കവികള്‍ വാഴ്ത്തിപ്പാടിയ കാവ്യസൗന്ദര്യം പോലെത്തന്നെ ശ്രേഷ്ഠമായ ഔഷധഗുണമുള്ള ഒരു ഔഷധസസ്യമാണ് ശംഖുപുഷ്പം. നാട്ടിന്‍ പുറങ്ങളിലും വീടിന്‍റെ പരിസരങ്ങളിലും സുലഭമായി കണ്ടുവന്നിരുന്ന ശംഖുപുഷ്പം ഇന്ന് നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. ഇതിനുപകരം വിദേശസസ്യങ്ങള്‍ നമ്മുടെ ഉദ്യാനങ്ങളില്‍ ഇടംപിടിച്ചു. പല നിറത്തിലും ഗുണത്തിലുമുള്ള ശംഖുപുഷ്പങ്ങള്‍ ലഭ്യമാണെങ്കിലും വെള്ള നിറത്തിലുള്ള പൂക്കളോടുകൂടിയവയ്ക്കാണ് ഔഷധ പ്രാധാന്യം കൂടുതല്‍.
ഉദ്യാനഭംഗിക്ക് മാറ്റെകുന്നതും ചിത്രശലഭങ്ങള്‍ക്ക് വീടേകുന്നതുമായ ശംഖുപുഷ്പം ജൈവാംശമുള്ള ഏതു മണ്ണിലും നന്നായി വളരും. ശംഖുപുഷ്പത്തിന്റെ വേരുകളില്‍ ജീവിക്കുന്ന സൂക്ഷ്മജീവികള്‍ക്ക് മണ്ണിലെ നൈട്രജന്റെ തോതും അതുവഴി ഫലഭൂയിഷ്ഠതയും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നതിനാല്‍ വളരെയധികം പാരിസ്ഥിതിക പ്രാധാന്യം കൂടിയുള്ള സസ്യമാണിത്. പടര്‍ന്നു വളരുന്ന വള്ളിച്ചെടിയായതിനാല്‍ വേലികളിലും വീടിന്‍റെ ബാല്‍ക്കണിയിലും വളര്‍ത്താവുന്നതാണ്. അതുപോലെ തന്നെ മണ്‍ചട്ടികളിലും മണ്ണുനിറച്ച ചാക്കുകളിലും വളര്‍ത്താം. ഏകദേശം ഒരു വര്‍ഷം പ്രായമായ ചെടിയില്‍ നിന്ന് കായകള്‍ ലഭിക്കും. വിത്തുകള്‍ക്ക് പയര്‍മണിയുമായി സാമ്യമുണ്ട്. വിത്ത് മുളപ്പിച്ച് ആവശ്യാനുസരണം തൈകള്‍ ഉണ്ടാക്കാം. നട്ട് ഏകദേശം ആറുമാസം പ്രായമായാല്‍ പൂവിട്ടു തുടങ്ങും. ഔഷധി എന്ന നിലയില്‍ ചെടിയുടെ എല്ലാ ഭാഗങ്ങളും ഉപയോഗ യോഗ്യമാണെങ്കിലും വേരുകള്‍ക്കാണ് ഗുണവും ഉപയോഗവും കൂടുതല്‍. ചെടി നട്ട് ഒന്നര വര്‍ഷം കഴിഞ്ഞാല്‍ വേരുകള്‍ ശേഖരിച്ച് തുടങ്ങാം. ആവശ്യാനുസരണം കടഭാഗത്തുനിന്നും മണ്ണുനീക്കി ഭാഗികമായോ അല്ലെങ്കില്‍ മൊത്തമായോ വേരുകള്‍ ശേഖരിക്കാം. ഒന്നോ രണ്ടോ ചെടികള്‍ പിഴുതെടുക്കാതെ നിലനിര്‍ത്തിയാല്‍ അടുത്ത പ്രാവശ്യം നടുന്നതിലേക്കാവശ്യം വേണ്ട വിത്തുകള്‍ ലഭിക്കും.
കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്
അവസാനം പരിഷ്കരിച്ചത് : 5/25/2020