ലോകം ആണവ വിപത്തുകളില്‍ പെട്ട് ഉഴലുമ്പോള്‍ അതില്‍ നിന്നും രക്ഷ നേടാനുള്ള ഉദ്യമത്തില്‍ ശാസ്ത്രം ഇന്നെത്തി നില്‍ക്കുന്നത് അരുത പോലുള്ള സസ്യങ്ങളിലാണ്. ആണവ വികിരണങ്ങളെ പ്രതിരോധിക്കാനുള്ള അരുതയുടെ കഴിവ് അടുത്ത കാലത്താണ് ജപ്പാനിലെയും ജര്‍മ്മനിയിലെയും ശാസ്ത്രഞ്ജര്‍ ലോകത്തിനു മുന്നില്‍ കൊണ്ടുവന്നിട്ടുള്ള ബാലചികില്‍സയില്‍ പേരുകേട്ട അരുത യഹൂദരാണ് ഇന്ത്യയില്‍ എത്തിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ചാരനിറത്തിലുള്ള ഇലകളാലും മഞ്ഞ നിറത്തിലുള്ള പൂക്കളാലും ആലംകൃതമായ അരുത ഉദ്യാനത്തിന് യോജിച്ച ഒരു ഔഷധസസ്യമാണ്.
മൃദുല കാണ്ഡത്തോടും ചാരനിറത്തിലുള്ള മൃദുലപത്രികകളോടും കൂടിയ രൂക്ഷഗന്ധമുള്ള ഒരു കുറ്റി ചെടിയാണ് അരുത. ഈര്‍പ്പമേറിയതും ചരല്‍ കലര്‍ന്ന നീരൊഴുക്കുള്ള ജൈവാംശത്തോട് കൂടിയ മണ്ണില്‍ അരുത സമൃദ്ധിയായി വളരുന്നു. വെള്ളകെട്ട് ഉള്ളിടത്തും മലിനജലം ഒഴുകുന്ന സ്ഥലങ്ങളിലും അരുത വളരില്ല. വളരെ ശുദ്ധിയോടുകൂടി പരിപാലിച്ചാലെ അരുത വളരുകയുള്ളൂ എന്ന ഒരു വിശ്വാസം നിലവില്‍ ഉണ്ട്. വിത്തുകളോ ഇളം തണ്ടുകളോ നടാന്‍ ഉപയോഗിക്കാം. തൊടിയിലും ഉദ്യാനത്തിനും പുറമേ മണ്ചട്ടികളിലും ചാക്കുകളിലും അരുത നട്ട് വളര്‍ത്താം. ചില ചിത്രശലഭങ്ങളുടെ പരിണാമ പ്രക്രിയയില്‍ സുപ്രധാന പങ്കു വഹിക്കുന്ന അരുത പാമ്പുകളുടെയും മറ്റു ഉരഗ ജീവികളുടെയും ഷഡ്പദങ്ങളുടെയും ശല്യം കുറയ്ക്കും എന്നൊരു വിശ്വാസം കൂടിയുണ്ട്. കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ ഉണ്ടാകുന്ന വിവിധ തരം രോഗങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ശമനമുണ്ടാക്കാന്‍ കഴിയുന്ന ഒരു സിദ്ധ ഔഷധം എന്നതിനാല്‍ കുട്ടികള്‍ ഉള്ള വീടുകളില്‍ വളരെ അത്യാവശ്യമായി വളര്‍ത്തേണ്ട ഒരു സസ്യമാണ് അരുത.
കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്
കൂടുതല്‍ വിവരങ്ങള്‍ക്ക് : Kerala State Medicinal Plants Board
അവസാനം പരിഷ്കരിച്ചത് : 1/29/2020