സസ്യങ്ങളിൽ ഔഷധഗുണമില്ലാത്തതായി ഒന്നുമില്ല എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നിരിക്കിലും പാരമ്പര്യമായി രോഗശമനത്തിനുപയോഗിക്കുന്നതും ഔഷധഗുണങ്ങളുള്ളതുമായ ചെടികളെയാണ് ഔഷധസസ്യങ്ങൾ എന്ന് പറയുന്നത്. ലോകത്താകമാനം ഏകദേശം ഒന്നേകാൽ ലക്ഷം സസ്യജെനുസ്സുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇവയിൽ 80000 സസ്യങ്ങൾ ഔഷധ ആവശ്യത്തിനായി ഉപയോഗിക്കപ്പെടുന്നു. ആയൂർവ്വേദത്തിൽ ഏതാണ്ട് 800ഉം ഹോമിയോപ്പതിയിൽ 480ഉം യുനാനിയിൽ 440 ഉം സിദ്ധചികിത്സയിൽ 248 ഉം ഔഷധസസ്യങ്ങൾ നേരിട്ടുപയോഗിക്കുന്നതായി കണക്കാക്കുന്നു. കൂടാതെ മുപ്പതോളം സസ്യങ്ങൾ അലോപ്പതിയിലും ഉപയോഗിക്കുന്നു. ലിഖിതരൂപത്തിലുള്ള ചികിൽസാരീതിയില്ലെങ്കിലും നാട്ടുവൈദ്യം, ഗോത്രവൈദ്യം തുടങ്ങിയ പരമ്പരാഗത ചികിൽസകളിൽ എണ്ണായിരത്തോളം സസ്യങ്ങൾ ഉപയോഗിക്കുന്നു.
ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സസ്യങ്ങളിൽ 33% വൃക്ഷങ്ങളും 32% മൃദുസസ്യങ്ങളും 12% വള്ളിച്ചെടികളും 20% കുറ്റിച്ചെടികളും ബാക്കിവരുന്ന 3% മറ്റുള്ള സസ്യങ്ങളും ഉൾപ്പെടുന്നു.
നമ്മുടെ നാട്ടിൻ പുറങ്ങളിൽ സുലഭമായിരുന്നതും പാരമ്പര്യ നാട്ടുവൈദ്യരംഗത്തും ഗൃഹ വൈദ്യരംഗത്തും ഉപയോഗിച്ചുവരുന്നതുമായ പല സസ്യങ്ങളും ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുകയാണ്. വീടുകൾ, സ്കൂളുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഔഷധത്തോട്ടങ്ങൾ നിർമ്മിക്കുവാൻ അനേകം പദ്ധതികൾ ഉണ്ട്. ശരിയായ രീതിയിൽ നട്ടുപരിപാലിച്ച് അവയെ ഉപയോഗപ്പെടുത്തിയെങ്കിൽ മാത്രമേ ഔഷധതോട്ടനിർമാണം സാര്‍ത്ഥകമാകൂ.
ഔഷധസസ്യസംരക്ഷണം ശരിയായ രീതിയിൽ നടത്തുവാൻ അവയുടെ രൂപഭാവം, വളർച്ചസ്വഭാവം, എന്നിവയെപ്പറ്റി ധാരണയുണ്ടായിരിക്കണം. ഓരോ സസ്യങ്ങൾക്കും യോജിച്ച കാലാവസ്ഥ, മണ്ണ്, ഭൂപ്രകൃതി, അവയുടെ ഉപയോഗം തുടങ്ങിയവ മനസ്സിലാക്കിവേണം ഈ സസ്യങ്ങളെ നട്ടുപരിപാലിക്കാൻ.
നല്ല സൂര്യപ്രകാശത്തിൽ വളർത്തേണ്ടവ
നീലയമരി, കറ്റാർവാഴ, നാഗദന്തി, ഉമ്മം, കസ്തൂരിവെണ്ട, ചെറുവഴുതിന, പുത്തരിചുണ്ട, ബ്രഹ്മി, ഞവര, തഴുതാമ, കിരിയാത്ത്, കുറുന്തോട്ടി, ചെത്തിക്കൊടുവേലി, നീലക്കൊടുവേലി, സ്റ്റീവിയ, ഇരുവേലി തുടങ്ങിയ സസ്യങ്ങൾ സൂര്യപ്രകാശം കൂടുതൽ ഇഷ്ടപ്പെടുന്നവയാണ്.
മഴയിൽ നിന്നും സംരക്ഷണം വേണ്ടവ
അമുക്കരം, അരൂത, ആരോഗ്യപ്പച്ച, ഇരുവേലി, ജീവകം, കാട്ടുപടവലം, മഞ്ചട്ടി, പച്ചോളി, പെപ്പർമിന്റ് , പുതിന, സ്റ്റീവിയ തുടങ്ങിയ സസ്യങ്ങൾ എളുപ്പത്തിൽ നശിച്ചു പോകുന്നതുകൊണ്ട് ഇത്തരം സസ്യങ്ങൾ മഴ നനയാതെ വെളിച്ചം ലഭിക്കുന്ന ഷെഡ്ഡിനുള്ളിൽ വളർത്തേണ്ടതാണ്.
