অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആര്യവേപ്പ്

ആര്യവേപ്പ്

ഏറ്റവും ശ്രേഷ്ഠമായത് കൊണ്ടാകണം ഭാരതീയര്‍ ഈ വൃക്ഷത്തെ ശ്രേഷ്ഠതയുടെ പര്യായമായ ആര്യന്‍ എന്ന് ചേര്‍ത്ത് ആര്യവേപ്പ് എന്ന് വിളിച്ചത്. ഹിന്ദു വിശ്വാസത്തില്‍ ദൈവീകത്വം നിറഞ്ഞ വൃക്ഷമായ ആര്യവേപ്പിനെ കുറിച്ച് 5000 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഋഗ്വേദത്തിലും മറ്റും വിശദമായി വിവരിച്ചിട്ടുണ്ട്. അസുരന്മാരില്‍ നിന്നും വീണ്ടെടുത്ത അമൃത കുംഭവുമായി ദേവലോകത്തേക്ക് മടങ്ങുന്ന ഇന്ദ്രന്‍ അതില്‍ നിന്ന് ഏതാനും തുള്ളികള്‍ വെപ്പ് മരത്തില്‍ തെളിച്ചതോട് കൂടി ആര്യവേപ്പിന് എല്ലാ രോഗങ്ങളെയും ശമിപ്പിക്കുവാനുള്ള കഴിവ് കൈവന്നുവെന്ന് ഐതിഹ്യം.

ഇന്ത്യയിലെ ഏതു കാലാവസ്ഥയിലും വളരുന്ന പരിസ്ഥിതി പ്രാധാന്യമുള്ള ഒരു നിത്യഹരിത വൃക്ഷമാണ് ആര്യവേപ്പ്. വൃക്ഷമായി വളരുമെന്നതിനാല്‍ വീട്ടുമുറ്റത്തിന്റെ അതിര്‍തികളിലോ മുറ്റത്ത് തണല്‍ മരമായോ ആര്യവേപ്പ് നടാം. ഇത് വഴി കീടങ്ങളെ അകറ്റുകയും അന്തരീക്ഷത്തിന് പരിശുദ്ധി കൈവരുത്തുകയും ചെയ്യാം.

വിത്ത് മുളപ്പിച്ചു തൈകള്‍ ഉണ്ടാക്കാം. കേരളത്തിന്‍റെ കാലാവസ്ഥയില്‍ ജനുവരി – ഫെബ്രുവരി മാസങ്ങളാണ് പൂക്കാലം. പൂത്ത് 2 മാസം കഴിയുന്നതോടു കൂടി കായ്കള്‍ മൂപ്പെത്തി തുടങ്ങും. മൂത്ത് പഴുത്ത കായ്കള്‍ക്ക് മഞ്ഞ നിറമാണ്. ഒന്നരയടി സമചതുരവും അത്ര തന്നെ ആഴവുമുള്ള കുഴിയെടുത്ത് അതില്‍ മേല്‍ മണ്ണും ജൈവ വളവും ചേര്‍ത്ത് മൂടി അതിന് മുകളില്‍ തൈകള്‍ നടാം. വളരെ മന്ദഗതിയിലാണ് ആര്യവേപ്പിന്റെ ആര്യവേപ്പിന്റെ വളര്‍ച്ച. വളരുന്ന വെപ്പില്‍ നിന്നും ആവശ്യാനുസരണം ഇലകള്‍ ശേഖരിക്കാം. എന്നാല്‍ ഏകദേശം 6 വര്‍ഷമായാലെ ആര്യവേപ്പില്‍ കായ്കള്‍ ഉണ്ടാകാന്‍ തുടങ്ങൂ. ആര്യവേപ്പിന്റെ എല്ലാ ഭാഗങ്ങളും ഔഷധ യോഗ്യമാണെന്നതിനു അപ്പുറം അന്തരീക്ഷ ശുദ്ധീകരണത്തിനും ജൈവവള കീടനാശിനി നിര്‍മ്മാണത്തിനും ജൈവ ഡീസല്‍ രംഗത്തും ഈ വൃക്ഷം പ്രാധാന്യം അര്‍ഹിക്കുന്നു. അത് കൊണ്ട് തന്നെ വീട്ടില്‍ ഒരു ആര്യവേപ്പെങ്കിലും നട്ട് വളര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

ഔഷധ ഉപയോഗങ്ങള്‍

  • വേപ്പിന്റെ തൊലി പൊടിച്ച് കഷായം വെച്ച് കഴിക്കുന്നത്‌ ത്വക്ക് രോഗങ്ങള്‍ക്ക് നല്ലതാണ്.
  • വേപ്പിന്‍ തൊലി, മല്ലി, ചുക്ക്, എന്നിവ കഷായം വെച്ച് കഴിക്കുന്നത്‌ എല്ലാതരം പനികള്‍ക്കും നല്ലതാണ്.
  • 10 മില്ലി, തളിരിലയുടെ നീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നത് മഞ്ഞപ്പിത്തത്തിനും ഉദര കൃമികള്‍ക്കും നല്ലതാണ്.
  • വേപ്പില നീരും മഞ്ഞള്‍ പൊടിയും തേനും ചേര്‍ത്ത് കഴിക്കുന്നത് കുട്ടികള്‍ക്ക് ഉണ്ടാകുന്ന വലിവിന് ആശ്വാസമാകും.
  • വേപ്പില ദിവസവും രാവിലെ ചവച്ചരച്ച് തിന്നുന്നത് അലര്‍ജിക്കും ചൊറിച്ചിലിനും ശമനമുണ്ടാകും.
  • ചര്‍മ്മരോഗങ്ങള്‍, താരന്‍ എന്നിവക്ക് വെപ്പിലയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ട് കുളിക്കുക.
  • വേപ്പിലയും എള്ളും ചേര്‍ത്ത് അരച്ച് പുരട്ടിയാല്‍ ദുഷ്ട വ്രണങ്ങള്‍ ഉണങ്ങുന്നതാണ്.
  • വേപ്പിന്റെ കുരു വെള്ളത്തില്‍ അരച്ച് പുരട്ടുന്നത് ചര്‍മ്മ രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
  • ചിക്കന്‍പോക്സിനു വേപ്പിലയും മഞ്ഞളും ദേഹത്തില്‍ അരച്ച് പുരട്ടുന്നതും വെപ്പിലകള്‍ കിടക്കയില്‍ വിതറുന്നതും വേപ്പിലകള്‍ വിശറിയാക്കി വീശുന്നതും വളരെ നല്ല ഫലം ചെയ്യും.
  • വാതരോഗങ്ങള്‍ക്കും വേദനകള്‍ക്കും വേപ്പെണ്ണ പുരട്ടുന്നത് നല്ലതാണ്.
  • വേപ്പിന്റെ കമ്പ് ചതച്ച് പല്ല് തേക്കുന്നത് കൊണ്ട് പല്ലിനു ഉറപ്പും വായ്ക്ക് വൃത്തിയും സ്വരമാധുര്യവും ഉണ്ടാകുകയും ദഹനശക്തി ക്രമീകരിക്കുകയും ചെയ്യും.
  • വേപ്പിന്‍പൂക്കള്‍ കഴിക്കുന്നത് മൂലം ദഹനശക്തിയും രോഗപ്രതിരോധ ശക്തിയും വര്‍ധിക്കും.
  • വിഷജന്തുക്കള്‍ കടിച്ചാല്‍ ആര്യവേപ്പിലയും മഞ്ഞളും ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്.
  • വേപ്പില കഷായത്തില്‍ മുഖം കഴുകിയാല്‍ മുഖക്കുരു മാറും.

കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്‌

കൂടുതല്‍ വിവരങ്ങള്‍ക്ക് : Kerala State Medicinal Plants Board

അവസാനം പരിഷ്കരിച്ചത് : 11/4/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate