സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ മനോഹാരിത കണി കണ്ട് കൊണ്ടാണ് കേരളീയര്‍ കാര്‍ഷിക വര്‍ഷ പിറവി ദിനമായ വിഷു ആഘോഷിക്കുന്നത്. മീനച്ചൂടില്‍ ഉരുകിയ മണ്ണിലെ സ്വര്‍ണ്ണത്തെ സ്വാംശീകരിച്ച് കണികൊന്ന പൂക്കളായി അവതരിപ്പിക്കുന്നതിലാണ് കൊന്നപ്പൂവിന് ആ വര്‍ണ്ണം ഉണ്ടായതെന്ന് കാവ്യമതം. സ്വര്‍ണ്ണ വര്‍ണ്ണ പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ഔഷധമരം മനസ്സിന് സന്തോഷവും ആനന്ദവും നല്‍കുന്നതിനോടൊപ്പം വസന്തഋജുവിന്‍റെ ലഹരി കൂടിയാണ്. വൃക്ഷായുര്വേധ പ്രകാരം വീടിന്റെ പാര്‍ശ്വങ്ങളില്‍ ആണ് കണിക്കൊന്നയുടെ സ്ഥാനമെങ്കിലും ഇതിന്‍റെ മനോഹാരിത നിമിത്തം കേരളീയ ഗൃഹങ്ങളില്‍ വീട്ടു മുറ്റങ്ങളില്‍ ആണ് നടുന്നത്. ഇന്ത്യയില്‍ ഉടനീളം കണിക്കൊന്നയെ തണല്‍ വൃക്ഷമായും അലങ്കാര വൃക്ഷമായും നട്ട് വളര്‍ത്തി വരുന്നു. ഏകദേശം 15 മീ. ഉയരത്തില്‍ വളരുന്ന ഈ ചെറുവൃക്ഷത്തിന് സൂര്യപ്രകാശം ലഭിക്കുന്നതും നീര്‍വാര്‍ച്ച ഉള്ളതുമായ സ്ഥലമാണ് അനുയോജ്യം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളാണ് പൂക്കാലം.പൂത്ത് ഏകദേശം രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നീണ്ട മുരിങ്ങയോട് സാദൃശ്യമുള്ള കായ്കള്‍ ഇലയില്ലാ ചില്ലകളില്‍ കാണാം. ഇവ കറുത്ത് പാകമാകുമ്പോള്‍ വിത്തുകള്‍ ശേഖരിക്കാം. വിത്തുകള്‍ മുളപ്പിച്ചും നടുവാനുള്ള തൈകള്‍ ഉണ്ടാക്കാം. തൈകള്‍ നടുന്നതിന് ഒന്നരയടി സമച്ചതുരത്തിലും അത്രതന്നെ ആഴത്തിലും ഉള്ള കുഴികള്‍ ഉണ്ടാക്കി അതില്‍ ജൈവവളവും മേല്മണ്ണും ചേര്ത്ത് നിറച്ച് അതിന് മുകളിലായി തൈകള്‍ നടാം. നട്ട് ചെറിയ തോതില്‍ പരിചരണവും തണലും നല്‍കിയാല്‍ നാലോ അഞ്ചോ വര്‍ഷം ആകുമ്പോഴേക്കും മനോഹരമായ പൂങ്കുലകള്‍ ഉണ്ടായി തുടങ്ങും. ഒരു ചെറുവൃക്ഷമായതിനാല്‍ സ്ഥലപരിമിതി ഉള്ളവര്‍ മുറ്റത്തിന്റെ അതിര്‍ത്തിയിലായി നടുന്നതായിരിക്കും ഉത്തമം. എന്നാല്‍ ഇല പൊഴിയുന്ന വൃക്ഷമായതിനാല്‍ പുല്‍ത്തകിടികളില്‍ പോലും വളര്‍ത്താന്‍ അനുയോജ്യമാണ്. പൂക്കാലം ആകുമ്പോള്‍ പുല്‍ത്തകിടികള്‍ സ്വര്‍ണ്ണ വര്‍ണ്ണ പൂക്കളാല്‍ നിറഞ്ഞിരിക്കും.
കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്
കൂടുതല്‍ വിവരങ്ങള്‍ക്ക് : Kerala State Medicinal Plants Board
അവസാനം പരിഷ്കരിച്ചത് : 7/1/2020