অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഔഷധസസ്യങ്ങളുടെ വിവരണം

ഔഷധസസ്യങ്ങളുടെ വിവരണം

ജാതി മരം

ദക്ഷിണേന്ത്യന്‍ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ്‌ ജാതി(Myristica fragrans). ലോകത്തിൽ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളാണ്‌ ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ജാതിക്കായും ജാതി പത്രിയും. ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണ്‌ ജന്മദേശം എങ്കിലും, ഇന്ത്യോനേഷ്യയിൽ മാത്രമല്ല ജാതി കൃഷി ചെയ്യുന്നത്. ഗ്രനേഡ, ഇന്ത്യ, മലേഷ്യ, പാപുവ ന്യൂ ഗിനിയ, ശ്രീലങ്ക എന്നിവിടങ്ങളിലും കൃഷിചെയ്യുന്നു.ആഗോളതലത്തിൽ ജാതിക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഇന്ത്യോനേഷ്യയിലാണ്‌. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആണ്‌. കേരളത്തേക്കൂടാതെ തമിഴ് നാട് , കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്. വളരെയധികം തണൽ ആവശ്യമുള്ള സസ്യമാണ്‌ ജാതി. അതിനാൽ തനിവിളയെക്കാൾ മിശ്രവിളയായിട്ടാണ്‌ കേരളത്തിൽ പൊതുവേ ജാതി കൃഷി ചെയ്യുന്നത്. ഏകദേശം 20 മീറ്ററിൽ കൂടുതൽ പൊക്കത്തിൽ വളരുന്ന സസ്യമാണ്‌ ജാതി. ഈ ചെടിയുടെ പ്രധാന സവിശേഷത‍ ഇതിൽ ആൺ മരവും പെൺ മരവും വെവ്വേറെയാണ്‌ കാണപ്പെടുന്നത്. ഇതിൽ ആൺ ചെടികൾക്ക് കായ് ഫലം ഇല്ല. പെൺ മരമാണ്‌ ആൺ മരത്തിൽ നിന്നും പരാഗണം വഴി ഫലം തരുന്നത്. ജാതി പലരീതികളിൽ കൃഷി ചെയ്യാവുന്ന ഒരു സസ്യമാണ്‌. വിത്തുപാകി മുളപ്പിച്ചും,ടോപ്പ് വർക്കിംഗ്, ഒട്ടിക്കൽ, ഫീൽഡ് ബഡ്ഡിംഗ് എന്നീ സങ്കേതങ്ങൾ ഉപയോഗിച്ചും കൃഷി നടത്താം.

നല്ലതുപോലെ മൂപ്പെത്തിയ ജാതിക്ക കൾ ചെടിയിൽ നിന്നും അടർത്തിയെടുത്ത് മണ്ണും മണലും കലർത്തി പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിൽ വിത്ത് പാകി പുതിയ മരങ്ങൾ മുളപ്പിച്ച് എടുക്കാം. ഇങ്ങനെ പാകുന്ന സ്ഥലത്ത് തണലും നല്ല ഈർപ്പവും ഉണ്ടായിരിക്കണം. ഏകദേശം രണ്ട് മാസത്തോളം ദിവസവും നനക്കണം. രണ്ട് മാസത്തിനുശേഷം കിളിർപ്പ് ഉണ്ടാകുകയും, രണ്ടില പാകമാകുമ്പോൾ വേരിന്‌ കേട്പാടുകൾ സംഭവിക്കാതെ പോട്ടിംഗ് മിശ്രിതം നറച്ച ചട്ടികളിലോ പോളിത്തീൻ കവറുകളിലോ നടുന്നു. ഇങ്ങനെ നടുന്ന തൈകൾ മഴക്കാലത്തോടു കൂടി പ്രധാന കൃഷിയിടങ്ങളിൽ മാറ്റി നടാവുന്നതുമാണ്‌. ഇങ്ങനെ നടുന്ന തൈകൾക്ക് തണലായും അന്തരീക്ഷത്തിൽ ഈർപ്പം നിലനിർത്താനുമായി പുതയിടുകയോ തണൽ മരങ്ങൾ നട്ടു പിടിപ്പിക്കുകയോ ചെയ്യാം. ഇങ്ങനെ ഉണ്ടാകുന്ന തൈകളിൽ നിന്നും പത്ത് പെൺ മരത്തിന്‌ ഒരു ആൺ മരം എന്ന രീതിയിൽ നിലനിർത്തി ബാക്കിയുള്ള ആൺ മരങ്ങൾ മുറിച്ച് മാറ്റണം. ജാതി ഇടവിളയായി നടുകയാണേങ്കിൽ തെങ്ങ്, കമുക് തുടങ്ങിയ വൃക്ഷങ്ങളുടെ ഇറ്റയിൽ നടുന്നതാണ്‌ ഉത്തമം. കാരണം തെങ്ങും കമുകും ജാതി തൈകൾക്ക് നല്ലതുപോലെ തണൽ നൽകും. ജാതി ഇടവിളയായിട്ടല്ല നടുന്നതെങ്കിൽ തണൽ നൽകുന്നതിനായ് ശീമക്കൊന്ന, മുരിക്ക്, വാഴ, അക്കേഷ്യ തുടങ്ങിയവ നടാം. ഇതിൽ വാഴനടുന്നതാണ്‌ ഏറ്റവും നല്ലത്, കാരണം ആവശ്യത്തിനു തണൽ നൽകുന്നതിനു പുറമേ അന്തരീക്ഷത്തിൽ നല്ലതുപോലെ ഈർപ്പം നിലനിർത്താൻ വാഴകൾക്ക് കഴിയുന്നു. കൂടാതെ വാഴയുടെ വിളവെടുപ്പിനു ശേഷം അവയുടെ അവശിഷ്ടങ്ങൾ ജാതിക്ക് പുതയിടുന്നതിനും ഉപയോഗിക്കാം.

ടോപ്പ് വർക്കിംഗ്:

തൈ നട്ട് ആൺ മരമാണോ പെൺ മരമാണോ എന്നറിഞ്ഞ (ഏകദേശം ഏഴോ എട്ടോ വർഷങ്ങൾക്ക് )ശേഷം ആൺ മരങ്ങളെ നശിപ്പിക്കാതെ അവയെ ലിംഗഭേദം വരുത്തി പെൺ മരമാക്കുന്ന പ്രക്രിയയെ ആണ്‌ ടോപ്പ് വർക്കിംഗ് എന്ന് പറയുന്നത്. മഴക്കാലത്തിനു മുൻപായി ആൺ മരങ്ങളെ ചുവട്ടിൽ നിന്നും ഏകദേശം 1 മീറ്റർ പൊക്കത്തിൽ രണ്ടോ മൂന്നോ ശാഖകൾ നിർത്തി മുറിച്ചുകളയുന്നു. പിന്നീട് തായ് തടിയിൽ നിന്നും മുറിച്ച് മാറ്റിയ ഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്ന കിളിർപ്പുകളിൽ പെൺ മരത്തിന്‍റെ  ശാഖകളിൽ നിന്നും എടുക്കുന്ന കിളിർപ്പ് വച്ച് കെട്ടി, ആൺ കിളിർപ്പുകളെ വളരാൻ അനുവദിക്കാതെ പെൺ കിളിർപ്പുകൾ മാത്രം വളർത്തി കായ ഉണ്ടാക്കുന്ന രീതിയാണ്‌ ടോപ്പ് വർക്കിംഗ്.

ഒട്ടിക്കൽ:

നാടൻ ജാതി ഇനങ്ങളിലോ കാട്ടു ജാതി ഇനങ്ങളിലോ പെൺ ജാതി മരത്തിന്‍റെ  മുകുളങ്ങൾ ഒട്ടിച്ച് ചേർത്തും നല്ല ജാതി തൈകൾ നടീൽ വസ്തുക്കളായി ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയയാണ്‌ ഒട്ടിക്കൽ എന്ന് പറയുന്നത്.

ഫീൽഡ് ബഡ്ഡിംഗ്:

കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത തനതു നടീൽ വസ്തു നിർമ്മാണ രീതിയാണ്‌ ഫീൽഡ് ബഡ്ഡിംഗ്. ജാതി മരങ്ങളിൽ ആൺ / പെൺ വ്യത്യാസം അറിയുന്നതിനും മുൻപ് ചെയ്യുന്ന രീതിയാണിത്. കൃഷി സ്ഥലത്തെ എല്ലാ മരങ്ങളിലും ഈ രീതി അനുവർത്തിക്കേണ്ടതാണ്‌. തൈകൾക്ക് ഏകദേശം മൂന്ന് വർഷം പാകമാകുമ്പോൾ ഈ പ്രക്രിയ നടപ്പാക്കുന്നു. ഈ രീതി ചെയ്യുമ്പോൾ തൈകളുടെ മൂട് വണ്ണം നാല്‌ സെന്റീമീറ്ററിൽ കുറയാൻ പാടില്ല. ഇതിന്‍റെ  ആദ്യ പടിയായി നല്ല കായ് ഫലം തരുന്ന പെൺ മരങ്ങളിൽ നിന്നും മുകളിലേക്ക് വളരുന്ന ശിഖരങ്ങളിൽ നിന്നും കമ്പുകൾ മുറിച്ചെടുക്കുന്നു. ആ കമ്പുകളിൽ നിന്നുമുള്ള മുകുളങ്ങൾ മൂന്ന് മുതൽ നാല്‌ സെ. മീ . നീളത്തിൽ തൊലിയോട് കൂടി ചെത്തിയെടുക്കുന്നു. അത്തരം മുകുളങ്ങൾ, ഏത് തൈയിലാണോ വയ്ക്കേണ്ടത് ആ തൈകളിൽ, താഴെനിന്നും ആദ്യത്തെ ശാഖയുടെ താഴെയായി ഏകദേശം മൂന്ന് മുതൽ അഞ്ച് സെന്റീ മീറ്റർ നീളത്തിൽ തൊലി ചെത്തി മാറ്റുന്നു. തൊലി ചെത്തി മാറ്റിയ സ്ഥലത്ത് നേരത്തേ ശേഖരിച്ച് വച്ചിരിക്കുന്ന മുകുളം വച്ച് പോളിത്തീൻ നാടകൊണ്ട് കെട്ടി വയ്ക്കുന്നു. ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത ചേർത്ത് കെട്ടുമ്പോൾ മുകുളം മൂടിപ്പോകാൻ പാടില്ല എന്നുള്ളതാണ്‌. ഇങ്ങനെ വച്ചുകെട്ടുന്ന മുകുളങ്ങൾ വളരുന്നതിനനുസരിച്ച് മുകളിലെ ബാക്കി ശിഖരങ്ങളും പിന്നീട് ഒട്ടിച്ചിരിക്കുന്നതിന്‌ മുകളിൽ ഉള്ള പഴയ തൈയുടെ ബാക്കി ഭാഗങ്ങളും പൂർണ്ണമായി മുറിച്ച് മാറ്റേണ്ടതാണ്‌.

നന്നായി വളം ആവശ്യമുള്ള സസ്യമാണ്‌ ജാതി. കൃഷി തുടങ്ങി ഒന്നാം വർഷം മുതൽ വളം നൽകേണ്ടിവരുന്ന ഒരു സുഗന്ധവിളയാണ്‌ ജാതി. ഒന്നാം വർഷം ഓരോ ചെടിക്കുമായി പത്തുകിലോ പച്ചിലവളം /കമ്പോസ്റ്റ് /ജൈവവളം എന്നിവയിലേതെങ്കിലും ഒന്നിന്‍റെ കൂടെ 20 ഗ്രാം നൈട്രജൻ, 18 ഗ്രാം ഫോസ് ഫറസ്, 50 ഗ്രാം പൊട്ടാസ്യം എന്നിവ നൽകണം. ക്രമാനുഗതമായി ഈ അളവ് കൂട്ടി 15 വർഷം(പ്രായപൂർത്തി) ആകുമ്പോൾ ഓരോ മരത്തിനും 50 കിലോ പച്ചില/കമ്പോസ്റ്റ്/ജൈവ വളങ്ങളിൽ ഏതെങ്കിലും ഒന്നും 500:250:100 ഗ്രാം കണക്കിൽ രാസവളവും നൽകണം. കൂടാതെ നല്ല വിളവിനായ് ചെടിയൊന്നിന്‌ 1100 ഗ്രാം യൂറിയ, 840 ഗ്രാം സൂപ്പർ ഫോസ് ഫേറ്റ് 2000 ഗ്രാം (2കിലോ) മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ട് തവണകളായി മെയ് - ജൂൺ , സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലായി ജൈവ വളത്തിനോടൊപ്പം നൽകണം. വളം ചെടിയുടെ ചുവട്ടിലായി, ചെടിയിൽ നിന്നും ഒന്നരമീറ്റർ അകലത്തിലായി കാൽ മീറ്ററോളം താഴ്ചയിലിട്ട് മണ്ണിട്ട് നല്ലതുപോലെ മൂടണം.

കഫ വാത രോഗങ്ങൾ ശമിപ്പിക്കും. ദഹനശക്തി കൂട്ടും.മലബന്ധം ഉണ്ടാക്കും. വയറിളക്കത്തിനും ഉദരശൂലയ്ക്കും നല്ലതാണു്. ത്രിഫലാദി ചൂർണ്ണം, ആട്ടിൻ സൂപ്പ് , അതിസാരഗ്രഹണിചൂർണ്ണം,കർപ്പൂരാദി ചൂർണ്ണം, ജീരകാദിചൂർണ്ണം, എന്നിവയിൽ ഉപയോഗിക്കുന്നു.

ഗ്രാമ്പു

സിസിജിയം അരോമാറ്റിക്കം (Zyzygium Aromaticum Merr.) എന്നാണ് ഗ്രാമ്പൂവിന്‍റെ ശാസ്ത്രനാമം. ഒരു നിത്യഹരിത ചെറുവൃക്ഷമാണ് ഗ്രാമ്പൂ. എണ്ണപ്പച്ച നിറമുള്ള ഇലകള്‍ക്ക് ക്ലോവ് ഓയിലിന്‍റെ ഗന്ധമുണ്ട്. മറ്റുസസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗ്രാമ്പുവിന്‍റെ പൂമൊട്ടുകള്‍ പറിച്ചുണക്കിയാണ് ഗ്രാമ്പുവാക്കുന്നത്. ഉണങ്ങിയ ഗ്രാമ്പുമൊട്ടുകള്‍ വാറ്റിയാണ് വളരെ വിലയേറിയ സുഗന്ധതൈലമായ ഗ്രാമ്പൂഎണ്ണ എടുക്കുന്നത്. പൂമൊട്ടുകളില്‍ 19% വരെ തൈലമുണ്ട്. യൂറോപ്പിലും മറ്റും അണുനാശകമായും അത്തറായും മൗത്ത് ‌വാഷായുമൊക്കെ ഗ്രാമ്പൂതൈലം ഉപയോഗിക്കുന്നു. ഈ തൈലത്തിലെ പ്രധാന രാസഘടകമായ യൂജിനോള്‍ ആണ് തൈലത്തിനു മണവും എരിവും നല്കുന്നത്. ഗ്രാമ്പൂ മൊട്ടുകള്‍ക്ക് ആദ്യം ഇളംപച്ച നിറമായിരിക്കും. മൊട്ടു വളരുന്നതോടെ നിറം ഇളം റോസാകുന്നു. ഈ ഘട്ടത്തില്‍ തൈലത്തിന്‍റെ അളവു കൂടും. രക്തചംക്രമണ വ്യവസ്ഥയെ ദൃഢപ്പെടുത്താനും ശരീരോഷ്മാവിനെ ക്രമീകരിക്കാനും സഹായിക്കുന്ന വസ്തുക്കള്‍ ഗ്രാമ്പൂ എണ്ണയിലുണ്ട്. ഇതു പുരട്ടി തിരുമ്മുന്നത് ചര്‍മ്മത്തിനുബലമേകും. ഗ്രാമ്പൂതൈലം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് മൗത്ത് വാഷായി ഉപയോഗിച്ചാല്‍ വായ്നാറ്റവും പല്ലുവേദനയും മാറും. ഗ്രാമ്പുതൈലം ഇറ്റിച്ച വെള്ളത്തില്‍ ആവി പിടിച്ചാല്‍ ജലദോഷം മാറുകയും പീനസവും കഫക്കെട്ടും ഒഴിവാകുകയും ചെയ്യും.

വായുകോപം ശമിപ്പിക്കുന്ന ഔഷധമാണു ഗ്രാമ്പൂ. ദഹനക്കുറവ്, വയറുവേദന തുടങ്ങിയ ഉദരരോഗങ്ങളുടെ ചികിത്സയില്‍ ഗ്രാമ്പൂ ഫലപ്രദമാണ്. ആറു ഗ്രാമ്പൂ 30 മില്ലി വെള്ളത്തിലിട്ടു തിളപ്പിച്ചു തയ്യാറാക്കുന്ന ഡിക്കോഷന്‍ ദിവസവും ആഹാരത്തിനു ശേഷം മൂന്നുനേരം കഴിച്ചാല്‍, ഉദരരോഗങ്ങള്‍ശമിക്കും. ഗ്രാമ്പൂവില്‍ നിന്നെടുക്കുന്ന എണ്ണ ഒന്നോ രണ്ടോ തുള്ളിയെടുത്ത് ഒരു നുള്ള് പഞ്ചസാരയും ഒരു നുള്ള് സോഡാപ്പൊടിയും ചേര്‍ത്ത് മൂന്നു നേരം കഴിച്ചാലും ഉദരരോഗങ്ങള്‍ക്ക് ശമനം കിട്ടും. ഗ്രാമ്പൂ വറുത്തുപൊടിച്ചു തേനില്‍ ചാലിച്ചു കഴിച്ചാല്‍ ഛര്‍ദ്ദി നില്‍ക്കും. ഭക്ഷ്യവിഷബാധ മൂലമുണ്ടാകുന്നവയറിളക്കവും ഛര്‍ദ്ദിയും ഇല്ലാതാക്കാനും ഗ്രാമ്പൂ നന്ന്. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ആറു ഗ്രാമ്പൂ ഇട്ട് 12മണിക്കൂര്‍ അടച്ചുവെച്ച് ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരിയും ഒരു നുള്ള് ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി, അരമണിക്കൂര്‍ ഇടവിട്ട് രോഗിക്കു കൊടുത്താല്‍ ഛര്‍ദ്ദി ശമിക്കും. ഗ്രാമ്പൂ നല്ല വേദനസംഹാരിയാണ്.

പല്ലുവേദനക്ക് ഒന്നാന്തരം മരുന്നാണ് ഗ്രാമ്പൂ.. അല്പം പഞ്ഞിയെടുത്ത് ഗ്രാമ്പൂ തൈലത്തില്‍ മുക്കി, പല്ലിന്റെപോട്ടില്‍ വെച്ചാല്‍ വേദന ശമിക്കും. ചെവിവേദന അകറ്റാനും ഗ്രാമ്പൂ നന്ന്. ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ ഒരു ഗ്രാമ്പൂ ഇട്ട് ചൂടാക്കി ആറുമ്പോള്‍ അതില്‍ നിന്ന് മൂന്നോ നാലോ തുള്ളിയെടുത്ത് ചെവിയിലൊഴിച്ചാല്‍ വേദന മാറും. മസിലുകളുടെ വേദനയകറ്റാന്‍ ഗ്രാമ്പൂതൈലം പുരട്ടിയാല്‍ മതി. സന്ധിവേദന, മൈഗ്രെയിന്‍ തുടങ്ങിയ രോഗങ്ങള്‍ അസഹീനമാവുമ്പോള്‍, അഞ്ചു തുള്ളി ഗ്രാമ്പൂ എണ്ണ 30 മില്ലി ഒലിവ്ഓയിലില്‍ യോജിപ്പിച്ചു പുരട്ടുക. ഗ്രാമ്പൂവും ഉപ്പുപരലും പാലില്‍ അരച്ചിട്ടാല്‍ കൊടിയ തലവേദന ശമിക്കും. സന്ധിവാതത്തിനും വാത സംബന്ധമായ മറ്റു രോഗങ്ങള്‍ക്കും പറ്റിയ മരുന്നാണ് ഗ്രാമ്പൂ. വാതംമൂലമുണ്ടാകുന്ന ഹോര്‍മോണുകളെ നിയന്ത്രിച്ചു നിറുത്താന്‍ ഇതിനു കഴിയും. ദിവസവും രണ്ടു നേരം ഓരോ ഗ്രാമ്പൂ വായിലിട്ടു ചവക്കുന്നതും കൊള്ളാം. അപകടകരമായ രീതിയില്‍ രക്തം കട്ടകെട്ടുന്നതും ഗ്രാമ്പൂ തടയുന്നു. ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദമായ പ്രതിവിധിയാണ് ഗ്രാമ്പൂ. ഗ്രാമ്പൂ ഡിക്കോക്ഷന്‍ നല്ല ചുമസംഹാരിയാണ്.

ഗ്രാമ്പൂതൈലം അല്പംടാര്‍പെന്റൈന്‍ ചേര്‍ത്ത് മാറത്തുഴിഞ്ഞാല്‍ ബ്രോങ്കൈറ്റിസ്, വില്ലന്‍ചുമ, ന്യൂമോണിയ എന്നിവകൊണ്ടുണ്ടാകുന്ന വിഷമതകള്‍ മാറും. ഒരു ഗ്രാമ്പൂ ഒരു കല്ലുപ്പും ചേര്‍ത്ത് ചവച്ചാല്‍ തൊണ്ട ഉറുത്തുന്നതു കൊണ്ടുള്ള അസ്വസ്ഥത ശമിക്കും. കണ്‍കുരുവിന് ഒന്നാന്തരം മരുന്നാണ് ഗ്രാമ്പൂ. കണ്‍കുരു മൂലമുണ്ടാകുന്ന നീരില്‍ നിന്നും മോചനം കിട്ടാന്‍, ഒരു ഗ്രാമ്പൂ വെള്ളത്തിലിട്ട് നന്നായി തിരുമ്മിയശേഷം കണ്‍പോളകളില്‍ പുരട്ടിയാല്‍ അസഹ്യത മാറും. ലൈംഗികമരവിപ്പും ബലഹീനതയും ഇല്ലാതാക്കാന്‍ പറ്റിയ മരുന്നാണ് ഗ്രാമ്പൂ. മുരിങ്ങമരത്തിന്‍റെ തടിയില്‍ ഒരു ദ്വാരമുണ്ടാക്കി, അതില്‍ നിറയെ ഗ്രാമ്പൂ നിറച്ച് ദ്വാരം മെഴുകുരുക്കി അടക്കുക. 40 ദിവസം കഴിഞ്ഞ് ഈ ഗ്രാമ്പൂ പുറത്തെടുത്ത്, തണലില്‍ ഉണക്കി കാറ്റു കയറാതെ കുപ്പിയിലടച്ചു സൂക്ഷിക്കുക. ഭക്ഷണശേഷം ഒരു ഗ്രാമ്പൂ നാക്കിനടിയിലിടുക. ഒരുനുള്ള് ഗ്രാമ്പൂപൊടി തേനില്‍ ചാലിച്ച് മൂന്നുനേരം സേവിച്ചാല്‍ ശ്വാസംമുട്ടലും കഫക്കെട്ടും കുറയും. ഗ്രാമ്പൂ തൈലം മരുന്നിനും ആഹാരത്തിനും രുചി വരുത്താനും, സുഗന്ധ വസ്തുക്കള്‍ ഉണ്ടാക്കാനും ചിലയിനം സിഗരറ്റുകളില്‍ സുഗന്ധമുണ്ടാക്കാനും ഉപയോഗിക്കുന്നു. ടൂത്ത് പേസ്റ്റ്, ബേക്കറി പലഹാരങ്ങള്‍, മരുന്നുകള്‍, തുടങ്ങിയവയില്‍ ഗ്രാമ്പൂ സത്ത് അടങ്ങിയിട്ടുണ്ട്. വെറ്റില മുറുക്കുമ്പോഴും രുചിക്കും സുഗന്ധത്തിനും വേണ്ടി ഇതു ചേര്‍ക്കുന്നു.

കാന്താരി

കേരളത്തിൽ കറികളിൽ ഉപയോഗിക്കുന്നമുളക് വർഗ്ഗത്തില്‍ പെട്ട ഒരു ചെറിയ ചെടിയാണ്‌ കാന്താരി (ചീനിമുളക് ചെടി). ഇതിന്‍റെ  കായ് കാന്താരിമുളക് എന്നറിയപ്പെടുന്നു. വടക്കൻ കേരളത്തിൽ ഇത് ചീനിമുളക് എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരണയായി കേരളത്തിൽ കറികൾക്ക് എരിവ് രസം വരുത്തുവാൻ ചേർക്കുന്നു. Solanaceae എന്ന സസ്യകുടുംബത്തിൽ ഉൾപ്പെട്ട ഇതിന്‍റെ  ശാസ്ത്രീയനാമം Capsicum frutescens എന്നാണ്‌.ഏകദേശം 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. വെളുപ്പുകലർന്ന പച്ച നിറത്തോടുകൂടിയ പൂക്കളാണ്‌ ഇതിനുള്ളത്. കായ്കൾക്ക് പച്ച നിറവും പാകമാകുമ്പോൾ ചുവപ്പോ, മഞ്ഞ കലർന്ന ചുവപ്പോ നിറമായിരിക്കും. വളരെയധികം എരിവ് കൂടിയ ഒരു മുളകാണ്‌ ഇതിൽ നിന്നും ഉണ്ടാകുന്നത്.എരിവിന്‍റെ രാജാവാണെങ്കിലും കാന്താരിയ്‌ക്ക് അവകാശപ്പെടാനുള്ള ഔഷധപ്പെരുമ ഏറെയാണ്. എരിവ് കൂടുന്തോറും ഔഷധമൂല്യവും കൂടുമത്രേ. കാന്താരി രസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ കഴിവുണ്ട്. കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ നിയന്ത്രിക്കും. കൊളസ്‌ട്രോൾ കുറയ്‌ക്കാനും രക്തക്കുഴലുകൾ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. ഉമിനീരുൾപ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹന പ്രക്രിയയെ സഹായിക്കും. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്‍റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനാൽ വേദനസംഹാരിയായി പ്രവർത്തിക്കാൻകാന്താരിക്ക് കഴിയും. 
വിശപ്പു വർദ്ധിപ്പിക്കാനും, കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു. ശരീരത്തിലെ കൊളസ്റ്റ്രോളിന്‍റെ അളവിനെ നിയന്ത്രിക്കാനും കാന്താരി ഉപയോഗിക്കാം. രക്തത്തെ നേർപ്പിക്കുന്ന ഘടകങ്ങളും കാന്താരിയിലുണ്ട്. വേണ്ടി ,ഔഷധമായും ഉപയോഗിക്കുന്നു. ' വൈദ്യശാസ്‌ത്രത്തിൽ കാന്താരി വാതരോഗങ്ങൾക്ക് ശമനമുണ്ടാക്കുവാനും അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന തുടങ്ങിയവ ഭേദപ്പെടുത്തുവാനും ഉപയോഗിച്ചു പോരുന്നുഅവലംബം. കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു.

കാന്താരി അരച്ച്‌ സോപ്പ്‌ ലായനിയിൽ കലക്കി കീടനാശിനിയായും ഉപയോഗിക്കുന്നു.

വിറ്റാമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ് പച്ചമുളക്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഒരു തവണയെങ്കിലു പച്ചമുളക് കടിക്കാത്തവരുണ്ടാവില്ല. എത്ര എരിഞ്ഞാലും പച്ചമുളക് നമ്മള്‍ ഒഴിവാക്കാറുമില്ല. എന്നാല്‍ വിറ്റാമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങയ മൂലകങ്ങളുടെയും കലവറയാണ് പച്ചമുളകെന്ന് എത്രപേര്‍ക്കറിയാം. നിങ്ങളറിയാത്ത വേറെയും ഗുണങ്ങള്‍ പച്ചമുളകിനുണ്ട്. പച്ചമുളകിന്റെ മറ്റ് ചില ഗുണങ്ങള്‍ പരിചയപ്പെടാം. പച്ചമുളക് വിറ്റാമിന്‍ സിയുടെ ഉറവിടമാണ്. പച്ചമുളക് കഴിക്കുന്നത് നിങ്ങളുടെ ചര്‍മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കും. വിറ്റാമിന്‍ സിയും നാരുകളും നിറയെ ഉള്ളതിനാല്‍ പച്ചമുളക് കഴിക്കുന്നത് ദഹനം എളുപ്പമാക്കും. ഒപ്പം മുളക് കഴിക്കുമ്പോള്‍ ഉമിനീര്‍ ഉത്പാദനം വര്‍ധിക്കുന്നതും ആഹാരം ശരിയായി ദഹിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലുള്ള അമിതമായ കൊഴുപ്പ് ഉരുക്കിക്കളയാന്‍ പച്ചമുളക് കഴിക്കുന്നത് ഉത്തമമാണ്. ഇത് വഴി ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കിനിര്‍ത്താന്‍ ഇത് സഹായിക്കും

നറുനീണ്ടി

ആരോഗ്യപരിപാലനത്തിന് ആയുര്‍വേദം നിര്‍ദേശിക്കുന്ന പ്രധാന ഔഷധങ്ങളിലൊന്നാണ് നറുനീണ്ടി അഥവാ നന്നാറി. ആധുനിക കാലത്ത് പലരും മനപ്പൂര്‍വ്വം മറക്കുന്ന ഈ ഔഷധത്തിന്‍റെ  ഗുണങ്ങള്‍ ഏറെയാണ്‌. ത്വക് രോഗങ്ങള്‍ക്കും രക്തശുദ്ധിക്കുമുള്ള ഫലപ്രദമായ ഒറ്റമൂലിയാണ് നറുനീണ്ടി. വാതം, മൂത്രാശയ രോഗങ്ങള്‍, സിഫിലിസ് എന്നിവക്കുള്ള ഔഷധമായ നറുനീണ്ടി ലൈംഗികശേഷി വര്‍ധിപ്പിക്കുവാനും ഉത്തമമാണ്. പിത്തജ്വരത്തിന് ചിറ്റമൃത്,രാമച്ചം,നറുനീണ്ടി, മുത്തങ്ങ, ചന്ദനം എന്നിവ ചേര്‍ത്തു കഷായമുണ്ടാക്കി തേനും പഞ്ചസാരയും മേമ്പൊടിച്ചേര്‍ത്ത് സേവിക്കുന്നത് ഗുണം ചെയ്യും. നറുനീണ്ടിക്കിഴങ്ങിന്‍റെ  പുറംതൊലി കളഞ്ഞ് നല്ല പോലെ അരച്ച് നെല്ലിക്കയുടെ  വലിപ്പത്തില്‍ പശുവിന്‍ പാലില്‍ ചേര്‍ത്ത് തുടര്‍ച്ചയായി 21 ദിവസം കഴിച്ചാല്‍ മൂത്രക്കല്ലിന് ശമനമുണ്ടാകും. നറുനീണ്ടി പാല്‍ക്കഷായം വച്ച് ദിവസം രണ്ടു നേരം 25 മില്ലിലിറ്റര്‍ വീതം രണ്ടോ മൂന്നോ ദിവസം കുടിക്കുന്നത് മൂത്രസംബന്ധമായ അസുഖങ്ങള്‍ പരിഹരിക്കും. മൂത്രാശയക്കല്ല് അകറ്റാന്‍ നറുനീണ്ടി വേര് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. അസ്ഥിസ്രാവം, ചുട്ടുനീറ്റല്‍, വിഷം, ചൊറി, ചിരങ്ങ് തുടങ്ങിയവ അകറ്റാന്‍ നറുനീണ്ടി ഉത്തമ ഒഷധമാണ്. ചര്‍മ്മരോഗം, കുഷ്ഠം, രക്തദുഷ്ടി, സിഫിലിസ്, തേള്‍വിഷം എന്നിവക്ക് നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച് പൊടി മൂന്നു ഗ്രാം വീതം രാവിലെയും വൈകിട്ടും കഴിക്കുകയോ കഷായം വെച്ചു കുട്ടിക്കുകയോ ചെയ്യുന്നത് ഗുണം ചെയ്യും. നറുനീണ്ടിയുടെ വേര് കഷായവും കല്‍ക്കവുമാക്കി വിധിപ്രകാരം നെയ്യ് കാച്ചി സേവിച്ചാല്‍ എലി കടിച്ചാലുണ്ടാകുന്ന അസുഖങ്ങള്‍ മാറും. നറുനീണ്ടി കിഴങ്ങ് കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ചത് തേങ്ങാ പാലില്‍ കലക്കി ഭക്ഷണത്തിനു ശേഷം കഴിക്കുന്നത് വയറു വേദനക്ക് പരിഹാരമാണ്. ഗര്‍ഭിണികളുടെ മോണിംഗ് സിക്‌നസ് മാറാന്‍ നറുനീണ്ടി സത്തു ചേര്‍ത്ത വെള്ളം കുടിക്കാം.

കീര (പച്ച വെള്ളരിക്ക)

വെള്ളരിക്കയുടെ സസ്യനാമം ‘കുകൂമിസ്സാറ്റിവസ്’ എന്നാണ്. ഇത് ‘കുകൂര്‍ ബീട്ടേസിയേ’ എന്ന സസ്യ കുടുംബത്തിന്‍െറ കീഴിലാണ്. പൊതുവില്‍ വെള്ളരിക്കയുടെ പുറംതോട് ലേശം തടിച്ചിട്ടാണ് കാണപ്പെടുന്നത്. അതേസമയം അര്‍മീനിയയിലെ വെള്ളരിക്കയുടെ പുറംതോട് വളരെ മൃദുലമാണ്. ‘കേഗിരി’ എന്ന നാമമുള്ള ശ്രീലങ്കന്‍ വെള്ളരിക്കയുടെ പുറംതോടും നേര്‍ത്തതാണ്. വടക്കേ അമേരിക്കയില്‍ ഉല്‍പാദിപ്പിക്കുന്ന ‘മാരാ’ എന്ന ഇനം വെള്ളരി രൂപത്തില്‍ ചെറുതും നിറത്തില്‍ കടുംപച്ചയുമാണ്. ബ്രിട്ടനിലെ ‘സെയിന്‍സ്പെറി’ ഇനത്തില്‍പെട്ട വെള്ളരിയുടെ പുറംതോട് ഉള്‍വശത്തെ മാംസം കാണത്തക്കവിധം കണ്ണാടിപോലിരിക്കും. ‘ബെല്‍റ്റ് ആപ്പിള്‍’ എന്നുപേരായ വെള്ളരിക്ക, അതിന്‍െറ കായ്പരുവത്തില്‍ തന്നെ മധുരിക്കുമത്രെ! ത്രിനിപ്പഴം എന്നറിയപ്പെടുന്ന ഒരിനം പഴത്തിന് ഗുണ്ട് വെള്ളരിക്ക എന്നും പറയപ്പെടുന്നു.

വെള്ളരിക്ക അരച്ച് പാലും പഞ്ചസാരയും ചേര്‍ത്ത് സേവിച്ചാല്‍ ശരീരത്തിന് തണുപ്പ് ലഭിക്കുന്നു. വെള്ളരിയുടെ ചാറ്, നാരങ്ങാനീരുമായി കലര്‍ത്തി കഴിച്ചാല്‍ നല്ല ഉന്മേഷം ലഭിക്കും. വെള്ളരിക്ക തുടര്‍ന്ന് കഴിച്ചു കൊണ്ടിരുന്നാല്‍ ഗ്രീഷ്മകാലത്തുണ്ടാകുന്ന ചിക്കന്‍ പോക്സ്, വസൂരി എന്നീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും. പിഞ്ചു വെള്ളരിക്ക പിത്തം ശമിപ്പിക്കുന്നതിനോടൊപ്പം കുടലുകളില്‍ തണുപ്പ് ലഭിക്കുന്നതിനും സഹായിക്കുന്നു. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും തലചുറ്റല്‍ എന്നിവക്കും അത്യുത്തമമാണ്.അതേ സമയം, പാചകം ചെയ്ത് ഭക്ഷിക്കുമ്പോള്‍ ഇതിന്‍െറ ഗുണമേന്മ നഷ്ടപ്പെടുന്നു. ഇത് ധന്വന്തരി നിഘണ്ടുവില്‍ പ്രതിപാദിച്ചിട്ടുമുണ്ട്. ഏറെ ജലാംശമുള്ള കായാണ് വെള്ളരി. കൊഴുപ്പ്, ധാതു ഉപ്പുകള്‍, ചുണ്ണാമ്പ് സത്ത്, പാസ്പ്പരസ്, ഇരുമ്പ് തുടങ്ങിയ എല്ലാ അംശങ്ങളും വെള്ളരിയില്‍ അടങ്ങിയിട്ടുണ്ട്.

ആടലോടകം

ഈ സസ്യത്തിന്‍റെ  ഇല, പൂവ്, വേര് എന്നിവ ഔഷധഗുണമുള്ള ഭാഗങ്ങളാണ്. ചുമ, തുമ്മല്‍ , കഫക്കെട്ട് എന്നിവക്കും ശ്വാസംമുട്ടല്‍ , ആസ്തമ എന്നിവക്കും രക്തം തുപ്പല്‍, ശ്വാസംമുട്ടല്‍, പനി, ഛര്‍ദി, കഫപിത്ത ദോഷങ്ങള്‍, വായുക്ഷോഭം, വയറുവേദന എന്നിവയെ ശമിപ്പിക്കാനാണ് ആടലോടകം പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന്‍റെ വേര്  കഷായം വെച്ചുകുടിച്ചാല്‍ കൈകാലുകള്‍ ചുട്ടുനീറുന്നത് മാറും. ക്ഷയത്തിനും, ബുദ്ധിശക്തിക്കും, രക്തപിത്തത്തിനും നല്ല പ്രതിവിധിയാണ്.ഇലയുടെ നീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ, ശ്വാസതടസ്സം എന്നിവ ശമിക്കും. ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ആസ്തമക്ക് ശമനം കിട്ടും. ആടലോടക നീരും ജീരകവും പഞ്ചസാരയും ചേര്‍ത്ത് സേവിച്ചാല്‍ കഫക്കെട്ട്, ചുമ എന്നിവ ശമിക്കും. ആടലോടകത്തിന്‍റെ  നീരും കോഴിമുട്ടയുടെ വെള്ളയും നന്നായി വേവിച്ച് കഴിച്ചാല്‍ ചുമ ഭേദമാകും. ഇല കുത്തിപ്പിഴിഞ്ഞെടുത്ത നീരില്‍ തേനും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ രക്തപിത്തം വിടും.

ചെറിയ ആടലോടകത്തിന്‍റെ  ഇലച്ചാറില്‍ സമം തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ രക്തം തുപ്പുന്ന രോഗം ഒരാഴ്ച കൊണ്ട് ശമിക്കും. ചെറിയ ആടലോടകത്തിന്‍റെ ഇല നീരില്‍ ഉണക്കി കഷായം വെച്ച് പഞ്ചസാര ചേര്‍ത്ത് സിറപ്പ് രൂപത്തിലാക്കി സേവിച്ചാല്‍ ചുമ, ബ്രോങ്കൈറ്റിസ്, കഫക്കെട്ട് എന്നിവ ശമിക്കും.ആടലോടകത്തിന്‍റെ  വേര് അരച്ച് നാഭിക്ക് കീഴില്‍ പുരട്ടിയാല്‍ പ്രസവം വേഗം നടക്കും.ആടലോടകത്തിന്റെ ഇലയുടെ നീര് ഓരോ ടേബിള്‍ സ്പൂണ്‍ വീതം അത്രയും തേനും ചേര്‍ത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാല്‍ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും.

ചെറുചുണ്ട, കുറുന്തോട്ടി, കര്‍ക്കടക ശൃംഖി, ആടലോടകം എന്നിവ സമമെടുത്ത് 200 മി.ലി വെള്ളത്തില്‍ കഷായം വെച്ച് 50 മി.ലി ആക്കി വറ്റിച്ച് 25 മി..ലി വീതം രണ്ടു നേരം തേന്‍ ചേര്‍ത്ത് പതിവായി കുടിച്ചാല്‍ ചുമ,ശ്വാസതടസ്സം എന്നിവ മാറിക്കിട്ടും.വരണ്ട ചുമ, ക്ഷീണം എന്നിവ മാറാന്‍ ആടലോടകത്തിന്റെ ഇല 50 ഗ്രാം, പഴുത്ത ഒരു കൈതച്ചക്ക കൊത്തിയരിഞ്ഞ് ഒരു മുറി തേങ്ങാപ്പീര ചേര്‍ത്ത് പ്രഷര്‍ കുക്കറിലിട്ട് ആവി പോവാതെ വേവിക്കുക. അതില്‍ 500 ഗ്രാം കല്ക്കണ്ടമിട്ട് വീണ്ടും ചൂടാക്കി എടുക്കുക. ഇത് 10 മുതല്‍ 15 ഗ്രാം വരെ ദിവസവും നാല് നേരം കഴിക്കുക.ആടലോടകം സമൂലം 900 ഗ്രാം, തിപ്പല്ലി 100 ഗ്രാം എന്നിവ 4 ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് ഒരു ലിറ്ററാക്കി വറ്റിച്ച് അതില്‍ 250 മി.ലി നെയ്യ് ചേര്‍ത്ത് വിധി പ്രകാരം കാച്ചി സേവിച്ചാല്‍ ചുമ, രക്തത്തോടു കൂടിയ കഫം ചുമച്ച് തുപ്പല്‍ എന്നിവ മാറിക്കിട്ടും. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ആടലോടകത്തില്‍ നിന്ന് തയ്യാറാക്കുന്ന വാസിസെന്‍ എന്ന മരുന്ന് ഉപയോഗിക്കുന്നു.ആടലോടകത്തിന്‍റെ നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് സേവിക്കകയാണെങ്കില്‍‍ കഫം ഇല്ലാതാവുന്നതാണ്. തണലില്‍‍ ഉണക്കിപ്പൊടിച്ച ഇലക്കഷായം പഞ്ചസാര ചേര്‍ത്ത് ചുമയ്ക്ക് ഉപയോഗിക്കാം

പനിക്കൂര്‍ക്ക

ശിശുരോഗ സംഹാരിയാണ് പനിക്കൂർക്ക. ചെറിയ കുട്ടികൾക്ക് പനിവന്നാൽ പനിക്കൂർക്കയുടെ നീര് കൊടുത്താൽ മതി.

  1. ചെറിയ കുട്ടികളിലെ കുറുകലിനും പനിക്കും പനികൂർക്കയിലനീര് മുലപ്പാലിൽ ചേർത്ത് കൊടുക്കാം.
  2. പനിക്കൂർക്കയില വാട്ടിയ നീര് ഉച്ചിയിൽ തേച്ചുകുളിച്ചാൽ പനിയും ജലദോഷവും മാറും.
  3. കുട്ടികൾക്ക് പനി വന്നാൽ പനി കൂർക്കയുടെ ഇലയും തണ്ടും തീയിൽ വാട്ടി കൈവള്ളയിൽ തിരുമ്മി നീര് നെറുകയിൽ ഒഴിക്കണം.വെള്ളം ചേർക്കരുത്.
  4. പനിക്കൂര്‍ക്കയുടെ ഇലയുടെ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ പനി ശമിക്കുകയും ചെയ്യും.
  5. ചുമ മാറാൻ പനികൂർക്കയില അല്പം ചൂടാക്കി നീര് എടുത്തു തേൻ ചേർത്ത് ദിവസം മൂന്നു നേരം വീതം മൂന്ന് ദിവസം നൽകുക.
  6. ചെറുചൂടുവെള്ളത്തിൽ പനിക്കൂർക്കയില ഞെരടി കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് ജലദോഷം വരാതിരിക്കുന്നതിനും പ്രതിരോധത്തിനും ഉത്തമമാണ്.
  7. വിട്ടുമാറാത്ത ജലദോഷത്തിനു പനികൂർക്ക(ഇല) വാട്ടി പിഴിഞ്ഞെടുത്ത നീരിൽ രാസ്നാദി ചൂർണ്ണം ചാലിച്ചു നെറുകയിൽ ഇടുക.
  8. പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ് കുടിക്കുന്നത് കൃമിശല്യം കുറയ്ക്കുകയും ചെയ്യും. ജലദോഷം, കഫക്കെട്ട്, പുണ്ണ് എന്നിവക്ക് ഇതിന്‍റെ നീര് നല്ലതാണ്.
  9. വലിയവർക്ക് പനിക്കൂർക്കയുടെ പത്ത് ഇല, നാല് ചുവന്നുള്ളി, ഒരു പിടി തുളസിയില എന്നിവ ചതച്ച് തിളപ്പിച്ച വെള്ളത്തിലിട്ട് ആവി പിടിപ്പിക്കുക.

ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ്പനിക്കൂർക്ക അഥവാ ഞവര.കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ്‌ ശാസ്ത്രീയനാമം. "കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" എന്ന പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കും ഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും.ആയുർവേദത്തിൽ പനികൂർക്കയുടെ ഇല പിഴിഞ്ഞ നീർ കഫത്തിന്‌ നല്ലൊരു ഔഷധമാണ്. പനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിന് ഉപയോഗിക്കുന്നു. ഗൃഹവൈദ്യത്തിൽ, ചുക്കുകാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. മൂത്രവിരേചനത്തിനു നല്ലതാണിത് പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ നീര് 5 മില്ലി വീതം സമം ചെറുതേനിൽ ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കുമുണ്ടാകുന്ന പനി,ജലദോഷം,ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും.പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക വലിയ രാസ്നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു.ലോകത്തിൽ പല ഭാഗത്തും ഈ ഔഷധസസ്യത്തെ കുറിച്ചുള്ള ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. പനിക്കൂർക്കയുടെ നീരു നല്ലൊരു ആന്‍റിബയോട്ടിക് ആണെന്ന്  കണ്ടെത്തിയിട്ടുണ്ട്.

വാഴക്കൂമ്പ്

വാഴപ്പൂ അഥവാ വാഴ ചുണ്ട് അല്ലെങ്കില്‍ വാഴ കൂമ്പിന്‍റെ    മരുത്വ ഗുണങ്ങള്‍ :

രക്ത ശുദ്ധിക്ക് : ആഴ്ചയില്‍ രണ്ടു ദിവസം വാഴ കൂമ്പു തോരന്‍ വെച്ചോ മറ്റു രീതിയിലോ കഴിച്ചാല്‍ രക്തത്തില്‍ ഉള്ള അനാവശ്യ കൊഴുപ്പുകള്‍ നീങ്ങി രക്ത ശുദ്ധി ഉണ്ടാകും.

രക്ത കുഴലില്‍ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാകും,രക്തത്തിലെ ഓക്സിജന്‍ അളവ് കൂടും .ഇതില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പു സത്ത് രക്ത സമ്മര്‍ദ്ധം കുറയും .അനീമിയ നീങ്ങും .
പ്രമേഹ രോഗികള്‍ക്ക് രക്തത്തില്‍ ഉള്ള അധിക പഞ്ചസാര നീക്കി കളയാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന കശര്‍പ്പ് രസം പ്രയോജനപ്പെടുന്നു .അതു വഴി ഷുഗര്‍ അളവ് കുറയാന്‍ സഹായിക്കുന്നു .

ഇന്നത്തെ കാലത്തെ ഭക്ഷണ ക്രമം കൊണ്ടും ദൈനം ദിനം ഉണ്ടാകുന്ന ടെന്‍ഷനാലും വയറിന്‍റെ ദഹനശക്തി കുറഞ്ഞു അപാന വായൂ കോപം ഉണ്ടായി വയറ്റില്‍ പുണ്ണ്കള്‍ ഉണ്ടാകുന്നതു ആഴ്ചയില്‍ രണ്ടു ദിവസം വാഴകൂമ്പ് പാചകം ചെയ്തു കഴിക്കുന്നത്‌ ദഹന ശക്തി കൂട്ടും കുടല്‍ പുണ്ണ് മാറും. എല്ലാ മൂലവ്യാധികള്‍ കൊണ്ടും ഉണ്ടാകുന്ന പ്രയാസങ്ങള്‍ നീങ്ങാന്‍ ഇത് വളരെ പ്രയോജനം ചെയ്യും.

മലബന്ധം നീക്കി ,ശീത ഭേദി നിയന്ത്രിക്കും ,വായ്‌ പുണ്ണ്‍ നീക്കി വായ്‌ നാറ്റത്തെ നീക്കും .

സ്ത്രീകള്‍ക്ക് ഉണ്ടാകുന്നു ഗര്‍ഭ പാത്ര പ്രശ്നങ്ങള്‍ .അമിതാര്‍ത്തവം ,അല്‍പ്പാര്‍ത്തവം ,വെള്ളപോക്ക് ഇവകള്‍ക്ക് വാഴ കൂമ്പു കഴിക്കുന്നത്‌ പ്രയോജനപ്പെടും

മുളപ്പിച്ച ചെറുപയര്‍

മുളപ്പിച്ച ചെറുപയര്‍ ആരോഗ്യത്തിനു അത്ത്യുത്തമം"

പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നതില്‍ ഒരു രഹസ്യമുണ്ട്. ശരീരപോഷണത്തിനുള്ള വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് പ്രകൃതി അതില്‍ ഒരുക്കി വെച്ചിരിക്കുന്നത്. സ്റ്റാര്‍ച്ച്, ആല്ബുമിനോയ് എന്നിവ യഥാക്രമം 54, 22 ശതമാനം വീതമാണ് ഇതില് അടങ്ങിയിരിക്കുന്നു. ദേഹത്തിന്‍റെ ഓജസ്സിനും, കഫ-പിത്തങ്ങളെ ശമിപ്പിക്കുന്നതിനും രക്ത വര്‍ദ്ധനവിനും ഈ ധാന്യം അത്യുത്തമമാണ് . നേത്ര രോഗികള്‍ക്കും, മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കും നല്ലതെങ്കിലും വാതരോഗികള്‍ക്ക് ഹിതമല്ലെന്നാണ് കണ്ടെത്തല്‍. ഫാസിയോളസ് ഔറിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചെറുപയര്‍ ഇന്ത്യയിലെല്ലായിടത്തും കൃഷി ചെയ്യുന്നു. പച്ച, മഞ്ഞ നിറങ്ങളില്‍  കാണപ്പെടുന്ന രണ്ടുതരം ചെറുപയറുകളില് മുന്തിയഇനമായി കണ്ടുവരുന്നത് ആഫ്രിക്കയിലാണ്. ദുഷിച്ച മുലപ്പാല് ശുദ്ധിയാക്കാന് 25 മില്ലി ചെറുപയര്‍  സൂപ്പ് ദിനവും മൂന്നുനേരം കഴിച്ചാല്‍ മതി. അതുപോലെ ഇതിന്‍റെ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് താരന്‍ മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്. ശിശുക്കള്‍ക്ക്‌ ഉണ്ടാകുന്ന മൂത്രതടസ്സത്തിന് ചെറുപയര്‍, ചെമ്പരത്തിവേര് എന്നിവ ചേര്‍ത്ത ഔഷധം ഉപയോഗിച്ചു വരുന്നു. ചെറുപയറും, സമം ഉണക്കലരിയും കഞ്ഞിവെച്ച് പശുവിന്‍ നെയ്യ് ചേര്‍ത്ത് കാലത്ത് വെറും വയറ്റില് കഴിക്കുന്നത് നാഡീപിഴ സംബന്ധമായ രോഗങ്ങള്‍ക്ക് നല്ലൊരു ചികിത്സയാണ്. വിവിധ ജീവകങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ശരീരപുഷ്ടിയും ബലവും പ്രദാനം ചെയ്യുമെങ്കിലും തടിച്ചവര്‍ ഉപയോഗം കുറയ്ക്കുന്നതാണ് നന്ന്. മുളപ്പിച്ച പയര്‍  കൊണ്ടുള്ള കഞ്ഞി, തേങ്ങയും അല്പം മധുരം ചേര്‍ത്ത് കഴിക്കുന്നത് ഹൃദ്രോഗികള്‍ക്ക് ഫലം ചെയ്യുമെന്ന് കണ്ടുവരുന്നു. പനി ശമിപ്പിച്ച് ശരീരതാപം ക്രമീകരിച്ച് പിത്ത-അമ്ള രോഗങ്ങളെ ഭേദമാക്കുന്നതിലും ഇതിന്‍റെ  വിവിധ വിഭവങ്ങള്‍ ഗുണകരമാകുന്നു..

നാരങ്ങ

ചെറുനാരങ്ങയുടെ "വലിയ" ഔഷധഗുണങ്ങള്‍....

  1. തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷജീവികള്‍ കടിച്ചുള്ള നീരും വേദനയും മാറും.
  2. ചെറുനാരങ്ങാനീര് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്ക്കൊപ്പം തലയില്‍ തേക്കുന്നതും താരന്‍ ശമിപ്പിക്കും.
  3. ചെറു നാരങ്ങാനീര് ശര്‍ക്കര ചേര്‍ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന്‍ പോക്സിന് നല്ലതാണ്.
  4. ചുമയ്ക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെ നീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി.
  5. അര സ്പൂണ്‍ തേനില്‍ അത്രയും നാരങ്ങാനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല്‍ കുട്ടികളിലെ ചുമ മാറുന്നതാണ്.
  6. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക.

കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതും ഗുണം ചെയ്യും.

നാരങ്ങയുടെ പിന്നിലെ രഹസ്യം...
നമ്മുടെ വീടുകളില്‍ എപ്പോഴും കാണുന്ന ഒന്നാണ് നാരങ്ങ. ശരീരത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണകരമായ ഒരു പഴവര്‍ഗ്ഗമെന്നതുകൊണ്ട് തന്നെ സൗന്ദര്യ പരിപാലനത്തിന് നാരങ്ങയുടെ സ്ഥാനം വളരെ വലുതാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചര്‍മ്മത്തിന് ഒരു ബ്ലീച്ചിംഗ് എഫെക്റ്റ് നല്‍കുന്നതാണ്. കൂടാതെ നാരങ്ങവെള്ളം ശരീരത്തിലെ ക്ഷീണം അകറ്റുന്നതിന് ഉത്തമമാണ്. ഇനി നാരങ്ങ കൊണ്ടുള്ള ചില പൊടികൈകള്‍ നോക്കാം.നാരങ്ങാത്തോട് മലര്‍ത്തി കഴുത്തില്‍ തേയ്ക്കുക കഴുത്തിലെ കുറുത്ത പാട് മാറികിട്ടുകയും കൂടാതെ ചര്‍മ്മത്തിന് മൃദുത്വം ലഭിക്കുകയും ചെയ്യും.

രണ്ട് ടീസ്പൂണ്‍ പാലില്‍ ഒരു ടീസ്പൂണ്‍ നാരങ്ങനീരും ഒലിവെണ്ണയും ചേര്‍ത്ത് കാലില്‍ തേയ്ക്കുന്നത് മൊരിച്ചില്‍ മാറുന്നതിന് സഹായകമാണ്.മുഖ ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാന്‍ നാരങ്ങ നീര് പുരട്ടൂന്നത് ഉത്തമമാണ്.കിസ്മിസ് അരച്ച് ചെറുനാരങ്ങാ നീര് ചേര്‍ത്ത് രാത്രി മുഖത്ത് പുരട്ടി രാവിലെ കഴുകിക്കളഞ്ഞാല്‍ മുഖം തിളങ്ങും.മുഖത്തിന് നല്ല നിറം ലഭിക്കാന്‍ മഞ്ഞളും നാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടുക.
മുഖത്തിന് തിളക്കം ലഭിക്കാനായി അര ടീസ്പൂണ്‍ പാല്‍പ്പൊടിയും കാല്‍ ടീസ്പൂണ്‍ മുട്ടയുടെ വെള്ളയും അര ടീസ്പൂണ്‍ നാരാങ്ങാനീരും ചേര്‍ത്ത് മുഖത്തിടുക പതിനഞ്ചു മിനിട്ടിനുശേഷം കഴുകി കളയുക.കരിവാളിപ്പ് മാറി നല്ല നിറവും മൃദുത്വവും ലഭിക്കുന്നതാണ്.ചെറു നാരാങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടില്‍ എല്ലായിടത്തും തേച്ചു പിടിപ്പിക്കുക അരമണിക്കുറിന് ശേഷം തല കഴുകി കളയുക ഇത് താരന്‍ മാറുവാന്‍ ഉത്തമമാണ്. താരന്‍ ശമിക്കാന്‍ പാലിലോ തൈരിലോ നാരങ്ങാനീര് ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്.വെറും വയറ്റില്‍ അതിരാവിലെ നാരങ്ങാനീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ മലബന്ധം ദഹനകേട്, അസിഡിറ്റി, ഗ്യാസ് അമിതവയാനാറ്റം എന്നിവ ഒഴിവാക്കാം.

ചെറു ചുടുവെളളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിക്കും, കൂടാതെ കിഡ്‌നി സ്റ്റോണ്‍, കുടലിലെ സ്‌റ്റോണ്‍ , തൊണ്ടവേദനയ്ക്കും തുടങ്ങിയ അസുഖങ്ങള്‍ക്കും ഇത് അത്യൂത്തമമാണ്.കൂടാതെ ഇടക്കിടയ്ക്ക് നാരങ്ങ വെള്ളം കുടിക്കുന്നത് ക്ഷീണം അകന്ന് ഉന്‍മേഷം ലഭിക്കുകയും, ചര്‍മ്മം തിളങ്ങുന്നതിനും ഇത് സഹായകമാണ്.

ചെമ്പരത്തി

സൗന്ദര്യവര്‍ദ്ധനയ്ക്കും ഔഷധമായും മറ്റും ഇത് ഉപയോഗിക്കുന്നു.

നമ്മുടെ തൊടികളിലും പറമ്പുകളിലും മറ്റും സമൃദ്ധമായി വളര്‍ന്ന് പുഷ്പിക്കുന്ന ചെമ്പരത്തിക്ക്, വെള്ളവും വെളിച്ചവുമുള്ളിടത്ത് തഴച്ചു വളരുന്ന ചെമ്പരത്തിക്ക്,പക്ഷേ ഇന്നത്തെ ഓര്‍ക്കിഡിനും ആന്തൂറിയത്തിനുമിടയില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്.

ഏതാണ്ട് 2200 ഓളം ഇനങ്ങള്‍ ചെമ്പരത്തിയിലുണ്ട്. പല നിറങ്ങളിലു വലുപ്പത്തിലും ചെമ്പരത്തിയുണ്ട് ഹിബിസ്കസ് റൊസാസിനെന്‍സിസ് എന്ന് ശാസ്ത്രീയ നാമം. സംസ്കൃതത്തില്‍ രോഗ പുഷ്പം എന്ന് വിളിക്കുന്ന ചെമ്പരത്തി ആംഗലേയ ഭാഷയില്‍ ഷൂ ഫ്ളവര്‍ എന്ന് അറിയപ്പെടുന്നു.ചെമ്പരത്തി പൂവില്‍ ബീറ്റ കരോട്ടിന്‍, കാത്സിയം , ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, റൈബോഫ്ളാവിന്‍, വൈറ്റമിന്‍- സി എന്നിവ അടങ്ങിയിരിക്കുന്നു. ഇതു കാരണം ചെമ്പരത്തി പൂവ് ദാഹശമിനിയിലും ചായയിലും കറികളിലും അച്ചാറുകളിലും ഉപയോഗിക്കുന്നു.ചെടിയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ചൈന, പെറു, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ സ്ത്രീകളുടെ ആര്‍ത്തവ തകരാറുകള്‍ പരിഹരിക്കാന്‍ ചെമ്പരത്തി പൂവ് ഉപയോഗിക്കുന്നു.

സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ്‌ ചെമ്പരത്തിഎന്ന ചെമ്പരുത്തി(Hibiscus). ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി  ധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന‍ ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.

പരാഗണത്തെ പറ്റി പരാമർശിക്കുന്ന പാഠപുസ്തകങ്ങളിൽ ലളിതമായ ഒരു ഉദാഹരണമായി ചെമ്പരുത്തി പൂവ് പരാമർശിച്ചു കാണുന്നുണ്ട്. മലേഷ്യയുടെദേശീയ പുഷ്പമായ ഇവയെ ബുൻഗറയ എന്ന് മലായ് ഭാഷയിൽ വിളിക്കുന്നു. മലേഷ്യ, ഫിലിപ്പൈൻസ്, കാ‍മറൂൺ,റുവാണ്ട, ന്യൂസിലാന്‍റിലെ  കൂക്ക് ഐലന്റുകൾ മീലനീസ്യയിലെ സൊളമോൻ ഐലന്റുകൾ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ തപാൽ മുദ്രകളിൽ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശസംരക്ഷണത്തിനു തലയിൽ,തേച്ചുകഴുകാറുണ്ട്. ഹൈന്ദവ പൂജകൾക്ക് ഇതിന്‍റെ പുഷ്പം ഉപയോഗിക്കാറുണ്ട്.കഫം,പിത്ത ഹരം. മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.ചെമ്പരത്തിചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു.

ചെമ്പരത്തി ഇലയുടെ ആരോഗ്യവശങ്ങള്‍.

  1. തലമുടിക്ക് സംരക്ഷണം തലമുടിയില്‍ ഉപയോഗിക്കാവുന്ന ഹെയര്‍ കണ്ടീഷണറായി ചെമ്പരത്തി ഉപയോഗിക്കാം. ഇലയും, പൂവിന്‍റെ ഇതളുകളും അരച്ച് ഒരു പ്രകൃതിദത്ത കണ്ടീഷണറായി ഉപയോഗിക്കാം. മുടിക്ക് നിറം കൂടുതല്‍ കിട്ടാനും, താരന്‍ കുറയ്ക്കാനും ഷാംപൂ കൊണ്ട് കഴുകിയ ശേഷം ഇത് ഉപയോഗിക്കുക
  2. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വൃക്കത്തകരാറുള്ളവരില്‍ മൂത്രോത്പാദനം സുഗമമാക്കാന്‍ പഞ്ചസാര ചേര്‍ക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്. മാനസിക സമ്മര്‍ദ്ധം കുറയ്ക്കാനും ചെമ്പരത്തി ചായ ഉപയോഗിക്കപ്പെടുന്നു.
  3. ചര്‍മ്മ സംരക്ഷണം ചര്‍മ്മസംരക്ഷണത്തിനുപയോഗിക്കുന്ന ഉത്പന്നങ്ങളിലുള്ള ഘടകങ്ങള്‍ ചെമ്പരത്തിയിലും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത ചൈനീസ് ഔഷധങ്ങളില്‍ ചെമ്പരത്തിയിലയുടെ നീര് സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് റേഡിയേഷന്‍ ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു. കൂടാതെ ചര്‍മ്മത്തിലെ ചുളിവുകള്‍ക്കും മറ്റ് പല പ്രശ്നങ്ങള്‍ക്കും അവര്‍ ചെമ്പരത്തി ഉപയോഗപ്പെടുത്തുന്നു.
  4. രക്ത സമ്മര്‍ദ്ധം കുറയ്ക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ധം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്കാന്‍ ചെമ്പരത്തിയുടെ ഇല കൊണ്ടുള്ള ചായ കുടിക്കുന്നത് സഹായിക്കും. സ്ഥിരവും, നിയന്ത്രിതവുമായ ഉപയോഗം ഇതിന് ആവശ്യമാണ്.
  5. മുറിവുകള്‍ ഉണക്കാം. ചെമ്പരത്തിയില്‍ നിന്നെടുക്കുന്ന എണ്ണ മുറിവുകള്‍ ഉണക്കാന്‍ ഉപയോഗിക്കുന്നു. ക്യാന്‍സര്‍ മൂലമുള്ള മുറിവുകള്‍ ഉണക്കാനും ഇത് ഫലപ്രദമാണ്. ആരംഭദശയിലുള്ള ക്യാന്‍സറിനാണ് ഇത് ഏറെ ഗുണം ചെയ്യുക. ചെമ്പരത്തി എണ്ണ ഉപയോഗിച്ചാല്‍ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങും.
  6. കൊളസ്ട്രോള്‍ കുറയ്ക്കാം. ദോഷകരമായ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെമ്പരത്തി ഇലകൊണ്ടുള്ള ചായ ഫലപ്രദമാണ്. ധമനികളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും അതുവഴി കൊള്സ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.
  7. ചുമ, ജലദോഷം ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി സമൃദ്ധമായി ചെമ്പരത്തി ചായയിലും, മറ്റ് ഉത്പന്നങ്ങളിലുമടങ്ങിയിരിക്കുന്നു. ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും
  8. ശരീരഭാരം കുറയ്ക്കാനും, ദഹനത്തിനും ചെമ്പരത്തി ഒരു പ്രകൃതിദത്ത ദഹനസഹായിയായി പ്രവര്‍ത്തിക്കുകയും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ചെമ്പരത്തി ഇലകൊണ്ടുള്ള ചായ നല്ല ദഹനം നല്കുകയും, അതു വഴി കൊഴുപ്പ് അമിതമായി ശരീരത്തിലടിയുന്നത് തടയുകയും ചെയ്യും.
  9. ആര്‍ത്തവം. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ സ്ഥിരമായി കഴിക്കുന്നത് സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതു വഴി ശരീരത്തിന്‍റെ ഹോര്‍മോണ്‍ നില സന്തുലിതമാക്കപ്പെടുകയും ആര്‍ത്തവം ക്രമമായി നടക്കുകയും ചെയ്യും.
  10. പ്രായത്തിന്‍റെ അടയാളങ്ങളെ തടയാം, ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് ചെമ്പരത്തി. ശരീരത്തിലെ ദോഷകാരികളായ മൂലകങ്ങളെ പുറന്തള്ളാന്‍ ഇതിന് കഴിവുണ്ട്. അതിനാല്‍ ചെമ്പരത്തി ഉപയോഗം വഴി പ്രായം കൂടുന്നത് മൂലമുണ്ടാകുന്ന പല ശാരീരികപ്രവര്‍ത്തനങ്ങളെയും തടഞ്ഞ് ആയുര്‍ദൈര്‍ഘ്യം കൂട്ടാന്‍ ചെമ്പരത്തിക്ക് കഴിവുണ്ട്.

മുരിങ്ങ

ഇല കറികള്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക മുരിങ്ങയില തോരന്‍ ആയിരിക്കും. മുന്‍പ് മിക്ക വീടുകളിലും കണ്ടിരുന്ന ഒരു ഇടത്തരം വൃക്ഷമാണ് മുരിങ്ങ. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള .മുരിങ്ങയുടെ ഇലകള്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ഇരുമ്പ്, ചെമ്പ്, കരോട്ടിന്‍, അസ്‌കോര്‍ബിക് അമ്ലം, നിക്കോട്ടിനിക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാല്‍ സമൃദ്ധമാണ്. മാത്രമല്ല മുരിങ്ങയില കണ്ണിനു നല്ലതാണ്. വേദനാ ശമനവും കൃമിഹരവും കൂടിയാണ്.ഇതിന്‍റെ പൂക്കളില്‍ ധാരാളമായി പൊട്ടാസ്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. പുഷ്പങ്ങള്‍ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രവര്‍ധകവുമാകുന്നു.
അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്, പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ.
മൊറിൻഗേസീയേയ് എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാ. (ശാസ്ത്രീയനാമം: Moringa oleifera). ഇംഗ്ലീഷ് : Drumstick tree. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ്‌ വളരുന്നത്‌. മൊരിംഗ ഒളൈഫെറ  എന്ന ശാസ്ത്രനാമമുള്ള ഇനമാണ്‌ ദക്ഷിണേന്ത്യൻസംസ്ഥാനങ്ങളിൽവളരുന്നത്‌. വളരെ വേഗം വളരുന്ന, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള ഒരു   മരമാണ് മുരിങ്ങ. ഹിമാലയത്തിന്‍റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ   തദ്ദേശസ്ഥലം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്.11 നും 13 നും ലക്ഷം ടൺ കായയുമായി മുരിങ്ങ കൃഷിചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യയാണ് ലോകത്തിൽ ഒന്നാമത്. 380 ചതുരശ്രകിലോമീറ്റർ സ്ഥലത്ത് ഇന്ത്യയിൽ മുരിങ്ങക്കൃഷി ചെയ്യുന്നുണ്ട്. വിസ്താരത്തിലും ഉൽപ്പാദനത്തിലും ഇന്ത്യയിൽത്തന്നെ ആന്ധ്രയാണ് മുന്നിൽ. തൊട്ടുപിന്നാലെ കർണ്ണാടകവുംതമിഴ്‌നാടും. ശ്രീലങ്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയടക്കം തമിഴ്‌നാട്ടിൽ പലതരം ഇനങ്ങൾ കൃഷി ചെയ്യുന്നുണ്ട്.ഒഡിഷയിൽ വീട്ടുവളപ്പിലാണു പ്രധാന കൃഷി. കേരളത്തിലും തായ് ലാന്‍ഡിലും വേലിയായും  വളർത്തുന്നു.
ഫിലിപ്പൈൻസിൽ ഇലകളാണ് പ്രധാനമായും ഭക്ഷണത്തിന് ഉപയോഗിക്കുന്നത്. തായ്‌വാനിൽ പച്ചക്കറിയാവശ്യങ്ങള്‍ക്ക്  വളർത്തുമ്പോൾ ഹൈയ്റ്റിയിൽ കാറ്റിനെ തടഞ്ഞ് മണ്ണൊലിപ്പിൽ നിന്നും രക്ഷപ്പെടാനാണ് മുരിങ്ങ വളർത്തുന്നത്.മധ്യ അമേരിക്ക, കരീബിയൻ, തെക്കേ അമേരിക്ക, ആഫിക്ക, തെക്കുകിഴക്കേ ഏഷ്യ, ഓഷ്യാനിയയിലെ പലരാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം മുരിങ്ങ കാട്ടിലും, നട്ടുവളർത്തി നാട്ടിലും ഉണ്ടാവുന്നുണ്ട്.2010 -ലെ അവസ്ഥയിൽ അമേരിക്കയിൽ വിതരണം നടത്താനായി ഹവായിയിൽകൃഷി നടത്തുന്നത് അതിന്‍റെ പ്രാരംഭ ദശയിലേ ആയിട്ടുള്ളൂ.
ഇലകളാണ് മുരിങ്ങയുടെ ഏറ്റവും പോഷകമുള്ള ഭാഗം. ഇതിൽ ധാരാളംവൈറ്റമിൻ ബി, വൈറ്റമിൻ സി, ബീറ്റ കരോട്ടിൻ രൂപത്തിൽ വൈറ്റമിൻ എ,വൈറ്റമിൻ കെ, മാംഗനീസ്, മാംസ്യംകൂടാതെ മറ്റു അവശ്യ പോഷകങ്ങൾഎന്നിവ അടങ്ങിയിരിക്കുന്നു.മറ്റു സാധാരണ ഭക്ഷണപദാർത്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 100 ഗ്രാം പാകം ചെയ്ത മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവ് കൂടുതൽ ആണെന്നു കാണാം. മുരിങ്ങയിലയിൽ കാൽസ്യം അടങ്ങിയിരിക്കുന്നത് കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റൽ രൂപത്തിൽ ആണ്.ഇലകൾ ചീരയെപ്പോലെ കറിവച്ചു കഴിക്കാം, കൂടാതെ ഉണക്കിപ്പൊടിച്ച ഇലകൾ സൂപ്പും സോസും ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്.മൂപ്പെത്താത്ത മുരിങ്ങക്കായ തെക്കേ എഷ്യയിലെങ്ങും ഉപയോഗിക്കുന്നു. നല്ലവണ്ണം മാർദ്ദവമാവുന്ന വരെ വേവിച്ചാണ് ഇത് ഉപയോഗിക്കുന്നത്.തിളപ്പിച്ച് പാകം ചെയ്താൽപ്പോലും മുരിങ്ങക്കായിലെ വൈറ്റമിൻ സിയുടെ അളവ് താരതമ്യേന കൂടുതൽ തന്നെയായിരിക്കും (വേവിന്‍റെ അളവ് അനുസരിച്ച് വൈറ്റമിന്‍-സി-യുടെ അളവ് വ്യത്യാസപ്പെട്ടിരിക്കും) മുരിങ്ങക്കായ ഭഷ്യനാരുകളുടെ അളവിനാലും പൊട്ടാസ്യം,മഗ്നീഷ്യം, മാംഗനീസ് എന്നിവയാലും സമ്പന്നമാണ്.
മൂപ്പെത്തിയവിത്തുകളിൽ നിന്നും 38-40%മുരിങ്ങയെണ്ണ എന്നപേരിൽ അറിയപ്പെടുന്ന ഭക്ഷ്യ എണ്ണ ലഭിക്കും. ഈ എണ്ണയിൽ വലിയ അളവിൽ ബെഹെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ശുദ്ധീകരിച്ച എണ്ണ നിറവും മണവും ഇല്ലാത്തതും ആന്‍റിഓക്സിഡന്‍റ് ഗുണമുള്ളതുമാണ്. എണ്ണയുണ്ടാക്കിയശേഷം വരുന്ന അവശിഷ്ടം വളമായും വെള്ളം ശുദ്ധീകരിക്കാനായും ഉപയോഗിക്കുന്നു.മുരിങ്ങ എണ്ണ ജൈവ ഇന്ധനമായുംഉപയോഗിക്കാൻ ശേഷിയുള്ളതാണ്.വേര് ഉരിഞ്ഞെടുത്ത് ഭക്ഷണത്തിന് രുചിയും സ്വാദും കൂട്ടാനുള്ള സുഗന്ധദ്രവ്യംആയി ഉപയോഗിക്കുന്നുണ്ട്. വേരിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾ ആണ് ഇതിനു കാരണം.അരിച്ചെടുത്ത മുരിങ്ങയില കഷായം കൊണ്ട് പല പ്രാവശ്യം കണ്ണ് കഴുകുന്നത് ചെങ്കണ്ണ്‍ തുടങ്ങിയ നേത്ര രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.

മുരിങ്ങയുടെ വേരില്‍നിന്നും തൊലിയില്‍നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍ക്കലോയിഡുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. മുരിങ്ങവേര് ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവര്‍ധകവും, ആര്‍ത്തവജനകവും, നീര്‍ക്കെട്ട്, വേദന എന്നിവയെ ശമിപ്പിക്കുന്നതിനും ഉത്തമമാണ്.മുരിങ്ങയുടെ ഔഷധപ്രയോഗങ്ങള്‍

മുരിങ്ങയില അരച്ച് കല്‍ക്കമാക്കി ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തില്‍ കഴിച്ചാല്‍ രക്താതിമര്‍ദം ശമിക്കും.രണ്ടു ടീസ്പൂണ്‍ മുരിങ്ങയിലനീര് ലേശം തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ തിമിരരോഗബാധ അകറ്റാം.കുറച്ച് മുരിങ്ങയില, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, അല്‍പം മഞ്ഞള്‍പ്പൊടി, കുരുമുളക്‌പൊടി എന്നിവ അരച്ച് കഴിക്കുന്നത് മോണരോഗങ്ങളെ ചെറുക്കും.നീര്‍ക്കെട്ടുള്ള ഭാഗങ്ങളില്‍ ഇലയരച്ച് പുറമേ ലേപനം ചെയ്യുന്നതും നന്ന്.അല്പം നെയ്യ് ചേര്‍ത്ത് പാകപ്പെടുത്തിയ മുരിങ്ങയില കുട്ടികള്‍ക്ക് നല്‍കുന്നത് ശരീരപുഷ്ടികരമാണ്.

ഔഷധ ഗുണങ്ങളുടെ കലവറയാണ് മുരിങ്ങയില. വാതം, അശ്മരി, കുഷ്ഠം, പ്രമേഹം, മഹോദരം, ഭഗന്ദരം, അർശസ്, ഗ്രഹണി എന്നിവയ്ക്കെല്ലാം മുരിങ്ങ ഫലപ്രദമായ ഔഷധമായാണ് ആയുർവേദാചര്യന്മാർ മുരിങ്ങയെ കാണുന്നത്. മുരിങ്ങയുടെ വേര്, പൂവ്, തൊലി, ഇല, കായ എന്നിവയെല്ലാം ഔഷധ സമ്പുഷ്ടമാണ്. കാഴ്ചശക്തി വർദ്ധിപ്പിക്കാനും തിമിരം പോലുള്ള നേത്ര രോഗത്തിനും മുരിങ്ങയില ഫലപ്രദമാണ്. രക്തസമ്മർദ്ധവും പ്രമേഹവും കുറയ്ക്കാനും മുരിങ്ങയില സഹായിക്കുന്നു. മൂത്രാശയക്കല്ല് പുറത്തുകളയാൻ മുരിങ്ങ വേരിൻത്തൊലി കഷായം വച്ചു സേവിക്കുന്നത് ഉത്തമമാണ്. മുരിങ്ങയിലയുടെ വിത്തിൽ നിന്നു ലഭിക്കുന്ന എണ്ണ ആമവാതരോഗത്തിനും ഈ എണ്ണ ഫലപ്രദമാണ്. മുരിങ്ങിയല ഉപ്പുചേർത്ത് അടയുണ്ടാക്കി കഴിക്കുന്നതും നല്ലതാണ്.

കൃഷ്ണതുളസി

ലാമിയേസി (Lamiaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധസസ്യം. ശാ.നാ. ഒസിമം സാങ്റ്റം (Ocimum sanctum). സംസ്കൃതത്തിൽ മാൻജരി, കൃഷ്ണതുളസി, സുരസാ, ഗ്രാമ്യാ, സുരഭി, ബഹുമഞ്ജരി, ഭൂതഘ്നി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. പരക്കെ അറിയപ്പെടുന്ന വാസനയുള്ള സസ്യമാണ് തുളസി. തെക്കേ ഏഷ്യയിൽ ഇതൊരു ഔഷധ സസ്യമായി അറിയപ്പെടുന്നു.ചരകസംഹിതയിൽപരാമർശമുള്ള തുളസി, പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവുള്ള ഔഷധമാണ്‌ . കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും,രാമതുളസിയെന്നും പറയുന്നു. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്.ഒരു ആയുർവേദ ഔഷധം കൂടിയാണിത്.

ഭാരതത്തിലെ പല ആചാരങ്ങളിലും തുളസി ഉപയോഗിച്ചുവരുന്നു. പൂജകൾക്കും മാല കോർക്കാനും ഉപയോഗിക്കുന്ന ഇവ കേരളത്തിലെ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത്‌ പ്രത്യേകമായി കെട്ടുന്ന തുളസിത്തറയിൽ നടാറുണ്ട് .

ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. കൃമിഹരമാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ ചെവി വേദനയെ കുറയ്‌ക്കുന്നു. ത്വക്‌രോഗങ്ങളെ ശമിപ്പിക്കുന്നു. ജ്വരം ശമിപ്പിക്കുന്നു. രുചി വർദ്ധിപ്പിക്കുന്നു. തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂർണമായി ഉപയോഗിച്ചാൽ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും. തുളസിയില നീര് 10.മി.ലി. അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിച്ചാൽ വസൂരിക്ക് ശമനമുണ്ടാകും. ഇലയും പൂവും ഔഷധയോഗ്യ ഭാഗങ്ങളാണ്.
തുളസിയുടെ ഇല ,പൂവ്, മഞ്ഞൾ, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷബാധയേറ്റ ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാംവീതം ദിവസം മൂന്ന് നേരം എന്നകണക്കിൽ 7 ദിവസം വരെ കഴിക്കുകയും ചെയ്താൽ വിഷം പൂർണമായും നശിക്കും. തുളസിയില കഷായം വെച്ച് പല തവണയായി കവിൾ കൊണ്ടാൽ വായ്നാറ്റം മാറും. തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ശമിക്കും. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും. തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും. ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി. ചുമശമന ഔഷധങ്ങൾ‍, സോപ്പ്, ഷാംപൂ, സുഗന്ധദ്രവ്യങ്ങൾ എന്നിവയിൽ‍ തുളസി ഒരു ചേരുവയായും ഉപയോഗിക്കുന്നു.

തുളസിച്ചെടിയിൽ കർപ്പൂര സദൃശമായ ഒരിനം തൈലം അടങ്ങിയിരിക്കുന്നു. ഇത് 'ബാസിൽ കാംഫർ' എന്നറിയപ്പെടുന്നു. തുളസിച്ചെടി വളരെ ഔഷധഗുണമുള്ള സസ്യമാണ്. ഇത് ജ്വരത്തെ ശമിപ്പിക്കുകയും ഉദരകൃമികളെ നശിപ്പിക്കുകയും ചെയ്യുന്നു. തേൾവിഷം, ചിലന്തിവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്. ത്വക് രോഗങ്ങള്‍ക്ക് നല്ലൊരു ഔഷധമായും ഉപയോഗിക്കുന്നു.തുളസി സമൂലമായോ, ഇലയും പുഷ്പവും പ്രത്യേകമായോ ഔഷധമായുപയോഗിക്കുന്നു. തുളസിയില തണലത്തിട്ട് ഉണക്കിപ്പൊടിച്ച് നാസികാചൂർണമായി ഉപയോഗിക്കാം. ഇത് മൂക്കടപ്പും പീനസവും ശമിപ്പിക്കും. തുളസിനീരിൽ മഞ്ഞൾ അരച്ചു ചേർത്ത് കഴിക്കുകയും പുരട്ടുകയും ചെയ്താൽ ചിലന്തി വിഷബാധയ്ക്ക് ശമനമുണ്ടാകും.മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങളുടെ ശമനത്തിന് തുളസിയിലച്ചാറ് രാവിലെയും വൈകിട്ടും ഒരു സ്പൂൺ വീതം പതിവായി സേവിക്കുന്നത് ഗുണം ചെയ്യും. തുളസിയിലച്ചാറും അഞ്ച് മി.ലി. തേനും ചേർത്ത് പതിവായി മൂന്നു നേരം കഴിച്ചാൽ ജീർണകാസവും ജ്വരവും സുഖപ്പെടും. വസൂരി-ലഘുവസൂരിരോഗങ്ങൾക്കും ഇതു ഫലപ്രദമാണ്.ഹിന്ദുമത വിശ്വാസികൾ തുളസിയെ പാവനസസ്യമായി കരുതി ആദരിക്കുന്നു. മഹാവിഷ്ണുവിന്‍റെ  പത്നിയായ ലക്ഷ്മീ ദേവിയാണ് ഭൂമിയിൽ തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം.

സരസ്വതീശാപം നിമിത്തം ലക്ഷ്മീദേവി ധർമധ്വജനെന്ന രാജാവിന്‍റെ പുത്രിയായ തുളസിയായി ജനിക്കുകയും ബ്രഹ്മാവിന്‍റെ അനുഗ്രഹത്താൽ വിഷ്ണുവിന്‍റെ അംശമായ ശംഖചൂഢൻ എന്ന അസുരനെ വിവാഹം കഴിക്കുകയും ചെയ്തു. പത്നിയുടെ പാതിവ്രത്യം നശിച്ചാൽ മാത്രമേ മരണമുണ്ടാവുകയുള്ളൂ എന്ന വരം ശംഖചൂഢന് ലഭിച്ചിരുന്നതിനാൽ ദേവന്മാർ ശംഖചൂഢനെ വകവരുത്തുന്നതിനായി മഹാവിഷ്ണുവിന്റെ സഹായം അഭ്യർഥിച്ചു. ശംഖചൂഢന്‍റെ  രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു. കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ ദേവി കൃത്രിമ ശംഖചൂഢനെ ശപിക്കാൻ മുതിർന്നെങ്കിലും മഹാവിഷ്ണു സ്വരൂപം കൈക്കൊള്ളുകയും ദേവിയെ സമാശ്വസിപ്പിക്കുകയും ചെയ്തു. തുളസീദേവി ശരീരമുപേക്ഷിച്ച് വൈകുണ്ഠത്തിലേക്കു പോയപ്പോൾ ദേവിയുടെ ശരീരം ഗണ്ഡകി എന്ന പുണ്യനദിയായി തീർന്നുവെന്നും, തലമുടിയിഴകൾ തുളസിച്ചെടിയായി രൂപാന്തരപ്പെട്ടുവെന്നുമാണ് ഐതിഹ്യം.
തുളസിയുടെ ഇല, പൂവ്, കായ്, വേര്, ചില്ല, തൊലി, തടി, മണ്ണ് എന്നിവയെല്ലാം തന്നെ പാവനമായി കണക്കാക്കപ്പെടുന്നു. തുളസിയുടെ വിറകുകൊണ്ട് ദഹിപ്പിക്കുന്നവരുടെ ആത്മാവിന് പാപവിമുക്തിയുണ്ടായി വിഷ്ണുലോകത്തിൽ സ്ഥാനം ലഭിക്കുമെന്നാണ് വിശ്വാസം. തുളസിത്തീ കൊണ്ട് വിഷ്ണുവിന് ഒരു വിളക്ക് വച്ചാൽ അനേകലക്ഷം വിളക്കിന്‍റെ  പുണ്യഫലം നേടുമെന്നും തുളസി അരച്ച് ദേഹത്ത് പൂശി വിഷ്ണുവിനെ പൂജിച്ചാൽ ഒരു ദിവസംകൊണ്ടുതന്നെ നൂറു പൂജയുടേയും നൂറു ഗോദാനത്തിന്‍റെയും ഫലം ലഭിക്കുമെന്നും പദ്മപുരാണം 24 മത്തെ അധ്യായത്തിൽ പ്രസ്താവിക്കുന്നു.രോഗങ്ങളകറ്റി ആരോഗ്യം കാക്കാന്‍ മുറ്റത്തൊരു തുളസിച്ചെടി മതി. ഒരേ സമയം ഔഷധ സസ്യവും, പുണ്യ സസ്യവുമാണ് തുളസി. പല രോഗങ്ങള്‍ക്കും തുളസികൊണ്ട് പരിഹാരമുണ്ട്.
ക്ഷേത്ര പരിസരങ്ങളിലും വീട്ടുമുറ്റത്തും തുളസി നട്ടുവളര്‍ത്താറുണ്ട്.ജലദോഷം, പനി, ചുമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും തുളസിക്കാപ്പി ഫലപ്രദമാണ്. വാതം, ആസ്തമ, ഛര്‍ദ്ദി, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായും തുളസി ഉപയോഗിച്ചുവരുന്നുണ്ട്. നല്ലൊരു അണുനാശിനിയും ആന്‍റിഓക്‌സിഡന്റുമാണ് തുളസി. ഹൃദ്രോഗങ്ങള്‍ക്ക് പ്രതിരോധമായും തുളസി ഫലപ്രദമാണെന്ന ആയൂര്‍വ്വേദ ഡോക്ടര്‍മാര്‍ പറയുന്നു.പ്രമേഹ രോഗികള്‍ രാവിലെ വെറും വയറ്റില്‍ പത്തോ, പതിനഞ്ചോ തുളസിയില വീതം ചവച്ചുതിന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയും. തുളസിനീര്‍ കണ്ണില്‍ പുരട്ടുന്നത് നയന രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്. ത്വക് രോഗങ്ങള്‍ അകറ്റാനും, മുഖകാന്തിക്കും തുളസി അത്യുത്തമമാണ്. ചിലന്തി, തേള്‍ എന്നിവയില്‍ നിന്നേല്‍ക്കുന്ന വിഷത്തിനും പ്രതിവിധിയായും ഇത് ഉപയോഗിക്കുന്നു. തുളസിയില നീരില്‍ മഞ്ഞള്‍ അരച്ചുസേവിക്കുകയും, കടിച്ച ഭാഗത്ത് പുരട്ടുകയുമാണ് ചെയ്യുന്നത്.തുളസിനീര്‍ പനി കുറയ്ക്കുന്നതിനുള്ള ഒരു ഔഷധമാണ്. കൃഷ്ണ തുളസി, രാമ തുളസി എന്നിങ്ങനെ രണ്ടുതരം തുളസിയുണ്ട്. കൃഷ്ണ തുളസിക്കാണ് ഔഷധ ഗുണം കൂടുതല്‍. ഏഴു തുളസിയില രാവിലെ വെറും വയറ്റില്‍ ചവച്ചു തിന്നാല്‍ മിക്ക രോഗങ്ങളെയും പ്രതിരോധിക്കാമെന്നാണ് പാരമ്പര്യ വൈദ്യന്‍മാര്‍ പറയുന്നത്.

തുളസിയുടെ എല്ലാഭാഗങ്ങളും ഔഷധയോഗ്യമാണ് മസൂരി, ലഘുമസൂരി എന്നീ അസുഖങ്ങളുടെ ശമനത്തിന് പത്ത് മില്ലി ലിറ്റര്‍ തുളസിയിലനീര് അത്രയും തേനും ചേര്‍ത്ത് ദിവസം മൂന്ന് നേരം വീതം കുടിക്കുന്നത് നല്ലതാണ്. വിഷജന്തുക്കള്‍ കടിച്ചാല്‍ തുളസിയില, തുളസിപ്പൂവ്, മഞ്ഞള്‍, തഴുതാമ എന്നിവ സമമായെടുത്ത് അരച്ച് മുറിവായില്‍ പുരട്ടുകയും അതുതന്നെ അരച്ച് ആറ് ഗ്രാം വീതം ദിവസം മൂന്നുനേരം എന്ന കണക്കില്‍ ഏഴ് ദിവസം വരെ കഴിക്കുകയും ചെയ്താല്‍ വിഷം പൂര്‍ണമായും ശമിക്കും.അഞ്ച് മില്ലി ലിറ്റര്‍ തുളസിയിലനീര് തേനും ചേര്‍ത്ത് ദിവസവും മൂന്നുനേരം വീതം ഉപയോഗിച്ചാല്‍ ജീര്‍ണ്ണജ്വരം, ജീര്‍ണ്ണകാസം എന്നിവ ശമിക്കും.
മഞ്ഞപ്പിത്തം, മലേറിയ,വയറുകടി എന്നീ അസുഖങ്ങള്‍ ശമിക്കുന്നതിന് തുളസിയിലയുടെ സ്വരസം ഓരോ ടേബിള്‍ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും പതിവായി കുടിച്ചാല്‍ മതി.തുളസിയില തണലിലിട്ട് ഉണക്കി പൊടിച്ച് നാസികാചൂര്‍ണ്ണമായി ഉപയോഗിച്ചാല്‍ പീനരസം, മുക്കടപ്പ് എന്നിവ ശമിക്കും.ചെറു നാരങ്ങ നീരില്‍ തുളസിയിലയരച്ച് ചേര്‍ത്ത് പുരട്ടിയാല്‍ പുഴുക്കടി ശമിക്കും.

ഉറങ്ങുമ്പോള്‍ തലയണ്ക്കരികെ കുറച്ച് തുളസിയില ഇട്ടാല്‍ പേന്‍ പോകും. തുളസിയില മുടിയില്‍ തിരുകിയാലും മതിയാകും.

തഴുതാമ (തവിഴാമ)

നമ്മുടെ പറമ്പുകളിലും നട്ടു വഴികളിലും യഥേഷ്ടം കാണുന്ന ഒരു അത്ഭുത ഔഷദ സസ്യം ആണ് തഴുതാമ. ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍‍ത്തനം ത്വരിതപ്പെടുത്താന്‍ കഴിവുണ്ട് തഴുതാമയ്ക്ക്. മൂത്രാശയരോഗങ്ങള്‍ക്കെതിരെ ഒന്നാംതരം മരുന്നാണ് ഇത്. പണ്ടൊക്കെ വീടുകളില്‍ ഇതിന്‍റെ തോരന്‍ വെക്കുമായിരുന്നു. ഇതിന്‍റെ ഗുണവശങ്ങള്‍ അറിയാവുന്നവര്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. തഴുതാമ ഇല ഇട്ടു തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതും ഉത്തമം ആണ്.
നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായുംപൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ.വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഘണ്ടു എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീരോഗങ്ങൾക്ക് ഫലപ്രദമാണെന്ന്ഭാവപ്രകാശത്തിലും ചരകസംഹിതയിൽ കുഷ്ഠരോഗത്തിനുംചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നും പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും.കൂടുതലായി അകത്തു ചെന്നാൽ ഛർദ്ദി ഉണ്ടാകും.
തഴുതാമവേര്‌, രാമച്ചം, മുത്തങ്ങാ കിഴങ്ങ്, കുറുന്തോട്ടിവേര്‌, ദേവദാരം, ചിറ്റരത്ത,ദർഭവേര്‌ എന്നിവകൊണ്ടുള്ള കഷായം തേനും പഞ്ചസാരയും മേമ്പൊടിചേർത്ത് കഴിച്ചാൽ സ്ത്രീകൾക്ക് സംയോഗ സമയത്തും അതിനുശേഷവും യോനിയിലുണ്ടാകുന്ന വേദന ശമിക്കുകയും സംയോഗം ശരിയായി അനുഭവവേദ്യമാകുകയും ചെയ്യും.തഴുതാമവേര്‌, വേപ്പിന്‍റെ തൊലി, പടവലം,ചുക്ക് കടുകരോഹിണി, അമൃത്,മരമഞ്ഞൾത്തൊലി, കടുക്കത്തോട്ഇവകൊണ്ടുള്ള കഷായം നീര്‌, കരൾ രോഗങ്ങൾ, ചുമ, ശ്വാസംമുട്ടൽ, പാണ്ടുരോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.

വൃത്തിയുള്ള പരിസരത്ത് നില്‍ക്കുന്ന തഴുതാമ തോരന്‍ വെക്കാനായി ഉപയോഗിക്കാം. ഇതിലെ ഇലകളും ഇളം തണ്ട് എടുത്തു നന്നായി കഴുകുക, വെള്ളം നന്നായി കളഞ്ഞ ശേഷം ചെറുതായി അരിയുക. ഇതിലേക്ക് ചിരകിയ തേങ്ങാ, ചതച്ച ഉള്ളി, പച്ചമുളക്/കാന്താരി, മഞ്ഞള്‍പ്പൊടി, പാകത്തിന് ഉപ്പു ഇവ ചേര്‍ത്ത് ഇളക്കുക. കടുക് പൊട്ടിച്ചു ഈ കൂട്ട് വേവിച്ചെടുക്കാം. തഴുതാമ അളവ് കുറവെങ്കില്‍ വേവിച്ച ചെറുപയര്‍ അല്ലെങ്കില്‍ തുവരയും ചേര്‍ക്കാം. വിഷക്കറികള്‍ വാങ്ങി പണവും ആരോഗ്യവും കളയാതെ നമ്മുടെ പഴയ ഭക്ഷണ രീതികളിലേക്ക് നമുക്ക് മടങ്ങാം.

നോനി അഥവാ മഞ്ഞണാത്തി

കാന്‍സറിനെ ചെറുക്കാന്‍ നോനി ജ്യൂസ്‌.നോനി ഒരു കാന്‍സര്‍ പ്രതിരോധി.

നോനി ഒരു മരുന്നല്ല. ഇത് നമ്മുടെ ശരീരത്തിലെ ജീവകോശങ്ങളുടെ ആഹാരമാണ്. ഇതിന്‍റെ ഉപയോഗം മൂലം ശരീരത്തിനാവശ്യമായഎല്ലാ പോഷകങ്ങളും ഒരുമിച്ച് ലഭ്യമാകുകയും, ശരീരത്തിലടിഞ്ഞു കൂടുന്ന വിഷാംശങ്ങളും, മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുന്നു. തല്ഫലം മരുന്നുകളുടെ ഗുണം കോശങ്ങള്‍ക്ക് കിട്ടുന്നു. രോഗശമനവും, ഉന്മേഷവും, കരുത്തും ലഭ്യമാവുകയും ചെയ്യുന്നു. നോനി ജ്യൂസ്‌ ഒരു മരുന്നല്ല, കോശാധിഷ്ട്ടിത ആഹാരമാണ്. കെമിക്കലുകളില്ലാത്തതും, പ്രകൃതി ദത്തവുമാണ്.

മോരിണ്ട സിട്രിഫോളിയ എന്ന ഒരു പഴത്തിൽ നിന്നും എടുക്കുന്ന ഈ ജ്യൂസ്‌ തികച്ചും ഒരു ആയുർവേദിക് ഉൽപ്പന്നമാണ്‌. രണ്ടായിരത്തില്‍പ്പരം വര്‍ഷം മുമ്പുതന്നെ ആദിമനിവാസികളുടെ ചികിത്സാക്രമത്തിന്‍റെ ഭാഗമായിരുന്നു നോനി. ഈയടുത്ത് നടത്തിയ പരീക്ഷണങ്ങളില്‍ ശരീരത്തിന്‍റെ  രോഗപ്രതിരോധശക്തി കൂട്ടാനും കാന്‍സര്‍, പ്രമേഹം, അലര്‍ജി, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, കരള്‍രോഗങ്ങള്‍ എന്നിവയെ ചെറുക്കാനും നോനിക്ക് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. 160-ലധികം ന്യൂട്രാസ്യൂട്ടിക്കലുകളും,ആമിനോ ആസിഡുകളും, ക്ഷാരകല്‍പങ്ങളും നോനിയെ ആയുസ്സ് നീട്ടിക്കൊടുക്കുന്ന മൃതസഞ്ജീവനിയാക്കുന്നു.  നോനി ഒരു പ്രകൃതി ദത്ത ആന്‍റിബയോട്ടിക്കായും, ആന്‍റിഓക്സിഡന്‍റ് ആയും പ്രവര്‍ത്തിക്കുന്നു.

വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് ഇന്ന് നമ്മുടെ നാട്ടില്‍ അന്യംനിന്നു പോകാന്‍ സാധ്യതയുള്ള മഞ്ഞണാത്തി എന്ന നോനി. ആയുര്‍വേദ -സിദ്ധ - യുനാനി മരുന്നുകളുടേയും ഒരു പ്രധാന ചേരുവയാണ് ഈ സസ്യം. മൊറിന്‍ഡാ സിട്രിഫോളിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന്‍റെ  ജന്മദേശം തെക്ക് കിഴക്കേ ഏഷ്യയാണ്.വേര്, തണ്ട്, ഇല, പൂവ്, കായ് എന്നീ ഭാഗങ്ങളെല്ലാം ഉപയോഗപ്രദമായ ഈ സസ്യം ആയുര്‍ വേദം, സിദ്ധ യുനാനി എന്നീ ചികിത്സാ രീതികളിലും നിരവധി ഔഷധങ്ങളുടെ പ്രധാന ചേരുവയാണ്.

ബാക്ടീരിയ, വൈറസ്, കുമിള്‍, ക്യാന്‍സര്‍, പ്രമേഹം, അലര്‍ജി, നേത്ര രോഗങ്ങള്‍, മസ്തിഷ്ക രോഗങ്ങള്‍, വൃക്കരോഗം, ഹൃദ് രോഗങ്ങള്‍, ശ്വാസകേശരോഗങ്ങള്‍, കൊളസ്ട്രോള്‍, തൈറോയിഡ് രോഗങ്ങള്‍, സൊറിയാസിസ്, രക്താദി സമ്മര്‍ദ്ദം, ആസ്തമ, തളര്‍ച്ച, വിളര്‍ച്ച, അപസ്മാരം, അസ്ഥിരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ക്ഷയം , ട്യൂമറുകള്‍, ത്വക്ക് രോഗങ്ങള്‍, സ്ത്രീകളുടെ സാധാരണ ആരോഗ്യ പ്രശ്നങ്ങള്‍ , ആര്‍ത്തവ പ്രശ്നങ്ങള്‍, വന്ധ്യത, എന്നിവയെ നിയന്ത്രിച്ച് പല രോഗങ്ങളേയും ശമിപ്പിക്കുന്നതിനുള്ള ഔഷധ ഗുണം ഈ സസ്യത്തിന് ഉണ്ടത്രെ. ചെടിയുടെ വിവിധ അവശിഷ്ടങ്ങള്‍ ജൈവ കീട നിയന്ത്രണ ഉപാധിയും ജൈവ വളങ്ങളായും സസ്യ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഉത്തേജക ഹോര്‍മോണുകളായും ഇത് പ്രവര്‍ത്തിച്ച് വരുന്നു.
ആരോഗ്യ പാനീയമായ നോനിയുടെ വിവിധ ഉല്പന്നങ്ങള്‍ കമ്പോളങ്ങളില്‍ ലഭ്യമാണ്. നോനിചായ , നോനി സോപ്പ്, നോനി സൌന്ദര്യ വര്‍ദ്ധകങ്ങള്‍ , വാര്‍ധക്യ നിയന്ത്രണ പാനീയങ്ങള്‍ ലഭിച്ചു വരുന്നു. പാപ്പിനിശ്ശേരിയിലെ തീരപ്രദേശത്ത് ദേശീയ പാതയ്ക്കു സമീപം മഞ്ഞണാത്തി ആരാലും ശ്രദ്ധിക്കപ്പെടാതെ, തിരിച്ചറിയപ്പെടാതെ വളരുന്നുണ്ട്.

ആവണക്ക്

ഭാരതത്തില്‍ ഏകദേശം മുഴുവന്‍ പ്രദേശങ്ങളിലും വളരുന്ന ഒരു സസ്യമാണ്‌ കടലാവണക്ക്. ഇതിനെ വേലി തിരിക്കുന്നതിന്‌ ഉപയോഗിക്കുന്നുണ്ട്. അപ്പ, കമ്മട്ടി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്‍റെ ശാസ്ത്രീയനാമം Jatropha curcas എന്നാണ്‌. ഇത് Euphorbiaceae സസ്യകുടുംബത്തിലെ അംഗമാണ്‌. സംസ്കൃതത്തില്‍ ദ്രാവന്തി, ഇംഗ്ലീഷില്‍ Purging nut, ഹിന്ദിയില്‍ പഹാരി, എറണ്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. വരള്‍ച്ചയുള്ള പ്രദേശങ്ങളിലും വളരുന്ന ഈ വൃക്ഷത്തിന്‍റെ കായയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ ബയോ ഡീസല്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. പ്രധാനമായും വിത്തുകള്‍ വഴിയോ തണ്ടുകള്‍ മുറിച്ചു നട്ടോ ആണ്‌ ഇതിന്‍റെ വംശവര്‍ദ്ധന നിലനിര്‍ത്തുന്നത്. തടി മൃദുവായതും പശപോലെയുള്ള കറയുള്ളതുമാണ്‌. ഇലകള്‍ ചെറിയ തണ്ടുകളില്‍ ഓരോന്നായി കാണപ്പെടുന്നു. പച്ച നിറം കലര്‍ന്ന മഞ്ഞ പൂക്കളാണ്‌ ഇതിനുള്ളത്. പച്ചനിറത്തില്‍ കാണപ്പെടുന്ന കായ്കള്‍ പാകമാകുമ്പോള്‍ മഞ്ഞ നിറമാകുന്നു. ഓരോ കായ്കളിലും കറുത്ത നിറത്തില്‍ 3വീതം വിത്തുകള്‍ ഉണ്ടായിരിക്കും. ഇതിന്‍റെ  ഇലകള്‍, വിത്തുകള്‍ , വിത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ എന്നിവയാണ്‌ പ്രധാന ഉപയോഗവസ്തുക്കള്‍ അല്പം വഴങ്ങുന്ന സ്വഭാവമുള്ളതിനാല്‍ കടലാവണക്കിന്‍ കമ്പ് ഇഴജന്തുക്കളെ അടിച്ചുകൊല്ലാന്‍ കൊള്ളാവുന്നതാണ്. കടലാവണക്കിന്‍ പത്തല്‍ എന്നാണ് ഈ കമ്പുകള്‍ അറിയപ്പെടുന്നത്. കടലാവണക്കിന്‍റെ  ഇല ഒടിച്ച് കറയിലെക്ക് ഊതി കുമിളയുണ്ടാക്കി പറത്തുന്നത് നാട്ടിന്‍ പുറങ്ങളിലെ കുട്ടികളുടെ ഒരു വിനോദമാണ്. പിത്തം, കഫം, വിരശല്യം, പക്ഷാഘാതം എന്നീ അസുഖങ്ങള്‍ക്ക് ഔഷധങ്ങളില്‍ ഉപയോഗിക്കുന്നു.

വെളുത്തുള്ളി

നമ്മുടെ വീടുകളില്‍ തന്നെയുള്ള പല വസ്തുക്കളും വിവിധതരം രോഗശമനത്തിനായി ഉപയോഗിക്കാവുന്ന ദിവ്യഗുണങ്ങള്‍ ഉള്ളവയാണ് നാം അത് തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. നമ്മുടെ വീടുകളില്‍ എപ്പോഴും കാണുന്ന ഒരു വസ്തുവാണ് വെളുത്തുള്ളി. എന്നാല്‍ അതിന്‍റെ  ഔഷധ ഗുണത്തെപ്പറ്റി നമ്മുക്ക് എത്രത്തോളം അറിയാം. എന്നത് ആണ് വലിയ ചോദ്യം. വെളുത്തുള്ളിയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.വായ് അടയ്ക്കാനും, തുറക്കാനുംസാധിക്കാത്ത അവസ്ഥയായ ഹനുസ്തംഭത്തിന് വെളുത്തുള്ളിയും ഇന്തുപ്പും ചേര്‍ത്തരച്ച് ഒരു ഗ്രാം വീതം ദിവസം മൂന്നു നേരം കഴിക്കുകയും അത് പുറമെ പുരട്ടുകയും ചെയ്താല്‍ ആശ്വാസമുണ്ടാകും. വെളുത്തുളളി കുറച്ച് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് നല്ലപോലെ ചതച്ച് ചാറെടുത്ത് സമം പഞ്ചസാരയും ചേര്‍ത്ത് ഓരോ സ്പൂണ്‍ വീതം കഴിച്ചാല്‍ ചുമയും ജ്വരവും ശമിക്കും. വെളുത്തുള്ളി, ശതകുപ്പ, കായം എന്നിവ സമമായെടുത്ത് പൊടിച്ച് ഓരോ ഗ്രാം തൂക്കത്തില്‍ ഗുളികയുരുട്ടി ഓരോ ഗുളിക ദിവസം മൂന്നുനേരം വീതം ചൂടുവെള്ളത്തില്‍ കഴിച്ചാല്‍ വയറുവേദന, വയറു പെരുക്കം, വായുക്ഷോഭം , ഗുല്‍മം എന്നിവയ്ക്ക് ശമനമുണ്ടാകും. ആറു വെളുത്തുള്ളി തൊലി കളഞ്ഞ് ഉരിയപാലില്‍ കാച്ചി ദിവസേന രാവിലെ കഴിച്ചാല്‍ രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും ശമിക്കും.
ചെവി വേദനയ്ക്ക്  രണ്ടു തുള്ളി വെള്ളുത്തുള്ളി നീര് ചെവിയില്‍ ഒഴിക്കുന്നത് നല്ലതാണ്. വെള്ളുത്തുള്ളിയും സമം വിഴാലരിയും പശുവിന്‍റെ പാലില്‍ കാച്ചി കഴിച്ചാല്‍ ക്ഷയം ശമിക്കും. പ്രമേഹ രോഗികള്‍ക്ക് ദഹനക്കുറവും കാല്‍കഴപ്പും ഉള്ളപ്പോള്‍ ഒന്നോ രണ്ടോ വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ ദിവസവും രാവിലെ കഴിക്കണം. വാതരോഗമുള്ളവര്‍ മൂന്ന് ഗ്രാം വെളുത്തുള്ളി ചതച്ചത് പത്ത് ഗ്രാം വെണ്ണ ചേര്‍ത്ത് ദിവസേന കഴിക്കുന്നത് നല്ലതാണ്.

രക്തചന്ദനം

ലെഗുമിനോസി സസ്യകുടുംബത്തില്‍പെട്ടതാണിത്. ഇലകൊഴിക്കുന്ന മരമായ ഇതിന്‍റെ  തൊലി തവിട്ടുനിറത്തില്‍ കാണപ്പെടുന്നു. തടി വെട്ടുമ്പോള്‍ ചുവന്ന ദ്രാവകം ഊറിവരും. ഈ തടി അരച്ചുണ്ടാക്കുന്നതാണ് രക്തചന്ദനം. കാതലാണ് ഔഷധയോഗ്യഭാഗം. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ രക്തചന്ദനം നല്ലതാണ്. തലവേദന, രക്താര്‍ശസ്, രക്താതിസാരം, ഛര്‍ദ്ദി, രക്തപിത്തം എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ലക്ഷ്മണാരിഷ്ടം, പ്രാസാരിണിതൈലം, അഷ്ടാരിഗുളിക,ചാര്‍ങ്ങ്യേരാദിഗുളിക എന്നിവ രക്തചന്ദനം ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്. ഔഷധഗുണമുണ്ടെങ്കിലും പ്രധാനമായും ഫര്‍ണിച്ചര്‍, വീടുപണി തുടങ്ങിയവയ്ക്കും ചായം ഉണ്ടാക്കാനുമാണ് രക്തചന്ദനത്തിന്‍റെ  തടി ഉപയോഗിക്കുന്നത്. തടിക്ക് നല്ല കടുപ്പമുള്ളതിനാല്‍ ആശാരിപ്പണിക്ക് ഒന്നാന്തരമാണ്.
ചെടികള്‍ തമ്മില്‍ അകലം 15 അടിവേണം. ഒന്നരയടി ആഴത്തിലും സമചതുരത്തിലും എടുത്തകുഴികളില്‍ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം. തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം. ആദ്യത്തെ രണ്ടുവര്‍ഷം നനയും കളയെടുക്കലും ആവശ്യമാണ്. പ്രതിവര്‍ഷം 20 കിലോഗ്രാം വീതം ജൈവവളവും ചേര്‍‍ക്കണം. പത്താംവര്‍ഷം വിളവെടുപ്പിന് തയ്യാറാകും.

എരുക്ക്

കലോട്രോപിസ് ജൈജാന്‍റിയ (Calotropis gigantean) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന് ഇംഗ്ലീഷില്‍ മഡ്ഡര്‍ പ്ലാന്‍റ് (Maddar Plant) എന്നാണ് പേര്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും തുറസ്സായ പാതയോരങ്ങളിലും മറ്റും ഏതാനും ഉയരത്തില്‍ സമൃദ്ധമായി വളരുന്ന കുറ്റച്ചെടിയാണ് എരുക്ക്. ഇതില്‍ ധാരാളം വെള്ളക്കറയുണ്ട്.
ഇല കട്ടിയുള്ളതും അടിഭാഗം പൗഡര്‍ പോലെ വെളുത്ത ഒരു പൊടിയോടു കൂടിയതുമാണ്. ആയുര്‍വേദ ഔഷധമെന്ന നിലയില് സമൂലം ഇത് ഉപയോഗിച്ചുവരുന്നു. പുഴുപ്പല്ല് മാറുവാന്‍ എരിക്കിന്‍ കറ പുരട്ടിയാല്‍ മതി. പാമ്പുകടിച്ചാലുടന്‍ എരിക്കില പച്ചക്ക് സേവിച്ചാല്‍ പാമ്പിന്‍ വിഷത്തിന്‍റെ  ശക്തി കുറയും. എരിക്കില നീരും തേങ്ങാപ്പാലും ചേര്‍ത്ത് വെയിലില്‍ വറ്റിച്ചെടുത്തത് തേച്ചാല്‍ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാം. വെള്ള എരുക്കിന്‍റെ  വേര് കാടിയില്‍ അരച്ച് പുരട്ടിയാല്‍ മന്തുരോഗം ശമിക്കും.

അമൃത്

ഹാർട്ട്‌ലീഫ് മൂൺ സീഡ് Heartleaf moon seedഎന്ന ആംഗലേയ നാമവും,
അംബ്രോസിയ (Ambrosia) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന അമൃത് ടൈനോസ്പോറകോര്‍ഡിഫോളിയ (Tinospora cordifolia Miers) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചിറ്റമൃതുംടൈനോസ്പോറ മലബാറിക്ക (Tinospora Malabarica) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കാട്ടമൃത് എന്നിങ്ങനെ രണ്ടുതരമുണ്ട്. ഇതൊരു ലതാസസ്യമാണ്. ചിറ്റമൃത് എന്ന പേരിലും അറിയപ്പെടുന്ന ഈ സസ്യം മരണമില്ലാത്തവന്‍ ‍അല്ലെങ്കില്‍ ദീര്‍ഘകാലം ജീവിച്ച് മരണത്തെ അകറ്റി നിറുത്തന്നവന്‍ എന്ന പേരിന് തീര്‍ത്തും അനുയോജ്യമാണ്. ഇതിന്‍റെ  തണ്ടുമുറിച്ച് മരങ്ങളുടെ മുകളില്‍ കെട്ടിത്തൂക്കിയാല്‍ പോലും വേരു താഴേക്കു വിട്ട് മരണത്തെ അതിജീവിക്കും. കാട്ടമൃത്, പോത്തനമൃത്, ചിറ്റമൃത് തുടങ്ങി പലയിനങ്ങളുണ്ടെങ്കിലും രോമങ്ങളില്ലാത്ത ചെറിയ ഇലകളുള്ള ചിറ്റമൃതിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണം. കാടുകളിലും നാട്ടിന്‍പുറങ്ങളിലും ധാരാളമുള്ള ഈ കയ്പന്‍ വള്ളിച്ചെടി വന്‍മരങ്ങളി‍ല്‍ പടര്‍ന്നു കയറുന്നവയാണ്. ഇലയ്ക്ക് വെറ്റിലയുടെ രൂപവുമായി സാമ്യമുണ്ട്. നല്ല മൂപ്പെത്തിയ വള്ളികള്‍ക്ക് തള്ളവിരലോളം വണ്ണമുണ്ടാകും. ശ്രീലങ്ക, ഇൻഡ്യഎന്നിവിടങ്ങളിലെ വനങ്ങളിൽ മരങ്ങളെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ്.രസായന ഔഷധമായി ഉപയോഗിക്കുന്ന അമൃത് രോഗങ്ങളെ ഇല്ലാതാക്കുകയും, മരണത്തെ അകറ്റുകയും ചെയ്യും എന്ന്ആയുർവേദമതം
ആയുര്‍വേദ വിധിപ്രകാരം കയ്പുരസവും ഉഷ്ണവീര്യവുമാണ് അമൃതിന്. ബെര്‍ബെറിന്‍,ഗിലിയന്‍ എന്ന ആല്‍ക്കലോയിഡുകളാണ് ഇതിലെ മുഖ്യ രാസവസ്തുക്കള്‍. പനിക്കെതിരായ ഔഷധവീര്യം മൂലം ഇന്ത്യന്‍ ക്വിനൈന്‍ എന്ന ഖ്യാതിയും അമൃതിനുണ്ട്. വള്ളിയാണ് നടാനായി ഉപയോഗിക്കുന്നത്. ഇതിന്‍റെ  വള്ളിയും കാണ്ഡവുമാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്. ഇലകള്‍ക്ക് ഹൃദയാകൃതിയാണ്. മുകളില്‍നിന്നും വളരുന്ന പാര്‍ശ്വ വേരുകള്‍ പിന്നീട് തണ്ടായി മാറുന്നു. ശരീരതാപം ക്രമീകരിക്കാന്‍ അത്ഭുത ശക്തിയുള്ള ഔഷധിയാണ് ചിറ്റമൃത്. രക്തശുദ്ധിയുണ്ടാകാനും ധാതുപുഷടി വര്‍ദ്ധിപ്പിക്കാനും, മൂത്രാശയ രോഗങ്ങള്‍, ദഹനശേഷിക്കുറവ്, പ്രമേഹം, ത്വക്കരോഗങ്ങള്‍ ഇതിനെല്ലാം അമൃത് ഫലപ്രദമാണ്. ചിറ്റമൃത്, ദശമുലകങ്ങളുടെ വേര് തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന അമൃതാരിഷ്ടം പനി കുറക്കാന്‍ വിശിഷ്ടമാണ്.അമൃതിന്‍റെ ഇലകളിൽ 11.2% മാംസ്യവും നല്ലയളവിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവയും കാണുന്നതിനാൽ കാലിത്തീറ്റയായി ഉപയോഗിക്കുന്നുണ്ട്.സാധാരണ കാലാവസ്ഥകളിൽ വളരുന്ന ഒരു വള്ളിച്ചെടിയാണിത്. ഇത് ഔഷധമായി ഉപയോഗിക്കപ്പെടുന്നു.
കടും പച്ചനിറവും ഹൃദയാകാരവുമുള്ള ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്നു. വള്ളിക്ക് വിരലിന്‍റെ കനമേ കാണുകയുള്ളു. വള്ളിയുടെ പുറത്ത് ഇളം തവിട്ടുനിറത്തിൽ നേരിയ ഒരു തൊലിയുണ്ട്. ഈ തൊലി മാറ്റിയാൽ നല്ല പച്ചനിറമായിരിക്കും. ആകൃതിയിൽ അല്പംകൂടി ചെറുതും നിറം അല്പം കുറഞ്ഞതുമായ അമൃതിനെ ചിറ്റമൃത് എന്നു വിളിക്കുന്നു. കാട്ടമൃതിന്‍റെ (ടി. മലബാറിക്ക) ഇല വലിപ്പം കൂടിയതാണ്. ഇളംതണ്ടിലും ഇലയുടെ അടിവശത്തും വെള്ളരോമങ്ങളുണ്ട്. അമൃതിന്‍റെ  വള്ളിയുടെ ഒരു കഷ്‌ണം മുറിച്ച്‌ ഏതെങ്കിലും മരക്കൊമ്പിൽ വച്ചിരുന്നാൽ ഒരറ്റത്തുനിന്നും വേരു പതിയെ താഴോട്ടു വളർന്ന് മണ്ണിലെത്തി പുതിയ ചെടി ഉണ്ടായി വരും. അതോടൊപ്പം തന്നെ മറ്റേ അറ്റത്ത്‌ ഇലകൾ മുളച്ചും വരും.ചിറ്റമൃതിന്‍റെ  വള്ളിയാണ് സാധാരണ ഔഷധമായി ഉപയോഗിക്കുന്നത്; കാട്ടമൃതും ഉപയോഗിക്കാറുണ്ട്. ചില സ്ഥലങ്ങളിൽ വേരും ഉപയോഗപ്പെടുത്തുന്നു. അനവധി രോഗങ്ങളെ ശമിപ്പിക്കാനുള്ള ശക്തി ഇതിനുണ്ട്. അതുകൊണ്ടാവാം, ഒരു പക്ഷേ, ഇതിന് അമൃത് എന്ന പേരുണ്ടായത്.പാലാഴിമഥനംത്തിൽകിട്ടിയ അമൃതം ഏതാനും തുള്ളികൾ സന്ദർഭവശാൽ ഭൂമിയിൽ വീഴാൻ ഇടയായെന്നും, അവ മുളച്ചുവളർന്നുണ്ടായതാണ് ഈ ചെടിയെന്നും ഒരു ഐതിഹ്യം ഉണ്ട്.
അമൃതിന്‍റെ തണ്ട്, തൊലി നീക്കി ചതച്ച് നാലുമണിക്കൂര്‍ വെള്ളത്തിലിട്ടാല്‍ ഇവയുടെ നൂറ് കിട്ടും. ഒരൌണ്‍സ് നൂറ് പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് 1-3 ഔണ്‍സായി ഉപയോഗിച്ചാല്‍ ശരീരത്തിലെ ചൂട് ക്രമീകരിക്കാനാകും. രക്തശുദ്ധിയുണ്ടാകാനും എല്ലാവിധ പനികള്‍ക്കും ഇത് പ്രയോജനപ്രദമാണ്. ഇതിന്‍റെ തണ്ടു ചതച്ച് അര ഔണ്‍സ് നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് 6 നേരം കഴിച്ചാല്‍ പനി മാറും.വൃക്കരോഗങ്ങള്‍ക്ക് അമൃത് ഇടിച്ചു പിഴിഞ്ഞ നീര് 15 മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുക. ശരീരത്തില്‍ അമിതമായുണ്ടാകുന്ന ചുട്ടുനീറ്റല്‍ മാറ്റാന്‍ അമൃതിന്‍ നൂറ് 250 മി.ഗ്രാം വീതം മൂന്നുനേരം കഴിക്കണം. വാതജ്വരം കുറയ്ക്കാന്‍ അമൃത് നെല്ലിക്കാത്തോട്, കുമിഴിന്‍റെ  വേര് തുടങ്ങിയ ഔഷധങ്ങള്‍ സമം ചേര്‍ത്ത് കഷായമായി ഉപയോഗിക്കാം. അമൃത്, നറുനീണ്ടിക്കിഴങ്ങ്, തഴുതാമ വേര്, മുന്തിരി, ശതകുപ്പ തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ഗുഡുച്യാദി കഷായം വാതജ്വരത്തിനുത്തമമാണ്. ചിറ്റമൃത്, പച്ചോറ്റിത്തൊലി, ചെങ്ങഴങ്ങിനീര്‍ക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ് തുടങ്ങിയവ ചേര്‍ത്തു കഷായം വെച്ചുപയോഗിക്കുന്നത് പിത്തജ്വരം കുറയ്ക്കും. അമൃത്, കടുക്കാത്തോട്, ചുക്ക് തുടങ്ങിയവയടങ്ങിയ നാഗരാദികഷായം എല്ലാത്തരം പനികള്‍ക്കും ഉത്തമമാണ്. അമൃതിന്‍ നീര്, നെല്ലിക്കാനീര്, മഞ്ഞള്‍പൊടി ഇവ മൂന്നും 10 മി.ലി. വീതം വെറുംവയറ്റില്‍ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഉത്തമമാണ്.
അമൃതിന്‍ നീര് തേനില്‍ ചേര്‍ത്തുപയോഗിക്കുന്നത് മൂത്രവര്‍ദ്ധനവിനും അസ്ഥിസ്രാവത്തിനും ഫലപ്രദമാണ്. അമൃതിന്‍ കഷായത്തില്‍ കുരുമുളകുപൊടി ചേര്‍ത്തുപയോഗിക്കുന്നത് ഹൃദ്രോഗത്തിനും രക്തവാതത്തിനും ഫലപ്രദമാണ്. അമൃത്, മുത്തങ്ങ, ചന്ദനം, ചുക്ക് ഇവയുടെ കഷായം തലവേദനയും ജലദോഷവും പനിയും മാറ്റും. അമൃതനീര് തേന്‍ ചേര്‍ത്തുപയോഗിച്ചാല്‍ ഛര്‍‍ദ്ദി കുറയും. ദഹനക്കുറവുള്ളവര്‍ അമൃതിന്‍ നീരില്‍ ചുക്ക് പൊടിച്ചുപയോഗിക്കണം. അമൃതയിലയില്‍ വെണ്ണ പുരട്ടിയിട്ടാല്‍ കുരുക്കള്‍ പെട്ടെന്നും പഴുത്തു പൊട്ടും. കാലു വിണ്ടുകീറുന്നതിന് അമൃതയിലയും മൈലാഞ്ചിയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് കിടക്കുന്നതിന് മുമ്പ് കാലിലിടുക. പ്രമേഹത്തിനും വൃക്കരോഗങ്ങള്‍ക്കുമെതിരായുള്ള സിദ്ധൗഷധമാണ് അമൃത്. ത്വക് രോഗങ്ങളും ശമിപ്പിക്കും. അമൃതും ത്രിഫലയും സമം കഷായമാക്കി ദിവസം 3 നേരം മൂന്ന് ഔണ്‍സ് വീതം സേവിച്ചാല്‍ പെരുമുട്ടുവാതം ശമിക്കും.അമൃത് വള്ളി ഇടിച്ചുപിഴിഞ്ഞെടുത്ത നീര് 15 മില്ലി ദിവസം രണ്ടുനേരം വീതം സേവിച്ചാല്‍ മൂത്രാശയരോഗങ്ങള്‍ ശമിക്കും. ‌അമൃതിന്‍ നീരില്‍ ചുക്കുപൊടി ചേര്‍ത്ത് സേവിച്ചാല്‍ നല്ല ദഹനം ലഭിക്കും.അമൃത് ചതച്ചിട്ട് ഒരു രാത്രി വെച്ച വെള്ളം അല്പം മഞ്ഞള്‍പൊടി ചേര്‍ത്തു കുടിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം. അമൃതിന്‍ നീരും തേനും ചേര്‍ന്ന ലേപനം വ്രണങ്ങള്‍ ഉണക്കും.
ആയുർവേദ ഗ്രന്ഥങ്ങളിൽ ചിറ്റമൃതിന്‍റെ എല്ലാ ഭാഗങ്ങളും കറയും ഔഷധമായി ഉപയോഗിക്കുന്നു.മൂത്രാശയ രോഗങ്ങളിലും, ആമാശയ രോഗങ്ങളിലും,കരൾ സംബന്ധിയായ രോഗങ്ങളിലും, ത്വക്രോഗങ്ങളിലും, മറ്റ് ഔഷധങ്ങളുടെ കൂടെപാമ്പ്, തേൾ വിഷ ചികിത്സയിലും ഉപയോഗിക്കുന്നു.തണ്ടിൽ നിന്ന് നിർമ്മിക്കുന്ന അരിഷ്ടം ലൈംഗികശേഷിവർദ്ധിപ്പിക്കും.അമൃതാദി എണ്ണ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.ആയുർവേദവിധിപ്രകാരമുള്ള മിക്ക ഔഷധങ്ങളിലും അമൃത് ഒരു മുഖ്യഘടകമാണ്. കടുത്ത കയ്പുള്ള അമൃത് പചിച്ചുകഴിഞ്ഞാൽ മധുര രസമായിത്തീരുന്നു.  രസായനഗുണമുള്ള ഈ പദാർഥത്തിന് മലത്തെ ശോഷിപ്പിക്കാൻ കഴിവുണ്ട്. കഷായാനുസരവും ലഘുവും ആയതിനാൽ ബലത്തേയും ജഠരാഗ്നിയേയും ഇത് വർധിപ്പിക്കുന്നു.
കാമില, കുഷ്ഠം, വാതവ്യാധികൾ, രക്തദൂഷ്യം, ജ്വരം, കൃമി, ഛർദി ഇവയെ നശിപ്പിക്കുകയും പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു.

വിഷ്ണു ക്രാന്തി

സ്ലെണ്ടർ ഡ്വാർഫ് മോർണിങ്ങ് ഗ്ലോറി (Slender Dwarf Morning Glory)എന്ന ആംഗലേയ നാമവും ഇവോൾവുലസ്‌ അൾസിനോയിഡ്‌സ്‌ എന്ന ശാസ്ത്രീയ നാമവുമുള്ള വിഷ്ണുക്രാന്തിക്ക് വിഷ്ണുവിന്‍റെ കാൽപ്പാട് എന്ന് അർത്ഥം.(ജീവനെ പരിപാലിക്കുന്നവൻ വിഷ്ണു എന്നതിനാൽ) വേദ കാലഘട്ടത്തിൽ വിഷ്ണുക്രാന്തി ഗർഭധാരണ ശേഷി വർദ്ധിപ്പിക്കുന്ന ഔഷധമായി ഉപയോഗിച്ചിരുന്നു. പലസംസ്കൃത നിഘണ്ടുക്കളിലും നീല പുഷ്പ, മംഗല്ല്യപുഷ്പി, സുപുഷ്പി, മംഗല്ല്യകുസുമ, കൃഷ്ണക്രാന്തി തുടങ്ങിയ പര്യായങ്ങൾ ഉപയോഗിച്ചു കാണുന്നു. ചില പേരുകൾ വിഷ്ണുക്രാന്തി പുഷ്പങ്ങൾ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്നു. ദക്ഷിണ ഇൻഡ്യയിൽ വിഷ്ണുക്രാന്തി സമൂലം ഔഷധമായി ഉപയോഗിച്ചിരുന്നു; പ്രത്യേകിച്ച് ചില ഉദര രോഗങ്ങളിൽ. ബുദ്ധി ശക്തിയും, ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുന്ന ഔഷധമായും വിഷ്ണുക്രാന്തി ഉപയോഗിച്ചു വരുന്നു. ശ്വാസകോശ രോഗങ്ങൾ, വിഷ ചികിത്സ, അപസ്മാരം എന്നീരോഗങ്ങൾ ചികിത്സിക്കുവാനും, മന്ത്രവാദത്തിലും വിഷ്ണുക്രാന്തി ഉപയോഗിച്ചിരുന്നു.
ഉഷ്ണമേഖലകളിൽ ജലനിരപ്പിൽ നിന്ന് 1600 മീറ്റർ വരെ ഉയരമുള്ള വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിൽ ആണ്ടോടാണ്ടു വളരുന്നു.ദീർഘവൃത്താകൃതിയിൽരോമാവൃതമായഇലകൾ, തണ്ടുകൾക്ക് 30 സെ. മി. അടുത്ത് നീളം, മെലിഞ്ഞ് നിലം പറ്റി വളരുന്ന തണ്ടുകളിൽ 1-2 സെ. മി. നീളമുള്ള രോമങ്ങളുണ്ട്. മേയ് മുതൽ ഡിസംബർവരെ പുഷ്പിക്കുന്നു. പുഷ്പങ്ങൾക്ക് നീലനിറം, പഴങ്ങൾ/കായ്കൾ പുറം തോടിനുള്ളിൽ നാല് അറകളിലായി കാണുന്നു. വേരുകൾക്ക് 15-30 സെ. മി. നീളം, പച്ചയോ വെള്ള കലർന്ന പച്ച നിറത്തിലോ കാണുന്നു.നിലം പറ്റിവളരുന്ന ഒരു സസ്യമാണ് വിഷണുക്രാന്തി, പിത്തഹരമായ ഒരു ഔഷധിയാണ്. പൊതുവായി സ്ത്രീകളുടെ ശരീരപുഷ്ടിക്കും ഗര്‍ഭരക്ഷയ്ക്കും ഉപയോഗിക്കുന്നു. ഓര്‍മ്മകുറവ്, ജ്വരം, ആസ്മ, ബാലനര,മുടികൊഴിച്ചില് മുതലയവക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു.
ബീറ്റൈൻ, എവൊലൈൻ, സ്കോപോലേറ്റിൻ, കൌമറിൻ വിഭാഗങ്ങളിൽ പെട്ട ആൽക്കല്ലോയിടുകൾ വിഷ്ണുക്രാന്തിയിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്. മദ്യത്തിൽ ലയിപ്പിച്ചെടുത്ത വിഷ്ണുക്രാന്തിയുടെ രസം മാനസിക പിരിമുറുക്കത്തിന് ഔഷധമായുപയോഗിക്കാമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ആയുസ്സു വർദ്ധിപ്പിക്കുന്ന ആന്‍റി ഓക്സിഡന്റുകൾ വിഷ്ണുക്രാന്തിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്; സജീവ ഘടകങ്ങൾ ശരീരത്തിന്‍റെ രോഗപ്രതിരോധ പ്രക്രിയയെ അനുകൂലമായി ബാധിക്കുന്നു.ഇടവിട്ടുണ്ടാക്കുന്ന പനിക്കു വിഷ്ണുക്രാന്തി സമൂലം പശുവിന്‍ പാല്‍ കറന്നെടുത്ത ഉടനേ അരച്ചു കൊടുക്കാവുന്നതാണ്. ഇതിന്‍റെ നീര്‍ നെയ്യും ചേര്‍ത്തുകഴിച്ചാല്‍ ഒര്‍മ്മശക്തിക്ക് നല്ലതാണ്.  ഇതിന്‍റെ നീര്‍ തേനില്‍ കഴിച്ചാല്‍ കുടലില്‍ ഉണ്ടാക്കുന്ന അള്‍സര്‍ മാറും.

ബീറ്റ്റൂട്ട്

ബീറ്റ്‌റൂട്ട് ജൂസ് കഴിക്കൂ; രക്ത സമ്മര്‍ദ്ദം ഉയരാതെ നോക്കൂ.....

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് ഇതാ ലളിതമായൊരു ഒരു പരിഹാര മാര്‍ഗം. ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജൂസ് കഴിച്ചാല്‍ അമിത രക്തസമ്മര്‍ദ്ദത്തെക്കുറിച്ച്  ഓര്‍ത്ത് വേവലാതിപ്പെടാതെയിരിക്കാം. ഒരു കപ്പ് ജൂസ് കഴിച്ചാല്‍ ഏഴു ശതമാനം വരെ രക്ത സമ്മര്‍ദ്ദം താഴ്ത്താം എന്നാണു ഗവേഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്.ഉയര്‍ന്ന അളവില്‍ നൈട്രേറ്റ് അടങ്ങിയിരിക്കുന്നതാണ് ഇതിനു കാരണം. ചീര, കാബേജ്,മറ്റു ഇലവര്‍ഗങ്ങള്‍ എന്നിവയും രക്ത സമ്മര്‍ദ്ദ ഭീതി ഒഴിവാക്കും. നൈട്രേറ്റ് കൂടുതല്‍ അടങ്ങിയിരിക്കുന്ന പച്ചക്കറികള്‍ കഴിച്ചാല്‍ രക്തത്തില്‍ ഓക്‌സിജന്‍റെ  അളവ് കൂടുകയും അത് രക്തയോട്ടം ശക്തിപ്പെടുത്തുകയും ചെയ്യും.

പഠനത്തിനു നേതൃത്വം നല്‍കിയ ലണ്ടന്‍ മെഡിക്കല്‍ സ്‌കൂളിലെ ഇന്ത്യക്കാരിയായ പ്രൊഫസര്‍ അമൃത ആലുവാലിയ പറയുന്നത് നൈട്രേറ്റിന്റെ കൂടിയ സാന്നിധ്യം ഉണ്ടാക്കിയ ഫലം തങ്ങളെ അമ്പരപ്പിച്ചു എന്നാണ്. ബീറ്റ്‌റൂട്ട് ജൂസ് ആരോഗ്യത്തിനു ഏറ്റവും ഉത്തമമാണെന്നും ഒരു ബോട്ടിലിന് രണ്ടു പൌണ്ടേ ചെലവു വരൂ എന്നും അവര്‍ പറഞ്ഞു. വെജിറ്റബിള്‍ ഭക്ഷണ രീതി കൂടുതല്‍ നല്ലതാണ്.യുകെയില്‍ 16 മില്യണ്‍ പേര്‍ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉണ്ട്. അതില്‍ മുപ്പതു ശതമാനവും ഇതിനെക്കുറിച്ച് ബോധവാന്‍മാര്‍ അല്ലെന്നതാണ് സത്യം. 90 നു പകരം 140 നു മുകളിലാണ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം. ചിലര്‍ക്ക് അതിലും കൂടുതല്‍. ഹൃദയ സംബന്ധമായ അസുഖം, സ്‌ട്രോക്ക്, കിഡ്‌നി തകരാര്‍ എന്നിവയൊക്കെ ഇതിന്‍റെ  ഫലമായി ഉണ്ടാകുന്നു. ബീറ്റ്‌റൂട്ട് സ്റ്റാമിനിയ്ക്കും തലച്ചോറിലേക്കുള്ള  ബ്ലഡ് സപ്ലെയും കൂട്ടാന്‍ സഹായകരമാണ്. മാറുന്ന ജീവിത ശൈലി മൂലമുണ്ടാകുന്ന രോഗാവസ്ഥ തടയാന്‍ ഏറ്റവും നല്ലത് ആരോഗ്യം കാത്തു സൂക്ഷിക്കുക എന്നുള്ളതാണ്.

ഈന്തപഴം

ഈന്തപ്പഴം കഴിക്കൂ, അസുഖങ്ങളെ അകറ്റൂ.

ഈന്തപ്പഴം ആരോഗ്യവശങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതായിരിക്കും.എന്നാല്‍ ഇതിന്‍റെ ആരോഗ്യവശങ്ങള്‍ എന്തൊക്കെയുണ്ടെന്നതിനെപ്പറ്റി  വലിയ നിശ്ചയമൊന്നും കാണില്ല. ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗം കൂടിയാണ് ഈന്തപ്പഴം.കൊളസ്‌ട്രോള്‍ തീരെയില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥം.പ്രമേഹരോഗികള്‍ക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാമെന്നാണ് പറയുക.
മലബന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്.ഇത് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ കഴിയ്ക്കാം.ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്.ദിവസവും ഇങ്ങനെ ചെയ്താല്‍ മലബന്ധം മാറും.
നിശാന്ധത അഥവാ നൈറ്റ് ബ്ലൈന്‍റ്നസുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈന്തപ്പഴം.
ഇതിലെ വൈറ്റമിന്‍ എ ആണ് ഇതിന് സഹായിക്കുന്നത്.നിശാന്ധത വരാതിരിക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണിത്. 
ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് വളരെ നല്ലതാണ്.
ഇത് ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കും.ഇതിലെ അയേണ്‍ , മാംഗനീസ്, സെലേനിയം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമായ ഘടകങ്ങളുമാണ്.സന്ധിവേദനയ്ക്കും എല്ലുതേയ്മാനത്തിനുമുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്.ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത്.സ്ത്രീകള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങളെ അകറ്റാന്‍ സഹായിക്കും.
വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം.ഇതില്‍ വൈറ്റമിന്‍ ബി5, വൈറ്റമിന്‍ ബി 3, ഫോസ്ഫറസ്, കോപ്പര്‍ , പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇവ വയറിന്റെ ആരോഗ്യത്തെ കാത്തു രക്ഷിയ്ക്കും.പല്ലിന്‍റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതു തന്നെ.ഇതില്‍ ഫ്‌ളോറിന്‍ എന്നൊരു ഘടകമുണ്ട്.പല്ലുകള്‍ ദ്രവിയ്ക്കുന്നതു തടയാന്‍ ഇതിന് സാധിക്കും.ഹൃദയാരോഗ്യത്തിനും ഈന്തപ്പഴം നല്ലതാണ്.ഇതിന്‍റെ  ജ്യൂസ് കുടിയ്ക്കുന്നത് ഹൃദയത്തിന് അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.

പപ്പായ

പപ്പായ ഇഷ്ടമില്ലാത്ത ആരും ഉണ്ടാകില്ല. ഫലങ്ങളിലെ തന്നെ ഏറ്റവും വിശേഷപ്പെട്ടതും എന്നാൽ നമ്മുടെ തൊടിയിലും പറമ്പിലുമൊക്കെ യഥേഷ്ടം വിളയുന്നതുമായ ഫലമാണ്‌ പപ്പായ. കഴിക്കാനെടുക്കുമ്പോൾ പപ്പായ മുറിച്ച്‌ ആദ്യം ചെയ്യുന്നത്‌ അതിലെ കുരുവിനെ നീക്കം ചെയ്യുക എന്നതാണ്‌. എന്നാൽ അറിയുക പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം ഈ കുരുവാണ്‌.പപ്പായ കുരു നിങ്ങളുടെ കരളിനെ രക്ഷിക്കും. ക്യാന്‍സറിനെ പ്രതിരോധിക്കുകയും ലിവല്‍ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു.

ഡെങ്കി പനിക്കൊരു ദിവ്യ ഔഷധമാണ് പപ്പായ. മരുന്നിനേക്കാള്‍ വേഗത്തില്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന പപ്പായയിലെ ഘടകങ്ങള്‍ ശരീരത്തിന്‍റെ ശാരീരിക ക്ഷമത വീണ്ടെടുത്തു തരുന്നു.രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ഡെങ്കിപ്പനിയ്ക്ക് കാരണം.പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നി രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം  വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.അതിനാല്‍ തന്നെ പപ്പായ ജ്യൂസ് കഴിച്ചാല്‍ രോഗികളിലെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം.അല്ലെങ്കില്‍ പപ്പായ ഇല പിഴിഞ്ഞെടുത്ത ചാറ് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജ്യൂസിനെക്കാള്‍ കൂടുതല്‍ ഗുണംകിട്ടും.പപ്പായ ഇലയുടെ ജ്യുസ് ഉണ്ടാക്കാന്‍ പപ്പായയുടെ തളിരിലകള്‍ തന്നെ തെരഞ്ഞടുക്കണം. ഡെങ്കിപനി ബാധിതരായ രോഗിക്ക് ഓരോ ആറ് മണിക്കൂര്‍ കൂടുമ്പോഴും രണ്ട് ടേബിള്‍ സ്പൂണ്‍ വീതം പപ്പായ ഇല ജ്യൂസ് നല്‍കണം.
ഡെങ്കിപ്പനിയ്ക്ക് നല്ലൊരു പരിഹാരമാണ് പപ്പായ ഇലകള്‍. അസഹനീയനായ തലവേദന, കാലിന്‍റെയും കൈകളുടെയും മസിലിനുണ്ടാകുന്ന വേദന, സന്ധികളില്‍ വേദന എന്നിവയാണ് ഇതിന്‍റെ ലക്ഷണം. ഇതിനെ പ്രതിരോധിക്കാനുളള പ്രത്യേക കഴിവ് ഇലകള്‍ക്കുണ്ട്.കാന്‍സറിന് പരിഹാരമായും പപ്പായ ഇലയുടെ ജ്യുസ് നിര്‍ദേശിക്കുന്നുണ്ട്. ജപ്പാനിലേയും അമേരിക്കയിലേയും ചില ശാസ്ത്രജ്ഞന്‍മാര്‍ പപ്പായ ഇലയിലെ എന്‍സൈമുകള്‍ കാന്‍സര്‍ തടയുന്നതിനും സഹായിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.ഷുഗറിനും ഒരു ഔഷധമാണ് തൊടിയിലെ ഈ സുന്ദരന്‍ പഴം.വീടുകളില്‍ ധാരാളമായി കണ്ടുവരുന്ന പപ്പായ ഔഷധങ്ങളുടെ ഒരു കലവറ തന്നെയാണ്. നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായും പഴമായും ഉപയോഗിക്കാം.വിളയാത്ത പപ്പായ ഒഴിവാക്കുന്നതാകും നല്ലത്. നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനാല്‍ ഏതു രോഗാവസ്ഥയിലും പപ്പായ ഉപയോഗിക്കാവുന്നതാണ്.

തൊട്ടാവാടി

കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ്തൊട്ടാവാടി. (Mimosa Pudica Linn).Mimosaceae എന്ന സസ്യകുടുംബത്തിൽപ്പെട്ട ഈ സസ്യം,ബ്രസീൽ ആണ് ജന്മദേശമെങ്കിലും ഇന്നു ഭൂമധ്യരേഖാപ്രദേശങ്ങളിൽ പരക്കെ കാണപ്പെടുന്നു. ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് സൂക്ഷിച്ചു നോക്കിയാൽ മുഴച്ചിരിക്കുന്നത് കാണാം. ഈ ഭാഗത്ത് കനം കുറഞ്ഞ കോശഭിത്തിയുള്ള ധാരാളം കോശങ്ങളുണ്ട്. അവ വെള്ളം സ്വീകരിച്ച് വീർത്തിരിക്കുന്നു. വെള്ളം വെളിയിൽ പോയാൽ അവ ചുരുങ്ങുന്നു. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിനു നേരെ പ്രതികരിക്കും. സ്പർശിക്കുമ്പോൾ ഭിത്തിക്ക് കനം കുറഞ്ഞ കോശങ്ങളിലെ ജലം തണ്ടിലേക്ക് കയറും. അതിന്റെ ഫലമായി കോശങ്ങൾ ചുരുങ്ങി ഉറപ്പുപോയി ചുരുളുന്നു. ഏത് വസ്തു തൊട്ടാലും ഇലകൾ അങ്ങനെ ചുരുളും. എന്തു വസ്തുവും ഈ പ്രവർത്തനത്തിനു കാരണമാകാം. ഈ ചുരുളൽ ഏതാനം സെക്കന്റുകൾ കൊണ്ട് പൂർണ്ണമാകും. പിന്നീട് അര മണിക്കൂറോളം കഴിഞ്ഞേ ഇലകൾ വിടർന്ന് പൂർണ്ണാവസ്ഥയിലാകൂ. ഒരു മീറ്ററോളം നീളത്തിൽ‍ പടർന്ന് കിടക്കുന്ന രീതിയിലാണ് തൊട്ടാവാടി കാണപ്പെടുന്നത്. നൈസർഗികമായ പരിതഃസ്ഥിതിയിൽ‍ ചതുപ്പ്, മൈതാനം, റോഡുകൾ‍ ‍എന്നിവിടങ്ങളിൽ‍ തൊട്ടാവാടി കണ്ടുവരുന്നു.

പല രോഗങ്ങള്‍ക്കും ഈ സസ്യം പരിഹാരം തരുന്നു. ഭാവ പ്രകാശത്തില്‍ തൊട്ടാവാടിയെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു: "ലജ്ജാലുശീതളാതിക്താ കഷായാ കഫ പിത്ത ജിത്രക്തപിത്തമതിസാരം യോനിരോഗാൽവിനാശയേതു".'കുട്ടികളുടെ കളിക്കൂട്ടുകാരിയായ ഇവളെ മുതിര്‍ന്നവരും ഇഷ്ടപ്പെടാന്‍ മാത്രം എത്രയെത്ര ഔഷധ ഗുണങ്ങളാ അവള്‍ക്കുള്ളതെന്നോ? ഒരു നല്ല കാമോദ്ധാരിണി കൂടിയായ ഇവ മറ്റനവധി ഔഷധഗുണങ്ങള്‍ കൂടിയുള്ളതാണ്.ഇതിന്‍റെ  എല്ലാ ഭാഗങ്ങളും പൂവും, ഇലകളും,വേരുമെല്ലാം ഉപയോഗയോഗ്യമാണ് എന്ന് പറയപ്പെടുന്നു. അലര്‍ജി മുതല്‍ കാന്‍സര്‍ വരെയുള്ള ചികില്‍സയില്‍ ഇവ ഉപയൊഗിക്കപ്പെടുന്നു.പറയപ്പെടുന്ന മറ്റു ഔഷധഗുണങ്ങള്‍ ഇവയൊക്കെ.അലര്‍ജി,ആസ്മ, ടെന്‍ഷന്‍, കൊളസ്റ്റ്രോള്‍, ഹെമറോയ്ഡ്, ഹൈപ്പര്‍ ടെന്‍ഷന്‍, രക്ത സംബന്ധമായ രോഗങ്ങള്‍, ഗര്‍ഭ സംബന്ധിയായ പ്രശ്നങ്ങള്‍, മറ്റു സ്ത്രീ രോഗങ്ങള്‍, അപസ്മാരം, ബ്രോങ്കൈറ്റീസ്,ഇമ്പൊട്ടന്‍സ്, ശീഖ്രസ്കലനം, പാമ്പിന്‍ വിഷം, വിഷാദ രോഗങ്ങള്‍ ഇവയുടേയും പിന്നെ വായിലേയും ശ്വാസകോശ കാന്‍സര്‍ ചികില്‍സകളിലും ഇതിനു വലിയ സ്ഥാനമുണ്ട് എന്ന് കേള്‍ക്കുന്നു.

ആയുര്‍വേദം നല്ല കയ്പ്പു രസമുള്ള ഇതിനെ നല്ല ഒരു ശീതകാരിയായി കണക്കാക്കുന്നു. അതിനാല്‍ പുകച്ചില്‍, ഇന്‍ഫ്ലേഷന്‍ എന്നിവക്കും പിന്നെ രക്ത സംബന്ധമായ രോഗങ്ങള്‍, വയറിളക്കം എന്നിവയ്ക്കും ഇവ ചികില്‍സയില്‍ ഇടം കാണാറുണ്ടത്രെ.ബ്രസീലിൽ നിന്ന് പോർച്ചുഗീസ് ചരക്കുകപ്പലുകൾ ഫല സസ്യങ്ങൾ കൊണ്ടുവന്ന കൂട്ടത്തിൽ അബദ്ധത്തിൽ കയറിപ്പോന്നതാണ്‌ തൊട്ടാവാടി.ഒരു അധിനിവേശസസ്യം കൂടിയാണിത്.

ബാഹ്യവസ്തുക്കളോടുള്ള പ്രതികരണത്തിന്‍റെ  വേഗതയിൽ‍ നിന്നാണ് തൊട്ടാവാടിയിലെ ഔഷധമൂല്യം കണ്ടെത്തിയതെന്നു പറയപ്പെടുന്നു. ബാഹ്യ വസ്തുക്കളുടെ ഇടപെടൽ‍ മൂലമുണ്ടാകുന്ന മിക്ക അലർജികൾക്കും തൊട്ടാവാടി ഒരു ഔഷധമാണ്. ആയുർ വ്വേദ വിധി പ്രകാരം ശ്വാസ വൈഷമ്യം, വ്രണം, എന്നിവ ശമിപ്പിക്കുന്നതിനും. കഫം ഇല്ലാതാക്കുന്നതിനും, രക്തശുദ്ധി ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. തൊട്ടാവാടിയുടെ നീര് കൈപ്പുള്ളതാണ്. ലഘു, രൂക്ഷം എന്നീ ഗുണങ്ങളോടു കൂടിയ ഈചെടിയുടെ വീര്യം ശീതമാണെന്നാണ് വിധി. ഇതിന്‍റെ വേരിൽ 10% ടാനിൻഅടങ്ങിയിരിക്കുന്നു. തൊട്ടാവാടിയുടെ വേരിൽ മൂലാർബുദങ്ങളും ഉണ്ട്. കുട്ടികളിലെ ശ്വാസം മുട്ടൽ മാറുവാൻ തൊട്ടാവാടിയുടെ നീരും കരിക്കിൻ വെള്ളവും ചേർത്ത് ദിവസത്തിൽ ഒരുനേരം വീതം ചേർത്ത് രണ്ടു ദിവസം കൊടുത്താൽ ശമനമുണ്ടാകും.തൊട്ടാവാടി സമൂലം പറിച്ചെടുത്ത കഴുകി വൃത്തിയാക്കി കൊത്തിയരിഞ്ഞ് നെല്ല് കുത്തിയ അരിക്കൊപ്പം ചേർത്ത് കഞ്ഞിവെച്ച് കുടിച്ചാൽ ഞരമ്പുകൾക്ക് ശക്തി വർധിക്കും. തൊട്ടാവാടി അരച്ചിട്ടാൽ മുറിവ് ഉണങ്ങും. കൂടാതെ, പ്രമേഹം, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന രക്ത സ്രാവം നിലക്കുന്നതിന്, തുടങ്ങിയവയ്ക്കെല്ലാം തൊട്ടാവാടി ഉപയോഗപ്രദമാണ്. 5 മില്ലി തൊട്ടാവാടി നീരും, 10 മില്ലി കരിക്കിൻ‍ വെള്ളവും ചേർത്ത് ദിവസത്തിൽ‍ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. അലർജിക്ക് തൊട്ടാവാടിയുടെ നീര് നല്ലതാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ വെള്ളം ചേർക്കാതെ പുരട്ടിയാൽ‍ മുറിവ് ഉണങ്ങുന്നതാണ്. ചുരുക്കത്തിൽ പല രോഗങ്ങൾക്കും ഈ സസ്യം പരിഹാരം തരുന്നു.
ഇലകളുടെ ഗുണങ്ങൾ:

മറ്റുചില ഔഷധ ഇലകളോട് ചേർത്ത് അർശസിനും മൂത്രാശയ അണുബാധയ്ക്കും ഉള്ള ചികിത്സക്കായി  ഉപയോഗിക്കുന്നു. ഇലയുടെ നീര് സൈനസ് രോഗത്തിനും ഗ്രന്ധിവീക്കത്തിനും വൃഷ്ണ വീക്കത്തിനുമുള്ള ലേപമായി ഉപയോഗിക്കുന്നു.പഴമക്കാർ തൊട്ടാവാടിയുടെ ഇല ഇടിച്ച് പിഴിഞ്ഞ് ആ നീര് വെള്ളത്തിൽ ചേർത്ത് മുറിവിൽ പുരട്ടിയിരുന്നു. തൊട്ടാവാടിയുടെ ഈ ഗുണം പഠനത്തിലൂടെ ശരിയാണെന്ന് തെളിയിക്കപെട്ടിട്ടുണ്ട്. ഇലയിൽ അടങ്ങിയിരിക്കുന്ന മെഥനോൾ അംശം വെള്ളത്തിനോട് ചേർത്ത് പല ലേപനങ്ങളിലും ഉപയോഗിക്കുന്നു.
വേരിന്‍റെ  ഗുണങ്ങൾ:
തൊട്ടാവാടി വേരിന്‍റെ  കഷായം മൂത്രാശയ രോഗങ്ങൾക്ക് ഉള്ള മരുന്നായി ഉപയോഗിക്കുന്നു. വളരെ കലശലായ വയറിളക്കം, പനി, സിഫിലിസ്, കുഷ്ടം, വയറ്റിലുള്ള വിര രോഗം, ജനനേദ്രിയ രോഗങ്ങൾ, വിഷംതീണ്ടൽ, ഉറക്കമില്ലായ്മ, വിഷാദ രോഗം എന്നിവയ്ക്ക് ഫലപ്രദമായ മരുന്നുകൾ വേരിൽ നിന്നും ഉത്പാദിപ്പിക്കുന്നു.സ്ത്രീകളിൽ നടത്തിയ പഠനങ്ങളിൽ തൊട്ടാവാടി വേരിൽ നിന്നുണ്ടാക്കിയ പൊടിമരുന്ന് അമിത രക്തസ്രാവം തടയുന്നതിന് വലിയ പങ്ക് വഹിച്ചു എന്ന് US National Library of Medicine പുറത്ത് വിട്ട റിപ്പോർട്ടിൽ എഴുതിയിരിക്കുന്നു.
ഔഷധഗുണങ്ങൾ വിശദമായി:
മുറിവുകളെ വേഗം സുഖപെടുത്തുന്നു. പ്രമേഹരോഗം നിയന്ത്രിക്കുന്നു.
ഈ ചെടിയുടെ ഇലയും വേരും പൊടിച്ചുണ്ടക്കുന്ന മരുന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.കരളിനെ സംരക്ഷിക്കുന്നു.ചില പഠനങ്ങൾ അനുസരിച്ച് തെട്ടാവാടിയുടെ ഔഷധ ഗുണങ്ങൾ കരളിനെ വിഷാംശങ്ങളിൽ നിന്നും സംരക്ഷിക്കാൻ പര്യാപ്തമാണ്.Anti microbial, Anti Fungal, anti inflammatory & Anti Viral effect:
ബാക്ടീരിയ, ഫംഗസ്, വൈറസ് അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും വ്രണങ്ങൾ ശമിപ്പിക്കുന്നതിനും തൊട്ടാവാടിയ്ക്ക് കഴിയുന്നു. തൊട്ടാവാടി ഇല തിളപ്പിച്ച വെള്ളം കൊണ്ട് നീരുള്ള ഭാഗത്ത് ചൂട് വയ്ക്കുന്നത് ഗുണകരമാണെന്ന് തെളിയിക്കപെട്ടിട്ടുണ്ട്.
ഗർഭാശയ രക്തസ്രാവവും ഗർഭധാരണവും തടയുന്നു.
ഇതിന്‍റെ ജൂസ് രാവിലേയും വൈകീട്ടും കഴിച്ചാല്‍ ഉയര്‍ന്ന പഞ്ചസാര ലെവല്‍ താഴ്ന്ന് വരും എന്നും ബി പിയും ഹൈപ്പര്‍ ടെന്‍ഷനും മാറും എന്നും കേള്‍ക്കുന്നു.ഇതിന്‍റെ വേരു ഉണക്കി പൊടിച്ചത് കടുത്ത കഫ ശല്യത്തിനും ചുമക്കും നന്നെന്നും അഞ്ചെട്ട് ഗ്രാം വീതം രാത്രിയില്‍ ചെറുചൂടുള്ള പാലില്‍ കലക്കി കുടിക്കുന്നത് മൂലം മൂലക്കുരു രണ്ടോ മൂന്നോ മാസത്തിനകം മാറും എന്നും പറയുന്നു.
വാതം മൂലമുള്ള സന്ധി വേദനക്കും നീരിനും  ഹൈഡ്രോസിലിനും  ഇത് അരച്ചത് വെച്ചു കെട്ടിയാല്‍ ശമനമുണ്ടാകുമെന്നും, മാറാത്ത മുറിവുകള്‍ക്കും ഇത് അരച്ച് ഉപയോഗിക്കാം.
ചൂടുവെള്ളത്തില്‍ ഇതിന്‍റെ  ജൂസ് ഒഴിച്ച് രണ്ട് മണിക്കൂര്‍ ഇടവിട്ടിടവിട്ട് കൊടുത്താല്‍ കടുത്ത ആസ്മാ പ്രശ്നങ്ങള്‍ക്ക് ഒരു ഓണ്‍ ലയിന്‍ അറുതി കിട്ടുമത്രെ.ഒരഞ്ചു ഗ്രാം തൊട്ടാവാടിയില വെള്ളത്തില്‍ തിളപ്പിച്ചതു കിടക്കാന്‍ നേരത്ത് കഴിച്ചാല്‍ വയസ്സായവരിലും മറ്റും കാണുന്ന ഉറക്കമില്ലായ്മക്ക് പരിഹാരം രണ്ടുമൂന്ന് നാളിനുള്ളില്‍ തന്നെ കിട്ടുമെന്നും പറയപ്പെടുന്നുണ്ട്.പേരക്കാ ഇല, കറി വേപ്പില ഇവ ചേര്‍ത്ത ഗോതമ്പു കഞ്ഞിയില്‍ തോട്ടാവാടി ജൂസ് ചേര്‍ത്ത് കഴിച്ചാല്‍ കോളസ്റ്റ്രോള്‍ കണ്‍ട്രോള്‍ ആകും .യുനാനിയില്‍ രക്തശുദ്ധിക്കും,കുഷ്ഠത്തിനും, ജോണ്ടീസിനും ഉപയൊഗ്യമാണത്രെ.
മുറി വൈദ്യം ആളെകൊല്ലും എന്നു കേട്ടിട്ടില്ലേ, ആത്മവിശ്വാസക്കുറവു മൂലമോ ഏന്തിനും ഏതിനും ഭയക്കുന്ന മനോ നില ഉള്ളതിനാലോ ചിലര്‍ക്കെല്ലാം സ്വയം ചികില്‍സ വിനയായി ഭവിക്കാറുണ്ട്. അതിനാല്‍ ഇത്തരം ചികില്‍സകള്‍ നല്ല ഒരു വൈദ്യനോടും കൂടി നല്ലവണ്ണം ചോദിച്ചു മനസ്സിലാക്കി മാത്രമേ ആരും പ്രയോഗിക്കാന്‍ പാടുള്ളൂ എന്നും പറഞ്ഞു കൊള്ളുന്നു.

പാവയ്ക്കാ

ആഗ്നേയ ഗ്രന്ഥിയിലുണ്ടാകുന്ന അർബുദത്തിന് പാവയ്ക്ക നീര് സിദ്ധൗഷധമെന്ന് കണ്ടത്തൽ. ഇന്ത്യയിലെയും ചൈനയിലെയും പരമ്പരാഗത വൈദ്യശാസ്‌ത്രത്തിൽ പ്രമേഹത്തിന് മരുന്നായി പാവയ്ക്ക നീര് ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കി കൊളറാഡോ സർവകലാശാലയിലെ കാൻസർ സെന്ററിൽ ഇന്ത്യൻ വംശജനായ പ്രഫസർ രാജേഷ് അഗർവാളിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ. ആഗ്നേയ ഗ്രന്ഥിയിലുണ്ടാകുന്ന കാൻസർ കോശങ്ങൾ ഗ്ലൂക്കോസിൽ നിന്ന് ഉപാചയത്തിലൂടെ ഊർജം സ്വീകരിക്കുന്നത് തടയാനും അങ്ങനെ അതിന്‍റെ  നാശത്തിനും പാവയ്ക്കാ നീരിന് കഴിയുന്നതായി ഗവേഷണത്തിൽ കണ്ടെത്തി. കാൻസർ കോശങ്ങൾ ഊർജത്തിന് പ്രധാനമായും ഗ്ലൂക്കോസിനെയാണ് ആശ്രയിക്കുന്നത്. മറ്റു തരത്തിൽ ഊർജം ഉല്പാദിപ്പിക്കാൻ ഇവയ്ക്കു പ്രയാസമാണു താനും.ഇന്ത്യക്കാരിൽ ലക്ഷത്തിൽ ഒരാൾക്ക് ആഗ്നേയ ഗ്രന്ഥി അർബുദം ഉണ്ടാകുന്നുണ്ട്. ഏറ്റവും മാരകമായ അർബുദങ്ങളില്‍ ഒന്നാണിത്. പാവയ്ക്ക നീരിന്‍റെ  പുതിയ ഉപയോഗം ആഗ്നേയ ഗ്രന്ഥി അർബുദം ബാധിച്ചവർക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ്

രുചികൊണ്ടും രൂപംകൊണ്ടും ആകര്‍ഷകമല്ലാതിരുന്നിട്ടും വിഭവങ്ങളില്‍ പ്രധാനിയാവാന്‍ ഭാഗ്യമുള്ള പച്ചക്കറിയാണ്‌ പാവയ്‌ക്ക. വ്യത്യസ്‌തമായ നിരവധി വിഭവങ്ങളാണ്‌ പാവയ്‌ക്കകൊണ്ട്‌ ഉണ്ടാക്കുന്നത്‌. പാവയ്‌ക്ക ഉപ്പേരി, അവിയല്‍, തീയല്‍ തുടങ്ങി നാവില്‍ രുചിയൂറുന്ന വിഭവങ്ങളായി പാവയ്‌ക്ക മലയാളിയുടെ തീന്‍മേശയിലെത്തുന്നു. പാവയ്‌ക്ക ചെറു കഷണങ്ങളാക്കി മുറിച്ച്‌ വേവിച്ച്‌ ഉണക്കി തയാറാക്കുന്ന കൊണ്ടാട്ടം ഏതവസരത്തിലും ഉപയോഗിക്കാവുന്ന വിഭവമാണ്‌. കയ്‌പുരസമുണ്ടെങ്കിലും വിഭവമായി എത്തുമ്പോള്‍ അതു രുചികരമാകുന്നു. പാവയ്‌ക്ക അച്ചാര്‍ മലയാളിക്ക്‌ എന്നും പ്രിയങ്കരമാണ്‌. പാവയ്‌ക്ക, നാളികേരം, ഉള്ളി, വെളുത്തുള്ളി, മുളക്‌, പുളി, ഉപ്പ്‌ ഇവപാകത്തിനു ചേര്‍ത്ത്‌ തയാറാക്കുന്ന ചമ്മന്തി ദഹനത്തെ സഹായിക്കുന്നു. രുചിയിലും ബഹുകേമം തന്നെ.

പാവയ്‌ക്ക രോഗശമനത്തിന്‌ മുന്നിലാണ്‌. പാവയ്‌ക്കയുടെ കയ്‌പുരുചിതന്നെ മരുന്നാണ്‌. പാവല്‍ ഇല, പാവയ്‌ക്കാ കുരു ഇവ ഔഷധമായി ഉപയോഗിക്കുന്നു. അമിത വണ്ണത്തിനും പ്രമേഹത്തിനും പാവയ്‌ക്കയുടെ ഉപയോഗം ഫലപ്രദമാണ്‌. പാവലിന്റെ ഇല ഉണക്കിപ്പൊടിച്ച്‌ ഒരു ടീസ്‌പൂണ്‍ വിതം 2 നേരം സേവിച്ചാല്‍ ദുര്‍മേദസ്‌ കുറയുന്നു. പ്രമേഹമുള്ളവര്‍ 2 ഔണ്‍സ്‌ പാവയ്‌ക്കാ നീര്‌ തേന്‍ ചേര്‍ത്ത്‌ കവിള്‍കൊള്ളുന്നത്‌ തൊണ്ടയിലെ അണുബാധയ്‌ക്കും വായ്‌പ്പുണ്ണിനും നല്ലതാണ്‌. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍ ഇവ നിയന്ത്രിക്കുന്നതിനും ആയുര്‍വേദ ഔഷധങ്ങളിലും ഇത്‌ വ്യാപകമായി ഉപയോഗിക്കുന്നു.പാവയ്‌ക്കയും അരയാലിലയും ചതച്ച്‌ മോരില്‍ കലക്കി ദിവസവും കഴിച്ചാല്‍ അര്‍ശസിന്‌ ശമനം ലഭിക്കും. പാവയ്‌ക്കയുടെ നീരും ഞാവല്‍ പഴവും ചേര്‍ത്ത്‌ (60 മില്ലി വീതം 2 നേരം) സേവിച്ചാല്‍ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ സാധിക്കും. ഞാവല്‍ക്കുരുവും പാവയ്‌ക്കാക്കുരുവും പൊടിച്ചുചേര്‍ത്ത്‌ ഒരു ടീസ്‌പൂണ്‍ വീതം ചൂടുവെള്ളത്തില്‍ രണ്ടുനേരം സേവിച്ചാല്‍ അമിത വണ്ണം നിയന്ത്രിക്കാം.

എള്ള്

വളരെയേറെ പഴക്കമുള്ള കൃഷിവിളകളിലൊന്നാണ് ഒരു വാര്‍ഷികസസ്യമായ എള്ള്. എള്ളിനങ്ങള്‍ മുന്നുതരം. വിത്തിന്‍റെ  നിറം കറുപ്പ്, വെളുപ്പ്, ചാരനിറം എന്നിവയിലേതെങ്കിലും ആവാം. വെളുത്ത വിത്തില്‍‍നിന്നും കുടുതല്‍ എണ്ണ ലഭിക്കും. വിതയ്ക്കുന്ന കാലം കണക്കാക്കി, മുപ്പു കുറഞ്ഞത്, ഇടത്തരം മുപ്പുള്ളത്, മുപ്പു കൂടിയത് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. കേരളത്തില്‍ പറമ്പിലും പാടത്തും എള്ളു വിതക്കാറുണ്ട്. പറമ്പില്‍ വിതക്കുന്നതിനെ കരയെള്ളെന്നും പാടത്തു വിതക്കുന്നതിനെ വയലെള്ളെന്നും വിളിക്കുന്നു. ചിങ്ങമാസത്തില്‍ മകം ഞാറ്റുവേലയാണ് കരയെള്ളു വിതക്കാന്‍ പറ്റിയ സമയം. വിത്ത് കുറച്ചേ വേണ്ടു. ഒരു പറ നെല്ലു വിതയ്ക്കുന്ന സ്ഥലത്ത് ഒരു നാഴി എള്ള് എന്നാണ് പ്രമാണം. വയലെള്ള് കൃഷിചെയ്യുന്നത് ഒരുപ്പു നിലങ്ങളില്‍ രണ്ടാം കൃഷിയായ മുണ്ടകനു ശേഷമാണ്.

എള്ളിന്‍ പിണ്ണാക്ക് നല്ല കാലിത്തീറ്റമാത്രമല്ല, എണ്ണ തേച്ചു കുളിക്കുമ്പോള്‍ മെഴുക്കു കളയാനുള്ള സ്ക്രബര്‍ കൂടിയായിരുന്നു. ശുദ്ധമായ എള്ളെണ്ണക്ക് നിറമുണ്ടാകില്ല. എള്ളെണ്ണ പാചകത്തിനും തേച്ചുകുളിക്കുന്നതും ഉപയോഗിക്കാം. പലതരം സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത്, എള്ളെണ്ണ പരിമളതൈലമായി വില്‍ക്കുന്നു. വളരെയേറെ ഔഷധഗുണമുള്ള ധാന്യമാണ് എള്ള്. ഇതില്‍ പലതരം അമിനോ ആസിഡുകള്‍, കാത്സ്യം, വിറ്റാമിന്‍ എ, ബി തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇതു ചര്‍മ്മത്തിനും മുടിക്കും ബഹുവിശേഷമാണ്. കാഴ്ച, ശരീരപുഷ്ടി, ശക്തി, തേജസ് എന്നിവ ഉണ്ടാക്കുന്നു. ചര്‍മ്മരോഗങ്ങളെയും വ്രണങ്ങളെയും നശിപ്പിക്കുന്നു. ല്ലിന്റെ ഉറപ്പിനും, അര്‍ശസിനും ഉപയോഗിക്കുന്നു. തലമുടിയുടെ വളര്‍ച്ചക്ക് താളിയായും എണ്ണ കാച്ചാനും ഉപയോഗിക്കുന്നു.

പ്രോട്ടീന്‍റെ  അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് എള്ള്, ഉത്തമമായ പ്രതിവിധിയാണ്. എള്ളരച്ച്, പഞ്ചസാരയും ചേര്‍ത്ത് പാലില്‍ കലക്കി കുറച്ചു ദിവസം സേവിച്ചാല്‍ ഈ കുറവു പരിഹരിക്കാം. മുഖകാന്തിയും സൌന്ദര്യവും വര്‍ധിപ്പിക്കാന്‍ എള്ള്, നെല്ലിക്കാത്തോടു ചേര്‍ത്തുപൊടിച്ചു തേനില്‍ ചാലിച്ച് മുഖത്തു പുരട്ടുക. കാലത്ത് വെറുംവയറ്റിലും രാത്രിയില്‍ ഭക്ഷണശേഷവും രണ്ടു ടീസ്പൂണ്‍ നല്ലെണ്ണ വീതം കഴിച്ചാല്‍ മൂത്രത്തിലും രക്തത്തിലുമുള്ള മധുരാംശം കുറയും. വാതം വരാതിരിക്കുന്നതിനും ഉത്തമമാണ്. നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ച് കഴിച്ചാല്‍, മാറാരോഗങ്ങള്‍ അകന്നുപോകും. അര്‍ശസിനും ഇതു ഫലപ്രദമാണ്. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളുള്ള സ്ത്രീകള്‍ ആര്‍ത്തവത്തിനു ഒരാഴ്ച മുമ്പ് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ ദുസ്സഹമായ വയറുവേദന പോലെയുള്ള പ്രശ്നങ്ങള്‍ ഇല്ലാതാവും.

സ്വാദിഷ്ടമായ നാടന്‍ പലഹാരങ്ങള്‍ക്കു രുചി പകരുന്നതില്‍ എള്ള് സുപ്രധാനമായ പങ്കു വഹിക്കുന്നു. അവില്‍ വിളയിച്ചത് സ്വാദിഷ്ടമാകാന്‍ നെയ്മയം തൂത്ത ചീനച്ചട്ടിയില്‍ അരക്കപ്പോളം എള്ള് വറുത്തുചേര്‍ക്കുന്നു. അര കിലോ അവലിന് അര കപ്പ് എള്ള് എന്ന കണക്കില്‍ ചേര്‍ക്കണം. മുന്തിരിക്കൊത്തിലും സ്വാദു മെച്ചപ്പെടുത്താന്‍ നെയ്മയം പുരട്ടി മൂപ്പിച്ച എള്ളു ചേര്‍ക്കാം. അച്ചപ്പം, ചീനപ്പം, ചിമ്മിനി അപ്പം, തരി ഉണ്ട എന്നിവയിലും പ്രധാന ചേരുവയാണ് എള്ള്. മധുരപലഹാരങ്ങള്‍ക്കും പുറമെ ഉപ്പു ചേര്‍ത്ത പലഹാരങ്ങളിലെയും ഒരു പ്രധാന ചേരുവയാണിത്. പലതരത്തിലുള്ള മുറുക്ക്, പപ്പടബോളി, കുഴലപ്പം എന്നിവയ്ക്ക് വെള്ള എള്ളാണ് ഉപയോഗിക്കുക. എള്ളുകൊണ്ടുണ്ടാക്കുന്ന ഏറ്റവും രുചികരമായ വിഭവമാണ് എള്ളുണ്ട. എള്ളു പൊരിയും വരെ വറുത്ത് ശര്‍ക്കരപ്പാവില്‍ ഇട്ട് ഇളക്കണം. വാങ്ങിവെച്ചതിനുശേഷം ചൂടുകുറഞ്ഞാല്‍ ചുക്കുപൊടി വിതറി ഇളക്കി, ചെറുതായി ഉരുട്ടിയെടുക്കാം. ചേരുവകള്‍ ഒരു സവിശേഷ അനുപാതത്തില്‍ ചേര്‍ത്താല്‍ ഈ പലഹാരം ചുമക്കുള്ള ഹൃദ്യമായ ഔഷധമാകും. ചുക്ക്, ശര്‍ക്കര, എള്ള് എന്നിവയ്ക്ക് 1:2:4 എന്ന അനുപാതമാണ് വൈദ്യശാസ്ത്രം വിധിക്കുന്നത്.

എള്ള് ശരീരത്തിന് ബലവും പുഷ്ടിയും ഉണ്ടാക്കും. ചര്‍മ്മത്തിനും മുടിക്കും വിശേഷപ്പെട്ടതാണ്. പല ഭക്ഷ്യസാധനങ്ങള്‍ എള്ളുകൊണ്ട് ഉണ്ടാക്കുന്നു. ശരീരത്തില്‍ പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാവുന്ന രോഗങ്ങള്‍ക്ക് എള്ള് ഉത്തമമായ പ്രതിവിധിയാണ്. പ്രോട്ടീന്റെ അളവ് വര്‍ദ്ധീക്കുവാന്‍ എള്ള് അരച്ച് പാലില്‍ കലക്കി ശര്‍ക്കര ചേര്‍ത്ത് കഴിക്കുക.

ശരീരമനോഹാരിതയ്ക്ക്:എള്ളും അരിയും വറുത്തിടിച്ച് തിന്നുക. കറുത്ത എള്ള് വറുത്ത് പൊടിച്ച്, നെല്ലിക്കയും, കയ്യോന്നിയും ഉണക്കി പൊടിച്ച് ചേര്‍ത്ത് ദിവസേന കഴിക്കുക.

വയറുവേദനയ്ക്ക്:ചുക്ക്, അതിന്റെ ഇരട്ടി എള്ള്, എള്ളിന്റെ ഇരട്ടി ശര്‍ക്കര ഇവയരച്ച് പാലില്‍ സേവിക്കുക.വ്രണങ്ങള്‍ക്ക് എള്ളും വേപ്പിലയും ചേര്‍ത്തരച്ചു തേന്‍ ചേര്‍ത്ത് ലേപനം ചെയ്യുകയാണെങ്കില്‍ വ്രണം ശുദ്ധമാകും. അതിനുശേഷം വേപ്പിലയരച്ച് തേനും നെയ്യും ചേര്‍ത്ത് ലേപനം ചെയ്താല്‍ വ്രണം ഉണങ്ങും.

കുഷ്ഠത്തിന്:കാരെള്ളും കാര്‍കോലരിയും കൂട്ടിപ്പൊടിച്ച് മുടങ്ങാതെ സേവിക്കുക.

വിഷമാര്‍ത്തവത്തിലും, ലുപ്താര്‍ത്തവത്തിലും:കുറച്ച് എള്ളെടുത്ത് വറുത്തുപൊടിച്ച് ഓരോ സ്പൂണ്‍ ദിവസേന രണ്ടുനേരം ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പ് കഴിച്ചു തുടങ്ങുക. എള്ളും ശര്‍ക്കരയും ദിവസേന കഴിക്കുന്നത് ആര്‍ത്തവ അസുഖങ്ങള്‍ക്ക് നല്ലതാണ്.

രക്താര്‍ശ്ശസിന്: എള്ള് അരച്ച് സമം വെണ്ണയും ചേര്‍ത്ത് വെറുംവയറ്റില്‍ കഴിക്കുക.


തലമുടിക്ക്:എള്ളെണ്ണ തേക്കുന്നതും, എള്ളിലയരച്ചു തലയ്ക്കു തുടര്‍ന്ന് ഉപയോഗിക്കുന്നതും നല്ലതാകുന്നു.

മാമ്പഴം

പഴവര്‍ഗ്ഗങ്ങളെല്ലാം ആരോഗ്യം പ്രദാനം ചെയ്യുന്നതിനൊപ്പം തന്നെ പല പഴവര്‍ഗ്ഗങ്ങള്‍ക്കും പലരോഗങ്ങളെയും ചെറുക്കാനുള്ള കഴിവുമുണ്ട്. രോഗങ്ങളില്‍ നമ്മളേറെ ഭയപ്പെടുന്ന ഒന്നാണ് കാന്‍സര്‍. കാന്‍സര്‍ തടയാനുള്ള കഴിവ് ഏതെങ്കിലും ഒരു പഴവര്‍ഗത്തിനുണ്ടെന്ന് കേട്ടാല്‍ അത് സംഘടിപ്പിച്ച് കഴിയ്ക്കാന്‍ ശ്രമിക്കാത്തവര്‍ കുറവാണ്. ഇപ്പോഴിതാ നമ്മുടെ ഇഷ്ട ഫലമായ മാമ്പഴത്തിന് അര്‍ബുദം ചെറുക്കാന്‍ കഴിവുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.
സ്തനാര്‍ബുദവും വന്‍കുടലിനുണ്ടാകുന്ന രോഗങ്ങളും ചെറുക്കാന്‍ മാങ്ങ ഗുണകരമാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മാങ്ങയുടെ കാമ്പിലടങ്ങിയ പോളിഫെനോള്‍ ആണ് അര്‍ബുദത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നതിന് പുറമേ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ലുപിയോള്‍ പരിഹാരമുണ്ടാക്കുമെന്നാണ് ഗവേഷകരും ഡോക്ടര്‍മാരും പറയുന്നത്.
മാങ്ങ മികച്ച ഒരു പഴമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം ലോകത്തിന്‍റെ  മിക്ക ഭാഗങ്ങളിലും ലഭ്യമാവുന്ന ഒന്നുകൂടിയാണിത്. എന്നാല്‍ മാങ്ങയുടെ ഔഷധഗുണങ്ങളെക്കുറിച്ച് കൂടുതലായി ആര്‍ക്കും അറിവില്ലെന്നതാണ് സത്യം. മികച്ച ഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ആളുകളും ആന്‍റിഓക്‌സിഡന്‍റ് ആയ ഭക്ഷണത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. മാങ്ങ പോലുള്ള പഴങ്ങള്‍ക്ക് പലരും സ്ഥാനം നല്‍കുന്നില്ല. ആന്‍റി  ഓക്‌സിഡന്‍റിന്‍റെ  കാര്യത്തില്‍ ബ്ലൂബെറി, അക്കായ്, മാതളം തുടങ്ങിയവയെ അപേക്ഷിച്ച് മാങ്ങ എത്രയോ മികച്ചതാണ്.യഥാര്‍ത്ഥത്തില്‍ മാങ്ങയിലെ ആന്‍റി  ഓക്‌സിന്‍റ്  ശേഖരത്തെക്കുറിച്ച് ആരും ഓര്‍ക്കുന്നതേയില്ല . വീഞ്ഞുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മുന്തിരിയേക്കാള്‍ നാലോ അഞ്ചോ മടങ്ങ് ആന്‍റി ഓക്സിഡന്‍റ് ഉള്ള മികച്ച പഴമാണ് മാങ്ങയെന്നും പഠനത്തില്‍ പറയുന്നു . അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ മാങ്ങയ്ക്ക് കഴിയുമെന്ന് ടെക്‌സാസ് അഗ്രിലൈഫ് റിസര്‍ച്ച് കേന്ദ്രത്തിലെ ഭക്ഷ്യ ശാസ്ത്രജ്ഞരും കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്‌നൌ ഐ. ടി. ആര്‍. സി-യിലെ ഗവേഷകര്‍ ഇത്തരത്തില്‍ ഒരു പഠനം നടത്തിയിരുന്നു. അര്‍ബുദം ബാധിച്ച എലികളില്‍ മാങ്ങ പരീക്ഷിച്ചപ്പോള്‍ അദ്ഭുതകരമായ മാറ്റങ്ങളാണ് അന്ന് കണ്ടെത്തിയത്. മാങ്ങ നല്‍കിയപ്പോള്‍ എലികളിലെ കാന്‍സര്‍ കോശങ്ങള്‍ക്കു ഗണ്യമായ കുറവുവാണ് അന്നുണ്ടായത്.

ഉഴിഞ്ഞ

വള്ളിഉഴിഞ്ഞ എന്ന പേരിലറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം കാര്‍ഡിയോസ്പെര്‍മംഹലികാകാബം ലിന്‍  (Cardiosperumum halicacabum Linn) എന്നാണ്. ഇംഗ്ലീഷില്‍‍‍ ഇതിനെ ബലൂണ്‍‍‍‍‍‍വൈന്‍‍ (Baloon vine) എന്നുപറയുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും നന്നായി വളരുന്ന ഉഴിഞ്ഞ സമൂലം ഔഷധയോഗ്യമാണ്. ആയുര്‍വേദ പ്രകാരം ഉഷ്ണവീര്യവും വാതഹരവും സ്നിഗ്ദ്ധഗുണവുമുള്ളതാണ് ഉഴിഞ്ഞ. ഇതിനെ താളിയായി ഉപയോഗിച്ചാല്‍ മുടിയുടെ വളര്‍ച്ചക്കും  ആരോഗ്യത്തിനും നല്ലതാണ്. ഉഴിഞ്ഞയുടെ ഇല ഇടിച്ചു ചേര്‍ത്ത് എണ്ണ കാച്ചി മുടിയില്‍ തേച്ചാല്‍‍‍ മുടി സമൃദ്ധമായി വളരും. ഉഴിഞ്ഞയുടെ ഇല വെള്ളത്തിലിട്ട് ഞരടി ആ വെള്ളംകൊണ്ട് കഴുകിയാല്‍ തലമുടി വളരെയധികം ശുദ്ധമാകും. ഇല സേവിക്കുന്നതുകൊണ്ട് മലശോധന ഉണ്ടാക്കുകയും, പനി ശമിപ്പിക്കുകയും ചെയ്യും. ഇല അരച്ച് ലേപനം ചെയ്യുന്നത് ശരീരത്തിലെ നീര്‍വീഴ്ചയും വൃഷണവീക്കവും ഇല്ലാതാക്കും. വേരരച്ച് നാഭിയില്‍ തേച്ചാല്‍ മൂത്രതടസ്സം മാറും. ഇതിന്‍റെ വിത്തില്‍ ഒരുതരം എണ്ണ അടങ്ങിയിട്ടുണ്ട്. ഉഴിഞ്ഞ സമൂലമെടുത്ത്കഷായം വെച്ച് 30.മി.ലി. വീതം രണ്ടു നേരം രണ്ടോ മൂന്നോ ദിവസം കഴിച്ചാല്‍ വയറു വേദന, മലബന്ധംഎന്നിവ മാറിക്കിട്ടും. ആര്‍ത്തവ തടസ്സം ഉണ്ടായാല്‍ ഇല വറുത്തരച്ച് കുഴമ്പ് പരുവത്തിലാക്കിഅടിവയറ്റില്‍ പുരട്ടുക. ഉഴിഞ്ഞ ഇല ആവണക്കെണ്ണയില്‍ വേവിച്ച് അരച്ച് പുരട്ടിയാല്‍ വാതം, നീര്,സന്ധിവേദന എന്നിവ മാറിക്കിട്ടും.

ശംഖ്‌പുഷ്പങ്ങളിൽ ഒന്നാണ് ഉഴിഞ്ഞ. (ശാസ്‌ത്രനാമം:കാർഡിയോസ്‌ പെർമം ഹലികാകാബം - Cardiospermum helicacabum)[ സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലിയെന്നറിയപ്പെടുന്നു.ഉഴിഞ്ഞക്ക് വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്‌മതിഎന്നെല്ലാം പേരുകളുണ്ട്.മുടികൊഴിച്ചിൽ, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. സുഖപ്രസവത്തിനും ഇത് ഉത്തമമാണ്.

കറ്റാര്‍വാഴ

അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ . പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന്‌ ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുർവേദത്തിലുംഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തിൽ വളരുന്നു. ഇലകൾ‍ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകള്‍ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു.                                                          കറ്റാർവാഴയുടെ സ്വഭാവങ്ങൾക്കു നിദാനം ഇല(പോള)കളിൽ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്.കറ്റാർറ്വാഴയിൽ ജീവകങ്ങൾ,അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മാങ്ഗനീസ്,കാ‍ത്സ്യം, സിങ്ക്, എൻസൈമുകൾതുടങ്ങിയവ അടങ്ങിയിരിക്കുന്നു. വിപണിയിൽ ആരോഗ്യപാനീയങ്ങൾ, മോയിസ്ചറൈസറു‍കൾ , ക്ലെൻസറുകൾ, ലേപനങ്ങൾ തുടങ്ങിയ നിരവധി കറ്റാർവാഴ ഉല്പന്നങ്ങൾ ഇന്ന് ലഭ്യമാണ്. ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർവാഴ നീര് അത്യന്തം ഗുണകരമാണ്.

ഇത് നല്ലൊരു ആന്‍റിഓക്സിഡൻറാണ്. കൂടാതെബാക്റ്റീരിയ, പൂപ്പൽ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.  വിവിധ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് കറ്റാര്‍വാഴ. ത്വക്ക് രോഗങ്ങള്‍ , കര്‍ണ്ണ- നേത്രരോഗങ്ങള്‍ , മുടിയുടെ വളര്‍ച്ചാക്കുറവ്, വൃക്കരോഗങ്ങള്‍ , കരള്‍ രോഗങ്ങള്‍, ദഹനപ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ അസുഖങ്ങള്‍ക്ക് കറ്റാര്‍വാഴ ഉത്തമ പ്രതിവിധിയാണ്. കറ്റാര്‍വാഴയുടെ നീര് സൗന്ദര്യവര്‍ദ്ധക വസ്തുക്കളുണ്ടാക്കാനാണ് കൂടുതലും ഉപയോഗിക്കുന്നത്. മുഖ സൗന്ദര്യത്തിനുള്ള ക്രീമുകളിലെ പ്രധാന ചേരുവ കറ്റാര്‍വാഴയാണ്. കറ്റാര്‍വാഴ നീര് വെറുതെ മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് ചര്‍മ്മം മൃദുവാകാന്‍ സഹായിക്കും. കറ്റാര്‍ വാഴയുടെ ജ്യൂസ് കുടിക്കുന്നതും ത്വക്കിലെ ചുളിവുകള്‍ ഇല്ലാതാക്കും. വാതം, പിത്തം, പൊള്ളല്‍ , രക്തശുദ്ധി, ചതവ് എന്നീ രോഗങ്ങള്‍ക്കും കറ്റാര്‍വാഴ ഉപയോഗിക്കാറുണ്ട്. കാന്‍സര്‍ ‍, പ്രമേഹം എന്നീ രോഗങ്ങളെ ചെറുക്കാനും കറ്റാര്‍വാഴയ്ക്ക് സാധിക്കും. ചില ഹോമിയോ മരന്നുകളിലും കറ്റാര്‍വാഴ ചേര്‍ക്കാറുണ്ട്. കറ്റാര്‍വാഴനീരും പച്ചമഞ്ഞളും അരച്ച് തേച്ചാല്‍ കുഴിനഖം ഇല്ലാതാകും. മുറിവുണങ്ങാനും ഇത് നല്ലതാണ്. ഒടിവ്, ചതവ് എന്നിവയ്ക്ക് ഉപയോഗിക്കുന്ന മുറിവെണ്ണയിലെ പ്രധാന ചേരുവ കറ്റാര്‍വാഴയാണ്. കറ്റാര്‍വാഴ നീര് ദിവസവും സേവിക്കുന്നത് കുടലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ , വയറുവേദന, ആര്‍ത്തവ വേദന എന്നിവ മാറാന്‍ സഹായിക്കും. കറ്റാര്‍വാഴ നീരും തേനും മഞ്ഞളും ചേര്‍ത്ത് സേവിച്ചാല്‍ ജലദോഷം, ചുമ എന്നിവ മാറും. കറ്റാര്‍ വാഴയുടെ നീര് ചേര്‍ത്ത് എണ്ണകാച്ചിയാല്‍ മുടി നന്നായി വളരുമെന്ന് മാത്രമല്ല, തലയ്ക്ക് നല്ല തണുപ്പും കിട്ടും.

തടി കുറയ്‌ക്കാനുള്ള നല്ലൊരു മരുന്നാണ് കറ്റാർ വാഴ:സൗന്ദര്യസംരക്ഷണത്തിലും കേശസംരക്ഷണത്തിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറ്റാര്‍ വാഴ അഥവാ അലോവേറ. പച്ചനിറത്തില്‍ കൊഴുപ്പുള്ള ദ്രാവകം അടങ്ങിയിരിക്കുന്ന ഇതിന്‍റെ  ആരോഗ്യഗുണങ്ങള്‍ അനവധിയാണ്. കറ്റാര്‍വാഴ ജ്യൂസില്‍ ധാരാളം അമിനോ ആസിഡുകളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയുവാനും കറ്റാര്‍വാഴയുടെ ജ്യൂസിന് കഴിയും.വൈറ്റമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്‌, അമിനോ ആസിഡ്‌, സാലിസിലിക്‌ ആസിഡ്‌ എന്നിങ്ങനെയുള്ള, ആരോഗ്യത്തിനു ഗുണകരമായ പല ഘടകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് ആലുവേര (കറ്റാർ വാഴ). തടി കുറയ്‌ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ്‌ ആലുവേരയുടെ ജ്യൂസ്‌.കറ്റാര്‍ വാഴയുടെ ജ്യൂസും ഏതെങ്കിലും ഫ്രൂട്ട് ജ്യൂസും കലര്‍ത്തി കുടിക്കാം. അല്ലെങ്കിൽ കറ്റാര്‍ വാഴ ജ്യുസ്‌ അത്ര തന്നെ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നതും ഗുണം ചെയ്യും.

ആലുവേര ജ്യൂസും ചെറു നാരങ്ങാ ജ്യൂസും കലര്‍ത്തി കുടിക്കുന്നതും ഗുണകരമാണ്. അര ഗ്ലാസ്‌ ആലുവേര ജ്യൂസില്‍ ഒരു ടീസ്‌പൂണ്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും ഉത്തമമാണ്.കറ്റാര്‍ വാഴ ജെല്‍, പഴ വര്‍ഗങ്ങള്‍, കരിക്കിന്‍ വെള്ളം എന്നിവ കലര്‍ത്തി സൂപ്പ് ആക്കി കുടിച്ചാലും തടി കുറയും. കറ്റാര്‍വാഴ ജ്യൂസ് അതേ പടി കുടിയിക്കുകയുമാകാം.ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ മതിയാകും. വയറ്റില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ സഹായിക്കും. ഇവ നിങ്ങളുടെ ദഹനപ്രക്രിയ മെച്ചപ്പെടുത്തും.ദഹനപ്രശ്‌നങ്ങള്‍ മാറ്റാന്‍ ഒരു ഗ്ലാസ് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുക. ഇത് നെഞ്ചില്‍ നിന്നും ഭക്ഷണം താഴാത്ത അവസ്ഥ ഇല്ലാതാക്കും. ഭക്ഷണം സുഖമമായി കടന്നുപോകും. നെഞ്ചെരിച്ചല്‍ പോലുള്ള പ്രശ്‌നങ്ങളും മാറ്റിതരും.
കൊളസ്‌ട്രോളിന്‍റെ  അളവ് കുറയ്ക്കാന്‍ എന്നും ഡയറ്റില്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് ഉള്‍പ്പെടുത്തിയാല്‍ മതി.

ഇതിന്‍റെ  ജ്യൂസ് കൊണ്ട് മൗത്ത് വാഷ് ചെയ്യുന്നത് വായ്‌നാറ്റവും ഇല്ലാതാക്കും.
പ്രമേഹത്തോട് പൊരുതാന്‍ കഴിവുണ്ട്. കറ്റാര്‍ വാഴ ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.

കറ്റാര്‍ വാഴ ജ്യൂസുകൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ്. ഇത് കണ്ണിന്‍റെ ചൊറിച്ചിലും അസ്വസ്ഥതകളും മാറ്റിതരും.

ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് പ്രതിരോധശക്തി കൂട്ടാന്‍ സഹായിക്കും.
പുരുഷന്‍മാര്‍ക്ക് ഷേവ് ചെയ്ത് കഴിഞ്ഞാല്‍ കറ്റാര്‍ വാഴ ഉപയോഗിക്കാം. ഷേവ് ചെയ്ത ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകളും ചൊറിച്ചിലും മാറ്റാന്‍ ഇതിന്‍റെ  ജെല്‍ പുരട്ടിയാല്‍ മതി.

മുറിവുകളും, വ്രണങ്ങളും ഉണക്കാന്‍ കറ്റാര്‍ വാഴ ജ്യൂസ് ഉപയോഗിക്കാം.
കറ്റാര്‍ വാഴ ജ്യൂസ് കൊണ്ട് ദിവസം മൂന്നു നേരം ഗാര്‍ഗിള്‍ ചെയ്താല്‍ തൊണ്ടവേദന ശമിക്കും.

മുള്‍ട്ടാണി മിട്ടി പേസ്റ്റും അര ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് അല്‍പം റോസ് വാട്ടറും തേനും ചേര്‍ക്കാം. ഇത് നിങ്ങളുടെ മുഖത്ത് തേച്ച് 15 മിനിട്ട് വയ്ക്കാം.

കറ്റാര്‍വാഴ ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് തിളക്കമുള്ള യുവത്വം തുടിക്കുന്ന ചര്‍മം നേടിത്തരും. മുടിയുടെ വളര്‍ച്ചയ്ക്കും ഇത് ഉത്തമം തന്നെ. ഇത് മുടിയുടെ അടിവേരുകളെ ബലപ്പെടുത്തും.

ആര്യവേപ്പ്

ആര്യവേപ്പ് - ആര്യന്‍ എന്നാല്‍ ശ്രേഷ്ഠന്‍ എന്നാണര്‍ത്ഥം.ഏറ്റവും ശ്രേഷ്ഠമായ വൃക്ഷത്തിന് ഭാരതീയര്‍ നല്കിയ പേരാണ്. ഇന്ത്യയിലുടനീളം വ്യാപകമായി കണ്ടു വരുന്ന ഔഷധ സസ്യമാണ് വേപ്പ്. വേദപുരാണങ്ങളുടെ കാലം മുതലേ വൃക്ഷശ്രേഷ്ഠന്‍ എന്ന മഹത്വം പേറി നില്‍ക്കുന്ന ഭാരതീയ വൃക്ഷമാണ് ആര്യവേപ്പ്. അടിമുടി ഔഷധഗുണവും സാമ്പത്തിക മൂല്യവുമുള്ളതുകൊണ്ട് ഇതിനെ ആര്യന്‍ എന്നു വിളിക്കുന്നു. മിലിയേസി സസ്യകുടുംബത്തില്‍ ആര്യവേപ്പിന്‍റെ  സഹോദരങ്ങളായി മലവേപ്പ്, മലവേമ്പ് എന്നീ വൃക്ഷങ്ങളുമുണ്ട്. അഭിധാന, തിക്തക, നിംബ എന്ന സംസ്കൃത നാമങ്ങളിലാണ് അറിയപ്പെടുന്നത്. അസഡിററ്റ ഇന്‍ഡിക ജസ്സ് (Azadirachta Indica juss) എന്നാണ് ഇതിന്‍റെ  ശാസ്ത്രനാമം. ആര്യവേപ്പ് സര്‍വ്വ രോഗങ്ങളും ശമിപ്പിക്കുന്ന ഔഷധമായി അറിയപ്പെടുന്നു. ഏതാണ്ട് 12 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണിത്. കയ്പ്പുരസം അധികമായി കാണുന്ന ഈ മരം ത്വക്ക് രോഗങ്ങള്‍ക്ക് വിശേഷപ്പെട്ടതാണ്. ആര്യവേപ്പിന്‍റെ  കായകള്‍ക്ക് പച്ച കലര്‍ന്ന മഞ്ഞ നിറമാണ്. സവിശേഷമായ  ഔഷധഗുണമുള്ള ഒരു മരമാണ്‌ ആര്യവേപ്പ്. ഇന്ത്യയിലെ ഇലപൊഴിയും കാടുകളിൽ ഇവ കണ്ടുവരുന്നു.
ഭാരതത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരു മരം കൂടിയാണ്‌.കേരളത്തിൽ എത്തിയ ആദ്യത്തെ ആര്യർ ബൗദ്ധരാണ്‌. അവർ ശ്രേഷ്ഠർ എന്നർത്ഥത്തിലോ കൃഷി ചെയ്യുന്നവർ എന്നർത്ഥത്തിലോ ആണ്‌ അവരെ ആര്യർ എന്ന് വിളിച്ചിരുന്നത്. ശാസ്ത്രീയമായ രീതിയിൽ കേരളീയരെ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചതും പഠിപ്പിച്ചതും അവരാണ്‌. കൃഷിയോടൊപ്പം ശാസ്ത്രീയമായ ചികിത്സാ സമ്പ്രദായവും അവർ കേരളീയർക്ക് പരിചയപ്പെടുത്തി. ചികിത്സയുടെ ഭാഗമായി ബുദ്ധമതക്കാർക്ക് പവിത്രമായ മരമായിരുന്നു വേപ്പ്, അരയാൽ, നന്ദ്യാർവട്ടം തുടങ്ങിയ. അവർ കേരളത്തിനു പരിചയപ്പെടുത്തിയ മരമായതിനാൽ ഈ വേപ്പിനെ ആര്യവേപ്പ് എന്നാണ്‌ വിളിച്ചു വന്നത്.അമൃതകുംഭം തുളുമ്പിയപ്പോൾ താഴെ വീണ തുള്ളികളാണ്‌ ആര്യവേപ്പ് ആയി മാറിയതത്രെ. വേപ്പ് നട്ടാൽ മരണാനന്തരം മോക്ഷ പ്രാപ്തി ലഭിക്കുമെന്നും വിശ്വസിച്ചിരുന്നു.
ഈ സസ്യം ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. ഇല തണ്ടിൽ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക്‌ കയ്പ്പുരസമാണ്‌. പൂവിന്‌ മഞ്ഞകലർന്ന വെള്ള നിറമാണുള്ളത്. കായകൾ പാകമാകുമ്പോൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു. ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ തടി, ഇല, കായ്, കായിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവയാണ്‌.വേപ്പിന്‍റെ  തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ ത്വക്ക് രോഗങ്ങൾ,സന്ധിവാതം,വൃണം, ചുമ, പ്രമേഹംതുടങ്ങിയ രോഗങ്ങളുടെ ഔഷധനിർമ്മാണത്തിനായി വേപ്പിന്‍റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നു. കൂടാതെ വേപ്പിൽ നിന്നും ജൈവകീടനാശിനിയും ഉത്പാദിപ്പിക്കുന്നുണ്ട്. തടി കൃഷി ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്നതിന്  ഉപയോഗിക്കുന്നു. വേപ്പിൻ പിണ്ണാക്ക് ജൈവ വളമായി ഉപയോഗിക്കുന്നു. വസ്ത്രങ്ങൾക്ക്  ഇടയിൽ ഉണങ്ങിയ ഇലകൾ വച്ചിരുന്നാൽ പ്രാണികളെ അകറ്റും

ഇലപൊഴിയും വനങ്ങളിലും വരണ്ട പ്രദേശങ്ങളിലും നന്നായി വളരുന്ന ഇടത്തരം വൃക്ഷമാണ് വേപ്പ്. ദന്തുരമായ വക്കോടുകൂടിയ ഇലകള്‍ക്ക് കടുംപച്ച നിറമായിരിക്കും. വളരെയേറെ കയ്പ്പുരസമാണ് ഇലയ്ക്ക്. ഇതിന്‍റെ  തടി ഈടും ഉറപ്പുമുള്ളതാണ്. ഇല, എണ്ണ, വിത്ത് എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. പനി മുതല്‍ എയ്ഡ്സ് വരെയുള്ള നിരവധി രോഗങ്ങള്‍ക്കെതിരെ ഇതിന്‍റെ ഔഷധവീര്യം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭാരതീയ ചികിത്സാരീതിയിലും വേപ്പ് ഒരു സര്‍വ്വരോഗ സംഹാരിയാണ്. വേപ്പെണ്ണയ്ക്ക് ഔഷധഗുണവും വ്യാവസായിക പ്രാധാന്യവുമുണ്ട്. ഇതിന്‍റെ  പിണ്ണാക്ക് ഒന്നാന്തരം ജൈവ വളമാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പല്ലുതേക്കാന്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത ടൂത്ത് ബ്രഷ് ആണ് വേപ്പിന്‍കമ്പ്. ഇതുകൊണ്ട് പല്ലുതേക്കുമ്പോള്‍ പേസ്റ്റ് ആവശ്യമില്ല. വേപ്പിലത്തൊലിയും കറുവാപ്പട്ടയും കഷായമാക്കി കുടിച്ചാല്‍ വിശപ്പില്ലായ്മയും ക്ഷീണവും മാറും. തൊലി കഷായം വെച്ച് കുരുമുളകുപൊടി ചേര്‍ത്തു സേവിച്ചാല്‍ പനി മാറും. വേപ്പില അരച്ച് തേനില്‍ ചേര്‍ത്ത് സേവിച്ചാല്‍ കൃമിശല്യം മാറും.

മഞ്ഞപ്പിത്തത്തിന് ഈ സസ്യം വളരെയധികം ഗുണം ചെയ്യുമെന്ന് ആയുര്‍ വേദവും നാട്ടുവൈദ്യവും പറയുന്നുണ്ട്. കരളിന് ഉത്തമമായ ലോഹിതാരിഷ്ടത്തിന് പ്രധാന ചേരുവയാണ് ഈ സസ്യം. ഈ ഔഷധസസ്യത്തിന്‍റെ ഔഷധഗുണങ്ങളെക്കുറിച്ച് നിരവധി ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്. ഇലയും തൊലിയും കായും ഔഷധയോഗ്യമാണ്. രോഗാണുക്കളെ നശിപ്പിക്കുവാന്‍ കഴിവുള്ള ആര്യവേപ്പ് കീടനാശിനി കൂടിയാണ്.വിഷാണുക്കളെയും രോഗബീജങ്ങളെയും നശിപ്പിക്കാനുള്ള വേപ്പിലയുടെ ശക്തി ഭാരതീയര്‍ വളരെക്കാലങ്ങള്‍ക്ക് മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. വായുവിലെ കൃമികളെയും മാലിന്യങ്ങളെയും ഇല്ലാതാക്കുവാനുള്ള അത്ഭുതശക്തി വേപ്പിലക്കുണ്ട്.

പല്ലുവേദന, മോണപഴുപ്പ്, ജ്വരം, പൂപ്പല്‍ എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി വേപ്പ് ഉപയോഗിക്കുന്നു.മഞ്ഞപ്പിത്തം - 10 മില്ലി ലിറ്റര്‍ വീതം വേപ്പിലനീരും തേനും ചേര്‍ത്ത് രണ്ടുനേരം വീതം മൂന്നുദിവസം സേവിക്കുക. ചിക്കന്‍പോക്സിന് ആര്യവേപ്പ് അരച്ച് ദേഹത്ത് തേച്ചുകൊടുക്കാം. ഇല താരനെതിരെ എണ്ണ കാച്ചാന്‍ വേണ്ടി ഉപയോഗിക്കുന്നു.മുഖക്കുരു മാറുന്നതിന് ഇലയും മഞ്ഞളും അരച്ച് തേക്കുന്നു. ഒരു പിടി വേപ്പിലയിട്ട് തലേദിവസം തിളപ്പിച്ച വെള്ളം കൊണ്ട് രാവിലെ ഉണര്‍ന്നാലുടന്‍ ആ വെള്ളത്തില്‍ മുഖം കഴുകുക.ഉളുക്കിന് വേപ്പെണ്ണ ഉപയോഗിക്കും.

വേപ്പില കൊമ്പുകളോടെ ഒടിച്ച് കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നതും, വേപ്പില പുകയ്ക്കുന്നതും കൊതുകുകളെ അകറ്റും.
വേപ്പിലയും മഞ്ഞളും കടുകെണ്ണയില്‍ ചാലിച്ച് ലേപനമായി ഇട്ടാല്‍ ചൊറി ശമിക്കും.
അഞ്ചാം പനിക്ക് വേപ്പിലയും കുരുമുളകും കൂടി സമം അരച്ചുരുട്ടിയത് നെല്ലിക്ക വലിപ്പം രണ്ടു നേരം വീതം മൂന്നു ദിവസം കഴിക്കുക.
വസൂരി വന്നു സുഖപ്പെട്ട ശേഷം വേപ്പിലയും പച്ചമഞ്ഞളും കൂടി ചതച്ച് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. രക്തം ശുദ്ധമാവുകയും വസൂരി കലകള്‍ മായുകയും ചെയ്യും. വേപ്പെണ്ണ വാതരോഗത്തെ ഇല്ലാതാക്കും.
വേപ്പിന്‍ തൊലിക്കഷായം മലമ്പനി ചികിത്സക്കായി ഉപയോഗിക്കുന്നു.
വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകിയാല്‍ താരന്‍, മുടികൊഴിച്ചില്‍ എന്നിവ ഇല്ലാതാകും.വേപ്പില അരച്ചു കഴിക്കുന്നത് ആമാശയത്തിലെയും കുടലുകളിലെയും രോഗങ്ങള്‍ക്ക് കുറവുണ്ടാകും. വേപ്പെണ്ണ വയറിലെ കൃമികളെ നശിപ്പിക്കുന്നു,

വിഷ ജന്തുക്കള്‍ കടിച്ചാല്‍ വേപ്പിലയും മഞ്ഞളും കൂടി അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുന്നത് വിഷ ശമനത്തിനും വിഷത്തില്‍ നിന്നുള്ള മറ്റുപദ്രവങ്ങള്‍ക്കും നല്ലതാണ്.

ഇലയുടെയും പട്ടയുടെയും കഷായം കൊണ്ടുള്ള കഴുകല്‍ വ്രണങ്ങള്‍ക്കും ചര്‍മ്മ രോഗങ്ങള്‍ക്കും ഉത്തമമാണ്. വസൂരി, ചിക്കന്‍ പോക്സ് എന്നീ രോഗങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ വേപ്പില കൊണ്ട് തൊലിപ്പുറം ഉരസുന്നത് നല്ലതാണ്.

ഉദരകൃമി നശിക്കാന്‍ 10 മി.ലി വേപ്പെണ്ണയില്‍ അത്ര തന്നെ ആവണക്കെണ്ണ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിച്ചാല്‍ ഉദരകൃമി നശിക്കും.ചൊറി,ചിരങ്ങ് എന്നിവ ശമിപ്പിക്കാനും വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് ഉപയോഗിച്ചാല്‍ മതി.

വേപ്പില ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ പൊടി ഒരു ഗ്ലാസ്സ് പാലിലോ ചുടുവെള്ളത്തിലോ ഏഴുദിവസം കഴിക്കുകയാണെങ്കില്‍ കൃമിശല്യം ഒഴിവാക്കുന്നതാണ്.
സാധാരണ കുളിക്കാനുള്ള വെള്ളത്തില്‍ വേപ്പിലയിട്ട് വെക്കുന്നത് നല്ലതാണ്. ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുന്നു. അണു നാശകമാണ്. ആര്യവേപ്പിലയും പച്ചമഞ്ഞളും കൂടി വെള്ളംതിളപ്പിച്ചു കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ഔഷധമാണ്. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍, നീര് എന്നിവയില്ലാതാവും. രക്തശുദ്ധിയുണ്ടാകും. മുറിവ്, കൃമി എന്നിവയെ നശിപ്പിക്കും.വളംകടിക്ക് വേപ്പിലയും മഞ്ഞളും കൂടി അരച്ച് കാലില്‍ പുരട്ടുക.

വേപ്പിന്‍റെ  തണ്ട് ചതച്ച് പല്ലുതേക്കാന്‍ ഉപയോഗിക്കാം. വായിലെ അണുക്കളെ നശിപ്പിക്കുന്നു.

ആര്യവേപ്പില അരച്ച് ഒരു നെല്ലിക്കയുടെ വലിപ്പത്തില്‍ പതിവായി കാലത്ത് കഴിച്ചാല്‍ കൃമിശല്യം ഇല്ലാതാവും.

പ്രമേഹമുള്ളവര്‍ വേപ്പില കഴിച്ചാല്‍ രോഗം നിയന്ത്രിക്കാന്‍ നല്ലതാണ്.

ഉദരസംബന്ധമായ രോഗങ്ങള്‍, സാംക്രമിക രോഗങ്ങള്‍, മുറിവുകള്‍ എന്നിവക്ക് ഉപയോഗിക്കുന്നു.

വേപ്പില്‍ നിന്നും ലഭിക്കുന്ന മരക്കറ ഉന്മേഷവും ഉത്തേജനവും നല്‍കുന്ന ഔഷധമാണ്. രക്തശുദ്ധീകരണത്തിന് ഇതു സഹായിക്കുന്നു.150 ഗ്രാം വേപ്പെണ്ണയില്‍ 30 ഗ്രാം കര്‍പ്പൂരം അരച്ച് കലക്കി മൂപ്പിച്ചെടുക്കുന്ന തൈലം വാതം, മുട്ടുവീക്കം, പുണ്ണ് എന്നിവയ്ക്ക് ഫലപ്രദമാണ്.

മൃഗങ്ങളുടെ ആഹാരമായും അവയുടെ ആരോഗ്യസംരക്ഷണത്തിനും വേപ്പ് ഉപയോഗിച്ചുവരുന്നു. ആധുനിക മൃഗചികിത്സയില്‍ പ്രമേഹത്തിനെതിരെയും ബാക്ടീരിയ, വൈറസ് എന്നിവ മൂലമുള്ള രോഗങ്ങള്‍ക്കും വയറിലും കുടലിലുമുണ്ടാകുന്ന വിരകള്‍, അള്‍സര്‍ എന്നിവക്കെതിരെയും വേപ്പിന്‍റെ  സത്ത് ഫലപ്രദമായി ഉപയോഗിക്കുന്നു.

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള ജൈവ കീടനാശിനികള്‍‍ നിര്‍മ്മിക്കുന്നതിനായി വേപ്പില വിത്ത് എന്നിവ ഉപയോഗിക്കുന്നു. ജൂണ്‍‍ മുതല്‍‍ ഓഗസ്റ്റ് മാസം വരെയുള്ള സമയത്താണ് വേപ്പിന്‍റെ  വിത്തുകള്‍ വിളഞ്ഞ് പാകമാകുന്ന സമയം. ഈസമയത്ത് മരച്ചുവട്ടില്‍‍ പഴുത്ത് വീഴുന്ന വേപ്പിന്‍‍ കായ്കള്‍ ഉണക്കി സൂക്ഷിച്ച് വെയ്ക്കാം.

സർപ്പഗന്ധി

ഇന്ത്യയിലേയും മലേഷ്യയിലേയും നിത്യഹരിത വനങ്ങളിലും, ഇലപൊഴിയും വനങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടി ആണ് സർപ്പഗന്ധി അഥവാ അമൽപ്പൊരി. “അപ്പോസൈനേസീ“ എന്ന കുടുംബത്തിൽ പെട്ട ഈ സസ്യം “റാവോൾഫിയ സെർപ്പെന്റൈന”(Rauwolfia serpentina) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.ഒരു മീറ്റർ ഉയരത്തിൽ വരെ വളരുന്ന സർപ്പഗന്ധിയുടെ ഇലകൾക്ക് കടും പച്ച നിറമാണ്. കാണ്ഡത്തിലെ പർവ്വസന്ധിയിൽ(Node) നിന്നും മൂന്നിലകളുണ്ടാകും. മൺസൂൺ കാലത്തിനുശേഷമാണ് ചെടി പൂവിടാൻ തുടങ്ങുന്നത്. ചുവന്ന ഞെട്ടും, പുഷ്പവൃതിയുമുള്ള പൂക്കുലകളിൽ വെളുത്ത പൂക്കളാണുണ്ടാവുക. പരാഗണശേഷം പൂങ്കുല അവശേഷിച്ച് പൂക്കൾ കൊഴിയുന്നു, ഏതാനം ദിവസങ്ങൾക്കകം തത്സ്ഥാനത്ത് പച്ച കായ്കൾ പ്രത്യക്ഷപ്പെടുന്നു. ഒരു മാസത്തിൽ താഴ്ന്ന കാലം കൊണ്ട് കായ്കൾ പഴുക്കുന്നു. കായ്കൾ കടുത്ത പിങ്കുനിറം പ്രാപിക്കുമ്പോളിതു മനസ്സിലാക്കാം.തണലും, ചൂടും, ആർദ്രതയുമുള്ള പ്രദേശങ്ങളിലാണ് സർപ്പഗന്ധി വളരുന്നത്. വിത്തുകൾ നട്ടും, കാണ്ഡം, വേര് മുതലായവ മുറിച്ചു മാറ്റിനട്ടും വളർത്തിയെടുക്കാം.

ഇന്നതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധ സസ്യമാണ് സർപ്പഗന്ധി. രക്തസമ്മർദ്ദത്തിനുള്ള മരുന്നായാണ് സർപ്പഗന്ധി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. വേരിൽ നിന്നുമാണ് ഔഷധം നിർമ്മിക്കുന്നത്. സർപ്പഗന്ധിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന സെർപ്പാസിലിനു ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ കഴിവുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു. ആയുർവേദത്തിൽ പൗരാണികകാലം മുതൽക്കേ സർപ്പഗന്ധിയെ ഉറക്കമരുന്നായി അംഗീകരിച്ചിരിക്കുന്നു. നാഡീരോഗങ്ങൾ, അപസ്മാരം, കുടൽ‌രോഗങ്ങൾ എന്നിവയുടെ ചികിത്സക്കും സർപ്പഗന്ധി ഉപയോഗിക്കുന്നു. നാട്ടുവൈദ്യത്തിലും മറ്റും വേരിൽ നിന്നും പാമ്പിൻ വിഷത്തിനുള്ള മറുമരുന്ന് ഉണ്ടാക്കി ഉപയോഗിച്ചുപോരുന്നു.സർപ്പഗന്ധിയിൽ നിന്നും ശേഖരിക്കാൻ സാധിക്കുന്ന റിസർപ്പിൻ(Reserpin), അജ്‌മാലൂൻ(Ajmaloon) എന്നീ ആൽക്കലോയ്‌ഡുകൾ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളാണ്.

അശോകം

ഇന്ത്യ, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളിൽ, സമുദ്ര നിരപ്പിൽ നിന്നും 750 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെട്ടു വരുന്ന നിത്യ ഹരിത പൂമരമാണ്‌ അശോകം. ആധുനിക സസ്യവർഗ്ഗീകരണപ്രകാരം സിസാൽപിനിയേസീ സസ്യ കുടുംബത്തിൽപ്പെട്ടതും സറാക്ക അശോക (റോക്സ്ബർഗ്)ഡി.വിൽഡ്എന്ന ശാസ്ത്രനാമത്തിലും അശോകം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Saraca asoca). ദുഃഖത്തെ അകറ്റുന്നതിനാൽശോകനാശം, അശോകം, അപശോകം, വിശോകം എന്നീ പര്യായങ്ങൾ . ഐ. യൂ. സി. എൻ (International Union for Conservation of Nature and Natural Resources IUCN) പ്രകാരം അമിത ചൂഷണം മൂലം വംശനാശ സാധ്യതയുള്ള വൃക്ഷം 6 മുതൽ 9 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്‍റെ  ഇലകൾക്ക് 15 - 25 സെ. മീ. നീളമുണ്ടാകും, തളിരിലകൾക്ക് ചുവപ്പു നിറമാണ്. വസന്തകാലത്ത് കൂടുതൽ പുഷ്പിക്കുന്ന സുഗന്ധമുള്ള പൂക്കൾ 7 - 10 സെ. മി. വരെ വിസ്തീർണ്ണമുള്ള കുലകളായി കാണുന്നു.പുഷ്പങ്ങൾ വിരിയുമ്പോൾ കടും ഓറഞ്ച് നിറത്തിൽ ആണ് കാണപ്പെടുക. ക്രമേണ കടും ചുവപ്പാകുന്നു. ഫലങ്ങൾക്ക് 15 - 25 സെ. മി. നീളം, അതിനുള്ളിൽ 4 - 8 ചാര നിറമുള്ള കുരുക്കളും ആണ് കാണപ്പെടുക. ഗൗതമബുദ്ധൻ ജനിച്ചതും,ജൈനമതസ്ഥാപകനായ വർദ്ധമാന മഹാവീരൻ നിർവാണം പ്രാപിച്ചതും, രാമായണത്തിൽ ഹനുമാൻ സീതയെകണ്ടതും അശോകമരച്ചുവട്ടിലാണെന്ന് വിശ്വസിച്ചുവരുന്നു.
അശോകത്തിന്‍റെ  ഔഷധഗുണങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന രേഖ ബി. സി 10 ആം നൂറ്റാണ്ടിൽ രചിച്ചത് എന്ന് വിശ്വസിക്കുന്ന ചരക സംഹിതയിലാണ്. ആയുർവേദഔഷധവർഗ്ഗീകരണപ്രകാരംശിംബികുലത്തിൽ ഉൾപ്പെട്ട ഔഷധസസ്യമാണ് അശോകം. അംഗനപ്രിയ, ശുഭഗ, കാന്താംഗ്രിദോഹദ, മധുപുഷ്പ തുടങ്ങിയ പര്യായങ്ങളെല്ലാം തന്നെ അശൊക വൃക്ഷത്തിന് സ്ത്രീകളും സ്ത്രീരോഗങ്ങളുമായുള്ള ബന്ധം വെളിവാക്കുന്നു.സ്ത്രീകളുടെ പാദസ്പർശം മുലം അശോകം പുഷ്പിക്കുമെന്ന് വൃക്ഷായുർവേദത്തിൽ പറയുന്നു. പദ്മ പുരാണത്തിലും, മത്സ്യ പുരാണത്തിലും, ബ്രഹ്മാവൈവർത്ത പുരാണത്തിലും അശോക മരം സന്തോഷ ദായകമെന്ന് പരാമർശിക്കുന്നു. പ്രേമ ദേവനായ മദനന്‍റെ  വില്ലിലെ അഞ്ചു പുഷ്പങ്ങളിൽ ഒന്ന് അശോക പുഷ്പമാണ്.ശക്തി ആരാധനയിൽദുർഗ്ഗ പൂജ നടത്തുന്നവർ ഒൻപതു തരം ഇലകൾ ഉപയോഗിക്കുന്നതിൽ ഒന്ന് അശോകമാണ്.പൂക്കൾ തടിയോട് ചേർന്നാണ് ഉണ്ടാവുക.
അശോകത്തിന്‍റെ  നടീൽ വസ്തു അതിന്‍റെ  വിത്തുകൾ മുളപ്പിച്ചെടുക്കുന്ന തൈകളാണ്‌. ഫെബ്രുവരി - ഏപ്രിൽ മാസങ്ങളിലാണ്‌ വിത്തുകൾ ശേഖരിക്കുന്നത്. ശേഖരിക്കുന്ന വിത്തുകൾ പെട്ടെന്ന് തന്നെ തവാരണകളിൽ പാകുക. ഏകദേശം ഇരുപതു ദിവസം കൊണ്ട് വിത്തുകൾ മുളച്ചു തുടങ്ങും. തൈകൾക്ക് രണ്ട് മൂന്നില പ്രായമാകുമ്പോൾ ഇളക്കി പോളിബാഗുകളിൽ നടാവുന്നതാണ്‌. കാലവർഷാരംഭത്തോടെ തൈകൾ സ്ഥിരമായി നടുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്ത് 45 X 45 X 45 സെന്‍റിമീറ്റര്‍ വലിപ്പമുള്ള കുഴികളിൽ മേൽമണ്ണും ജൈവവളങ്ങളും ചേർത്ത് നിറച്ച് നടാം. തോലിന് ഗർഭപാത്രത്തിന്‍റെ  ഉള്ളിലെ ചർമ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്, അതിനാൽ ആർത്തവ കാലത്തുണ്ടാകാറുള്ള വേദനയിൽ നിന്ന് ശമനമുണ്ടാകുവാനും, ഗർഭപാത്രത്തെ ബാധിക്കുന്ന പല രോഗങ്ങളിലും അശോകത്തിൽ നിന്നു നിർമ്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു. പ്രസവാനന്തര രക്തസ്രാവം ശമിപ്പിക്കുവാനുള്ള ആധുനിക ഔഷധമായ മീഥൈൽ എർഗോട്ടമൈൻ, അശോകത്തിൽ നിന്നുല്പാദിപ്പിക്കുന്ന പല ആയുർവേദ ഔഷധങ്ങളും ഒരേ ഫലം നൽകുന്നുണ്ട്. സ്ത്രീ രോഗങ്ങൾക്കു പുറമേ പനി, ആന്തരീക അവയവങ്ങളുടെ വീക്കം, അർശസ്സ്, ത്വക്-രോഗങ്ങൾ എന്നിവയിലും ഔഷധമായുപയോഗിക്കാം.

കടപ്പാട് : manurmuthukattukara.blogspot.in

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate