ഭക്ഷണത്തിലൂടെ ഭാരതീയര്ക്ക് സുപരിചിതമായ മുരിങ്ങ സര്വ്വശ്രേഷ്ഠമായ ഔഷധി കൂടിയാണ്. മുരിങ്ങയുടെ ഏതാണ്ടെല്ലാഭാഗങ്ങളും ഉപയോഗയോഗ്യമാണ്. മുരിങ്ങയുടെ കായ്കള് ചെണ്ടക്കോലിനെ അനുസ്മരിപ്പിക്കുന്നു. ദുര്ബലകാണ്ഡത്തോടും മൃദുലപത്രികളോടും കൂടിയ ആഹാര ഔഷധ വൃക്ഷമായ മുരിങ്ങയെ വളരെ നിയന്ത്രിതമായ രീതിയില് വലുപ്പത്തിലും രൂപത്തിലും വളര്ത്തിയെടുക്കാന് സാധിക്കുമെന്നതിനാല് വീടുകളില് എവിടെ വേണമെങ്കിലും നടാം.
നല്ല ഫലഭൂയിഷ്ഠിതയും മണല് കലര്ന്ന പശിമരാശിയുള്ള മണ്ണാണ് വളര്ച്ചക്ക് ഏറ്റവും അനുയോജ്യമെങ്കിലും ഏത് മണ്ണിലും മുരിങ്ങ വളരും. വരണ്ട കാലാവസ്ഥയില് പോലും വളരുന്ന ഒരു സസ്യമാണിത്. വിത്തുകള് മുളപ്പിച്ചോ തണ്ടുകള് നട്ടോ തൈകള് ഉത്പ്പാദിപ്പിക്കാം. ഗുണത്തിലും ഫലലഭ്യതയിലും മികച്ച അനേകയിനം മുരിങ്ങ തൈകള് ഇന്ന് നേഴ്സറികളിലും ഗവേഷണ സ്ഥാപനങ്ങളിലും ലഭ്യമാണ്.
മുരിങ്ങ നടുന്നതിനായി ഏകദേശം ഒന്നരയടി സമചതുരത്തിലും അത്ര തന്നെ ആഴത്തിലുമുള്ള കുഴികളെടുത്ത് അതില് മേല്മണ്ണും ജൈവവളവുമായി ചേര്ത്ത് നിറച്ച് അതിന് മുകളിലായി തൈകള് നടാം. വെയില് നന്നായി ലഭിക്കുന്ന സ്ഥലങ്ങലില് വൈകുന്നേരങ്ങളില് തൈ നടുന്നതായിരിക്കും ഉത്തമം. അത് വഴി നട്ട് പെട്ടെന്നുണ്ടാക്കുന്ന വാട്ടം ഒഴിവാക്കാന് സാധിക്കും. അല്പം ജലസേചനം നടത്തുകയാണെങ്കില് നട്ട് രണ്ട് വര്ഷമാകുമ്പോള് തന്നെ ആവശ്യത്തിനുള്ള ഇലകള് ശേഖരിച്ച് തുടങ്ങാം. ദുര്ബലകാണ്ഡത്തോട് കൂടിയ സസ്യമായതിനാല് മുരിങ്ങ വളരുന്നതിന് അനുസരിച്ച് അതിന്റെ ഉയരം നിയന്ത്രിച്ച് നിര്ത്തേണ്ടതുണ്ട്. അത് വഴി കൂടുതല് ശിഖരങ്ങല് ഉണ്ടാകുകയും പൂക്കളും കായ്കളും ലഭിക്കുകയും ചെയ്യും. വീടിന്റെ പരിസരത്ത് ഒന്നോ രണ്ടോ മുരിങ്ങ നടുകയാണെങ്കില് ആഹാരാവശ്യത്തിനുള്ള ഇലയും പൂവും കായും ലഭിക്കുകയും ഔഷധ ആവശ്യങ്ങള്ക്കായി ഉപയോഗിക്കുകയും ചെയ്യും. ഹൈബ്രിഡ് ഇനം മുരിങ്ങകള് 6 മാസം കൊണ്ട് തന്നെ കായ്ക്കുമെങ്കിലും വേഗം നശിച്ച് പോകും. എന്നാല് നാടന് മുരിങ്ങകള് നട്ടാല് ദീര്ഘകാലത്തേക്ക് ഉപയോഗിക്കാം.
അവസാനം പരിഷ്കരിച്ചത് : 1/28/2020