കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഒരു ഔഷധച്ചെടിയാണു തിപ്പലി.
പലതരം തിപ്പലി ഉള്ളതായി പറയപ്പെടുന്നു. ചെറുതിപ്പലി, വൻതിപ്പലി, നീർതിപ്പലി, ഹസ്തിതിപ്പലി, കുഴിതിപ്പലി, കാട്ടുതിപ്പലി, ഉണ്ടതിപ്പലി എന്നിങ്ങനെ. കുരുമുളകിനോടു വളരെ സാമ്യമുണ്ടെങ്കിലും അത്രത്തോളം ഉയരത്തിൽ വളരില്ല. തിരികളിലാണ് കായ്കൾ ഉണ്ടാകുക. ഇതു വിളഞ്ഞു പാകമായി കറുത്ത നിറമായിത്തീരുന്നു. ഇതുണക്കി യെടുക്കുന്നതാണ് ഔഷധയോഗ്യമായ ഭാഗം.
മേൽമണ്ണും മണലും ചാണകപ്പൊടിയും സമംചേർത്തു നിറച്ച പോളിത്തീൻ കൂടുകളിൽ 15–20 സെ.മീ നീളമുള്ള തണ്ടുകൾ നട്ട് വേരുപിടിപ്പിച്ചുള്ളതാണ് നടീൽവസ്തു. നടാൻ പറ്റിയ കാലം ജൂൺ– ജൂലൈ.
നല്ല നീർവാർച്ചയുള്ള സ്ഥലത്തെ വളക്കൂറുള്ള മണ്ണ് കൃഷിക്കുത്തമം.സമുദ്രനിരപ്പിൽ നിന്ന് 100 മീറ്റർ തുടങ്ങി 1000 മീറ്റർ വരെ ഉയരത്തിൽ തിപ്പലി കൃഷി ചെയ്യാം. തുറസ്സായ സ്ഥലം കൃഷിക്ക് അനുയോജ്യമല്ല. കൃഷിസ്ഥലത്ത് 25 ശതമാനമെങ്കിലും തണൽ വേണം.
തിപ്പലി സമൂലം ഉപയോഗയോഗ്യമാണ്. തിപ്പലിയിൽ പിപിലേറ്റിൻ സെസേനിൻ, പിപ്ലാ സ്റ്റെറോല്‍ എന്ന സുഗന്ധമുള്ള എണ്ണ അടങ്ങിയിട്ടുണ്ട്. വേരു മുതല്‍ പഴങ്ങൾ വരെ ഉപയോഗിക്കാവുന്നതാണ്.
തിപ്പലി വേരിൽ പിപ്പെറിൻ സ്റ്റെറോയ്ഡുകൾ, ഗ്ലൂക്കോസൈഡുകൾ, പിപ്പെലാർട്ടിൻ, പിപ്പെർലോങ്ങുമിനിന്‍ ഇവ അടങ്ങിയിട്ടുണ്ട്.
നിരവധി രോഗങ്ങൾക്ക് ഔഷധമായി തിപ്പലി ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ത്രികടു എന്ന ഔഷധകൂട്ടുകളിൽപ്പെട്ട ഒന്നാണ് തിപ്പലി. ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയാണ് ത്രികടു.
പെപ്പറേസീ സസ്യകുടുംബത്തിൽപ്പെട്ട തിപ്പലിയുടെ ശാസ്ത്രീയ നാമം പെപ്പർ ലോങ്ഗം എന്നാണ്.
- കെ. ജാഷിദ് -
അവസാനം പരിഷ്കരിച്ചത് : 6/21/2020