অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്ത്രീ ആരോഗ്യവിവരങ്ങള്‍

സ്ത്രീ ആരോഗ്യവിവരങ്ങള്‍

കുടിവെള്ളം അപകടത്തില്‍

യാസിര്‍ ഫയാസ്‌

നമ്മള്‍ കുടിക്കുന്ന വെള്ളത്തില്‍ ഗുരുതരമായ അളവില്‍ മാലിന്യമടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍. ഇക്കാര്യത്തില്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും?


വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളി കുടിക്കാനില്ലെത്ര'.. എന്ന് എസ്. ടി. കോളറിഡ്ജ് 'ദ റൈം ഒാഫ് ഏന്‍ഷ്യന്റ് മാരിനറി'ല്‍ പാടിയതുപോലെയാണ് കേരളത്തിന്റെ അവസ്ഥ. വേനല്‍ക്കാലമെത്തുന്നതോടെ ജലക്ഷാമത്തിന്റെ പിടിയിലാവുകയാണ് ഇവിടം. 44 നദികളും 30 ലക്ഷത്തിലേറെ കിണറുകളുമുണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍. ധാരാളം കുഴല്‍ കിണറുകളും കുളങ്ങളും ചാലുകളും വേറെയും. നദികളില്‍ നിന്ന് കിട്ടുന്ന വെള്ളത്തിന്റെ രണ്ടര ഇരട്ടി മഴയായും ലഭിക്കുന്നു. 10 കോടി ലിറ്റര്‍ ദൈനം ദിന ജല ഉപഭോഗമുള്ള കേരളം, വരും നാളുകളില്‍ കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാകുമെന്നാണ് നിഗമനം. ജലം പാഴാക്കലും മലിനീകരണവും ഇതുപോലെ തുടര്‍ന്നാല്‍. ഭാവിയില്‍ ഏറ്റവും ദുര്‍ലഭമായ അവശ്യവസ്തു വെള്ളമായിരിക്കും എന്ന കാര്യത്തില്‍ ഇന്നാര്‍ക്കും തര്‍ക്കമില്ല. 

മലിനജലം കുടിച്ച് ഒരോ വര്‍ഷവും മരണപ്പെടുന്നത് 18 ലക്ഷം പേരാണ്. ജലദൗര്‍ലഭ്യം മൂലം മരണപ്പെടുന്നവര്‍ കൂടിയാവുമ്പോള്‍ ഇത് 50 ലക്ഷം കവിയും. ഇന്ത്യയില്‍ ശിശുമരണത്തിനിടയാക്കുന്ന ഏറ്റവും വലിയ കാരണവും മലിന ജലം തന്നെ. ജൈവ, രാസമാലിന്യങ്ങളാണ് ഭൂഗര്‍ഭ, ഉപരിതല ജലസ്രോതസ്സുകളെയൊക്കെ മലിനമാക്കുന്നത്. വ്യാവസായിക, ഗാര്‍ഹിക, കാര്‍ഷിക മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നതും അമിത ജല ചൂഷണവുമാണ് ഇതിന് കാരണം. ഓരോമിനുട്ടിലും 11 ലക്ഷം ലിറ്റര്‍ മലിന ജലം ഗംഗാനദിയിലേക്ക് മാത്രം ഒഴുകിയെത്തുന്നുണ്ടെന്ന കണക്കുകള്‍ മലിനീകരണത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.


വെള്ളത്തില്‍ ഇ.കോളി


കേരളത്തിലെ അധിക ജലസ്രോതസ്സുകളുമിന്ന് മലിനമാണ്. സി. ഡബ്യു. ആര്‍. ഡി. എം. നടത്തിയ ഒരു പഠനത്തില്‍ കണ്ടത് കേരളത്തിലെ 80 ശതമാനത്തില്‍ കൂടുതല്‍ ജലസ്രോതസ്സുകളും ഇ. കോളി ബാക്ടീരിയയാല്‍ മലിനമാണെന്നാണ്. വെള്ളത്തിലെ മലത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ഇ. കോളി ബാക്ടീരിയയുടെ അളവ് കേരളത്തിലെ മിക്കപ്രദേശത്തും കൂടുതലാണെന്ന് ഭൂഗര്‍ഭ ജലവകുപ്പ് നടത്തിയ പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ലെഡ്, കാഡ്മിയം, ക്രോമിയം പോലുള്ള രാസമാലിന്യങ്ങള്‍ , ഫ്ലറൈഡ്, ഇരുമ്പ്, ഉപ്പിന്റെ അംശം തുടങ്ങിയവയും കേരളത്തിലെ പലയിടങ്ങളിലുമുള്ള ജലസ്രോതസ്സുകളില്‍ കാണപ്പെടുന്നുണ്ട്. കുടിവെള്ളത്തിലെ ഫ്ലറൈഡിന്റെ ഉയര്‍ന്ന സാന്നിധ്യം ഡെന്റല്‍ ഫ്ലറോസിസിനും സ്‌കെലിറ്റല്‍ ഫ്ലറോസിസിനും കാരണമാകും. കുട്ടികളിലിത് ഡെന്റല്‍ കാരീസുണ്ടാക്കും. 

കേരളത്തിലെ പല കിണറുകളിലെയും വെള്ളത്തില്‍ ഇരുമ്പിന്റെ സാന്നിധ്യവും വളരെക്കൂടുതലാണ്. 92 ശതമാനം കുടിവെള്ളത്തിലും അമഌതയും കൂടുതലാണ്. അമഌത കൂടിയ വെള്ളം പതിവായി കുടിക്കുന്നത് ഉദര പ്രശ്‌നങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും ഇടയാക്കും. 
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം നടത്തിയ പഠനത്തില്‍ കുടിവെള്ളത്തിന്റെ കാഠിന്യവും പൊട്ടാസ്യത്തിന്റെ സാന്നിധ്യവും മൂത്രത്തില്‍ ഓക്‌സലേറ്റ് കല്ലുകള്‍ ഉണ്ടാകാന്‍ കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. കേരളത്തിലെ ഒട്ടുമിക്ക തീരപ്രദേശങ്ങളിലെയും കുടിവെള്ളത്തില്‍ ഉപ്പിന്റെ അംശം കൂടുതലാണ് എന്നതാണ് മറ്റൊരു പ്രശ്‌നം.


മാലിന്യം കണ്ടെത്താം


കുടിവെള്ളത്തിലെ അധിക മാലിന്യങ്ങളും നഗ്ന നേത്രങ്ങള്‍ കൊണ്ട് കണ്ടെത്താനാവില്ല. എന്നാല്‍ ചില സവിശേഷതകള്‍ ശ്രദ്ധിച്ചാല്‍ മാലിന്യ സൂചനകള്‍ ലഭിക്കും. വെള്ളത്തിനുമേല്‍ എണ്ണയുടെ പാട പോലെ കാണുക, വെള്ളത്തിന് തവിട്ടുനിറം, വെള്ളത്തിനും പാചകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ക്കും ഇരുമ്പിന്റെ ഗന്ധം, വെള്ളം സ്ഥിരമായി വീഴുന്നിടത്ത് തവിട്ടു നിറം തുടങ്ങിയവ ഇരുമ്പിന്റെ അളവ് കൂടുതലാണെന്നതിന്റെ സൂചനയാണ്. 

കുട്ടികളുടെ പല്ലില്‍ വെളുത്തതോ തവിട്ടു നിറത്തിലുള്ളതോ ആയ പാടുകള്‍ കണ്ടാല്‍ വെള്ളത്തില്‍ ഫ്ലറൈഡ് സാന്നിധ്യം സംശയിക്കണം. വെള്ളത്തില്‍ സോപ്പുകളും ഡിറ്റര്‍ജന്റുകളും പതയാത്തത് വെള്ളത്തിന് കാഠിന്യം കൂടുതലാണ് എന്നതിന്റെ സൂചനയാണ്. അതു പോലെ ഉപ്പിന്റെ സാന്നിധ്യവും കലക്കവും എളുപ്പത്തില്‍ കണ്ടെത്താനാവും. വെള്ളത്തിന് രുചി വ്യത്യാസം അനുഭവപ്പെട്ടാലും മാലിന്യം ഉണ്ടോ എന്ന് പരിശോധിക്കണം. വെള്ളത്തിന് പുളിപ്പ് രുചി കാണുന്നത് അമഌത കൂടുതലാണെന്നതിന്റെ സൂചനയാണ്.


കുപ്പി വെള്ളത്തിലും കീടനാശിനികള്‍


കുപ്പിയില്‍ കിട്ടുന്ന പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ സുരക്ഷിതമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ അവയില്‍ പലതിലും മാരകമായ കീടനാശിനികള്‍ അടങ്ങിയിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയേണ്‍മെന്റ് 2003 ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലും മുംബെയിലും വില്‍ക്കുന്ന 30 പ്രമുഖ ബ്രാന്‍ഡ് കുപ്പിവെള്ളമാണ് സി എസ്. ഇ ലാബില്‍ അന്ന് പഠന വിധേയമാക്കിയത്. ഇന്‍ഡ്യന്‍ റെയില്‍വേയില്‍ വില്‍ക്കുന്ന ബ്രാന്റുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. 

പരിശോധിച്ചവയില്‍ പലതിലും ഓര്‍ഗാനോക്‌ളോറിന്‍, ഓര്‍ഗാനോ ഫോസ്ഫറസ് വിഭാഗത്തില്‍പെട്ട അഞ്ചിലധികം മാരക കീടനാശിനികള്‍ കണ്ടെത്തുകയുണ്ടായി. ഇന്‍ഡേന്‍, ഡിഡിറ്റി, മലാത്തിയോണ്‍, ക്‌ളോര്‍പിറിഫോസ് തുടങ്ങിയ ഈ മാരക കീടനാശിനികളില്‍ പലതും കരള്‍, വൃക്ക, പ്രതിരോധ വ്യവസ്ഥ, നാഡിവ്യവസ്ഥ തുടങ്ങിയവയ്ക്ക് തകരാറുകള്‍, കാന്‍സര്‍, ജനന വൈകല്യങ്ങള്‍ എന്നിവയ്ക്കിടയാക്കുന്നവയാണ്. യൂറോപ്യന്‍ എക്കണോമിക് കമ്മീഷന്റെ അനുവദനീയമായ പരിധിയുടെ 36 ഇരട്ടിയോളമായിരുന്നു ഇവയില്‍ പലതിന്റെയും സാന്നിധ്യം കുപ്പിവെള്ളത്തില്‍.


കുടിവെള്ളം ശുദ്ധമാക്കാം


വെള്ളം ഏതായാലും ശുദ്ധീകരിച്ചേ ഉപയോഗിക്കാവൂ. അത് കിണറ്റിലെ വെള്ളമായാലും പൈപ്പ് വെള്ളമായാലും. കുടിവെള്ളം ശുദ്ധീകരിക്കാന്‍ ധാരാളം വഴികളുണ്ട്. പഴയ തുണിയരിപ്പ മുതല്‍ ആധുനിക വാട്ടര്‍ പ്യൂരിഫയറുകള്‍ വരെ പലതരം. 

അണുവിമുക്തമാക്കാന്‍ ബഌച്ചിങ്:

കുടിവെള്ളം ശുദ്ധീകരിക്കാനുള്ള ലളിതമായ മാര്‍ഗമാണ് ബഌച്ചിങ്. കിണറുകളിലെയും കുളങ്ങളിലെയും മറ്റും വെള്ളം അണുവിമുക്തമാക്കാന്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന രീതിയും ഇതുതന്നെ.വളരെ ചെലവുകുറവാണ് എന്നതാണ് ബഌച്ചിങ്ങിന്റെ മെച്ചം. സോഡിയം ഹൈപ്പോക്‌ളോറൈറ്റാണ് ബഌച്ചിങ് പൗഡറില്‍ അടങ്ങിയിരിക്കുന്നത്. കാലപ്പഴക്കം ചെന്ന ബഌച്ചിങ് പൗഡര്‍ ഉപയോഗിച്ചാല്‍ ഉദ്ദേശിച്ച പ്രയോജനം ലഭിക്കില്ല. 

മെഡിക്കല്‍ ഷോപ്പുകളില്‍ നല്ല ബഌച്ഛിങ് പൗഡര്‍ വാങ്ങാന്‍ കിട്ടും. 1000 ലിറ്ററിന് മൂന്ന് ഗ്രാം എന്ന കണക്കില്‍ ബഌച്ചിങ് പൗഡര്‍ ഒരു ബക്കറ്റിലെടുത്ത് വെള്ളത്തില്‍ കലക്കിവെക്കുക. ഒരു മണിക്കൂര്‍ ശേഷം അതിലെ തെളിഞ്ഞ വെള്ളം ഊറ്റിയെടുക്കുക. ഇതാണ് അണുവിമുക്തമാക്കാന്‍ ഉപയോഗിക്കേണ്ടത്. ഈ ക്‌ളോറിന്‍ ലായനി വൈകുന്നേരം കിണറ്റില്‍ ഒഴിച്ച് ബക്കറ്റ് കൊണ്ട് കിണറ്റിലെ വെള്ളവുമായി നന്നായി മിക്‌സ് ചെയ്യണം. പിന്നെ പിറ്റേന്നേ കിണറ്റില്‍ നിന്ന് വെള്ളം കോരാവൂ. ക്‌ളോറിന്‍ കിണറ്റിലെ വെള്ളത്തില്‍ പ്രവര്‍ത്തിച്ച് അണുവിമുക്തമാക്കാനുള്ള സമയം ലഭിക്കാനാണിത്. 

അമഌത കുറയ്ക്കാന്‍ കുമ്മായം:

കുടിവെള്ളത്തിന്റെ അമഌത കുറയ്ക്കാന്‍ കുമ്മായം(ലൈം) ഉപയോഗിക്കാം. 1000-2000 ലിറ്റര്‍ വെള്ളത്തിന് 100 ഗ്രാം എന്ന തോതില്‍ കുമ്മായമെടുത്ത് വെളളത്തില്‍ കലക്കിയോ നേരിട്ടോ കിണറ്റിലോ കുളത്തിലോ ചേര്‍ക്കാം. ബഌച്ചിങ് പോലെ തന്നെ വൈകിട്ട് കുമ്മായം ചേര്‍ക്കുന്നതാണ് നല്ലത്. കുമ്മായം ചേര്‍ത്ത ശേഷം ബക്കറ്റോ മറ്റെന്തെങ്കിലും വസ്തുക്കളോ ഉപയോഗിച്ച് വെള്ളം നന്നായി മിക്‌സ് ചെയ്യണം. അടുത്ത ദിവസം മുതല്‍ വെള്ളം ഉപയോഗിച്ച് തുടങ്ങാം. 

ഏറ്റവും സുരക്ഷിതം തിളപ്പിക്കല്‍:

കുടിവെള്ളം ശുദ്ധീകരിക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗം തിളപ്പിക്കല്‍ തന്നെ. വെളളം തിളച്ച് തുടങ്ങിയ ശേഷം 5-10 മിനുട്ടു കൂടി തിളക്കാനനുവദിക്കണം. ഹെപ്പറ്റൈറ്റിസ് എ അടക്കമുള്ള വൈറസുകള്‍ നശിക്കുവാന്‍ ഇതാവശ്യമാണ്. വെള്ളത്തിലെ മററ് ജൈവാവശിഷ്ടങ്ങളും തിളപ്പിക്കുന്നതിലൂടെ നശിക്കും. തിളച്ച വെള്ളം തണുത്ത ശേഷം ഉപയോഗിക്കാം. 

കലക്കം മാറ്റാന്‍ ആലം:

മഴക്കാലത്താണ് സാധാരണ വെള്ളം കലങ്ങിക്കാണപ്പെടുക. വലിയ കലക്കം മാറ്റാന്‍ പണ്ടുള്ളവര്‍ ചെയ്തിരുന്നത് മുരിങ്ങക്കയുടെ വിത്ത് അരച്ച് കിണറ്റിലും മറ്റും ചേര്‍ക്കുകയായിരുന്നു. കൂടുതല്‍ നേരം വെള്ളം പാത്രത്തിലോ മറ്റോ ശേഖരിച്ച് വെച്ചും കലക്കം മാറ്റാനാവും. വെള്ളത്തില്‍ ആലം അഥവാ അലുമിനിയം സള്‍ഫേറ്റ് ചേര്‍ത്താലും കിണറ്റിലെയും വലിയ ടാങ്കുകളിലെയും മറ്റും മാലിന്യങ്ങളടിഞ്ഞ് വെള്ളം തെളിഞ്ഞ് കിട്ടും. 

ഡീഫ്ലറിഡേഷന്‍:

വെള്ളത്തിലെ ഫ്ലറൈഡിന്റെ അളവ് കുറക്കാനുള്ള മാര്‍ഗമാണ് ഡീഫ്ലറിഡേഷന്‍. ഇതിന് സഹായകരമായ ഡീ ഫ്ലറിഡേഷന്‍ കിറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

വാട്ടര്‍ പ്യൂരിഫയറുകള്‍:

പലതരം സാങ്കേതികതവിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാട്ടര്‍ പ്യൂരിഫയറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അള്‍ട്രാവയലറ്റ് പ്യൂരിഫിക്കേഷന്‍, ഓസോണേഷന്‍, റിവേഴ്‌സ് ഓസ്‌മോസിസ്, ആക്ടിവേറ്റഡ് കാര്‍ബണ്‍ ഫില്‍റ്ററിങ്, ഡിസ്റ്റിലേഷന്‍, അയണ്‍ എക്‌സ്‌ചേഞ്ച്, ഇലക്ട്രോഡ് അയണൈസേഷന്‍ എന്നിവയാണ് വാട്ടര്‍ പ്യൂരിഫയറുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍. ഇത്തരം ഒന്നിലധികം സാങ്കേതിക വിദ്യകള്‍ ഉള്ളവയാണ് ചിലത്. ഇവയില്‍ ജൈവമാലിന്യങ്ങള്‍ മാത്രം നീക്കുന്നവയും രാസ വസ്തുക്കളും ജൈവവസ്തുക്കളും നീക്കുന്നവയുമുണ്ട്. വിലയിലും അതിനനുസരിച്ച് വ്യത്യാസമുണ്ടാകും. ഒരോ പ്രദേശത്തെയും ജലത്തിലെ മാലിന്യമനുസരിച്ച് അത് നീക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുള്ള പ്യൂരിഫയറാണ് വാങ്ങേണ്ടത്.


എത്ര വെള്ളം കുടിക്കണം


നമ്മള്‍ കഴിക്കുന്ന ഭക്ഷണ, പാനീയങ്ങളിലൂടെയാണ് ശരീരത്തിനാവശ്യമായ ജലത്തിന്റെ വലിയ പങ്കും ലഭിക്കുന്നത്. ബാക്കിയുള്ളത് ചയാപചയ പ്രവര്‍ത്തനങ്ങളില്‍ നിന്നും. ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കണമെങ്കില്‍ മുതിര്‍ന്ന ഒരു വ്യക്തി ശരീരഭാരത്തിലെ ഓരോ 25 കി. ഗ്രാമിനും ഒരു ലിറ്റര്‍ വെള്ളം വീതം ദിവസവും കുടിക്കണം. കുട്ടികള്‍ ശരീരഭാരത്തിലെ ഒരു കിലോയ്ക്ക് 75 മി. ലിറ്റര്‍ വീതവും. ഇത് പല തവണയായി കുറേശ്ശേ കുടിക്കുകയാണ് വേണ്ടത് (ഏകദേശം 150 മി. ലിറ്റര്‍ വീതം). അതേസമയം പെട്ടെന്ന് വളരെയധികം വെള്ളം ഒരുമിച്ച് കുടിക്കുകയുമരുത്. അത് വൃക്കകളെയും ആമാശയത്തെയും ദുര്‍ബലപ്പെടുത്തുമെന്ന് (ഹൈപര്‍ ഹൈഡ്രേഷന്‍)അഷ്ടാംഗഹൃദയത്തില്‍ പറയുന്നുണ്ട്. വെള്ളം കുടിച്ചാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനം ശരിയായി നടക്കുമെന്ന് മാത്രമല്ല, ഹൃദയത്തിന് ഉത്തേജനം, രക്ത ചംക്രമണത്തിന് വേഗത, മാംസം, അസ്ഥി തുടങ്ങിയവയുടെ നിര്‍മാണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയും മെച്ചപ്പെടും.


വെള്ളം മരുന്നുമാണ്

വേദനകള്‍, ക്ഷീണം, സന്ധിവാതം, അസിഡിറ്റി പോലുളള രോഗങ്ങള്‍ക്ക് വെള്ളം ഔഷധമാണ്. ഇളം ചൂട് വെള്ളം തേനും ചേര്‍ത്ത് കഴിക്കുന്നത് ആസ്ത്മ, അലര്‍ജി രോഗങ്ങള്‍ക്ക് ശമനമേകും. ചയാപയ മാനില്യങ്ങള്‍ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ഉത്കണ്ഠ, നെഞ്ചെരിപ്പ്, പേശിവേദന തുടങ്ങിയ അസ്വസ്ഥകള്‍ വെള്ളം കുടിച്ചാല്‍ മാറും. അകാല വാര്‍ധക്യം തടയാനും അമിത വണ്ണം കുറയ്ക്കാനും വെള്ളത്തിന് ശേഷിയുണ്ട്. പേശികളുടെ ദൃഢത കുറയാനും കൊഴുപ്പ് കൂടാനും വെള്ളം കുടിക്കാതിരിക്കുന്നത് ഇടയാക്കും. മലിനമായ വെള്ളം കുടിക്കുന്നത് കോളറ, മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയിഡ് തുടങ്ങിയ അസുഖങ്ങള്‍ക്കും കാരണമാകും. ഓരോ എട്ട് സെക്കന്റിലും ഇത്തരം ജല ജന്യ രോഗങ്ങള്‍ മൂലം ഒരാള്‍ വീതം മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


വാട്ടര്‍ തെറാപ്പി


വെള്ളം പലവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നതുപോലെ പല വിധ അസുഖങ്ങള്‍ക്കും ഔഷധവുമാണ്. ജപ്പാനിലും ചൈനയിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും പ്രചാരമുള്ള ഒരു പ്രകൃതി ചികില്‍സാ രീതിയാണ് വാട്ടര്‍ തെറാപ്പി. തലവേദന, ശരീര വേദന, ആസ്ത്മ, മലബന്ധം, പൊണ്ണത്തടി, ഉദര പ്രശ്‌നങ്ങള്‍, മൂത്രത്തകരാറുകള്‍, ടെന്‍ഷന്‍ തുടങ്ങിയ പലവിധ അസുഖങ്ങള്‍ക്കും ഇത് ഫലപ്രദമാണെന്ന് ജപ്പാനില്‍ നടത്തിയ ശാസ്ത്രീയ പഠനങ്ങളില്‍ കണ്ടിട്ടുണ്ട്. വളരെ ലളിതമാണ് വാട്ടര്‍ തെറാപ്പി. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റയുടന്‍ പല്ല് തേക്കുന്നതിന് മുമ്പേ തന്നെ 4-6 ഗഌസ് ശുദ്ധ ജലം കുടിക്കുക മാത്രമാണ് ചെയ്യേണ്ടത്. തുടര്‍ന്ന് പല്ലും വായയുമൊക്കെ വൃത്തിയാക്കാമെങ്കിലും 45 മിനുട്ട് നേരത്തേക്ക് ഒന്നും കുടിക്കുകയോ കഴിക്കുകയോ ചെയ്യരുത്. ആദ്യമായി ചെയ്യുന്നവര്‍ ഒന്നേ രണ്ടോ ഗഌസ് വെള്ളം കുടിച്ച് തുടങ്ങുക. പിന്നെ ദിവസം ചെല്ലുന്തോറും വെള്ളത്തിന്റെ അളവ് കൂട്ടി 4-6 ഗഌസ് വരെ എത്തിക്കണം. വാട്ടര്‍ തെറാപ്പി രോഗങ്ങളകറ്റുന്നതിനൊപ്പം രക്ത ചംക്രമണവും ഹൃദയ പ്രര്‍ത്തനവുമൊക്കെ സുഗമമാക്കി പൊതുവായ ആരോഗ്യവും മെച്ചപ്പെടുത്തും.


വെള്ളം സംരക്ഷിക്കാം


മേല്‍ക്കൂരയില്‍ വീഴുന്ന മഴ വെള്ളം ശേഖരിച്ച് പാത്തിവഴി മണലും കരിയും നിറച്ച കുഴിയിലൂടെ കിണറ്റിലെത്തിച്ച് സംഭരിക്കാനുള്ള സംവിധാനമൊരുക്കാം

വെള്ളം പിടിച്ചു നിര്‍ത്താന്‍ കഴിയുന്ന ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കുക

മുറ്റം മുഴുവന്‍ ടൈല്‍ ചെയ്യുന്നത് ഒഴിവാക്കിയാല്‍ മഴവെള്ളം ഒഴുകിപ്പോകുന്നത് തടയാം

തൊടിയിലും മറ്റും വെള്ളം ഭൂമിയിലേക്കിറങ്ങാനും ശേഖരിക്കാനും മഴക്കുഴികളുണ്ടാക്കാം

ഫെറോസിമന്റ് ടാങ്കുകള്‍ സ്ഥാപിച്ചും മഴവെള്ളം സംഭരിക്കാം

വീട്ടിലെ കുളങ്ങളും കിണറുമൊക്കെ വൃത്തിയാക്കി ഉപയോഗ യോഗ്യമാക്കുക

കുട്ടികള്‍ക്ക് ജല സംരക്ഷണ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുക


ജലം പാഴാകുന്നത് തടയാം


പൈപ്പുകളിലെ ചോര്‍ച്ച യഥാസമയം പരിഹരിച്ച് വെള്ളം പാഴാകുന്നത് തടയാം.

അനാവശ്യമായി ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുന്നത് ഒഴിവാക്കണം. കുറഞ്ഞവെള്ളം മാത്രം ഉപയോഗിക്കുന്ന മികച്ച ഫ്ലഷുകള്‍ തിരഞ്ഞെടുക്കുക

പല്ല് തേക്കുമ്പോഴും അലക്കുമ്പോഴും ഒക്കെ ടാപ്പ് തുറന്നിടാതിരിക്കുക

വാട്ടര്‍ ടാങ്ക് നിറയുന്നതറിയാന്‍ ഓവര്‍ ഫ്‌ളോ വാല്‍വ് സ്ഥാപിക്കുക. 

ഐസ് ട്രേയില്‍ നിന്ന് ഐസ് വിടുവിക്കാന്‍ പൈപ്പ് തുറന്നിടാതിരിക്കുക

വസ്ത്രങ്ങള്‍ അലക്കാന്‍ ആവശ്യത്തിന് മാത്രം ഡിറ്റര്‍ജന്റ് ഉപയോഗിക്കുക

കുളിക്കാന്‍ ഷവറും വലിയ ബാത്ത് ടബ്ബും ഉപയോഗിക്കാതിരിക്കുക

പുറത്ത് പോകുമ്പോള്‍ പൈപ്പിന്റെ മെയിന്‍ വാല്‍വും അടയ്ക്കുക

വാട്ടര്‍ മീറ്റര്‍ നോക്കല്‍ പതിവാക്കുക

ജല വിതരണം സംവിധാനങ്ങള്‍ കൃത്യമായി കേടുപാടുകള്‍ തീര്‍ക്കുക

മുറ്റത്ത് വിശാലമായ പുല്‍ത്തകിടിക്ക് പകരം ചെറിയ പുല്‍ത്തകിടി പിടിപ്പിക്കുക

വസ്ത്രം കഴുകിയ വെള്ളം തോട്ടം നനക്കാനും തറ കഴുകാനും ഉപയോഗിക്കാം

നനയ്ക്കാന്‍ സ്​പ്രിങ്കഌ ഉപയോഗിക്കുക.


വിവരങ്ങള്‍ക്ക് കടപ്പാട്: 

ഡോ.മാധവന്‍ കോമത്ത് സയന്റിസ്റ്റ്, സി. ഡബഌു. ആര്‍. ഡി. എം, കുന്ദമംഗലം, കോഴിക്കോട്

ഡോ.കെ.മാലതി

ഡോ. ആര്‍. സ്വാതികുമാര്‍ തിരുവനന്തപുരം.

സൗന്ദര്യത്തിന് ആയുര്‍വേദം

നിങ്ങളെ കൂടുതല്‍ സുന്ദരികളാക്കാന്‍ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന വഴികള്‍...


നിത്യവുമുള്ള എണ്ണതേപ്പ് തൊലിയില്‍ ചുളിവുകള്‍ ഉണ്ടാവാതിരിക്കാന്‍ സഹായിക്കും. എണ്ണ തേച്ചുള്ള വ്യായാമം ചര്‍മത്തിന് മാര്‍ദവവും തിളക്കവും രോമകൂപങ്ങള്‍ക്ക് വികാസവും ഉണ്ടാക്കും. ശരിയായ ആഹാരം, ഉറക്കം, വ്യായാമം, ശുചിത്വം ഇവയും ചര്‍മസൗന്ദര്യത്തിന് അത്യാവശ്യമാണ്.

ഏലാദി തൈലം, ബലാശ്വഗന്ധാദിതൈലം, ധാന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ്, സഹചരാദി തൈലം (വലുത്) മുതലായവ ശരീരത്തില്‍ തേക്കാന്‍ ഉപയോഗിക്കാം. നീലിഭൃംഗാദി തൈലം, നീലിഭൃംഗാദി കേരതൈലം, ചെമ്പരത്യാദി കേരം, പാമാന്തകതൈലം, കയ്യന്യാദി തൈലം, കയ്യന്യാദി കേരതൈലം, കുന്തളകാന്തി മുതലായ എണ്ണകള്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. കുളിക്കുമ്പോള്‍ ദേഹം കഴുകുന്നതിന് ചൂടുവെള്ളമാണ് നല്ലത്. ഇത് ത്വക്കിലേക്കുള്ള രക്തസഞ്ചാരം കൂട്ടും. തലകഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് നല്ലതല്ല. കണ്ണുകള്‍ക്കും തലമുടിക്കും ദോഷമുണ്ടാകാം. കുളിക്കുമ്പോള്‍ മെഴുക്കിളക്കാന്‍ ചെറുപയറ് പൊടി, നെല്ലിക്കാപ്പൊടി മുതലായവ ഉപയോഗിക്കാം. തലയില്‍ സോപ്പ്, ഷാംപൂ ഇവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

സൗന്ദര്യസംരക്ഷണത്തില്‍ മുഖസൗന്ദര്യത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. മഞ്ഞള്‍ മുഖസൗന്ദര്യം കൂട്ടുന്നതിനുള്ള ഒരൗഷധമാണ്. പച്ചമഞ്ഞള്‍ നേര്‍മയായി അരച്ച് മുഖത്ത് ലേപനം ചെയ്യുന്നത് മുഖകാന്തി കൂട്ടുന്നതിനും മുഖക്കുരു കുറയ്ക്കുന്നതിനും നല്ലതാണ്. അമൃത്, കറുക, മഞ്ഞള്‍, എള്ള്, കടുക്കത്തോട് ഇവ സമം പാലില്‍ വേവിച്ച് വറ്റിച്ചരച്ച് മുഖത്ത് ലേപനം ചെയ്താലും മുഖക്കുരു ഇല്ലാതാവും. മുഖത്തിന്റെ നിറവും കാന്തിയും വര്‍ധിക്കും. മഞ്ഞള്‍ അരച്ച് അല്പം ഉപ്പും ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മുഖത്തെ അനാവശ്യരോമങ്ങള്‍ ഇല്ലാതാവും. ഇത് കുറേനാള്‍ തുടര്‍ച്ചയായി ഉപയോഗിക്കണം. ഏലാദിചൂര്‍ണം, നിംബാഹരിദ്രാദി ചൂര്‍ണം ഇവ പാലില്‍ ചേര്‍ത്ത് ലേപനം ചെയ്യുന്നത് മുഖത്തിന്റെ നിറം കൂട്ടും. നാല്പാമരാദിതൈലം, കുങ്കുമാദി തൈലം ഇവയും മുഖത്തിന്റെ കാന്തികൂട്ടാന്‍ ഉപയോഗിക്കാവുന്നതാണ്. നീര്‍മാതളത്തൊലി പാലിലരച്ച് മുഖത്ത് ലേപനം ചെയ്യുന്നത് കരിമുഖം ഇല്ലാതാക്കും. കുങ്കുമാദി തൈലം മുഖകാന്തി വര്‍ധിപ്പിക്കുന്ന മറ്റൊരു ഔഷധമാണ്.

വായ്‌നാറ്റവും ഒരു സൗന്ദര്യപ്രശ്‌നമാണ്. ദഹനപരമായ തകരാറുകള്‍ കൊണ്ടും വായില്‍ കൂടി ശ്വസിക്കുന്നതുകൊണ്ടും വായ്‌നാറ്റമുണ്ടാവും. ദന്തസംരക്ഷണത്തിനായി ദശനകാന്തി, ഹഠാദി മുതലായ ചൂര്‍ണങ്ങള്‍ പല്ലുതേക്കുന്നതിനും വലിയ അരിമേദസ്‌തൈലം കവിള്‍കൊള്ളുന്നതിനും (വായില്‍ നിറച്ച് പിടിച്ച് തുപ്പുക) പല്ലുകളിലും മോണകളിലും തേക്കുന്നതിനും ഉപയോഗിക്കാം.
കണ്‍പുരികങ്ങളില്‍ ആവണക്കെണ്ണ പുരട്ടുന്നത് പുരികങ്ങളുടെ ഭംഗി വര്‍ധിപ്പിക്കും. കൂടുതല്‍ ഉറക്കമൊഴിക്കുക, തുടര്‍ച്ചയായി വായിക്കുക, തുന്നുക, കംപ്യൂട്ടര്‍ ഉപയോഗിക്കുക മുതലായവ കണ്ണുകള്‍ക്ക് താഴെ കറുത്ത പാടുകള്‍ ഉണ്ടാകുന്നതിന് കാരണമാകും. നേത്രാമൃതം, ഇളനീര്‍കുഴമ്പ്, കര്‍പ്പൂരാദി കുഴമ്പ്, കാചയാപനം, നയനാമൃതം മുതലായ മരുന്നുകള്‍ നേത്രഭംഗി കൂട്ടുന്നതിനും കാഴ്ച വര്‍ധിപ്പിക്കുന്നതിനും നല്ലതാണ്.

പ്രസവാനന്തരം ശരീരം പൂര്‍വസ്ഥിതിയിലെത്താന്‍ പ്രത്യേക പരിചരണം വേണം - ഗര്‍ഭരക്ഷാകഷായം, മഹാധാന്വന്തരം, സാസിമാദിഘൃതം, ഫലസര്‍പ്പിസ്, ക്ഷീരബല, ധാന്വന്തരംകുഴമ്പ്, കര്‍പ്പൂരാദിതൈലം മുതലായ മരുന്നുകള്‍ ഗര്‍ഭകാലത്തും ധാന്വന്തരം കഷായം, മഹാധാന്വന്തരം ഗുളിക, പുളിലേഹം, ദശമൂലാരിഷ്ടം, ജീരകാദ്യാരിഷ്ടം, അജാശ്വഗന്ധാദിലേഹം, വിദാര്യാദിലേഹം, ധാന്വന്തരം കുഴമ്പ് മുതലായ മരുന്നുകള്‍ പ്രസവശേഷവും വിദഗ്‌ധോപദേശത്തോടെ ഉപയോഗിക്കാം. പ്രസവശേഷം അടിവയറ്റില്‍ തുണി മടക്കിക്കെട്ടി മലര്‍ന്നു കിടക്കണം. ചെറിയ ഉള്ളി, ജീരകം, ഇഞ്ചി, നെയ്യ് ഇവ ഉള്‍പ്പെടുത്തി ദഹനക്കേടു വരാത്തവിധത്തില്‍ ആഹാരം ശീലിക്കണം. മുലപ്പാലു കുറവുണ്ടെങ്കില്‍ സ്തന്യജനനരസായനം കുടിക്കാം. ആഹാരത്തില്‍ മുരിങ്ങയില, പാല്‍, ഉള്ളി ഇവ ഉള്‍പ്പെടുത്താം. പ്രസവശേഷം മാംസം, മത്സ്യം, നെയ്യ്, എണ്ണ ഇവ കുറച്ച് ആഹാരത്തില്‍ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉള്‍പ്പെടുത്തണം.


ഡോ.പി.നിര്‍മലാദേവി (കോട്ടക്കല്‍ ആര്യവൈദ്യശാല)

വേനലില്‍ ചര്‍മം കാക്കാന്‍
ചന്ദ്ര ഒലിയില്‍

വേനല്‍ക്കാലം സുന്ദരികള്‍ക്ക് പെടാപ്പാടുതന്നെയാണ്. കത്തുന്ന സൂര്യന്‍ എല്ലാ മൊഞ്ചിനും മേല്‍ കറുത്ത മൂടപടമിടുന്നു. കരിവാളിപ്പിനെ പേടിച്ച് പുറത്തിറങ്ങാതിരിക്കാന്‍ പറ്റില്ല. സൂര്യനോട് മല്ലിടുന്ന കാര്യമാലോചിച്ച് തല പുണ്ണാക്കേണ്ട. അതിനുള്ള മരുന്നെല്ലാം നമ്മുടെ ചുറ്റിലുമുണ്ട്. വേനലില്‍ സമൃദ്ധമായ പഴവര്‍ഗങ്ങളിലൂടെത്തന്നെ പ്രകൃതി മറുമരുന്നും നീട്ടുന്നു. ഇനിയൊട്ടും മടിക്കാതെ ഇതൊക്കെയൊന്നു പ്രയോഗിച്ച് മുഖം വാടാതെ തിളങ്ങിക്കോളൂ.

സൂര്യപ്രകാശമേറ്റുണ്ടാവുന്ന കരിവാളിപ്പിനു തക്കാളിനീര് ബെസ്റ്റാണ്. വെയിലു കൊണ്ടുവന്ന ഉടനെ ഇതങ്ങ് പ്രയോഗിക്കണം. കറുത്തപാടുള്ള ഭാഗത്ത് ഉരുളക്കിഴങ്ങ് അരച്ച് ഒരു സ്​പൂണ്‍ തൈരില്‍ ചേര്‍ത്ത് പുരട്ടാം.

വേനലില്‍ മേക്കപ്പ് മിതമെന്നാണെങ്കിലും പൂര്‍ണമായി ഒഴിവാക്കാനാവത്ത അവസരങ്ങളുമുണ്ടാവും. ഒലിച്ചിറങ്ങി കരിംഭൂതമാവാതിരിക്കാന്‍ വാട്ടര്‍പ്രൂഫ് സാധനങ്ങള്‍തന്നെ ചോദിച്ചുവാങ്ങാന്‍ മറക്കരുത്. എണ്ണമയ ചര്‍മക്കാര്‍ക്ക് പാല്‍ക്കേക്ക് ടൈപ്പ് വാട്ടര്‍പ്രൂഫ് ഇനങ്ങളാണ് ഉപയോഗിക്കേണ്ടത്. വരണ്ട, സാധാരണ ചര്‍മക്കാര്‍ക്കെല്ലാം പാല്‍സ്റ്റിക് ടൈപ്പാണ് അഭികാമ്യം.

വിയര്‍പ്പും അഴുക്കും ഒരുമിച്ചാല്‍ സൂചികുത്താന്‍ ഇടമില്ലാത്തവിധം മുഖക്കുരു കയറി ആക്രമിക്കും. എപ്പോഴും മുഖം വൃത്തിയാക്കിവെക്കാന്‍ ശ്രദ്ധിക്കണം. ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ ഇടയ്ക്കിടെ കഴുകി തുടയ്ക്കുക.തുളസിയില, പുതിനയില എന്നിവയരച്ച് ചെറുനാരങ്ങാനീരില്‍ ചേര്‍ത്ത് പുരട്ടിയാല്‍ മുഖക്കുരു മാറും. പേരയ്ക്കയില, മഞ്ഞള്‍ എന്നിവ അരച്ചിടുന്നതും മുഖക്കരുവിനു ഫലപ്രദമാണ്. വീട്ടിലുള്ള ഏതു പഴവും അസല്‍ ഫേഷ്യലാക്കി മാറ്റാം. പപ്പായ, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ ഒന്നിച്ചോ വെവ്വേറെയോ അരച്ച് പാക്കാക്കി പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാല്‍ ബ്ലീച്ചിങ് എഫക്ടുമായി, ചര്‍മം മൃദുലവുമാകും.

30 വയസ്സിനു താഴെയുള്ളവര്‍ മാസത്തിലൊരിക്കല്‍ ഫേഷ്യല്‍ ചെയ്താല്‍മതി. അതിനു മുകളിലുള്ളവര്‍ക്ക് മാസത്തില്‍ രണ്ടുതവണയാവാം. ഒരിക്കല്‍ ബ്യൂട്ടിപാര്‍ലറില്‍നിന്നാണെങ്കില്‍ അടുത്തത് വീട്ടില്‍ത്തന്നെ പഴപ്രയോഗം മതി.

സൂര്യപ്രകാശം നേരിട്ട് ഏല്ക്കാതിരിക്കാന്‍ സണ്‍പ്രൊട്ടക്ടിവുകള്‍ ഉപയോഗിക്കാം. കൂടുതല്‍ സമയം വെയില്‍കൊള്ളുന്നവര്‍ക്ക് എസ്.ടി.എഫ്. 30-ഉം കുറച്ചു സമയമാണെങ്കില്‍ 15-ഉം മതി. എണ്ണമയമുള്ളവര്‍ ക്രീമിനു പകരം ജെല്‍ രൂപത്തിലുള്ളത് തിരഞ്ഞെടുക്കണം. ക്രീം മുഖക്കുരു ഉണ്ടാക്കിയേക്കും.


വിവരണങ്ങള്‍ക്ക് കടപ്പാട്: ദീപാഹരി, ഫെതര്‍ടച്ച്, പൊറ്റമ്മല്‍

 

പൊള്ളുന്ന ചൂടില്‍ അല്‌പം ആശ്വാസം

യാസിര്‍ ഫയാസ്‌

കടുത്ത ചൂടിന്റെ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ആയുര്‍വേദ നിര്‍ദേശങ്ങള്‍...



വേനല്‍ വെയില്‍ തിളക്കുകയാണ്. ഭൂമി സൂര്യനോട് കൂടുതലടുക്കുന്ന വേനലില്‍ ചൂടുകൂടുക സ്വഭാവികം. അതില്‍ നിന്ന് രക്ഷപ്പെടാനാകില്ല. ജീവിതശൈലി പരിഷ്‌കരിച്ച് കടുത്ത ചൂടിന്റെ അസ്വസ്ഥതകള്‍ ഒഴിവാക്കുകയേ വഴിയുള്ളൂ. അതിന് വേണ്ട ചില ആരോഗ്യ നിര്‍ദേശങ്ങളാണ് ചുവടെ.


കറുപ്പ് വസ്ത്രം വേണ്ട

ചൂടിനെ പ്രതിരോധിക്കാനും കുറയ്ക്കാനും വസ്ത്രധാരണത്തിലുള്ള ശ്രദ്ധ അത്യാവശ്യമാണ്. ശരീരത്തില്‍ പരമാവധി വെയിലേല്‍ക്കാതെ നോക്കണം. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കണം. താപം ആഗിരണം ചെയ്യുന്ന കറുപ്പ്, ചുവപ്പ് നിറങ്ങളിലുള്ളതും നൈലോണ്‍, ടെറികോട്ടണ്‍, സില്‍ക്ക് നിര്‍മ്മിതവുമായ വസ്ത്രങ്ങള്‍ ഒഴിവാക്കുക. ഇളം നിറത്തിലുള്ള ഖാദി, കോട്ടണ്‍ വസ്ത്രങ്ങളാണ് ഏറ്റവും നല്ലത്. അവ ചൂടിനെ തടയും, വിയര്‍പ്പ് ആഗിരണം ചെയ്യും. 

ലഘുവ്യായാമം മാത്രം
ഊര്‍ജ നഷ്ടം കൂടുന്ന വേനലില്‍ ശാരീരിക ആയാസം കുറക്കേണ്ടതുണ്ട്. അതുകൊണ്ട് വേനലില്‍ വ്യായാമം ലഘുവാക്കണം. നടത്തമാണ് ഉചിതം. അതും രാവിലെയോ വൈകുന്നേരമോ മാത്രം. ലൈംഗിക ബന്ധവും ആഴ്ചയില്‍ ഒന്നാക്കി ചുരുക്കുക. ഉച്ചയൂണിന് ശേഷമുള്ള ചെറുമയക്കം വേനലില്‍ നല്ലതാണ്. അതേസമയം രാത്രി ഉറക്കമൊഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.


മൂന്ന് തവണ കുളിക്കാം


ശരീരം തണുപ്പിക്കാന്‍ ദിനവും 2-3 തവണ കുളിക്കാം. പിണ്ഡതൈലം, നാല്‍പ്പാമരാദി തൈലം എന്നിവ ദേഹത്ത് തടവി കുളിക്കുന്നത് ശരീരത്തിന് തണുപ്പേകും. ചന്ദനം, രാമച്ചം മുതലായവ വെള്ളത്തിലരച്ച് ദേഹത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുന്നത് ശരീരത്തിന് തണുപ്പും സുഖവുമേകും. 

ഹിപ്പ് ബാത്തും ശരീരം തണുപ്പിക്കാന്‍ നല്ലതാണ്. കാല്‍മുട്ടിനും പൊക്കിളിനും ഇടയിലുള്ള ഭാഗം വെള്ളത്തില്‍ മുങ്ങുന്ന വിധം വലിയ പാത്രത്തിലെടുത്ത വെള്ളത്തില്‍ 15-30 മിനുട്ട് ഇരിക്കലാണ് ഹിപ്പ് ബാത്ത്. നാല്പാമരാദി തൈലമോ പിണ്ഡതൈലമോ ദേഹത്ത് തേക്കുന്നത് നല്ലതാണ്. ഇരിക്കും മുമ്പ് 3-4 തുള്ളി എണ്ണ ചൂടാക്കി നെറുകയില്‍ വെക്കുന്നതും ബാത്ത് കഴിഞ്ഞ് എണ്ണ തുടച്ച് കളഞ്ഞ് രാസ്‌നാദി ചൂര്‍ണ്ണം നെറുകയില്‍ തിരുമ്മുന്നതും നീര്‍ക്കെട്ട് തടയാന്‍ സഹായിക്കും. 

എന്തെങ്കിലും അസുഖങ്ങളുള്ളവര്‍ വൈദ്യനിര്‍ദേശപ്രകാരമേ ഹിപ്പ് ബാത്ത് ചെയ്യാവൂ എന്ന് മാത്രം. ശരീരം ചൂടായിരിക്കുമ്പോള്‍ കുളിക്കരുത്. വിയര്‍പ്പടങ്ങിയ ശേഷമേ കുളിക്കാവൂ. വെയിലത്ത് നിന്ന് വന്നുകയറിയ ഉടനേ തണുത്ത പാനീയങ്ങള്‍ കുടിക്കുന്നതും നല്ലതല്ല. അത് തൊണ്ടവീക്കം, സൈനസൈറ്റിസ് എന്നിവക്ക് കാരണമാകാം.


ജീരകവെള്ളം വേണ്ട


വേനലില്‍ ജലനഷ്ടം കൂടുന്നതിനാല്‍ പേശിവേദന, തളര്‍ച്ച, തലകറക്കം എന്നിവക്കൊക്കെ സാധ്യതയുണ്ട്. ജല, ലവണ നഷ്ടം കുറയ്ക്കാനും മൂത്രം കുറയുന്നത് തടയാനും ധാരാളം വെള്ളം കുടിക്കണം. ശാരീരിക ആയാസമുള്ള ജോലി ചെയ്യുന്നവര്‍ മൂന്ന് ലിറ്ററെങ്കിലും വെള്ളം ദിനവും കുടിക്കണം. മറ്റുള്ളവര്‍ രണ്ട് ലിറ്ററെങ്കിലും കുടിക്കണം. വെള്ളം ഇടവിട്ടിടവിട്ടാണ് കുടിക്കേണ്ടത്. മല്ലി, ബാര്‍ലി, പതിമുഖം ഇവ ഇട്ട് വെന്ത വെള്ളം കുടിക്കാം. മണ്‍കൂജയിലോ, പാത്രത്തിലോ രാമച്ചമിട്ട് വെച്ച ശുദ്ധജലമായാലും മതി. ഇഞ്ചി ചതച്ചിട്ട മോരിന്‍വെള്ളം, കരിക്കിന്‍ വെള്ളം, തേങ്ങവെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങവെള്ളം, തണ്ണിമത്തന്‍ ജ്യൂസ് എന്നിവയൊക്ക വേനല്‍കാലത്തെ മികച്ച പാനീയങ്ങളാണ്. മൂത്രത്തിന്റെ അളവ് കുറയാതിരിക്കാന്‍ എലക്ക ഇട്ട് തിളപ്പിച്ച വെള്ളം നല്ലതാണ്. 

തുളസി, ചുക്ക്, ജീരകം തുടങ്ങിയവ ഇട്ട് തിളപ്പിച്ച വെള്ളം വേനലില്‍ ഒഴിവാക്കണം. ചായ, കാപ്പി എന്നിവ കുറയ്ക്കണം. ഉഷ്ണ ഗുണവും അമഌസ്വഭാവവും ഉള്ളതുകൊണ്ട് മദ്യം വേനലില്‍ ഒഴിവാക്കണം. വേനല്‍ക്കാലത്ത് മദ്യം ഉപയോഗിച്ചാല്‍ തളര്‍ച്ച, നീര്‍ക്കെട്ട് എന്നിവയുണ്ടാകാം.


ദഹനം എളുപ്പമാക്കാന്‍


വേനലില്‍ ദഹന ശേഷി കുറയുന്നതിനാല്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കി പകരം എളുപ്പം ദഹിക്കുന്നതും ശരീരത്തിന് തണുപ്പ് നല്‍കുന്നതുമായ ഭക്ഷണം തെരഞ്ഞെടുക്കണം. കഞ്ഞി, ചെറുപയര്‍, പരിപ്പ് വര്‍ഗങ്ങള്‍, തോരന്‍, അവിയല്‍, മോര് എന്നിവ കഴിക്കാം. പഴങ്ങള്‍, വെള്ളരി, പേരക്ക, പപ്പായ, കാരറ്റ്, നാരങ്ങ തുടങ്ങിയവയുടെ ജ്യൂസുകള്‍, സാലഡുകള്‍ എന്നിവ സമൃദ്ധമായി കഴിക്കണം. വറ്റല്‍ മുളകിനുപകരം പച്ചമുളകാണ് വേനലില്‍ നല്ലത്. തൈര്, മസാല, അച്ചാര്‍, പപ്പടം എന്നിവ വേനല്‍ക്കാലത്ത് ഭക്ഷണമെനുവില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. ഇറച്ചി, മുട്ട എന്നിവയും കുറയ്ക്കണം.


കണ്ണിലെഴുതാന്‍ ഇളനീര്‍കുഴമ്പ്


വരട്ടുചൊറി, ഫംഗസ് ബാധ തുടങ്ങിയവ പോലുള്ള ത്വക് രോഗങ്ങള്‍ക്ക് വേനലില്‍ സാധ്യത കൂടുതലാണ്. വേനല്‍ക്കാലത്തെ മറ്റൊരു പ്രധാന പ്രശ്‌നമാണ് ചൂടുകുരു. ഇതിന് ചന്ദനവും രാമച്ചവും അരച്ച് പുരട്ടുക. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് പയറ് പൊടി തേച്ച് കഴുകിക്കളയാം. ഫംഗസ് ബാധ ഒഴിവാക്കാന്‍ അടിവസ്ത്രങ്ങള്‍ വെയിലത്തിട്ട് ഉണക്കാന്‍ ശ്രദ്ധിക്കണം. രസോക്തമാദിലേപം പുറമെ പുരട്ടാനും ഉപയോഗിക്കാം. ചന്ദനാസവം, ഉശീരാസവം, ശാരിബാദ്യാസവം മുതലായവ സേവിക്കുന്നത് ശരീരം തണുക്കാന്‍ നല്ലതാണ്. ഫംഗല്‍ രോഗങ്ങളെ അകറ്റുകയും ചെയ്യും. 

വേനല്‍ക്കാലത്ത് തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂ. പഴകിയതും തുറന്ന് വെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. ചിക്കന്‍പോക്‌സ്, അഞ്ചാംപനി, ചെങ്കണ്ണ് തുടങ്ങിയ വായുജന്യ രോഗങ്ങള്‍ക്കുള്ള സാധ്യത വേനലില്‍ ഏറെ കൂടുതലാണ്. കുന്തിരിക്കവും ഗുലുഗുലുവും സാമ്പ്രാണിയും ചേര്‍ത്ത് പുകയ്ക്കുന്നത് രോഗാണുക്കളെ അകറ്റാന്‍ സഹായിക്കും. ത്രിഫലയും ഇരട്ടിമധുരവും ഇട്ട് തിളപ്പിച്ചവെള്ളം അരിച്ച് തണുപ്പിച്ച് അതുകൊണ്ട് കണ്ണ് പലവട്ടം കഴുകുന്നത് ചെങ്കണ്ണിന് നല്ലതാണ്. ഇളനീര്‍ക്കുഴമ്പ് കണ്ണിലെഴുതുന്നതും ആശ്വാസമേകും.

രുന്ന്: നമുക്കറിയാത്ത 20 കാര്യങ്ങള്‍

മരുന്ന് വാങ്ങി കഴിക്കുമ്പോള്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നുണ്ടോ? മരുന്നുമായി ബന്ധപ്പെട്ട് നമ്മള്‍ അറിയേണ്ടതെല്ലാം വിശദീകരിക്കുകയാണ് ഡോ.ബി.പത്മകുമാര്‍...

ചെറിയ തലവേദനയ്ക്കും പനിക്കുമൊക്കെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ആസ്​പിരിനും പാരസിറ്റമോളുമൊക്കെ വാങ്ങിക്കഴിക്കാറുണ്ട്. ഇതില്‍ അപകടമുണ്ടോ?

ഏറ്റവും കൂടുതല്‍ ദുരുപയോഗംചെയ്യപ്പെടുന്ന മരുന്നുകളാണ് പാരസിറ്റമോളടക്കമുള്ള വേദനസംഹാരികള്‍. സ്വയംചികിത്സകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മരുന്നുകളും ഇവതന്നെ. പനിയും തലവേദനയും മറ്റും ഉള്ളപ്പോള്‍ മരുന്നുകടയില്‍പോയി സ്വയം ഇവ വാങ്ങിക്കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം മരുന്നുകള്‍ സ്വയം ഉപയോഗിക്കുമ്പോള്‍ താത്കാലികമായി രോഗലക്ഷണങ്ങള്‍ കുറഞ്ഞെന്നുവരാം. എന്നാല്‍ തുടര്‍ന്ന് രോഗം പുരോഗമിക്കുകയും രോഗി ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യാം. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ ഒന്നോരണ്ടോ ദിവസംകൊണ്ടുതന്നെ മാരകമാകാമെന്ന് ഓര്‍ക്കുക. വൈദ്യസഹായം നേടാന്‍ താമസമുണ്ടാകുന്നത് രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കാം.

കൂടാതെ സ്വയംചികിത്സ ചെയ്യുമ്പോള്‍ മരുന്നിന്റെ പ്രവര്‍ത്തനംമൂലം രോഗലക്ഷണങ്ങളില്‍ പ്രകടമായ വ്യതിയാനങ്ങളുണ്ടാകാം. ഇത് ശരിയായ രോഗനിര്‍ണയത്തിന് തടസ്സമുണ്ടാക്കുന്നു. ചിലപ്പോള്‍ ഒരു ആസ്​പിരിന്‍ ഗുളിക കഴിക്കുന്നതുതന്നെ ഗുരുതരമായ ഉദര രക്തസ്രാവത്തിനിടയാക്കിയെന്നുവരാം. പ്രത്യേകിച്ചും പ്രായമേറിയവരിലും ആമാശയവ്രണങ്ങള്‍ ഉള്ളവരിലും ഗുളിക വെറുംവയറ്റില്‍ കഴിക്കുന്നതും പ്രശ്‌നങ്ങള്‍ക്കിടയാക്കും.

വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗം നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം. ആമാശയവ്രണങ്ങള്‍, ഉദരരക്തസ്രാവം, ഛര്‍ദി, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ സാധാരണമായി കണ്ടുവരുന്ന ഉദരപ്രശ്‌നങ്ങളാണ്. മരുന്നിനോടുള്ള അലര്‍ജിയെത്തുടര്‍ന്ന് ദേഹത്ത് ചുമന്ന പാടുകളും ചൊറിച്ചിലും അനുഭവപ്പെട്ടേക്കാം. വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗത്തെ തുടര്‍ന്ന് ഗുരുതരമായ വൃക്കരോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇത് ഭാവിയില്‍ വൃക്കസ്തംഭനത്തിനുവരെ ഇടയാക്കാം. ഉയര്‍ന്ന അളവില്‍ (10 ഗ്രാമിലേറെ) പാരസിറ്റമോള്‍ കഴിക്കുന്നതിനെത്തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം തകരാറിലാകാം.


ഗര്‍ഭിണികള്‍ മറ്റ് അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ?


ഗര്‍ഭകാലത്ത് ഒരു മരുന്നും പൂര്‍ണമായും സുരക്ഷിതമാണെന്നു പറയാന്‍ കഴിയില്ല. കാരണം പ്ലാസന്റയ്ക്ക്, ഗര്‍ഭിണി കഴിക്കുന്ന മരുന്നുകളെ, വളര്‍ച്ചവ്യാപിക്കുന്ന ശിശുവിലേക്ക് എത്താതെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിക്കുകയില്ല എന്നതുതന്നെ. ഗര്‍ഭിണി കഴിക്കുന്ന പല മരുന്നുകളും കുഞ്ഞിന്റെ വളര്‍ച്ചയെയും ബുദ്ധിവികാസത്തെയും പ്രതികൂലമായി ബാധിക്കാം. കുഞ്ഞിന്റെ അവയവങ്ങള്‍ രൂപപ്പെടുന്ന ഗര്‍ഭകാലത്തെ 18 മുതല്‍ 55 വരെ ദിവസങ്ങളാണ് ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത്.

ഗര്‍ഭകാലത്ത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ് അര്‍ബുദ ചികിത്സയ്ക്കുള്ള മരുന്നുകള്‍, ടെട്രാസൈക്ലിന്‍ ആന്റി ബയോട്ടിക്കുകള്‍ അപസ്മാര ചികിത്സയ്ക്കുപയോഗിക്കുന്ന ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍, തൈറോയിഡിന്റെ അമിതപ്രവര്‍ത്തനത്തെ തടയുന്ന മരുന്നുകള്‍, ലിത്തിയം, ആസ്​പിരിന്‍, ഇന്‍ഡോമെതാസിന്‍പോലെയുള്ള വേദനസംഹാരികള്‍ തുടങ്ങിയവ. എന്നാല്‍ ഗര്‍ഭിണിയുടെ സുരക്ഷയെ കരുതി പെനിസിലിന്‍പോലെയുള്ള ആന്റിബയോട്ടിക്കുകള്‍, പാരസിറ്റമോള്‍, തൈറോക്‌സിന്‍, സ്റ്റിറോയിഡുകള്‍ തുടങ്ങിയവ മിതമായി നല്‍കാറുണ്ട്. കൂടാതെ ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും പോഷകനില മെച്ചപ്പെടുത്താന്‍ അയേണ്‍, കാത്സ്യം തുടങ്ങിയവയും ഗര്‍ഭകാലത്ത് നല്‍കാറുണ്ട്.


ഭക്ഷണത്തിന് മുന്‍പ്, ശേഷം എന്നൊക്കെ മരുന്നുകള്‍ക്ക് പുറത്ത് എഴുതി കാണാറുണ്ട്. ഇതെന്തിനാണ്?


മരുന്നിന്റെ ദഹനാഗിരണം സുഗമമാക്കാന്‍ ഭക്ഷണവുമായി നിര്‍ദിഷ്ട ഇടവേളകള്‍ നിര്‍ദേശിക്കാറുണ്ട്. ഭക്ഷണത്തിനു ശേഷമോ ഭക്ഷണത്തോടൊപ്പമോ മരുന്ന് കഴിക്കുമ്പോള്‍ മരുന്ന് ഭക്ഷണവുമായി ലയിച്ചുചേരാനും ആഗിരണം തടസ്സപ്പെടാനുമിടയുണ്ട്. കൂടാതെ ഭക്ഷണത്തിലെ ചില ഘടകങ്ങളുമായി മരുന്നുകള്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ചില സംയുക്തങ്ങള്‍ ആഗിരണംചെയ്യപ്പെടാതെ കിടന്നെന്നും വരാം. ഉദാഹരണത്തിന് പാലിലെ കാത്സ്യവുമായി ചേര്‍ന്ന് ടെട്രാസൈക്ലിന്‍ മരുന്നുകള്‍ ഉണ്ടാക്കുന്ന സംയുക്തങ്ങള്‍ ആഗിരണത്തെ തടയുന്നു. അതുകൊണ്ട് ഭക്ഷണത്തിനു മുമ്പ് കഴിക്കുമ്പോഴാണ് മരുന്നുകള്‍ നന്നായി ആഗിരണം ചെയ്യപ്പെടുന്നത്. എന്നാല്‍ ചില മരുന്നുകള്‍ ആമാശയത്തിലെ ശ്ലേഷ്മസ്തരത്തിന് കേടുവരുത്തിയേക്കാം. അതുകൊണ്ട് ഇവ ഭക്ഷണത്തിനുശേഷമേ കഴിക്കാവൂ. ഉദാഹരണം ആസ്​പിരന്‍, സ്റ്റിറോയ്ഡുകള്‍ തുടങ്ങിയവ.


മുലയൂട്ടുന്ന അമ്മമാര്‍ മരുന്ന് കഴിക്കുന്നതുകൊണ്ട് കുഞ്ഞിന് ദോഷമുണ്ടോ? ഇതുകൊണ്ട് അമ്മയ്ക്ക് മുലപ്പാല്‍ കുറയുമോ?


ഗര്‍ഭിണികളെപ്പോലെതന്നെ മുലയൂട്ടുന്ന അമ്മമാരും കഴിയുന്നതും എല്ലാ മരുന്നുകളും ഒഴിവാക്കണം. കാരണം അമ്മ കഴിക്കുന്ന മരുന്നുകള്‍ മുലപ്പാലിലൂടെ കുഞ്ഞിലെത്താനിടയുണ്ട്. അര്‍ബുദത്തിനുള്ള മരുന്നുകള്‍, മനോരോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധങ്ങള്‍, സ്റ്റിറോയിഡുകള്‍, ആസ്​പിരിന്‍, ലിത്തിയം, ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍ തുടങ്ങിയ മരുന്നുകള്‍ പൂര്‍ണമായും ഒഴിവാക്കണ്ടവതന്നെ. കൂടാതെ ബ്രോമോക്രിപ്റ്റിന്‍, ലിവോ ഡോപ്പ തുടങ്ങിയ മരുന്നുകള്‍ മുലപ്പാലിന്റെ ഉത്പാദനത്തെ തടയാനിടയുണ്ട്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും മരുന്നുകള്‍ കഴിക്കേണ്ടിവരുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമേ ഇവ കഴിക്കാവൂ.


ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ച് ആര്‍ത്തവം നീട്ടിവെക്കാമെന്ന് കേട്ടു. ഇതുകൊണ്ട് തകരാറുണ്ടോ?


അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആര്‍ത്തവം മാറ്റി വെക്കാന്‍ ഗുളിക കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഹോര്‍മോണ്‍ ഗുളികകള്‍ സ്ഥിരമായി കഴിക്കുന്നത് ആര്‍ത്തവത്തകരാറുകള്‍ ഉള്‍പ്പെടെ നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം. തലവേദന, കാലില്‍ നീര്, സ്തനങ്ങളില്‍ വേദന തുടങ്ങിയവയും ഉണ്ടാവാം. ഈസ്ട്രജന്‍ അടങ്ങിയ ഗുളികകള്‍ പിത്തസഞ്ചിയിലെ കല്ലിനും കാരണമാകാം.


മനോരോഗത്തിന് മരുന്ന് കഴിക്കുന്നവര്‍ക്ക് പിന്നീടത് നിര്‍ത്താനാവില്ലെന്ന് കേട്ടിട്ടുണ്ട്. ഇതിലെന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ?


മാനസികപ്രശ്‌നങ്ങള്‍ പലതും ദീര്‍ഘകാല രോഗമായതിനാല്‍ മരുന്നുകളും ദീര്‍ഘകാലം ഉപയോഗിക്കേണ്ടിവന്നേക്കും. ഉദാഹരണത്തിന് സ്‌കീസോഫ്രേനിയപോലുള്ള ഗുരുതരമായ മാനസികപ്രശ്‌നമുള്ളവര്‍ക്ക് തുടര്‍ച്ചയായ മരുന്നുപയോഗം വേണ്ടിവന്നേക്കാം. എന്നാല്‍ ലഘുമനോരോഗങ്ങളായ അമിത ഉത്കണ്ഠ, വിഷാദം, ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ചെറിയ കാലയളവിനുശേഷം, രോഗസ്ഥിതി മെച്ചപ്പെടുമ്പോള്‍ മരുന്ന് നിര്‍ത്താന്‍ കഴിഞ്ഞെന്നുവരാം. പലപ്പോഴും മരുന്നുപയോഗം സ്വയം നിര്‍ത്തുന്നതിനെത്തുടര്‍ന്ന് രോഗം കൂടുതല്‍ വഷളാകാനിടയുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരമേ മരുന്ന് നിര്‍ത്തുകയോ ഡോസ് കുറയ്ക്കുകയോ ചെയ്യാവൂ.


ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ?


ഗര്‍ഭനിരോധന ഗുളികളില്‍ പ്രധാനമായി അടങ്ങിയിരിക്കുന്നത് ഈസ്ട്രജന്‍, പ്രൊജസ്റ്റിന്‍ തുടങ്ങിയ ഹോര്‍മോണുകളാണ്. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.

മരുന്നുകള്‍ ഉപയോഗിച്ചുതുടങ്ങുന്ന ഘട്ടത്തില്‍തന്നെ ഓക്കാനം, ഛര്‍ദി തുടങ്ങിയവ ഉണ്ടായെന്നുവരാം. തുടര്‍ന്ന് തുടര്‍ച്ചയായ തലവേദന, മൈഗ്രെയിന്‍, സ്തനങ്ങള്‍ക്ക് വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. ആര്‍ത്തവത്തകരാറുകളും അപൂര്‍വമല്ല.

ശരീരഭാരം കൂടുക, അമിത രോമവളര്‍ച്ച, മുഖക്കുരു, മുഖത്തും കവിളിലും മൂക്കിലുമൊക്കെ കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുക, ഗുഹ്യഭാഗങ്ങളില്‍ ചൊറിച്ചില്‍, സ്വഭാവവ്യതിയാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ പിന്നീട് പ്രത്യക്ഷപ്പെട്ടുവെന്നുവരാം. ഉയര്‍ന്ന ഡോസില്‍ മരുന്ന് ഉപയോഗിക്കുന്നവരില്‍ പ്രമേഹമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിക്കുന്നതിനെത്തുടര്‍ന്ന് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയുണ്ട്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന അഞ്ചുമുതല്‍ പത്തുവരെ ശതമാനം പേര്‍ക്ക് രക്താതിസമ്മര്‍ദമുണ്ടാവാം. സ്തനങ്ങള്‍, ഗര്‍ഭാശയങ്ങള്‍, യോനി തുടങ്ങിയ ശരീരഭാഗങ്ങളില്‍ അര്‍ബുദമുണ്ടാകാനുള്ള സാധ്യതയുണ്ട്. രക്തത്തിലെ കൊഴുപ്പിന്റെ ഘടകങ്ങളുടെ അളവ് ക്രമാതീതമായി വര്‍ധിക്കാനും സാധ്യതയുണ്ട്.


ചില ഗുളികകള്‍ കഴിച്ചിട്ട് വണ്ടി ഓടിക്കരുതെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?


പനി, കഫക്കെട്ട് തുടങ്ങിയവയ്ക്കു നല്‍കുന്ന ചില മരുന്നുകള്‍ മയക്കമുണ്ടാക്കുന്നവയാണ്. ആന്റിഹിസ്റ്റമിന്‍ അടങ്ങിയ മരുന്നുകളാണിവ. ഇവ കഴിച്ചിട്ട് ഡ്രൈവിങ് ഒഴിവാക്കുന്നതാണ് നല്ലത്. അതേപോലെ ഉറക്കഗുളികകള്‍, അപസ്മാരത്തിനുള്ള ഗുളികകള്‍ എന്നിവ കഴിച്ചിട്ടും വണ്ടി ഓടിക്കരുത്.


മരുന്ന് കഴിക്കുമ്പോള്‍ പാല്‍ കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നു. ഇതു ശരിയാണോ?


മരുന്ന് കഴിക്കുമ്പോള്‍ പാല്‍ കുടിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. എന്നാല്‍ ചില മരുന്നുകള്‍ പാലിനോടൊപ്പം കഴിക്കുമ്പോള്‍ മരുന്നിന്റെ സുഗമമായ ആഗിരണം തടസ്സപ്പെടാനിടയുണ്ട്. ഉദാഹരണത്തിന് ടെട്രാസൈക്ലിന്‍ ആന്റിബയോട്ടിക്കുകള്‍ക്കൊപ്പം പാല്‍ കുടിക്കുമ്പോള്‍, മരുന്ന് പാലിലെ ഘടകങ്ങളുമായി ചേര്‍ന്ന് ആഗിരണം ചെയ്യാത്ത സംയുക്തമായി മാറുന്നു. ഇത് മരുന്നിന്റെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കുന്നു. അതുപോലെത്തന്നെ അയേണ്‍ ഗുളികകള്‍ക്കൊപ്പവും പാല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പാല്‍ കുടിക്കേണ്ടിവരുകയാണെങ്കില്‍ മരുന്നിനു മുന്‍പോ ശേഷമോ ഒരു മണിക്കൂറിന്റെ ഇടവേളയില്‍ ഉപയോഗിക്കുന്നതാണ് നല്ലത്.


മദ്യപാനം നിര്‍ത്താനുള്ള മരുന്നുകളുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇതുപയോഗിക്കുന്നതുകൊണ്ട് ശരീരത്തിന് ദോഷമുണ്ടോ?


മദ്യപന്റെ പൂര്‍ണ സഹകരണമില്ലാതെ മദ്യപാനം നിര്‍ത്തുന്നതിനുള്ള മാജിക് മരുന്നുകളൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ മദ്യപാനം നിര്‍ത്തുന്നതിനു സഹായിക്കുന്ന വൈദ്യശാസ്ത്ര ചികിത്സയുണ്ട്. മറ്റു ചികിത്സാരീതികളായ മനശ്ശാസ്ത്ര-സാമൂഹിക ചികിത്സയോടൊപ്പവും പുനരധിവാസ ചികിത്സയോടൊപ്പവും മരുന്നുകള്‍ കൂടി നല്‍കുന്നത് ഫലംചെയ്യാറുണ്ട്. മദ്യത്തോടുള്ള ആസക്തി കുറയ്ക്കാനായി ഡൈസള്‍ഫിറാം എന്ന മരുന്നാണ് സാധാരണമായി ഉപയോഗിക്കുന്നത്. ഇവ കഴിക്കുന്നവര്‍ മദ്യപിച്ചാല്‍ ശക്തമായ തലവേദന, നെഞ്ചുവേദന, തലകറക്കം, ഛര്‍ദി, കാഴ്ചയ്ക്കു മങ്ങല്‍, ബോധക്ഷയം തുടങ്ങി നിരവധി അസ്വസ്ഥതയുളവാക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഈ അസ്വസ്ഥതകളെ ഭയന്ന്, മദ്യപാനി മദ്യം ഒഴിവാക്കാന്‍ നിര്‍ബന്ധിതനാകുന്നു.


ആന്റിബയോട്ടിക് മരുന്നുകള്‍ ഇത്ര കോഴ്‌സ് കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. ഇത് ഇടയ്ക്കുവെച്ച് നിര്‍ത്തിയാല്‍ പ്രശ്‌നമുണ്ടോ?


ആന്റിബയോട്ടിക്കുകള്‍ രോഗലക്ഷണങ്ങള്‍ മാറാനുള്ള മരുന്നുകളല്ല, മറിച്ച് രോഗാണുക്കളെ നശിപ്പിച്ച് രോഗം പൂര്‍ണമായും ഭേദമാക്കാനുള്ള ഔഷധങ്ങളാണ്. എന്നാല്‍ പലപ്പോഴും പനിക്കും തൊണ്ടവേദനയ്ക്കും ചുമയ്ക്കുമൊക്കെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ പലരും രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായാലുടന്‍തന്നെ മരുന്ന് നിര്‍ത്തും. നിര്‍ദേശിച്ച കാലാവധി പൂര്‍ത്തിയാക്കാതെ മരുന്ന് നിര്‍ത്തുമ്പോള്‍ രോഗാണുക്കള്‍, മരുന്നിനെതിരെ പ്രതിരോധശക്തിയാര്‍ജിക്കാനുള്ള സാധ്യതയുണ്ട്. തുടര്‍ന്ന് മറ്റൊരവസരത്തില്‍ ഈ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അവ ഫലപ്രദമായെന്നുവരില്ല. പെനിസിലിന്‍ ഉള്‍പ്പെടെ സാധാരണ ഉപയോഗിക്കുന്ന പല ആന്റിബയോട്ടിക്കുകള്‍ക്കെതിരായും രോഗാണുക്കള്‍ പ്രതിരോധശേഷി ആര്‍ജിക്കാറുണ്ട്. ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകണമെങ്കില്‍ പൂര്‍ണമായും കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം, കൂടാതെ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം ഒഴിവാക്കുകയും വേണം.


ലൈംഗിക ഉത്തേജക മരുന്നുകള്‍ക്ക് ഫലസിദ്ധിയുണ്ടാവുമോ? അവ തുടര്‍ച്ചയായി ഉപയോഗിക്കുന്നതില്‍ ദോഷമുണ്ടോ?


ആധുനിക മനുഷ്യന്റെ സംഘര്‍ഷം നിറഞ്ഞ ജീവിതശൈലിയും പ്രമേഹം പോലുള്ള ആധുനിക രോഗങ്ങളുടെ വ്യാപനവും ലൈംഗികപ്രശ്‌നങ്ങള്‍ വ്യാപകമാകാനിടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇവയ്ക്കു പരിഹാരമായി ഒരു മാജിക് മരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ച് ഉത്തേജനക്കുറവോ മറ്റു ലൈംഗികപ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ കാരണമറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടത്.

വിപണിയില്‍ ലഭ്യമായ മരുന്നുകളില്‍ പലതും ഫലം തരികയില്ലെന്നു മാത്രമല്ല, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയെന്നുംവരാം. ഇവയില്‍ പലതിന്റെയും ചികിത്സാചെലവും വളരെ കൂടുതലാണ്. ലൈംഗിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉചിതമായ പരിശോധനകള്‍ നടത്തി, കാരണം കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ സില്‍സെനാഫില്‍ (വയാഗ്ര) പുരുഷന്മാരിലെ ലൈംഗികോത്തേജനക്കുറവിനുള്ള ഫലപ്രദമായ പ്രതിവിധിയാണ്.


ബോഡിബില്‍ഡിങ് കേന്ദ്രങ്ങളില്‍ പരിശീലനത്തിനെത്തുന്നവര്‍ മസില്‍ വികസിപ്പിക്കാന്‍ സ്റ്റിറോയ്ഡ് കുത്തിവെക്കുന്നത് കണ്ടിട്ടുണ്ട്. ഇത് ശരീരത്തിന് ദോഷമുണ്ടാക്കുമോ?


സ്റ്റിറോയിഡുകള്‍ ജീവന്‍രക്ഷാ മരുന്നുകളാണ്. കടുത്ത ആസ്ത്മ ഉള്ളവര്‍ക്കും അപകടകരമായ രീതിയില്‍ മരുന്നിന്റെയും മറ്റും റിയാക്ഷന്‍ ഉണ്ടാകുമ്പോഴുമൊക്കെ സ്റ്റിറോയിഡുകള്‍ ഉടനടി ആശ്വാസംനല്‍കാറുണ്ട്. എന്നാല്‍ തടിവെക്കാനും പേശികളുടെ വലുപ്പം കൂട്ടാനും കായികക്ഷമത വര്‍ധിപ്പിക്കാനുമൊക്കെ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത് നന്നല്ല. തന്നെയുമല്ല പേശികളുടെ വലുപ്പവും ബലവുമൊക്കെ താത്കാലികമായി മാത്രമേ കൂടുകയുള്ളൂ. സ്റ്റിറോയിഡുകളുടെ തുടര്‍ച്ചയായ ഉപയോഗത്തെത്തുടര്‍ന്ന് പേശികള്‍ക്ക്, പ്രത്യേകിച്ചും കൈകാലുകളുടെ പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുകയാണ് ചെയ്യുന്നത് (മയോപ്പതി) കൂടാതെ പ്രമേഹം, അസ്ഥിക്ഷയം, ആമാശയവ്രണങ്ങള്‍, തുടര്‍ച്ചയായ രോഗാണുബാധ, വളര്‍ച്ച മുരടിക്കല്‍, മുറിവുകള്‍ കരിയാന്‍ വൈകുക, തിമിരം, ഗ്ലോക്കോമ തുടങ്ങി നിരവധി പാര്‍ശ്വഫലങ്ങളും ഉണ്ടാകാം.


ഒരേ മരുന്നുകള്‍ പല കമ്പനികളും നിര്‍മിക്കുന്നത് വിപണിയിലുണ്ട്. പലതിനും വിലയില്‍ വന്‍ വ്യത്യാസവും കാണാറുണ്ട്. കമ്പനിയുടെ മരുന്ന് മാറ്റി വാങ്ങുന്നതില്‍ തെറ്റുണ്ടോ? വില കുറഞ്ഞ മരുന്നിന് ഗുണം കുറയുമോ?


ഒരേ മരുന്നുതന്നെ പല കമ്പനികളും ഉത്പാദിപ്പിക്കാറുണ്ട്. താരതമ്യേന നിലവാരമുള്ള കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകളും ഗുണ നിലവാരമുള്ളതാവാം. എന്നാല്‍ ഡോക്ടമാര്‍ കുറിച്ചുകൊടുക്കുന്ന മരുന്നുകള്‍, കടകളില്‍നിന്ന് കമ്പനി മാറി നല്‍കാറുണ്ട്. ഇവയില്‍ പലതിനും വില കുറവാണെന്നുവരാം. ലൈസന്‍സൊന്നുമില്ലാത്ത വ്യാജ മരുന്നു കമ്പനികള്‍വരെ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍. വില കുറഞ്ഞ മരുന്നുകള്‍ക്കു പുറകേ പോകാതിരിക്കുന്നതാണ് നല്ലത്. കഴിയുന്നതും ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുതന്നെ കഴിക്കുക. കടകളില്‍ മരുന്ന് മാറിത്തരുന്ന പ്രവണതയെ നിരുത്സാഹപ്പെടുത്തുക.


അലോപ്പതി മരുന്നുകള്‍ക്കൊപ്പം മറ്റു മരുന്നുകള്‍ (ആയുര്‍വേദം, ഹോമിയോപ്പതി) കഴിക്കുന്നതുകൊണ്ട് ദോഷമുണ്ടോ?


ഒരു വൈദ്യശാസ്ത്രശാഖയിലെ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇതര ശാഖയിലെ മരുന്നുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം രണ്ടു മരുന്നുകളിലെയും ഘടകങ്ങള്‍ തമ്മിലുണ്ടാകാവുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ മരുന്നിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിച്ചുവെന്നുവാരം. കൂടാതെ മരുന്നുകളുടെ ഉപാപചയപ്രവര്‍ത്തനത്തിലും വിസര്‍ജന പ്രക്രിയയിലും മറ്റും ഉണ്ടാകാനിടയുള്ള മാറ്റങ്ങള്‍, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായെന്നുവരാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ റിയാക്ഷന്‍ മൂലമുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ബുദ്ധിമുട്ടുണ്ടാകാനിടയുണ്ട്. എന്നാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ പുറമെയുള്ള ലേപനങ്ങള്‍ പരിഗണിക്കാം.


ചില മരുന്നുകള്‍ കഴിക്കുന്നത് ഓര്‍മശക്തിയെ ബാധിക്കുമെന്ന് പറയുന്നത് ശരിയാണോ?


തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗത്തെത്തുടര്‍ന്ന് ഓര്‍മശക്തി കുറയാറുണ്ട്. പ്രധാനമായും ഉറക്കഗുളികകളും മനോരോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുമാണ് ഓര്‍മശക്തിയെ ബാധിക്കുന്നത്. നേരത്തേതന്നെ ഓര്‍മക്കുറവിന്റെ പ്രശ്‌നങ്ങള്‍ ഉള്ളവരുടെ അവസ്ഥ കൂടുതല്‍ മോശമാകാനും ഈ മരുന്നുകള്‍ കാരണമായേക്കും. സാധാരണ പനിക്കും ജലദോഷത്തിനുമൊക്കെ ഉപയോഗിക്കുന്ന മരുന്നുകളിലെ ആന്റിഹിസ്റ്റമിന്‍ ഘടകവും താത്കാലികമായ മറവിക്കു കാരണമായേക്കാം.


മരുന്ന് മാറിക്കഴിച്ചുപോയാല്‍ അടിയന്തരമായി എന്താണ് ചെയ്യേണ്ടത്?


മരുന്ന് മാറിക്കഴിക്കുന്നത് അബദ്ധത്തില്‍ സംഭവിക്കാം. കൂടാതെ ആത്മഹത്യാപ്രവണതയുള്ളവര്‍ ആത്മഹത്യാശ്രമത്തിന്റെ ഭാഗമായും കൂടുതല്‍ അളവില്‍ മരുന്ന് കഴിച്ചെന്നും വരാം. ഏതായാലും ഉടന്‍തന്നെ വൈദ്യസഹായം തേടുകയാണ് ചെയ്യേണ്ടത്. എന്നാല്‍ വൈദ്യസഹായം ലഭ്യമാകുന്നതുവരെ ചെയ്യാന്‍കഴിയുന്ന ചില പ്രഥമശുശ്രൂഷകളുണ്ട്. ഉള്ളില്‍ ചെന്ന മരുന്ന് പുറത്തുകളയാനായി ഛര്‍ദിപ്പിക്കാവുന്നതാണ്. ഉപ്പ് കലക്കിയ വെള്ളം ധാരാളം കുടിക്കാന്‍ കൊടുത്താലും തൊണ്ടയുടെ മുകള്‍ഭാഗത്തായി ഒരു സ്​പൂണ്‍ കൊണ്ടോ വിരലുകൊണ്ടോ ഇക്കിളിപ്പെടുത്തിയാലും ഛര്‍ദിക്കാനിടയുണ്ട്. എന്നാല്‍ അബോധാവസ്ഥയിലുള്ള വ്യക്തിയെയും ആസിഡ്, മണ്ണെണ്ണ തുടങ്ങിയ വസ്തുക്കള്‍ കഴിച്ചുവെന്ന് സംശയമുള്ളപ്പോഴും ഛര്‍ദിപ്പിക്കാന്‍ ശ്രമിക്കരുത്. വസ്ത്രത്തിലും മറ്റും മരുന്നു പറ്റിയിട്ടുണ്ടെങ്കില്‍ വസ്ത്രം അഴിച്ചുമാറ്റി ദേഹം വൃത്തിയായി കഴുകണം. മൂക്കിലും വായിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന മരുന്നിന്റെ അവശിഷ്ടങ്ങളും തുപ്പലും പതയുമൊക്കെ തുടച്ചുമാറ്റണം. ധാരാളം ശുദ്ധവായു ശ്വസിക്കാനും അനുവദിക്കണം.


കൊളസ്‌ട്രോള്‍, പ്രമേഹം, ഹൃദയാരോഗ്യം എന്നിവയ്‌ക്കൊക്കെ പല മരുന്നുകളും ഇപ്പോള്‍ വിപണിയില്‍ കാണാറുണ്ട്. ഇവയൊക്കെ ഗുണമേന്മയുള്ളതാണോ? ഇതൊക്കെ സ്വയം വാങ്ങി കഴിക്കാമോ?


മരുന്നു മാത്രം കഴിച്ച് രക്തധമനികളിലെ ക്ലോട്ട് അലിയിക്കാമെന്നും ഒരു ഡോസ് മരുന്ന് മാത്രം ഉപയോഗിച്ച് പ്രമേഹത്തെ ഭേദമാക്കാമെന്നും മറ്റും വാഗ്ദാനംചെയ്യുന്ന മരുന്നുകള്‍ വ്യാപകമാണ്. എന്നാലിതിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല. പ്രമേഹം, ഹൃദ്രോഗം, അമിത കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ദീര്‍ഘകാല രോഗങ്ങളാണ്. ഒരു ഡോസ് മരുന്ന് വാങ്ങി കഴിച്ചതുകൊണ്ടു മാത്രം ഇവയെ നിയന്ത്രിക്കാന്‍ സാധിക്കാറില്ല. മറിച്ച് മരുന്നിനോടൊപ്പം ഭക്ഷണം ക്രമീകരണം, വ്യായാമം, ക്രമമായ പരിശോധനകള്‍ ഇവകൂടി നടത്തിയാലേ ഈ ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രണവിധേയമാവുകയുള്ളൂ. മറിച്ചുള്ള മരുന്നുകളെ ആശ്രയിക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാകാനേ സഹായിക്കൂ.


ചിലപ്പോള്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ പഥ്യം പാലിക്കാന്‍ പറയാറുണ്ട്, പുകവലി പാടില്ല, മദ്യപാനം ഒഴിവാക്കണം എന്നൊക്കെ. ഇതെന്തുകൊണ്ടാണ്?


മദ്യവും പുകയിലയുമൊക്കെ മരുന്നുകളുടെ ആഗിരണത്തെയും പ്രവര്‍ത്തനക്ഷമതയെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അതുകൊണ്ടാണ് മരുന്നുപയോഗിക്കുമ്പോള്‍ ഇവ ഒഴിവാക്കണമെന്നു പറയുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന മരുന്നുകളായ ഉറക്കഗുളികകള്‍, ആന്റി ഹിസ്റ്റമിനുകള്‍ തുടങ്ങിയവ കഴിക്കുന്നവര്‍ മദ്യപിച്ചാല്‍ മയക്കവും ഓര്‍മക്കുറവും സ്വഭാവ വ്യതിയാനവും ഉണ്ടാകാം. പ്രമേഹത്തിനുള്ള മരുന്നുകളും ചില ആന്റിബയോട്ടിക്കുകളും കഴിക്കുന്നവര്‍ മദ്യപിച്ചാല്‍ അസ്വസ്ഥതയുണ്ടാക്കുന്ന നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. ആസ്​പിരിന്‍പോലുള്ള വേദനസംഹാരികളോടൊപ്പം മദ്യപിച്ചാല്‍ ഗുരുതരമായ ഉദരരക്തസ്രാവമുണ്ടാകാനിടയുണ്ട്.


ഡോക്ടര്‍ നിര്‍ദേശിച്ചതിലും കൂടിയ അളവില്‍ ഡോസുള്ള മരുന്ന് കഴിച്ചുപോയാല്‍ എന്തു ചെയ്യും?


ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദേശിക്കുന്നത് ഏറ്റവും സുരക്ഷിതമായ ഡോസിലായിരിക്കും. അബദ്ധത്തില്‍ ഒരു ഡോസ് കൂടുതല്‍ കഴിച്ചുപോയാല്‍ കാര്യമായ പ്രശ്‌നമൊന്നും ഉണ്ടാകാനിടയില്ല. കാരണം പല മരുന്നുകളുടെയും അനുവദനീയമായ ഡോസ്, ഡോക്ടര്‍ നിര്‍ദേശിച്ച ഡോസിലും കൂടുതലാവും. എന്നാലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്താന്‍ സാധിച്ചാല്‍ നന്നാവും. കഴിയുന്നതും മരുന്നിന്റെ അടുത്ത ഡോസ് ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ പ്രമേഹത്തിന്റെ ഗുളിക അമിത ഡോസില്‍ കഴിച്ചിട്ടുണ്ടെങ്കില്‍ അല്പം മധുരം കഴിക്കുന്നതും രക്താതിസമ്മര്‍ദത്തിന്റെ മരുന്നാണെങ്കില്‍ ഉപ്പിട്ട് വെള്ളം കുടിക്കുന്നതും അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

പ്രമേഹമുള്ളവര്‍ക്ക് പച്ചക്കറിപ്പുഴുക്ക്‌

ഡോ.രാമകൃഷ്ണന്‍ ദ്വരസ്വാമി

ഭക്ഷണ ക്രമീകരണവും വ്യായാമവും ഔഷധവും ഒന്നിച്ചു ചേര്‍ന്നാലേ പ്രമേഹം നിയന്ത്രിക്കാനാവൂ. പ്രമേഹരോഗികള്‍ക്ക് പിന്തുടരാവുന്ന ആഹാരക്രമങ്ങളും ജീവിതചര്യയും ഒപ്പം ആയുര്‍വേദ ഔഷധപ്രയോഗങ്ങളും ഇതാ.
ആഹാരം: 

ഒരു നേരം മാത്രം അരിയാഹാരം കഴിക്കുക. പിന്നീട് ഗോതമ്പ് ഉപയോഗിക്കാം.

എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണസാധനങ്ങള്‍ കഴിക്കുക.

വയറ് നിറച്ച് ആഹാരം കഴിക്കുന്ന രീതി ഒഴിവാക്കുക.


ഉചിതമായ ഭക്ഷണങ്ങള്‍


ഉലുവ, വെളുത്തുള്ളി, മഞ്ഞള്‍, കറിവേപ്പില, മുരിങ്ങയില, പടവലം, തവിഴാമ, പാവയ്ക്ക, ഗോതമ്പ്, തേന്‍, ചെറുപയര്‍, മലര്, മോര് എന്നിവയെല്ലാം നല്ലതാണ്.

ആപ്പിള്‍, പേരയ്ക്ക, പപ്പായ, മുന്തിരിങ്ങ, നെല്ലിക്ക തുടങ്ങിയവയില്‍ ഏതെങ്കിലും ദിവസവും കഴിക്കുന്നതും നല്ലതാണ്.

കൊഴുപ്പ് കൂടുതലുള്ള മത്സ്യമാംസങ്ങള്‍, തൈര്, ശര്‍ക്കര, പഞ്ചസാര, പാല്‍ തുടങ്ങിയവ ഒഴിവാക്കണം.
വെജിറ്റബിള്‍ പുഴുക്ക്:

വെള്ളരിക്ക, കുമ്പളങ്ങ, കോവയ്ക്ക, പടവലങ്ങ, മുള്ളങ്കി, വെണ്ടയ്ക്ക, മത്തങ്ങ മുതലായവ അരിഞ്ഞ് തേങ്ങ ചേര്‍ത്ത് പുഴുക്കുപോലെ ഉണ്ടാക്കി വെളിച്ചെണ്ണ ചേര്‍ത്ത് കടുക് പൊട്ടിച്ച് കഴിക്കാം. ഇത് കഴിക്കുന്നതുമൂലം വയറ് ശുദ്ധമാകും, ക്ഷീണം കുറയും, ദഹനത്തിന് അത്യുത്തമമാണ്.
വീട്ടില്‍തന്നെ ചികിത്സ:
പാവയ്ക്ക അത്യുത്തമമാണ്. പച്ചയായോ കറിവെച്ചോ കഴിക്കുക. പാവയ്ക്ക നീരും ശ്രേഷ്ഠമാണ്.

ഉലുവ വറുത്ത് പൊടിച്ച് ആഹാരങ്ങള്‍ ഉണ്ടാക്കി കഴിയ്ക്കുക.

ചെറൂള മോരിലരച്ച് ഉപയോഗിക്കുക.

കറിവേപ്പില, പച്ചമഞ്ഞള്‍, വെളുത്തുള്ളി എന്നിവ സമമെടുത്ത് അരച്ച് ഉരുളയാക്കി ഒരു ചെറുനാരങ്ങയുടെ അളവില്‍ ഉപയോഗിക്കുക.
വെണ്ണയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് സേവിച്ചാല്‍ ക്ഷീണം കുറയും.

കുമ്പളങ്ങാനീരില്‍ കൂവളത്തില ഇടിച്ചു പിഴിഞ്ഞ നീര് കുടിയ്ക്കുക.

ദിവസവും നാലഞ്ച് കൂവളത്തില ചവച്ച് തിന്നുന്നതും നല്ലതാണ്.

വേപ്പില ചതച്ച് ഒരൗണ്‍സ് നീരെടുത്ത് അഞ്ച് മില്ലി തേന്‍ ചേര്‍ത്ത് രാവിലെ ഭക്ഷണത്തിന് മുന്‍പ് കഴിക്കുക.

മോര് ദിവസവും ധാരാളമായി ഉപയോഗിക്കുക. (തൈര് നല്ലപോലെ കടഞ്ഞ് വെണ്ണ നന്നായി മാറ്റിയ മോര്)

വിയര്‍പ്പെന്നു കേട്ട്് വിയര്‍ക്കേണ്ട

യാസിര്‍ ഫയാസ്‌

പുറത്തിറങ്ങി രണ്ട് ചുവടുവെച്ചാല്‍ വിയര്‍പ്പില്‍ കുതിരുന്ന വസ്ത്രങ്ങളും പകലന്തിയോളം പിന്തുടരുന്ന വിയര്‍പ്പുനാറ്റവും ആരെയാണ് മു ഷിപ്പിക്കാത്തത്. പലരും വിയര്‍പ്പും വിയര്‍പ്പുനാറ്റവും ഒഴിവാക്കാന്‍ അതുമിതും വാരിപ്പൂശി ഒടുവില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെയാകും. കാലാവസ്ഥക്കനുസൃതമായി ജീവിതശൈലിയില്‍ ചില്ലറ ക്രമീകരണങ്ങള്‍ നടത്തിയാല്‍ ഒഴിവാക്കാവുന്നതേയുള്ളൂ ഈ അസ്വസ്ഥതയെ. 

വേനലില്‍ വിയര്‍പ്പ് കൂടുക സ്വാഭാവികമാണ്. ശരീരത്തിലെ താപക്രമീകരണത്തിന്റെ ഭാഗമാണത്. ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ചര്‍മത്തിലെ വിയര്‍പ്പുഗ്രന്ഥികള്‍(അപ്പോക്രിന്‍, എക്രിന്‍ ഗ്രന്ഥികള്‍) കൂടുതല്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നത്. ഈ വിയര്‍പ്പ് ബാഷ്പീകരിക്കാനായി കൂടുതല്‍ താപം ഉപയോഗിക്കപ്പെടുമ്പോള്‍ ശരീരം തണുക്കുന്നു. അതുകൊണ്ട് ഈ വിയര്‍പ്പൊരു ശല്ല്യക്കാരനല്ല എന്ന് മനസ്സിലാക്കുക. 

ഇനി വിയര്‍പ്പ് നാറ്റത്തിന്റെ കാര്യം. സത്യത്തില്‍ വിയര്‍പ്പിന് ഒരു ഗന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് നനഞ്ഞ് അവിടെയുള്ള അഴുക്കും അണുക്കളുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായൊക്കെ പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് 'ഹയ്യോ..എന്തൊരു വിയര്‍പ്പുനാറ്റം' എന്നൊക്കെ പറയുന്ന തരത്തില്‍ അത് അസഹ്യമാകുന്നത്. 

പാരമ്പര്യമായും രോഗങ്ങള്‍ മൂലവും അമിതമായി വിയര്‍ക്കുന്നവരുമുണ്ട്. ചില പ്രത്യേക മരുന്നുകള്‍ കഴിക്കുമ്പോള്‍ വിയര്‍പ്പ് നാറ്റം കൂടുന്ന അവസ്ഥയുമുണ്ട്. അത്തരക്കാരൊക്കെ കൃത്യമായ ചികില്‍സയെടുക്കാനും വൈദ്യനിര്‍ദേശം തേടാനും ശ്രദ്ധിക്കണം. വേനലിലെ അമിത വിയര്‍പ്പിന്റെ കാര്യത്തില്‍ വിയര്‍പ്പില്ലാതാക്കലല്ല, വിയര്‍പ്പ് നാറ്റം ഒഴിവാക്കലാണ് വേണ്ടത്. അതിന് ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍മതി. 

വിയര്‍പ്പ് അധിക നേരം തങ്ങിനില്‍ക്കാതെയും ശരീരം എപ്പോഴും വൃത്തിയായും സൂക്ഷിച്ചാല്‍ വേനലിലും വിയര്‍പ്പ് നാറ്റത്തെ പേടിക്കേണ്ടി വരില്ല. കക്ഷത്തിലും ഇടുപ്പിലുമൊക്കെ വിയര്‍പ്പ് തങ്ങിനില്‍ക്കുന്നത് വിര്‍പ്പ് നാറ്റം മാത്രമല്ല ചര്‍മ രോഗങ്ങളുമുണ്ടാക്കും. അതുകൊണ്ട് വേനലില്‍ രണ്ട് നേരത്തെ കുളി മുടക്കരുത്. 'കുളിമടിയന്മാര്‍' കിടക്കുന്നതിന് മുമ്പ് മേലെങ്കിലും കഴുകണം. നാല്‍പാമരാദി തൈലം, പിണ്ഡതൈലം, പുനര്‍നവാദി തൈലം എന്നിവയിലേതെങ്കിലും തേച്ച് കുളിക്കുന്നത് ശരീരത്തിന് തണുപ്പും സുഗന്ധവും നല്‍കും. രാമച്ചം, നാല്‍പാമരം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്. ഇതൊന്നുമില്ലെങ്കില്‍ കുളിക്കുന്ന വെള്ളത്തില്‍ ഒരു തരി പൊട്ടാസ്യം പെര്‍മാംഗനേറ്റ് ചേര്‍ക്കുക. കുളിക്കാനായി ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിക്കുന്നതും ഗുണം ചെയ്യും. 

അടി വസ്ത്രമായാലും മേല്‍ വസ്ത്രമായാലും വേനലില്‍ കാറ്റ് കയറുന്ന കോട്ടണാണ് നല്ലത്. ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍ ഒഴിവാക്കി അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കാറ്റ് തട്ടാത്തത് മൂലം വിയര്‍പ്പ് ഉണങ്ങാതിരിക്കുമ്പോഴാണ് അവയില്‍ അണുക്കള്‍ പെരുകി വിയര്‍പ്പ് നാറ്റം അസഹ്യമാകുക. അടിവസ്ത്രങ്ങള്‍ പരമാവധി ഒരു ദിവസമേ ഉപയോഗിക്കാവൂ. അവ കഴുകി വെയിലത്തിട്ട് ഉണക്കുകയും വേണം. താപം ആഗിരണം ചെയ്യാത്ത ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. പരമാവധി വെയിലുകൊള്ളാതെ നോക്കുക. തൊപ്പിധരിക്കുന്നതിലും കുട ചൂടുന്നതിലും നാണിക്കേണ്ട കാര്യമില്ല. 

ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. അത് വിയര്‍പ്പിലൂടെയുള്ള ജലനഷ്ടം കുറക്കുകയും ചര്‍മത്തിന് ആരോഗ്യം നല്‍കുകയും ചെയ്യും. നേരിട്ട് വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന് സംരക്ഷണം നല്‍കും. കലാമിന്‍, സിങ്ക് ഒാക്‌സൈഡ് എന്നിവ നല്ലതാണ്. നമ്മുടെ വെളിച്ചെണ്ണയായാലും മതി. ടാല്‍കം പൗഡര്‍ വിയര്‍പ്പ് വലിച്ചെടുക്കാനും സൂര്യതാപത്തില്‍ നിന്ന് സംരക്ഷണം നല്‍കാനും ഒരു പരിധിവരെ സഹായിക്കും. അതേ സമയം ബോഡി സ്‌പ്രേകളും ഡിയോഡറന്റുകളും പതിവാക്കരുത്. അവ നല്‍കുന്ന സുഗന്ധം അല്‍പ നേരമേ നിലനില്‍ക്കൂ. ഗുരുതരമായ ചര്‍മ പ്രശ്‌നങ്ങള്‍ ഭാവിയിലുണ്ടാവുകയും ചെയ്യും. 

ഇനി മറ്റു ചിലരുണ്ട്. അവരില്‍ വിയര്‍പ്പ് നാറ്റം ഒരു തോന്നല്‍ മാത്രമായിരിക്കും. ബ്രോമിഡോ ഫോബിയ എന്ന മാനസിക പ്രശ്‌നമാണ് ഇത്തരക്കാരില്‍ വില്ലനാവുക. അത് പരിഹരിച്ചാലേ വിയര്‍പ്പ് നാറ്റവും മാറൂ

സന്തോഷം ഹൃദയാരോഗ്യത്തിന്‌

ചെറിയ കാര്യങ്ങളില്‍പ്പോലും സന്തോഷിക്കാന്‍ കഴിയുന്നവര്‍ക്ക് വീണ്ടും ആഹ്ലാദിക്കാനൊരു വാര്‍ത്ത. ജീവിതത്തില്‍ സദാ അസംതൃപ്തി പ്രകടിപ്പിക്കുന്നവരേക്കാള്‍ ആരോഗ്യമുള്ള ഹൃദയമായിരിക്കും നിങ്ങളുടേത്. ചുറ്റുമുള്ള കാര്യങ്ങളില്‍ ജിജ്ഞാസയും ഒപ്പം സംതൃപ്തിയുമാണ് ഹൃദയാരോഗ്യത്തെ പോഷിപ്പിക്കുന്ന ഘടകങ്ങളിലൊന്ന് എന്ന് കണ്ടെത്തിയത് കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകരാണ്.

സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ നിരന്തരം ചെയ്യുന്നവര്‍ക്ക് ഹൃദയാഘാതമോ, ഹൃദയധമനികളെ ബാധിക്കുന്ന മറ്റ് രോഗങ്ങളോ വരാന്‍ സാധ്യതക്കുറവാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. 1739 പേരില്‍ പത്ത് വര്‍ഷം നടത്തിയ പഠനങ്ങളാണ് കൊളംബിയ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ബിഹേവിയറല്‍ ആന്‍ഡ് കാര്‍ഡിയോവാസ്‌കുലാര്‍ ഹെല്‍ത്തിലെ ഗവേഷകരെ ഇക്കാര്യം ബോധ്യപ്പെടുത്തിയത്. എളുപ്പത്തില്‍ സന്തോഷിക്കുന്നവരില്‍ നല്ല ഉറക്കം തുടങ്ങി ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ നല്ല ശീലങ്ങള്‍ കണ്ടുവരുന്നതായും പഠനം വ്യക്തമാക്കുന്നു.

ഒരു ദശാബ്ദക്കാലത്തെ നിരീക്ഷണ കാലയളവില്‍ സന്തോഷവും സംതൃപ്തിയും കൂടുതലായുള്ളവരില്‍ ഹൃദ്രോഗസാധ്യത 22 ശതമാനം കുറഞ്ഞതായാണ് കണ്ടെത്തിയത്.

ഇതിനെ സാധൂകരിക്കുന്ന നിരീക്ഷണമാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. ഗ്രെഗ് സി എഫ്. നല്‍കുന്നത്. വിഷാദം, ആകാംക്ഷ, കോപംതുടങ്ങിയ വികാരങ്ങള്‍ ഹൃദ്രോഗം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു.

മുന്‍പ് ബ്രിട്ടനിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് നടത്തിയ പഠനത്തിലും സമാനമായ കാര്യങ്ങള്‍ കണ്ടെത്തിയിരുന്നു. സന്തോഷവാന്മാരായി ഇരിക്കുന്നവരില്‍ മാനസികപിരിമുറുക്കം ഉണ്ടാക്കുന്ന ഹോര്‍മോണ്‍- കോര്‍ട്ടിസോളിന്റെ സാന്നിധ്യം കൂടുതലാണെന്നായിരുന്നു പഠനഫലം.2010-ല്‍ ലോകത്തെ ഹൃദ്രോഗികളില്‍ പകുതിയിലധികം ഇന്ത്യയിലായിരിക്കുമെന്ന് ലാന്‍സെറ്റ് ജേര്‍ണല്‍ രണ്ടുവര്‍ഷം മുന്‍പുതന്നെ മുന്നറിയിപ്പ് തന്നിരുന്നു. 
സന്തോഷഭരിതമാക്കാം മനസ്സും ജീവിതവും

ജീവിതത്തില്‍ സന്തോഷം കണ്ടെത്താനുള്ള ചില നിര്‍ദേശങ്ങള്‍ വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നു.

* ശാശ്വതമായ സന്തോഷം വിജയങ്ങളില്‍ നിന്ന് മാത്രം ലഭിക്കുന്നില്ല.
* സമയത്തെ നിയന്ത്രിക്കാന്‍ പഠിക്കുക.
* എല്ലാ പ്രവൃത്തിയും സന്തോഷത്തോടെ ചെയ്യുക.
* നിങ്ങളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്ന ജോലിയില്‍ ഏര്‍പ്പെടുക.
* ജോലിക്കൊപ്പം വിശ്രമത്തിന് മതിയായ സമയം കണ്ടെത്തുക.
* സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും മുന്‍ഗണന നല്‍കുക.
* നിങ്ങളെന്താണോ, അതില്‍ സംതൃപ്തനായിരിക്കുക.
* ജീവിതത്തിന്റെ ഭിന്നമേഖലകളില്‍ നിങ്ങളുടെ പങ്കാളിത്തമുണ്ടാക്കാന്‍ ശ്രമിക്കുക.
* സ്വയം അറിയാന്‍ ശ്രമിക്കുക.
* പ്രതീക്ഷാനിര്‍ഭരമായ കാര്യങ്ങളുമായി ജീവിതത്തെ ബന്ധിപ്പിക്കുക.

മധ്യവയസ്സിലെ ആരോഗ്യം: കൂടുതല്‍ ശ്രദ്ധ വേണം

വല്ലാത്ത നടുവേദന, എപ്പോഴും ക്ഷീണം, വണ്ണം വെക്കുന്ന ദേഹം... പ്രായത്തിനൊപ്പം അസ്വസ്ഥതകളും ഏറുന്നു. 40-55പ്രായത്തില്‍ വരാനിടയുള്ള രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധികളും വിശദീകരിക്കുകയാണ് ഡോ.ഷീലാ മണി(ഗൈനക്കോളജി വിഭാഗം, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്)



40 വയസ്സ്. യൗവനം വിടപറയാനൊരുങ്ങുകയാണ്. എങ്കിലും ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താവുന്നതേയുള്ളൂ. കൃത്യമായ വ്യായാമങ്ങള്‍, ചിട്ടയുള്ള ഭക്ഷണക്രമം, പോഷകസമൃദ്ധമായ ആഹാരം... അതൊക്കെ അത്യാവശ്യം. പ്രായമേറുമ്പോള്‍ രോഗങ്ങളും പിടിപെടാം. മധ്യവയസ്സില്‍പതിവായി മുഖംകാണിക്കുന്ന ചില രോഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും അറിയാം.


വല്ലാതെ തടികൂടുന്നു. അതേസമയം ദേഹം മൊത്തം ക്ഷീണവുംവരുന്നു. ഇതെന്തുകൊണ്ടാണ്?


നാല്‍പത് വയസ്സ് കഴിയുമ്പോള്‍ അസ്ഥികള്‍ക്ക് ബലക്ഷയം വരുന്നത് സ്വാഭാവികമാണ്. ശരീരം ദുര്‍ബലമാവുകയും ചെയ്യും. ഈ സമയത്ത് നടത്തം, ജോഗിങ്, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങള്‍ ശീലമാക്കണം. ശരീരത്തിന് നല്ല വ്യായാമം ലഭിക്കുമ്പോള്‍ രക്തത്തിലുള്ള കാല്‍സ്യം ശരീരകോശങ്ങളിലേക്ക് എളുപ്പം എത്തുന്നു. കാല്‍സ്യം ഗുളികകള്‍ ഡോക്ടറുടെ ഉപദേശത്തിനനുസരിച്ച് കഴിക്കുക. കാല്‍സ്യം അടങ്ങിയ പാലും പാലുല്‍പ്പന്നങ്ങളും നന്നായി കഴിക്കണം. പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് സാധ്യത ഉള്ളതിനാല്‍ പാടനീക്കിയ പാല്‍ കഴിച്ചാല്‍ മതി. വ്യത്യസ്തമായ പഴവര്‍ഗങ്ങളും ഇലക്കറികളും ആഹാരത്തിലുള്‍പ്പെടുത്തുക. ഇവയിലടങ്ങിയ പോഷകങ്ങള്‍ ആരോഗ്യം നിലനിര്‍ത്തും. കാല്‍സ്യം അടങ്ങിയ ചെറുമീനുകള്‍ കഴിക്കുക; മുള്ള് ഉള്ള നത്തോലി പോലുള്ളവ.


ഇടുപ്പിലെ എല്ലിന് തേയ്മാനം വന്നു. ഇതിന് പ്രതിവിധിയുണ്ടോ?


അസ്ഥികള്‍ക്ക് വരുന്ന ബലക്ഷയം, ചതവ്, ഒടിവ് എന്നിവയെ മൊത്തമായി 'ഓസ്റ്റിയോപൊറോസിസ്' എന്ന രോഗമായിട്ടാണ് ചികിത്സിക്കുന്നത്. ആര്‍ത്തവ വിരാമത്തോടെ സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നു. ഈസ്ട്രജനാണ് എല്ലുകള്‍ക്ക് ദൃഢതയും ആരോഗ്യവും നല്‍കുന്നത്. ഈ സംരക്ഷണം നഷ്ടപ്പെടുന്നതാണ് അസ്ഥികളുടെ ബലക്ഷയത്തിന് പ്രധാന കാരണം. ഇടുപ്പിലെ എല്ലുകള്‍ക്ക് തേയ്മാനം വരുന്നതും ഇതേകാരണം കൊണ്ടുതന്നെ. ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയാണ് അസ്ഥികളുടെ ബലക്ഷയത്തിനുള്ള ചികിത്സ. കാന്‍സര്‍, ഹൃദയത്തിനോ കരളിനോ വന്ന രോഗബാധ എന്നിവയുള്ളവര്‍ക്ക് ഈ ചികിത്സ ഉചിതമല്ല.


അസ്ഥികള്‍ക്ക് ബലക്ഷയം വരാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം?


പ്രകൃതിദത്തമായ ചില ആഹാരപദാര്‍ഥങ്ങളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ സമൃദ്ധമായുണ്ട്. സോയാബീന്‍സ്, പയര്‍വര്‍ഗങ്ങള്‍, ചേന, കാച്ചില്‍ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ നന്നായി കഴിക്കുക.


ഗര്‍ഭാശയത്തിന് വരുന്ന രോഗങ്ങള്‍, പ്രത്യേകിച്ചും ഗര്‍ഭാശയഗള കാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍ കഴിയുമോ?


ലോകാരോഗ്യസംഘടന (WHO)യുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭാശയഗളകാന്‍സര്‍ രോഗികളുള്ള രാജ്യം ഇന്ത്യയാണ്.

ഗര്‍ഭാശയമുഖത്തെയാണ് ഇത് ബാധിക്കുന്നത്. 40-50 വയസ്സുള്ളവരിലാണ് ഈ രോഗം സാധാരണയായി കാണുന്നത്. ആരംഭത്തില്‍ രോഗം ശ്രദ്ധിക്കപ്പെടുന്നില്ല. രോഗം മൂര്‍ഛിച്ച് സങ്കീര്‍ണമാകുന്ന ഘട്ടത്തിലാണ് 80% രോഗികളും വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തുന്നത്. അപ്പോഴേയ്ക്കും സാധാരണ ചികിത്സകളില്‍ രോഗം ഒതുങ്ങാതെ വരുന്നു.

ചെറുപ്രായത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയവര്‍, ഒന്നിലേറെ ലൈംഗികപങ്കാളികള്‍ ഉള്ളവര്‍ ഇവര്‍ക്കൊക്കെ ഗര്‍ഭാശയഗള കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ക്ക് ഹ്യൂമന്‍ പാപ്പിലോമ (Human papilloma Virus) അണുബാധ ഉണ്ടാകാം. ഈ വൈറസാണ് ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രധാനകാരണം.

ലൈംഗികബന്ധത്തിലേര്‍പ്പെട്ടയുടനെയുള്ള രക്തസ്രാവം കാന്‍സറിന്റെ ലക്ഷണമാവാം. യോനിയില്‍ തുടര്‍ച്ചയായുള്ള അണുബാധ, , ദുര്‍ഗന്ധം എന്നിവയും ഈ കാന്‍സറിന്റെ ലക്ഷണമായി വരാറുണ്ട്. രോഗം അപകടകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കഠിനമായ നടുവേദനയും വരാറുണ്ട്.

രോഗനിര്‍ണയം: ഗര്‍ഭാശയഗള കാന്‍സര്‍ തുടങ്ങുന്നതിന് 10-20 വര്‍ഷങ്ങള്‍ മുമ്പുതന്നെ ഭൂരിപക്ഷം സ്ത്രീകളിലും കാന്‍സറിന്റെ മുന്നോടികളായ ചില കോശവ്യതിയാനങ്ങള്‍ കാണപ്പെടാറുണ്ട്. രോഗലക്ഷണങ്ങള്‍ കാണുകയില്ല. എന്നാല്‍ പാപ്‌സ്മിയര്‍ എന്ന ലഘുപരിശോധനയിലൂടെ ഈ കോശവ്യതിയാനങ്ങള്‍ ഉണ്ടോ എന്ന് മനസ്സിലാക്കാം. കോള്‍പോസ്‌കോപി (Colposcopy) പോലുള്ള വിദഗ്ധ പരിശോധനകള്‍ ചെയ്യാം. അങ്ങനെ നേരത്തെ ചികിത്സിക്കാം.


ഗര്‍ഭാശയഗള കാന്‍സറിന് പ്രതിരോധമാര്‍ഗങ്ങളുണ്ടോ?


ലൈംഗികശുചിത്വവും ലൈംഗിക സംയമനവും പാലിക്കുക. ബന്ധപ്പെടുമ്പോള്‍ ഉറകള്‍ ധരിക്കുക. ഇതുമൂലം ഗര്‍ഭാശയഗള കാന്‍സറിനോടൊപ്പം മറ്റു ലൈംഗികരോഗങ്ങളും എയ്ഡ്‌സും തടയാന്‍ പറ്റും.

ഗര്‍ഭാശയഗള കാന്‍സറിന് ഏറ്റവും പ്രധാന കാരണമായ ഹ്യൂമന്‍ പാപ്പിലോമ വൈറസിന് എതിരെയുള്ള വാക്‌സിന്‍ ഇന്ന് ലഭ്യമാണ്. 13-26 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് ഈ വാക്‌സിന്‍ നല്‍കി രോഗം തടയാം.


അണ്ഡാശയ ട്യൂമര്‍ ഫലപ്രദമായി ചികിത്സിച്ച് മാറ്റാന്‍ കഴിയുമോ?


അണ്ഡാശയ ട്യൂമര്‍ കാന്‍സര്‍ ആകാന്‍ സാധ്യതയുള്ളതും അല്ലാത്തതുമായി രണ്ടുതരം ഉണ്ട്. പാരമ്പര്യം, നേരത്തെ പ്രായപൂര്‍ത്തിയാകല്‍, താമസിച്ചുള്ള ആര്‍ത്തവവിരാമം, കുട്ടികള്‍ ഉണ്ടാകാനുള്ള മരുന്നുകള്‍ കഴിക്കുന്നത്, ഇവയൊക്കെ ട്യൂമര്‍ വരാനുള്ള സാധ്യത കൂട്ടുന്നു. നേരെമറിച്ച് കൂടുതല്‍ കുട്ടികള്‍ ഉള്ളവരിലും കുഞ്ഞിന് മുലയൂട്ടുന്നവരിലും ഗര്‍ഭനിരോധന ഗുളികകള്‍കഴിക്കുന്നവരിലും അണ്ഡാശയ ട്യൂമറിന് സാധ്യത കുറയുന്നു.

80% ആളുകളിലും ഒരു രോഗലക്ഷണവും കാണുകയില്ല. അപൂര്‍വമായി ചിലരില്‍ രക്തസ്രാവം, വയറുവേദന, എപ്പോഴും വയറ്റില്‍ വായു കെട്ടിക്കിടക്കുന്ന തോന്നല്‍ എന്നിവ ലക്ഷണങ്ങളായി വരാറുണ്ട്. പ്രത്യേക രക്തപരിശോധനകള്‍ (Tumour markers), അള്‍ട്രാസൗണ്ട് സ്‌കാനിങ്, സി.ടി, എം.ആര്‍.ഐ. തുടങ്ങിയ പരിശോധനകള്‍ വഴി രോഗത്തിന്റെ വ്യാപ്തി മനസ്സിലാക്കിയാല്‍ റേഡിയോ തെറാപ്പി പോലുള്ള ചികിത്സകള്‍ ചെയ്യാം.


അണ്ഡാശയ ട്യൂമര്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ മാര്‍ഗമുണ്ടോ?


40 വയസ്സിനുശേഷം വര്‍ഷത്തിലൊരിക്കല്‍ കൃത്യമായ വൈദ്യപരിശോധനയും യോനിയില്‍കൂടിയുള്ള സ്‌കാനിങ്ങും (Transvagial Scanning) നടത്തിയാല്‍ ഇത്തരം ട്യൂമറുകളെ തിരിച്ചറിയാം.


ഗര്‍ഭാശയമുഴ ഉണ്ടാവുന്നത് എന്തുകൊണ്ടാണ്?


സ്ത്രീകളില്‍ കാണപ്പെടുന്ന, കാന്‍സര്‍ സാധ്യത ഏറ്റവും കുറവുള്ള ട്യൂമറാണ് ഗര്‍ഭാശയമുഴ. സാധാരണയായി 35-45 വയസ്സുള്ളവരിലാണ് ഇത് കാണുന്നത്. സ്ത്രീ ഹോര്‍മോണ്‍ ആയ ഈസ്ട്രജന്റെ അമിതോല്പാദനം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ചെറിയ മുഴകള്‍ തൊട്ട് വലുപ്പമേറിയ മുഴകള്‍ വരെയുണ്ട്. ഗര്‍ഭാശയ പേശികളില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമൊക്കെ ഇവ വളരും; ഇതനുസരിച്ച് രോഗലക്ഷണവും മാറും. ആര്‍ത്തവവിരാമത്തിനു ശേഷം പുതിയതായി മുഴകള്‍ ഉണ്ടാവുകയില്ല.

പ്രസവിക്കാത്ത സ്ത്രീകളിലും കുട്ടികള്‍ കുറവുള്ളവരിലും ഗര്‍ഭാശയമുഴ വരാന്‍ കൂടുതല്‍ സാധ്യതയുണ്ട്.


എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍?


ആര്‍ത്തവ സമയത്തുള്ള അമിത രക്തസ്രാവം, വേദനയോടെയുള്ള ആര്‍ത്തവം,അടിവയറിലെ അസ്വസ്ഥത തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലര്‍ക്ക് ഒരു രോഗലക്ഷണവും കാണില്ല. മറ്റേതെങ്കിലും കാരണങ്ങള്‍ക്കായി സ്‌കാന്‍ ചെയ്യുമ്പോഴായിരിക്കും മുഴ കണ്ടുപിടിക്കു
ന്നത്.

വളരെപെട്ടെന്ന് വലുതാകുന്ന മുഴ കാന്‍സറിന്റെ ലക്ഷണമാണ്. അമിത രക്തസ്രാവം, മൂത്രതടസ്സം, വയറില്‍ ഭാരവും മറ്റസ്വസ്ഥതകളും, വലുപ്പമുള്ള മുഴ (14 സെ.മീറ്ററില്‍ കൂടുതല്‍) ഉള്ളവര്‍ക്ക് ആവശ്യത്തിന് കുട്ടികള്‍ ഉണ്ടെങ്കില്‍ മുഴയോടൊപ്പം ഗര്‍ഭപാത്രംകൂടി നീക്കാവുന്നതാണ്. 

ഗര്‍ഭാശയം നീക്കംചെയ്യല്‍ ശസ്ത്രക്രിയ വയറു തുറന്നോ യോനിയില്‍ക്കൂടിയോ ലാപ്രോസ്‌കോപ്പി വഴിയോ ചെയ്യാം.
മുഴ ചെറുതാക്കാനായി മരുന്നുകളും ഇപ്പോള്‍ ലഭ്യമാണ്. ആര്‍ത്തവവിരാമത്തിന് തൊട്ടുമുമ്പായി മുഴ കണ്ടുപിടിക്കുന്നവരിലും ശസ്ത്രക്രിയ നീട്ടിവയ്‌ക്കേണ്ടവരിലും ഇത് ചെയ്യാം. മരുന്ന് നിര്‍ത്തിക്കഴിഞ്ഞാല്‍ മുഴ പഴയതുപോലെ തിരിച്ചുവരും എന്നതാണ് ഇതിന്റെ പ്രശ്‌നം.


അമിത രക്തസ്രാവം എന്തുകൊണ്ടാണ് ഉണ്ടാവുന്നത്? ഇതൊരു രോഗലക്ഷണമാണോ?


40-55 വരെയുള്ള പ്രായത്തില്‍ വളരെ സാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ് അമിതമോ അസ്വാഭാവികമോ ആയ രക്തസ്രാവം. സാ ധാരണ രീതിയില്‍ 100മില്ലിയില്‍ കൂടുതല്‍ ഒരു ദിവസം ബ്ലീഡിങ് ഉണ്ടായാല്‍ അത് അമിതരക്തസ്രാവമാണ്. ക്ഷീണമുണ്ടാക്കുന്ന അമിതരക്തസ്രാവത്തിനു പിന്നില്‍, താഴെ കൊടുക്കുന്ന കാരണങ്ങളില്‍ ഒന്നാവാം.

ഹോര്‍മോണുകളുടെ വ്യതിയാനം.

ഗര്‍ഭാശയസംബന്ധമായ അവയവങ്ങളിലെ നീര്‍ക്കെട്ട്.

പോഷകാഹാരക്കുറവ് മൂലമുള്ള വിളര്‍ച്ച.

ഗര്‍ഭാശയമുഴകള്‍

പി.സി.ഒ.ഡി. (Poly cystic ovarian disease)

ഓവേറിയന്‍ ട്യൂമര്‍, ചോക്കളേറ്റ് സിസ്റ്റ്, എന്‍ഡോമെട്രിയോസിസ്

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന്റെ അപാകം; പ്രധാനമായും ഹൈപ്പോതൈറോയ്ഡിസം.

രക്തസംബന്ധമായ രോഗങ്ങള്‍ - ലുക്കീമിയ, രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ കുറവ്.

വൈദ്യപരിശോധനയിലൂടെ യഥാര്‍ഥ രോഗം കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് വേണ്ടത്. ചിലപ്പോള്‍ പരിശോധനയിലും സ്‌കാനിങ്ങിലും ഗര്‍ഭപാത്രം സ്വാഭാവികമായി കാണാം. ഇതിനെ ഡിസ്ഫങ്ഷണല്‍ യൂട്ടറിന്‍ ബ്ലീഡിങ് എന്നു പറയും. ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ് ഇതുണ്ടാവുന്നത്. മരുന്നുകൊണ്ട് ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരസുഖമാണിത്. 30 ശതമാനം ആളുകള്‍ക്കും ഡി ആന്റ് സി കൊണ്ടുതന്നെ സുഖപ്പെടും.


മറ്റു ചികിത്സാരീതികള്‍ എന്തൊക്കെയാണ്?


ബ്ലീഡിങ് ഉണ്ടാകാതിരിക്കാനായി പല മാര്‍ഗങ്ങളുപയോഗിച്ച് ഗര്‍ഭാശയത്തിനുള്ളിലെ ലൈനിങ്ങിനെ നശിപ്പിക്കാം. കുട്ടികള്‍ ഉള്ളവര്‍ക്ക് ഗര്‍ഭപാത്രം നീക്കുകയും ചെയ്യാം.


നടുവേദന എന്തുകൊണ്ട് വരുന്നു? വരാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? ചികിത്സ ഫലപ്രദമാണോ?


പല സ്ത്രീകളും നടുവേദന ഒരു പ്രധാന പ്രശ്‌നമായി പറയാറുണ്ട്. അമിതവണ്ണം, ആഹാരത്തിലെ കാത്സ്യത്തിന്റെ കുറവ്, കഠിനാധ്വാനം, ആര്‍ത്തവവുമായി ബന്ധപ്പെട്ട നടുവേദന, നട്ടെല്ലിലെ ഡിസ്‌കിന്റെ പ്രശ്‌നം, എല്ലിന്റെ തേയ്മാനം, ഗര്‍ഭാശയമുഖത്തെ കുരുക്കള്‍, ഗര്‍ഭാശയത്തിലെ നീര്‍ക്കെട്ട് തുടങ്ങിയവ കാരണമായേക്കാം.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പരിശോധന നടത്തി ചികിത്സിക്കുക. ഒപ്പം അമിതവണ്ണം കുറയ്ക്കുക., കാല്‍സ്യം ഗുളികകള്‍ കഴിക്കുക, ഹൈഹീല്‍ഡ് ചെരുപ്പ് ഒഴിവാക്കുക, കൃത്യമായ വ്യായാമമുറകള്‍ പരിശീലിക്കുക എന്നിവയും പ്രധാനമാണ്.


സ്തനാര്‍ബുദത്തിന് കാരണങ്ങളെന്തൊക്കെയാണ്? ഇത് നേരത്തെ തിരിച്ചറിയാന്‍ സാധിക്കുമോ?


സ്ത്രീകള്‍ക്കിടയില്‍ ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സര്‍ ആണിത്. ആദ്യത്തെ കുട്ടി താമസിച്ചുണ്ടാകുന്നവര്‍, കുട്ടിക്ക് പാല്‍കൊടുക്കാത്തവര്‍, പാരമ്പര്യം, അണ്ഡാശയ ട്യൂമര്‍, കുട്ടികള്‍ ഇല്ലാത്തവര്‍, പ്രായം ചെന്നവര്‍, ഹോര്‍മോണുകളുടെ അമിതോപയോഗം ഇവ രോഗസാധ്യത കൂട്ടുന്നു.

മാമോഗ്രാഫി, എചഅഇ, അള്‍ട്രാസൗണ്ട് തുടങ്ങിയ പരിശോധനകള്‍ വഴി 99.5 ശതമാനം സ്തനാര്‍ബുദവും കണ്ടുപിടിക്കാം.

കുളിക്കുമ്പോഴും മറ്റും സ്തനം പരിശോധിക്കുന്നത് ശീലമാക്കുക. മുഴയുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക. ആര്‍ത്തവവിരാമത്തിനുശേഷം ഹോര്‍മോണ്‍ ഗുളികകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതിനു മുമ്പായി മാമോഗ്രാഫി എടുക്കുക.

സയാറ്റിക്കയ്ക്ക് ആയുര്‍വേദം

ഡോ.രാമകൃഷ്ണന്‍ ദ്വരസ്വാമി

നട്ടെല്ലില്‍ നിന്ന് തുടങ്ങി കാലുകളിലേക്ക് പടരുന്ന ഒരു വേദന. ചിലപ്പോഴെങ്കിലും ഇത് അസ്വസ്ഥരാക്കിയിട്ടുണ്ടോ. കാലിന്റെ പിന്‍വശത്ത് മരവിപ്പ്, തരിപ്പ്, വേദന എന്നിങ്ങനെ എന്തെങ്കിലും തോന്നിയിട്ടുണ്ടോ. സയാറ്റിക്ക എന്ന അസുഖത്തിന്റെ ലക്ഷണമാവാം ഇവയൊക്കെ. നട്ടെല്ലിന് ഇടയ്ക്കുള്ള ഡിസ്‌കിന് സംഭവിക്കുന്ന ചതവുകളാണ് ഇതിന് കാരണമാവുന്നത്. അതേപോലെ ഡിസ്‌കിനുണ്ടാവുന്ന തേയ്മാനം, സ്ഥാനചലനം എന്നിവകൊണ്ടും രോഗം വരാം. പരിധിയില്‍ കവിഞ്ഞ ഭാരം വഹിക്കുന്നവര്‍, അമിതമായി വ്യായാമം ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഈ അസുഖം വരാന്‍ സാധ്യതയുണ്ട്. അതേപോലെ സ്ഥിരമായി ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നതും ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീഴുകയോ കാലിടറുകയോ ചെയ്യുന്നതും സയാറ്റിക്കയ്ക്ക് ഇടയാക്കാം. നടന്നുതുടങ്ങുന്ന പ്രായത്തില്‍ കുട്ടികള്‍ തുടരെത്തുടരെ നടുവിടിച്ച് വീഴുന്നത് ശ്രദ്ധിക്കണം. ഭാവിയില്‍ ഇതും അസുഖം വരാന്‍ കാരണമായേക്കാം.

കാലിന്റെ താഴെ തുടങ്ങി നട്ടെല്ലുവരെ വ്യാപിക്കുന്ന വേദന, ഷോക്കടിക്കുംപോലെ തോന്നിപ്പിക്കുന്ന വേദന. കാലിന്റെ പുകച്ചില്‍, കാല് തുടിക്കുന്നതുപോലുള്ള തോന്നല്‍. ഒരു കാലില്‍ മാത്രം മരവിപ്പോ ബലക്ഷയമോ ഉണ്ടാവുക എന്നിവയൊക്കെ ഇതിന്റെ സൂചനയാവാം.


ചികിത്സ


ആയുര്‍വേദത്തില്‍ സയാറ്റിക്കയെ വാതരോഗത്തിന്റെ വകഭേദമായാണ് വിശേഷിപ്പിക്കുന്നത്. ധാന്വാമൃധാര, പൊടിക്കിഴി, നാരങ്ങാക്കിഴി, ഇലക്കിഴി, പിഴിച്ചില്‍ എന്നീ ചികിത്സകളാണ് ചെയ്യുന്നത്. മരുന്നരച്ചിടുകയും തൈലത്തില്‍ തുണി നനച്ചിടുകയും ചെയ്യാറുണ്ട്. വിരേചനം (വയറിളക്കല്‍), വസ്തി (ഔഷധം മലദ്വാരത്തിലൂടെ കയറ്റി അല്‍പം കഴിഞ്ഞ് പുറത്തുകളയുന്ന ചികിത്സ) എന്നിവയും ചെയ്യാറുണ്ട്. ഗന്ധര്‍വഹസ്ത്യാദി കഷായം, രാസ്‌നാസപ്തകം കഷായം, രാസ്‌നൈരണ്ഡാദി കഷായം, സഹചരാദി കഷായം എന്നിവയിലേതെങ്കിലും കഴിക്കേണ്ടതാണ്.


അല്പം കരുതല്‍


തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യേണ്ടിവരുമ്പോള്‍ നടുവ് നിവര്‍ത്തി പാദങ്ങള്‍ നിലത്തുറപ്പിച്ചിരിക്കണം. നടുവ് കുനിയാതെ നിവര്‍ന്നിരിക്കത്തക്കവിധം മേശയും കസേരയുമായുള്ള അകലം ക്രമീകരിക്കണം. ഒരേരീതിയില്‍ അധികനേരം ഇരിക്കുന്നത് ഒഴിവാക്കണം. അര മണിക്കൂര്‍ കൂടുമ്പോഴെങ്കിലും അല്‍പനേരം നടക്കണം. കൈയും കാലും ഇടയ്ക്കിടെ ഇളക്കുന്നത് നടുവിന്റെ സമ്മര്‍ദം കുറയ്ക്കും.

അസ്ഥി ദ്രവിക്കല്‍ തുടക്കത്തിലേ കണ്ടെത്താം
ഡോ.ഒ.കെ.മുരളീകൃഷ്ണന്‍

ആര്‍ത്തവ വിരാമം വന്ന സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന അവസ്ഥയാണ് അസ്ഥിദ്രവിക്കല്‍ (Osteoporosis). പ്രായം കൂടുമ്പോള്‍ അസ്ഥികളുടെ ബലത്തില്‍ വരുന്ന ശോഷണമാണ് രോഗകാരണം. മുപ്പത് വയസ്സിന് ശേഷം അസ്ഥികളുടെ ബലം ക്രമേണ കുറഞ്ഞു വരുന്നു. സ്ത്രീകളുടെ കാര്യത്തിലാണെങ്കില്‍ ആര്‍ത്തവവിരാമത്തിന് ശേഷം ഇത് വേഗത്തിലാവുന്നു. എല്ലു പൊട്ടാനുള്ള സാധ്യതയും വര്‍ധിക്കുന്നു.


ലക്ഷണം


പെട്ടെന്ന് കണ്ടുപിടിക്കാവുന്ന ലക്ഷണങ്ങളില്ലെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ശാരീരികമായി അസ്വസ്ഥതയൊന്നുമില്ലാത്തവര്‍ക്കും പെട്ടെന്ന് ചെറിയൊരു വീഴ്ചയില്‍ പോലും എല്ലുപൊട്ടാം. രോഗാവസ്ഥ കൂടുതലാണെങ്കില്‍ മാത്രമേ എക്‌സ്‌റേയില്‍ പോലും കണ്ടുപിടിക്കാനാവൂ. ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റ് (ബി.എം.ടി.) അല്ലെങ്കില്‍ ബോണ്‍ ഡെന്‍സിറ്റോമെട്രി എന്നീ പരിശോധനകള്‍ വഴി തുടക്കത്തില്‍ തന്നെ അസ്ഥിദ്രവിക്കല്‍ കണ്ടുപിടിക്കാം.


