অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാബേജും കോളിഫ്ലവറും നടാം

കാബേജും കോളിഫ്ലവറും നടാം

കാബേജും കോളിഫ്ലവറും നടാം

കേരളത്തിലും വിളയുന്ന ശീതകാല പച്ചക്കറികളായ കാബേജ് കോളിഫ്ലവര്‍, കാരറ്റ്, കാപ്‌സിക്കം, ബീറ്റ്‌റൂട്ട്, ബ്രോക്കോളി, റാഡിഷ്, പാലക്ക്, എന്നിവ നടാന്‍ സമയമായി. നല്ല വിത്ത് പാകിയോ അല്ലെങ്കില്‍ തൈകള്‍ വാങ്ങിച്ചോ നടീല്‍ തുടങ്ങും.വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ (V.F.P.C.K), കേരള കാര്‍ഷിക സര്‍വ്വകലാശാല, കൃഷിവകുപ്പ് എന്നിവയില്‍ നിന്ന് വിത്തും തൈകളും ലഭ്യമാണ്.

കോളിഫ്ലവര്‍/, കാബേജ്

വിത്തു പാകിയ ശേഷം തൈകള്‍ നവംബര്‍ 10 നുള്ളില്‍ തന്നെ പറിച്ചു നടണം. തൈകള്‍, നഴ്‌സറിയില്‍ നിന്ന് പറിച്ചു നടുന്ന വിളകളാണ് കാബേജും കോളിഫ്ലവറും. ഇവയുടെ വിത്ത് കടുകുമണിമാതിരിയാണ്. നഴ്‌സറിയുണ്ടാക്കുന്നവര്‍ നല്ല ശ്രദ്ധ നല്‍കിയില്ലെങ്കില്‍ വിത്ത് മുളക്കില്ല. തുറസ്സായ നിലത്തോ ട്രേയിലോ ഒക്കെ വിത്ത് പാകാം.

മണല്‍, മേല്‍മണ്ണ്, ഉണക്ക ചാണകപ്പൊടി/കമ്പോസ്റ്റ് എന്നിവ 1:1:1 എന്നയനുപാതത്തില്‍ ചേര്‍ത്തമിശ്രിതം നിറച്ച് വിത്തിടണം.

വിത്ത് മുളക്കുന്നതിന് നഴ്‌സറിയിലെ മണ്ണ് രോഗാണുവില്ലാത്ത നിലയിലാക്കണം. ഇതിന് ഫൈലോലാന്‍/ (കോപ്പര്‍ ഓക്‌സിക്ലോറൈഡ്) എന്ന കുമിള്‍നാശിനി 4 ഗ്രാം 1 ലിറ്റര്‍ വെള്ളം ചേര്‍ത്തിളക്കിയ ലായനി മണ്ണില്‍ ഒഴിച്ചിളക്കണം.

തവാരണയില്‍ (നഴ്‌സറി) പത്ത് സെ.മീറ്റര്‍ അകലത്തില്‍ വരികളാക്കി അതില്‍ 3 സെ.മീറ്റര്‍ അകലം നല്‍കി വിത്തിടണം. അരമുതല്‍ 1 സെ.മീറ്റര്‍ വരെയാഴത്തിലെ വിത്ത് ഇടാവൂ. നന്നായി നനച്ച് 4-5 ദിവസമായാല്‍ വിത്തുകള്‍ മുളക്കും.കാബേജും കോളിഫ്ലാവറും 1 മാസത്തെ പ്രായമായാല്‍ തൈകള്‍ പിഴുത് മുഖ്യകൃഷിയിടത്തില്‍ നടണം.നല്ല സൂര്യപ്രകാശം തട്ടുന്ന നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ കാബേജ്, കോളിഫ്ലാവര്‍ എന്നിവ നടാം.

ഒരടി വീതി അരയടി ആഴം, ആവശ്യത്തിന് നീളം ഇവയുള്ള ചാലുകള്‍ 2 അടി അകലം നല്‍കിയുണക്കണം. ഇതില്‍ മേല്‍മണ്ണ്, ഉണക്കചാണകപ്പൊടി, ഇവ സെന്റിന്‍ നൂറ് കിലോ വീതം ചേര്‍ക്കണം. ഇവ ചാലിന്റെ മുക്കാല്‍ഭാഗം എത്തും വരെ മൂടിയിടണം.

ഇങ്ങനെയുള്ള ചാലുകളില്‍ ഒന്നരയടിയകലത്തില്‍ തൈകള്‍ നടുക.നട്ട് 3-4 ദിവസം തണല്‍ കമ്പ് നാട്ടി നനക്കണം.നടീല്‍ കഴിഞ്ഞ് 10 ദിവസമായാല്‍ സെന്റൊന്നിന് 1 കി.ഗ്രാം ഫാക്ടം ഫോസു അര കി.ഗ്രാം പൊട്ടാഷും ചേര്‍ക്കണം.ആദ്യ വളമിടീല്‍ കഴിഞ്ഞാല്‍ 35 ദിവസശേഷം 1 കിലോ ഫാക്ടംഫോസും അരകിലോ പൊട്ടാഷും നല്‍കിയിരിക്കണം. പിന്നീട് 2 ആഴ്ചക്കുശേഷം 1 കിലോ ഫാക്ടം ഫോസും കൂടി ചേര്‍ക്കാം.

രണ്ടാമത്തെയും മൂന്നാമത്തെയും വളം ചേര്‍ക്കലിന് ശേഷം മണ്ണ് കോരി/കയറ്റി ഇട്ടുകൊടുക്കണം. ജൈവരീതിയാണെങ്കില്‍ ചുവട്ടില്‍ ആദ്യം തന്നെ സ്യൂഡോമോണാസ് ലായനിയില്‍ വേരുകള്‍ മുക്കിയ ശേഷം നടണം. മണ്ണിരവളം, കടലപ്പിണ്ണാക്ക്, ട്രൈക്കോഡെര്‍മ്മ മിശ്രിതം ഇവ ചേര്‍ക്കാം.

ചെടികള്‍, വളര്‍ന്നു വരുന്നതിനനുസരിച്ച് മണ്ണ് കയറ്റിയിടണം.തൈകള്‍ ചീയാതിരിക്കാന്‍ ആദ്യമേ തന്നെ നഴ്‌സറിയില്‍ കുമിള്‍ നാശിനിയായ ഫൈറ്റോലാന്‍ തളിക്കണം.മഴയുടെ തോതനുസരിച്ച് നനക്രമീകരണം ആവശ്യമാണ്.തൈകള്‍ നട്ട് 40 മുതല്‍ 45 ദിവസമായാല്‍ കോളിഫ്ലാവര്‍ വിരിഞ്ഞു വരും. കാബേജില്‍ ഹെഡ് തൈകള്‍ നട്ട് 55-60 ദിവസമായാല്‍ വിടരും. ഇവ വിരിഞ്ഞ് 8-10 ദിവസമായാല്‍ പറിക്കാം. കോളിഫ്ലാവര്‍ കാര്‍ഡ്, പൂര്‍ണ്ണ വളര്‍ച്ചയെത്തി ഒതുങ്ങിയിരിക്കുമ്പോള്‍ തന്നെ വിളവെടുക്കണം.വിളവെടുക്കാന്‍ വൈകിയാല്‍ കര്‍ഡ് വിടര്‍ന്നു പോകും

കോളിഫ്ലാവര്‍ കര്‍ഡുകള്‍ക്ക് നല്ല നിറം കിട്ടാനായി സൂര്യപ്രകാശം അടിക്കാതെ കര്‍ഡുകള്‍ വിരിഞ്ഞു കഴിയുമ്പോള്‍ ചുറ്റുമുള്ള ഇലകള്‍ കൊണ്ട് പൊതിഞ്ഞ് കൊടുക്കാം.കാബേജും വളര്‍ച്ചയെത്തിയാല്‍ ഉടന്‍ തന്നെ വിളവെടുക്കണം.

ഇല തീനിപ്പുഴുശല്യം വരാതിരിക്കാന്‍ വേപ്പെണ്ണ കാന്താരി മുളകരച്ചുചേര്‍ത്തലായനി തളിക്കുക. മാലത്തിയോണ്‍ 2 മി.ലി. 1 ലിറ്റര്‍ പച്ചവെള്ളത്തില്‍ ചേര്‍ത്ത് തളിച്ചാലും പുഴുശല്യം വിടും. കഴിയുന്നതും പൂര്‍ണ്ണമായി ജൈവരീതിയവലംബിച്ചുതന്നെ കാബേജും കോളിഫ്ലാവറും നടുന്നതാണ് നല്ലത്. ഇതേപ്പോലെ കാപ്‌സിക്കം വിത്തിട്ട് തൈകള്‍ പറിച്ചു നടണം. കാരറ്റ് സപ്തംബര്‍ മുതല്‍ ജനവരി വരെ കൃഷിയിറക്കാം. 1 സെന്റിന് 25 ഗ്രാം കാരറ്റു വിത്തുമതി. ബീറ്റ്‌റൂട്ട് ഇതേപോലെ ഇപ്പോള്‍ കൃഷിയിറക്കാം.

കെ. ജാഷിദ്

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate