വേദങ്ങളിലും പുരാണങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ഒരു പുണ്യ സസ്യമായ തുളസിയെ ഭാരതീയര്‍ അതിപുരാതന കാലം മുതല്‍ക്ക് തന്നെ ആരാധിച്ചു പോന്നിരുന്നു. നമ്മുടെ പൂര്‍വ്വികര്‍ ഗൃഹാങ്കണത്തിലെ തുളസി തറയില്‍ ദീപം തെളിയിച്ച് ഐശ്വര്യപൂര്‍ണ്ണമാക്കിയിരുന്നു. ഹൈന്ദവ സംസ്ക്കാരം വിശ്വാസത്തിലും ജീവിതത്തിലും ഇത് പോലെ ഉള്‍ക്കൊണ്ടിട്ടുള്ള സസ്യം വേറൊന്നില്ല. ഭൂമിയുടെ കവചമായ ഓസോണ്‍ വാതകത്തെ ഉത്പാദിപ്പിക്കുകയും അതിനോടൊപ്പം തന്നെ അന്തരീക്ഷത്തെ ശുദ്ധീകരിക്കുകയും ചെയ്യാനുള്ള തുളസിയുടെ കഴിവ് ഭാരതീയര്‍ ആധുനിക ശാസ്ത്രത്തിന് മുമ്പേ കണ്ടെത്തിയിട്ടുണ്ടാകണം.
ഗുണത്തിലും തരത്തിലും ഏഴു തരം തുളസികള്‍ ഉണ്ടെങ്കിലും കൃഷ്ണതുളസിക്കും രാമതുളസിക്കും ആണ് പ്രാധാന്യം കൂടുതല്‍. ഔഷധ മൂല്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പുറമേ നല്ലൊരു കീടനാശിനി കൂടിയായി അറിയപ്പെടുന്ന തുളസി ഇന്ന് പല വീട്ടുമുറ്റങ്ങളില്‍ നിന്നും അപ്രത്യക്ഷമായ അവസ്ഥയിലാണ്. സുഗന്ധപൂരിതമായ ഇലകളോടും അടുക്കുകളായി കാണുന്ന പുഷ്പമഞ്ചരിയോടും കൂടിയ കുറ്റി ചെടിയായ തുളസി അല്പം വെയില്‍ ലഭിച്ചാല്‍ കേരളത്തിന്‍റെ കാലാവസ്ഥയില്‍ ഏതു തരത്തിലുള്ള മണ്ണിലും വളരും. വിശ്വാസപരമായി വീടിന്‍റെ മുന്‍വശതാണ് തുളസിയുടെ സ്ഥാനമെങ്കിലും സ്ഥല ലഭ്യതക്ക് അനുസരിച്ച് മലിനജലം ഇല്ലാത്തിടങ്ങളില്‍ എല്ലാം തുളസി വളര്‍ത്താം. അത് പോലെ തന്നെ മണ്ചട്ടികളിലും മണ്ണ് നിറച്ച ചാക്കുകളിലും വളര്ത്തിയെടുക്കാവുന്നതാണ്. ഒരു പുഷ്പമഞ്ചരിയില്‍ ധാരാളം വിത്തുകള്‍ ഉണ്ടാകും. വിത്തുകള്‍ ചെറുതാണ്. മൂപ്പെത്തിയ വിത്തുകള്‍ നിലത്തു വീണ് ജലലഭ്യതക്ക് അനുസരിച്ച് മുളച്ച് വരും. ഇവ പറിച്ചെടുത്ത് സൗകര്യത്തിനു അനുസരിച്ച് നടാം. ഇവ വളര്‍ന്നു വരുന്നതിന് അനുസരിച്ച് ഇലകള്‍ എറുത്തെടുക്കാം. തുളസിക്ക് അണുനാശന സ്വഭാവവും കീടനാശിനി സ്വഭാവവും ഉള്ളതിനാല്‍ ഉദ്യാനങ്ങളിലും വീട്ടുപരിസരങ്ങളിലും കൃഷിയിടങ്ങളിലും നട്ട് വളര്‍ത്തുന്നത് ഉത്തമം ആണ്. ഔഷധ കൂട്ടുകളില്‍ ഉപയോഗിക്കുന്നതിന് പുറമേ ഒട്ടുമിക്ക ജൈവ കീടനാശിനികളിലും തുളസി ചേരുന്നുണ്ട്.
കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്
അവസാനം പരിഷ്കരിച്ചത് : 1/28/2020