অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ദളിത വിഭാഗം - വിശദ വിവരങ്ങൾ

ദളിത വിഭാഗം

 

കേരള വികസന മാതൃകയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് കേരളത്തിലെ ദളിതരുടെ വിദ്യാഭ്യാസത്തെ ചരിത്രവൽക്കരിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. കേരള വികസന മാതൃകയുടെ, അല്ലെങ്കിൽ പുരോഗതിയെന്ന കേരളാനുഭവത്തിന്റെ വേരുകൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്തു നിന്നും ആരംഭിക്കുന്നു. നിരവധി ഭരണ പരിഷ്‌കാര നടപടികൾ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ കേരളത്തിൽ ആരംഭിച്ചിരുന്നു. ഇതിൽ വിദ്യാഭ്യാസമേഖലയിലെ പരിഷ്‌കാരങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നു.
അവർണ ജാതികൾ നടത്തിപ്പോന്ന ആശാൻ കളരികൾ, ഗുരുകുല രീതിയിൽ തറവാടുകൾ കേന്ദ്രീകരിച്ചു നടന്നു പോന്ന സംസ്‌കൃത കളരികൾ1, ക്രിസ്തീയ മിഷണറിമാരുടെ പ്രവർത്തനങ്ങൾ, മാറി മാറി വന്ന ഭരണകൂടങ്ങളുടെ വിദ്യാഭ്യാസ നയങ്ങൾ, വിവിധ സാമുദായിക സംഘടനകളുടെ പ്രവർത്തനങ്ങൾ എന്നിവയുടെ ആകെ തുകയാണ് ഇന്നു നാം കാണുന്ന കേരളത്തിന്റെ വിദ്യാഭ്യാസമേഖല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ, ആധുനിക വിദ്യാഭ്യാസത്തിന്റെ ഉപയുക്തത മനസ്സിലാക്കി മേൽചൊന്ന കർതൃത്വങ്ങൾ ഈ മേഖലയിൽ പ്രവർത്തിച്ചു തുടങ്ങി. എന്നാൽ കേരളത്തിലെ ദളിതരുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ഇന്നും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നു. അതുകൊണ്ടു തന്നെ കേരളം കൈവരിച്ച സാമൂഹ്യപുരോഗതി സർവസ്പർശിയായ ഒരനുഭവമാണെന്നു തീർത്തും പറഞ്ഞുകൂട (ചന്ദ്രശേഖർ സി.പി, 2001). എന്നാൽ ദളിത് പിന്നാക്കവസ്ഥയെ വിമർശനാത്മകമായി വിശദീകരിക്കുന്ന ചരിത്രപരവും കാലികവുമായ പഠനങ്ങൾ വിരളമാണ്.
ദളിതരുടെ ഇടയിൽ നിന്നും വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള മുറവിളി ഉണ്ടാകാഞ്ഞിട്ടല്ല. കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾ, അത് സ്വാതന്ത്ര്യത്തിനു മുമ്പോ പിൻപോ ആയിക്കോട്ടെ, ഈ മേഖലയിൽ ഇടപെടാഞ്ഞിട്ടുമല്ല. ഇത്തരം സമരങ്ങളോ ഇടപെടലുകളോ തൃപ്തികരമായ ഫലം ഉളവാക്കിയിട്ടില്ലെന്നു കണക്കുകളും പഠനങ്ങളും വ്യക്തമാക്കുന്നു. (ശിവാനന്ദൻ, 1976, ചന്ദ്രശേഖർ സി.പി., 2001) അതുകൊണ്ടു തന്നെ എന്താണീ മേഖലയിൽ സംഭവിച്ചത്, സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നീ ചോദ്യങ്ങൾ പ്രസക്തമാവുന്നു. ഇതിനായി ഇന്നത്തെ അവസ്ഥയുടെ വസ്തുനിഷ്ഠമായ പഠനത്തോടൊപ്പം ചരിത്രപരമായ സാഹചര്യങ്ങളെക്കൂടി വിലയിരുത്തേണ്ടതുണ്ട്.

ആധുനിക വിദ്യാഭ്യാസ പുരോഗതിയിൽ ദളിതർ

 

മലയാളം സംസാരിക്കുന്ന മൂന്നു പ്രദേശങ്ങളെ മലബാർ, തിരുവിതാംകൂർ, കൊച്ചി കൂട്ടി യോജിപ്പിക്കുന്നതോടെയാണ് കേരളമെന്ന് ഇന്നു നാം വിളിക്കുന്ന സംസ്ഥാനത്തിന്റെ രൂപീകരണം. മലബാർ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നുവെങ്കിൽ, മറ്റ് രണ്ടു ദേശങ്ങളും നാട്ടുരാജാക്കന്മാരുടെ കീഴിലായിരുന്നു. പക്ഷേ പരോക്ഷമായ നിയന്ത്രണം ബ്രിട്ടീഷുകാരിൽ നിക്ഷിപ്തമായിരുന്നു. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ രാജാവിന്റെ ഉപദേശകനായി പ്രവർത്തിച്ചു (ബെയ്‌ലി, 1988). രാജഭരണം അഴിമതി നിറഞ്ഞതും കുത്തഴിഞ്ഞതുമാണെന്ന നിഗമനത്തിലെത്തിയ ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങളുടെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയിലും ഇടപെട്ടു. 1811ൽ കേണൽ മൺറോ നടപ്പിൽ വരുത്തിയ ഭരണപരിഷ്‌കാരങ്ങൾ പ്രാദേശിക കോടതി ഉദ്യോഗസ്ഥരുടെ അധികാരം പരിമിതപ്പെടുത്തുക, ചില നികുതികൾ ഇല്ലായ്മ ചെയ്യുക, രാജദേശത്തെ ബ്രിട്ടീഷ് ഭരണക്രമമനുസരിച്ച് ജില്ലകളും ഉപജില്ലകളുമാക്കി തിരിക്കുക ആധുനിക രീതിയിലുള്ള ഭരണ നിർവഹണ പ്രക്രിയയുടെ തുടക്കമായിരുന്നു. (ഫിഷർ 1991, ജെഫ്രി 1976).
ബ്രിട്ടീഷുകാരുടെ ഭരണം നാട്ടുരാജ്യങ്ങളിൽ സങ്കീർണമായ ഫലങ്ങൾ സൃഷ്ടിച്ചു. പാരമ്പര്യ ജാതി മേലാളന്മാരുടെ അധികാരത്തെ അതു ക്ഷീണിപ്പിച്ചുവെന്നു മാത്രമല്ല, ജാതീയമായ സാമൂഹ്യക്രമത്തിന്റെ അടിത്തറയെയും അതു ഉലച്ചു. താഴെക്കിടയിൽ നിന്നും ഉയർന്നുവന്ന സമത്വത്തിനു വേണ്ടിയുള്ള സാമൂഹ്യസമ്മർദം, കൊച്ചിയിലെയും തിരുവിതാംകൂറിലെയും ഭൂനയം, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷാ നയങ്ങൾ എന്നിവയിൽ ഗുണപരമായ ചലനങ്ങൾ ഉണ്ടാക്കി. ഇത് സാക്ഷരത ഉയർത്തുകയും ജന്മിത്വവ്യവസ്ഥയെ ക്ഷീണിപ്പിക്കുകയും ചെയ്തു. 1875ൽ തിരുവിതാംകൂറും കൊച്ചിയും സാക്ഷരതയിൽ, അഖിലേന്ത്യാ ശരാശരിയെക്കാളും വളരെ മുമ്പിലായിരുന്നു. മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ മാത്രമാണ് ഇതിനപവാദം. സ്ത്രീ സാക്ഷരതയിലും കേരളം അന്നുതന്നെ വളരെ മുമ്പിലായിരുന്നു. പെൺകുട്ടികൾക്ക് പ്രൈമറി ക്ലാസുകളിൽ ഫീസ് നിർത്തൽ ചെയ്തിരുന്ന തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളുടെ വിദ്യാഭ്യാസനയം തന്നെയാണ് സ്ത്രീ സാക്ഷരത ഉയരാൻ സഹായകമായത്. തിരുവിതാംകൂറിൽ 1896ലും കൊച്ചിയിൽ 1901ലുമാണ് ഈ തീരുമാനം ഉണ്ടായത് (തരകൻ, 2009).
തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിവർത്തനത്തിനു പ്രധാനകാരണം ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനമായിരുന്നു. യൂറോപ്യൻ മിഷണറിമാർ തിരുവിതാംകൂറിൽ വന്നത് മതപരിവർത്തന സുവിശേഷ പ്രചാരണത്തിനാണെങ്കിലും ഇതിന് രാഷ്ട്രീയസാംസ്‌കാരികരംഗങ്ങളിൽ പ്രതിഫലനമുണ്ടായി. സവർണജാതികളിൽ നിന്നും മതപരിവർത്തനം തുലോം കുറവായിരുന്നു. സി.എം.എസ് രേഖകൾ പ്രകാരം 1857ൽ അവരുടെ 5000 – 6000 വിശ്വാസികൾക്കിടയിൽ പത്തിൽ കൂടുതൽ നായൻമാരുണ്ടായിരുന്നില്ല. ഇതു തന്നെയായിരുന്നു എൽ.എം.എസിന്റെയും (London Missionary society) അവസ്ഥ. ഇവരുടെ വിശ്വാസികൾ ബഹുഭൂരിപക്ഷവും താണജാതിക്കാരായിരുന്നു. 1860കളോടെ ക്രിസ്തുമതത്തിലേക്ക് അവർണജാതികൾ വൻതോതിൽ പരിവർത്തനം ചെയ്തു. 1901ലെ സെൻസസ് പ്രകാരം 1,38,862 പേർ മുൻദശകത്തെ അപേക്ഷിച്ച് ക്രിസ്തുമതത്തിലേക്കു മാറി.
മതപരിവർത്തനത്തിനു തയ്യാറായത് താഴ്ന്ന ജാതിക്കാരായതുകൊണ്ട് ജാതീയമായി അവരനുഭവിക്കുന്ന യാതനകൾക്കു നേരെ കണ്ണടയ്ക്കാൻ മിഷനറിമാർക്ക് കഴിഞ്ഞില്ല. അടിമത്തത്തിനെതിരെയുള്ള മിഷണറിമാരുടെ സമരം നല്ല ശതമാനം പുലയരെയും  മധ്യതിരുവിതാംകൂറിൽ പ്രത്യേകിച്ച്  ക്രിസ്തുമതത്തിലേക്ക് ആകർഷിച്ചു. താഴ്ന്നജാതിയിൽപ്പെട്ടവരുടെ ഇടയിൽ നിന്ന്, തങ്ങൾക്ക് വിദ്യാഭ്യാസം വേണമെന്ന ആവശ്യം ഉയർന്നുവരാനും തുടങ്ങി. 1860കളിൽ തന്നെ ഇത് ശക്തമായിരുന്നു. വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഈ സമ്മർദം അടിമസ്‌കൂളുകളും, നിശാപാഠശാലകളും മറ്റും തുടങ്ങാൻ മിഷണറിമാരെ നിർബന്ധിതരാക്കി. ഇത്തരത്തിൽ മിഷണറി പ്രവർത്തനം അനേകം സ്‌കൂളുകൾ തുറക്കുന്നതിനു വഴിവെച്ചു; അങ്ങനെ മിഷണറി പ്രവർത്തനം ദളിതരുടെ പ്രാഥമിക വിദ്യാഭ്യാസത്തിലും, സാക്ഷരതാ പ്രവർത്തനത്തിലും കൂടുതൽ ശ്രദ്ധ പതിപ്പിച്ചു തുടങ്ങി.
1830ൽ തിരുവിതാംകൂറിൽ 100 എൽ.എം.എസ്. സ്‌കൂളുകൾ ഉണ്ടായി. 1860 ആകുമ്പോഴേക്കും ഇതു മൂന്നിരട്ടിയായി വർധിച്ചു. ഏകദേശം 14,000 വിദ്യാർഥികൾക്ക് ഇങ്ങനെ വിദ്യാഭ്യാസം ലഭിച്ചു. ഇതിൽ ബഹുഭൂരിപക്ഷവും ദളിത് വിദ്യാർഥികളായിരുന്നു. പൊതുവിദ്യാലയങ്ങൾ ദളിതർക്ക് നേരെ അതിന്റെ വാതിലുകൾ കൊട്ടിയടച്ചപ്പോൾ, വിദ്യാഭ്യാസം നേടുന്നതിന് ദളിതർക്ക് മതപരിവർത്തനം ആവശ്യമായി വന്നു.
വിദ്യാഭ്യാസം നേടാനുള്ള ദളിതരുടെ ആഗ്രഹവും മുറവിളിയും ഔപചാരിക വിദ്യാഭ്യാസത്തിനായി അവർ നടത്തിയ ശ്രമങ്ങളും ചരിത്രത്തിൽ വേണ്ടത്ര രേഖപ്പെടുത്തിയിട്ടില്ല. പള്ളികളേക്കാൾ പള്ളിക്കൂടങ്ങൾ ഉണ്ടാക്കുന്നതിനാണ് മതംമാറിയ പുലയർ മിഷണറിമാരിൽ സമ്മർദ്ദം ചെലുത്തിയത് (ഉമ്മൻ 2007).
ഉമ്മൻ വിവരിക്കുന്നതിങ്ങനെ:
പുലയർ പുതിയ സ്‌കൂളുകൾ സ്ഥാപിക്കാനായി മിഷണറിമാരിൽ സമ്മർദം ചെലുത്തി. പുതിയ സ്ഥലങ്ങളിൽ സ്‌കൂളുകൾ പണിയിക്കാൻ അവർ സംഭാവന നൽകാനും തയ്യാറായിരുന്നു. മിഷണറിമാർക്ക് ഇങ്ങിനെ പള്ളിപണിയുന്നതിന് മുന്നേ സ്‌കൂളുകൾ പണിയേണ്ടിവന്നു
അധ്യാപകർക്കുള്ള ശമ്പളത്തിനായും പുലയർ അവരുടെ സംഭാവന നൽകി. മിഷണറിമാർ അവരുടെ പ്രയത്‌നം വിപുലമാക്കുമ്പോൾത്തന്നെ ദളിതർ തങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പരിശ്രമിച്ചിരുന്നതായി കാണാം. ഈ പരിശ്രമങ്ങൾ, കേരളത്തിലെ ദളിതരുടെ വിദ്യാഭ്യാസചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. പെയിന്റർ നൽകുന്ന സ്ഥിതി വിവരക്കണക്ക് ദളിതരുടെ വിദ്യാഭ്യാസത്തിൽ സി.എം.എസിന്റെ ഇടപെടലിനെ കാണിക്കുന്നു. 1890 വരെ 12,000 ദളിത് ക്രിസ്ത്യൻ വിദ്യാർഥികൾ സി.എം.എസിന്റെ മാതൃഭാഷാ സ്‌കൂളുകളിൽ പഠിച്ചിരുന്നു.  1891ൽ 322 ആൺകുട്ടികളും 83 പെൺകുട്ടികളും തിരുവിതാംകൂറിലെ വിവിധപ്രദേശങ്ങളിലായി സ്ഥാപിച്ച 14 സ്‌കൂളുകളിൽ ഉണ്ടായിരുന്നു (പെയിന്റർ, 1882).
കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സ്‌കൂളുകളുടെ എണ്ണവും വർധിച്ചു. വിദ്യാലയനടത്തിപ്പിന് ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്നു എൽ.എം.എും, സി.എം.എും സർക്കാരിനോടാവശ്യപ്പെട്ടതിന്റെ ഫലമായി ഗ്രാന്റ്ഇൻഎയിഡ് സംവിധാനം നിലവിൽ വന്നു. സ്വകാര്യസ്ഥാപനങ്ങൾ ഈ രംഗത്ത് കൂടുതൽ കടന്നുവരുന്നതിന് ഇത് ഇടയാക്കി. ഇങ്ങനെ മിഷണറിമാർ നടത്തുന്ന സ്‌കൂളുകളിൽ മാത്രം താണജാതിക്കാർ ഒതുങ്ങി നിൽക്കുന്നതിനാൽ സവർണകുട്ടികൾക്ക് തൊട്ടുകൂടായ്മയുടെ പ്രശ്‌നത്തിൽ നിന്ന് രക്ഷപെട്ട് ഗവണ്മെന്റ് സ്‌കൂളുകളെ ഉപയോഗപ്പെടുത്താനും കഴിഞ്ഞു (കൊയിമാൻ 1989).
19ം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ദിവാനായ സർ ടി. മാധവറാവു (18621874) സർക്കാർ സേവനത്തിനു വിദ്യാഭ്യാസയോഗ്യത അനിവാര്യമാണെന്നു നിഷ്‌കർഷിച്ചു. നല്ല ഭരണക്രമത്തിന് വിദ്യാസമ്പന്നരായ ഓഫീസർമാർ ആവശ്യമാണെന്ന ദിവാന്റെ നിലപാട് പാശ്ചാത്യ വിദ്യാഭ്യാസരീതി പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഇതിനായി സർക്കാർ വലിയതോതിൽ നിക്ഷേപം നടത്തി. 1866ൽ മാധവറാവു നടത്തിയ പ്രസംഗത്തിൽ സർക്കാർ സേവനത്തിനുള്ള, പാസ്‌പോർട്ടാണ് വിദ്യാഭ്യാസമെന്നും, വിദ്യാസമ്പന്നർക്ക് മാത്രമേ സർക്കാർ സേവനത്തിൽ പ്രവേശനമുള്ളൂ എന്നും ഊന്നിപറഞ്ഞു (ജെഫ്രി, 1976).
1865ൽ ദിവാൻ മാധവറാവു പുറപ്പെടുവിച്ച സർക്കുലർ (നം.2965, സെപ്തം.13) ചാന്നാന്മാർക്കും മറ്റു താഴ്ന്ന ജാതിക്കാർക്കും സ്‌കൂളുകൾ വേണമെന്ന ആശയം മുന്നോട്ടുവച്ചു. ഇതിന് അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ ഉണ്ടായി. സർക്കാർ ഈ നയവുമായി മുന്നോട്ടു പോകാതെ വന്നപ്പോൾ, സർക്കാർ സ്‌കൂളിൽ നിന്നും ദളിത് കുട്ടികൾ പുറത്തു നിർത്തപ്പെടുന്ന അവസ്ഥ തുടർന്നു. 1870 ഏപ്രിലിൽ തിരുവിതാംകൂറിലെ റസിഡന്റായ ബല്ലാർഡ് മദ്രാസ് ഗവണ്മെന്റിന് ഇങ്ങനെ എഴുതി:
“താഴ്ന്ന ജാതിക്കാരെ പുറത്തു നിർത്തുന്ന പ്രവണതയാണ് തിരുവിതാംകൂറിൽ ഇവർ അനുഭവിക്കുന്ന നീറുന്ന പ്രശ്‌നം. ജനസംഖ്യയുടെ 16 ശതമാനത്തോളം വരുന്ന ഈഴവരിൽ വെറും 2.1 ശതമാനം കുട്ടികൾ മാത്രമേ സർക്കാർ സ്‌കൂളിൽ ഉള്ളൂ” (കവാഷിമ, 1999)
1894 95 ആയപ്പോൾ എല്ലാ ജാതികൾക്കും പൊതുവിദ്യാലയങ്ങളിൽ തുല്യമായ അവകാശമുണ്ടെന്ന് മഹാരാജാവ് അന്നത്തെ സർക്കാരിനെ ഓർമിപ്പിച്ചു. താഴ്ന്നജാതിക്കാരുടെ ഇടയിൽ നിന്നുള്ള വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള അഭിവാഞ്ഛയും ആവശ്യവുമാണ് ഈ നയവ്യതിയാനത്തിനു പിന്നിൽ പ്രവർത്തിച്ചത്.
1895-96 കാലഘട്ടത്തിൽ സർക്കാർ പിന്നാക്കക്കാർക്കായി 15 സ്‌കൂളുകൾ തുറന്നുകൊടുത്തു. ഇതിൽ 4 എണ്ണം മുസ്ലീങ്ങൾക്കും 7 എണ്ണം ഈഴവർക്കും രണ്ടെണ്ണം പുലയർക്കും ഒന്ന് മുക്കുവർക്കും ഒരെണ്ണം ആദിവാസികളായ കാണിക്കാർക്കും നീക്കിവച്ചു. 1904ൽ സർക്കാർ പിന്നാക്ക വിഭാഗങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സർവ ചെലവും വഹിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള അധസ്ഥിത വിഭാഗങ്ങളുടെ ആവശ്യത്തിനു മുന്നിൽ വളരെ കാലമെടുത്താണെങ്കിലും സർക്കാർ നേരിട്ട് ഇടപെടേണ്ടി വന്ന സാഹചര്യത്തിലേക്ക് താഴ്ന്ന ജാതിക്കാർ തങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങളെ ഉയർത്തുന്നതിൽ വിജയിച്ചു.

സമുദായവൽക്കരണവും വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള മത്സരവും

ജാതിക്കൂട്ടങ്ങൾ നവീകരിച്ചു സമുദായമായി പരിണമിക്കുന്ന കാഴ്ചയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മലയാളി സമൂഹം കണ്ടത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിൽ ഉടലെടുത്ത പുതിയ സാമ്പത്തിക അവസരങ്ങൾ ഈഴവർ, സുറിയാനി ക്രിസ്ത്യൻ വിഭാഗങ്ങൾ പ്രയോജനപ്പെടുത്തി. സർക്കാർ നേതൃത്വത്തിൽ ആധുനിക വിദ്യാഭ്യാസം വ്യാപിച്ചപ്പോൾ, പാരമ്പര്യ ജാതി അധികാര സാമൂഹ്യക്രമം ക്ഷീണിക്കുകയും ഇതുവഴി താഴ്ന്ന ജാതിക്കാരിൽ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ആവശ്യം മിഷണറിമാരുടെ സഹായത്തോടെ ശക്തിപ്രാപിക്കുകയും ചെയ്തു. വിദ്യാഭ്യാസമല്ലാതെ മറ്റൊന്നും കൊണ്ട് ജീവിതം കരുപ്പിടിക്കാനാവില്ലെന്ന തിരിച്ചറിവ് സമുദായങ്ങളെ അതു നേടിയെടുക്കാൻ പ്രേരിപ്പിച്ചു.
1880കളിൽ രണ്ട് സംഘങ്ങൾ തിരുവിതാംകൂറിൽ രൂപീകരിച്ചു, ഒന്ന്, സിറിയൻ ക്രിസ്ത്യൻ ജാതി ഐക്യസംഘം, രണ്ട് നായർ മലയാളിസഭ. ഈ രണ്ട് സംഘങ്ങളും ദീർഘകാലം നിന്നില്ലെങ്കിലും ജാതിതിരിച്ചുള്ള സംഘടനകളുടെ തുടക്കമായി ഇതിനെ കാണാം (ചിറയൻ കണ്ടത്ത്, 1993). 1900 കളിൽ എസ്.എൻ.ഡി.പിയും, എൻ.എസ്.എസും രൂപീകരിച്ചു. 1900 മുതൽ 1910 വരെ നിരവധി ജാതി സംഘങ്ങൾ തിരുവാതംകൂറിൽ രൂപംകൊണ്ടു. ഇത്തരം സംഘടനകളുടെ നേതാക്കൾ പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ചവരോ, ലോകപരിജ്ഞാനം ഉള്ളവരോ ആയിരുന്നു. അവർ വിദ്യാഭ്യാസത്തിനു ഊന്നൽ നൽകി. താഴ്ന്ന ജാതികളുടെ സംഘടന തങ്ങളുടെ പൊതു അവകാശങ്ങൾ സംരക്ഷിക്കാനും പൊതുസ്ഥലങ്ങളിലും സ്‌കൂളുകളിലും പ്രവേശനം നേടിയെടുക്കാനും ശ്രമിച്ചു. സർക്കാർ സർവീസിൽ അർഹതപ്പെട്ട സ്ഥാനം നേടാനാണ് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഈഴവരിലെ മുൻനിരക്കാർ ശ്രമിച്ചത്. നായർ, ഈഴവ വിഭാഗങ്ങൾ തങ്ങൾക്കിടയിലെ ഉപജാതി സമ്പ്രദായങ്ങൾ തിരസ്‌കരിച്ചു. ഇതിലൂടെ ഒരു ജാതിസ്വത്വം വളർത്തിയെടുക്കാനും ഒരു സമുദായമായി മാറാനും അവർക്കു സാധിച്ചു.
ഇംഗ്ലീഷ് വിദ്യാഭ്യാസം, ഭൂസ്വത്തിൻമേലുള്ള നിയന്ത്രണം, സർക്കാർ സേവനത്തിലുള്ള പങ്കാളിത്തം എന്നീ മൂന്നു പ്രധാനഘടകങ്ങളായിരുന്നു ഒരു സമുദായത്തിന്റെ സ്ഥാനവും ശക്തിയും നിർണയിച്ചത്. 1890 മുതൽ തന്നെ നായർ, ഈഴവ, ക്രിസ്ത്യൻ സമുദായങ്ങൾ സാമ്പത്തികവിഭവങ്ങൾ കയ്യടക്കാനും അധികാരം കൈയാളാനും മത്സരിച്ചു തുടങ്ങി. 1930കളോടെ വിദ്യാഭ്യാസം വളരെ പ്രാധാന്യമുള്ള ഒന്നായി മാറുകയും ഇതിനായി ഓരോ സമുദായവും രാഷ്ട്രീയ പ്രക്രിയയിൽ ഇടപെടുകയും ചെയ്തു. വിദ്യാഭ്യാസത്തിലൂടെ ജാതിപീഡനത്തിൽ നിന്നും രക്ഷനേടാനാണ് അവർണ ജാതികൾ ശ്രമിച്ചതെങ്കിൽ, സവർണർ വിദ്യാഭ്യാസത്തിലൂടെ പുതിയ തൊഴിലവസരങ്ങൾ തേടുകയായിരുന്നു. അതിവേഗം ആധുനികമാകുന്ന ഭരണകൂടത്തിൽ പങ്കുചേർന്ന് സാമ്പത്തികനേട്ടം ഉണ്ടാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ലോകസാമ്പത്തിക വ്യവസ്ഥയുമായി അടുത്തുകൊണ്ടിരുന്ന അന്നത്തെ മലയാളി സമൂഹത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ കൂടെനിന്ന് സാമ്പത്തികമായ മുന്നേറ്റം നടത്താനും ഇക്കൂട്ടർ ശ്രമിച്ചു.
വിദ്യാഭ്യാസം നേടാനുള്ള ഓരോ സമുദായത്തിന്റെയും ചോദനം വ്യത്യസ്തമായിരുന്നെങ്കിലും എല്ലാവർക്കും സാമ്പത്തിക ഉന്നമനത്തിനും തൊഴിൽ നേടാനും അത് ഒരു കാരണമായി എന്നുവേണം വിലയിരുത്താൻ. ഇക്കാര്യം ആദ്യം തിരിച്ചറിഞ്ഞത് തമിഴ് ബ്രാഹ്മണരും സിറിയൻ ക്രിസ്ത്യാനികളും ആയിരുന്നു. രാഷ്ട്രീയ മേഖലയിൽ പ്രവേശിക്കാനും ഇത് അവരെ സഹായിച്ചു.
1പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വിദ്യാഭ്യാസ പ്രവർത്തനത്തിനായി സുറിയാനി ഓർത്തഡോക്‌സ് സഭ ഒരു സൊസൈറ്റിക്ക് രൂപംനൽകി. ഇതു അവരുടെ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കിക്കൊണ്ടു തന്നെയായിരുന്നു. 1932ഓടേ തിരുവിതാംകൂറിലധികവും സിറയൻ കത്തോലിക്കരുടെയോ ലത്തീൻ കത്തോലിക്കരുടെയോ കൈവശമാണെന്നു വന്നു. എന്നാൽ ലത്തീൻ കത്തോലിക്കരായി മതം മാറിയ മുക്കുവരുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ഇന്നും നിലനിൽക്കുന്നു.
വിദ്യാഭ്യാസ ആസ്തികൾ ഉണ്ടായിരിക്കേ സിറിയൻ കത്തോലിക്കാ വിഭാഗത്തിന് ആർജിക്കാൻ കഴിഞ്ഞ പുരോഗതി ലത്തീൻ കത്തോലിക്കവിഭാഗക്കാരായ മുക്കുവർക്ക്, ആർജിക്കാൻ കഴിയാതെ പോയതെന്തെന്ന്, പഠിക്കേണ്ടതുണ്ട്. തിരുവിതാംകൂറിലെ കാർഷിക സാമ്പത്തിക വ്യവസ്ഥയുടെ വാണിജ്യവൽക്കരണം; നാണ്യവിളകളുടെ രംഗത്തുനിന്ന സിറിയൻ ക്രിസ്ത്യാനികളെ സഹായിക്കുകയും മത്സ്യബന്ധന മേഖലയിൽ നിന്ന ലത്തീൻ ക്രിസ്ത്യാനികളെ പുറന്തള്ളുകയും ചെയ്തതാണ് ലത്തീൻ കത്തോലിക്കരുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്കു കാരണമായി തരകൻ (2009) ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ തന്നെ സിറിയൻ ക്രിസ്ത്യാനികളുടെ ഇടയിലെ സമുദായ പരിഷ്‌കരണവും അവരുടെ പുരോഗതിക്ക് വഴി തെളിച്ചു. എന്നാൽ ഇതിനപ്പുറം ചരിത്രപരവും കാലികവുമായ വസ്തുതകൾ ശേഖരിച്ചു മത്സ്യത്തൊഴിലാളികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെ പഠിക്കേണ്ടതുണ്ട്.
