എണ്ണക്കുരുക്കളിൽ വെച്ചു ഏറ്റവും അധികം എണ്ണ ഉൽപ്പാദിപ്പിക്കാൻ കഴിവുളളത് എണ്ണപ്പനകൾക്കാണ് (ഹെക്ടറിന് 3 മുതൽ 5 ടൺ വരെ). നിലക്കടല, സോയാബീൻ, സൂര്യകാന്തി തുടങ്ങിയവയ്ക്ക് അതെസമയം നൽകുവാൻ കഴിയുന്നത് ഏകദേശം ഒരു ടൺ മാത്രമാണ്. റബ്ബർ, തെങ്ങ് മുതലായ വാണിജ്യ വിളകളെ അപേക്ഷിച്ച് എണ്ണപ്പന വളരെ ലാഭകരമാണ്. എണ്ണപ്പന ഏകദേശം 20 മീറ്ററോളം (60 അടി) ഉയർന്നു വളരുന്നു. ഒറ്റത്തടി വൃക്ഷമായ ഇതിന് 35 മുതൽ 40 വർഷം വരെയാണ് നല്ല വിളവ് ലഭിക്കുന്നത്. ഈ ചെടിയിൽ ആൺപൂവും പെൺപൂവും പ്രത്യേകം പ്രത്യേകമായി ഒരേ ചെടിയിൽ ഉണ്ടാകുന്നു. ഇതിൽ നിന്നും 8 മുതൽ 12 വരെ പനങ്കുലകൾ ഒരു വർഷം ഉൽപ്പാദിപ്പിക്കപ്പെടുന്നു.
എണ്ണപ്പന ഒരു ഉഷ്ണമേഖലാ വിളയാണ്. ഒരു വർഷത്തെ വർഷപാതം 200 സെന്റിമീറ്ററും ദിവസം അഞ്ചു മണിക്കൂർ നേരത്തെ സൂര്യപ്രകാശ ലഭ്യതയും 20 - 32 ഡിഗ്രി സെൽഷ്യസ് താപനിലയും, ഇതിന്റെ ശരിയായ വളർച്ചയ്ക്ക് അഭികാമ്യമാണ്. എന്നിരുന്നാലും മൂന്നു മുതൽ നാലു മാസം വരെയുള്ള വരണ്ട കാലാവസ്ഥയും ഇടയ്ക്കിടെ ഉണ്ടാകുന്ന വെള്ളക്കെട്ടിനെയും ഇത് അതിജീവിക്കും. നല്ല വളക്കൂറും നീർവാർച്ചയുമുള്ള മണ്ണാണ് ഉത്തമം. ലവണാംശം കൂടിയതും, അമ്ലത കൂടിയതും, മണൽ മാത്രമായതും, വെള്ളക്കെട്ടുള്ളതുമായ സ്ഥലങ്ങൾ ഒഴിവാക്കുക.
തൈ നടീൽ
ജൂൺ, ജൂലൈ മാസങ്ങളാണ് തൈ നടുന്നതിനു അഭികാമ്യം. ഇതിനു മുന്നോടിയായി 50 സെന്റീമീറ്റർ നീളവും, വീതിയും, താഴ്ചയുമുള്ള കുഴികൾ ത്രികോണ മാതൃകയിൽ 9 മീറ്റർ അകലത്തിൽ എടുക്കേണ്ടതാണ്. ത്രികോണ മാതൃകയിലുള്ള കൃഷിരീതി അവലംബിച്ചാൽ ഒരു ഹെക്ടറിന് ഉദ്ദേശം 140 തൈകൾ ഉൾകൊള്ളാൻ കഴിയും. ഈ കുഴികളിൽ മേൽ മണ്ണും 15 കിലോ ചാണകപ്പൊടിയും ഇട്ടുമൂടിയ ശേഷം 12 മുതൽ 14 മാസം വരെ പ്രായമെത്തിയ 13 - ഓളം ഇലകൾ വിരിഞ്ഞ തൈകൾ നടാവുന്നതാണ്. തൈകൾ നടുമ്പോൾ 200 ഗ്രാം ഫോസ്ഫേറ്റ് വളവും ചേർത്തു നട്ടാൽ വേരോട്ടം ത്വരിതപ്പെടുന്നതാണ്.
വളപ്രയോഗം
വളപ്രയോഗത്തോട് പ്രതികരിക്കുന്ന ഒരു വിളയാണ് എണ്ണപ്പന. മണ്ണു പരിശോധനയ്ക്കു ശേഷം സമീകൃത അനുപാതത്തിൽ വളപ്രയോഗം നടത്തേണ്ടതാണ്. നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ച് പ്രധാനമായും രണ്ടു തവണകളായിട്ടാണ് വളപ്രയോഗം നടത്തേണ്ടത്. ആദ്യ തവണ മെയ്, ജൂൺ മാസങ്ങളിലും രണ്ടാം തവണ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ശക്തമായ മഴ ഇല്ലാത്ത ദിവസങ്ങളിലും നടത്താവുന്നതാണ്.
വളത്തിന്‍റെ അനുപാതം
നൈട്രജൻ : ഫോസ്ഫറസ് : പൊട്ടാസ്യം
ഗ്രാം/പന/വർഷം
ഒന്നാം വർഷം 400 : 200 : 400
രണ്ടാം വർഷം 800 : 400 : 800
മൂന്നാം വർഷം 1200 : 600 : 1200
അതിനു ശേഷം മണ്ണ് പരിശോധനയിൽ മഗ്നീഷ്യത്തിന്‍റെ കുറവ് കണ്ടാൽ മഗ്നീഷ്യം സൾഫേറ്റ് നൽകേണ്ടതാണ്. ഇത് കൂടാതെ പച്ചില വളവും, മണ്ണ് കമ്പോസ്റ്റും മറ്റു ജൈവവളങ്ങളും തൈകളുടെ ചുവട്ടിൽ ചേർക്കുന്നത് മണ്ണിന്റെ ഘടനയും ചെടിയുടെ വളർച്ചയ്ക്കും ഉത്തമമാണ്.
ചുവടു തെളിക്കൽ
തൈനട്ട് ഒന്നാം വർഷം തൈയുടെ ചുവട്ടിൽ ഒരു മീറ്റർ ചുറ്റളവിലും. രണ്ടാം വർഷം രണ്ടു മീറ്റർ ചുറ്റളവിലും, മൂന്നാം വർഷം മൂന്നു മീറ്റർ ചുറ്റളവിലും കാടു ചെത്തി മണ്ണിളക്കി കൊടുക്കുന്നത് തൈയുടെ വളർച്ചയ്ക്ക് അഭികാമ്യമാണ്.
ഇടവിള കൃഷി
എണ്ണപ്പന അകലത്തിൽ നട്ടു വളർത്തുന്ന ഒരു ദീർഘകാല വിള ആയതിനാൽ ആദായം എടുത്തു തുടങ്ങുന്ന നാലാം വർഷം വരെ ഇടവിള കൃഷി നടത്താവുന്നതാണ്. ഇടവിളയ്ക്ക് അവലംബിക്കാവുന്ന വിളകൾ പ്രധാനമായും പച്ചക്കറികൾ, പുഷ്പകൃഷി, വാഴ, മുളക്, മഞ്ഞൾ, ഇഞ്ചി, കൈതച്ചക്ക തുടങ്ങിയവയാണ്. എണ്ണപ്പന തൈകൾ ഉദ്ദേശം മൂന്നു മീറ്റർ ഉയരത്തിൽ വളരുന്നതിന് ശേഷം അതായത് ഉദ്ദേശം 8 വർഷങ്ങൾക്കു ശേഷം തണൽ ഇഷ്ടപ്പെടുന്ന വിളകളായ കൊക്കോ, കുരുമുളക്, ജാതി, ഗ്രാമ്പൂ ഹെലിക്കോണിയ, എന്നിവ കൃഷി ചെയ്യാവുന്നതാണ്. ഇടവിള കൃഷി ചെയുമ്പോൾ പനയോലകൾ മുറിക്കുവാനോ ചുവടിനോട് ചേർന്ന് കിളക്കുവാനോ പാടില്ല. അങ്ങനെ ചെയ്യുന്നത് പനയുടെ വളർച്ചയെ ബാധിക്കും.
പൂവ്
തൈകൾ നട്ട് 14 മുതൽ 18 മാസങ്ങൾക്കു ശേഷം പുഷ്പിക്കാൻ തുടങ്ങും. ആൺപൂവും, പെൺപൂവും ഒരു പനയിൽ തന്നെ ചംക്രമണരീതിയിൽ വന്നുകൊണ്ടിരിക്കും.
അബ്ലേഷൻ
ആദ്യ മൂന്നു വർഷം വരെ ചെടിയിൽ ഉണ്ടാകുന്ന ആൺപൂവും പെൺപൂവും പറിച്ചു മാറ്റേണ്ടതാണ്. ചെടിയുടെ ശരിയായ വളർച്ചയ്ക്ക് ഇത് അത്യന്താപേക്ഷിതമാണ്. ഇങ്ങനെപറിച്ചു മാറ്റുന്ന പ്രക്രിയയാണ് അബ്ലേഷൻ. ഇത് കൈ കൊണ്ടോ ആയുധം കൊണ്ടോ മാറ്റാവുന്നതാണ്. ഇത് ചെയ്യുമ്പോള്‍ ഓല നീക്കം ചെയ്യാൻ പാടില്ല.
പരാഗണം
എണ്ണപ്പന ഒരു പരപരാഗണ വിളയാണ്. ഒരു തടിയിൽ തന്നെ ആൺപൂവും പെൺപൂവും ഉണ്ടാവുകയും, അത് കാറ്റു മൂലമോ, പ്രാണികൾ മൂലമോ പരാഗണം ചെയ്യപ്പെടുകയും ചെയ്യുന്നു. നിലവിൽ ഈ പ്രക്രിയ ചെയ്യുന്നതിന് ഈ ചെടിയിൽ മാത്രം കാണപ്പെടുന്ന എലിഡോബിയസ് കാമറൂണിക്കസ് എന്ന ഒരു വണ്ടിനം ഉണ്ട്.
പുതയിടീൽ
തൈയുടെ ചുവട്ടിലെ ജലസംരക്ഷണത്തിനും കാടു വളർച്ച നിയന്ത്രിക്കുന്നതിനും പനയോലയും ആൺപൂക്കളും മറ്റും ഉപയോഗിക്കാവുന്നതാണ്.
വിളവെടുപ്പ്
ആദ്യ വിളവെടുപ്പ് നാലാം വർഷം തുടങ്ങാം. മൂന്ന് നാലു കായ്കൾ പഴുത്തു പൊഴിയുമ്പോൾ കുലകൾ വെട്ടാം. 10 മുതൽ 12 വരെ ദിവസത്തെ ഇടവേളകളിൽ ഇലകൾ വെട്ടിയെടുക്കാവുന്നതാണ്. വിളവെടുത്ത് മണിക്കൂറിനുള്ളിൽ ഫാക്ടറിയിൽ എത്തിക്കുന്നത് ഗുണമേൻമയുള്ള എണ്ണ ലഭിക്കാൻ സഹായിക്കും.
തൈപ്പനകളിൽ നിന്നും കുലവെട്ടുന്നതിനായി പ്രത്യേകം വിഭാവനം ചെയ്ത അരിവാളും ഉപയോഗിക്കാവുന്നതാണ്.
ഉൽപ്പാദനം
അനുയോജ്യമായ പരിചരണമുള്ള സ്ഥലത്തുനിന്നും 4 മുതൽ 8 വർഷം വരെ പ്രായമുള്ള പനകളിൽ നിന്ന് 12 MT/ha ഉം 8 വർഷത്തിൽ കൂടുതൽ പ്രായമുള്ള പനകൾ 20 MT/ha പഴവും ലഭിക്കുന്നതാണ്.
എണ്ണപ്പനയുടെ പഴത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന എണ്ണയെ പാം ഓയിൽ അഥവാ പാമോലിൻ എന്ന് പറയുന്നു. എണ്ണപ്പനപഴത്തിന്റെ മാംസളമായ ഭാഗത്തു നിന്നും, വേർതിരിച്ചെടുക്കുന്ന എണ്ണയായ പാമോയിൽ 20 ഡിഗ്രി താപനിലയിൽ അർധദ്രാവകാവസ്ഥയിലുള്ള ക്രൂഡ് പാം ഓയിലിന് കടും ഓറഞ്ചും ചുവപ്പും കലർന്ന നിറമാണ്. ഇതിൽ ഒരേ അളവിൽ പൂരിത, അപൂരിത കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. (40% ഒലിയ്ക്ക് ആസിഡ്, 19% ലിനോലിക് ആസിഡ്, 44% പാൽമിറ്റിക് ആസിഡ്, 5% സ്റ്റേർണിങ് ആസിഡ്) പാമോയിൽ വിവിധ രാജ്യങ്ങളിൽ പാചകാവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. കൂടാതെ വിറ്റാമിൻ A യുടെയും E യുടെയും സാന്നിദ്ധ്യം ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളാൽ സമ്പന്നമായ ഇവയെ സൗന്ദര്യവർധക വസ്തുക്കളിലും വ്യാപകമായി ഉപയോഗിച്ച് വരുന്നു.
പാം ഓയിലും കെർണൽ ഓയിലും രണ്ടും ഉൽപ്പാദനരീതി കൊണ്ട് വ്യത്യസ്ഥമാണ്. എണ്ണപ്പന കായ്ക്കളുടെ മാംസളമായ ഭാഗത്തു നിന്നാണ്പാം ഓയിൽ ലഭിക്കുന്നത്. കെമിക്കൽ ലായകം ഒന്നും ചേർക്കാതെ ശുദ്ധീകരിച്ചെടുത്ത എണ്ണയാണ് പാം ഓയിൽ. അതുകൊണ്ട് തന്നെ ഇത് അപകട സാധ്യത കുറയ്ക്കുന്നു. പാം ഓയിലിന്റെ നിറം ചുവപ്പാണ്. കാരണമെന്തെന്നാൽ ഇതിൽ ബീറ്റാകരോട്ടീന്റെ അളവ് കൂടുതലായി അടങ്ങിയിട്ടുണ്ട്. പാചകത്തിനുള്ള എണ്ണയായിട്ടാണ് ഇതിനെ കൂടുതലും ഉപയോഗിക്കുന്നത്. ഈ എണ്ണയെ കുറച്ചു നിമിഷം ചൂടാക്കിയാൽ അതിലെ കരോട്ടിനോയിഡ്സ് എല്ലാം നശിച്ചു വെള്ള നിറമായി മാറും. സസ്യ എണ്ണകളിൽ പാം ഓയിൽ മാത്രമാണ് കൂടിയ അളവിൽ പൂരിതമായ കൊഴുപ്പ് അടങ്ങിയതും (വെളിച്ചെണ്ണ പോലെ) അന്തരീക്ഷ താപനിലയിൽ അർദ്ധഖരാവസ്ഥയിൽ ആകുന്നതും.
സോയാബീൻ ഓയിലിനു ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്നത് പാം ഓയിലാണ്. എണ്ണപ്പന ഇപ്പോൾ ഒരു പ്രധാനകാർഷിക വിളയായി മാറിയിരിക്കുന്നു. ഇതിന്റെ കൃഷിയും, ഉൽപ്പാദനവും, വിപണനവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പല ഭക്ഷണ പദാർത്ഥങ്ങളിലും മറ്റ് ഉപകരണങ്ങളിലും പാം ഓയിലിന്റെ ഉപയോഗം നാൾക്ക് നാൾ വർദ്ധിച്ചു വന്നുകൊണ്ടിരിക്കുന്നു.
ഓയിൽ പാം ഇന്ത്യ ലിമിറ്റഡാണ് ഇന്ത്യയിലാദ്യമായി വിത്തുൽപ്പാദനത്തിനായി ഒരു സീഡ് ഗാർഡൻ അതിന്റെ ആദ്യത്തെ പ്ലാന്റേഷൻ 1962-ൽ സ്ഥാപിതമായപ്പോൾ തന്നെ തുടങ്ങിയത്. ഉയർന്ന ഗുണമേൻമയുള്ള സങ്കരയിനം എണ്ണപ്പനവിത്തുകൾ ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ വർഷങ്ങളായി ഇവിടെ ഉൽപ്പാദിപ്പിച്ചപവരുന്ന അത്യുൽപ്പാദനശേഷിയുള്ള സങ്കരയിനം വിത്തുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലേക്കും വെച്ച് ഏറ്റവും അധികം വിളവു തരുന്ന മികച്ച എണ്ണപ്പനകളിൽ നിന്നാണ്. സങ്കരയിനം തൈകൾ വികസിപ്പിക്കുന്നതിന് കൊല്ലത്തെ കുളത്തുപുഴയിലും വയനാട്ടിലെ അഞ്ചുകുന്നിലുമായി നിലവിൽ രണ്ടു നഴ്സറികളാണുള്ളത്. കമ്പനിയുടെ എസ്റ്റേറ്റുകളിലും കേരളത്തിലെ കർഷകർക്കിടയിലും എണ്ണപ്പനകൃഷി വ്യാപിപ്പിക്കുന്നതിന് 18 മാസം പ്രായമുള്ള തൈകളാണ് ഈ നഴ്സറികൾ വികസിപ്പിച്ചു നല്‍കുന്നത്.
കടപ്പാട്: കൃഷിയങ്കണം
അവസാനം പരിഷ്കരിച്ചത് : 4/22/2020