অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

റബ്ബര്‍ കര്‍ഷകന്‍റെ സാമ്പത്തിക തകര്‍ച്ച; കേരളത്തിന്‍റെയും

ആമുഖം

തെക്കെ അമേരിക്കയിൽ നിന്നെത്തി 1902-ൽ എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശമായ കോതമംഗലത്തിനടുത്ത് പാലമറ്റത്തുനിന്നും തുടങ്ങുന്ന റബ്ബർകൃഷി 2010 വരെയുള്ള കാലഘട്ടത്തിനിടയ്ക്ക് കർഷക ലക്ഷങ്ങൾ ഏറ്റെടുത്തു. കേരളത്തിന്‍റെ മുഖ്യ സാമ്പത്തിക സ്രോതസായി സ്വാഭാവിക റബ്ബർ മാറി. 2012-ൽ തുടങ്ങിയ റബ്ബർ കൃഷിമേഖലയുടെ പതനം അതിന്‍റെ മൂർദ്ധന്യത്തിൽ എത്തി നിൽക്കുമ്പോൾ സംസ്ഥാന സാമ്പത്തികരംഗവും തകർച്ചയെ നേരിടുന്നു.

1950-ൽ റബ്ബർ കൃഷി ചെയ്തിരുന്ന സ്ഥലവിസ്തൃതി 50,000 ഹെക്ടറും ഉത്പാദനം 15000 ടണ്ണുമായിരുന്നു. അധ്വാനശീലരായ കർഷകരുടെ കഠിന പ്രയത്നവും മൂലധന നിക്ഷേപവും അധികാരത്തിലിരുന്നിട്ടുള്ള കേന്ദ്ര സർക്കാരിന്‍റെയും റബ്ബർ ബോർഡിന്റെയും സംയുക്ത ശ്രമം വഴി റബ്ബർ കാർഷിക മേഖല വൻ കുതിച്ചുചാട്ടം തന്നെ നടത്തി. 2012-13 ൽ ഉത്പാദനം 9.50 ലക്ഷം ടണ്ണും കൃഷി ഭൂമിയുടെ വിസ്തീർണ്ണം ഏഴു ലക്ഷം ഹെക്ടറും കർഷകരുടെ എണ്ണം 10 ലക്ഷത്തിലേറെയുമായി മുന്നേറി. തുടക്കത്തിൽ വൻകിട എസ്റ്റേറ്റ് മേഖല എന്ന സങ്കൽപ്പത്തിൽനിന്നും

ചെറുകിട കർഷക സംരംഭകരുടെ ശരാശരി അര ഹെക്ടർ എന്നതിലേയ്ക്ക് റബ്ബർ കൃഷി വ്യാപനം യാഥാർത്ഥ്യമായി. കാലാകാലങ്ങളിൽ റബ്ബർ ബോർഡ് നൽകിയ ഉപദേശങ്ങളോടൊപ്പം സ്വന്തം കണ്ടെത്തലുകളും യാഥാർത്ഥ്യമാക്കി ലോകത്തിൽ വച്ചേറ്റവും കൂടിയ ഉത്പാദനക്ഷമത നേടുകയെന്ന ഖ്യാതിയും കേരളത്തിലെ കർഷകർ സ്വന്തമാക്കി. ഇന്ത്യൻ റബ്ബർ വ്യവസായത്തിനാവശ്യമായ റബ്ബറിന്‍റെ സിംഹഭാഗവും ഇവിടെത്തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് "അതിവേഗം ബഹുദൂരം' എന്ന മുദ്രാവാക്യം യാഥാർത്ഥ്യമാക്കുന്നതിനും മിച്ചം വരുന്ന റബ്ബർ കയറ്റി അയച്ച് വിദേശനാണ്യം നേടുന്നതിനുമുള്ള തീവ്രയത്നത്തിലാണ് റബ്ബർ കർഷകർ ഏർപ്പെട്ടിരുന്നത്. ഉത്പാദനവും ഉപഭോഗവും തുല്യമാക്കുന്നതിനും ഉപഭോഗത്തെ മറികടന്നുള്ള ഉത്പാദനം നേടുന്നതിനും ലക്ഷ്യമിട്ട് കർഷകർ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് കർഷകരെ കടുത്ത നിരാശയിലേയ്ക്കു നയിക്കുന്ന വൻ വിലത്തകർച്ച അനുഭവപ്പെട്ടത്.

വിലത്തകര്‍ച്ചയുടെ തോത്

ഒന്‍പത് ലക്ഷം ടണ്‍ റബ്ബര്‍ 2012-ല്‍ ഉത്പാദിപ്പിച്ചിരുന്ന കര്‍ഷകന്‍ അതേ നില ഉത്പാദനത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഒരു വര്‍ഷം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒരു കിലോയ്ക്ക് 140 രൂപ.

എന്താണ് വൻസാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചത്?

റബ്ബറിന്റെ സിംഹഭാഗവും ഉപയോഗിക്കുന്നത് ഏഴോ എട്ടോ ടയർ വ്യവസായികളാണ്. ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള വിടവ് 10 ശതമാനത്തിൽ താഴെയും ഇറക്കുമതി ഇതേ തോതിലുമായിരുന്നു.

അതായത് 2008 -09 സാമ്പത്തിക വർഷം ഇറക്കുമതി 77,760 ടൺ റബ്ബറായിരുന്നു. അന്താരാഷ്ട്ര വില കുറഞ്ഞപ്പോൾ വ്യവസായികൾ വൻതോതിൽ റബ്ബർ ഇറക്കുമതി ചെയ്ത് രാജ്യത്ത് കൃത്രിമമായി വിപണി കയ്യടക്കി വില കുത്തനെ ഇടിക്കുകയായിരുന്നു. കാർഷികമേഖലയിൽ നിക്ഷേപവും പ്രയത്നവും നടത്തിയ കർഷക സംരംഭകരെ പാടെ മറന്നുകൊണ്ട് കേന്ദ്ര സർക്കാർ ഒപ്പു വച്ച അന്താരാഷ്ട്ര കരാറുകളും (ഡബ്ളിയു.ടി.ഒ), ആസിയാൻ കരാറും മറ്റുമെല്ലാം അനിയന്ത്രിതമായ ഇറക്കുമതി നിയന്ത്രിക്കുന്നത് അസാദ്ധ്യമാക്കി. പരമാവധി ഇന്ത്യയ്ക്ക് ചുമത്താവുന്ന 25 ശതമാനം ഇറക്കുമതി ചുങ്കം പോലും ചുമത്തുന്നതിന് മുൻകേന്ദ്ര സർക്കാർ തുനിഞ്ഞില്ല. ഇപ്പോഴത്തെ കേന്ദ്രസർക്കാർ അധികാരത്തിൽ വന്നപ്പോഴേയ്ക്കും ആഭ്യന്തര വിപണി തകർന്നടിഞ്ഞിരുന്നു. എങ്കിലും ഇറക്കുമതി ചുങ്കം 25% ആക്കി ഉയർത്തുകയുണ്ടായി. വ്യവസായികളുടെ സ്വാധീനവലയത്തിൽപെട്ടുപോയ ഭരണസമൂഹവും രാഷ്ട്രീയ പാർട്ടികളും ലക്ഷക്കണക്കായ കർഷക സംരംഭങ്ങളുടെ തകർച്ചയ്ക്കു കൂട്ടുനിൽക്കുന്നു എന്ന വിരോധാഭാസവും ജനാധിപത്യ സംവിധാനം നില നിൽക്കുന്ന ഭാരതത്തിൽ സംഭവിച്ചു. അവിഹിത കൂട്ടുകെട്ടിന്റെ പ്രകടമായ ലക്ഷണമാണ് അസംസ്കൃത വസ്തുവായ സ്വാഭാവിക റബ്ബറിന്റെ വില കിലോയ്ക്ക് 240 രൂപയിൽനിന്നും 100 രൂപയായിട്ടും ടയർ പോലുള്ള നിർമ്മിത ഉത്പന്നങ്ങളുടെ വില ലവലേശം കുറക്കാതിരുന്നതും 2010-11 ലെ വിലയേക്കാൾ ഉയർത്തുകയും ചെയ്തത്. സ്വാഭാവിക റബ്ബർ ഉല്പാദനത്തിൽ പ്രതീക്ഷയർപ്പിച്ച് വൻ മുന്നേറ്റം നടത്തിയ കർഷക തൊഴിലാളി കൂട്ടുകെട്ടിനെ വ്യവസായ ഭരണകൂട അച്ചുതണ്ട് തകർത്തു തരിപ്പണമാക്കി. സംസ്ഥാന സർക്കാർ ദുരിതമനുഭവിക്കുന്ന കർഷകരേ വസ്തു നികുതി അനേകമടങ്ങ് വര്‍ധിപ്പിച്ചും പ്ലാന്റെഷന്‍ ടാക്സ് പോലുള്ള അമിത നികുതികള്‍ ചുമത്തിയും കർഷക പീഢനം തുടർന്നുകൊണ്ടിരിയ്ക്കുന്നു. ഇതിന്റെയെല്ലാം പരിണിതഫലമായി ഒരു റബ്ബർ കർഷകൻ ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായി. അനേകം പേർ ആത്മഹത്യാമുനമ്പിലാണ്.

ഇന്ത്യയില്‍ സ്വാഭാവിക റബ്ബറിന്‍റെ ഭാവി

പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ "റബ്ബറിന് അച്ഛാദിൻ' എന്ന പ്രതീക്ഷ നൽകിയിട്ടുണ്ടെങ്കിലും കർഷകരിൽ പ്രതീക്ഷ വളർത്തുന്നതിനായിട്ടില്ല. അമിതമായും വിപണി കയ്യടക്കുന്ന രീതിയിലും നടത്തുന്ന ഇറക്കുമതിയ്ക്ക് എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്തണമെങ്കിൽ "സേഫ് ഗാർഡ് ഡ്യൂട്ടി' പോലുള്ള നടപടികളെടുക്കേണ്ടിയിരിക്കുന്നു. പക്ഷെ, അതിന് റബ്ബർ ഉത്പാദനരംഗത്തെ കാർഷിക മേഖലയിൽ ഉൾപ്പെടുത്തുകയും അന്താരാഷ്ടകരാറുകളിൽ ഇളവു ലഭിക്കുകയും വേണം.

അടുത്ത കാലത്ത് നെയ്റോബിയിൽ നടന്ന ലോകവ്യാപാര സംഘടനാ രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ല. 2002-ൽ റബ്ബർ ഉത്പാദനമേഖല ഇത്തരം തകർച്ചയെ നേരിട്ടപ്പോൾ ഇറക്കുമതി ചെയ്യുന്ന റബ്ബറിന്‍റെ ഗുണനിലവാരം ക്ലിപ്തപ്പെടുത്തുകയും പരിശോധന കര്‍ശനമാക്കുകയുമുണ്ടായി. ഗുണനിലവാര പരിശോധന ഫലപ്രദമാക്കുന്നതിന് തുറമുഖ നിയന്ത്രണം (കൊല്‍ക്കത്ത, വിശാഖപട്ടണം) ഏർപ്പെടുത്തുകയും ഗുണപരിശോധന കർശനമാക്കുകയും ചെയ്ത് കേന്ദ്ര സർക്കാർ കർഷകതാല്പര്യം സംരക്ഷിക്കുകയുണ്ടായി. അന്നത്തേതു പോലെ ഇടപെടുന്നതിന് കേന്ദ്രത്തിൽ സ്വാധീനം ചെലുത്തുന്നതിനു കഴിവുള്ള രാഷ്ട്രീയ നേതൃത്വം നിലവിൽ ഇല്ലെന്ന വസ്തു നിലനിൽക്കുന്നു. കേന്ദ്രമന്ത്രിയായിരുന്ന ഒ. രാജഗോപാൽ, പാർലമെന്റ് അംഗങ്ങളായിരുന്ന ഫ്രാൻസിസ് ജോർജ്ജ്, പി.സി. തോമസ് എന്നിവർ സജീവമായി പ്രവർത്തിക്കുകയുണ്ടായി. കർഷകരുടെ നിരാശ ഉത്പാദനരംഗത്ത് പ്രകടമാകുന്നു. കഴിഞ്ഞ ദശകത്തിൽ ഉത്പാദനരംഗത്ത് വൻ കുതിച്ചുചാട്ടം സാദ്ധ്യമാക്കിയ റബ്ബർകൃഷി ഇന്ന് ഗുരുതരമായ തകർച്ച നേരിടുന്നു എന്നതാണ് വസ്തുത. ഈ നില തുടർന്നാൽ റബ്ബർ കർഷകർ നേടിയ റിക്കോർഡ് ഉത്പാദനക്ഷമതയും ഉത്പാദനപ്രക്രിയ തന്നെയും അപകടത്തിലാകും. അന്തരീക്ഷ മലിനീകരണം, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന വിനാശകരമായ ദുരന്തങ്ങൾ "വ്യവസായ വിപ്ളവം' എന്ന പേരിൽ അരങ്ങേറിയ സാമ്പത്തിക വ്യാപാരത്തിന്റെ അനന്തരഫലങ്ങളാണ്. ഇതിനു പരിഹാരം ഒരളവു വരെ വൃക്ഷസമൃദ്ധിയായ പ്രകൃതി സമ്പന്നതയാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് നിശ്ചയിക്കുന്നത് കാർബൺ ഡൈ ഓക്സൈഡിന്റെ വർദ്ധിച്ച സാന്നിദ്ധ്യം ആണ്. വിഷവാതകത്തെ പ്രയോജനപ്പെടുത്തുകയും പ്രാണവായു എന്നറിയപ്പെടുന്ന ഓക്സിജനെ പുറത്തേയ്ക്ക് നൽകുന്നതുമായ പ്രക്രിയ നടത്തുന്നത് സസ്യവർഗങ്ങളാണ്. അന്തരീക്ഷവായു ശുദ്ധീകരിക്കുന്ന പ്രകിയ റബ്ബർ കൃഷിയുടെ ഭാഗമാകുന്നു എന്നു സാരം. ഒരു കിലോഗ്രാം റബ്ബർ ഉത്പാദിപ്പിക്കുന്നതിനുള്ള റബ്ബർ മരങ്ങൾ 3.2 കിലോഗ്രാം വിഷവാതകം വലിച്ചെടുക്കുകയും 2.26 കിലോഗ്രാം ഓക്സിജൻ അന്തരീക്ഷത്തിലേയ്ക്ക് പുറന്തള്ളുകയും ചെയ്യുന്നു. അതായത് പരിസ്ഥിതിസംരക്ഷണത്തിൽ വളരെ വലിയ പങ്ക് റബ്ബർ കൃഷിക്കു നൽകാനാകുമെന്നു സാരം. ആഗോളതലത്തിൽ വികസിത രാജ്യങ്ങൾ ലഭ്യമാക്കുന്ന "കാർബൺ ഫണ്ട്' റബ്ബർ കൃഷി വ്യാപനത്തിനും നില നിർത്തുന്നതിനും പ്രയോജനപ്പെടുത്താനാകും.

കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത്.

  • രാജ്യത്ത് ഉത്പാദനവും ഉപഭോഗവും കണക്കാക്കിയതിനുശേഷം കുറവു വരുന്നത് മാത്രം ഇറക്കുമതി ചെയ്യാൻ അനുവദിക്കുക.
  • ഇറക്കുമതി ചെയ്യുന്ന റബ്ബറിന്‍റെ ഗുണനിലവാര പരിശോധന കർശനമാക്കുന്നതിന് തുറമുഖ നിയന്ത്രണം ഏർപ്പെടുത്തുക.
  • റബ്ബർ ഇറക്കുമതിയ്ക്ക് "സേഫ്ഗാർഡ്' ഡ്യൂട്ടി ചുമത്തുക.
  • "റബ്ബർ ആക്ട് 1947' നിർദ്ദേശിക്കുന്ന പ്രകാരമുള്ള "മിനിമം വില' കണ്ടെത്തി നടപ്പാക്കുക.
  • മറ്റു റബ്ബർ ഉത്പാദക രാജ്യങ്ങൾ അവരുടെ രാജ്യത്തെ റബ്ബർ കർഷകരെ സംരക്ഷിയ്ക്കുന്നതിനു നൽകുന്നതുപോലെ ഹെക്ടർ കണക്കിനെ ആധാരമാക്കി ധനസഹായം നൽകുക.
  • റോഡ് നിർമ്മാണത്തിൽ റബ്ബർ-ടാർ മിശ്രിതം റോഡിന്‍റെ പ്രതലം സംരക്ഷിക്കുന്നതിനും കൂടുതൽ നാൾ കേടുകൂടാതെ നിൽക്കുന്നതിനും സഹായകരമാണെന്ന് റബ്ബർ ബോർഡ് പരീക്ഷണത്തിൽ തെളിഞ്ഞിട്ടുള്ള വസ്തുതയാണ്. കൊച്ചിൻ റിഫൈനറിയിൽ 50,000 ടൺ ഉത്പാദനശേഷിയുള്ള പ്ലാന്റും സ്ഥാപിതമായിട്ടുണ്ട്. റബ്ബറിന്റെ ഉപഭോഗവൈവിദ്ധ്യത്തിൽക്കൂടി കൂടുതൽ റബ്ബർ ഉപയോഗയോഗ്യമാക്കുന്നതിനുള്ള പരിപാടികൾക്കു രൂപം നൽകുക.
  • കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസത്തെ നേരിടുന്നതിന് വികസിത രാജ്യങ്ങൾ നൽകുന്ന "കാർബൺ ഫണ്ട്' റബ്ബർ കൃഷിക്കു ലഭ്യമാക്കുക.

റബ്ബർ മരങ്ങൾ വെട്ടിമാറ്റി മറ്റുകൃഷിയിലേക്ക് കർഷകർ മാറുന്നതിനുമുമ്പ് ഉചിതമായ നടപടികളെടുത്ത് റബ്ബർ മരങ്ങൾ സംരക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എത്രയും വേഗം തയ്യാറാകുമെന്നു പ്രതീക്ഷിക്കുന്നു.

ഡോ. എം.സി. ജോർജ്

ഇൻഫാം നാഷണൽ ട്രസ്റ്റി ആൻഡ്

കൺവീനർ, ലീഗൽ സെൽ

ഫോൺ: 9447151672

കടപ്പാട്: കര്‍ഷകമിത്രം

 

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate