Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അടുക്കളത്തോട്ടം-2

കൂടുതല്‍ വിവരങ്ങള്‍

പയര്‍

കേരളത്തില്‍ ഏറ്റവുമധികം വാണിജ്യ പ്രാധാന്യമുള്ള പച്ചക്കറിയാണ് പയര്‍. നിറത്തിലും വലിപ്പത്തിലും കേരളത്തിലെ ഓരോ പ്രദേശങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്നുവെങ്കിലും കേരളീയരുടെ പ്രിയപ്പെട്ട പച്ചക്കറികളിലൊന്നാണ് പയര്‍ എന്നതില്‍ സംശയമില്ല. പയര്‍കൊണ്ടുണ്ടാക്കുന്ന തോരനോ മെഴുക്കുപുരട്ടിയോ കേരളത്തിലെ വീടുകളില്‍ മിക്കദിവസങ്ങളിലുമുണ്ടാകും. പന്തലില്‍ പടര്‍ത്താവുന്ന വള്ളിപ്പയര്‍, അധികം പടരാത്ത തടപ്പയര്‍, കുറ്റിച്ചെടിയായി വളരുന്ന കുറ്റിപ്പയര്‍ എന്നിങ്ങനെ പലയിനം പയറിനങ്ങളുണ്ട്. ചെലവേറുമെങ്കിലും, കൂടുതല്‍ ലാഭം തരുന്ന വള്ളിപ്പയര്‍ കൃഷിയാണ് വാണിജ്യാടിസ്ഥാനത്തില്‍ കൂടുതലായും നടത്തുന്നത്. എന്നാല്‍ വീട്ടാവശ്യത്തിനായി തടപ്പയറും, കുറ്റിപ്പയറും ആണ് മുഖ്യം. അടുക്കളത്തോട്ടങ്ങളില്‍ ഏതുസമയത്തും പയര്‍ കൃഷിചെയ്യാം. പയര്‍ കൃഷിചെയ്യുമ്പോള്‍ കറിയാവശ്യങ്ങള്‍ക്കുള്ള പയര്‍ ലഭിക്കുന്നതോടൊപ്പം മണ്ണിന് ഫലഭൂയിഷ്ഠതയും കിട്ടുന്നു. പയറിന്‍റെ വേരില്‍ വളരുന്ന റൈസോബിയം എന്ന സൂക്ഷ്മാണു അന്തരീക്ഷത്തിലെ നൈട്രജന്‍ വലിച്ചെടുത്ത് സസ്യങ്ങള്‍ക്ക് ആഗിരണം ചെയ്യാവുന്ന രൂപത്തിലുള്ള വളമാക്കി മാറ്റുന്നു. ഇത് മണ്ണിനെ  ഫലഭൂയിഷ്ഠതയുള്ളതാക്കി മാറ്റുന്നു

പന്തല്‍പ്പയറിനങ്ങള്‍

 • ലോല : നീണ്ട ഇളം പച്ചനിറമുള്ള പയറിന്‍റെ അഗ്രഭാഗത്ത് ചുവന്ന പാട് കാണാം. കറുത്തമണികള്‍, നന്നായി പടരുന്ന ഇനം, മികച്ച വിളവ് എന്നിവ ലോലയുടെ പ്രത്യേകതകളാണ്. പന്തല്‍പയറിനമാണ് ലോല. പയറുകള്‍ക്ക് 45 സെ.മീ. മുതല്‍ 55 സെ.മീ. വരെ നീളമുണ്ടാകും. കേരളത്തില്‍ മിക്ക ജില്ലകളിലെയും പ്രിയപ്പെട്ട ഇനം കൂടിയാണിത്.
 • വൈജയന്തി : പടരുന്ന സ്വഭാവമുള്ള ഈ പയറിനത്തിന് നല്ല ചുവപ്പ് നിറമാണുള്ളത്. ബ്രൗണ്‍ നിറമുള്ള വിത്തുകളോടുകൂടിയ ഇവ മികച്ച വിളവും നല്‍കുന്നു. തൃശൂര്‍ ജില്ലയിലാണ് ഈയിനം പ്രധാനമായും കൃഷിചെയ്യുന്നത്.
 • വെള്ളായണി ജ്യോതിക : അച്ചിങ്ങാപ്പയറിന്‍റെ പുതിയ ഒരിനം. നല്ല നീളമുള്ള ഇനമാണിത്. മികച്ച വിളവ് നല്‍കുന്ന ജ്യോതികയ്ക്ക് പയറിനെ ബാധിക്കുന്ന ഫ്യൂസേറിയം വാട്ടരോഗത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. കായ്കള്‍ക്ക് ഇളം പച്ചനിറമാണ്. ഏതു കാലാവസ്ഥയിലും കൃഷിചെയ്യാം.
 • മാലിക : പടരുന്ന ഇനം, ഇളം പച്ചനിറമുള്ള കായ്കള്‍ക്ക് 40 സെ.മീ. നീളം എന്നിവ ഈയിനത്തിന്‍റെ പ്രത്യേകതകളാണ്. ഇടത്തരം വിളവ് പ്രതീക്ഷിക്കാം.

കുറ്റിപ്പയറിനങ്ങള്‍

 • കനകമണി: കേരളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള കുറ്റിപ്പയറിനമാണ് കനകമണി. നല്ല പച്ചനിറമുള്ള കായ്കള്‍ക്ക് 18 സെ.മീറ്റര്‍ മുതല്‍ 20 സെ.മീറ്റര്‍ വരെ നീളം വരും. ചുവന്ന വിത്തുകള്‍, മണിയായും ഒടിച്ചും ഉപയോഗിക്കാവുന്ന ഇനം, മികച്ച സ്വാദ് എന്നീ സവിശേഷതകളും കനകമണിക്കുണ്ട്. നരപ്പുരോഗത്തിനെതിരേയും കരിമ്പന്‍കേടിനെതിരേയും പ്രതിരോധശേഷിയുണ്ട്.
 • കൈരളി : ചുവപ്പ് നിറത്തിലുള്ള കുറ്റിപ്പയറിനം. മൊസൈക്കിനെതിരെ രോഗപ്രതിരോധശേഷിയുണ്ട്. 20-25 സെ.മീറ്റര്‍ നീളം വരും. ബ്രൗണ്‍ വിത്തുകള്‍ ഈയിനത്തിന്‍റെ പ്രത്യേകതയാണ്.
 • പൂമ്പാ കോമള്‍ : വിത്തിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ പറിച്ചുമാറ്റി കൃഷിചെയ്യാവുന്ന ഇനം. പച്ചനിറമുള്ള കായ്കളുള്ള ഈയിനം ഇടവിളകൃഷിക്ക് അനുയോജ്യമാണ്.
 • ഭാഗ്യലക്ഷ്മി : നേരത്തെ കായ്ക്കുന്ന ഇനം. ഇളം പച്ച നിറത്തോടുകൂടിയ കായ്കള്‍, വരയും കുറിയുമുള്ള വിത്തുകള്‍, മികച്ച സ്വാദ് എന്നിവ ഇവയുടെ മെച്ചങ്ങളാണ്.

തടപ്പയറിനങ്ങള്‍

 • അനശ്വര : കുറ്റിപ്പയറിനേക്കാള്‍ കൂടുതല്‍ ഉയരത്തില്‍ വളരുന്ന തടപ്പയറിനമാണ് അനശ്വര. തണലുള്ള സ്ഥലങ്ങളിലും മണല്‍പ്രദേശങ്ങളിലും ഇവ നന്നായി വളരുന്നു. പയര്‍ എന്നതിലുപരി നല്ല ആവരണവിളയായും ഉപയോഗിക്കാം. അടുക്കളത്തോട്ടത്തിന് അനുയോജ്യമായ ഇനമാണ് അനശ്വര.

കൃഷിരീതികള്‍

നനയ്ക്കുന്നതിനു സൗകര്യമുണ്ടെങ്കില്‍ അടുക്കളത്തോട്ടത്തില്‍ ഏതുസമയത്തും പയര്‍ കൃഷിചെയ്യാവുന്നതാണ്. എന്നിരുന്നാലും, ജൂണ്‍-ജൂലൈ മാസമാണ് പയര്‍ നടാന്‍ ഏറ്റവും അനുയോജ്യം. ജൂലൈയില്‍ നട്ടതിനു ശേഷം നല്ല മഴയ്ക്കു ശേഷം സെപ്തംബര്‍ മാസത്തോടെ വിളവെടുക്കുകയാണെങ്കില്‍ ഏറ്റവും മികച്ച വിളവ് പ്രതീക്ഷിക്കാം. മഴക്കാലത്ത് ഉയര്‍ന്ന തടങ്ങളെടുത്ത് പയര്‍ കൃഷിചെയ്യാം. ഒരു മീറ്റര്‍ വീതിയുള്ള തടങ്ങളില്‍ കുറ്റിപ്പയറിനങ്ങള്‍ നടാവുന്നതാണ്.
ഒരു കുഴിയില്‍ 5 വിത്തുകളിട്ടാണ് നടുന്നത്. ഇവ മുളച്ച് വളര്‍ന്നുവരുമ്പോള്‍ ആരോഗ്യമുള്ള രണ്ടു തൈകളെ നിര്‍ത്തി ബാക്കിയുള്ളവ പിഴുതുകളയാം. ചെടികളുടെ തലപ്പുകള്‍ പടരാന്‍ തുടങ്ങുമ്പോള്‍ കമ്പുകള്‍ നാട്ടിക്കൊടുക്കണം. കുറ്റിപ്പയറിനങ്ങള്‍ക്ക് ഈ കമ്പുകള്‍ മാത്രം മതി. എന്നാല്‍ വള്ളിപ്പയറിനങ്ങള്‍ തലപ്പുകള്‍ നീളം വച്ച് വരുന്നതനുസരിച്ച് പന്തലില്‍ കയറ്റണം. മഴക്കാലത്ത് പയര്‍ കൃഷിചെയ്യുമ്പോള്‍ ചെടികളുടെ കടഭാഗത്ത് വെള്ളം കെട്ടി നില്‍ക്കുവാന്‍ അനുവദിക്കരുത്. വേനല്‍ക്കാലത്ത് സ്ഥിരമായി നനയ്ക്കുകയും വേണം.

പ്രധാന രോഗങ്ങള്‍

 • കരിമ്പന്‍കേട്: പയറിന് കാണുന്ന ~ഒരു പ്രധാനപ്പെട്ട രോഗമാണ് കരിമ്പന്‍കേട് അഥവാ വള്ളിയുണക്കം. ചെറിയ തൈച്ചെടികളുടെ മണ്ണുമായി സ്പര്‍ശിക്കുന്ന ഭാഗത്ത് നനഞ്ഞ പാടുകള്‍ കാണുന്നതാണ് ആദ്യലക്ഷണം. ക്രമേണ ചെടി ചീഞ്ഞുപോകുകയും, ചെടിയുടെ തണ്ടുഭാഗങ്ങള്‍ കറുത്ത് നശിച്ചുപോകുകയും ചെയ്യും. ഈ രോഗം വളരെ വേഗം മറ്റു ചെടികളിലേക്ക് വ്യാപിക്കുന്നു. മഴയുള്ള സമയത്തും വെള്ളം കെട്ടിനില്‍ക്കുന്നിടത്തും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ഇതിനെ നിയന്ത്രിക്കുന്നതിനായി മുന്‍കരുതല്‍ എന്ന നിലയ്ക്ക് 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി നടുന്നതിനു മുമ്പ് ഒഴിച്ച് തടം കുതിര്‍ക്കാം. 10 ദിവസം ഇടവിട്ട് ഇതാവര്‍ത്തിക്കുന്നതും നല്ലതാണ്. കൂടാതെ പയര്‍ കൃഷിചെയ്യുന്നതിനു മുമ്പായി തടത്തില്‍ ചവറുകൂട്ടി തീയിട്ടുകത്തിക്കുന്നത് നല്ലതാണ്. പയര്‍കൃഷി അവസാനിച്ചാല്‍ അതിന്‍റെ അവശിഷ്ടങ്ങള്‍ നശിപ്പിച്ചു കളയുന്നത് രോഗകാരികളായ കുമിളുകളെ ഒഴിവാക്കുന്നതിന് സഹായിക്കും.
 • ചുവടുവാട്ടം : കരിമ്പന്‍കേടുപോലെതന്നെ സാധാരണയായി കാണപ്പെടുന്ന രോഗമാണ് ചുവടുവാട്ടം, പയര്‍ചെടികള്‍ പെട്ടെന്ന് വാടിപ്പോകുന്നു, ഒപ്പം ചെടിയുടെ അടിഭാഗം അസാധാരണമായ വിധം തടിച്ചുവരുന്നു. ഈ രോഗവും വളരെ പെട്ടെന്ന് വ്യാപിക്കുന്നതായി കാണാം. തടം ചുടുക, രോഗബാധിതമായ പയര്‍ ചെടികള്‍ നശിപ്പിച്ചുകളയുക എന്നതോടൊപ്പം സ്യൂഡോമോണാസ് 20 ഗ്രാം/ലിറ്റര്‍ എന്ന തോതില്‍ ഉപയോഗിക്കുന്നതും ഫലപ്രദമാണ്. അടുക്കളത്തോട്ടത്തില്‍ പയര്‍ അടുപ്പിച്ച് കൃഷിചെയ്യുന്നത് ഒഴിവാക്കണം. വിത്തുകള്‍ നടുമ്പോള്‍തന്നെ സ്യൂഡോമോണാസ് 10 ഗ്രാം വിത്തുകളുമായി കലര്‍ത്തിയശേഷം നട്ടാല്‍ ചുവടുവാട്ടത്തെ പ്രതിരോധിക്കാം.
 • മൊസൈക്ക് രോഗം : പയറിനെ ബാധിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട രോഗമാണിത്. ഇലകളിലെ പച്ചനിറം ക്രമേണ മങ്ങി മഞ്ഞനിറമായി മാറുന്നു. ഇലകുരുടിക്കല്‍, ഇലഞരമ്പ് കട്ടിയായി കാണല്‍, ഇലകള്‍ ചെറുതാവുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഈ അസുഖം ബാധിച്ച ചെടിയില്‍ നിന്നും നീരൂറ്റിക്കുടിച്ച് വൈറസ്വാഹകരായി മാറുന്ന ഇലപ്പേനുകളാണ് രോഗം പരത്തുന്നത്. ഈ രോഗത്തെ നിയന്ത്രിക്കുന്നതിനായി ആരോഗ്യമുള്ള, രോഗവിമുക്തമായ ചെടികളില്‍ നിന്നുമാത്രം വിത്തുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. മൊസൈക്ക് രോഗം ബാധിച്ച ചെടികള്‍ നശിപ്പിച്ചു കളയണം. അതോടൊപ്പം ഇലപ്പേനുകളെ നിയന്ത്രിക്കുന്നതും രോഗം പടരുന്നതു കുറയ്ക്കുന്നു.
 • ഇലപ്പുള്ളിരോഗം :പയര്‍ചെടികളുടെ ഇലകളില്‍ കാണപ്പെടുന്ന ചെറിയ പൊട്ടുകള്‍ പോലുള്ള പാടുകളാണ് ലക്ഷണം. ക്രമേണ ഇത് ഇലമുഴുവന്‍ വ്യാപിച്ച് ചെടിയെ ഉണക്കിക്കളയുന്നു. ആക്രമണം രൂക്ഷമാകുമ്പോള്‍ ഇലകള്‍ പൊടിഞ്ഞ് ചെടി ഉണങ്ങി നശിച്ചുപോകും. സ്യൂഡോമോണാസ് 20 ഗ്രാം/ലിറ്ററിലോ, 3 മില്ലി/ ഒരു ലിറ്ററിലോ എടുത്ത് തളിക്കാവുന്നതാണ്. തുടര്‍ച്ചയായ സ്യൂഡോമോണാസിന്‍റെ ഉപയോഗം രോഗത്തെ നിയന്ത്രിക്കുന്നതിനു സഹായിക്കും.

പ്രധാന കീടങ്ങള്‍

 • മുഞ്ഞ/പയര്‍പ്പേന്‍ : പയര്‍ കൃഷിചെയ്യുന്നവരുടെ പ്രധാനപ്രശ്നമാണ് മുഞ്ഞ/പയര്‍പ്പേന്‍. പയറിന്‍റെ ഇളംതണ്ടുകളിലും പൂവിലും ഞെട്ടിലും കായിലും കൂട്ടംകൂട്ടമായി പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുകയാണ് ഇവ ചെയ്യുന്നത്. പയര്‍ചെടികളില്‍ കറുത്തനിറത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈ കീടങ്ങള്‍ വേഗത്തില്‍ വംശവര്‍ദ്ധന നടത്താന്‍ കഴിവുള്ളവയാണ്. ഇവയുടെ ആക്രമണംമൂലം പയര്‍ചെടികളിലെ പൂവ് കൊഴിയുകയും, കായ്കള്‍ ഉണങ്ങി കേടുവന്ന് പോകുകയും ചെയ്യുന്നു. മുഞ്ഞയോടൊപ്പം ധാരാളം ഉറുമ്പുകളേയും കാണാവുന്നതാണ്. ഉറുമ്പുകള്‍ ഇവയെ ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്ക് എത്തിക്കുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി കഞ്ഞിവെള്ളം നേര്‍പ്പിച്ച് (ഒരു ലിറ്റര്‍ കഞ്ഞിവെള്ളത്തില്‍ മൂന്ന് ലിറ്റര്‍ വെള്ളം) ചെടിയില്‍ നന്നായി തളിച്ചുകൊടുക്കുക. തളിച്ച കഞ്ഞിവെള്ളം ഉണങ്ങിക്കഴിയുമ്പോള്‍ കഞ്ഞിവെള്ളത്തിന്‍റെ പാട തട്ടിക്കളഞ്ഞശേഷം വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കണം. ഇതിനുപുറമെ നാറ്റപ്പൂച്ചെടി- സോപ്പ് മിശ്രിതവും വളരെ ഫലപ്രദമാണ്.
 • ചിത്രകീടം :വള്ളിപ്പയറില്‍ ചിത്രകീടത്തിന്‍റെ ആക്രമണം സാധാരണയായി വര്‍ദ്ധിച്ച തോതില്‍ കണ്ടുവരുന്നു. പെണ്ണീച്ച ഇലയുടെ പ്രതലത്തില്‍ മുറിവുണ്ടാക്കി മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴു ഇലഞരമ്പുകള്‍ക്കിടയിലെ ഉള്‍ഭാഗം തുരന്നു തിന്നുനശിപ്പിക്കുന്നു. പുഴുക്കള്‍ ഇലകളിലെ കോശങ്ങള്‍ തിന്നുനശിപ്പിക്കുന്നതിനനുസരിച്ച് വെളുത്തപാടുകള്‍ ഇലകളില്‍ കാണുന്നു. കേടുബാധിച്ചു ഇലകള്‍ കരിഞ്ഞുണങ്ങി നശിച്ചുപോകുന്നു. പുഴുക്കള്‍ ഇലയുടെ ഉള്‍ഭാഗത്തായതിനാല്‍ കീടനിയന്ത്രണം പ്രയാസകരമാണ്. കീടബാധയുള്ള ഇലകള്‍ കണ്ടാല്‍ അവ നശിപ്പിച്ചുകളയേണ്ടതാണ്. കൂടാതെ വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം തളിക്കുകയും മണ്ണില്‍ കൂടുതലായി (ചെടിയൊന്നിന് 100 ഗ്രാം) വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്തുകൊടുക്കുകയും വേണം.
 • കായ്തുരപ്പന്‍പുഴു :പയറിനെ ആക്രമിക്കുന്ന കീടങ്ങളില്‍ പ്രധാനപ്പെട്ടതാണ് കായ്തുരപ്പന്‍പുഴുക്കള്‍. ഈച്ചയുടെ പുഴുക്കള്‍, ചിത്രശലഭങ്ങളുടെ പുഴുക്കള്‍ തുടങ്ങിയവയെ ഈ ഗണത്തില്‍ കണ്ടുവരുന്നു. പലപ്പോഴും പയര്‍ പൂവിടുമ്പോള്‍ തന്നെ പൂവില്‍ മുട്ടകളിട്ടുവയ്ക്കുന്ന ഇവ പയര്‍ വളരുന്നതോടൊപ്പം വളര്‍ന്നുവരുന്നു. തുടര്‍ന്ന് പയറിലെ മാംസളമായ ഭാഗങ്ങള്‍ തിന്നുനശിപ്പിച്ച് പയറിനെ ഭക്ഷ്യയോഗ്യമല്ലാതാക്കുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി കാന്താരിമുളക് - ഗോമൂത്രമിശ്രിതം തളിക്കാവുന്നതാണ്. കൂടാതെ ആക്രമണം ഉണ്ടായ കായ്കള്‍ പറിച്ചെടുത്തു നശിപ്പിച്ചുകളയണം. അടുക്കളത്തോട്ടത്തില്‍ കൊഴിഞ്ഞുവീഴുന്ന പൂക്കളും കായ്കളും നശിപ്പിച്ചുകളയുകയും വേണം. ചിത്രശലഭങ്ങളെയും നിശാശലഭങ്ങളെയും ഈച്ചകളെയും നിയന്ത്രിക്കുന്നതിന് വിവിധ വിളക്കുകെണികള്‍ ഉപയോഗിക്കാവുന്നതാണ്.
 • തണ്ടീച്ച : പയറിന്‍റെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലാണ് തണ്ടീച്ചയുടെ ആക്രമണമുണ്ടാകുന്നത്. തണ്ടീച്ചയുടെ പുഴുക്കള്‍ തണ്ടിന്‍റെ ഉള്‍ഭാഗം തിന്നുനശിപ്പിക്കുന്നതിനാല്‍ തണ്ടുകള്‍ വീര്‍ത്തുവരുന്നു. അതിനുമുകളിലെ ഭാഗം വാടുകയും ക്രമേണ ഉണങ്ങി നശിച്ചുപോകുകയും ചെയ്യുന്നു.  ഇവയെ നിയന്ത്രിക്കാന്‍ വേപ്പിന്‍കുരുസത്ത് അല്ലെങ്കില്‍ വേപ്പധിഷ്ഠിത ജൈവകീടനാശിനികള്‍ 2 മില്ലി/ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് രോഗബാധിതമായ സ്ഥലങ്ങളില്‍ തളിച്ചുകൊടുക്കാം. വീര്‍ത്ത ഭാഗങ്ങള്‍ നെടുകെ പിളര്‍ന്നു നോക്കിയാല്‍ തണ്ടീച്ചയെ കാണാവുന്നതാണ്. അവയെ അപ്പോള്‍ തന്നെ നശിപ്പിക്കുക.
 • ചാഴികള്‍ : പയറില്‍ കായ് വലുതായി വരുന്നതിനോടൊപ്പം ചാഴികളേയും കണ്ടുവരുന്നു. തവിട്ടുനിറത്തിലുള്ള ഇവ പയര്‍മണികളില്‍നിന്നും നീരൂറ്റിക്കുടിക്കുന്നതിനാല്‍ അവ ചുക്കിച്ചുളിഞ്ഞുപോകുന്നു. പയര്‍മണികളുടെ എണ്ണത്തിലും കുറവുണ്ടാകുന്നതായി കാണാം. ചാഴികളെ കൈവല/വീശുവലകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാം. കൂടാതെ കാന്താരിമുളക് - ഗോമൂത്രമിശ്രിതമോ, പാല്‍ക്കായം-വെളുത്തുള്ളി മിശ്രിതമോ ഉപയോഗിക്കാം. (10 ലിറ്റര്‍ വെള്ളത്തില്‍ 40 ഗ്രാം പാല്‍ക്കായവും 200ഗ്രാം വെളുത്തുള്ളി അരച്ചെടുത്തതും ചേര്‍ത്തുണ്ടാക്കുന്നതാണ് പാല്‍ക്കായ-വെളുത്തുള്ളി മിശ്രിതം).

വിളവെടുപ്പ്

പയര്‍ നട്ട് 45-ാം ദിവസം മുതല്‍ പൂവിട്ടു തുടങ്ങും. പൂവിട്ടു തുടങ്ങിയാല്‍ 10- 15 ദിവസത്തിനകം പയര്‍ വിളവെടുപ്പിന് പാകമാകും. മൂന്നര മാസത്തോളം തുടര്‍ച്ചയായി വിളവെടുക്കുകയും ചെയ്യാം.

പയര്‍ ഇനം

1 സെന്‍റില്‍നിന്നും ലഭിക്കുന്ന
ഏകദേശ വിളവ്

വള്ളിപ്പയര്‍

70-80 കി.ഗ്രാം

കുറ്റിപ്പയര്‍

20-25 കി.ഗ്രാം

തടപ്പയര്‍

45-50 കി.ഗ്രാം

 

പടവലം

കേരളത്തില്‍ ധാരാളമായി ഉപയോഗിക്കപ്പെടുകയും കൃഷി ചെയ്യുകയും ചെയ്യുന്ന പച്ചക്കറിവിളയാണ് പടവലം. പന്തലില്‍ പടര്‍ന്നുകയറി വളരുകയും നല്ല കായ്ഫലം നല്‍കുകയും ചെയ്യുന്ന പടവലം ധാരാളം ധാതുലവണങ്ങളുടെയും ജീവകങ്ങളുടെയും കലവറ കൂടിയാണ്. ഏപ്രില്‍-മെയ്, ആഗസ്റ്റ്-സെപ്തംബര്‍ എന്നീ സമയങ്ങളാണ് പടവലം നടുന്നതിന് ഏറ്റവും അനുയോജ്യം. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാലത്തും പടവലം കൃഷിചെയ്യാം. കൗമുദി, ബേബി, TA19 എന്നീ ഇനങ്ങള്‍ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തുന്നതിനായി തിരഞ്ഞെടുക്കാവുന്നതാണ്. കേരളത്തിലെ കാലാവസ്ഥയില്‍ ഈയിനങ്ങള്‍ ഏറെ അനുയോജ്യമാണ്.

 • കൗമുദി : ഒരു മീറ്ററിലധികം നീളം വരുന്ന വെളുത്ത നിറത്തോടുകൂടിയ പടവലയിനമാണ് കൗമുദി. നാലടിമുതല്‍ ആറടി വരെ നീളമുള്ള പടവലം ഈയിനത്തില്‍നിന്ന് ലഭിക്കും. നല്ല വിളവു നല്കുന്ന കൗമുദിക്ക് തെക്കന്‍ ജില്ലകളില്‍ പൊതുവേയും കേരളത്തില്‍ മൊത്തമായും നല്ല ഡിമാന്‍റുണ്ട്.
 • ബേബി: ഒരടി മാത്രം വലുപ്പം വരുന്ന ഇനമാണ് കുഞ്ഞന്‍ ഇനമാണ് ബേബി. കേരളത്തിലെ നഗരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും ഫ്ളാറ്റുകളിലെ താമസക്കാര്‍ക്കിടയില്‍ ബേബിക്ക് ആവശ്യക്കാര്‍ ഏറെയാണ്. ചെറിയ ഇനമായതിനാല്‍ ഒട്ടും നഷ്ടപ്പെടുത്താതെ ഉപയോഗിക്കാമെന്നതും വളത്താന്‍ കുറച്ചു സ്ഥലം മതിയെന്നതും  ഇത്തരം ചെറിയ കുടുംബങ്ങള്‍ക്ക് അനുഗ്രഹമാണ്. ചെറിയ പന്തലുകളില്‍പോലും ബേബിയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും.
 • TA19 : രണ്ടടി വലിപ്പം വയ്ക്കുന്ന ഈ പടവലയിനത്തില്‍ പച്ചനിറത്തില്‍ വെള്ളവരകള്‍ കാണാം. കായ്കള്‍ക്ക്  600 ഗ്രാമോളം തൂക്കം വയ്ക്കും.

കൃഷിരീതി

ഒരു സെന്‍റില്‍ പടവലം കൃഷിചെയ്യുന്നതിന് 20 ഗ്രാം വിത്ത് ആവശ്യമാണ്.  ഈ കണക്കനുസരിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ പടവലത്തിനായി നീക്കിവച്ചിട്ടുള്ള സ്ഥലത്തേക്കുള്ള വിത്തുകള്‍ ഒരുക്കണം.  ഒരു സെന്‍റില്‍ പത്തുകുഴികള്‍ എടുത്ത് 3 സെ.മീ. ആഴത്തില്‍ വിത്തുകള്‍ നടാവുന്നതാണ്. ചെടികള്‍ക്കിടയില്‍ 2 മീറ്റര്‍ ഇടയകലം നല്‍കാനും ശ്രദ്ധിക്കണം.
വളപ്രയോഗം

ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള കൃഷിരീതിയാണ് അടുക്കളത്തോട്ടത്തിലെ പടവലത്തിന് അനുയോജ്യം.
പ്രധാന രോഗങ്ങള്‍

 • മൊസൈക്ക് : പടവലത്തില്‍ വൈറസ് ബാധമൂലം ഉണ്ടാകുന്ന രോഗമാണ് മൊസൈക്ക് അഥവാ മുരടിപ്പ് രോഗം. രോഗം ബാധിച്ച ചെടികളില്‍ വളര്‍ച്ച മുരടിക്കുന്നതിനോടൊപ്പം വിളവും കുറയുന്നു. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക, രോഗം ബാധിച്ചവയെ നശിപ്പിച്ചുകളയുക, കീടങ്ങളെ നിയന്ത്രിക്കുക എന്നിവയാണ് പ്രധാന നിയന്ത്രണമാര്‍ഗങ്ങള്‍. രോഗം നിയന്ത്രിക്കുന്നതിനായി വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
 • ചൂര്‍ണ്ണ പൂപ്പ് രോഗം : ഇലകള്‍ തവിട്ടുനിറമായി സാവധാനത്തില്‍ ഉണങ്ങിപ്പോകുന്നതാണ് ഈ രോഗത്തിന്‍റെ  പ്രധാനലക്ഷണം. ഇതിനെതിരെ സ്യൂഡോമോണാസ് - 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കുന്നത് ഫലപ്രദമാണ്.

പ്രധാന കീടങ്ങള്‍

 • കായീച്ച : പടവലം ഉള്‍പ്പെടെയുള്ള വെള്ളരിവര്‍ഗ്ഗ പച്ചക്കറികളിലാണ് കായീച്ചയുടെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. കായ്പിടിക്കുമ്പോള്‍തന്നെ ഇവയുടെ  ആക്രമണമുണ്ടാകുന്നു. അതിനാല്‍ കായീച്ചകളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടക്കംമുതല്‍ തന്നെ നടപ്പിലാക്കാന്‍ ശ്രദ്ധിക്കണം. കടലാസ്, പോളിത്തീന്‍കവറുകള്‍ എന്നിവകൊണ്ട് പുതുതായി ഉണ്ടാകുന്ന കായ്കള്‍ പൊതിഞ്ഞു സൂക്ഷിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ നിയന്ത്രണമാര്‍ഗം. കായീച്ചയുടെ ശല്യം രൂക്ഷമാണെങ്കില്‍ ഫിറമോണ്‍ കെണിയും ഉപയോഗിക്കാം.
 • പടവലവണ്ട് : പടവലവണ്ടിന്‍റെ ആക്രമണമുണ്ടായാല്‍ ചെടി ഉണങ്ങിപ്പോകും. ഇവയുടെ പെണ്‍വണ്ടുകള്‍ മണ്ണിലിടുന്ന മുട്ടകള്‍ വിരിഞ്ഞ് പുഴുക്കള്‍ വേര് തുളച്ച് തണ്ടിന്‍റെ അടിവശം തിന്നുനശിപ്പിക്കുന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പുഴുക്കള്‍ പിന്നീട് വണ്ടുകളായി പുറത്തുവരുന്നു. ഈ വണ്ടുകള്‍ ഇലയുടെ ഭാഗങ്ങള്‍ തിന്ന് ദ്വാരങ്ങളുണ്ടാക്കുന്നു. ചുവപ്പ്, നീല, തവിട്ട് എന്നീ നിറങ്ങളിലുള്ള പടവലവണ്ടുകളെ കാണാവുന്നതാണ്. അടുക്കളത്തോട്ടങ്ങളില്‍ ഇവയെ കൈവലകളില്‍ കുടുക്കി നിയന്ത്രിക്കാവുന്നതാണ്. മണ്ണിലെ പുഴുക്കളെ നിയന്ത്രിക്കുന്നതിന് തടത്തില്‍ തീയിട്ടു കത്തിക്കുന്നത് നല്ലതാണ്. മുളച്ചുവരുന്ന തൈകളുടെ ചുവട്ടില്‍ വേപ്പിന്‍പിണ്ണാക്ക് 50 ഗ്രാം മണ്ണില്‍ ഇട്ടുകൊടുക്കുന്നതും ഇവയുടെ പുഴുക്കളെ നിയന്ത്രിക്കുന്നതിന് സഹായിക്കും. വണ്ടുകളെ നിയന്ത്രിക്കുന്നതിന് വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം.
 • ഇലതീനിപ്പുഴുക്കള്‍ : ഇലതീനിപ്പുഴുക്കളെ നശിപ്പിക്കുവാന്‍ കാന്താരിമുളകും ഗോമൂത്രവും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

നട്ട് 45-50 ദിവസത്തിനകം പടവലം പൂവിട്ടു തുടങ്ങും. 70-75 ദിവസത്തിനുള്ളില്‍ വിളവെടുപ്പും ആരംഭിക്കാം. ഇളം പ്രായത്തിലുള്ള കായ്കളാണ് പച്ചക്കറിയായി ഉപയോഗിക്കുന്നത്. മൂപ്പു കൂടിയാല്‍ കറിയാവശ്യത്തിന് ഉപയോഗിക്കാന്‍ സാധിക്കാതെ വരും.

വെണ്ട

കേരളത്തിലെ കാലാവസ്ഥയ്ക്ക് നന്നായി യോജിച്ചതും വീട്ടുവളപ്പില്‍ വര്‍ഷം മുഴുവനും കൃഷിചെയ്യാവുന്നതുമായ വിളയാണ് വെണ്ട. ആഫ്രിക്ക ജന്മദേശമായ ഈ പച്ചക്കറിവിളയില്‍ അയഡിന്‍ ധാരാളമുണ്ട്. പോഷകസമൃദ്ധമായ വെണ്ട ഇടവിളയായും തനിവിളയായും കൃഷിചെയ്യാവുന്നതാണ്. വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും വെണ്ടക്കൃഷിയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പുരോഗം പരത്തുന്ന വെള്ളീച്ചകള്‍ കുറവുള്ള മഴക്കാലമാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം.

ഇനങ്ങള്‍

അര്‍ക്ക അനാമിക:

നല്ല പച്ചനിറത്തോടുകൂടിയ ചെറിയ കായ്കള്‍, നരപ്പുരോഗത്തിനെതിരെയുള്ള പ്രതിരോധശേഷി, ഉയര്‍ന്ന വിളവ് എന്നിവ ഈ ഇനത്തിന്‍റെ പ്രത്യേകതകളാണ്. പ്രധാനമായും മഴക്കാലത്ത് കൃഷിചെയ്തുവരുന്നു. കേരളത്തിലെ അടുക്കളത്തോട്ടങ്ങളില്‍ പൊതുവേ കൃഷിചെയ്യപ്പെടുന്ന ഇനമാണിത്.

