Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാലാവസ്ഥാ വ്യതിയാനവും തേനീച്ചകൃഷിയും

കൂടുതല്‍ വിവരങ്ങള്‍

ഇലകൊഴിയുന്ന റബ്ബര്‍ - കാലിയാകുമോ തേനറകള്‍

കാലാവസ്ഥാ വ്യതിയാനം വിളകളെ ബാധിക്കുന്നതിന് ഉത്തമോദാഹരണമാണ് റബറിലെ അകാല ഇലപൊഴിച്ചിൽ. റബറിനെ ആശ്രയിച്ചുള്ള തേനുത്പാദനത്തെ ഇത് ബാധിക്കും. ഡിസംബർ - ജനുവരി മാസത്തിൽ സ്വാഭാവികമായി പൊഴിയേണ്ട റബറിലകൾ ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിൽ അകാലമായി പൊഴിഞ്ഞത് തേനീച്ച കർഷകരെ ആശങ്കയിലാക്കിയിരുന്നു. തുടർന്നു വരുന്ന ജനുവരി മുതൽ ഏപ്രിൽ വരെയുള്ള തേൻകാലം ലക്ഷ്യമിട്ട് തേനീച്ച കർഷകർ എടുത്ത മുൻകരുതലുകളും ഫലം കണ്ടില്ല. ബാങ്കുലോണുകൾ ക്രമീകരിച്ച് തേൻ ധാരാളം കിട്ടാവുന്ന കാസർഗോഡ്, കണ്ണൂർ, കോട്ടയം, പാലോട് എന്നീ സ്ഥലങ്ങളിലേക്ക് തേനീച്ചക്കൂടുകൾ മാറ്റി സ്ഥാപിച്ചിരുന്നു.

ഇവിടങ്ങളിൽ രാത്രിയിൽ അനുഭവപ്പെട്ട അതിശൈത്യവും മഞ്ഞുപൊഴിച്ചിലും വില്ലനായി. റബർത്തോട്ടങ്ങളിൽ പഴയ ഇലകളുടെ പ്രകൃതിദത്തമായ ഇലപൊഴിച്ചിലിനേത്തുടർന്നു പുതുതായി ഇലകൾ വന്നു. ഇലകളിൽ "ഒയ്ഡിയം ഹീവിയേ എന്ന പൂപ്പൽ രോഗം അതികഠിനമായി ബാധിച്ചു. കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം ഈ കുമിളിന് വളരാനുള്ള അനുകൂല സാഹചര്യമുണ്ടായി. റബറിന്റെ ഇലകൾ ചുരുണ്ടുണങ്ങി. അകാലമായി നിലംപതിച്ചു. തേൻപൊഴിക്കുന്ന റബറിന്റെ ഇലക്കാമ്പുകൾ അകാലമായി പൊഴിഞ്ഞു.

വർധിച്ച തോതിലുള്ള തേൻശേഖരണം ലക്ഷ്യമിട്ട് തേനീച്ചകർഷകർ രണ്ടു മുതൽ അഞ്ചുവരെ തേൻ തട്ടുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ തേൻ ലഭ്യമാക്കേണ്ട റബർ ഇലകളുടെ അസാന്നിധ്യം മൂലം തേൻ അടകളെല്ലാം ഒഴിഞ്ഞു. - പകലത്തെ വർധിച്ച ഊഷ്മാവും കടുത്ത വരൾച്ചയും ഇതര പുഷ്പങ്ങളിൽ നിന്ന് ഊറിവരേണ്ട പൂന്തേൻ ഉത്പാദനം കുറച്ചു. തേൻ ഗ്രന്ഥികളെ ഇത് ഉണക്കി. പൂമ്പൊടിയുടെ ഉത്പാദനത്തിലും സാരമായ കുറവുണ്ടാകുന്നുണ്ട്. ഉണ്ടാകുന്ന പൂമ്പൊടി ജലാംശം നഷ്ടപ്പെട്ട് വരണ്ടുണങ്ങി പോകുന്നു. ഇതിനാൽ ഇവ തേനീച്ചയ്ക്ക് ശേഖരിക്കാൻ സാധിക്കാതെ വരുന്നു.

പൂമ്പൊടിയുടെ അഭാവം തേനീച്ചക്കൂട്ടിലെ പുഴുക്കളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. തേനും പൂമ്പൊടിയും ചേർന്ന മിശ്രിതം അഥവാ "ബീ ബ്രഡ് ആണ് പുഴുക്കളുടെ ഭക്ഷണം. 'ബീ ബ്രഡിന്റെ ലഭ്യതക്കുറവ് പുഴുവളർത്തലിനെ സാരമായി ബാധിക്കും. ഭക്ഷണം ലഭ്യമല്ലാതെ പുഴുക്കൾ അറയ്ക്കുള്ളിൽ ചാകുന്നു. രൂക്ഷമായ പൂമ്പൊടി ക്ഷാമം അംഗവൈകല്യമുള്ള വേലക്കാരിഈച്ചകളുടെ സംഖ്യാബലം വർധിപ്പിക്കും.

പൂമ്പൊടിയിലടങ്ങിയിരിക്കുന്ന മാംസ്യം, കൊഴുപ്പ്, വിറ്റാമിനുകൾ, ലവണം എന്നിവ വളരുന്ന പുഴുക്കളുടെ കോശങ്ങളുടെയും മാംസപേശികളുടെയും വികാസത്തിന് അനിവാര്യമാണ്. തേനീച്ചക്കോളനികൾക്ക് രോഗകീടബാധയുണ്ടാകാനും കടുത്ത വരൾച്ച ഇടയാക്കും. മെഴുകു പുഴുവിന്റെ ആക്രമണം ഉണ്ടാകാനും കോളനികൾ കൂടുപേക്ഷിച്ചു പോകാനും തൻമൂലം കോളനികൾ നഷ്ടപ്പെടാനും സാധ്യതയേറും. കേരളത്തിലെ തേനീച്ച കർഷകർ തേൻകാലം പ്രയോജനപ്പെടുത്താൻ ഏറെ മുന്നൊരുക്കങ്ങൾ ചെയ്തിരുന്നു. പ്രളയ നഷ്ടം പരിഹരിക്കാൻ സംസ്ഥാനത്തു കൂടുതല്‍ തേൻ സംഭരിക്കാനായിരുന്നു ഇത്. നേരത്തെ കൂടുകള്‍ റബ്ബര്‍ തോട്ടങ്ങളിലെക്ക് മാറ്റി തേനടകള്‍ ക്രമീകരിച്ചു കാത്തിരിക്കുകയായിരുന്നു. റബ്ബര്‍ തോട്ടങ്ങളില്‍ പഴയ ഇല പൊഴിഞ്ഞു പുതുതായി വളരുന്ന തളിരില മൂത്ത് ഹരിതകം വര്‍ധിച്ചു തുടങ്ങുന്ന സമയത്ത് ഇലഞെട്ടിലുള്ള മൂന്നു ഗ്രന്ഥികള്‍ മധു ചൊരിയാന്‍ തുടങ്ങും. ഈ മധുവാണ് എല്ലാ ജനുസ്സിലും പെട്ട തേനീച്ചകള്‍ ശേഖരിച്ചു തേന്‍ തട്ടുകളിലെ ഹെക്സഗണല്‍ കോശങ്ങളില്‍ നിറയ്ക്കുന്നത്.

പരിഹാര നിർദേശങ്ങൾ

  • കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് റാണി ഈച്ചകൾ ഇടുന്ന മുട്ടകൾ വിരിയാൻ തേനീച്ചക്കൂട്ടിനുള്ളിൽ 32 -34 ഡിഗ്രി സെൽഷ്യസ് ഊഷ്മാവ് ഉണ്ടാകണം. എന്നാൽ ക്രമാതീതമായ ഊഷ്മാവ് വർധന മുട്ടവിരിയലിനെയും പ്രതികൂലമായി ബാധിക്കും. കൂടുകളിൽ ഊഷ്മാവ് കുറയ്ക്കാനായി ചാക്കുകഷണം നനച്ച് കൂടിന്റെ മേൽമൂടിക്കു മുകളിലിടുന്നത് നല്ലതാണ്.
  • ഇലക്കേടു സംഭവിച്ച സ്ഥലത്തുള്ള തേനീച്ചക്കൂടുകളെ അടിയന്തരമായി അകാല ഇല പൊഴിയൽ സംഭവിക്കാത്ത കേടില്ലാത്ത ഇലകളുള്ള റബർ തോട്ടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നത് തേൻശേഖരണം നടത്താൻ സഹായകമാവും.
  • എപ്പിയറികളിൽ ശുദ്ധമായ ജലം ലഭ്യമാക്കുക.
  • തേൻ തട്ടുകളിൽ വേലക്കാരി തേനീച്ചയുടെ സാന്നിധ്യം ഇല്ലാതാവുന്ന മുറയ്ക്ക് തേനടകൾ മുറിച്ചു മാറ്റുന്നത് മെഴുകു പുഴുവിന്റെ ആക്രമണത്തിൽ നിന്നും സംരക്ഷണം നൽകും.
  • തേൻ തീരെയില്ലാത്ത സാഹചര്യമുണ്ടായാൽ ഈച്ചയെ സംരക്ഷിക്കാനായി തിളപ്പിച്ചാറ്റിയ വെള്ളത്തിൽ പഴയ തേൻ ചേർത്തിളക്കി ലായനിയാക്കി തേനീച്ചയ്ക്ക് ആഹാരമായി നൽകുക.
  • പൂമ്പൊടി സുലഭമായി കിട്ടാൻ സാധ്യതയുള്ള തെങ്ങിൻ തോപ്പിലേക്ക് പെട്ടികൾ മാറ്റി സ്ഥാപിക്കണം.
  • തുടർച്ചയായി പൂമ്പൊടിയും പൂന്തേനും നൽകുന്ന ആന്റഗൺ ലെടോപ്പസ്, കുഫിയ ഇഗ്നിയ, ബേർഡ്സ് ചെറി, ഉമ്മം എന്നീ ചെടികളുള്ള എപ്പിയറിയിൻ തേനീച്ചയെ സംരക്ഷിക്കുന്നത് അഭികാമ്യമാണ്.
  • തുടർന്നു വരുന്ന ക്ഷാമകാലത്ത് കൂടുകളിൽ നിന്നും തേനടകൾ മാറ്റിയും കൂടുകൾ സംയോജിപ്പിച്ചും പഞ്ചസാര ലായനി ക്രമമായി നൽകിയും പെട്ടികളെ ഭേദമാക്കിയാൽ വരൾച്ചാ ക്കാലത്ത് കൂടുകൾ വർധിപ്പിക്കാൻ സഹായകമാവും.
  • രൂക്ഷമായ പൂമ്പൊടി ക്ഷാമം അനുഭവപ്പെട്ടാൽ കൃത്രിമ പൂമ്പൊടി നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.

25 ഗ്രാം സോയാബീൻ പൊടിയിൽ 15 ഗ്രാം പാൽപ്പൊടിയും 40 ഗ്രാം പൊടിച്ച പഞ്ചസാരയും 10 ഗ്രാം യീസ്റ്റും, 10 ഗ്രാം തേനും ചേർത്ത് ചപ്പാത്തി മാവു കുഴയ്ക്കുന്ന പരുവത്തിൽ തയാറാക്കണം.

കൂടൊന്നിന് 10 ഗ്രാം എന്നതോതിൽ ചെറിയ ഉരുളകളാക്കി കൈകൊണ്ട് പരത്തി, കൂടിന്റെ ചട്ടങ്ങളുടെ മുകളിൽ സ്ഥാപിക്കണം. ഇതിനു മുകളിൽ ഒരു ബട്ടർ പേപ്പറിടുന്നത് ജലാംശം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. പെട്ടിയുടെ മുകൾ മൂടി, അടച്ചു സൂക്ഷിച്ചാൽ മണിക്കൂറുകൾക്കകം മുഴുവൻ കൃത്രിമ പൂമ്പൊടിയും വേലക്കാരി ഈച്ചകൾ ശേഖരിച്ച് അറകളിൽ സംഭരിക്കും. ഇത് "ബീ ബ്രഡ്' ഉണ്ടാക്കാനായി തേനീച്ച ഉപയോഗപ്പെടുത്തി വളരുന്ന പുഴുക്കളുടെ ഭക്ഷണ ദൗർലഭ്യം കുറയ്ക്കും. ആഴ്ചയിലൊരിക്കൽ കൃത്രിമ പൂമ്പൊടി നൽകേണ്ടതാണ്.

കടപ്പാട്: കര്‍ഷകന്‍

2.875
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top