അതിശയോക്തിപരമായി ചിലരെങ്കിലും അയ്യമ്പനയെ മൃതസഞ്ജീവനി എന്ന് വിളിക്കുന്നത് ഒരു പക്ഷെ അവരില്‍ ഈ കുപ്പയിലെ മാണിക്യം ഉണ്ടാക്കിയ ഫലം ഒന്ന് കൊണ്ട് മാത്രമായിരിക്കും. കയ്യൂന്നിയുടെയും ചെറു ചീരയുടെയും ഇലകളോട് സാമ്യമുള്ളതും ഇളം ചുവന്ന മൃദുല കാണ്ഡത്തോടും കൂടി പടര്‍ന്നു വളരുന്ന സസ്യമാണ് അയ്യമ്പന. പര്‍വസന്ധികളില്‍ വേരുകള്‍ കാണാം. ഏറെക്കുറെ കേരളത്തിന്‍റെ എല്ലാ മണ്ണിലും അല്‍പ്പം ജലം ലഭിച്ചാല്‍ അയ്യമ്പന നന്നായി വളരും. എന്നാല്‍ സൂര്യപ്രകാശത്തിന്റെ ലഭ്യത ഉറപ്പു വരുത്തണം.
സ്ഥല ലഭ്യതക്ക് അനുസരിച്ച് വീടിന്‍റെ ഏതു ഭാഗത്തും അയ്യമ്പന വളര്‍ത്താം. ഇത് കൂടാതെ വീട്ടുമുറ്റങ്ങളിലും ഉദ്യാനങ്ങളിലും ഒരു ഔഷധകാര്‍പ്പറ്റായും അയ്യമ്പന വളര്‍ത്തുന്നത് കൂടുതല്‍ മനോഹരമായിരിക്കും. സ്ഥലപരിമിതി ഉണ്ടെങ്കില്‍ ചട്ടിയിലും ചാക്കുകളിലും മണ്ണ് നിറച്ച് വളര്‍ത്താവുന്നതാണ്. പടര്‍ന്നു വളരുന്ന ചെടിയുടെ വേരുള്ള ഭാഗങ്ങളോ നാലോ അഞ്ചോ മുട്ടുകള്‍ ചേര്‍ന്ന തണ്ടോ ഇളം തലപ്പോ നടാന്‍ ഉപയോഗിക്കാം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ നട്ട് അല്‍പം ജലവും ജൈവാംശവും ഉറപ്പു വരുത്തിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആവശ്യത്തിലധികം ഇലകള്‍ ലഭിച്ചു തുടങ്ങും. മനുഷ്യര്‍ക്കുള്ള ഒറ്റമൂലി എന്നതിന് പുറമേ കന്നുകാലികള്‍ക്കും മറ്റും ഉണ്ടാകുന്ന അകിട് വീക്കം പോലെയുള്ള രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ് അയ്യമ്പന.
കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്
കൂടുതല്‍ വിവരങ്ങള്‍ക്ക് : Kerala State Medicinal Plants Board
അവസാനം പരിഷ്കരിച്ചത് : 1/29/2020