 • സല്‍കീര്‍ത്തി: ഇളം പച്ചനിറമുള്ള നല്ല നീളമുള്ള കായ്കള്‍, ഉയര്‍ന്ന വിളവ് എന്നിവയാണ് സല്‍കീര്‍ത്തിയുടെ പ്രത്യേകതകള്‍. നരപ്പുരോഗത്തിനെതിരെ കാര്യമായ പ്രതിരോധശേഷിയില്ല. നട്ട് 44-ാം ദിവസം വിളവെടുക്കാം. വേനല്‍ക്കാലകൃഷിക്ക് യോജിച്ച ഇനമാണ്.
 • സുസ്ഥിര: ഇളം പച്ചനിറത്തില്‍ നല്ല വണ്ണമുള്ള കായ്കള്‍, മഞ്ഞളിപ്പുരോഗത്തിനെതിരെ പ്രതിരോധശേഷി, ദീര്‍ഘകാലം വിളവ് നല്കാനുള്ള ശേഷി എന്നിവ സുസ്ഥിരയെ വീട്ടുവളപ്പിലെ കൃഷിക്ക് അനുയോജ്യമാക്കുന്നു. ആദ്യവിളവെടുപ്പുകാലത്തിനുശേഷം പ്രധാന ശാഖയും, ശിഖരങ്ങളും വെട്ടിമാറ്റി മണ്ണുകയറ്റി നനച്ചുകൊടുത്താല്‍ പുതിയ മുളകള്‍ പൊട്ടി തഴച്ചു വളരാനുള്ള ശേഷിയുണ്ട്.
 • മഞ്ജിമ: വൈറസ്രോഗമായ മഞ്ഞളിപ്പിനെതിരെ ഉയര്‍ന്ന പ്രതിരോധശക്തി, മികച്ചവിളവ് എന്നീ ഗുണങ്ങളോടുകൂടിയ മഞ്ജിമ തെക്കന്‍ജില്ലകളിലെ കൃഷിക്ക് വളരെ അനുയോജ്യമായ ഇനമാണ്.
 • അഞ്ജിത: ഇലമഞ്ഞളിപ്പിനെതിരെ പ്രതിരോധശേഷിയുള്ള സങ്കരയിനമാണ് അഞ്ജിത. ഇളംപച്ചനിറത്തോടുകൂടിയ കായ്കളുള്ള അഞ്ജിത മഴക്കാലത്തെ കൃഷിക്ക് യോജിച്ചതാണ്.

മഞ്ഞകലര്‍ന്ന പച്ചനിറത്തോടുകൂടിയ കായ്കളുള്ള 'കിരണ്‍', ചുവപ്പ് നിറമുള്ള കായ്കളോടുകൂടിയ 'അരുണ' തുടങ്ങിയ ഇനങ്ങളും നിലവിലുണ്ട്.

കൃഷിരീതി

100-110 ദിവസത്തിനകം വിളവെടുപ്പ് പൂര്‍ത്തിയാകുന്നതിനാല്‍ വര്‍ഷത്തില്‍ മൂന്നുതവണ വെണ്ട കൃഷിചെയ്യാം. വേനല്‍ക്കാലകൃഷിയില്‍ ധാരാളം രോഗ-കീടബാധകള്‍ കണ്ടുവരുന്നതിനാല്‍ നടീല്‍സമയം ക്രമീകരിച്ച് കൃഷിചെയ്താല്‍ അവയെ ഫലപ്രദമായി നിയന്ത്രിക്കാം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ്, സൂര്യപ്രകാശം, ജലസേചനസൗകര്യം എന്നിവയുള്ള സ്ഥലങ്ങള്‍ വെണ്ടക്കൃഷിക്ക് അനുയോജ്യമാണ്. മണ്ണിന്‍റെ ഘടനയനുസരിച്ച് കുഴികളോ, ചാലുകളോ എടുത്ത് വിത്ത് നടാവുന്നതാണ്. വര്‍ഷകാലത്ത് ചെടികള്‍ തഴച്ചു വളരുന്നതിനാല്‍ കൂടുതല്‍ അകലം നല്‍കണം. ജൂണ്‍ - ജൂലൈ മാസങ്ങളില്‍ ആരംഭിക്കുന്ന വെണ്ടക്കൃഷിയാണ് ഏറ്റവും നല്ല വിളവ് നല്‍കുന്നത്.

ഇടയകലം

 • വര്‍ഷകാലം : ചെടികള്‍ തമ്മില്‍ ഒന്നരയടിയും വരികള്‍ തമ്മില്‍ രണ്ടടി അകലവും വരത്തക്കവിധം നടണം.
 • വേനല്‍ക്കാലം : ചെടികള്‍ തമ്മില്‍ ഒരടിയും വരികള്‍ തമ്മില്‍ രണ്ടടി അകലവും ഉള്ളതരത്തില്‍ നടണം.
 • വേനല്‍ക്കാലത്ത് വിത്തുകള്‍ 24 മണിക്കൂര്‍ നേരത്തേക്ക് 10 ഗ്രാം സ്യൂഡോമോണാസ് ലായനിയില്‍ കുതിര്‍ ത്തശേഷം നടുന്നത് നല്ലതാണ്. ഒരു സെന്‍റ് സ്ഥലത്ത് വെണ്ട കൃഷി ചെയ്യുന്നതിന് 30 - 35 ഗ്രാം വിത്ത് ആവശ്യമാണ്.


രോഗങ്ങള്‍

 • നരപ്പുരോഗം/മഞ്ഞളിപ്പുരോഗം : വെണ്ടയില്‍ കണ്ടുവരുന്ന ഏറ്റവും മാരകമായ രോഗമാണിത്. വൈറസ് പരത്തുന്ന ഈ മൊസൈക്ക് രോഗം വെണ്ടക്കൃഷിയെ മുഴുവനായി നശിപ്പിക്കും. ഇലകള്‍ മഞ്ഞളിച്ച് ഇലഞരമ്പുകള്‍ തെളിഞ്ഞുകാണുന്നു. പുതിയ ഇലകള്‍ വരുന്നത് കുറുകി, വലുപ്പം കുറയുന്നു. കായ്കള്‍ വലുപ്പം കുറഞ്ഞ്, വളര്‍ച്ച മുരടിച്ച് ചെടി നശിച്ചുപോകുന്നു. ഈ രോഗം പരത്തുന്നത് വെള്ളീച്ച എന്ന കീടമാണ്. ഈ കീടങ്ങളെ നിയന്ത്രിക്കുന്നതിനായി വേപ്പധിഷ്ഠിത ജൈവകീടനാശിനികള്‍ തളിച്ചുകൊടുക്കാവുന്നതാണ്. കൂടാതെ ഈ രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനങ്ങളായ അര്‍ക്ക അനാമിക, മഞ്ജിമ, അഞ്ജിത, വര്‍ഷ, ഉപഹാര തുടങ്ങിയ ഇനങ്ങള്‍ കൃഷിചെയ്യാവുന്നതാണ്.
 • ഇലപ്പുള്ളിരോഗം :ഇലകളില്‍ പ്രകടമായി കാണാവുന്ന തവിട്ടു നിറത്തിലുള്ള പുള്ളികളാണ് പ്രധാനലക്ഷണം. പിന്നീട് ഇവ വലുതായി ഇല കരിഞ്ഞ് ക്രമേണ കൊഴിഞ്ഞുപോകുന്നു. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്ററില്‍ കലക്കിയ ലായനി ഇലകളുടെ രണ്ടുവശങ്ങളിലും വീഴത്തക്കവിധത്തില്‍ തളിക്കണം. ഇത് രണ്ടാഴ്ച കൂടുമ്പോള്‍ ഒരു തവണ എന്ന തോതില്‍ മുന്‍കരുതലായി ചെയ്യേണ്ടതാണ്.


കീടങ്ങള്‍

 • കായ്/തണ്ടുതുരപ്പന്‍പുഴു : ശരീരത്തിന്‍റെ മുകള്‍ഭാഗത്ത് നെടുകെ വെളുത്ത അടയാളമുള്ള പുഴുക്കളാണ് ആക്രമണകാരി. ഇവ ചെടിയുടെ ഇളംതണ്ടിലോ, കായിലോ തുളച്ചുകയറി ഉള്‍ഭാഗങ്ങള്‍ തിന്നു നശിപ്പിക്കുന്നു. കേടായ കായ്കള്‍ വളഞ്ഞിരിക്കും. പുഴു ആക്രമിച്ച ദ്വാരത്തില്‍കൂടി പുഴുവിന്‍റെ വിസര്‍ജ്യം പുറത്തേക്ക് വരുന്നതായി കാണാം. കേടായ തണ്ടിന്‍റെ ഭാഗങ്ങളും കായ്കളും നശിപ്പിച്ചു കളയണം. ഇവയെ നിയന്ത്രിക്കുന്നതിനായി 5 ശതമാനം വീര്യമുള്ള വേപ്പിന്‍കുരുസത്ത്, വേപ്പധിഷ്ഠിത ജൈവകീടനാശിനികള്‍ എന്നിവ ഉപയോഗിക്കാം. ബാസില്ലസ്സ് തുറിന്‍ ജീയന്‍സിസ് ബാക്ടീരിയല്‍ കള്‍ച്ചര്‍ അടങ്ങിയ ജീവാണുകീടനാശിനിയും ഉപയോഗിക്കാവുന്നതാണ്. 0.7 മില്ലി ഒരു ലിറ്ററില്‍ എന്ന തോതില്‍ ഉപയോഗിക്കണം.
 • പച്ചത്തുള്ളന്‍ : പച്ചത്തുള്ളന്‍ ഇലയുടെ അടിയില്‍ അരികുവശത്തുനിന്നും നീരൂറ്റിക്കുടിക്കുന്നതിന്‍റെ ഫലമായി മഞ്ഞളിപ്പ് ലക്ഷണങ്ങള്‍ കാണുന്നു. ഇലകള്‍ ക്രമേണ കരിഞ്ഞുണങ്ങുന്നു. കായ്പിടുത്തം കുറയുന്നു. രണ്ടര ശതമാനം വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിക്കുന്നതുവഴി ഇവയെ നിയന്ത്രിക്കാവുന്നതാണ്.
 • ചുവന്ന മണ്ഡരി : ഇലകളുടെ അടിയില്‍ ചുവന്നനിറത്തില്‍ കാണുന്ന ചെറുപ്രാണികളാണ് ചുവന്ന മണ്ഡരികള്‍. ഇവയുടെ ആക്രമണം മൂലം വെണ്ടയുടെ ഇലകള്‍ തുരുമ്പിച്ച രീതിയില്‍ ആകുന്നത് കാണാം. അടുക്കളത്തോട്ടത്തില്‍ ഇവയെ നിയന്ത്രിക്കാന്‍ വെള്ളം ശക്തിയായി ഇലകള്‍ക്കടിയില്‍ സ്പ്രേ ചെയ്യാവുന്നതാണ്. കൂടാതെ കഞ്ഞിവെള്ളം നേര്‍പ്പിച്ച ശേഷം ഇലയുടെ അടിവശത്ത് വീഴത്തക്കവിധത്തില്‍ തളിക്കുന്നതും നല്ലതാണ്.  കഞ്ഞിവെള്ളം സാവധാനത്തില്‍ കട്ടിയായി പാടപോലെ നിലത്തുവീഴുമ്പോള്‍ മണ്ഡരികളും അതില്‍പ്പെട്ട് വീണുപോകുന്നു. അതിനുശേഷം വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം തളിച്ചാല്‍ ഇവയെ ഫലപ്രദമായി അകറ്റിനിര്‍ത്താവുന്നതാണ്.
 • നിമാവിരകള്‍ : വെണ്ടച്ചെടിയുടെ വേരുകളില്‍ ചെറിയ മുഴകള്‍പോലെ കാണുന്നത് നിമാവിരകളുടെ ആക്രമണത്തിന്‍റെ ലക്ഷണമാണ്.  ഇവയുടെ ആക്രമണമുള്ളിടത്ത് വെണ്ടച്ചെടികള്‍ വളര്‍ച്ച മുരടിച്ച് നശിച്ചുപോകുന്നു. ചെടിയുടെ തടത്തില്‍ 250 ഗ്രാം കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയോ, വേപ്പിലയോ ചേര്‍ത്തുകൊടുക്കണം. ഇതിനുപകരം ഒരു കിലോഗ്രാം ഉമിയോ, 500 ഗ്രാം അറക്കപ്പൊടിയോ ചേര്‍ത്താലും മതി. നന്നായി പൊടിച്ച വേപ്പിന്‍പിണ്ണാക്ക് 50 ഗ്രാം ഒരു തടത്തിന് എന്ന തോതില്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്നതും നല്ലതാണ്.

വിളവെടുപ്പ്

വിത്തിട്ട് 45-55 ദിവസത്തിനുള്ളില്‍ വെണ്ട ആദ്യ വിളവെടുപ്പിന് പാകമാകും. ഒരു സെന്‍റില്‍ നിന്നും 60-80 കിലോഗ്രാം വിളവ് ലഭിക്കും. വെണ്ടയിലെ വിത്തുകള്‍ അടുത്ത തവണ കൃഷിചെയ്യുന്നതിനായി എടുത്ത് സൂക്ഷിക്കാം. വിത്ത് എടുക്കുന്നതിനുള്ള ആരോഗ്യമുള്ള ചെടികളെ നേരത്തെ തെരഞ്ഞെടുക്കണം ഇവയില്‍ ആദ്യമുണ്ടാകുന്ന കായ്കള്‍ പറിച്ചെടുത്ത് കറിക്കായി ഉപയോഗിക്കാം. അതിനുശേഷം ഉണ്ടാകുന്ന കായ്കള്‍ ചെടിയില്‍തന്നെ നിര്‍ത്തണം. ചെടിയുടെ മധ്യഭാഗത്തുള്ള ആരോഗ്യവും വലിപ്പവുമുള്ള കായ്കള്‍ ചെടിയില്‍നിന്നുതന്നെ ഉണങ്ങി  പൊട്ടാന്‍ ആരംഭിക്കുമ്പോള്‍ അടര്‍ത്തി വിത്ത് ശേഖരിക്കാം. വിത്തുകള്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കണം.

കോവല്‍

ദീര്‍ഘകാലം വിളവ് നല്‍കുന്ന വെള്ളരിവര്‍ഗ്ഗവിളയാണ് കോവല്‍ അഥവാ കോവയ്ക്ക. പടര്‍ന്നുവളരുന്ന ഇതിന്‍റെ തണ്ടുകളാണ് നടുന്നതിനായി ഉപയോഗിക്കുന്നത്. വിത്തുകള്‍ നടുന്നതിനായി ഉപയോഗിക്കാറില്ല. സാധാരണ വെള്ളരിവര്‍ഗ്ഗവിളകളില്‍ ഒരുചെടിയില്‍തന്നെ ആണ്‍പൂക്കളും പെണ്‍പൂക്കളും കണ്ടുവരുന്നു. എന്നാല്‍ കോവലില്‍ ആണ്‍-പെണ്‍ ചെടികള്‍ വെവ്വേറെയാണ് കാണപ്പെടുന്നത്. പ്രകൃതിദത്തമായ ഇന്‍സുലിന്‍ ധാരാളമുള്ള വിളയാണ് കോവല്‍. അതിനാല്‍ത്തന്നെ, പ്രമേഹരോഗികള്‍ക്ക് കോവല്‍ പച്ചയായി തന്നെ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. കൂടാതെ ഇതിന്‍റെ വേരും തണ്ടും ഇലയുമൊക്കെ ഔഷധഗുണവുമുള്ളതാണെന്ന പ്രത്യേകതയുമുണ്ട്.

ഇനങ്ങള്‍

കോവയ്ക്കയില്‍ പ്രധാനമായും രണ്ടിനങ്ങളുണ്ട്. കയ്പുള്ളവയും ഇല്ലാത്തവയും. ഇലകളുടെ പ്രത്യേകതകള്‍കൊണ്ടിവയെ തിരിച്ചറിയാം. കയ്പില്ലാത്ത ഇനങ്ങളുടെ ഇലകള്‍ക്ക് മിക്കവാറും അഞ്ചിതളുകള്‍ ഉണ്ടായിരിക്കും. അവയുടെ കായ്കള്‍ക്ക് ഇളം പച്ചനിറവുമാണ്. കോവലില്‍ മിക്കവാറും നാടന്‍ ഇനങ്ങള്‍ ആണ് കൃഷി ചെയ്തുവരുന്നത്. ഉരുണ്ട കായ്കളുള്ള 'കട്ടന്‍' എന്നയിനവും നീണ്ട് വരകളോടുകൂടിയ 'സൂപ്പര്‍' എന്നയിനവും  പ്രസിദ്ധമാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയ സുലഭ എന്നയിനം നല്ല വിളവ് നല്‍കുന്നതാണ്.

സുലഭ :

അത്യുത്പാദനശേഷി, ഇളംപച്ചനിറത്തില്‍ വരകളോടുകൂടിയ ഇടത്തരം നീളമുള്ള കായ്കള്‍ എന്നിവയാണ് ഈയിനത്തിന്‍റെ പ്രത്യേകതകള്‍.

കൃഷിരീതി

നല്ല കായ്പിടുത്തമുള്ള ചെടികളില്‍നിന്ന് ശേഖരിക്കുന്ന ചാരനിറവും, 30-40 സെ.മീ. നീളവുമുള്ള തണ്ടുകളാണ് നടീലിന് ഉപയോഗിക്കുന്നത്. ഇവയ്ക്ക് മൂന്നു മുട്ടുകളെങ്കിലും വേണം. പെണ്‍ചെടിയില്‍നിന്നുമുള്ള കമ്പുകളായിരിക്കണം നടുന്നതിനായി തെരഞ്ഞെടുക്കുന്നത.്  നല്ല നീര്‍വാര്‍ച്ചയുള്ള എല്ലാത്തരം മണ്ണിലും കോവല്‍ കൃഷി ചെയ്യാം. 60 സെ.മീ. വ്യാസവും 30 സെ.മീ. താഴ്ചയുമുള്ള കുഴികളെടുത്ത് ഓരോ കുഴിയിലും രണ്ട് മുട്ടുകള്‍ മണ്ണിനടിയില്‍ വരത്തക്കവിധം നടാവുന്നതാണ്. വരികള്‍ തമ്മില്‍ നാല് മീറ്ററും ചെടികള്‍ തമ്മില്‍ മൂന്ന് മീറ്ററും ഇടയകലം വേണം. മെയ്-ജൂണ്‍, സെപ്റ്റംബര്‍-ഒക്ടോബര്‍ ആണ് നടുന്നതിന് അനുയോജ്യമായ സമയങ്ങള്‍.

രോഗങ്ങള്‍

മൊസൈക്ക് രോഗം :

മറ്റു വെള്ളരിവര്‍ഗ്ഗ വിളകളെപ്പോലെ കോവലിലും മൊസൈക്ക് രോഗം പ്രധാന  പ്രശ്നമാണ്. രോഗം ബാധിച്ച ചെടിയുടെ ഇലകള്‍ തടിച്ച്, വളഞ്ഞ് രൂപമാറ്റം സംഭവിക്കുന്നു. ക്രമേണ ചെടി നശിച്ചു പോകുന്നു. രോഗം വളരെയധികം ബാധിച്ച ചെടികളെ നശിപ്പിച്ചു കളയണം. രോഗം പരത്തുന്ന കീടങ്ങളെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതമോ വേപ്പധിഷ്ഠിത ജൈവകീടനാശിനികളോ ഉപയോഗിക്കാവുന്നതാണ്.

കീടങ്ങള്‍

 • മുഞ്ഞ : കോവലിന്‍റെ വിളവിനെ ബാധിക്കുന്ന പ്രധാന കീടാക്രമണമാണ് മുഞ്ഞയുടേത്. ഇലകളുടെ അടിയിലിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനു പുറമേ മൊസൈക്ക് എന്ന വൈറസ് രോഗവും പരത്തുന്നു. മുഞ്ഞകളും അവയുടെ കുഞ്ഞുങ്ങളും നീരൂറ്റിക്കുടിക്കുന്നതുമൂലം ചെടിയുടെ വളര്‍ച്ച മുരടിച്ചുവരുന്നു. ഇവയെ നിയന്ത്രിക്കുവാന്‍ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതമോ കഞ്ഞിവെള്ളം നേര്‍പ്പിച്ചതോ ഉപയോഗിക്കാം.
 • കായീച്ച :കോവലില്‍ ആദ്യവിളവ് തുടങ്ങുമ്പോഴാണ് കായീച്ചയുടെ ശല്യമുണ്ടാകുന്നത്. കായീച്ചയുടെ പുഴുക്കള്‍ കോവയ്ക്കയില്‍ ആക്രമണം നടത്തുന്നു. തല്‍ഫലമായി മൂപ്പെത്തുന്നതിനു മുമ്പേ കോവയ്ക്ക വീണുപോകുന്നു. ഫിറമോണ്‍ കെണികള്‍ ഉപയോഗിച്ച് കായീച്ചകളെ നിയന്ത്രിക്കാവുന്നതാണ്. ബ്ലൂവേറിയ ബാസ്സിയാന എന്ന ജീവാണുകീടനാശിനി 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കുറച്ച് ശര്‍ക്കരയും കലര്‍ത്തി തളിക്കാവുന്നതാണ്.

വിളവെടുപ്പ്

ഇനങ്ങളുടെ പ്രത്യേകതയനുസരിച്ച് 2-3 മാസങ്ങള്‍ക്കുള്ളില്‍ പൂക്കള്‍ ഉണ്ടാകും. പൂവിരിഞ്ഞ് 10-15 ദിവസത്തിനുള്ളില്‍ കായ്കള്‍ പറിച്ചെടുക്കാം. കോവല്‍ചെടികള്‍ രണ്ടാംവര്‍ഷവും നില്‍ക്കുകയാണെങ്കില്‍ മഴക്കാലത്തോടെ കായ്കള്‍ ഉണ്ടായിക്കഴിഞ്ഞ വള്ളികള്‍ മുറിച്ചുമാറ്റി ബലമുള്ള തണ്ടുകള്‍ മാത്രം നിലനിര്‍ത്തി പന്തല്‍ ക്രമീകരിക്കണം. പുതുതായി ഉണ്ടാകുന്ന ഇലകളുടെ സമീപത്തു തന്നെയാണ് കായ്കളും ഉണ്ടാകുന്നത് എന്നതിനാല്‍ വള്ളികള്‍ തുടര്‍ച്ചയായി വളര്‍ന്നാലേ നല്ല വിളവ് ലഭിക്കുകയുള്ളൂ. ഒരു ചെടിയില്‍നിന്ന് ശരാശരി 4-4.5 കിലോഗ്രാം കായ്കള്‍ ലഭിക്കും.

ചുരയ്ക്ക, പീച്ചില്‍

അടുക്കളത്തോട്ടത്തില്‍ വളര്‍ത്താന്‍ അനുയോജ്യമായ വെള്ളരിവര്‍ഗ്ഗത്തില്‍പ്പെട്ട പച്ചക്കറിവിളകളാണ് ചുരയ്ക്കയും പീച്ചിലും. ഇവയുടെ ഇളംപ്രായത്തിലുള്ള കായ്കളാണ് സാധാരണയായി കറികളില്‍ ഉപയോഗിക്കുന്നത്. ചുരയ്ക്കയില്‍ അധികവും നാടന്‍ ഇനങ്ങളാണ് കൃഷിചെയ്യുന്നത്. പീച്ചിലാണെങ്കില്‍ ചതുരന്‍ പീച്ചിലും ഒഴുക്കന്‍പീച്ചിലുമാണ് മുഖ്യമായും ഉപയോഗിച്ചു വരുന്നത്.

ജീവകം ബി ധാരാളമുള്ള വെള്ളരിവിളയാണ് ചുരയ്ക്ക. കുപ്പിയുമായി സാമ്യമുള്ളതുകൊണ്ട് ചുരയ്ക്കയെ ബോട്ടില്‍ഗാര്‍ഡ് എന്നാണ് വിളിക്കുന്നത്. ചുരയ്ക്കയുടെ വിത്തെടുത്തശേഷമുള്ള തൊണ്ട് പാത്രമായി ഉപയോഗിക്കാറുണ്ട്. ചുരയ്ക്കയുടെ വിത്തിന് വിരശല്യത്തെ ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്.

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ പീച്ചില്‍ ധാരാളം ഉപയോഗിച്ചുവരുന്നു. ആലപ്പുഴ, എറണാകുളത്തിന്‍റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും പീച്ചിലിന് ആവശ്യക്കാര്‍ ഏറെയുണ്ട്. മലബാര്‍ മേഖലയില്‍ പൊട്ടിക്ക, ഞരമ്പന്‍ എന്നീ പേരുകളിലും പീച്ചില്‍ അറിയപ്പെടുന്നു. ഇളംകായ്കളാണ് പ്രധാനമായും ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നത്. മൂത്ത കായ്കളുടെ വിത്ത് കളഞ്ഞശേഷം എടുക്കുന്ന പീര/നാര് തേച്ചുകുളിക്കുന്നതിനായും ഉപയോഗിക്കാറുണ്ട്.

ഇനങ്ങള്‍  - ചുരയ്ക്ക

 • അര്‍ക്ക ബാഹാര്‍ : ഇടത്തരം നീളമുള്ള കായ്കളാണ് ഇവയുടെ പ്രത്യേകത. ഞെട്ടിന്‍റെ ഭാഗം അല്‍പം വളഞ്ഞാണിരിക്കുന്നത്. അടുക്കളത്തോട്ടത്തിലേക്ക് യോജിച്ച ഇനമാണിത്.

ഇനങ്ങള്‍ - പീച്ചില്‍

 • ഹരിതം :കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നുള്ള ഈയിനം ചതുരപ്പീച്ചിലാണ്. അത്യുല്‍പാദനശേഷിയുള്ള ഇവയുടെ നിറം കടുംപച്ചയാണ്.
 • അര്‍ക്ക സുജാത് : ഒഴുക്കന്‍പീച്ചില്‍ ഇനമാണിത്. അത്യുല്‍പാദനശേഷിയുള്ള ഈയിനം അടുക്കളത്തോട്ടത്തിലേക്ക് അനുയോജ്യമാണ്. ഇടത്തരം നീളമുള്ള ഇളം പച്ചനിറത്തിലുള്ള കായ്കള്‍ രുചിയിലും മുന്നിലാണ്.
 • സുരേഖ: വളരെപ്പെട്ടെന്ന് കായ്ക്കുന്ന ഇനമാണിത്. മഴക്കാലങ്ങളില്‍ നല്ല വിളവ് നല്‍കുന്നു. മികച്ച വിളവു ലഭിക്കും.

കൃഷിരീതി

ചുരയ്ക്കയും പീച്ചിലും വേനല്‍ക്കാലത്തും മഴക്കാലത്തും കൃഷി ചെയ്യുവാന്‍ സാധിക്കുമെങ്കിലും ഒക്ടോബര്‍ മാസത്തിനുശേഷമുള്ള സമയമാണ് ഏറ്റവും അനുയോജ്യം. വരള്‍ച്ചയെ അതിജീവിക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. ഒരു സെന്‍റില്‍ കൃഷിചെയ്യാന്‍ ചുരയ്ക്ക 15 ഗ്രാമും, പീച്ചില്‍ 10 ഗ്രാമും ആവശ്യമാണ്. ഇടയകലമാകട്ടെ ചുരയ്ക്കയ്ക്ക് 3x3 മീറ്ററും, പീച്ചിലിന് 2x2 മീറ്ററുമാണ്. 2-3 സെ.മീ. ആഴത്തില്‍ വിത്ത് നടാവുന്നതാണ്.

രോഗ-കീടങ്ങള്‍

പീച്ചിലിന് രോഗകീടബാധകള്‍ പൊതുവേ കുറവാണ്. നന്നായി വെള്ളവും ജൈവവളവും നല്‍കിയാല്‍ പീച്ചില്‍ വര്‍ഷം മുഴുവന്‍ പ്രത്യേകിച്ച് വേനല്‍ക്കാലത്ത് നല്ല വിളവ് നല്കും. ചുരയ്ക്കയില്‍ മത്തന്‍വണ്ട്, എപ്പിലാക്ന (ആമ) വണ്ട്, പുഴുക്കള്‍ എന്നിവയുടെ ആക്രമണമുണ്ടാകാറുണ്ട്. ഇവയുടെ നിയന്ത്രണമാര്‍ഗങ്ങള്‍ പടവലത്തിന്‍റേതുപോലെയാണ്.

മത്തന്‍

കരോട്ടിന്‍ എന്ന ജീവകം ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിവിളയാണ് മത്തന്‍. മത്തനില്‍ അടങ്ങിയിട്ടുള്ള കരോട്ടിന്‍ ചൂടുതട്ടിയാല്‍ വളരെപ്പെട്ടെന്ന്  വിഘടിച്ചുപോകുന്നതിനാല്‍ നന്നായി വേവിച്ചാല്‍ ഇതിലെ ജീവകം നഷ്ടമാകും. വേനല്‍ക്കാലത്ത് ഇവ നന്നായി കൃഷിചെയ്തുവരുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളിലും, സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലുമാണ് മത്തന്‍ കേരളത്തില്‍ കൃഷിചെയ്യുന്നത്.

ഇനങ്ങള്‍

 • അമ്പിളി : ഉരുണ്ട് പരന്ന കായ്കള്‍ക്ക് 4-6 കിലോഗ്രാം വരെ തൂക്കം വരും. അത്യുല്‍പാദനശേഷിയുള്ള ഇനമാണിത്. ഇളംപ്രായത്തില്‍ പച്ചനിറവും മൂക്കുമ്പോള്‍ മഞ്ഞകലര്‍ന്ന ഓറഞ്ച് നിറവും അമ്പിളിയുടെ പ്രത്യേകതയാണ്. അടുക്കളത്തോട്ടത്തിലേക്ക് അനുയോജ്യമാണ്.
 • സുവര്‍ണ്ണ : കാമ്പിന് നല്ല ഓറഞ്ച് നിറമുള്ള ഇനമാണ് സുവര്‍ണ്ണ. ഈയിനത്തില്‍ കരോട്ടിന്‍റെ അളവ് കൂടുതലായുണ്ട്. പരന്ന് ഉരുണ്ട കായ്കള്‍ക്ക് തൂക്കം 3-4 കിലോഗ്രാം വരെ തൂക്കമുണ്ടാകും. അത്യുല്‍പാദനശേഷിയാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.
 • സരസ്സ് : നീണ്ട് ഉരുണ്ട മദ്ദളംപോലുള്ള കായ്കള്‍ ഈയിനത്തിന്‍റെ സവിശേഷതയാണ്. 45 മുതല്‍ 50 ദിവസത്തിനുള്ളില്‍  പൂവിടുന്ന ഇവയുടെ കായ്കള്‍ക്ക് 3 കിലോഗ്രാമില്‍ താഴെ തൂക്കമേ വരൂ. അടുക്കളത്തോട്ടത്തിലേക്ക് അനുയോജ്യം.
 • സൂരജ് : ഉരുണ്ട കായ്കള്‍, അത്യുല്‍പാദനശേഷി, 120 ദിവസം ഉല്‍പാദനകാലം, ഓറഞ്ച് നിറമുള്ള കാമ്പ് എന്നിവ ഇതിന്‍റെ മെച്ചങ്ങളാണ്.  ഇവയ്ക്കുപുറമേ ഒരു കിലോയ്ക്ക് താഴെ മാത്രം തൂക്കം വരുന്ന അര്‍ക്ക സൂര്യമുഖി (ബാംഗ്ലൂര്‍ മത്തന്‍)യും മത്തന്‍ ഇനങ്ങളില്‍ പ്രമുഖ സ്ഥാനത്തുണ്ട്.

കൃഷിരീതി

കുമ്പളത്തെപ്പോലെതന്നെയാണ് മത്തന്‍റെ കൃഷിരീതികളും. പൊതുവേ കീട-രോഗങ്ങള്‍ കുറവാണെന്നു പറയാം. മഞ്ഞളിപ്പ് രോഗത്തെ ഒഴിവാക്കുന്നതിന് സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ വിത്തിടുകയാണ് നല്ലത്. ഒരു സെന്‍റില്‍ കൃഷിചെയ്യുന്നതിന് 6 ഗ്രാം വിത്ത് ആവശ്യമാണ്. ചെടികള്‍ക്കിടയില്‍ 4.5 മീറ്ററും വരികള്‍ക്കിടയില്‍ 2 മീറ്ററും ഇടയകലം നല്‍കണം. 3 സെ.മീ. ആഴത്തില്‍ വിത്ത് നടാവുന്നതാണ്.

രോഗ-കീടബാധകളും അവയുടെ നിയന്ത്രണമാര്‍ഗങ്ങളും കുമ്പളത്തിനു സമാനമാണ്.

വിളവെടുപ്പ്

മത്തന്‍ നട്ട് 50 ദിവസമാകുമ്പോഴേക്കും പൂവിട്ടു തുടങ്ങും. 25 ദിവസംകൂടി കഴിഞ്ഞാല്‍ വിളവെടുക്കാം.

വെള്ളരി

മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയ പച്ചക്കറികളിലൊന്നായാണ് വെള്ളരി അറിയപ്പെടുന്നത്. കേരളത്തില്‍ വെള്ളരിയെന്ന് അറിയപ്പെടുന്നത് കറിക്ക് ഉപയോഗിക്കുന്ന പച്ചകലര്‍ന്ന വെള്ളനിറത്തോടുകൂടിയ വെള്ളരിയും കണിവയ്ക്കുന്നതിന് ഉപയോഗിക്കുന്ന കണിവെള്ളരിയുമാണ്. കണിവെള്ളരി കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കുവാന്‍ കഴിയുന്നവയാണ്. സ്വര്‍ണവര്‍ണ്ണത്തോടുകൂടിയ കണിവെള്ളരി വടക്കന്‍ ജില്ലകളിലും പച്ചനിറമുള്ളവ തെക്കന്‍ ജില്ലകളിലുമാണ് കൃഷിചെയ്തുവരുന്നത്.

വേനല്‍ക്കാലവിളയാണ് വെള്ളരി. അതിനാല്‍ത്തന്നെ ജനുവരി-ഫെബ്രുവരി മാസത്തിലാണ് വെള്ളരി നടുന്നതിന് അനുയോജ്യമായ സമയം. കറിയാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനു പുറമേ അധികം മൂപ്പെത്താത്ത കായ്കള്‍ സൗന്ദര്യവര്‍ദ്ധകവസ്തുവായി ഉപയോഗിക്കപ്പെടുന്നു. കണ്ണിനു ചുറ്റുമുള്ള ഇരുണ്ടനിറം മാറ്റി തിളക്കം നല്‍കുന്നതിന് വെള്ളരിക്കയുടെ കഷണങ്ങള്‍ വൃത്താകൃതിയില്‍ മുറിച്ച് കണ്ണില്‍ വയ്ക്കുന്നത് നല്ലതാണ്. വെള്ളരിക്കയുടെ നീര് പുരട്ടുന്നത് ചര്‍മത്തിന്‍റെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കുക്കുര്‍ബിറ്റാസിന്‍ എന്ന രാസവസ്തുവാണ് വെള്ളരിയിലെ നേരിയ കയ്പിന് കാരണം. ഇതിന്‍റെ ഏറ്റക്കുറച്ചിലനുസരിച്ച് കയ്പില്‍ വ്യത്യാസമുണ്ടാകുന്നു.

ഇനങ്ങള്‍

 • മുടിക്കോട് ലോക്കല്‍ :നീണ്ട് ഉരുണ്ട കായ്കളോടു കൂടിയ ഇനമാണിത്. ഇളംപ്രായത്തില്‍ കായ്കള്‍ക്ക് പച്ചനിറമാണ്. എന്നാല്‍ മൂക്കുമ്പോള്‍ സ്വര്‍ണ്ണനിറമാകുന്നു. 2-2.5 കിലോയോളം തൂക്കം വരുന്ന കായ്കള്‍ 55 ദിവസത്തിനുള്ളില്‍ പറിച്ചെടുക്കാം.
 • സൗഭാഗ്യ :അടുക്കളത്തോട്ടത്തില്‍ വളര്‍ത്താന്‍ ഏറ്റവും യോജിച്ച ഇനം. ഇളംപ്രായത്തില്‍ മങ്ങിയ പച്ചനിറമാണ് ഇവയ്ക്ക്. നന്നായി പാകമായാല്‍ ഇളംമഞ്ഞനിറമാകും. കായ്കള്‍ 750 - 1400 ഗ്രാം വരെ തൂക്കമേ ഉണ്ടാകൂ. 50-60 ദിവസത്തിനുള്ളില്‍ കായ് പറിച്ചെടുക്കാം. കണിവെള്ളരിയുടെ ആവശ്യത്തിന് യോജിച്ചതല്ല.
 • അരുണിമ : നീണ്ട് ഉരുണ്ട കായ്കള്‍, പാകമാകുമ്പോള്‍ നല്ല സ്വര്‍ണ്ണനിറം, നല്ല വിളവ് എന്നിവ അരുണിമയുടെ പ്രത്യേകതകളാണ്.

കൃഷിരീതി

ഒരു സെന്‍റില്‍ വെള്ളരി നടുന്നതിന് 3 ഗ്രാം വിത്തുമതി. വരികള്‍ക്കിടയില്‍ 2 മീറ്ററും, ചെടികള്‍ക്കിടയില്‍ 1.5 മീറ്ററും ഇടയകലം നല്‍കണം. ഒരു സെന്‍റില്‍ 13 കുഴികള്‍വരെയാകാം. 2 സെ.മീ. ആഴത്തില്‍ വിത്തുനടാം. വളര്‍ന്നുവരുമ്പോള്‍ ഒരു കുഴിയില്‍ ആരോഗ്യമുള്ള രണ്ടോ മൂന്നോ ചെടികള്‍ മാത്രം നിര്‍ത്തിയാല്‍ മതി.

രോഗങ്ങള്‍

 • ഇലപ്പുള്ളി : വെള്ളരിയുടെ ഇലകളില്‍ ഇടയ്ക്കിടെ ഇലപ്പുള്ളിരോഗം കണ്ടുവരുന്നു. ഇതിനെതിരെ ന്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി രണ്ടാഴ്ചയില്‍ ഒരു തവണ എന്ന കണക്കില്‍ തളിച്ചാല്‍ മതി.
 • മൊസൈക് : ഈ വൈറസ് രോഗത്തെ തടയാന്‍ രോഗം ബാധിക്കാത്ത ചെടികളില്‍ നിന്നുള്ള വിത്തുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.  രോഗം പരത്തുന്ന വെള്ളീച്ചകളെ നിയന്ത്രിക്കുന്നതും ഗുണം ചെയ്യും. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളെ കൃഷിചെയ്യുന്നതും മികച്ച പ്രതിരോധമാര്‍ഗമാണ്.

കീടങ്ങള്‍

 • കായീച്ച :ഇളംകായ്കള്‍ തിന്നുനശിപ്പിക്കുന്ന കായീച്ചകളെ കെണിയുപയോഗിച്ചോ പ്ലാസ്റ്റിക് ഷീറ്റോ കടലാസോ കൊണ്ട് കായ്കള്‍ പൊതിഞ്ഞോ നിയന്ത്രിക്കാം.
 • എപ്പിലാക്ന/ആമവണ്ട് :പെണ്‍വണ്ടുകള്‍ അവയുടെ മഞ്ഞനിറത്തിലുള്ള മുട്ടകള്‍ ഇലയുടെ അടിഭാഗത്ത് തറച്ചുവയ്ക്കുന്നു. മുട്ടവിരിഞ്ഞിറങ്ങുന്ന മുള്ളുകളോടുകൂടിയ പുഴുക്കള്‍ ഇലയുടെ ഹരിതകം കാര്‍ന്നുതിന്ന് നശിപ്പിക്കുന്നു. ക്രൈസോക്കാരീസ് എന്ന മിത്രപ്രാണികളെ ഉപയോഗിച്ചും ഗോമൂത്രം-കാന്താരിമുളക് മിശ്രിതം വഴിയും ഇവയെ നിയന്ത്രിക്കാം. അടുക്കളത്തോട്ടത്തില്‍നിന്ന് ഇവയുടെ വണ്ടുകളെയും വിവിധ ദശകളെയും ശേഖരിച്ച് നശിപ്പിച്ചുകളയുന്നതും ഫലപ്രദമാണ്.

വിളവെടുപ്പ്

വിത്തുപാകി ഏതാണ്ട് 45-55 ദിവസമാകുമ്പോള്‍ ആദ്യ വിളവെടുപ്പ് നടത്താവുന്നതാണ്. തുടര്‍ന്ന് മൂന്നു മാസത്തോളം വിളവെടുക്കാം. മേല്‍പ്പറഞ്ഞ വെള്ളരിയിനങ്ങള്‍ക്കൊപ്പം പൊട്ടുവെള്ളരി, സാലഡ് വെള്ളരി എന്നീ ഇനങ്ങള്‍കൂടി കൃഷിചെയ്യാറുണ്ട്. മൂക്കുമ്പോള്‍ പൊട്ടുസ്വഭാവമുള്ളതാണ് പൊട്ടുവെള്ളരി. നീളം കൂടിയ കായ്കളോടു കൂടിയതാണ് സാലഡ് വെള്ളരി. സാലഡ് ആവശ്യങ്ങള്‍ക്കാണ് ഇവ ഉപയോഗിക്കുന്നത്.

കുമ്പളം

തെക്കു കിഴക്കന്‍ ഏഷ്യയാണ് കുമ്പളത്തിന്‍റെ ജന്മദേശമായി കരുതപ്പെടുന്നത്. ചിലയിടങ്ങളില്‍ നവദമ്പതികള്‍ക്ക് വിവാഹസമയത്ത് സൗഭാഗ്യത്തിന്‍റെ അടയാളമായി കുമ്പളങ്ങ നല്‍കാറുണ്ട്. വാതം, രക്തദൂഷ്യം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് നല്ല പ്രതിവിധിയായി കുമ്പളത്തെ കരുതിപ്പോരുന്നു. കൂശ്മാണ്ഡരസായനത്തിന്‍റെ മുഖ്യഘടകവുമാണ് കുമ്പളം. കുമ്പളം ഉപയോഗിച്ചുണ്ടാക്കുന്ന 'ആഗ്രാപേഡ' പ്രശസ്തമാണ്. കേരളത്തില്‍ കറിയാവശ്യത്തിനായാണ് കുമ്പളം ഉപയോഗിച്ചുവരുന്നത്.

കടപ്പാട്-കാര്‍ഷികരംഗം.കോം

ഇനങ്ങള്‍

 • കെ.എ.യു. ലോക്കല്‍ : നീണ്ട് ഉരുണ്ട കായ്കളും നല്ല വിളവും നല്‍കുന്ന ഇനമാണ് കെ.എ.യു. ലോക്കല്‍. നല്ല പാകമാകുമ്പോള്‍ ചാരനിറം കൈവരുന്നു. ഇളംപ്രായത്തില്‍ പച്ചനിറമാണ്. കായ്കള്‍ക്ക് 4.5 കി.ഗ്രാം മുതല്‍ 6 കി.ഗ്രാം വരെ തൂക്കമുണ്ടാകും.
 • ഇന്ദു : നീളം കുറഞ്ഞ് ഉരുണ്ട കായ്കളോടുകൂടിയ അത്യുല്‍പ്പാദനശേഷിയുള്ള ഇനമാണിത്. കായ്കള്‍ക്ക് 2.5 കി.ഗ്രാം മുതല്‍ 4 കി.ഗ്രാം വരെയേ തൂക്കമുണ്ടാകൂ.  അടുക്കളത്തോട്ടത്തില്‍ വളര്‍ത്താന്‍ യോജിച്ച ഇനം. മൊസൈക്ക് രോഗത്തിനെതിരെ മികച്ച പ്രതിരോധശേഷിയുണ്ട്.

കൃഷിരീതി

സെപ്തംബര്‍-ഡിസംബര്‍, ജനുവരി-മാര്‍ച്ച്, മെയ്-ആഗസ്റ്റ് എന്നീ മാസങ്ങളാണ് കുമ്പളം നടുന്നതിന് ഏറ്റവും അനുയോജ്യം. മഴക്കാലത്താണ് നടുന്നതെങ്കില്‍  വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കണം. മഞ്ഞളിപ്പുരോഗത്തെ നിയന്ത്രിക്കുന്നതിന് സെപ്തംബര്‍-ഒക്ടോബറില്‍ വിത്തിടുന്നതാണ് നല്ലത്.  ഒരു സെന്‍റില്‍ കൃഷിചെയ്യുന്നതിന് 4 ഗ്രാം വിത്തുവേണം. കുമ്പളത്തിന്‍റെ വിത്തുകള്‍ സാധാരണയായി മെല്ലെ കിളിര്‍ത്തുവരുന്നവയാണ്. അതിനാല്‍, നടുന്നതിനുമുമ്പ് വെള്ളത്തില്‍ ഇട്ടുവയ്ക്കുന്നത് നല്ലതാണ്. കുമ്പളത്തിന് ചെടികള്‍ക്കിടയില്‍ 4.5 മീറ്ററും വരികള്‍ക്കിടയില്‍ 2 മീറ്ററും ഇടയകലം നല്‍കണം. ഓരോ കുഴിയിലും 4-5 വരെ വിത്തിട്ട് മുളച്ചുവരുമ്പോള്‍ ആരോഗ്യമുള്ള രണ്ടോ മൂന്നോ ചെടികള്‍ മാത്രം നിര്‍ത്തി ബാക്കിയുള്ളവ പിഴുതുകളയാം.

പ്രധാന രോഗങ്ങള്‍

 • മൊസൈക്ക് (മഞ്ഞളിപ്പ്) : ഇലകളില്‍ പച്ചയും മഞ്ഞയും നിറങ്ങള്‍ ഇടകലര്‍ന്നു കാണുന്നു. ഇലകളില്‍ തടിപ്പ്, ഇലകള്‍ ചുരുണ്ടു നശിച്ചുപോകുക എന്നീ ലക്ഷണങ്ങളും കാണാവുന്നതാണ്. ഇതോടൊപ്പം ചെടികള്‍ മുരടിച്ച് വളര്‍ച്ച കുറയുന്നു. രോഗബാധയില്ലാത്ത ചെടികളില്‍നിന്ന് വിത്തെടുക്കുക, രോഗബാധിതമായ ശാഖകള്‍ മുറിച്ച് നശിപ്പിച്ചുകളയുക, രോഗപ്രതിരോധശേഷിയുള്ള ഇന്ദു പോലെയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക എന്നിവയാണ് പ്രധാന പ്രതിരോധമാര്‍ഗങ്ങള്‍. നീരുകുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ വേപ്പധിഷ്ഠിത ജൈവകീടനാശിനികള്‍ ഉപയോഗിക്കാവുന്നതാണ്.
 • മൃദുരോമപ്പൂപ്പ്: ഇലകളില്‍ മഞ്ഞനിറത്തിലുള്ള ചെറിയ പൊട്ടുകള്‍ കാണുന്നു. ഇലയ്ക്കടിയില്‍ വെള്ളം നനഞ്ഞ രീതിയിലുള്ള പാടുകളും കാണാം. ക്രമേണ ഇവ വലുതായി ഇലകള്‍ കരിഞ്ഞുപോകുന്നു. ഈ രോഗത്തിനെതിരെ ന്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെടുത്ത് തളിച്ചുകൊടുക്കാവുന്നതാണ്. തളിക്കുമ്പോള്‍ ഇലയുടെ അടിവശത്തും വീഴത്തക്കവിധത്തില്‍വേണം തളിക്കാന്‍. മഴക്കാലത്ത് ഈ രോഗം കൂടുതലായി കാണപ്പെടുന്നു.
 • ചൂര്‍ണ്ണപൂപ്പ് : കുമ്പളത്തിന്‍റെ ഇലകളില്‍ ചാരനിറത്തില്‍ പൊടി വിതറിയപോലെ കാണപ്പെടുന്നു. ക്രമേണ ഇല മഞ്ഞളിച്ച് കരിഞ്ഞു പോകുന്നു. ഈ രോഗത്തിനെതിരെ സള്‍ഫര്‍ പൗഡര്‍ (ഗന്ധകപ്പൊടി) മൂന്നുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെടുത്ത് നന്നായി യോജിപ്പിച്ചതിനുശേഷം തളിച്ചാല്‍ മതി.

കീടങ്ങള്‍

 • ആമവണ്ട് : വണ്ടുകളും, പുഴുക്കളും ഇലകളിലെ ഹരിതകം കാര്‍ന്നുതിന്ന് ഇലകളെ നശിപ്പിക്കുന്നു. ഇലകളുടെ ഞരമ്പുകള്‍ മാത്രം അവശേഷിപ്പിച്ച് വലപോലെയാക്കുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി ആമവണ്ടിന്‍റെ മുട്ട, പുഴു, സമാധി, വണ്ട് എന്നീ ദശകള്‍ ശേഖരിച്ച് നശിപ്പിച്ചു കളയാവുന്നതാണ്. ആവശ്യമെങ്കില്‍ കാന്താരിമുളക് - ഗോമൂത്രമിശ്രിതമോ, സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്ററില്‍ കലക്കിയതോ തളിച്ചുകൊടുക്കാവുന്നതാണ്.
 • പടവലവണ്ട് : ചുവപ്പ്, നീല, തവിട്ട് നിറങ്ങളില്‍ കാണപ്പെടുന്ന പടവലവണ്ടുകള്‍ ഇല തിന്ന് ദ്വാരങ്ങള്‍ ഉണ്ടാക്കുകയും കായ്കള്‍ തുരന്നു നശിപ്പിക്കുകയും ചെയ്യുന്നു. മണ്ണിലുള്ള പുഴുക്കള്‍ വേരുതുളച്ച് ചെടിയെ ഉണക്കുന്നു. ഈ വണ്ടുകളെ കൈവലകള്‍ ഉപയോഗിച്ച് വീശിപ്പിടിച്ചതിനുശേഷം നശിപ്പിക്കാവുന്നതാണ്. വിത്തിടുന്നതിനുമുമ്പ് തടത്തില്‍ ചപ്പുചവറുകളിട്ട് കത്തിക്കുന്നത് മണ്ണിലെ പുഴുക്കളെ നിയന്ത്രിക്കാന്‍ സഹായിക്കും. വണ്ടുകളെ അകറ്റാന്‍ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതവും ഉപയോഗിക്കാം.

വിളവെടുപ്പ്
കുമ്പളം നട്ട് ഏകദേശം 80-85 ദിവസത്തിനുള്ളില്‍ ആദ്യത്തെ വിളവെടുപ്പ് നടത്താം. അടുക്കളത്തോട്ടത്തില്‍ മൂന്നുമാസത്തോളം വിളവെടുപ്പ് നടത്താനും സാധിക്കും.

ഫാമിലി വെജിറ്റബിള്‍ ബാഗ്

 

 

അടുക്കളത്തോട്ടം വളര്‍ത്താന്‍ വേണ്ട സ്ഥലമില്ലെന്നാണ് പരാതിയെങ്കില്‍ ഫാമിലി വെജിറ്റബിള്‍ ബാഗ് നിങ്ങളുടെ രക്ഷയ്ക്കെത്തും. സ്ഥലപരിമിതിയുള്ളവര്‍ക്കും വെയില്‍ കിട്ടുന്ന സ്ഥലം കുറഞ്ഞവര്‍ക്കുമൊക്കെ വേണ്ടുവോളം പച്ചക്കറി സ്വയം ഉല്‍പാദിപ്പിക്കാന്‍ രണ്ടോ മൂന്നോ ഫാമിലി വെജിറ്റബിള്‍ ബാഗ് മതിയാകും.

കടകളില്‍ അരിയും പഞ്ചസാരയുമൊക്കെ വില്‍ക്കാന്‍ വയ്ക്കുന്ന നൈലോണ്‍ ബാഗ് കണ്ടിട്ടില്ലേ. ഇത്തരത്തിലുള്ള മൂന്നു ബാഗാണ് ഒരു ഫാമിലി വെജിറ്റബിള്‍ ബാഗ് ഉണ്ടാക്കുന്നതിനു വേണ്ടത്. ആറടി വ്യാസമുള്ള (വാവട്ടമുള്ള) ബാഗാണ് ഇവയുപയോഗിച്ച് തയ്യാറാക്കുന്നത്. മൂന്ന് നൈലോണ്‍ ചാക്ക് ഉപയോഗിക്കുകയാണെങ്കില്‍ ഫാമിലി വെജിറ്റബിള്‍ ബാഗിന് ഉയരം കൂടുതല്‍ ലഭിക്കും. ചാക്കിനു പുറമെ ആവശ്യമായി വരുന്നത് നാലിഞ്ച് വ്യാസമുള്ള പിവിസി പിവിസി പൈപ്പിന്‍റെ ആറടി നീളത്തിലുള്ള ഒരു കഷണം, മൂന്നു ചാക്ക് ചകിരിച്ചോര്‍ കമ്പോസ്റ്റ്, ഒരു ചാക്ക് മേല്‍മണ്ണ്, ആവശ്യത്തിനു വിത്തുകള്‍ എന്നിവയാണ്. ചകിരിച്ചോര്‍ കമ്പോസ്റ്റ് കിട്ടാനില്ലെങ്കില്‍ മണ്ണും മണലും ചാണകപ്പൊടിയും സമാസമമെടുത്ത മിശ്രിതമായാലും മതി. നന്നായി അവിഞ്ഞുചേര്‍ന്ന ചിന്തേരുപൊടി (അറക്കപ്പൊടി പാടില്ല) ഉപയോഗിച്ചാലും കുഴപ്പമില്ല.

ഈ ചാക്കുകളുടെ നീളപ്പാടിനുള്ള രണ്ടു വശവും അഴിക്കുമ്പോള്‍ വീതി കുറഞ്ഞ് നീളം കൂടി മൂന്നു നൈലോണ്‍ തുണികളുടെ രൂപത്തിലേക്ക് ഇവ മാറുന്നു.

ഇവ ഒന്നിനു മുകളില്‍ ഒന്നായി ചാക്കുസൂചിയും നൈലോണ്‍ ചരടുമുപയോഗിച്ച് തയ്ച്ചു ചേര്‍ക്കുക. ചുവടുഭാഗവും തയ്ച്ചു ചേര്‍ക്കുക. ഇപ്പോള്‍ ആറടി ഉയരവും എട്ടടി വ്യാസവുമുള്ള വലിയൊരു ചാക്കായി ഇതു മാറിയിട്ടുണ്ടാകും. ഇതിന്‍റെ വശങ്ങളില്‍ നിശ്ചിത അകലത്തില്‍ നാലു നിരയായി മുറിവുകള്‍ ഉണ്ടാക്കുക. ഇംഗ്ലീഷിലെ ടി-േ എന്ന അക്ഷരം തലതിരിച്ചു വയ്ക്കുന്ന ആകൃതിയിലും അഞ്ചു വിരലുകള്‍ മാത്രം കടക്കുന്ന രീതിയിലുമാണ് മുറിവുകള്‍ ഉണ്ടാക്കേണ്ടത്. ചാക്കിന്‍റെ ചുവട്ടിലും നാലഞ്ച് സുഷിരങ്ങളുണ്ടായിരിക്കണം.

പിവിസി പൈപ്പിലും സുഷിരങ്ങളിട്ടാണ് ഉപയോഗിക്കേണ്ടത്. വണ്ണുള്ള ആണി പഴുപ്പിച്ച് അതുപയോഗിച്ച് സുഷിരങ്ങളുണ്ടാക്കുക. ചാക്കിനുള്ളില്‍ കുത്തി നിര്‍ത്താനുള്ളതാണീ പൈപ്പ്. മുകളില്‍ വരുന്ന ഭാഗത്ത് രണ്ടു നിരകള്‍ തമ്മില്‍ മൂന്നിഞ്ച് അകലം കൊടുത്ത് നിരയൊപ്പിച്ച് സുഷിരങ്ങളുണ്ടാക്കുക. ചുവടു ഭാഗത്തേക്കു വരുമ്പോള്‍ നിരകള്‍ തമ്മിലുള്ള അകലം നാലിഞ്ചായി വര്‍ധിപ്പിക്കുകയും ഓരോ നിരയിലെയും സുഷിരങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിക്കുകയും ചെയ്യണം. ചാക്കിനു നടുവില്‍ ഈ പൈപ്പ് നാട്ടിപ്പിടിച്ചു കൊണ്ട് ചാക്കിനുള്ളില്‍ നേരത്തെ തയ്യാറാക്കിയ നടീല്‍ മിശ്രിതം നിറയ്ക്കുക.  ഫാമിലി വെജിറ്റബിള്‍ ബാഗ് തയ്യാറായിക്കഴിഞ്ഞു.

ഈ ബാഗിന്‍റെ ഏറ്റവും മുകളിലെ തുറന്ന ഭാഗത്ത് നാലഞ്ചു ചുവട് ചീരയും അത്രതന്നെ വെണ്ടയുമൊക്കെ നടാം. കുത്തനെ വളരുന്ന പച്ചക്കറികള്‍ക്കാണ് ഈ സ്ഥലം കൊടുക്കേണ്ടത്. ചാക്കിലെ മുകള്‍ഭാഗത്തെ മുറിവുകളില്‍ പടര്‍ന്നു വളരുന്ന പാവല്‍, പയര്‍ തുടങ്ങിയവയുടെ വിത്തുകള്‍ നട്ടുകൊടുക്കാം. വിത്ത് വിരലുകള്‍ക്കുള്ളിലെടുത്ത് മുറിവായ വിടര്‍ത്തി നടീല്‍ മിശ്രിതത്തില്‍ കുഴിച്ചു വയ്ക്കുകയാണ് വേണ്ടത്. ഓരോ വശത്തേക്കും ചെറിയ പന്തലുണ്ടാക്കി ഇവയെ വളര്‍ത്താം. വള്ളിച്ചെടികള്‍ വേണ്ടെങ്കില്‍ തക്കാളി തുടങ്ങി താങ്ങിന്‍മേല്‍ വളരുന്ന ചെടികള്‍ വളര്‍ത്താം. ഇവ വളര്‍ന്നു വരുമ്പോള്‍ ചാക്കിനു പുറമേ നിന്നു താങ്ങുകമ്പ് കുത്തിക്കൊടുത്ത് നേരേ നിര്‍ത്താം. ചുവടു ഭാഗത്തെ സുഷിരങ്ങളില്‍ വഴുതിന പോലെയുള്ള പച്ചക്കറികള്‍ വളര്‍ത്താം.

നനയ്ക്കുന്നതിനുള്ള വെള്ളം എല്ലാ ദിവസവും വൈകുന്നേരം നടുവിലെ പൈപ്പിലൂടെ ഒഴിച്ചു കൊടുക്കക്കുക. അഞ്ചു മുതല്‍ പത്തു വരെ ലിറ്റര്‍ വെള്ളം മണ്ണിന്‍റെ ഉണക്കനുസരിച്ച് ഒഴിക്കാം. മുഴുവന്‍ വെള്ളവും ഒന്നിച്ചൊഴിക്കരുത്. പൈപ്പിലെ വെള്ളത്തിന്‍റെ അളവ് താഴുന്നതനുസരിച്ച് കൂടുതലായി ഒഴിക്കണം. രാവിലെയും വൈകുന്നേരവും വെള്ളമൊഴിക്കാന്‍ സാധിക്കുമെങ്കില്‍ ഇതിന്‍റെ പകുതി വെള്ളം സാവധാനം ഒഴിച്ചു കൊടുത്താലും മതി. എങ്ങനെയുണ്ട് ഫാമിലി വെജിറ്റബിള്‍ ബാഗ്? ഉപയോഗിച്ചു നോക്കുന്നവര്‍ കാര്‍ഷികരംഗം ക്ലബ്ബില്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ മറക്കരുതേ.

3.07352941176
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top