অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍

സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍

ക്യാന്‍സര്‍ സുരക്ഷ

18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് താഴെ പറയുന്ന 11 ആശുപത്രികളിലൂടെ സൗജന്യ ചികിത്സ നല്‍കി വരുന്നു.  പരിശോധനകള്‍, ചികിത്സ, സര്‍ജറി, മരുന്ന് തുടങ്ങിയ ആശുപത്രി ചെലവുകളും തുടര്‍ ചികിത്സാ സൗകര്യങ്ങളും പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്ന ഒരു പദ്ധതിയാണിത്.
i)    ഗവ: മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
ii)    ഗവ: മെഡിക്കല്‍ കോളേജ്, കോഴിക്കോട്
iii)    ഗവ: മെഡിക്കല്‍ കോളേജ്, കോട്ടയം
iv)    ഗവ: മെഡിക്കല്‍ കോളേജ്, ആലപ്പുഴ
v)    ഗവ: മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍
vi)    ഐ.എം.സി.എച്ച്, കോഴിക്കോട്
vii)    ഐ.സി.എച്ച്, കോട്ടയം
viii)    ജനറല്‍ ആശുപത്രി, എറണാകുളം
ix)    റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം
x)    സഹകരണ മെഡിക്കല്‍ കോളേജ്, പരിയാരം, കണ്ണൂര്‍
xi)    മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കണ്ണൂര്‍

താലോലം

18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് താഴെ പറയുന്ന 15 സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ശസ്ത്രക്രിയ ആവശ്യമുള്ള വൃക്ക/കാര്‍ഡിയോ വാസ്‌ക്കുലര്‍ വൈകല്യങ്ങള്‍ (ജന്മനാ/ആര്‍ജ്ജിതമായ), സെറിബ്രല്‍ പാള്‍സി, ഹീമോഫീലിയ, താലസ്സിമിയ, സിക്കിള്‍ സെല്‍ അനീമിയ, അസ്ഥി വൈകല്യങ്ങള്‍, ഞരമ്പു സംബന്ധമായ വൈകല്യങ്ങള്‍, ഡയാലിസിസ്  എന്നീ അസുഖങ്ങള്‍ക്ക് സര്‍ജറി സഹിതമുള്ള ചികിത്സാ സൗകര്യം സൗജന്യമായി ലഭ്യമാക്കികൊണ്ടുള്ള പദ്ധതിയാണിത്.
i)    ഗവ: മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
ii)    ഗവ: മെഡിക്കല്‍ കോളേജ്, കോഴിക്കോട്
iii)    ഗവ: മെഡിക്കല്‍ കോളേജ്, കോട്ടയം
iv)    ഗവ: മെഡിക്കല്‍ കോളേജ്, ആലപ്പുഴ
v)    ഗവ: മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍
vi)    ഐ.എം.സി.എച്ച്, കോഴിക്കോട്
vii)    ഐ.സി.എച്ച്, കോട്ടയം
viii)    സഹകരണ മെഡിക്കല്‍ കോളേജ്, കൊച്ചി
ix)    റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം
x)    സഹകരണ മെഡിക്കല്‍ കോളേജ്, പരിയാരം, കണ്ണൂര്‍
xi)    എസ്.സി.റ്റി. ഐ.എം.എസ്.റ്റി, തിരുവനന്തപുരം
xii)    എസ്.എ.റ്റി ആശുപത്രി, തിരുവനന്തപുരം
xiii)    ചെസ്റ്റ് ആശുപത്രി, തൃശ്ശൂര്‍
xiv)    ജില്ലാ ആശുപത്രി, കാസര്‍ഗോഡ്
xv)    ജനറല്‍/താലൂക്ക് ആശുപത്രി, കാസര്‍ഗോഡ്

സ്‌നേഹ സാന്ത്വനം പദ്ധതി

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള വിപുലമായ സഹായങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായുള്ളത്.  ശയ്യാവലംബരായ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് പ്രതിമാസം 2000/ രൂപാവീതവും സാധാരണ രോഗികള്‍ക്ക് 1000/ രൂപാവീതവും വിതരണം ചെയ്തു വരുന്നു. ഈ കുടുംബത്തില്‍ തന്നെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അല്ലാത്തതുമായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായവും നല്‍കി വരുന്നു.

സ്‌നേഹ സ്പര്‍ശം പദ്ധതി

സംസ്ഥാനത്ത് ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരായി കഴിയുന്ന സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപാ പ്രതിമാസ അലവന്‍സ് നല്‍കുന്ന പദ്ധതിയാണിത്.ഈ ആനുകൂല്യം ഗിരിവര്‍ഗ്ഗ വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തിയിരുന്നതിപ്പോള്‍  എല്ലാ വിഭാഗത്തിലുമുള്ള  ഇത്തരത്തിലുള്ള സ്ത്രീകള്‍ക്ക് ലഭിക്കത്തക്കവിധം വിപുലപ്പെടുത്തിയിരിക്കുന്നു.

ആശ്വാസ കിരണം പദ്ധതി

മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ നേരിടുന്നതുമൂലം ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നതു മൂലം പുറം ജോലികള്‍ക്ക് പോകാന്‍ നിവൃത്തിയില്ലാതെ വരുന്ന പരിചാരകര്‍ക്ക് പ്രതിമാസം 400/ രൂപാ ധനസഹായം നല്‍കിവരുന്ന പദ്ധതിയാണിത്.

വയോമിത്രം പദ്ധതി

65വയസ്സിനുമുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണിത്.  ആദ്യഘട്ടത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലെ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി പ്രദേശത്ത് ആരംഭിച്ചു. വയോജനങ്ങള്‍ക്കായി മൊബൈല്‍ ക്ലിനിക്ക്, പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ്, ആംബുലന്‍സ് സൗകര്യം എന്നിവയോടൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കുകളിലൂടെയുള്ള കൗണ്‍സിലര്‍മാരുടെ സേവനം എന്നിവ ഈ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. പട്ടണ പ്രദേശങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ വയോജനങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം വരുമാനപരിധിക്കതീതമായി ലഭിക്കുന്നതാണ്.  സംസ്ഥാനത്തെ എല്ലാ നഗര പ്രദേശങ്ങളിലും പദ്ധതി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതാണ്.

എല്ലാ വികലാംഗര്‍ക്കും വികലാംഗസര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്ന പദ്ധതി

സംസ്ഥാനത്തെ 40% നു മുകളില്‍ വൈകല്യമുള്ള എല്ലാ വികലാംഗര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡും വൈകല്യ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്ന പദ്ധതി സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കി വരുന്നു.  ഇവ ലഭ്യമാക്കുന്നതിനായി ബ്ലോക്കുതലത്തില്‍ ക്യാമ്പുകള്‍  സംഘടിപ്പിച്ചു വരുന്നു.

കാരുണ്യാ ഡെപ്പോസിറ്റ് പദ്ധതി

അനാഥരും അശരണരും, നിരാലംബരും, വികലാംഗരും, ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിനുവേണ്ടി ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്.  ഒരു ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ ആയ ഡെപ്പോസിറ്റുകള്‍, സന്നദ്ധരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും സ്വീകരിക്കുവാനും അത് ട്രഷറികളില്‍ പ്രത്യേകമായി  നിക്ഷേപിച്ച് 15% പലിശ ലഭിക്കുന്നതുമാണ്.  (7.5% ട്രഷറിയും, 7.5% സര്‍ക്കാര്‍ വിഹിതവും ചേര്‍ന്നുള്ള പലിശ നിരക്ക്). ഈ പലിശ തുക ശാരീരിക/മാനസിക വെല്ലുവിളികള്‍  നേരിടുന്ന 5 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിക്ഷേപകന്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിയോ, സ്ഥാപനത്തിന്റെയോ ആവശ്യത്തിന് വിനിയോഗിക്കുവാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഈ പദ്ധതി.

പേമെന്റ് ഗേറ്റ് വേയിലൂടെ ഫണ്ട്  ശേഖരണം

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ഒരു വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്.  ഇതിലൂടെ ലോകത്തെവിടെയുള്ള ആര്‍ക്കും ചാരിറ്റബിള്‍ പ്രവര്‍ത്തനത്തിലേര്‍പ്പെടാവുന്നതാണ്.  സമൂഹത്തില്‍ കൂടുതല്‍ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള വിഭാഗങ്ങളായ സ്ത്രീകള്‍, കുട്ടികള്‍, ശാരീരികവും മാനസികവുമായി വൈകല്യമുള്ളവര്‍, അനാഥര്‍, വയോജനങ്ങള്‍, സാമൂഹ്യവിവേചനം അനുഭവിക്കുന്നവര്‍ എന്നിവരെ സഹായിക്കാന്‍ മനസ്സുള്ള ആര്‍ക്കും വളരെ എളുപ്പത്തില്‍ പേമെന്റ് ഗേറ്റ് വേയിലൂടെ സംഭാവനകള്‍ നല്‍കി മിഷന്റെ സമൂഹ നന്മാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാവുന്നതാണ്.

ഹംഗര്‍ ഫ്രീസിറ്റി

നഗരങ്ങളില്‍ എത്തിച്ചേരുന്ന വ്യക്തികള്‍ ദിവസത്തില്‍ ഒരു നേരമെങ്കിലും ഭക്ഷണം കഴിച്ചിരിക്കണമെന്ന ലക്ഷ്യത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആവിഷ്‌ക്കരിച്ചതായ വിശപ്പു രഹിത നഗര പദ്ധതി ആദ്യം കോഴിക്കോട് നഗരത്തില്‍ നടപ്പിലാക്കി. ഈ പദ്ധതി പ്രകാരം കോഴിക്കോട് ഗവ. മെഡിക്കല്‍  കേളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കി വരുന്നു.  ഈ പദ്ധതി സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും വ്യാപിപ്പിക്കാനുദ്ദേശിക്കുന്നു. ഉടന്‍ തന്നെ മലപ്പുറം, കൊല്ലം, തിരുവനന്തപുരം കോര്‍പ്പറേഷനുകളില്‍ ആരംഭിക്കുന്നതാണ്.

കുട്ടികളിലേയും കൗമാര പ്രായക്കാര്‍ക്കുമിടയിലുള്ള ആത്മഹത്യാ പ്രവണത തടയുന്നതിനുള്ളകര്‍മ്മപദ്ധതി

കൗമാരക്കാരിലും കുട്ടികളിലും ആത്മഹത്യാ പ്രവണത തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിന് സംസ്ഥാനതലത്തിലും പ്രാദേശിക തലത്തിലും സെമിനാറുകളും ചര്‍ച്ചാക്ലാസ്സുകളും വര്‍ക്ക്‌ഷോപ്പുകളും മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു.

സാമൂഹ്യനീതി  വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ കെയര്‍ ഗിവര്‍മാരുടെ സേവനം

സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വിവിധ മന്ദിരങ്ങള്‍, ആശാഭവനുകള്‍, വൃദ്ധവികലാംഗ സദനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് അധിക പരിരക്ഷ നല്‍കുന്നതിന്  കെയര്‍ഗിവര്‍മാരെ വയ്ക്കുന്നതിന് മിഷന്‍ ഫണ്ട്  നല്‍കി വരുന്നു.  സാമഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാ സ്ഥാപനങ്ങളിലേയ്ക്കും അന്തേവാസികളുടെ ശാരീരകവും മാനസികവുമായുള്ള പരിചരണം ഉറപ്പുവരുത്തുന്നതിനുതകുന്ന തരത്തിലുള്ള വിവിധ സൗകര്യങ്ങള്‍, യോഗ, കൗണ്‍സിലിംഗ്, ഫിസിയോതെറാപ്പി, റിക്രിയേഷന്‍ തെറാപ്പി, വിവിധ കോഴ്‌സുകളില്‍ പരിശീലനം എന്നിവയുള്‍പ്പെടുത്തുന്നതിനാവശ്യമായ ഇന്‍സ്ട്രക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനും ഈ പദ്ധതിയില്‍ ഉദ്ദേശിക്കുന്നു.

ശ്രുതിതരംഗം പദ്ധതി

ബധിരരും മൂകരുമായ 13 വയസ്സു വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക്  ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ ബധിരമൂകതയില്‍ നിന്ന് നിത്യമോചനം നല്‍കി സാധാരണ നിലയില്‍ ജീവിക്കുന്നതിന് കഴിയുന്ന തരത്തിലാക്കി മാറുന്ന ശസ്ത്രക്രിയക്ക് ഒരു കുട്ടിയ്ക്ക്  4,56,521 രൂപാ വിലയുളള കോക്ലിയാര്‍ ഇംപ്ലാന്റേഷന്നും സര്‍ജറി കഴിഞ്ഞ് രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഡിറ്റിവെര്‍ബല്‍ ഹാബിറ്റേഷനായി ഒരു കുട്ടിയ്ക്ക് 50,000 രൂപയുമാണ് ഈ പദ്ധതി പ്രകാരം അനുവദിക്കുന്നത്.  സംസ്ഥാനത്ത് ഈ രംഗത്ത് ദീര്‍ഘകാലത്തെ പരിചയവും വൈദഗ്ദ്ധ്യവുമുള്ള സ്വകാര്യ ആശുപത്രികളെകൂടി എം.പാനല്‍ ചെയ്തുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്.

സ്‌നേഹപൂര്‍വ്വം പദ്ധതി

കുട്ടികളാരും അനാഥരായി സ്ഥാപനങ്ങളില്‍ കഴിയേണ്ടവരല്ലെന്നും അവര്‍ സ്വകുടുംബങ്ങളില്‍ കുടുംബാംഗങ്ങളുടെ ശിക്ഷണത്തില്‍ വളരേണ്ടവരാണെന്നുമുള്ള കാഴ്ചപ്പാടോടെ  ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതിയാണ് സ്‌നേഹപൂര്‍വ്വം. മാതാപിതാക്കള്‍ രണ്ടു പേരും നഷ്ടപ്പെടുകയോ, ഇവരില്‍ ഒരാള്‍ നഷ്ടപ്പെടുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക്  കുട്ടികളെ സംരക്ഷിച്ച് ആവശ്യമായ  വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് പ്രതിമാസ, ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.   5 വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കും 1 മുതല്‍ 5 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കും 300 രൂപാ നിരക്കിലും 6 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് 500 രൂപാ നിരക്കിലും +1,+2 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് 750 രൂപാ നിരക്കിലും പ്രതിമാസ ധനസഹായം നല്‍കുന്നതാണ്.

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate