অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശുദ്ധതയുടെ മാധുര്യം നുകരാൻ കണ്ണൂരിലൊരു തേൻശാല

ശുദ്ധതയുടെ മാധുര്യം നുകരാൻ കണ്ണൂരിലൊരു തേൻശാല

ആമുഖം

തേനും പാലും ഒഴുകുന്ന നാടെന്ന് കേട്ടുകേൾവി മാത്രമല്ലേ ഉള്ളു. എന്നാൽ അത്തരമൊരു സ്ഥലമുണ്ട് കണ്ണൂരിൽ. ഇത് വെറും വാക്കല്ല കേട്ടോ. തേനിന്റെ നിരവധി വൈവിധ്യങ്ങളും രുചിഭേദങ്ങളുമുണ്ട് ഈ കേന്ദ്രത്തിൽ.കണ്ണൂർ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിലെ വളെക്കെ -നെടുമുണ്ടയിൽ സ്ഥിതി ചെയ്യുന്ന മലബാർ ഹണി ആന്റ് ഫുഡ് പാർക്കിലാണ് ഈ തേൻ ശേഖരം ഒരുക്കിയിരിക്കുന്നത്. 7000 സ്ക്വയർ അടി വിസ്തീർണ്ണത്തിൽ എല്ലാ ആധുനിക  സൗകര്യങ്ങളോടും കൂടിയ കെട്ടിടവും ഏറ്റവും അത്യാധുനിക ഇലക്ട്രോണിക് തേൻ സംസ്കരണ സംവിധാനവുമാണ് ഇവിടെയുള്ളത്.
അക്മാർക്ക് പരിശുദ്ധിയോടെ വ്യത്യസ്ത രുചിയിലും മണത്തിലുമുള്ള നിരവധി തേനുകളാണ് ഇവിടെ ശുദ്ധീകരിച്ച് വില്പനക്കെത്തിക്കുന്നത്. തുളസി, ലിച്ചി, മല്ലി, കരഞ്ച്, സൺഫ്ലവർ, മുരിങ്ങ, സുർബുജ, ഞാവൽ, ചെറുതേൻ, കാട്ടു തേൻ തുടങ്ങി വലിയൊരു ശേഖരമാണ് ഇവിടെ ബാരലുകളിൽ നിറച്ചിരിക്കുന്നത്.പുരാതന കാലം മുതൽ തന്നെ തേനീച്ച വളർത്തൽ ഉണ്ടായിരുന്നെങ്കിലും കർഷകർക്ക് പറയത്തക്ക ലാഭമോ സ്ഥിരവരുമാനമോ ഇതിൽ നിന്നും ലഭിച്ചിരുന്നില്ല. ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കി തേനീച്ച കൃഷി വ്യാപിപ്പിക്കുക എന്ന ഉദ്യേഗവത്തോടെയാണ് മാനേജിംഗ് ഡയരക്ടറായ പയ്യാവൂർ സ്വദേശി ഷാജു ജോസഫും പ്രസിഡൻറായ നെല്ലിക്കുറ്റി സ്വദേശി സി.മനോജ്കുമാറും ചേർന്ന് മലബാർ ഹണി ആന്റ് ഫുഡ് പാർക്ക് ആരംഭിച്ചത്. തുടക്കത്തിൽ പല പ്രതിസന്ധികളും ഉണ്ടായിരുന്നെങ്കിലും തേനിന്റെ ഗുണമേൻമയും കർഷകരുടെ വിശ്വാസ്യതയും സ്ഥാപനത്തെ ഉയർച്ചയുടെ കൊടുമുടിയിലെത്തിച്ചു.

പ്രത്യേകതകള്‍

ഹോർട്ടികോർപ്പ് നടപ്പിലാക്കി വരുന്ന തേനീച്ച വളർത്തൽ പദ്ധതിയിലൂടെ കർഷകർക്ക് തേനീച്ച പരി പാലനത്തെപ്പറ്റിയും തേൻ ശേഖരണത്തെപ്പറ്റിയും ക്ലാസുകൾ നല്കി 40 ശതമാനം സബ്സിഡിയോടു കൂടി തേനീച്ച കൃഷി ചെയ്യുന്നതിനുളള സാമ്പത്തിക സഹായം നല്കുകയും തുടർന്ന് അവരിൽ നിന്നും നേരിട്ട് തേൻ ശേഖരിച്ച് സംസ്കരിച്ച് ഹോളി ബീ ഹണി എന്ന ബ്രാൻറ് നെയിമോടുകൂടി മാർക്കറ്റിലെത്തിക്കുകയാണ് ചെയ്യുന്നത്. ഉല്പാദിപ്പിക്കുന്ന തേനിന് പരമാവധി വില നല്കുന്നതിനാൽ മലയോര തേനീച്ച കർഷകരുടെ വിശ്വാസ്യ കേന്ദ്രമായി മലബാർ ഹണി ആന്റ് ഫുഡ് പാർക്ക് മാറി.

കേരളത്തിൽ മാത്രമൊതുങ്ങുന്നില്ല  ഷാജുവിന്റെയും മനോജിന്റെയും തേൻ വ്യവസായം. കേരളത്തിൽ നിന്നും ആവശ്യത്തിന് തേൻ ലഭിക്കാതെ വന്നപ്പോൾ ഉത്തരേന്ത്യയിലക്കും പ്രവർത്തനം വ്യാപിപ്പിച്ചതോടെ തേനിന്റെ നിരവധി രുചിഭേദങ്ങളാണ് കേരളത്തിലെത്തിയത്. ഓരോ തേനിനും ഓരോ രുചി എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇതോടെ ഈ മേഖലയിൽ  തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞു.
ആധുനിക ഇലക്ട്രോണിക് തേൻ സംസ്കരണ ഉപകരണങ്ങളാണ് ഇവിടെ ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്നതെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. ആദ്യം കർഷകരിൽ നിന്നും ശേഖരിക്കുന്ന തേനിന്റെ ഇണനിലവാരം കണക്കാക്കുന്നു. പിന്നീട് ശുദ്ധീകരണ പ്ലാന്റിലിട്ട് തേൻ ചൂടാക്കിയ ശേഷം ഫിൽട്ടറിങ്ങും പ്രൊസസിങ്ങും ചെയ്ത് 45  ഡിഗ്രി ചൂടിൽ ബാഷ്പീകരിക്കുകയും പിന്നിട് ഒരിക്കൽ കൂടി അരിക്കുകയും ചെയ്ത് ബാരലുകളിൽ സൂക്ഷിക്കുന്നു. പിന്നീട് ബ്രാന്റ് നെയിമോടെ ആവശ്യാനുസരണം കുപ്പികളിൽ നിറക്കുന്നു. ഈ രീതിക്ക് പുറമെ ഹോട്ട് എയർ സർക്കുലറ്റിങ്ങ്  സിസ്റ്റവും ഇവിടെ ഉയോഗിക്കാറുണ്ട്.
ഇന്ന്  മാർക്കറ്റിൽ കുറഞ്ഞ വിലക്ക് വിവിധ ബ്രാൻറുകളുടെ ലേബലിൽ നിരവധി തേനുകൾ ലഭ്യമാണ്.  പക്ഷേ അവയുടെ ഗുണനിലവാരം എത്രയാണെന്ന് നമുക്ക് അളക്കാൻ കഴിയില്ല. എന്നാൽ മലബാർ ഹണി ആന്റ് ഫുഡ് പാർക്കിലെത്തുന്നവർക്ക് തേൻ ശേഖരണം മുതൽ വില്പനവരെയുള്ള എല്ലാ ഘട്ടങ്ങളും കണ്ട് ഗുണനിലവാരം മനസിലാക്കാമെന്നതാണ് പ്രത്യേകത.
" ഇവിടെ എല്ലാം സുതാര്യമാണ്. ഞങ്ങൾക്ക് ഒന്നും ഒളിക്കാനില്ല. കാരണം ശുദ്ധതയാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നതും നല്കുന്നതും". ഷാജു ജോസഫിന്റെ വാക്കുകളാണിത്. ഈ നിശ്ചയദാർഢ്യവും സത്യസന്ധതയുമാണ് മലബാർ ഹണി ആന്റ് ഫുഡ് പാർക്കിനെ ഇന്ന് പത്ത് കോടി രൂപ വിറ്റു വരവുള്ള കമ്പനിയാക്കി ഉയർത്തിയത്.

കടപ്പാട് : malayalam.krishijagran.com

അവസാനം പരിഷ്കരിച്ചത് : 7/11/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate