অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്ത്രീകളുടെ ആരോഗ്യവിവരങ്ങള്‍

സ്ത്രീകളുടെ ആരോഗ്യവിവരങ്ങള്‍

മഴക്കാലരോഗങ്ങളെ എന്തിന് പേടിക്കണം

 

ഡോ.ബി.പത്മകുമാര്‍

മഴക്കാലത്ത് വ്യക്തിശുചിത്വം പാലിച്ചാല്‍ ഒരുവിധം രോഗങ്ങളൊന്നും വരാതെ സൂക്ഷിക്കാം...

മഴക്കാലം രോഗങ്ങളുടെ കാലമാണ്. കുടിവെള്ളം മലിനമാകുന്നതാണ് പകര്‍ച്ചവ്യാധികളും ജലജന്യരോഗങ്ങളും വ്യാപകമാകുന്നതിനു ഒരു പ്രധാന കാരണം. അന്തരീക്ഷത്തിലെ കുറഞ്ഞ താപനിലയും ഈര്‍പ്പം നിറഞ്ഞ പരിസരവും രോഗാണുക്കളുടെയും രോഗാണുവാഹകരായ പ്രാണികളുടെയും വര്‍ധനയ്ക്ക് ഇടയാക്കുന്നു.

സാധാരണ വൈറല്‍ പനിക്കു പുറമെ ടൈഫോയിഡ്, മഞ്ഞപ്പിത്തം, എലിപ്പനി, ഛര്‍ദ്ദി- അതിസാര രോഗങ്ങള്‍, കോളറ, അമീബിയാസിസ് തുടങ്ങിയ ജലജന്യ പകര്‍ച്ചവ്യാധികളും മഴക്കാലത്ത് പടര്‍ന്നുപിടിക്കാറുണ്ട്. വിവിധ തരത്തിലുള്ള ബാക്ടീരിയ, വൈറസുകള്‍ തുടങ്ങിയവ ഛര്‍ദ്ദി അതിസാര രോഗങ്ങള്‍ക്കു കാരണമായേക്കാം. ഭക്ഷണത്തിലൂടെയും ജലത്തിലൂടെയുമാണ് മഴക്കാല രോഗങ്ങള്‍ പ്രധാനമായും പടരുന്നത്. പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചാല്‍ ഒരു പരിധിവരെ രോഗങ്ങള്‍ തടയാം.

പടരുന്ന രോഗങ്ങള്‍

നീണ്ടുനില്‍ക്കുന്ന പനിയാണ് ടൈഫോയിഡ് ലക്ഷണം. രോഗിയുടെയും രോഗാണുവാഹകരുടെയും വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. മഴക്കാലത്ത് പെരുകുന്ന ഈച്ചകള്‍ രോഗം പരത്തുന്നു.
ഹൈപ്പറ്റൈറ്റിസ്-എ, ഇ തുടങ്ങിയ വൈറസുകളാണ് ജലജന്യരോഗമായ മഞ്ഞപ്പിത്തത്തിനു കാരണം. മഴക്കാലത്ത് രോഗസാധ്യത കൂടുതലാണ്. രോഗിയുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയും രോഗം പകരാം. പ്രതിരോധശക്തിയേറിയ ഈ വൈറസുകള്‍ക്ക് കുളത്തിലും കിണറിലുമൊക്കെയുള്ള വെള്ളത്തില്‍ ആഴ്ചകളോളം സജീവമായി നിലനില്‍ക്കാനുള്ള കഴിവുണ്ട്. മഴക്കാലത്ത് വ്യാപകമായ മറ്റൊരു പകര്‍ച്ച വ്യാധിയാണ് എലിപ്പനി. പനിയും ശക്തിയായ പേശീവേദനയുമാണ് എലിപ്പനിയുടെ മുഖ്യരോഗലക്ഷണം. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കള്‍ പുറത്തു വരുന്നത്. രോഗബാധിതരായ ജന്തുക്കളുടെ മൂത്രം കലര്‍ന്ന വെളളവുമായി നേരിട്ട് ബന്ധമുണ്ടാകുമ്പോഴോ, മലിനമായ വെള്ളം കുടിക്കുന്നതിലൂടെയോ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു.

ഒരു പ്രദേശമാകെ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന രോഗമാണ് കോളറഛര്‍ദിയും വയറിളക്കവുമാണ് പ്രധാന ലക്ഷണം. മലത്തില്‍ നിന്നും ഛര്‍ദ്ദിയില്‍ നിന്നുമാണ് രോഗം പകരുന്നത്. ഉചിതമായ ചികിത്സ നല്‍കിയില്ലെങ്കില്‍ നിര്‍ജലീകരണംമൂലം രോഗി പെട്ടെന്ന് അവശനായേക്കാം.

കൊതുക് പരത്തുന്ന രോഗങ്ങള്‍

മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടുകള്‍ കൊതുകുകള്‍ക്ക് പ്രജനനം നടത്താനുള്ള അനുകൂല സാഹചര്യമൊരുക്കുന്നു. കൊതുകുകള്‍ പരത്തുന്ന പകര്‍ച്ചപ്പനികളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ജപ്പാന്‍ജ്വരം തുടങ്ങിയവക്കെതിരായി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പനി, സന്ധിവേദനകള്‍, പേശിവേദന, ചര്‍മത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണിവയുടെ പ്രധാന ലക്ഷണം. കൂടാതെ പനി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതുകൊണ്ട് ജപ്പാന്‍ജ്വര ബാധിതര്‍ക്ക് പനിയോടൊപ്പം പെരുമാറ്റവൈകല്യങ്ങള്‍, അപസ്മാരചേഷ്ടകള്‍, ശക്തിയായ തലവേദന, കൈകാലുകള്‍ക്ക് തളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം.

പ്രതിരോധം ശുചിത്വത്തിലൂടെ

ടൈഫോയിഡ് ബാധിച്ച രോഗി അസുഖത്തിന്റെ ലക്ഷണങ്ങള്‍ അപ്രത്യക്ഷമായതിനു ശേഷവും ആഴ്ചകളോളം രോഗാണുക്കളെ പുറന്തള്ളിയെന്നു വരാം. കോളറ ബാക്ടീരിയയായും ദീര്‍ഘനാള്‍ മനുഷ്യശരീരത്തില്‍ നിലനില്‍ക്കും. ശരിയായ ചികിത്സ പൂര്‍ണമായ കാലയളവില്‍ ചെയ്യണം. രോഗം ഭേദമായതിനുശേഷവും തുടര്‍പരിശോധനകള്‍ക്ക് വിധേയമാകണം. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ വ്യക്തിശുചിത്വം പാലിക്കണം.

ഭക്ഷണത്തിനു മുന്‍പ് കൈകള്‍ വൃത്തിയായി കഴുകുക, രോഗിയെ ശുശ്രൂഷിക്കുമ്പോള്‍ വ്യക്തിശുചിത്വം പാലിക്കുക, രോഗികള്‍ മറ്റുള്ളവരുമായി ഇടപഴകാതെയിരിക്കുക, മലവിസര്‍ജനത്തിനുശേഷം കൈകള്‍ വൃത്തിയാക്കുക തുടങ്ങിയ ലളിതമായ ശീലങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു.

തിളച്ച വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. വെള്ളം അഞ്ചു മിനുട്ടോളം തിളപ്പിക്കണം. തണുത്ത വെള്ളത്തിലേക്ക് കുറച്ച് തിളച്ച വെള്ളം ഒഴിച്ച് കുടിക്കുന്ന ശീലം ഒഴിവാക്കണം. കാരണം ഇങ്ങനെ ചെയ്യുമ്പോള്‍ രോഗാണുക്കള്‍ നശിക്കുന്നില്ല. പഴകിയതും മലിനമായതുമായ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കരുത്.

പകര്‍ച്ചവ്യാധികളുടെ ഉറവിടം വൃത്തിഹീനമായ പരിസരമാണ്. 

വീടും പരിസരവും ശുചിയായും സൂക്ഷിക്കണം. പാഴ്‌വസ്തുക്കള്‍ പറമ്പിലേക്ക് അലക്ഷ്യമായി വലിച്ചെറിയരുത്. വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് ഒഴിവാക്കണം.

എലിപ്പനി ഉള്‍പ്പെടെയുളള പല മഴക്കാലരോഗങ്ങള്‍ക്കും സാധാരണ പനിയുമായി സാമ്യമുള്ളതുകൊണ്ട് പനി വന്നാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ വൈദ്യസഹായം തേടണം. സ്വയം ചികിത്സ പനി ഗുരുതരമാക്കാനും രോഗത്തിന്റെ ശരിയായ ലക്ഷണങ്ങളെ അവ്യക്തമായി രോഗനിര്‍ണയം തടസ്സപ്പെടാനും സാഹചര്യമുണ്ടാക്കും.

കണ്ണുകളുടെ ആരോഗ്യം ഓരോ പ്രായത്തിലും

ജനനവൈകല്യങ്ങള്‍ തൊട്ട് പ്രമേഹംവരെ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. നേത്രസംരക്ഷണത്തെ സംബന്ധിക്കുന്ന സംശയങ്ങള്‍ക്ക് കോഴിക്കോട് കോംട്രസ്റ്റ് ഐ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് പുത്തലത്ത് മറുപടി നല്കുന്നു...

വെയിലിലും ചൂടിലും കൂടുതല്‍ നേരം കഴിയുന്നത് കണ്ണിനെ എങ്ങിനെയാണ് ബാധിക്കുക?

വെയിലത്തും പൊടിയിലും കൂടുതല്‍ നേരം കഴിയുമ്പോള്‍ കണ്ണുകളില്‍ വരള്‍ച്ച വരും. കണ്ണിലെ കണ്ണീര്‍ഗ്രന്ഥികള്‍ ഉണങ്ങുന്നതാണ് ഇതിന് കാരണം. കണ്ണില്‍ പൊടി പോയതുപോലെ അനുഭവപ്പെടും. പൊടിപടലങ്ങളുള്ളപ്പോഴും ബൈക്കില്‍ പോകുമ്പോഴും കണ്ണട ധരിക്കുക.കടുത്ത വെയില്‍ ഉണ്ടെങ്കില്‍ സണ്‍ ഗഌസ് ഉപയോഗിക്കുക. അസ്വസ്ഥത തോന്നിയാല്‍ കണ്ണ് ശുദ്ധജലത്തില്‍ മൃദുവായി കഴുകുകയാണ് പ്രതിവിധി. 

കണ്ണില്‍ ആര്‍ട്ടിഫിഷ്യല്‍ ടിയര്‍ ഡ്രോപ്‌സ് ഉപയോഗിക്കാം. ഇത് കണ്ണിന് മറ്റൊരു ദോഷവും ഉണ്ടാക്കില്ല.

കണ്ണിന്റെ വരള്‍ച്ച എങ്ങിനെ തടയാം?

മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ടിവി കാണുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. കാരണം കുട്ടികളുടെ മസ്തിഷ്‌കവളര്‍ച്ചയേയും ബുദ്ധിവികാസത്തേയും അത് സ്വാധീനിക്കും. ഇടയ്ക്ക് കണ്ണ് ചിമ്മുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അപ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ടിവിയില്‍തന്നെ ഇമ ചിമ്മാതെ കണ്ണ് നട്ടിരിക്കുന്നത് കണ്ണിന്റെ ഉപരിതലം വരണ്ടതാക്കും. ഇത് നേത്രരോഗങ്ങള്‍ക്ക് ഇടയാക്കും. എപ്പോഴും ടിവിയില്‍ നിന്നും നാല് മീറ്ററെങ്കിലും ദൂരത്തിരിക്കാന്‍ ശ്രദ്ധിക്കുക.ഇരിക്കുമ്പോള്‍ കണ്ണും ടിവിയുടെ മധ്യവും ഒരേ നിരപ്പിലായിരിക്കാന്‍ ശ്രദ്ധിക്കുക.

ടിവി സ്ഥിരമായി കാണുന്നത് ദോഷമാണോ?

മുറിയില്‍ നല്ല ലൈറ്റ് ഉണ്ടാവണം. ചിലര്‍ ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണാറുണ്ട്. ഇത് കണ്ണിന് നല്ലതല്ല. സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും.

കംപ്യൂട്ടറും ടിവിയും ഉപയോഗിക്കുമ്പോള്‍ മുറിയിലെ വെളിച്ച ക്രമീകരണം എങ്ങിനെ വേണം?

മുറിയില്‍ നല്ല ലൈറ്റ് ഉണ്ടാവണം. ചിലര്‍ ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണാറുണ്ട്. ഇത് കണ്ണിന് നല്ലതല്ല. സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും.

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകളുടെ സംരക്ഷണം എങ്ങനെയാവണം?

ടിവി കാണുന്നതിലെ പ്രശ്‌നങ്ങള്‍ തന്നെയാണ് കംപ്യൂട്ടറില്‍ നോക്കുമ്പോഴും ഉണ്ടാവുന്നത്. ഒരേ ദിശയിലേക്ക് കുറേ നേരം ഇമ ചിമ്മാതെ നോക്കുമ്പോള്‍ കണ്ണുകള്‍ വരളാനിടയാവുന്നു. അതുപോലെ എസിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നതും വരള്‍ച്ച ഉണ്ടാക്കുന്നു. ഇടയ്ക്ക് ഇമ ചിമ്മണമെന്നത് ഓര്‍മ്മിക്കുക. കാറിന്റെ വൈപ്പര്‍ പോലെയാണ് കണ്ണിന്റെ ഇമകള്‍. അവ അടഞ്ഞ് തുറക്കുമ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ഓഫീസിലാണെങ്കില്‍ ഇടയ്ക്ക് സീറ്റില്‍ നിന്നും എഴുന്നേറ്റ് നടക്കുക.കണ്ണിന് സുഖകരമാവും അത്. മോണിറ്ററില്‍ ആന്റിഗ്ലെയര്‍ സ്‌ക്രീന്‍ വെയ്ക്കുന്നതും കണ്ണിന് ഗുണകരമാണ്.


അപൂര്‍വം ചിലരില്‍ നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ അവ വീണ്ടും ഉപയോഗിക്കുന്നത് നിര്‍ത്തുക.
കണ്ണുകള്‍ നമ്മുടെ ആന്തരികാവയവമാണ്. ഏറ്റവും നല്ലത്, ഡോക്ട്‌റുടെ അടുത്തെത്തും മുന്‍പ് കണ്ണുകള്‍ നന്നായി കഴുകുകയാണ്. ടാപ്പ് തുറന്ന് കണ്ണിലേക്ക് വെള്ളം ഒഴുക്കുക.

കണ്ണിലുപയോഗിക്കുന്ന മേക്കപ്പുകള്‍ ദോഷമായി തീരാറുണ്ടോ?

അപൂര്‍വ്വം ചിലരില്‍ നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ അവ വീണ്ടും ഉപയോഗിക്കുന്നത് നിര്‍ത്തുക.

കണ്ണില്‍ രാസവസ്തുക്കള്‍ തെറിച്ചാല്‍ ഉടനെ എന്തുചെയ്യണം?

കണ്ണുകള്‍ നമ്മുടെ ആന്തരികാവയവമാണ്. ഏറ്റവും നല്ലത്, ഡോക്ട്‌റുടെ അടുത്തെത്തും മുന്‍പ് കണ്ണുകള്‍ നന്നായി കഴുകുകയാണ്. ടാപ്പ് തുറന്ന് കണ്ണിലേക്ക് വെള്ളം ഒഴുക്കുക.

മൂര്‍ച്ചയുള്ള വസ്തുക്കള്‍ കണ്ണില്‍ കൊണ്ടാല്‍ എന്താണ് ചെയ്യേണ്ടത്?

വീട്ടില്‍ നിന്ന് സ്വയം ചികിത്സ ചെയ്യാതെ എത്രയും പെട്ടെന്ന് ഡോക്ട്‌റെ സമീപിക്കുക.

കുഞ്ഞുങ്ങളിലെ കണ്ണിന്റെ കുഴപ്പങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ കഴിയുമോ?

മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങളില്‍ കണ്ണില്‍ വെള്ള നിറം കാണുകയാണെങ്കില്‍ ഡോക്ട്‌റോട് വിവരം പറയണം. ചിലപ്പോഴത് തിമിരത്തിന്റെ ലക്ഷണമായേക്കാം. നാലുമാസം പ്രായമാവുമ്പോള്‍ പുറത്തെ വെളിച്ചങ്ങളോട് കുഞ്ഞ് പ്രതികരിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. കുഞ്ഞുന്നാളില്‍ കണ്ടുപിടിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാം. ചെറിയ കുട്ടികളിലെ കോങ്കണ്ണ് കണ്ണട വെച്ച് നേരെയാക്കാം. കണ്ണുകളിലെ കണ്ണുനീര്‍സഞ്ചി അടഞ്ഞിരിക്കുന്നതാണ് കുഞ്ഞുങ്ങളില്‍ കാണുന്ന മറ്റൊരു അസുഖം. എപ്പോഴും കണ്ണുനീര്‍ വരുന്നതാണ് ഇതിന്റെ ലക്ഷണം. ചിലപ്പോള്‍ പഴുപ്പും വരാം. അങ്ങനെയെങ്കില്‍ പെട്ടെന്ന് ചികിത്സ തേടണം.കണ്ണിന് മസാജ് നല്‍കി കണ്ണീര്‍ സഞ്ചിയുടെ തടസ്സം നീക്കുന്നു.ഇത് ഫലിച്ചില്ലെങ്കില്‍ ചെറിയൊരു ശസ്ത്രക്രിയ വേണ്ടി വരും.

കാഴ്ചവൈകല്ല്യത്തിന് എന്തെല്ലാമാണ് പ്രതിവിധികള്‍?

മൂന്ന് വഴികളുണ്ട്. ഒന്ന് കണ്ണട വെയ്ക്കുക. അല്ലെങ്കില്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുക. ഇപ്പോള്‍ കോണ്‍ടാക്ട് ലെന്‍സിന് പകരം, കണ്ണിലെ കൃഷ്ണമണിയെ ലേസര്‍ ഉപയോഗിച്ച് ശരിയായ രൂപത്തിലാക്കുന്ന ശസ്ത്രക്രിയ പ്രചാരത്തിലുണ്ട്. ഇത് ലാസിക് (ഹമശെസ) എന്നറിയപ്പെടുന്നു.കേരളത്തില്‍ ലഭ്യമാണ്. 25000 രൂപയോളം ചെലവ് വരും.


കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് ദോഷം ചെയ്യുമോ?

കോണ്‍ടാക്ട് ലെന്‍സുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല. രാത്രി ഉറങ്ങുന്നതിന് മുമ്പായി ലെന്‍സുകള്‍ എടുത്തുമാറ്റി ക്ലീനിങ് സൊലൂഷനില്‍ (ലെന്‍സിനൊപ്പം ലഭിക്കുന്നത്) ഇട്ടുവയ്ക്കണം. പിറ്റേന്ന് ലെന്‍സ് വൃത്തിയാക്കി എടുത്ത് ഉപയോഗിക്കുക.

സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന നേത്രരോഗങ്ങള്‍ ഏതെല്ലാമാണ്
തിമിരമാണ് (കാറ്ററാക്റ്റ്) സ്ത്രീകളില്‍ കൂടുതലായി കാണുന്ന നേത്ര രോഗം.

കോങ്കണ്ണ് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമോ?

ഏല്ലാ പ്രായക്കാരിലും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന രോഗമാണ് കോങ്കണ്ണ്.കണ്ണുകള്‍ ഒരേ സമയം ഒരേ ദിശയിലേക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണ് കോങ്കണ്ണ്. ഏതെങ്കിലും ഒരു കണ്ണ് ഉള്ളിലേക്കോ പുറത്തേക്കോ തിരിഞ്ഞു കാണുന്നു.കണ്ണിലെ പേശികള്‍ ദുര്‍ബ്ബലമാവുന്നതുകൊണ്ടോ പാരമ്പര്യമായോ ഈ രോഗം വരാം. പ്രധാനമായും ശസ്ത്ര ക്രിയയിലൂടെയാണ് കോങ്കണ്ണ് മാറ്റുന്നത്. ചിലരില്‍ കണ്ണട മതിയാവും. ചിലര്‍ക്ക് ശസ്ത്രക്രിയയും കണ്ണടയും വേണം. ശസ്ത്രക്രിയ ലളിതമാണ്.


മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായി നേത്രരോഗങ്ങള്‍ വരാറുണ്ടോ?

ചില രോഗങ്ങള്‍ കണ്ണിനേയും ബാധിക്കാറുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ഈ നൂറ്റാണ്ടിന്റെ രോഗം എന്നറിയപ്പെടുന്ന പ്രമേഹം ആണ്. മറ്റൊന്ന് രക്തസമ്മര്‍ദ്ദമാണ്. പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുകയാണ് കണ്ണിനെ രക്ഷിക്കാനുള്ള പോംവഴി. പ്രമേഹരോഗികള്‍ എല്ലാ കൊല്ലവും നേത്രപരിശോധന നടത്താന്‍ ശ്രദ്ധിക്കണം. അതുപോലെ തൈറോയിഡ് രോഗം കൂടിയാലും കുറഞ്ഞാലും കണ്ണിനെ ബാധിക്കും.


തിമിരം പൂര്‍ണമായും ഭേദമാക്കാമോ?

കണ്ണിനുള്ളിലെ ലെന്‍സിന്റെ സുതാര്യത നഷ്ടമാകുന്ന അവസ്ഥയാണ് തിമിരം. ഇല്ല. തിമിരത്തിന് ഒരേയൊരു പ്രതിവിധി ശസ്ത്രക്രിയയാണ്. തിമിരം ബാധിച്ച ലെന്‍സ് എടുത്തുമാറ്റി പകരം പുതിയ ലെന്‍സ് വെക്കുകയാണ് ശസ്ത്രക്രിയയില്‍ ചെയ്യുന്നത്. വീണ്ടും രോഗം വരില്ല.


തിമിരം കുട്ടികളെ ബാധിക്കുമോ

ബാധിക്കും. ജര്‍മന്‍ മീസല്‍സ് വന്നാലും കണ്ണിന് ക്ഷതമേറ്റാലും കുട്ടികളില്‍ തിമിരം വരാനിടയുണ്ട്.

ചെങ്കണ്ണ് പകരുന്നത് എങ്ങനെയാണ്?

ചെങ്കണ്ണ് ബാധിച്ച വ്യക്തിയുടെ തോര്‍ത്ത്, തൂവാല എന്നിവ ഉപയോഗിച്ചാല്‍ രോഗം പകരും. കണ്ണില്‍ ചുവപ്പ്, കടച്ചില്‍, പീളവരിക, വെള്ളം വരിക എന്നിവയാണ് സാധാരണ കണ്ടുവരാറുള്ള ലക്ഷണങ്ങള്‍.


കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകാംശങ്ങള്‍ എന്തെല്ലാമാണ്?

ബീറ്റ കരോട്ടിന്‍, വൈറ്റമിന്‍ സി എന്നിവ ധാരാളമായി അടങ്ങിയവയാണ് പപ്പായ, നാരങ്ങ, മാങ്ങ തുടങ്ങിയ മഞ്ഞ നിറമുള്ള പഴങ്ങള്‍. ഇവ നന്നായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

എന്താണ് ഗ്ലോക്കോമ?

കണ്ണിന്റെ ലോലമായ നാഡീഞരമ്പുകളില്‍ വരുന്ന ഒരു തരം ജീര്‍ണതയാണ് ഗ്ലോക്കോമ. കാഴ്ചശക്തി ഭാഗികമോ പൂര്‍ണമായോ പിന്നെ തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെടാനോ സാധ്യതയുണ്ട്. ആരംഭദശയില്‍ തന്നെ രോഗം കണ്ടെത്തുകയും മുറ തെറ്റാതെ ചികിത്സിക്കുകയും ചെയ്താല്‍ ഭൂരിഭാഗം പേരിലും കാഴ്ചശക്തി തുടര്‍ന്ന് നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ സാധിക്കും. ഏറ്റവും പ്രധാനമായ ലക്ഷണം മങ്ങിയ പ്രകാശത്തിലെ കാഴ്ചക്കുറവാണ്. കഠിനമായ തലവേദന, കണ്ണുവേദന, കണ്ണില്‍ ചുവപ്പ്, നീര്‍ക്കെട്ട്, വെള്ളം നിറയല്‍ എന്നിവയാണ് മറ്റ് രോഗലക്ഷണങ്ങള്‍. വസ്തുക്കളുടെ ഏതെങ്കിലും ഒരു ഭാഗം മാത്രം കാണാന്‍ സാധിക്കാതെ വരിക, നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവ പ്രധാന ലക്ഷണങ്ങളില്‍പ്പെടുന്നു.

ഗ്ലോക്കോമ കൂടുതലായും കണ്ടുവരുന്നത് ആരിലൊക്കെയാണ്?

പാരമ്പര്യമായി ഗ്ലോക്കോമ വരാറുണ്ട്. പ്രായം കൂടുമ്പോഴും രോഗം പിടിപെടാം. പ്രധാനമായും മയോപ്പിയ, പ്രമേഹം, രക്തസമ്മര്‍ദ്ദം, മൈഗ്രയിന്‍ എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ ഗ്ലോക്കോമ കൂടുതലായി കണ്ടുവരുന്നു. പുകവലി ഒരു പ്രധാന കാരണമായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മരുന്നുകൊണ്ട് ഒരു പരിധിവരെ രോഗം തടയാം. അല്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരും.


കണ്ണില്‍ കുരു വന്നാല്‍ എന്തു ചെയ്യണം?

ഉപ്പിട്ട ചൂടുവെള്ളത്തില്‍ കോട്ടണ്‍ തുണി മുക്കി ചൂടു പിടിപ്പിക്കുക. പല കാരണങ്ങള്‍ കൊണ്ടും കണ്ണില്‍ കുരു വരാം. കാഴ്ചക്കുറവ്, താരന്‍, അലര്‍ജി എന്നിവയിലേതെങ്കിലും ഒന്നാവാം കാരണം. ഡോക്ടറെ കണ്ട് നിര്‍ദ്ദേശം തേടുക.

കണ്ണിനെ ബാധിക്കുന്ന അലര്‍ജിക്കുള്ള ചികിത്സ എന്താണ്?

പൊടി, കാറ്റ്, പൂമ്പൊടി തുടങ്ങിയവ കണ്ണിന്റെ അലര്‍ജിക്ക് കാരണമാവാറുണ്ട്. ചൊറിച്ചില്‍, ചുമപ്പ് നിറം, പഴുപ്പ് എന്നിവയാണ് പ്രകടമായ ലക്ഷണങ്ങള്‍. പെട്ടെന്ന് ഡോക്ടറെ കാണുക. അലര്‍ജി ബാധിച്ചവര്‍ ഇടയ്ക്കിടെ കണ്ണ് ശുദ്ധ ജലത്തില്‍ കഴുകുന്നത് നല്ലതാണ്. കൂടാതെ പൊടി തുടങ്ങിയ അലര്‍ജിയുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വേണം.

പ്രമേഹം കണ്ണിനെ ബാധിക്കുമോ?

കണ്ണിന്റെ ഞരമ്പുകളെയാണ് പ്രമേഹം ബാധിക്കുക.

സാധാരണക്കാരെ അപേക്ഷിച്ച് പ്രമേഹരോഗികളില്‍ കാഴ്ചക്കുറവ് കൂടുതലായി കാണാറുണ്ടോ?

ഉണ്ട്. പ്രമേഹരോഗികളില്‍ കണ്‍കുരു വരാം. കണ്ണിന്റെ മുന്‍ഭാഗത്തുള്ള സുതാര്യമായ നേത്രപടലത്തിന്റെ മുറിവുകളും മറ്റും ഉണങ്ങാന്‍ കാലതാമസവുമെടുക്കാം. ചിലപ്പോള്‍ മുറിവുകള്‍ ഉണങ്ങാതെ ക്രോണിക് അള്‍സര്‍ ആയിത്തീരുകയും ചെയ്യുന്നു. രോഗികളില്‍ ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നീ അണുക്കളുടെ ബാധമൂലം അള്‍സര്‍ വരുവാന്‍ സാധ്യത കൂടുതലാണ്.

ഡയബറ്റിക് റെറ്റിനോപ്പതി എന്താണ്?

രോഗി പോലും അറിയാതെ വളരെ സാവധാനത്തില്‍ കാഴ്ചശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണിത്. പ്രമേഹം കണ്ണിന്റെ ഞരമ്പിനെ ബാധിക്കുന്നു. രോഗത്തിന്റെ ആരംഭഘട്ടത്തില്‍ പലപ്പോഴും യാതൊരു വിധത്തിലുള്ള രോഗലക്ഷണങ്ങളും ഉണ്ടാകാറില്ല. റെറ്റിനയുടെ രക്തക്കുഴലുകള്‍ ചെറിയ ചെറിയ കുമിളകള്‍പോലെ വീര്‍ത്തുവരുന്ന അവസ്ഥയാണിത്.

എന്തുകൊണ്ടാണ് കണ്ണ് ടെസ്റ്റ് ചെയ്യാതെ കണ്ണട വാങ്ങരുത് എന്ന് പറയുന്നത്?

കണ്ണിന്റെ ആരോഗ്യത്തില്‍ നേത്ര പരിശോധനകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പ്രമേഹം രക്തസമ്മര്‍ദ്ദം തുടങ്ങിയ പല രോഗങ്ങളും കണ്ണിന് തകരാറുണ്ടാക്കുന്നു. അതിനാല്‍ വര്‍ഷം തോറും കണ്ണിന്റെ കാഴ്ചശക്തി പരിശോധിക്കണം. പ്രമേഹമുള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോര്‍മലാക്കി സൂക്ഷിക്കണം. 40 വയസ്സ് കഴിഞ്ഞവര്‍ കണ്ണിലെ പ്രഷര്‍, ഞരമ്പുകളുടെ നില എന്നിവ പരിശോധിച്ചിരിക്കണം. ടെസ്റ്റുചെയ്യാതെ വാങ്ങുന്ന കണ്ണട, കണ്ണിന്റെ ആരോഗ്യത്തെ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്.

കണ്ണിന്റെ ആരോഗ്യത്തിന് എപ്പോഴും ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?

കണ്ണില്‍ കഴിയുന്നതും സ്പര്‍ശിക്കാതിരിക്കുക. കണ്ണ് തിരുമ്മുന്നതും ഒഴിവാക്കുക. യാത്ര കഴിഞ്ഞ് വരുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കണ്ണ് കഴുകുന്നത് ശീലമാക്കാം. വെള്ളം തളിച്ച് കഴുകുന്നതാണ് ഉത്തമമായ രീതി. പലതരം അണുക്കള്‍ കൈകളിലൂടെ കണ്ണിനെ ബാധിക്കാനിടയുണ്ട്. ആദ്യം കൈകള്‍ രണ്ടും സോപ്പിട്ട് കഴുകി വൃത്തിയാക്കണം. എന്നിട്ടേ കണ്ണുകള്‍ കഴുകാനൊരുങ്ങാവൂ.

വെയിലേറ്റ് വാടല്ലേ

പ്രായമാകുംതോറും ശരീരത്തില്‍ ചുളിവുകളും കറുത്ത പാടുകളും ചിലരില്‍ കൂടുതലായി കാണാറുണ്ട്. ഇതുണ്ടാവാനുള്ള പ്രധാന കാരണം സൂര്യകിരണങ്ങളാണ്. സണ്‍സ്‌ക്രീനുകള്‍ ചെറു പ്രായത്തിലേ പുരട്ടുന്നതുകൊണ്ട് സൂര്യകിരണങ്ങള്‍ മൂലമുണ്ടാകുന്ന ചര്‍മത്തിലെ മാറ്റങ്ങള്‍ ഒരു പരിധിവരെ തടയാന്‍ കഴിയും. സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ചര്‍മത്തിന് യോജിച്ചതാണോ ആവശ്യത്തിനുള്ള സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ ഉണ്ടോ എന്നൊക്കെ പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കുക.

കാലാവസ്ഥയ്ക്കനുസരിച്ച് ചര്‍മത്തെ സംരക്ഷിക്കേണ്ടതുണ്ട്. മഞ്ഞുകാലത്ത് അന്തരീക്ഷ ഊഷ്മാവ് കുറവായിരിക്കും. അതിനാല്‍ ശരീരത്തില്‍നിന്ന് ഈര്‍പ്പം നഷ്ടപ്പെടുന്നതിന്റെ അളവ് കൂടും. കുളി കഴിയുമ്പോള്‍ നനവ് മുഴുവനായി ശരീരത്തില്‍ നിന്ന് വലിഞ്ഞുപോവുന്നതിന് മുമ്പ് മോയ്‌സ്ചറൈസിങ് ക്രീമുകള്‍ പുരട്ടുന്നത് ഉചിതമായിരിക്കും. ചൂടുകാലത്തും മഴക്കാലത്തും ചര്‍മത്തില്‍ നനവ് തങ്ങി നില്‍ക്കുന്നതിനാല്‍ പൂപ്പല്‍ പോലുള്ള ത്വക് രോഗങ്ങള്‍ കൂടുതലായി കാണാറുണ്ട്. അതിനാല്‍ നനവ് തുടച്ചുമാറ്റുകയും പൗഡര്‍ ഉപയോഗിച്ച് നനവില്ലാതെ ചര്‍മം സംരക്ഷിക്കുകയും വേണം. ഒപ്പം ഭക്ഷണരീതി, മാനസിക സംഘര്‍ഷങ്ങള്‍ ഇവയും ചര്‍മത്തിന്റെ ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്നു. ചിട്ടയായ ഭക്ഷണ ക്രമവും മനശാന്തിയും ചര്‍മ സംരക്ഷണത്തിന് അത്യാവശ്യമാണ്.


ഡോ.ബെറ്റ്‌സി അമ്പൂക്കന്‍, അസി. പ്രൊഫസര്‍, മെഡിക്കല്‍ കോളേജ്, തൃശൂര്‍

നടുവേദന അകറ്റാം

വിട്ടുമാറാത്ത നടുവേദന സ്ത്രീകളുടെ, പ്രത്യേകിച്ചും മധ്യവയസ്സു കഴിഞ്ഞ സ്ത്രീകളുടെ മുഖ്യ പ്രശ്‌നമാണ്. 80-ശതമാനത്തോളം സ്ത്രീകള്‍ക്കും ജീവിതത്തിലൊരിക്കലെങ്കിലും നടുവേദനയനുഭവിക്കേണ്ടിവരുന്നുണ്ട്. നട്ടെല്ലിലെ കശേരുക്കളുടെ തേയ്മാനം, പേശികളുടെ പ്രശ്‌നങ്ങള്‍, ഗര്‍ഭാശയരോഗങ്ങള്‍, കൂടാതെ അപൂര്‍വമായി നട്ടെല്ലിനെ ബാധിക്കുന്ന അര്‍ബുദം, ക്ഷയരോഗം തുടങ്ങിയവയും നടുവേദനയ്ക്ക് കാരണമാകാറുണ്ട്.

ആര്‍ത്തവവിരാമത്തിനുശേഷം സ്ത്രീഹോര്‍മോണായ ഈസ്ട്രജന്റെ അളവ് കുറയുന്നതിനെത്തുടര്‍ന്ന് കശേരുക്കള്‍ക്കുണ്ടാകുന്ന അസ്ഥിശോഷണം (ഓസ്റ്റിയോ പൊറോസിസ്) സ്ത്രീകളിലെ നടുവേദനയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. മറ്റെന്തെങ്കിലും അസുഖത്തെത്തുടര്‍ന്ന് അണ്ഡാശയം നീക്കംചെയ്യേണ്ടിവരുന്ന സ്ത്രീകളിലും അസ്ഥിശോഷണം നേരത്തേയാരംഭിക്കുന്നു. കാത്സ്യത്തിന്റെ അഭാവത്തെത്തുടര്‍ന്നാണ് അസ്ഥികള്‍ക്ക് തേയ്മാനം സംഭവിക്കുന്നത്. വളരെ ചെറിയ പരിക്കുകളെത്തുടര്‍ന്നുപോലും കശേരുക്കള്‍ക്ക് പൊട്ടലുണ്ടാകാം.

ഒരു ആധുനിക ജീവിതശൈലീരോഗമായും നടുവേദനയെ കണക്കാക്കാവുന്നതാണ്. ദീര്‍ഘനേരം ഇരുന്ന് ജോലിചെയ്യേണ്ടിവരുക, തെറ്റായ കിടപ്പ്, പ്രത്യേകിച്ചും ഫോം ബെഡിന്റെ ഉപയോഗം, ഇരുചക്രവാഹനങ്ങളില്‍ ദീര്‍ഘയാത്ര, വ്യായാമരഹിതമായ ജീവിതചര്യ ഇവയൊക്കെ പേശികളുടെ ബലക്ഷയത്തിനും വിട്ടുമാറാത്ത നടുവേദനയ്ക്കും കാരണമാകാം. അമിതവണ്ണമുള്ളവരില്‍ ഇടുപ്പിലെ മാംസപേശികള്‍ക്ക് അമിത സമ്മര്‍ദം നേരിടേണ്ടിവരുന്നതും നടുവേദനയുണ്ടാക്കാം.

നട്ടെല്ലിന്റെ തേയ്മാനവും കശേരുകകള്‍ക്ക് ഇടയിലുള്ള ഡിസ്‌കിന്റെ സ്ഥാനചലനവുമാണ് നടുവേദനയ്ക്കുള്ള മറ്റൊരു കാരണം. മുറ്റം അടിച്ചുവാരുക, തുണി അലക്കുക, നിലം തുടയ്ക്കുക തുടങ്ങി കുനിഞ്ഞുനിന്ന് ചെയ്യുന്ന ജോലികളെത്തുടര്‍ന്ന് നട്ടെല്ലിലെ കശേരുകകള്‍ക്ക് തേയ്മാനവും ഡിസ്‌കിന് സ്ഥാനഭ്രംശവും ഉണ്ടാകാം. ശക്തമായ നടുവേദനയും കാലിന്റെ പുറകുവശത്തുകൂടി കണങ്കാല്‍വരെ വ്യാപിക്കുന്ന കഠിനമായ വേദനയും ഈ പ്രശ്‌നത്തിന്റെ സാമാന്യ ലക്ഷണങ്ങളാണ്.

തുടര്‍ച്ചയായ പ്രസവം, ഗര്‍ഭാശയത്തില്‍ ഉണ്ടാകുന്ന അണുബാധ, ഗര്‍ഭപാത്രത്തിന്റെ താഴേക്കുള്ള ഇടിവ്, ഗര്‍ഭാശയ മുഴകള്‍, ഗര്‍ഭാശയ അര്‍ബുദം, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ പ്രശ്‌നങ്ങളും നടുവേദനയ്ക്ക് കാരണമാകാം.

കൃത്യമായി വ്യായാമംചെയ്യുന്നത് നടുവിലെ പേശികളെ ബലപ്പെടുത്തും. കൂടാതെ അസ്ഥിശോഷണത്തെയും പ്രതിരോധിക്കും. സൂര്യപ്രകാശമേറ്റ് രാവിലെ നടക്കുന്നതുതന്നെ ഉത്തമമായ വ്യായാമം. നടുവേദനയുള്ളവര്‍ കഴിയുന്നതും ഇരുചക്രവാഹന യാത്ര ഒഴിവാക്കണം. കിടക്കാന്‍ പലകക്കട്ടില്‍ ഉപയോഗിക്കുന്നതും നന്ന്. അമിതവണ്ണവും ഒഴിവാക്കണം.

അസ്ഥിയുടെ ആരോഗ്യത്തിനായി കാത്സ്യം ധാരാളമടങ്ങിയ പാല്‍, മത്സ്യം, റാഗി, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മിക്കവാറും നടുവേദനകള്‍ മൂന്നോ നാലോ ദിവസം വിശ്രമമെടുത്താല്‍ മാറാനാണ് സാധ്യത. നടുവേദന നീണ്ടുനില്‍ക്കുകയാണെങ്കില്‍ വൈദ്യസഹായം തേടണം.


ഡോ.ബി.പത്മകുമാര്‍, അസോ.പ്രൊഫസര്‍, മെഡി.കോളേജ്, ആലപ്പുഴ

മരുന്ന് കഴിക്കുമ്പോള്‍ മുന്‍കരുതല്‍

മരുന്നു കഴിക്കുന്നതിലും സൂക്ഷിച്ചുവെക്കുന്നതിലും ചിലത് ശ്രദ്ധിക്കാനുണ്ട്...

മരുന്നിന്റെ ഗുണനിലവാരം അറിയാനായി ഘടകങ്ങളുടെ രാസപരിശോധനയാണ് നടത്തുന്നത്. ഘടകങ്ങള്‍ നിലവാരമുള്ളതാണോ? ആവശ്യമായ അളവില്‍ അടങ്ങിയിട്ടുണ്ടോ? പാക്കിങ്ങും മറ്റും കുറ്റമറ്റതാണോ തുടങ്ങിയ പരിശോധനകള്‍ നടത്തേണ്ടിവരും. ഇതിനായി ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ സാമ്പിളുകള്‍ സമര്‍പ്പിക്കാം. പല സ്വകാര്യ ലബോറട്ടറികളിലും മരുന്നിന്റെ ഗുണനിലവാര പരിശോധന നടത്താന്‍ സംവിധാനമുണ്ട്.


മരുന്നുകുപ്പികളുടെ പുറത്ത് സൂര്യപ്രകാശം തട്ടരുത്, തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക എന്നൊക്കെ കാണാറുണ്ട്. ഇതെന്തിനാണ്?


മരുന്നുകള്‍ സൂക്ഷിക്കാന്‍ ചില നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. മരുന്നിലടങ്ങിയിരിക്കുന്ന രാസഘടകങ്ങളും അനുബന്ധ ചേരുവകളും പ്രവര്‍ ത്തനക്ഷമമായിരിക്കാനാണ് ഈ നിര്‍ദേശങ്ങള്‍. ചില മരുന്നുകള്‍ താപനിലയിലെ വ്യതിയാനങ്ങള്‍മൂലം നിര്‍ജീവമാകാനിടയുണ്ട്. ഉദാഹരണത്തിന് ഇന്‍സുലിന്‍ ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തന രഹിതമാകും. അതിനാലാണ് ഫ്രിഡ്ജിലോ തണുത്ത വെള്ളത്തിലോ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുന്നത്. ചില മരുന്നുകളിലെ ഘടകങ്ങള്‍ ഈര്‍പ്പമുള്ള സാഹചര്യത്തില്‍ അലിഞ്ഞുപോകാനുമിടയുണ്ട്. പൊതുവെ അലോപ്പതി മരുന്നുകള്‍ സൂര്യപ്രകാശം തട്ടാതെ, സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ അലമാരയിലോ മറ്റോ അടച്ചുസൂക്ഷിക്കുന്നതാണ് ഉചിതം. എന്നാല്‍ ആന്റിബയോട്ടിക് ഇഞ്ചെക്ഷനുകള്‍, വാക്‌സിന്‍ തുടങ്ങിയവ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടിവരും.


ചില അസുഖങ്ങള്‍ക്ക് പ്രതിരോധ മരുന്നുകളുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇവ വാങ്ങി കഴിക്കുന്നതുകൊണ്ട് ദോഷമുണ്ടോ?


രോഗപ്രതിരോധം പ്രധാനമായും വാക്‌സിനേഷനിലൂടെയാണ് നേടിയെടുക്കുന്നതെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ മരുന്നുകള്‍ ഉപയോഗിച്ചും രോഗങ്ങളെ തടയാം. ആന്റിബയോട്ടിക്കുകളാണ് പ്രധാനമായും രോഗപ്രതിരോധത്തിനായി ഉപയോഗിക്കുന്നത്. ക്ഷയരോഗത്തെ പ്രതിരോധിക്കാന്‍, രോഗിയുമായി നിരന്തരം ബന്ധപ്പെടുന്നവര്‍ക്ക് റിഫാംപിസില്‍, ഐ.എന്‍.എച്ച്. തുടങ്ങിയ മരുന്നുകള്‍ നല്‍കാറുണ്ട്. മലേറിയ ബാധിച്ച പ്രദേശങ്ങളില്‍ പോകുന്നവര്‍ക്ക് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ക്ലോറോക്വിന്‍ നല്‍കാറുമുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ദീര്‍ഘകാല ശ്വാസകോശരോഗങ്ങള്‍ ഉള്ളവരിലും ബാക്ടീരിയല്‍ രോഗാണുബാധ തടയാന്‍ ആന്റിബയോട്ടിക്കുകള്‍ പ്രയോജനപ്രദമാണ്. സാധാരണ പ്രസവശേഷവും വൈറല്‍ രോഗാണുബാധയെത്തുടര്‍ന്നും സങ്കീര്‍ണമല്ലാത്ത ശസ്ത്രക്രിയയ്ക്കും ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് അനാവശ്യമാണ്. ഏതായാലും ഡോക്ടറുടെ നിര്‍ദേശപ്രകാരമേ പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കാവൂ.


പ്രമേഹത്തിനുള്ള ഗുളികകള്‍ ഭക്ഷണത്തിനു മുന്‍പോ ശേഷമോ കഴിക്കേണ്ടത്?

ഗുളികകള്‍ കഴിക്കുമ്പോള്‍ കുടലില്‍നിന്നുള്ള ആഗിരണത്തെ ത്വരിതപ്പെടുത്താന്‍ ഭക്ഷണവുമായുള്ള ഇടവേളകള്‍ ക്രമീകരിക്കേണ്ടി വരാറുണ്ട്. ചില മരുന്നുകളുടെ ആഗിരണത്തെ ഭക്ഷണസാധനങ്ങള്‍ തടസ്സപ്പെടുത്തുന്നു. അങ്ങനെയുള്ള മരുന്നുകള്‍ ആഹാരത്തിന് 30 മിനുട്ട് മുന്‍പ് നല്‍കുന്നത് മരുന്നിന്റെ സുഗമമായ ആഗിരണം ഉറപ്പാക്കുന്നു. ഉദാഹരണത്തിന് സള്‍ഫൊണൈല്‍ യൂറിയ മരുന്നുകള്‍ ആഹാരത്തിന് അര മണിക്കൂര്‍ മുന്‍പാണ് നല്‍കേണ്ടത്. എന്നാല്‍ മെറ്റ്‌ഫോര്‍മിന്‍ ഗുളികകള്‍ പ്രധാനമായും ചെറുകുടലില്‍നിന്നാണ് ആഗിരണംചെയ്യപ്പെടുന്നത്. അതുകൊണ്ട് ഭക്ഷണത്തോടൊപ്പമോ ശേഷമോ ഇവ നല്‍കാം.


ഡോ.ബി.പത്മകുമാര്‍
അസോ. പ്രൊഫസര്‍
മെഡിക്കല്‍ കോളേജ്, ആലപ്പുഴ

ഒരു ചിരി കണ്ടാല്‍... അതുമതി

ശുഭചിന്തകളും ലളിതവ്യായാമങ്ങളും നിങ്ങളിലെ സൗന്ദര്യത്തെ ഉണര്‍ത്തും...

സന്തോഷം നിറഞ്ഞ ഒരു ചിരി... അതു മതിയല്ലോ ഈ ലോകത്തിന്റെ ഗതിതന്നെ മാറ്റിമറിക്കാന്‍. പ്രസാദം നിറഞ്ഞ മുഖങ്ങള്‍ എപ്പോഴും ഹൃദയഹാരിയാണ്. ഇവര്‍ കാണുന്നവരെയൊക്കെ തന്നിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടിരിക്കും. ഇങ്ങനെയാവുക അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ഒന്നു ശ്രമിച്ചാല്‍ നമുക്കും ശീലങ്ങള്‍ മാറ്റിയെടുക്കാവുന്നതേയുള്ളൂ.


ബി പോസിറ്റീവ്

മധുരചിന്തകളോടെ ഒരു ദിവസം തുടങ്ങിയാല്‍ ഒന്നും നഷ്ടപ്പെടാനില്ല. രാവിലെ കിടക്കയില്‍ നിന്നെണീക്കും മുന്‍പേ ഇങ്ങനെയൊക്കെ ഒന്നു ചിന്തിച്ചുനോക്കാം. 'എന്റെ പുഞ്ചിരി മനോഹരമാണ്, എനിക്കൊരുപാട് കൂട്ടുകാരുണ്ട്, എന്നെ കേള്‍ക്കാന്‍ ഒരുപാടാളുകളുണ്ട്.' ഈ ശുഭചിന്തകള്‍ നല്ലൊരു ഔഷധംപോലെയാണ്. ദിവസത്തിന്റെ മുഴുവന്‍ സമയവും നമ്മുടെ മനസ്സിലത് സാന്ത്വനം പോലെ നിലനില്‍ക്കും.

ചിലരുണ്ട്, രാവിലെ എണീറ്റുവരുന്നതേ നൂറുകൂട്ടം പരാതികളോടെയാവും. 'മറ്റുള്ളവരെ കാണുമ്പോഴേ എനിക്ക് മുട്ടിടിക്കുന്നു', 'എനിക്ക് പേടിയാവുന്നു' എന്നൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും. എന്നെക്കൊണ്ടിതിനൊന്നും പറ്റില്ലെന്ന് രാവിലെത്തന്നെയങ്ങ് തീരുമാനിച്ചിട്ട്, പിന്നെ ദിവസം മോശമായെന്ന് പറഞ്ഞ് മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് വല്ല കാര്യവുമുണ്ടോ?

ചിലര്‍ ദൂരെനിന്ന് കാണുമ്പോഴേ വിളിച്ചുപറയും, 'എന്തു പറ്റി, ആകെ ക്ഷീണിച്ച് കോലംകെട്ടല്ലോ'. അതോടെ കഴിഞ്ഞു കഥ. നമ്മളാകെ തകര്‍ന്നുപോവും. നെഗറ്റീവ് എനര്‍ജി പകരുന്ന ഇത്തരക്കാരില്‍നിന്നും കഴിയുന്നതും മാറിനില്‍ക്കാം. നമ്മെ എപ്പോഴും പ്രചോദിപ്പിക്കുന്ന ചില കൂട്ടുകാരില്ലേ. അവരോടൊപ്പം സമയം പങ്കിടാന്‍ ശ്രമിച്ചുനോക്കൂ. എല്ലാ വിഷമങ്ങളും അകലും, മനസ്സില്‍ ശുഭചിന്തകള്‍ നിറയും.

മറ്റുള്ളവരെ അഭിനന്ദിക്കുന്നതും നല്ല ശീലങ്ങളിലൊന്നുതന്നെ. 'ഈ കളര്‍ നിങ്ങള്‍ക്ക് നന്നായി ചേരുന്നു' രാവിലെ സുഹൃത്തിനോടൊന്നു പറഞ്ഞുനോക്കൂ. തൊട്ടുപിന്നാലെ ചങ്ങാതിയുടെ മുഖത്തൊരു പുഞ്ചിരി പരക്കും. അതു നമ്മിലേക്ക് വേഗം പകര്‍ന്നുവരും.

ഇന്നൊരു നെഗറ്റീവ് വാക്കും പറയില്ലെന്ന് പ്രതിജ്ഞ ചെയ്യുക. 'വയ്യ, മടുത്തു, അയ്യോ' തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുകയേയില്ല എന്നങ്ങ് തീരുമാനിച്ചാല്‍ മതി.


ശരീരം റീച്ചാര്‍ജ് ചെയ്യാം ഒപ്പം മനസ്സും


ദിവസവും മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ നമ്മള്‍ മറക്കാറില്ല, വണ്ടിക്ക് പെട്രോളടിക്കാനും. ഇതുപോലെത്തന്നെയല്ലേ നമ്മുടെ ശരീരവും. ഇടയ്‌ക്കൊക്കെ അതിനും വേണ്ടേ ഒരു റീച്ചാര്‍ജിങ്. അതിനേറ്റവും നല്ലതാവട്ടെ വ്യായാമമാണ്. 'നൂറുകൂട്ടം പണി കിടക്കുന്നു. അതിനിടയില്‍ ഓടാനും ചാടാനുമെവിടെ നേരം?' ഇങ്ങനെ ചിന്തിക്കുന്നവര്‍ ഒരുപാടുണ്ട്. പക്ഷേ, വ്യായാമത്തില്‍നിന്നു കിട്ടുന്ന ഊര്‍ജം ദിവസം മുഴുവന്‍ നമ്മെ ഫ്രഷാക്കി നിര്‍ത്തുന്നുണ്ട്.

വ്യായാമം എന്തുമാവാം, നൃത്തം, കളരിപ്പയറ്റ്, സൈക്ലിങ്, എയ്‌റോബിക്‌സ്, യോഗ... ദിവസവും ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കിവെക്കണമെന്നുമാത്രം.

മനസ്സിനും ഇത്തരം റീച്ചാര്‍ജിങ് കൊടുത്തുകൊണ്ടിരിക്കണം. എപ്പോഴും മനസ്സിന്റെ സ്വസ്ഥത കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കുക. 'അയ്യോ, ഈ നശിച്ച പണി. ഇതെങ്ങനെ തീര്‍ക്കാനാ', ഓരോ നിമിഷവും ഇങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നാല്‍ പിന്നെ ടെന്‍ഷന്‍ കൂടുകയേ ഉള്ളൂ.

വീട്ടില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നതിനിടയില്‍ കുറച്ചു സമയം സന്തോഷപ്രദമായ കാര്യങ്ങള്‍ക്കായി മാറ്റിവെക്കാമല്ലോ. കണ്ണീര്‍ സീരിയലുകളും സിനിമകളും കണ്ട് നേരം പോക്കുന്നതെന്തിനാ? അവ മനസ്സിനും ശരീരത്തിനും കൂടുതല്‍ തളര്‍ച്ചയുണ്ടാവാനേ ഉപകരിക്കൂ. ടോം ആന്റ് ജെറി, 'മിസ്റ്റര്‍ ബീന്‍'പോലെയുള്ള തമാശ കാര്‍ട്ടൂണുകളോ കോമഡി പരിപാടികളോ ഇടയ്‌ക്കൊക്കെ കണ്ടു നോക്കൂ. പിരിമുറുക്കവും മനസ്സിന്റെ തളര്‍ച്ചയുമെല്ലാം താനേ കുറഞ്ഞുവരും.

മനസ്സിന്റെ തളര്‍ച്ചയകറ്റാന്‍ പ്രാണായാമം പോലെയുള്ള യോഗമുറകള്‍ പരീക്ഷിച്ചുനോക്കാം. യാത്രയ്ക്കിടയിലും ഓഫീസിലിരുന്നുമൊക്കെ ഇത് ചെയ്യാവുന്നതേയുള്ളൂ. ശ്വാസം ശക്തിയായി ഉള്ളിലേക്കെടുത്ത്, കുറച്ചു കഴിഞ്ഞ് വളരെ പതുക്കെ പുറത്തേക്കു വിടുക. ഓഫീസില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നതിനിടയില്‍, റിലാക്‌സ് ചെയ്യാന്‍ ഇതുപകരിക്കും.


മിനിമലിസ്റ്റിക് ഡ്രസ് സ്‌റ്റൈല്‍


കല്യാണവീട്ടില്‍ പോവുമ്പോള്‍ ജീന്‍സും ടീ ഷര്‍ട്ടും. ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ നല്ല സാരിയും... ഇങ്ങനെ യാതൊരു ഔചിത്യവുമില്ലാതെ വസ്ത്രം ധരിക്കുന്ന ചിലരുണ്ട്. എന്നാല്‍, ഡ്രസ് കോഡും നിങ്ങളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നുവെന്നതാണ് സത്യം. കോളേജ് വിദ്യാര്‍ഥിയാണെങ്കില്‍ ഏതു വേഷവും ഓകെ. ജീന്‍സ്, ചുരിദാര്‍, സാരി, സ്‌കര്‍ട്ട്, ഫ്രോക്ക്... അങ്ങനെയെന്തും.

എന്നാല്‍, ഓഫീസില്‍ പോകുമ്പോഴും ഒരു ക്ലയന്റിനെ കാണാന്‍ പോകുമ്പോഴുമൊക്കെ ഒരു ശ്രദ്ധയുമില്ലാതെ വസ്ത്രം ധരിച്ചാലോ? ഇത്തരം അവസരങ്ങളില്‍ കുര്‍ത്ത-ജീന്‍സ് വിത്ത് സ്‌കാര്‍ഫ്, ഫോര്‍മല്‍സ് വിത്ത് ഷര്‍ട്ട് ഇതെല്ലാം പരീക്ഷിക്കാം. വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളുമാവുമ്പോള്‍ ആകെയൊരു ആനച്ചന്തം തോന്നും. ഒരു ചെറിയ സ്റ്റഡ്, റിങ്, കമ്മല്‍, നേര്‍ത്ത ചെയിന്‍... അതേ ഒരു മിനിമലിസ്റ്റിക് സ്റ്റൈല്‍...


ഞാനുണ്ട് കൂടെ

മറ്റൊന്നും വേണ്ട, മുഖത്തെ മായാത്ത ചിരി. എത്ര പ്രശ്‌നങ്ങളുണ്ടെങ്കിലും, നിങ്ങളുടെ കൂട്ടുകാര്‍ക്ക് അതു പകരുന്ന ആശ്വാസം അത്ര ചെ റുതല്ല. പലപ്പോഴും നമ്മുടെ വായില്‍നിന്നും വീഴുന്ന ഓരോ ചെറിയ ചെറിയ വാക്കുകളാണ് സുഹൃത്തുക്കളെ നമ്മിലേക്ക് അടുപ്പിക്കുന്നത്, അകറ്റുന്നതും. ചിലരുണ്ട് എപ്പോഴും എല്ലാവരെയും വിമര്‍ശിച്ചുകൊണ്ടേയിരിക്കുന്നവര്‍. അത്തരക്കാരെ ആര്‍ക്കാണിഷ്ടപ്പെടുക? ഇതുപോലെത്തന്നെയാണ് എപ്പോഴും പരിഭവവും പരാതിയും പറയുന്നവരുടെ കാര്യവും. അങ്ങനെയുള്ളവരെ കാണുമ്പോഴേ ആളുകള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കും.

കാര്യങ്ങള്‍ എങ്ങനെ പറയുന്നു എന്നതും പ്രധാനമാണ്. 'സോറി' എന്നു വെറുതെ പറയുന്നതിനു പകരം 'ഐ ആം സോ സോറി' എന്നു പറഞ്ഞുനോക്കൂ. ഒന്നോ രണ്ടോ വാക്കുകള്‍ക്ക് പകരം കിട്ടുന്നത് എന്തൊരു സ്‌നേഹമാണ്.


യോഗ ചെയ്തുതുടങ്ങുമ്പോള്‍


യോഗ ചെയ്യുന്നതിന് ഏറ്റവും യോജിച്ച സമയം അതിരാവിലെയാണ്. കാരണം പോസിറ്റീവ് എനര്‍ജി കൂടുതലായുണ്ടാവുന്ന സമയമാണത്. വൈകുന്നേരവും യോഗ ചെയ്യാം. പക്ഷേ, ഭക്ഷണം കഴിച്ച് നാല് മണിക്കൂറെങ്കിലും കഴിഞ്ഞാവണം യോഗ ചെയ്യുന്നത്. ഭക്ഷണം ദഹിച്ചതിനു ശേഷമേ യോഗ ചെയ്യാവൂ എന്ന് സാരം.

നല്ല വായുസഞ്ചാരവും സൂര്യപ്രകാശവും ഉള്ള സ്ഥലമാണ് യോഗ ചെയ്യുന്നതിനായി തിരഞ്ഞെടുക്കേണ്ടത്.

വൃത്തിയും വെടിപ്പുമുള്ള മുറിയിലോ ഹാളിലോ യോഗ ചെയ്യാം.

വെറും നിലത്ത് യോഗ ചെയ്യരുത്. ഒരു ബെഡ് ഷീറ്റോ കാര്‍പ്പെറ്റോ വിരിച്ച് യോഗ പരിശീലിക്കാം. ഏറ്റവും നല്ലത് വുഡണ്‍ ഫ്‌ളോറാണ്.

തുടക്കക്കാര്‍ സ്റ്റാന്റിങ് പോസ്റ്ററിലുള്ള യോഗ ആദ്യം ചെയ്യുന്നതാണ് നല്ലത്. നട്ടെല്ലിനും മസിലുകള്‍ക്കും അയവുകിട്ടാന്‍ ഇത് സഹായിക്കും.


വിവരങ്ങള്‍ക്ക് കടപ്പാട്:
ബബിത നാരായണന്‍, പേര്‍സോണ ദി കംപ്ലീറ്റ് പേഴ്‌സണാലിറ്റി ട്രാന്‍സ്‌ഫോര്‍മേഷന്‍ സെന്റര്‍, കോഴിക്കോട്
യോഗാചാര്യ ശരത് കുമാര്‍, ശിവാനന്ദ യോഗ സെന്റര്‍, കോഴിക്കോ

അഴകിന്റെ ആയുര്‍വേദം

അഴകിന്റെ ഒരുപാട് രഹസ്യങ്ങളുണ്ട് ആയുര്‍വേദത്തില്‍. തലമുറകള്‍ കൈമാറിവന്ന ആ ഔഷധക്കൂട്ടുകളെ അടുത്തറിയാം...



ഒന്ന് വീട്ടുമുറ്റത്തേക്കിറങ്ങുകയേ വേണ്ടൂ. ചെമ്പരത്തിച്ചെടി ഒരു പിടി പച്ചിലകള്‍ വെച്ച് നീട്ടും. ചെമ്പരത്തിയിലയും പൂവും കശക്കിപ്പിഴിഞ്ഞാല്‍ അസ്സല്‍ താളിയായി. നല്ല കൊഴുപ്പും തണുപ്പുമുള്ള പച്ചിലനീര്. ഏത് ഷാംപൂവിനോടും കിടപിടിക്കും. ഒട്ടും ചെലവുമില്ല. താളിതേച്ചുള്ള കുളി കഴിഞ്ഞാലോ...പ്രകൃതിയുടെ സൗമ്യസ്​പര്‍ശംപോലെ തലയോട്ടിയില്‍ കുളിര്‍മ പടരും. 

കടും ചുവപ്പു നിറമുള്ള ചെറിയ പൂക്കള്‍ വിരിയുന്ന ചെമ്പരത്തിയുടെ താളിയാണ് നല്ലത്. ഫ്ലറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ചട്ടിയില്‍ ചെമ്പരത്തി വളര്‍ത്താം. ഷാംപൂ ഉപയോഗിക്കുമ്പോള്‍ അത് ശിരോചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങി തലയോട്ടിയിലെ സ്വാഭാവികമായ എണ്ണമയത്തെ തീര്‍ത്തും ഇല്ലാതാക്കും. ഇത് തലയോട്ടി വരളാനും താരനുണ്ടാവാനുമിടയാക്കുന്നു. പച്ചിലത്താളിയാണെങ്കില്‍ തലയോട്ടിയുടെ ഉപരിതലത്തില്‍ മാത്രമേ നില്‍ക്കുന്നുള്ളൂ. മുടിക്ക് തിളക്കവും കറുപ്പും നല്‍കാന്‍ സഹായിക്കുകയും ചെയ്യും. താളി മിക്‌സിയിലിട്ട് അരച്ചെടുക്കരുത്. അരയുമ്പോള്‍ ഉണ്ടാവുന്ന ചൂട് അതിന്റെ സ്വാഭാവികതയെ നശിപ്പിക്കും. ഇലകള്‍ കുറച്ചുനേരം വെള്ളത്തിലിട്ട് വെച്ച് പിഴിഞ്ഞാല്‍ നീര് നന്നായി കിട്ടും. ചീവയ്ക്കാപ്പൊടി, വെള്ളില, കൊട്ടത്തിന്റെ ഇല എന്നിവയും താളിയുണ്ടാക്കാന്‍ നല്ലതാണ്.


എണ്ണ തേച്ചുകുളി


എന്നും രണ്ടുനേരവും കുളിക്കുന്ന ശീലമാണ് മലയാളികളുടെ സൗന്ദര്യരഹസ്യം എന്ന് പറയാറുണ്ട്. വെറും കുളി അല്ല, നല്ലെണ്ണ തേച്ചുള്ള കുളിയാണത്. എണ്ണ തേച്ചുകുളിക്ക് ചില ചിട്ടവട്ടങ്ങളുണ്ട്. തണുത്ത എണ്ണ അത്രവേഗം ദേഹത്ത് പിടിക്കില്ല. അതിനാല്‍ ഒഴിഞ്ഞ പാത്രം ചെറുതായി ചൂടാക്കിയെടുക്കുക. തീയണച്ച് പാത്രത്തിലേക്ക് അല്‍പം നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടാറിയാല്‍ 20 മിനുട്ട് ദേഹത്ത് തേച്ച് പിടിപ്പിക്കാം. രാവിലെയുള്ള കുളിയാണ് നല്ലത്. വൈകീട്ടാണെങ്കില്‍ അസ്തമയത്തിനു മുന്‍പ് കുളിക്കണം. 

ദേഹത്തും തലമുടിയിലും എണ്ണ പുരട്ടണം. തിളപ്പിച്ച് ജലാംശം നീക്കിയ വെളിച്ചെണ്ണയാണ് തലമുടിക്ക് നല്ലത്. മുടിയിഴകളുടെ ഏറ്റവും അടിഭാഗത്ത് ശിരോചര്‍മത്തിലാണ് എണ്ണ പുരട്ടേണ്ടത്. മുടിയിഴകള്‍ ജീവനില്ലാത്ത കോശങ്ങളായതിനാല്‍ അവയില്‍ എണ്ണ തേച്ചതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും കിട്ടില്ല.

ദേഹത്തെ മെഴുക്ക് കളയാന്‍ ചെറുപയര്‍പൊടി ഉപയോഗിക്കാം. സാധാരണ ബാത്തിങ് സോപ്പുകളില്‍ കാസ്റ്റിങ്‌സോഡ അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടും ജൈവമായ പൊടികളാണ് തേച്ചുകുളിക്കാന്‍ നല്ലത്. ചെറുപയര്‍ ഒന്ന് ചൂടാക്കിയെടുക്കുക. അപ്പോള്‍ മിക്‌സിയില്‍ നന്നായി പൊടിക്കാന്‍ കഴിയും. ഈ പൊടി അരിച്ചെടുത്ത് സൂക്ഷിക്കാം. വരണ്ട തൊലിയുള്ളവര്‍ക്ക് കുതിര്‍ത്ത ഉഴുന്ന് അരച്ചത് സോപ്പിനു പകരം ഉപയോഗിക്കാം.


നല്ല നിറം കിട്ടാന്‍


ഗര്‍ഭകാലത്ത് കുങ്കുമപ്പൂ അരച്ച് പാലില്‍ച്ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന് നല്ല നിറം ലഭിക്കും എന്ന് പറയാറുണ്ട്. സത്യത്തില്‍ ചര്‍മത്തിന്റെ നിറം പൂര്‍ണമായും പാരമ്പര്യമായി കിട്ടുന്നതാണ്. എങ്കിലും ശുദ്ധമായ കുങ്കുമപ്പൂ 2-4 എണ്ണം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ പാലില്‍ ചേര്‍ത്ത് നിത്യവും കഴിച്ചാല്‍ അമ്മയ്ക്കും കുഞ്ഞിനും ചര്‍മത്തിന് ശോഭ വരുമെന്നത് നേരാണ്.

മുഖത്തെ പാടുകള്‍ പോവാനും ചര്‍മം മൃദുവാകാനും വിശേഷപ്പെട്ടതാണ് കുങ്കുമാദിതൈലം. ഇത് വിലകൂടിയ ഒരു തൈലമാണ്. രണ്ടോ മൂന്നോ തുള്ളി കൈവെള്ളയിലെടുത്ത് മുഖത്ത് പുരട്ടിയിടുക. മുക്കാല്‍ മണിക്കൂറിനു ശേഷം നേരിയ ചൂടുവെള്ളത്തില്‍ കഴുകുക. 

പ്രകൃതിദത്തമായ ഫലങ്ങള്‍ പലതിനും ഔഷധഗുണമുണ്ട്. പഴസത്ത് നേരിട്ട് ഫെയ്‌സ്​പാക്കായി ഉപയോഗിക്കാം. യാതൊരു പാര്‍ശ്വഫലവും ഉണ്ടാവില്ല . തക്കാളിനീരും ചെറുനാരങ്ങാനീരും ഓരോ സ്​പൂണ്‍ വീതം എടുത്ത് യോജിപ്പിച്ച് 30 മിനുട്ട് മുഖത്ത് പുരട്ടുക. കഴുകിയാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും. തേനും നാരങ്ങാനീരും ഇതുപോലെ സമം ചേര്‍ത്ത് പുരട്ടാം.

തിളപ്പിക്കാത്ത പാല്‍ 50 മില്ലി എടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്​പൂണ്‍ നാരങ്ങാനീര് ചേര്‍ക്കണം. പാല്‍ പിരിയാതിരിക്കാന്‍ ഒരു നുള്ള് ഉപ്പ് ചേര്‍ക്കാം. നേര്‍ത്ത കോട്ടണ്‍ തുണികൊണ്ട് മുഖത്ത് പുരട്ടാം. ചര്‍മം മൃദുവാകാന്‍ യോജിച്ച കൂട്ടാണ് ഇത്. വെള്ളരിക്ക അരച്ചതില്‍ നാരങ്ങാനീര് ചേര്‍ത്ത മിശ്രിതവും ഇതുപോലെ ഫെയ്‌സ്​പാക്ക് ഇടാം.

കൈമുട്ട്, കാല്‍മുട്ട് എന്നീ സന്ധികളില്‍ ചര്‍മം ഇരുണ്ടും കടുപ്പമേറിയും കാണാം. ഏലാദിതൈലം, നാല്‍പാമരാദിതൈലം, ദിനേശവല്യാദിതൈലം എന്നിവയില്‍ ഏതെങ്കിലുമൊന്ന് ദേഹത്ത് പുരട്ടുന്നത് ചര്‍മത്തിന്റെ പരുപരുപ്പ് കുറയ്ക്കും.

തണുപ്പ് കൂടുതലുളള കാലാവസ്ഥയില്‍ നല്ലെണ്ണയാണ് ദേഹത്ത് പുരട്ടാന്‍ നല്ലത്. ചര്‍മത്തില്‍ വരള്‍ച്ചയും മൊരിയും ഉണ്ടെങ്കില്‍ പടോലകേരഘൃതം പുരട്ടാം. കൊച്ചുകുട്ടികളില്‍ ഇതിന്റെ ഫലം വേഗം കാണാം. കുളി കഴിഞ്ഞാലും പടോലകേരഘൃതം രണ്ടു തുള്ളി എടുത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ചര്‍മത്തില്‍ എണ്ണയുടെ അംശം നിലനില്‍ക്കാന്‍ ഇത് സഹായിക്കും.


കണ്ണുകള്‍ക്ക് അഞ്ജനം


കണ്ണുകളുടെ ആരോഗ്യത്തിനും ഭംഗിക്കും അഞ്ജനം കൊണ്ട് എഴുതുന്നത് നല്ലതാണ്. കണ്‍മഷി ഉണ്ടാക്കുന്നതിന് പാരമ്പര്യമായി ഒരു നാടന്‍രീതി ഉണ്ട്. അഞ്ജനക്കല്ല് (പച്ചമരുന്നുകടയില്‍ കിട്ടും) മൃദുവായി പൊടിച്ചെടുക്കുക. പൊടി എള്ളെണ്ണയില്‍ കുഴച്ച് കുഴമ്പുപരുവത്തിലാക്കണം. ഒരു ഓട്ടുവിളക്കില്‍ ഈ കുഴമ്പ് തേച്ച് പിടിപ്പിക്കണം. നല്ലെണ്ണയില്‍ നനച്ച തിരി കത്തിച്ച് ഇതിനുനേര്‍ക്ക് കാണിക്കുക. തേച്ച അഞ്ജനക്കുഴമ്പ് നന്നായി കറുത്താല്‍ തണുക്കാന്‍ വെക്കണം. പിന്നീട് ഇത് ചൂരണ്ടിയെടുത്ത് സൂക്ഷിക്കാം. ആവശ്യത്തിന് എടുത്ത് കണ്ണെഴുതാം.

സ്ഥിരമായി കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നവര്‍ക്കും രാത്രി ഉറക്കം കുറഞ്ഞവര്‍ക്കും കണ്ണുകള്‍ക്ക് ചുറ്റും കറുത്ത വലയങ്ങള്‍ കാണാറുണ്ട്. തൈരിന്റെ തെളിയില്‍ തൈരിന് മീതെ ഊറിനില്‍ക്കുന്ന വെള്ളം ഏലാദിചൂര്‍ണം യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. ഈ പ്രശ്‌നം കുറയുന്നതു കാണാം. തിളപ്പിക്കാത്ത പാലില്‍ രക്തചന്ദനചൂര്‍ണം ചാലിച്ച് പുരട്ടുന്നതും ചര്‍മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കും.


മഞ്ഞള്‍കാന്തി


ഔഷധഗുണത്തിന് പേര് കേട്ടതാണ് മഞ്ഞള്‍. ബാക്ടീരിയകളെ ചെറുക്കാനുള്ള കഴിവുണ്ട് മഞ്ഞളിന്. എള്ളെണ്ണയില്‍ പച്ചമഞ്ഞള്‍ അരച്ച് ചേര്‍ത്തത് കുട്ടികളുടെ ദേഹത്ത് പുരട്ടുന്നത് നല്ലതാണ്. കൈകാലുകളിലെയും മുഖത്തെയും അനാവശ്യരോമങ്ങള്‍ നീക്കം ചെയ്യാനും മഞ്ഞള്‍ ഉപയോഗിക്കാം. ഗോതമ്പുപൊടിയും മഞ്ഞള്‍പ്പൊടിയും (മഞ്ഞള്‍ക്കഷണങ്ങള്‍ കുതിര്‍ത്ത് അരച്ചെടുത്തത്) സമം അളവിലെടുത്ത് നല്ലെണ്ണയില്‍ യോജിപ്പിക്കുക. മുഖത്ത് അര മണിക്കൂര്‍ നേരമെങ്കിലും പുരട്ടിയിടണം. ഒരാഴ്ച ഇത് തുടര്‍ന്നാല്‍ രോമങ്ങള്‍ കൊഴിഞ്ഞുപോയി ചര്‍മം ഭംഗിയാവും.


പല്ലുകള്‍ക്ക് തിളക്കം


വല്ലാതെ മധുരമുള്ളതൊന്നും പല്ലുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കരുതെന്നാണ് ആയുര്‍വേദം പറയുന്നത്. പണ്ടുള്ളവര്‍ പഴുത്ത മാവി ലയോ ഉമിക്കരിയോ ആണ് പല്ല് തേക്കാന്‍ ഉപയോഗിച്ചിരുന്നത്. തിരക്കിട്ട ജീവിതത്തിലും അത്തരം പഴയ ശീലങ്ങള്‍ തുടരുന്നവര്‍ അപൂര്‍വമാണിന്ന്. 

ദശനകാന്തിപോലുള്ള ചൂര്‍ണങ്ങള്‍ പല്ല് തേയ്ക്കാന്‍ നല്ലതാണ്. പല്ലുകളുടെ ഭംഗിക്കും ആരോഗ്യത്തിനും ഇത്തരം ചൂര്‍ണങ്ങള്‍ ഗുണം ചെയ്യും. വീട്ടില്‍ പൊടിച്ചെടുത്തതൊ വിപണിയില്‍ ലഭ്യമായതൊ ആയ ചൂര്‍ണങ്ങള്‍ തെരഞ്ഞെടുക്കാം. ടൂത്ത്ബ്രഷില്‍ പേസ്റ്റിനു പകരം ചൂര്‍ണം ഉപയോഗിക്കുക. രാസവസ്തുക്കളടങ്ങിയ ടൂത്ത്‌പേസ്റ്റിനേക്കാള്‍ എന്തുകൊണ്ടും നല്ലത് പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ചൂര്‍ണങ്ങള്‍ത്തന്നെ.

വായയുടെ ദുര്‍ഗന്ധം അകറ്റാന്‍ പലതരം മൗത്ത്‌റിഫ്രഷറുകള്‍ ഇന്ന് നാം ഉപയോഗിക്കുന്നു. ഇവയ്ക്ക് പകരം ഏലയ്ക്ക ചവച്ചുനോക്കൂ. ഏലയ്ക്കയുടെ രുചി ഇഷ്ടമല്ലാത്തവര്‍ക്ക് ഗ്രാമ്പൂ എടുക്കാം. തളിര്‍വെറ്റിലയും എലയ്ക്കാത്തരിയും ചേര്‍ത്ത് ചവയ്ക്കുന്നതും പല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കും.


ഡോ.ജി.വിഷ്ണു
അഷ്ടവൈദ്യന്‍ 
തൈക്കാട് മൂസ് 
വൈദ്യരത്‌നം ഔഷധശാല
എറണാകുളം

എനിക്ക് വിറ്റാമിന്‍ ഗുളിക കഴിക്കാമോ

ക്ഷീണിക്കുമ്പോള്‍, ഓര്‍മശക്തി കൂട്ടാന്‍... എല്ലാത്തിനും നമ്മള്‍ വിറ്റാമിന്‍ ഗുളികകളെ ആശ്രയിക്കും. ഇത് ശരീരത്തിന് ഏതൊക്കെ തരത്തില്‍ ഗുണവും ദോഷവുമുണ്ടാക്കുന്നു? ഡോ.ബി. പത്മകുമാര്‍ (അസോ. പ്രൊഫസര്‍, മെഡിക്കല്‍ കോളേജ്, ആലപ്പുഴ) വിശദീകരിക്കുന്നു...



ഡോക്ടറോട് രോഗികള്‍ ചോദിച്ചു വാങ്ങി കഴിക്കുന്ന മരുന്നുകളാണ് വിറ്റാമിനുകള്‍. പരീക്ഷാകാലത്ത് മകന്‍ ഉത്സാഹത്തോടെ പഠിക്കാനും അവന്റെ ഓര്‍മശക്തി മെച്ചപ്പെടുത്താനുമൊക്കെ മാതാപിതാക്കള്‍ വിറ്റാമിന്‍ ഗുളികകള്‍ എഴുതാന്‍ ഡോക്ടറെ നിര്‍ബന്ധിക്കാറുണ്ട്. ക്ഷീണം അനുഭവപ്പെടുമ്പോള്‍ പലരും വിറ്റാമിനുകള്‍ സ്വയം വാങ്ങി കഴിക്കാറുമുണ്ട്. കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് മുമ്പ് വിറ്റാമിന്‍ ഗുളികകള്‍ കഴിച്ച് സ്റ്റാമിന മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരും കുറവല്ല.

എന്നാല്‍ ജീവകങ്ങള്‍ സര്‍വരോഗസംഹാരികളോ ഹിമാലയന്‍ ശക്തിയും കരുത്തും തരുന്ന മാജിക് പില്ലുകളോ അല്ല. പോഷകസമ്പുഷ്ടമായ ഭക്ഷണവിഭവങ്ങള്‍ക്കോ ആരോഗ്യകരമായ ജീവിതചര്യയ്‌ക്കോ പകരം നില്‍ക്കുന്നവയുമല്ല.

സാധാരണനിലയില്‍ ഭക്ഷണം കഴിക്കുന്ന ഒരാള്‍ക്ക് ഭക്ഷണവിഭവങ്ങളില്‍ നിന്നുതന്നെ ആവശ്യമായ ജീവകങ്ങള്‍ ലഭിക്കും. എന്നാല്‍ പോഷകാഹാരക്കുറവിനെ തുടര്‍ന്നും കൂടുതല്‍ ജീവകങ്ങള്‍ ആവശ്യമായിവരുന്ന ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും വിറ്റാമിനുകള്‍ പുറത്തുനിന്നും നല്‍കേണ്ടിവരും.


വിറ്റാമിനുകള്‍ രണ്ട് തരം


ജീവകങ്ങളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്.

കൊഴുപ്പില്‍ ലയിക്കുന്നവ:
ശരീരത്തില്‍ ദീര്‍ഘനാള്‍ സംഭരിച്ചുവെക്കുന്ന ജീവകങ്ങളാണിവ. വിറ്റാമിന്‍ എ, ഡി, ഇ, കെ തുടങ്ങിയവ.
വെള്ളത്തില്‍ ലയിക്കുന്നവ: ഇവ ശരീരത്തില്‍ സംഭരിച്ചുവെക്കാറില്ല. ശരീരത്തിലെ വിവിധ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ആവശ്യമാണ്. ബി-കോംപ്ലക്‌സ് വിഭാഗത്തില്‍പെട്ട വിറ്റാമിനുകളും വിറ്റാമിന്‍ സിയും.

ആരോഗ്യവാനായ ഒരു വ്യക്തിയെക്കാള്‍, ജീവകങ്ങള്‍ കൂടുതല്‍ ആവശ്യമായിവരുന്നത് പ്രായമേറിയവര്‍ക്കും പ്രമേഹം പോലുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ്. ഇതുകൂടാതെ സ്ത്രീകള്‍ക്ക് പ്രത്യേകമായി കൂടുതല്‍ ആവശ്യമുള്ള ജീവകങ്ങളുണ്ട്. ഗര്‍ഭാവസ്ഥയിലും മുലയൂട്ടുന്നവര്‍ക്കും, ആര്‍ത്തവവിരാമത്തിനുശേഷം പ്രായമേറിയ സ്ത്രീകള്‍ക്കും ജീവകങ്ങള്‍ കൂടുതലായി വേണ്ടിവരും.

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് കൂടുതലായി ആവശ്യം വരുന്ന ജീവകങ്ങളാണ് ബി. കോംപ്ലക്‌സ് വിഭാഗത്തില്‍പ്പെട്ട ഫോളിക് ആസിഡ്. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെയും നാഡീഞരമ്പുകളുടെയും വളര്‍ച്ചയ്ക്ക് ആവശ്യമാണിവ. ഫോളിക് ആസിഡിന്റെ അഭാവത്തെ തുടര്‍ന്ന് തലച്ചോറിനും സുഷുമ്‌നാനാഡിയ്ക്കും ഘടനാപരമായ തകരാറുകള്‍ ഉണ്ടാകാനിടയുണ്ട്.

പാല്‍, മുട്ട, മാംസം, ഇലക്കറികള്‍, പച്ചക്കറിയിനങ്ങള്‍ തുടങ്ങിയവയില്‍ ഫോളിക് ആസിഡ് സുലഭമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍ ദീര്‍ഘനേരം ഭക്ഷണം പ്രത്യേകിച്ചും, പച്ചക്കറികള്‍ പാചകം ചെയ്യുന്നതിനെ തുടര്‍ന്ന് ഫോളിക് ആസിഡ് നഷ്ടമാകാനിടയുണ്ട്. വിളര്‍ച്ചയുടെ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും അപസ്മാര സംബന്ധമായ മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും ഫോളിക് ആസിഡ് നിര്‍ദേശിക്കപ്പെടാറുണ്ട്. പ്രത്യേകിച്ച് പാര്‍ശ്വഫലങ്ങളൊന്നുംതന്നെ ഇവ ഉണ്ടാക്കാറില്ല.

സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും ആര്‍ത്തവവിരാമം വന്ന സ്ത്രീകള്‍ക്ക് കൂടുതലായി വേണ്ടിവരുന്ന ജീവകമാണ് ഡി. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ചര്‍മത്തിലാണ് ഈ വിറ്റാമിന്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. കൂടാതെ മത്സ്യത്തില്‍ നിന്നും മുട്ടയില്‍ നിന്നുമൊക്കെ ചെറിയ അളവില്‍ ജീവകം ഡി ലഭിക്കുന്നുമുണ്ട്. എന്നാല്‍ അധികം പുറത്തിറങ്ങാതെ, മുറിക്കുള്ളില്‍ തന്നെ കഴിയുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പുരുഷന്മാര്‍ക്കും ജീവകം ഡിയുടെ അഭാവം ഉണ്ടാകാനിടയുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിന് അവശ്യമായ ജീവകം ഡിയുടെ കുറവ് ആര്‍ത്തവ വിരാമമെത്തിയ സ്ത്രീകളില്‍ അസ്ഥിപൊട്ടലിന്റെ (ഓസ്റ്റിയോ പോറോസിസ്) പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.

സമീകൃതമായ ഭക്ഷണരീതി ജീവകം ഡിയുടെ അഭാവത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. കൂടാതെ പ്രഭാതത്തിലെ ഇളം വെയിലിലുകൊള്ളുന്നതും, കൃത്യമായി വ്യായാമങ്ങളിലേര്‍പ്പെടുന്നതും അസ്ഥികളുടെ ഉറപ്പിനും ആരോഗ്യത്തിനും സഹായകമാകും.

ജീവകം ഇയും സ്ത്രീകള്‍ക്ക് ചില പ്രത്യേക അവസരങ്ങളില്‍ കൂടുതലായി വേണ്ടിവരുന്ന ജീവകമാണ്. ധാന്യങ്ങള്‍, അണ്ടിപ്പരിപ്പ്, മുട്ട തുടങ്ങിയവയില്‍ വിറ്റാമിന്‍ ഇ ധാരാളമടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റ് ശേഷി ഉള്ളതുകൊണ്ട് ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ഗുരുതരമായ പല ആരോഗ്യ പ്രശ്‌നങ്ങളുടെയും പ്രതിരോധത്തിന് ജീവകം ഇ ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളില്‍ മാറിടത്തില്‍ കണ്ടുവരുന്ന തടിപ്പോടുകൂടിയ വേദനയ്ക്ക് (ഫൈബ്രോസിസ്റ്റിക് ഡിസീസ്) ജീവകം ഇ ഫലപ്രദമാണ്. കൂടാതെ സ്ത്രീകളില്‍ പ്രത്യേകിച്ചും രാത്രി കാലങ്ങളില്‍ കണ്ടുവരുന്ന കാല്‍ കഴപ്പിനും, വേദനയ്ക്കും വിറ്റമിന്‍ ഇ ഗുണകരമാണ്.


അധികമായാല്‍ പ്രശ്‌നം


അത്ഭുത മരുന്നുകളാണെന്നു കരുതി വിറ്റാമിന്‍ ഗുളികകള്‍ സ്വയം വാങ്ങി കഴിക്കുന്നത് പലപ്പോഴും ദോഷകരമാണ്. ബികോംപ്ലക്‌സ് ഗുളിക കള്‍ ആവശ്യത്തിലേറെ കഴിക്കുകയാണെങ്കില്‍ മൂത്രത്തിലൂടെ വിസര്‍ജിച്ചുപോവുകയേയുള്ളൂ. മറ്റു ചില ജീവകങ്ങളാകട്ടെ, അമിതമായാല്‍ ശരീരത്തില്‍ സംഭരിച്ച് പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായെന്നുവരും.

ജീവകം എ അമിതമായാല്‍ തലവേദന, ഓക്കാനം, ഛര്‍ദ്ദില്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകും. മുടി കൊഴിച്ചില്‍, ചര്‍മം വരണ്ടുണങ്ങല്‍, ചര്‍മത്തിലെ കട്ടികൂടുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകും. പ്രായമേറിയവരില്‍ ചെറിയ പരുക്കിനെതുടര്‍ന്നുപോലും അസ്ഥികള്‍ക്ക് പൊട്ടലുണ്ടാകാനിടയുണ്ട്.

വിറ്റാമിന്‍ സിയുടെ അളവ് അധികമായാല്‍ രക്തത്തിലെ കാത്സ്യത്തിന്റെ അളവ് വര്‍ധിക്കും. ഇത് പലതരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദില്‍, അമിത ദാഹം, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകാം. വൃക്കകളില്‍ കല്ലുണ്ടാകാനും തുടര്‍ന്ന് വൃക്കസ്തംഭനത്തിനും സാധ്യതയുണ്ട്.

ജീവകം ഇ ഗുളികകള്‍ പലരും സ്വയം വാങ്ങി ഉപയോഗിക്കാറുണ്ട്. കൈകാല്‍ വേദനയ്ക്കും ക്ഷീണം മാറാനുമൊക്കെയാണ് വിറ്റാമിന്‍ ഇ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. പേശികളുടെ ബലക്ഷയം, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വിറ്റാമിന്‍ ഇയുടെ അളവ് ക്രമാതീതമായാല്‍ ഗുരുതരമായ രക്തസ്രാവത്തിനും സാധ്യതയുണ്ട്. ബി.കോംപ്ലക്‌സ് വിഭാഗത്തില്‍പെട്ട ജീവകം ബി 6 ആര്‍ത്തവാരംഭത്തിലുള്ള വിവിധ തരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ദീര്‍ഘനാള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ ദീര്‍ഘനാള്‍ ഉപയോഗിക്കുന്നതിനെതുടര്‍ന്ന് നാഡീഞരമ്പുകള്‍ക്ക് പ്രവര്‍ത്തനത്തകരാറുണ്ടാക്കാം. കൈകാല്‍ മരവിച്ച്, നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.

വിറ്റാമിന്‍ ഗുളികകള്‍ പലതും വിലയേറിയവയാണ്. പ്രായപൂര്‍ത്തിയായ, മറ്റ് ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഒരു വ്യക്തിക്ക് പോഷകസമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ ജീവകങ്ങള്‍ ലഭിക്കും. പ്രത്യേകിച്ച് വിറ്റാമിന്‍ മരുന്നുകള്‍ കഴിക്കേണ്ട ആവശ്യമില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഇവ ഉപയോഗിക്കുന്നതാണ് അഭികാമ്യം.

വാടാത്ത സൗന്ദര്യം

സ്ഥിരമായി യാത്രചെയ്യുമ്പോള്‍ ചര്‍മത്തിനും കണ്ണുകള്‍ക്കും ശോഭ നഷ്ടപ്പെടാം...



യാത്രയ്ക്കിടയിലെ പൊടിയും വെയിലും നമ്മുടെ ചര്‍മത്തെ കേടുവരുത്തുന്നുണ്ട്. കുറച്ചൊന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ ചര്‍മത്തിന്റെ മൃദുത്വവും തിളക്കവും നഷ്ടപ്പെട്ടുപോവാം. 

എന്നും പുറത്തേക്കിറങ്ങുമ്പോള്‍ സ്വല്പം സണ്‍സ് ക്രീം ചെറുതായി കൈകാലുകളിലും കഴുത്തിലും മുഖത്തും പുരട്ടുക. അധികം വേണ്ട. അഞ്ച് ഡോസ് മതി. ഇതിന്റെ ഗുണം നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കും. പകല്‍ മുഴുവന്‍ പുറത്താണെങ്കില്‍ ഉച്ചയ്ക്ക് മുഖം നന്നായി കഴുകി വീണ്ടും സണ്‍സ് ക്രീം പുരട്ടുക.

ചര്‍മകാന്തിക്ക് ധാരാളം ശുദ്ധജലം കുടിക്കുന്നത് നല്ലതാണ്. ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് ശീലമാക്കുക. ഇത് കൂടാതെ പപ്പായ, ഓറഞ്ച് പോലുള്ള പഴങ്ങള്‍ ധാരാളം കഴിക്കുന്നതും തൊലിയുടെ ആരോഗ്യം നിലനിര്‍ത്തും.

വൈകീട്ട് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ മുഖം കഴുകുന്നത് പതിവാക്കുക. സാധാരണ സോപ്പിനേക്കാള്‍ നല്ലത് ഫേസ് വാഷ് ലോഷന്‍ ആണ്.

അധിക സമയം കംപ്യൂട്ടറിനു മുന്നിലിരിക്കുന്നവര്‍ക്ക് കണ്‍തടങ്ങളില്‍ കറുപ്പുനിറം വരാം. നന്നായി പഴുത്ത റോബസ്റ്റ പള്‍പ്പാക്കി, കണ്ണിനു മീതെ കട്ടിയില്‍ പുരട്ടുക. ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് കണ്ണുകള്‍ക്ക് പ്രസരിപ്പ് നല്‍കും.

മുഖക്കുരു അധികമാവാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൂടാതെ എണ്ണയുള്ള ഭക്ഷണം ഒഴിവാക്കുകയും വേണം. ചര്‍മത്തിലെ എണ്ണയുടെ അംശം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു സൗന്ദര്യപരിചരണ വസ്തുവാണ് 'മൂള്‍ട്ടാണിമിഠി'. ഇത് ആഴ്ചയില്‍ രണ്ടു പ്രാവശ്യം മുഖത്ത് പുരട്ടുക.
ലിപ് ഗ്ലോസ്

ഏതു പ്രായത്തിലുള്ളവര്‍ക്കും ലിപ് ഗ്ലോസ് ഇണങ്ങും. ചെറിയൊരു തിളക്കം ആഗ്രഹിക്കുന്നവര്‍ ആദ്യം ലിപ്സ്റ്റിക് തേച്ചിട്ട് മീതെ ഗ്ലോസ് ഇടണം. ലിപ് ലൈനര്‍ കൊണ്ട് വരച്ച് ഉള്ളില്‍ ഗ്ലോസ് ഇടുന്നതും നല്ല ഭംഗിയായിരിക്കും. ഇപ്പോള്‍ ഇളം നിറങ്ങളിലുള്ള ലിപ് ഗ്ലോസ്സുകളാണ് ട്രെന്‍ഡ്. ഇളം പിങ്ക്, ഇളം തവിട്ട് എന്നിവ നല്ലത്. പ്രായം കൂടുതലുള്ളവര്‍ക്ക് ലിപ്സ്റ്റിക്കിനേക്കാള്‍ ചേര്‍ച്ച് ലിപ് 
ഗ്ലോസ് ആണ്.


ഭംഗിയുള്ള പാദങ്ങള്‍


എന്നും ഉറങ്ങുന്നതിനുമുന്‍പ് പാദങ്ങള്‍ ഇളം ചൂടുവെള്ളത്തില്‍ നന്നായി കഴുകി തുടയ്ക്കണം. എ.സി. റൂമില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരില്‍ ചര്‍മം വരളാനിടയുണ്ട്. അങ്ങനെയെങ്കില്‍ ഗ്ലിസറിനും പെട്രോളിയം ജെല്ലിയും ചേര്‍ത്ത് പുരുട്ടുന്നത് വരള്‍ച്ച തടയും. വരണ്ട ചര്‍മം ഉള്ളവര്‍ക്ക് ഉപ്പൂറ്റിയില്‍ കട്ടികൂടുന്നതായി കാണാറുണ്ട്. അത്തരക്കാര്‍ നിത്യവും കുളിക്കിടയില്‍ ഉപ്പൂറ്റി പ്യൂമിക് സ്റ്റോണ്‍കൊണ്ട് ഉരച്ച് വൃത്തിയാക്കണം. എങ്കില്‍ ആ ഭാഗത്തെ ചര്‍മം മൃദുവാവും; വിള്ളല്‍ വരികയുമില്ല.

കാല്‍നഖങ്ങള്‍ മുറിക്കുമ്പോള്‍ മൂലകളിലുള്ള നഖഭാഗം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. കാരണം, ആ ഭാഗത്ത് നഖം ഒഴിവാക്കുമ്പോള്‍ മാംസവളര്‍ച്ച വന്ന് അഭംഗിയാവാനിടയുണ്ട്. നഖങ്ങളില്‍ ദിവസവും നെയില്‍ പോളീഷ് ഉപയോഗിക്കുന്നതും ആരോഗ്യകരമല്ല; നഖങ്ങള്‍ക്ക് ഇളം മഞ്ഞ നിറം വരാനിടയുണ്ട്

ക്ഷീണം മാറ്റാന്‍ കക്കിരിക്ക

നമുക്ക് നിത്യവും ആവശ്യമായ വിറ്റാമിനുകളില്‍ മിക്കതും കക്കിരിക്കായിലുണ്ട്. വിറ്റാമിന്‍ ആ, ആ2, ആ3, ആ5, ആ6, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്... ക്ഷീണം തോന്നുമ്പോള്‍ കക്കിരിക്ക സ്വല്‍പ്പം ഉപ്പ് വിതറി കഴിക്കുക. ആശ്വാസം തോന്നും.

നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്കാ കഷണങ്ങള്‍ കഴിക്കുക. ഉണരുമ്പോള്‍ സമാധാനമുണ്ടാവും. ശരീരത്തില്‍ കുറവുവരുന്ന പോഷകാംശങ്ങള്‍ നികത്താന്‍ കക്കിരിക്കയ്ക്ക് കഴിവുണ്ട്.

വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം വറുത്തതും പൊരിച്ചതും കഴിക്കുന്നത് ഒഴിവാക്കണമെന്നുണ്ടോ? പകരം കക്കിരിക്ക കുരുമുളകും ഉപ്പും വിതറി കഴിക്കുക. വയറും നിറയും കൊഴുപ്പ് കൂടുകയുമില്ല.

ഭക്ഷണമെന്നതിലപ്പുറം ഗുണങ്ങളുണ്ട് കക്കിരിക്കയ്ക്ക്. വായനാറ്റം തടയാന്‍ ഉത്തമം. ഭക്ഷണശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി 30 സെക്കന്‍ഡ് സൂക്ഷിക്കുക. ഇതിലടങ്ങിയ രാസവസ്തുക്കള്‍ ബാക്ടീരിയയെ നശിപ്പിക്കുന്നു.

നല്ലൊരു ഫേഷ്യല്‍ ഒരുക്കാനും കക്കിരിക്ക ധാരാളം. തിളയ്ക്കുന്ന വെള്ളത്തിന് മീതെ നെടുകെ മുറിച്ച വലിയ കക്കിരിക്കാകഷണം വെക്കുക. ഇതില്‍നിന്ന് വരുന്ന ആവി മുഖത്ത് തട്ടണം. ചര്‍മം ഫ്രഷ് ആവും.

അറുപതുകഴിഞ്ഞ സ്ത്രീകള്‍ക്കായി ചില യോഗ മുറകള്‍


ജീവിതസായാഹ്നം സന്തോഷിക്കാനുള്ളതാണ്. അതുകൊണ്ട് പ്രായമേറുന്നതോടെ പെരുകുന്ന ആകുലതകളും ഉത്കണ്ഠകളും മാറ്റിവെക്കാം. 'അറുപത് കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞു' എന്ന പഴഞ്ചന്‍ ചിന്തയെ മനസ്സില്‍ നിന്നകറ്റി വിടാം. സ്ത്രീകള്‍ക്ക് ഒഴിവുസമയം പ്രയോജനപ്രദവും സന്തോഷകരവുമാക്കാന്‍ മുന്നില്‍ ഒട്ടേറെ വഴികളുണ്ട്. ജീവിതത്തിരക്കുകളില്‍ കൈമോശം വന്നുപോയ കഴിവുകളും വാസനകളും വേണമെങ്കില്‍ പൊടിതട്ടി എടുക്കാം.

സര്‍ഗശക്തി വളര്‍ത്താനും ഓര്‍മ നിലനിര്‍ത്താനും കഴിവുകളെ ഉപയോഗപ്പെടുത്താനും ഒരുകാലത്ത് സാധിക്കാതിരുന്ന കാര്യങ്ങള്‍ ആത്മസംതൃപ്തിയോടെ ചെയ്യാനും ഉള്ള സമയവും ഇതുതന്നെയാണ്. ഇതിന് യോഗ ചെയ്യുന്നത് സ്ത്രീകള്‍ക്ക് ഏറെ സഹായകമാകും. അല്പം നിശ്ചയദാര്‍ഢ്യവും ഒപ്പം വ്യായാമത്തിനുള്ള മനസ്സും ഉണ്ടായിരിക്കണമെന്നുമാത്രം.

ശരീരത്തില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങളെ പുറന്തള്ളാനും മനോവ്യാപാരങ്ങളെ നിയന്ത്രിക്കാനും 'യോഗ' സ്ത്രീകളെ സഹായിക്കും. പ്രതിരോധശക്തിക്കും സുഗമമായ രക്തചംക്രമണത്തിനും ശരീരത്തിലെ എല്ലുകളെ ബലവത്താക്കാനും 'ഫ്രോസണ്‍ ഷോള്‍ഡര്‍' പോലുള്ള രോഗങ്ങളെ ചെറുക്കാനും യോഗയിലൂടെ സാധ്യമാക്കാം. പ്രായമാവുന്നതോടെ ധാരാളം മരുന്നുകള്‍ക്ക് അടിമപ്പെടുന്ന ശീലം കുറയ്ക്കാം. ഇതിന് ശരീരത്തെ പീഡിപ്പിച്ചുകൊണ്ടുള്ള കടുത്ത മുറകളൊന്നും പരിശീലിക്കേണ്ട ആവശ്യമില്ല. ലളിതമായ യോഗചര്യകള്‍, ചെറിയ ആസനങ്ങള്‍, പ്രാണായാമങ്ങള്‍, ധ്യാനം എന്നിവ ചെയ്യുമ്പോള്‍ മനസ്സിനും ശരീരത്തിനും ഉണ്ടാവുന്ന മാറ്റവും ശുഭാപ്തി വിശ്വാസവും അനുഭവിച്ചുതന്നെ അറിയണം.

ശാന്തമായ സ്ഥലത്ത് സ്വസ്ഥതയോടെ ഇരുന്ന് അരമണിക്കൂര്‍ നേരം യോഗ പരിശീലിക്കാം. ശ്വാസശുദ്ധീകരണത്തിന് 'ഭസ്ത്രിക' ('വജ്രാസന'ത്തിലിരുന്ന്) വളരെ നല്ലതാണ്. ശരീരത്തിന് ക്ഷീണം തോന്നുന്ന അവസരത്തില്‍ ഇത് ദിവസത്തില്‍ രണ്ടോ മൂന്നോ ചെയ്യാം. 'കപാല്‍ഭാതി' ('പ്രാണായാമം') മനസ്സിന്റെ ബുദ്ധിശക്തി കൂട്ടാന്‍ സഹായിക്കും. 'പവനമുക്താസനം' വയറിന്റെ അസുഖങ്ങള്‍, വയറിന്റെ വണ്ണം എന്നിവ കുറയ്ക്കും. 'മാര്‍ജാരാസനം' നട്ടെല്ല്, കഴുത്ത്, തോള്‍ എന്നിവയ്ക്ക് ബലം നല്‍കുന്നു. എളുപ്പത്തില്‍ പരിശീലിക്കാന്‍ കഴിയുന്ന ഒന്നാണ് 'ഭുജംഗാസനം'. നട്ടെല്ല്, തോള്‍, കഴുത്ത് എന്നിവയ്ക്ക് ബലം നല്‍കുന്നു. മൂക്കിന്റെ ഇടതുവശത്തെ ദ്വാരം അടച്ച് ശ്വാസമെടുത്ത് അടുത്ത ദ്വാരത്തിലൂടെ പുറത്തേക്ക്‌വിടുകയും അതേ ദ്വാരത്തിലൂടെ ശ്വാസമെടുത്ത് ഇടത്തെ ദ്വാരത്തിലൂടെ പുറത്തേക്ക് വിടുകയും ചെയ്യുന്ന 'അനുലോമ വിലോമ പ്രാണായാമം' മനസ്സിനെ ശാന്തമാക്കാന്‍ ഏറെ സഹായകമാണ്. സ്ഥിരമായി ഇതെല്ലാം പരിശീലിക്കുന്നതോടെ ഊര്‍ജസ്വലതയോടെ ജീവിക്കാനാവും. 

പ്രഭാതത്തിലെ അരമണിക്കൂര്‍ ചെയ്യുന്ന യോഗചര്യ ദിവസം മുഴുവനും പ്രായമായ സ്ത്രീകളെ ഉന്മേഷമുള്ളവരാക്കും.

പനിക്കെതിരെ മുന്‍കരുതല്‍
ഡോ.ബി.പത്മകുമാര്‍

ചികിത്സക്കൊപ്പം വിശ്രമവുമുണ്ടെങ്കില്‍ പനി എളുപ്പം ഭേദമാവും...

മഴയെത്തുമ്പോള്‍ കൂടെയെത്തുകയാണ് പനിയും. ജലദോഷപ്പനിയായിരുന്നു മുന്‍പൊക്കെ കൂടുതലായി കണ്ടുവന്നിരുന്നത്. ഇപ്പോള്‍ പന്നിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങി പുതിയതരം പനികളുടെ കാലമാണ്.

ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഡെങ്കിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമാവാം. ചര്‍മത്തില്‍ ചുവന്നു തടിച്ച പാടുകള്‍, ശക്തമായ പനി, അസഹനീയമായ പേശിവേദന എന്നിവയൊക്കെയാണ് ഡെങ്കിപ്പനിയുടെ ലക്ഷണം. മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള രക്തസ്രാവം, രക്തസമ്മര്‍ദം താഴുക എന്നിവ ഡെങ്കിപ്പനി ഗുരുതരമാവുന്നതിന്റെ സൂചനകളാണ്. പൊതുവെ മാരകമല്ലാത്ത കൊതുകുജന്യ വൈറസ് രോഗമാണ് ചിക്കുന്‍ഗുനിയ. പനി, സന്ധിവേദന, ചര്‍മത്തിലെ ചുവന്നുതടിച്ച പാടുകള്‍ എന്നിവയാണ് പ്രധാന ലക്ഷണം. പനി. ചുമ, തൊണ്ടവേദന, തലവേദന, ക്ഷീണം, വയറിളക്കം, ചര്‍മത്തില്‍ ചുവന്ന പാടുകള്‍ എന്നിവയാണ് പന്നിപ്പനിയുടെ ലക്ഷണങ്ങള്‍. 

ഏതു പനിയും നമുക്ക് പ്രതിരോധിക്കാനാവും. ചില കാര്യങ്ങളില്‍ അല്‍പം കരുതലുണ്ടാവണമെന്നു മാത്രം. അതിന് മൂന്നു മാര്‍ഗങ്ങളുണ്ട്. കൊതുക് നിര്‍മാര്‍ജനം, പരിസര ശുചിത്വം, ജലശുചിത്വം എന്നിവയാണിത്.

വീടിന്റെ പരിസരപ്രദേശങ്ങളിലും പറമ്പിലും കെട്ടിക്കിടക്കുന്ന മലിനജലം ആഴ്ചയിലൊരിക്കലെങ്കിലും നീക്കണം. കെട്ടിക്കിടക്കുന്ന ഓടകള്‍, ചാലുകള്‍ ഇവ വൃത്തിയാക്കണം. ഉപയോഗശൂന്യമായ ടയര്‍, കുപ്പിയുടെ അടപ്പുകള്‍, തകരപ്പാത്രങ്ങള്‍, പ്ലാസ്റ്റിക് കപ്പ്, ചിരട്ട, പൊട്ടിയ കുപ്പികള്‍ എന്നിവ വീടിന്റെ പരിസരങ്ങളില്‍ ഉപേക്ഷിക്കരുത്. 

ജലജന്യ പകര്‍ച്ചവ്യാധികള്‍ തടയാനായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളം തിളപ്പിക്കുമ്പോള്‍ അഞ്ചു മിനുട്ടെങ്കിലും വെട്ടിത്തിളയ്ക്കണം. എങ്കിലേ ഹെപ്പറ്റൈറ്റിസ് എ ഉള്‍പ്പെടെയുള്ള വൈറസുകള്‍ നശിക്കൂ.

പനിയുള്ളവരുമായി അടുത്തിടപഴകരുത്. പനിബാധിതര്‍ ഉപയോഗിച്ച കര്‍ച്ചീഫ്, തോര്‍ത്ത്, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കരുത്.

എലിപ്പനി, എച്ച് 1 എന്‍ 1 പനി തുടങ്ങിയവക്കെതിരെ പ്രതിരോധമരുന്നുകള്‍ നിലവിലുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇവ ഉപയോഗിക്കാവുന്നതാണ്. വാക്‌സിനേഷന്‍കൊണ്ടും എച്ച്1 എന്‍1 പോലെയുള്ള പനിയെ പ്രതിരോധിക്കാവുന്നതാണ്.


പനിയുടെ ശുശ്രൂഷ


ഇപ്പോള്‍ വ്യാപകമായിരിക്കുന്ന പനികളില്‍ ഭൂരിപക്ഷവും വൈറല്‍പനിയാണ്. ഇതാകട്ടെ രണ്ടോ മൂന്നോ ദിവസം വിശ്രമിച്ച് പാരസെറ്റമോള്‍പോലെയുള്ള മരുന്നുകളും കഴിച്ചാല്‍ താനേ മാറിക്കൊള്ളും. എന്നാല്‍ പനിയുണ്ടായാല്‍ സ്വയം ചികിത്സ പാടില്ല. വൈദ്യസഹായം തേടണം. വീട്ടിലൊരാള്‍ക്ക് പനി ബാധിച്ചാല്‍ ചെയ്യാവുന്ന ചില ലളിത ശുശ്രൂഷകളുണ്ട്. ഇവ രോഗിക്ക് ആശ്വാസം പകരും.

ചൂടു കുറയ്ക്കാന്‍ തണുത്ത വെള്ളത്തില്‍ മുക്കിയ തുണികൊണ്ട് ശരീരം തുടച്ചുകൊടുക്കണം.

ജലദോഷവും മൂക്കടപ്പും ഉള്ളപ്പോള്‍ ആവി കൊള്ളുന്നതു നല്ലതാണ്. കഫത്തിന്റെ കട്ടി കുറയ്ക്കാനും ശ്വാസോച്ഛ്വാസം സുഗമമാക്കാനും ഇതു സഹായിക്കും.

യാത്രകള്‍ ഒഴിവാക്കുക. പനി മറ്റുള്ളവരിലേക്ക് പകരാനുള്ള സാഹചര്യം ഒഴിവാക്കുക.

ലളിതമായ ഭക്ഷണരീതിയാണ് പനിയുള്ളപ്പോള്‍ നല്ലത്. പഴങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം.

ധാരാളം ശുദ്ധജലം കുടിക്കണം. കുറഞ്ഞത് രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുന്നത് പനിയെത്തുടര്‍ന്നുള്ള നിര്‍ജലനീകരണം ഒഴിവാക്കാന്‍ സഹായിക്കും. തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കിയ പാനീയം എന്നിവ നല്ലതാണ്. കൃത്രിമ ശീതളപാനീയങ്ങള്‍, കോള, ബിയര്‍ തുടങ്ങിയവ ഒഴിവാക്കണം.

പനിയുള്ളപ്പോള്‍ ചെറു ചൂടുവെള്ളത്തില്‍ മേല്‍ കഴുകുന്നതു നല്ലതാണ്. ശരിയായ ചര്‍മശുചിത്വം പാലിക്കുന്നത് ചര്‍മത്തിലെ രോഗാണുബാധ ഒഴിവാക്കാന്‍ സഹായിക്കും.

മദ്യപാനം, പുകവലി, പുകയിലയുടെ ഉപയോഗം തുടങ്ങിയവ ഒഴിവാക്കണം.

കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍, പ്രമേഹം, അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവരുമായി പനി ബാധിതര്‍ അടുത്തിടപഴകരുത്

വേദനയില്‍ നിന്ന് രോഗം തിരിച്ചറിയാം

എല്ലാ നെഞ്ചുവേദനയും ഹൃദ്രോഗലക്ഷണമാവണമെന്നില്ല. ചില തലവേദനകള്‍ തലച്ചോറിലെ രക്തസ്രാവത്തിന്റെ സൂചനയാവാം. വെറുമൊരു ശരീരവേദനപോലും നിസ്സാരമായി തള്ളിക്കളയരുത്. ഡോ. ബി. പത്മകുമാര്‍ (അസോസിയേറ്റ് പ്രൊഫസര്‍, മെഡിക്കല്‍ കോളേജ്, ആലപ്പുഴ) എഴുതുന്നു..


ഏറ്റവും അസഹനീയമായ വേദന ഏതാണ്? പ്രസവിച്ച സ്ത്രീകള്‍ പറയും പ്രസവവേദനയാണെന്ന്. പല്ലുവേദനയനുഭവിക്കുന്നവന് അതാണ് വലിയ വേദന. തല വെട്ടിപ്പൊളിക്കുന്നതുപോലെയുള്ള മൈഗ്രേന്‍ തലവേദന വരുന്ന ഉദ്യോഗസ്ഥയ്ക്ക് അതുകഴിഞ്ഞേ ഉള്ളൂ മറ്റെല്ലാ പ്രശ്‌നങ്ങളും. ഓരോരുത്തര്‍ക്കും അവരനുഭവിക്കുന്ന വേദന കഠിനം തന്നെ. 

നമ്മുടെ ആസ്​പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരില്‍ അമ്പതു ശതമാനത്തിലേറെയാളുകളും വിവിധതരത്തിലുള്ള ശാരീരികവേദനകള്‍ക്ക് പരിഹാരം തേടിയെത്തുന്നവരാണ്. ഇവരില്‍ത്തന്നെ പത്തു ശതമാനത്തിലേറെയാളുകള്‍ക്കും മാറാത്ത സന്ധിവേദനകളും പേശിവേദനകളുമാണ് പ്രശ്‌നം. എന്നാല്‍ വേദനയെ എപ്പോഴും ശത്രുവായി കരുതാന്‍ കഴിയില്ല. മാരകമായേക്കാവുന്ന പല അസുഖങ്ങളെക്കുറിച്ചും നമുക്ക് മുന്നറിയിപ്പ് ലഭിക്കുന്നത് വേദന എന്ന തീവ്രാനുഭവത്തിലൂടെയാണ്. യഥാസമയം വൈദ്യസഹായംതേടി ആവശ്യമായ ചികിത്സ സ്വീകരിക്കാന്‍ സഹായിക്കുന്ന സുഹൃത്തുകൂടിയാണ് വേദന.


തല വെട്ടിപ്പൊളിക്കുന്ന തലവേദന


മാനസികസമ്മര്‍ദ്ദം മൂലമുള്ള തലവേദനയാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. വീട്ടിലും ഓഫീസിലും കുട്ടികള്‍ പരീക്ഷാസമയത്തുമൊക്കെ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ മൂലമാണ് ഈ തലവേദനയുണ്ടാകുന്നത്. തലയില്‍ ഒരു ചരടിട്ട് വരിഞ്ഞുമുറുകിയതുപോലെയുള്ള വേദന മുഖ്യലക്ഷണമാണ്.

മൈഗ്രേന്‍ അഥവാ കൊടിഞ്ഞിയാണ് തലവേദനയുടെ മറ്റൊരു പ്രധാനകാരണം. തലയുടെ ഒരു വശത്തുനിന്ന് ആരംഭിച്ച് ക്രമേണ മറുവശത്തേക്ക് വ്യാപിക്കുന്ന, വിങ്ങുന്ന തലവേദന മൈഗ്രേനിന്റെ ലക്ഷണമാണ്. മൈഗ്രേന്‍ വരുന്നതിന് തൊട്ടുമുമ്പ് ചിലര്‍ക്ക് കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെയോ, പ്രകാശവലയങ്ങളോ, നിറങ്ങളോ കണ്ടെന്നുവരാം. തലവേദന മൂര്‍ധന്യത്തിലെത്തുമ്പോള്‍ ഛര്‍ദ്ദിലുമുണ്ടാകാറുണ്ട്. ഛര്‍ദിച്ചുകഴിയുമ്പോള്‍ തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. വെയില്‍ കൊള്ളുക, ഉറക്കമിളയ്ക്കുക, യാത്ര ചെയ്യുക തുടങ്ങിയവയൊക്കെ മൈഗ്രേനിന് കാരണമാകാറുണ്ട്. നന്നായൊന്ന് ഉറങ്ങിക്കഴിഞ്ഞാല്‍ പലരുടെയും മൈഗ്രേന്‍ തലവേദന അപ്രത്യക്ഷമാകും. വേദനസംഹാരികളോടൊപ്പം മൈഗ്രേന്‍ വരാതിരിക്കാനായി വിഷാദചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ബീറ്റാ ബ്ലോക്കര്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളും ഉപയോഗിക്കാറുണ്ട്.

തലയുടെ ഒരു ഭാഗത്തുമാത്രമായോ മൊത്തത്തിലോ അനുഭവപ്പെടുന്ന വേദന രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അധികമാകുകയാണെങ്കില്‍ അത് തലച്ചോറിലെ മുഴകളെ സൂചിപ്പിക്കുന്നു. അതിശക്തമായ തലവേദന, ചുമയ്ക്കുമ്പോഴും കുനിയുമ്പോഴും ഭാരമുയര്‍ത്തുമ്പോഴുമൊക്കെ വേദനയനുഭവപ്പെടുക, വേദന ഉറക്കത്തിന് ഭംഗമുണ്ടാക്കുക, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശക്തമായ വേദനയനുഭവപ്പെടുക, 55 വയസ്സിനുശേഷം ആദ്യമായുണ്ടാകുന്ന ശക്തമായ തലവേദന ഇവയൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ട തലവേദനയുടെ പൊതുലക്ഷണങ്ങളാണ്.


നെഞ്ചുവേദന ഹൃദ്രോഗലക്ഷണം മാത്രമല്ല!


ഭയപ്പെടുത്തുന്ന വേദനയാണ് നെഞ്ചുവേദന. നെഞ്ചുവേദന ഹൃദ്രോഗം മൂലം മാത്രമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ നെഞ്ചിന്‍കൂട്, അന്നനാളം, ശ്വാസകോശാവരണം തുടങ്ങി വിവിധ ഭാഗങ്ങളിലെ തകരാറുകളും നെഞ്ചുവേദനയ്ക്ക് കാരണമാകാം.

ഹൃദയാഘാതത്തിന്റെ മുഖ്യലക്ഷണം നെഞ്ചുവേദനയാണ്. നെഞ്ചിനുമീതെ ഭാരം കയറ്റിവെച്ചതുപോലെ, അല്ലെങ്കില്‍ നെഞ്ചു പൊട്ടാന്‍ പോകുന്നതുപോലെ തുടങ്ങിയവ ഹൃദ്രോഗ നെഞ്ചുവേദനയുടെ ലക്ഷണങ്ങളാണ്. വേദനയുടെ സവിശേഷമായ വ്യാപനരീതിയും ഹൃദ്രോഗനിര്‍ണയത്തിന് സഹായകരമാണ്. ഇടതുകൈ, കഴുത്ത്, കീഴ്ത്താടി, പല്ലുകള്‍, വയറിന്റെ മുകള്‍ഭാഗം, നെഞ്ചിന്റെ പിറകുവശം തുടങ്ങിയ ഭാഗങ്ങളിലേക്കാണ് ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള നെഞ്ചുവേദന പടരുന്നത്. നെഞ്ചുവേദനയോടൊപ്പം ശരീരമാസകലം വിയര്‍പ്പും തളര്‍ച്ചയും ഉണ്ടാകാം. നാക്കിന്നടിയില്‍ സോര്‍ബിട്രേറ്റ് വിഭാഗത്തില്‍പ്പെട്ട ഗുളികകള്‍ ഇടുമ്പോള്‍ ഉടന്‍തന്നെ ആശ്വാസം ലഭിക്കുന്നതും ഹൃദ്രോഗത്തെ തുടര്‍ന്നുള്ള നെഞ്ചുവേദനയുടെ ലക്ഷണമാണ്.

ശ്വാസകോശരോഗങ്ങളെത്തുടര്‍ന്നും നെഞ്ചുവേദനയുണ്ടാകാം. ന്യൂമോണിയ, പ്ലൂറസി, ശ്വാസകോശാവരണത്തിനിടയില്‍ വായുനിറയുന്ന ന്യൂമോതൊറാക്‌സ് തുടങ്ങിയ അവസ്ഥകളിലെല്ലാം നെഞ്ചുവേദനയുണ്ടാകാം. ശ്വാസംവലിച്ചുവിടുമ്പോള്‍ കൊളുത്തിപ്പിടിക്കുന്നതുപോലെയുള്ള വേദന ശ്വാസകോശരോഗങ്ങളെത്തുടര്‍ന്നുള്ള നെഞ്ചുവേദനയുടെ പൊതുലക്ഷണമാണ്. 

നെഞ്ചുവേദനയോടൊപ്പം നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും വയറിന് പെരുക്കവുമൊക്കെ അനുഭവപ്പെടുകയാണെങ്കില്‍ അത് അന്നനാളത്തെയും ആമാശയത്തെയുമൊക്കെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണമാണ്. നെഞ്ചുവേദനകളില്‍ വെച്ച് ഏറ്റവും നിരുപദ്രവകരമായ വേദനയാണ് വാരിയെല്ലും മാറെല്ലും മാംസപേശികളും ചേരുന്ന എല്ലിന്‍കൂടിന്റെ നീര്‍ക്കെട്ടിനെത്തുടര്‍ന്നുണ്ടാകുന്ന വേദന. നെഞ്ചിന്റെ നീര്‍ക്കെട്ടുള്ള ഭാഗത്ത് അമര്‍ത്തുമ്പോള്‍ വേദനയുണ്ടാകുന്നു. ഇവയെല്ലാം കൂടാതെ മാനസികസമ്മര്‍ദ്ദത്തെത്തുടര്‍ന്നുണ്ടാകുന്ന വിഭ്രാന്തിയെത്തുടര്‍ന്നും ശക്തമായ 'നെഞ്ചുവേദന' ഉണ്ടാകാം.


വിട്ടുമാറാത്ത നടുവേദന


ജീവിതത്തിലൊരിക്കലെങ്കിലും നടുവേദനയുടെ പ്രശ്‌നങ്ങള്‍ അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. കൂടാതെ ദീര്‍ഘനേരം ഒരേപോലെ ഇരുന്ന് ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവരുടെയും സാധാരണ പ്രശ്‌നമായി മാറിയിരിക്കുന്നു വിട്ടുമാറാത്ത നടുവേദന.

നട്ടെല്ലിന്റെ തേയ്മാനം, നട്ടെല്ലിലെ പേശികളുടെ നീര്‍ക്കെട്ട്, ഡിസ്‌കിന്റെ പുറത്തേക്കുള്ള തള്ളല്‍, നട്ടെല്ലിനെ ബാധിക്കുന്ന സന്ധിവാതം, അര്‍ബുദം, അസ്ഥിക്ഷയം, നട്ടെല്ലിനെ ബാധിക്കുന്ന രോഗാണുബാധ തുടങ്ങിയവയൊക്കെ നടുവേദനയുടെ വിവിധകാരണങ്ങളില്‍പ്പെടുന്നു.

നടുവില്‍ നിന്ന് കാലിലേക്ക് പടരുന്ന അതിശക്തമായ വേദന നാഡീഞരമ്പുകളുടെ ഞെരുക്കത്തെയാണ് സൂചിപ്പിക്കുന്നത്. കശേരുക്കളുടെ ഇടയില്‍ നിന്ന് പുറത്തേക്കു തള്ളിവരുന്ന ഡിസ്‌ക് നാഡീ ഞരമ്പുകളെ ഞെരുക്കുന്നതിനെത്തുടര്‍ന്നാണ് ഈ വേദന (സയാറ്റിക്ക) ഉണ്ടാകുന്നത്. ഭാരമെടുക്കുമ്പോഴും പെട്ടെന്ന് കുനിയുമ്പോഴുമൊക്കെ ഉണ്ടാകുന്ന ഈ വേദന ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമൊക്കെ കൂടാറുണ്ട്.

പ്രായമേറിയവരില്‍ നട്ടെല്ലിന്റെ തേയ്മാനമാണ് നടുവേദനയുടെ പ്രധാനകാരണം. രാത്രിയില്‍ അനുഭവപ്പെടുന്ന നടുവേദന, വിശ്രമമെടുത്താലും മാറാതെയിരിക്കുമ്പോള്‍ നട്ടെല്ലിനെ ബാധിക്കുന്ന അര്‍ബുദത്തിന്റെ സാധ്യതകള്‍ പരിശോധിക്കണം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശക്തമായ നടുവേദനയുണ്ടാകുന്നതും നട്ടെല്ലിന് പിടുത്തമുണ്ടാകുന്നതും നട്ടെല്ലിനെ ബാധിക്കുന്ന സന്ധിവാതരോഗ ലക്ഷണമാണ്. എന്നാല്‍ നട്ടെല്ലിന്റെ തേയ്മാനത്തെത്തുടര്‍ന്നുണ്ടാകുന്ന വേദന രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കുറയുകയാണ് ചെയ്യുന്നത്. 

മിക്കവാറും അവസരങ്ങളില്‍ നടുവേദന രണ്ടോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുകയാണ് പതിവ്. വിശ്രമമെടുത്താല്‍ തന്നെ വേദനയ്ക്ക് ആശ്വാസം ലഭിക്കും. എന്നാല്‍ ചില പ്രത്യേക ലക്ഷണങ്ങളോടൊപ്പമുള്ള നടുവേദനയ്ക്ക് പ്രത്യേക പരിഗണന നല്‍കണം. രാത്രികാലങ്ങളില്‍ വര്‍ധിക്കുന്ന നടുവേദന, വിശ്രമമെടുത്താലും മാറാത്ത വേദന, അര്‍ബുദരോഗികളിലെ നടുവേദന, 50 വയസ്സു കഴിഞ്ഞവരിലെ വേദന, തുടങ്ങിയവയൊക്കെ ഗൗരവമായി കാണേണ്ട നടുവേദനയുടെ ലക്ഷണങ്ങളാണ്.


വയറുവേദന-ലക്ഷണം ഒന്ന്, കാരണം പലത്


വയറിന്റെ പ്രശ്‌നങ്ങള്‍ മാത്രമല്ല, മറിച്ച് ഹൃദയാഘാതവും ശ്വാസകോശരോഗങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം നീണ്ടുനില്‍ക്കുന്ന വയറു വേദനയ്ക്ക് കാരണമായെന്നുവരാം. പെപ്റ്റിക് അള്‍സര്‍, വന്‍കുടല്‍, ചെറുകുടല്‍, മൂത്രനാളികള്‍, പിത്താശയം, പിത്തനാളികള്‍ തുടങ്ങിയവയിലെ തടസ്സങ്ങള്‍ വയറിനേല്‍ക്കുന്ന പരിക്കുകള്‍, അപ്പന്‍ഡിസൈറ്റിസ്, പാന്‍ക്രിയാസ് ഗ്രന്ഥിയുടെ നീര്‍വീക്കം തുടങ്ങിയവയാണ് വയറുവേദനയ്ക്ക് കാരണമാകുന്ന പ്രശ്‌നങ്ങള്‍.

പെപ്റ്റിക് അള്‍സറിനെത്തുടര്‍ന്നുണ്ടാകുന്ന വേദന വയറിന്റെ മുകള്‍ഭാഗത്ത് മധ്യത്തിലായാണ് അനുഭവപ്പെടുന്നത്. ഭക്ഷണം കഴിക്കാതെയിരിക്കുമ്പോള്‍ വേദന വര്‍ധിക്കാനിടയുണ്ട്. മൂത്രനാളികളിലെ കല്ലിനെത്തുടര്‍ന്നുണ്ടാകുന്ന വേദന ഇടവിട്ടിടവിട്ടാണ് അനുഭവപ്പെടുന്നത്. നടുവില്‍ നിന്നും വയറിന്റെ വശങ്ങളിലേക്ക് പടരുന്ന വേദനയോടൊപ്പം മൂത്രച്ചുടിച്ചിലും മൂത്രത്തിലൂടെ രക്തം പോകുന്നഅവസ്ഥയും ഉണ്ടാകാം. അപ്പന്‍ഡിസൈറ്റ്‌സിനെ ത്തുടര്‍ന്നുള്ള വയറുവേദന, വയറിന്റെ താഴെ വലതുവശത്തായാണ് ഉണ്ടാകുന്നത്. വേദനയോടൊപ്പം ഛര്‍ദ്ദിലും പനിയും ഉണ്ടാകാം. പിത്തസഞ്ചിയില്‍ നിന്നുണ്ടാകുന്ന വേദന നെഞ്ചിന്റെ പിറകുഭാഗത്തേക്കും തോള്‍പ്പലകയുടെ താഴത്തേക്കും പടര്‍ന്നേക്കാം.

പലപ്പോഴും മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദങ്ങളും 'വയറുവേദന'യായി പ്രത്യക്ഷപ്പെടാറുണ്ട്. എപ്പോള്‍ വേണമെങ്കിലും വയറിന്റെ ഏതുഭാഗത്തും ഈ വേദനയുണ്ടാകാം. സ്‌കൂളില്‍ പോകാന്‍ മടിയുള്ള കുട്ടിയുടെ പ്രധാന പരാതിയാണല്ലോ 'മാറാത്ത വയറുവേദന'. പല മനോജന്യ ശാരീരികരോഗങ്ങളുടെയും പൊതുലക്ഷണമാണ് വയറുവേദന.


ശരീരവേദന


വിട്ടുമാറാത്ത ശരീരവേദന വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുക, വിശദമായ പരിശോധനകള്‍ക്കുശേഷം രോഗമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചുപറയുക, മാറിമാറിയുള്ള ചികിത്സകളെല്ലാം തന്നെ ഫലപ്രദമാകാതെയിരിക്കുക - ഫൈബ്രോമയാള്‍ജിയ എന്ന പേശീവാതരോഗത്തിന്റെ സാമാന്യലക്ഷണമാണിതൊക്കെ.

സ്ത്രീകളാണ് ഫൈബ്രോമയാള്‍ജിയയുടെ പ്രധാന ഇരകള്‍. 25-നും 65-നുമിടയ്ക്ക് പ്രായമുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. അരക്കെട്ടിന് മുകളിലും താഴെയുമായി ശരീരത്തിന്റെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന വേദന മൂന്നുമാസത്തിലേറെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഫൈബ്രോമയാള്‍ജിയ സംശയിക്കാം. അതോടൊപ്പം ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോഴും കഠിനമായ വേദനയനുഭവപ്പെടാവുന്നതാണ്.

രോഗാരംഭത്തില്‍ ശരീരത്തിന്റെ ഒരുഭാഗത്തുമാത്രം പ്രത്യക്ഷപ്പെടുന്ന പേശീവേദന, ക്രമേണ മറ്റു ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പേശീവേദനകളോടൊപ്പം സന്ധിവേദനകളുമുണ്ടാകാം. ചര്‍മം പുകയുന്നതുപോലെയുള്ള അസ്വസ്ഥതകളും രോഗികള്‍ പരാതിപ്പെടാറുണ്ട്. തീരാവേദനയ്ക്കുപുറമെ അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ്, വിഷാദം, നിദ്രാവൈകല്യങ്ങള്‍, തലവേദന, കൈകാല്‍ മരവിപ്പ്, അമിതാകാംക്ഷ തുടങ്ങിയവയും പേശീവാതരോഗികളില്‍ സാധാരണയാണ്.

സന്ധിവാത രോഗങ്ങളായ റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, എസ്.എല്‍.ഇ, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഫൈബ്രോമയാള്‍ജിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഹൈപ്പോ തൈറോയിഡിസം എന്ന തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനമാന്ദ്യം, പ്രമേഹം, ചിലതരത്തിലുള്ള അര്‍ബുദം തുടങ്ങിവയൊക്കെ മാറാത്ത ശരീരവേദനയായി പ്രത്യക്ഷപ്പെടാറുണ്ട്.

രോഗചികിത്സയ്ക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നുകളാണ് വിഷാദരോഗത്തിനുപയോഗിക്കുന്ന ട്രൈസൈക്ലിക് മരുന്നുകള്‍. കൂടാതെ വേദനസംഹാരികളും ഉപകരിക്കും. ക്രമമായ വ്യായാമം, യോഗ, ധ്യാനം തുടങ്ങിയവയും ആശ്വാസം നല്‍കുന്ന ഇതരമാര്‍ഗങ്ങളാണ്.


വേദനയുടെ ചികിത്സ

ഒരു നൂറ്റാണ്ട് പിന്നിട്ട ആസ്​പിരിന്‍ മുതല്‍ അടുത്തയിടെ വിപണിയിലെത്തിയ കോക്‌സിബുകള്‍ വരെയുള്ള വിപുലമായ ശേഖരമാണ് വേദനസംഹാരികളുടെ ശ്രേണിയിലുള്ളത്.

വേദനക്കും നീര്‍ക്കെട്ടിനും കാരണമായ പ്രോസ്റ്റോഗ്ലാന്‍ഡിനുകളുടെ ഉത്പാദനത്തെ തടഞ്ഞുകൊണ്ടാണിവ പ്രവര്‍ത്തിക്കുന്നത്. ആസ്​പിരിനും പാരസിറ്റമോളുമാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന മരുന്നുകള്‍. മോര്‍ഫിന്‍ പോലെ ശക്തമായ മരുന്നുകളല്ല ഇവയെങ്കിലും പേശികളുടെയും സന്ധികളുടെയും വേദനയ്ക്കും തലവേദനയ്ക്കും ഇവ ഫലപ്രദമാണ്.

വളരെ ശക്തിയേറിയ വേദനാസംഹാരികളാണ് മോര്‍ഫിനടക്കമുള്ള ഒപ്പിയോയിഡുകള്‍. പല മാര്‍ഗങ്ങളിലൂടെയും ഒപ്പിയോയിഡുകള്‍ നല്‍കാം. ഇഞ്ചക്ഷനായി സിരകളിലൂടെ മരുന്നു നല്‍കിയാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ വേദന അപ്രത്യക്ഷമാകും. ഇവ കൂടാതെ വിഷാദരോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല മരുന്നുകളും മാറാവേദനയ്ക്ക് പരിഹാരമായി ഉപയോഗിക്കാറുണ്ട്. പ്രമേഹരോഗികളിലെ ന്യൂറോപ്പതി, ഹെര്‍പിസ് രോഗികളിലെ നാഡീവേദന, കൊടിഞ്ഞിതലവേദന, ഫൈബ്രോമയാള്‍ജിയ തുടങ്ങിയ അവസ്ഥകളില്‍ ഇവ ഉപയോഗിക്കുന്നു.

പൊതുവെ സുരക്ഷിതമായ മരുന്നുകളാണ് വേദനസംഹാരികള്‍. എന്നാല്‍ ഇവയുടെ അമിത ഉപയോഗമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഉദരരക്തസ്രാവം, വൃക്കത്തകരാറുകള്‍, രക്താതിസമ്മര്‍ദം, കരളിന്റെ പ്രവര്‍ത്തനത്തകരാറുകള്‍, തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന പ്രശ്‌നങ്ങള്‍. ചര്‍മത്തില്‍ ചുവന്നു തടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുക, ചൊറിച്ചില്‍, ആമാശയവ്രണങ്ങള്‍, അന്നനാളത്തിലെ നീര്‍ക്കെട്ട്, ആസ്ത്മ അധികരിക്കുക തുടങ്ങിയവയാണ് വേദനാസംഹാരികളുടെ മറ്റു പാര്‍ശ്വഫലങ്ങള്‍.

വേദന സംഹാരികള്‍ ഉപയോഗിക്കുമ്പോള്‍

ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് കഴിക്കരുത്. സ്വയം ചികിത്സ ഒഴിവാക്കുക.

പഴയ പ്രിസ്‌ക്രിപ്ഷന്‍ ഉപയോഗിച്ച് തുടര്‍ച്ചയായി മരുന്നു വാങ്ങിക്കഴിക്കരുത്.

മരുന്ന് ഭക്ഷണത്തിന് ശേഷം മാത്രം കഴിക്കുക.

മരുന്നുപയോഗിക്കുമ്പോള്‍ വയറുവേദന, ഛര്‍ദ്ദില്‍, മലം കറുത്തുപോവുക തുടങ്ങിയവ ഉണ്ടായാല്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുക.

വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ രക്തസമ്മര്‍ദം പരിശോധിക്കണം.

പ്രായമേറിയവര്‍, ഉദരരോഗങ്ങള്‍, വൃക്കത്തകരാറുകള്‍, കരള്‍ രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മരുന്ന് ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് കഴിക്കാവൂ.

ആസ്ത്മ രോഗികള്‍ക്ക് അസുഖം അധികരിക്കാനിടയുണ്ട്. പ്രത്യേകം ശ്രദ്ധ വേണം

കടപ്പാട്-channelkeralalzone.blogspot.in, മാതൃഭൂമി.ഇന്‍

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate