വനിതകളേ സംരംഭകരാകൂ
ഏതു സംരംഭ മേഖലയും തങ്ങള്‍ക്ക് അന്യമോ അപ്രാപ്യമോ അല്ലെന്ന് അംഗനമാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഇക്കൂട്ടര്‍ എണ്ണത്തില്‍ തുലോം കുറവാണെങ്കിലും സ്വന്തമായൊരു സംരംഭം എന്നതു മനസില്‍ സ്വപ്നമായി സൂക്ഷിക്കുന്ന വനിതകള്‍ നിരവധിയാണ്. ഇത്തരത്തില്‍ ആദ്യചുവടു വയ്ക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി ഏതാനും സംരംഭമേഖലകള്‍ പരിചയപ്പെടുത്തുകയാണിവിടെ. ഓര്‍ക്കുക, വന്‍വിജയം കൈവരിച്ച വനിതാസംരംഭകര്‍ പോലും ചെറിയ ചുവടുവയ്പുകളിലൂടെയാണ് വലിയ ഉയരങ്ങളിലേക്കു കയറിയെത്തിയത്.
മികച്ച 10 സംരംഭമേഖലകള്‍ പരിചയപ്പെടുത്തുന്നു. ഇവ സംബന്ധിച്ച് കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങളും മറ്റും ലഭിക്കുന്നതിന് കാര്‍ഷികരംഗം ഡോട്ട് കോമുമായി ബന്ധപ്പെടുക. അംഗനമാരേ വരൂ നമുക്ക് ഈ അങ്കം ജയിക്കാം.
സാധാരണയായി നാം കണ്ടുവരുന്ന മിഠായികളല്ല ഇവ. ഉരുളകളായോ ചതുരക്കട്ടകളായോ ബേക്കറികളിലും മറ്റും വില്പനയ്ക്കു വച്ചിരിക്കുന്ന ചോക്കലേറ്റുകള്‍ കണ്ടിട്ടില്ലേ. ആകര്‍ഷകമായ രീതിയില്‍ അലൂമിനിയം ഫോയിലിലും മറ്റും പൊതിഞ്ഞ് നിര്‍മാതാവിന്റെ പേരുമൊക്കെ പ്രദര്‍ശിപ്പിച്ചായിരിക്കും ഇവ ചില്ലലമാരികളില്‍ വച്ചിരിക്കുക. ഇവയോരോന്നും ഏതെങ്കിലും സംരംഭകരുടെ ഉല്പന്നങ്ങളാണ്. വളരെ ലഘുവായ സാങ്കേതിക വിദ്യയാണ് ഈ സംരംഭ മേഖലയിലുള്ളത്. മൊത്തം മൂലധനച്ചെലവ് രണ്ടു ലക്ഷം രൂപ.
പാലിനെ സംബന്ധിച്ച് പറയപ്പെടുന്നൊരു കാര്യമുണ്ട്. ഓരോ തവണത്തെ മൂല്യവര്‍ധനയും കഴിയുമ്പോള്‍ ഇരട്ടിയെന്ന നിരക്കിലാണ് ലാഭം ഉയരുന്നത്. പാലിനു കിട്ടുന്നതിനെക്കാള്‍ ലാഭമാണ് തൈരാക്കുമ്പോള്‍ കിട്ടുന്നത്. ഇതിനെക്കാള്‍ ആദായമാണ് സംഭാരമാക്കുമ്പോള്‍ കിട്ടുന്നത്. വെണ്ണയ്ക്കും നെയ്ക്കും വിപണി കണ്ടെത്തുമ്പോള്‍ ലാഭം വീണ്ടും വര്‍ധിക്കുന്നു. ഗുണമേന്മയുള്ള പാല് ചുറ്റുവട്ടത്തു നിന്നു ശേഖരിച്ച് അതിലെ കൊഴുപ്പ് നീക്കിയശേഷം ഉറയൊഴിച്ച് തൈര്, യോഗര്‍ട്ട്, സംഭാരം മുതലായവയുണ്ടാക്കി വിപണനം ചെയ്യുന്നത് തുടക്കക്കാര്‍ക്ക് ഏറെ യോജിച്ചതാണ്. യന്ത്രങ്ങളുടെ സഹായത്തോടെ നീക്കം ചെയ്യുന്ന കൊഴുപ്പിനെ നെയ്യാക്കി മാറ്റി അധികവരുമാനമുണ്ടാക്കുകയുമാകാം. ഈ സംരംഭത്തിന് ഏകദേശ മൂലധനച്ചെലവ് മൂന്നു ലക്ഷം രൂപ.
കോഴിക്കോട്ടു ചെല്ലുന്നവര്‍ ഹല്‍വയുടെ രുചി നോക്കാതെ തിരിച്ചുപോരാറില്ല. അതു പോലെ തലശേരിയില്‍ പോകുന്നവര്‍ കിണ്ണത്തപ്പത്തിന്റെയും ഒടവാഴയ്ക്കയുടെയും രുചിയാണ് തേടുന്നത്. കാസര്‍കോട്ടു ചെന്നാല്‍ കല്ലുമ്മക്കായും കോട്ടയത്തു വന്നാല്‍ ചുരുട്ടുമൊക്കെയാവും രസമുകുളങ്ങളെ ഉത്തേജിപ്പിക്കുക. കേരളത്തിലെ ഓരോ നാടിനും സ്വന്തമായ വിഭവങ്ങളും രുചിശീലങ്ങളുമുണ്ട്. ഇവയെ വേണ്ടരീതിയില്‍ വിപണനം നടത്തുകയാണ് വംശീയഭക്ഷണങ്ങളില്‍ സംരംഭം തുടങ്ങുന്നവര്‍ ചെയ്യുന്നത്. ഓര്‍ക്കുക, കൊഴുക്കട്ടയും ഓട്ടടയുമൊക്കെ ഇത്തരത്തില്‍ വിപണന സാധ്യതയുള്ളവയാണ്. തോരന്‍, തീയല്‍, അവിയല്‍, ഓലന്‍, എരിശേരി തുടങ്ങിയ കറിയിനങ്ങള്‍ക്കും ഇത്തരത്തില്‍ വിപണനസാധ്യത തേടാവുന്നതാണ്. ഈ സംരംഭത്തിനു മൂലധനച്ചെലവ് ഒരുലക്ഷം രൂപ മുതല്‍.
നോണ്‍വെജിറ്റേറിയന്‍മാരുടെ സ്വന്തം നാടായ കേരളത്തില്‍ ഏറ്റവുമധികം വിജയസാധ്യതയുള്ള സംരംഭമേഖലയാണ് കറിപ്പീസുകളുടേത്. മത്സ്യമായാലും മാംസമായാലും കഴിക്കുന്നവര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം അവയെ കറിക്കു പാകമാകുന്ന രീതിയില്‍ വെട്ടിയും നുറുക്കിയും ഒരുക്കുന്നതാണ്. അതായത് കടയില്‍ നിന്നു മീനും ഇറച്ചിയും ഒരു തവണത്തെ മൂല്യവര്‍ധന മാത്രം നടത്തിയ ശേഷം വിപണനം ചെയ്യുന്നതാണ് ഈ സംരംഭത്തിന്റെ അടിസ്ഥാന തത്വം. ഇറച്ചിയാണെങ്കില്‍ കറിക്ക് ഉപയോഗിക്കേണ്ട രീതിയില്‍ നുറുക്കി കഴുകിയെടുത്ത് വിപണനം നടത്തുക. കട്ലറ്റിനും മറ്റും പാകത്തില്‍ മിന്‍സ് ചെയ്തും വിപണനം നടത്താം. മീനാണെങ്കില്‍ വെട്ടിയൊരുക്കി ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞ് വിപണനം നടത്താം. മൂലധനച്ചെലവ് ഒരു ലക്ഷം രൂപ മുതല്‍.
ചെടി നട്ട് വളര്‍ത്തി അതില്‍ നിന്നുള്ള പൂക്കള്‍ വിപണനം നടത്തുന്നത് സാധാരണ രീതി. എന്നാല്‍ പൂക്കള്‍ കാഴ്ചവയ്ക്കുന്ന മറ്റൊരു നിറമുള്ള സംരംഭ മേഖലയുണ്ട്. പുഷ്പാലങ്കാരങ്ങളുടെ ലോകമാണിത്. ജനനം മുതല്‍ ചാവു വരെയെന്തിനും പൂക്കളെ ഉപയോഗിക്കുന്ന ആധുനിക സംസ്കാരം നാട്ടില്‍ വളര്‍ന്നു കൊണ്ടാണിരിക്കുന്നത്. ഇത്തരം ഉപഭോഗശീലം പ്രചരിപ്പിക്കുന്നതിലും സംരംഭകര്‍ ശ്രദ്ധ ചെലുത്തുന്നതു നന്നായിരിക്കും. വിവാഹ വാര്‍ഷികം, ചരമ വാര്‍ഷികം, പിറന്നാള്‍, ആദ്യകുര്‍ബാന, കടകളുടെ ഉദ്ഘാടനം തുടങ്ങിയ മുഹൂര്‍ത്തങ്ങള്‍ക്കു ചാരുത പകരാന്‍ പൂക്കളെപ്പോലെ മറ്റൊന്നിനും സാധിക്കില്ല. ഇത്തരം സന്ദര്‍ഭങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പുഷ്പാലങ്കാരങ്ങളുടെ ഓര്‍ഡറുകളെടുക്കുന്നതിനു സാധിക്കും. മൂലധനച്ചെലവ് അമ്പതിനായിരം രൂപ മുതല്‍.
സാധാരണ അരിപ്രാവിനെയോ അമ്പലപ്രാവിനെയോ കണ്ടാലും ആരും നോക്കി നിന്നുപോകും. പക്ഷികള്‍ക്ക് മനുഷ്യ മനസിനെ ആകര്‍ഷിക്കാനുള്ള കഴിവ് അത്രയധികമാണ്. അങ്കവാലു വിരിച്ച് നില്ക്കുന്ന പൂവന്‍കോഴി പോലും എത്ര ആകര്‍ഷകമായ ദൃശ്യമാണ്. ഓമനപ്പക്ഷികളുടെ ലോകത്തേക്ക് കടന്നാല്‍ മോഹവിലയാണ് ഏറ്റവും വലിയ ആകര്‍ഷണം. നിശ്ചിതമായ വില ഇവയ്ക്കൊന്നിനുമില്ല. ലവ്ബേര്‍ഡുകള്‍ക്കു പണ്ടേതന്നെ ആവശ്യക്കാരേറെയുള്ളതാണ്. ഇവയുടെ ശ്രേണിയിലേക്ക് അടുത്തകാലത്ത് കടന്നു വന്നിരിക്കുന്നത് ഫെസന്റുകളും വിദേശത്തത്തകളുമൊക്കെയാണ്. പ്രാവുകളില്‍ പോലും നിരവധി പുതിയ ഇനങ്ങള്‍ പ്രചാരത്തിലാകുന്നു. ലവ്ബേര്‍ഡുകളില്‍ പോലും പുതിയ ഇനങ്ങള്‍ അവതരിച്ചുകൊണ്ടാണിരിക്കുന്നത്. സ്വന്തമായി ഇവയെ വളര്‍ത്തി മുട്ട ശേഖരിച്ച് കുഞ്ഞുങ്ങളെ വിരിയിച്ചാണ് വിപണനത്തിനു തയ്യാറാക്കേണ്ടത്. മൂലധനച്ചെലവ് മൂന്നു ലക്ഷം രൂപ മുതല്‍.
കേരളത്തിലും ഇപ്പോള്‍ ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ചികിത്സാ സമ്പ്രദായമാണ് പെറ്റ് തെറാപ്പി. മത്സ്യങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയുടെ അലങ്കാരയിനങ്ങളെ ഉപയോഗിച്ച് രോഗം സുഖമാക്കുന്ന രീതിയാണിത്. ഇവയ്ക്കൊപ്പമായിരിക്കുമ്പോള്‍ മനുഷ്യര്‍ തങ്ങളുടെ രോഗങ്ങളെ മറക്കുന്നു എന്നതു തെളിഞ്ഞു കഴിഞ്ഞിട്ടുള്ളതാണ്. മനസ്സും ശരീരവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ മനസ്സിന്റെ ആരോഗ്യം ശരീരത്തിന്റെ ആരോഗ്യമായി മാറുന്നു. മീനുകളോളം മനുഷ്യ മനസ്സിനെ ആനന്ദിപ്പിക്കാന്‍ സാധിക്കുന്ന ജീവികള്‍ കുറവാണ്. ഇതിനു കാരണം അവ അനങ്ങാതെ നില്ക്കുന്ന സമയം തീരെ കുറവാണെന്നതാണ്. പോരെങ്കില്‍ അക്വേറിയത്തിന്റെ ഇത്തിരി സ്ഥലത്തു തന്നെയാണ് അവരുടെ ചലനവും. ഇത്തരം മീനുകളെ മുട്ടവിരിയിച്ചും വളര്‍ത്തി വലുത്താക്കിയും വിപണനം നടത്തുന്നതാണ് സംരംഭത്തിന്റെ സ്വഭാവം. അക്വേറിയം സസ്യങ്ങളുടെ വിപണനവും ഇതിന്റെ ഭാഗമായി നടത്താം.
കേരളത്തിലെവിടെയും വിജയസാധ്യതയുള്ള സംരംഭ മേഖലയാണിത്. നാലു തരത്തിലാണിതിന്റെ വിപണനസാധ്യത. കൂണ് വളര്‍ത്തി അങ്ങനെ തന്നെ വില്‍ക്കുന്നത് ഒരു രീതി. കൂണിനൊപ്പം കൂണ്വിഭവങ്ങള് കൂടി വില്‍ക്കുന്നത് മറ്റൊരു രീതി. ഇവയ്ക്കു പുറമെ കൂണിന്റെ വിത്തുകൂടി വിപണിയിലിറക്കാവുന്നതേയുള്ളൂ. കൂണുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശീലനം നല്‍കുന്നത് നാലാമത്തെ സംരംഭ സാധ്യത. കേരളത്തില്‍ ഇന്നിപ്പോള്‍ പ്രചാരത്തിലുള്ളത് ചിപ്പിക്കൂണും പാല്‍ക്കൂണും ബട്ടണ്‍ കൂണുമാണ്. ഇതില്‍ ബട്ടണ്‍ മഷ്റൂം തണുപ്പുള്ള പ്രദേശങ്ങളിലാണ് നന്നായി വളരുന്നത്. ശേഷിക്കുന്നതു രണ്ടിനവും എവിടെയും വളരുന്നവയാണ്. സാങ്കേതിക വൈദഗ്ധ്യം വേണ്ട മേഖലയായതിനാല്‍ ആദ്യം ഏതെങ്കിലും പരിശീലന പരിപാടിയില്‍ പങ്കെടുത്ത് അടിസ്ഥാനതത്വങ്ങള്‍ മനസ്സിലാക്കിയിരിക്കണം. മൂലധനച്ചെലവ് ഒരു ലക്ഷം രൂപ മുതല്‍.
പരമ്പരാഗതമായി ചെയ്തുപോരുന്നൊരു സ്വയം തൊഴിലാണ് ആടുവളര്‍ത്തലെങ്കിലും സംരംഭം എന്ന നിലയില്‍ ഇതിനെ സമീപിക്കുമ്പോഴാണ് ലാഭ സാധ്യ വര്‍ധിക്കുന്നത്. ആര്‍ക്കും ആടുവളര്‍ത്തലിലേക്കു തിരിയാനാവില്ല. ഏതാനും ഭൗതികസാഹചര്യങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമാണ്. ആടുകളെ അഴിച്ചുവിട്ടു വ്യായാമം നല്‍കുന്നതിനുള്ള അവസരമാണ് പ്രധാനമായി വേണ്ടത്. അല്ലെങ്കില്‍ ഇറച്ചിക്കു വേണ്ടി മാത്രമായി ഇവയെ വളര്‍ത്തുന്നതിനെപ്പറ്റി ചിന്തിക്കണം. എന്നാല്‍ സംരംഭം വിജയകരമാകണമെങ്കില്‍ ഇറച്ചിക്കും കുട്ടിക്കും ഒരു പോലെ ശ്രദ്ധ നല്‍കണം. ആട്ടിന്കുട്ടികളുടെ വിപണി അനുദിനം വളരുന്നതേയുള്ളൂ. പോരെങ്കില്‍ മലബാറി അല്ലാത്ത വിവിധയിനങ്ങള്ക്കും പ്രിയമേറുന്നു. മൂലധനച്ചെലവ് രണ്ടു ലക്ഷം രൂപ മുതല്‍
കേരളത്തില്‍ അടുത്തകാലത്തായി പ്രചാരം കിട്ടിവരുന്ന സംരംഭ മേഖലയാണ് റെഡി ടു കുക്ക് വിഭവങ്ങളുടേത്. പണ്ടേ റെഡി ടു ഈറ്റ് അഥവാ റെഡി ടു സേര്‍വ് വിഭവങ്ങള്‍ ഇവിയെ ഉണ്ടായിരുന്നതാണ്. ഇവയുടെ പ്രഥാന പ്രശ്നം മലയാളിയുടെ അരോഗ്യശീലങ്ങളുമായി ഇവ പൊരുത്തപ്പെട്ടു പോകുന്നില്ല എന്നതാണ്. എന്തൊക്കെ സംരക്ഷവസ്തുക്കള്‍ ചേര്‍ത്താണിവ വിപണിയിലെത്തിക്കുന്നതെന് ചിന്തിക്കുമ്പോള്‍ കഷ്ടപ്പെട്ടാലും സ്വയം പാചകം ചെയ്യാമെന്നു തീരുമാനിക്കും. എന്നാല്‍ പാചകത്തിന് വസ്തുക്കള്‍ ഒരുക്കിയെടുക്കുന്നതാണ് ശ്രമകരം. ഇതിനൊരു പരിഹാരമാണ് നുറുക്കിയ കറിക്കൂട്ടുകള്‍, അരച്ച ദോശമാവ് തുടങ്ങിയവ. മൂലധനം ഒരു ലക്ഷം രൂപ മുതല്‍.
അവസാനം പരിഷ്കരിച്ചത് : 2/15/2020
വിശദ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
ഇക്രിസാറ്റ് കൃഷിശാസ്ത്രത്തിന്റെ ആവശ്യകത
പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്ന കരകൌശല വിദ്യകളെയും...