ആമുഖം
ഭാരതീയരുടെ നിത്യജീവിതത്തിന്റെ ഭാഗമായ നെല്ലിക്ക് അമ്മ എന്നര്‍ത്ഥമുള്ള ധാത്രി എന്ന സംസ്കൃത നാമം ലഭിച്ചത് തന്നെ അതിന്റെ ഗുണമേന്മ കൊണ്ടായിരിക്കാം. ബി സി 500 ആം ആണ്ടിന് മുന്‍പ് രചിക്കപെട്ട ചരക സംഹിതയില്‍ പോലും നെല്ലിക്കയെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. പ്രകൃതിദത്തമായ ഏറ്റവും നല്ല നിരോക്സികാരിയായാണ് നെല്ലിക്കയെ ആധുനിക ശാസ്ത്രം കണ്ടു വരുന്നത്. അത് മുന്‍പ് തന്നെ തിരിച്ചറിഞ്ഞ മഹര്ഷിമാര്ആകണം നിത്യ യൗവനം പ്രധാനം ചെയ്യുന്ന ഔഷധകൂട്ടുകളില്‍ നെല്ലിക്ക പ്രധാന ചേരുവയായി ചേര്‍ത്തിരുന്നത്.
കായ്കള്‍ ഉണ്ടാകാന്‍ വരണ്ട കാലാവസ്ഥയും സൂര്യപ്രകാശവും ഇഷ്ടപ്പെടുന്ന നെല്ലി കേരളത്തിന്റെ ഏത് കാലാവസ്ഥയിലും നന്നായി വളരുമെങ്കിലും നല്ല വെയില് ലഭിച്ചാല്‍ മാത്രമേ മികച്ച കായഫലം ലഭിക്കൂ. ചെറുവൃക്ഷമായ നെല്ലിയുടെ വിത്തോ പതിവെച്ച തൈകളോ നടാന്‍ ഉപയോഗിക്കാം. വേഗത്തില്‍ കായ്ക്കുന്നതും കൂടുതല്‍ വിളവ് തരുന്നതുമായ വ്യത്യസ്ത ഗ്രാഫ്റ്റ് ഇനങ്ങള്‍ പ്രചാരത്തിലുണ്ട്. അതിനാല്‍ വിത്ത് തൈകളെക്കാള്‍ നല്ലത് മികച്ച ഇനം ഗ്രാഫ്റ്റ് തൈകള്‍ നടുന്നതായിരിക്കും. ഒരു ചെറുവൃക്ഷമായി വളരും എന്നതിനാല്‍ വീട്ടുമുറ്റത്തിന്റെ പാര്‍ശ്വങ്ങളിലും മറ്റും നടുന്നതായിരിക്കും നല്ലത്. എന്നാല്‍ സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണം. ഒന്നരയടി സമച്ചതുരത്തിലും അത്ര തന്നെ ആഴത്തിലും ഉള്ള കുഴികള്‍ എടുത്ത് അതില്‍ മേല്‍മണ്ണ് ജൈവ വളവും ചേര്‍ത്ത് നിറച്ച് അതില്‍ തൈകള്‍ നടാം. അല്പം ജലസേചനം നടത്തിയാല്‍ നട്ട് മൂന്നാം വര്‍ഷം മുതല്‍ ഗ്രാഫ്റ്റ് തൈകള്‍ കായ്ച്ചു തുടങ്ങും. ഫലം ലഭിക്കും എന്നതിന് പുറമേ ഇലയും തൊലിയുമെല്ലാം ഔഷധയോഗ്യമാണ്. കൂടാതെ നെല്ലി ഏറ്റവും നല്ല ജലശുദ്ധീകരണി കൂടിയാണ്.
ഔഷധ ഉപയോഗങ്ങള്‍
- ജരാനരകള്‍ വേഗത്തില്‍ ബാധിക്കാതിരിക്കാന്‍ പച്ചനെല്ലിക്ക ദിവസവും കഴിക്കുകയും നെല്ലിക്ക ഇട്ടു തിളപ്പിച്ച് ആറിയ വെള്ളത്തില്‍ പതിവായി കുളിക്കുകയും ചെയ്യുക.
- ചൊറിച്ചിലിനു ശമനം കിട്ടുന്നതിന് ഉണക്ക നെല്ലിക്ക അരച്ച് പുരട്ടുക.
- പുളിച്ചു തികട്ടല്‍ മാറുന്നതിനു കുരുകളഞ്ഞ പച്ചനെല്ലിക്ക 10 ഗ്രാം എടുത്തു 100 മില്ലി പാലില്‍ ചേര്‍ത്ത് ദിവസവും രണ്ടു നേരം കഴിക്കുക.
- തൊണ്ടയിലെ കഫക്കെട്ട് മാറുന്നതിന് നെല്ലിക്ക, കടുക്ക, താന്നിക്ക, തിപ്പലി ഇവ സമം എടുത്തു പൊടിച്ച് നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് വളരെ ഫലപ്രദമാണ്.
- പ്രമേഹത്തിന് പച്ചനെല്ലിക്കയുടെയും പച്ചമഞ്ഞളിന്റെയും നീര് സമം ചേര്‍ത്ത് ദിവസവും കഴിക്കുന്നത് നല്ലതാണ്.
- ചെങ്കണ്ണ് മാറുന്നതിനു പച്ചനെല്ലിക്ക പിഴിഞ്ഞ് നീരെടുത്ത് കണ്ണില്‍ ഒഴിക്കുക.
- കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് നെല്ലിക്ക തോട്, കടുക്കതോട്, താന്നിക്കതോട് ഇവ സമം ചേര്‍ത്ത് പൊടിച്ചത് ഒരു ടീസ്പൂണ്‍ സമം തേന്‍ ചേര്‍ത്ത് കഴിക്കുക.
- വായ്പുണ്ണ് മാറുന്നതിന് പച്ചനെല്ലിക്ക നീരോ ഉണക്കനെല്ലിക്ക കഷായം വച്ചോ ദിവസവും കവിള് കൊള്ളുക.
- ചുട്ടുപുകച്ചില്‍ മാറുന്നതിനു നെല്ലിക്ക, കടുക്ക, താന്നിക്ക ഇവ പൊടിച്ചു ദേഹത്തില്‍ പുരട്ടി കുളിക്കുക.
- ചൂട് കുരുവിന് ശമനം കിട്ടുവാന്‍ നെല്ലിക്ക തോട് മോരില്‍ കുതിര്‍ത്തു അരച്ച് പുരട്ടുക.
- ജലദോഷം അകറ്റുന്നതിന് നെല്ലിക്ക പതിവായി കഴിക്കുക.
- നെല്ലിക്ക, കാരറ്റ്, വെണ്ടയ്ക്ക എന്നിവ ദിവസവും വേവിക്കാതെ കഴിക്കുന്നത് കൊണ്ട് പല്ലുകള്‍ക്ക് അഴകും ബലവും ഉണ്ടാകും
- ചെമ്പിച്ച തലമുടി കറുക്കുന്നതിന് കുളിക്കുന്നതിനു അരമണിക്കൂര്‍ മുന്‍പ് നെല്ലിക്കയും തൈരും ചേര്‍ത്ത് തലയില്‍ തിരുമ്മി പിടിപ്പിക്കുക. 2 മാസം തുടര്‍ച്ചയായി ഇത് ആവര്‍ത്തിക്കുക.
- ദഹനശക്തി വര്‍ദ്ധിക്കുന്നതിനു നെല്ലിക്ക തോട്, കടുക്കത്തോട്, താന്നിക്കത്തോട് എന്നിവ സമം ചേര്‍ത്ത് പൊടിച്ചു ശര്‍ക്കരയും ചേര്‍ത്ത് ദിവസവും രാത്രി ഭക്ഷണ ശേഷം കഴിക്കുക.
- നെല്ലിക്കനീരും തേനും നെയ്യും സമം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസേന ദഹനത്തിന് അനുസരിച്ച് സേവിക്കുകയും പഥ്യമായ ആഹാര വിഹാരങ്ങള്‍ ശീലിക്കുകയും ചെയ്താല്‍ രോഗങ്ങളെ അകറ്റി ദീര്‍ഘായുസ്സ് പ്രധാനം ചെയ്യും.
- നെല്ലി മരത്തിന്റെ തൊലിയും കശുമാവിന്റെ കൂമ്പും സമം ചേര്‍ത്ത് അരച്ച് നെല്ലിക്ക വലുപ്പത്തില്‍ മോരില്‍ കഴിക്കുക. വയറിളക്കം മാറും.
- കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്
അവസാനം പരിഷ്കരിച്ചത് : 1/29/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.