മലയാളികൾ ഏറെയൊന്നും രുചിച്ചറിയാത്ത, ഫലവർഗവിപണിയിലെ പുതിയ താരമാണ് ഡ്രാഗൺ ഫ്രൂട്ട്. ഉഷ്ണമേഖലാ പ്രദേശത്തു വളരുന്ന "ഹൈലോ സീറസ്' ജനുസ്സിലെ കള്ളിച്ചെടി വർഗത്തിൽപെട്ട ചെടിയിലാണ് ഈ പഴം ഉണ്ടാകുന്നത്. തെക്കുകിഴക്കൻ രാജ്യങ്ങളിൽ വ്യാപകമായ ഈ ഫലവർഗം കേരളത്തിലും വാണിജ്യാടിസ്ഥാനത്തിൽ ലാഭകരമെന്നു തെളിയിക്കുകയാണ് തിരുവനന്തപുരം മെലാംമൂട് താന്നിക്കൽ വൈശാഖിലെ വിജയനും കുടംബവും.
മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കേരളീയർ നാടിനു പരിചയപ്പെടുത്തിയ പഴങ്ങളുടെ ശ്രേണിയിൽ പെട്ട പുതുതാരമാണ് ഇത്. വാണിജ്യ ഫലവർഗകൃഷിയിൽ പുതിയ സാധ്യതയായി ഡ്രാഗൺ ഫ്രൂട്ട് കേരളത്തിലും ചുവടുറപ്പിക്കുകയാണ്. 10 വർഷം മുമ്പ് മലേഷ്യയൻ യാത്രക്കിടയിൽ കോലാലമ്പൂരിൽ നിന്ന് കൊണ്ടുവന്ന ഡ്രാഗൺ ഫ്രൂട്ട് ചെടികൾ ആദ്യം സ്വന്തം ടെറസിലാണ് വിജയൻ പരീക്ഷിച്ചത്. പിന്നീട് മലഞ്ചരുവിലെ റബ്ബർ നികത്തിയ പുരയിടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രാഗൺ പഴകൃഷി ആരംഭിച്ചു. വിജയകരമായതിനെ തുടർന്ന് ഇപ്പോൾ 10 ഏക്കറിലോളം കൃഷി ചെയ്തുവരുന്നു. ഒരേ സമയം അലങ്കാരസസ്യമായും ആയുർവർദ്ധിനിയും, ഡയബറ്റീസ്, കൊളസ്ട്രോൾ, ആർത്രൈറ്റിസ്, ആസ്തമ തുടങ്ങിയവയ്ക്കു പ്രതിരോധമായും ഹൃദയ രോഗ സംരക്ഷികമായും അറിയപ്പെടുന്ന ഡ്രാഗൺ ഫ്രൂട്ടിന് നിരോക്സീകാരകശേഷിയുണ്ട്. കേരളത്തിന്‍റെ കാലാവസ്ഥയോട് ഇണങ്ങുന്നതും മികച്ച വരുമാനം നൽകുന്നതുമാണ് ഡ്രാഗൺ പഴകൃഷി എന്ന് വിജയൻ സാക്ഷ്യപ്പെടുത്തുന്നു. ഒരു ചെടി നടുന്നതിനു 1000 രൂപയോളം ചെലവാകും. ഒരേക്കറെങ്കിലും കൃഷിചെയ്യാൻ സാധിക്കുന്നവർക്കു വർഷത്തിൽ മികച്ച വരുമാനം ലഭിക്കും. ഒരേക്കറിൽ 1700 ചെടികൾ വരെ നടാം. വെള്ളക്കെട്ടില്ലാത്ത കുന്നിൻചെരുവുകളാണ് ഇവയ്ക്ക് അനുയോജ്യം. നാട്ടിൽ കിട്ടുന്ന ചാണകപ്പൊടി, കോഴിവളം, മറ്റു രാസവളങ്ങൾ എന്നിവ മതി മികച്ച വിളവ് ലഭിക്കാൻ. ചെടി നട്ടു ഒന്നരവർഷംകൊണ്ട് വിളവും, രണ്ടാം വർഷം കൊണ്ട് മികച്ച ആദായവും എന്നതാണ് തന്റെ അനുഭവമെന്നു വിജയൻ പറയുന്നു.
കൃഷിയുടെ ആദ്യപടിയായി മണ്ണ് കിളച്ചിളക്കി കളമാറ്റി ജൈവവളം ചേർത്തൊരുക്കും. ചാണകപ്പൊടിയും കോഴിക്കാരവുമാണ് ഈ കൃഷിയിടത്തിലെ പ്രധാന ജൈവവളം. ആദ്യദശയിൽ 15 മുതൽ 20 കി.ഗ്രാം വരെ വളം ഒരു ചെടിക്കു വേണം. മണ്ണ് ഒരുക്കി 60 സെ.മീ നീളം, വീതി, താഴ്ചയിൽ കുഴിയെടുത്തു മേല്മണ്ണും വളവും ചേര്‍ത്ത് നിറയ്ക്കണം. കുഴികൾ തമ്മിൽ 9 അടി അകലം ഉണ്ടാകണം. കുഴികളിൽ വളർന്നു വരുന്ന ചെടികൾക്ക് പടർന്നുകയറാനായി 7 അടി നീളമുള്ള കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കണം. തൂണുകൾക്കു മുകളിൽ ഓരോ ടയർ ഉറപ്പിക്കാനുള്ള ക്രോസ് ബാറുകളോ ഇരുമ്പുവലയമോ ഉണ്ടായിരിക്കണം. ചെടികൾ ടയറുകൾക്കിടയിലൂടെ വളർന്നു താഴേക്കിറങ്ങും. ഓരോ തുണിനോടും ചേർന്ന് ഒന്നോ രണ്ടോ തൈകൾ നടാവുന്നതാണ്. നല്ല വെയിലുണ്ടെങ്കിൽ ചെറുതായി തണൽ നൽകാം. മറ്റു വിളകളെ അപേക്ഷിച്ച് നന കുറച്ചു മതി. എങ്കിലും പൂവിടൽ, കായിടൽ, വിളവെടുപ്പ് എന്നീ വേളകളിൽ നന അത്യാവശ്യമാണ്. വേനൽകാലത്തു നന ഒഴിവാക്കാനാകില്ല. സാധാരണ ഏപ്രിൽ മുതൽ ജൂൺ കാലയളവിൽ പൂവിട്ടു ജൂലൈ മുതൽ ഡിസംബർ വരെ കായ്ക്കുമെങ്കിലും കാലാവസ്ഥാ വ്യതിയാനം മാറ്റമുണ്ടാക്കിയേക്കാം. ഒരേക്കറിൽ 1700 തൈകൾ വരെ നടാമെങ്കിലും വിജയൻ 500 എണ്ണമേ നട്ടു പരിപാലിക്കുന്നുള്ളൂ.
മെക്സിക്കോ, മധ്യ-ദക്ഷിണ അമേരിക്ക, ചൈന, വിയറ്റ്നാം, മലേഷ്യ, ഇന്തോനീഷ്യ, ഫിലിപ്പെൻസ്, തായ്ലാന്റ്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ ഇത് വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഒരു കായ്ക്കു ഏകദേശം 450 ഗ്രാം തൂക്കം ഉണ്ടാകാം. ഒരു ചെടിയിൽ നിന്നും 8 മുതൽ 10 കിലോ വരെ കായ് ലഭിക്കും. കിലോയ്ക്ക് 200 മുതൽ 300 വരെയാണ് വില. ജാം, ജെല്ലി, കാന്‍ഡി, ഐസ്ക്രീം, ഫ്രൂട്ട് ജ്യൂസ്, വൈന്‍, കേക്ക്, ജലാറ്റിന്‍ എന്നിങ്ങനെ ഒട്ടേറെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഇതില്‍ നിന്ന് ഉണ്ടാക്കുന്നുണ്ട്.
മഴവെള്ളപ്പൊക്കം തിരുവനന്തപുരത്തെ വളരെ അധികം ബാധിക്കാത്തത് കൊണ്ട് ഡ്രാഗന്‍ ഫ്രൂട്ടിന്‍റെ കൃഷിയെ ബാധിച്ചിട്ടില്ല. എന്നാല്‍ ‘നിപ’ വന്ന സമയത്ത് കച്ചവടം നന്നായി കുറഞ്ഞുവെന്നു വിജയന്‍ പറയുന്നു. കേരളത്തിനു അകത്തും പുറത്തും മറ്റു രാജ്യങ്ങളിലും ആവശ്യപ്രകാരം പഴങ്ങൾ കയറ്റിയയ്ക്കുന്നു. കൂടുതലും ബിഗ്ബസാറുകളിലും സൂപ്പർ മാർക്കറ്റുകളിലുമാണ് വിപണന സാധ്യത.
മറ്റു വിദേശ രാജ്യങ്ങളെപ്പോലെ തന്നെ ഡ്രാഗൺഫ്രൂട്ടിനെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് വിജയൻ. പുതു മാർക്കറ്റിങ് രീതിയിലേക്ക് ഡ്രാഗൺഫ്രട്ടിനെ എത്തിക്കുക എന്നതാണ് ലക്ഷ്യം. കൂടാതെ ചെലവ് കുറഞ്ഞ രീതിയിൽ ഡ്രാഗൺ ഫ്രൂട്ടിൽനിന്നും വലിയതോതിൽ വൈൻ ഉത്പാദിപ്പിക്കാനുള്ള സാധ്യതയും ഉടലെടുക്കുന്നുണ്ട്. ഇതിനായി സർക്കാരിന്‍റെ ഭാഗത്തു നിന്നും സഹായം ലഭിക്കുമെന്നാണ് വിജയന്റെ പ്രതീക്ഷ.
ഫോൺ: 9447069422.
എഡിറ്റോറിയൽ അസിസ്റ്റന്റ്,
കേരളകർഷകൻ
ഇ-ജേർണൽ.
കടപ്പാട്: കേരളകര്‍ഷകന്‍
അവസാനം പരിഷ്കരിച്ചത് : 2/15/2020