Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഒരു നെല്ലും ഒരു ചേനയും

കൂടുതല്‍ വിവരങ്ങള്‍

ഒരു നെല്ലും ഒരു ചേനയും

ആനക്കാര്യത്തിനിടയ്ക്ക് ഒരു ചേനക്കാര്യം, പറഞ്ഞു പഴകിയ ഒരു മൊഴിയാണ്. പക്ഷേ ഇത് ആനക്കാര്യം പോലത്തെ ഒരു ചേനക്കാര്യമാണ്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ വെള്ളിനേഴി പഞ്ചായത്തിലാണ് ഈ ആനക്കാര്യം. പരമ്പരാഗത കൃഷിയിൽ നിന്നും വേറിട്ട്, എന്നാൽ അത് ഒഴിവാക്കാതെ പുതുവിള പരീക്ഷിച്ച് വിജയം കൊയ്യുകയാണ് ഒരു കൂട്ടം കർഷകർ. ഇരുപ്പൂ നെൽകൃഷി ചെയ്തിരുന്ന പാടശേഖരങ്ങൾ. ആദ്യ കൃഷി നെല്ലിനു പകരം ചേനയാക്കി. ഇപ്പോൾ മിക്ക പാടശേഖരങ്ങളിലും ഒന്നാം വിള ചേനയും രണ്ടാംവിള നെല്ലുമാണ്. വാഴക്കുഷി ചെയ്തിരുന്ന കർഷകരും അതിലും ലാഭം നെല്‍കൃഷിയാണെന്നു മനസിലാക്കി ഇതിലേക്കു തിരിയുന്നുണ്ട്. സ്വന്തമായും പാട്ടഭൂമിയിലും കൃഷിക്കാർ ചേന കൃഷിചെയ്യുന്നു.

13 വാർഡുകളുള്ള വെള്ളിനേഴി പഞ്ചായത്തിൽ വടക്കൻ വെള്ളിനേഴി, കാന്തള്ളൂർ, പറക്കുന്ന്, ചാറുക്കുന്ന്, കുറ്റാനശേരി, കുറുവട്ടൂർ മേഖലയിലാണ് ചേനകൃഷി കൂടുതലുള്ളത്. ഈ വർഷം ഏതാണ്ട് 350-400 ഏക്കർ സ്ഥലത്ത് കൃഷിയിറക്കിയിട്ടുണ്ട്. ഇതിലൂടെ കേരളത്തിലെ ഒരു ട്യൂബർഹബ് ആയി വെള്ളിനേഴി മാറുകയാണ്. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് വിത്തിറക്കുന്നത്. വയനാട്ടിൽ നിന്നും കുർഗിൽ നിന്നുമാണ് വിത്തു ചേനകൾ എത്തിക്കുന്നത്. 30-32 രൂപ വരെയാണ് വിത്തുചേന കിലോയ്ക്ക് വില. വിത്തെത്തിച്ചു കൊടുക്കുന്ന മൊത്തക്കച്ചവടക്കാർ തന്നെ വിളവെടുക്കുന്ന ചേനയും വാങ്ങും എന്നത് കൊണ്ട് വിപണനം ഒരു പ്രശ്നമാകുന്നില്ല.

ഒരു തടത്തിലേക്ക് ഏതാണ്ട് 600-700 ഗ്രാം തൂക്കമുള്ള ചേനക്കന്നാണ് നടാൻ ഉപയോഗിക്കുന്നത്. ഒരേക്കറിൽ 3,000 മുതൽ 4,000 വരെ ചേനക്കന്നുകൾ നടാം. അടിവളമായി പച്ചിലയും ചാണകപ്പൊടിയും കൊടുക്കുന്നു. സാധാരണ ഒരു ചുവട്ടിൽ നിന്നും 4-5 കിലോ വരെ ചേന രെകിട്ടും. ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ വിളവെടുക്കാം. കഴിഞ്ഞവർഷങ്ങളിൽ 30-40 രൂപവ ഒരു കിലോ ചേനയ്ക്ക് ഇവർക്കു ലഭിച്ചിരുന്നു. എന്നാൽ ഈ വർഷത്തെ മഴ കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. ഗജേന്ദ്ര, ശ്രീപത്മ പോലുള്ള അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളുണ്ടെങ്കിലും ഇവിടെ കർഷകർ ഉപയോഗിക്കുന്നത് മൊത്തക്കച്ചവടക്കാർ ഇറക്കിക്കൊടുക്കുന്ന നാടൻ ഇനങ്ങൾ തന്നെയാണ്. വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത് വലിപ്പം കുറഞ്ഞ ചേനയ്ക്കാണ്. ഇവയ്ക്ക് വിലയും അധികം ലഭിക്കുന്നു.

കർഷകരെ ചേനകൃഷിയിലേക്ക് ആകർഷിക്കുന്ന കാര്യങ്ങൾ പലതാണ്. നെൽകൃഷിയേക്കാൾ 40 ശതമാനം തൊഴിൽ ചെലവ് കുറവാണെന്നതാണ് പ്രധാനം. വളത്തിന്റെ ആവശ്യവും അത്ര വേണ്ടിവരുന്നില്ല. തന്നെയുമല്ല, ചേനയ്ക്ക് കൊടുക്കുന്ന വളം നെൽകൃഷിക്കും പ്രയോജനം ചെയ്യും. ഇതു കൂടാതെ ചേന പറിച്ച തിനുശേഷം അതിന്റെ തണ്ടും ഇലയും മണ്ണിൽ ഉഴുതു ചേർക്കുന്നതോടെ മണ്ണിന് ഫലഭൂഷ്ടി കൂടുകയും നെൽകൃഷിയിൽ വിളവ് കൂടുതൽ കിട്ടുകയും ചെയ്യുന്നു. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഇടപെടലുകൾ ചേനക്കർഷകർക്ക് താങ്ങും തണലുമാണ്. പഞ്ചായത്തിന്റെ അപേക്ഷയെത്തുടർന്ന് വെള്ളിനേഴിയിൽ കേന്ദ്ര സർക്കാരിന്റെ ചേന വിത്തുത്പാദന കേന്ദ്രം ആരംഭിക്കാനുള്ള തീരുമാനം ആയിക്കഴിഞ്ഞു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്‍റെ മേൽനോട്ടത്തിലായിരിക്കും വിത്തുത്പാദന കേന്ദ്രത്തിന്‍റെ പ്രവർത്തനം. അതുകൂടാതെ ചേനക്കർഷകർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുന്നു. ചേനയിൽ നിന്നു മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. ഇതിലൂടെ പുതുതലമുറ കൃഷിക്കാരെയും ഈ കൃഷിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.

പതഞ്ഞൊഴുകുന്ന പുഴയുടെ തീരങ്ങളിൽ ഒരു കിഴങ്ങു വിപ്ലവം നടക്കുകയാണ്. കഴിഞ്ഞ കൃഷിയിലെ നഷ്ടത്തെ ഓർത്ത് പരിതപിക്കുകയല്ല, അടുത്ത കൃഷിയിലെ ലാഭത്തെക്കുറിച്ച് കണക്ക് കൂട്ടുകയാണ് വെള്ളിനേഴിയിലെ കർഷകർ.

പ്രശാന്ത് വിശ്വനാഥ്

കടപ്പാട്: കര്‍ഷകന്‍

 

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top