অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഏലം - സുഗന്ധവ്യഞ്ജനങ്ങളുടെ റാണി

ഏലം

ഏലം അഥവാ സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയുടെ പ്രധാന ഉല്‍പ്പാദകര്‍ ഭാരതവും ഗ്വാട്ടിമലയുമാണ്. പ്രകൃതി മനുഷ്യന് നല്‍കിയ വരദാനമാണ് ഏലം.  സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞിയായ ഏലം ബി.സി. നാലാം നൂറ്റാണ്ടു മുതല്‍ ഔഷധമായും കറിക്കൂട്ടുകളിലും ഉപയോഗിച്ചു വരുന്നു.  ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് പൊടിച്ചെടുത്ത ഏലക്കായ്കള്‍ക്കൊപ്പം ഇഞ്ചിയോ ഗ്രാമ്പുവോ ശീമജീരകമോ ചേര്‍ത്ത് ഉപയോഗിക്കുന്നത് ആശ്വാസദായകമാണ്.  മൂത്രം കൂടുതലായി പോകുന്നതിനും, വായുക്ഷോഭത്തിനും ഉത്തേജകമായും ഏലം ഉപയോഗിക്കുന്നുണ്ട്.  മനംപിരട്ടലും ഛര്‍ദ്ദിയും ഒഴിവാക്കാന്‍ ഏലം നല്ലതാണ്.  ഹൃദയത്തിന് ഉത്തേജനം നല്‍കുന്നതിനും മനോവിഷമത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഏലക്കായ് ഉപയോഗിക്കാവുന്നതാണ്.  ഭാരതത്തില്‍ കേരളം, കര്‍ണ്ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ഏലം കൃഷി ചെയ്തു വരുന്നു.   സമുദ്രനിരപ്പില്‍ നിന്നും 600-1200 മീറ്റര്‍ വരെ ഉയരമുള്ളതും, പ്രതിവര്‍ഷം 1500 മുതല്‍ 2500 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നതിനും 15-35 ഡിഗ്രി സെല്‍ഷ്യസ് താപനിലയുളളതുമായ പ്രദേശങ്ങളാണ് ഏലം കൃഷിക്ക് അനുയോജിച്ചത്.

തരങ്ങള്‍

ഭൂപ്രദേശങ്ങളുമായുള്ള യോജിപ്പ്, പങ്കുലകള്‍, കാണപ്പെടുന്ന രീതി, കായ്കളുടെ ആകൃതി, വലുപ്പം എന്നിവയുടെ അടിസ്ഥാനത്തില്‍ ഏലം മൂന്നുത്തരത്തിലുണ്ട്.
1. മലബാര്‍ : തണ്ടുകളുടെ ചുവട്ടില്‍ നിന്ന് ഉത്ഭവിച്ച് നിലം പറ്റി വളരുന്ന പൂങ്കുലകളാണ് ഇതിന്റെ സവിശേഷത.  കര്‍ണ്ണാടകയിലാണ് ഇത്തരം ഏലത്തിന്റെ കൃഷി വ്യാപകമായിട്ടുള്ളത്.
2. മൈസൂര്‍ : മേല്‍പ്പോട്ട് ഉയര്‍ന്ന് വളരുന്ന പൂങ്കുലകള്‍ ഉള്ള മൈസൂര്‍ ഏലം കേരളത്തിലും കര്‍ണ്ണാടകത്തിലും പ്രചാരമേറിയതാണ്.
3. വഴുക്ക : മലബാര്‍ മൈസൂര്‍ ഏലത്തിന്റെ പ്രകൃതിദത്തമായ സങ്കരണത്തിലൂടെ ഉത്ഭവിച്ചെന്ന് കരുതുന്ന വഴുക്ക കേരളത്തില്‍ വന്‍തോതില്‍ കൃഷിചെയ്തു വരുന്നു.  വില്ലുപോലെ വളഞ്ഞ് വളരുന്ന പൂങ്കുലകളാണ് ഇതിന്റെ പ്രത്യേകത.
ഏലത്തിന്റെ വിളവ് വര്‍ദ്ധിപ്പിക്കുന്നതിനും ആഗോളതലത്തില്‍ മത്സരിക്കുന്നതിനും കൃഷിയില്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.   കുടക് ജില്ലയിലെ അപ്പന്‍ഗളയില്‍ സ്ഥിതിചെയ്യുന്ന ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെ പ്രാദേശിക കേന്ദ്രം ഏലം ഗവേഷണത്തിന് പെരുമയാര്‍ജ്ജിച്ചതാണ്.   ഇതിനുപുറമേ ഇടുക്കി ജില്ലയിലെ പാമ്പാടുപാറയില്‍ (കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍) സ്ഥിതിചെയ്യുന്ന ഏലം ഗവേഷണ കേന്ദ്രവും മയിലാടുംപാറയിലെ ഭാരതീയ ഏലം ഗവേഷണ കേന്ദ്രവും, കര്‍ണ്ണാടകയിലെ മുടിഗിരിയിലെ റീജിയണല്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണ കേന്ദ്രവും ഏലച്ചെടികളുടെ ഗവേഷണത്തില്‍ നൈപുണ്യം നേടിയവയാണ്.   ഇത്തരം ഗവേഷണ കേന്ദ്രങ്ങളില്‍ നിന്ന് അത്യുത്പാദന ശേഷിയുള്ള പലതരം ഇനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട് (പട്ടിക 1).  ഈ ഇനങ്ങള്‍ക്കു പുറമേ കര്‍ഷകരുടേതായ ചില പുതിയ ഇനങ്ങളും പ്രചാരത്തിലുണ്ട്.   കര്‍ഷകര്‍ വികസിപ്പിച്ചിട്ടുള്ള ഇനങ്ങളില്‍ പ്രധാനം ഞള്ളാനി  ഗ്രീന്‍ ഗോള്‍ഡ് ആണ്.  ഇതുകൂടാതെ വണ്ടര്‍ ഏലം, പനിക്കുളങ്ങര 1, പനിക്കുളങ്ങര 2, വാലി ഗ്രീന്‍ ഗോള്‍ഡ്, കല്ലറയ്ക്കല്‍ വൈറ്റ്, പി.എന്‍.എസ്.വൈഗ, ഏലരാജന്‍, ഏലറാണി, അര്‍ജുന്‍, പപ്പാലു, വൈറ്റ് ഫ്‌ളവര്‍, തിരുതാളി തുടങ്ങിയ ഇനങ്ങളും മേ•യുള്ളതാണ്.

പ്രവര്‍ദ്ധനം

കായിക പ്രവര്‍ദ്ധനം വഴിയും വിത്ത് മുളപ്പിച്ചും ഏലം കൃഷിയിറക്കാന്‍ വേണ്ട തൈകള്‍ തയ്യാറാക്കാം.   അത്യുല്‍പാദനശേഷിയുള്ള ഇനങ്ങളുടെ തൈകള്‍ ഉല്പാദിപ്പിക്കുന്നതിന് ക്ലോണല്‍ നഴ്‌സറി തയ്യാറാക്കണം.   നല്ല ആരോഗ്യമുള്ളതും രോഗകീടങ്ങളില്ലാത്തതുമായ മാതൃസസ്യങ്ങളില്‍ നിന്നും തട്ടകള്‍ വേരോടെ വേര്‍പ്പെടുത്തിയെടുക്കണം.  ഇത്തരംതട്ടകളില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ 1-2 ചിനപ്പുകളും വളര്‍ന്നു വരുന്ന 1-2 ചിനപ്പുകളും ഉണ്ടായിരിക്കേണ്ടതാണ്.  വിത്ത് മുളപ്പിച്ച് തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഒന്നാം തവണയും രണ്ടാം തവണയും അനിവാര്യമാണ്.

നടീല്‍

ഏലച്ചെടികള്‍ നട്ടുപിടിപ്പിക്കുന്നത് മഴക്കാലത്തിന്റെ ആരംഭത്തില്‍ ജൂണ്‍-ജൂലൈ മാസങ്ങളിലാണ്.   ചെറിയ മഴചാറ്റല്‍ ഉള്ള ദിവസങ്ങളാണ് നടീലിന് ഉത്തമം.   വളരെയധികം ആഴത്തില്‍ ചെടി നട്ടാല്‍ പുതിയ തണ്ടുകളുടെ വളര്‍ച്ച തടസ്സപ്പെടാം.   നട്ടതിനു ശേഷം ചെടിക്ക് കാറ്റില്‍ നിന്നും സംരക്ഷണ ലഭിക്കാന്‍ കുറ്റി മണ്ണില്‍ താഴ്ത്തി കെട്ടി വയ്ക്കണം.   തൈകളുടെ ചുവട്ടില്‍ ഉണങ്ങിയ ഇലകള്‍ ഉപയോഗിച്ച് പുതയിടണം. തടത്തില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

നീര്‍വാര്‍ച്ച

താഴ്‌വാരങ്ങളിലും ചെറിയ ചരിവും ഉയര്‍ന്ന മഴ ലഭിക്കുന്ന പ്രദേശങ്ങളിലും, ഏലച്ചെടികളുടെ മധ്യത്തില്‍ 45 സെന്റിമീറ്റര്‍ താഴ്ചയും 30 സെന്റിമീറ്റര്‍ വീതിയുമുള്ള ചാലുകള്‍ ജൂണ്‍ മാസത്തില്‍ കീറിക്കൊടുക്കണം.   വെള്ളം കെട്ടിക്കിടക്കുന്നതായി കണ്ടാല്‍ ഒഴുകിപ്പോകാന്‍ വഴിയൊരുക്കണം.    നീര്‍ക്കുഴികള്‍ കൃത്യമായി വൃത്തിയാക്കി വെള്ളമൊഴുക്ക് ഉറപ്പാക്കണം.

തണല്‍ ക്രമീകരണം

വളരെയധികം വെയിലേറ്റാല്‍ തളര്‍ന്നുകരിഞ്ഞു പോകുമെന്നതിനാല്‍ തണല്‍ ക്രമീകരണം ഏലത്തോട്ടങ്ങളില്‍ അത്യാവശ്യമാണ്.   അധികം തണലായാല്‍ ശരങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകും.  കായ് പിടിക്കുന്നതും കുറയും.  മികച്ച വളര്‍ച്ചയ്ക്കും കായ് പിടുത്തത്തിനും 45 മുതല്‍ 65 ശതമാനം വരെ സൂര്യപ്രകാശം ലഭിക്കുന്നതിന് തണല്‍ മരങ്ങളിലെ താഴ്ന്നു കിടക്കുന്ന കമ്പുകള്‍ മഴയ്ക്ക് മുമ്പായി കോതിക്കളയണം.   മേയ്-ജൂണ്‍ മാസങ്ങളില്‍ കോതല്‍ നടത്തുന്നതാണ് ഉത്തമം.   കുടപിടിച്ചതുപോലെ തണല്‍ തോട്ടങ്ങളില്‍ നിലനിര്‍ത്താം.
തുറസ്സായ സ്ഥലങ്ങളില്‍ നന്നായി ശാഖകളുണ്ടാകുന്നതും ചെറിയ ഇലകളുള്ളതുമായ തണല്‍ മരങ്ങള്‍ നടുന്നതാണ് ഉത്തമം.  മുരിക്ക്, വാക, ചന്ദനവയന, ഞാവല്‍, പ്ലാവ് തുടങ്ങിയവ തണല്‍ മരങ്ങളായി ഉപയോഗിക്കാന്‍ അനുയോജ്യമാണ്.

കോതല്‍

ഏലച്ചെടികളുടെ മൂത്തതും ഉണങ്ങിയതുമായ തണ്ടുകളും ഇലകളും കോതിക്കളഞ്ഞാല്‍ ആവശ്യത്തിന് സൂര്യപ്രകാശവും വായുസഞ്ചാരവും ലഭിക്കും.   ഇലപ്പേന്‍, മുഞ്ഞ എന്നിവ കുറയുകയും ചെടി ആകെ കരുത്തോടെ വളരുകയും ചെയ്യും.   മഴക്കാലത്തിന് മുന്‍പേ ചെടികളിലെ കോതല്‍ പൂര്‍ത്തിയാക്കണം.   പൂങ്കുലകള്‍ പുതയ്ക്ക് മുകളിലാണെന്ന് ഉറപ്പാക്കുകയും വേണം.

വളപ്രയോഗം

നനവേണ്ട പ്രദേശങ്ങളില്‍ മേയ് മാസാവസാനത്തിലോ ജൂണ്‍ മാസാരംഭത്തിലോ ഒന്നോ രണ്ടോ മഴ ലഭിച്ചതിനുശേഷം ഹെക്ടറൊന്നിന് 90 കിലോ യൂറിയ, 207 കിലോ റോക്ക് ഫോസ്‌ഫേറ്റ്, 137 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കാം.   (ഹെക്ടറൊന്നിന് വര്‍ഷത്തില്‍ എന്‍.പി.കെ. 125:125:150 കിലോ എന്നതിന്റെ മൂന്നിലൊന്ന് ഡോസ്).  ഇതേ പ്രക്രിയ സെപ്റ്റംബര്‍-ഒക്‌ടോബറിലും ഡിസംബര്‍-ജനുവരിയിലും ആവര്‍ത്തിക്കേണ്ടതാണ്.
വളമിടന്നതിനു മുമ്പ് തടത്തിലുള്ള പുത നീക്കണം.   പൂങ്കുലകള്‍ പുതയ്ക്ക് പുറത്താണെന്ന് ഉറപ്പാക്കണം.   വളം നല്‍കുന്നത് 15 സെന്റിമീറ്റര്‍ വീതിയില്‍ വൃത്താകൃതിയില്‍ തടത്തില്‍ നിന്ന് 30 സെന്റിമീറ്റര്‍ അകലെയായിരിക്കണം.   വളം നല്‍കിയതിനുശേഷം പുത നല്‍കേണ്ടതാണ്.
മെയ്-ജൂണ്‍ മാസങ്ങളില്‍ ജൈവവളങ്ങളായ ചാണകം, കംപോസ്റ്റ് എന്നിവ ചെടിയൊന്നിന് 5 കിലോ എന്ന തോതില്‍ റോക്ക്‌ഫോസ്‌ഫേറ്റിനും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിനുമൊപ്പം ചേര്‍ത്തു കൊടുക്കാം. വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി, മണ്ണിരവളം എന്നിവയിലേതെങ്കിലും ചെടിയൊന്നിന് ഒരു കിലോ വീതം ചേര്‍ത്തുകൊടുത്താല്‍ ചെടികള്‍ക്ക് വളര്‍ച്ചയും വേരോട്ടവുമുണ്ടാകും.

കീടനിയന്ത്രണം

തണ്ടുതുരപ്പന്റെ ആക്രമണം നിരീക്ഷിച്ചാല്‍ ക്വിനാല്‍ഫോസ് പോലെയുള്ള കീടനാശിനികള്‍ നൂറുലിറ്ററില്‍ 200 മില്ലിലിറ്റര്‍ എന്ന തോതില്‍ തളിച്ചുകൊടുക്കാം.   ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ നിമാവിരകളുടെ ആക്രമണമുണ്ടായാല്‍ ചെടിയൊന്നിന് 250 ഗ്രാം വേപ്പിന്‍പിണ്ടാക്ക് ചേര്‍ത്തുകൊടുക്കാം.
രോഗപ്രതിരോധ നടപടികള്‍
അഴുകല്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ എന്ന നിലയില്‍ കാലവര്‍ഷം തുടങ്ങുന്ന സമയത്ത് ജൂണില്‍ 0.25 ശതമാനം കോപ്പര്‍ ഓക്‌സിക്ലോറൈഡ് ചെടിയുടെ തടത്തില്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കുകയും ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിച്ചുകൊടുക്കുകയും ചെയ്യാം.   മഴക്കാലം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഇവ ആവര്‍ത്തിക്കാം.  അനുയോജ്യമായ മാധ്യമത്തില്‍ വളര്‍ത്തിയെടുത്ത ട്രൈക്കോഡെര്‍മ ഹാര്‍സിയാനം ചെടിയൊന്നിന് ഒരു കിലോ എന്ന തോതില്‍ മേയ് മാസത്തില്‍ ചേര്‍ത്തുകൊടുക്കാവുന്നതാണ്.   പറ്റെ രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ചെടികള്‍ അപ്പാടെ പിഴുതെടുത്ത് നശിപ്പിച്ചു കളയണം.

വിളവെടുപ്പ്

നടീല്‍വസ്തുക്കളുടെ സ്വഭാവമനുസരിച്ച് ഏലച്ചെടികള്‍ നട്ട് രണ്ട് അഥവാ മൂന്നാം വര്‍ഷം മുതല്‍ പുഷ്പിച്ചു തുടങ്ങും.   ജൂണ്‍-ജൂലൈ മുതല്‍ ജനുവരി-ഫെബ്രുവരി വരെയാണ് കേരളത്തിലും തമിഴ്‌നാട്ടിലും വിളവെടുപ്പുകാലം.   എന്നാല്‍ കര്‍ണാടകയില്‍ വിളവെടുപ്പ് ആഗസ്റ്റ് മുതല്‍ ഡിസംബര്‍-ജനുവരി മാസങ്ങള്‍ വരെയാണ്.   15-30 ദിവസം ഇടവിട്ട് 6-7 തവണകളായി മാത്രമേ വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ.  വിളവെടുത്ത കായ്കള്‍ നന്നായി വെള്ളത്തില്‍ കഴുകിവൃത്തിയാക്കി സൂര്യപ്രകാശം മൂലമോ ഡ്രൈയര്‍ ഉപയോഗിച്ചോ ഉണക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.  പ്രാദേശിക കേന്ദ്രം ഭാരതിയ സുഗന്ധവിള ഗവേഷണ സ്ഥാപനം
കടപ്പാട്
ഷാരോണ്‍ അരവിന്ദ്, എസ്.ജെ. അങ്കെഗൗഡ, മുഹമ്മദ് ഫൈസല്‍ പീരാന്‍, നരേന്ദ്ര ചൗധരി, എം. അളഗൂപളമുതിര്‍സോലൈ, ഐ.സി.ഐ.ആര്‍.-ഐ.ഐ.എസ്.ആര്‍.പ്രാദേശിക കേന്ദ്രം, അപ്പന്‍ഗള, മഡിക്കേരി, കര്‍ണ്ണാടക
അപ്പന്‍ഗള, മഡിക്കേരി, കുടക്-571 201, കര്‍ണ്ണാടക
ഫോണ്‍ : 08272 245451, 08272245514, 08272 298574
കടപ്പാട് : കൃഷിയങ്കണം

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate