വേദങ്ങളിലും പുരാണങ്ങളിലും വളരെയധികം പരാമര്‍ശിക്കപ്പെട്ടിട്ടുള്ള രാമച്ചത്തിന് ഋഷിവര്യന്മാരുടെയും രാജാക്കന്മാരുടെയും നിത്യജീവിതത്തിന്റെ ഭാഗമായത് കൊണ്ടാവണം പുരാതനകാലം മുതല്‍ തന്നെ ഒരു രാജകീയ പരിവേഷം ലഭിച്ചിരുന്നത്. സുന്ദരകാണ്ധത്തില്‍ അസുരചക്രവര്‍ത്തിയായ രാവണന്‍റെ വിഭ്രാന്തിയകറ്റാന്‍ പോലും ഇളംകുളിര്‍മ്മയുള്ള രാമച്ചത്തിന് കഴിഞ്ഞിരുന്നുവെന്ന് പറയുന്നുണ്ട്. സര്‍വ്വഥാ ശ്രേഷ്ഠമായ രാമച്ചം ഔഷധി എന്നതിലുപരി വളരെയധികം പാരിസ്ഥിതിക പ്രാധാന്യം കൂടിയുള്ള ഒരു സസ്യമാണ്. നീളമുള്ള ഇലകള്‍ കൂട്ടത്തില്‍ അലങ്കാരഭംഗിയോടുകൂടി ചെടിയില്‍ കാണപ്പെടുന്നതിനാല്‍ വീടിനകത്ത് പ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലോ ഉദ്യാനങ്ങളിലോ മറ്റും നവോന്മേഷം നല്‍കുന്ന അലങ്കാരച്ചെടിയായി രാമച്ചത്തെ വളര്‍ത്താം. മണ്ണൊലിപ്പുള്ള ചെരിവുകളില്‍ മണ്ണിനെ സംരക്ഷിച്ചു നിര്‍ത്തുന്ന ഒരു കവചമായും രാമച്ചം വളര്‍ത്താം.
പുല്‍വര്‍ഗ്ഗത്തില്‍പ്പെട്ട ഈ സസ്യം മണല്‍ കലര്‍ന്ന ജൈവാംശവും ഈര്‍പ്പവും ഏറിയ മണ്ണില്‍ നന്നായി വളരുന്നു. സ്ഥലലഭ്യതയ്ക്ക് അനുസരിച്ച് തടം തയ്യാറാക്കി വീടുകളില്‍ രാമച്ചം വളര്‍ത്താം. കൂടാതെ മണ്ണുനിറച്ച ചട്ടികളിലും ചാക്കുകളിലും നടാന്‍ അനുയോജ്യമായ ഒരു സസ്യമാണിത്. തന്മൂലം വേരിന്‍റെ ശേഖരണം എളുപ്പമാവുകയും ചെയ്യും.
ചെടിയുടെ കടഭാഗത്തുനിന്നും ശേഖരിക്കുന്ന വേരോടുകൂടിയ ചിനപ്പുകളാണ് നടാന്‍ ഉപയോഗിക്കുന്നത്. ചെറിയ പരിചരണവും ജലസേചനവും വഴി കുറഞ്ഞ കാലയളവില്‍ത്തന്നെ രാമച്ചത്തിന്റെ വേര് ലഭിക്കും. ഒന്നര വര്‍ഷം പ്രായമായ ചെടിയില്‍ നിന്നും വേരുകള്‍ ശേഖരിക്കാം. ആവശ്യത്തിനനുസരിച്ച് ഭാഗികമായോ കടയോടുകൂടിയോ പിഴുതെടുത്ത വേരുകള്‍ കഴുകി ഉപയോഗിക്കാം. ഔഷധനിര്‍മാണത്തിനും വ്യാവസായികാടിസ്ഥാനത്തിലുള്ള തൈലനിര്‍മ്മാണത്തിനും പുറമേ രാമച്ചം നിത്യജീവിതത്തില്‍ ദാഹശമനിയുണ്ടാക്കുവാനും കുളിക്കുവാനും അലങ്കാരവസ്തുക്കളുടെ നിര്‍മ്മാണത്തിനും അലമാരിയില്‍ പാറ്റകളെ അകറ്റുവാനും മറ്റും ഉപയോഗിക്കാം. വേരിന് പുറമേ ഇലയും കതിരും കാലിത്തീറ്റയായി ഉപയോഗിക്കുകയുമാവാം.
കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്
അവസാനം പരിഷ്കരിച്ചത് : 1/26/2020