ചട്ടികളിൽ സംരക്ഷിക്കുവാൻ അഭികാമ്യമായവ
പനിക്കൂർക്ക , തുമ്പ, പുളിയാറൽ, ആഫ്രിക്കൻ മല്ലി, ഇരുവേലി, കറ്റാർ വാഴ, മുറികൂട്ടിപച്ച, കച്ചോലം, തഴുതാമ, കുറിഞ്ഞി, നറുനീണ്ടി, വയോള, തുളസി, കിരിയാത്ത്, രാമച്ചം, നീലയമരി തുടങ്ങിയ സസ്യങ്ങൾ ചട്ടികളിലോ ഗ്രോബാഗുകളിലോ നടാവുന്നതാണ്.
ഉയരം കുറച്ച് കോതിയൊതുക്കി നിർത്താവുന്ന കുറ്റിച്ചെടികൾ
അയ്യപ്പന, നാഗദന്തി, ചിറ്റാടലോടകം, കുറിഞ്ഞി, നീലക്കൊടുവേലി, ചെത്തിക്കൊടുവേലി തുടങ്ങിയ സസ്യങ്ങൾ വാരങ്ങളിൽ നട്ട് അവയുടെ ഭംഗിക്കനുസരിച്ച് ഇടവിട്ട് കോതിക്കൊടുക്കുവാന്‍ കഴിയുന്നതാണ്.
ചതുപ്പിലും ആഴം കുറഞ്ഞ വെള്ളത്തിലും വളരുന്നവ
ബ്രഹ്മി, വയമ്പ്, നീര്‍മുള്ളി, വയല്‍ചുള്ളി, ഞവര തുടങ്ങിയ സസ്യങ്ങള്‍ വളര്‍ത്തുമ്പോള്‍ അവ ചെറിയ നീര്‍ക്കുഴികളിലോ ചട്ടികളുടെ ദ്വാരം അടച്ച് അതില്‍ ചെളി നിറച്ച് വെള്ളം കെട്ടിനിര്‍ത്തിയോ നടാവുന്നതാണ്.
വളര്‍ച്ചയെത്തിയ റബ്ബര്‍തോട്ടത്തില്‍ വളര്‍ത്തുവാന്‍ അനുയോജ്യമായവ
കരിംകുറിഞ്ഞി, ചിറ്റരത്ത തുടങ്ങിയവ റബ്ബര്‍ തോട്ടത്തിലെ തണലിലും ഇടവിളയായി വളര്‍ത്താവുന്നതാണ്.
ഹ്രസ്വകാല വിളകള്‍
കാട്ടുപടലം, നായ്ക്കുരണം, കല്ലുവാഴ, അമുക്കരം, നീലയമരി, തുളസി, തിരുതാളി, വിഷ്ണുക്രാന്തി, കിരിയാത്ത്, നീര്‍മുള്ളി, ഓരില, മൂവില, കുറുന്തോട്ടി, പുത്തരിചുണ്ട്, കണ്ടകാരിചുണ്ട തുടങ്ങിയ സസ്യങ്ങൾ ഹ്രസ്വകാല വിളകളായതിനാൽ അവയുടെ വളർച്ചാകാലം കഴിയുമ്പോൾ ചെടികൾ നശിച്ച് പോകുന്നു. ഇത്തരം സസ്യങ്ങളുടെ വിത്തുകൾ ശേഖരിച്ച് അവ വീണ്ടും നട്ടുവളർത്തേണ്ടതാണ്.
സസ്യങ്ങളുടെ ഉപയോഗവും ആവശ്യകതയും അനുസരിച്ച് താഴെപ്പറയുന്ന വിവിധ ഗ്രൂപ്പുകളിൽപ്പെട്ടവ ശേഖരിച്ച് നട്ട് പരിപാലിക്കാം.
ജന്മനക്ഷത്ര വൃക്ഷങ്ങൾ
ഒരോരുത്തരുടേയും ജന്മനാളിന്റെ സസ്യങ്ങൾ നട്ടുപരിപാലിക്കുന്നത് ആയുസിനും സർവൈശ്വര്യത്തിനും നിദാനമാകുമെന്ന് കരുതപ്പെടുന്നു. ഇവ നട്ടുവളർത്തുക വഴി ഈ ഔഷധസസ്യങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തപ്പെടുന്നു.
വ്യവസായികപ്രാധാന്യമുള്ള ഔഷധസസ്യങ്ങൾ:
അശോകം, കൂവളം, പാതിരി, പലകപ്പയ്യാനി, മുഞ്ഞ, കുമിഴ്, തിപ്പലി, ബ്രഹ്മി, നീലയമരി, കിരിയാത്ത്, ശതാവരി, കുറുന്തോട്ടി, കാട്ടുപടവലം, കസ്തൂരി മഞ്ഞൾ, കറ്റാർവാഴ, അടപതിയൻ, ചിറ്റരത്ത, അരത്ത, പുത്തരിചുണ്ട്, കച്ചോലം, ആടലോടകം, ആവണക്ക്, ചെങ്ങനീർക്കിഴങ്ങ്, ചെറുതേക്ക്, ഓരില, മൂവില, ചെറുവഴുതിന, കണ്ടകാരിച്ചുണ്ട്, ചെത്തിക്കൊടുവേലി, ചിറ്റമൃത്, ദന്തപ്പാല, കരിംകുറിഞ്ഞി, കടകപ്പാല, നാഗദന്തി, നീർമരുത്, പാൽമുതുക്ക്, രാമച്ചം, താതിരി, വയമ്പ്
സുഗന്ധതൈലസസ്യങ്ങൾ
ഇഞ്ചിപ്പുല്ല്, സിട്രോണല്ല, പാമറോസ, പച്ചോളി, കറുവ, ചന്ദനം, യൂക്കാലി, പുതിന, പെപ്പർമിന്റ് , കർപ്പൂരം, ഗ്രാമ്പു, വെളുത്തുള്ളിചെടി, രാമച്ചം , ചിറ്റരത്ത, ആഫ്രിക്കൻ മല്ലി, ചെമ്പകം, കസ്തൂരിമഞ്ഞൾ, കറിവേപ്പ്, കച്ചോലം, നറുനീണ്ടി, മാങ്ങയിഞ്ചി, വയമ്പ്, ട്യൂബ് റോസ്, ഇരുവേലി, കൈത, കസ്തൂരിവെണ്ട, പച്ചചെമ്പകം, പനിക്കൂർക്ക.
ജൈവകീടനാശിനികൾ ഉണ്ടാകുവാൻ അനുയോജ്യമായ ഔഷധസസ്യങ്ങൾ
കിരിയാത്ത്, തുളസി, എരുക്ക്, ആര്യവേപ്പ്, വയമ്പ്, ജട്രോഫ, ആടലോടകം, കടലാവണക്ക് , കരിനൊച്ചി, കറ്റാർവാഴ, നാറ്റപ്പൂച്ചെടി, ഉമ്മം, ബെന്തി
ഗ്രഹവൈദ്യത്തിനുപയോഗിക്കുന്നവ
അരുത, ആര്യവേപ്പ്, ആടലോടകം, ബ്രഹ്മി, ചെറുള, ഇഞ്ചി, കച്ചോലം, കല്ലുരുക്കി, കരിനൊച്ചി, കറ്റാർവാഴ, കിരിയാത്ത്, കിഴാർനെല്ലി, കുടങ്ങൽ, മുളക്, മുക്കുറ്റി, മുറികൂട്ടി, മുറികൂട്ടിപ്പിച്ച്, മുയൽചെവിയൻ, മയിലാഞ്ചി, നീർമരുത്, പനിക്കൂർക്ക, പൂവാകുറുന്നൽ, രാമച്ചം, ശതാവരി, തഴുതാമ, തിപ്പലി, തുളസി, തുമ്പ, വള്ളിപ്പാല, വയമ്പ്, വെറ്റില, കറിവേപ്പ്
ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നവയും രോഗപ്രതിരോധശക്തി തരുന്നവയുമായ സസ്യങ്ങൾ
കൊച്ചിക്കൂവ, മാങ്ങായിഞ്ചി, കറിവേപ്പ്, പുതിന, രാമച്ചം, മഞ്ഞൾ, തഴുതാമ, നെല്ലിക്ക, ചപ്പങ്ങം, കുടവൻ, കുടമ്പുളി, ഇരുമ്പൻപുളി, രാമച്ചം, കറുവ, മുള്ളാത്ത, മുരിങ്ങ, മാതളം, നറുനീണ്ടി, പുളിയാറൽ, കൂവളം, ജാതി, ഗ്രാമ്പൂ, മല്ലി, ഞവര
തണൽമരങ്ങളായി വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും നടാവുന്നവ
അരയാൽ, പേരാൽ, ഇലഞ്ഞി, ചെമ്പകം, അശോകം, വാക, ഇറാൻ അത്തി, ആര്യവേപ്പ്, ഉങ്ങ്, മരോട്ടി, ഇലഞ്ഞി, ലക്ഷ്മിതരു.
സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമാണത്തിനുപയോഗിക്കുന്നവ
ആര്യവേപ്പ്, ചെമ്പരത്തി, ദന്തപ്പാല, കച്ചോലം, കസ്തുരിമഞ്ഞൾ, കറ്റാർവാഴ, കയ്യുണ്ണ്യം, മഞ്ഞൾ, മഞ്ചട്ടി, മയിലാഞ്ചി, നീല ഉമ്മം, നീലയമരി, നെന്മേനിവാക, രക്തചന്ദനം, വള്ളി ഉഴിഞ്ഞ, വയമ്പ്, ആവണക്ക്, തുളസി, രാമച്ചം.
പ്രകൃതിദത്ത ചായമായി ഉപയോഗിക്കാവുന്നവ
രക്തചന്ദനം, നീലയമരി, ചപ്പങ്ങം, പച്ചമഞ്ഞൾ, മൈലാഞ്ചി.
ജൈവവേലിയായി വളർത്തുവാൻ അനുയോജ്യമായവ
രാമച്ചം, ആടലോടകം, മൈലാഞ്ചി, അയ്യപ്പന, അരത്ത, വാതംകൊല്ലി, നാഗദന്തി.
ഉദ്യാനങ്ങളിൽ വളർത്താവുന്ന അലങ്കാര ചെടികൾ
അശോകം, താതിരി, ഇലഞ്ഞി, കണിക്കൊന്ന, അരയാൽ, ഇത്തി, കല്ലാൽ, കല്ലുവാഴ, മഞ്ഞക്കൊന്ന, നിത്യകല്ല്യാണി, രാമച്ചം, മുറികൂട്ടി, ചെത്തിക്കൊടുവേലി, നീലക്കൊടുവേലി, ശതാവരി, ചെമ്പകം, ശംഖുപുഷ്പം, പച്ചമഞ്ഞൾ, അരളി, ചുവന്നമന്ദാരം, കല്ല്യാണസൗഗന്ധികം, വെളുത്തുള്ളിചെടി, നീർമാതളം, ചമത.
ദീർഘകാലാടിസ്ഥാനത്തിലുളള ഔഷധവൃക്ഷ നടീൽ
ഔഷധവൃക്ഷങ്ങളായ നെല്ലി, കൂവളം, അശോകം, പയ്യാനി, കണിക്കൊന്ന, പാതിരി, നാൽപാമരങ്ങൾ, മാതളം മുതലായവ ദീർഘകാലാടിസ്ഥാനത്തിൽ കൃഷിത്തോട്ടങ്ങളുടെ അതിരുകൾ, വിവിധ സ്ഥാപനങ്ങളുടെ സ്ഥലങ്ങൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വച്ചു പിടിപ്പിക്കാം. വൃക്ഷ ഔഷധങ്ങളുടെ ആവശ്യം നിറവേറ്റുന്നതിന് ഇങ്ങനെയുള്ള നൂതനപദ്ധതികൾ അത്യന്താപേക്ഷിതമാണ്.
വിവിധങ്ങളായ ആവശ്യങ്ങൾക്ക് ഔഷധസസ്യങ്ങൾ നട്ടുവളർത്തുകയും അവ ഉപയോഗിക്കുകയും ചെയ്തെങ്കിൽ മാത്രമേ ഫലവത്തായ സസ്യസംരക്ഷണം യാഥാർത്ഥ്യമാവു. ഗാർഹികതലത്തിൽ ഉപയോഗിക്കാവുന്ന മരുന്നു ചെടികൾ നട്ടുവളർത്തൽ, ദീർഘവീക്ഷണത്തോടെയുള്ള സസ്യസംരക്ഷണം എന്നിവ കൂടുതൽ ഊന്നൽ നൽകേണ്ട മേഖലകളാണ്. ഇതോടൊപ്പം ഔഷധ നിർമാതാക്കൾ, ചെറുകിട ഉൽപ്പന്ന നിർമ്മാണസംരംഭകർ എന്നിവരുമായി കരാറിലേർപ്പെട്ട് വിപണി ഉറപ്പാക്കിയ ശേഷം വ്യവസായികാടിസ്ഥാനത്തിലുള്ള കൃഷി വ്യാപിപ്പിക്കുവാൻ സാധിക്കുന്നതാണ്.
അശ്വതി |
കാഞ്ഞിരം |
ഭരണി |
നെല്ലി |
കാർത്തിക |
അത്തി |
രോഹിണി |
ഞാവൽ |
മകയിരം |
കരിങ്ങാലി |
തിരുവാതിര |
കരിമരം |
പുണർതം |
മുള |
പൂയം |
അരയാൽ |
ആയില്യം |
നാകലിംഗം |
മകം |
പേരാൽ |
പൂരം |
പ്ലാശ് |
ഉത്രം |
ഇത്തി |
അത്തം |
അമ്പഴം |
ചിത്തിര |
കൂവളം |
ചോതി |
നീർമരുത് |
വിശാഖം |
വയ്യാകത |
അനിഴം |
ഇലഞ്ഞി |
തൃക്കേട്ട |
വെട്ടി |
മൂലം |
വെള്ളപൈൻ |
പൂരാടം |
വഞ്ഞി |
ഉത്രാടം |
പ്ലാവ് |
തിരുവോണം |
എരിക്ക് |
അവിട്ടം |
വഹ്നി |
ചതയം |
കടമ്പ് |
പൂരൂരുട്ടാതി. |
തേന്മാവ് |
ഉത്രട്ടാതി |
കരിമ്പന |
രേവതി. |
ഇലുപ്പ |
കേരള കാർഷിക സർവ്വകലാശാല സുഗന്ധ തൈല ഔഷധ സസ്യ ഗവേഷണ കേന്ദ്രം, ഓടക്കാലി, അശമന്നൂർ, എറണാകുളം-683549 ഫോൺ : 04842658221, 9447163891
സസ്യ നിർമ്മിത ഔഷധങ്ങൾ പ്രത്യേകിച്ച് ആയുർവേദ ഔഷധങ്ങൾക്ക് ലോകവ്യാപകമായി കൂടുതൽ ആവശ്യം വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനുള്ള പ്രധാനകാരണം സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ചികിത്സാ സമ്പ്രദായങ്ങൾക്ക് പാർശ്വഫലങ്ങൾ ഇല്ലാത്തതും ഗുണയുക്തവുമാണ് എന്നതാണ്. ആയുർവേദത്തെ സംബന്ധിച്ചിടത്തോളം ഭൂരിഭാഗവും ഔഷധസസ്യങ്ങൾ തന്നെയാണ് അസംസ്കൃത വസ്തുക്കൾ. 4500 ഓളം വിവിധ സസ്യവിഭാഗങ്ങൾ ഭൂമുഖത്തുണ്ട്. ഭൂമുഖത്തുള്ള 12 ഓളം ജൈവ വൈവിധ്യകേന്ദ്രങ്ങളിൽ ഒന്നാണ് ഭാരതം. ഭാരതീയ വൈദ്യശാസ്ത്രങ്ങളിൽ ഏകദേശം 1079 തരം ചെടികൾ ഔഷധാവശ്യത്തിന് ഉപയോഗിച്ച് വരുന്നു. ഇതിൽ ഹെർബ്സ് 344 എണ്ണവും കുറ്റിച്ചെടികൾ 220 ഉം ഔഷധവൃക്ഷങ്ങൾ 354 ഉം വള്ളിച്ചെടികൾ 127 ഉം മറ്റുള്ളവ 34 ഉം ഉൾപ്പെടുന്നു. ഔഷധനിർമ്മാണത്തിന് സസ്യത്തിന്റെ പ്രവർത്തനക്ഷമമായ ഭാഗങ്ങളും സസ്യം പൂർണ്ണമായും ഉപയോഗിക്കുന്നു. സസ്യങ്ങളുടെ വേര്, വേരിന്മേൽ തൊലി, ഇല, തളിര്, ഞെരമ്പ്, തൊലി, ഫലം, ഫലമജ്ജ, ഫലത്തിന്റെ തൊലി, ബീജം, പത്രിക, കിഴങ്ങ്, മുള്ള്, പൂവ്, പൂങ്കുല ,കേസരം, നിര്യാസം, ക്ഷീരം, എണ്ണ എന്നിവയാണ് പ്രധാനമായും പരമ്പരാഗതമായ ആയുർവേദ ഔഷധ നിർമ്മാണത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ തന്നെ വേരുകളുടെ ഉപയോഗം 50 ശതമാനത്തോളം വരും 12 ശതമാനം തടിയും, 7 ശതമാനം തൊലിയും, 9 ശതമാനം സമൂലമായും, 15 ശതമാനം പഴങ്ങളും വിത്തുകളും, 3 ശതമാനം പുഷ്പങ്ങളും, ഇലകൾ 4 ശതമാനവും ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. സസ്യ ഔഷധ നിർമ്മാണത്തിന് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ചെടികളിൽ കൂടുതലും വനത്തിൽ നിന്നും വനപ്രദേശങ്ങളിൽ നിന്നുമാണ് ശേഖരിക്കുന്നത്. മറ്റുള്ളവ വനഇതരപ്രദേശങ്ങളിൽ നിന്നുമാണ്. ഒരു കാലത്ത് ഔഷധസസ്യങ്ങളുടെ അക്ഷയപാത്രമായിരുന്നു നമ്മുടെ നാട്. അനിയന്ത്രിതവും അശാസ്ത്രീയവുമായ മരുന്ന് ശേഖരണം പല ഔഷധ ചെടികളുടെയും വംശവർദ്ധനവിനെ തടയുക തന്നെ ചെയ്തിട്ടുണ്ട്. ചില ചെടികൾക്ക് വംശനാശം തന്നെ സംഭവിച്ചിട്ടും ഉണ്ട്. ചില ചെടികൾ നാശത്തിന്റെ വക്കിൽ എത്തി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ മരുന്നുൽപാദകർക്ക് യഥാർത്ഥ മരുന്ന് ചെടികൾ ആവശ്യാനുസരണം യഥാസമയം ലഭിക്കാതെ വരും. ഇത് ചികിത്സയുടെയും ഔഷധങ്ങളുടെയും ഗുണമേന്മയെ ബാധിക്കും. ഇതിനുള്ള പ്രധാന പ്രതിവിധി ചെടികളുടെ ഔഷധ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധിവാൻമാരാക്കുകയും ഔഷധ സസ്യകൃഷി വ്യാവസായികാടിസ്ഥാനത്തിൽ ആരംഭിക്കുകയും ചെയ്യുക എന്നതാണ്. ജനപ്പെരുപ്പവും കേരളത്തിലെ കൃഷിഭൂമിയുടെ പരിമിതിയും വെച്ച് പലരീതികളിലായി ഔഷധ സസ്യങ്ങൾ കൃഷി ചെയ്യാം.
ഔഷധ ചെടികൾ കൃഷി ചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗം ഇടവിളയായി കൃഷി ചെയ്യുക എന്നതാണ്. വലിയ ചെലവില്ലാതെ മരുന്നുകൾ ഉല്പാദിപ്പിക്കുവാനും, ക്യഷിയിടങ്ങളില്‍ നിന്നുള്ള ആദായം വർദ്ധിപ്പിക്കുവാനും, പ്രധാന കൃഷിയുടെ ചിലവ് ചുരുക്കുന്നതിനും ഇത്തരത്തിലുള്ള കൃഷി ഉപകരിക്കും. തിപ്പലി, കുരുമുളക്, ഗ്രാമ്പു, നീലയമരി, ചിറ്റരത്ത, വയമ്പ്, അടപതിയന്‍, ഇഞ്ചി, ഇരുവേലി, കച്ചോലം, മഞ്ഞൾ, സർപ്പഗന്ധി, കൊടുവേലി, പച്ചില, നാഗദന്തി, വെറ്റില, പുഷ്കരമൂലം, കുറുന്തോട്ടി, ജാതി, നിലപ്പന, നറുനീണ്ടി എന്നീ ചെടികൾ തെങ്ങിൻ തോപ്പുകളിലും മറ്റും ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്. ഇവയിൽ പലതും റബ്ബർ തോട്ടങ്ങളിലും കൃഷി ചെയ്യാം. വേലി കെട്ടുന്നതിന് മരുന്ന് ചെടികൾ ഉപയോഗിക്കുന്നതാണ് മറ്റൊരു രീതി. ആടലോടകം, കരിനൊച്ചി, മുഞ്ഞ, വള്ളിപ്പാല, ശതാവരി, ചക്കരകൊല്ലി, മരമഞ്ഞൾ, പടവലം, പതിമുകം, കൂവളം, അശോകം, ചിറ്റമൃത്, ഉങ്ങ്, ചെമ്പരത്തി, നായ്ക്കുരണം, ശംഖുപുഷ്പം, താതിരി, കുന്നി, കരിംകുറിഞ്ഞി, ചങ്ങലം പരണ്ട, ഗരുഡക്കൊടി, കൊടിത്തൂവ തുടങ്ങിയ സസ്യങ്ങൾ വേലിക്കെട്ടുന്നതിനായി ഉപയോഗിക്കാം. സസ്യങ്ങൾ ഉപയോഗിച്ച് വേലികെട്ടുന്നത് നമ്മെ പ്രധാനമായും മൂന്ന് തരത്തിൽ സഹായിക്കുന്നു. ഒന്ന് ആവശ്യത്തിനുള്ള മരുന്ന്, രണ്ട് പരിസ്ഥിതി സംരക്ഷണം, മൂന്നാമതായി വേലിയും. രാമച്ചം, വയമ്പ്, മൂവില, നറുനീണ്ടി, നിലപ്പന, മുത്തങ്ങ, തഴുതാമ, ഇഞ്ചിപ്പുല്ല്, മുത്തിൾ, കച്ചോലം, തൊട്ടാവാടി, കറ്റാർവാഴ, ആവണക്ക്, കറുക, അരത്ത, ബ്രഹ്മി, ഇരുവേലി, പർപ്പടകപ്പുല്ല്, പാൽമുതക്ക് എന്നീ കൃഷി ചെയ്യുന്നത് കൊണ്ട് മരുന്നിന്റെ ഉപയോഗം നടക്കുന്നതോടൊപ്പം മണ്ണൊലിപ്പ് തടയുന്നതിന് സഹായിക്കുകയും ചെയ്യും. ചില ഔഷധചെടികൾ വീട്ട്മുറ്റത്തും ഉദ്യാനങ്ങളിലും അലങ്കാര ചെടികളായി കൃഷി ചെയ്യാം. മാതളം, നിത്യകല്യാണി, ശംഖ്പുഷ്പം,
കൊടുവേലി, ശതാവരി, തുളസി, പിച്ചകം, പുഷ്കരമുലം, ചെമ്പരത്തി. രാമച്ചം, ആമ്പൽ, താമര, അമൽപൊരി, മോന്താന്നി, തെച്ചി, സോമലത,
കൊന്ന, അശോകം, റോസ്, ചങ്ങലംപരണ്ട, കറ്റാർവാഴ, ഉമ്മം തുടങ്ങിയ സസ്യങ്ങൾ അലങ്കാരത്തോടൊപ്പം ഔഷധാവശ്യങ്ങൾക്കുമായി കൃഷി ചെയ്യാവുന്ന ചില ഇനങ്ങളാണ്. ഇത് കൂടാതെ പല ഔഷധ ചെടികളും ചെടിച്ചട്ടികളിലും ചാക്കുകളിൽ മണൽ നിറച്ചും കൃഷി ചെയ്യാം. തിപ്പലി, കുരുമുളക്, ശതാവരി, പടവലം, കറ്റാർവാഴ, തുളസി, നീലയമരി, കൊടുവേലി, താതിരി, പിച്ചകം, താമര, റോസ് എന്നിവ ഈ രീതിയിൽ കൃഷി ചെയ്യാവുന്ന ചില ഇനങ്ങളാണ്. അടുക്കളത്തോട്ടമായും ഔഷധ ചെടികൾ കൃഷിചെയ്യാം. മുരിങ്ങ, അഗത്തിചീര. നെല്ലി, കൈപ്പ് കുമ്പളം, കരിവേപ്പ്, കദളിവാഴ, ചെറുനാരങ്ങ, ഇലവംശം, കുടമ്പുളി, ജാതി, മാവ് തുടങ്ങിയവ അടുക്കളതോട്ടങ്ങളിൽ കൃഷി ചെയ്യാം. ഇതിനുള്ള പ്രധാന ഗുണം ഔഷധമായും ആഹാരമായും ഉപയോഗിക്കാമെന്നതുതന്നെ. മറ്റ് വിളകൾ കൃഷിചെയ്യാൻ പറ്റാത്ത തരിശു സ്ഥലങ്ങളിലും ഔഷധ സസ്യങ്ങൾ കൃഷി ചെയ്യാം. ഉദാഹരണമായി കുന്നിൻ പ്രദേശങ്ങളിൽ ഓരില, നറുനീണ്ടി, കടുകപ്പാല, കറ്റാർവാഴ, രാമച്ചം, ചെറൂള, കൊടുത്തൂവ, ഉമ്മം, കുമിഴ്, കണ്ടകാരിചുണ്ട, പാട, വഴുതിന, മുഞ്ഞ, കരിം കുറിഞ്ഞി, പാതിരി, എന്നിവ സമൃദ്ധമായി വളരുന്നതും, തഴുതാമ, കയ്യോന്നി, ബ്രഹ്മി, കുടങ്ങൽ, വയമ്പ്, വയൽച്ചുള്ളി, അടക്കാമണിയൻ എന്നിവ ചതുപ്പ് പ്രദേശങ്ങളിൽ നല്ലതുപോലെ വളരുന്നുമുണ്ട്. മണൽ പ്രദേശങ്ങളിൽ ഉഴിഞ്ഞ, എരുക്ക്, നിത്യകല്യാണി, നീലയമരി, കിര്യാത്ത, കടലാടി, ചെറുതേക്ക്, കണ്ടാകാരി, കുന്നി, ഞാവൽ, കുടകപ്പാല, പർപ്പടക പുല്ല്, ഞെരിഞ്ഞൽ എന്നിവക്ക് പുറമേ ഔഷധ ഗുണമുള്ള വിവിധയിനം കള്ളിച്ചെടികളും സമൃദ്ധമായി വളരുന്നു. കൊടുവേലി കൃഷിയിടങ്ങളിൽ വ്യാപകമായി കൃഷി ചെയ്താൽ എലി ശല്യത്തെ ഇല്ലാതാക്കാൻ സഹായകമാകും. സാമൂഹ്യ വനൽക്കരണത്തിലൂടെയും ഔഷധസസ്യങ്ങൾ കൃഷി ചെയ്യാം. ഈ പദ്ധതി അനുസരിച്ച് തുറസായ സ്ഥലങ്ങളിലും വനഭൂമികളിലും ഔഷധസസ്യങ്ങൽ കൃഷി ചെയ്യാം. ഇതിനായി ഔഷധവൃക്ഷങ്ങളും തിരഞ്ഞെടുക്കാം. ആര്യവേപ്പ്, വേങ്ങ, കരിങ്ങാലി, രക്തചന്ദനം, ചന്ദനം, കൂവളം, കൊന്ന, കടുക്ക, നെല്ലി, താന്നി, നീർമരുത്, അശോകം, കോൽപുളി, കുടംപുളി, വിവിധയിനം ആൽമരങ്ങൾ, മാവ്, പയ്യാനി, പാതിരി, കുമിഴ് മുതലായവ കൃഷി ചെയ്യാം. വൃക്ഷങ്ങളുടെ ഔഷധോപയോഗത്തോടൊപ്പം തടിയും തണലും ശുദ്ധവായുവും നമുക്ക് നൽകുന്നു. കൂടാതെ ഇവയിൽ പലതും ഫലവൃക്ഷങ്ങളുമാണ്. വ്യവസായ ശാലകൾ തുടങ്ങുമ്പോൾ ചുറ്റുമുള്ള സ്ഥലങ്ങളിൽ ഔഷധതോട്ടങ്ങൾ വെച്ച് പിടിപ്പിക്കുകയാണെങ്കിൽ പരിസരമലിനീകരണം തടയുന്ന ഗ്രീൻ ബെൽറ്റ് ആയി പ്രവർത്തിക്കുന്നതോടൊപ്പം ഔഷധോപയോഗത്തിനും ഉപയോഗിക്കപ്പെടുന്നു. ഔഷധസസ്യങ്ങളെ കുടിൽവ്യവസായ രൂപത്തിലൊ ഗ്രൂപ്പ് ഫാമിങ്ങ് നടത്തിയോ, ഗ്രാമങ്ങളിൽ സ്ഥലസൗകര്യത്തിനനുസരിച്ച് കൃഷി ചെയ്യാവുന്നതാണ്.
നമ്മുടെ കാലാവസ്ഥയിൽ വളരുന്നതും, കേരളത്തിൽ പരമ്പരാഗത ആയുർവേദ ഔഷധങ്ങള്‍ നിർമ്മിക്കുന്നതിന് കൂടുതൽ ഉപയോഗിക്കുന്നതുമായ ചില സസ്യഭാഗങ്ങൾ താഴെ പറയും പ്രകാരമാണ്.
വേരുകൾ
ആവണക്ക്, ആടലോടകം, കുറുന്തോട്ടി, കൂവളം, കുമിഴ്, ഉമ്മത്ത്, കണ്ടകാരി, വഴുതിന, പുത്തരിച്ചുണ്ട, കരിനൊച്ചി, പുഷ്കരമൂലം രാമച്ചം, ഓരില, മൂവില, കൊടുത്തൂവ, വയൽച്ചുള്ളി, വയമ്പ്, മുഞ്ഞ, കരളകം എന്നിവയുടെ വേരുകളാണ് കൂടുതൽ ഉപയോഗിക്കുന്നത്.
കാതൽ
കാതൽ കൂടുതലായി ഉപയോഗിക്കുന്നത് കരിങ്ങാലി, പതിമുകം, വേങ്ങ, ചന്ദനം, രക്തചന്ദനം എന്നീ വൃക്ഷങ്ങളുടേതും വള്ളികൾ കൂടുതൽ ഉപയോഗിക്കുന്നത് ചിറ്റമൃത്, ചങ്ങലംപരണ്ട, പർപ്പടക പുല്ല്, ബ്രഹ്മി, പടവലം എന്നിവയുടേതുമാണ്.
തൊലികൾ
അത്തി, ഇത്തി, അരയാൽ, പേരാൽ, അശോകം, ഉങ്ങ്, കണിക്കൊന്ന, ഞാവൽ, നീർമരുത്, ആര്യവേപ്പ്, മുരിങ്ങ, കരിവേലം, പാച്ചോറ്റി, ഇല വംശം എന്നിവയുടെ തൊലികളാണ് കൂടുതൽ ഉപയോഗിക്കുന്നത്.
ഇലകൾ
കരിനൊച്ചി, കറ്റാർവാഴ, കയ്യോന്നി, ആര്യവേപ്പ്, കൂവളം, താന്നി, തുളസി, മുരിങ്ങ, നീലയമരി, പിച്ചകം, കോൽപുളി, പച്ചില, ചെമ്പരത്തി, വെറ്റില എന്നിവയുടെ ഇലകളാണ് കൂടുതൽ ഉപയോഗിക്കുന്നത്.
കിഴങ്ങുകൾ
അടപതിയൻ, കൊടുവേലി, നറുനീണ്ടി, മഞ്ഞൾ, ഇഞ്ചി, ശതാവരി, പാൽമുതക്ക്, കദളിവാഴ എന്നിവയാണ് ഉപയോഗിക്കുന്നത്.
പൂക്കൾ
കരയാംപു, തുളസി, തെച്ചി, താമര, തെങ്ങ്, താതിരി, ജാതി എന്നിവയുടെയാണ്.
ഫലങ്ങൾ
കൂടുതലായി ഉപയോഗിക്കുന്നത് ചെറുനാരങ്ങ, മാതളനാരങ്ങ ഇളനീർ, കുമ്പളങ്ങ, നെല്ലിക്ക, കടുക്ക, താന്നിക്ക, ജാതിക്ക, തേങ്ങ, തിപ്പലി, കുരുമുളക്, പരുത്തികുരു, മുതിര, ഉഴുന്ന്, എള്ള്, ഏലക്ക എന്നിവയുടേതുമാണ്.
സമൂലം
കൂടുതലായി ഉപയോഗിക്കുന്ന സസ്യങ്ങൾ പടവലം, ചെറുള, തഴുതാമ, ഇരുവേലി, അടക്കാമണിയൻ, ഉഴിഞ്ഞ, കിര്യാത്ത, കീഴാർനെല്ലി എന്നിവയുമാകുന്നു.
ഔഷധ സസ്യങ്ങൾ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് വ്യാവസായിക പ്രാധാന്യമുള്ളതും പ്രഥമ ശുശ്രൂഷക്ക് ഉപയോഗിക്കാവുന്നതുമായ ചെടികൾ തിരഞ്ഞെടുക്കുവാനും ഔഷധ വ്യവസായികളുമായി ധാരണപത്രം ഉറപ്പാക്കുവാനുമാണ്.
കടപ്പാട്: കൃഷിയങ്കണം
അവസാനം പരിഷ്കരിച്ചത് : 7/13/2020