തേനും വയമ്പും നാവില്‍ തൂവിയ വാനമ്പാടിയുടെ സ്വരമാധുര്യവും, സ്വര്‍ണ്ണവും വയമ്പും ചേര്‍ത്ത ബുദ്ധികൂര്‍മ്മതയും വയമ്പ് എന്ന ഔഷധസസ്യത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്നു. വാക്കിനും ബുദ്ധിക്കും വയമ്പിനോളം ഒന്നില്ല എന്ന് ആയുര്‍വ്വേദ മതം.
ഭൂമിക്കടിയില്‍ വളരുന്ന കാണ്ഡവും ഏകദേശം ഒരു മീറ്റര്‍ പൊക്കത്തില്‍ വളരുന്ന ഇലകളും ഒറ്റനോട്ടത്തില്‍ വയമ്പിനെ പുല്‍ച്ചെടിയോടു സാമ്യപ്പെടുത്തും. സ്വാഭാവികാവസ്ഥയില്‍ ഇന്ന് വളരെ അപൂര്‍വ്വമാണീ സസ്യം. ജലം നിറഞ്ഞു നില്‍ക്കുന്ന ചതുപ്പ്നിലങ്ങളാണ് വയമ്പിന് പ്രിയം. ഗൃഹപരിസരങ്ങളില്‍ സ്ഥലലഭ്യതയ്ക്കനുസരിച്ച് ജലലഭ്യത ഏറെയുള്ള കിണറുകള്‍ക്ക് അടുത്തായോ, വാട്ടര്‍ ടാപ്പുകള്‍ക്ക് അരികിലായോ വയമ്പ് നടാം. കൂടാതെ അടിയില്‍ അധികം ദ്വാരമില്ലാത്ത മണ്‍ചട്ടികളില്‍ എക്കല്‍മണ്ണും നിറച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ചും വയമ്പ് വളര്‍ത്താം. ഇങ്ങനെ ചെയ്യുമ്പോള്‍ ജൈവാംശം കൂടുതലുള്ള മണ്ണെടുക്കാന്‍ ശ്രദ്ധിക്കണം. ചെറിയ മുകുളങ്ങളോടു കൂടിയ കാണ്ഡത്തിന്‍റെ കഷണങ്ങളോ, കാണ്ഡങ്ങളില്‍ നിന്നും ഉണ്ടാവുന്ന ചിനപ്പുകളോ നടാന്‍ ഉപയോഗിക്കാം. നട്ട് ഒന്നര വര്‍ഷം പ്രായമായാല്‍ ചെടിക്ക് അധികം ഹാനിയുണ്ടാക്കാതെ ഇലയില്ലാത്ത വശങ്ങളില്‍ നിന്നും മണ്ണുമാറ്റി കാണ്ഡം ആവശ്യത്തിനനുസരിച്ച് മുറിച്ചെടുത്ത് ഉപയോഗിക്കാം.
എല്ലാ ഗൃഹങ്ങളിലും വളരെ അത്യാവശ്യമായി വളര്‍ത്താവുന്ന ഒരു ഔഷധസസ്യമാണ് വയമ്പ്. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ പല ബാലാരിഷ്ടതകള്‍ക്കും ഉത്തമ ഔഷധമാണ് വയമ്പ്. ഇതുകൂടാതെ ശീതളപാനീയങ്ങള്‍ക്ക് രുചിയും, മണവും, ഔഷധമൂല്യവും വര്‍ധിപ്പിക്കാന്‍ ചെറിയതോതില്‍ വയമ്പ് ചേര്‍ക്കാറുണ്ട്. ഔഷധമൂല്യങ്ങള്‍ക്ക് പുറമേ വയമ്പിന് മറ്റു ചില ഗുണങ്ങള്‍ കൂടിയുണ്ട്. ഉണങ്ങിയ കിഴങ്ങുകള്‍ അലമാരകളിലും മറ്റും സൂക്ഷിച്ചാല്‍ ഉപദ്രവകാരികളായ കീടങ്ങളുടെയും ഷഡ്പദങ്ങളുടെയും ശല്യം ഒഴിവാക്കാം. ഇതുവഴി നാഫ്തലീന്‍ ബോളുകള്‍ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുകയുമാവാം.കോഴിപ്പേനിനെതിരായും വയമ്പുലായനി ഉപയോഗിക്കാം. ഇതെല്ലാം കൂടാതെ വയമ്പ്, കായം, വെളുത്തുള്ളി എന്നീ മിശ്രിതം തളിക്കുക വഴി വീടുകളിലെ പാമ്പിന്‍ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും.
കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്
അവസാനം പരിഷ്കരിച്ചത് : 1/28/2020