অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഞാവലിന്റെ ഗുണങ്ങൾ

ഭാരതത്തിൽ അധികവരൾച്ചയുള്ള പ്രദേശങ്ങളോഴികെയുള്ള പ്രദേശങ്ങളിലും പ്രധാനമായും ഡൽഹി, ഉത്തർപ്രദേശ്, കേരളം എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ(ആംഗലേയം:Jambul). ഞാവുൾ, ഞാറ എന്നിങ്ങനേയും പ്രാദേശികമായി അറിയപ്പെടുന്നു. മിർട്ടേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഞാവലിന്റെ ശാസ്ത്രീയനാമം Syzygium cumini എന്നാണ്. ഇന്ത്യൻ ഉപഭൂഖണ്ഡം ജംബൂദ്വീപ് എന്ന് അറിയപ്പെടാൻ കാരണം ഇവിടെ സമൃദ്ധമായി ഉണ്ടായിരുന്ന ഞാവൽ ആയിരുന്നത്രേ.

കൃഷിയുടെ ചരിത്രം

ഹിമാലയത്തിനു തെക്കുള്ള ഏഷ്യയാണ് ഞാവലിന്റെ ജന്മദേശം. അവിടങ്ങളിൽ അവ വ്യാപകമായി കൃഷി ചെയ്തുവരുന്നു. ഏഷ്യയിൽ നിന്നുമാണ് ഞാവൽ ആഫ്രിക്കയിൽ എത്തിയത്. ഇന്ന് ഞാവൽ മധ്യരേഖാപ്രദേശങ്ങളിലാകെയും, ജാവയിലും, ഫ്ലോറിഡയിലും കൃഷിചെയ്യുന്നുണ്ട്. പോർച്ചുഗീസ് കോളനിവൽക്കരണകാലത്ത് ഇന്ത്യയിൽ നിന്നുമാണ് ബ്രസീലിലേക്ക് ഞാവൽ കൊണ്ടുപോയത്. പെട്ടെന്നു തന്നെ പലപക്ഷികളുടെയും പ്രിയപ്പെട്ട ഭക്ഷണമായി മാറിയ ഞാവൽ പലയിടത്തും വിതരണം ചെയ്യപ്പെട്ടു.

ഇന്ത്യയിൽ കാണപ്പെടുന്ന ഇടങ്ങൾ

ഹിമാലയപ്രദേശങ്ങളിൽ 1200 മീറ്റർ വരെയും നീലഗിരിയിൽ 1800 മീറ്റർ ഉയരം വരെയും ഞാവൽ കാണുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും വ്യാപകമായി കാണുന്ന വൃക്ഷങ്ങളിൽ ഒന്നാണ് ഞാവൽ. കൊടുംവരൾച്ചയുള്ളിടത്തൊഴികെ മിക്ക വനങ്ങളിലും ഞാവൽ വളരുന്നുണ്ട്. നനവും ചതുപ്പും ഇഷ്ടമുള്ള വൃക്ഷമാണ് ഇവ. വെള്ളപ്പൊക്കം ഒരു പ്രശ്നമേയല്ല. വലുതായിക്കഴിഞ്ഞാൽ വരൾച്ചയും സഹിക്കും.
30 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് ഞാവൽ. പച്ചനിറം സമൃദ്ധമായ ഇലകളുടെ ഭാരത്താൽ തൂങ്ങിക്കിടക്കുന്ന ശാഖകളുള്ള ഞാവൽ മാർച്ച്-ഏപ്രിൽ മാസത്തോടെ നന്നായി പൂക്കും, പൂക്കൾക്ക് വെള്ള നിറമാണ്, പഴുത്ത കായ്കൾ നല്ല കറുപ്പുകലർന്ന കടും നീല നിറത്തിൽ കാണപ്പെടുന്നു. നിറയെ ശിഖരങ്ങളോടെ പന്തലിച്ചും ചിലയിടത്ത് നേരെ മേലോട്ടും വളരുന്ന ഒരു വൃക്ഷമാണ് ഞാവൽ. 100-ലേറെ വർഷം ജീവിക്കും. പ്രായമേറുന്തോറും കട്ടികൂടിവരുന്ന പുറംതൊലിയാണ് ഇവക്ക്  തടവിയാൽ തന്നെ ഏറ്റവും പുറംതൊലി അടർന്നുപോവും. ഉള്ളിലെ തൊലിയുടെ പുറംവശത്തിന് കട്ടികുറഞ്ഞ ഒരു പച്ചപുറംഭാഗമുണ്ട്. ഇളം‌പച്ചനിറമുള്ള പുതിയ കമ്പുകൾ വളരുംതോറും ബ്രൗൺ നിറത്തിലാവും. കട്ടിയുള്ള ഇലകൾ, വളരുംതോറും മിനുസം നഷ്ടപ്പെടും. നുള്ളിയോ കടിച്ചോ നോക്കിയാൽ മാങ്ങയോടു സാമ്യമുള്ള ഒരു രുചിയും മണവും അനുഭവപ്പെടും. 7 മുതൽ 18 സെന്റിമീറ്റർ വരെ നീളവും 3 മുതൽ 9 സെന്റിമീറ്റർ വരെ വീതിയും ഉണ്ടാവും ഇലകൾക്ക്. പൊഴിയുന്നതിനു മുൻപ് നിറം ചുവപ്പാവും. പഴയ കമ്പുകളിലും തടിയിലും വെള്ളനിരത്തിലുള്ള പൂക്കളുടെ കുലകൾ ഉണ്ടാവുന്നു. ഉരുണ്ടും നീണ്ടുരുണ്ടുമിരിക്കുന്ന പച്ചനിറത്തിലുള്ള കായകൾ പഴുക്കുമ്പോൾ നല്ല തിളക്കമുള്ള കറുപ്പായി മാറുന്നു. നിലത്തുവീണാൽ ചതഞ്ഞുപോവും. നിയതമായ ആകൃതിയില്ലാത്ത വിത്തുകൾ കൂടിച്ചേർന്ന് നീണ്ടുരുണ്ട് ഒരു ചെറിയ സ്തരത്തിനുള്ളിലായായിട്ടാണ് പഴത്തിനുള്ളിൽ ഉണ്ടാവുക.

പൂക്കുന്നതിന്റെയും കായ്ക്കുന്നതിന്റെയും കാലയളവ്.

നനവുള്ള ഇടങ്ങളിൽ നിൽക്കുന്ന ഞാവൽ മരങ്ങൾ പൂർണ്ണമായും ഇലപൊഴിക്കാറില്ല. പുതിയ ഇലകൾ വന്നതിനു ശേഷമേ പഴയ ഇലകൾ വീണുപോകാറുള്ളൂ. എന്നാൽ വരണ്ട സ്ഥലങ്ങളിലും ജലക്ഷാമമുള്ളിടത്തും ഇലകൾ പൂർണ്ണമായിത്തന്നെ പൊഴിക്കാറുണ്ട്. മാർച്ച് മുതൽ മെയ് വരെയാണ് പൂക്കാലം. തേനീച്ചകളും ഈച്ചകളും കാറ്റുമാണ് പരാഗണത്തിനു സഹായിക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെ പഴങ്ങൾ വിളയുന്നു.പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. പക്ഷികളും അണ്ണാനും മനുഷ്യരും ഇഷ്ടത്തോടെ ഭക്ഷിക്കുന്നതിനാൽ വിത്തുവിതരണം ഒരു പ്രശ്നമേ ആവാറില്ല.പഴം തിന്നു കഴിഞാൽ നാവിന്റെ നിറം നീലയായി മാറാറുണ്ട്.ഓരോ കുരുവിലും നാലഞ്ചു വിത്തുകൾ ഉണ്ടാവും. മിക്ക കായകളും മുളയ്ക്കുമ്പോൾ ഒന്നിലധികം തൈകൾ ഉണ്ടാവാറുണ്ട്. മരത്തിന്റ് ചുവട്ടിൽ ധാരാളം തൈകൾ മുളച്ചുവരും. ആദ്യകാലങ്ങളിൽ നല്ല പരിചരണം അഭികാമ്യമാണ്. വലുതായിക്കഴിഞ്ഞാൽ പ്രത്യേക കരുതൽ ആവശ്യമില്ല. കമ്പുമുറിച്ചുനട്ടും പതിവച്ചും പുതിയ തൈകൾ ഉണ്ടാക്കാം.

നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അലങ്കാരവൃക്ഷമായി നടുമ്പോൾ 12 മുതൽ 16 മീറ്റർ വരെ അകലവും കാറ്റിനെ തടയുന്ന ആവശ്യത്തിനു നടുമ്പോൾ 6 മീറ്റർ അകലവും അഭികാമ്യമാണ്. വളരെവേഗം വളരുന്ന ഒരു വൃക്ഷമാണ് ഞാവൽ. 2 വർഷം കൊണ്ടുതന്നെ 4 മീറ്റർ ഉയരം വയ്ക്കും. 4 വർഷം ആകുമ്പോൾ തന്നെ പൂത്തുതുടങ്ങും. മരം മുറിച്ച കുറ്റികളിൽ നിന്നും നന്നായി വളർന്നുവരും. മുപ്പതോളം പുതുതൈകൾ കുറ്റികളിൽ നിന്നും വളർന്നുവരാം. മിക്കതിനും നല്ല കരുത്തും ഉണ്ടാവും. കള മാറ്റുന്നത് വളർച്ചയ്ക്ക് നല്ലതാണ്. ചെറുപ്പത്തിൽ തണൽ ഇഷ്ടമാണ്. പഴത്തിൽനിന്നും ലഭിക്കുന്ന ഉടനെ കായ്കൾ നടുന്നതാണ് ഉത്തമം. രണ്ടാഴ്ച കൊണ്ട് തന്നെ മുളയ്ക്കൽ ശേഷി നഷ്ടപ്പെടുന്നു.

ഞാവലിന്റെ തടി

ചവർപ്പും നല്ല നീരുമുള്ള പഴങ്ങൾ കുട്ടികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽപ്പഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽ നിന്നും വിനാഗിരി ഉണ്ടാക്കാം. ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. ചില പട്ടുനൂൽപ്പുഴുക്കൾക്കും ഇലകൾ നൽകാറുണ്ട്. ചില സ്ഥലങ്ങളിൽ ആൾക്കാർ പല്ലു വൃത്തിയാക്കാൻ ഞാവലിന്റേ കമ്പുകൾ ഉപയോഗിക്കാറുണ്ട്. നിറയെ തേനുള്ള പൂക്കളിൽ നിന്നും തേനീച്ചകൾ നല്ല തേനുണ്ടാക്കാറുണ്ട്. പക്ഷേ സംരക്ഷിച്ചില്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ തേൻ മോശമാവാറുണ്ട്. നന്നായി കത്തുന്ന തടി വിറകായും കരിയുണ്ടാക്കാനും കൊള്ളാം. തടി പലവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവരുന്നു. നനവു സഹിക്കുന്നതും ചിതൽ തിന്നാത്തതുമാണ് തടി. ഗിത്താർ ഉണ്ടാക്കാൻ തടി നല്ലതാണ്. മീൻവലകൾക്ക് ചായം കൊടുക്കാൻ ഉതകുന്ന ഒരു കറ ഞാവലിന്റെ തടിയിൽ നിന്നും കിട്ടുന്നു. ഫിലിപ്പൈൻസിൽ ഞാവൽപ്പഴം വ്യാപകമായി വാറ്റി മദ്യം ഉണ്ടാക്കാറുണ്ട്. ഇല വാറ്റിയാൽ ലഭിക്കുന്ന എണ്ണ സോപ്പിനു സുഗന്ധം നൽകാൻ ഉപയോഗിക്കാറുണ്ട്. കാപ്പിത്തോട്ടങ്ങളിൽ തണൽമരമായി ഞാവൽ വളർത്താറുണ്ട്. ശ്രദ്ധയോടെ മുറിച്ചു നിർത്തിയാൽ നല്ലൊരു വേലിയായും ഞാവൽ വളർത്തിയെടുക്കാം.

ഔഷധ ഗുണങ്ങൾ

ഞാവലിന്റെ എല്ലാ ഭാഗങ്ങൾക്കും ഔഷധഗുണമുണ്ട്. ഔഷധമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സസ്യത്തിൽ ഒന്നാണ് ഞാവൽ, പ്രത്യേകിച്ചും പ്രമേഹത്തിന്. ഇല കരിച്ചു കിട്ടുന്ന ചാരം പല്ലുകൾക്കും മോണയ്ക്കും ശക്തി കൂടാൻ നല്ലതാണത്രേ. ഞാവൽപ്പഴത്തിൽ ധാരാളമായി ജീവകം എയും ജീവകം സിയുംഅടങ്ങിയിരിക്കുന്നു. ഇലയും കായും തടിയും ഇന്ത്യയിലും ചൈനയിലും നാടൻ വൈദ്യത്തിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്. തടി വാറ്റിക്കിട്ടിയ നീര് ഫിലിപ്പൈൻസിൽ വയറിളക്കത്തിനെതിരെ ഔഷധമായി ഉപയോഗിക്കാറുണ്ട്. ഉണക്കിപ്പൊടിച്ച കുരു പ്രമേഹത്തിന് വളരെ ഫലപ്രദവുമാണ്. ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നേർപ്പിച്ച പഴച്ചാറ്   തൊണ്ടവേദനയ്ക്കുള്ള ഔഷധമായിട്ട് ഉപയോഗിക്കുന്നു. വിത്തിൽ അടങ്ങിയിരിക്കുന്ന ചില ആൽക്കലോയ്‌ഡുകൾ അന്നജം പഞ്ചസാരയായി മാറാതെ തടയുന്നു. ഇലയ്ക്കും തടിയ്ക്കുമെല്ലാം ആന്റിബയോട്ടിക് ശേഷിയുണ്ട്. ചെറിയ അളവ് ഞാവലിന്റെ അംശത്തിനു പോലും രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കുവാനുള്ള കഴിവുണ്ട്.

കീടബാധ

പല കീടങ്ങളും ഞാവലിനെ ആക്രമിക്കാറുണ്ട്. ചില കീടങ്ങൾ ഇല തിന്നു തീർക്കാറുണ്ട്. മറ്റു ചിലവ തളിരിൽ നിന്നും, പൂക്കുലകളിൽ നിന്നും നീരൂറ്റി കുടിച്ച് അവ പൊഴിഞ്ഞുപോവാൻ കാരണമാകുന്നു. പഴയീച്ചകൾ പഴത്തെ ആക്രമിക്കാറുണ്ട്. വലിയ പക്ഷികൾ ചിലവ പഴങ്ങൾ മൊത്തമായി തിന്നുതീർക്കുന്നു. ആസ്ത്രേലിയയിൽ ഒരിനം വവ്വാലുകളുടെ പ്രിയ ഭക്ഷണമാണ് ഞാവൽപ്പഴങ്ങൾ.

ആചാരം

വനവാസകാലത്ത് 14 വർഷവും രാമൻ ഞാവൽപ്പഴങ്ങളാണത്രേ കഴിച്ചിരുന്നത്. അതിനാൽ ഹിന്ദുക്കൾ ഞാവൽപ്പഴത്തെ ദൈവങ്ങളുടെ പഴം എന്നു വിളിക്കുന്നു. കൃഷ്ണന്റെ നിറം ഞാവൽപ്പഴത്തിന്റെയാണ്. ഇന്ത്യയിൽ കല്യാണപന്തൽ ഒരുക്കാൻ ഞാവലിന്റെ ഇലകൾ ഉപയോഗിക്കുന്നു. ബുദ്ധമതക്കാരും ഹിന്ദുക്കളും ഞാവലിനെ പുണ്യവൃക്ഷമായി കണക്കാക്കുന്നു.
ഷെഹ്ന ഷെറിൻ

 

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate