കാണുമ്പോള്‍ സീതപ്പഴമെന്ന് തോന്നുന്ന നോനി ഇന്ന് ഔഷധമാര്‍ക്കറ്റിലെ താരമാണ്. തുറസ്സായ പ്രദേശങ്ങളിലും തെങ്ങിന്‍തോട്ടങ്ങളിലും നോനി കൃഷിചെയ്യാം
കടപ്പുറത്തെ പൂഴിമണ്ണില്‍ ഔഷധവൃക്ഷമോ, എന്ന് നെറ്റിചുളിക്കുന്നവര്‍ കാഞ്ഞങ്ങാട് കടപ്പുറത്തെ വേണുഗോപാലിന്റെ തോട്ടമൊന്ന് കാണണം. ഒരു കൃഷിക്കും പറ്റില്ലെന്ന് കരുതുന്ന മണ്ണില്‍ നോനി എങ്ങനെ വിജയകരമായി കൃഷിചെയ്യാമെന്ന് ഇവിടത്തെ കര്‍ഷകര്‍ തെളിയിച്ചുകഴിഞ്ഞു. ആദ്യ നോട്ടത്തില്‍ സീതപ്പഴമെന്ന് തോന്നുന്ന നോനി ഇന്ന് പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ വരുമാനമുള്ള ഔഷധമാര്‍ക്കറ്റിലെ താരമാണ്.
ഇന്ത്യന്‍ മള്‍ബറിയെന്നും മഞ്ചണാത്തിയെന്നും പേരുള്ള നോനിയുടെ ശാസ്ത്രനാമം മൊറിന്‍സ സിട്രിഫോളിയ എന്നാണ്.
തെക്കുകിഴക്കന്‍ ഏഷ്യക്കാരിയായ നോനിയുടെ വിത്തിന് വെള്ളത്തില്‍ പൊങ്ങിക്കിടന്ന് ഒഴുകി വരുന്നതിനുള്ള കഴിവുണ്ട്. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ഇന്ത്യന്‍ തീരപ്രദേശങ്ങളിലും ഈ ഔഷധവൃക്ഷം വളരുന്നതിനുള്ള കാരണവുമിതാണ്.
തുറസ്സായ പ്രദേശങ്ങളിലും തെങ്ങിന്‍തോട്ടങ്ങളിലും നോനി കൃഷിചെയ്യാം.
വലിയ പരിപാലനമില്ലാതെ വളരുന്നുവെന്നതാണ് നോനിയുടെ പ്രത്യേകത. ഒരു കായയില്‍ത്തന്നെ നൂറുകണക്കിന് വിത്തുണ്ടാകുമെങ്കിലും നട്ടുവളര്‍ത്താന്‍ വിത്ത് ഉപയോഗിക്കാറില്ല. മുളച്ചുകിട്ടാന്‍ ആറുമാസം മുതല്‍ 12 മാസംവരെ എടുക്കുമെന്നതാണ് നോനി വിത്തിന്റെ ന്യൂനത. ഗ്രാഫ്റ്റ് തൈകളാണ് ന്യൂജനറേഷന്‍ നോനി കൃഷിയിലെ നടീല്‍വസ്തു. എല്ലാ മാസവും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന നോനിയിലെ വിളവെടുപ്പ് എളുപ്പമാക്കുന്നതും ഉയരം കുറഞ്ഞ ഗ്രാഫ്റ്റ് തൈകള്‍തന്നെ.
രണ്ടുമീറ്റര്‍ അകലത്തിലായി ഒന്നരയടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ കുമ്മായവും ചാണകവും ചേര്‍ത്ത് തൈകള്‍ നടാം. ഗ്രാഫ്റ്റ് തൈകള്‍ രണ്ടാംവര്‍ഷംമുതല്‍ കായ്ച്ചുതുടങ്ങും. കടുത്ത വേനലില്‍ ആഴ്ചയിലൊരു നന നല്‍കണം.
സ്ഥിരമായി കായ്ക്കുന്നതിനാല്‍ കര്‍ഷകന് നിശ്ചിത വരുമാനം ഉറപ്പാക്കാന്‍ സാധിക്കുന്നുവെന്നത് നോനിയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കുന്നു.
രണ്ടായിരത്തില്‍പ്പരം വര്‍ഷം മുമ്പുതന്നെ ആദിമനിവാസികളുടെ ചികിത്സാക്രമത്തിന്റെ ഭാഗമായിരുന്നു നോനി.
ഈയടുത്ത് നടത്തിയ പരീക്ഷണങ്ങളില്‍ ശരീരത്തിന്റെ രോഗപ്രതിരോധശക്തി കൂട്ടാനും കാന്‍സര്‍, പ്രമേഹം, അലര്‍ജി, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, അനപത്യത, കരള്‍രോഗങ്ങള്‍ എന്നിവയെ ചെറുക്കാനും നോനിക്ക് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. 150-ലധികം ന്യൂട്രാസ്യൂട്ടിക്കലുകള്‍ നോനിയെ ആയുസ്സ് നീട്ടിക്കൊടുക്കുന്ന മൃതസഞ്ജീവനിയാക്കുന്നു.
ഇലയിലും കായയിലും അടങ്ങിയിരിക്കുന്ന അര്‍സോളിക് ആസിഡ് െതാലിപ്പുറത്തുള്ള കാന്‍സറിനെ പ്രതിരോധിക്കും. നോനിയുടെ സമ്പത്തായ ബീറ്റാസീറ്റാസ്റ്ററോളിന് കൊളസ്ട്രോളിനെ വരുതിയിലാക്കുന്നതിലാണ് മിടുക്ക്. ആന്റി ഓക്‌സിഡന്റുകളായ ലിനേന്‍, നോനിയെ ആരോഗ്യദായക പോഷക പാനീയമാക്കുന്നു.
സൗന്ദര്യവര്‍ധകങ്ങള്‍, വാര്‍ധക്യനിയന്ത്രണ പാനീയങ്ങള്‍, ആരോഗ്യദായക ടോണിക് തുടങ്ങി ചായവരെ നോനിയുടേതായി കമ്പോളത്തിലുണ്ട്. ചെടിയുടെ വിവിധ അവശിഷ്ടങ്ങള്‍ ജൈവകീടനിയന്ത്രണ ഉപാധിയായും ജൈവവളമായും ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു.വലിയ പരിപാലനമില്ലാതെ വളരുന്ന നോനി വ്യാപകമായി കൃഷിചെയ്ത് പണം കൊയ്യാവുന്നതാണ്.
- കെ. ജാഷിദ് -
അവസാനം പരിഷ്കരിച്ചത് : 6/21/2020