অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്നേഹപൂര്‍വ്വം പഠനസഹായ പദ്ധതി

സ്നേഹപൂര്‍വ്വം പഠനസഹായ പദ്ധതി

സ്നേഹപൂര്‍വ്വം

മാതാപിതാക്കള്‍ ആരെങ്കിലും ഒരാള്‍ മരിച്ച് പോകുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമായും സാമ്പത്തികപരമായും കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലെത്തുകയും ചെയ്തവരുടെ കുട്ടികള്‍ക്ക് ഒന്നാം ക്ലാസുമുതല്‍ ഡിഗ്രി തലം വരെ പഠനസഹായം നല്‍കുന്നതാണ് ‘സ്നേഹപൂര്‍വ്വം പദ്ധതി’.

കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ലക്ഷ്യങ്ങള്‍

  • സമൂഹത്തില്‍ സംരക്ഷിക്കപ്പെടാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്ന കുട്ടികളെ കണ്ടെത്തുക.
  • സാമൂഹ്യ സുരക്ഷ ആവശ്യമുള്ള കുട്ടികളുടെ ആവശ്യകതകള്‍ മനസിലാക്കി കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്നേഹവും സംരക്ഷണവും ലഭിക്കുന്ന ജീവിതത്തിന് സഹായിക്കുക.
  • സംരക്ഷിക്കാന്‍ ആരുമില്ലാതെ വരുന്ന കുട്ടികളുടെ സംരക്ഷണത്തിന് സന്മനസുകാട്ടുന്നവര്‍ക്ക് അധിക ഭാഗം അടിച്ചേല്‍പ്പിക്കാതെ കുട്ടികളെ സംരക്ഷിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുക.
  • കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം, ആരോഗ്യ പോഷണം, ദൈനംദിന കാര്യങ്ങള്‍ എന്നിവ തടസം കൂടാതെ മുന്നോട്ടു പോകുന്നതിനും സാമൂഹ്യ പ്രതിബദ്ധതയുള്ളവരും ഉത്തമ പൌരന്മാരായും വളര്‍ത്തിയെടുക്കുക.

പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിബന്ധനകള്‍

  • കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളില്‍ ഒന്നു മുതല്‍ 12 വരെ ക്ളാസുകളില്‍ പഠിക്കുന്നവരായിരിക്കണം.
  • കുട്ടിയെ സംരക്ഷിക്കുന്ന കുടുംബം ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവരായിരിക്കണം.
  • കുടുംബ വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 20,000ല്‍ താഴെയും, നഗരത്തില്‍ 23,500ല്‍ താഴെയും.
  • സ്കോളര്‍ഷിപ്പോ മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിക്കാത്ത കുട്ടികളായിരിക്കണം.

അപേക്ഷകളും അനുബന്ധ രേഖകളും സാമൂഹ്യ സുരക്ഷാ മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പേരില്‍ നേരിട്ട് അയയ്ക്കാം.

ജില്ലാതലത്തില്‍ സര്‍ക്കാര്‍ നിയമിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തികച്ചും അര്‍ഹരായ അഞ്ചു വയസിനു താഴെയുള്ള കുട്ടികളെയും ധനസഹായത്തിനു പരിഗണിക്കും.

അഞ്ചു വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും ഒന്നു മുതല്‍ അഞ്ചാം ക്ളാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കും പ്രതിമാസം 300 രൂപ വീതം അനുവദിക്കും.

ആറാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപയാണ് അനുവദിച്ചിരിക്കുന്നത്.

11 ഉം 12-ഉം ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 750 രൂപ വീതമാണ് ധനസഹായം.

പ്രൊഫഷണല്‍ കോഴ്സ് ഉള്‍പ്പെടെ ഡിഗ്രി തലം വരെ സഹായം നല്‍കുമെന്നാണ് അപേക്ഷാഫോറത്തില്‍ പറഞ്ഞിട്ടുള്ളത്.

വാര്‍ഡ് കൌണ്‍സിലര്‍, എംപി, എംഎല്‍എ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരികള്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എന്നിവരുടെ ശുപാര്‍ശയോടു കൂടി അപേക്ഷ സമര്‍പ്പിക്കാം. നിര്‍ദിഷ്ട അപേക്ഷയോടൊപ്പം കുടുംബ വരുമാനം തെളിയിക്കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ ഹെഡ് മാസ്റര്‍-ഹെഡ് മിസ്ട്രസ്-പ്രിന്‍സിപ്പല്‍ എന്നിവരില്‍ നിന്നും വയസു തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ടതു സംബന്ധിച്ച് മരണ സര്‍ട്ടിഫിക്കറ്റ്, ശുപാര്‍ശ ചെയ്യുന്ന നിര്‍ദിഷ്ട ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍ പ്രതിനിധികള്‍ എന്നിവരുടെ സാക്ഷ്യപത്രവും അപേക്ഷ പരിഗണിക്കുന്നതിനായി സമര്‍പ്പിക്കണം.

സമീപത്തുള്ള സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയിലോ കോര്‍ ബാങ്കിംഗ് സംവിധാനമുള്ള മറ്റു ബാങ്ക് ശാഖയിലോ കുട്ടിയുടെയും രക്ഷിതാവിന്റെയും പേരില്‍ ജോയിന്റ് അക്കൗണ്ട്‌ തുടങ്ങി ബാങ്ക് പാസ്‌ ബുക്കിന്റെ ഒന്നാം പേജിന്റെ ഫോട്ടോകോപ്പി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. ഈ അക്കൗണ്ടില്‍ എടിഎം കാര്‍ഡ്‌ പാടില്ല. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ അപേക്ഷഫോറത്തില്‍ അടങ്ങിയിട്ടുണ്ട്.

www.socialsecuritymission.gov.in എന്ന സൈറ്റില്‍ നിന്നും അപേക്ഷാഫാറം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം പഞ്ചായത്തുമെമ്പറുടെ സാക്ഷ്യപത്രം, വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ഡെത്ത് സര്‍ട്ടിഫിക്കറ്റ് എന്നിവയോടൊപ്പം താഴെക്കാണുന്ന വിലാസത്തില്‍ അയയ്ക്കുക.

Executive Director
Kerala Social Security Mission
Poojappura
Thiruvananthapuram, Kerala 695012

ഫോണ്‍: 0471-2348135, 2341200

അവസാനം പരിഷ്കരിച്ചത് : 7/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate