പോഷകാഹാര സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കേന്ദകൃഷിമന്ത്രാലയം 2018 വർഷം “മില്ലറ്റ് വർഷ'മായി പ്രഖ്യാപിച്ചു. നാഷണൽ ഫുഡ് സെക്യൂരിറ്റി മിഷന്റെ കീഴിൽ മില്ലറ്റ് മിഷൻ അടുത്ത ഏതാനും വർഷത്തേക്ക് പ്രവർത്തനവും ആരംഭിച്ചു. ആന്ധ്രപ്രദേശ്, കർണ്ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം മില്ലെറ്റ് പദ്ധതികൾക്കുവേണ്ടി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒഡീഷയും 100 കോടിരൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. കേരളത്തിൽ “അട്ടപ്പാടി മില്ലറ്റ് ഗ്രാമം' പദ്ധതിക്കു തുടക്കമായിട്ടുണ്ട്.
ഇന്ത്യ നൽകിയ അപേക്ഷ പ്രകാരം ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ (എഫ്.എ.ഒ.) 2023ൽ "ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്സ്' ആഘോഷിക്കാൻ സമ്മതിച്ചിട്ടുണ്ട്.
ലോക വ്യാപകമായി കാലാവസ്ഥയിൽ വ്യതിയാനങ്ങൾ ഉണ്ടായികൊണ്ടിരിക്കുകയാണ്. അത്തരം അവസ്ഥയിൽ ഏതു കാലാവസ്ഥാവ്യതിയാനത്തെയും വെല്ലുവിളിച്ചു വളരാനുള്ള കഴിവ് ചെറുധാന്യങ്ങളുടെ പ്രസക്തിയേറ്റുന്നു. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് മാത്രമല്ല, ലോകത്തിനാകെ ഭക്ഷ്യ സുരക്ഷയും പോഷകസമൃദ്ധിയും നൽകാൻ പോന്നവയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി പാവപ്പെട്ടവരുടെ ഭക്ഷണമായി പരിഗണിക്കപ്പെടുകയും ഇപ്പോൾ സൂപ്പർ ഫുഡ് ആയി മാറുകയും ചെയ്ത ചെറുധാന്യങ്ങൾ.
കാലാവസ്ഥയുടെ കണക്കുകൾ തെറ്റുന്നകാലത്ത് ഇനി കേരളത്തിനും പഴയകാലത്തെ ചില
കുഞ്ഞൻധാന്യങ്ങളുടെ കൃഷിയിലേക്ക് ശ്രദ്ധതിരിക്കാം. മില്ലറ്റ്സ് എന്ന പേരിൽ അറിയപ്പെടുന്ന ധാന്യങ്ങളിൽ റാഗി മാത്രമേ ഇന്നു മലയാളികൾക്കു പരിചയം ഉള്ളൂ. അതും, കുഞ്ഞുങ്ങൾക്കു കുറുക്കിക്കൊടുക്കുന്നതുകൊണ്ടും, പ്രമേഹരോഗികൾക്ക് ഭക്ഷണമായതുകൊണ്ടും, മൾട്ടിഗ്രെയിൻ ആട്ട എന്ന പേരിൽ ലഭിക്കുന്ന ഗോതമ്പു മാവ് കൂട്ടിലും മറ്റും ഉള്ളതുകൊണ്ടും മാത്രം.
തിനയും ചാമയുമൊക്കെ ലവ് ബേർഡ്സിനുള്ള ആഹാരമെന്ന അറിവേ നമുക്കുള്ളൂ. ക്ഷാമം വന്ന കാലങ്ങളിൽ ഇന്ത്യക്കാരുടെ ജീവൻ രക്ഷിച്ച ബദൽ ധാന്യങ്ങളിൽ ഒന്നായിരുന്നു ചാമ. ക്ഷാമകാലത്തു ചാമക്കഞ്ഞി കുടിച്ചവരുടെ തലമുറയിൽപ്പെട്ട ചിലരൊക്കെ ഇന്നും നമുക്കിടയിൽ ഉണ്ട്. ഗ്ലൂട്ടന്‍ അലർജിയും സിലിനാക്കു രോഗവും ഉള്ളവർക്ക് ഗോതമ്പിന്റെ ഒരു ഇനവും ഭക്ഷിക്കാൻ കഴിയില്ല. അത്തരം ആളുകൾക്ക് ഉത്തമമായ ബദൽ ധാന്യം കൂടിയാണ് മില്ലറ്റുകൾ.
എന്നാൽ ഈ ഗുണഗണങ്ങൾ ഒക്കെയുണ്ടായിട്ടും ചെറുധാന്യങ്ങൾ വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ല. ഹരിതവിപ്ലവത്തിന് ശേഷം ചെറുധാന്യങ്ങളുടെ കൃഷിയുടെ വ്യാപ്തി കുറഞ്ഞുവന്നു. 1966 നും 2006 നും ഇടയിൽ ചെറുധാന്യങ്ങളുടെ കൃഷിയിടത്തിന്റെ 44 ശതമാനത്തോളം മറ്റു വിളകളുടെ കൃഷിക്കായി മാറ്റി എടുക്കപ്പെട്ടു.
അതേ കാലയളവിൽ ഗോതമ്പിന്റെയും അരിയുടെയും കൃഷി വ്യാപിക്കുകയും 1956 -ൽ ഇന്ത്യയിലെ ആകെ ക്യഷി ചെയ്യപ്പെടുന്ന ധാന്യങ്ങളുടെ 40 % ഉണ്ടായിരുന്ന ചെറുധാന്യങ്ങൾ 2006 ലെ കണക്കനുസരിച്ച് 11% ആയി ചുരുങ്ങുകയും ചെയ്തു.
മറ്റു വിളവുകൾക്കു നൽകി വന്ന ലോണുകളും വിള ഇൻഷുറൻസും കർഷകരെ മില്ലറ്റ് കൃഷിയില്‍ നിന്ന് അകറ്റിയതുമൂലമാണ് ഈ ദുർഗതി ഉണ്ടായത്.
ഒരു കിലോ അരി ഉത്പാദിപ്പിക്കാൻ 4000 ലിറ്റർ വെള്ളം വേണമെന്നാണ് കണക്ക്. അതേ
സ്ഥാനത്തു മില്ലറ്റിനു നനയേ ആവശ്യമില്ല. വാഴയോ കരിമ്പോ പോലെയുള്ള കൃഷിവിളകൾക്ക് വേണ്ടിവരുന്ന വെളളവും അതെത്തിക്കാൻ ചെലവാകുന്ന വൈദ്യുതിച്ചെലവും നോക്കിയാൽ മഴക്കാലത്ത് വളരെ കുറച്ചുനാൾ കൊണ്ട് വിളവെടുക്കാവുന്നവയാണ് ചെറുധാന്യങ്ങൾ. ഇനി മഴ ഇല്ലാത്ത കാലത്തു കൃഷിചെയ്താലും വളരെ വരണ്ട കാലാവസ്ഥയിൽ കുറച്ചു വെള്ളം മാത്രം കൊടുത്തു വളർത്തുകയും ചെയ്യാം.
അടിസ്ഥാനപരമായി പുൽവർഗങ്ങളായതു കൊണ്ടുതന്നെ മണ്ണിലേക്ക് ആഴത്തില്‍ വളരുന്നില്ല. വലിയ വളക്കൂറുള്ള മണ്ണുവേണ്ട. പരമ്പരാഗതമായി കൃഷിക്കാർ നൽകുന്ന ജൈവവളങ്ങൾതന്നെ ധാരാളം. രാസവളച്ചെലവ് ശൂന്യം. മാത്രമല്ല പൊതുവേ കീടാക്രമണം തുലോം കുറവാണ്. മറ്റു ധാന്യങ്ങൾക്കെല്ലാം ഗോഡൗണുകളിൽ കീടാക്രമണം നേരിടേണ്ടി വരുമ്പോൾ ഇവയെ അത്തരം കീടങ്ങളും ആക്രമിക്കുന്നില്ല.
ആയിരക്കണക്കിന് വർഷങ്ങളായി മില്ലറ്റ് കൃഷിക്കൊപ്പം പയർവിളകളും എണ്ണക്കുരുക്കളും
കൃഷിചെയ്യുന്ന പതിവ് ഇന്ത്യയിൽ നിലനില്ക്കുന്നു. ജൊവാർ (sorghum) കമ്പം (pearl millet),
(sorghum Amo (pearl millet), റാഗി (foxtail millet) ചാമ (little millet), വരഗ് (kodo millet), കുതിരവാലി (barnyard millet), പനിവരഗ് (proso millet), കർണാടകയിൽ മാത്രം കൃഷി ചെയ്യുന്ന ബ്രൌൺ ടോപ് മില്ലറ്റ് അഥവാ കൊറേലി എന്നിവയാണ് ഇന്ത്യയിൽ കൃഷി ചെയ്യപ്പെടുന്ന മില്ലറ്റ് ഇനങ്ങൾ. കേരളത്തിൽ പരിചിതമായ ഇനങ്ങൾ ചാമയും തിനയും റാഗിയും ചില ഇനം ചോളങ്ങളും ആയിരുന്നു.
ഡി.സി. ബുക്ക്സ് പുറത്തിറക്കിയ നാട്ടുഭക്ഷണം എന്ന പുസ്തകത്തിൽ നിന്നു പോയ കാലത്തെ കേരളീയ ഭക്ഷണത്തിലെ മില്ലറ്റുകളുടെ സാന്നിധ്യം വിവരിക്കുന്ന ഒരു ഏട്.
"മേടത്തിൽ മഴ കിട്ടിയാൽ പറമ്പുകളിൽ കൃഷി തുടങ്ങും. ചാമ, മോടൻ, പയർ, കഞ്ഞിപ്പുല്ല്, കൂർക്ക, ചേമ്പ് എന്നിവ കൃഷി ചെയ്യും. മിഥുനം അവസാനം ചാമ വിളവെടുക്കും. ചാമച്ചുരുട്ടുകൾ മെതിച്ചു കിട്ടുന്ന ധാന്യം വൃത്തിയാക്കി വട്ടക്കലത്തിലിട്ടു വറുത്തു ആറിയാൽ കുത്തിക്കിട്ടുന്ന അരിവച്ചാണ് ഏറെക്കുറെ പാവങ്ങളെല്ലാവരും അക്കാലത്ത് ഊണ് കഴിച്ചിരുന്നത്. പയർ ഇല വളർന്നു തിങ്ങിയിട്ടുണ്ടാവും. പയർ ഇലനുള്ളി ഉണ്ടാക്കുന്ന കറികൂട്ടിയാണ് ചാമക്കഞ്ഞി കഴിക്കുക.
(പഞ്ഞ മാസവും പാവങ്ങളുടെ
ഭക്ഷണവും ജി .കെ .അമ്മുക്കുട്ടി)
കഞ്ഞിപ്പുല്ലെന്നും പഞ്ഞപ്പുല്ലെന്നും മുത്താറിയെന്നും കൂവരകെന്നുമൊക്കെ പറയുന്നതാണ് റാഗി. ഇന്നും കർണാടകയിലും ആന്ധ്രയിലുമൊക്കെ ഭക്ഷണത്തിൽ പ്രമുഖസ്ഥാനമുള്ള ഗുണമേറിയ ധാന്യം.
കൃഷിയുടെ നാട്ടറിവുകൾ എന്ന പുസ്തകത്തിൽ നിന്നു മറ്റൊരു പരാമർശം.
"രേവതി, ഭരണി, രോഹിണി ഞാറ്റുവേളകളിൽ പൊടിവിതയായി ചാമ ഇടാവുന്നതാണ്. ഏകദേശം 60 ദിവസം കഴിഞ്ഞാൽ വിളവെടുക്കാം. ചാണകവും വെണ്ണീറും വളമായി ഉപയോഗിക്കാം. ഭൂമിക്കു നനവുണ്ടെങ്കിൽ ചാമയ്ക്ക് ഗുണം ചെയ്യും. ഇതേ പോലെ കടലയും ചോളവും മാറിമാറി കൃഷി ചെയ്യാവുന്നതാണ്. (കൃഷിരീതികൾ-ചെയ്തറിവുകൾ, ലീന എം.എ) റാഗിയും ചാമയും തിനയും കേരളത്തിൽ ഇടവിളകൾ ആയിരുന്നു. ചാമ പോലെ രണ്ടു മാസം കൊണ്ട് മൂത്തു കിട്ടുന്നതാണ് റാഗിയും.
കൃഷിഗീതയെന്ന പഴയ മലയാളഗ്രന്ഥത്തിൽ നിന്നുളള വിത്ത് പട്ടികയിൽ മുത്ത് ചോളം, അരിച്ചോളം, വെള്ളച്ചോളം, കരിഞ്ചോളം, ചെഞ്ചോളം, വെള്ളടമ്പൻ, കുറുവക്കമ്പി, കുതിരവാലൻ, വരക്കാ എന്നീ ചോളം ഇനങ്ങളും ചാമ, ചെറു മാമി എന്ന രണ്ടിനം ചാമ
ഇനങ്ങളും കേരളത്തിൽ കൃഷി ചെയ്തിരുന്നതായി പരാമർശമുണ്ട്. (സസ്യവൈവിധ്യം കൃഷിഗീതയിൽ).
വയനാട്ടിൽ നായർ സമുദായത്തിന്റെ ആദ്യകാല ഭക്ഷണം മുത്താറി കൊണ്ടുള്ളതായിരുന്നു. തിന, ചാമ, മുത്താറി തുടങ്ങിയവയിൽ ചാമ കൊണ്ടും തിന കൊണ്ടും കഞ്ഞി ഉണ്ടാക്കി കഴിക്കുന്നു. മുത്താറിയരച്ചു വിരകി മുത്താറിപ്പുട്ടുണ്ടാക്കുന്നു. കറുത്ത നെല്ലും ചാമയും മുത്താറിയും സ്ഥിരമായില്ലെങ്കിലും പണിയര്‍ കൃഷി ചെയ്തുണ്ടാക്കിയിരുന്നു. സമ്പന്നർ മുത്താറി റൊട്ടി വെണ്ണകൂട്ടി തിന്നാറുണ്ട്. ഇടത്തരം നായന്മാർക്കും മറ്റും അവർ ഉത്പാദിപ്പിച്ചിരുന്ന നെല്ല് വർഷം തികയാൻ മതിയായിരുന്നില്ല. രണ്ടു നേരം മുത്താറിയും ഒരു നേരം മത്തനോ കായോ കണ്ടിക്കിഴങ്ങോ കൂട്ടിയുള്ള പുഴുക്കുമായിരുന്നു ഭക്ഷണം. വയലുകൾ കുറവായിരുന്നു. മുത്താറിയും നെല്ലും ആവശ്യത്തിന് ഉത്പാദനം നടത്തുക വിഷമം ആയിരുന്നു.
കുറിച്യരുടെ ഭക്ഷണങ്ങളിൽ മുത്താറിപ്പുട്ട് ഉണ്ടാക്കുന്നതും വിളമ്പുന്നതും പ്രത്യേക രീതിയിലാണ്. 'കുറിച്യർ മുത്താറിപ്പുട്ട് വിളമ്പുന്നതുപോലെ' എന്നൊരു പറച്ചിൽ തന്നെയുണ്ട്. മുത്താറി റൊട്ടിയും ദോശയും ഉണ്ടാക്കിയിരുന്നു. ചാമയും തിനയും ഉപ്പുമാവിനും കഞ്ഞിക്കും റൊട്ടിക്കും എടുക്കാം.
മീനമാസം ആദ്യത്തിൽ കഞ്ഞിപ്പുല്ല് (ragi) പാകി മുളപ്പിച്ച് ഇടവമാസം ആദ്യത്തിൽ അത് നടുന്നു. ചിങ്ങമാസം ആദ്യത്തോടെ കതിരിട്ടു ഓണത്തോടുകൂടി വിളവെടുക്കുന്നു. വിളവെടുപ്പിനു ശേഷം ധാന്യമാക്കി പൊടിച്ചു കഞ്ഞി, അട, പുട്ട്, കുറുക്കു എന്നിവ തയ്യാറാക്കുന്നു.
മുത്താറി (റാഗി, കൂവരക്) അരച്ച് തുണിയിൽ അരിച്ചെടുക്കുക. ആ വെള്ളത്തിൽ ശര്‍ക്കര ചേര്‍ത്ത് വെന്താൽ തേങ്ങ ചിരകിയത് ചേർത്ത് കഴിക്കുക. (നാട്ടു ഭക്ഷണം, ബാലന് കുറുങ്ങോട്ട്)
അൻപതു വർഷത്തോളം യാതൊരു കേടും കൂടാതെ സൂക്ഷിക്കാവുന്ന ഭക്ഷണം ഏതാണെന്ന് അറിയാമോ?
പഞ്ഞപ്പുല്ല്, കൂവരക്, എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ഒരു ധാന്യമാണ് മുത്താറി അഥവാ റാഗി. ഇംഗ്ലിഷിൽ ഫിംഗർ മില്ലറ്റ് എന്നാണ് പറയുന്നത്. കാത്സ്യം, ഇരുമ്പ് എന്നീ ധാതുക്കളും നന്നായി അടങ്ങിയതിനാൽ ചെറിയ കുഞ്ഞുങ്ങൾക്ക് കുറുക്കുണ്ടാക്കാൻ പറ്റിയ ധാന്യമാണ് റാഗി. പ്രോട്ടീൻ, കൊഴുപ്പ് എന്നിവ ഇതിൽ നന്നായി അടങ്ങിയിരിക്കുന്നുണ്ട്. വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ളേവിൻ, നിയാസിൻ എന്നീ ഘടകങ്ങളും ഫോസ്ഫറസ് എന്ന ധാതുവും അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികൾക്ക് റാഗി ഉത്തമാഹാരമാണ്. റാഗിക്ക് മറ്റു ധാന്യങ്ങളെക്കാൾ സംഭരണശേഷി കൂടുതലുണ്ട്. അൻപതു വർഷത്തോളം കൂവരക് യാതൊരു കേടും കൂടാതെ സൂക്ഷിക്കാവുന്നതാണ്. അതിനാൽ ക്ഷാമകാലത്ത് കരുതി വയ്ക്കാൻ അനുയോജ്യമായ ധാന്യമാണിത്.
കർണാടകയിലെ പ്രധാന ധാന്യവിളയാണിത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഇതു ധാരാളമായി കൃഷിചെയ്തു വരുന്നു. മഴ വളരെ കുറഞ്ഞതും ജലസേചന സൗകര്യം ഇല്ലാത്തതുമായ പ്രദേശങ്ങളിലാണ് റാഗി, അല്ലെങ്കിൽ കൂവരക്ക് സാധാരണയായി കൃഷിചെയ്യുന്നത്.
ധാന്യവർഗങ്ങളിൽ വച്ച് ഉമിയുടെ അംശം ഏറ്റവും കുറഞ്ഞത് കൂവരകിലാണ്. ആറ് ശതമാനം. വളരെയധികം പോഷക മൂല്യങ്ങൾ കൂവരകിലുണ്ട്. കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ കൂടാതെ മാംസ്യവും കൂവരകിൽ അടങ്ങിയിരിക്കുന്നു. കാത്സ്യത്തിന്റെയും ഇരുമ്പിന്റെയും മികച്ച സ്രോതസ്സായ റാഗി ചെറിയ കുഞ്ഞുങ്ങൾക്ക്
കുറുക്കുണ്ടാക്കാൻ പറ്റിയതാണ്. ഇതിൽ പ്രോട്ടീന്‍, കാർബോഹൈട്രേറ്റ്, കാത്സ്യം, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ളേവിൻ, നിയാസിൻ എന്നീ ഘടകങ്ങളും ഇരുമ്പ്, ഫോസ്ഫറസ്, എന്നീ ധാതുക്കളും അടങ്ങിയിരിക്കുന്നു.
ക്യഷിരീതി
റാഗിക്യഷിക്ക് ശരാശരി 450- 500 മില്ലി മീറ്റർ മഴയാണ് ആവശ്യം. നന്നായി വിതരണം ചെയ്യപ്പെടുന്ന മഴയാണ് റാഗിക്ക് ഉത്തമം.
സീസൺ
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിവിധ സമയങ്ങളിൽ ഫിംഗർ മില്ലറ്റ് വളർത്തുന്നു. മഴയെ ആശ്രയിച്ചുള്ള വിളവെടുപ്പിന് തമിഴ്നാട്ടിൽ സാധാരണയായി ജൂൺ ജൂലൈ മാസങ്ങളിൽ വിത്ത് വിതയ്ക്കുന്നു. പിന്നീട് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലും, ജനുവരി മുതൽ ഫെബ്രുവരിവരെയും വിത്ത് വിതയ്ക്കുന്നു.
ഉഴവ്
ഈർപ്പം കുറച്ചുള്ള തരിശുനിലത്ത്, ആഴത്തിൽ ട്രാക്ടർ ഉപയോഗിച്ചോ, മരം കൊണ്ടോ രണ്ടുതവണ ഉഴണം, കട്ടയുടച്ചു വിത്തു പാകുന്നതിന് മുമ്പും വിത്ത് പാകിയ ശേഷവും. ഹെക്ടറിന് 15-20 കി.ഗ്രാം വിത്ത് ആവശ്യമാണ്.
വിത്തിൽ അസോസ്പെറില്ലം, 25 ഗ്രാം/കിലോ വിത്ത് എന്ന കണക്കിൽ കലർത്തുന്നതു ഗുണപ്രദമാണ്. വിത്ത് പാകുന്നതിന് മുമ്പും തുടർന്ന് വിതയ്ക്കുന്ന സമയത്തും ബയോ-ഫെർട്ടിലൈസറുകൾ ഉപയോഗിക്കുക.
വിളവെടുപ്പ്
പാകമായ ധാന്യത്തിൽ 30% ഈർപ്പം അടങ്ങിയിരിക്കുന്നു. 25 ശതമാനത്തിൽ കുറവുള്ളപ്പോൾ തന്നെ വിളവെടുക്കുന്നത് മൃദുവായ ധാന്യം ഉടയുവാൻ കാരണം ആവുന്നു. പരമ്പരാഗതമായ രീതി തന്നെയാണ് വിളവെടുപ്പിനു ഉപയോഗിക്കുന്നത്.
ശരിയായ മൂപ്പെത്തുമ്പോൾ വിളവെടുപ്പ് നടത്തണം. ഓരോ ധാന്യത്തിലും ഇത് വ്യത്യസ്തമാണ്. ധാന്യത്തിന്റെ ചുവടെയുള്ള കറുപ്പ് (ഇരുണ്ട) സ്ഥലത്ത് നോക്കി മൂപ്പ് നിർണ്ണയിക്കാവുന്നതാണ്. ഇല ഉണങ്ങുകയും മഞ്ഞനിറം വരുകയും ചെയ്യും. ധാന്യങ്ങൾ കഠിനവും ഉറച്ചതുമാകും. വിളവെടുപ്പിനു സാധാരണ രീതിയിലുള്ളതു തലപ്പുകൾ ആദ്യം മുറിച്ചു മാറ്റുകയും, വൈക്കോൽ ഒരാഴ്ച്ചക്കുശേഷം മുറിച്ചു സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്.
മെതിച്ചെടുക്കുന്നതിനു മുൻപ് വിളവെടുത്ത തലപ്പുകൾ ഉണക്കുന്നു. ഉണങ്ങിയ തലപ്പ് ചാക്കിൽ കെട്ടി കല്ല് ഉരുട്ടിയോ, വടികൊണ്ട് അടിച്ചോ മെതിച്ചെടുക്കുന്നു. പരമ്പരാഗത രീതിയിൽ ഷീറ്റിൽ ഇട്ടു ധാന്യം വൃത്തിയാക്കി സൂക്ഷിക്കണം. 14% ഈർപ്പം എന്ന തോതിൽ ഉണക്കുക. ദീർഘകാല സംഭരണത്തിനായി (6 മാസത്തിൽ കൂടുതൽ), ധാന്യഈർപ്പത്തിന്റെ അളവ് പരമാവധി 13,5% ഉണ്ടായിരിക്കണം.
സംഭരണത്തിന് മുമ്പ് ധാന്യം വൃത്തിയാക്കുക. ദൃഡവും മിനുസമുള്ളതുമായ തറയിൽ ധാന്യം ഉണക്കുക. അല്ലെങ്കിൽ നിലത്തു പരന്ന പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ച് അതിലിട്ട് ഉണക്കുക. ധാന്യം ഉണങ്ങുമ്പോൾ ഇടക്കിടെ ചിക്കിക്കൊടുക്കുക, പൊടിക്കാറ്റിൽ നിന്ന് അതിനെ സംരക്ഷിക്കാൻ ധാന്യം മൂടി വെക്കുക.
സംസ്കരണം
പരമ്പരാഗതമായി ചെയ്യുന്ന രീതി ഇങ്ങനെയാണ്. വിളവെടുക്കുന്ന തലപ്പ് 2-5 ദിവസം വരെ ഒരു ചാക്കിൽ കെട്ടിവെക്കുന്നു. പിന്നെ ഉണക്കുന്നു, കൈകൊണ്ടും വടികൊണ്ടും മെതിക്കുന്നു. അരിച്ചു വൃത്തിയാക്കിയ ധാന്യങ്ങൾ കഴുകി ഉണക്കി ആവശ്യത്തിനു പൊടിക്കുന്നു. മാൾട്ടിംഗ് അഥവാ മുളപ്പിക്കൽ കൊണ്ട് ധാന്യത്തിലെ ധാതുക്കളുടെ അളവ് കൂടുന്നു. പണ്ടുമുതലേ മുലയൂട്ടുന്ന കുട്ടികൾക്ക് കൊടുക്കാൻ മുളപ്പിച്ച റാഗി ഉപയോഗിക്കുന്നുണ്ട്. സി.എ.ഫ്.ടി.ആർ.ഐയിൽ നടത്തിയ ഗവേഷണത്തിൽ മുളപ്പിച്ച റാഗിയിൽ ഇരുമ്പ് 300% ഉം മാംഗനീസ് 17% ഉം വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കുട്ടികൾക്കു പുറമെ കഠിനാധ്വാനം ചെയ്യുന്നവർക്കും പ്രമേഹരോഗികൾക്കും റാഗി ഉത്തമാഹാരമാണ്. റാഗിപൊടിച്ചുണ്ടാക്കുന്ന മാവു കൊണ്ട് ഇലയപ്പം, ഇടിയപ്പം, പാലപ്പം, കൊഴുക്കട്ട, ഒറട്ടി, ഊത്തപ്പം, പുട്ട്, ദോശ, പൊങ്കൽ, പുഡിങ് തുടങ്ങി വിവിധ വിഭവങ്ങൾ ഉണ്ടാക്കാം. പഞ്ഞപ്പുൽപ്പൊടി കുറുക്കാൻ പശുവിൻപാലാണ് നല്ലത്. പശുവിൻപാലിനു പകരം തേങ്ങാപ്പാലും ഉപയോഗിക്കാം. നല്ല രുചിയും മണവും കിട്ടും. മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവുമാണ് നല്ലത്. അല്പം നെയ്യ് ചേർക്കുന്നതും നല്ലതാണ്.
കൂവരക് നല്ലൊരു ഔഷധസസ്യം കൂടിയാണ്. ഇതിന്‍റെ ഇലയിൽ നിന്നെടുക്കുന്ന നീര് സ്ത്രീകൾക്കു പ്രസവസമയത്ത് നല്കാറുണ്ട്.. നാട്ടുവൈദ്യത്തിൽ കുഷ്ഠം, കരൾരോഗം, വസൂരി, ന്യൂമോണിയ, പനി എന്നിവയ്ക്ക് ഉത്തമഔഷധമായും കൂവരകിനെ പരിഗണിക്കുന്നു.
കൃഷി വിജ്ഞാന കേന്ദ്രം , കോയമ്പത്തൂര്‍
ഭക്ഷ്യഅലർജിയും ഗ്ലൂട്ടൻ അടങ്ങിയ ധാന്യങ്ങൾ കഴിക്കാനാവാത്ത അവസ്ഥയും ആഗോളതലത്തിൽത്തന്നെ വലിയ പ്രശ്നങ്ങളാണ്. ഈ സ്ഥിതിയിൽ റാഗി ധാന്യത്തിന് വലിയൊരു ബദലായി ഉയർന്നുവരുകയാണ്. ഭക്ഷ്യനാരിന്റെ അധികരിച്ച അളവും മറ്റും പ്രമേഹരോഗികൾക്ക് ഉത്തമഭക്ഷണമായും ഇതിനെ മാറ്റുന്നുണ്ട്. 2022-ഓടെ റാഗിയുടെ ആഗോള വിപണി 51 ബില്യൻ അമേരിക്കൻ ഡോളറിലേക്ക് ഉയരുമെന്ന് "ഗ്ലോബൽ ഫിംഗർ മില്ലറ്റ് മാർക്കറ്റ് 2018-2022' വെളിപ്പെടുത്തുന്നു. ന്യൂട്രിസീരിയൽ എന്ന മാനം കൈവന്നതുകൂടിക്കൊണ്ടാണ് റാഗിയുടെ പ്രിയം ഇത്രയും വർദ്ധിച്ചത്.
കടപ്പാട്: കേരളകര്‍ഷകന്‍
അവസാനം പരിഷ്കരിച്ചത് : 2/15/2020