অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അപൂര്വ്വമാകുന്ന അമ്പഴം

അപൂര്‍വ്വമാകുന്ന അമ്പഴം

പുരയിടത്തിന്‍റെ  അതിർത്തികളിൽ ആരും നട്ടുനനയ്ക്കാതെ വളർന്നിരുന്ന അമ്പഴത്തെ പാഴ്മരമായാണ് നാം കണ്ടത്. പക്ഷേ അവഗണിച്ചു കളഞ്ഞ ഈ അമ്പഴത്തിന് പ്രാമാണികതകൾ ഏറെയാണ്.

'പ്ലം' എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് വിദേശപഴങ്ങളാണ്. എന്നാൽ "ഹോഗ്പ്ലം' എന്ന പേരിൽ അറിയപ്പെടുന്നത് നാട്ടിൻപുറങ്ങളിൽ സുപരിചിതമായ "അമ്പഴ'മാണ്. വീട്ടുവളപ്പിലെ അമ്പഴത്തിന്‍റെ ഇളംകായ്കൾ കൊണ്ടുണ്ടാക്കുന്ന അച്ചാർ പഴമക്കാർക്ക് എന്നും നാവിൽ വെള്ളമൂറുന്ന വിഭവം തന്നെ.

കശുമാവിന്‍റെ കുടുംബത്തിൽപ്പെട്ട (അനാക്കാർഡിയേസിയേ) അമ്പഴത്തിന്റെ ശാസ്ത്രനാമം സ്പോൺഡിയാസ് പിന്നേറ്റ എന്നാണ്. സ്പോൺഡിയാസ് മോംബിൻ എന്ന ഇനവും ഉണ്ട്. അമ്പഴത്തിന്‍റെ ഇളംപച്ച കായ്കകൾ കണ്ടാൽ കണ്ണിമാങ്ങയാണെന്ന് തോന്നിപ്പോകും. അതിനാൽ 'ജംഗലി ആം' (കാട്ടു മാങ്ങ), "ഇന്ത്യൻ മോംബിൻ' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

വരൾച്ചയെ അതിജീവിക്കുവാൻ കഴിവുള്ള അമ്പഴം പർവ്വതപ്രദേശങ്ങളിലും കാടുകളിലും സമൃദ്ധിയായി വളരുന്നു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ചൈന, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇത് കണ്ടുവരുന്നു. കേരളത്തിലെ മണ്ണും കാലാവസ്ഥയും അമ്പഴത്തിന്റെ വളർച്ചയ്ക്ക് ഏറെ അനുയോജ്യമാണ്. അതുകൊണ്ടുതന്നെ പഴയ തറവാടുകളുടെ പിന്നാമ്പുറങ്ങളിൽ ഈ വൃക്ഷം സ്ഥാനമുറപ്പിച്ചിരിക്കുന്നു. കുരുമുളക്, വെറ്റില, വാനില എന്നിവ പടർത്താനും അമ്പഴം ഉപയോഗപ്പെടുത്തിയിരുന്നു.

നടീൽ

വിത്തു പാകിയും കമ്പുകൾ മുറിച്ചു നട്ടുമാണ് അമ്പഴത്തിന്റെ പ്രജനനം. നന്നായി പഴുത്ത അമ്പഴ കായ്ക്കളിൽ നിന്നും വിത്തുകൾ ശേഖരിച്ച് പോളിത്തീൻ കവറുകളിൽ മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവയുടെ മിശ്രിതം നിറച്ചതിൽ പാകുക. തൈകൾ വളർന്നുവരുവാനും കായ്പിടിക്കുവാനും കൂടുതൽ കാലം വേണമെന്നതിനാൽ കമ്പുകൾ മുറിച്ച് നട്ടുവളർത്തുന്നതാണ് അഭികാമ്യം. മൂപ്പെത്തിയ കമ്പുകൾ മുറിച്ചെടുത്ത് പോട്ടിംഗ് മിശ്രിതം നിറച്ച വലിയ പോളിത്തീൻ കവറുകളിലോ നേരിട്ട് കൃഷിസ്ഥലത്ത് അടിവളമായി ചാണകപ്പൊടി അല്ലെങ്കിൽ ജൈവവളം ചേർത്ത് കുഴികളിലോ നടാം. ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതെയും തണൽ നൽകിയും സംരക്ഷിക്കണം.

നവംബർ-ഡിസംബർ മാസങ്ങളിൽ ഇലകൊഴിക്കുന്ന അമ്പഴം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പൂവിടുന്നു. പച്ചനിറത്തിലുളള കായ്കൾ പഴുക്കുമ്പോൾ മഞ്ഞ നിറമാകുന്നു. അമ്പഴത്തില്‍ പുളിയുള്ള കായ്കളും മധുരമുള്ള കായ്കളും നല്‍കുന്ന രണ്ടു തരങ്ങള്‍ ഉണ്ട്. മധുരവും ചെറുപുളിരസവും കലര്‍ന്ന ഇവയുടെ കായ്കള്‍ക്ക് പഴുക്കുമ്പോള്‍ പ്രത്യേക സുഗന്ധം ഉണ്ടാകുന്നു.

ഔഷധമൂല്യം

അമ്പഴത്തിന്റെ എല്ലാ ഭാഗങ്ങൾക്കും ഔഷധമൂല്യമുണ്ട്. കായ്കൾ, ഇല, തൊലി എന്നിവയ്ക്ക് പുരാതന ഗൃഹവൈദ്യമുറകളിൽ ശ്രദ്ധേയമായ സ്ഥാനമുണ്ടായിരുന്നു. അമ്പഴത്തിന്റെ പഴച്ചാർ പ്രമേഹം, വയറുകടി എന്നിവയ്ക്ക് ഉപയോഗിക്കുന്നു. പഴച്ചാർ തേൻ ചേർത്ത് കഴിക്കുന്നത് മലബന്ധം കുറയ്ക്കുന്നതിന് സഹായിക്കും. ചുമ, പനി, ചൊറിച്ചിൽ, കൃമിശല്യം, ഉയർന്ന രക്തസമ്മർദ്ദം, വിളർച്ച, ദഹനക്കേട് എന്നിവയ്ക്കും അമ്പഴച്ചാർ പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു.

മുടി വളരുന്നതിനും മാനസികസമ്മർദ്ദം കുറക്കുന്നതിനും ഉണക്കിപൊടിച്ച അമ്പഴകായ്കൾ കഴിക്കുന്നതും, മൈലാഞ്ചി ചേർത്ത് തേക്കുന്നത് മുടി കറുപ്പിക്കുന്നതിനും, വായ്പ്പുണ്ണിന് അമ്പഴച്ചാർ ചേർത്ത വെള്ളം വായിൽ കൊള്ളുന്നതും, ചിക്കൻ പോക്സ്, മീസിൽസ് എന്നിവ കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറ്റുന്നതിന് അമ്പഴങ്ങ ഇട്ട് തിളപ്പിച്ച വെള്ളമോ പഴച്ചാറ് ചേർത്ത വെള്ളമോ ഉപയോഗിച്ച് കുളിക്കുന്നതും നല്ലതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തീർന്നില്ല, അമ്പഴത്തിന്റെ ഔഷധ ഗുണം. ഒരു രാത്രി അമ്പഴങ്ങ ഇട്ടുവെച്ച വെള്ളം ഒരു ഗ്ലാസിന് ഒരു ടീസ്പൂൺ തേന്‍ ചേർത്ത് രാവിലെ കഴിക്കുന്നത് ദുർമേദസ്സ് കുറക്കാൻ സഹായിക്കും. ആർത്തവകാല ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് അമ്പഴങ്ങ തിളപ്പിച്ചെടുത്ത പഴച്ചാർ തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. അമ്പഴങ്ങ അരച്ചെടുത്ത പഴക്കാമ്പിൽ മഞ്ഞളും എണ്ണയും ചേർത്ത് ദേഹത്ത് പുരട്ടുന്നത് ചർമസൗന്ദര്യത്തിന് ഗുണം ചെയ്യും. അമ്പഴച്ചാർ മുറിവുകളിൽ അണുനാശിനിയായും രക്തസ്രാവം കുറയ്ക്കാനും സഹായിക്കും. അമ്പഴത്തിന്‍റെ ഇലകളുടെയും കായ്കളുടെയും ചാറ് ചെവിവേദനയ്ക്ക് ഉത്തമമാണ്. അമ്പഴത്തിന്റെ തൊലി വയറുവേദന, വാതം, സന്ധിവീക്കം, വയറുകടി തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു. അമ്പഴത്തിന്റെ ഇലകളുടെയും കായ്കളുടെയും നീരിന് സൂക്ഷ്മാണുക്കളെയും ബാക്ടീരിയകളെയും പ്രതിരോധിക്കാൻ ശേഷിയുണ്ട്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അമ്പഴത്തിന് സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഇതുകൂടാതെ അമ്പഴത്തിന്‍റെ തടി പായ്ക്കിങ്ങ് പെട്ടികൾ, പ്ലൈവുഡ്, തീപ്പെട്ടി നിർമ്മാണം എന്നിവയ്ക്കും അമ്പഴത്തിന്റെ ഇല കാലിത്തീറ്റയായും പച്ചിലവളമായും ഉപയോഗിക്കുന്നു. "സ്പോൺ ഡിയോൾ' എന്ന ബയോ ആക്ടീവ് പദാർത്ഥത്താലും ഫീനോളുകളാലും ഫ്ളേവനോയ്ഡുകളാലും സമൃദ്ധമാണ് അമ്പഴത്തിന്റെ കായ്കൾ. അതിനാൽ നിരോക്സീകരണശേഷി കൂടുതലാണ്. രോഗപ്രതിരോധത്തിന് ഉത്തമമാണ്. ഔഷധപ്രാധാന്യമുള്ളതിനാൽ വിദേശരാജ്യങ്ങളിൽ ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് ഫുഡ് വ്യവസായങ്ങളിൽ അമ്പഴം പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്നു.

മൂല്യവർദ്ധനവ്

അമ്പഴത്തിന്‍റെ ഇളംകായ്കൾ അച്ചാർ, ചമ്മന്തി എന്നിവ ഉണ്ടാക്കുന്നതിനും വിവിധ കറികളിൽ പുളിക്കായും പച്ചമാങ്ങയ്ക്ക്പകരമായും ഉപയോഗിച്ചു വരുന്നു. ഒരിക്കൽ അമ്പഴങ്ങയുടെ രുചി അറിഞ്ഞവർ അത് ഒരിക്കലും വിസ്മരിക്കാനിടയില്ല. അമ്പഴകായ്ക്കൾക്കുള്ളിലെ വിത്ത് ഇളം പ്രായത്തിൽ മൃദുവായിരിക്കും, മൂപ്പെത്തുന്തോറും കട്ടികൂടി നാരുകൾ ആവരണം ചെയ്യപ്പെട്ടതായി തീരുന്നു. പഴുത്ത കായ്കൾക്ക് പ്രത്യേക മണവും രുചിയും ഉണ്ടാകും. ഇത് ജാം, സർബത്ത്, പാനീയങ്ങൾ തുടങ്ങിയവയ്ക്കായി ഉപയോഗിക്കാം. അമ്പഴക്കായ്ക്കളുടെ പഴരസപ്പൊടിയും നിർമിച്ചുവരുന്നു.

നാവിൽ വെള്ളമൂറുന്ന പരമ്പരാഗതരീതിയിലുള്ള അമ്പഴങ്ങ അച്ചാറുകൾ ഓരോ പ്രദേശത്തിനും തനതായി ഉണ്ട്. ശാസ്ത്രീയപഠനങ്ങളിൽ 15% ഉപ്പുചേർത്ത് അമ്പഴ അച്ചാറുകൾ 5 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

പോഷകമൂല്യം (100 (ഗാം അമ്പഴത്തിൽ)

വിറ്റാമിൻ ഡി - 8-11 മി. ഗ്രാം

ഇരുമ്പ് - 4 മി.ഗ്രാം .

കാത്സ്യം - 36 മി.ഗ്രാം

കരോട്ടിൻ - 270 മൈക്രോഗ്രാം

ഫീനോൾ - 1658.5 മി. ഗ്രാം .

ഫ്ളേവനോയ്ഡ് - 65.63 മി.ഗ്രാം

നിരോക്സീകരണ ശേഷി - 92.19%

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 5/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate