ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സസ്യമായാണ് യൂറോപ്യന്മാര്‍ കചോലത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. വേനലില്‍ ഇല നശിച്ച് മണ്ണിനടിയിലെ ദീര്‍ഘനിദ്രയില്‍ നിന്നും ജലസ്പര്‍ശനത്തില്‍ പൂക്കളും ഇലകളുമായി ഭൂമിക്ക് പുറത്തേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് കൊണ്ട് മാത്രമാവില്ല, ഇതിന്‍റെ ഔഷധഗുണം കൊണ്ട് കൂടിയാകണം യൂറോപ്യന്‍മാര്‍ ഇതിനു ആ വിളിപ്പേര് നല്‍കിയിട്ടുള്ളത്. സുഗന്ധവ്യഞ്ജന വിളകളുടെ കൂട്ടത്തില്‍ ഉള്ള ഔഷധ സസ്യമായ കചോലത്തിനു വ്യാവസായിക പ്രാധാന്യത്തിനു പുറമേ നിത്യ ജീവിതത്തിലും വളരെയധികം പ്രാധാന്യമുണ്ട്. അതിനാല്‍ വീടുകളിലും മറ്റും ചെറിയ തോതില്‍ എങ്കിലും വളര്‍ത്തേണ്ട ഒരു സസ്യമാണിത്. ഇലകള്‍ മണ്ണിനു മുകളിലേക്ക് ഉയര്‍ന്നു വന്ന് ഭൂമിയുമായി ഒട്ടിച്ചേര്‍ന്നു കിടക്കുന്നതിനാല്‍ ഉദ്യാനങ്ങളിലും മറ്റും ഔഷധ കാര്‍പ്പറ്റ് ആയി നടാന്‍ ഏറ്റവും അനുയോജ്യമായ സസ്യമാണിത്. വയലറ്റ് കലര്‍ന്ന വെള്ളനിറത്തില്‍ ഉള്ള ഓര്‍ക്കിടിനോട് സാദൃശ്യമുള്ള പൂക്കള്‍ ഇതിന്‍റെ മനോഹാരിതക്ക് കൂടുതല്‍ നല്ലതാണ്. ഗോളാകൃതിയിലുള്ള കിഴങ്ങുകളോടും സുഗന്ധപൂരിതമായ ഇലകളോടും കൂടിയ ചെറുസസ്യമായ കച്ചോലം ഈര്‍പ്പമേറിയതും ജൈവാംശവും നീര്‍വാര്‍ച്ച ഉള്ളതുമായ ഏതു മണ്ണിലും സുലഭമായി വളരുന്നു. കിഴങ്ങുകള്‍ ആണ് നടാന്‍ ഉപയോഗിക്കുന്നത്. സ്ഥല ലഭ്യത അനുസരിച്ച് വീടിന്‍റെ ഏതെങ്കിലും ഭാഗങ്ങളില്‍ ചെറിയ തവാരണകള്‍ ഉണ്ടാക്കിയോ മണ്ണും ജൈവവളവും നിറച്ച മണചട്ടികളിലും ചാക്കുകളിലോ കച്ചോലം നടാവുന്നതാണ്. ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗ യോഗ്യമാണ് എങ്കിലും കിഴങ്ങുകള്‍കാണ് ഔഷധ ഗുണവും ഉപയോഗവും കൂടുതല്‍. ബാലചികില്‍സയില്‍ കചോലത്തിനു പ്രഥമ സ്ഥാനം ഉണ്ട് എന്നതിനാല്‍ കുട്ടികള്‍ ഉള്ള വീട്ടില്‍ വളരെ അത്യാവശ്യം നട്ട് വളര്‍ത്തേണ്ട ഒരു ഔഷധ സസ്യമാണ് കച്ചോലം. നട്ട് ഒരു വര്ഷം പ്രായമായാല്‍ കിഴങ്ങുകള്‍ ചെറിയ തോതില്‍ ശേഖരിച്ചു തുടങ്ങാം. ആവശ്യത്തിന് അനുസരിച്ച് കടഭാഗത്ത് നിന്നും മണ്ണ് നീക്കിയോ മൊത്തമായോ കിഴങ്ങുകള്‍ ശേഖരിക്കാം. മൂപ്പെത്തിയ ചെടിയിലെ കിഴങ്ങുകള്‍ ശേഖരിച്ചു ഉണക്കി സൂക്ഷിക്കുകയും ചെയ്യാം.
കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്
കൂടുതല്‍ വിവരങ്ങള്‍ക്ക് : Kerala State Medicinal Plants Board
അവസാനം പരിഷ്കരിച്ചത് : 3/13/2020