1890 മുതൽ ഈഴവരിലും മറ്റു താഴ്ന്ന ജാതികളിലും തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള മുന്നേറ്റം നടന്നിരുന്നു. സ്‌കൂൾ പ്രവേശനത്തിനു നിയമപരമായ സാധുത ലഭിച്ചിരുന്നെങ്കിലും ഈഴവർ സ്‌കൂളിൽ നിന്നും പുറത്താക്കപ്പെട്ടു. ഈ കൂട്ടത്തിൽ വിദ്യാസമ്പന്നരുണ്ടായിരുന്നെങ്കിലും സർക്കാർ സേവനത്തിനായി ഇവരെ പരിഗണിച്ചിരുന്നില്ല. ഇത്തരത്തിൽ വിദ്യാസമ്പന്നരായ ഡോ.പി.പൽപ്പുവിനും സഹോദരൻ പി. വേലായുധനും തിരുവിതാംകൂർ സർക്കാർ ജോലി നൽകിയില്ല. ഇത്തരത്തിലുള്ള കയ്പുള്ള അനുഭവങ്ങളാണ് ഡോ. പൽപ്പുവിനെ സമുദായ സംഘടനയുടെ ആവശ്യത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഈഴവരുടെ സാമൂഹ്യഉന്നമനത്തിന് സമുദായ സംഘടന ആവശ്യമാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 1903ൽ ശ്രീനാരായണ ധർമപരിപാലന യോഗം (SNDP) രൂപം കൊണ്ടത്. ഈഴവർക്ക് ഗവ.സ്‌കൂളിലും മറ്റ് സർക്കാർ സഹായസ്‌കൂളിലും പ്രവേശനം ലഭിക്കാതിരുന്ന സാമൂഹ്യ അവസ്ഥയ്ക്ക് എതിരെയായിരുന്നു യോഗത്തിന്റെ ആദ്യ പരിശ്രമം. പിന്നീട് യോഗം നേരിട്ട് സ്‌കൂളുകൾ സ്ഥാപിക്കുവാൻ തുടങ്ങി. സംഘടിച്ച് ശക്തരാവുക, വിദ്യകൊണ്ട് പ്രബുദ്ധരാവുകത്സ എന്നതായിരുന്നു ശ്രീനാരായണഗുരുവിന്റെ ആഹ്വാനം.
ഈഴവരിൽ താഴെയുള്ള സമുദായങ്ങളിൽ ഇത്തരം സംഘടിതമുന്നേറ്റം വ്യത്യസ്തമായ അനുഭവങ്ങളാണുണ്ടാക്കിയത്. ഉദയഭാനു (1990) അരയരുടെ ഇടയിലെ നവീകരണ പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തെ വിവരിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും അരയസമുദായ നവീകരണത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും രാഷ്ട്രീയ  സാമ്പത്തിക ജീവിതത്തിന് ഉതകുന്ന വിധത്തിലുള്ള സമുദായ സ്ഥാപനങ്ങളെ നിലനിർത്താനും പരിപാലിക്കാനും അരയ നവീകരണ പ്രസ്ഥാനത്തിനു കഴിയാതെ പോയി. നിരവധി സ്ഥാപനങ്ങൾ നിലവിൽ വന്നെങ്കിലും സാമ്പത്തിക പരാധീനത കാരണം കുറഞ്ഞകാലം മാത്രമേ ഈ സ്ഥാപനങ്ങൾ നിലനിന്നുള്ളൂ.
ഇതേസമയം തിരുവിതാംകൂറിലെ പുലയരുടെ ഇടയിലും സമാനമായ ആവശ്യം ഉയർന്നുവന്നു. അയ്യൻകാളിയുടെ (1963-1941) നേതൃത്വത്തിലായിരുന്നു ഇവരുടെ മുന്നേറ്റം. 1907ൽ അയ്യൻകാളി സാധുജന പരിപാലന സംഘം രൂപീകരിച്ചു. 1904ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ വെങ്ങാനൂരിൽ ഒരു സ്‌കൂൾ സ്ഥാപിക്കാൻ ശ്രമം നടത്തി. ദളിതരുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ സ്‌കൂളിനെ കാണാം. പക്ഷേ ഈ സ്‌കൂൾ സവർണരാൽ തകർക്കപ്പെട്ടു. 1910ൽ ദിവാൻ സി രാജഗോപാലാചാരി ദളിതരുടെ വിദ്യാഭ്യാസകാര്യങ്ങളോട് ഏറെ അനുഭാവമുള്ള ഭരണാധിപനായിരുന്നു. 1910ൽ ദളിത് കുട്ടികൾക്ക് സ്‌കൂൾ പ്രവേശനം കൊടുക്കണമെന്ന സർക്കാർ ഉത്തരവിന്റെ പിന്നിൽ ഈ ദിവാനായിരുന്നു. എന്നാൽ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ ഈ ഉത്തരവ് അട്ടിമറിച്ചു. ഭൂവുടുമകളായ സ്‌കൂൾ അധികാരികൾ ഈ ഉത്തരവ് നടപ്പിലാക്കാൻ തയ്യാറായില്ല. സവർണ ജന്മിമാരുടെ ദളിത് വിരുദ്ധ അക്രമങ്ങളെ അപലപിക്കുന്നതിനു പകരം അവരുടെ ചെയ്തികളെ താത്വികമായി അംഗീകരിക്കുന്നതരത്തിലായിരുന്നു ഇന്ത്യൻ ഭാഷയിൽ ആദ്യമായി കാറൽമാർക്‌സിന്റെ ജീവചരിത്രമെഴുതുകയും ദിവാനെ നഖശിഖാന്തം രാഷ്ട്രീമായും വ്യക്തിപരമായും വിമർശിക്കുകയും ചെയ്ത സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പോലും നിലപാട്. സവർണ കുട്ടികളെയും  പുലയ പറയ കുട്ടികളെയും സ്‌കൂളിൽ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നത് കുതിരയെയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടലാണെന്ന് അദ്ദേഹം 20-3-1910ൽ ‘സ്വദേശാഭിമാനിയിൽ’ മുഖപ്രസംഗം എഴുതി (രാംദാസ്, 2009, പുറം 70)
സവർണരുടെ ഈ നിലപാടിനെ അയ്യൻകാളി ശക്തമായി എതിർത്തു. ‘ഞങ്ങളുടെ കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കുന്നില്ലെങ്കിൽ ഇനിമേൽ ഞങ്ങൾ പാടത്ത് പണിക്കില്ല’ എന്ന് ഉറക്കെ പ്രഖ്യാപിച്ചു. കേരളത്തിലെ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ ഈ പണിമുടക്കു സമരം അഷ്ടിക്കു വേണ്ടിയുള്ളതായിരുന്നില്ല, മറിച്ച് അക്ഷരത്തിനു വേണ്ടിയുള്ള മഹത്തായ സമരമായിരുന്നു. തങ്ങളുടെ കുട്ടികളുടെ അക്ഷരം മുടക്കുന്നവരുടെ അന്നം മുടക്കാൻ തങ്ങൾക്കാവുമെന്ന താക്കീതു കൂടിയായിരുന്നു അയ്യൻകാളിയുടെ ചരിത്രപ്രസിദ്ധമായ ഈ സമരം. ഇതിന്റെ അനന്തരഫലമെന്നോണം സർക്കാർ അധസ്ഥിത വിഭാഗത്തിലെ കുട്ടികൾക്ക് സ്‌കൂൾ പ്രവേശനം അനുവദിച്ചു. മാത്രമല്ല, അവർക്കായി പുതിയ സ്‌കൂളുകൾ സ്ഥാപിക്കുകയും ചെയ്തു. ദളിതർ സ്വന്തം നിലയിലും സ്‌കൂൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. 1917ൽ ശ്രീമൂലം പ്രജാസഭയിലെ പറയസമുദായ നേതാവായിരുന്ന കാവാരിക്കുളം കണ്ടൻകുമാരൻ തന്റെ സമുദായത്തിന് കുന്നത്തൂർ, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, പീരുമേട്, മാവേലിക്കര, കരുനാഗപ്പള്ളി എന്നീ താലൂക്കുകളിലായി 52 സ്‌കൂളുകളുണ്ടെന്നു പ്രജാസഭയിൽ പ്രസ്താവിക്കുന്നുണ്ട്. ഈ സ്‌കൂളുകൾക്ക് സർക്കാർ സഹായം നൽകണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. എന്നാൽ ഈ സ്‌കൂളുകളെപ്പറ്റി പിന്നീട് നാം കേൾക്കുന്നില്ല. സ്‌കൂളുകൾ സ്ഥാപിക്കാനുള്ള നിരവധി ശ്രമങ്ങൾ ദളിതരുടെ ഇടയിൽ നിന്നും ഉണ്ടായിരുന്നുവെങ്കിലും ഒന്നും വിജയപ്രദമായില്ല (രാംദാസ്, 2009).
സാധുജനപരിപാലന സംഘത്തിന്റെ പാത പിൻതുടർന്ന് നിരവധി സംഘടനകൾ രൂപീകൃതമായി. താഴ്ന്ന ജാതിക്കാരുടെ ഉന്നമനമായിരുന്നു ഇത്തരം സംഘങ്ങളുടെ പ്രധാന ദൗത്യം. 1913ൽ കൊച്ചി പുലയമഹാസഭ രൂപീകരിച്ചു. വിദ്യാഭ്യാസ വ്യാപനവും ജനങ്ങളെ ബോധവൽക്കരിക്കലുമായിരുന്നു സഭയുടെ പ്രധാന ലക്ഷ്യം. സമ്പന്നരായ ചില പുലയരുടെ നേതൃത്വത്തിൽ സ്‌കൂളുകൾ സ്ഥാപിക്കാൻ ഉള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സവർണർ ഇതു തകർത്തു. ഇത്തരം ചരിത്രസംഭവങ്ങളെക്കുറിച്ച് അരയസമുദായ നേതാവായ പണ്ഡിറ്റ് കറുപ്പന്റെ കൊച്ചി നിയമസഭാ പ്രസംഗങ്ങളിൽ സൂചനയുണ്ട്, പുലയരുടെ സ്‌കൂളുകൾ സവർണർ തകർക്കുന്നതിനെതിരെ സർക്കാർ നടപടി എടുക്കണമെന്നദ്ദേഹം വാദിച്ചു. എറണാകുളത്തെ മുളവുകാടിൽ നടന്ന ഒരു സംഭവം അദ്ദേഹം വിവരിക്കുന്നുണ്ട്. സമ്പന്നരായ ഏതാനും പുലയർ ചേർന്ന് ഒരു സ്‌കൂൾ സ്ഥാപിച്ചു. എന്നാൽ സവർണ ഹിന്ദുക്കൾ സ്‌കൂൾ തകർത്ത് അവിടെ ഒരു കള്ളുഷാപ്പ് പണിതു. പുലയർ മറ്റൊരു സ്ഥലത്ത് സ്‌കൂൾ സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും ഭൂമി ലഭിക്കാത്തതിനെത്തുടർന്ന് ആ ശ്രമം വിഫലമായി. പുറമ്പോക്ക് ഭൂമിയിൽ സ്‌കൂൾ സ്ഥാപിക്കാനായി പുലയർ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഗവണ്മെന്റ് ഇത് അനുവദിച്ചത് മിഷണറിമാർക്കായിരുന്നു. ഒരുഭാഗത്ത് സർക്കാർ പുലയർക്കായി സ്‌കൂളുകൾ സ്ഥാപിക്കുമ്പോൾത്തന്നെ, മറുഭാഗത്ത് പുലയരുടെ സ്വന്തം പ്രവർത്തനത്തെ തകർക്കുകയുമായിരുന്നു.
ശ്രീമൂലം ജനകീയ അസംബ്ലിയിലും, കൊച്ചി പ്രജാസഭയിലും ദളിത് പ്രതിനിധികൾ തങ്ങളുടെ സമുദായത്തിന്റെ ആവശ്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിയിരുന്നു. സ്‌കൂൾ പ്രവേശനം, പുസ്തകവിതരണം, വസ്ത്രവിതരണം, ധനസഹായം, ഫീസിളവ്, ജയിക്കാനുള്ള മിനിമം മാർക്ക് എന്നീ കാര്യങ്ങളെല്ലാം ഇവർ പ്രജാസഭയിൽ ചർച്ച ചെയ്തിട്ടുണ്ട് (സനൽ മോഹൻ, 2006) പുലയ കുട്ടികൾക്ക് ഉച്ചക്കഞ്ഞി കൊടുക്കണമെന്ന് അയ്യൻകാളി ശക്തമായി ആവശ്യപ്പെട്ടു. പുലയക്കുടിലിലെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയായിരുന്നു ഈ വാദം അദ്ദേഹം മുന്നോട്ടു വച്ചത്. സർക്കാർ ഈ ദൗത്യം സ്വന്തം ഉത്തരവാദിത്വമാണെന്നു കരുതി ഒരു ചക്രം അരിക്കും ഒരു കാശ് ഉപ്പിനും വേണ്ടി മാറ്റിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അയ്യൻകാളിയുടെ നിവേദനത്തിനു ഫലമുണ്ടായി. സ്‌കൂളുകളിലെ ‘ഉച്ചക്കഞ്ഞിയുടെ പിതാവ്’ അയ്യൻകാളിയാണ് എന്നു പറയാം.
മേൽവിവരിച്ച ചരിത്ര വസ്തുതകളിൽ നിന്നും വെളിവാകുന്നതിതാണ്: എല്ലാ സമുദായങ്ങളും വിദ്യാഭ്യാസം മൂല്യവത്തായ ഒരാസ്തിയാണെന്നു കണ്ടിരുന്നു. ആധുനിക രീതിയിൽ സ്‌കൂളുകൾ തുടങ്ങുകയെന്നത് സാമ്പത്തിക അധികാരവും, സാമൂഹ്യ സ്വാധീനവും അംഗീകാരവും ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതിനാലാവും സമുദായങ്ങൾ വിദ്യാഭ്യാസത്തിന് ഇത്രയേറെ പ്രാധാന്യം നൽകിയത്. ക്രിസ്ത്യാനികൾ ഇതിന്റെ ഫലം വളരെ മുമ്പ് കണ്ടെത്തിയെങ്കിൽ മറ്റ് സമുദായങ്ങളും സാവധാനത്തിൽ ഈ രംഗത്തേക്കു കടന്നുവന്നു. പിന്നാക്ക ജാതികളിലും ഇതിന്റെ അനുരണനം ഉണ്ടായി. അധസ്ഥിതരുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ചോദനം സർക്കാരും മിഷനറിമാരും നിറവേറ്റാൻ ശ്രമിച്ചു. അതോടൊപ്പം ദളിതരുടെ പ്രയത്‌നങ്ങളും അവഗണിക്കാവുന്നതല്ല. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഉടലെടുത്ത സാമുദായിക രാഷ്ട്രീയം സമുദായവൽക്കരണം സാധ്യമാവാത്ത ദളിതരുടെ മുന്നോട്ടു പോക്കിനു തടയിട്ടു. പ്രബല സമുദായങ്ങൾ സംഘടിച്ചു രാഷ്ട്രീയസാമ്പത്തിക മുന്നേറ്റം നടത്തിയപ്പോൾ ദളിതർക്ക് സാമൂഹ്യസാമ്പത്തിക രംഗത്ത് പറയത്തക്ക പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ല.
സ്വാതന്ത്ര്യാനന്തര കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ജാതി
സ്വാതന്ത്ര്യാനന്തര കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റം ശീഘ്രഗതിയിലായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലുള്ള വളർച്ച, സ്‌കൂൾ പ്രവേശനം, സ്‌കൂൾ സാന്ദ്രത, വിദ്യാഭ്യാസത്തിനു വേണ്ടി സർക്കാർ ചെലവാക്കുന്ന പണത്തിലുണ്ടായ വർധനവ് എന്നിവയെല്ലാം ഈ പുരോഗതിയെ സാക്ഷ്യപ്പെടുത്തുന്നു. സർക്കാർ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നടത്തിപ്പിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയതു 1930ൽ സർ സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായതിനു ശേഷമാണ്. ഈ കാലഘട്ടത്തിൽ തിരുവിതാംകൂർ സർക്കാരും സാമുദായിക സ്‌കൂൾ അധികാരികളും തമ്മിലുള്ള ബന്ധം മോശമായി. പ്രാഥമിക വിദ്യാഭ്യാസം സാർവത്രികവും സൗജന്യവും നിർബന്ധിതവും ആക്കണമെന്ന് സർക്കാർ തീരുമാനിച്ചു. നിർഭാഗ്യകരമെന്നു പറയട്ടെ ജനാധിപത്യത്തിന്റെ കാവൽഭടന്മാരെന്ന് വാഴ്ത്തപ്പെട്ട രാഷ്ട്രീയനേതൃത്വം ഈ സർക്കാർ തീരുമാനം തകർത്തു. കത്തോലിക്കരുടെ കണക്കു പ്രകാരം ഏതാണ്ട് 80 ശതമാനം സ്വകാര്യ സ്‌കൂളുകളും നടത്തിപ്പോന്നിരുന്നത് ക്രൈസ്തവരായിരുന്നു. അതുകൊണ്ടുതന്നെ സർക്കാർ, സ്വകാര്യസ്‌കൂളുകളെ നിയന്ത്രിക്കുന്നതിനെ ക്രിസ്തീയ സമുദായം ഒന്നടങ്കം എതിർത്തു.
കേരള സംസ്ഥാന രൂപീകരണത്തെത്തുടർന്ന് കമ്യൂണിസ്റ്റു പാർട്ടി അധികാരത്തിലേറിയപ്പോൾ അവരും വിദ്യാഭ്യാസമേഖലയെ സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ശ്രമം ശക്തമാക്കി. സമുദായമായി നിന്നുകൊണ്ട് വിദ്യാഭ്യാസ ആസ്തി ഉണ്ടാക്കാനുള്ള ചിന്ത ദളിതന് ഉണ്ടായിരുന്നെങ്കിൽ അതും ഇതോടെ അസ്തമിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ദളിതരുടെ ഇടയിൽ ഉണ്ടായ സമുദായവൽക്കരണ ശ്രമങ്ങളെല്ലാം പിൻസീറ്റിലേക്കു തള്ളപ്പെട്ടു. മറിച്ച്, ദളിതരായ കർഷകതൊഴിലാളികളും മറ്റു തൊഴിലാളികളും കമ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി യൂണിയനുകളുടെ കൂടെയും, മതപരിവർത്തനത്തോടെ പല പള്ളികളുടെ കൂടെയും നിന്നു. ദളിതരുടെ ഒരു സംരംഭവും മുന്നോട്ടു നടത്താൻ കഴിയാത്ത അവസ്ഥയും സംജാതമായി. കോട്ടയം ജില്ലയിലെ ആപ്പാഞ്ചിറയിലെ ഹരിജൻ വെൽഫയർ സ്‌കൂൾ ഇതിന്നൊരു ഉദാഹരണമാണ്.
1945ൽ സർക്കാർ ഈ സ്‌കൂൾ ഏറ്റെടുക്കുന്നതിനു മുമ്പുവരെ ഇത് ഒരു എഴുത്തു പള്ളിക്കൂടവും അഗതി മന്ദിരവുമായിരുന്നു. വൈക്കം താലൂക്ക് ചേരമർ സംഘത്തിന്റെ കൈവശമായിരുന്നു രണ്ടേക്കറോളം വരുന്ന ഈ സ്ഥാപനത്തിന്റെ ഭൂമി. സമുദായ അംഗങ്ങളുടെ ഇടയിൽ നിന്നും ശേഖരിച്ച ധനം കൊണ്ടാണ് ഈ ഭൂമി വാങ്ങിയത്. ചേരമർ സംഘമായിരുന്നു ഈ സ്‌കൂൾ നടത്തിപോന്നിരുന്നത്. എന്നാൽ ഇവരുടെ ഇടയിലെ ഹിന്ദു/ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം സ്‌കൂൾ നടത്തിപ്പിനെ ബാധിച്ചു. ഭൂമി രണ്ടായി പകുത്തു. സ്‌കൂൾ ഇരിക്കുന്ന സ്ഥലം സർക്കാരിനു വിട്ടു കൊടുത്തു. ക്രിസ്ത്യൻ ചേരമർ സംഘം അവരുടെ ഭൂമിയിൽ റബർ നട്ടിരിക്കുന്നു. ഹിന്ദുക്കളുടെ സംഘത്തിൽ ഒന്നു രണ്ടു പണിതീരാത്ത കെട്ടിടങ്ങൾ മാത്രമുണ്ട്.
1950കളിൽ തന്നെ ദളിതരുടെ ഇടയിൽ സ്‌കൂൾ വിദ്യാഭ്യാസം വ്യാപിച്ചെങ്കിലും, അതു സമുദായത്തിന്റെ ആസ്തിയാക്കി മാറ്റാൻ ദളിതർക്ക് കഴിഞ്ഞില്ല. സർക്കാർ സേവനരംഗത്ത് കയറിപ്പറ്റാനും ദളിതർക്കു കഴിഞ്ഞില്ല. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിലെ സ്വകാര്യ സ്‌കൂളുകളുടെ പ്രാധാന്യം അംഗീകരിച്ചപ്പോൾത്തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലാഭം കൊയ്യുന്ന സ്ഥാപനങ്ങളാക്കി മാറ്റുന്ന സ്വകാര്യ മാനേജുമെന്റുകളെ കുറ്റപ്പെടുത്തി. ഇത്തരം സ്‌കൂളുകൾ വിദ്യാർഥികളിൽ നിന്ന് അമിതഫീസ് ഈടാക്കിയിരുന്നു. അധ്യാപകരെ നിയമിക്കുന്നത് ഒരുതരം ലേലം വിളിയിലൂടെയായിരുന്നു. അധ്യാപകരായി നിയമിതരാവുന്നത് സാമുദായിക അംഗത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു (ലീറ്റൻ, 1977, ജെഫ്രി 1992/93) ഇത്തരം സാഹചര്യം ഒഴിവാക്കാനും സാമൂഹ്യനീതി ഉറപ്പുവരുത്താനും സ്വകാര്യസ്‌കൂളുകളുടെ മേൽ ഭരണപരമായ നിയന്ത്രണം അനിവാര്യമാണെന്ന് സർക്കാർ നിലപാടെടുത്തു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ ഇത്തരം നിയന്ത്രണങ്ങൾ വരുത്താനായി കമ്യൂണിസ്റ്റ് മന്ത്രിസഭ ശ്രമിച്ചു. അധ്യാപകരോട് സ്വകാര്യ മാനേജ്‌മെന്റ് കാണിച്ചിരുന്ന അനീതിക്കെതിരെ അധ്യാപകർ തന്നെ മുന്നോട്ടു വരുകയും ചെയ്തു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനായി കമ്യൂണിസ്റ്റു ഗവണ്മെന്റ് നിയമപരമായ ഒരു മാർഗരേഖ തയ്യാറാക്കി. പൊതു വിദ്യാഭ്യാസത്തിനു മികച്ച സംഘാടനം പ്രദാനം ചെയ്യുക എന്നതായിരുന്നു ബില്ലിന്റെ കാതൽ. അധ്യാപകരുടെ ശമ്പളം, അവരുടെ സേവനത്തിനു സംരക്ഷണം എന്നിവയോടൊപ്പം സ്ഥാപനങ്ങളുടെ ഭരണത്തിൽ സാമൂഹ്യനീതി ഉറപ്പുവരുത്തേണ്ടതാവശ്യമാണെന്ന് ബിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലേയും എയിഡഡ് സ്‌കൂളുകളിലേയും അധ്യാപക നിയമനം പി.എസ്.സി തയ്യാറാക്കുന്ന സെലക്ഷൻ ലിസ്റ്റിൽ നിന്നാകണമെന്ന വ്യവസ്ഥയാണ് ബില്ലിന്റെ 110ാം വകുപ്പിൽ ഉൾക്കൊള്ളിച്ചിരുന്നത്. 1959 ജൂൺ മാസം 1ാം തീയതി മുതൽ പ്രസ്തുത വകുപ്പ് നടപ്പാക്കുന്നതിനുള്ള നടപടിയൊന്നും സ്വീകരിച്ചില്ല. മാത്രവുമല്ല ഈ ബില്ലിനെ പ്രബല സമുദായങ്ങൾ നഖശിഖാന്തം എതിർത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയിരുന്ന ഈ പ്രബല സമുദായങ്ങളും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള തുറന്ന പോരിന് ഇതു വഴിവച്ചു. കുട്ടികളെ അവിശ്വാസികളാക്കാനും ദൈവവിരോധികളാക്കാനുമാണ് കമ്യൂണിസ്റ്റുകാർ ശ്രമിക്കുന്നതെന്ന് മലബാർ കത്തോലിക്ക് അസോസിയേഷൻ കുറ്റപ്പെടുത്തി. കമ്യൂണിസ്റ്റുകാർക്ക് വോട്ടു ചെയ്യരുതെന്ന് സഭ ഇടയലേഖനമിറക്കി. സഭയിലെ സ്ത്രീകളോട് കുരിശ് തൊട്ട് കോൺഗ്രിന് വോട്ട് ചെയ്യാൻ പ്രതിജ്ഞ എടുപ്പിച്ചു (ലീറ്റൻ, 1977) ഈ സാഹചര്യത്തിൽ ഈ വ്യവസ്ഥ നടപ്പാക്കുന്നതിന് മുമ്പ് വ്യക്തമായ അഭിപ്രായ ഐക്യം ഉണ്ടാകേണ്ടത് ആവശ്യമായതിനാൽ ഈ വ്യവസ്ഥ ഉൾക്കൊള്ളുന്ന നിയമത്തിലെ 11ാം വകുപ്പ് പ്രാബല്യത്തിൽ വരുന്നത് 1961 ജനുവരി ഒന്നാം തീയതി വരെ സസ്‌പെൻഡ് ചെയ്തു. പിന്നീട് എയിഡഡ് സ്‌കൂളിലെ അധ്യാപകരെ സ്‌കൂളിന്റെ മാനേജർക്ക് നിയമിക്കാമെന്ന വ്യവസ്ഥ ഈ നിയമത്തിൽ ചേർക്കുകയുണ്ടായി. സർക്കാർ ഫണ്ട് നൽകുന്ന സ്‌കൂളുകളിൽ പട്ടികജാതിവർഗ വിഭാഗങ്ങളിലെ കുട്ടികളുടെ പ്രവേശനം സുഗമമാക്കാൻ മാത്രം വ്യവസ്ഥ ചെയ്തു. വിദ്യാഭ്യാസ ബില്ലിനോടുള്ള എതിർപ്പ് ഭൂപരിഷ്‌കരണ നയപ്രഖ്യാപനത്തോടെ ശക്തമാകുകയും 1959 ജൂലൈയിൽ മന്ത്രിസഭ പിരിച്ചുവിടപ്പെടുകയും ചെയ്തു.
വിമോചനസമരത്തിലൂടെ വിദ്യാഭ്യാസ ബില്ലിനെ അട്ടിമറിച്ചപ്പോൾ ഏറ്റവും നഷ്ടം സംഭവിച്ചത് ഇവിടുത്തെ ദളിത് വിഭാഗങ്ങൾക്കായിരുന്നു (റോഷ്‌നി പദ്മനാഭൻ, രാജേഷ് കോമത്ത് 2011). സർക്കാർ സ്‌കൂളുകളേക്കാൾ എയിഡഡ് സ്‌കൂളുകൾ നിലനിൽക്കുന്ന കേരളത്തിൽ വിദ്യാഭ്യാസബില്ലിനു തുരങ്കം വച്ചതോടെ, ആയിരക്കണക്കിനു അധ്യാപക അനധ്യാപക ജോലികൾ ദളിതർക്കു നഷ്ടമായി. ഇതിനു കാരണക്കാരായത് ഇവിടുത്തെ പ്രബല സമുദായങ്ങളും പ്രത്യേകിച്ച് ക്രിസ്ത്യൻ പള്ളികളുമായിരുന്നു. മതപരിവർത്തനം ചെയ്ത ദളിതരെ വിദ്യാഭ്യാസബില്ലിനെതിരെ പള്ളി ഉപയോഗിച്ചു. പക്ഷേ അത് തിരിച്ചറിയാൻ ഈ വിഭാഗങ്ങൾക്കു കഴിയാതെ പോയി. ദളിതരെന്ന നിലയിൽ ലഭിക്കേണ്ടുന്ന സംവരണാനുകൂല്യം ഇവർക്കു നഷ്ടപ്പെട്ടു; സഭയിൽ നിന്ന് നേട്ടം കൊയ്യാൻ ഇവർക്കു കഴിഞ്ഞതും ഇല്ല. സഭയുടെ കീഴിലുള്ള സ്‌കൂളുകളിൽ അധ്യാപകരായി ജോലി ലഭിച്ചവർ വളരെ ചെറിയൊരു ശതമാനം മാത്രമാണ്. മതപരിവർത്തനത്തിന്റെ ഫലമെന്നോണം കേരളത്തിലെ വലിയ ജനവിഭാഗമായ ദളിതർ രണ്ടു വിഭാഗങ്ങളായി; ദളിത് ക്രൈസ്തവരും, ദളിത് ഹിന്ദുക്കളും. ദളിത് സമുദായവൽക്കരണത്തിന്റെ മുഖ്യപ്രതി ബന്ധങ്ങളിലൊന്ന് പള്ളിയുടെ ഈ ഇടപെടലാണ്.
പട്ടിക  1
വിവിധ മാനേജ്‌മെന്റുകളിൽ എസ്.സി/എസ്.ടി അധ്യാപകരുടെ എണ്ണം 1966-67, 2002-03, 2010.

വർഷം

മാനേജ്‌മെന്റ്

എസ്.സി %

എസ്.റ്റി %

1966-67

സർക്കാർ

5.33

0.19

പ്രൈ.എയിഡ്

1.57

0.11

അൺ.എയിഡഡ്

0.6

0.12

2002-03

സർക്കാർ

7.09

1.9

പ്രൈ.എയിഡഡ്

0.28

0.5

2010

സർക്കാർ

7.2

0.88


എയിഡഡ്

0.30

0.08

 

അവലംബം: ഡി.പി.ഐ, ആർ.റ്റി.ഐ സ്രോതസുകൾ

 

 

 

 

വിവിധ സർക്കാരുകൾ ദളിത്ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി പല പദ്ധതികളും നടപ്പിലാക്കിപ്പോരുന്നു. സംവരണം മൂലം സർക്കാർ സ്‌കൂളുകളിൽ ദളിത് അധ്യാപകർ താരതമ്യേന നല്ല രീതിയിൽ പ്രതിനിധീകരിക്കപ്പെട്ടു. സാക്ഷരതാ നിരക്കും സ്‌കൂൾ പ്രവേശനവും മെച്ചപ്പെട്ടു. എന്നാൽ പത്താംക്ലാസ് പാസാകുന്ന ദളിത് കുട്ടികളുടെ എണ്ണം 1990കൾ വരെ ശുഭ സൂചകമായിരുന്നില്ല. സംസ്ഥാനത്തിന്റെ ശരാശരി വിജയശതമാനത്തേക്കാൾ വളരെ താഴെയായിരുന്നു ദളിത്  ആദിവാസികുട്ടികളുടെ വിജയശതമാനം.
വിദ്യാഭ്യാസത്തിൽ ദളിത് ജനവിഭാഗങ്ങളുടെ നേട്ടത്തെ കുറിച്ചുള്ള വിലയിരുത്തൽ ശ്രദ്ധേയമാണ് ശിവാനന്ദൻ (1978). ദളിത്ത് വിഭാഗങ്ങൾക്കായി കൊണ്ടുവന്ന സാമൂഹ്യസാമ്പത്തിക പദ്ധതികൾ വേണ്ടത്ര ചലനം സൃഷ്ടിച്ചില്ലെന്ന് ഈ പഠനം നിരീക്ഷിക്കുന്നു. മാത്രമല്ല മറ്റു ജനവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദളിത് വിഭാഗങ്ങൾ കടുത്ത അസമത്വമാണ് അനുഭവിക്കുന്നത്.
സാമ്പത്തിക വിഭവങ്ങളുടെ കാര്യത്തിലും, സാമൂഹ്യ വിദ്യാഭ്യാസ നേട്ടങ്ങളിലും ഈ ചിത്രം മായാതെ നിൽക്കുന്നു. 1980കളോടെ സ്വകാര്യമേഖല വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കുക കൂടി ചെയ്തപ്പോൾ ഈ മേഖലയിലെ ദളിതർ വീണ്ടും പുറകോട്ട് പോയി. 1989ലെ ശിവാനന്ദന്റെ പഠനം ഇതു ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വകാര്യമേഖലയുടെ വളർച്ച നിലനിൽക്കുന്ന ജാതിവർഗ ഘടനയെ നിലനിർത്താനേ സഹായിച്ചിട്ടുള്ളൂ; പരിവർത്തിപ്പിച്ചിട്ടില്ല. മറിച്ച്, പാരമ്പര്യമായി പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ കൂടുതൽ പാർശ്വവൽക്കരണത്തിനു വിധേയമായി (ശിവാനന്ദൻ 1989: 109). ദളിതർക്ക് വിദ്യാഭ്യാസത്തെ ഒരാസ്തിയാക്കി മാറ്റാൻ കഴിഞ്ഞിട്ടില്ലെന്നു ചുരുക്കം. പൊതുവിദ്യാഭ്യാസത്തിലൂടെ ദളിതർ തങ്ങളുടെ നില മെച്ചപ്പെടുത്തിയെങ്കിലും പ്രബലരായ ഇതര സമുദായങ്ങളോട് മത്സരിച്ച് വിദ്യാഭ്യാസ/തൊഴിൽ മേഖലയിൽ കടന്നുകൂടാനും കഴിഞ്ഞില്ല. സംവരണാനുകൂല്യം സർക്കാർ സ്‌കൂളുകളിൽ ദളിത് അധ്യാപകസാന്നിധ്യമുണ്ടാക്കിയെങ്കിലും, സ്വകാര്യസ്‌കൂളുകൾ സവർണാധിപത്യത്തിലാണ്. സർക്കാർ സ്‌കൂളുകളേക്കാൾ സ്വകാര്യ സ്‌കൂളുകളുള്ള കേരളത്തിൽ, സ്വകാര്യ സ്‌കൂൾ മേഖലയിലെ സവർണ വിഭാഗങ്ങളുടെ കേന്ദ്രീകരണം, (പട്ടിക1) ദളിത് വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിൽ ചില പാഠങ്ങൾ നൽകുന്നു.
സ്വാതന്ത്ര്യാനന്തരം കേരളത്തിലെ വിദ്യാഭ്യാസ മേഖല വിചിത്രമായ ഒരു മലക്കം മറിച്ചിലിന് സാക്ഷിയാവുന്നുണ്ട്. സർക്കാർ സ്‌കൂളുകളിൽ മുമ്പ് ദളിതരെ പ്രവേശിച്ചിരുന്നില്ലെന്നു മുമ്പു സൂചിപ്പിച്ചിരുന്നല്ലോ; അതു സവർണകുട്ടികൾക്കു നീക്കിവച്ച ഇടമായിരുന്നു. എന്നാൽ സ്വാതന്ത്ര്യാനന്തരം സർക്കാർ സ്‌കൂളുകളിൽ നിന്നും പതിയെ സവർണസമ്പന്ന വിദ്യാർഥികളുടെ എണ്ണം കുറയുകയും പരമദരിദ്രരുടെയും ദളിതരുടെയും ഗട്ടോകളായി സർക്കാർ സ്‌കൂളുകൾ മാറുകയും ചെയ്തു. നല്ല വിദ്യാഭ്യാസത്തിന്റെയും അച്ചടക്കത്തിന്റെയും പേര് പറഞ്ഞ് സവർണസമ്പന്ന വിദ്യാർഥികൾ സ്വകാര്യ സ്‌കൂളുകളിലേക്ക് ചേക്കേറി. സർക്കാർ സ്‌കൂളുകളേക്കാൾ എയിഡഡ് സ്‌കൂളുകളുള്ള കേരളത്തിൽ ദളിത് വിദ്യാർഥികൾ കൂടുതൽ എയിഡഡ് സ്‌കൂളുകളിൽ ആണ് പഠിക്കുന്നത്. അവിടെ ദളിത് അധ്യാപകരുടെ അസാന്നിധ്യവും.
1980കളോടെ തന്നെ, അതായത് ഭൂപരിഷ്‌കരണത്തിനും മലയാളികളുടെ ഗൾഫ് കുടിയേറ്റത്തിനും പുറകേ, കേരളത്തിലെ വിദ്യാഭ്യാസം പുതിയ തർക്കങ്ങൾക്ക് വഴി തെളിച്ചു. 1960കളിൽ തന്നെ സർക്കാർ സ്‌കൂളുകളിലെ നിലവാര തകർച്ചയെപ്പറ്റിയുള്ള ചർച്ചകൾ സജീവമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായെങ്കിൽത്തന്നെയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഗുണപരമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പഠനങ്ങൾ (വർഗീസ് 198) ചൂണ്ടിക്കാണിച്ചു. സർക്കാർ സ്‌കൂളുകളുടെ സാമൂഹ്യ ഉത്തരവാദിത്വമില്ലായ്മയാണ് സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ പൊതു നിലവാരം കുറയ്ക്കുന്നതെന്ന് പൊതുവേ ആക്ഷേപം ഉയർന്നു. ഇതേ സമയത്തു തന്നെ തൊഴിലധിഷ്ഠിത വിഷയങ്ങൾക്കായി സ്വകാര്യകോച്ചിങ്ങ് കേന്ദ്രങ്ങൾ കേരളത്തിൽ വർധിച്ചുവന്നു. അന്താരാഷ്ട്ര കമ്പോളത്തിലെ തൊഴിൽ സാധ്യതകളെ മുൻനിർത്തിയായിരുന്നു ഇത്തരത്തിലുള്ള നീക്കം. ഇതിന്റെ ഫലമെന്നോണം 1990 കളോടെ സർക്കാർ സ്‌കൂളിലെ പ്രവേശനം കുത്തനെ താഴ്ന്നു. ഇതെല്ലാം ബാധിച്ചത് മറ്റൊരവസരമില്ലാത്ത ദളിത് വിഭാഗങ്ങളെയാണ്. ഇതാണ് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ തകർച്ചയുടെ ഒരു ചിത്രം.
സർക്കാർ സ്‌കൂളുകളിലെ ശോചനീയമായ അവസ്ഥ പരിഹരിക്കാനെന്നോണം സർക്കാർ സ്‌കൂളുകളെ നവീകരിക്കാൻ ചില ശ്രമങ്ങൾ നടന്നു. പൊതുവിദ്യാഭ്യാസത്തിന് ഊന്നൽ നൽകി അത് മൂല്യവത്താക്കാനായിരുന്നു ഈ ശ്രമം. 1993ൽ ഡി.പി.ഇ.പി എന്ന പദ്ധതി നടപ്പിൽ വരുത്തി. സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെ ലോകബാങ്കിന്റെയും യൂറോപ്യൻ കമ്മീഷന്റെയും പദ്ധതിയായിട്ടാണ് ഇത് ആവിർഭവിച്ചത്. സ്‌കൂൾ പ്രവേശനം വർധിപ്പിക്കുക, പാർശ്വവൽക്കരിക്കപ്പെട്ട സാമൂഹ്യവിഭാഗങ്ങളെ വിദ്യാലയങ്ങളിലേക്ക് അടുപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുക എന്നതായിരുന്നു ഈ പദ്ധതി വിഭാവനം ചെയ്തത് (മദൻ, 2004). ഈ പദ്ധതിക്ക് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും എതിർപ്പുണ്ടായി. ദളിത്ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ ലക്ഷ്യം വച്ചു ആരംഭിച്ച ഈ പദ്ധതിയും അതിന്റെ ഉദ്ദേശലക്ഷ്യം കൈവരിച്ചില്ലെന്ന് പഠനങ്ങൾ (പദ്മനാഭൻ, റോഷ്‌നി, 2009.) കാണിക്കുന്നു. ഒന്നാം ക്ലാസിൽ ചേരുന്ന 100 പട്ടികജാതി കുട്ടികളിൽ 4 പേർ മാത്രമാണ് പന്ത്രണ്ടാം ക്ലാസിലെത്തുന്നത് എന്നതും  (തരകൻ, 2009) സാങ്കേതിക/തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ ഈ കുട്ടികളുടെ എണ്ണക്കുറവും (എക്കണോമിക് റിവ്യൂ, 2009) ശിവാനന്ദ (1976)ന്റെ പഠനത്തിന് അടിവരയിടുന്നു.
ദളിതരുടെ വിദ്യാഭ്യാസത്തിനായുള്ള അഭിവാഞ്ഛയും അതിനായി നടത്തിയ ചരിത്രപരമായ സമരങ്ങളും ഓർമിപ്പിച്ചുകൊണ്ട്, സമുദായവൽക്കരണത്തിലൂടെ മറ്റ് സമുദായങ്ങൾക്ക് കൈവരിക്കാൻ കഴിഞ്ഞ രാഷ്ട്രീയ അവബോധം, സംഘടിതശക്തി, വിദ്യാഭ്യാസ ഭൗതിക ആസ്തികൾ എന്നിവ ദളിത് സമുദായങ്ങൾക്ക് നേടാൻ കഴിയാതെ പോകുന്നുവെന്ന ചരിത്രവസ്തുതയാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. കേരള വിദ്യാഭ്യാസത്തിന്റെ വിമർശനാത്മക ചരിത്രം വിദ്യാഭ്യാസത്തിന്റെ പ്രാപ്യതയ്ക്കു മാത്രം ഊന്നൽ നൽകിയാൽ പോര, മറിച്ച് വിദ്യാഭ്യാസത്തിന്റെ നിയന്ത്രണത്തെകുറിച്ചും വിലയിരുത്തേണ്ടതുണ്ട് എന്നു വ്യക്തമാക്കുന്നു.
കേരള വികസന മാതൃകയെ ചരിത്രവൽക്കരിക്കുന്നിടത്ത് വിദ്യാഭ്യാസത്തിന്റെ പങ്കിനെകുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്നുണ്ടെങ്കിലും, വികസനമാതൃക പോലെ തന്നെ സർവവ്യാപിയായി സാമാന്യവൽക്കരിക്കാവുന്ന ഒന്നല്ല. കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ ചരിത്രവും. സമഗ്രമായ ഒരു ചരിത്രാഖ്യാനം കീഴാള പശ്ചാത്തലത്തിൽ ഇനിയും ഉണ്ടാകേണ്ടതായിട്ടുണ്ട്. അതിനായുള്ള ഒരാമുഖം മാത്രമാണീ ലേഖനം. ഒരുപക്ഷെ പരമ്പരാഗത ചരിത്ര രചനാരീതിയിൽ നിന്ന് മാറ്റി നിന്ന് അനുഭവങ്ങളെയും ഓർമകളെയും ചരിത്രപരമായ ഫീൽഡ് വർക്കിന്റെ സഹായത്താൽ മാത്രമേ ഇത്തരം ചരിത്രരചന സാധ്യമാകുകയുള്ളൂ.

അവസാനം പരിഷ്കരിച്ചത് : 7/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate