ഓരോ വീട്ടുവളപ്പിലും അത്യാവശ്യം നട്ടുവളർത്തേണ്ട വൃക്ഷമാണ് കരിനൊച്ചി. Vitex negundo എന്ന് ശാസ്ത്രനാമമുള്ള കരിനൊച്ചി Lamiaceae കുടുംബാംഗമാണ്. കരിനൊച്ചി, വെള്ളനൊച്ചി എന്നീ രണ്ടിനങ്ങളാണ് സാധാരണ കണ്ടുവരുന്നത്. കരിനൊച്ചിയുടെ ഇലയുടെ അടിവശം വൈലറ്റ് കലർന്ന പച്ചനിറമായിരിക്കും. വെള്ളനൊച്ചിക്ക് വൈലറ്റ് നിറമുണ്ടായിരിക്കില്ല. മൂന്നു മീറ്ററോ അതിലധികമോ ശാഖോപശാഖകളായി പടർന്നു വളരുന്ന ഒരു ചെടിയാണിത്. ഇല, പൂവ്, തൊലി, വേര് എന്നിവ ഔഷധമായി ഉപയോഗിച്ചുവരുന്നു. കരിനൊച്ചിയിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾക്ക് കാൻസർ, വൈറസ്, ബാക്ടീരിയ, ഫംഗസ് രോഗങ്ങൾ, നീര് എന്നിവയ്ക്കെതിരെ പ്രവർത്തിക്കാനാകും.
ചുമ
കരിനൊച്ചിയും തുളസിയും അല്പം ജീരകവും കുരുമുളകും ചേർത്ത് ഉണ്ടാക്കിയ കഷായം ചുമയ്ക്ക് അത്യുത്തമമായ കഷായമാണ്.
ആസ്ത്മ
കരിനൊച്ചിയില ഉണക്കി പൊടിച്ച് പുട്ടിന് പൊടി നനയ്ക്കുന്നതിന്റെ കൂടെ ചേർത്ത് പുഴുങ്ങി കഴിച്ചാൽ ചിലതരം ആസ്ത്മകൾ മാറിക്കിട്ടും.
ജലദോഷം, പനി
ഇലയും പൂവും ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുന്നതും, ഇലകൾ 15 മിനിട്ട് തിളപ്പിച്ച് ദിവസം 3 പ്രാവശ്യം കുടിക്കുന്നതും നല്ലതാണ്.
വായുകോപം, വയറുവേദന
ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ വായുകോപവും അതു മൂലമുഉള്ള വയറുവേദനയും ശമിക്കും.
ഉളുക്ക്
ഇലകൾ ചൂടാക്കി ഉളുക്കിയ ഭാഗത്തു വച്ചാൽ വേദന കുറയും.
തലവേദന
ഇലകൾ വെള്ളത്തിലരച്ച് നെറ്റിയിലിട്ടാൽ ചിലതരം തലവേദനയ്ക്ക് ആശ്വാസം കിട്ടും. സൈനസൈറ്റിസ് മൂലമുള്ള തലവേദനയ്ക്ക് നൊച്ചിയില നിറച്ച തലയിണയിൽ കിടന്നാൽ മതി.
വ്രണങ്ങൾ, മുറിവ്
ഇലകൾ വെള്ളത്തിൽ തിളപ്പിച്ച് മുറിവ് കഴുകുക,
വായിലെ അൾസർ
കരിനൊച്ചി തിളപ്പിച്ച് കവിൾ കൊണ്ടാൽ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും മുറിവ് വേഗം ഉണങ്ങുകയും ചെയ്യും.
സന്ധി വേദന, വാതം
കരിനൊച്ചി ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ശരീരവേദനയ്ക്ക് നല്ലതാണ്. കിഴികെട്ടി ചൂടുപിടിച്ചാൽ സന്ധിവേദനയ്ക്ക് ആശ്വാസം കിട്ടും.
സ്ത്രീരോഗങ്ങൾ
ആർത്തവ ക്രമീകരണത്തിനും അമിതമായ യോനി സ്രവത്തിനും ഇത് ഔഷധമാണ്.
കൊതുക്, ഈച്ച
ഇലകൾ കത്തിച്ചു പുകച്ചാൽ നിയന്ത്രണം ലഭിക്കും.
നീരിറക്കം
എണ്ണകാച്ചുമ്പോൾ ഇലകൾ ഇട്ടാൽ നീരിറക്കം വരികയില്ല.
ധാന്യസംരക്ഷണം
ധാന്യങ്ങളിലെ കീടനിയന്ത്രണത്തിന് ഉണക്കിയ ഇലകൾ ഇട്ടുവച്ചാൽ മതി.
കീടനാശിനി
കരിനൊച്ചിയിലകൾ വെള്ളത്തിലിട്ട് തിളപ്പിച്ച് 12 മണിക്കൂറിനുശേഷം അരിച്ച് ചെടികളിൽ തളിച്ചാൽ ജൈവകീടനാശിനിയായി ഉപയോഗിക്കാം. കരിനൊച്ചി കഷായവും ജൈവകീടനാശിനിയായി ഉപയോഗിക്കാറുണ്ട്.
കടപ്പാട്: കേരളകര്‍ഷകന്‍
അവസാനം പരിഷ്കരിച്ചത് : 6/21/2020