Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / സുപ്രീംകോടതിയുടെ ചരിത്രവിധി : സ്വകാര്യത മൌലികാവകാശം
പങ്കുവയ്ക്കുക

സുപ്രീംകോടതിയുടെ ചരിത്രവിധി : സ്വകാര്യത മൌലികാവകാശം

സ്വകാര്യത ഭരണഘടന വാഗ്ദാനംചെയ്യുന്ന മൌലികാവകാശം തന്നെയെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി

ന്യൂഡല്‍ഹി > സ്വകാര്യത ഭരണഘടന വാഗ്ദാനംചെയ്യുന്ന മൌലികാവകാശം തന്നെയെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി. ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്യ്രവും വാഗ്ദാനംചെയ്യുന്ന ഭരണഘടനയിലെ 21-ാം അനുച്ഛേദത്തില്‍ സ്വകാര്യതയും അന്തര്‍ലീനമാണെന്ന് ചീഫ്ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഐക്യകണ്ഠേന ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യത മൌലികാവകാശമല്ലെന്ന് വിധിച്ച 1954ലെ എം പി ശര്‍മ കേസിലെയും 1962ലെ ഖരഗ്സിങ് കേസിലെയും സുപ്രീംകോടതി ഉത്തരവുകള്‍ അസാധുവാക്കി. ഖരഗ്സിങ് കേസിനുശേഷം ഈ വിഷയത്തില്‍ സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും പുറപ്പെടുവിച്ച ഉത്തരവുകള്‍ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. ആധാറിന്റെ ഭരണഘടനാപരമായ സാധുത ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് 'സ്വകാര്യത മൌലികാവകാശമാണോ' എന്ന വിഷയം ഒമ്പതംഗബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. സ്വകാര്യത മൌലികാവകാശമാണെന്ന വിധി വന്നതോടെ ആധാറിന്റെ ഭാവി ഇനി അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിക്കും.

സ്വകാര്യതയ്ക്കുള്ള അവകാശത്തേക്കാള്‍ പരിഗണന നല്‍കേണ്ടത് ആധാര്‍പോലുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം കോടതി പൂര്‍ണമായും തള്ളി. വ്യക്തികള്‍ക്കും പൌരാവകാശങ്ങള്‍ക്കുമാണ് ഭരണഘടന പ്രഥമ പരിഗണന നല്‍കുന്നതെന്ന് കോടതി നിരീക്ഷിച്ചു. പാവപ്പെട്ടവര്‍ക്ക് പൌരാവകാശങ്ങളേക്കാള്‍ ആവശ്യം സാമൂഹ്യക്ഷേമപദ്ധതികളാണെന്ന് വാദിക്കുന്നത് മനുഷ്യാവകാശങ്ങളുടെ ഹീനമായ ലംഘനമാണെന്ന് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം, സ്വകാര്യത മറ്റ് മൌലികാവകാശങ്ങള്‍പോലെ യുക്തിപരമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്ന് ജഡ്ജിമാര്‍ വ്യത്യസ്ത വിധിപ്രസ്താവനകളില്‍ അഭിപ്രായപ്പെട്ടു. സ്വകാര്യത വ്യക്തിജീവിതത്തിന്റെ സമസ്തമേഖലകളുമായി ബന്ധപ്പെട്ട വസ്തുതയാണെന്ന് 547 പേജുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. ജീവിതത്തിലെ സുപ്രധാനവിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള സ്വയംനിര്‍ണയാവകാശവും സ്വകാര്യതയുമായി പൊക്കിള്‍ക്കൊടി ബന്ധമുണ്ട്. ബഹുസ്വരതയും വൈവിധ്യവും നിലനിര്‍ത്താന്‍ സ്വകാര്യതയ്ക്കുള്ള അവകാശം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. വ്യക്തി പൊതുഇടത്തില്‍ ജീവിക്കുന്നുവെന്നതുകൊണ്ട് സ്വകാര്യതയ്ക്കുള്ള അവകാശമില്ലെന്ന വാദം അംഗീകരിക്കാനാകില്ല. അന്തസ്സിന്റെ അവിഭാജ്യഘടകമാണ് സ്വകാര്യതയെന്നതുകൊണ്ട് അതൊരു മൌലികാവകാശമാണ്- കോടതി വിലയിരുത്തി.

സ്വകാര്യത മൌലികാവകാശമേ അല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍നിലപാട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സ്വകാര്യത വ്യക്തിസ്വാതന്ത്യ്രത്തിന്റെ അവിഭാജ്യഘടകമാണെന്നും അത് സംരക്ഷിക്കപ്പെടണമെന്നും നിലപാടെടുത്തു. നീതിന്യായരംഗത്തെ നിരവധി പ്രമുഖര്‍ വാദങ്ങള്‍ അവതരിപ്പിച്ചിരുന്നു.

ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എസ് എ ബോബ്ഡെ, ആര്‍ കെ അഗര്‍വാള്‍, റോഹിന്റണ്‍ നരിമാന്‍, എ എം സാപ്രേ, ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ്കിഷന്‍കൌള്‍, എസ് അബ്ദുള്‍നസീര്‍ എന്നിവരായിരുന്നു ഭരണഘടനാബെഞ്ചിലെ അംഗങ്ങള്‍. കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ എസ് പുട്ടസ്വാമി, മാഗ്സസെ അവാര്‍ഡ് ജേതാവ് ശാന്തസിന്‍ഹ, സാമൂഹ്യപ്രവര്‍ത്തക കല്യാണിസെന്‍ മേനോന്‍ തുടങ്ങിയ പ്രമുഖരാണ് ആധാര്‍ സ്വകാര്യതയ്ക്കുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്നാണ് ചൂണ്ടിക്കാട്ടി ഹര്‍ജി സമര്‍പ്പിച്ചത്.

Back to top