കറിവേപ്പ്
മറ്റേത് ഔഷധ സസ്യത്തെക്കാളും ഏറെ സുപരിചിതമായ ഒന്നാണ് കറിവേപ്പ്. കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ എന്ന പഴമൊഴി കേള്‍ക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അതുപോലെ തന്നെ കറിവേപ്പില ചേര്‍ക്കാത്ത ആഹാരപദാര്‍ഥങ്ങള്‍ കഴിക്കാത്തവര്‍ ഉണ്ടാകില്ല. ബാഷ്പശീല തൈലങ്ങളാല്‍ പൂരിതമായ ഇലകളോട് കൂടി വളരെ മന്ദഗതിയില്‍ വളരുന്ന ഈ സസ്യം പൂര്‍ണ്ണ വളര്‍ച്ച എത്തിയാല്‍ ഒരു ചെറു വൃക്ഷമാകും. ഈര്‍പ്പവും നീര്‍വാര്‍ച്ചയും ഉള്ള മണ്ണില്‍ കറിവേപ്പ് നന്നായി വളരും. വീടുകളില്‍ അടുക്കളക്ക് അടുത്താണ് കറിവേപ്പിന്റെ സ്ഥാനമെങ്കിലും സ്ഥല ലഭ്യതക്ക് അനുസരിച്ച് ഒന്നോ രണ്ടോ ചെടികള്‍ എവിടെ വേണമെങ്കിലും വളര്‍ത്താം. അതുപോലെ തന്നെ മണ്ചട്ടികളിലും മണ്ണ് നിറച്ച ചാക്കുകളിലും നടുകയാണെങ്കില്‍ ആവശ്യത്തിന് കറിവേപ്പില ലഭിക്കും. വേരില്‍ നിന്നും ഉണ്ടാകുന്ന മുകുളങ്ങള്‍ വേരോട് കൂടി മുറിച്ചെടുത്ത് നടാന്‍ ഉപയോഗിക്കാം. വിത്ത് പാകിയും തൈകള്‍ ഉത്പാദിപ്പിക്കാം. വളര്‍ന്നു വരുന്ന കരിവേപ്പില് എപ്പോഴും അഞ്ചോ ആറോ സെറ്റ് ഇലകള്‍ നിലനിര്‍ത്തി മാത്രമേ ശേഖരിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഉണങ്ങിപോകാന്‍ ഇടയുണ്ട്.
ഭാരതീയരുടെ ആഹാരത്തിലെ പ്രധാനിയായ കറിവേപ്പില പല കഷായത്തിലും ചേരുന്നുണ്ടെങ്കിലും ദഹന സംബന്ധമായ അസുഖങ്ങള്‍ക്കും ആഹാരത്തിലെ വിഷാംശം നിരവീര്യം ആക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിച്ച് വരുന്നത്.
ഔഷധ ഉപയോഗങ്ങള്‍
- കറിവേപ്പിന്റെ തളിരില ചവച്ചു തിന്നാല്‍ ചളിയും രക്തവും കൂടി പോകുന്ന അതിസാരം ശമിക്കും.
- കറിവേപ്പില മോരില്‍ അരച്ച് കഴിക്കുന്നത് വായ്പുണ്ണ് മാറും
- കറിവേപ്പിലയും വെളുത്തുള്ളിയും ജീരകവും മഞ്ഞളും ചേര്‍ത്ത് മോര് കാച്ചി കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ നല്ലതാണ്.
- കറിവേപ്പില പാലില്‍ അരച്ച് പുരട്ടിയാല്‍ വിഷജന്തുക്കള്‍ കടിച്ചിട്ടുണ്ടാകുന്ന ചൊറിച്ചില്‍ മാറും.
- കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് പതിവായി കഴിക്കുകയാണെങ്കില്‍ അലര്‍ജി ശമിക്കും.
- കറിവേപ്പില ചതച്ചിട്ട് വെള്ളം കുടിക്കുന്നത് വിഷശമനത്തിനും പനിക്കും ഫലപ്രദമാണ്.
- കറിവേപ്പില ചവച്ചരച്ച് കഴിക്കുന്നത് മുടിയുടെ നര മാറാന്‍ നല്ലതാണ്.
- കറിവേപ്പിന്റെ തൊലിയും കുരുമുളകും കൂടി മോരില്‍ അരച്ച് കലക്കി ചൂടാക്കി ധാര ചെയ്യുന്നത് തേള് വിഷത്തിനു ഫലപ്രദമാണ്.
- കറിവേപ്പില വാട്ടിപിഴിഞ്ഞ നീര് സേവിക്കുന്നത് ചര്ദ്ദിക്ക് ശമനമുണ്ടാക്കും.
- കറിവേപ്പില ദിവസവും കഴിക്കുന്നത് ദഹനശക്തി വര്‍ദ്ധിപ്പിക്കും.
- 1 ടീസ്പൂണ്‍ കറിവേപ്പില നീരും ചെറുനാരങ്ങാ നീരും ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് കഴിക്കുന്നത് ഗര്ഭാരംഭത്തിലുള്ള ഓക്കാനം, ചര്‍ദ്ദി എന്നിവ മാറുന്നതിന് നല്ലതാണ്.
- കറിവേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളം പനിയുള്ളവര്‍ കുടിക്കുന്നത് ഉത്തമമാണ്.
- കറിവേപ്പില 10 തണ്ടിന്റെ ഇലകള്‍, കുരുമുളക് 10 എണ്ണം, ഇഞ്ചി,പുളി, ഉപ്പ് എന്നിവ ആവശ്യത്തിന് ചേര്‍ത്ത് അരച്ച് കഴിച്ചാല്‍ ഈസ്നോഫീലിയ മാറും.
കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്
കൂടുതല്‍ വിവരങ്ങള്‍ക്ക് : Kerala State Medicinal Plants Board
അവസാനം പരിഷ്കരിച്ചത് : 10/3/2019
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.