്ങിയ മുളക് നല്കുന്നു.
താങ്ങ്‌ വൃക്ഷങ്ങളുടേ സഹായമില്ലാതേ അധികം പടരാതേ ഒതുങ്ങി നല്ല വിളവ്‌ തരുന്ന കൃഷി രീതി ആണ്‌ ഇത്‌. കുറ്റി കുരുമുളക് പറമ്പില്‍ നട്ട് കുരുമുളക് ഉത്പാദനക്ഷമത കൂട്ടാവുന്നതാണ്. കുറ്റിക്കുരുമുളക് ചെടികള്‍ ഏകദേശം പത്തുകിലോ പോട്ടിംഗ് മിശ്രിതം (മണ്ണ്, മണല്‍, ചാണകം എന്നിവ തുല്യ അളവില്‍ കൂട്ടിക്കലര്‍ത്തിയത്) നിറയ്ക്കാവുന്ന ചട്ടികളിലേക്ക് മാറ്റിനടുക. നട്ടതിന്റെ മേലെ ചപ്പ് വെച്ച് ദിവസേന രണ്ടുനേരം നനയ്ക്കുക. ഇവ രണ്ടാഴ്ചയെങ്കിലും തണലില്‍ വെക്കേണ്ടതാണ്. ഈ ചട്ടികള്‍ മുറ്റത്തോ, ടെറസ്സിനു മുകളിലോ വെച്ച് പരിപാലിക്കാവുന്നതുകൊണ്ട് കുടില്‍കൊട്ടാരം വ്യത്യാസമില്ലാതെ എല്ലാ വീട്ടമ്മമാര്‍ക്കും വളര്‍ത്തി അടുക്കളയിലേക്കാവശ്യമുള്ള കുരുമുളക് ഉത്പാദിപ്പിക്കാവുന്നതാണ്.
കാലഭേദമില്ലാതെ ഇവ പൂക്കുന്നതുകൊണ്ട് എല്ലായ്‌പ്പോഴും പച്ച കുരുമുളക് കിട്ടുന്നതാണ്. മത്സ്യകറിയിലും മറ്റും പച്ചക്കുരുമുളക് ഉപയോഗിച്ചാല്‍ അതിന് നല്ല രുചി കിട്ടും. ഇങ്ങനെ എല്ലാവരും സ്വന്തം ആവശ്യത്തിനുള്ള കുരുമുളക് ഉത്പാദിപ്പിച്ചാല്‍ നമ്മുടെ വലിയ വലിയ കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന കുരുമുളക് നമുക്ക് വിദേശങ്ങളിലേക്ക് കയറ്റിഅയച്ച് ധാരാളം വിദേശനാണ്യം നേടാവുന്നതാണ്. ഒരു ചട്ടിക്ക് രണ്ടുമാസത്തിലൊരിക്കല്‍ 1ഗ്രാം നൈട്രജന്‍, 0.5ഗ്രാം ഭാവഹം, 2ഗ്രാം ക്ഷാരം(2ഗ്രാം യൂറിയ, 3ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 3ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ കൂട്ടിക്കലര്‍ത്തി ഒരു ടീസ്പൂണ്‍) എന്നതോതില്‍ വളം ചെയ്യാവുന്നതാണ് എന്ന് സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പഠനം തെളിയിക്കുന്നു. രാസവളത്തിനു പകരമായി 15ഗ്രാം അഥവാ ഒരു ടേബിള്‍സ്പൂണ്‍ കടലപ്പിണ്ണാക്ക് ചേര്‍ത്താലും മതിയാവുന്നതാണ്. ഇങ്ങനെ വളം ചെയ്തപ്പോള്‍ മൂന്നുവര്‍ഷം പ്രായമായ കുറ്റികുരുമുളക് നട്ട ഒരു ചട്ടിയില്‍നിന്നും പന്നിയൂര്‍കരിമുണ്ട എന്ന വ്യത്യാസമില്ലാതെ ചട്ടി ഒന്നിന് രണ്ടാംവര്‍ഷം മുതല്‍ 465ഗ്രാം കുരുമുളകുവരെ കിട്ടുന്നതായി കണ്ടു. മഞ്ഞളിപ്പ് രോഗം കാണുകയാണെങ്കില്‍ ദശാംശം രണ്ടു ശതമാനം വീര്യമുള്ള കോപ്പര്‍ ഓക്‌സിക്ലോറൈഡ് ലായനി ചട്ടിക്ക് 100 മില്ലീലിറ്റര്‍ എന്നതോതില്‍ കൊടുക്കാവുന്നതാണ്. ഒരു ചട്ടി കുരുമുളക് തൈ ഇങ്ങനെ വളര്‍ത്താന്‍ ഏകദേശം 30 രൂപ മാത്രമേ ചെലവ് വരികയുള്ളൂ. പിന്നീട് പരിപാലനത്തിന് ഒരു ഭാരിച്ച ചെലവ് വരാത്തതുകൊണ്ട് ഒരു ചട്ടിയില്‍നിന്ന് പറിച്ചെടുക്കുന്ന കുരുമുളകിന്റെ വില കൂട്ടിനോക്കിയാല്‍ ഇത് വളരെ ലാഭകരമാണ്.  2 ത 2 മീറ്റര്‍ അകലത്തില്‍ അരമീറ്റര്‍ സമചതുരത്തിലുള്ള കുഴികള്‍ കുത്തി അതില്‍ മേല്‍മണ്ണ് പൂഴ്ത്തി, കമ്പോസ്റ്റ് അല്ലെങ്കില്‍ ചാണകം സമമായി കൂട്ടിച്ചേര്‍ത്ത് നിറയ്ക്കുക. എന്നിട്ട് തൈകള്‍ നടുക. ഇങ്ങനെ ഒരു ഹെക്ടറില്‍ 2500 ചെടികള്‍ നടാവുന്നതാണ്.

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate