Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / ഇന്ന് ലോകസാക്ഷരതാദിനം
പങ്കുവയ്ക്കുക

ഇന്ന് ലോകസാക്ഷരതാദിനം

യുനെസ്‌കോയുടെ അംഗീകാരം ലഭിച്ചതു മുതല്‍ ആചരിച്ചുവരുന്ന ഈ ദിനത്തിന് ഇന്ന് 51 വയസ്സ്.

കോഴിക്കോട്: അക്ഷരത്തിന്റെ മഹത്ത്വം ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചുകൊണ്ട് ഇന്ന് സാര്‍വദേശീയ സാക്ഷരതാദിനം. യുനെസ്‌കോയുടെ അംഗീകാരം ലഭിച്ചതു മുതല്‍ ആചരിച്ചുവരുന്ന ഈ ദിനത്തിന് ഇന്ന് 51 വയസ്സ്. 'ഡിജിറ്റല്‍ സാക്ഷരത' എന്നതാണ് 2017-ലെ സാക്ഷരതാദിനത്തിന്റെ പ്രമേയം.

കഴിഞ്ഞദിവസം യുനെസ്‌കോ പുറത്തുവിട്ട കണക്കുപ്രകാരം ലോകത്ത് പ്രായപൂര്‍ത്തിയായ 75 കോടി ആളുകളും 26.4 കോടി കുട്ടികളും ഇപ്പോഴും എഴുത്തിന്റെയും, വായനയുടെയും ലോകത്ത് എത്തിച്ചേര്‍ന്നിട്ടില്ല.

നിരക്ഷരതയുടെ ലോകം ഇപ്പോഴും എത്ര വലുതാണെന്ന് ഈ കണക്കില്‍ നിന്ന് വ്യക്തം. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയ്ക്ക് സ്‌കൂളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ ദാരിദ്ര്യം മൂലം വലിയ കുറവുണ്ടായതായി യുണിസെഫ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.

1947-ല്‍ ഇന്ത്യയിലെ സാക്ഷരതാനിരക്ക് 12 ശതമാനമായിരുന്നു. 2011-ലെ സെന്‍സസ് പ്രകാരം ഇത് 74 ശതമാനമായി ഉയര്‍ന്നു. സാക്ഷരതയുടെ കാര്യത്തില്‍ കേരളമാണ് രാജ്യത്ത് ഏറ്റവും മുന്നില്‍. 93.1 ശതമാനം. ബിഹാറാണ് ഏറ്റവും പിന്നില്‍. 63.82 ശതമാനം.

അടുത്തകാലത്ത് അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യയും ഡെലോയിറ്റ് റിസര്‍ച്ചും സംയുക്തമായി നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ 950 ദശലക്ഷം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കാനറിയില്ല.

2019- ഓടെ ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകാനുള്ള മുന്നൊരുക്കത്തിലാണ് കേരളം. ഇതിനു മുന്നോടിയായി 2018 മാര്‍ച്ചോടെ 50000 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 45000 ക്‌ളാസ് മുറികള്‍ ഡിജിറ്റലാക്കി മാറ്റും. എട്ട് മുതല്‍ മുതല്‍ പത്താംതരം വരെയുള്ള ക്‌ളാസുകളാണ് ഈ പദ്ധതിയിലുള്ളത്. ഐ.ടി @ സ്‌കൂളാണ് നേതൃത്വം നല്‍കുന്നത്.

വിദ്യാര്‍ഥികളുടെ പഠനത്തിനാവശ്യമായ ലാപ്‌ടോപ്പുകളുടെ ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഐ.ടി@സ്‌കൂള്‍ പ്രൊജക്ട് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.

Back to top