Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഔഷധ സസ്യങ്ങള്‍

നമ്മുടെ വീട്ടുവളപ്പിൽ ഉണ്ടാകേണ്ട വിവിധ തരത്തിലുള്ള ഔഷധസസ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ

വീട്ടുവളപ്പിലെ ഔഷധസസ്യങ്ങള്‍


പ്രകൃതിയില്‍ നിന്ന് മനുഷ്യനേയും മനുഷ്യനില്‍ നിന്നു പ്രകൃതിയേയും വേര്‍തിരിക്കാനാവില്ല. പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള ബന്ധം അഭ്യേമാണ്. നമുക്കുചുറ്റും കാണപ്പെടുന്ന പല സസ്യങ്ങളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആരോഗ്യത്തെ പ്രദാനം ചെയ്യുന്നവയാണ്.
ആരോഗ്യ സംരക്ഷണത്തിനായി ആയുര്‍വേദത്തില്‍ പരമപ്രധാനമായ ഒരു സ്ഥാനമാണ് ഔഷധസസ്യങ്ങള്‍ക്കുള്ളത്. പരന്പരാഗതമായ ആയുര്‍വേദ ചികിത്സാരീതിയ്ക്കു ലോകമെന്പാടും പ്രചാരമേറുന്ന കാലമാണിത്.
കേരളം ഔഷധസസ്യങ്ങളുടെ ഒരു കലവറയാണ്. കേരളത്തിലെ വനപ്രദേശങ്ങളിലും നാട്ടിന്‍പുറങ്ങളിലും, പാതയോരങ്ങളിലും വീട്ടുവളപ്പുകളിലും ധാരാളം ഔഷധസസ്യങ്ങള്‍ ഉണ്ടായിരുന്നു. സ്വാഭാവിക വാസസ്ഥല നാശവവും പ്രകൃതിയില്‍ നിന്നു ഔഷധ സസ്യങ്ങളുടെ അശാസ്ത്രീയമായ ശേഖരണവും, നഗരവല്‍ക്കരണവും മൂലം ഇവയില്‍ പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും ചിലതു വംശനാശത്തിന്‍റെ ഭീക്ഷണിയിലുമാണ്. ഈ പ്രതിസന്ധിക്കു പരിഹാരമായി ഔഷധ സസ്യ കൃഷിക്കു പ്രോത്സാഹനം നല്‍കേണ്ടതാണ്.
കേരളത്തിലെ കാര്‍ഷികോത്പാദന രംഗത്ത് ഗണ്യമായ സ്ഥാനമുള്ള വീട്ടുവളപ്പിലെ കൃഷി സന്പ്രദായം തനതായ ചില സവിശേഷതകളുള്ളതാണ്.
ജനസംഖ്യാ വര്‍ദ്ധനവിന് അനുപാതികമായി പുതിയ കൃഷിസ്ഥലം കണെ്ടത്താനാവാത്ത അവസ്ഥയില്‍ കര്‍ഷകര്‍ ലഭ്യമായ സ്ഥലത്തുനിന്ന് കൂടുതല്‍ ഉല്‍പ്പാദനം നേടുവാന്‍ പ്രേരിതരാവുകയാണ്. കേരളത്തില്‍ പൊതുവെ എല്ലാ വീടുകളുടെ ചുറ്റുപാടും കുറച്ചു സ്ഥലമെങ്കിലും ഉണ്ടായിരിക്കും. ഈ വീട്ടു വളപ്പുകളില്‍ ഇടവിളകളായും, തനി വിളകളായും കൃഷി ചെയ്യാവുന്ന ഒട്ടേറെ ഔഷധസസ്യങ്ങള്‍ ഉണ്ട്. അതത് പ്രദേശത്തിന് യോജിച്ചവ തെരഞ്ഞെടുത്തു വളര്‍ത്താവുന്നതാണ്.
പല ഇനം ഔഷധസസ്യങ്ങളേയും ഗൃഹാങ്കണങ്ങളിലെ ആകര്‍ഷകമായ ഉദ്യാന സസ്യങ്ങളായി വളര്‍ത്തിയെടുക്കുവാന്‍ സാധിക്കും. ഇതു വീടിനു മോടി കൂട്ടുകയും മാനസികമായ ഉല്ലാസത്തിനും സന്തോഷത്തിനും കാരണമാവുകയും ചെയ്യും. കൂടാതെ വീട്ടുവളപ്പിലെ ഔഷധസസ്യ കൃഷി നമ്മുടെ പരിസരത്തെ ഔഷധ സന്പന്നമാക്കുകയും, ഗൃഹ ചികിത്സയ്ക്കാവശ്യമായ ഔഷധ സസ്യങ്ങള്‍ നല്‍കുകയും തെല്ല് വരുമാനമുണ്ടാക്കാന്‍ സഹായിക്കുകയും ചെയ്യും.
സാമൂഹ്യ വനവല്‍ക്കരണത്തിന്‍റെ ഭാഗമായി വേപ്പ്, അശോകം, കൂവളം, താന്നി, ഉങ്ങ്, എന്നിവ ചോലമരങ്ങളായും, ആടലോടകം, കരിനൊച്ചി, മൈലാഞ്ചി, പതിമുഖം എന്നിവ വീടുകള്‍ക്കും, പറന്പുകള്‍ക്കും വേലിയായും നട്ടുവളര്‍ത്താം. തെങ്ങിന്‍ പറന്പുകളിലും, റബ്ബര്‍ തോട്ടങ്ങളിലും ഇടവിളയായി തിപ്പലി, പച്ചോളി. കച്ചോളം, ചെത്തിക്കൊടുവേലി, അടപതിയന്‍, ശതാവരി, ശവംനാറി, നീലയമരി, ഇരുവേലി, ചുണ്ട എന്നിവ കൃഷി ചെയ്യാം. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഉപയോഗ്യശൂന്യമായ പ്രദേശങ്ങളില്‍ കറ്റാര്‍വാഴ, പനിക്കൂര്‍ക്ക എന്നിവയും ചതുപ്പുനിലങ്ങളില്‍ വയന്പ്, ബ്രഹ്മി എന്നിവയും നട്ടു വളര്‍ത്താവുന്നതാണ്.
നമ്മുടെ വീട്ടുവളപ്പുകളില്‍ നട്ടുവളര്‍ത്താവുന്ന ഔഷധസസ്യങ്ങളെക്കുറിച്ച് നോക്കാം.

1. വേപ്പ്
ശാസ്ത്രനാമം: അസാറിഡാക്ടാ ഇന്‍ഡികാ 
സസ്യകുടുംബം: മിലിയേസി 
വളരെക്കാലം നിലനില്‍ക്കുന്ന വേപ്പ് വീട്ടുവളപ്പിലെ ഒരു പ്രമുഖ ഔഷധസസ്യമാണ്. ഇത് വീട്ടുമുറ്റത്തു നട്ടു വളര്‍ത്തിയാല്‍ പല രോഗങ്ങളില്‍ നിന്നും മോചനം കിട്ടും. വേപ്പിലകളില്‍ തട്ടിവരുന്ന കാറ്റിനുപോലും ഔഷധ ഗുണമുണെ്ടന്ന് കരുതുന്നു. വേപ്പിന്‍റെ തൊലി, ഇല, വിത്ത്, പൂവ് തുടങ്ങിയവയൊക്കെ ഉപയോഗയോഗ്യമാണ്. വേപ്പിന്‍റെ ഇലയിലും, തൊലിയിലും \"മാര്‍ഗോസിന്‍\' എന്ന ആല്‍ക്കലോയിഡും എണ്ണയില്‍ നിംബിന്‍, നിബിംടിന്‍ എന്നീ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. രക്തശുദ്ധി ഉണ്ടാക്കുവാനും ചര്‍മ്മ രോഗങ്ങള്‍ ശമിപ്പിക്കാനും കഫവും പിത്തവും കുറയ്ക്കുവാനും ഒക്കെ ഇത് സഹായിക്കുന്നു.
വിത്തുപാകി കിട്ടുന്ന തൈകള്‍ ഉപയോഗിച്ചാണ് വേപ്പ് വളര്‍ത്തുന്നത്.

2. അശോകം
ശാസ്ത്രീയ നാമം: സറാക്ക അശോക 
സസ്യകുടുംബം: സിസാല്‍പിനിയേസി 
കണ്ണിനിന്പമായി കടും ഓറഞ്ചു നിറത്തില്‍ കുലകുലകളായി വിടരുന്ന പൂക്കള്‍ ഉണ്ടാകുന്നതും ഇടതൂര്‍ന്ന പച്ചിലത്തഴപ്പുള്ള അശോകം ഉദ്യാനങ്ങളിലെ അലങ്കാരവൃക്ഷമാണ്. തണലിനും പൂക്കള്‍ക്കും വേണ്ടി വളര്‍ത്തുന്ന അശോകം ഒരു ഔഷധസസ്യമാണ്. ഇല, പൂവ്, തൊലി, എന്നിവ ആയുര്‍വ്വേദങ്ങളിലെ പല പ്രധാന ഔഷധങ്ങള്‍ക്കും ഉപയോഗിച്ചുവരുന്ന ഒരു നിത്യഹരിത വൃക്ഷമാണിത്. ഇതിന്‍റെ തൊലിയാണ് അശോകാരിഷ്ടത്തിലെ മുഖ്യ ചേരുവ.
അശോകപ്പൂവ് കല്‍ക്കമാക്കി വെളിച്ചെണ്ണ കാച്ചി അരിച്ചൂപയോഗിക്കുന്നത് പലതരം ചര്‍മ്മരോഗങ്ങള്‍ക്ക് കണ്‍കണ്ട ഔഷധമാണ്. ജ്വരം, രക്തപിത്തം, പ്രമേപഹം എന്നീ രോഗങ്ങള്‍ ശമിപ്പിക്കുവാനും അശോകാരിഷ്ടത്തിനു കഴിയും.വിത്തുകള്‍ 24 മണിക്കൂര്‍ വെള്ളത്തില്‍ മുക്കിവെച്ച ശേഷം പാകി മുളപ്പിച്ച തൈകള്‍ ഉപയോഗിച്ചാണ് അശോകം കൃഷി ചെയ്യുന്നത്.
3. മുരിങ്ങ
ശാസ്ത്രനാമം : മൊരിങ്ങ ഒലിഫെറ 
സസ്യകുടുംബം : മൊരിങ്ങേസീ 
മുരിങ്ങയില ചതച്ചെടുക്കുന്ന നീര് ഹൃദ്രോഗവും രക്ത സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കുന്നു. മുരിങ്ങത്തോല് പല ആയുര്‍വ്വേദ മരുന്നുകളിലും ഉപയോഗിക്കുന്നു. മുരിങ്ങ വിത്തില്‍ നിന്നും എടുക്കുന്ന എണ്ണ വാതരോഗം ശമിപ്പിക്കുന്നു.
വളരെ പെട്ടെന്ന് വളര്‍ന്നു വലുതാകുന്ന മുരിങ്ങയുടെ കന്പാണ് സാധാരണയായി നടുന്നത്. വിത്തുപാകി മുളപ്പിച്ച തൈകളും നടാന്‍ ഉപയോഗിയ്ക്കാം.
4. നെല്ലി
ശാസ്ത്രനാമം : എംബ്ലിക്ക ഒഫിസിനാലിസ് 
സസ്യകുടുംബം : യൂഫോര്‍ബിയേസി 
പ്രസിദ്ധമായ രസായനൗഷധമായ നെല്ലിക്കായുടെ ഗുണവും ഉപയോഗവും വളരെയാണ്. സമൃദ്ധമായ വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ളതാണ് പച്ച നെല്ലിക്ക. ച്യവനപ്രാശ്യവും ചൂര്‍ണ്ണങ്ങളും മാത്രമല്ല നെല്ലിക്ക അടങ്ങിയ ഹെയര്‍ ഓയിലുകളും ഷാംപൂവും മുടികഴുകുവാന്‍ മാത്രമുള്ള സോപ്പുകളും വിപണിയില്‍ ധാരാളം ഉണ്ട്. ഉണങ്ങിയ നെല്ലിക്ക ചേര്‍ത്തുണ്ടാക്കുന്ന എണ്ണകള്‍ മുടികൊഴിച്ചില്‍ മാറ്റി ഇടതൂര്‍ന്ന് വളരാന്‍ സഹായിക്കുന്നു. കണ്ണിനു കാഴ്ച ശക്തിയും, കുളിര്‍മ്മയും നല്‍കുന്നു
വിത്തുപാകി മുളപ്പിച്ച തൈകളും വേരില്‍ നിന്നും മുളച്ചു വരുന്ന തൈകള്‍ ഒടിച്ചു നട്ടും കൃഷി ചെയ്യാം.
5. കറിവേപ്പ്
ശാസ്ത്രനാമം : മുറയകൊയ്നിജി 
സസ്യകുടുംബം : റൂട്ടേസി 
കറികള്‍ക്ക് രുചി വര്‍ദ്ധിപ്പിക്കുവാന്‍ ചേര്‍ക്കുന്ന ഒരു സുഗന്ധ ഇല എന്നതിലുപരി കറിവേപ്പ് ഒരു ഔഷധസസ്യം കൂടിയാണ്. ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കുവാനും ദഹനശക്തി വര്‍ദ്ധിപ്പിക്കുവാനും ഇതിന് കഴിവുണ്ട്. അതിസാരം, വയറുകടി എന്നിവയുടെ ചികിത്സയില്‍ ഇതുപയോഗിക്കാം. ഇതിന്‍റെ ഇലയ്ക്കു പുറമെ തൊലിയും വേരുമൊക്കെ ഔഷധ യോഗ്യമാണ്.
വേരുകളില്‍ നിന്ന് പൊട്ടിവരുന്ന തൈകളും വിത്തു പാകി മുളപ്പിച്ച തൈകളും നടാനുപയോഗിക്കാം.
6. ആടലോടകം
ശാസ്ത്രനാമം : ആടത്തോഡ വസിക്ക 
സസ്യകുടുംബം : അക്കാന്‍തേസി 
ഇതിന്‍റെ ഇലകള്‍ക്കും വേരിനുമാണ് ഔഷധഗുണമുള്ളത്. കേരളത്തില്‍ ഒരു വര്‍ഷം കുറഞ്ഞത് 50 ടണ്‍ എങ്കിലും വേണമെന്നതാണ് കണക്ക്. ഛര്‍ദ്ദി, രക്തപിത്തം, കഫകെട്ട് എന്നിവ ശമിപ്പിക്കുവാനും ശ്വാസകോശത്തിന്‍റെ സങ്കോച വികാസക്ഷമത വര്‍ദ്ധിപ്പിക്കുവാനും ആടലോടകത്തിന് കഴിവുണ്ട്.
കന്പുനട്ടോ വിത്തുപാകിയ ആടലോടകം നട്ടു വളര്‍ത്താം.
7. മാതള നാരകം
ശാസ്ത്രനാമം : പ്യൂണിക്ക ഗ്രനേറ്റം
സസ്യകുടുംബം : പ്യൂണിക്കേസി 
മാതളപ്പൂവും, കായും മനോഹരമെന്നതുപോലെ മനുഷ്യന് ആരോഗ്യദായകവുമാണ്. ഇതിന്‍റെ പഴങ്ങള്‍ നല്ല ഔഷധ പോഷകഗുണമുള്ളതാണ്.മാതളം പൂത്ത് കായ് പിടിക്കുന്പോഴുള്ള അഴകും, ചാരുതയും ആരെയും ആകര്‍ഷിക്കും. ഇതിന്‍റെ തൊലി, കായ്, ഇല, പൂവ്, വേര് ഔഷധയോഗ്യഭാഗങ്ങാണ്.ത്രിതാഷനാശിനിയായ (വാതം, പിത്തം, കഫം) മാതളം വിരശല്യത്തിനും, കൃമിശല്യത്തിനും, അതിസാരത്തിനും, ഛര്‍ദ്ദിക്കും ഉത്തമ ഔഷധമായി നിലകൊള്ളുന്നു.
8. അകത്തി
ശാസ്ത്രനാമം : സെസ്ബാനിയ ഗ്രാന്‍റിഫേ്ളാറാ 
സസ്യകുടുംബം: ലെഗുമിനോസീ 
വൈറ്റമിന്‍ സി, പ്രോട്ടീന്‍, കാല്‍സ്യം എന്നീ പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് അകത്തിയില. അകത്തിപ്പൂവ് വളരെ സ്വാദിഷ്ടവും പോഷകസന്പന്നവുമാണ്. ഇത് ഒരു പച്ചക്കറിയായും ഉപയോഗിച്ചു വരുന്നു.
പൂവിന്‍റെ നിറത്തെ അടിസ്ഥാനമാക്കി രണ്ടിനങ്ങള്‍ കണ്ടുവരുന്നു. ചുവന്ന അകത്തിയും വെള്ള അകത്തിയും രണ്ടും ഔഷധാവശ്യത്തിനും ഭക്ഷ്യാവശ്യത്തിനും ഒരുപോലെ തന്നെ ഉപയോഗിക്കുന്നു.
ആയൂര്‍വ്വേദത്തില്‍ മരത്തൊലി, വേര്, ഇല, പൂവ്, കായ് എന്നിവ ഉപയോഗിച്ചു വരുന്നു. പിത്തകഫങ്ങള്‍ ശമിപ്പിക്കുവാനും, പീനസം, ജ്വരം, തലവേദന ഇവ മാറ്റാനും വ്രണം പൊട്ടിച്ച് ഉണങ്ങാനും സഹായിക്കുന്നു.
9. ചെറുനാരകം.
ശാസ്ത്രനാമം:സിട്രസ് ഔരന്‍ഷിഫോളിയ 
സസ്യകുടുംബം: റൂട്ടേസീ 
പ്രകൃതിയുടെ സര്‍വ്വരോഗസംഹാരിയായ നാരങ്ങയില്‍ സിട്രിക് അമ്ലങ്ങളും ക്ഷാരലവണങ്ങളും കൂടിയമാത്രയിലുള്ളതിനാല്‍ ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നു.നാരങ്ങായില വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി ഉയര്‍ത്തുന്നു. ചെറിയ അളവില്‍ വൈറ്റമിന്‍ ബി യും ഏറെ പൊട്ടാഷും ഇതിലുണ്ട്.
പ്രകൃതി നല്‍കുന്ന ടോണിക് എന്ന നിലയില്‍ നാരങ്ങാനീര് ശരീര അവയവങ്ങളുടെ രക്തശുദ്ധിയുണ്ടാക്കി ത്വക്ക് രോഗങ്ങളെയും വാതരോഗങ്ങളെയും ശമിപ്പിക്കുകയും തൊലിക്ക് മാര്‍ദ്ദവത്വവും മിനുസവും നല്‍കുകയും ചെയ്യുന്നു.
10.കണിക്കൊന്ന.
ശാസ്ത്രനാമം : കാഷ്യ ഫിസ്റ്റുല 
സസ്യകുടുംബം : സിസാല്‍ പിനിയേസീ 
സ്വര്‍ണ്ണമണികള്‍ പോലെ ഏപ്രില്‍ മാസത്തില്‍ നിറയെ പൂക്കളുമായി നില്‍ക്കുന്ന കണിക്കൊന്ന നയനാനന്ദകരമാണ്. ഇത് ത്വക്രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചു വരുന്നു. ഇതിന്‍റെ കായ്ക്കുള്ളില്‍ വിത്തുകളെ പൊതിഞ്ഞു കാണുന്ന പശപ്പ് ഒരു വിരേചന ഔഷധമായി ഉപയോഗിച്ചു വരുന്നു.ചര്‍മ്മ രോഗം, പ്രമേഹം, മലബന്ധം എന്നിവയുടെ ചികിത്സയിലും ഇതുപയോഗിക്കുന്നു.

11. സര്‍പ്പഗന്ധി
ശാസ്ത്രനാമം : റാവൊല്‍ഫിയ സര്‍പ്പന്‍റീന 
സസ്യകുടുംബം : അപ്പൊസൈനേസീ 
വീട്ടുമുറ്റത്ത് നട്ടു വളര്‍ത്താവുന്ന ഒരു അലങ്കാരചെടിയാണ് സര്‍പ്പഗന്ധി.അമല്‍പൊരി എന്ന പേരിലും ഇത് അറിയപ്പെടുന്നു. നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ ഈ ചെടിയുടെ പൂക്കള്‍ അതിമനോഹരമാണ്. ഇതിന്‍റെ പിങ്ക് നിറത്തിലുള്ള പൂക്കളും കുലകളായുണ്ടാകുന്ന കായ്കളും കാഴ്ചയ്ക്ക് സര്‍പ്പഗന്ധിക്ക് ഒരു ഉദ്ദ്യാനത്തിന്‍റെ പരിവേഷം നല്‍കുന്നു.
രക്തസമ്മര്‍ദ്ദത്തിനുള്ള സിദ്ധൗഷധമായ \'സെര്‍പ്പാസിന്‍\' എന്ന ഗുളിക ഉണ്ടാക്കുന്നത് ഇതിന്‍റെ വേരില്‍ നിന്നാണ്. അജ്മാലിന്‍, അജ്മാലിനിന്‍, അജ്മാലിസിന്‍, സെര്‍പ്പന്‍റെന്‍, സെര്‍പ്പന്‍റൈനിന്‍, റിസര്‍പ്പെന്‍, റിസര്‍പ്പിനൈന്‍ എന്നീ ആല്‍ക്കലോയിഡുകള്‍ ഇതിന്‍റെ വേരിലടങ്ങിയിരിക്കുന്നു. രക്തധമനികളെ വികസിപ്പിച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കുക, തലച്ചോറിലെ നാഡികളെ ഉദ്ധീപിപ്പിച്ച് ഉറക്കമുണ്ടാക്കുക എന്നിവയാണ് ഇതിന്‍റെ ഔഷധഗുണങ്ങള്‍. ഇതിന്‍റെ വിത്തു പാകിയോ, കൊന്വുകളോ, വേരോ നട്ട് തൈകള്‍ ഉണ്ടാക്കി കൃഷി ചെയ്യാം.
12. തുളസി
ശാസ്ത്രനാമം : ഓസിമം സാങ്റ്റം 
സസ്യകുടുംബം : ലാമിയേസീ 
വീട്ടുവളപ്പിലെ ഔഷധച്ചെടികളില്‍ പ്രഥമസ്ഥാനം തുളസിക്കാണ്. ഒരു തുളസിയെങ്കിലും ഇല്ലാത്ത വീടുകള്‍ കേരളത്തില്‍ കുറവാണ്. കേരളീയരുമായി അത്രമാത്രം ഇഴുകിച്ചേര്‍ന്നിരിക്കുന്നതാണ് തുളസി. വയലറ്റ്് നിറത്തിലുള്ള ഇലകളുള്ളത് \"കൃഷ്ണ തുളസി\'യും പച്ച ഇലകളുള്ളത് \'രാമതുളസി\'യുമാണ്. ഇതില്‍ ഔഷധഗുണം ഏറിയത് കൃഷ്ണതുളസിക്കാണ്. \'ബാസില്‍ കാംഫര്‍\'എന്ന എസ്സന്‍സ്സ് തുളസിയിലടങ്ങിയിരിക്കുന്നു. ഇതിന്‍റെ ഇലയും പൂവും ചിലപ്പോള്‍ സമൂലവും ഔഷധയോഗ്യമാണ്. ജ്വരം ശമിപ്പിക്കുവാനും ഉദരകൃമി നശിപ്പിക്കുവാനും വിഷങ്ങള്‍ക്ക് പ്രതിവിഷം എന്ന നിലയ്ക്കും ഇതുപയോഗിക്കുന്നു. കഫത്തെ ഇളക്കി വിടാനും ഇതിനു കഴിയും. കഠിനമായ ജലദോഷത്തിനും പനിക്കും തുളസിക്കഷായം ഒരു സിദ്ധൗഷധമാണ്.
വിത്തു പാകി മുളയ്ക്കുന്ന തൈകള്‍ നട്ടു തുളസി വളര്‍ത്താം.
13. ശതാവരി
ശാസ്ത്രനാമം : അസ്പരാഗസ്റസിമോസസ് 
ന്മ സസ്യകുടുംബം : ലിലിയേസീ 
നല്ലൊരു അലങ്കാര ചെടിയാണ് ശതാവരി. നേര്‍ത്ത മുള്ളുകള്‍ പോലുള്ള ഇലയോടുകൂടിയ ഈ ചെടി ചട്ടിയില്‍ നട്ട് വീട്ടിനുള്ളില്‍വെച്ചാലും ഉമ്മറത്ത് നട്ട് കയറിലൂടെയോ മറ്റോ പടര്‍ത്തിയാലും വീടിനലങ്കാരം. മാംസള വേരുള്ള ഒരു ആരോഹിത സസ്യമാണിത്.
ശരീരത്തിന് കുളിര്‍മ്മ നല്‍കാനും വാതവും പിത്തവും ശമിപ്പിക്കുവാനും ശതാവരി ഉപയോഗിക്കുന്നു.
ഇവയുടെ വിത്തു പാകിയോ കിഴങ്ങ് പിരിച്ച് മാറ്റി നട്ടോ തൈയ്യുണ്ടാക്കാം.
14. കൊടുവേലി
ശാസ്ത്രനാമം :
ചെത്തിക്കൊടുവേലി : പ്ലംബാഗോ റോസ്യേ 
വെള്ളക്കൊടുവേലി : പ്ലംബാഗോ സൈലാനിക്കാ 
നീലക്കൊടുവേലി : പ്ലംബാഗോ കേപ്പന്‍സിസ് 
സസ്യകുടുംബം : പ്ലംബാജിനേസീ 
മനോഹരമായ പൂക്കള്‍ കൊണ്ട് അഴകു നല്‍കുന്ന ഇവയുടെ പൂക്കളുടെ നിറം നോക്കിയാണ് ഇവയെ തരം തിരിക്കുന്നത്. ചുവന്ന പൂക്കളുള്ളത് ചുവന്ന കൊടുവേലി അഥവാ ചെത്തിക്കൊടുവേലി എന്നും വെളുത്ത പൂക്കളുള്ളത് വെള്ളക്കൊടുവേലി എന്നും നീല പൂക്കള്‍ ഉള്ളത് നീലക്കൊടുവേലി എന്നും അറിയപ്പെടുന്നു.
വെള്ളപ്പാണ്ട്, നീര് എന്നിവയ്ക്ക് കൊടുവേലി അരച്ച് ശുദ്ധിചെയ്ത് പുരട്ടുന്നത് നല്ലതാണ്. വേരും തൊലിയും കഫം, വാതം എന്നിവ കുറയ്ക്കുന്നു. ത്വക് രോഗങ്ങള്‍, അര്‍ശസ്, മഹോദരം, ഗ്രഹണി എന്നിവ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
വിത്തു പാകിയും തണ്ടുകള്‍ മുറിച്ചും നട്ടും തൈകളുണ്ടാക്കി കൃഷി ചെയ്യാം.
15. ചിക്കുര്‍മാനിസ്
ശാസ്ത്രനാമം : സൗരോപ്പസ് ആന്‍ഡ്രോ ഗൈനസ് 
സസ്യകുടുംബം : യൂഫര്‍ബിയേസീ 
ചിക്കുര്‍മാനിസ്, മധുരച്ചീര, കറിവേപ്പിലച്ചീര, മള്‍ട്ടിവൈറ്റമിന്‍ ഗ്രീന്‍ എന്നെല്ലാം അറിയപ്പെടുന്ന ഇത് വേലിയിറന്പുകളില്‍ ഒരു പച്ചക്കറിയാണ്. വര്‍ഷങ്ങളോളം നിലനില്‍ക്കുന്ന ചെടിയായതിനാല്‍ ഒരിക്കല്‍ പിടിച്ചുകിട്ടിയാല്‍ പിന്നെ കാര്യമായ ശ്രദ്ധ വേണ്ട. കൊച്ചു വീട്ടുവളപ്പുകളില്‍ പോലും ജൈവവേലിയായി ഇത് നട്ടുപിടിപ്പിക്കാവുന്നതാണ്. പോഷകസന്പത്തിന്‍റെയും ഔഷധഗുണത്തിന്‍റെയും കാര്യത്തില്‍ ചിക്കൂര്‍മാനിസ് ഒട്ടേറെ മുന്നിലാണ്.
ക്യാന്‍സര്‍ ബാധ തടയുന്നതിനും മുലപ്പാലിന്‍റെ ഉല്പാദനത്ത ഉത്തേജിപ്പിക്കുന്നതിനും മൂത്രക്കെട്ട് തടയുന്നതിനും ഇതിന് കഴിവുണ്ട്.
16. സോമലത
ശാസ്ത്രനാമം : സാര്‍ക്കേസ്റ്റെമ്മ സ്റ്റോക്സീ 
സസ്യകുടുംബം : ഇക്കാസനേസീ 
വീട്ടുമുറ്റത്ത് നട്ടു വളര്‍ത്താവുന്ന ഒരു ഔഷധ വള്ളിച്ചെടിയാണ് സോമലത.ഇത് ആയൂര്‍വേദത്തിലെ ഒരു പ്രധാന ഔഷധമാണ്. ജരാനരകളെ അകറ്റി രോഗങ്ങള്‍ നീക്കി യൗവനം വീണെ്ടടുക്കുന്നതിന് നടത്തുന്ന കായ കല്പ ചികിത്സയില്‍ മുഖ്യമായും ഉപയോഗിക്കുന്നത് സോമലതയാണ്. മാനസിക രോഗങ്ങള്‍ക്കും അപസ്മാരത്തിനും ബുദ്ധിസംബന്ധമായ പ്രശ്നങ്ങള്‍ക്കും സോമലത പറ്റിയ മരുന്നാണ്.
17.കച്ചോലം
ശാസ്ത്രനാമം : കേംപ്ഫേറിയ ഗലന്‍ഗ 
സസ്യകുടുംബം : സിന്‍ജി ബെറേസീ
വീട്ടു വളപ്പില്‍ ആദായകരമായി കൃഷി ചെയ്യാവുന്ന ഒരു ഔഷധസസ്യമാണ് കച്ചോലം. വീട്ടു വളപ്പില്‍ പല സ്ഥലത്തായി കച്ചോലം നട്ടു വളര്‍ത്തുന്നതു കൊണ്ട് പാന്പുകളെ അകറ്റി നിര്‍ത്താമെന്നൊരു വിശ്വാസമുണ്ട്. ചില സ്ഥലങ്ങളില്‍ സ്ത്രീകള്‍ മുടിക്ക് നല്ല അഴകും സൗരഭ്യവും ലഭിക്കുന്നതിനായി കച്ചോലത്തിന്‍റെ ഇല താളിയായി ഉപയോഗിച്ചു വരുന്നുണ്ട് ശ്വാസകോശ രോഗങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്ന ഇതിന്‍റെ കിഴങ്ങിനാണ് കൂടുതല്‍ ഔഷധഗുണം.കിഴങ്ങിനോടൊപ്പം ഇലയും തണ്ടും മരുന്നായി ഉപയോഗിക്കാറുണ്ട്.
രക്തദൂഷ്യം, ചൊറി, വ്രണം, നാസാരോഗം, മുഖരോഗം എന്നിവ ശമിപ്പിക്കുന്ന കച്ചോലം വാത, കഫ രോഗങ്ങള്‍ക്കും ഫലപ്രദമാണ്.
18. ശവനാറി
ശാസ്ത്രനാമം : വിന്‍കാ റോസിയ/ കെത്തരാന്തസ് റോസിയസ് 
സസ്യകുടുംബം : അപ്പോസൈനേസീ
വെള്ള, പിങ്ക് റോസ്, വെള്ള പര്‍പ്പിള്‍ കുത്തുകള്‍ ഉള്ളതു എന്ന നിറങ്ങളില്‍ പൂക്കള്‍ ഉണ്ടാക്കുന്ന ഈ സസ്യം ഒരു ഒന്നാംതരം പൂച്ചെടിയായി മിക്ക ടൂറിസ്റ്റ് സങ്കേതങ്ങളിലും, ഉദ്യാനങ്ങളിലും, വീട്ടുമുറ്റങ്ങളിലും, അലങ്കാര സസ്യങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ശവനാറി, ശവക്കോട്ടപ്പച്ച, നിത്യകല്യാണി എന്ന പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്‍റെ വേരു മുതല്‍ പൂവുവരെ ഔഷധമൂല്യമുള്ളതാണ്. നൂറിലേറെ ആല്‍ക്കലോയിഡുകളാണ് ഇതിലുള്ളത്.മസ്തിഷ്ക്ക രക്തസ്രാവത്തിനും പ്രമേഹത്തിനുമൊക്കെയുള്ള സിദ്ധൗഷധമായി ഇതു ഉപയോഗിച്ചു വരുന്നുണ്ട്. വിന്‍ക്രിസ്റ്റിനും  വിന്‍ബ്ലാസ്റ്റിനും ഇതിലടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട രണ്ട് ആല്‍ക്കലോയിഡുകളാണ്.വിന്‍ബ്ലാസ്റ്റിന്‍ രക്താര്‍ബുദത്തിനുള്ള സിദ്ധൗഷധ രാസപദാര്‍ത്ഥമാണ്. വേരില്‍ നിന്നു കിട്ടുന്ന ആല്‍ക്കലോയിഡായ \'റബാസില്‍\'  രക്തപര്യയന വ്യവസ്ഥയിലെ തകരാറുകള്‍ക്കെതിരേയും മസ്തിഷ്കത്തിലെ രക്തചംക്രമണ തടസങ്ങള്‍ക്കെതിരെയും ഉപയോഗിക്കുന്നുണ്ട്.
19. പനിക്കൂര്‍ക്ക
ശാസ്ത്രനാമം : കോളിയസ് അരോമാറ്റിക്കസ് 
സസ്യകുടുംബം : ലാമിയേസീ  
എല്ലാ വീട്ടുമുറ്റത്തും ആവശ്യം നട്ടുവളര്‍ത്തേണ്ടുന്ന ഒരു സസ്യമാണ് പനിക്കൂര്‍ക്ക. വളരെ ചെറിയ ഒരു കന്പ് നട്ടാല്‍ ഇവ ധാരാളമായി വളര്‍ന്നുകൊള്ളും.ഇതിന്‍റെ ഇല ദിവസവും ഓരോന്ന് വീതം ചെറിയ കുട്ടികളെ തിന്ന് ശീലിപ്പിച്ചാല്‍ ജലദോഷം, ചുമ, പനി എന്നീ അസുഖങ്ങള്‍ വരാതിരിക്കും. നല്ല പനിയുണ്ടാകുന്പോള്‍ ഇല പിഴിഞ്ഞെടുക്കുന്ന നീരില്‍ ആയൂര്‍വ്വേദമരുന്നുകള്‍ കൊടുത്താല്‍ വളരെ ഗുണം ചെയ്യും. കൊച്ചുകുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തില്‍ ഏതാനും ഇലകള്‍ കശക്കിയിട്ട് ഉപയോഗിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ വരാതിരിക്കും.
20. കസ്തൂരി മഞ്ഞള്‍.
ശാസ്ത്ര നാമം : കുര്‍ക്കൂമ അരോമാറ്റിക്ക
സസ്യകുടുംബം : സിന്‍ജിബെറേസീ 
തെങ്ങിന്‍തോപ്പില്‍ ആദായകരമായി കൃഷിചെയ്യാവുന്ന ഒരു ഇടവിളയാണ് കസ്തൂരി മഞ്ഞള്‍. രോഗാണുക്കളില്‍ നിന്നും ചര്‍മ്മത്തെ രക്ഷിക്കാനും, ചര്‍മ്മത്തിന് നല്ല നിറവും കാന്തിയും ലഭിക്കുന്നതിനും, സൗന്ദര്യവര്‍ദ്ധക സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിനും കസ്തൂരി മഞ്ഞള്‍ വ്യാപകമായി ഉപയോഗിക്കുന്നു. കസ്തൂരി മഞ്ഞള്‍ ഉണക്കിപ്പൊടിച്ച് പനിനീരില്‍ കുഴച്ചു വെയിലത്തു വച്ച് ചൂടാക്കി മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു അപ്രത്യക്ഷമാകും. സ്ത്രീ സൗന്ദര്യത്തിന്‍റെ മാറ്റ് കൂട്ടുവാന്‍ പേരുകേട്ട ഒന്നാണ് കസ്തൂരി മഞ്ഞള്‍. രക്തശുദ്ധി ഉണ്ടാകുന്നതിനും ഇക്കിള്‍, ചുമ, ശ്വാസകോശരോഗങ്ങള്‍ എന്നിവ ശമിപ്പിക്കുന്നതിനും കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കുന്നു.
21.നീലയമരി
ശാസ്ത്ര നാമം : ഇന്‍ഡിഗോഫെറടിങ്ടോറിയ

സസ്യകുടുംബം : ലെഗുമിനോസീ

വീട്ടുവളപ്പുകളിലും തെങ്ങിന്‍ തോപ്പുകളിലും ഇടവിളയായി കൃഷിചെയ്യുവാന്‍ പറ്റിയ ഔഷധ സസ്യമാണ് നീലയമരി. മുടി വളരാനും, മുടി കൊഴിച്ചല്‍ കുറയ്ക്കുവാനും, അകാല നര ഒഴിവാക്കാനും ഇതു സഹായിക്കുന്നു.നീലിയെണ്ണയും, നീലിതൈലവും ഉണ്ടാക്കാനാണ് ഇതു പ്രധാനമായും ഉപയോഗിക്കുന്നത്.
വിത്തു പാകി തൈകള്‍ ഉണ്ടാക്കിയാണ് കൃഷിചെയ്യുന്നത്.
22.ചെങ്ങഴിനീര്‍ കിഴങ്ങ്
ശാസ്ത്രനാമം : കേംപിഫേറിയ റോഡുന്‍ഡാ 
സസ്യകുടുംബം : സിന്‍ജിബെറേസീ
വീട്ടുവളപ്പില്‍ കൃഷി ചെയ്യാവുന്ന ഔഷധ സസ്യമാണ് ചെങ്ങഴിനീര്‍ കിഴങ്ങ്.രക്തം ശുദ്ധീകരിക്കാനും, നീര് വറ്റിക്കാനും ഉതകുന്ന ഈ സസ്യം അശോകാരിഷ്ടം, ച്യവനപ്രാശം തുടങ്ങിയ ആയൂര്‍വ്വേദ ഔഷധങ്ങളുടെ ചേരുവയാണ്. ഇതിന്‍റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് പഴകിയ വ്രണങ്ങളിലും, ശരീരത്തില്‍ നീരുള്ളിടങ്ങളിലും പ്രയോഗിക്കുന്നു. പല സൗന്ദര്യ വര്‍ദ്ധന വസ്തുക്കളുടേയും ചേരുവയാണിത്.
ഭൂകാണ്ഢവും അതിനോടു ചേര്‍ന്ന വേരുകള്‍ രൂപാന്തരം പ്രാപിച്ചു വരുന്ന മണികളുമുള്ള സസ്യത്തിന്‍റെ മണികളാണ് ഔഷധപ്രധാനം.
23. ആഫ്രിക്കന്‍ മല്ലി
ശാസ്ത്രനാമം : എരിഞ്ജിയം ഫോയിറ്റിഡം
സസ്യ കുടുംബം : അംബലിഫെറേ 
എല്ലാ വീടുകളിലും നട്ട് വളര്‍ത്താവുന്നതും ആരോഗ്യത്തിന് നല്ലതുമായ ഔഷധ സസ്യമാണ് ആഫ്രിക്കന്‍ മല്ലി. ഇതിന്‍റെ ഇല ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആമാശയ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ആഫ്രിക്കന്‍ മല്ലിയില തേങ്ങയോടൊപ്പം ചേര്‍ത്ത് ചമ്മന്തി ഉണ്ടാക്കി കഴിച്ചാല്‍ അജീര്‍ണ്ണം, വായുകോപം വിരദോഷം എന്നിവ ശമിക്കും.
24. തിപ്പലി
ശാസ്ത്രനാമം : പൈപ്പര്‍ ലോങ്ങം 
സസ്യകുടുംബം : പെപ്പറേസി 
വീട്ടുവളപ്പുകളിലും, തെങ്ങിന്‍തോപ്പിന്‍ ഇടവിളയായും കൃഷി ചെയ്യുവാന്‍ പറ്റിയതാണ്. ച്യവനപ്രാശം മുതല്‍ മിക്ക ല്യേങ്ങളിലും അരിഷ്ടങ്ങളിലും, കഷായങ്ങളിലും ചൂര്‍ണ്ണങ്ങളിലും തിപ്പലി ഉപയോഗിച്ചുവരുന്നു. ചുമ, ജലദോഷം, കഫകെട്ട്, ദഹനക്കുറവ് മുതലായവയ്ക്ക് ഇത് ഒരു ഔഷധമാണ്.
25. ആരോഗ്യ പച്ച
ശാസ്ത്രനാമം : ട്രൈക്കോപസ് സൈലാനിക്കാസ് 
സസ്യകുടുംബം : ഡയസ്ക്കോറേസീ 
വളരെ അടുത്തകാലത്ത് കണെ്ടത്തിയ ഒരു ഔഷധ സസ്യമാണിത്. ഈചെടികളുടെ ഇലകളില്‍ നിന്നും ജീവനി എന്ന ഒരു ഔഷധം വേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനു ഒരു ജനറല്‍ ടോണിക്കായി ഉപയോഗിക്കാം. ഇതിന്‍റെ ഇലകളും പഴങ്ങളുമാണ് ഔഷധാവശ്യത്തിനായി ഉപയോഗിച്ചുവരുന്നത്.
26. കറ്റാര്‍ വാഴ
ശാസ്ത്രനാമം : അലോ വീര 
സസ്യകുടുംബം : ലിലിയേസി
വീട്ടുവളപ്പുകളില്‍ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഉപയോഗശൂന്യമായ പ്രദേശങ്ങളില്‍ കറ്റാര്‍വാഴ നടാം. കഫം, പിത്തം, വാതം എന്നിവ ശമിപ്പിക്കുന്നതിനും തൊലിയ്ക്കും തലമുടിയ്ക്കും ആരോഗ്യം നല്‍കുന്നതിനും രക്ത ശുദ്ധി ഉണ്ടാക്കുന്നതിനും, ഗര്‍ഭാശയ പേശികളെയും ധമനികളെയും ഉത്തേജിപ്പിക്കുന്നതിനും കറ്റാര്‍ വാഴയുടെ പോള ഉപയോഗിക്കാം.
27. ഇരുവേലി
ശാസ്ത്രനാമം : കോളിയസ് വെറ്റിവേരായിഡസ് 
സസ്യകുടുംബം : ലാമിയേസി
നിലത്തു പടര്‍ന്നു വളരുന്ന സ്വഭാവമാണ് ഇതിനുള്ളത്. ഇതിന്‍റെ ഇലകളില്‍ ബാഷ്പശീലമുള്ള ഒരുതൈലം അടങ്ങിയിരിക്കുന്നു.
ദഹനസംബന്ധമായ പ്രശ്നങ്ങള്‍, മൂത്രസംബന്ധമായ അസുഖങ്ങള്‍ മുതലായവയ്ക്കുള്ള ഔഷധങ്ങളിന്‍ ഇതുപയോഗിച്ചുവരുന്നു.
28. ബ്രഹ്മി
ശാസ്ത്രനാമം : ബക്കോപ മൊണിരൈ

സസ്യകുടുംബം : സ്ക്രാപുലരിയേസീ 
ബുദ്ധിവികാസത്തിനും മുടിവളര്‍ച്ചയ്ക്കും മുടിപൊഴിച്ചില്‍ നിയന്ത്രിക്കുന്നതിനും ബ്രഹ്മി വിശേഷമാണ്. കൊച്ചുകുട്ടികള്‍ക്ക് ബുദ്ധി വികാസത്തിനായി ബ്രഹ്മിനീര്‍ നല്‍കാറുണ്ട്. ഇത് സമൂലമായിതന്നെ ഇടിച്ചു പിഴിഞ്ഞ് എണ്ണകളിലും നെയ്യിലും ഉപയോഗിക്കാറുണ്ട്. സദാസമയവും വെള്ളം കെട്ടിനില്‍ക്കുകയോ കൃിത്രിമമായി വെള്ളം കെട്ടി നിര്‍ത്താന്‍ കഴിവുള്ളതോ ആയ പാടങ്ങളോ ചതുപ്പു പ്രദേശങ്ങളോ ആണ് ഇതിന്‍റെ കൃഷിക്ക് അനുയോജ്യം.
29. വയന്പ്
ശാസ്ത്രനാമം : അക്കോറസ് കലാമസ്

സസ്യകുടുംബം : ആരേസി

ചതുപ്പു നിലങ്ങളിലും, സദാസമയം വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലമാണ് വയന്പ് കൃഷിക്ക് യോജിച്ചത്. ഇതിന്‍റെ ഉണങ്ങിയ പ്രകന്ദമാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. സ്വരം നന്നാവുന്നതിനും ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കഫസംബന്ധവും ശ്വാസകോശസംബന്ധവുമായ പ്രശ്നങ്ങള്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്.
30. ചിറ്റരത്ത
ശാസ്ത്രനാമം : ആല്‍പിനിയ ഗനങ്ങ 
സസ്യകുടുംബം : സിന്‍ജിബെറേസി 
ഏവര്‍ക്കും സുപരിചിതമായ രാസ്നാദി ചൂര്‍ണ്ണത്തിലെ ഒരു മുഖ്യ ചേരുവ എന്ന നിലയില്‍ ചിറ്റരത്ത പ്രാധാന്യമര്‍ഹിക്കുന്നു. വാത സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകളിലും, കഫം, ശ്വാസകോശം, വിഷരോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ഇതുപയോഗിക്കുന്നു.

ഉമ്മം : വേദന സംഹാരിയായ വിഷസസ്യം

ഡറ്റ്യൂറാ മെറ്റല്‍ ലിന്‍ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നീല ഉമ്മവും (കറുത്തുമ്മം), ഡറ്റ്യൂറാസ്ട്രാമോണിയം ലിന്‍ എന്ന വെളുത്തുമ്മവും സസ്യശാസ്ത്രത്തില്‍ സോളനേസിയേ സസ്യ കുടുംബാഗങ്ങളാണ്. ഇംഗ്ലീഷ് പേര് തോണ്‍ ആപ്പിള്‍. എല്ലാ ഭാഗങ്ങളും ലഹരിജന്യവും കൂടിയ അളവില്‍ സേവിച്ചാല്‍ ഉന്മാദവും മരണം തന്നെയും ഉണ്ടാക്കാനിടയുള്ള ഈ ഏകവര്‍ഷ കുറ്റിച്ചെടിയുടെ പ്രധാന സംസ്കൃത പേരുകള്‍ ദത്തുരം, ധുസ്തുര, കനകം എന്നിവയാണ്.

വേരിലും ഇലയിലും വിത്തിലുമുള്ള പ്രധാന ആല്‍ക്കലോയിഡുകള്‍ ഹയോസൈന്‍ അഥവാ സ്കോപോലമൈന്‍, ഹയോസമൈസ, വിഷവസ്തുവായ ഡറ്റ്യൂറിസ നിക്കോടിടയാനമെന്‍, അട്രോപിന്‍ മുതലായവയാണ്. ഇലയേക്കാള്‍ വിഷശക്തി വിത്തിനും കനം കൂടി വേരിനേക്കാള്‍ വിഷശക്തി കനം കുറഞ്ഞ വേരിനുമാണ്. ഉമ്മത്തിന്‍റെ ഡോസു കൂടിയാല്‍ മറുമരുന്നായി ചന്ദനം അരച്ചു കരിക്കിന്‍വെള്ളത്തില്‍ നല്കാം. അല്ലെങ്കില്‍ പാലില്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കാം.

ചികിത്സാവിധികള്‍

നീര്‍ക്കെട്ട് നിവാരിണി

ഉമ്മത്തിന്‍റെ ഇല അരച്ച് കുഴന്പാക്കി ലേപനം ചെയ്യുകയോ ഇലയിട്ട് എണ്ണകാച്ചി പുരട്ടുകയോ വിത്ത് അരച്ച് നല്ലെണ്ണ കൂട്ടി കുഴന്പിടുകയോ ചെയ്താല്‍ വാതസംബന്ധമായ സന്ധിനീര്, നടുവേദന, ഗ്രന്ഥിവീക്കം, ഞരന്പുവലി, ഇടുപ്പ് വാതം, ശരീര വേദന മുതലായവ ശമിക്കും. ഉമ്മത്തില നീരും കരിനൊച്ചിയില നീരും ഉപ്പിന്‍റെ തെളിയും കുറെ ഭസ്മവും കൂട്ടിക്കുഴച്ചു പുരട്ടിയാല്‍ ചതവ്, വീക്കം, ഉളുക്ക് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഉള്ളിലെ അരികളഞ്ഞ ഉമ്മത്തിന്‍കായില്‍ തേങ്ങാപ്പീര നിറച്ച് അടച്ച് അമൃതിലയില്‍ പൊതിഞ്ഞ് തേങ്ങാപ്പാലില്‍ പുഴുങ്ങി വെണ്ണയും ചെഞ്ചല്യവും കൂടി അരച്ച് കുഴന്പാക്കി പുരട്ടിയാല്‍ മുന്‍പറഞ്ഞ അസുഖങ്ങള്‍ ശമിക്കും. നീര് വലിയാന്‍ ഉമ്മത്തിന്‍റെ ഇലയും അല്പം ഇന്തുപ്പും കൂടി കാടിയില്‍ അരച്ച് പുരട്ടുക. അരി നീക്കിയ ഉമ്മത്തിന്‍കായില്‍ കറിയുപ്പ് നിറച്ച് ആവിയില്‍ വെന്ത് അരച്ചിട്ടാല്‍ എല്ലാ നീരും ശമിക്കും. തിളപ്പിച്ചാറ്റിയ ഉമ്മത്തില നീരുകൊണ്ട് ധാര കോരിയാല്‍ രക്തവാതപ്പെരുവിനും നീരിനും ആശ്വാസം ലഭിക്കും. വാതം മൂലം കൈ പൊക്കുന്നതിനു പ്രയാസമുണ്ടാക്കുന്ന അപബാഹുകം സുഖമാക്കാന്‍ ഉമ്മത്തില നീരില്‍ വെണ്ണചേര്‍ത്ത് കുഴന്പാക്കി അതില്‍ ഇന്തുപ്പും ചെഞ്ചല്യവും പൊടിച്ചു യോജിപ്പിച്ചു പുരട്ടുക. സ്തനവീക്കം മാറാന്‍ ഉമ്മത്തിന്‍കായ് പിഴിഞ്ഞെടുത്ത നീരും പുളിയും കൂടെ യോജിപ്പിച്ചു പുരട്ടുകയോ ഉമ്മത്തില തീയില്‍ വാട്ടി പതിക്കുകയോ ചെയ്യുക. പുരുഷന്മാരിലെ വൃഷ്ണവീക്കം മാറാനും ഈ ചികിത്സ ഉപകരിക്കും. ഉമ്മത്തിന്‍കായ് നെടുകെ മുറിച്ച് വിത്തുകള്‍ നീക്കി ഒരു പാതിയില്‍ എള്ളും മറ്റേ പാതിയില്‍ ശതകുപ്പയും നിറച്ച് അമൃതില കൊണ്ട് പൊതിഞ്ഞ് കറുക കൊണ്ട് കെട്ടി, പാലില്‍ വെന്ത് അരച്ചിട്ടാല്‍ കറവമാടുകളുടെ മൂലയില്‍ നിന്നും പഴുപ്പ് വരുന്നതു മാറും. ഉമ്മത്തില അരച്ച് സമം അരിമാവും ചേര്‍ത്ത് യോജിപ്പിച്ച് കുറുക്കി ചെറു ചൂടോടെ പുരട്ടിയാല്‍ വാതനീര് മാറും.

വേദന സംഹാരി, ഉന്മാദനാശിനി

ഉമ്മത്തില്‍ പൂവ് ചതച്ച് പല്ലിന്‍റെ ദ്വാരത്തില്‍ വയ്ക്കുകയോ വിത്ത് പൊടിച്ച് പഞ്ഞിയില്‍ പുരട്ടി വേദനയുള്ളിടത്ത് വയ്ക്കുകയോ ചെയ്താല്‍ പല്ലുവേദന ശമിക്കും. ഉമ്മത്തില നീര്‍ പല്ലുവേദനയ്ക്കും ചെവിവേദനയ്ക്കും ഫലപ്രദമായി ഉപയോഗിക്കാം. നീല ഉമ്മത്തിന്‍റെ വിത്ത് എള്ളെണ്ണയില്‍ അരച്ച് ചെറുചൂടില്‍ നെറ്റിയില്‍ കുഴന്പു വടിച്ചാല്‍ തലവേദന മാറും. ഒരു ദിവസം ഗോമൂത്രത്തിലിട്ട് ശുദ്ധിചെയ്തെടുത്ത രണ്ടു വിത്തുകള്‍ വീതം കുറെ നാളത്തേക്കു ദിവസേന അരച്ചു സേവിച്ചാല്‍ പഴക്കംചെന്ന തലവേദന സുഖപ്പെടുന്നതാണ്. മങ്കണ്ണ ച്ചേന്പിന്‍റെ ചാരം വെള്ളത്തില്‍ കലക്കി ഊറല്‍ നീക്കിയതില്‍ ഉമ്മത്തിന്‍ കുരു അരച്ചതും നല്ലെണ്ണയും കൂട്ടി കാച്ചിയെടുക്കുന്ന എണ്ണ ബോറിയാസിനും വാതവേദനയ്ക്കും അവയവങ്ങളിലെ വേദനയ്ക്കും മുഖത്തുണ്ടാകുന്ന ഞരന്പുവലി വേദനയ്ക്കും ഗുണം ചെയ്യും. ഉമ്മത്തിന്‍റെ വേരോ ഇലയോ അരച്ചു പുരട്ടുന്നതും അതിട്ട് എണ്ണകാച്ചി തേക്കുന്നതും കാല്‍മുട്ടിലെ നീരിന്‍റെ വേദന ശമിപ്പിക്കും. നീലയുമ്മത്തിന്‍റെ അഞ്ച് അരി കരിം കച്ചോലക്കിഴങ്ങിന്‍ നീരില്‍ അരച്ചു കുടിച്ചാല്‍ ഉന്മാദം ശമിക്കും. വെളുത്ത ഉമ്മത്തിന്‍ വേര് അരിഞ്ഞ് പാലില്‍ തിളപ്പിച്ച് ഈ പാലില്‍ നെയ്യും പാനിയും ചേര്‍ത്ത് കൊടുത്ത് ചിലതരം ഭ്രാന്ത് ചികിത്സിക്കാം. വെളുത്ത ഉമ്മത്തിന്‍റെ വടക്കോട്ടുപോയ വേര് അഞ്ചുഗ്രാം വീതം പാല്‍ക്കഷായമാക്കി തേനും ശര്‍ക്കരയും കൂട്ടി സേവിച്ചാല്‍ എല്ലാത്തരം ഉന്മാദവും ശമിക്കും.

കേശ സംരക്ഷകന്‍, കാസസംഹാരി

ഉമ്മത്തിന്‍റെ പച്ചക്കായുടെ നീര് തലയില്‍ തേച്ചാല്‍ താരനും (ചാരണം) മൂടി പൊഴിച്ചിലും മാറും. ഉമ്മത്തില നീരില്‍ ഉമ്മത്തിന്‍ വിത്തുകള്‍ കല്‍ക്കമായി അരച്ച് കലക്കി കാച്ചി ദൂത്തുരാദി തൈലം ഉണ്ടാക്കി തേച്ചാല്‍ മുടികൊഴിച്ചിലും തലചൊറിച്ചിലും ശമിക്കും. ഉമ്മത്തില നീറ്റില്‍ ഇരട്ടിമധുരം കല്‍ക്കമായി ചേര്‍ത്ത് എണ്ണകാച്ചി തേച്ചാലും തലമുടി വളരും. ഉമ്മത്തില അരച്ചുതേച്ചാല്‍ തലയിലെ പേന്‍ ശമിക്കും. ഉമക്കയിലയും തണ്ടും വിത്തും പുകവലിച്ചാല്‍ ബ്രോങ്കിയല്‍ ആസ്ത്മ, വരണ്ട ചുമ ഇവയ്ക്കു ആശ്വാസം ലഭിക്കും.

ഉമ്മം ബഹുവിധ രോഗചികിത്സയില്‍

ഉമ്മത്തിന്‍റെ അരികള്‍ കള്ളിന്‍ വിനാഗിരിയില്‍ ചേര്‍ത്ത് അരച്ചിട്ടാല്‍ ഒക്കച്ചൊറിയും മറ്റ് ത്വക് രോഗങ്ങളും സുഖപ്പെടും. തലയിലെ ചൊറി ശമിക്കാന്‍ ഉമ്മം സമൂലം ഇടിച്ചുപിഴിഞ്ഞെടുക്കുന്ന നീരില്‍ എണ്ണ കാച്ചി തേക്കുക. ഉമ്മത്തില നീറ്റില്‍ അല്‍പം രസം ചാലിച്ച് വളരെ കരുതലോടെ ആണിമേല്‍ തൊടുവിച്ചാല്‍ ആണിരോഗം മാറും. ഉമ്മത്തില നീറ്റില്‍ വെണ്ണ ചാലിച്ചു തേച്ചാല്‍ എലിവിഷം ശമിക്കും. ഉമ്മത്തില നീറ്റില്‍ സമം തേങ്ങാപ്പാല്‍ ചേര്‍ത്ത് വെയിലത്തു വച്ചു വറ്റിച്ചുകിട്ടുന്ന എണ്ണ പുരട്ടിയാല്‍ ശരീരത്തിലെ ചുണങ്ങും മൊരിയും മാറും. ഇലനീര്‍ ഒഴിച്ചാല്‍ കണ്ണിലെ നീരു ശമിക്കും. ഇലവാട്ടി പതിച്ചാല്‍ ചെങ്കണ്ണ് സുഖപ്പെടും. ഉമ്മത്തിന്‍റെ ശുദ്ധി ചെയ്ത അരിയും വേരും കൂടി അഞ്ചുഗ്രാം അരച്ചു പാലില്‍ ചേര്‍ത്ത് രാവിലെ മാത്രം മൂന്നുദിവസം വെറുംവയറ്റില്‍ സേവിച്ചാല്‍ മലന്പനി ശമിക്കും. ഇലനീര്‍ തൈരില്‍ ചേര്‍ത്ത്, ദിവസം ഒരു പ്രാവശ്യം വീതം നല്കിയാല്‍ അസ്ഥിസ്രാവത്തിന് ആശ്വസം ലഭിക്കും. ഉമ്മത്തിന്‍ വിത്തുകള്‍ അരച്ച് എണ്ണകൂട്ടി പ്രസവവേദന ആരംഭിച്ച ശേഷം ഗര്‍ഭിണിയുടെ നെറുകയിലിട്ടാല്‍ സുഖപ്രസവം നടക്കും. പ്രസവം കഴിഞ്ഞാലുടനെ കഴുകിക്കളയണം. ഗോണേറിയാ രോഗികള്‍ക്ക് ആശ്വാസം ലഭിക്കാന്‍ ഇലനീര് തൈരില്‍ കലര്‍ത്തി കുറഞ്ഞ മാത്രയില്‍ നല്കുക.

തുന്പ വിഷഹാരി, വേദനസംഹാരി

തേള്‍ കുത്തിയാലുടന്‍ തുന്പച്ചാറില്‍ അല്പം ചുണ്ണാന്പു ചാലിച്ച് പുരട്ടിയാല്‍ വിഷവും വേദനയും ശമിക്കും. കുത്തേറ്റ ഭാഗത്ത് തുന്പയില തുടര്‍ച്ചയായി അരച്ചുതേയ്ക്കുകയോ ഇലനീര്‍ തോരെത്തോരെ പുരട്ടുകയോ ചെയ്താലും വിഷം ശമിക്കും. തുന്പപ്പൂക്കുലയോടൊപ്പം കൃഷ്ണതുളസിയിലയും ചെമന്നുള്ളിയും സമം എടുത്ത് ഗോമൂത്രത്തില്‍ അരച്ചു പുരട്ടുകയും ആര്യവേപ്പിന്‍തൊലിയും കുരുമുളകും പുളിച്ച പശുവിന്‍മോരില്‍ അരച്ചുകലക്കി, തിളപ്പിച്ച്, സഹിക്കാവുന്ന ചൂടില്‍ കോള്‍വായില്‍ ധാര കോരുകയും ചെയ്താല്‍ തേള്‍വിഷവും വേദനയും മാറും. പഴുതാരവിഷം ശമിക്കാന്‍ പഴുത്ത പ്ലാവിലഞെട്ട് തുന്പച്ചാറില്‍ അരച്ചുതേയ്ക്കുകയോ തുന്പയില ഗോമൂത്രത്തില്‍ അരച്ചുപുരട്ടുകയോ ചെയ്യുക. പാന്പുകടിച്ചാല്‍ കുറെ തുന്പയില ചവച്ചരച്ചു തിന്നുകയും കടിയേറ്റ സ്ഥലത്തിനുമുകളില്‍ കെട്ടിയ ശേഷം വിഷരക്തം ഞെക്കിക്കളഞ്ഞു കഴുകി ശുദ്ധിയാക്കി തുന്പയില അരച്ചു പുരട്ടുന്നത് ഏറെ ഗുണംചെയ്യും. അണലിയാണു കടിച്ചതെങ്കില്‍ മുകളില്‍ കൊടുത്തിരിക്കുന്ന പ്രഥമശുശ്രൂഷ ചെയ്തശേഷം വിഷഹാരിയെ സമീപിക്കുന്നതിനുമുന്പ് തുന്പ സമൂലം ഇടിച്ചുപിഴിഞ്ഞ് കുരുമുളകുചേര്‍ത്തു കുടിപ്പിക്കുക.

തുന്പയില കാടിയിലോ പച്ചവെള്ളത്തിലോ അരച്ചു നെറ്റിയില്‍ നന്നായി പൂശിയാല്‍ തലവേദന മാറും. തുന്പനീരില്‍ കടല്‍നുര പൊടിച്ചിട്ടുതേനും എണ്ണയും ചേര്‍ത്തു വായിലൊഴിച്ചു കവിള്‍ക്കൊണ്ടാല്‍ പല്ലുവേദന ശമിക്കും. വലതുചെന്നിയിലെ കൊടിഞ്ഞിക്ക് (സൂര്യാവര്‍ത്തനം) ഇടതുകാലിലെ തള്ളവിരലിലും ഇടതുചെന്നിയിലേതിന് വലതുകാലിലെ തള്ളവിരലിലും നഖത്തിലും നഖത്തിനുചുറ്റും സൂര്യോദയത്തിനു മുന്പു തുടങ്ങി തുന്പനീര് വറ്റുന്നതനുസരിച്ചു തുടര്‍ച്ചയായി മൂന്നുദിവസം ഒഴിച്ചു നിര്‍ത്തുക.

ജലദോഷത്തിനും പനിക്കും തുന്പ

ജലദോഷം മാറാന്‍ തുന്പയിലയും തുളസിയിലയും വെള്ളത്തിലിട്ടു തിളപ്പിച്ച് ആവി ശ്വസിക്കുകയും മൂക്കടപ്പുണ്ടെങ്കില്‍ ഏതാനും തുള്ളി തുന്പയിലനീരു നസ്യംചെയ്യുകയും കുഞ്ഞുങ്ങള്‍ക്ക് ഏതാനും തുള്ളി ഉച്ചിയില്‍ ഒഴിക്കുകയും ചെയ്യുക. സാധാരണ പനി ശമിക്കാന്‍ ചെന്തെങ്ങിന്‍റെ ഒരു തുടം കരിക്കിന്‍വെള്ളത്തില്‍ രണ്ട് ഔണ്‍സ് തുന്പപ്പൂവ് അരച്ചുകലക്കി സേവിക്കുക. തുന്പയുടെയും തുളസിയുടെയും പൂങ്കുലകള്‍ അരച്ചു ശര്‍ക്കരയില്‍ സേവിച്ചാലും ജ്വരം ശമിക്കും (യോഗാമൃതം). തുന്പയിലനീരില്‍ കുരുമുളകു മേന്പൊടി ചേര്‍ത്തു സേവിക്കുന്നതു മലന്പനിക്കു നല്ലതാണ്. രാപ്പനി മാറാനും കുട്ടികളുടെ തുള്ളള്‍പനിക്കും തുന്പപ്പൂവും പശുവില്‍പാലും ചേര്‍ത്ത് പൊടിയരിയിട്ടു കഞ്ഞിവച്ചുകൊടുക്കുക (ചികിത്സാമഞ്ജരി). മൂപ്പെത്താത്ത തുന്പച്ചെടിയും തുന്പപ്പൂവും കഷായമാക്കി കറന്നെടുത്ത ചൂടുള്ള പാലില്‍ കലര്‍ത്തിക്കൊടുത്താല്‍ ഒന്നരാടന്‍പനി ശമിക്കും.

ഉദരരോഗങ്ങള്‍ക്കും സ്ത്രീരോഗങ്ങള്‍ക്കും പ്രതിവിധി

തുന്പയുടെ ഇലനീര് 30 മില്ലി വീതം അതിരാവിലെ പതിവായി കുടിച്ചു കൊണ്ടിരുന്നാല്‍ ഗ്യാസട്രബിള്‍ ഇല്ലാതാകും. സാധാരണ വയറ്റുവേദന മാറാന്‍ തുന്പച്ചാറില്‍ പച്ചെണ്ണ ചേര്‍ത്തു സേവിക്കുകയോ തുന്പയിലതോരന്‍ വച്ചുകഴിക്കുകയോ ചെയ്യുക, ദഹനക്കേടിനും സ്ത്രീകള്‍ക്കുണ്ടാകുന്ന വേദനയോടുകൂടിയ ഗുന്മത്തിനും ഇതു പരിഹാരമാണ്. തുന്പപ്പൂവും മുത്തങ്ങാക്കിഴങ്ങും പാലിലിട്ടു കാച്ചിക്കൊടുത്താന്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന പല ഉദരരോഗങ്ങളും ശമിക്കും സുഖവിരേചനയുമുണ്ടാകും. വയറിളക്കാന്‍ തുന്പപ്പൂവരച്ച് കറന്നു ചൂടാറാത്ത പാലില്‍ സേവിക്കുക. ഇക്കിള്‍രോഗം മാറാന്‍ തുന്പപ്പൂവിട്ട ആട്ടില്‍പാല്‍ കാച്ചിക്കുടിക്കുക. തുന്പവേരും ജീരകവും അരച്ച് ചൂടുവെള്ളത്തില്‍ കഴിച്ചാല്‍ പെട്ടെന്നുതന്നെ വയറുവേദന വിട്ടുമാറും (ചികിത്സാമഞ്ജരി). പ്രസവിച്ച സ്ത്രീകള്‍ക്ക് മൂന്നുദിവസത്തേക്ക് ഗര്‍ഭാശയശുദ്ധിക്കായി തുന്പച്ചാറ് ചക്കരചേര്‍ത്ത് കുറുക്കിക്കൊടുക്കുന്നത് ഉത്തമമാണ്. ഇതോടൊപ്പം തുന്പയിട്ടുവെന്ത വെള്ളത്തില്‍ ഒരാഴ്ച കുളിച്ചാല്‍ രോഗാണുബാധ ഒഴിവാകും. വയര്‍ ശുദ്ധമാകാന്‍ തുന്പ സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീരു സേവിക്കുന്നതും നന്ന്. മാസമുറക്കാലത്തെ ഉദരവ്യഥയ്ക്ക് തുന്പയിലയും ചുക്കും ഉണ്ടശര്‍ക്കരയും കൂടി ഇടിച്ചു 10 ഗ്രാം വീതം രാവിലെയും വൈകിട്ടും സേവിക്കുക, കൂടാതെ തുന്പയിലയോടൊപ്പം വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചുപിഴിഞ്ഞെടുക്കുന്ന നീരില്‍ ഇന്തുപ്പും കായവും പൊടിച്ചുചേര്‍ത്ത് 20 മില്ലിവീതം കഴിക്കുന്നത് അതിവിശേഷമാണ്.

തുന്പ ബഹുവിധ രോഗ ചികിത്സയില്‍

കണ്ണിലെ മുറിവുകള്‍ കരിയാന്‍ അരിച്ചെടുത്ത തുന്പയിലനീര് രണ്ടു തുള്ളിവീതം കണ്ണിലൊഴിക്കുക, തുന്പപ്പൂ ചതച്ച് ഇന്തുപ്പുകൂട്ടി പിഴിയുന്നതും നല്ലതാണ്. കുട്ടികളുടെ കരപ്പന്‍ മാറാന്‍ തുന്പയില വെളിച്ചെണ്ണയില്‍ കാച്ചി തേയ്ക്കുക. തുന്പവേരു കഷായം, വാതത്തിനും ആസ്മയ്ക്കും ഫലപ്രദമായ ഔഷധമാണ്. തുന്പയില അരച്ചു നെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടി കാച്ചാത്ത പാലില്‍ കലക്കി ഏതാനും ദിവസം അതിരാവിലെ കഴിച്ചു പഥ്യം നോക്കുകയും ഇലനീരു കൊണ്ട് കണ്ണെഴുതുകയും ചെയ്താല്‍ സാധാരണ മഞ്ഞപ്പിത്തം ശമിക്കും.

നീരു വലിയാന്‍ തുന്പയില അരച്ചു നീരുള്ള ഭാഗത്ത് കട്ടിയായി പൂശുക. തുന്പയിലനീര്‍ തുടര്‍ച്ചയായി പുരട്ടിയാല്‍ ചുണങ്ങുമാറും. തലയില്‍ വട്ടംവട്ടമായി രോമം പോയാല്‍ ആ ഭാഗം ശുദ്ധിചെയ്ത പേനാക്കത്തി കൊണ്ടോ പനയോല കൊണ്ടോ ചുരണ്ടിയ ശേഷം തുന്പയില അരച്ചതും ചുണ്ണാന്പും ചേര്‍ത്തു പുരട്ടി ഒരു മണിക്കൂറിനുശേഷം കഴുകിക്കളയുക. മൂന്നുദിവസം ഈ ഔഷധപ്രയോഗം നടത്തിയാല്‍ രണ്ടാഴ്ച കഴിയുന്പോള്‍ നല്ല രോമം കിളിര്‍ക്കും. പ്രമേഹക്കരുക്കള്‍ ശമിക്കാന്‍ തുന്പപ്പൂവും എള്ളും പാലില്‍ പുഴുങ്ങി വെണ്ണയുമായി തേയ്ക്കുക (യോഗാമൃതം). തുന്പത്തളിരിട്ട മൂപ്പിച്ച വെളിച്ചെണ്ണയോ നെയ്യോ പുരട്ടിയാല്‍ കുഴിനഖം മാറും. അഞ്ചുമുതല്‍ 15 തുള്ളിവരെ തുന്പപ്പൂനീര് ഇരട്ടി തേനും അല്പം പൊന്‍കാരം വറുത്തതും ചേര്‍ത്തു സേവിച്ചാല്‍ മൂക്കിലും തൊണ്ടയിലും ഉണ്ടാകുന്ന പഴുപ്പും ചുമയും ശമിക്കും. തുന്പപ്പൂക്കള്‍ ഭക്ഷിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. തുന്പ സമൂലം അരച്ചു കഞ്ഞിവച്ചു ശീലിച്ചാല്‍ ലണി വീര്‍പ്പു നിശേഷം ശമിക്കും. തുന്പയുടെ വേരും ഇലയും വായിലിട്ടു ചവച്ചശേഷം കണ്ണില്‍ ഊതിയാല്‍ പല നേത്രരോഗങ്ങള്‍ക്കും ശമനമുണ്ടാകും. തുന്പപ്പൂ പാലിലരച്ചു നാഭിയില്‍ ലേപനം ചെയ്യുന്നത് കല്ലടപ്പിനു പ്രതിവിധിയാണ്.


ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചൊരു പൂന്തോട്ടം


ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനസ്ഥാനം ഔഷധ സസ്യങ്ങള്‍ക്കുണ്ട്. ഒരു കാലത്ത് കേരളം ഔഷധ സസ്യങ്ങളുടെ ഒരു കലവറയായിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ നമ്മുടെ സംസ്ഥാനത്തുനിന്ന് ഔഷധ സസ്യങ്ങള്‍ അതിവേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ചില സസ്യങ്ങള്‍ വംശനാശത്തിന്‍റെ ഭീഷണിയിലായിരിക്കുകയാണ്. ഇതിനു പരിഹാരമായി ഔഷധ സസ്യകൃഷി വളരെയധികം പ്രോത്സാഹിപ്പിക്കേണ്ടതാണ്. പലയിനം ഔഷധസസ്യങ്ങളും ഉദ്യാനങ്ങള്‍ക്ക് അലങ്കാരമായി നട്ടുപിടിപ്പിക്കാവുന്നതാണ്.
സാധാരണയായി വന്യാവസ്ഥയില്‍ കണ്ടുവരുന്ന നിരവധി ഔഷധസസ്യങ്ങളെ ഗൃഹാങ്കണങ്ങളിലെ ആകര്‍ഷകമായ ഉദ്യാനസസ്യമായി വളര്‍ത്തിയെടുക്കുവാന്‍ സാധിക്കും. ഉദ്യാനത്തിന് ശോഭ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളായ വര്‍ണം, രൂപം, ആകൃതി വിശേഷം മുതലായവ നല്‍കുന്ന വിവിധതരം ഔഷധ സസ്യങ്ങള്‍ ഉദ്യാനത്തില്‍ വളര്‍ത്താവുന്നതാണ്. ഇത് വീടിന് മോടി കൂട്ടുകയും മാനസികമായ ഉല്ലാസത്തിനും സന്തോഷത്തിനും കാരണമാകുകുയും ചെയ്യും. ഈ ഉദ്യാനങ്ങള്‍ നമ്മുടെ പരിസരത്തെ ഔഷധ സന്പന്നമാക്കുകയും ഗൃഹചികിത്സക്കാവശ്യമായ ഔഷധസസ്യങ്ങള്‍ നല്‍കുകയും കുടുംബത്തിന്‍റെ വരുമാനം വര്‍ധിപ്പിക്കുവാന്‍ സഹായിക്കുകയും ചെയ്യും.
ഉദ്യാനത്തിന്‍റെ പ്രധാന ഘടകങ്ങളായ മരങ്ങള്‍ ,കുറ്റിച്ചെടികള്‍,വാര്‍ഷിക സസ്യങ്ങള്‍ , പച്ചപ്പുല്‍ത്തകിടി , മുള ,കള്ളിമുള്‍ച്ചെടികള്‍ , വേലി , പാതയോരങ്ങളിലുള്ള ചെറിയ വേലി, പൂമെത്ത , തൂക്കുചട്ടികള്‍ , പടര്‍ന്നുവളരുന്ന ചെടികള്‍ , ഉദ്യാനത്തിന്‍റെ കവാടത്തിനു മുകളില്‍ വളച്ചു പടര്‍ത്തി വളര്‍ത്തുന്ന ചെടികള്‍ , കൃതിമപാറ അഥവാ ശിലോദ്യാനം ,താമരക്കുളം , പല ആകൃതിയില്‍ മുറിച്ചുവളര്‍ത്തുന്ന സസ്യങ്ങല്‍ ,കുള്ളന്‍വൃക്ഷങ്ങള്‍  മുതലായവ നിര്‍മിക്കുവാന്‍ പറ്റിയ പലയിനം ഔഷധസസ്യങ്ങള്‍ ലഭ്യമാണ്. ഈ സസ്യങ്ങള്‍ ഉപയോഗിച്ച് നല്ല ആകര്‍ഷകമായ ഉദ്യാനം ഉണ്ടാക്കിയെടുക്കുവാന്‍ സാധിക്കും.
നല്ല പച്ചത്തഴപ്പ് കൊണ്ടും, ഇലകളുടെ ആകൃതിവിശേഷം കൊണ്ടും, ക്രമീകരണം കൊണ്ടും ആകര്‍ഷിക്കപ്പെടുന്ന തൂജ, ഞാവല്‍, അണലിവേഗം മുതലായ ഔഷധസസ്യങ്ങള്‍ ഇലകളുടെ ഭംഗിക്കുവേണ്ടിയും നല്ല ആകര്‍ഷകമായ പൂക്കളുള്ള അശോകം, കണിക്കൊന്ന, രാജമല്ലി, മന്ദാരം മുതലായവയും, തണല്‍ നല്‍കുന്ന മരങ്ങളായ വേപ്പ്, കരിങ്ങാലി, നെല്ലി മുതലായവയും ഉദ്യാനത്തില്‍ വച്ചുപിടിപ്പിക്കാവുന്നതാണ്. പല നിറത്തിലുള്ള പൂക്കള്‍ ഉണ്ടാകുന്ന കുറ്റിച്ചെടികളായ ചെത്തി, ചെന്പരത്തി, കൊടുവേലി, നന്ദ്യാര്‍വട്ടം, മാതളനാരകം മുതലായവ ഉദ്യാനത്തിന് വര്‍ണഭംഗി വര്‍ധിപ്പിക്കുന്നവയാണ്.
നയനാകര്‍ഷകമായ പച്ചപ്പുള്‍തകിടികള്‍ കറുകപ്പുല്ല് ഉപയോഗിച്ചും നിര്‍മിക്കാവുന്നതാണ്. ചുരുങ്ങിയ കാലം മാത്രം നില്‍ക്കുന്ന നിത്യകല്യാണി, അക്രാവ്, കോഴിവാലന്‍ മുതലായവ ഉപയോഗിച്ചുള്ള പൂമെത്ത  ഉദ്യാനത്തിന് മോടി കൂട്ടുന്നവയാണ്. പടര്‍ന്നു വളരുന്ന ശംഖുപുഷ്പം, ശതാവരി, വാല്‍മുതക്ക്, സോമലത, വെളുത്തുള്ളി വള്ളി, ഗോളാകൃതിയില്‍ കിഴങ്ങുകളുള്ള മേന്തോന്നി മുതലായവയും ഉദ്യാനത്തിന് മോടി കൂട്ടുന്നവയാണ്. പടര്‍ന്നുവളരുന്ന ശംഖുപുഷ്പം, ശതാവരി, പാല്‍മുതക്ക്, സോമലത, വെളുത്തുള്ളി വള്ളി, ഗോളാകൃതിയില്‍ കിഴങ്ങുകളുള്ള മേന്തോന്നി മുതലായവയും ഉദ്യാനത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ഉദ്യാനത്തിനുചുറ്റും ഔഷധസസ്യങ്ങള്‍കൊണ്ടുതന്നെ വേലിയുണ്ടാക്കാം ആടലോടകം, ചെറുതേക്ക്, കരിനൊച്ചി തുടങ്ങിയവ വേലിയായി വളര്‍ത്താം. ഇടയ്ക്കിടെ വേലിക്കാലായി പതിമുഖവും, ഇവയില്‍ കയര്‍ വരിഞ്ഞതുപോലെ ശതാവരിയും പടര്‍ത്തി വളര്‍ത്താം.
ഉദ്യാനത്തിനകത്ത് പാതയോരങ്ങളില്‍ കുറ്റിച്ചെടികള്‍ ഉപയോഗിച്ച് ചെറിയ വേലികള്‍ ഉണ്ടാക്കുവാന്‍ മയിലാഞ്ചി ഉചയോഗിക്കാം. മാന്‍, മയില്‍, മുയല്‍ മുതലായ പല ആകൃതികളില്‍ സസ്യങ്ങളെ വളര്‍ത്തിയെടുക്കുന്ന ടോപ്പയേരി എന്നറിയപ്പെടുന്ന അലങ്കാരത്തിനുയോജിച്ച ഔഷധസസ്യങ്ങളാണ് തൂജ, മയിലാഞ്ചി മുതലായവ.
ഉദ്യാനത്തിലുള്ള മരങ്ങള്‍ക്ക് ചുറ്റുമുള്ള തറ 15-30 സെന്‍റീമീറ്റര്‍ ഉയരത്തില്‍ സിമന്‍റുകൊണ്ട് കെട്ടിയെടുത്ത് അതില്‍ പൂച്ചട്ടികളില്‍ വളര്‍ത്തിയ ചെടികള്‍ അടുക്കിവെക്കുന്ന രീതിയാണ് ട്രോപ്പി  എന്ന പേരില്‍ അറിയപ്പെടുന്നത്. തണല്‍ ഇഷ്ടപ്പെടുന്നവയും പൂച്ചട്ടികളില്‍ വളര്‍ത്താവുന്നതുമായ ആരോഗ്യപ്പച്ച, പനികൂര്‍ക്ക, അക്രാവ്, സര്‍പ്പഗന്ധി, കച്ചോലം, ബ്രഹ്മി, അരുത, രംഭ, തിപ്പലി മുതലായവ ഇതിനായി ഉപയോഗിക്കാം.
പ്രകൃതിദത്തമായ പാറക്കെട്ടുകളും കല്ലുകളില്‍ ഇടകലര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന വൃക്ഷലതാദികള്‍ അടങ്ങുന്ന ദൃശ്യമാണ് റോക്കറി അഥവാ ശിലോദ്യാനം. ഔഷധസസ്യങ്ങളായ കറ്റാര്‍വാഴ, കള്ളിമുള്‍ച്ചെടികള്‍, മരള്‍ മുതലായവ ശിലോദ്യാനത്തിന് യോജിച്ചവയാണ്.
കുള്ളന്‍വൃക്ഷങ്ങളായി അരയാല്‍, പേരാല്‍ മുതലായവ വളര്‍ത്തി ഉദ്യാനത്തിന്‍റെ മോടി വര്‍ധിപ്പിക്കാം. മേല്‍പറഞ്ഞ രീതിയില്‍ ഓരോ വീട്ടിലും ഒരു ഔഷധോദ്യാനം നിര്‍മിക്കുന്നത് മാനസികോല്ലാസത്തിനും ആരോഗ്യസംരക്ഷണത്തിനും സഹായകരമാകും.
ഇലകളുടെ ഭംഗിക്കായി വളര്‍ത്താവുന്ന മരങ്ങള്‍
തൂജ, യൂക്കാലിപ്റ്റസ്, രാമനാമപ്പച്ച, സൗഹൃദച്ചീര, അണലിവേഗം, ഞാവല്‍, കായം
ആകര്‍ഷകമായ പൂക്കള്‍ ഉള്ള മരങ്ങള്‍
അശോകം, കണിക്കൊന്ന, രാജമല്ലി, മന്ദാരം
തണല്‍ നല്‍കുന്ന മരങ്ങള്‍
ചന്ദനം, രക്തചന്ദനം, നെല്ലി വേപ്പ്
കുറ്റിച്ചെടികള്‍
ചെന്പരത്തി, മാതളനാരകം, അരളി, ചെത്തിക്കൊടുവേലി, വെള്ളക്കൊടുവേലി, നീലക്കൊടുവേലി, ചെത്തി, ചിറ്റാടലോടകം
വേലി
ചിക്കൂര്‍മാനിസ്, ആടലോടകം, പതിമുഖം, അമുക്കുരം, ബ്രഹ്മി, കച്ചോലം, തിപ്പലി, സര്‍പ്പഗന്ധി, കരിനൊച്ചി
പാതയോരങ്ങളിലുള്ള ചെറിയവേലി
മൈലാഞ്ചി, തൂജ
പൂമെത്ത
ശവനാറി, അക്രാവ്, നാലുമണിച്ചെടി
ചെടിച്ചട്ടിയില്‍ വളര്‍ത്തുന്നവ
ആരോഗ്യപ്പച്ച, അരുത, വയന്പ്, ആഫ്രിക്കന്‍ മല്ലി, പനിക്കൂര്‍ക്ക, പുളിയാറില
പടര്‍ന്നു വളരുന്നവ
സോമലത, ശതാവരി, പാല്‍മുതക്ക്, ശംഖുപുഷ്പം, വെളുത്തുള്ളി വള്ളി, ഈശ്വരമൂലി, ചക്കരക്കൊല്ലി, ചങ്ങലംപരണ്ട, മേന്തോന്നി
പുല്‍ത്തകിടിക്ക് യോജിച്ചത്
കറുകപ്പുല്‍
താമരക്കുളം ഉണ്ടാക്കാന്‍ യോജിച്ചത്
താമര, ആന്പല്‍
ശിലോദ്യാനത്തിനുയോജിച്ചത്
കറ്റാര്‍വാഴ, കള്ളിച്ചെടികള്‍, മരള്‍
ടോപ്പിയോറി
മൈലാഞ്ചി, തൂജ
കുള്ളന്‍ വൃക്ഷങ്ങള്‍
അരയാല്‍, പേരാല്‍

രാമച്ചം (വെറ്റി വെറിയ ജിജ നിയോയിഡ്സ്)ഒരു ദീര്‍ഘകാല ചെടിയാണ് രാമച്ചം. ഇവയെ \'ഘുസ്\' എന്നും അറിയപ്പെടുന്നു. മലയോര മേഖലകളിലും ചരിഞ്ഞ പ്രദേശത്തുമാണ് മുഖ്യമായും കൃഷി ചെയ്യുന്നത്. രാമച്ചത്തിന്‍റെ വേരില്‍ നിന്നും വാറ്റിയെടുക്കുന്ന രാമച്ച എണ്ണയെ \'ഘുസ് ഘുസ് എണ്ണ\' എന്നുംഅറിയപ്പെടുന്നു.

സമുദ്ര നിരപ്പില്‍ നിന്നും 600 മീറ്റര്‍ ഉയരം വരെ വളരുന്ന ഈ ചെടി സാധാരണ ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്നു. എല്ലാ തരത്തിലുള്ള മണ്ണിലും വളരുമെങ്കിലും, ഫലഭൂയിഷ്ടമായതും നല്ല നീര്‍ വാഴ്ചയുള്ളതുമായ മണല്‍ നിറഞ്ഞ എക്കല്‍ മണ്ണാണ് കൃഷിക്ക് യോജിച്ചത്.

വാര്‍ഷിക മഴയുടെ തോത് 100-200 സെന്‍റീമീറ്ററും, ഊഷ്മാവ് 25-40 ഡിഗ്രി സെന്‍റിഗ്രേഡും, താരതമേന്യന ഈര്‍പ്പമുള്ള കാലാവസ്ഥയുമാണ് രാമച്ചത്തിന് നല്ലത്.

രാമച്ചത്തിന്‍റെ വേരില്‍ ഒരു തരം എണ്ണ അടങ്ങിയിരിക്കുന്നു. ഈ എണ്ണയ്ക്ക് സ്വന്തമായ ഒരു സുഗന്ധം തന്നെയുണ്ട്. മണമുള്ള ഉണങ്ങിയ വേര് ഉപയോഗിച്ച് തിരശ്ശീല, പായ്, വിശറി മുതലായവ നിര്‍മ്മിക്കാവുന്നതാണ്. ഇവ നനച്ചു കഴിഞ്ഞാല്‍ നല്ല വാസനയുള്ള സുഗന്ധം പുറപ്പെടുവിക്കുന്നു. സുഗന്ധദ്രവ്യങ്ങളുടേയും, സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ചേര്‍ക്കാന്‍ രാമച്ച തൈലം/രാമച്ച എണ്ണ ധാരാളമായി ഉപയോഗിക്കുന്നു.

ഇനങ്ങള്‍

സാധാരണയായി ദക്ഷിണ ഇന്ത്യന്‍, വടക്കേ ഇന്ത്യന്‍ എന്നീ രണ്ടിനങ്ങള്‍ കൃഷി ചെയ്യുന്നു. ദക്ഷിണ ഇന്ത്യന്‍ ഇനം ധാരാളം വേരുള്ളതും കൂടിയ തോതില്‍ എണ്ണ അടങ്ങിയിട്ടുള്ളതുമാകുന്നു. എന്നാല്‍ വടക്കേ ഇന്ത്യന്‍ രാമച്ചത്തിന്‍റെ എണ്ണയ്ക്ക് മുന്തിയ ഗുണനിലവാരമുണ്ട്. ദക്ഷിണ ഇന്ത്യന്‍ ഇനത്തില്‍, നിലന്പൂര്‍ ജാതി (ഒ ഡി വി -3)ഏകദേശം 5 ടണ്‍ വേരും, 20-30കിലോ എണ്ണയും ഒരു ഹെക്ടറില്‍ നിന്നു നല്‍കും.

നടീല്‍

ചെടിയുടെ ചുവട്ടില്‍ നിന്നും വളരുന്ന തൈകള്‍ (സ്ലിപ്സ്) ഉപയോഗിച്ചാണ് വംശവര്‍ദ്ധനവ് നടത്തുന്നത്. ജൂണ്‍-ജൂലായ് മാസമാണ് നടീലിന് യോജിച്ചത്. 2-3 പ്രാവശ്യം നിലം ഉഴുത ശേഷം തടങ്ങള്‍ സൗകര്യാര്‍ത്ഥത്തിലുള്ള നീളത്തില്‍ 1 മീറ്റര്‍ വീതിയില്‍ തൈകള്‍ വരിയായി നടണം.

വളപ്രയോഗം

അടിവളമായി ഒരു ഹെക്ടറിന് 5 ടണ്‍ കാലിവളം നല്‍കണം. കൂടാതെ കൂടുതല്‍ വേരുത്പാദനത്തിനും കൂടുതല്‍ എണ്ണയ്ക്കും 22.5 കിലോഗ്രാം വീതം ഭാവകവും ക്ഷാരവും നല്‍കേണ്ടതാണ്.

വിളവെടുക്കലും വാറ്റലും

ചെടിക്ക് 18 മാസം പ്രായമാകുന്പോള്‍ വിളവെടുക്കാവുന്നതാണ്. ഫോര്‍ക്കുപയോഗിച്ച് കിളച്ച് ചെടിയെ പിഴുതെടുക്കണം. വേര് പൊടി നാശമാകാതെ സൂക്ഷിക്കണം. ഈ വേരുകള്‍ നന്നായി സാവാധാനം കഴുകി മണ്ണും ചെളിയും നീക്കം ചെയ്ത ശേഷം 4-5 സെന്‍റിമീറ്റര്‍ നീളത്തില്‍ മുറിച്ചെടുക്കണം. ഈ വേരുകളെ വാറ്റല്‍ പ്രക്രിയയ്ക്ക് വിധേയമാക്കി എണ്ണ വേര്‍തിരിച്ചെടുക്കാം.

രാമച്ചം ഒരു മണ്ണുസംരക്ഷണ ചെടി

രാമച്ചത്തിന് ആഴത്തിലും, ഇടതൂര്‍ന്നതും, ബലമുളളതുമായ നാരായ വേര് ധാരാളമുളളതിനാല്‍ ഇവ മണ്ണൊലിപ്പ് തടയുന്നു. കൂടാതെ ഇതിനു സഹായകമായി ഈ ചെടി ദീര്‍ഘകാലവിളയും, കാലികള്‍ തിന്നു നശിപ്പിക്കില്ല എന്ന ഗുണവും ഉളളതിനാല്‍ ഇവയെ മണ്ണു സംരക്ഷണ പ്രവര്‍ത്തനത്തിന് ധാരാളമായി ഉപയോഗിക്കാവുന്നതാണ്. ചരിഞ്ഞ സ്ഥലങ്ങളില്‍ കോണ്ടൂര്‍ രീതിയില്‍ ഇവ നടാവുന്നതാണ്. തോടുകളിലെ വശങ്ങളിലെ മണ്ണ് ഇടിഞ്ഞു പോകാതെ സംരക്ഷിക്കാനായി രാമച്ചം നടുന്നത് പ്രയോജനകരമാണ്.

സുഗന്ധം പരത്തും രാമച്ചം

രാമച്ചം ഒരു ദീര്ഘകാല വിളയാണ്. ഏകദേശം രണ്ടുമീറ്റര് വരെ  ഉയരത്തില് ഇവ വളരുന്നു. ഇതിന്റെ വാണിജ്യ പ്രാധാന്യമുള്ള ഭാഗം വേരാണ്. ഇതിന് ഉദ്ദേശം 30 സെ.മീ. നീളമുണ്ടാകും. ഇവയുടെ വേരില് നിന്നും സംസ്കരിച്ചെടുക്കുന്ന എണ്ണ ഖസ്ഖസ് ഓയില് എന്നറിയപ്പെടുന്നു. ഇത് സുഗന്ധ ദ്രവ്യമായി ഉപയോഗിക്കുന്നുണ്ട്. ഉണങ്ങിയ സൌരഭ്യമുള്ള വേരുകള് വിശറി, കയറ്റുപായ, കര്ട്ടന് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്. ഇത്തരം വസ്തുക്കളില് ഈര്പ്പം തട്ടുന്പോള് അവ സുഗന്ധം പരത്തുന്നു. സുഗന്ധദ്രവ്യങ്ങളുടേയും സൌന്ദര്യവര്ദ്ധക വസ്തുക്കളുടേയും മറ്റും നിര്മ്മാണത്തിലെ ഒരവിഭാജ്യ ഘടകമായി ഇവയുടെ എണ്ണ ഉപയോഗിക്കുന്നു. അതിനാല് വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷിക്ക് വളരെ സാധ്യതയുണ്ട്.

കൃഷിരീതി.

രാമച്ചം പൊതുവേ എല്ലാമണ്ണിലും വളരുമെങ്കിലും ഫലപുഷ്ടിയും നീര്വാര്ച്ചയുമുള്ള മണല് കലര്ന്ന മണ്ണാണ് ഏറ്റവും യോജിച്ചത്. കളിമണ് പ്രദേശങ്ങള് കൃഷിക്ക് പറ്റിയതല്ല. നല്ല മഴയും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങള് കൃഷിക്ക് തെരഞ്ഞെടുക്കണം.

രാമച്ചം പ്രധാനമായും രണ്ടിനങ്ങള് ഉണ്ട്. തെക്കേ ഇന്ത്യനും വടക്കേ ഇന്ത്യനും. തെക്കേഇന്ത്യനാണ് നല്ല നിലവാരമുളള തൈലത്തിനുത്തമം. ഒരു ഹെക്ടര് സ്ഥലത്തുനിന്നും അഞ്ച് ടണ് വരെ വേര് ലഭിക്കുന്നു. ഇതില് നിന്നും ശരാശരി 25 കിലോഗ്രാം വരെ തൈലവും ലഭിക്കുന്നു.

മണ്ണ് നല്ലതുപോലെ താഴ്ത്തി കിളച്ച് ഹെക്ടറിനു 15 ടണ് കാലിവളമോ കന്പോസ്റ്റോ ചേര്ത്ത് വാരം കോരി 54x30 സെ.മി. അകലത്തില് ഒന്നോ രണ്ടോ ചിനപ്പുകള് വീതം കാലവര്ഷാരംഭത്തോടെ നട്ട് കൃഷിയിറക്കണം. ഒരു ഹെക്ടറിന് 22 കിലോഗ്രാം വീതം ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങള് ചേര്ക്കുന്നത് വേരിന്റെ വിളവും തൈലത്തിന്റെ അളവും വര്ദ്ധിക്കുന്നു.

വിളവെടുപ്പ്

വിളവെടുപ്പിനും കൂടുതല് എണ്ണയുല്പാദനത്തിനും 18 മാസത്തെ വളര്ച്ച ആവശ്യമാണ്. ഒക്ടോബര്-നവംബര് മാസങ്ങളാണ് ഇതിനു പറ്റിയത്. 18 മാസത്തെ വളര്ച്ച ആവശ്യമാണ്. കുഴിച്ചെടുക്കാന് അനുയോജ്യമായ മുള്ക്കത്തിയാണ് വിളവെടുപ്പിനായി ഉപയോഗിക്കുന്നത്. മണ്ണിനുമേലുള്ള ഭാഗം ആദ്യം ചെത്തി നീക്കണം. പിന്നീട് വേരോടുകൂടി ചുവടു കിളച്ച് എടുക്കുന്നു. കുഴിച്ചെടുത്ത വേരുകള് നന്നായി കഴുകി അവയിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുക. അതിനുശേഷം കഷണങ്ങളാക്കി (4-5സെ.മി.നീളത്തില്) മുറിക്കുക. വേരുകളില് നിന്നും ഹൈഡ്രോഡിസ്റ്റിലേഷന് വഴിയാണ് എണ്ണ വേര്തിരിച്ചെടുക്കുന്നത്.

വിളവെടുത്താല് ഒരുമാസം വരെ സൂക്ഷിക്കാമെങ്കിലും അതിനു മുന്പുതന്നെ തൈലം വാറ്റിയോടുക്കണം. വൈകുന്തോറും തൈലത്തിന്റെ അളവിലും ഗുണത്തിലും കുറവുണ്ടാകും. വാറ്റിന് 30-40 മണിക്കൂര് സമയമെടുക്കും. ശക്തമായ നാരുരൂപത്തിലുള്ള വേരുകള് ആഴത്തില് ഇടതൂര്ന്ന് വളരുന്ന ഒരു വിളയാണിത്. കന്നുകാലികള് ഇത് തിന്നുകയില്ല. കൂടാതെ ഇവയ്ക്ക് പ്രതികൂല സാഹചര്യങ്ങളെ ചെറുത്ത് നില്ക്കാനുള്ള കഴിവുണ്ട്. നാരുവേര് പടലം ഉള്ളതിനാല് ചരിഞ്ഞ പ്രദേശങ്ങളില് മണ്ണൊലിപ്പ് തടയുന്നതിനും നദീതീരങ്ങളിലേയും മറ്റും തിട്ടകള് സൂക്ഷിക്കുന്നതിനും രാമച്ചം ഫലപ്രദമായി ഉപയോഗിക്കുന്നു.

ഇഞ്ചിപ്പുല്ല് (സിംബോപോഗന്‍ ഫ്ളെകസ്സ്)


ഇഞ്ചിപ്പുല്ലിനെ ലെമണ്‍ഗ്രാസ് എന്നും അറിയപ്പെടുന്നു. നല്ല ചൂടുള്ള കാലാവസ്ഥയും, നല്ല രീതിയില്‍ ലഭിക്കുന്ന മഴയും, നല്ലനീര്‍വാഴ്ചയുള്ള മണ്ണുമാണ് ഈ ചെടിയ്ക്ക് അനുയോജ്യം. സാധാരണയായി കല്ല് കൂടുതലുള്ളതും വളക്കൂറു തീരെ കുറഞ്ഞ മണ്ണിലാണ് ഇവ വളര്‍ത്തുന്നത്. ഈ പുല്ല് വളരെ വര്‍ഷം നിലനില്‍ക്കുന്നതും കൂടാതെ മഴക്കാലത്ത് മലപ്രദേശങ്ങളില്‍ വളര്‍ത്താന്‍ യോജിച്ചതും ആകുന്നു. ഈ വിള 2-ാം വര്‍ഷം വരെ ഉയര്‍ന്ന തോതില്‍ വിളവ് തരാറുണ്ട്. ശേഷം വിളവ് ക്രമേണ കുറയുന്നു. ഇലയില്‍ നിന്നും സുഗന്ധതൈലം വേര്‍തിരിച്ചെടുക്കാവുന്നതാണ്. ഇതില്‍ 70-90 % സിട്രല്‍ അടങ്ങിയിരിക്കുന്നു. ഈ സുഗന്ധതൈലം സോപ്പ്, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, കീടങ്ങളെ അകററുന്നതിനുള്ള പദാര്‍ത്ഥങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതിനു പുറമേ, വൈററമിന്‍ എ, അയനോണ്‍ എന്നിവയുടെ നിര്‍മ്മാണത്തിലെ അസംസ്കൃതവസ്തുവായും ഉപയോഗിക്കുന്നു.

വിത്തും, വിതയും

ഇഞ്ചിപുല്ല് പ്രധാനമായും വിത്ത് വഴിയാണ് വംശവര്‍ദ്ധനവ് നടത്തുന്നത്.എന്നാല്‍ ചെറിയതൈകള്‍ ഇളക്കി നട്ടും വംശവര്‍ദ്ധനവ് നടത്താവുന്നതാണ്.

ഒഡി-19 എന്ന അത്യുത്പാദനശേഷിയുള്ള ഇനം കൃഷിക്ക് ഏററവും യോജിച്ചതാണ്.

വിത്ത് നേരിട്ട് വിതയ്ക്കുകയോ,അല്ലെങ്കില്‍ വിത്ത് വിതച്ച് മുളപ്പിച്ച തൈകള്‍ പിഴുത് നട്ടോ കൃഷിചെയ്യാവുന്നതാണ്. വിത്ത് മുളപ്പിച്ച് പിഴുതുനട്ട് വളര്‍ത്തുന്ന ചെടികളാണ് മററുള്ളതിനെക്കാള്‍ മികച്ചത്. കാരണം ഇവയുടെ ഇലയുടെ തൂക്കവും എണ്ണയുടെ അളവും, സിട്രല്‍ എന്ന ഘടകത്തിന്‍റെ അളവും കൂടുതലാണ്. വിത്ത് നന്നായി ഒരുക്കിയ തടങ്ങളില്‍ പാകി മുകളിലായി നേര്‍ത്ത ഒരു പടലം മണ്ണ് കൊണ്ട് മൂടണം. ഏപ്രില്‍ - മേയ് മാസമാണ് ഇതിന് യോജിച്ചത്. ഒരു ഹെക്ടറിന് 3-4 കിലോ വിത്ത് ആവശ്യമാണ്. 2-2.5 മാസം കൊണ്ട് തൈകള്‍ മാററിനടാന്‍ പാകമാവും.

നിലമൊരുക്കല്‍

നിലം നന്നായി കിളക്കണം. ശേഷം 75-80 സെന്‍റീമീററര്‍ വീതിയിലും ആവശ്യാനുസരണത്തില്‍ നീളത്തിലും തടങ്ങളെടുത്ത്, തടങ്ങള്‍ തമ്മില്‍ 30-35 സെന്‍റീമീററര്‍ അകലം നല്‍കണം. ചരിഞ്ഞ പ്രദേശങ്ങളില്‍, കോണ്ടൂര്‍ ബണ്ടുകള്‍ തീര്‍ത്ത് നടാവുന്നതാണ്. ജൂണ്‍-ജൂലായ് മാസത്തിലെ ആ്വ്യമഴ സമയം, 2-3 തൈകള്‍ ഒരു കുഴിയില്‍ എന്ന കണക്കിന് 15-20 സെന്‍റീമീററര്‍ അകലത്തില്‍ 4-5 വരിയായി ഓരോ തടങ്ങളിലും നടാവുന്നതാണ്. നടുന്നതിന് മുന്‍പ് തൈകളുടെ മുകളിലത്തെ ഇലകള്‍ മുറിച്ചു മാററി 15-20 സെന്‍റീമീററര്‍ നീളത്തിലെ തണ്ടു നിലനിര്‍ത്തി വേണം നടാന്‍.

വളപ്രയോഗം

പുല്‍തൈലം വാറ്റിയെടുത്ത ശേഷം ശേഷിക്കുന്ന അവശിഷ്ടം ഒരു ഹെക്ടറിന് 2500 കിലോ എന്ന തോതിലും മരക്കരി /ചാരം 1875 കിലോ എന്ന തോതിലും നല്‍കുന്നത് ഗുണകരമാണ്. പാക്യജനകം അടങ്ങിയ വളം 100 കിലോഗ്രാം /ഹെക്ടര്‍ എന്ന രീതിയില്‍ നാലുതവണകളായി ഓരോന്നും ഓരോ വിളവെടുപ്പിനു ശേഷം നല്‍കണം. ഇത് പുല്‍തൈലത്തിന്‍റെ അളവ് കൂട്ടൂന്നു.

മററ് പരിചരണങ്ങള്‍

കളകളുടെ വളര്‍ച്ചയ്ക്കനുസരണമായി സ്ഥിരമായി കളനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. കൂടാതെ വര്‍ഷത്തിലൊരിക്കല്‍ മണ്ണിളക്കുകയും വളപ്രയോഗം നടത്തുകയും ചെയ്യേണ്ടതാകുന്നു. സാധാരണയായി രോഗകീടബാധ ഈ ചെടിയെ ബാധിക്കാറില്ല.

വിളവെടുപ്പ്

തറനിരപ്പില്‍ നിന്ന് 10 സെന്‍റീമീററര്‍ ഉയരത്തില്‍ ഇലകള്‍ വെട്ടിയെടുക്കണം. നട്ട് ആദ്യ വര്‍ഷം 3-4 തവണ ഇത്തരത്തില്‍ ഇല വെട്ടിയെടുക്കാം. എന്നാല്‍ പിന്നീട് കാലാവസ്ഥയ്ക്കനുസരിച്ച് 5-6 തവണ വരെയാകാം. വിളവെടുപ്പ്കാലം മേയ് മാസത്തില്‍ ആരംഭിച്ച് ജനുവരിമാസം വരെ നീണ്ടുനില്‍ക്കുന്നു. ആദ്യ വിളവെടുപ്പ് ചെടി നട്ട് 90 ദിവസത്തില്‍ നടത്താം. പിന്നീടുളള വിളവെടുപ്പ് 40-50 ദിവസത്തെ ഇടവേളകളില്‍ നടത്താം. ലോക്കല്‍ ഇനങ്ങളില്‍ കൂടുതല്‍ വിളവുലഭിക്കുന്നതിനും അതുപോലെ കൂടുതല്‍ പുല്‍തൈലം ലഭിക്കുന്നതിനും 40-45 ദിവസത്തെ ഇടവേളകളില്‍ ഇലമുറിച്ചെടുക്കാം. ഒഡി-19 എന്ന ഇനത്തിന് മലയോരമേഖലകളില്‍ ദിവസവും, താഴ്വാരങ്ങളില്‍ 45-55 ദിവസവും നല്‍കാവുന്നതാണ്.

വാററല്‍

ഇഞ്ചിപ്പുല്ല് വാററുന്നതിന് 100 കിലോ ശേഷിയുളള ചെന്പു പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. നീരാവിയോ, വെളളവും നീരാവിയും ഒരുമിച്ചോ ഉപയോഗിച്ച് വാററല്‍ പ്രക്രിയ നടത്താവുന്നതാണ്. ഒരു പ്രാവശ്യം വാററുന്നതിന് ഒരു മണിക്കൂര്‍ മുതല്‍ 2 മണിക്കൂര്‍ വരെ സമയമെടുക്കും. ഒരു പ്രാവശ്യം വാററുന്നതിന് ഉദ്ദേശം 40 കിലോഗ്രാം വിറക് ആവശ്യമാണ്. ഇളം മഞ്ഞനിറമുളള നാരങ്ങാമണമുളള ബാഷ്പീകരണം ശേഷിയുളള എണ്ണയാണ് ലഭിയ്ക്കുക.ചെന്പു പാത്രത്തിലുളള വെളളത്തിന്‍റെ മുകള്‍ പരപ്പില്‍ ദ്വാരങ്ങളുളള ഡിസ്ക് ഉപയോഗിച്ചാല്‍ ഉന്നത നിലവാരത്തിലുളള എണ്ണ ലഭിയ്ക്കും. ഈ രീതിയെ ജല-നീരാവി രീതി എന്നറിയപ്പെടുന്നു. കൂടുതല്‍ ഇല വാറ്റേണ്ടതുണെ്ടങ്കില്‍ നീരാവി ഉപയോഗിക്കുന്നതാണ് ഗുണകരം. ഇതിന് കരി ഇന്ധനമായി ഉപയോഗിക്കാവുന്നതാണ്.

മുറിച്ചെടുത്ത ഇല ചെറുകഷണങ്ങളാക്കി മുറിച്ചതിനു ശേഷമാണ് വാറ്റാന്‍ ഉപയോഗിക്കേണ്ടത്. ഇത്തരത്തില്‍ മുറിച്ചെടുത്ത ഇല തണലില്‍ യാതൊരു കേടോ, എണ്ണയുടെ അളവോ കുറയാതെ തന്നെ 3 ദിവസം വരെ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.

എണ്ണ സംഭരണം

പുല്‍തൈലം /എണ്ണ 3 വര്‍ഷം വരെ ഗുണനിലവാരത്തില്‍ വ്യത്യാസമില്ലാതെ വായൂ കടക്കാതെ മെഴുകു ഉപയോഗിച്ച് അടച്ച അലൂമിനിയം പാത്രത്തില്‍ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഈ പാത്രങ്ങള്‍ ഇരുട്ടുളള മുറികളില്‍ വേണം സൂക്ഷിക്കാന്‍.

വിളവ്

നട്ട് ആദ്യ വര്‍ഷം ഒരു ഹെക്ടറിന് 10 ടണ്‍ ഇല ലഭിക്കും. ഇതില്‍ നിന്ന് 28 കിലോ പുല്‍തൈലം വാററി എടുക്കാവുന്നതാണ്. 2-10 വര്‍ഷം മുതല്‍ വിളവ് 25 ടണ്ണും എണ്ണ 75 കിലോയും ലഭിയ്ക്കും. ലഭിയ്ക്കുന്ന പുല്‍തൈലത്തിന്‍റെ അളവ് 0.30-0.35 ശതമാനമാണ് അതില്‍ 70% സിട്രല്‍ അടങ്ങിയിട്ടുണ്ടാവും. ഒഡി-19 ഇനത്തിന് 0.40-0.45% എണ്ണയും 85-90% സിട്രലും അടങ്ങിയിട്ടുണ്ടാവും.

പാല്‍മറോസ (സിംപോഗന്‍ മാര്‍ട്ടിനി വെറ മോട്ടിയ)


ഫലഭുയിഷ്ടി കുറഞ്ഞതും ഇടത്തരവുമായ മണ്ണില്‍ പാല്‍ മറോസ വളരും. വളരെ ഇടതൂര്‍ന്ന മരങ്ങളുടെ ചോല പ്രദേശത്ത് ഇവ വളരുകയും ഇവയെ മണ്ണൊലിപ്പ് തടയുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്നു.

ചെടിയുടെ പൂക്കുന്ന അഗ്രഭാഗത്തും, ഇലയിലും റോസയുടെ സുഗന്ധമുള്ള എണ്ണ അടങ്ങിയിരിക്കുന്നു. സോപ്പ്, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, സുഗന്ധതൈലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഇതുപയോഗിക്കുന്നു. സുഗന്ധതൈല നിര്‍മ്മാണത്തിന് ആവശ്യമായ ജെറാനിയോള്‍ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുവായി എണ്ണ ഉപയോഗിക്കാവുന്നതാണ്.

വംശവര്‍ദ്ധന

വിത്തു വഴിയും, തൈ ഉപയോഗിച്ചും വംശവര്‍ദ്ധന നടത്താവുന്നതാണ്. വിത്ത് മുളപ്പിച്ച തൈകള്‍ വളരെ വേഗം വേരുപിടിച്ച് വളരുന്നു. അതിനാല്‍ തന്നെ വിത്താണ് മുഖ്യമായും ഉപയോഗിക്കുന്നത്. ഏപ്രില്‍ 15 നു ശേഷം മണ്ണ് നന്നായി ഇളക്കിപ്പൊടിച്ച് തടങ്ങള്‍ നിര്‍മ്മിക്കണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 4-5 കിലോ വിത്ത് ആവശ്യമാണ്. ഈ വിത്തിനു മുകളില്‍ ഒരു പാളിപോലെ മണ്ണിട്ട് മൂടണം. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം എത്തുന്നതു വരെ ആവശ്യാനുസരണം ജലസേചനം നല്‍കണം. ജനുവരി-ഫെബ്രുവരി മാസത്തില്‍ ശേഖരിക്കുന്ന വിത്ത് ആഗസ്റ്റ് മാസത്തിനു മുന്‍പ് വിതയ്ക്കണം.

നടീല്‍

നിലം നന്നായി കിളച്ച് തടങ്ങള്‍ നിര്‍മ്മിച്ചതിനു ശേഷം ഒരു കുഴിയില്‍ 2 ചെടികള്‍ എന്ന രീതിയില്‍ 30-20 സെന്‍റീമീറ്റര്‍ അകലത്തില്‍ നടണം. ജൈവവളം അഥവാ കന്പോസ്റ്റ് ഒരു ഹെക്ടറിന് 6 ടണും, ചാരം 2.5 ടണ്ണും തടങ്ങള്‍ നിര്‍മ്മിക്കുന്പോള്‍ മണ്ണില്‍ ചേര്‍ക്കേണ്ടതാകുന്നു.

വിളവെടുപ്പ്

നട്ട് 3.5-4 മാസത്തില്‍ ചെടികള്‍ 150-200 സെന്‍റിമീറ്റര്‍ ഉയരത്തിലെത്തുകയും പൂക്കാന്‍ ആരംഭിക്കുകയും ചെയ്യും. പൂക്കള്‍ വന്ന് ഒരാഴ്ചയ്ക്കു ശേഷം ചെടികള്‍ മുറിച്ചെടുക്കാം.

ആദ്യവര്‍ഷം ഇത്തരത്തില്‍ 2 പ്രാവശ്യം വിളവെടുക്കാം. 2-ാം വര്‍ഷം മുതല്‍ 3-5 തവണ വിളവെടുക്കാം.

വാറ്റല്‍

ജല-നീരാവി രീതി ഉപയോഗിച്ച് വാറ്റിയാണ് എണ്ണ വേര്‍തിരിക്കുന്നത്. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 2 മണിക്കൂര്‍ സമയം ആവശ്യമാണ്. അമരാവതി ഇനത്തിന് ചെടിയില്‍ നിന്നും കിട്ടുന്ന എണ്ണയുടെ തോത് 0.40-0.45% ആകുന്നു. മഴക്കാലത്ത് വാറ്റുന്നതിനു മുന്‍പ് ചെടി വെട്ടിയെടുത്ത് തണലത്ത് വാടുന്നതിനായി ഒരു ദിവസം ഇടണം, മഴക്കാലത്തിനു ശേഷം ഇത് 48 മണിക്കൂറായും മാറ്റണം. ഇങ്ങനെ വാട്ടിയെടുത്ത ചെടി വാറ്റിയാല്‍ എണ്ണയുടെ തോത് കൂടുതലായിരിക്കും.

സസ്യ സംരക്ഷണം

പിങ്ക് ഗ്ലോബുലാര്‍ റൂട്ട് എഫിഡ് (ടെട്രാ ന്യൂറാ) എന്ന കീടം വേരിനെ ആക്രമിക്കുന്നു. ഇവയുടെ ആക്രമണം കാരണം ചെടി ക്രമേണ വാടി നശിക്കുന്നു. ഒരു ചെടിയില്‍ ആക്രമണമുണ്ടായ ശേഷം അതിനു ചുറ്റുമുള്ളതിനെയും ഇവ നശിപ്പിക്കുന്നു. അതിനാല്‍ വൃത്താകൃതിയില്‍ ചെടികള്‍ പല സ്ഥലങ്ങളില്‍ നശിച്ച് പോവുന്നത് കാണാം. ഇത്തരത്തില്‍ ആക്രമണ ലക്ഷണം കണ്ടാല്‍ ചെടികളെ പിഴുതെടുത്ത് നശിപ്പിക്കുകയും ആ സ്ഥലങ്ങളില്‍ മീനെണ്ണ-സോപ്പ് മിശ്രിതം ചേര്‍ത്ത വെള്ളം തളിക്കുകയും വേണം

ചിത്തരത്ത (അല്‍പിനിയ കല്‍കരാറ്റ)


ചിത്തരത്ത ഒരു ദീര്‍ഘകാല ചെടിയാണ്. ഇവയുടെ വേരുകള്‍ രൂക്ഷഗന്ധത്തോടു കൂടിയതുമാണ്. ഈ ചെടികള്‍ 1.5 മീറ്റര്‍ ഉയരത്തില്‍ വളരുകയും24 കന്നുകള്‍ ഒരു വര്‍ഷം ഉത്പാദിപ്പിക്കുകയും ചെയ്യും. ഇവയുടെ പ്രധാനപ്പെട്ടഭാഗം കിഴങ്ങാണ്. കിഴങ്ങുകള്‍ നാടന്‍ വ്യൈശാസ്ത്ര മരുന്നുകളില്‍ ധാരാളമായി ഉപയോഗിക്കുന്നു. പ്രധാനമായും തൊണ്ടവേദന, ദഹനപ്രക്രിയ കൂട്ടല്‍, രക്ത ശുചീകരണം. ശബ്ദമാധുര്യം, യുവത്വം നില നിറുത്തല്‍ എന്നിവയ്ക്കാണ് ഉപയോഗപ്പെടുത്തുന്നത്.
കാലാവസ്ഥയും മണ്ണും
ഉഷ്ണമേഖലാ പ്രദേശത്ത് നന്നായി വളരുന്നു. എന്നിരുന്നാലും വൈവിധ്യമാര്‍ന്ന മണ്ണിലും കാലാവസ്ഥയിലും ഇവ കാണപ്പെടുന്നു. നല്ല നീര്‍വാഴ്ചയുള്ള മലയോര പ്രദേശങ്ങളിലും, 1400 മീറ്റര്‍ ഉയര്‍ന്ന പ്രദേശത്തും ഇവ നന്നായി കൃഷിചെയ്യാം. വളക്കൂറുള്ള ചുവന്ന പശിമരാശി മണ്ണ് കൃഷി ചെയ്യാന്‍ ഉത്തമമാണ്.
വംശവര്‍ദ്ധന
കിഴങ്ങുകള്‍ ഉപയോഗിച്ചും, ടിഷ്യുകള്‍ച്ചര്‍ വഴിയും വംശവര്‍ദ്ധന നടത്താം.
ഇനങ്ങള്‍
നിലവില്‍ പ്രാദേശിക ഇനങ്ങളാണ് കൃഷിചെയ്യുന്നത്.
കാലാവസ്ഥ
മേയ് ---- ജൂണ്‍ മാസത്തില്‍ മഴക്കാലത്ത് നടാവുന്നതാണ്. ജലസേചനം നടത്തി കൃഷി ചെയ്യാനായി മറ്റു സമയങ്ങളിലും നടാം.
നിലമൊരുക്കല്‍
നിലം നന്നായി ഉഴുത് നല്ല പരുവത്തിലാക്കണം. പാറകള്‍, കല്ലുകള്‍ എന്നിവ നീക്കം ചെയ്ത്, അടിവളമായി 10 - 15 ടണ്‍ കാലിവളം ചേര്‍ക്കണം. ഉയര്‍ന്ന തടങ്ങള്‍ ആവശ്യാനുസരണമുള്ള നീളത്തിലും വീതിയിലും തയ്യാറാക്കണം.
വിത്ത്
നല്ല ആരോഗ്യമുള്ളതും രോഗകീടബാധയില്ലാത്തതും, കുറഞ്ഞത് ഒരു മുകുളമെങ്കിലും ഉള്ള പുതിയ കിഴങ്ങുകള്‍ നടാനുപയോഗിക്കാം. ഒരു ഹെക്ടറിന്1000 - 1500 കിലോ കിഴങ്ങ് ആവശ്യമാണ്.
നടീല്‍
ചെറിയ കുഴികള്‍ തടത്തിലെടുത്ത് 5 സെന്‍റീമീറ്റര്‍ നീളത്തിലുള്ള കിഴങ്ങുകള്‍ നടണം. ഇവ കാലിവളമുപയോഗിച്ച് മൂടി, പച്ചില / വയ്ക്കോല്‍ ഉപയോഗിച്ച് പുതയിടണം. 30 * 20 സെന്‍റിമീറ്റര്‍ അകലത്തില്‍ നല്ല വളക്കൂറുള്ള മണ്ണിലും 40 * 30 സെന്‍റീമീറ്റര്‍ അകലത്തില്‍ വളക്കൂറു കുറഞ്ഞ മണ്ണിലും നടാവുന്നതാണ്.
വളപ്രയോഗം
ആവശ്യമെങ്കില്‍ ഒരു മാസത്തിനകം മുളക്കാത്ത കിഴങ്ങിനു പകരം പുതിയവ നടണം. നട്ട് 2 മാസത്തിനു ശേഷം കളകള്‍ മാറ്റി, മേല്‍ വളവും നല്‍കി, മണ്ണ് ഇളക്കിയതിനുശേഷം പുതയിടീല്‍ നടത്തണം. അതിനുശേഷം വീണ്ടും കളമാറ്റേണ്ടതില്ല. കാരണം ഈ ചെടികളെ വളരാന്‍ അനുവദിക്കുകയില്ല.
സസ്യസംരക്ഷണം
സാധാരണയായി ഈ ചെടിയില്‍ രോഗകീടബാധയേല്‍ക്കാറില്ല. എന്നാല്‍ അപൂര്‍വ്വമായി തണ്ടുതുരപ്പന്‍, ഇല തിന്നുന്ന പുഴുക്കള്‍ എന്നിവ കാണാം. ഇതിനെ നിയന്ത്രിക്കാനായി 0.1% മോണോക്രോട്ടോ ഫോസ് ഉപയോഗിക്കാം. ബ്ലൈറ്റ് രോഗനിയന്ത്രണത്തിന് 1% ബോര്‍ഡോമിശ്രിതം തളിക്കണം.
വിളവെടുപ്പ്
ചെടികള്‍ നട്ട് 18-ാം മാസം വിളവെടുക്കാമെങ്കിലും കൂടുതല്‍ കിഴങ്ങിനും, കൂടുതല്‍ എണ്ണയ്ക്കും 36 - 42 മാസമാവുന്പോള്‍ വിളവെടുക്കുന്നതാണ് ഉത്തമം. ചെടിയുടെ തണ്ടും ഇലയും മുറിച്ചുമാറ്റി കിഴങ്ങുകള്‍ ശ്രദ്ധാപൂര്‍വ്വം കിളച്ചെടുക്കണം. വളരെ ദൃഢവും പരന്നതുമായ വേരുപടലമായതിനാല്‍ വിളവെടുപ്പ് കഠിന പ്രയത്നമാണ്. കിഴങ്ങുകള്‍ വേരുകള്‍ മാറ്റി വൃത്തിയാക്കി 5സെന്‍റിമീറ്റര്‍ നീളത്തിലുള്ള കഷണങ്ങളാക്കി മാറ്റി 3 - 5 ദിവസം വരെ വെയിലത്ത്ഉണക്കി ഈര്‍പ്പത്തിന്‍റെ അളവ് 10% ല്‍ നിലനിറുത്തിയ ശേഷം വിപണനം ചെയ്യാം. ഒരു ഹെക്ടറില്‍ നിന്ന് 23 ടണ്‍ കിഴങ്ങും അതിനെ ഉണക്കിയാല്‍ 23%ഉണക്കകിഴങ്ങും ലഭിക്കും.
സംസ്കരണം
പുതിയ കിഴങ്ങുകള്‍ നീരാവി ഉപയോഗിച്ച് 3 - 5 മണിക്കൂര്‍ വാറ്റി എണ്ണ എടുക്കാം. 0.22% എണ്ണ ഇപ്രകാരം ലഭിക്കും. ഉണങ്ങിയ കിഴങ്ങില്‍ നിന്ന് 0.93% എണ്ണ ലഭിക്കും. വേരില്‍ നിന്നും ഇപ്രകാരം എണ്ണ ലഭിക്കും.

നീല അമരി (നീലി) (ഇന്‍ഡിഗോഫെറ ടിന്‍ക്ടോറിയ)


നീലി തലമുടി വളരാനായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ്. ഇവയ്ക്ക് വിഷാംശത്തെ ഇല്ലായ്മ ചെയ്യാനുള്ള കഴിവുള്ളതിനാല്‍ വിഷബാധയ്ക്കെതിരെ ഈ ഔഷധം ഉപയോഗിക്കുന്നു. ഈ ചെടിയുടെ ഇലകള്‍ ഒരു പ്രധാന ഔഷധവും നീലിഭൃംഗാദിയുടെ ഉത്പാദനത്തിലെ ഒരു പ്രധാന അവശ്യവസ്തുവുമാണ്.
നിലമൊരുക്കല്‍
നിലം നന്നായി 2-3 തവണ ഉഴുത് നല്ല പരുവത്തിലാക്കണം.
വിത്തും വിതയ്ക്കലും
വിത്ത് തീരെ ചെറുതും, കനം കുറഞ്ഞതുമാണ്. ഒരു ഹെക്ടര്‍ സ്ഥലത്തേയ്ക്ക് 3 കിലോഗ്രാം വിത്ത് ആവശ്യമാണ്. വിത്തിന് നല്ല കട്ടിയുള്ള ആവശ്യമുള്ളതിനാല്‍ നടുന്നതിനു മുന്‍പ് വിത്ത് മണലുമായി കൂട്ടിക്കലര്‍ത്തി മൃദുവായി ഉരയ്ക്കണം. ഇങ്ങനെ ചെയ്ത് കട്ടിയുള്ള ആവരണത്തെ പൊട്ടിക്കാവുന്നതാണ്. അല്ലെങ്കില്‍ വിത്തിനെ തിളയ്ക്കുന്ന വെള്ളത്തില്‍ ഒരു നിമിഷം മുക്കി എടുക്കുന്നതാണ് മറ്റൊരു രീതി. ഈ പ്രക്രിയയ്ക്കുശേഷം വിത്ത് വിതയ്ക്കാം. ഇങ്ങനെ വിതയ്ക്കുന്ന വിത്ത് അതിന്‍റെ അളവിന്‍റെ 2-3ഇരട്ടിമണലുമായി കൂട്ടി കലര്‍ത്തണം. ഒരേ രീതിയില്‍ വിത്തുകള്‍ തടത്തില്‍ പതിക്കാനിതു സഹായിക്കും. ഈ വിത്ത് ഒരാഴ്ചയ്ക്കുള്ളില്‍ മുളയ്ക്കും.
നടീല്‍ സമയം
സെപ്തംബര്‍-ഒക്ടോബര്‍ മാസമാണ് നടീലിന് ഉത്തമം.
മറ്റ് പരിചരണ മാര്‍ഗ്ഗങ്ങള്‍
2 പ്രാവശ്യം (മൂന്നാമത്തെ ആഴ്ചയിലും, 6-ാമത്തെ ആഴ്ചയിലും കളകള്‍ നീക്കണം.
വിളവെടുപ്പ്
വിത്ത് വിതച്ച് 2-3 മാസമാവുന്പോള്‍ ചെടി പുഷ്പിക്കും. ഈ അവസരത്തില്‍ ചെടികള്‍ തറനിരപ്പില്‍ നിന്ന് 10 സെന്‍റിമീറ്റര്‍ ഉയരത്തില്‍ മുറിച്ചെടുക്കണം. ചെടി മുറിച്ചെടുത്ത ശേഷം ജലസേചനം നല്‍കണം. പിന്നിട് 1.5 - 2മാസത്തെ ഇടവേളകളില്‍ ഇത്തരത്തില്‍ വിളവെടുക്കാം. വളര്‍ച്ചയ്ക്കനുസരിച്ച് ഒരു വര്‍ഷം 4 - 5 പ്രാവശ്യം വിളവെടുപ്പ് നടത്താവുന്നതാണ്.
വിത്ത് ശേഖരിക്കല്‍
വിളവെടുക്കുന്പോള്‍ കുറച്ച് ചെടികള്‍ വിത്ത് ശേഖരിക്കാനായി മാറ്റി നിര്‍ത്തണം. വിളഞ്ഞ കായ്കള്‍ രാവിലെ ശേഖരിച്ച് ഉണക്കിയെടുക്കണം. കായ്കള്‍ പൊട്ടി വിത്ത് നശിച്ചു പോകാതിരിക്കാന്‍ ഇത് സഹായിയ്ക്കും.
കീടങ്ങള്‍
സൈലിഡ് (അരിറ്റെയിന പക്ടിപെന്നിസ് ) എന്ന കീടം ചെടിയുടെ മുകളിലത്തെ തണ്ടുകളെ ആക്രമിക്കുകയും അതു കാരണം ചെടിയുടെ അഗ്രഭാഗം വളഞ്ഞ് ചെടിയുടെ ഇലകളും തണ്ടും വളഞ്ഞ് തൂങ്ങുന്നു. ക്രമേണ ചെടി വാടി നശിക്കുകയും ചെയ്യും.

യൂക്കാലിപ്റ്റസ് (യൂക്കാലിപ്റ്റസ് സിട്രിഡോറ)


യൂക്കാലിപ്റ്റസ് ഉഷ്ണമേഖലാപ്രദേശത്തും, സമശീതോഷ്ണപ്രദേശത്തും നന്നായി വളരുന്നു. ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പവും, ധാരാളം മഴയും യൂക്കാലിപ്റ്റസിന്‍റെ നല്ല വളര്‍ച്ചയ്ക്ക് പ്രേരകങ്ങളാവുന്നു. വിവിധ തരത്തിലുളള മണ്ണില്‍ ഇവ നന്നായി വളരും. യൂക്കാലിപ്റ്റസില്‍ നിന്നെടുക്കുന്ന എണ്ണ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണത്തിനും, സോപ്പ്, ഹെയര്‍ ഓയില്‍ എന്നിവയുടെ നിര്‍മ്മാണത്തിനും, മെന്‍ന്തോള്‍ എന്ന പദാര്‍ത്ഥത്തിന്‍റെ നിര്‍മ്മാണത്തിനുളള അസംസ്കൃത വസ്തുവായും ഉപയോഗിക്കുന്നു.
നിലമൊരുക്കല്‍
നിലമൊരുക്കുന്പോള്‍ കാടുകള്‍ വെട്ടിമാറ്റി 45ഃ45ഃ45 സെന്‍റീമീറ്റര്‍ വലിപ്പത്തിലുളള കുഴികള്‍ 2ഃ2 മീറ്റര്‍ അകലത്തില്‍ നടുന്നതിന് ഒരു മാസം മുന്‍പ് എടുത്ത് അതിലാണ് തൈകള്‍ നടുന്നത്. തൈകള്‍ നട്ടതിനു ശേഷം കുഴികള്‍ നന്നായി മണ്ണിട്ട് നിറയ്ക്കണം. ഇത് വെളളക്കെട്ട് ഒഴിവാക്കും.
നടീല്‍
4-5 മാസം പ്രായമുളള തൈകള്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷാരംഭത്തോടെ കുഴികളില്‍ നടുന്നു. കുഴികളില്‍ വെളളം കെട്ടിനില്‍ക്കാതിരിക്കാനായി കുഴികള്‍ മണ്ണിട്ട് മൂടി മേല്‍ ഭാഗം കൂന രൂപത്തിലാക്കണം.
വളപ്രയോഗം
വളപ്രയോഗം സാധാരണയായി നടത്താറില്ല. എന്നിരുന്നാലും അമോണിയം ഫോസ്ഫേറ്റ് 400 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ് 60 ഗ്രാം പൊട്ടാഷ് 25 ഗ്രാം ഒരു ചെടിക്ക് എന്ന തോതില്‍ മൂന്നാം വര്‍ഷം മുതല്‍ ഓരോ വര്‍ഷവും ആഗസ്റ്റ് മാസം നല്‍കണം. ഇത് ഇലയുടെ അളവ് കൂട്ടും.
മറ്റ് പരിചരണ മാര്‍ഗ്ഗങ്ങള്‍
ആദ്യ വര്‍ഷം രണ്ടു ദിശയിലുമുള്ള വരികളിലും കൃഷി ചെയ്യണം ഇത് കളകളെ നിയന്ത്രിക്കാന്‍ സഹായിക്കും. തൈകളുടെ ചുറ്റുമുള്ള കളകള്‍ കൈകള്‍ കൊണ്ട് പറിച്ചുകളയണം. ആദ്യത്തെ 4 വര്‍ഷക്കാലം, കൈതച്ചക്ക, ചേന, പച്ചക്കറി എന്നിവ ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്. കൂടാതെ കോഫി, ലെമണ്‍ഗ്രസ്, പാല്‍മറോസ എന്നിവയും ഇടവിളയായി കൃഷി ചെയ്യും.
വിളവെടുപ്പും സംസ്കരണവും
2-ാം വര്‍ഷക്കാലം മുതല്‍ വശങ്ങളിലെ ശിഖരങ്ങള്‍ മുറിച്ചു മാറ്റണം. 3-4വര്‍ഷത്തില്‍ മുഖ്യശിഖരം 2 മീറ്റര്‍ ഉയരത്തില്‍ മുറിച്ചു മാറ്റണം. അതിനു ശേഷം ഓരോ അര്‍ദ്ധ വര്‍ഷത്തിലും ഈ രീതി തുടരണം. ആ സമയം ഒരു ശിഖരം മാത്രമേ നിലനിറുത്താവൂ. യുക്കാലി എണ്ണ എടുക്കുന്നത് നീരാവി ഉപയോഗിച്ച് വാറ്റിയാണ്. ഇതിന് ഏകദേശം 2 മണിക്കൂര്‍ സമയം എടുക്കും. ഇലയുടെ തൂക്കത്തിന്‍റെ 1.5-1.8ശതമാനം വരെ എണ്ണ ലഭിക്കും. വാറ്റാതെ പ്രക്രിയയ്ക്കു മുന്‍പായി ഇലകളെ 24മണിക്കൂര്‍ നേരം തണലത്തു വാട്ടിയെടുക്കുന്നത് എണ്ണയുടെ അളവ് കൂട്ടും.

കസ്തൂരി മഞ്ഞള്‍ (കുര്‍കുമാ അരോമാറ്റിക)


കിഴങ്ങോടു കൂടിയ ഒരു ഔഷധ സസ്യമാണ് കസ്തൂരി മഞ്ഞള്‍. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ധാരാളമായി ഉപയോഗിക്കുന്നു. രക്തദൂഷ്യം കാരണമുള്ള ത്വക് രോഗങ്ങള്‍ ഭേദമാക്കാനും ഇവ ഉപയോഗപ്പെടുത്തുന്നു. പ്രസവശേഷം സ്ത്രീകള്‍ക്ക് ദഹന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും, ടോണിക്കായും നല്‍കാറുണ്ട്. ഉയര്‍ന്ന പനി, വിരശല്യം എന്നിവ ചികിത്സിക്കാനും ഈ ചെടി ധാരാളമായി ഉപയോഗിക്കുന്നു.
കാലാവസ്ഥയും മണ്ണും.
തെക്കു കിഴക്കന്‍ ഏഷ്യാ ഭൂഖണ്ഡത്തില്‍ ധാരാളമായി കാണപ്പെടുന്നു. കിഴക്കന്‍ ഹിമാലയ സാനുക്കളിലും, കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും നനവുള്ളതായ ഇല പൊഴിയും കാടുകളിലും ഇവ കാണാം. അടുക്കള ത്തോട്ടത്തില്‍ ഒരു അധിക വിളയായി ഇവ കൃഷി ചെയ്യുന്നു. നല്ല നീര്‍വാഴ്ചയുള്ള എക്കല്‍മണ്ണ് കൃഷിക്ക് യോജിച്ചതാണ്.
വംശവര്‍ദ്ധന
കിഴങ്ങുകള്‍ ഉപയോഗിച്ചും, ടിഷ്യുകള്‍ച്ചര്‍ രീതി വഴിയും വംശവര്‍ദ്ധനനടത്താം.
ഇനങ്ങള്‍
പ്രദേശിക ഇനങ്ങളാണ് കൂടുതലായും കൃഷി ചെയ്യുന്നത്.
നിലമൊരുക്കല്‍
കാട്, പടപ്പ് ഇവ വെട്ടി തെളിച്ച് മണ്ണില്‍ നിന്നും കല്ലുകളും, പാറകളും മാറ്റി നന്നായി ഉഴുത് നടാന്‍ പരുവത്തിലാക്കിയെടുക്കണം. അടിവളമായി 10-15 ടണ്‍ ജൈവവളം നല്‍കണം. 1-2 മീറ്റര്‍ വീതിയിലും സൗകര്യാര്‍ത്ഥത്തിലുള്ള നീളത്തിലും, ഉയര്‍ന്ന തടങ്ങളില്‍ കിഴങ്ങുകള്‍ നടാവുന്നതാണ്.
വിത്ത്
നല്ല ആരോഗ്യമുള്ളതും, രോഗബാധയില്ലാത്തതും കുറഞ്ഞത് ആരോഗ്യമുള്ള മുളച്ച ഒരു മുളയോടു കൂടിയതുമായ മാതൃകിഴങ്ങുകള്‍ നടാനുപയോഗിക്കാം. ഒരു ഹെക്ടറിന് 1500 കിലോ കിഴങ്ങ് ആവശ്യമാണ്.
നടീല്‍
60*40 സെന്‍റിമീറ്റര്‍ അകലത്തില്‍ ചെറുകുഴികളെടുത്ത് അതില്‍ കിഴങ്ങ് നടണം. നടുന്പോള്‍ മുള മുകളിലേയ്ക്ക് ആയിരിക്കണം. നട്ടതിനുശേഷം ജൈവവളമുപയോഗിച്ച് കുഴി മൂടണം. ഇതിനുമുകളില്‍ ഇലകളോ, വയ്ക്കോലോ ഉപയോഗിച്ച് പുതയിടണം.
വളപ്രയോഗം
ഒരു ഹെക്ടറിന് 100:50:50 കിലോ ഗ്രാം പാക്യജനകം: ഭാവകം : ക്ഷാരം എന്നിവ നല്‍കണം. മുഴുവന്‍ ഭാവകവും അടിവളമായും, പാക്യജനകം, ക്ഷാരം എന്നിവ രണ്ടുതവണകളായി നടുന്പോഴും, നട്ട് 2 മാസത്തിനു ശേഷവും നല്‍കണം.
മറ്റ് പരിചരണ മാര്‍ഗ്ഗങ്ങള്‍
ഒരു മാസത്തിനകം ആവശ്യമെങ്കില്‍ നശിച്ചുപോയ കുഴികളില്‍ പുതിയ കിഴങ്ങുകള്‍ നടണം. 2 മാസത്തിനുശേഷം കളകള്‍ മാറ്റി, മേല്‍വളം നല്‍കുകയും മണ്ണിളക്കുകയും ചെയ്യണം. കൂടാതെ പുതയിടീല്‍ നടത്തണം.
സസ്യസംരക്ഷണം
സാധാരണയായി രോഗകീടബാധകള്‍ ഈ ചെടിയില്‍ കാണാറില്ല.
വിളവെടുക്കലും വിളവും
നട്ട് 7-ാം മാസം വിളവെടുക്കാം. ഇലകള്‍ ഉണങ്ങി തുടങ്ങുന്നതാണ് വിളവെടുക്കാനുള്ള ലക്ഷണം. കിഴങ്ങുകള്‍ ശ്രദ്ധാപൂര്‍വ്വം കുഴിച്ചെടുത്ത് വൃത്തിയാക്കി സൂക്ഷിക്കണം. കിഴങ്ങുകള്‍ ഉടനെയോ, ഉണക്കിയോ വിപണനം നടത്താം. ഒരു ഹെക്ടറില്‍ നിന്ന് 28 ടണ്‍ പച്ച കിഴങ്ങും, ഇവയില്‍ നിന്ന് 27%ഉണക്കകിഴങ്ങും ലഭിക്കും.
സംസ്കരണം
കിഴങ്ങുകള്‍ ചെറുകക്ഷണങ്ങളാക്കി മുറിച്ച് നീരാവിയില്‍ 3-4 മണിക്കൂര്‍ വാറ്റി എണ്ണ വേര്‍തിരിച്ചെടുക്കാം. ഒരു ഹെക്ടറില്‍ നിന്ന് ഇപ്രകാരം 90 ലിറ്റര്‍ എണ്ണ ലഭിക്കും. പച്ചകിഴങ്ങില്‍ നിന്ന് 0.33% എണ്ണ ലഭിക്കും. ഉണക്കിയ കിഴങ്ങില്‍ നിന്ന്1.05% എണ്ണയും ലഭിക്കും.

ചെങ്കഴിനീര്‍ കിഴങ്ങ് (കാംഫേറിയ റൊട്ടുന്‍റ)


പ്രധാന ഇനങ്ങള്‍
നല്ല സുഗന്ധത്തോടു കൂടിയ കിഴങ്ങുള്ള ഒരു ഔഷധ സസ്യമാണ് ചെങ്കഴിനീര്‍ കിഴങ്ങ്. ഇതിന്‍റെ കിഴങ്ങുകള്‍ മനുഷ്യ ശരീരത്തിലെ മുഴകള്‍, വീക്കങ്ങള്‍, മുറിവുകള്‍ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനും ശരീരത്തിലെ അന്യ പദാര്‍ത്ഥങ്ങളുടെ പുറംതള്ളല്‍ സഹായിക്കാനും ഔഷധമായി ഈ ചെടി ഉപയോഗപ്പെടുത്തുന്നു. \'ച്യവനപ്രാശം\'എന്ന ആയൂര്‍വേദക്കൂട്ടില്‍ ഇതിന്‍റെ കിഴങ്ങുകള്‍ ഒരു ചേരുവയാണ്. ഉറക്കമില്ലായ്മ, വായുകോപം, എന്നിവയുടെ ചികിത്സയ്ക്കും കുടാതെ മുഖരാഗം വര്‍ദ്ധിപ്പിക്കുന്നതിനും ഈ കിഴങ്ങ് ഉപയോഗിക്കുന്നു.
കാലാവസ്ഥയും മണ്ണും
ഏഷ്യ, ആഫ്രിക്ക എന്നി ഭൂഖണ്ഡങ്ങളിലെ ഉഷ്ണ മേഖലാ, സമശീതോഷ്ണ മേഖലാ പ്രദേശങ്ങളില്‍ ഇവ കാണപ്പെടുന്നു. ദക്ഷിണ ഇന്ത്യയിലെ നനവുള്ളതും, അന്തരീക്ഷ ഈര്‍പ്പം കൂടിയതുമായ കാടുകളില്‍ വന്യമായി വളരുന്നു. കൂടാതെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്. നനവുള്ള എക്കല്‍ മണ്ണ് ഈ ചെടിയുടെ കൃഷിയ്ക്ക് യോജിച്ചതാകുന്നു.
വംശവര്‍ദ്ധന
കിഴങ്ങുകള്‍ ഉപയോഗിച്ചും, ടിഷ്യുകള്‍ച്ചര്‍ വഴിയും വംശവര്‍ദ്ധന നടത്താം.
ഇനങ്ങള്‍
നിലവില്‍ പ്രാദേശിക ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.
നടീല്‍ സമയം
മേയ് - ജൂണ്‍ മാസത്തില്‍ ആദ്യത്തെ 4 - 5 മഴയ്ക്കു ശേഷം നടാവുന്നതാണ്.
നിലമൊരുക്കല്‍
നിലം നന്നായി ഉഴുത് നല്ല പരുവത്തിലാക്കണം. ഒരു ഹെക്ടറിന് 10 - 15ടണ്‍ ജൈവവളം ചേര്‍ക്കണം. സൗകര്യാര്‍ത്ഥത്തിലുള്ള നീളത്തിലും 1 മീറ്റര്‍ വീതിയിലും ഉയര്‍ന്ന തടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ നടണം.
വിത്ത്
10 - 15 ഗ്രാം തൂക്കമുള്ള കിഴങ്ങു കഷണങ്ങള്‍ നടാനുപയോഗിക്കാം. 1ഹെക്ടര്‍ സ്ഥലത്തേക്ക് 2500 - 3000 കിലോ കിഴങ്ങ് ആവശ്യമാണ്. ആരോഗ്യമുള്ള മുള ഉണ്ടാകുന്നതിനായി 2 - 3 ആഴ്ച കിഴങ്ങുകള്‍ പുകയ്ക്കുന്നത് നല്ലതാണ്. കിഴങ്ങുകള്‍ തറയില്‍ കുഴി എടുത്ത് ഗ്ളൈകോസ്മിസ് പെന്‍റഫൈലയുടെ ഇലയില്‍ പൊതിഞ്ഞ, അതിനു മുകളില്‍ നിരത്തിയോ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഈ കുഴികള്‍ ഓല മടലുകള്‍ കൊണ്ട് നന്നായി മൂടണം.
നടീല്‍
20 സെന്‍റിമീറ്റര്‍ അകലത്തില്‍ കിഴങ്ങുകള്‍ തടങ്ങളില്‍ നടണം. കുറഞ്ഞത് ആരോഗ്യമുള്ള ഒരു മുളയെങ്കിലും ഉള്ള കിഴങ്ങുകള്‍ മുഴുവനായോ, കഷണങ്ങളായോ 5 സെന്‍റിമീറ്റര്‍ ആഴമുള്ള ചെറിയ കുഴികളില്‍ മുള മുകളിലേയ്ക്ക് വരുന്ന രീതിയില്‍ നടണം. ഈ കുഴികള്‍ കാലിവളം കൊണ്ട് മൂടണം.
പുതയിടീല്‍
തടങ്ങളില്‍ നല്ല കനത്തില്‍ പച്ചില അല്ലെങ്കില്‍ വയ്ക്കോല്‍ ഉപയോഗിച്ച് പുതയിടണം. ഇതിനായി ഒരു ഹെക്ടറിന് 15 ടണ്‍ ഇല/വയ്ക്കോല്‍ ആവശ്യമാണ്. ഈ പ്രക്രിയ വീണ്ടും 2 മാസത്തിനുശേഷം തുടരുകയും അതിനോടൊപ്പം കളമാറ്റലും, മേല്‍വളം നല്‍കുകയും ചെയ്യണം.
വളപ്രയോഗം
വളക്കൂറുള്ള മണ്ണില്‍ വളപ്രയോഗം ഒഴിവാക്കാം. ഫലഭൂയിഷ്ഠമല്ലാത്ത മണ്ണില്‍ ഒരു ഹെക്ടറിന് 50:50:50 കിലോഗ്രാം പാക്യജനകം : ഭാവകം : ക്ഷാരം എന്നിവ നല്‍കണം. മുഴുവന്‍ ഭാവകവും അടിവളമായും, പാക്യജനകം, ക്ഷാരം എന്നിവ 2 - 3 തവണകളായും നല്‍കണം.
മറ്റ് പരിചരണ മാര്‍ഗ്ഗങ്ങള്‍
കളകള്‍ മാറ്റി, ജൈവവളം, രാസവളം എന്നിവ നല്‍കുന്നതിനൊപ്പം മണ്ണ് ഇളക്കുകയും വേണം. ഇവ നടീല്‍ കഴിഞ്ഞ് 2, 4 മാസങ്ങളില്‍ നടത്തുകയും ഒപ്പം പുതയിടിലും നടത്തണം.
സസ്യ സംരക്ഷണം
മഴക്കാലത്ത്, കിഴങ്ങ് ചീയല്‍ സാധാരണമാണ്. ഇത് നിയന്ത്രിക്കാനായി 1% ബോര്‍ഡോമിശ്രിതം തടങ്ങളില്‍ ഒഴിക്കണം.
വിളവെടുക്കലും വിളവും
ചെടി 7 - 8 മാസത്തില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തും. ഇലകള്‍ ഉണങ്ങുന്നതാണ് പൂര്‍ണ്ണവളര്‍ച്ചയെത്തുന്നതിന്‍റെ ലക്ഷണം. കിഴങ്ങുകള്‍ ശ്രദ്ധാപൂര്‍വ്വം കുഴിച്ചെടുത്ത് ഉണങ്ങിയ ഇലകള്‍ മാറ്റി വൃത്തിയാക്കണം. ഈ കിഴങ്ങുകള്‍ ഉടനെ വിപണനം നടത്താം. ദീര്‍ഘകാലം സൂക്ഷിക്കുന്നത് കീടരോഗബാധയുണ്ടാകാന്‍ കാരണമാകും. ഒരു ഹെക്ടറില്‍ നിന്ന് 12 - 15 ടണ്‍ കിഴങ്ങു ലഭിക്കും. ഇവയില്‍ നിന്ന് 27 - 30% ഉണക്ക കിഴങ്ങ് ലഭിക്കും.

ചെത്തികൊടുവേലി (പുലംബാഗോ റോസിയേ)


വളരെ ആകര്‍ഷകവും നേരെ ലംബമായി വളരുന്നതുമായ ഒരു കുറ്റിച്ചെടിയാണ് ചെത്തികൊടുവേലി. വേരുകള്‍ നീളമുളള കിഴങ്ങു പോലെ വളരുന്നു. പൂക്കള്‍ക്ക് നല്ല ചുവപ്പു നിറവും അവ നീളമുളള തണ്ടുകളില്‍ കാണപ്പെടുകയും ചെയ്യുന്നു. വേരും, കിഴങ്ങുകളുമാണ് ഔഷധഗുണമുളള പ്രധാന ഭാഗങ്ങള്‍. വിവിധ ത്വക്ക് രോഗങ്ങള്‍ക്കും, ലൂക്കോഡോര്‍മ്മ എന്ന രോഗത്തിനും ഒരു പ്രതിവിധിയാണ് ഈ ഔഷധച്ചെടി. ഇതിന്‍റെ ഔഷധത്തിന് തീയുടെ പര്യായമായ അഗ്നി, അനല എന്നിങ്ങനെ പേരു നല്കിയിട്ടുണ്ട്. ഈ ഔഷധത്തിന് ത്വക്കില്‍ പൊളളലുപോലുളള അവസ്ഥ ഉണ്ടാക്കാനുളള ശക്തിയുളളതിനാലാണിത്. അതിനാല്‍ ഈ ചെടി ഔഷധമായി നന്നായി സംസ്ക്കരണം നടത്തി ശുദ്ധീകരിച്ച ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുളളൂ. വേരില്‍ പ്ളംബാജിന്‍ എന്ന ഘടകമുന്ട്. ഇവയാണ് ഔഷധ ഗുണത്തിന് അടിസ്ഥാനം.
നടീല്‍ വസ്തു
തണ്ടില്‍ ഒന്നോ രണ്ടോ അല്ലെങ്കില്‍ മൂന്നു മുട്ടുകളുളള കഷണങ്ങളാണ് നടാന്‍ ഉപയോഗിക്കുന്നത്. ഈ തണ്ടുകള്‍ 1 മീറ്റര്‍ വീതിയിലും സൗകര്യാര്‍ത്ഥമുളള നീളത്തിലും തയ്യാറാക്കിയ തടങ്ങളില്‍ നട്ട് വേര് പിടിപ്പിച്ചാണ് നടാനുപയോഗിക്കുന്നത്.
നിലമൊരുക്കല്‍
രണ്ടോ മൂന്നോ പ്രാവശ്യം നിലം നന്നായി ഉഴുത് മണ്ണ് നല്ല പരുവത്തിലാക്കിയെടുക്കണം. അതിനു ശേഷം 30 സെന്‍റീമീറ്റര്‍ ഉയരത്തിലും 50സെന്‍റീ മീറ്റര്‍ അകലത്തിലും തടങ്ങളെടുത്ത് അതില്‍ 15 സെന്‍റീമീറ്റര്‍ 2-3 മാസം പ്രായമുളള വേരുകള്‍ പിടിപ്പിച്ച തണ്ടുകള്‍ ജൂണ്‍ - ജൂലൈ മാസത്തില്‍ വേരുകള്‍ പിടിപ്പിച്ച തണ്ടുകള്‍ നടാവുന്നതാണ്.
വളപ്രയോഗം
കന്പോസ്റ്റ് അഥവാ ജൈവവളം 10 ടണ്‍ ഒരു ഹെക്ടറിന് അടിവളമായി നല്‍കണം. ഒരു ഹെക്ടറിന് 50:50:50 കിലോഗ്രാം പാക്യജനകം, ഭാവകം, ക്ഷാരം എന്നിവ നല്‍കേണ്ടതാണ്. മുഴുവന്‍ ഭാവകവും അടിവളമായും പാക്യജനകം, ക്ഷാരം എന്നിവ രണ്ടു തവണകളായി 2 മാസവും നല്‍കണം.
മറ്റ് പരിചരണ മാര്‍ഗ്ഗങ്ങള്‍
2-3 തവണ കളകള്‍ മാറ്റണം. മേല്‍വളം നല്‍കുന്ന 2 അവസരത്തിലും മണ്ണ് ഇളക്കി കൊടുക്കണം.
വിളവെടുപ്പ്
നട്ട് 18 മാസമാകുന്പോള്‍ വിളവെടുക്കണം. മണ്ണ് കുഴിച്ച് വേരും, കിഴങ്ങും എടുത്ത് നന്നായി കഴുകി വൃത്തിയാക്കി വിപണനം നടത്താം

എരുക്ക്

സാധാരണയായി ആറടി മുതൽ എട്ടടി വരെഉയരത്തിൽ കാണപ്പെടുന്ന എരുക്ക് കുറ്റിച്ചെടി

വിഭാഗത്തിൽ പെടുന്നു. ഇലകൾ ഏകദേശം ആറിഞ്ചുനീളവും മൂന്നിഞ്ച് വീതിയും കാണുന്നു.

ഇലകളുടെ കോണിൽ നിന്നുമാണു പുഷ്പങ്ങൾഉണ്ടാകുന്നത്, പൂക്കളുടെ ഉൾഭാഗത്ത് ചുവപ്പും

പുറത്ത് വെളുപ്പും നിറം കാണപ്പെടുന്നു. കറയുള്ള ചെടിയായ എരുക്കിന്റെ ബീജം കറുപ്പ് നിറമുള്ളതും കാറ്റത്ത് പറന്നു നടക്കുന്നതുമാണു. കുട്ടികളുടെ പ്രിയ തോഴനായ അപ്പൂപ്പൻ താടിയാണു ഇതിന്റെ ബീജം. വസന്തത്തിൽ പൂക്കുകയും ഗ്രീഷ്മത്തിൽ കായ്കളുണ്ടാവുകയും ചെയ്യുന്ന എരിക്ക് പൂവിന്റെ നിറഭേദമനുസരിച്ച് രണ്ടു തരത്തിൽ കാണപ്പെടുന്നു. ചുവന്നതും വെളുപ്പും.

ഔഷധ ഉപയോഗങ്ങൾ.

ഇത് വാതഹരവും, ദീപനവും ഉഷ്ണവും കൃമികളെ നശിപ്പിക്കുന്നതുമാണു, നീര്, ചൊറി, കുഷ്ട വൃണം, പ്ലീഹരോഗം എന്നിവയ്ക്കും വളരെ നല്ലതാണ്. സിദ്ധവൈദ്യത്തിലെ നീറ്റുമുറകളിൽ, എരിക്കിൻ പാൽ ഉപയോഗിക്കുന്നുണ്ട്. പെരുകാൽ, ആമവാതം, എന്നിവയ്ക്ക് എരുക്കില ചൂടാക്കി വെച്ച് കെട്ടുകയും, എരുക്കിൻ നീരിൽ നിന്നും കാച്ചിയെടുത്ത തൈലം തേയ്ക്കുകയും ആവാം.

ചെവി വേദനയ്ക്കു ചെവിയിൽ ഒഴിച്ചാൽ ശമനം കിട്ടും. വൃണങ്ങൾ ഉണങ്ങുവാൻ ഇലയുടെ ചൂർണം തേയ്ക്കുന്നതും നല്ലതാണ്. ഗണ്ഡമാല, മുഴകൾ എന്നിവയ്ക്ക് എരുക്കിന്റെ പാല് ലേപനം ചെയ്യണാം. പല്ല് വേദനക്ക് പഞ്ഞിയിൽ മുക്കി വേദനയുള്ളിടത്ത് വെക്കുക. സർപ്പ വിഷത്തിൽ, എരുക്കിൻ വേരിന്റെ നീര് കുരുമുളക് ചൂർണം ചേർത്ത് സേവിപ്പിക്കാം.

എരുക്കിന്റെ പൂവ് : വാതം, കഫം, കൃമി, കുഷ്ടം, ചൊറി, വിഷം, വൃണം, പ്ലീഹരോഗങ്ങൾ, കരൾ രോഗങ്ങൾ, രക്തപിത്തം, അർശസ്, മഹോദരം, വീക്കം, എലിവിഷം, പേപ്പട്ടി വിഷം ഇവയെ ശമിപ്പിക്കും. സുശ്രുത മതമനുസരിച്ച് കഫ പിത്തങ്ങളെ ശമിപ്പിക്കും.

കറ : വിശേഷിച്ച് അർശസ്, കൃമി, കുഷ്ടം, മഹോദരം ഇവയെ ശമിപ്പിക്കും. വയറിളക്കാൻ വളരെ നല്ലതാണ്. ഇല ചെവിവേദന ഇല്ലാതെയാക്കുന്നു.

വേര്: കഫം, വായുമുട്ടൽ, ചുമ, അതിസാരം, പീനസം, പ്രവാഹിക, രക്തപിത്തം, ശീതപിത്റ്റ്ഹം, ഗ്രഹണി, വേദനയോടു കൂടിയ യോനി രക്ത സ്രാവം, തേള് മുതലായവയുടെ വിഷം ഇവയേയും കഫജങ്ങളായ മറ്റെല്ലാ രോഗങ്ങളെയും ശമിപ്പിക്കുന്നു.05

തെങ്ങ്

തെങ്ങിന്‍റെ എല്ലാ ഭാഗങ്ങളും നമുക്ക് പ്രയോജനപ്പെടുന്നതിനാലാവാം നാം അതിനെ കല്‍പ്പവൃക്ഷം എന്ന് വിളിക്കുന്നത്.തെങ്ങ് വാതത്തെയും പിത്തതേയും നശിപ്പിക്കും.തെങ്ങിന്‍കൂംപ് ശര്‍ക്കര കൂട്ടി കഴിച്ചാല്‍ സ്ത്രീകളുടെ വെളളപോക്ക് എന്ന അസുഖം ശമിക്കും.ഉപ്പ് കൂട്ടാന്‍ പാടില്ലാത്ത രോഗികളുടെ ശരീരത്തിലെ ഉപ്പിന്‍റെ ദൌര്‍ലഭ്യം പരിഹരിക്കാന്‍ കരിക്കിന്‍വെളളത്തിന് കഴിവുണ്ട്.മുറിവ് കരിക്കാന്‍ വെളിച്ചെണ്ണയുടെ കഴിവ് ഒന്ന് വേറേതന്നേയാണ്.തെങ്ങിന്‍വേരും അശോകത്തൊലിയും കൂടി കഷായം വച്ച് കഴിയ്ക്കുന്നത് ഗര്‍ഭോത്പാദനത്തിന് സഹായകരമാണ്.തെങ്ങിന്‍റെ മടല് കത്തിച്ച ചാരം കഴിക്കുന്നത് ആമാശയാര്‍ബുദത്തിന് ഫലപ്രദമാണ്പോലും.

അമൃത്

മരണത്തെ ഇല്ലാതാക്കുന്നത് എന്താണോ അതാണ് അമൃത്.ചിററമൃത്,കാട്ടമൃത് എന്നിങ്ങനെ രണ്ടുതരം അമൃത് ഉണ്ട്.അമൃതിന്‍റെ തണ്ടാണ് ഔഷധമായ് ഉപയോഗിക്കുന്നത്.അമൃതിന് പനിയെ കെടുത്തുവാന്‍ അസാമാന്യശേഷിയുണ്ട്.അമൃതോത്തരം കഷായത്തില്‍ വെട്ടുമാറന്‍ഗുളിക ചേര്‍ത്ത് കഴിയ്ക്കുന്നത് പനിയെ മെരുക്കാന്‍ ഉത്തമമാണ്.അമൃത് ചതച്ച് കഷായം ആക്കി സേവിച്ചാല്‍ മഞ്ഞപിത്തം,ചുമ,ഛര്‍ദ്ദി മുതലായ അസുഖങ്ങള്‍ ഭേദമാവും.അമൃത് രക്തശുദ്ധിയുണ്ടാക്കുന്നതിനാല്‍ ത്വക് രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.വൃക്കരോഗത്തിന് അമൃതിന്‍നീര് 15മി.ലി രാവിലെയും വൈകിട്ടും സേവിക്കുന്നത് ഗുണകരമാണ്.പ്രമേഹത്തിന് അമൃത്,നെല്ലിക്ക ഇവയുടെ നീരില്‍ മഞ്ഞള്‍പ്പൊടിചേരത്ത് കഴിക്കാം.അമൃത് ചതച്ചിട്ട് ഒരു രാത്രി വെച്ച വെള്ളം അല്പം മഞ്ഞള്‍പൊടി ചേര്‍ത്തു കുടിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം.അമൃതിന്‍റെ നൂറ് എടുത്ത് കൊടുവേലി കഷായത്തില്‍ കുറുക്കി മെഴുക്കാക്കി 2ഗ്രാം വീതം കഴിച്ചാല്‍ പ്രമേഹം മാറും എന്ന് സിദ്ധവൈദ്യം പറയുന്നു.
അമൃത് അധിക അളവ് ഉളളില്‍ ചെന്നാല്‍ ഛര്‍ദ്ദിയുണ്ടാവാം.ചിററമൃതിന്‍ കഷായം ചിലതരം ക്യാന്‍സറുകള്‍ ഭേദമാക്കുമത്രെ.അമൃതിന്‍റെ തണ്ടിലുളള മൊരി ചുരണ്ടി കളഞ്ഞശേഷം ആണ് ഉപയോഗിക്കൂന്നത്.അമൃതാരീഷ്ടം,ഗുളുച്യാദി തൈലം തുടങ്ങിയ യോഗങ്ങളിലെ മുഖ്യചേരുവ അമൃതാണ്.

ശതാവരി

അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്ന സൂചന നല്‍കുന്നു. അസ്പരാഗസ് റസിമോസസ് (Asparagus Racemosus Wild) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ശതാവരി ലല്ലിയേസി കുടുംബത്തില്‍ പെട്ടതാണ്. ഇംഗ്ലീഷില്‍ അസ്പരാഗസ് (Asparagus) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ശതാവരി, നാരായണി, സഹസ്രമൂലി എന്നൊക്കെയാണ് ഇതിന്റെ സംസ്കൃതനാമം. ഇലകള്‍ ചെറുമുള്ളുകളായി കാണപ്പെടുന്ന ഒരു സസ്യമാണിത്. മണ്ണിനടിയില്‍ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്നു. വെളുത്ത പൂവുകള്‍ നിറയെ ഉണ്ടാകും. സ്നിഗ്ധഗുണവും ശീതവീര്യവുമാണ് ശതാവരി. രുചികരമായ അച്ചാര്‍ എന്ന നിലയില്‍ ഭക്ഷ്യയോഗ്യവുമാണ് ശതാവരി. നല്ലൊരു ദഹനൗഷധിയാണ് ശതാവരി.
കിഴങ്ങാണ് ഔഷധ യോഗ്യഭാഗം, മഞ്ഞപ്പിത്തം, മുലപ്പാല്‍ കുറവ്, അപസ്മാരം, അര്‍ശ്ശസ്, ഉള്ളംകാലിലെ ചുട്ടുനീറ്റല്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെല്‍ത്ത് ടോണിക്കുമാണ്.
കാത്സ്യം, ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ജ്വരത്തിനും അള്‍സറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു. ‌
ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായും ഉപയോഗിക്കാം.
മഞ്ഞപിത്തം,രക്തപിത്തം: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാരയോ തേനോ ചേര്‍ത്ത് കഴിക്കുക.
ഉള്ളന്‍കാല്‍ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ചപ്പൊടി ചേര്‍ത്ത് പുരട്ടുകയും കഴിക്കുകയും ചെയ്യുക.പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍ക്ക് ഇത് വളരെ വിശേഷ ഔഷധമാണ്. ശരീരപുഷ്ടിക്കും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നല്ലതാണ്. മുലപ്പാല്‍ ഉണ്ടാകാന്‍: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീര് പാലിലോ നെയ്യിലോ ചേര്‍ത്ത് കഴിക്കുക.
കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.
പുളിച്ചുതികട്ടല്‍, വയറു വേദന: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത് അത്രതന്നെ വെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.
വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക, മൂത്ര തടസ്സം,ചുടിച്ചില്‍ എന്നിവ ശമിക്കും.
ശരീരത്തിന് കുളിര്‍മ്മ നല്കാനും ഗൃഹാന്തരീക്ഷം ഭംഗി കൂട്ടാനും ഉപയോഗിക്കുന്നു.
വാത-പിത്തങ്ങളെ ശമിപ്പിക്കാന്‍ ഇതിനാകും. വാതരോഗത്തിനും കൈകാല്‍ ചുട്ടുനീറുന്നതിനും ഉപയോഗിക്കുന്ന വാതാശിനി തൈലത്തിന്റെയും മുഖ്യചേരുവയായ ശതാവരി അലങ്കാരച്ചെടിയുമാണ്.
സ്ത്രീകളില്‍ കാണുന്ന അസ്ഥിസ്രാവരോഗത്തിന് പാല്‍കഷായമുണ്ടാക്കുന്നതിനും സന്താനോല്പാദനശേഷികുറവുള്ള പുരുഷന്മാര്‍ക്ക് കഷായമുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്.
15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാര-ദഹന സംബന്ധമായ അസുഖങ്ങള്‍ മാറും.
ശതാവരി കിഴങ്ങ് അടങ്ങിയ പ്രധാന ഔഷധങ്ങള്‍ സാരസ്വതാരിഷ്ടം മഹാചന്ദനാദി തൈലം, പ്രഫംജനം കുഴമ്പ്, അശോകഘൃതം, വിദര്യാദി കഷായം.
വാരങ്ങള്‍‍ തയ്യാറാക്കി 2 അടി അകലത്തില്‍‍ കുളികളെടുത്ത് ചാണകപ്പൊടി ചേര്‍ത്തിളക്കി പുതുമഴയോടെ തൈകള്‍ നടാം. ഈ കൃഷിക്ക് 2 വര്‍ഷത്തെ കാലദൈര്‍ഘ്യമുണ്ട്. ഒരു വര്‍ഷം കഴിയുമ്പോള്‍‍ കിഴങ്ങ് മാന്തി വില്‍ക്കാം. വീണ്ടും കിഴങ്ങ് പൊട്ടി വളരും.1

ആര്യവേപ്പ്

ആര്യവേപ്പ് - ആര്യന്‍ എന്നാല്‍ ശ്രേഷ്ഠന്‍ എന്നാണര്‍ത്ഥം. ഏറ്റവും ശ്രേഷ്ഠമായ വൃക്ഷത്തിന് ഭാരതീയര്‍ നല്കിയ പേരാണ്. ആര്യവേപ്പ് പേരു നല്കുക മാത്രമല്ല, ഇതിന്റെ ഗുണഗണങ്ങളും 5000 വര്‍ഷം മുമ്പേ ഋഷിമാര്‍ പറഞ്ഞുവെച്ചു. പ്രഥമ വേദമായ ഋഗ്വേദത്തില്‍ തന്നെ വേപ്പിന്റെ ഗുണങ്ങള്‍ പറയുന്നുണ്ട്. ചരകന്റെയും ശുശ്രൂതന്റെയും സംഹിതകളിലും കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലും വേപ്പിന്റെ ഔഷധ സമൃദ്ധി വിവരിക്കുന്നുണ്ട്. ആയുര്‍ വേദഗ്രന്ഥങ്ങളില്‍ വേറെയും ഇതിനെക്കുറിച്ച് വര്‍ണ്ണിക്കുന്നുണ്ട്. വടക്കെ ഇന്ത്യയില്‍ പലഭാഗത്തും ഇന്നും ആര്യവേപ്പിനെ മഹാലക്ഷ്മിയായി കരുതി ആരാധിക്കുന്നു.
ഇന്ത്യയിലുടനീളം വ്യാപകമായി കണ്ടു വരുന്ന ഔഷധ സസ്യമാണ് വേപ്പ്. വേദപുരാണങ്ങളുടെ കാലം മുതലേ വൃക്ഷശ്രേഷ്ഠന്‍ എന്ന മഹത്വം പേറി നില്‍ക്കുന്ന ഭാരതീയ വൃക്ഷമാണ് ആര്യവേപ്പ്. അടിമുടി ഔഷധഗുണവും സാമ്പത്തിക മൂല്യവുമുള്ളതുകൊണ്ട് ഇതിനെ ആര്യന്‍ എന്നു വിളിക്കുന്നു. മിലിയേസി സസ്യകുടുംബത്തില്‍ ആര്യവേപ്പിന്റെ സഹോദരങ്ങളായി മലവേപ്പ്, മലവേമ്പ് എന്നീ വൃക്ഷങ്ങളുമുണ്ട്. അഭിധാന, തിക്തക, നിംബ എന്ന സംസ്കൃത നാമങ്ങളിലാണ് അറിയപ്പെടുന്നത്. അസഡിററ്റ ഇന്‍ഡിക ജസ്സ് (Azadirachta Indica juss) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ആര്യവേപ്പ് സര്‍വ്വ രോഗങ്ങളും ശമിപ്പിക്കുന്ന ഔഷധമായി അറിയപ്പെടുന്നു. ഏതാണ്ട് 12 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണിത്. കയ്പ്പുരസം അധികമായി കാണുന്ന ഈ മരം ത്വക്ക് രോഗങ്ങള്‍ക്ക് വിശേഷപ്പെട്ടതാണ്. ആര്യവേപ്പിന്റെ കായകള്‍ക്ക് പച്ച കലര്‍ന്ന മഞ്ഞനിറമാണ്.
ഇലപൊഴിയും വനങ്ങളിലും വരണ്ട പ്രദേശങ്ങളിലും നന്നായി വളരുന്ന ഇടത്തരം വൃക്ഷമാണ് വേപ്പ്. ദന്തുരമായ വക്കോടുകൂടിയ ഇലകള്‍ക്ക് കടുംപച്ച നിറമായിരിക്കും. വളരെയേറെ കയ്പ്പുരസമാണ് ഇലയ്ക്ക്. ഇതിന്റെ തടി ഈടും ഉറപ്പുമുള്ളതാണ്. ഇല, എണ്ണ, വിത്ത് എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. പനി മുതല്‍ എയ്ഡ്സ് വരെയുള്ള നിരവധി രോഗങ്ങള്‍ക്കെതിരെ ഇതിന്റെ ഔഷധവീര്യം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭാരതീയ ചികിത്സാരീതിയിലും വേപ്പ് ഒരു സര്‍വ്വരോഗ സംഹാരിയാണ്. വേപ്പെണ്ണയ്ക്ക് ഔഷധഗുണവും വ്യാവസായിക പ്രാധാന്യവുമുണ്ട്. ഇതിന്റെ പിണ്ണാക്ക് ഒന്നാന്തരം ജൈവവളമാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പല്ലുതേക്കാന്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത ടൂത്ത് ബ്രഷ് ആണ് വേപ്പിന്‍കമ്പ്. ഇതുകൊണ്ട് പല്ലുതേക്കുമ്പോള്‍ പേസ്റ്റ് ആവശ്യമില്ല. വേപ്പിലത്തൊലിയും കറുവാപ്പട്ടയും കഷായമാക്കി കുടിച്ചാല്‍ വിശപ്പില്ലായ്മയും ക്ഷീണവും മാറും. തൊലി കഷായം വെച്ച് കുരുമുളകുപൊടി ചേര്‍ത്തു സേവിച്ചാല്‍ പനി മാറും. വേപ്പില അരച്ച് തേനില്‍ ചേര്‍ത്ത് സേവിച്ചാല്‍ കൃമിശല്യം മാറും.
മഞ്ഞപ്പിത്തത്തിന് ഈ സസ്യം വളരെയധികം ഗുണം ചെയ്യുമെന്ന് ആയുര്‍ വേദവും നാട്ടുവൈദ്യവും പറയുന്നുണ്ട്. കരളിന് ഉത്തമമായ ലോഹിതാരിഷ്ടത്തിന് പ്രധാന ചേരുവയാണ് ഈ സസ്യം. ഈ ഔഷധസസ്യത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് നിരവധി ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്. ഇലയും തൊലിയും കായും ഔഷധയോഗ്യമാണ്. രോഗാണുക്കളെ നശിപ്പിക്കുവാന്‍ കഴിവുള്ള ആര്യവേപ്പ് കീടനാശിനി കൂടിയാണ്.
വിഷാണുക്കളെയും രോഗബീജങ്ങളെയും നശിപ്പിക്കാനുള്ള വേപ്പിലയുടെ ശക്തി ഭാരതീയര്‍ വളരെക്കാലങ്ങള്‍ക്ക് മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. വായുവിലെ കൃമികളെയും മാലിന്യങ്ങളെയും ഇല്ലാതാക്കുവാനുള്ള അത്ഭുതശക്തി വേപ്പിലക്കുണ്ട്.
പല്ലുവേദന, മോണപഴുപ്പ്, ജ്വരം, പൂപ്പല്‍ എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി വേപ്പ് ഉപയോഗിക്കുന്നു.
മഞ്ഞപ്പിത്തം - 10 മില്ലി ലിറ്റര്‍ വീതം വേപ്പിലനീരും തേനും ചേര്‍ത്ത് രണ്ടുനേരം വീതം മൂന്നുദിവസം സേവിക്കുക. ചിക്കന്‍പോക്സിന് ആര്യവേപ്പ് അരച്ച് ദേഹത്ത് തേച്ചുകൊടുക്കാം. ഇല താരനെതിരെ എണ്ണ കാച്ചാന്‍ വേണ്ടി ഉപയോഗിക്കുന്നു.
മുഖക്കുരു മാറുന്നതിന് ഇലയും മഞ്ഞളും അരച്ച് തേക്കുന്നു. ഒരു പിടി വേപ്പിലയിട്ട് തലേദിവസം തിളപ്പിച്ച വെള്ളം കൊണ്ട് രാവിലെ ഉണര്‍ന്നാലുടന്‍ ആ വെള്ളത്തില്‍ മുഖം കഴുകുക.
ഉളുക്കിന് വേപ്പെണ്ണ ഉപയോഗിക്കും.
വേപ്പില കൊമ്പുകളോടെ ഒടിച്ച് കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നതും, വേപ്പില പുകയ്ക്കുന്നതും കൊതുകുകളെ അകറ്റും.
വേപ്പിലയും മഞ്ഞളും കടുകെണ്ണയില്‍ ചാലിച്ച് ലേപനമായി ഇട്ടാല്‍ ചൊറി ശമിക്കും.
അഞ്ചാം പനിക്ക് വേപ്പിലയും കുരുമുളകും കൂടി സമം അരച്ചുരുട്ടിയത് നെല്ലിക്ക വലിപ്പം രണ്ടു നേരം വീതം മൂന്നു ദിവസം കഴിക്കുക.
വസൂരി വന്നു സുഖപ്പെട്ട ശേഷം വേപ്പിലയും പച്ചമഞ്ഞളും കൂടി ചതച്ച് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. രക്തം ശുദ്ധമാവുകയും വസൂരി കലകള്‍ മായുകയും ചെയ്യും. വേപ്പെണ്ണ വാതരോഗത്തെ ഇല്ലാതാക്കും.
വേപ്പിന്‍ തൊലിക്കഷായം മലമ്പനി ചികിത്സക്കായി ഉപയോഗിക്കുന്നു.
വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകിയാല്‍ താരന്‍, മുടികൊഴിച്ചില്‍ എന്നിവ ഇല്ലാതാകും.
വേപ്പില അരച്ചു കഴിക്കുന്നത് ആമാശയത്തിലെയും കുടലുകളിലെയും രോഗങ്ങള്‍ക്ക് കുറവുണ്ടാകും. വേപ്പെണ്ണ വയറിലെ കൃമികളെ നശിപ്പിക്കുന്നു,
വിഷ ജന്തുക്കള്‍ കടിച്ചാല്‍ വേപ്പിലയും മഞ്ഞളും കൂടി അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുന്നത് വിഷ ശമനത്തിനും വിഷത്തില്‍ നിന്നുള്ള മറ്റുപദ്രവങ്ങള്‍ക്കും നല്ലതാണ്.
ഇലയുടെയും പട്ടയുടെയും കഷായം കൊണ്ടുള്ള കഴുകല്‍ വ്രണങ്ങള്‍ക്കും ചര്‍മ്മ രോഗങ്ങള്‍ക്കും ഉത്തമമാണ്. വസൂരി, ചിക്കന്‍ പോക്സ് എന്നീ രോഗങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ വേപ്പില കൊണ്ട് തൊലിപ്പുറം ഉരസുന്നത് നല്ലതാണ്.
ഉദരകൃമി നശിക്കാന്‍ 10 മി.ലി വേപ്പെണ്ണയില്‍ അത്ര തന്നെ ആവണക്കെണ്ണ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിച്ചാല്‍ ഉദരകൃമി നശിക്കും.
ചൊറി,ചിരങ്ങ് എന്നിവ ശമിപ്പിക്കാനും വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് ഉപയോഗിച്ചാല്‍ മതി.
വേപ്പില ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ പൊടി ഒരു ഗ്ലാസ്സ് പാലിലോ ചുടുവെള്ളത്തിലോ ഏഴുദിവസം കഴിക്കുകയാണെങ്കില്‍ കൃമിശല്യം ഒഴിവാക്കുന്നതാണ്.
സാധാരണ കുളിക്കാനുള്ള വെള്ളത്തില്‍ വേപ്പിലയിട്ട് വെക്കുന്നത് നല്ലതാണ്. ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുന്നു. അണു നാശകമാണ്. ആര്യവേപ്പിലയും പച്ചമഞ്ഞളും കൂടി വെള്ളംതിളപ്പിച്ചു കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ഔഷധമാണ്. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍, നീര് എന്നിവയില്ലാതാവും. രക്തശുദ്ധിയുണ്ടാകും. മുറിവ്, കൃമി എന്നിവയെ നശിപ്പിക്കും.
വളംകടിക്ക് വേപ്പിലയും മഞ്ഞളും കൂടി അരച്ച് കാലില്‍ പുരട്ടുക.
വേപ്പിന്റെ തണ്ട് ചതച്ച് പല്ലുതേക്കാന്‍ ഉപയോഗിക്കാം. വായിലെ അണുക്കളെ നശിപ്പിക്കുന്നു.
ആര്യവേപ്പില അരച്ച് ഒരു നെല്ലിക്കയുടെ വലിപ്പത്തില്‍ പതിവായി കാലത്ത് കഴിച്ചാല്‍ കൃമിശല്യം ഇല്ലാതാവും.
പ്രമേഹമുള്ളവര്‍ വേപ്പില കഴിച്ചാല്‍ രോഗം നിയന്ത്രിക്കാന്‍ നല്ലതാണ്.
ഉദരസംബന്ധമായ രോഗങ്ങള്‍, സാംക്രമിക രോഗങ്ങള്‍, മുറിവുകള്‍ എന്നിവക്ക് ഉപയോഗിക്കുന്നു.
വേപ്പില്‍ നിന്നും ലഭിക്കുന്ന മരക്കറ ഉന്മേഷവും ഉത്തേജനവും നല്‍കുന്ന ഔഷധമാണ്. രക്തശുദ്ധീകരണത്തിന് ഇതു സഹായിക്കുന്നു.
150 ഗ്രാം വേപ്പെണ്ണയില്‍ 30 ഗ്രാം കര്‍പ്പൂരം അരച്ച് കലക്കി മൂപ്പിച്ചെടുക്കുന്ന തൈലം വാതം, മുട്ടുവീക്കം, പുണ്ണ് എന്നിവക്ക് ഫലപ്രദമാണ്.
മൃഗങ്ങളുടെ ആഹാരമായും അവയുടെ ആരോഗ്യസംരക്ഷണത്തിനും വേപ്പ് ഉപയോഗിച്ചുവരുന്നു. ആധുനിക മൃഗചികിത്സയില്‍ പ്രമേഹത്തിനെതിരെയും ബാക്ടീരിയ, വൈറസ് എന്നിവ മൂലമുള്ള രോഗങ്ങള്‍ക്കും വയറിലും കുടലിലുമുണ്ടാകുന്ന വിരകള്‍, അള്‍സര്‍ എന്നിവക്കെതിരെയും വേപ്പിന്റെ സത്ത് ഫലപ്രദമായി ഉപയോഗിക്കുന്നു.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള ജൈവ കീടനാശിനികള്‍‍ നിര്‍മ്മിക്കുന്നതിനായി വേപ്പില വിത്ത് എന്നിവ ഉപയോഗിക്കുന്നു. ജൂണ്‍‍ മുതല്‍‍ ഓഗസ്റ്റ് മാസം വരെയുള്ള സമയത്താണ് വേപ്പിന്റെ വിത്തുകള്‍ വിളഞ്ഞ് പാകമാകുന്ന സമയം. ഈസമയത്ത് മരച്ചുവട്ടില്‍‍ പഴുത്ത് വീഴുന്ന വേപ്പിന്‍‍ കായ്കള്‍ ഉണക്കി സൂക്ഷിച്ച് വെയ്ക്കാം

കടുക്ക

പ്രസിദ്ധമായ ത്രിഫലയില്‍ പെട്ട ഒരു ഔഷധമാണ് കടുക്ക.നെല്ലിക്ക പോലെ കടുക്കയും ഒരു രസായനദ്രവ്യമാണ്.ഉഷ്ണവീര്യത്തോടുകൂടിയ കടുക്ക ബുദ്ധിബലവും ഇന്ദ്രിയബലവും പ്രദാനം ചെയ്യുന്നു.കരള്‍വീക്കത്തിനും,മഹോദരത്തിനും കടുക്കയുടെ ഉപയോഗം പ്രയോജനം ചെയ്യും.കടൂക്കാപ്പൊടി തേന്‍ചേര്‍ത്ത് തൊണ്ടപഴുപ്പിന് പുരട്ടാം.വായ്പുണ്ണിനും,പുഴുപ്പല്ലിനും കടുക്കയുടെ ഉപയോഗം നല്ല ഫലം ചെയ്യും .കടുക്ക മുഖ്യചേരുവ ആയ അഭയാരിഷ്ടം മലബന്ധത്തെയകറ്റും.കടുക്ക ഏഴ് തരമുണ്ട് എന്ന് ആയുര്‍വേദം പറയുന്നു.

ഓണക്കാലത്ത് ധാരാളമായി കണ്ടുവരുന്ന കടുക്ക മിക്ക രോഗങ്ങള്‍ക്കുമുള്ള ഔഷധമാണ്. കോംബ്രിട്ടേസി എന്ന കുടുംബത്തില്‍പെടുന്ന കടുക്കയുടെ ശാസ്ത്രനാമം ടെര്‍മിനേലിയ ചെബുല എന്നാണ് . മഞ്ഞുകാലത്തും വേനല്‍കാലത്തും ഒരുപോലെ ഇല പൊഴിക്കുന്ന ചെടിയാണിത്. ഇതിന്റെ ശാഖകളുടെ അഗ്രത്തായി വെളുപ്പു നിറത്തോടുകൂടിയ പൂങ്കുലകള്‍ കാണുന്നു. കയ്പും മധുരവും ഒരുപോലെ അനുഭവപ്പെടുന്നതാണ് വിത്ത്. ദഹനത്തിനാണിത് കൂടുതലായി സഹായിക്കുക. വാത-പിത്ത-കഫ രോഗങ്ങളെ ശമിപ്പിക്കാനും ഔഷധങ്ങളില്‍ കടുക്ക പ്രധാനമായും ഉപയോഗിക്കുന്നു. കൂടാതെ അതിസാരം, വ്രണങ്ങള്‍, പൊള്ളല്‍, അര്‍ശ്ശസ്സ് എന്നിവ ഇല്ലാതാക്കാനുള്ള ഔഷധമായും കടുക്ക ഉപയോഗിക്കുന്നു. 

ഇത് വലിയ മരമായി വളരുന്ന ഔഷധസസ്യമാണ്. ഒന്നരയടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം. തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം. ആദ്യത്തെ രണ്ടുവര്‍ഷം നനയും കളയെടുക്കലും ആവശ്യമാണ്. പ്രതിവര്‍ഷം 20 കിലോഗ്രാം വീതം ജൈവവളവും ചേര്‍‍ക്കണം. യോജ്യമായ പരിത:സ്ഥിതിയില്‍ 8-)0 വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങും.

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2000 അടി മുകളിലുള്ള സ്ഥലങ്ങളില്‍ വളരുന്നു. ഏപ്രിലിനും ആഗസ്റ്റിനും ഇടയ്ക്ക് പൂക്കുന്നു. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ മാസങ്ങളില്‍ കായുണ്ടാകുന്നു. പൂവുകള്‍ക്ക് ഇതളുകളില്ല.

കടുക്ക (ടെര്‍മിനാലിയ ചെബ്യുള) ഏഴു തരമുണ്ടെന്ന് പറയുന്നുവെങ്കിലും പ്രധാനമായി നാലു തരമാണ് കാണുന്നത്
1. വലിപ്പവും കനവും കട്ടിയും കൂടിയതും, രണ്ട് ഇഞ്ചോളം നീളമുള്ളതും, മഞ്ഞ കലര്‍ന്ന തവിട്ടു നീറത്തോടും, മഞ്ഞയോ കടും തവിട്ടു നിറമോ ഉള്ള കഴമ്പും കുരുവും ചേര്‍ന്നത്. ചവര്‍പ്പ് രുചി. ആയൂര്‍ വേദത്തില്‍ ഒരു പ്രധാനപ്പെട്ട വിരേചനൌഷധമാണിത്.
2. വരകള്‍ കുറഞ്ഞതും ഒരിഞ്ചോളം വലിപ്പമുള്ളതും, പുറന്തോട്, കഴമ്പ്, പരിപ്പ് മഞ്ഞ നിറമുള്ളതും, ചവര്‍പ്പ് ആദ്യത്തേതിലും കുറവ്.
3. കടുത്ത തവിട്ടു/കറുപ്പ് നിറം. ആദ്യ രണ്ട് തരത്തിലും വലിപ്പം കുറവ്. കഴമ്പിന് ഇരുണ്ട നിറം, കുരു ഉണ്ടാവുകയില്ല. ആയൂര്‍ വേദത്തില്‍ അതിസാര ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
4. എല്ലാറ്റിലും ചെറുത്. മറ്റെല്ലാം മൂന്നമത്തെ തരം പോലെ. ഇതില്‍ റ്റാന്നിക്ക് അമ്ലവും ഗാല്ലിക്ക് അമ്ലവും അടങ്ങിയിരിക്കുന്നു. ആയൂര്‍ വേദത്തില്‍ പഴുക്കാത്ത കായ വിരേചനൌഷധമായുപയോഗിക്കുന്നു.
അഭയാരിഷ്ടം, നരസിംഹചൂര്‍ണം, ദശമൂലഹരിതകി എന്നിവയില്‍ കടുക്ക ഒരു ഘടകമാണ്
വെള്ളത്തില്‍ കടുക്കയുടെ പുറംതോട് ചുരണ്ടിയിട്ട് പടിക്കാരം ചേര്‍ത്താല്‍ മഞ്ഞച്ചായം കിട്ടും. പടിക്കാരത്തിനു പകരം അന്നഭേദി ചേര്‍ത്താല്‍ കറുത്ത മഷി കിട്ടും.

നെല്ലിക്ക

ലവണരസം ഒഴിച്ചുളള അന്ച് രസങ്ങളും നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു.എന്കിലും അമ്ലരസം കുറച്ച് മുന്നിട്ട് നില്‍ക്കുന്നുണ്ട്.നെല്ലിക്ക ത്രിദോഷങ്ങളെയും ശമിപ്പിച്ച് ആരോഗ്യം കാക്കുന്നു.എന്നും നെല്ലിക്കാവെളളത്തില്‍ കുളിച്ചാല്‍ ജരാനരകള്‍ ഉണ്ടാവില്ല എന്ന് ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു.മാത്രമല്ല നൂറ്റാണ്ടുകള്‍ ആയുസ്സും ഉണ്ടാവും പോലും.ഇതില്‍ നിന്ന് തന്നെ നെല്ലിക്കയുടെ ഗുണങ്ങള്‍ വ്യക്തമാണല്ലോ?

നെല്ലിക്കയുടെയും കയ്യന്യത്തിന്‍റെയും ചൂര്‍ണ്ണം കൂട്ടിച്ചേര്‍ത്ത് കഴിക്കുന്നവനില്‍ രോഗദൃഷ്ടി പതിയില്ല.കൃമിയ്ക്കും കാസത്തിനും നല്ല മരുന്നാണ് നെല്ലിക്ക.ജീരകവും, കരിംജീരകവും നെല്ലിക്കാനീരില്‍ പൊടിച്ചിട്ട് തൈരും ചേര്‍ത്ത് കഴിക്കുന്നത് വായ്പുണ്ണിനെതിരെ വളരെ ഫലപ്രദമാണ്.നെല്ലിക്ക മുഖ്യചേരുവയായ ''കല്യാണഗുളം''സ്ത്രീകളില്‍ ഗര്‍ഭോത്പത്തിക്ക് സഹായകമാണ്.നെല്ലിക്ക നല്ലൊരു വിരേചന സഹായികൂടിയാണ്.നെല്ലിക്ക അരച്ച് നെററിയില്‍ ഇട്ടാല്‍ തലവേദന ശമിക്കു.നെല്ലിക്ക ജീവകം സി യുടെ കലവറയാണ്.

നെല്ലിക്കനീര് വെറുംവയറ്റില്‍ കഴിച്ചാല്‍ പ്രമേഹശമനം ഉണ്ടാവുമെന്നുപറയുന്നു.തലമുടി വട്ടത്തില്‍ പൊഴിയുന്നതിന് നെ ല്ലിത്തടിയില്‍ കാണുന്ന മുഴകളിലെ പുഴുവിനെ അരച്ച് തലയില്‍ തേക്കുന്നത് പ്രയോജനകരമാണ്.നെല്ലിത്തടിയൊ,കന്പുകളോ,ജലാശയങ്ങളില്‍ നിക്ഷേപിച്ചാല്‍ വെളളം തെളിയുകമാത്രമല്ല തണുപ്പും വര്‍ദ്ധിക്കും

നെല്ലിക്ക മഹാത്മ്യം
ഫില്ലാന്തസ് എംബ്ലിക്ക എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന നെല്ലിക്കയ്ക്ക് അമൃതഫലം, അമൃതം ,ധാത്രി, ധാത്രിക എന്നെല്ലാം പര്യായങ്ങളുണ്ട്.രസായനങ്ങളിലെ ഏറ്റവും പ്രധാന ചേരുവയായ നെല്ലിക്കയ്ക്ക് ആയുര്‍വേദത്തില്‍ വളരെയധികം നിര്‍ണായകമായ പങ്കുണ്ട്. രസായനാധികാരത്തില്‍ ആദ്യം വിധിച്ചിട്ടുള്ള ബ്രഹ്മരസായനത്തിലും നെല്ലിക്ക അടങ്ങിയിരിക്കുന്നു. വിറ്റമിന്‍ സിയുടെ ഉറവിടമെന്നറിയപ്പെടുന്ന നെല്ലിക്കയില്‍ വിറ്റമിന്‍ എ , വിറ്റമിന്‍ ബി, കാല്‍സ്യം, അയേണ്‍, ടാനിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്.ഒട്ടേറെ ഔഷധഗുണങ്ങളുള്ള നെല്ലിക്ക ആരോഗ്യസംരക്ഷണത്തിലും സൌന്ദര്യസംരക്ഷണത്തിലും
ഒരുപോലെ ഉപയോഗിച്ചു വരുന്നു. ജലദോഷം തടയുന്നത് മുതല്‍ യൌവനം നിലനിര്‍ത്തുന്നത് വരെ ഔഷധഗുണങ്ങള്‍ ഒട്ടേറെയുള്ളതാണ് നെല്ലിക്ക.

നെല്ലിക്കയുടെ ചില ഔഷധഗുണങ്ങള്‍ ഇതാ,

ജലദോഷം
• നെല്ലിക്കയോ നെല്ലിക്കാരിഷ്ടമോ പതിവായി കഴിക്കുന്നത് ജലദോഷത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. പല്ലിന്‍റെ ആരോഗ്യം • പല്ലിന്‍റെ ആരോഗ്യത്തിനും ബലത്തിനുമായി നെല്ലിക്ക വേവിക്കാതെ നിത്യവും കടിച്ചുതിന്നുക. വായ്പുണ്ണ് • ഉണക്കനെല്ലിക്ക കഷായം വെച്ച് പതിവായി കവിള്‍കൊള്ളുന്നത് വായ്പുണ്ണിനെ പ്രതിരോധിക്കാന്‍ സഹായകമാണ്. ചെങ്കണ്ണ് • ചെങ്കണ്ണു മാറാനായി പച്ചനെല്ലിക്കയുടെ നീര് കണ്ണില്‍ ഒഴിക്കുന്നത് വളരെ ഫലപ്രദമാണ്. പ്രമേഹം • പ്രമേഹരോഗികള്‍ പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും തുല്യ അളവില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ചൂടുകുരു • മോരില്‍ നെല്ലിക്കയുടെ തോട് കുതിര്‍ത്ത് വെച്ച ശേഷം ശരീരത്തില്‍ അരച്ചു പുരട്ടുന്നത് ചൂടുകുരുവിനെ പ്രതിരോധിക്കുന്നു. അകാലനര • മൈലാഞ്ചി,കയ്യോന്നി,കറ്റാര്‍വാഴ,കറിവേപ്പില എന്നിവയോടൊപ്പം നെല്ലിക്കയും ചേര്‍ത്തരച്ച് തലയില്‍ പുരട്ടി അല്‍പ സമയത്തിന്
ശേഷം കുളിക്കുക. ജരാനരകള്‍ അകറ്റാന്‍ • നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ പതിവായി കുളിക്കുക. നിത്യേനെ പച്ചനെല്ലിക്ക കഴിക്കുക. • നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം ദിവസവും കുടിക്കുന്നത് ഒരു ശീലമാക്കുക. നെല്ലിക്കാനീരും നെയ്യും ചേര്‍ത്തു കഴിക്കുക. അസ്ഥിസ്രാവം • കൂവപ്പൊടി,ചിറ്റമൃതിന്‍റെ നീര്,പച്ചനെല്ലിക്കയുടെ നീര് എന്നിവ തുല്യ അളവില്‍ തേനില്‍ ചേര്‍ത്ത് കഴിക്കുക. ശരീരസൌന്ദര്യത്തനും ഓജസ്സിനും • ചിറ്റമൃത്,ഞെരിഞ്ഞല്‍ , നെല്ലിക്ക എന്നിവ പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിക്കുക. മുടിയുടെ കറുപ്പുനിറത്തിനായി • തൈരും നെല്ലിക്കയും ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. രണ്ട് മാസത്തോളം തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിക്ക് സ്വാഭാവിമായ കറുപ്പു നിറം ലഭിക്കും .
അലര്‍ജി
• പത്ത് ഗ്രാം നെയ്യില്‍ അഞ്ചു ഗ്രാം നെല്ലിക്ക ചൂര്‍ണം ചേര്‍ത്തുകഴിക്കുന്നത് അലര്‍ജിയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

ഞെരിഞ്ഞില്‍

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനും ,മൂത്ര തടസം മാറ്റാനും ,ഹൃദ്രോഗം,പ്രമേഹം,അശ്മരി, ശ്വാസ കോശ രോഗം ,എന്നിവ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു. 
നീര് കുറക്കുന്നു,വാതവും,ത്രിധോഷവും ശമിപ്പിക്കുന്നു.മൂത്രതടസം നിമിത്തം മൂത്രമാര്‍ഗത്തില്‍ വേദനയുണ്ടായാല്‍ 50 ഗ്രാം ഞെരിഞ്ഞില്‍ ചതച്ചു ഒന്നര ഗ്ലാസ്‌ വെള്ളത്തില്‍
കഷായം വെച്ച് ഒരു ഗ്ലാസ്‌ ആക്കി വറ്റിച്ചു 40 മില്ലി വീതം നാലു നേരം കുറച്ചുദിവസം സേവിച്ചാല്‍ ശമനമുണ്ടാകും.
ലൈംഗിക ശക്തി വര്‍ധിക്കുന്നതിനു ഞെരിഞ്ഞിലും,അമുക്കുരവും തുല്യ അളവില്‍ എടുത്തു പൊടിച്ചു 15 ഗ്രാം പോടീ തേന്‍ ചേര്‍ത്ത് രണ്ടു നേരം കഴിക്കുകയും പുറമേ പാല് കുടിക്കുകയും ചെയ്യുക.ലൈംഗിക ശേഷി വര്‍ദ്ധിക്കുന്നതിനും ,ശരീര പുഷ്ടി ഉണ്ടാകുന്നതിനും നല്ലതാണു.

ഉഴിഞ്ഞ

പിത്തഹരമായ ഒരു ഔഷധമാണിത് . പനി, നീർതാഴ്ച, വാതം രോഗങ്ങൾക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു. ഉഴിഞ്ഞഘൃതം എന്ന് ഔഷധതിലെ പ്രധാന ചേരുവയാണ്. ചതവ്, പേശിക്ഷതം തുടങ്ങിയവക്കു വളരെ ഫലപ്രദം .
ഉഴിഞ്ഞ (ഇന്ദ്രവല്ലി )വൃഷണ വീക്കത്തിന് ഉഴിഞ്ഞയുടെ ഇല നന്നായി അരച്ച് ലേപനം ചെയ്യുന്നത് രോഗ ശമനത്തിന് നല്ലതാണു.
ഉഴിഞ്ഞയില ആവണക്കെണ്ണയില്‍ വേവിച്ചു നന്നായി അരച്ച് പുരട്ടിയാല്‍ നീര്,വാതം,സന്ധികളില്‍ ഉണ്ടാകുന്ന വേദന,എന്നിവ ശമിക്കുന്നതാണ്.
മലബന്ധം,വയറു വേദന എന്നിവക്ക് ഉഴിഞ്ഞ സമൂലമെടുത്തു കഷായം വെച്ച് രണ്ടു നേരം 30 ml വേതം മൂന്ന് ദിവസം സേവിച്ചാല്‍ രോഗം ശമിക്കുന്നതാണ്.
ആര്‍ത്തവ തടസത്തിനു ഉഴിഞ്ഞയില വറുത്തരച്ചു അടിവയറ്റില്‍ പുരട്ടിയാല്‍ ഫലപ്രദമാണെന്ന് കണ്ടുവരുന്നു.

പപ്പായ

സാധാരണക്കാരന്റെ ആപ്പിള്‍ ആണ് പപ്പായ. ആപ്പിളിലുള്ള എല്ലാ പോഷകങ്ങളും മൂലകങ്ങളും പപ്പായ പഴത്തില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഔഷധഗുണങ്ങളും പോഷകഗുണങ്ങളും വേണ്ടുവോളമുള്ള ഫലം. ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ, പപ്പരങ്ങ, തോപ്പക്കായ, കൊപ്പക്കായ ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. സ്വാദിഷ്ടമായ ഭക്ഷണം. ഹണിഡ്യ, വാഷിങ്ടണ്‍ , മെഡഗാസ്കര്‍ , റാഞ്ചി, ബാംഗ്ലൂര്‍ , സിഒ-1, സിഒ-2 എന്നിങ്ങനെ വിവിധ ഇനങ്ങളുണ്ട്. വലിയ ഉയരം വയ്ക്കാത്തതാണ് ഹണിഡ്യ പഴം നീണ്ടിരിക്കും. കഴമ്പിന് നല്ല മാര്‍ദവമുള്ളതാണ്. പേരുപോലെ മധുരമുണ്ടിതിന്. നല്ല മണവുമുണ്ട്. പപ്പായയുടെ ജന്മദേശം മെക്സികോ ആണെന്ന് ചിലര്‍ പറയുന്നു. അമേരിക്കയുടെ ഉഷ്ണ മേഖലയിലോ വെസ്റ്റ് ഇന്‍ഡീസിലോ ആണ് ഉത്ഭവമെന്ന് കരുതുന്നവരുമുണ്ട്. 16-ാം നൂറ്റാണ്ടില്‍ തെക്കെ അമേരിക്കയില്‍നിന്നാണ് മലാക്ക വഴി ഇന്ത്യയിലെത്തിയതെന്ന് പറയപ്പെടുന്നു. ഇന്ത്യയില്‍നിന്നാണ് പപ്പായ ചൈനയില്‍ എത്തിയത്. തന്മൂലമായിരിക്കണം പപ്പായ ഒരു ഇന്ത്യന്‍ ഫലവൃക്ഷമായി ചൈനക്കാര്‍ കരുതുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ചെറിയ തോതില്‍ കൃഷി ചെയ്യുന്നു. ഏറ്റവും കൂടുതല്‍ പപ്പായയെ ഇഷ്ടപ്പെടുന്നത് ഹവായിയിലുള്ളവരാണ്. ഫലവര്‍ഗങ്ങളില്‍ ഇന്ത്യയില്‍ അഞ്ചാം സ്ഥാനമുണ്ട്. അസം, ബീഹാര്‍ , ഉത്തര്‍പ്രദേശ്, ആന്ധ്ര, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടകം, എന്നിവിടങ്ങളില്‍ കൃഷി ചെയ്തുവരുന്നു. അസമും ബീഹാറുമാണ് പപ്പായ കൃഷിയില്‍ മുന്നിട്ടുനില്‍ക്കുന്നത്. വെള്ളക്കെട്ടില്‍ ഇത് വളരില്ല. പച്ചക്കായയുടെ പുറം കീറിയാല്‍ പാലുപോലെ ഒലിച്ചുവരുന്ന ദ്രവം (എന്‍സൈം) മാംസത്തിലെ പ്രോട്ടീനെ (മാംസ്യം) ശിഥിലീഭവിപ്പിച്ച് മാര്‍ദവമുള്ളതാക്കിത്തീര്‍ക്കുന്നു. ഈ എന്‍സൈം പ്രവര്‍ത്തിക്കുന്നത് 140-175 ഫാരന്‍ഹീറ്റില്‍ വേവിക്കുമ്പോഴാണ്. മാംസം ഭക്ഷിച്ചതിനുശേഷമുണ്ടാകുന്ന അസുഖങ്ങള്‍ക്കും ദഹനമില്ലാത്തതിനും പപ്പായപ്പഴം തിന്നാല്‍ മതി. പച്ചക്കായ് രണ്ടു കഷണം ഇറച്ചിയിലിട്ടു വേവിച്ചാല്‍ നല്ലതായി വേകും. പപ്പായ മരത്തിന്റെ വേര് ഒരു നെര്‍വ് ടോണിക്കായും പ്രയോജനപ്പെടുത്തി വരുന്നു. പപ്പായ പഴമായും പച്ചക്കറിയായും ഉപയോഗിക്കുന്നു. ദഹനശക്തി വര്‍ധിപ്പിക്കും. പ്രാതലിന് പപ്പായ ഉള്‍പ്പെടുത്തിയാല്‍ ദഹനത്തേയും ശോധനയേയും സഹായിക്കും. പഴത്തില്‍നിന്നെടുക്കുന്ന സിറപ്പും വൈനും ദഹനത്തിന് ഒരു ശമന ഔഷധമായും ടോണിക്കായും ഉപയോഗിക്കുന്നു. മനുഷ്യശരീരത്തിന് ആവശ്യമായ ധാതുലവണങ്ങളുടെയും വിറ്റാമിനുകളുടെയും പോഷക പദാര്‍ഥങ്ങളുടെയും നിറകുടമെന്ന് വിശേഷിപ്പിക്കാം. പ്രോട്ടീന്‍ , കാര്‍ബോ ഹൈഡ്രേറ്റ്, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, ബി, ബി2, സി, ജി എന്നിവ പപ്പായയിലുണ്ട്. 88% വെള്ളമാണ്. പപ്പായയുടെ എല്ലാ ഭാഗങ്ങളും ഔഷധത്തിന് ഉപയോഗിക്കുന്നു. വിശപ്പില്ലാത്തവര്‍ക്ക് പപ്പായ ഉത്തമ സുഹൃത്താണ്. "കാപ്പസയിഡ്" എന്ന ആല്‍ക്കലോയിഡ് ഇലയിലുള്ളതിനാല്‍ സന്ധിവേദന, ഞരമ്പു വേദന, ഞരമ്പുതളര്‍ച്ച, എന്നിവയ്ക്ക് ഫലപ്രദമാണ്. ദീപനം, കാഴ്ചശക്തി, ബുദ്ധിശക്തി, രക്തവര്‍ധന, എല്ലിനും പല്ലിനും ബലം നല്‍കല്‍ , മാലിന്യവിസര്‍ജനം, പ്രമേഹം, മലബന്ധം, ദഹനക്കുറവ്, മൂലക്കുരു, പല്ലുവേദന, ആര്‍ത്തവശുദ്ധി, ആമാശയശുദ്ധി, എന്നിയ്ക്കെല്ലാം ഉത്തമം. ഗുണമേന്മയുടെ കാര്യത്തില്‍ അഗ്രഗണ്യന്‍ . പ്രത്യേക പരിചരണമില്ലാതെ തൊടികളിലെല്ലാം വളരുന്നു. മെഴുക്കുപുരട്ടിക്കു മുതല്‍ മീന്‍കറിക്കുവരെ ഉപയോഗിക്കാം. പപ്പായ ചേര്‍ത്തുണ്ടാക്കുന്ന ഉണക്കമീന്‍ കറിയുടെ സ്വാദ് വിശേഷപ്പെട്ടതാണ്. നല്ലപോലെ പഴുത്ത പപ്പായ കൊണ്ട് ജാം, ജെല്ലി, അച്ചാര്‍ , മര്‍മ്മലൈസ്, പഴസത്തുക്കള്‍ , എന്നിവ ഉണ്ടാക്കാം. ഈസ്റ്റിന്‍ഡീസില്‍ പാതി പഴുത്ത കായ് മുറിച്ച് പഞ്ചസാരയിലിട്ട് ജലാംശം വരുന്നതു വരെ വേവിച്ച് പായസവും (പുഡിങ്) ഉണ്ടാക്കാറുണ്ട്. പപ്പക്ക, ഓറഞ്ച്, കൈതച്ചക്ക എന്നിവകൊണ്ട് ഫ്രൂട്ട് സാലഡ് ഉണ്ടാക്കാറുണ്ട്. ഇലയിലും തണ്ടിലും കായ്കളിലും എല്ലാം ഒരുതരം കറയുണ്ട്. പാലുപോലുള്ള ഈ കറയില്‍ പപ്പെയിന്‍ എന്ന എന്‍സൈം അടങ്ങിയിരിക്കുന്നു. വളരെയേറെ ഉപയോഗമുണ്ടിതിന്. കുടല്‍ വൃണങ്ങള്‍ , ഡിഫ്ത്തീരിയ, ക്യാന്‍സര്‍ , എന്നിവയുടെ ശമനത്തിന് സഹായിക്കും. തൊലിക്കുള്ള രോഗങ്ങള്‍ക്കും നന്ന്. വ്യവസായപരമായ പ്രാധാന്യമുണ്ടിതിന്. മാംസം ടിന്നിലാക്കുന്ന വ്യവസായം, ബിയര്‍ നിര്‍മാണം, തുകല്‍ ഊറയ്ക്കിടുക, ഔഷധനിര്‍മാണം, കമ്പിളിത്തുണി നിര്‍മാണം, ചൂയിംഗം നിര്‍മാണം, തുടങ്ങിയ വ്യവസായങ്ങള്‍ക്ക് പപ്പെയിന്‍ ആവശ്യമാണ്. സിലോണ്‍ , വെസ്റ്റിന്‍ഡീസ്, കരീബിയന്‍ ദ്വീപുകള്‍ , ടാന്‍സാനിയ എന്നിവിടങ്ങളില്‍ വ്യവസായാടിസ്ഥാനത്തില്‍ പപ്പയിന്‍ നിര്‍മിക്കുന്നുണ്ട്. പൊടി രൂപത്തിലാണ് വിപണനം. ആഹാര പദാര്‍ഥങ്ങളുമായി ചേര്‍ത്ത് കഴിക്കാവുന്ന ഔഷധ പ്രയോഗങ്ങള്‍ താഴെ ചേര്‍ക്കുന്നു. അര്‍ശസ്: പപ്പായ ധാരാളം ഭക്ഷിച്ചാല്‍ അര്‍ശസിന് ആശ്വാസം ലഭിക്കും. അഴുക്കുകളയാന്‍ : പപ്പായ മരത്തിന്റെ ഇലയോ പച്ചക്കായയുടെ കഷണമോ തുണി കഴുകുമ്പോള്‍ വെള്ളത്തിലിട്ടാല്‍ അഴുക്ക് നല്ലതുപോലെ ഇളകി വരും. എന്നാല്‍ തുണിയിലെ ചായം ഇളകുകയുമില്ല. ആസ്തമ: ഉണങ്ങിയ ഇലകൊണ്ട് ചുരുട്ടുണ്ടാക്കി കത്തിച്ച് വലിച്ചാല്‍ ആശ്വാസം ലഭിക്കും. ആര്‍ത്തവം: പച്ചപപ്പായ കുരുവും കറയും കളയാതെ ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔണ്‍സ് വീതം ദിവസവും രണ്ടുനേരം കഴിച്ചാല്‍ ആര്‍ത്തവം സുഗമമാവും. മുടങ്ങിയും വേദനയോടുകൂടിയുള്ള ആര്‍ത്തവത്തിന് ഓമക്കായ് കുരു ഉള്‍പ്പെടെ ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔണ്‍സ് വീതം രണ്ടു നേരം കഴിക്കുക. പച്ചക്കായ് സൂപ്പുവച്ചു കുടിച്ചാല്‍ ആര്‍ത്തവ വേദനയ്ക്ക് ശമനം കിട്ടും. അധിക ആര്‍ത്തവത്തിനും ഇത് നന്ന്. കരള്‍ : പച്ചക്കായയുടെ സൂപ്പ് കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് നന്ന്. കാഴ്ചശക്തി: 100 ഗ്രാമില്‍ 2500 വിറ്റമിന്‍ "എ" ഉള്ളതിനാല്‍ ധാരാളം ഭക്ഷിച്ചാല്‍ കാഴ്ച ശക്തി അധികകാലം നിലനില്‍ക്കുന്നതാണ്. കണ്ണുകളുടെ ആരോഗ്യവും കാഴ്ച ശക്തിയും പപ്പായ സ്ഥിരമായി കഴിച്ചാല്‍ വര്‍ധിക്കും. കൃമി: മൂപ്പു കുറഞ്ഞ പപ്പായ 15 ദിവസം തുടര്‍ച്ചയായി വെറും വയറ്റില്‍ ഭക്ഷിച്ചാല്‍ കൃമി ശമിക്കും. വിത്ത് അരച്ചുകൊടുത്താല്‍ കൃമി നശിക്കും. ചിരങ്ങ്: പപ്പക്കായുടെ കുരുക്കള്‍ അരച്ച് തൊലിപുറത്ത് കുറച്ചുകാലം പുരട്ടിയാല്‍ ശമിക്കും. പല്ലുവേദന: ഇടയ്ക്കിടക്ക് പപ്പായ ഭക്ഷിച്ചുകൊണ്ടിരുന്നാല്‍ പല്ലു വേദന വരുകയില്ല. പ്രമേഹം: പപ്പായ തുടര്‍ച്ചയായി ഭക്ഷിച്ചാല്‍ ശമിക്കും. പ്രമേഹ രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ "സി"യുടെ കുറവ് പപ്പായ തിന്നാല്‍ പരിഹരിക്കും. മുഖസൗന്ദര്യം: പഴുത്ത പപ്പായ ഉടച്ച് മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് ആദ്യം ചൂടു വെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകുക. കുറച്ചുനാള്‍ പതിവാക്കിയാല്‍ മാര്‍ദവവും മിനുസവും ഭംഗിയും കിട്ടും. പൗഡര്‍ ഉപയോഗിക്കരുത്. മുഖത്തെ ചുളിവും മാറും. മുഖക്കുരുവും നശിക്കും. പച്ച പപ്പായയും മഞ്ഞളും അരച്ച് മുഖത്ത് പുരട്ടി അരമണിക്കുര്‍ കഴിഞ്ഞ് കഴുകുക. തുടര്‍ച്ചയായി ചെയ്താല്‍ മുഖസൗന്ദര്യം വര്‍ധിക്കും. പാല് (കറ) കൂടിയാല്‍ പൊള്ളാന്‍ സാധ്യതയുണ്ട്).

കടപ്പാട് : ലേഖനം തയ്യാറാക്കിയ സുഭദ്രാദേവി ചിദംബരന്‍

പോഷകങ്ങളുടെ ഒരു വന്‍ കലവറയാണ് പപ്പായ . കുറഞ്ഞവിലക്ക് വളരെ മെച്ചപ്പെട്ട ഫലം എന്നതാണ് പപ്പായയെ സാധാരണക്കാരന്‍റെ ഇഷ്ടഭക്ഷണമാക്കിയത്. ആപ്പിള്‍ ‍, പേരക്ക , വാഴപ്പഴം എന്നീ ഫലങ്ങളെ അപേക്ഷിച്ച് പപ്പായയില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കരോട്ടിനും ബീറ്റാകരോട്ടീനും അടങ്ങിയിട്ടുള്ളതിനാല്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പപ്പായ നല്ലതാണ്. പോളിസാക്കറൈഡുകളും ധാതുലവണങ്ങളും എന്‍സൈമുകളും പ്രോട്ടീനും ആല്‍ക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫ്ലവനോയിഡുകളും കൂടാതെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇരുന്പിന്‍റെ അംശം, കാത്സ്യം, തയാമിന്‍ ‍, നിയാസിന്‍ ‍, പൊട്ടാസ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

പ്പളങ്ങ, കര്‍മൂസ, ഓമക്കാ എന്നീ പലപേരുകളിലും അറിയപ്പെടുന്ന പപ്പായ പോഷക മൂല്യങ്ങളുടെയും സ്വാദിന്റെയും കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇതിലടങ്ങിയിട്ടുള്ള ജീവകം റിബോഫ്‌ളാവിന്‍, അസ്‌കോര്‍ബിക്ക് ആസിഡ് എന്നിവയുടെ കാര്യത്തില്‍ മാമ്പഴത്തിനെയും വാഴപ്പഴത്തിനെയും ഇത് പിന്തള്ളും. ജീവകങ്ങള്‍, ധാധുലവണങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന പപ്പായ, കൊഴുപ്പും ഉര്‍ജ്ജവും കുറവായതിനാല്‍ ഹൃദ്‌രോഗികള്‍ക്കും പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍ എ പപ്പായയില്‍ സമൃദ്ധമായുണ്ട്. തന്മൂലം പപ്പായ നല്ലൊരു സൗന്ദര്യ വര്‍ധക വസ്തു കൂടിയാണ്. പഴുത്ത പപ്പായയുടെ മാംസളഭാഗം തൊലികളഞ്ഞ് ദിവസേന മുഖത്ത് തേച്ച് അധികം ഉണങ്ങുന്നതിന് മുമ്പ് കഴുകിക്കളഞ്ഞാല്‍ ചര്‍മത്തിന് ശോഭയേറും. മലബന്ധത്തെ ശമിപ്പിക്കുവാനും ഉത്തമ ഔഷധമാണ് പപ്പായ. പപ്പായയിലുള്ള പപ്പയിന്‍ എന്ന രാസ വസ്തു പ്രോട്ടീന്‍ അധികമായ ഭക്ഷണത്തിന്റെ ദഹനം എളുപ്പമാക്കും. പപ്പായ കറയിലുള്ള ഈ രാസാഗ്നിക്ക് ധാരാളം വ്യാവസായിക ഉപയോഗമുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ദന്തല്‍ പോസ്റ്റ് എന്നിവയുടെ നിര്‍മാണത്തിന് ഇത് ഉപയോഗിക്കുന്നു. ആര്‍ത്തവം ക്രമമല്ലാത്ത സ്ത്രീകള്‍ ഏഴ് ദിവസമെങ്കിലും പപ്പായ പച്ചയായി കഴിച്ചാല്‍ ആര്‍ത്തവം ക്രമമാകും. കുട്ടികള്‍ക്ക് പഴുത്ത പപ്പായ കൊടുത്താല്‍ അഴകും ആരോഗ്യവുമുണ്ടാകും. 
നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായിട്ടും പഴമായിട്ടും ഉപയോഗിക്കാം. വിളയാത്ത പപ്പായ ഒഴിവാക്കുന്നതാവും നല്ലത്. വിവിധതരം എന്‍സൈമുകളായ പപ്പായിന്‍ ‍, വെജിറ്റബിള്‍ പെപ്‌സിന്‍ എന്നിവ ശരീരത്തിലെ ദഹനവ്യവസ്ഥ കാത്തുസൂക്ഷിക്കാനും ദഹനവ്യവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങളെ നേരേയാക്കാനും വിശപ്പുണ്ടാക്കാനും സഹായിക്കുന്നു. പുളിപ്പിച്ചെടുക്കല്‍ പ്രക്രിയയിലൂടെ പഴുത്ത പപ്പായയില്‍നിന്ന് ഉണ്ടാക്കിയെടുക്കുന്ന ഉത്പന്നം ആഹാര-ഔഷധഗുണമൂല്യങ്ങള്‍ ഒരുമിച്ചു ചേര്‍ന്നവയാണ്. ഇതിനു നല്ല ആന്‍റി ഓക്‌സീകരണ ഗുണമുള്ളതിനാല്‍ ഓക്‌സീകരണപ്രക്രിയയിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മലിനവസ്തുക്കളെ തടയാനും നിര്‍വീര്യമാക്കി പുറത്തുകളയാനും സഹായിക്കുന്നു 
പപ്പായ കഫ, വാത ദോഷങ്ങളെ ശമിപ്പിക്കുന്നു. പഴുത്ത പപ്പായ പിത്തശമനമാണ്. പപ്പായയുടെ എല്ലാ ഭാഗങ്ങളും ഔഷധമൂല്യമുള്ളതാണ്. കറ തൊലിപ്പുറത്തുണ്ടാകുന്ന പുഴുക്കടി, മറ്റു ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണ്. പഴുത്ത പപ്പായ വായുക്ഷോഭത്തെ ദൂരീകരിക്കുന്നു. മൂത്രം ധാരാളമായി പോകാന്‍ സഹായിക്കും. അതിസാരം, പഴകിയ വയറിളക്കം, മൂത്രനാളികളിലുണ്ടാകുന്ന വ്രണങ്ങള്‍ ‍, വീക്കം, രക്താര്‍ശസ്സ് എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നു. 
പഴുത്ത പപ്പായയുടെ ഉപയോഗം കരളിന്‍റെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു. ജീവാണു നാശകഗുണവും ഉണ്ട്. ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുന്ന ഇല ഇലക്കറിയായിട്ട് ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തരോഗികള്‍ക്കും മൂത്രാശയരോഗികള്‍ക്കും നല്ലതാണ്. കൃമിശല്യം , വയറു വേദന, പനി എന്നീ അവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ്.

കപ്പക്കായ, ഓമക്കായ എന്നെല്ലാ പേരുകളിലറിയപ്പെടുന്ന പപ്പായ കാരിക്കേസി (Caricaceae) സസ്യകുടുംബത്തില്‍ പെട്ടതാണ്.  ഇംഗ്ലീഷില്‍ പപ്പായ (Papaya) എന്നറിയപ്പെടുന്ന ഇതിനെ സംസ്കൃതത്തില്‍ ഏരണ്ഡ കര്‍കടി എന്നാണ് അറിയപ്പെടുന്നത്.   ദീപനത്തെ ത്വരിതപ്പെടുത്തുന്ന ഒരതരം ആല്‍ബുമിനോയ്ഡുണ്ട്.   ഇത് ഏറെക്കുറെ പെപ്സിനു സമാനമാണ്.  ഇതിനുപുറമെ കൊഴുപ്പ്, പഞ്ചസാര, മാലിക്, ടാര്‍ട്ടാറിക്, നൈട്രിക് അമ്ലങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.   പച്ചപപ്പായയില്‍ സോഡിയം, പൊട്ടാസ്യം, ഫോസ്ഫോറിക് അമ്ലം എന്നിവയും അടങ്ങിയിട്ടുണ്ട്.  കുരുവില്‍ അടങ്ങിയിട്ടുള്ള ഒരുതരം എണ്ണയെ കാരിമ്പന്‍ ഓയില്‍ എന്നു പറയുന്നു.    പപ്പായമരത്തിന്റെ ഇല, പഴം, കുരു എന്നീ ഭാഗങ്ങളിലെല്ലാം പപ്പയിനുണ്ട്.  മരത്തിന്മേല്‍ കൊത്തിയാലുണ്ടാകുന്ന കറ ഉണക്കിയാണ് പപ്പയിന്‍ ഉണ്ടാക്കുന്നത്.   3 ഗ്രാം പപ്പയിന്‍ നാഴി പാല്‍ ദഹിപ്പിക്കുന്നതിന് മതിയാകും.    പച്ചപപ്പായ ഇടിച്ചുപിഴിഞ്ഞുണ്ടാക്കുന്ന നീര് കഴിക്കുന്നത് ആര്‍ത്തവശുദ്ധിക്ക് നല്ലതാണ്.   ഇത് 3 ഔണ്‍സ് വീതം  പ്രസവിക്കാറായ സ്ത്രീകള്‍ ഉപയോഗിച്ചാല്‍ പ്രസവം ബുദ്ധിമുട്ടില്ലാതാവും.   പപ്പായ ഉണക്കി ഉപ്പിലിട്ട് ദിവസേന തിന്നാല്‍ കരള്‍വീക്കത്തിനും മഹോദരത്തിനും മഞ്ഞപ്പിത്തത്തിനും നല്ലതാണ്.  അര്‍ശസ് രോഗികള്‍ക്കും നല്ലതാണിത്. പൊന്‍കാരം പൊടിച്ച് പപ്പായിന്‍ കൂട്ടി അരച്ച് കാലിലെ ആണിയിലും ശരീരത്തില്‍ അവിടവിടെയായിട്ടുണ്ടാകുന്ന അരിമ്പാറയിലും പുരട്ടിയാല്‍ അതെല്ലാം കൊഴിഞ്ഞുപോകുന്നതാണ്. പപ്പായയുടെ ഇല ചൂടുവെള്ളത്തിലിട്ടോ തീയില്‍ കാണിച്ച് വാട്ടിയെടുത്തോ ചൂടുപിടിപ്പിച്ചാല്‍ ഞരമ്പുവേദനയ്ക്ക് ആശ്വാസം കിട്ടും.   ചൊറിക്കും കാലിലുണ്ടാകുന്ന എക്സിമയ്ക്കും പൊന്‍കാരം പൊടിച്ച് പച്ചപപ്പായയുടെ ഇടിച്ചുപിഴിഞ്ഞ നീര് ചേര്‍ത്ത് പുരട്ടിയാല്‍ ആശ്വാസം കിട്ടും.  വിട്ടുമാറാത്ത അതിസാരത്തിന് പച്ചപപ്പായ തിന്നുന്നത് നല്ലതാണ്.  സ്ഥൂലാന്ത്രപാകം എന്ന മാറാരോഗത്തിന് കപ്പക്കായ തിന്നാല്‍ നല്ല ഫലംകിട്ടും.  പപ്പായമരത്തിന്റെ ഇലയരച്ച് പുരട്ടിയാല്‍  മന്തുരോഗത്തിന് ശമനമുണ്ടാകും.   നീര് വറ്റിച്ച് ഗുളികയാക്കി നല്കുന്നതും ഫലപ്രദമാണ്.

കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ(Carica Papaya). മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കന്‍ രാജ്യങ്ങളിലാണ്‌ പപ്പായ പ്രധാനമായും കണ്ടുവരുന്നത്‌. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്‌. മലയാളത്തില്‍ ത്തന്നെ കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കര്‍മൂസാ,കര്‍മത്തി എന്നിങ്ങനെ പലപേരുകളില്‍ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു. പപ്പായ അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി 5 മുതല്‍ 10 മീറ്റര്‍വരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകള്‍ 70 സെ.മീ വരെ വ്യാപ്തിയില്‍ ഏകദേശം നക്ഷത്രാകൃതിയിലാണ്‌. ഇലകളുടെ തണ്ടും പൊള്ളയാണ്‌. തടിയും തണ്ടും ചേരുന്നിടത്ത്‌ പൂക്കളുണ്ടായി, അത്‌ ഫലമായി മാറുന്നു. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോള്‍ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളില്‍ ചുവപ്പ്‌ അല്ലെങ്കില്‍ ഓറഞ്ച്‌ നിറമാണ്‌. ഫലത്തിനൊത്തനടുവുല്‍ കറുത്തനിറത്തിലായിരിക്കും വിത്തുകള്‍ കാണപ്പെടുന്നത്‌. ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താല്‍ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിര്‍ത്താനും കരളിന്റെ പ്രവര്‍ത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എന്‍ സൈമുകളും പ്രോട്ടീനും ആല്‍ക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിന്‍, നിയാസിന്‍, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പപ്പായ സഹായകമാണ്. നാരുകള്‍ അധികം അടങ്ങിയിട്ടുള്ളതിനാല്‍ ദഹന പ്രക്രീയക്ക്‌ സഹായകമാണ്

രോഗശാന്തിയേകും കറ്റാര്‍വാഴ

കറ്റാര്‍വാഴ സൌന്ദര്യസംരക്ഷണത്തിനും ആരോഗ്യത്തിനും

വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ഇതിന്‍റെ ഇലകളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലില്‍ മ്യൂക്കോപോളിസാക്കറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ വിറ്റമിനുകള്‍ , അമിനോ ആസിഡുകള്‍ , ഇരുമ്പ് , മാംഗനീസ് , കാത്സ്യം , സിങ്ക് , എന്നിവയും അടങ്ങിയിട്ടുണ്ട്.

വിപണിയില്‍ ഇന്ന് ലഭ്യമായ മിക്ക ക്ലെന്‍സറുകളിലെയും മോയിസ്ചറൈസറുകളിലെയും മറ്റ് ലേപനങ്ങളിലെയും പ്രധാനഘടകമാണ് കറ്റാര്‍ വാഴ. ആന്‍റി ഓക്സിഡന്‍റ് കൂടിയാണ് ഇത്. രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുവാനും പൂപ്പല്‍ , ബാക്ടീരിയ എന്നിവയെ ചെറുക്കാനും ഇതിന് കഴിവുണ്ട്.

സൌന്ദര്യസംരക്ഷണത്തില്‍ കറ്റാര്‍വാഴ മുഖത്ത് അഭംഗിയായി മാറുന്ന ചെറിയ കറുത്ത പുള്ളികളാണോ നിങ്ങളുടെ പ്രശ്നം ? അല്‍പ്പം കറ്റാര്‍വാഴ നീര്, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് നേരത്തേക്ക് മുഖത്തു ലേപനം ചെയ്യുക. പാട നീക്കിയ പാല്‍ തടവി, അഞ്ചു മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ പാടെ ഇല്ലാതാക്കും.

കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ലി മസ്‌ലിന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കുക. കമ്പ്യൂട്ടര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതു നല്ലതാണ്.

കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍‍ദ്ധിപ്പിക്കാന്‍ സഹായിക്കും .

ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് സൂര്യതാപമേറ്റ ചര്‍മത്തിന് വളരെ നല്ലതാണ്.

കറ്റാര്‍ വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.

രോഗശാന്തിയേകും കറ്റാര്‍വാഴ

ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി പതിവായി വെറുംവയറ്റില്‍ കറ്റാര്‍വാഴനീരും തേനും യോജിപ്പിച്ചത് രണ്ട് സ്പൂണ്‍ വീതം കഴിച്ചാല്‍ മതി.

പച്ചമഞ്ഞള്‍ കറ്റാര്‍വാഴ നീരില്‍ അരച്ച് പുരട്ടുന്നത് വ്രണങ്ങള്‍ , കുഴിനഖം എന്നിവ ഇല്ലാതാക്കും.

ഷേവ് ചെയ്ത ശേഷം കറ്റാര്‍വാഴ ജെല്ലി തടവുന്നത് റേസര്‍ അലര്‍ജി, മുറിപ്പാടുകള്‍ ഇവ ഇല്ലാതാക്കും.

അലോവേര (Aloe Vera) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കറ്റാര്‍വാഴയെ ഇംഗ്ലീഷില്‍ ഇന്ത്യന്‍ അലോ (Indian Aloe) എന്നാണ് പറയുന്നത്. ഇതിന്റെ ഇലകള്‍ പൈനാപ്പിളിന്റെ ഇലയോട് രൂപസാദൃശ്യമുള്ളതും തടിച്ച് മാംസളവുമാണ്. ലില്ലി വര്‍ഗത്തില്‍‍ പെട്ട ഈ സസ്യത്തിന്റെ ഇലകളുടെ രണ്ടു വശങ്ങളിലും മുനയുള്ള കൂര്‍ത്ത മുള്ളുകള്‍ ‍ധാരാളം കാണാവുന്നതാണ്. കറ്റാര്‍‍വാഴ നീരിന് വളരെ വിപുലമായ തരത്തിലുള്ള ഗുണങ്ങള്‍‍ ഉള്ളതിനാല്‍‍ എരി
യുന്ന സസ്യം, പ്രമേഹ ശുശ്രൂഷച്ചെടി എന്നിങ്ങനെ വിശേഷിപ്പിക്കുന്നു.

ആയുര്‍വേദ വിധിപ്രകാരം സ്ത്രീരോഗങ്ങളില്‍ പലതിനുമുള്ള ഔഷധമാണ് കറ്റാര്‍വാഴ. സ്നിഗ്ദ്ധഗുണവും ശീതവീര്യവുമാണ് ഇതിനുള്ളത്. ത്രിദോഷഹരമായ ഇതില്‍ നിന്നാണ് ചെന്നിനായകം എന്ന ഔഷധം ഉണ്ടാക്കുന്നത്. ഇലച്ചാര്‍ ലേപനമായും എണ്ണകാച്ചുന്നതിലെ നീരായും ഉള്ളില്‍ കഴിക്കുന്ന ഔഷധമായും ഉപയോഗിച്ചു വരുന്നു. ഹോമിയോപ്പതിയില്‍ ശിരോരോഗങ്ങള്‍ക്കെതിരായി ധാരാളമായി ഉപയോഗിക്കുന്നു

ത്രിദോഷങ്ങളായ- വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമ ഔഷധമാണിത്. മുടി കൊഴിച്ചില്‍‍, കാതടപ്പ്, കോപം, തല ചൂടാകുന്നത്, എന്നിവ അകറ്റാന്‍‍ കറ്റാര്‍വാഴയുടെ ചാര്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. പിറ്റ്യൂറ്ററിഗ്രന്ഥി, തൈറോയിഡ് ഗ്രന്ഥി, ഓവറികള്‍‍ എന്നിവയുടെ പ്രവര്‍ത്തന ശേഷി ക്രമീകരിക്കുന്നതിനും ഈ ഔഷധം ഉത്തമമാണ്. ദഹനക്രിയ ക്രമീകരണം, വിശപ്പു വര്‍ദ്ധിപ്പിക്കല്‍‍, കരളിന് ഒരു ഉത്തമടോണിക്ക്, ആമാശയത്തിലെ കുരുക്കള്‍ ഇല്ലാതാക്കല്‍‍ എന്നിവ ഈ ഔഷധത്തിന്റെ ഒരു പ്രത്യേകതയാണ്.

സ്ത്രീകളുടെ ഒരു ഉറ്റ ചങ്ങാതിയാണെന്നു പറയാം. ‘കുമാരി’ എന്ന പേര് കറ്റാര്‍‍ വാഴയ്ക്ക് വളരെ അന്വര്‍ത്ഥമാണ്. ഗര്‍ഭാശയ സംബംന്ധമായ രോഗങ്ങള്‍ക്ക് കറ്റാര്‍വാഴ അടങ്ങിയ മരുന്ന് ഉത്തമ പ്രതിവിധിയാണ്. ആയുര്‍‍വേദത്തില്‍‍ കുമാരാസവം നടത്തുന്നു. കൂടാതെ അശോകാരിഷ്ടം അമിതമായ രക്തസ്രാവം തടയുന്നു.

ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാര്‍ വാഴയുടെ ദ്രവ രൂപത്തിലുള്ള ചാര്‍ ഉപയോഗിച്ചുവരുന്നു. ഇല അരച്ച് ശിരസ്സില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ തല തണുക്കുകയും താരന്‍ മാറിക്കിട്ടുകയും ചെയ്യും. കറ്റാര്‍വാഴ നീരും പച്ചമഞ്ഞളും അരച്ചു ചേര്‍ത്ത ലേപനം വ്രണങ്ങളും കുഴിനഖവും മാറാന്‍ വെച്ചുകെട്ടിയാല്‍ മതി. ഇലനീര് പശുവിന്‍ പാലിലോ ആട്ടിന്‍പാലിലോ ചേര്‍ത്ത് സേവിച്ചാല്‍ അസ്ഥിസ്രാവത്തിന് ശമനമുണ്ടാകും.

നല്ല തണുത്ത പ്രകൃതിയുള്ള കറ്റാര്‍വാഴയുടെ ഇലകളില്‍‍ ധാരാളം ജലം ഉള്ളതിനാലും പോഷകഗുണങ്ങള്‍‍, ഔഷധഗുണങ്ങള്‍‍ എന്നിവ വോണ്ടുവോളം ഉള്ളതിനാലും പല തരത്തിലുള്ള ത്വക്ക് രോഗങ്ങളും മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് ഫലപ്രദമാണ്. ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി, സ്വര്‍ഗ്ഗത്തിലെ മുത്ത് എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന സസ്യമാണ് കറ്റാര്‍വാഴ.

കടപ്പാട് : കേരള ഇന്നവേഷന്‍ ഫൌണ്ടേഷന്‍ (kif.gov.in)

ചിറ്റ്അമൃത്

ഇത് സമൂലം ഇടിച്ചു പിഴിഞ്ഞെടുക്കുന്ന നീര് രണ്ടു മുതല്‍ മൂന്നു ഔന്‍സ് വരെ ദിവസം മൂന്നു നേരം ഭക്ഷണത്തിന് മുമ്പ് കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ കഴിയും.

ഇല തീയില്‍ ചൂടാക്കി വ്രണങ്ങളില്‍ പതിച്ചു വെച്ചാല്‍ ശമനം കിട്ടും.

ഇത് സമൂലം ചതച്ചു കഷായം വെച്ച് കഴിച്ചാല്‍ പനിക്ക് അത്യുത്തമമാണ്.

പര്‍പ്പടക പുല്ലു, ചന്ദനം ചുക്ക്, മുത്തങ്ങ കിഴങ്ങ് ഇവ ചതച്ചു കഷായം വെച്ച് ദിവസം രണ്ടു നേരം കഴിച്ചാല്‍ ലൈംഗിക രോഗങ്ങള്‍, പ്രമേഹം, ത്വക് രോഗങ്ങള്‍ മഞ്ഞപിത്തം, ചുമ എന്നിവ ശമിക്കും.

ഇതിന്റെ നീര് ദിവസവും മൂന്നു നേരം കഴിച്ചാല്‍  aids രോഗികളില്‍ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും അവര്‍ക്ക് ആയുസ്സ്  വര്‍ദ്ധിക്കുകയും ചെയ്യും.

ആര്ത്രൈടിസില്‍ ഇതിന്റെ നീര് ദിവസം രണ്ടു നേരം കഴിച്ചാല്‍ ഫലപ്രദമാണ്.

ഇത് ചേര്‍ന്ന ചില യോഗങ്ങള്‍: അമൃതാരിഷ്ടം,അമൃതോത്തരം കഷായം എന്നിവയാണ്. കൂടാതെ ധാരാളം ആയുര്‍വേദ മരുന്നുകളില്‍ പ്രധാന ഘടകമാണ് ചിറ്റ് അമൃത്.

അകത്തി

Swamp Pea

ഫാബേസി (Fabaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധവൃക്ഷം. ശാ.നാ. സെസ്ബാനിയ ഗ്രാന്റിഫ്ളോറ (Sesbania grandiflora). സംസ്കൃതത്തില്‍ അഗസ്തി, അഗസ്തിക, മുനിദ്രുമം, വംഗസേന എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്.

അകത്തി 6-9 മീ. വരെ ഉയരത്തില്‍ വളരും. ഇലകള്‍ സമപിച്ഛകസംയുക്തം; ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു; 15-30സെ.മീ. നീളം. ഓരോ പിച്ഛകത്തിലും 20-30 ജോടി പത്രകങ്ങള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ആയതാകൃതിയിലുള്ള പത്രകങ്ങള്‍ക്ക് 2-3 സെ.മീ. നീളവും 1-1.5 സെ.മീ. വീതിയുമുണ്ട്. പര്‍ണവൃന്തതല്‍പ്പങ്ങളും (pulvinus) അനുപര്‍ണ(stipules)ങ്ങളുമുണ്ട്.

അകത്തി: പുഷ്പങ്ങളും കായ്കളുമുള്ള ശാഖകള്‍

അകത്തിക്ക് പ്രത്യേക പുഷ്പകാലമില്ല. ഫെ.-മാ. മാസങ്ങളില്‍ ഇലയ്ക്കും തണ്ടിനുമിടയിലുള്ള കക്ഷ്യങ്ങളില്‍ നിന്ന് റസിം പുഷ്പമഞ്ജരിയായി പുഷ്പങ്ങളുണ്ടാകുന്നു. വെള്ള, ഇളംചുവപ്പ്,ചുവപ്പ് എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങളുണ്ടാകുന്ന ഇനങ്ങളുമുണ്ട്. പുഷ്പങ്ങള്‍ വലുപ്പം കൂടിയതും ആകര്‍ഷകവുമാണ്. പൂമൊട്ടിന് അരിവാളിന്റെ ആകൃതിയാണ്. ഏകവ്യാസ സമമിത ദ്വിലിംഗിപുഷ്പങ്ങളാണ്. അഞ്ചു ബാഹ്യദളങ്ങള്‍ ചേര്‍ന്ന സംയുക്ത ബാഹ്യദളപുടത്തിന് രണ്ടോ അഞ്ചോ കര്‍ണങ്ങളുണ്ടായിരിക്കും.

ദളപുടത്തില്‍ സ്വതന്ത്രങ്ങളായ അഞ്ചു ദളങ്ങളുണ്ട്; ഒരു പതാക ദളവും (standard petal) രണ്ടു പക്ഷ ദളങ്ങളും (wing petals) രണ്ടു പോതക ദളങ്ങ(keel petals)ളും പത്തു കേസരങ്ങളുമുണ്ട്. കേസരങ്ങളില്‍ ഒമ്പതെണ്ണം ഒരു കറ്റയായും ഒരെണ്ണം സ്വതന്ത്രമായും കാണപ്പെടുന്നു. ഒറ്റ അറമാത്രമുള്ള ഊര്‍ധ്വവര്‍ത്തി അണ്ഡാശയമാണിതിന്. മുരിങ്ങക്കായ് പോലുള്ള കായയ്ക്ക് 30 സെ.മീറ്ററോളം നീളമുണ്ടായിരിക്കും. ഒരു കായയില്‍ 15-50 വിത്തുകളുണ്ടാവും.

അകത്തിയുടെ മരത്തൊലിയില്‍ ടാനിന്‍, രക്തവര്‍ണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയില്‍ പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്,ലോഹാംശം, എ, ബി, സി, ജീവകങ്ങള്‍ എന്നിവയും പുഷ്പങ്ങളില്‍ ബി,സി, ജീവകങ്ങള്‍ എന്നിവയും വിത്തില്‍ പ്രോട്ടീന്‍, കൊഴുപ്പ്,കാര്‍ബോഹൈഡ്രേറ്റ് എന്നിവയും അടങ്ങിയിരിക്കുന്നു. വിത്തില്‍ നിന്ന് ഒലിയാനോലിക് അമ്ളം വേര്‍തിരിച്ചെടുത്തിട്ടുണ്ട്.

തൊലി, ഇല, പുഷ്പം, ഇളം കായ്കള്‍ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീര്‍ക്കെട്ടും മാറാന്‍ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങള്‍ക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യില്‍ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങള്‍ക്കും ഇത് പ്രയോജനകരമാണ്.

അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാല്‍ ചേര്‍ത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളില്‍ ലേപനം ചെയ്താല്‍ വ്രണം പെട്ടെന്ന് ഉണങ്ങും. അകത്തിയുടെ ഇലയും പൂവും കറിവയ്ക്കാന്‍ ഉപയോഗിക്കുന്നു.

ഔഷധഗുണങ്ങള്‍
അകത്തിയുടെ മരത്തൊലിയില്‍  ടാനില്‍, രക്തവര്‍ണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയില്‍ മാംസ്യം, കാല്‍സ്യം, ഫോസ്ഫറസ്,ലോഹാംശം, എ, ബി, സി, ജീവകങ്ങള്‍ എന്നിവയും പുഷ്പങ്ങളില്‍ ബി,സി, ജീവകങ്ങള്‍ എന്നിവയും വിത്തില്‍ മാംസ്യം കൊഴുപ്പ്, അന്നജംഎന്നിവയും അടങ്ങിയിരിക്കുന്നു. വിത്തില്‍ നിന്ന് ഒലിയാനോലിക് അമ്‌ളം വേര്‍ തിരിച്ചെടുത്തിട്ടുണ്ട്.
ആയുര്‍ ‌വേദത്തില്‍

തൊലി, ഇല, പുഷ്പം, ഇളം കായ്കള്‍ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീര്‍ ക്കെട്ടും മാറാല്‍ സഹായകമാണ്. ഇത്തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങള്‍ക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യില്‍ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങള്‍ക്കും ഇത് പ്രയോജനകരമാണ്. അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഔഷധമാണ്.അകത്തിക്കുരു പാല്‍ ചേര്‍ ത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളില്‍ലേപനം ചെയ്താല്‍ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുണ്ണ്(കുടല്‍‌പ്പൂണ്ണ്,ആകാരം),ഉഷ്ണ രോഗങ്ങള്‍ മാറുന്നത്തിന് ഉപയോഗിക്കുന്നു.

ഒരു കാല്‍ ഞൊണ്ടി


അക്കന്തേസിയ കുടുംബത്തില് പെടുന്ന പുഷ്പ്പിക്കുന്ന ചെടിയാണിത് ഇതിന്‍റെ ശാസ്ത്രനാമം പെരിസ്റ്റ്രൊഫി എന്നാണ് 15 മുതല്‍ 40 വരെ ഇനങ്ങളില്‍ ഇത് കാണപെടുന്നു
ആഫ്രീക്കന്‍ രാജ്യങ്ങളിലും ഏഷ്യയില്‍ നിരവധി രാജ്യങ്ങളിലും ന്ത്യയില്‍ എല്ലായിടത്തും കണ്ടുവരുന്നു. അണുനാശക ശക്തിയുള്ള അപൂര്‍വ്വ സസ്യങ്ങളില്‍ ഒന്നാണ്  ഒരു കാല്‍ ഞൊണ്ടി.

ശല്ഗം
ബ്രാസ്സികാകെ സസ്യകുടുംബത്തില്‍ ‍പ്പെട്ട പച്ചക്കറിവിളയാണ് ശല്ഗം (മധുരമുള്ളങ്കി)
ഇംഗ്ലീഷില് ടര്‍നിപ്പ്(Turnip) എന്ന് വിളിക്കുന്നു
ഇത് റഷ്യയിലും സൈബീരിയയിലും പണ്ട് വന്യസസ്യമായി വളര്‍ന്നിരുന്നു. ചൈനയോ മധ്യഏഷ്യയോ ആയിരിക്കാം ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു.
റോമന്‍ സംസ്കാരകാലത്തുതന്നെ മധുരമുള്ളങ്കിക്ക് വളരെ പ്രചാരം ലഭിച്ചിരുന്നതില്‍ നിന്നും, അതില്‍ മുമ്പേ മധുരമുള്ളങ്കി കൃഷിചെയ്യാന്‍ ആരംഭിച്ചിരുന്നതായി മനസ്സിലാക്കാം. എന്നാല്‍ ഡാനിയല്‍ സോഹറിയും മരിയ ഹോപും നടത്തിയ പഠനങ്ങള്‍ പറയുന്നത് മധുരമുള്ളങ്കിയുടെ ഉല്‍ഭവത്തെക്കുറിച്ച് നമുക്ക് വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ലെന്നാണ്
മധുരമുള്ളങ്കിയുടെ കട്ടിയുള്ളതും കനം കുറഞ്ഞു പരന്നതുമായ വേരുകള്‍ കിഴങ്ങുകളായി രൂപാന്തരപ്പെടുന്നു. ഇത്തരം ഭക്ഷ്യയോഗ്യമായ കിഴങ്ങുകള്‍ക്കായി ഇന്ത്യയില്‍ ഇത് വിപുലമായ തോതില്‍ കൃഷിചെയ്തു വരുന്നു. ഇലകള്‍ പരന്നതും രോമിലവും നീളം കുറഞ്ഞതുമാണ്. ഇളംതണ്ടിലും ഇലകളിലും ധാരാളം ധാതുക്കളും ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. സാലഡ്, അച്ചാറുകള്‍, കറികള്‍ എന്നിവ ഉണ്ടാക്കാന്‍ മധുരമുള്ളങ്കിയുടെ ഇലകള്‍ ഉപയോഗിക്കുന്നു. ഇലകള്‍ കാലിത്തീറ്റയായും പ്രയോജനപ്പെടുത്തുന്നു.

കാക്കത്തുടലി

ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കാക്കത്തുടലി ഇന്ത്യയുടെ പലയിടത്തും ഈ ചെടി കാണാന്‍ സാധിക്കും. റുട്ടേഷ്യ കുടുംബത്തില്‍ ഉള്‍ പ്പെടുത്തി വര്‍ഗ്ഗീകരിച്ചിരിക്കുന്ന ഈ വിഭാഗത്തില്‍ ഒരു സ്പീഷീസ് മാത്രമേയുള്ളൂ. ഇതിന്‍റെ ശാസ്ത്രീയ നാമം : Toddalia asiatica.സംസ്കൃതത്തില്‍ ദാസി എന്നാണ് പേര്.
ഔഷധ യോഗ്യമായ ഭാഗങ്ങള്‍ :വേര്, ഇല, പൂവ്, കായ.

കാട്ടു ജീരകം

കുടുംബം : Asteracae ശാസ്ത്രീയ നാമം: Vernonia Anthelmintica Wild
കാട്ടുജീരകത്തെ സംസ്കൃതത്തില്‍ സോമരാജി എന്നും ഹിന്ദിയില്‍ ബന്‍‌ജീര, സോമരാജ് എന്നും അറിയുന്നു. ശാസ്ത്രീയ നാമത്തിലുള്ള anthelminticum എന്ന വാക്കു് കൃമികളുടെ ചികില്‍സക്കെന്നു സൂചിപ്പിക്കുന്നു.
നേരെ ഉയരത്തില്‍ വളരുന്ന ഒരു കുറ്റിച്ചെടിയാണു്. തണ്ടും ഇലകളും രോമാവൃതമാണു്. ഇന്ത്യയില്‍ 1500 മീറ്റര്‍‌ ഉയരം വരെയുള്ള സ്ഥലങ്ങളില്‍ വളരുന്നു. ഉണങ്ങിയ, പഴക്കമില്ലാത്ത ഫലങ്ങളാണു് മരുന്നിനായി ഉപയോഗിക്കുന്നതു്. കൃമി നാശകമാണു്.

കര്‍പ്പൂരതുളസി


ഇന്ത്യയില്‍ എല്ലായിടത്തും കാണുന്നു. തണ്ടു മുറിച്ചു നട്ട് വളര്‍‌ത്താം.
കര്‍പ്പൂരതുളസിയുടെ എല്ലാ ഭാഗങ്ങളും ഔഷദത്തിനായി ഉപയോഗിക്കുന്നു
ജലദോഷം,ത്വക് രോഗങ്ങള്‍ എന്നിവയ്ക്കും ഉത്തമം ഇംഗ്ലീഷില്‍ ഇതിനെ ആഫ്രിക്കന്‍ ബ്ലു ബാസില്‍ എന്ന് വിളിക്കുന്നു
കസ്തൂരി ഗന്ധികള്‍ പൂത്തുവോ
കര്‍പ്പൂര തുളസി തളിര്‍ത്തുവോ
ചന്ദനത്തോപ്പിലെ സിന്ദൂരമല്ലികള്‍
ഒന്നായ് പൂന്തേന്‍ ചൊരിഞ്ഞുവോ
എങ്ങു നിന്നെങ്ങു നിന്നൊഴുകി വരുന്നീ
സുന്ദരഗന്ധ പ്രവാഹം
കുപ്പമേനി
കുടുംബം : Euphorbiaceae ശാസ്ത്രീയ നാമം:Acalypha indica
കുപ്പമേനി എന്ന പേര് തമിഴ് ഭാഷയില് നിന്ന് വന്നതാണ് ആഫ്രിക്കന് രാജ്യങ്ങള് ഇന്ത്യ പാക്കിസ്ഥാന് ശ്രിലങ്ക യമെന് എന്നി രാജ്യങ്ങളില് ധാരാളമായി കണ്ടുവരുന്നു. ആഫ്രിക്കയില് ഇതിന്‍റെ ഇല ഭക്ഷണപദാര്‍ത്ഥമായും ഉപയോഗിക്കുന്നു

ഇന്ത്യയില്‍ എല്ലായിടത്തും കാണുന്നു. 50 സെ. മീറ്ററോളം ഉയരത്തില്‍ വളരുന്ന ഏക വര്‍ഷ ഓഷധിയാണ്.

കുറശ്ശാണി


കുറശ്ശാണിയുടെ ശാസ്ത്രീയ നാമം “Hyoscyamus niger “എന്നാണ്. Solanaceae കുടുംബത്തിലെ ഒരു അംഗമാണിത്. യൂറോപ്പാണ് ഇതിന്‍റെ ജന്മദേശം ഏഷ്യന്‍ രാജ്യങ്ങളിലും അറേബ്യന്‍ രാജ്യങ്ങളിലും ധാരാളമായി കണ്ടുവരുന്നു ഇന്ത്യയില്‍ ഇപ്പോള്‍ കാഷ്മീര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, നീലഗിരി എന്നിവിടങ്ങളില്‍ കൃഷി ചെയ്തു വരുന്നു പഴങ്ങള്‍ക്ക് പ്രിയം വര്‍ദ്ധിച്ചതോടെ ഇതു നട്ടു വളര്‍ത്താന്‍ ആരംഭിച്ചു. ഇത് ഒരു ഔഷദ സസ്യം ആണ്

പാല്‍മുതുക്ക്


ഐപ്പോമിയ മൌരീഷിയാന എന്ന കരിമുതുക്കും ഐപ്പോമിയ ഡിജിറ്റാറ്റ എന്ന വെള്ള പാല്‍മുതുക്കും ഉണ്ട്. വെള്ള പാല്‍മുതുക്കാണ്‌ ഔഷധമായി ഉപയോഗിക്കുന്നത്. പിരിഞ്ഞു പടര്‍ന്നു വളരുന്ന ചെടിയാണ്. ജൂണ്‍- ജൂലൈ മാസങ്ങളിലാണ് പൂക്കുന്നത്. കിഴങ്ങിന്‍ രെസീര്‍, അന്നജം, പ്രോട്ടീന്‍, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു. ചെടിയുടെ കിഴങ്ങാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.
ഓജസ്സും മുലപ്പാലും വര്‍ദ്ധിപ്പിക്കും. വാതഹരമാണ്.ശരീരം തടിപ്പിക്കും. വിദ്യാരാദി കഷായം, വിദ്യാരാദി ചൂര്‍ണ്ണം, മദനകാമേശ്വരി ലേഹ്യം, ദശമൂലാരിഷ്ടം, സാരസ്വതാരിഷ്ടം, ധ്വന്വന്തരം തൈലം, ധാത്ര്യാദിഘൃതം, അശ്വഗന്ധാദി ഘൃതം, ദശസ്വരസഘൃതം എന്നിവയില്‍ പാല്‍മുതുക്കു് ചേര്‍ക്കുന്നുണ്ട്.

മഹാളി


പാലക്കാടന്‍ പശ്ചിമഘട്ട നിരകളിലെ നെല്ലിയാമ്പതി വനമേഖലയില്‍ കണ്ടുവരുന്ന സസ്യമാണ്‌ മഹാളി(Utleria salicifolia). പ്രദേശത്തെ വൈദ്യശാസ്ത്രവുമായി ഇഴ ചേര്‍ത്തുകെട്ടപ്പെട്ട ഔഷധസസ്യമാണിത്‌. നെല്ലിയാമ്പതി വനങ്ങളില്‍ അറുനൂറുമുതല്‍ ആയിരത്തി അഞ്ഞൂറു മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളിലെ കിഴുക്കാം തൂക്കായ പാറമടക്കുകളില്‍ വളരുന്ന കുറ്റിച്ചെടിയാണ്‌ മഹാളി.
ഈ സസ്യത്തിന്റെ എല്ലാഭാഗങ്ങളിലും വെള്ളക്കറ കാണുന്നു. മരച്ചീനിയോടു സാദൃശ്യമുള്ള കിഴങ്ങുകളാണ്‌ വൈദ്യശാസ്ത്രത്തില്‍ ഏറ്റവും പ്രധാനം. മൂന്നു മുതല്‍ അഞ്ചു കിലോഗ്രാം കിഴങ്ങു വരെ ഒരു സസ്യത്തില്‍ കണ്ടുവരുന്നു. ചെറിയ മഞ്ഞപൂക്കളാണ്‌ ചെടിയിലുണ്ടാകുന്നത്‌. മഹാളി അത്യപൂര്‍വ്വവും നാശോന്മുഖവുമായ സസ്യമായതിനാല്‍ മഹാളിയുടെ സംരക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അമിതമായ ശേഖരണം തടഞ്ഞ്‌ തനതായ ആവാസവ്യവസ്ഥയില്‍(in situ) സംരക്ഷിക്കുകയാണ്‌ പ്രധാനമെന്നാണ്‌ കേരള സര്‍ക്കര്‍ പറഞ്ഞിട്ടുണ്ട്‌. അതോടൊപ്പം തന്നെ സമഗ്ര പഠനത്തിനായി ചില പരീക്ഷണശാലകള്‍ക്ക്‌ ആവാസവ്യവസ്ഥയ്ക്ക്‌ പുറത്ത്‌(ex situ)സംരക്ഷിക്കാനും അനുമതി നല്‍കിയിട്ടുണ്ട്‌. ടി. ബി. ജി.ആര്‍. ഐ ഇതിനകം തന്നെ ടിഷ്യുകള്‍ച്ചര്‍ മുതലായ ജൈവ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്‌ മഹാളിയുടെ പ്രജനനം നടത്തിയിട്ടുണ്ട്‌. ഇത്തരം ചെടികളും പിന്നീട്‌ തനത്‌ ആവാസവ്യവസ്ഥയിലേക്ക്‌ മാറ്റി വളര്‍ത്താം എന്നു കരുതുന്നു.

ജബോറാന്‍ഡി

പൈലോകാര്‍പ്പസ് മൈക്രോഫില്ലം (Pilocarpus Microphyllus) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ജബോറാന്‍ഡി വായ്പ്പുണ്ണ്, പനി, ജലദോഷം എന്നിവക്ക് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡ് ആയ പൈലോ കാര്‍പ്പിന്‍ കണ്ടെത്തുകയും കണ്ണിനുള്ളിലെ ഇന്‍ട്രാകുലര്‍ സമ്മര്‍ദ്ദം കുറക്കാന്‍ ഔഷധമായി ഉപയോഗിക്കുവാനും തുടങ്ങി.

കായം

ഭക്ഷണത്തില്‍ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ കായം. ഇംഗ്ലീഷ്:Asafoetida. ലോകത്തില്‍ പലയിടങ്ങളിലും കായം ഉപയോഗിക്കുന്നുണ്ട്. അനാകര്‍ഷകമായ നിറം ചവര്‍പ്പുരുചി, ഗന്ധകമിശ്രിതം മൂലമുള്ള രൂക്ഷമായ ഗന്ധം എന്നിവമൂലമായിരിക്കാം കായത്തിന്‌ ചെകുത്താന്റെ കാഷ്ഠം എന്നൊരു ഇരട്ടപ്പേര്‌ ലഭിച്ചത് ഭാരതത്തില്‍ പണ്ടുകാലം മുതല്‍ കായം രോഗചികിത്സയിലും ആഹാരത്തിലും ഉപയോഗിച്ചിരുന്നു. അറേബ്യന്‍ ഡോക്ടര്‍മാരാണ്‌ കായത്തിനെ ലോകത്തില്‍ പ്രസിദ്ധരാക്കിയത് കായം ഒരു സസ്യത്തിന്റെ കറയാണ്‌. ഈ സസ്യം ഒരു ബഹുവര്‍ഷ ഔഷധിയാണ്‌. ചെടി പുഷ്പിക്കുന്നതിനു മുമ്പായി ഈ സസ്യത്തിന്റെ വേരിനോട് ചേര്‍ന്നുള്ള കാണ്ഡത്തില്‍ മുറിവുകള്‍ ഉണ്ടാക്കുന്നു. ആ മുറിവിലൂടെ ഊറിവരുന്ന വെള്ളനിറമുള്ള കറ മണ്‍പാത്രങ്ങളില്‍ ശേഖരിക്കുന്നു. അവയ്ക്ക് കറുപ്പുനിറം ലഭിക്കുന്നത് കാറ്റുതട്ടുന്നതുമൂലമാണ്‌

മുട്ടപ്പഴം

സപ്പോട്ടേസ്യ കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴംEgg Fruit . ധാരാളം ശിഖരങ്ങളുണ്ടാകുന്ന നിത്യഹരിത വൃക്ഷത്തിലാണ് ഈ പഴം ഉണ്ടാകുന്നത്. കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു. ഈ മരം 20-30 അടി ഉയരത്തില്‍ വളരുന്നു. അപൂര്‍വമായി പ്രാദേശിക വിപണികളില്‍ ഈ പഴം വില്‍പനക്ക് എത്താറുണ്ട്.
പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാന്‍ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉള്‍ഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ ഈ പഴം പൊടിയും. തൊലി ഒഴിവാക്കിയാണ് ഇത് കഴിക്കുന്നത്. മരത്തില്‍നിന്ന് തന്നെ മൂപ്പെത്തി പഴുത്തില്ലെങ്കില്‍ ചവര്‍പ്പ് അനുഭവപ്പെടും. നന്നായി പഴുത്താല്‍ തൊലി് മഞ്ഞ നിറമാകുകയും വിണ്ടുകീറുകയും ചെയ്യും.
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് ഈ പഴം.
വിത്ത് മുളപ്പിച്ചാണ് പുതിയ ചെടി വളര്‍ത്തുന്നത്.

ചെറൂള


ഒരു ആയൂര്‍‌വേദ ഔഷധസസ്യമാണ്‌ ചെറൂള. (ശാസ്ത്രീയ നാമം:Aerva Lanata.) ഏര്‍വ ലനേറ്റ (ജസ്), ബലിപ്പൂവ് എന്നും പേരുണ്ട്. കുടുംബം അമരാന്തേസി. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനനും, വൃക്കരോഗങ്ങള്‍ തടയുന്നതിനും ഫലപ്രദം.രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങള്‍ക്ക്‌ മരുന്നായി ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളില്‍ ഒന്നാണിത്.
ശാസ്‌ത്രീയ നാമം: ഏര്‍വ ലനേറ്റ സംസ്കൃതത്തില്‍ ഭദ്ര , ഭദൃക ഹിന്ദുക്കള്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ഉപയോഗിച്ചു വരുന്നു.

3.05940594059
ഗിരീഷ് Jul 09, 2016 03:18 PM

മരുന്നുകളെ ക്കുറിച്ച്അറിയുവാൻ താൽപ്പര്യമുണ്ട്

ജോർജ് കൊല്ലിയിൽ. Jun 23, 2015 10:33 AM

ഔഷദ സസ്യങ്ങളെ കുറിച്ചുള്ള നല്ല ഒരു വിവരണം ആണ് .വളരെ നല്ലത്.

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top