অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കയ്യോന്നി

കയ്യോന്നി

ദശപുഷ്പ മാഹാത്മ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കയ്യോന്നിയെ കേശരാജന്‍ എന്ന് സംസ്കൃത നിഘണ്ടുക്കളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്, കേശസംരക്ഷണത്തില്‍ ഇതിന്‍റെ പ്രത്യേകത ഒന്ന് കൊണ്ട് മാത്രമായിരിക്കും ഈ ഗുണഗണങ്ങള്‍ക്ക് എല്ലാം പുറമേ ബുദ്ധിവികാസത്തിനും കരള്‍ സംബന്ധമായ ചികിത്സക്കും ശ്രേഷ്ഠമായാണ് കയ്യൂന്നി അറിയപ്പെടുന്നത്.

തൊടിയിലും പാടത്തും എന്നല്ല ഈര്‍പ്പമേറിയ എല്ലാ സ്ഥലങ്ങളിലും സുലഭമായി വളരുന്ന ഒരു ഏകവര്‍ഷി സസ്യമാണ് കയ്യോന്നി. സ്വാഭാവിക ആവാസവ്യവസ്ഥകളുടെ നാശവും മണ്ണിന്‍റെ ജൈവഗുണത്തില്‍ ഉണ്ടായിട്ടുള്ള മാറ്റവും നമ്മുടെ ചുറ്റുപാട് നിന്നും ഈ സസ്യത്തെ അപ്രത്യക്ഷം ആക്കി കൊണ്ടിരിക്കുകയാണ്. നാശോന്‍മുഖമായി കൊണ്ടിരിക്കുന്ന ഈ ചെറുസസ്യത്തെ അല്പം ശ്രദ്ധിച്ചാല്‍ നമ്മുടെ പരിമിതമായ ചുറ്റുപാടുകളില്‍ വളര്‍ത്തിയെടുക്കാം.

വിത്ത് മുളച്ചുണ്ടാകുന്ന തൈകളാണ് നടാന്‍ ഉപയോഗിക്കുന്നത്. ഒരു പ്രാവശ്യം നട്ട് പൂക്കളും കായ്കളും ഉണ്ടായി കഴിഞ്ഞാല്‍ സ്വാഭാവികമായി തന്നെ അടുത്ത പ്രാവശ്യത്തേക്കു ഉള്ള തൈകള്‍ ലഭിക്കും. ഇതിന്‍റെ വളര്‍ച്ചക്ക് ജലലഭ്യത ആവശ്യമാണെന്നതിനാല്‍ സ്ഥല ലഭ്യതക്ക് അനുസരിച്ച് കിണറുകള്‍ക്ക് സമീപത്തോ ടാപ്പുകളില്‍ നിന്നും വെള്ളം ഒഴുകി പോകുന്ന ഭാഗങ്ങളിലോ കയ്യോന്നി വളര്‍ത്തുന്നത് ആയിരിക്കും ഉചിതം. അത് കൂടാതെ മണലും മണ്ണും ജൈവവളവും നിറച്ച് ചട്ടികളിലും ചാക്കുകളിലും കയ്യോന്നി കൂട്ടമായി വളര്‍ത്താം. ജല ലഭ്യത അനുസരിച്ച് ഇവ നന്നായി വളരും. ഇങ്ങനെ വളരുന്ന കയ്യോന്നിയില്‍ നിന്നും ആവശ്യാനുസരണം തളിര്‍പ്പുകള്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം. എന്നാല്‍ കായ്കളുമായി മൂത്ത് അടുത്ത വര്‍ഷത്തേക്കുള്ള തൈകള്‍ ലഭിക്കുവാന്‍ കായ്കള്‍ അടങ്ങിയ കുറച്ചു തണ്ടുകള്‍ നില നിര്‍ത്തേണ്ടത് ആണ്.

ഔഷധ ഉപയോഗങ്ങള്‍

  • കയ്യോന്നി എണ്ണ കാച്ചിയും താളിയാക്കിയും മുടിയില്‍ പുരട്ടിയാല്‍ മുടിക്ക് നല്ല വളര്‍ച്ചയും കറുപ്പും ഉണ്ടാകും.
  • കയ്യോന്നി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 5 മില്ലി വീതം മൂന്ന് നേരം പതിവായി കഴിച്ചാല്‍ കരള്‍ , പ്ലീഹ എന്നീ അവയവങ്ങള്‍ക്ക് ഉള്ള വീക്കം ശമിക്കും. കൂടാതെ ദഹനം വര്‍ദ്ധിക്കുകയും മഞ്ഞപ്പിത്തം, നിശാന്ധത എന്നിവ ശമിക്കുകയും ചെയ്യും.
  • തലവേദന, മുടി കൊഴിച്ചില്‍, കാഴ്ച കുറവ് എന്നിവക്ക് കയ്യോന്നി ഇടിച്ചു പിഴിഞ്ഞെടുത്ത നീര് എള്ള് എണ്ണയില്‍ കാച്ചി പതിവായി തലയില്‍ പുരട്ടണം.
  • അര ഔണ്‍സ് കയ്യോന്നി നീര്, 1 ഔണ്‍സ് ആവണക്കെണ്ണയില്‍ ചേര്‍ത്ത് രാവിലെ ഒന്നിടവിട്ട ദിവസങ്ങളില്‍ കഴിക്കുന്നത് ഉദരകൃമി നശിക്കുന്നതിന് ഉത്തമമാണ്.
  • മോണ പഴുപ്പ് ഉള്ളവര്‍ കയ്യോന്നിയില വായിലിട്ട് ചവക്കുക.
  • തേള്‍ വിഷത്തിന് കയ്യോന്നി അരച്ചിടുകയും കഴിക്കുകയും ചെയ്യുക.
  • കയ്യോന്നി കഷായമാക്കി കഴിച്ചാല്‍ അതിയായ രക്തസ്രാവവും അത്യാര്‍ത്തവവും ശമിക്കും.
  • കയ്യോന്നി നീരില്‍ കുരുമുളക് പൊടി ചേര്‍ത്ത് കഴിച്ചാല്‍ ശരീരത്തിലെ നീര് കുറയും.
  • രോഗപ്രതിരോധ ശക്തിക്ക് കയ്യോന്നി നീര് ദിവസവും 1 ടീസ്പൂണ്‍ വീതം കഴിക്കുക.
  • കയ്യോന്നിയുടെ വിത്ത് ഉണക്കി പൊടിച്ച് കല്‍ക്കണ്ടവും നെയ്യും ചേര്‍ത്ത് കഴിക്കുകയും മീതെ പാല്‍ കുടിക്കുകയും ചെയ്താല്‍ ലൈംഗിക ശക്തി വര്‍ദ്ധിക്കും.

കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്‌

കൂടുതല്‍ വിവരങ്ങള്‍ക്ക് : Kerala State Medicinal Plants Board

അവസാനം പരിഷ്കരിച്ചത് : 11/26/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate