অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കോള്‍കൃഷിക്കൊരു വികസനരേഖ

കോള്‍കൃഷിക്കൊരു വികസനരേഖ

ജൈവവൈവിധ്യത്തിൽ സമൃദ്ധമായ കോൾനിലങ്ങൾ തൃശൂർ, മലപ്പുറം ജില്ലകളിലായി 13632 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. തെക്ക് ചാലക്കുടി പുഴയുടേയും വടക്ക് ഭാരതപ്പുഴയുടേയും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ ഭൂപ്രദേശം എക്കൽമണ്ണ് അടിഞ്ഞു ചേരുന്നതു വഴി വളരെ ഫലഭൂയിഷ്ഠമാണ്. തൃശൂർ കോൾനിലങ്ങൾ കരുവന്നൂർ, കേച്ചേരി എന്നീ പുഴകളുടെ ജലസംഭരണിയായും പൊന്നാനി കോൾ കാഞ്ഞിരമുക്ക് പുഴയുടെ ജലസംഭരണിയായും വർത്തിക്കുന്നു. ഉത്പാദനക്ഷമത കൂടുതലുള്ള കോൾനിലങ്ങളിൽ ഒരു ഹെക്ടറിൽ നിന്ന് 12 ടൺ വരെ വിളവ് കിട്ടിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നും 0.5 മീറ്റർ മുതൽ 1.5 മീറ്റർ വരെ താഴ്ന്നുകിടക്കുന്ന കോൾനിലങ്ങളിലെ ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും കണക്കിലെടുത്തുകൊണ്ട് കാർഷികമേഖലയിൽ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നെല്ലുല്പാദനം വർദ്ധിപ്പിക്കുവാൻ അനന്തമായ സാധ്യതകളാണുള്ളത്. അതിനുതകുന്ന പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി നിർവ്വഹിക്കേണ്ടതുണ്ട്.

അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ

കോൾനിലങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലേക്കായി റാംപുകളുടെ നിർമാണം, ഫാംറോഡുകളുടെ നിർമാണം, ദുർബലമായ ബണ്ടുകളെ ശക്തിപ്പെടുത്തുന്നതിനായി കയർ ഭൂവസ്ത്രം വിരിക്കൽ എന്നീ പ്രവർത്തനങ്ങൾ സർക്കാർ ഫണ്ട് വിനിയോഗിച്ചുകൊണ്ട് കോൾ പാടശേഖരസമിതികളുടെ പങ്കാളിത്തത്തോടുകൂടി പ്രാദേശികമായി നടപ്പിലാക്കാവുന്നതാണ്.

മെയിൻചാലുകളിലേയും ഉൾചാലുകളിലേയും കളവാരൽ

പ്രധാന ചാലുകളിലേയും ഉൾചാലുകളിലേയും കളനീക്കൽ നടപ്പിലാക്കുവാൻ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ സേവനവും കള നീക്കുന്നതിനുള്ള അനുയോജ്യമായ കാർഷികയന്ത്രങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്. പെട്ടിപറകൾക്ക് ബദലായി വെർട്ടിക്കൽ ആക്സിയൽ ഫ്ളോ പമ്പുകൾ സ്ഥാപിക്കൽ

സ്ഥലങ്ങളുടെ കിടപ്പനുസരിച്ച് പടവുകളായി തിരിച്ച് വെള്ളം വറ്റിച്ചാണ് കോൾ കൃഷി ആരംഭിക്കുന്നത്. വെള്ളം വറ്റിക്കുന്നതിന് കാലാകാലങ്ങളായി പെട്ടി-പറ പമ്പുസെറ്റുകളാണ് ഉപയോഗിക്കുന്നത്. തൃശൂർ കോൾ നിലങ്ങളിൽ മാത്രമായി 327 പെട്ടി-പറ പമ്പുസെറ്റും പൊന്നാനി കോൾമേഖലയിൽ 113 പെട്ടി പറ പമ്പുസെറ്റുകളും പ്രവർത്തിക്കുന്നു. നിലവിൽ സ്ഥാപിച്ചിട്ടുള്ള പമ്പുസെറ്റുകളുടെ കാര്യക്ഷമതക്കുറവ് പരിഹരിക്കുന്നതിനായി ഘട്ടം ഘട്ടമായി പെട്ടി-പറകൾക്കു പകരം വെർട്ടിക്കൽ ആക്സിയൻ ഫ്ളോ പമ്പുസെറ്റുകൾ സ്ഥാപിക്കാവുന്നതാണ്.

ജലസ്രോതസ്സുകളുടെ സംരക്ഷണം

കോൾനിലങ്ങളിലെ വെള്ളത്തിന്‍റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചെളി, മണൽ, മീൻപത്തായങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനും കോൾനിലങ്ങളിലൂടെ ഒഴുകുന്ന പുഴകളുടെ സംരക്ഷണത്തിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, റവന്യൂവകുപ്പ്. മലിനീകരണ നിയന്ത്രണബോർഡ് എന്നിവയുടെ സഹകരണവും പുഴ സംരക്ഷണ ഫണ്ടും വിനിയോഗിക്കാവുന്നതാണ്. ജൈവ കീടനാശിനിയുടേയും, ജൈവവളങ്ങളുടേയും ഉപയോഗം വ്യാപിപ്പിക്കുന്നതിനാവശ്യമായ ബോധവത്കരണ പരിപാടികൾ നടത്താവുന്നതാണ്.

കാർഷിക യന്ത്രവത്കരണ പരിശീലന പരിപാടിയും കോൾ കസ്റ്റം ഹയറിംഗ് സെന്റർ സ്ഥാപിക്കലും

കോൾനിലങ്ങൾക്ക് അനുയോജ്യമായ നൂതന കാർഷികയന്ത്രങ്ങൾ കോൾനിലങ്ങളിൽ പരീക്ഷിക്കുക, ആവശ്യമായ നവീകരണങ്ങൾ വരുത്തി യന്ത്രങ്ങൾ വികസിപ്പിച്ചെടുക്കുക, കോൾമേഖലയ്ക്കായി കാർഷികയന്ത്രങ്ങൾ മിതമായ വാടകനിരക്കിൽ നല്കുന്നതിന് കസ്റ്റം ഹയറിംഗ് സെന്റർ രൂപീകരിക്കുക എന്നീ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്. ഈ പ്രവർത്തനങ്ങളിൽ അഗ്രോ-സർവ്വീസ് സെന്ററുകൾ, കാർഷിക കർമസേനകൾ, കോൾമേഖലയിൽ പ്രവർ ത്തിക്കുന്ന പ്രാഥമിക സഹകരണസംഘങ്ങൾ, കാർഷിക സർവ്വകലാ പരിശീലന കേന്ദ്രം, കാർഷിക എൻജിനീയറിംഗ് വിഭാഗം എന്നിവരുടെ പങ്കാളിത്തം പ്രയോജനപ്പെടുത്താവുന്നതാണ്.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കോൾ മേഖലയിൽ കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന കൃഷിനാശം മുൻകൂട്ടി തിരിച്ചറിയുന്നതിനും, പ്രവചിക്കുന്നതിനും അടിയന്തിര നിവാരണമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായി ഒരു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അത്യന്താപേക്ഷിതമാണ്.

രോഗകീടബാധ നിരീക്ഷണപഠനയൂണിറ്റ്

സംയോജിതരീതിയിലുള്ള കീടരോഗ നിയന്ത്രണ മാർഗങ്ങൾ നിർദ്ദേശിക്കുന്നതിന് രോഗ കീടബാധ നിരീക്ഷണ യൂണിറ്റ് ഒരു മുതൽക്കൂട്ടാണ്. കീടനിയന്ത്രണത്തിനായി കൃഷിയിടങ്ങളിൽ സൗരോർജ വിളക്കു കെണികൾ സ്ഥാപിക്കാവുന്നതാണ്.

ഉത്പാദനക്ഷമത നിരീക്ഷണ യൂണിറ്റ്

കോൾ നിലങ്ങളിൽ ഒരുപ്പൂ, ഇരുപ്പൂ കൃഷിക്ക് ഉതകുന്ന ഹ്രസ്വകാല, മദ്ധ്യകാല മൂപ്പുള്ള ഇനങ്ങൾ കണ്ടുപിടിക്കുക, അടിയന്തിര കാലഘട്ടങ്ങളിൽ കൃഷിചെയ്യാവുന്ന ചെറിയ മുറ്റിനം വിത്തുകൾ കണ്ടെത്തുക, നെൽച്ചെടിയിലേയും മണ്ണിലേയും ഉത്പാദനക്ഷമത കൂടുതൽ നൽകുന്ന ജൈവിക പ്രവർത്തനങ്ങളും പരിപാലന മുറകളും വികസിപ്പിക്കുക എന്നീ കർമപരിപാടികൾ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഉത്പാദനക്ഷമത നിരീക്ഷണ യൂണിറ്റ് വഴി നടത്താവുന്നതാണ്. കോൾനിലങ്ങൾക്ക് അനുയോജ്യമായ പച്ചക്കറികൾ, പയറുവർഗങ്ങള്‍, എണ്ണക്കുരുക്കൾ, കിഴങ്ങുവർഗങ്ങൾ എന്നിവയുടെ വ്യാപനം, നെല്ല് - താറാവ് - മത്സ്യകൃഷിയുടെ സുസ്ഥിരമായ വ്യാപനം എന്നിവ നടപ്പിലാക്കാവുന്നതാണ്.

വൻകിടമില്ലുകൾ സ്ഥാപിക്കൽ

കോൾമേഖലയിൽ ഉല്പാദിപ്പിക്കുന്ന നെല്ലിന് ന്യായമായ വില കിട്ടുക എന്ന ഉദ്ദേശത്തോടെ "കോൾ അരി' എന്ന ബാന്റിൽ അരിയും മറ്റ് മൂല്യവർദ്ധിത ഉല്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നതിന് സർക്കാർ, നബാർഡ്, പ്രാഥമിക കോൾകർഷക സഹകരണസംഘങ്ങൾ, ജില്ലാ പഞ്ചായത്ത് എന്നിവയുടെ പങ്കാളിത്തത്തോടെ ഒരു വൻകിട മില്ല് സ്ഥാപിക്കാവുന്നതാണ്. പ്രസ്തുത പദ്ധതിക്കായി ജില്ലയിലെ പ്രവർത്തനക്ഷമമല്ലാതെയുള്ള മില്ലുകൾ ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താവുന്നതാണ്.

വിത്ത്-നെല്ല്-വൈക്കോൽ സംഭരണ കേന്ദ്രം

പാട ശേഖരാടിസ്ഥാനത്തിൽ സ്ഥലം വിട്ടുനൽകാൻ തയ്യാറുള്ള കോൾ പാടശേഖരസമിതികൾക്ക് വിത്ത്-നെല്ല്-വൈക്കോൽ സംഭരണകേന്ദ്രം നിർമ്മിക്കുന്നതിന് ജില്ലാ പഞ്ചായത്ത് വഴി നബാർഡിന്റെ സഹായത്തോടെ പദ്ധതി തയ്യാറാക്കി നടപ്പിലാക്കാവുന്നതാണ്.

എക്കോ ടൂറിസം

എക്കോ ടൂറിസം മേഖലയിൽ കോൾ നിലങ്ങളിൽ പ്രൊജക്ടുകൾ രൂപീകരിക്കാവുന്നതാണ്. പക്ഷി നിരീക്ഷണകേന്ദ്രം, ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്റർ, ഫാർമേഴ്സ് റെസ്റ്റ് ഹൗസ് എന്നീ ഘടകങ്ങൾ ഉൾപ്പെടുത്താവുന്നതാണ്.

IR- 8 ന് 50 വയസ്സ്

രാജ്യം ഏറെയൊന്നും ശ്രദ്ധിക്കാതെ ഒരു ജന്മദിനം കടന്നുപോയി. 1967-ലാണ് നിലവിലുണ്ടായിരുന്ന നെല്ലിനങ്ങളെക്കാൾ പതിന്മടങ്ങ് ഉത്പാദനക്ഷമതയുള്ള IR- 8 എന്ന നെല്ലിനം ഭാരതത്തിൽ ആദ്യമായി കൃഷിചെയ്തത്. 'ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവനയായിരുന്നു ഈയിനം. പീറ്റാ റൈസ്, ഡീ-ജിയോ-വൂ-ജൈൻ എന്നിങ്ങനെ രണ്ടിനങ്ങൾ തമ്മിൽ സങ്കരണം നടത്തിയാണ് ഇത് ഉരുത്തിരിച്ചത്. ഇതിന്റെ ആദ്യകൃഷി 1966-ൽ ഫിലിപ്പെൻസിലായിരുന്നു. തുടർന്ന് വിയറ്റ്നാമിലും ഇതെത്തി. IR- 8 കൃഷിചെയ്താൽ ഹോണ്ടാ മോട്ടോർസൈക്കിൾ വാങ്ങാനും മാത്രം പണം കിട്ടിയിരുന്നതിനാൽ വിയറ്റ്നാമുകാർ ഇതിന് "ഹോണ്ടാറൈസ്' എന്ന് പേരിട്ടു. ഭാരതത്തിൽ ഹരിതവിപ്ലവത്തിന്റെ ഭാഗമായി നെല്ലുത്പാദനം പതിന്മടങ്ങാക്കുന്നതിൽ ഈ ഇനം പ്രധാന പങ്കാണു വഹിച്ചത്.

കടപ്പാട്: കേരളകര്‍ഷകന്‍© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate