অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അത്യുത്പാദനശേഷിയുള്ള കശുമാവിനങ്ങൾ

ആമുഖം

ഇന്ത്യയിൽ കശുമാവ് കൃഷിയിൽ മുൻപന്തിയിലായിരുന്ന കേരളം ഇന്ന് വിസ്തൃതിയിലും ഉത്പാദനത്തലും ഉത്പാദനക്ഷമതയിലും പല സംസ്ഥാനങ്ങളെക്കാളും പിന്നിലാണ്. എന്നാൽ കശുവണ്ടി സംസ്കരണ കയറ്റുമതി രംഗത്ത് കേരളം ഇന്നും മുൻപന്തിയിൽ തന്നെ. കേരളത്തെ സംബന്ധിച്ച് സാന്പത്തികമായി വളരെ പ്രാധാന്യമുള്ള ഒരു നാണ്യവിളയാണ് കശുമാവ്. ആഗോളതലത്തിൽ വർധിച്ചു വരുന്ന കശുവണ്ടി പരിപ്പിന്‍റെ ആവശ്യകത നിറവേറ്റാൻ ഉത്പാദനം ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ട്. കുറഞ്ഞുവരുന്ന കൃഷി വിസ്തൃതിയോടൊപ്പം തന്നെ, നമ്മുടെ കശുമാവ് തോട്ടങ്ങളുടെ കുറഞ്ഞ ഉത്പാദനക്ഷമതയും തോട്ടണ്ടിയുടെ മൊത്തം ഉത്പാദനം കേരളത്തിൽ കുത്തനെ കുറഞ്ഞുവരുന്നതിന് കാരണമായിട്ടുണ്ട്.

കേരള കാർഷിക സർവകലാശാല നമ്മുടെ സംസ്ഥാനത്തിനനുയോജ്യമായ അത്യുത്പാദന ശേഷിയുള്ള 16 കശുമാവിനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പൂവിടുന്ന സമയം, വളർച്ചാരീതി, ഉത്പാദനക്ഷമത, പരിപ്പിന്‍റെ ഗുണം എന്നിവയിൽ വൈവിധ്യം പുലർത്തുന്ന ഈ ഇനങ്ങൾ ഉയർന്ന മലന്പ്രദേശങ്ങളിൽ ഒഴികെ കേരളത്തിൽ എവിടെയും കൃഷി ചെയ്യാം.

വിവിധ ഇനങ്ങളുടെ സവിശേഷതകൾ ചുവടെ

ആനക്കയം1

ആനക്കയത്തെ കേരള കാർഷിക സർവകലാശാല കേന്ദ്രത്തിൽ നിന്നും 1982ൽ പുറത്തിറക്കിയ ഇനമാണിത്. നേരത്തെ പുഷ്പിക്കുന്ന സ്വഭാവമുള്ള ഈ ഇനത്തിന് ഒതുങ്ങിയ വളർച്ചാരീതിയാണുള്ളത്. പച്ചണ്ടിയുണ്ടാകുന്ന സമയം ഡിസംബർജനുവരിയാണ്. ഒരു മരത്തിൽ നിന്നും ശരാശരി 12 കിലോ വിളവു ലഭിക്കും. കശുവണ്ടിയുടെ തൂക്കം 5.95 ഗ്രാം ആണ്. ഈ ഇനത്തിന്‍റെ എക്സ്പോർട്ട് ഗ്രേഡ് ഡബ്ല്യു 280 ആണ്. വളരെ ചുരുങ്ങിയ പൂക്കാലവും വിളവെടുപ്പുകാലവുമാണിതിനുള്ളത്. കാലവർഷം നേരത്തെ തുടങ്ങുന്ന പ്രദേശങ്ങൾക്ക് അനുയോജ്യമായ ഇനമാണിത്.

മാടക്കത്തറ 1

1990ൽ മാടക്കത്തറയിൽ നിന്നും പുറത്തിറക്കിയ ഈ ഇനത്തിന് ഒതുങ്ങിയ വളർച്ചാരീതിയാണുള്ളത്. നവംബർ മാസത്തിൽ പുഷ്പിക്കുന്നു. ജനുവരിമാർച്ചിൽ പച്ചണ്ടിയുണ്ടാകും. ശരാശരി 13 കിലോ വിളവ് ഒരു മരത്തിൽനിന്നും ലഭിക്കും. എക്സ്പോർട്ട് ഗ്രേഡ് ഡബ്ല്യു 280 ആണ്. നല്ല ആരോഗ്യത്തോടെ തഴച്ചുവളരുന്ന മാടക്കത്തറ1 എന്ന ഇനം എല്ലാ പ്രദേശങ്ങൾക്കും യോജിച്ചതാണ്.

മാടക്കത്തറ2

വൈകി പുഷ്പിക്കുന്ന (ജനുവരിമാർച്ച്) ഇനമാണിത്. ഫെബ്രുവരിമാർച്ച് മാസത്തിൽ പച്ചണ്ടിയുണ്ടാകും. അതുകൊണ്ട് കാലവർഷം വൈകിവരുന്ന സ്ഥലങ്ങളിലേക്ക് ഈ ഇനം അനുയോജ്യമാണ്. ഏകദേശം 17 കിലോ വിളവ് ഒരു മരത്തിൽ നിന്നും ലഭിക്കുന്നു. ഈ ഇനത്തിന്‍റെ എക്സ്പോർട്ട് ഗ്രേഡ് 280 ആണ്. ഏകദേശം ആറ് ഗ്രാം തൂക്കമുള്ള കശുവണ്ടിയും രണ്ടു ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്.

കനക

1993ൽ കാർഷിക സർവകലാശാല മാടക്കത്തറയിൽ നിന്ന് കൃത്രിമ പരാഗണം വഴി പുറത്തിറക്കിയ സങ്കര ഇനമാണിത്. നവംബർഡിസംബർ മാസങ്ങളിൽ പുഷ്പിക്കുന്ന ഈ ഇനത്തിന് തുറന്ന വളർച്ചാരീതിയാണുള്ളത്. ഏകദേശം 13 കിലോ വരെ ഒരു മരത്തിൽനിന്നും വിളവു ലഭിക്കും. എക്സ്പോർട്ട് ഗ്രേഡ് ഡബ്ല്യു 280 ആണ്. ഏകദേശം 6.8 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.08 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്.

ധന

1993ൽ മാടക്കത്തറ നിന്നും പുറത്തിറക്കിയ മറ്റൊരു സങ്കര ഇനമാണിത്. നവംബർജനുവരി മാസത്തിൽ പുഷ്പിക്കുകയും ജനുവരിമാർച്ച് മാസങ്ങളിൽ കായ്ക്കുകയും ചെയ്യുന്നു. മരമൊന്നിന് പ്രതിവർഷം വിളവ് 10.7 കിലോ. ഏകദേശം 8.21 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.44 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. ഇതിന്‍റെ എക്പോർട്ട് ഗ്രേഡ് 210 ആണ്.

പ്രിയങ്ക

1995ൽ ആനക്കയം ഗവേഷണ കേന്ദ്രത്തിൽനിന്നും പുറത്തിറക്കിയ ഈ സങ്കരയിനത്തിന് ഒതുങ്ങിയ വളർച്ചാരീതിയാണുള്ളത്. ഡിസംബർ ജനുവരി മാസങ്ങളിൽ പുഷ്പിക്കുന്ന ഈ ഇനത്തിന് ഒരു മരത്തിൽനിന്നും ഏകദേശം 15 കിലോ വിളവു ലഭിക്കുന്നു. എക്പോർട്ട് ഗ്രേഡ് ഡബ്ല്യു 240 ഉള്ള ഈ ഇനം കേരളത്തിലെ എല്ലാ പ്രദേശങ്ങൾക്കും യോജിച്ചതാണ്. ഏകദേശം 7.8 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.64 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്.

സുലഭ

1996ൽ മാടക്കത്തറയിൽ നിന്നും പുറത്തിറക്കിയ ഈ ഇനം കേരളത്തിലെ ഉയരം കുറഞ്ഞ സമതലപ്രദേശങ്ങൾക്ക് പറ്റിയതാണ്. വൈകി പുഷ്പിക്കുന്ന ഈ ഇനത്തിൽ ജനുവരിഫെബ്രുവരി മാസങ്ങളിലാണ് പച്ചണ്ടിയുണ്ടാകുന്നത്. വലിയ അണ്ടിയുള്ള ഈ ഇനത്തിന്‍റെ എക്സ്പോർട്ട് ഗ്രേഡ് 210 ആണ്. ഏകദേശം 9.8 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.88 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. ശരാശരി ഒരു മരത്തിൽ നിന്നും 215 കിലോ വിളവു ലഭിക്കും.

അമൃത

1988ൽ മാടക്കത്തറയിൽ നിന്നും പുറത്തിറക്കിയ ഈ സങ്കരയിനം പടരുന്ന വളർച്ചാരീതിയാണ് കാണിക്കുന്നത്. ഡിസംബർജനുവരി മാസങ്ങളിലാണ് ഇത് പുഷ്പിക്കുന്നത്. ജനുവരിമാർച്ചിൽ ഇതിൽ പച്ചണ്ടിയുണ്ടാകുന്നു. ഏകദേശം 7.18 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.24 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. 18 കിലോഗ്രാം വരെ ഒരു മരത്തിൽ നിന്നും വിളവു ലഭിക്കുന്ന ഈ ഇനത്തിന്‍റെ എക്സ്പോർട്ട് ഗ്രേഡ് ഡബ്ല്യു 210 ആണ്.

അനഘ

സങ്കരയിനമായ അനഘ 1998ൽ കേരള കാർഷിക സർവകലാശാലയുടെ ആനക്കയം ഗവേഷണ കേന്ദ്രത്തിൽനിന്നും പുറത്തിറക്കിയതാണ്. ഒതുങ്ങിയ ശാഖകളോടുകൂടി ഈ ഇനം ജനുവരിഫെബ്രുവരി മാസങ്ങളിൽ പുഷ്പിക്കുന്നു. ഏകദേശം 16.01 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.9 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. 13.5 കിലോ വരെ വിളവ് ഒരു മരത്തിൽനിന്നും ലഭിക്കുന്നു. സാമാന്യം വലിയ അണ്ടിയുള്ള ഈ ഇനത്തിന്‍റെ എക്സ്പോർട്ട് ഗ്രേഡ് ഡബ്ല്യു 180 ആണ്.

അക്ഷയ

1998ൽ കേരള കാർഷികസർവകലാശാല, ആനക്കയം പുറത്തിറക്കിയ ഈ ഇനം ഡിസംബർജനുവരി മാസങ്ങളിൽ പുഷ്പിച്ച് ജനുവരിമാർച്ചിൽ കായ്ക്കുന്നവയാണ്. 11.5 കിലോ വരെ വിളവുതരാൻ കെൽപുള്ള ഈ ഇനത്തിന്‍റെ എക്സ്പോർട്ട് ഗ്രേഡ് ഡബ്ലിയു 180 ആണ്. ഏകദേശം 11.0 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 3.12 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്.

കെ. 221

ഡിസംബർഫെബ്രുവരി മാസങ്ങളിൽ പുഷ്പിക്കുന്ന ഈ ഇനത്തിൽ ഫെബ്രുവരിമാർച്ച് മാസത്തിൽ പച്ചണ്ടിയുണ്ടാകുന്നു. ഏകദേശം 13 കിലോ വരെ ഒരു മരത്തിൽനിന്നും വിളവു ലഭിക്കുന്നു. ഏകദേശം 6.2 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 1.6 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. എക്സ്പോർട്ട് ഗ്രേഡ് ഡബ്ലിയു 280 ആണ്.

ദാമോദർ

കൃത്രിമ പരാഗണത്തിലൂടെ ഉത്പാദിപ്പിച്ച ഒരു സങ്കര ഇനമാണിത്. നേരത്തെ പുഷ്പിക്കുകയും നേരത്തെ വിളവു തരുകയും ചെയ്യുന്ന ഈ ഇനം കർഷകർക്ക് ഏറെ പ്രിയമുള്ളതാണ്. കശുമാവിന്‍റെ മുഖ്യശത്രുക്കളായ തേയില കൊതുകിനും തണ്ടുതുരപ്പനും എതിരേ താരതമ്യേന പ്രതിരോധശക്തിയുള്ള ഇനമാണ്. ഏകദേശം 8.2 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.0 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. എക്സ്പോർട്ട് ഗ്രേഡ് ഡബ്ലിയു 240 ആണ്. ഒരു മരത്തിൽനിന്നും 14 കിലോ വിളവു ലഭിക്കും.

രാഘവ്

അത്യുത്പാദനശേഷിയുള്ള ഒരു സങ്കരയിനമാണിത്. ഈ ഇനത്തിന്‍റെ വിളവെടുപ്പ് മാർച്ച്ഏപ്രിൽ മാസത്തിൽ അവസാനിക്കുന്നതുകൊണ്ട് കർഷകന് വിപണിയിൽ നല്ല വില ലഭിക്കും. എക്സ്പോർട്ട് ഗ്രേഡ് ഡബ്ലിയു 210 ആണ്. ഏകദേശം 9.2 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.27 ഗ്രാം തൂക്കം വരുന്ന പരിപ്പും ഇതിനുണ്ട്. ഒരു മരത്തിൽനിന്നും ഏകദേശം 13 കിലോഗ്രാം വിളവ് ലഭിക്കും.

ശ്രീ. (സെലക്ഷൻ 990)

കശുമാവ് ഗവേഷണ കേന്ദ്രം ആനക്കയത്തുനിന്നും പുറത്തിറക്കിയ കശുമാവിനമാണ് ശ്രീ (സെലക്ഷൻ 990) ഇത് ആനക്കയത്തിൽ നിന്നുള്ള ഒരു സെലക്ഷനാണ്. ഈ ഇനത്തിന് ഇടത്തരം ശിഖരങ്ങളുണ്ട്. നേരത്തെ പുഷ്പിക്കുന്നവയാണ്. വലിയ കശുവണ്ടികൾക്ക് 10.62ഗ്രാം തൂക്കം ലഭിക്കും. പരിപ്പൊന്നിന് 3.30ഗ്രാം തൂക്കം ലഭിക്കും. ഷെല്ലിംഗ് ശതമാനം 31.1 ആണ്. മരമൊന്നിന് പ്രതിവർഷം 23.78 കിലോഗ്രാം ഉത്പാദനശേഷി ഉണ്ട്. കശുമാങ്ങയുടെ നിറം സ്വർണമഞ്ഞയാണ്. ഇടത്തരം വലിപ്പമുള്ള ഇവ കശുമാങ്ങ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ യോജിച്ചവയും തേയില കൊതുകിനോട് താരതമ്യേന പ്രതിരോധശേഷി കാണിക്കുന്നവയുമാണ്.

പൂർണിമ

കശുമാവ് ഗവേഷണ കേന്ദ്രത്തിൽനിന്നും 2006ൽ പുറത്തിറക്കിയ ഇനമാണ് പൂർണിമ. കശുവണ്ടി വ്യവസായത്തിനും കയറ്റുമതിക്കും അനുയോജ്യമായ സ്വഭാവ സവിശേഷതകൾ സംയോജിച്ച് വികസിപ്പിച്ചെടുത്ത സങ്കരയിനമാണിത്. ഉയർന്ന ഉത്പാദനശേഷിയും (മരമൊന്നിന് പ്രതിവർഷം 14.1 കിഗ്രാം.) വലിയ കശുവണ്ടിയും കശുവണ്ടി ഒന്നിന് 7.8 ഗ്രാം തൂക്കവും ഉണ്ട്. അതുകൊണ്ടുതന്നെ ഈ ഇനം വ്യാപകമായ കൃഷിക്ക് അനുയോജ്യമാണ്. സംസ്കരണം നടത്തുന്പോൾ 31 ശതമാനം പരിപ്പ് ലഭിക്കുന്നു എന്നത് ഈ ഇനത്തിന്‍റെ മേ·യാണ്. ഡബ്ലിയു 210 എന്ന ഉയർന്ന ഗ്രേഡിൽപ്പെടുന്നതിനാൽ 6.2 ഗ്രാം തൂക്കമുള്ള ഇതിന്‍റെ പരിപ്പിന് മികച്ച മൂല്യമുണ്ട്. ഡിസംബർജനുവരി മാസങ്ങളിൽ പൂവിടുന്ന ഈ ഇനത്തിന്‍റെ വിളവെടുപ്പുകാലം (ഫെബ്രുവരിമാർച്ച്) ചുരുങ്ങിയതാണ് എന്ന ഗുണവുമുണ്ട്.

ഒരേക്കർ തോട്ടത്തിൽ മികവാർന്ന ഇനങ്ങളുടെ 70 ഒട്ടുതൈകൾ നട്ടാൽ മൂന്നാം വർഷം മുതൽ പത്താം വർഷം വരെ വിളവ് കൂടിക്കൂടി വരികയും പത്താം വർഷം മുതൽ സ്ഥായിയായ വിളവുലഭിക്കാൻ തുടങ്ങുകയും ചെയ്യും. നല്ല ഇനങ്ങൾ തെരഞ്ഞെടുത്ത് നടുന്നതിന് അലംഭാവം കാണിച്ചാൽ കശുമാവ് കൃഷിയിൽ തുടക്കം തന്നെ പിഴവ് പറ്റി എന്നാണ് അർഥം. നട്ട് മൂന്നാം വർഷം മുതൽ മിതമായ തോതിലായാലും ഒരു ചെറിയ വരുമാനമോ തുടർന്നുള്ള കാലഘട്ടങ്ങളിൽ ഒരു നിശ്ചിത വരുമാനമോ ഉറപ്പാക്കാൻ സാധിക്കാതെ വരുന്നു. അനിയന്ത്രിത വളർച്ചയും, തോട്ടങ്ങളുടെ അഭംഗിയും കർഷകരെ വേണ്ടവിധം പരിചരണമുറകൾ നൽകുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യും. ഇത് കശുമാവ് ഉപേക്ഷിക്കപ്പെട്ട വിളയായി വർത്തിക്കാൻ ഇടവരുത്തുന്നു. എന്നാൽ ശാസ്ത്രീയതയോടെ വച്ചുപിടിപ്പിച്ച കശുമാവിൻതോട്ടങ്ങൾ വളരെ ആകർഷകമാണ്. കൂടാതെ നിശ്ചിത ആകൃതിയിലുള്ള കശുമാവിൻ തലപ്പിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം തോട്ടങ്ങളിൽ ഇടവിളകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പ്രചോദനമാണ്. ഇത് കർഷകർക്ക് അധികാദായം ലഭിക്കുന്നതിനും വഴിയൊരുക്കുന്നു.

തൈകൾക്ക് ബന്ധപ്പെടാവുന്ന കൃഷിവകുപ്പിന്‍റെ ഫാമുകൾ:

തിരുവനന്തപുരം
പെരിങ്ങമല ഫാം 0472 2846488, ബനാന നഴ്സറി 0472 2846622.
കൊല്ലം
അഞ്ചൽ ഫാം 0475 2270447, കൊട്ടാരക്കര കശുമാവ് ഫാം 04742045235.
ആലപ്പുഴ
മാവേലിക്കര ജില്ലാ ഫാം 0479 2357690
ഇടുക്കി
അരിക്കുഴ ഫാം 04862 278599.
എറണാകുളം
നേര്യമംഗലം ഫാം 0485 2554416.
തൃശൂർ
ചേലക്കര ഫാം 04884 2526636
പാലക്കാട്
എരുത്തിയംപടി ഫാം0492 3236007.
മലപ്പുറം
ചുങ്കത്തറ ഫാം 04931 230104
കോഴിക്കോട്
കൂത്താലി ഫാം 0496 2662264
കണ്ണൂർ
തളിപ്പറന്പ് ഫാം 0460 2203154
കാസർഗോഡ്
കശുവണ്ടി വികസന ഓഫീസ് , ഗ്വാളിമുഖം 04994 262272.

രേഷ്മ ടി., ശരത്ത് പി. എസ്

കടപ്പാട് : ദീപിക

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate