Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മഹാഔഷധങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

ചെമ്പരത്തി

ഇത്തവണ നമുക്ക് ചെമ്പരത്തിയോടോത്ത് സഞ്ചരിക്കാം.
ചെമ്പരത്തി എന്ന വാക്കില്‍ തുടങ്ങുന്ന നിരവധി സിനിമാഗാനങ്ങളും, സിനിമകളും നമുക്കുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ചെമ്പരത്തി പൂവിന്റെ ജനകീയതയും സൗന്ദര്യവും തന്നെയാണ്. മലേഷ്യ, ഫിലിപ്പൈൻസ്, കാ‍മറൂൺ, റുവാണ്ട, ന്യൂസലാന്റിലെ കൂക്ക് ഐലന്റുകൾ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ തപാൽ മുദ്രകളിൽ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു.

ഹൈന്ദവര്‍ പൂജകൾക്ക് ഇതിന്റെ പുഷ്പം ഉപയോഗിക്കാറുണ്ട്.

ഒരു പുഷ്പത്തിന്റെ എല്ലാ ഘടകങ്ങളും സമ്മേളിച്ചതിനാല്‍ പൂക്കളുടെ വിവിധ ഭാഗങ്ങളെക്കുറിച്ച് പഠിക്കാനായി വിദ്യാര്‍ഥികള്‍ മാതൃകയായി സ്വീകരിക്കുന്നത് ചെമ്പരത്തിയെയാണ്. സ്കൂളില്‍ പോയവര്‍ക്ക് ഇക്കാര്യം ഓര്‍മ്മയുണ്ടാവുമല്ലോ !
പല നിറങ്ങളിലും വലുപ്പത്തിലും ഉള്ള ചെമ്പരത്തികളുടെ കണക്കെടുത്താല്‍ ഏതാണ്ട് 2200 ഓളം ഇനങ്ങള്‍ ഈ സസ്യത്തിനുണ്ട് എന്നതാണ് ചെമ്പരത്തി വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നത്. എങ്കിലും നമ്മള്‍ സാധാരണ ഉപയോഗിക്കുന്നത് ചുവന്ന ചെമ്പരത്തിയാണ്. മാല്‍വേസീ തറവാട്ടില്‍ പിറന്ന ഇവന് ലഭിച്ച ശാസ്ത്രീയ നാമം 'ഹൈബിസ്ക്കസ് റോസാ സൈനെന്‍സിസ്' എന്നതാണ്.

സംസ്കൃതത്തില്‍ ഇവനെ 'ജപാ', 'രാഗ പുഷ്പീ' എന്നീ പേരുകളില്‍ വിളിക്കുന്നു. ഹിന്ദിയില്‍ 'ഗുഡഹല്‍' എന്നും ബംഗാളിയില്‍ 'ജപാ' എന്നും ലവന്റെ വിളിപ്പേരുകള്‍ ആണ്. തെലുഗര്‍ 'ദാസ്‌നമു' എന്നും തമിഴര്‍ 'ചെമ്പുരത്തി' എന്നും വിളിക്കുമ്പോള്‍ സായിപ്പ് ഇവനിട്ട പേര് 'ഷൂ ഫ്ലവര്‍ പ്ലാന്‍റ്' എന്നാണ്.

മലേഷ്യയുടെ ദേശീയ പുഷ്പമായ ലവനെ 'ബുൻഗ റയ' എന്ന് മലായ് ഭാഷയിൽ വിളിക്കുന്നു.

സമശീതോഷ്ണമേഖലകളിലാണ് ചെമ്പരത്തി വളരുന്നത്. നിത്യപുഷ്പിണിയായ ലവനെ അലങ്കാരസസ്യമായി നട്ടുവളർത്താറുണ്ട്. ഇന്ത്യയില്‍ ഉടനീളം കണ്ടുവരുന്ന ഈ ചെടിയെ വീടുകളുടെ അതിര്‍ത്തി സംരക്ഷിക്കാനുള്ള വേലിച്ചെടിയായും വളര്‍ത്തുന്നു.

നാല് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷ സ്വഭാവമുള്ള കുറ്റിച്ചെടിയാണ് ചെമ്പരത്തി. പുഷ്പങ്ങള്‍ പല തരത്തിലും നിറങ്ങളിലും കാണപ്പെടുന്നു. ചുവപ്പ് നിറവും, ഇരുണ്ട ചുവപ്പ് നിറവുമുള്ള പുഷ്പങ്ങളാണ് സാധാരണം. വെള്ള, മഞ്ഞ, നീല പുഷ്പങ്ങള്‍ ഉള്ള ഇനങ്ങളും കണ്ടു വരുന്നു.

ചെറു കൊമ്പുകൾ മുറിച്ചു നട്ടാണ് സാധാരണ ചെമ്പരത്തിയുടെ വംശവർദ്ധന നടത്തുന്നത്.

ബീജസങ്കലനത്തിലൂടെ ചെമ്പരത്തിയുടെ കായകൾ ഉണ്ടാക്കാനും കഴിയും. രണ്ടുനിറത്തിലുള്ള ചെമ്പരത്തികളുടെ പൂമ്പൊടികൾ സംയോജിപ്പിച്ചുണ്ടാക്കുന്ന കായിലെ വിത്തുകൾ മുളപ്പിച്ചുണ്ടാക്കുന്ന ചെമ്പരത്തിയുടെ പൂവ് വ്യത്യസ്തമായിരിക്കും.

ഏതെങ്കിലും ഒരു പൂവിൽ നിന്നും പൂമ്പൊടി എടുത്ത് വ്യത്യസ്തമായ മറ്റൊരു ചെമ്പരത്തി ചെടിയിലെ പൂവിന്റെ കേസരിയിൽ നിക്ഷേപിക്കണം. പൂമ്പൊടി നിക്ഷേപിക്കപ്പെടുന്ന പൂവിലെ പുമ്പൊടിയുമായി കലരാതെ പൂക്കൾ വിരിയുന്ന രാവിലെ തന്നെ വളരെ സൂക്ഷമതയോടെ ചെയ്യേണ്ടതാണ്. പ്രാണികളുടെ ശല്യത്തിൽ നിന്നും ഈ പൂവിനെ സംരക്ഷിക്കണം. ഈ പൂവ്‍ അതിന്റെ കാലാവധി കഴിയുമ്പോൾ ഉണങ്ങിപ്പോകുമെങ്കിലും ബീജസങ്കലനം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ അടിഭാഗത്തുള്ള കവചത്തിനുള്ളിൽ ചെമ്പരത്തി കായ വളരാൻ തുടങ്ങും.

മൂന്നാഴ്ചക്കുള്ളിൽ ഈ കായ വിളഞ്ഞ് പാകമാകും. ഈ കായയുടെ ഉള്ളിൽ വെണ്ട വിത്തിനു സമാനമായ കറുത്ത വിത്തുകൾ ഉണ്ടാവും. ഈ വിത്തുകൾ പാകി മുളപ്പിച്ച് പുതിയതരം ചെമ്പരത്തികൾ ഉണ്ടാക്കാം. കൊമ്പുകൾ മുറിച്ചുനട്ടുണ്ടാവുന്ന ചെടികളേക്കാൾ താമസിച്ചു മാത്രമേ വിത്തുകളിലൂടെ ഉണ്ടാവുന്ന ചെടികൾ പുഷ്പിക്കാറുള്ളു. ഗ്രാഫ്റ്റിംഗീലൂടെയും വിവിധ തരം ചെമ്പരത്തികൾ യോജിപ്പിക്കാൻ കഴിയും.

രസാദി ഗുണങ്ങള്‍ :
രസം : കഷായം
ഗുണം : ലഘു, രൂക്ഷം, ശ്ലക്ഷണം
വീര്യം : ശീതം
വിപാകം : കടു

ഔഷധ യോഗ്യ ഭാഗങ്ങള്‍ :
വേര്, പൂവ്, ഇല

ആയുര്‍വേദത്തില്‍ ചുവപ്പ്, വെള്ള ചെമ്പരത്തികള്‍ക്ക് വലിയ പ്രധാന്യമാണുള്ളത്.

ചെമ്പരത്തിയുടെ പൂവും ഇലയും ഏറെ ഔഷധഗണമുള്ളവയാണ്. ആയുര്‍വേദത്തില്‍ നൂറ്റാണ്ടുകളായി ചെമ്പരത്തി പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.

ചെമ്പരത്തി കഫ പിത്ത ഹരമാണ്.

മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.

ചെമ്പരത്തി ചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണ്. അമിതശരീരഭാരം നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു. ചെമ്പരത്തിയുടെ ഔഷധഗുണം പല ഗവേഷണങ്ങള്‍ വഴിയും തെളിയിക്കപ്പെട്ടതാണ്. 2008 ല്‍ നടത്തിയ പഠനമനുസരിച്ച് ചെമ്പരത്തിയുടെ ചായ കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ മാനസികമായി ആശ്വാസം നല്‍കും എന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ആറോ ഏഴോ പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത്‌ 100 മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത്‌ അരിച്ചെടുത്ത്‌ 'ചെമ്പരത്തി കട്ടന്‍' ആയി ഉപയോഗിക്കാം. തുല്യയളവ്‌ പാലും കൂടി ചേര്‍ത്താല്‍ 'ചെമ്പരുത്തി പാല്‍ ചായയായി'.

ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വൃക്കത്തകരാറുള്ളവരില്‍ മൂത്രോത്പാദനം സുഗമമാക്കാന്‍ പഞ്ചസാര ചേര്‍ക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്.

ദോഷകരമായ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ചെമ്പരത്തി ഇലകൊണ്ടുള്ള ചായ ഫലപ്രദമാണ്. ധമനികളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും അതുവഴി കൊള്സ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

തലമുടി കൊഴിച്ചില്‍, മുടി ചെമ്പിക്കല്‍ എന്നിവയ്ക്ക് ആയുര്‍വേദത്തിലെ ഒരു പ്രധാന ഔഷധമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശ സംരക്ഷണത്തിനു തലയിൽ തേച്ചുകഴുകാറുണ്ട്.

ഇലയും, പൂവിന്‍റെ ഇതളുകളും അരച്ച് ഒരു പ്രകൃതിദത്ത കണ്ടീഷണറായും ഉപയോഗിക്കാം..

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് ചെമ്പരത്തി.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമായി അടങ്ങിയതിനാല്‍ ചെമ്പരത്തി പ്രായത്തിന്‍റെ അടയാളങ്ങളെ തടയാനും നല്ലതാണ്. ശരീരത്തിലെ ദോഷകാരികളായ മൂലകങ്ങളെ പുറന്തള്ളാന്‍ ഇതിന് കഴിവുണ്ട്.

ചെമ്പരത്തി പൂവില്‍ ബീറ്റ കരോട്ടിന്‍, കാത്സിയം , ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, റൈബോഫ്ളാവിന്‍, വൈറ്റമിന്‍- സി എന്നിവ അടങ്ങിയിരിക്കുന്നു. ഇതു കാരണം ചെമ്പരത്തി പൂവ് ദാഹശമിനിയിലും ചായയിലും കറികളിലും അച്ചാറുകളിലും ഉപയോഗിക്കുന്നു.

മെക്സിക്കന്‍ രീതിയില്‍ ആഹാര വിഭവങ്ങളുടെ അലങ്കാരത്തിന് ഉണങ്ങിയ ചെമ്പരത്തിപ്പൂവ് ഉപയോഗിച്ചു വരുന്നു. 

ചര്‍മ്മസംരക്ഷണത്തിനുപയോഗിക്കുന്ന ഉത്പന്നങ്ങളിലുള്ള ഘടകങ്ങള്‍ ചെമ്പരത്തിയിലും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത ചൈനീസ് ഔഷധങ്ങളില്‍ ചെമ്പരത്തിയിലയുടെ നീര് സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് റേഡിയേഷന്‍ ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു. കൂടാതെ ചര്‍മ്മത്തിലെ ചുളിവുകള്‍ക്കും മറ്റ് പല പ്രശ്നങ്ങള്‍ക്കും അവര്‍ ചെമ്പരത്തി ഉപയോഗപ്പെടുത്തുന്നു.

ചെമ്പരത്തിയില്‍ നിന്നെടുക്കുന്ന എണ്ണ മുറിവുകള്‍ ഉണക്കാന്‍ ഉപയോഗിക്കുന്നു. ക്യാന്‍സര്‍ മൂലമുള്ള മുറിവുകള്‍ ഉണക്കാനും ഇത് ഫലപ്രദമാണ്. ആരംഭ ദശയിലുള്ള ക്യാന്‍സറിനാണ് ഇത് ഏറെ ഗുണം ചെയ്യുക. ചെമ്പരത്തി എണ്ണ ഉപയോഗിച്ചാല്‍ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങും.

ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി സമൃദ്ധമായി ചെമ്പരത്തി ചായയിലും, മറ്റ് ചെമ്പരത്തി ഉത്പന്നങ്ങളിലുമടങ്ങിയിരിക്കുന്നു. ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും.

ആര്‍ത്തവ രക്തം അധികമായി പോകുന്നത് തടയാന്‍ ചെമ്പരത്തിയുടെ പൂമൊട്ട് അരച്ച് പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് വളരെ പ്രയോജനകരമാണ്.

രക്താതിസാരം, രക്താര്‍ശസ് എന്നീ അവസ്ഥകളില്‍ ചെമ്പരത്തി മൊട്ട് അരച്ച് പാലിലോ, മോരിലോ കുടിക്കുന്നത് നല്ലതാണ്.

ചെമ്പരത്യാദി വെളിച്ചെണ്ണ എന്ന ആയുര്‍വേദ ഔഷധത്തിലെ  പ്രധാന ചേരുവയും  തന്നെ.

ഇരട്ടി മധുരം

മധുരം - എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു രസം ആണല്ലോ. അപ്പോള്‍ ഈ മധുരം ഇരട്ടിയായി കിട്ടിയാല്‍ സന്തോഷം തോന്നാത്ത ആരെങ്കിലും ഉണ്ടാവുമോ ?
അതുകൊണ്ട് ഇരട്ടി മധുരം നല്‍കുന്ന ഇരട്ടി മധുരത്തെ കുറിച്ച് നമുക്ക് മധുരമായി സംസാരിക്കാം...

വള്ളി വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു സസ്യമാണ് ഇരട്ടിമധുരം. അറേബ്യൻ നാടുകൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഉത്തരേന്ത്യയിൽ പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും, ഹിമാലയസാനുക്കളിലും കാണപ്പെടുന്ന ഒരു സസ്യമാണിത്. ഈജിപ്തിലുണ്ടാകുന്ന ഇരട്ടിമധുരമാണ്‌ ഏറ്റവും കൂടുതൽ ഔഷധമൂല്യമുള്ളതെന്ന് കരുതപ്പെടുന്നു.

ഫാബേസീ (Fabaceae) തറവാട്ടിലെ അംഗമായ ഇതിനു ശാസ്ത്രീയ നാമം Glycyrrhiza glabra എന്നാണ്‌. സായിപ്പ് ലിക്വോറൈസ് (Liquorices) എന്നും, Licorice (ലികോറൈസ്) എന്ന് വിളിക്കുന്നു. സംസ്കൃതത്തില്‍ ഇവന് ധാരാളം വിളിപ്പേരുകള്‍ ഉണ്ട്. യഷ്ടി, യഷ്ടിമധു, മധുക, ക്ലീതക, മധുസ്രവ, അതിരസ എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഹിന്ദിക്കാരന്‍ മുല്‍ഹടി, മുലേഠി, മീഠി, ജേഠിമധു എന്നൊക്കെ ഇവനെ വിളിക്കുന്നു. ഗുജറാത്തികളും ജേഠിമധു എന്നാണു വിളിക്കുന്നത്. തമിഴന്മാര്‍ അതിമതുരം എന്നും തെലുങ്കര്‍ യഷ്ടിമധുകം എന്നും വിളിക്കുന്നു.
ഏകദേശം 1.5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ ഇലകൾ ചെറുതാണ്‌. ഇലകൾ ഉണ്ടാകുന്ന തണ്ടുകളോട് ചേർന്ന് പൂക്കളുടെ തണ്ടുകളും ഉണ്ടാകുന്നു. പൂക്കള്‍ ചെറുതാണ്. ഇളംവയലറ്റ് നിറമുള്ളതായിരിക്കും പൂക്കള്‍. വേരുകളുടെ ഉള്‍ഭാഗത്തിനു ഇളം മഞ്ഞനിറമാണ്. നല്ല മധുരവും ഉണ്ടാകും. വിത്തും, പ്രകന്ദമുറികളും ഉപയോഗിച്ച് കൃഷി ചെയ്യാം. നട്ട് മൂന്നു വര്‍ഷം ആകുമ്പോള്‍ വിളവെടുപ്പിന് പാകമാകും. പ്രകന്ദവും വേരുകളും വെട്ടിഉണക്കിയാണ് ഇരട്ടിമധുരമായി വില്‍ക്കുന്നത്. 

ഇരട്ടിമധുരത്തിന്റെ വേരിലും, പ്രകന്ദത്തിലും 5% മുതല്‍ 10 % വരെ ഗ്ലൈസിറൈസിന്‍ എന്ന ഗ്ലൂക്കോസൈഡ് അടങ്ങിയിരിക്കുന്നു. കൂടാതെ പൊട്ടാസ്യം, സ്റ്റാര്‍ച്ച്, സ്നേഹദ്രവ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. വേരില്‍ നിന്നും ഗന്ധമുള്ള റാംനോഗ്ലൈക്കോസൈഡ്, ലിക്വിറിറ്റിജിന്‍, ലിക്വിറിറ്റിന്‍, ഐസോലിക്വിറിറ്റി ജെനിന്‍ എന്നീ ഗ്ലൈക്കോസൈഡുകളും വേര്‍ത്തിരിച്ചിട്ടുണ്ട്.

രസാദി ഗുണങ്ങള്‍ :
രസം : മധുരം
ഗുണം : ഗുരു 
വീര്യം : ശീതം 
വിപാകം : മധുരം 

ആയുര്‍വേദ മതപ്രകാരം ഇരട്ടിമധുരം പിത്ത രോഗങ്ങള്‍ ശമിപ്പിക്കുന്നു. സ്വരം നന്നാവാനും, ആമപക്വാശയങ്ങളിലെ മൃദുകലകളെ പരിരക്ഷിക്കാനുള്ള കഴിവുണ്ട്. അതിനാല്‍ ആമപക്വാശായങ്ങളില്‍ ഉണ്ടാകുന്ന വ്രണങ്ങളെ ശമിപ്പിക്കാനും ഇരട്ടിമധുരം സഹായിക്കുന്നു. ഇവന്‍ വാതാനുലോമം ഉണ്ടാക്കുകയും ചെയ്യുന്നു. ചുമ, ശ്വാസം, ക്ഷയം നെഞ്ചിടിപ്പ്, ചര്‍ദ്ദി, നേത്ര രോഗങ്ങള്‍ എന്നിവയെ ശമിപ്പിക്കാനുള്ള കഴിവ് ഇരട്ടിമധുരത്തിനുണ്ട്. 

ഇരട്ടിമധുരത്തിന്റെ വേരും പ്രകന്ദവുമാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. 

തൊണ്ടവേദനക്ക് ഇരട്ടിമധുരവും ചുക്കും കൂടി ചവച്ചിറക്കുന്നത് നല്ലതാണ്.

ഇരട്ടിമധുരം, വേപ്പില, മരമഞ്ഞള്‍പ്പൊടി ഇവ പൊടിച്ചു തേനും ചേര്‍ത്ത് വ്രണങ്ങളില്‍ വെച്ച് കെട്ടിയാല്‍ വ്രണം ശുദ്ധിയായി വേഗത്തില്‍ ഉണങ്ങും.

ഇരട്ടിമധുരം, രക്തചന്ദനം, എന്നിവ സമമെടുത്ത് പൊടിച്ച പൊടി 5 ഗ്രാം ഒരു ഗ്ലാസ് പാലില്‍ കലക്കി ദിവസവും കുടിച്ചാല്‍ ക്ഷയം, രക്തപിത്തം , രക്താതിസാരം, ചര്‍ദ്ദി എന്നിവക്ക് ശമനമുണ്ടാകും.

ഇരട്ടിമധുരം പൊടിച്ചത് അഞ്ചു ഗ്രാം എടുത്ത് ഗ്ലാസ് പാലില്‍ അല്‍പ്പം നെയ്യും ചേര്‍ത്ത് രാവിലേയും വൈകീട്ടും പതിവായി കുടിച്ചാല്‍ ധാതുക്ഷയം ശമിക്കും.

ഇരട്ടി മധുരം, കടുക് രോഹിണി, ചിറ്റമൃത്, ചുക്ക് എന്നിവ സമമെടുത്ത് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ വാതരക്തം ശമിക്കും.

മുന്തിരി

കിട്ടാത്ത മുന്തിരി പുളിക്കും എന്നത് ഒരു പഴയ ചൊല്ല് ആണല്ലോ. 
എന്നാല്‍ കിട്ടാത്ത മുന്തിരിയേയും അധിക്ഷേപിക്കരുത് എന്നേ മുന്തിരി മഹാത്മ്യം മനസ്സിലാക്കിയവര്‍ മൊഴിയൂ. 
എന്തായാലും ഇത്തവണ നമുക്ക് മുന്തിരിതോപ്പുകളില്‍ രാപ്പാര്‍ക്കാം.

മനസ്സിന് പ്രിയങ്കരമായത് എന്ന അര്‍ത്ഥത്തില്‍ 'ദ്രാക്ഷാ'എന്നും, 'ശരീരത്തെ സ്നിഗ്ധവും പുഷ്ടവും ആക്കുന്നത്' എന്ന അര്‍ത്ഥത്തില്‍ മൃദ്വീകാ എന്നും ഇതിനെ വിളിക്കുന്നു.

ദ്രാക്ഷാ, മൃദ്വീകാ, ഗോസ്തന, സ്വാദു ഫല, അമൃത ഫലാ എന്നെല്ലാം സംസ്കൃത ശിരോമണികള്‍ വിളിക്കുന്നു. രാഷ്ട്ര ഭാഷ മാതൃഭാഷയാക്കിയവര്‍ മുനക്കാ, ദ്രാക്ഷാ, അംഗുര്‍ എന്നീ പേരുകളില്‍ ലവനെ വിളിക്കുന്നു. മമതാ ബാനര്‍ജിയുടെ നാട്ടുക്കാര്‍ ദ്രാക്ഷാ, അംഗുര്‍ എന്ന് വിളിക്കുമ്പോള്‍, തമിഴന്മാര്‍ ദ്രാക്ഷാ, കടിമണ്ടി, കോട്ടണി എന്നീ പേരുകളില്‍ ഇതിനെ കൂപ്പിടുന്നു. 

തമിഴ്നാട്ടില്‍ ചെന്ന് മുന്തിരി ഉണ്ടോ എന്ന് ചോദിച്ചാല്‍ അവര്‍ എടുത്തു തരിക നമ്മുടെ മുന്തിരിയല്ല, മറിച്ച് അണ്ടിപരിപ്പ് ആണ്. ഈ തമിഴന്മാരുടെ ഓരോരോ കാര്യങ്ങളേയ് !!
തെലുങ്കര്‍ ദ്രാക്ഷാപാണ്ടു എന്ന് വിളിക്കുമ്പോള്‍ സായിപ്പ് ഗ്രേപ്പ് എന്ന് വിളിക്കുന്നു.

മുന്തിരിയുടെ ശാസ്ത്രീയ നാമം വൈറ്റിസ് വൈനിഫെറ (Vitis vinifera) എന്നാണ്. തറവാട്ട് പേര്‍ വൈറ്റേസി എന്നും
തണുപ്പ് കൂടുതലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ആണ് മുന്തിരി സാധാരണയായി വളരുന്നത്. ബഹുവര്‍ഷിയായ വള്ളിച്ചെടിയാണ് മുന്തിരി. ഇലകള്‍ വൃത്താകാരമായോ, ഹൃദയാകാരമായോ കാണപ്പെടുന്നു.ഇലയുടെ അരികുകള്‍ വിഭജിതാവസ്ഥയില്‍ ആയിരിക്കും. ഇലകളുടെ ഉപരിതലം പരുപരുത്തതും, രോമിലവും ആയിരിക്കും. പുഷ്പങ്ങള്‍ക്ക് പച്ച നിറം ആയിരിക്കും. ഫലം കുലകളായി കാണപ്പെടുന്നു. മാംസളമായ ഫല മജ്ജക്കകത്ത് ചെറിയ വിത്തുകള്‍ കാണാം. ഇന്നത്തെ കാലത്ത് വിത്തില്ലത്ത മുന്തിരികളും സുലഭം.

മുന്തിരിയില്‍ വിറ്റാമിന്‍ ബി, സി, പഞ്ചസാര, ടാനിന്‍, സിട്രിക്ക് ആസിഡ്, പൊട്ടാസിയം ക്ലോറൈഡ്‌, സോഡിയം ക്ലോറൈഡ്‌, ടാര്‍ടാറിക്ക് ആസിഡ്, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. 

ശരീരത്തിനു പുഷ്ടി നല്‍കാന്‍ മുന്തിരി വളരെ ഫലപ്രദമാണ്. കൂടുതല്‍ കഴിച്ചാല്‍ ലഘു ശോധനയുണ്ടാകും. ശ്വാസ കോശത്തെ ശക്തിപ്പെടുത്തി ശ്വാസ, കാസ രോഗങ്ങള്‍ ശമിപ്പിക്കാന്‍ മുന്തിരിക്ക് കഴിവുണ്ട്. രക്തപിത്തം, രക്തം തുപ്പല്‍ തുടങ്ങിയ രോഗങ്ങളിലും മുന്തിരി വളരെയധികം ഗുണം ചെയ്യുന്നു. രക്തം വര്‍ദ്ധിപ്പിക്കാന്‍ മുന്തിരിക്ക്  പ്രത്യേക കഴിവുണ്ട്.

രസാദി ഗുണങ്ങള്‍ :
രസം : മധുരം 
ഗുണം : സ്നിഗ്ധം, ഗുരു, മൃദു 
വീര്യം : ശീതം 
വിപാകം : കടു 

ഫലമാണ് ഔഷധമായി ഉപയോഗിക്കുന്നത്.

മുന്തിരി കഴിക്കുന്നത് അവയവങ്ങളുടെ സംരക്ഷണത്തിനു നല്ലതാണെന്നാണ് ആധുനിക കണ്ടെത്തല്‍. ഒരു രോഗമുള്ളവര്‍ക്കു കൂടുതല്‍ രോഗങ്ങള്‍ (മെറ്റബോളിക് സിന്‍ഡ്രം) പിടിപെടാനുള്ള സാധ്യത കുറയ്ക്കാന്‍ മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍ സഹായിക്കുമെന്നാണു ശാസ്ത്രം പറയുന്നത്. ഉദാഹരണത്തിനു പ്രമേഹമുള്ളവരില്‍ രക്തസമ്മര്‍ദ്ദം, കോളസ്‌ട്രോള്‍, ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. മുന്തിരി കഴിക്കുന്നവരില്‍ ഈ സാധ്യത കുറയുമെന്നാണു ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്.

മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ചു പരീക്ഷണം നടത്തിയത്. അമിതഭാരമുള്ള എലികളെയാണു പരീക്ഷണത്തിനായി ഗവേഷകര്‍ തിരഞ്ഞെടുത്തത്. മുന്തിരി ചേര്‍ത്തതും ചേര്‍ക്കാത്തതുമായ ഭക്ഷണം 90 ദിവസത്തേക്കു നല്‍കി. മുന്തിരി ചേര്‍ത്ത ഭക്ഷണം കഴിച്ച എലികളില്‍ കരളിന്‍റെയും ഹൃദയത്തിന്‍റെയും വൃക്കയുടെയും പ്രവര്‍ത്തനം സുഗമമാണെന്നു ഗവേഷകര്‍ കണ്ടെത്തി. 

ന്യൂയോര്‍ക്കിലെ ഫോര്‍ഡാം സര്‍വ്വകലാശാലയിലെ ഡോ. സില്‍വിയ ഫിന്നമാന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനം മുന്തിരിയ്‌ക്ക്‌ കാഴ്‌ചക്കുറവ്‌ പരിഹരിക്കാന്‍ കഴിയുമെന്ന് തെളിയിച്ചു. ചുണ്ടെലിയില്‍ നടത്തിയ പരീക്ഷണത്തിലാണ്‌ മുന്തിരിയുടെ ഈ ഗുണം കണ്ടെത്തിയത്‌. നമ്മുടെ ഭക്ഷണക്രമത്തില്‍ മുന്തിരി കൂടുതലായി ഉള്‍പ്പെടുത്തുന്നതുവഴി പ്രായമായവരിലെ കാഴ്‌ചക്കുറവ്‌ പരിഹരിക്കാനും, റെറ്റിനയ്‌ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സാധിക്കുമെന്നാണ്‌ പഠനസംഘത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ മുന്തിരിയുടെ ഗുണം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ചെറുപ്പത്തിലേ അത്‌ കഴിച്ചുതുടങ്ങണമെന്നതാണ്  ഡോ. സില്‍വിയയുടെ അഭിപ്രായം. പഠന റിപ്പോര്‍ട്ട്‌ ഫ്രീ റാഡിക്കല്‍ ബയോളജി ആന്‍ഡ്‌ മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഗര്‍ഭകാലത്തെ ശോധന കുറവിന് ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് നല്ലതാണ്. ഗര്‍ഭിണികളുടെ അനീമിയക്കും ഇത് ഗുണകരമാണ്. ഭ്രൂണത്തിന്റെ വളര്‍ച്ചക്കും ഇത് വളരെ ഉത്തമാണ്.

ശരീരം ചുട്ടുനീറുന്ന അവസ്ഥക്ക് മുന്തിരി അടങ്ങിയ ദ്രാക്ഷാദി കഷായം വളരെ ഗുണകരമാണ്.

രക്തപിത്തം, രക്തം തുപ്പല്‍ എന്നിവക്ക് മുന്തിരി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

വൃക്ക രോഗമുള്ളവര്‍ മുന്തിരി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

മഞ്ഞപ്പിത്തം, ലിവര്‍ രോഗങ്ങള്‍ എന്നിവയിലും മുന്തിരി വളരെയധികം ഗുണം ചെയ്യുന്നു.

ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന പല കഷായങ്ങളിലും, അരിഷ്ടങ്ങളിലും മുന്തിരി ഒരു അവിഭാജ്യ ഘടകമാണ്.

വന്‍തോതില്‍ കൃഷിചെയ്യുമ്പോള്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നത് മൂലം ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന മുന്തിരി ഒന്നോ രണ്ടോ മണിക്കൂര്‍ ചെറുചൂടുള്ള വെള്ളത്തില്‍ ഇട്ടുവെച്ച് കഴുകിയ ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്.

തൊട്ടാവാടി

ഒന്ന് പറയുമ്പോഴേക്കും തെറ്റിപോവുകയും, പക്വതയില്ലാതെ വളരെ സെന്‍സിറ്റീവ് ആയി പ്രതികരിക്കുകയും ചെയ്യുന്നവരേയും എല്ലാം നാം വിളിക്കാന്‍ ഉപയോഗിക്കുന്ന പദമാണല്ലോ തൊട്ടാവാടി എന്നത്. 

തൊട്ടാവാടി എന്ന സസ്യത്തിന്റെ സ്വഭാവത്തിനു സമാനമായ സ്വഭാവം പ്രകടിപ്പിക്കുന്ന മനുഷ്യരെ തൊട്ടാവാടി എന്ന് നാം വിശേഷിപ്പിക്കുന്നു. എന്നാല്‍ നമ്മള്‍ അങ്ങിനെ വിശേഷിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തൊട്ടാവാടി എന്ന സസ്യത്തെ അപമാനിക്കുകയാണോ ചെയ്യുന്നത് ? 
കാരണം തൊട്ടാവാടി വെറും ഒരു തൊട്ടാവാടിയല്ല...!!!

മൈമോസ പ്യൂഡിക്ക (Mimosa pudica) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സസ്യമാണ് തൊട്ടാവാടി. മൈമോസേസീ (Mimosaeceae) എന്നതാണ് ലവന്റെ തറവാട്ട് പേര്. സംസ്കൃത ഭാഷയില്‍ ലജ്ജാലു എന്ന് വിളിച്ചാലും ലവന്‍ വിളി കേള്‍ക്കും. അല്ലെങ്കില്‍ അങ്ങിനെ വിളിച്ചാല്‍ വിളി കേള്‍ക്കണം എന്നാണു സംസ്കൃത ശിരോമണികള്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. സമംഗ എന്ന ഒരു ഇരട്ടപ്പേരും ഇവന് സംസ്കൃതത്തില്‍ ഉണ്ട്. രക്തപാദി, നമസ്ക്കാരി, സ്പര്‍ശ ലജ്ജാ, സങ്കോചിനി എന്നിവയെല്ലാം സംസ്കൃതത്തില്‍ ഇവന്റെ പേരുകളാണ്.

അവന് തൊട്ടാവാടി എന്ന പേര് വരാന്‍ ഉണ്ടായ കാരണം എല്ലാവര്‍ക്കും അറിയാമല്ലോ. അവനെ തൊട്ടാല്‍ ലവന്‍ വാടും. അതുതന്നെ കാരണം. സായിപ്പ്  "ടച്ച് മി നോട്ട്" എന്നാണവനെ വിളിക്കാറ്. ബ്രസീൽ ആണ് ജന്മദേശമെങ്കിലും ഇന്ന് ഭൂമധ്യരേഖാപ്രദേശങ്ങളിൽ പരക്കെ ഇവന്റെ സാന്നിധ്യം ഉണ്ട്.

തൊട്ടാവാടിയുടെ ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് സൂക്ഷിച്ചു നോക്കിയാൽ മുഴച്ചിരിക്കുന്നത് കാണാം. ഈ ഭാഗത്ത് കനം കുറഞ്ഞ കോശഭിത്തിയുള്ള ധാരാളം കോശങ്ങളുണ്ട്. അവ വെള്ളം സ്വീകരിച്ച് വീർത്തിരിക്കുന്നു. വെള്ളം വെളിയിൽ പോയാൽ അവ ചുരുങ്ങുന്നു. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിനു നേരെ പ്രതികരിക്കും. സ്പർശിക്കുമ്പോൾ ഭിത്തിക്ക് കനം കുറഞ്ഞ കോശങ്ങളിലെ ജലം തണ്ടിലേക്ക് കയറും. അതിന്റെ ഫലമായി കോശങ്ങൾ ചുരുങ്ങി ഉറപ്പുപോയി ചുരുളുന്നു. ഏതു വസ്തു തൊട്ടാലും ഇലകൾ അങ്ങനെ ചുരുളും. എന്തു വസ്തുവും ഈ പ്രവർത്തനത്തിനു കാരണമാകാം. ഈ ചുരുളൽ ഏതാനം സെക്കന്റുകൾ കൊണ്ട് പൂർണ്ണമാകും. പിന്നീട് അര മണിക്കൂറോളം കഴിഞ്ഞേ ഇലകൾ വിടർന്ന് പൂർണ്ണാവസ്ഥയിലാകൂ. 

തൊട്ടാവാടിയുടെ ഇലയുടെ കക്ഷ്യങ്ങളില്‍നിന്ന് പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പൂഞെട്ടിലും മുള്ളുകള്‍ ഉണ്ടായിരിക്കും. ഓരോ പുഷ്പത്തിനും വളരെ ചെറിയ സഹപത്രകമുണ്ട്. ഇളം ചുവപ്പു പുഷ്പത്തിന് നാലുവീതം ബാഹ്യദളങ്ങളും ദളങ്ങളുമുണ്ട്. ബാഹ്യദളങ്ങള്‍ വളരെ ചെറുതാണ്. ദളങ്ങള്‍ക്ക് 2-2.5 മി.മീ. നീളമേ ഉള്ളൂ. ഇളം ചുവപ്പുനിറത്തിലുള്ള എട്ട് കേസരങ്ങള്‍ ഉണ്ടായിരിക്കും. ഒറ്റ അറ മാത്രമുള്ള അണ്ഡാശയത്തില്‍ അനേകം ബീജാണ്ഡങ്ങളുണ്ട്. കായ്കള്‍ 0.5-2.5 സെന്റിമീറ്ററോളം നീളവും മൂന്ന് മി.മീ. വീതിയുമുള്ള പരന്ന ലോമെന്റം (lomentam) ആണ്. ലോമാവൃതമായ കായ്കളില്‍ 3-5 വിത്തുകളുണ്ട്. 
ഇതിന്റെ വേരില്‍ 10% ടാനിന്‍ അടങ്ങിയിട്ടുണ്ട്.വിത്തില്‍ ഗാലക്ടോസ്, മാന്നോസ് എന്നീ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു.

ആയുര്‍വേദ ചികിത്സയില്‍ പ്രത്യേക സ്ഥാനമുണ്ട്.

തൊട്ടാവാടിയുടെ രസാദി ഗുണങ്ങളെ ആചാര്യന്മാര്‍ ഇങ്ങിനെ വിശദീകരിക്കുന്നു :

രസം : കഷായം, തിക്തം
ഗുണം : ലഘു, രൂക്ഷം
വീര്യം : ശീതം
വിപാകം : കടു 

തൊട്ടാവാടി സമൂലം ഔഷധമായി ഉപയോഗിക്കാവുന്ന ഒരു സസ്യമാണ്. 

ശോഫം, ദാഹം, ശ്വാസ വൈഷമ്യം, വ്രണം എന്നിവ ശമിപ്പിക്കാനുള്ള കഴിവ് തൊട്ടാവാടിക്ക് ഉണ്ട്. കഫത്തെ കുറക്കുകയും, രക്ത ശുദ്ധി ഉണ്ടാക്കുകയും ചെയ്യുന്നു.

കുട്ടികളില്‍ സാധാരണയായി കാണുന്ന ശ്വാസ വൈഷമ്യത്തിനു തൊട്ടാവാടിയുടെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് പത്ത് എം എല്‍, സമം ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരും ചേര്‍ത്ത് കൊടുക്കുന്നത് ഫലപ്രദമാണ്. 

ചൊറിക്ക് തൊട്ടാവാടി കല്‍ക്കമായി എണ്ണ കാച്ചി പുരട്ടിയാല്‍ ശമനം ലഭിക്കും.

അര്‍ശസ്, മൂലക്കുരു, വാതം, പിത്തം, വയറിളക്കരോഗങ്ങള്‍, നേത്രരോഗങ്ങള്‍, ഗര്‍ഭാശയരോഗങ്ങള്‍ എന്നിവയ്ക്ക് തൊട്ടാവാടി ഔഷധമായി ഉപയോഗിക്കുന്നു. 

മുറിവുണങ്ങാന്‍ തൊട്ടാവാടി ഇല ഇടിച്ചുപിഴിഞ്ഞ ചാറ് ലേപനം ചെയ്യുന്നത് നല്ലതാണ്. 

സമൂലം ഇടിച്ചിട്ട് വെള്ളം തിളിപ്പിച്ചു കുടിക്കുന്നത് പ്രമേഹത്തിനും വാതത്തിനും ശമനം ഉണ്ടാക്കും. 

ആസ്ത്മക്കും അലര്‍ജി മൂലം ഉണ്ടാകുന്ന ചൊറിച്ചിലിനും ഇതിന്റെ ചാറ് ലേപനം ചെയ്യുന്നത് ഗുണകരമാണ്. 

തൊട്ടാവാടിയുടെ നീര് എണ്ണകാച്ചി തേയ്ക്കുന്നത് ചര്‍മ്മരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുന്നു. 

തൊട്ടാവാടി സമൂലം അരച്ചത് തേന്‍ ചേര്‍ത്ത് കൊടുത്താല്‍ വയറിളക്കത്തിനു ആശ്വാസം ലഭിക്കാറുണ്ട്. 

മഞ്ഞള്‍, തൊട്ടാവാടി, ത്രിഫല ചൂര്‍ണ്ണം എന്നിവ സമം എടുത്ത് അരച്ച് കഴിച്ചാല്‍ അലര്‍ജി സംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

കഞ്ചാവ്

കഞ്ചാവ് കറ ഔഷധം എന്നതിനേക്കാള്‍ ലഹരി പദാര്‍ത്ഥം എന്ന നിലയിലാണ് പ്രശസ്തി നേടിയിട്ടുള്ളത് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. 

കന്നാബിനേസി തറവാട്ടിലാണ് കഞ്ചാവിന്റെ ജനനം. കന്നാബിസ് സറ്റൈവ (Cannabis sativa) എന്നതാണ് ലവന്റെ ശാസ്ത്രീയ നാമം. 

സംസ്കൃത ഭാഷയില്‍ ഗഞ്ച, വിജയാ, സിദ്ധപത്രി, ഹര്‍ഷണ, മാതുലാനി, ഭംഗ എന്നീ പേരുകളിലും ഈ പോക്കിരി അറിയപ്പെടുന്നു. ഹിന്ദിക്കാര്‍ ഗഞ്ച എന്നും ഭംഗ് എന്നും ഇവനെ വിളിക്കുന്നു. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ പണിയെടുക്കാന്‍ വരുന്ന ബംഗാളികളുടേയും, ഗോധ്രാ കലാപം അരങ്ങേറിയ ഗുജറാത്തികളുടേയും ഭാഷയില്‍ ഇവന്‍ ഭാംഗ് ആണ്. നമ്മുടെ അയല്‍വാസികളായ തമിഴന്മാര്‍ പംഗി, കന്‍ജ, ഭംഗി ഇലൈ എന്നും ഇതിനെ കൂപ്പിടുന്നു !!! തെലുങ്കര്‍ ഗംജായി, ജഡഗംജ എന്നും വിളിക്കുമ്പോള്‍, സായിപ്പ് ഇന്ത്യന്‍ ഹെംപ് എന്ന് കഞ്ചാവിനു പേരിട്ടിരിക്കുന്നു.

കഞ്ചാവിന്റെ ഉപയോഗം മഹാശിലായുഗത്തോളം പഴക്കമുള്ളതാണ്‌ എന്നതിന്‌ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും പഴക്കമുള്ള കഞ്ചാവ് ഉപയോക്താക്കൾ പുരാതന ഇന്ത്യക്കാരായിരുന്നു. ഞമ്മള് അല്ലങ്കിലും ഇങ്ങനത്തെ സാധനം ഒക്കെ കണ്ടെത്തി ഉപയോഗിച്ച് അര്‍മ്മാദിക്കാന്‍ കേമന്മാരാണല്ലോ !!! 

പുരാതന ഭാരതത്തിൽ ഈ ചെടി പല താന്ത്രിക മാന്ത്രിക ചടങ്ങുകളിലും ഉപയോഗിച്ചിരുന്നതിനാൽ ഇതിൽ നിന്ന് ലഭിക്കുന്ന ലഹരിക്ക്‌ ഒരു ദൈവിക മാനം കൂടിയുണ്ടായിരുന്നു. സോമ എന്ന പാനീയം ഉണ്ടാക്കുന്നതിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കരുതുന്നു. പുരാതന ചൈനയിലും ഈജിപ്തിലും ഇതൊരു ഔഷധമായി ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. 

കാശ്മീര്‍ മുതല്‍ അസ്സം വരെയുള്ള ഹിമാലയ പ്രാന്തങ്ങളില്‍ കഞ്ചാവ് ചെടി സുലഭമായി വളരുന്നു. കേരളത്തിലെ മലയോര പ്രദേശങ്ങളില്‍ ഗിരിവര്‍ഗ്ഗക്കാര്‍ കഞ്ചാവ് നട്ടുവളര്‍ത്തുന്നുണ്ട്. പല മലയോര പ്രദേശങ്ങളിലും അനധികൃത കഞ്ചാവ് കൃഷി വ്യാപകമാണ്.

ഒന്നു മുതല്‍ ഒന്നര മീറ്റര്‍ വരെ വളരുന്ന ഏക വര്‍ഷി കുറ്റിച്ചെടിയാണ് കഞ്ചാവ്. നീണ്ട ഇലകളാണ് ഇതിനുള്ളത്. ഇലയുടെ അടിവശം മൂപ്പെത്തും തോറും ചാര നിരത്തിലുള്ള രോമങ്ങള്‍ കൊണ്ട് നിറയുന്നു.

കഞ്ചാവ് ആണ്‍ ചെടികളും, പെണ്‍ ചെടികളും ആയാണ് കാണപ്പെടുന്നത്. പെണ്‍ ചെടി ഉയരം കുറഞ്ഞതും, കൂടുതല്‍ പുഷ്ടിയായി വളരുന്നതുമാണ്‌. ആണ്‍ ചെടി ഉയരം കൂടിയതും നേര്‍ത്തതും ആണ്. അപൂര്‍വ്വമായി ഉഭയലിംഗ ചെടികളും കാണാറുണ്ട്. വിത്തുകള്‍ക്ക് ചെറുപയറിന്റെ വലിപ്പമാണ് ഉള്ളത്. 

കഞ്ചാവ് ചെടിയുടെ തൊലിയില്‍ നിന്നും ശേഖരിക്കുന്ന കറയാണ് 'ചരസ്' ആയി അറിയപ്പെടുന്നത്. കറയോടൊപ്പം പെണ്‍ പൂങ്കുലയാകെ ഉണക്കിപ്പൊടിച്ച് എടുക്കുന്നതാണ് ഗഞ്ചാ അഥവാ കഞ്ചാവ്. കഞ്ചാവ് ചെടികളിലെ മൂപ്പെത്തിയ ഇലകളും, അതിന്മേലുള്ള കറയും കൂടി പൊടിച്ചെടുക്കുന്നതാണ് ഭാങ്ങ് .

രാസ ഘടകങ്ങള്‍ :
ഇതിന്റെ ഫലത്തില്‍ നിന്നും കന്നാബിന്‍, കന്നാബിനോള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കഞ്ചാവ് ചെടിയില്‍ നിന്ന് 26% ഭാങ്ങ്, 10% ചരസ്, 40% ഗഞ്ച എന്നിവ വേര്‍തിരിക്കുന്നു.

കഞ്ചാവിലെ ഔഷധ/ലഹരി മൂല്യമുള്ള പ്രധാന ഘടകം ഡെൽറ്റ-9-ടെട്രഹൈഡ്രോ കന്നബിനോൾ (ടി എച് സി) എന്ന തന്മാത്രയാണ്‌. ടെട്രഹൈഡ്രോ കന്നബിവറിൻ (ടി.എച്‌.കെ.) എന്ന തന്മാത്രയും ലഹരി ഉണ്ടാക്കുന്നതാണ്.  പെൺചെടിയുടെ പൂക്കളിലും നാമ്പുകളിലും ഉണ്ടാകുന്ന കറയിലാണ്‌ ഈ ഘടകങ്ങള്‍ ഏറ്റവുമധികം കാണുന്നത്‌. 

രസാദി ഗുണങ്ങള്‍ :
രസം : തിക്തം
ഗുണം : ലഘു, തീക്ഷ്ണം, രൂക്ഷം
വീര്യം : ഉഷ്ണം
വിപാകം : കടു 

കഞ്ചാവിന്റെ ഇല, കായ, വിത്ത്, കറ എന്നിവയാണ് ഔഷധ യോഗ്യഭാഗങ്ങളായി ഉപയോഗിക്കുന്നത്.

മൂന്നു ഘട്ടങ്ങളില്‍ ആയാണ് കഞ്ചാവിന്റെ പ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ ജ്ഞ്യാനേന്ദ്രിയത്തെ ഉത്തേജിപ്പിക്കുകയും, ഹര്‍ഷോന്മാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. രണ്ടാമത്തെ അവസ്ഥയില്‍ നിദ്രയെ ജനിപ്പിക്കുന്നു. മൂന്നാം ഘട്ടത്തില്‍ വസ്തുക്കള്‍ സ്വപ്ന ലോകത്തില്‍ എന്ന പോലെ കാണുന്നു.

പല പുരാതന ആയുർവ്വേദ ഗ്രന്ഥങ്ങളിലും കഞ്ചാവ്‌ മാനസികാസ്വാസ്ഥ്യങ്ങൾക്കുള്ള ഒരു ഔഷധമായി വിവരിക്കുന്നു. കഞ്ചാവിന് തലച്ചോറും, മനസ്സും ഉന്മത്തമാക്കാനുള്ള കഴിവുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. ചെറിയ മാത്രയില്‍ ഉറക്കം ഉണ്ടാക്കാനും കഞ്ചാവ് സഹായിക്കുന്നു. 

വളരെ നിയന്ത്രിതമായ മാത്രയില്‍ ഭ്രാന്ത്, ഉന്മാദം, തലവേദന എന്നിവ കുറക്കുന്നു. ഗഞ്ച കഴിച്ചാല്‍ സംഭോഗത്തില്‍ ബീജ സ്ഖലനത്തിന് കൂടുതല്‍ സമയം എടുക്കുന്നത് കൊണ്ട് ശ്രീഘ്രസ്ഖലനത്തില്‍ നിയന്ത്രിതമായ മാത്രയില്‍ ഔഷധമായി പ്രവര്‍ത്തിക്കുന്നു. അതിസാരം, പ്രവാഹിക എന്നിവയും ശമിപ്പിക്കാന്‍ ഇതിനു കഴിയുന്നു.

വളരെ കാലപ്പഴക്കമുള്ള അതിസാരം, പ്രവാഹിക എന്നീ രോഗങ്ങളില്‍ അവക്ക് ഉപയോഗിക്കുന്ന മരുന്നുകളില്‍ 1 ഡെസി ഗ്രാം കഞ്ചാവ് ചേര്‍ത്ത് കൊടുത്താല്‍ വേഗത്തില്‍ രോഗം ശമിക്കും. എന്നാല്‍ ഇത് സ്ഥിരമായി ഉപയോഗിക്കാന്‍ പറ്റിയ സംഭവം അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

കഞ്ചാവ് ചെടി സമൂലം എടുത്ത് ചതച്ചരച്ച് വ്രണങ്ങളില്‍ വെച്ച് കെട്ടിയാല്‍ വേദന കുറയുകയും, വ്രണം വേഗത്തില്‍ ഉണങ്ങുകയും ചെയ്യും. 

കഞ്ചാവിന്റെ ഇല നെയ്യില്‍ വറുത്ത് കുരുമുളകും ചേര്‍ത്ത് കഴിച്ചാല്‍ അതിസാരം ശമിക്കും.

പശുവിന്‍ പാലില്‍ ഇട്ട് ഭാവന ചെയ്‌താല്‍ (സിനിമാ നടി ഭാവന വന്ന് ചെയ്‌താല്‍ എന്നല്ല, മരുന്ന് പൊടിച്ച ശേഷം പ്രത്യേക ദ്രവ്യങ്ങളില്‍, ഇവിടെ പാലില്‍ ഇട്ട് ഉരക്കല്ലില്‍ ഇട്ട് ഉരച്ചു ഉണക്കി എടുക്കുന്ന ഒരു പരിപാടിയാണ് ഇത്) ശുദ്ധമാവും.

ഇലകള്‍ നല്ലതുപോലെ വെള്ളത്തില്‍ കഴുകിയ ശേഷം ചെറു ചൂടില്‍ നെയ്യില്‍ വറുത്തെടുത്തും ശുദ്ധി ചെയ്യാം. 

കഞ്ചാവിന്റെ കൂടുതല്‍ ഔഷധ ഗുണങ്ങള്‍ എഴുതി ഈ ചെടിയെ മഹത്വവല്‍ക്കരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഇവിടെ പറഞ്ഞ ഔഷധ പരിപാടികള്‍ ഒന്നും ആരും പരീക്ഷിച്ചു നോക്കേണ്ട. അങ്ങിനെ ചെയ്തു നോക്കി വല്ലവര്‍ക്കും പണി കിട്ടിയാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാധിത്വം അത് ചെയ്ത് നോക്കിയവന് തന്നെ ആയിരിക്കും. 

വാജീകരണ ഔഷധമായ മദന കാമശ്വരി രസായനത്തില്‍ കഞ്ചാവ് ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് പല പ്രമുഖ കമ്പനികളും നിയമ പ്രശ്നങ്ങള്‍ മൂലം കഞ്ചാവ് ചേര്‍ക്കാതെ ഉള്ള മദനകാമേശ്വരി രസായനം ആണ് മാര്‍ക്കെറ്റില്‍ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ലഭ്യമാകുന്ന ആ ലേഹ്യം വിചാരിച്ച കാര്യത്തിനു അത്ര ഫലപ്രദവുമല്ല. എന്നാല്‍ കേരളത്തിലെ പല സ്ഥലങ്ങളിലും വ്യാജ വൈദ്യന്മാരുടെ നേതൃത്വത്തില്‍ മദന കാമേശ്വരി ലേഹ്യം എന്ന പേരില്‍ ശര്‍ക്കര പാവ് ഉണ്ടാക്കി അതില്‍ കഞ്ചാവ് മാത്രം ചേര്‍ത്ത് ലേഹ്യമാക്കി കൊടുക്കുന്നുണ്ട്. ഇത് കഴിച്ചാല്‍ ഉദ്ദിഷ്ട കാര്യം നടക്കും എങ്കിലും ആരോഗ്യത്തിനു ഹാനികരമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാത്രമല്ല, ഈ മരുന്നിനു അടിമപ്പെടുകയും, വീണ്ടും വീണ്ടും ഈ കഞ്ചാവ് രസായനം വാങ്ങാന്‍ ഒരിക്കല്‍ ഉപയോഗിച്ചവര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. എന്തോ മഹത്തായ ഔഷധം കഴിക്കുകയാണ് എന്ന വിശ്വാസത്തില്‍ കഞ്ചാവ് കഴിക്കുന്ന ആളുകള്‍ ശാരീരികമായും, സാമ്പത്തികമായും, മാനസികമായും ചതിക്കപ്പെടുകയാണ് ചെയ്യുന്നത്.

ജാതിക്ക

ആഗോളതലത്തില്‍ ജാതിക്ക ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത് ഇന്ത്യോനേഷ്യയിലാണ്‌. 

സംസ്കൃത ശിരോമണികള്‍ ഇവനെ ജാതി, ജാതി കോശ, മാലതീ ഫല എന്നൊക്കെ വിളിക്കുമ്പോള്‍, സൌരവ് ഗാംഗുലിയുടെ നാട്ടുക്കാരും, രാഷ്ട്ര ഭാഷ സംസാരിക്കുന്നവരും ലവനെ 'ജായഫല്‍' എന്ന് വിളിക്കുന്നു. തമിഴന്മാര്‍ 'ജാതിക്കായ്' എന്നും തെലുങ്കന്മാര്‍ 'ജാതികേയ' എന്നും ഇവനെ വിളിക്കുന്നു. സായിപ്പ് 'നട്ട് മെഗ്' എന്നാണു ജാതിക്കയെ വിളിക്കുക.

20 മീറ്റര്‍ വരെ ഉയരത്തില്‍ ശാഖോപശാഖകളോട് കൂടി വളരുന്ന നിത്യ ഹരിത വൃക്ഷമാണ് ജാതി. തടിക്ക് സാമാന്യം നല്ല കട്ടിയുണ്ട്. തൊലിക്ക് ചാരനിറം കലര്‍ന്ന പച്ച നിറമാണ്. ഇലകള്‍ ഇരുണ്ട പച്ച നിറമുള്ളതും, ദീര്‍ഘ വൃത്താകൃതിയുള്ളതും ശരാശരി 10 cm നീളവും, 5 cm വീതിയും ഉള്ളതും ആണ്. ഇലയുടെ ഉപരിതലം മിനുസമുള്ളതാണ്. ഇലകളിലെ ഞെരമ്പുകള്‍ പ്രകടമാണ്. ആണ്‍ മരങ്ങളും പെണ്‍ മരങ്ങളും പ്രത്യേകമാണ്. പത്ര കക്ഷത്തില്‍ നിന്നും ഉത്ഭവിക്കുന്ന പൂക്കള്‍ ചെറുതും, സുഗന്ധമുള്ളതും, മഞ്ഞ നിറത്തോട് കൂടിയതും ആണ്. പെണ്‍ പൂക്കള്‍ ആണ്‍ പൂക്കളേക്കാള്‍ അല്‍പ്പം വലുതാണ്‌. ഏകദേശം ചെറുനാരങ്ങയുടെ വലിപ്പമുള്ള കായ വിളയുമ്പോള്‍  പൊട്ടി പിളരുന്നു. അങ്ങിനെ പൊട്ടിയ കായക്ക് അകത്ത് കാണുന്നത് കറുപ്പു നിറമുള്ള വിത്തും അതിന്റെ പുറമെയുള്ള ജാതിപത്രിയും ആണ്. ഈ ചെടിയുടെ പ്രധാന സവിശേഷത‍ ഇതില്‍ ആണ്‍മരവും, പെണ്‍മരവും വെവ്വേറെയാണ്‌ കാണപ്പെടുന്നത്. ഇതില്‍ ആണ്‍ ചെടികള്‍ക്ക് കായ് ഫലം ഇല്ല. പെണ്‍മരമാണ്‌ ആണ്‍മരത്തില്‍ നിന്നും പരാഗണം വഴി ഫലം തരുന്നത്.

‌ജാതിക്കയും, ജാതിപത്രിയും, ജാതിക്കയുടെ പുറന്തോടുമാണ്‌ ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ആദായകരമായ ഭാഗങ്ങൾ. ജാതിക്കയുടെ പുറന്തോട് അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു. ബേക്കറിയിലെ ആഹാരസാധനങ്ങളുടെ നിർമ്മാണത്തിൽ മണവും രുചിയും കൂട്ടുന്നതിനും ഉപയോഗിക്കപ്പെടുന്നു.

നല്ലതു പോലെ വിളഞ്ഞ കായകളിൽ നിന്നും മാത്രമേ ഗുണനിലവാരമുള്ള കായും പത്രിയും ലഭ്യമാകുന്നുള്ളൂ. വിളഞ്ഞ കായകൾ പറിച്ചെടുത്തതിനുശേഷം കായ് പൊതിഞ്ഞിരിക്കുന്ന മാംസളമായ പുറന്തോട് നീക്കം ചെയ്തതിനുശേഷം കൈ കൊണ്ട് വിത്തിൽ‍ നിന്നും പത്രി വേർപ്പെടുത്തിയെടുക്കുന്നു. രണ്ടും വെവ്വേറെ ഉണക്കി സംരക്ഷിക്കുന്നു.

കായയിൽ നിന്നും അടർത്തി പത്രി വേർപെടുത്തിയ കുരു, തോടോടുകൂടി ഉണക്കുന്നു. അകത്തെ കുരു കുലുങ്ങുന്നതാണ്‌ നല്ലതുപോലെ ഉണങ്ങിയതിന്റെ ലക്ഷണമായി കണക്കാക്കുന്നത്. വെയിൽ ഇല്ലാത്ത അവസരങ്ങളിൽ വൈദ്യുതി ഉപയോഗിച്ചും കുരു ഉണക്കാറുണ്ട്. 40 ഡിഗ്രി താപനില നിയന്ത്രിച്ച് ഓവനിലും കുരു ഉണക്കാൻ സാധിക്കുന്നു. 1 കിലോ കുരു / ജാതിക്ക ലഭിക്കുന്നതിനായ് ഏകദേശം 200 മുതൽ 250 വരെ കായകൾ വേണ്ടിവരും. കായകളുടെ വലിപ്പവും തൂക്കവും അനുസരിച്ചാണ്‌ വില ലഭിക്കുന്നത്.

പത്രി ഉണക്കുന്നതിനായ് കൈകൾക്ക് ഉള്ളിൽ വച്ചോ മറ്റേതെങ്കിലും വസ്തുകൊണ്ടോ പൊട്ടാതെ പരത്തി എടുക്കുന്നു. പരത്തിയെടുക്കുന്ന പത്രി നല്ലതുപോലെ വെയിലത്ത് വച്ച് ഏകദേശം അഞ്ച് ദിവസം കൊണ്ട് ഉണക്കിയെടുക്കുന്നു. ഇങ്ങനെ ഉണക്കിയെടുക്കുന്ന പത്രികൾക്ക് മഞ്ഞകലർന്ന ചുവപ്പ് നിറമായിരിക്കും ഉണ്ടാകുന്നത്. ഏകദേശം 1000 കായകളിൽ നിന്നും ശരാശരി 1 കിലോ ഉണങ്ങിയ ജാതിപത്രി ലഭിക്കും.

ജാതി കുരു / വിത്തിൽ ശരാശരി 30 മുതൽ 40 ശതമാനം വരെ തൈലം അടങ്ങിയിട്ടുണ്ട് . 
ജാതി വിത്ത്, പത്രി എന്നിവയിൽ നിന്നും വാണിജ്യപരമായി വാറ്റിയെടുക്കുന്ന ഉത്പന്നമാണ്‌ ജാതി തൈലം. ഈ പ്രക്രിയയുടെ ആദ്യപടിയായി റോളാർ മില്ലിൽ അധികം പൊടിയാത്ത രീതിയിൽ ഒരു പ്രാവശ്യം ചതച്ചെടുക്കുന്ന വിത്ത് പിന്നീട് വാറ്റുന്ന ഉപകരണങ്ങളിലേക്ക് മാറ്റുന്നു. അതിൽ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ നീരാവി ഉപയോഗിച്ച് വാറ്റി തൈലം എടുക്കുന്നു. ജാതിക്കയിൽ നിന്നും 11% എണ്ണയും ജാതിപത്രിയിൽ നിന്നും 12% എണ്ണയും ലഭിക്കുന്നു. പശ്ചിമ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയുമാണ്‌ ജാതി തൈലത്തിന്റെ മുഖ്യ ഉപഭോക്താക്കൾ. മിരിസ്റ്റിസിൻ, എലെമിസിൻ, സാഫ്റോൾ എന്നീ രാസ ഘടകങ്ങൾ ജാതി തൈലത്തിൽ അടങ്ങിയിരിക്കുന്നു.
രസാദി ഗുണങ്ങള്‍ :
രസം : കടു, തിക്തം, കഷായം 
ഗുണം : ലഘു, സ്നിഗ്ധം, തീക്ഷ്ണം 
വീര്യം : ഉഷ്ണം 
വിപാകം : കടു 
ജാതിക്കയുടെ വിത്തും ജാതി പത്രിയും ആണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്.
ഉദരസംബന്ധമായ മിക്ക രോഗങ്ങള്‍ക്കും ഫലപ്രദമായ ഒരു ഔഷധ സസ്യമാണ് ജാതി.
ഇവ കഫ, വാത രോഗങ്ങള്‍ ശമിപ്പിക്കുന്നു. ഗ്രാഹിയായത് കൊണ്ട് മലബന്ധം ഉണ്ടാക്കുന്നു. ദഹന ശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവും ലവനുണ്ട്. അതിസാരം, ആമാതിസാരം, ഉദരശൂല എന്നിവക്കും ഫലപ്രദമാണ്. ചെറിയ മാത്രയില്‍ ലൈംഗികോത്തേജകവും ആണ്.
ജാതിക്ക ഉരച്ച് തേനിലോ, പച്ചവെള്ളത്തിലോ കൊടുത്താല്‍ ദഹനക്കേട്, വയറുവേദന, വയറു പെരുക്കം എന്നീ അസുഖങ്ങള്‍ ശമിക്കും. 
തലവേദന, സന്ധിവേദന എന്നിവക്ക് ജാതിഫലത്തിന്റെ വിത്ത് അരച്ച് പുരട്ടുന്നത് നല്ലതാണ്.
ദുര്‍ഗന്ധം ഉള്ള വ്രണങ്ങളില്‍ ജാതിക്കുരു പൊടിച്ച പൊടി വിതറിക്കൊടുക്കുന്നത് നല്ലതാണ്.
ജാതിക്കയും, ഇന്തുപ്പും കൂടി പൊടിച്ചു പല്ല് തേച്ചാല്‍ പല്ല് വേദനയും, ഊനില്‍ നിന്ന് രക്തം വരുന്നതും ശമിക്കും.
കോളറ രോഗത്തിനു ജാതിക്കുരുവും, ജാതി പത്രിയും ഇട്ടു തിളപ്പിച്ച വെള്ളം ഇടവിട്ട്‌ കുടിക്കാന്‍ കൊടുത്താല്‍ ആശ്വാസം ലഭിക്കും.
ജാതിക്ക, താതിരിപ്പൂവ്, മുത്തങ്ങ, അതിവിടയം എന്നിവ പൊടിച്ചു തേനില്‍ ചേര്‍ത്ത് കൊടുത്താല്‍ വയറിളക്കം മാറും.

കടപ്പാട് :www.absarmohamed.com

2.92647058824
പവിത്രൻ Apr 03, 2019 06:44 AM

വളരെ നന്നായിട്ടുണ്ട് സർ.ഞാൻ മനസ്സിലാക്കിയിടത്തോളം തെറ്റുകൾ തീരെ കണ്ടില്ല.ശാസ്ത്രീയ നാമങ്ങൾ ഫാമിലി ഇവയെല്ലാം വളരെ ശരിയാണ്.എല്ലാ വിധ അഭിനന്ദനങ്ങളും.

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top