ചെടികളെയും വന്‍മരങ്ങളെയും പ്രത്യേകം ചട്ടികള്‍ക്കുള്ളില്‍ കുള്ളന്‍മാരായി വളര്‍ത്തുന്നതിനെയാണ് ബോണ്‍സായ് നിര്‍മാണം എന്നു പറയുന്നത്.
കാര്‍ഷിക പ്രവര്‍ത്തനം എന്നതിനൊപ്പം കലാവാസന പ്രകടിപ്പിക്കാനുള്ള മേഖലയുമാണിത്.
കേരളത്തില്‍ ബോണ്‍സായ് വളര്‍ത്തല്‍ ഇതിനകം പ്രചാരം നേടിക്കഴിഞ്ഞു. മറ്റ് അലങ്കാരസസ്യങ്ങള്‍ നട്ടു വളര്‍ത്തുന്നതുപോലെ അത്ര കണ്ട് അനായാസമല്ല ബോണ്‍സായ് വളര്‍ത്തല്‍. തികച്ചും ഇത് സാങ്കേതികത്വം അടങ്ങിയിട്ടുള്ള ഒരു കൃഷിയാണ്.
പ്രകൃത്യാലുള്ള രൂപഭംഗിയോടു കൂടി മരങ്ങളെയും കുറ്റിച്ചെടികളെയും കുള്ളന്‍ ഇനങ്ങളായി പ്രത്യേകരീതിയില്‍ ചട്ടികളില്‍ വളര്‍ത്തിയെടുക്കുന്ന രീതിയാണ് ബോണ്‍സായ്. ചട്ടികളില്‍ വളര്‍ത്തിയെടുക്കുന്ന മറ്റു ചെടികളില്‍നിന്നും അവ എല്ലാത്തരത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു.
ചട്ടികളില്‍ സാധാരണ വളര്‍ത്തുന്നത് അലങ്കാരസസ്യങ്ങളായ ഇലച്ചെടികളും പൂച്ചെടികളുമാണല്ലോ. എന്നാല്‍ ബോണ്‍സായ് അതിന്‍റെ ആകര്‍ഷണീയമായ മിനിയേച്ചര്‍ രൂപഭംഗി വര്‍ഷങ്ങളോളം കാത്തു സൂക്ഷിക്കുന്നു.
ജാപ്പനീസ് ഭാഷയില്‍നിന്നും ഉരുത്തിരിഞ്ഞിട്ടുള്ളതാണ് ബോണ്‍സായ് എന്ന പദം. ബോണ്‍സായ് ആകൃതിയില്‍ വ്യത്യസ്തത പുലര്‍ത്തുന്നു.
നേര്‍ തായ്ത്തടി രീതി
തായ്ത്തടി നേരേ മുകളിലേക്കു വളരുന്നു. വൃക്ഷത്തിന്‍റെ തനതായ ആകൃതി നിലനിര്‍ത്തിക്കൊണ്ട് ശിഖരങ്ങള്‍ ഇരുവശങ്ങളിലേക്കും വളരുന്നു. ചെടിയുടെ മുകള്‍ഭാഗം അര്‍ദ്ധവൃത്താകൃതിയിലോ ത്രികോണാകൃതിയിലോ കാണുന്നു.
വളഞ്ഞ തായ്ത്തടി രീതി
തായ്ത്തടിയില്‍ വളവു കാണും. ശിഖരങ്ങളുടെ വളവ് തായ്ത്തടിയുടെ വളവിനനുസൃതമായിരിക്കും. മുകളിലേക്ക് എത്തുന്തോറും തായ്ത്തടിയുടെ വളവു കുറഞ്ഞു വരുന്നു.
ചരിഞ്ഞ തായ്ത്തടി രീതി
തായ്ത്തടി ഒരു ഭാഗത്തേക്ക് മാത്രം വളരുന്ന രീതിയാണിത്. ഇടത്തോട്ടോ വലത്തോട്ടോ 450 വരെ ചരിവോടെ ചെടി വളരുന്നു.
ഇരട്ട തായ്ത്തടിരീതി
തായ്ത്തടി രണ്ടു ശാഖകളായി പിരിഞ്ഞു കാണുന്നു. ശാഖകള്‍ പിരിയുന്ന ഭാഗത്ത് 'ഢ' ആകൃതി ഉണ്ടായിരിക്കും.
ബഹുതായ്ത്തടിരീതി
രണ്ടിലധികം ശാഖകളുള്ള രീതിയെയാണ് ബഹുതായ്ത്തടി രീതിയെന്നു വിളിക്കുന്നത്.
- കെ. ജാഷിദ് -
അവസാനം പരിഷ്കരിച്ചത് : 2/15/2020