അറബിക്കയും റോബസ്റ്റയുമാണ് കാപ്പിയിലെ പ്രധാനപ്പെട്ട ഇനങ്ങള്‍. ഉയരം കൂടിയ സ്ഥലത്ത് അറബിക്കയും കുറഞ്ഞ സ്ഥലത്ത് റോബസ്റ്റയുമാണ് കൃഷി ചെയ്യാന്‍ ഉചിതം.
അറബിക്ക ഇനങ്ങള്‍
സെലക്ഷന്‍ 5 ബി (എസ്. 2931) വേഗം വളരുന്നു. ഇലത്തുരുമ്പു രോഗത്തിനെതിരെ പ്രതിരോധ ശക്തി. നല്ല കായ് വലിപ്പവും കമ്പടുപ്പവും. ഹെക്ടറിന് രണ്ടു ടണ്‍ വരെ വിളവ്. താരതമ്യേന മിതമായ തണല്‍. ഉയരം കൂടിയ സ്ഥലങ്ങളില്‍ ഒരു തവണകൂടി കൊമ്പുകോതല്‍ വേണ്ടിവന്നേക്കാം.
സെലക്ഷന്‍ 6. ഇലത്തുരുമ്പു രോഗത്തെ ചെറുക്കും. മോശമല്ലാത്ത തണലിലും ഉയരത്തിലും നന്നായി വളരും. ഹെക്ടറിന് 1500 കിലോ വിളവ് കിട്ടും.
സെലക്ഷന്‍ 9 (എസ്. 2790) . നന്നായി വളരുന്ന ഇവയുടെ ശാഖകള്‍ പൊതുവെ താഴോട്ടു ഞാന്നു കിടക്കും. വരള്‍ച്ചയെ അതിജീവിക്കാനുള്ള കഴിവും കൂടുതലാണ്. ഉയരം കൂടിയ അറബിക്ക ഇനങ്ങള്‍ ക്കൊപ്പവും നന്നായി വളരും. ഹെക്ടറിന് 1500 കിലോ പരിപ്പ്.
സെലക്ഷന്‍ 12 (കാവേരി) - ഉയരം കുറവ്. നല്ല വളര്‍ച്ചയും ഒതുക്കവും. മുട്ടുകള്‍ അടുത്തടുത്താണ്. ഹെക്ടറിന് മൂന്നു ടണ്‍ പരിപ്പ്. ഇലത്തുരുമ്പുരോഗം വരാതിരിക്കാന്‍ രണ്ടോ മൂന്നോ തവണ ബോര്‍ഡോ മിശ്രിതം തളിക്കേണ്ടി വരും. ഏറ്റവും കൂടുതല്‍ പരിചരണവും ശ്രദ്ധയും നല്കേണ്ടയിനമാണിത്.
സെലക്ഷന്‍ 7.3 (എസ്.3807) - ഇലത്തുരുമ്പിനെ പരമാവധി ചെറുക്കുന്ന ഇനം. വിളവ് ഹെക്ടറിന് 1500 കിലോ പരിപ്പ്. വരള്‍ച്ചയെ അതിജീവിക്കും. കാപ്പി പഴുക്കുന്നതു വൈകും.
സെലക്ഷന്‍ 8 (എച്ച്.ഡി.ടി) - ശരാശരി വിളവ് ഹെക്ടറിന് ഒരു ടണ്‍ പരിപ്പ്. ഇലത്തുരുമ്പു രോഗ പ്രതിരോധശക്തിയേറും. പ്രധാനമായും പഠനാവശ്യങ്ങള്‍ക്കുള്ള ഒരിനമാണിത്.
റോബസ്റ്റ ഇനങ്ങള്‍
സെലക്ഷന്‍ ഐ.ആര്‍. (എസ്.274) - നല്ല വളര്‍ച്ചയും വലിയ ഇലകളുമാണ് വലിപ്പമുള്ള കായ്കള്‍ മുട്ടൊന്നിന് 30-50 എന്ന കണക്കിലാവും. മൂത്തു പഴുക്കാന്‍ അറബിക്കയേക്കാള്‍ കാലതാമസമെടുക്കും.
സെലക്ഷന്‍ 3 ആര്‍. (സി x ആര്‍) ഒതുക്കവും പൊതുവെ ഞാന്നു കിടക്കുന്നതുമായ ശാഖകള്‍. അടുത്തടുത്തു നടാം. പഴങ്ങള്‍ ഓറഞ്ചും ചുവപ്പും കലര്‍ന്നതായിരിക്കും.
പൂര്‍ണമായോ മുക്കാല്‍ഭാഗമോ പഴുപ്പെത്തിയ ആരോഗ്യവും വലിപ്പവുമുള്ള കാപ്പിക്കായ്കള്‍ ഇതിനായി നിര്‍ത്തിയ ചെടികളില്‍ നിന്നും പറിച്ചെടുക്കണം. തൊണ്ടു നീക്കി പൊള്ളയായതും വൈരൂപ്യമുള്ളതുമായ പരിപ്പുകള്‍ മാറ്റണം. കായ് തുരപ്പന്‍ബാധ ഉണ്ടാകാതിരിക്കാന്‍ ക്ലോര്‍പൈറിഫോസില്‍ മുക്കണം. അതിനുശേഷം ചാരം പുരട്ടി അഞ്ചു സെ.മീ.കനത്തില്‍ പരത്തി തണലിലിട്ടുണക്കണം. ഒരുപോലെ ഉണങ്ങാന്‍ ദിവസത്തില്‍ മൂന്നു തവണയെങ്കിലും ഇളക്കിക്കൊടുക്കണം. ഇങ്ങനെ അഞ്ചു ദിവസം ഉണക്കമെത്തിയാല്‍ അധികമുള്ള ചാരം കളഞ്ഞ്, ആകൃതിയില്ലാത്തതും പൊട്ടിയതുമായ വിത്തുകളൊക്കെ മാറ്റണം. വീണ്ടും കനത്തില്‍ പരത്തി തണലിലുണക്കണം.
വിത്തുപാകുമ്പോള്‍
ഫെബ്രുവരി – മാര്‍ച്ച് മാസത്തില്‍ വിത്ത് മുളക്കാനിടണം. ദീര്‍ഘസമയം വെച്ചിരുന്നാല്‍ കായ്തുരപ്പന്‍ ബാധ ഉണ്ടാകാനിടയുണ്ട്. വിത്തിന്റെ പരന്ന ഭാഗം മണ്ണിനഭിമുഖമായി 1.5 x 2.5 സെ.മീ. അകലത്തില്‍ നിരത്തിയശേഷം വിത്തിന്റെ കനത്തില്‍ മാത്രം മേലെ മണ്ണ് വിതറണം. ചെറുതായി നനച്ച് അഞ്ചു സെ.മീ. കനത്തില്‍ ഉണങ്ങിയ വൈക്കോല്‍ കൊണ്ട് പാത്തി മൂടണം. 40-45 ദിവസം കൊണ്ട് വിത്ത് മുളച്ച് തുടങ്ങുമ്പോള്‍ വൈക്കോല്‍ മാറ്റണം.
ശരിയായ പഴുത്ത കാപ്പി വൃത്തിയുള്ള തറയില്‍ 8 സെ.മീ. കനത്തില്‍ പരത്തി ഉണക്കണം. മണിക്കൂറുകള്‍ ഇടവിട്ട് ഇളക്കിക്കൊണ്ടിരിക്കണം. ഇങ്ങനെ 12-15 ദിവസം ഉണക്കുമ്പോള്‍ ഒരു ഫോര്‍ലിറ്റ് സാമ്പിള്‍ എടുത്ത് രണ്ടു ദിവസം തുടര്‍ച്ചയായി തൂക്കം നോക്കി ഒരേ തൂക്കമാണോയെന്നു നോക്കണം. ഉണങ്ങിയ കാപ്പി നല്ല വായുസഞ്ചാരവും വൃത്തിയുമുള്ള അറകളില്‍ ശേഖരിച്ചുവെക്കണം.
കാപ്പിയുടെ ഗുണനിലവാരം പ്രധാനമായും ഉണക്കിനെ ആശ്രയിച്ചാണിരിക്കുന്നത്. ജലാംശം കുറവായാലും കാപ്പിയുടെ നറുമണം നഷ്ടപ്പെടും. ഉണങ്ങിയ കാപ്പി പിന്നാടു തോട് നീക്കല്‍, പോളിഷിങ്, തരംതിരിക്കല്‍, എന്നിവക്കു ശേഷമാണ് ഉല്പന്ന നിര്‍മ്മാണത്തിനുപയോഗിക്കുന്നത്.
കാപ്പിക്കു വളം ചെയ്യുമ്പോള്‍ ഒന്നാംപടിയായി വേണ്ടതു മണ്ണു പരിശോധനയാണ്. ആവശ്യമെങ്കില്‍ കുമ്മായമിട്ട് തോട്ടത്തിന്റെ പുളിപ്പ് കുറക്കാം. ജൈവവളമായി കോഴിക്കാഷ്ഠം, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയവ ചേര്‍ക്കാം. ഏക്കറൊന്നിന് ഒരു ടണ്‍ ഉണക്കിപ്പൊടിച്ച് ചാണകം തോട്ടത്തില്‍ വിതറി മേല്‍മണ്ണുമായി ഇളക്കിക്കൊടുക്കണം. ആവശ്യമുള്ള പോഷകങ്ങള്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളില്‍ തളിച്ചും നല്കാം. ഇലയുടെ അടിഭാഗത്ത് തളിക്കുന്നതാണ് കൂടുതല്‍ ഫലം നല്കുന്നത്. പെട്ടെന്ന് പോഷകങ്ങള്‍ കിട്ടേണ്ടി വരുമ്പോള്‍ ഇലകളില്‍ കൂടി നല്കുന്നതാണുത്തമം.
പുതിയചില്ലകള്‍ ഉണ്ടാകുമ്പോഴും പൂക്കുമ്പോഴും കായ്കള്‍ വലിപ്പം വെക്കുമ്പോഴും പഴുക്കുമ്പോഴുമെല്ലാം കാപ്പിച്ചെടിക്ക് ധാരാളം പോഷകങ്ങള്‍ ആവശ്യമാണ്. വളത്തിന്റെ അളവ് നിശ്ചയിക്കുന്നത് മണ്ണുപരിശോധനയുടെയും വരും വര്‍ഷത്തെ വിളവിന്റെയും അടിസ്ഥാനത്തിലാണ്. ഒരേക്കറിന് 400 കിലോ പരിപ്പാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ 40 കിലോ നൈട്രജന്‍, 30 കിലോ ഫോസ്ഫറസ്, 40 കിലോ പൊട്ടാഷ് എന്ന അളവില്‍ വളമിടണം. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ കൂട്ടുകയോ കുറയ്ക്കുയോ ചെയ്യാം. നിര്‍ദ്ദേശിക്കപ്പെടുന്ന വളങ്ങള്‍ മൂന്നോ നാലോ തവണയായി പുതുമഴക്കു മുമ്പ്, ശേഷം, കാലവര്‍ഷാരംഭത്തിന് മുമ്പ്, കാലവര്‍ഷശേഷം എന്നിങ്ങനെ തോട്ടത്തിലിടാം. മൂന്നുതവണയെങ്കിലും തോട്ടത്തില്‍ വളമിട്ടിരിക്കണം. ആദ്യതവണ മാര്‍ച്ചില്‍ ചെടി പൂക്കുന്ന സമയത്തും രണ്ടാമതായി കായ്കള്‍ വളര്‍ച്ചപ്രാപിക്കുന്ന മെയ് അവസാനത്തിലും മുന്നാമതായി കായ്കള്‍ ഉറയ്ക്കുവാന്‍ തുടങ്ങുമ്പോഴും വളമിടാം.
കാപ്പിപ്പരിപ്പില്‍ വഴുവഴുപ്പ് നീക്കലാണ് അടുത്തഘട്ടം. ഇതു മൂന്നുതരത്തില്‍ ചെയ്യാം. പള്‍പ്പ് ചെയ്തുകിട്ടുന്ന കാപ്പിക്കുരു വലിയപാത്രങ്ങളില്‍ കനംകൂട്ടിയിട്ട്, പ്രകൃത്യാ അന്തരീക്ഷത്തിലുള്ള ബാക്ടീരിയകളുടെ പ്രവര്‍ത്തനങ്ങളാല്‍ പുളിപ്പിച്ച് വഴുക്കല്‍ നീക്കുന്നതാണ് ഒരു രീതി. ഇങ്ങനെ ചെയ്യുമ്പോള്‍ അറബിക്ക കാപ്പിക്ക് 36-48 മണിക്കൂറും റോബസ്റ്റക്ക് 48-72 മണിക്കൂറും ആവശ്യമാണ്. റോബസ്റ്റയില്‍ ചിലപ്പോള്‍ 72 മണിക്കൂര്‍ കഴിഞ്ഞാലും വഴുവഴുപ്പ് പൂര്‍ണ്ണമായി മാറില്ല. അതിനാല്‍ പൊതുവെ റോബസ്റ്റയില്‍ ഘര്‍ഷണം മുഖേനയോ സോഡിയം ഹൈഡ്രോക്സൈഡ് എന്ന ആല്‍ക്കലി ഉപയോഗിച്ചോ വഴുക്കല്‍ മാറ്റാം. അറബിക്ക കാപ്പിക്ക് അര മണിക്കൂറും റോബസ്റ്റാ കാപ്പിക്ക് മുക്കാല്‍ മണിക്കൂറും വേണം. പള്‍പ്പ് ചെയ്തകാപ്പി അധികമുള്ള വെള്ളം വാര്‍ത്തുകളഞ്ഞതിനുശേഷം പാത്രങ്ങളില്‍ പരത്തിയിടണം. മരപ്പാത്തികളാല്‍ ചാലുകള്‍ ഉണ്ടാക്കി റോസ്കാന്‍ ഉപയോഗിച്ച് ആല്‍ക്കലി ഒഴിച്ചുകൊടുക്കണം. ഒരുകിലോ സോഡിയം ഹൈഡ്രോക്സൈഡ് 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനി ഏതാണ്ട് 30 ഫോര്‍ലിറ്റ് ( ഒരു ഫോര്‍ലിറ്റ് എന്നാല്‍ നാല്പത് ലിറ്റര്‍) പരിപ്പ് വൃത്തിയാക്കുവാന്‍ ധാരാളമാണ്. ലായനി ഒഴിച്ച് അരമണിക്കൂറോളം ഇടതടവില്ലാതെ ഇളക്കിക്കൊണ്ടിരിക്കണം. വഴുവഴുപ്പ് മാറിയാല്‍ നന്നായി കഴുകിയെടുക്കണം. റോബസ്റ്റ പാര്‍ച്ച്മെന്റ് ഉണ്ടാക്കുമ്പോള്‍ ആദ്യം പകുതിലായനി ഉപയോഗിച്ചുകഴുകി അരമണിക്കൂര്‍ കഴിഞ്ഞ് ഒരിക്കല്‍ കൂടി ലായനി ഒഴിച്ച് 20 മിനിറ്റോളം വെച്ച് വഴുപ്പ് പൂര്‍ണമായും മാറ്റണം.
വാഷര്‍ ഉപയോഗിച്ചും വഴുവഴുപ്പ് മാറ്റിയെടുക്കാവുന്നതാണ്. പള്‍പ്പ് ചെയ്തു കിട്ടുന്ന കാപ്പി അക്വാവാഷര്‍ എന്ന യന്ത്രത്തിലൂടെ കടത്തിവിടുമ്പോള്‍ ഘര്‍ഷണം മുഖേന വഴുവഴുപ്പ് നീങ്ങും. പിന്നീട് ഒന്നോ രണ്ടോ തവണ നന്നായി കഴുകിയെടുക്കണം.
വഴുവഴുപ്പ് മാറ്റി കഴുകിയെടുത്ത കാപ്പി ഉയര്‍ന്ന തറകളിലോ തുളകളുള്ള ഇരുമ്പുപാളികളിലോ ഇട്ട് അധികമുള്ള വെള്ളം വാര്‍ത്തുകളയണം. ഏറ്റവും നല്ലത് അരിപ്പകൊണ്ടുള്ള ട്രേകളാണ്. ഇങ്ങനെ പുറത്തെ നനവുമാറ്റാന്‍ 48 മണിക്കൂര്‍ വരെ വേണ്ടിവരും. പുറത്തെ നനവു മാറിക്കഴിഞ്ഞാല്‍ ഇഷ്ടിക പാകിയ തറകളിലോ കോണ്‍ക്രീറ്റ് നിലത്തോ വിരിച്ച് ഉണക്കണം. പെട്ടെന്നുണങ്ങുന്നത് പാര്‍ച്ച്മെന്റ് തൊലി പൊട്ടാനും നിറവ്യത്യാസത്തിനുമിടയാക്കും അതുകൊണ്ട് ഇടക്കിടെ ഇളക്കിമറിക്കണം. എല്ലാദിവസവും വൈകുന്നേരം പരിപ്പ് കൂനകൂട്ടി പൊളിത്തീന് പായകള്‍ കൊണ്ടു മൂടണം. സാധ്യമെങ്കില്‍ മധ്യാഹ്നത്തിലും ഇവ മൂടിയിട്ട് കടുത്ത ചൂട് ഒഴിവാക്കുന്നതും നല്ലതാണ്. നല്ലവെയിലില്‍ 7-10 ദിവസത്തിനുള്ളില്‍ പാര്‍ച്ച്മെന്റ് കാപ്പി ശരിയായി ഉണങ്ങിക്കിട്ടും. ഒരു ഫോര്‍ലിറ്റ് കാപ്പി തുടര്‍ച്ചയായി രണ്ടുദിവസം നോക്കുമ്പോഴും ഒരേ തൂക്കം നല്കുന്നുവെങ്കില്‍ ശരിയായ ഉണക്കമായെന്നു കണക്കാക്കാം. ചാക്കുകളില്‍ നിറക്കുന്നതിനുമുമ്പ് തറയില്‍ 2-3 ദിവസം പരത്തിയിട്ട് ഈര്‍പ്പം ഒരുപോലെയാക്കണം. ഇതിനായി ഇടക്കിടെ ഇളക്കിക്കൊടുക്കണം. ഒപ്പം പൊട്ടിയ പരിപ്പുകളും പുറംതൊലി കറുത്ത് വിരൂപമായ പരിപ്പുകളും നീക്കണം.
കാപ്പിക്കൃഷിയില്‍ ഏറെ പ്രാധാന്യമുള്ള കാര്യമാണ് കുരു വിപണനത്തിന് തയ്യാറാക്കല്‍ . രണ്ടുവിധത്തിലാണ് കാപ്പിക്കുരു വിപണനത്തിനായി സംസ്ക്കരിച്ചെടുക്കുന്നത്. തൊലികളഞ്ഞ് വെള്ളത്തില്‍ കഴുകി ഉണക്കി പരിപ്പാക്കുന്ന പാര്‍ച്ചമെന്റ് അഥവാ പ്ലാന്റേഷന്‍ രീതിയും കുത്തിപ്പരിപ്പാക്കുവാന്‍ വേണ്ടിയുള്ള ഉണ്ടക്കാപ്പി തയ്യാറാക്കുന്ന രീതിയും.
പാര്‍ച്ച്മെന്റ് സംസ്ക്കരണം
പള്‍പ്പിങ്
കാപ്പിപ്പരിപ്പ് വേര്‍പെടുത്തിയെടുക്കാന്‍ ധാരാളം ജലവും പള്‍പ്പിങ് മെഷീനും ആവശ്യമാണ്. പറിച്ചെടുത്ത അതേ ദിവസം തന്നെ പള്‍പ്പിങ് ചെയ്തില്ലെങ്കില്‍ പുളിച്ചുപോകും. കാപ്പിപ്പഴം വലിപ്പമനുസരിച്ച് തരംതിരിച്ച് പള്‍പ്പറിനുള്ളിലേക്ക് കടത്തിവിടണം. ഇതു കാപ്പിത്തൊലി അനായാസം നീക്കുവാന്‍ സഹായിക്കും. പിന്നീടിത് അരിപ്പയിലൂടെ കടന്നുപോകുമ്പോള്‍ കാപ്പിത്തൊലിയും പള്‍പ്പ് ചെയ്യാത്ത കാപ്പിപ്പഴവും വേര് തിരിക്കപ്പെടുകയും പള്‍പ്പ് ചെയ്തവമാത്രം ലഭിക്കുകയും ചെയ്യും. ഇങ്ങനെ ലഭിക്കുന്നപരിപ്പ് തരംതിരിക്കാനുപയോഗിക്കുന്ന അരിപ്പയിലൂടെ കടത്തിവിട്ടാല്‍ വലിപ്പമനുകരിച്ച് വേര് തിരിക്കാം.
കടപ്പാട് അഗ്രിഹോം
അവസാനം പരിഷ്കരിച്ചത് : 3/13/2020