രോഗാവസ്ഥ


ഇടുപ്പ്, നട്ടെല്ല്, കണങ്കൈ എന്നിവിടങ്ങളിലെ പൊട്ടലാണ് രോഗബാധിതരില്‍ പ്രധാനമായും കണ്ടുവരുന്നത്. ഇടുപ്പിലുണ്ടാവുന്ന ഒടിവുകള്‍ രോഗിക്ക് സാധാരണ ജീവിതം നയിക്കാന്‍ പോലും പ്രയാസമുണ്ടാക്കും. നട്ടെല്ലിനെ ബാധിക്കുമ്പോള്‍ ചെറുതായി കുനിയുന്നത് പോലും എല്ലുപൊട്ടലില്‍ കലാശിക്കും. നിവര്‍ന്നുനില്ക്കാന്‍ കഴിയാത്ത അവസ്ഥയും കടുത്ത വേദനയും ഉണ്ടാകാം. കടുത്ത രോഗാവസ്ഥയാണെങ്കില്‍ ചെറിയൊരു വീഴ്ചയില്‍ പോലും ഒന്നിലധികം എല്ലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ട്.


രോഗസാധ്യത


പുരുഷന്മാര്‍ക്കും രോഗം വരാം. എന്നാല്‍ സ്ത്രീകളിലാണ് രോഗസാധ്യത കൂടുതല്‍. തടിച്ച ശരീരപ്രകൃതിയുള്ളവരെ അപേക്ഷിച്ച് മെലിഞ്ഞവര്‍ക്കാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ആര്‍ത്തവത്തില്‍ നീണ്ട ഇടവേളകളുള്ളവരും അണ്ഡാശയം നീക്കം ചെയ്തവരും ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകളില്‍ ഈസ്ട്രജന്റെ കുറവുള്ളവരെയും ആണുങ്ങളില്‍ പുരുഷഹോര്‍മോണ്‍ കുറവുള്ളവരെയും രോഗം എളുപ്പം പിടികൂടുന്നു.


പ്രതിരോധം


പ്രായം കൂടുമ്പോള്‍ എല്ലാവര്‍ക്കും രോഗം പിടിപെടണമെന്നില്ല. കാത്സ്യവും വിറ്റമിന്‍ ഡിയും അടങ്ങിയ ഭക്ഷണം ചെറുപ്പത്തിലേ ശീലമാക്കണം. മദ്യപാനവും പുകവലിയും ഒഴിവാക്കുന്നതും വാര്‍ധക്യത്തില്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലില്‍പ്പെടും. കൃത്യമായ വ്യായാമം ചെറുപ്പത്തിലേ ശീലമാക്കുന്നത് അസ്ഥികളുടെ ബലം വര്‍ധിപ്പിച്ച് രോഗത്തെ തടയുന്നു. കേരളത്തില്‍ വ്യായാമത്തിന്റെ കാര്യത്തില്‍ സ്ത്രീകളാണ് പിന്നാക്കം. (യന്ത്രവത്കൃത അടുക്കളയിലെ ജോലികള്‍ വ്യായാമത്തില്‍ പെടില്ലെന്നോര്‍ക്കുക). തുടക്കത്തിലേയുള്ള രോഗനിര്‍ണയവും വിദഗ്ദ്ധ ചികിത്സയുമാണ് പ്രധാനം.

വിഷാദമകറ്റാന്‍ വ്യായാമം

യാസിര്‍ ഫയാസ്‌

വിഷാദം സ്വാഭാവിക മനുഷ്യ ഭാവമാണ്. ജീവിതത്തിലൊരിക്കലെങ്കിലും ആ വികാരം അനുഭവിക്കാത്തവരുണ്ടാവില്ല. മോഹഭംഗങ്ങളും മരണവുമൊക്കെയാണ് പലപ്പോഴും അതിലേക്ക് നയിക്കുന്നത്. വിഷാദത്തില്‍ നിന്ന് കരകയറി പതിയെ ജീവിതത്തിന്റെ ഊര്‍ജസ്വലതകളിലേക്ക് മടങ്ങിയെത്തുന്ന വ്യക്തിക്ക് കാലവും കണ്ണീരുമൊക്കെയാണ് ശമനൗഷധമായി മാറാറ്. എന്നാല്‍ ചിലപ്പോഴെങ്കിലും വിഷാദം ജീവിതത്തിന്റെ സ്ഥായീഭാവമായി മാറാറുണ്ട്. ഒന്നിനും മനസ്സിന് ആനന്ദവും ഊര്‍ജസ്വലതയും നല്‍കാനാവാത്ത അവസ്ഥ. വിഷാദമെന്ന വികാരം വിഷാദമെന്ന രോഗമായി മാറുന്ന ഇത്തരം അവസ്ഥ കൃത്യമായി കണ്ടെത്തി ചികിത്സിക്കപ്പെടേണ്ടതാണ്. ഉത്കണ്ഠകളും തിരക്കുകളുമൊക്കെ ആധിയേറ്റുന്ന ആധുനിക ജീവിതത്തില്‍ വിഷാദം ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി മാറുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 10 ശതമാനം പേരെങ്കിലും ജീവിതത്തില്‍ ഇത്തരം അതിവിഷാദാവസ്ഥകള്‍ അനുഭവിക്കുന്നുണ്ട്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇത് 24 ശതമാനമെത്തുമെന്നും 2050 ഓടെ മനുഷ്യരാശിയെ ബാധിക്കുന്ന പരാധീനതകളില്‍ ഒന്നാം സ്ഥാനത്ത് വിഷാദമായിരിക്കുമെന്നുമാണ് നിഗമനം.


വിഷാദമെന്ന ചതുപ്പ്


വിഷാദം, എത്ര നിരാശാഭരിതമായ അവസ്ഥയാണത്. ചിലപ്പോള്‍ ക്ഷീണം കൊണ്ട് എണീറ്റുനില്ക്കാന്‍ പോലും പറ്റാത്ത അവസ്ഥ. മറ്റു ചിലപ്പോള്‍ സമാധാനിപ്പിക്കാനാവാത്തത്ര ഉത്കണ്ഠകള്‍. ഇരിപ്പിലും നടപ്പിലുമൊക്കെ സദാ ദുഖഭാവം. ലക്ഷണങ്ങളേതായാലും ആ ഇരുണ്ട ഗര്‍ത്തത്തില്‍ നിന്ന് രക്ഷപ്പെട്ടേ പറ്റൂ. ചവിട്ടുന്തോറും താഴ്ന്നു താഴ്ന്നു പോകുന്ന ചതുപ്പു പോലെയാണ് വിഷാദം. മരുന്നും മന്ത്രവുമൊക്കെ (കൗണ്‍സലിങ് ) വിഷാദത്തിന് ശമനമേകും. ഒപ്പം മറ്റു ചില ഉപായങ്ങള്‍ കൂടിയുണ്ട്. വിഷാദച്ചതുപ്പില്‍ നിന്ന് കരകേറാന്‍ സഹായിക്കുന്ന കച്ചിത്തുരുമ്പുകള്‍. അതില്‍ അവസാനം മാത്രം നമ്മുടെ നോട്ടമെത്തുന്ന ഒന്നാണ് വ്യയാമം. പക്ഷേ, പെയിന്‍ കില്ലര്‍ പോലെ വളരെ വേഗം അത് ആശ്വസം നല്‍കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശാരീരികവും മാനസികവുമായ നിരവധി ഗുരുതര രോഗങ്ങളിലേക്കും ദുശ്ശീലങ്ങളിലേക്കും എന്തിന് മരണത്തിലേക്ക് വരെ നയിക്കുന്ന ഈ വിഷാദ ലക്ഷണങ്ങളെ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ അകറ്റി നിര്‍ത്താമെന്ന് സാരം. 

രോഗ ചികിത്സാ രംഗത്ത് സര്‍വരോഗ സംഹാരിയെന്ന നിലയ്ക്കുതന്നെ ഇന്ന് എല്ലാവരാലും പരിഗണിക്കപ്പെടുന്ന വ്യായാമത്തിന് വിഷാദ ലക്ഷണങ്ങളെ അകറ്റാനും കഴിയുമെന്നാണ് പുതുപഠനങ്ങള്‍. സിറട്ടോണിന്‍, നോര്‍എപ്പിനെഫ്രിന്‍ എന്നീ നാഡീ വ്യായാമത്തിന്റെ മാനസികവും ശാരീരികവുമായ ഗുണഫലങ്ങളാണ് ഉത്കണ്ഠയും വിഷാദവുമകറ്റാനും മൂഡ് മെച്ചപ്പെടുത്താനും സഹായിക്കുന്നത്. വിഷാദ ലക്ഷണങ്ങള്‍ കുറച്ച് മനസ്സിനു ലാഘവം നല്‍കാനും അവ വീണ്ടും വരാതിരിക്കാനും വ്യായാമം സഹായിക്കും. വ്യായാമം പല തലത്തിലാണ് വിഷാദത്തെ അകറ്റുന്നത്. നല്ല മൂഡ് പ്രദാനം ചെയ്യുന്നതിന് അടിത്തറയായി പ്രവര്‍ത്തിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളും എന്‍ഡോര്‍ഫിനും പോലുള്ള മസ്തിഷ്‌ക രാസവസ്തുക്കളുടെ അളവ് വര്‍ധിപ്പിക്കലാണ് ഒന്ന്. വിഷാദാവസ്ഥ അധികരിക്കാന്‍ ഇടയാക്കുന്ന പ്രതിരോധ വ്യവസ്ഥാസ്രവങ്ങളുടെ ഉത്പാദനം കുറച്ച് ശരീരതാപനിലഉയര്‍ത്താനും വ്യായാമം സഹായിക്കും. ആത്മവിശ്വാസം കൂട്ടുക, ശാരീരിക സൗന്ദര്യവും ആരോഗ്യവും മെച്ചപ്പെടുത്തുക, വിഷാദമേറ്റുന്ന നെഗറ്റീവ് ചിന്തകളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുക, മറ്റുള്ളവരോടൊത്ത് കൂടുതല്‍ ഇടപഴകാനുള്ള അവസരമൊരുക്കുക, വിഷാദമകറ്റാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നു എന്ന പോസിറ്റീവ് ചിന്ത നല്‍കുക എന്നിങ്ങനെ വൈകാരികവും മാനസികവുമായ തലങ്ങളിലും വ്യായാമം വിഷാദലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. വ്യായാമം നല്ല ഉറക്കവും നല്‍കും. പലപ്പോഴും വിഷാദ രോഗികള്‍ക്ക് ഉറക്കം ഒരു കീറാമുട്ടിയാണെന്ന് ഓര്‍ക്കുക.


ഏതുതരം വ്യായാമം


വ്യായാമം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്ന ചിത്രങ്ങള്‍ നടത്തവും ജോഗിങ്ങുമൊക്കെയാണ്. എന്നാല്‍ ശാരീരിക ആയാസം നല്‍കുന്ന ഏത് വ്യായാമവും വിഷാദമകറ്റാന്‍ സഹായിക്കും. സൈക്ലിങ്, വെയിറ്റ് ട്രെയിനിങ്, ഫുട്‌ബോള്‍, ഷട്ടില്‍, ബാസ്‌കറ്റ്‌ബോള്‍ തുടങ്ങിയ കളികള്‍എന്നിങ്ങനെ ഹൃദയമിടിപ്പ് ഉയര്‍ത്തുന്ന ഏത് വ്യായാമവും ഗുണം ചെയ്യും. 

എയറോബിക്‌സ്, ജോഗിങ് തുടങ്ങിയ തീവ്രത കൂടിയ വ്യായാമങ്ങള്‍ നല്ല മൂഡ് നല്‍കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. പൂന്തോട്ടമൊരുക്കല്‍, സ്വന്തം വസ്ത്രങ്ങള്‍ അലക്കല്‍, വാഹനം കഴുകല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ആവാം. എല്ലാം കൂടി ഒറ്റയടിക്ക് ചെയ്യണമെന്നല്ല. നിങ്ങളുടെ ദിനചര്യകള്‍ക്കനുസൃതവും സൗകര്യപ്രദവുമായവ തിരഞ്ഞെടുക്കാം. എങ്ങനെയായാലും ദിവസവും അല്പസമയമെങ്കിലും ശാരീരിക ആയാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണം. ലിഫ്റ്റ് ഉപയോഗിക്കാതെ കോണി കയറുക, ഓഫീസിന് അല്പം അകലെ വാഹനം പാര്‍ക്ക് ചെയ്ത് നടന്നുപോവുക, ജോലിക്കിടയില്‍ അല്പനേരം നടക്കുക തുടങ്ങിയ മാര്‍ഗങ്ങളും സമയവും സൗകര്യവും കുറവുള്ളവര്‍ക്ക് തിരഞ്ഞെടുക്കാം. 
എത്രനേരം

മിനിമം മുപ്പതു മിനിറ്റോ അതിലധികമോ സമയം ദിവസവും വ്യായാമം ചെയ്യണം. ആഴ്ചയില്‍ ഇങ്ങനെ 4-5 ദിവസം. കൂടുതല്‍ നേരം ചെയ്യുന്നതാണ് നല്ലതെങ്കിലും 10-15 മിനിറ്റ് മാത്രം വ്യായാമം ചെയ്താലും വിഷാദ ലക്ഷണങ്ങള്‍ കുറയും. എപ്പോള്‍ തുടങ്ങുംഎങ്ങനെ മുടങ്ങാതെ ചെയ്യും എന്നതാണ് വ്യായാമ കാര്യത്തില്‍ പലര്‍ക്കും വെല്ലുവിളിയാവുക. അതിനും ചില വഴികളുണ്ട്. നിങ്ങള്‍ കൂടുതല്‍ ആസ്വദിക്കുന്ന വ്യായാമം ഏതാണെന്ന് കണ്ടെത്തുക. ഇഷ്ടപ്പെട്ട വ്യായാമം ചെയ്യാന്‍ ഏറ്റവും ഇഷ്ടപ്പെട്ട സമയവും എങ്ങനെ ചെയ്യുമെന്നും നേരത്തേ തീരുമാനിച്ചുറപ്പിക്കുക. ഉദാഹരണത്തിന് വൈകുന്നേരം അല്പം തോട്ടപ്പണിയെന്നോ, ഉദയത്തിന് അല്പം മുമ്പ് നടത്തമെന്നോ ഒക്കെ ഓരോരുത്തരുടെയും ഇഷ്ടാനുസരണം തീരുമാനിക്കാം. വെറും നടത്തമെന്നോ, വര്‍ക്ക്ഔട്ട് എന്നോ കരുതുന്നതിന് പകരം വിഷാദ ലക്ഷണങ്ങള്‍ കുറച്ച് ജീവിതം ഉന്മേഷഭരിതമാക്കുക എന്ന ലക്ഷ്യബോധം എപ്പോഴും ഉള്ളിലുണ്ടായിരിക്കുകയും വേണം. വ്യായാമത്തിന് തടസ്സമുണ്ടാക്കുന്ന കാര്യങ്ങള്‍ കണ്ടെത്തി അതിന് പരിഹാരം കാണാനും ശ്രമിക്കണം. വ്യായാമം പതിവാക്കാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ തടസ്സങ്ങളെയും മടിയെയുമൊക്കെ മുന്‍കൂട്ടി കാണണം. വ്യായാമം ചെയ്ത് തുടങ്ങുമ്പോഴുണ്ടാകുന്ന നേട്ടങ്ങള്‍ എത്ര ചെറുതാണെങ്കിലും അതില്‍ സ്വയം ആനന്ദിക്കുക. വ്യായാമത്തിന് ഒരു പങ്കാളി കൂടിയുണ്ടെങ്കില്‍ നല്ലത്. ഒരു ദിവസം വ്യായാമം മുടങ്ങുമ്പോള്‍ തന്നെ തനിക്കിനി കഴിയില്ല എന്ന് നിരാശപ്പെടുന്നതിന് പകരം പതിവു പോലെ അടുത്ത ദിവസം വ്യായാമം ചെയ്യുക. തനിക്ക് അനുയോജ്യമായ വ്യായാമമേത്, വ്യയാമ തീവ്രത എത്ര വേണം, നിലവിലെ ആരോഗ്യാവസ്ഥ എന്നിവയൊക്കെ ഡോക്ടറുമായി ചര്‍ച്ച ചെയ്ത് വേണം തീരുമാനിക്കാന്‍.

സൗന്ദര്യത്തിന് ആയുര്‍വേദം

അല്പം ശ്രദ്ധിച്ചാല്‍ സൗന്ദര്യം കൂട്ടാന്‍ ആയുര്‍വേദത്തില്‍ വഴികളുണ്ട്...



ചര്‍മ്മ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ശരിയായ ശുചിത്വപാലനം, ചിട്ടയായ ജീവിതം, ഉചിതമായ ആഹാരക്രമം, ഉറക്കം, വ്യായാമം എന്നിവ ശീലിക്കണം. നല്ല ആരോഗ്യമുള്ള ശരീരത്തിലേ നല്ല സൗന്ദര്യം നിലനില്‍ക്കൂ. 

ദിവസേന എണ്ണ തേച്ചുകുളിക്കുന്നത് ചര്‍മ്മത്തിന് മൃദുത്വം നല്‍കുന്നു. ദേഹബലം വര്‍ധിപ്പിക്കുകയും രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. ശരീരത്തില്‍ എണ്ണ തേക്കുമ്പോള്‍ത്തന്നെ ചെവിയില്‍ ഓരോ തുള്ളി എണ്ണ ഉറ്റിക്കണം. കൂടാതെ കാല്‍പാദത്തിനടിവശത്തും എണ്ണ തേക്കണം. മുഖം മിനുക്കുന്നതിനും നരകള്‍ ബാധിക്കാതിരിക്കാനും ദിവസവും അണുതൈലം രണ്ടുതുള്ളി മൂക്കില്‍ ഉറ്റിച്ചാല്‍ മതി (നസ്യം). സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ വെളുത്തുള്ളി, തേന്‍, മഞ്ഞള്‍ എന്നിവ നിത്യജീവിതത്തിന്റെ ഭാഗമാക്കാം.


വെളുത്തുള്ളി


സൗന്ദര്യം പ്രദാനം ചെയ്യാനും സന്താനലബ്ധിക്കും വെളുത്തുള്ളി ഉത്തമമാണ്. എല്ലാ രസങ്ങളും ചേര്‍ന്നതാണ് വെളുത്തുള്ളി. സാധാരണ ജലദോഷം മുതല്‍ പ്ലേഗ് വരെ ഭേദപ്പെടുത്തുന്ന ഔഷധഗുണം ഇതിനുണ്ട്. ഇത് ശക്തിയുള്ള പ്രാകൃതി ആന്റിബയോട്ടിക് ആണ്.

ആയുസ്സ് വര്‍ധിപ്പിക്കാനും യൗവനം നിലനിര്‍ത്താനും തലമുടിയുടെ വളര്‍ച്ചയ്ക്കും സ്ത്രീകളില്‍ സ്തന ഭംഗിക്കും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി ദിവസേന കഴിക്കുന്നത് ആരോഗ്യവും ബുദ്ധിയും വര്‍ദ്ധിപ്പിക്കും. വെളുത്തുള്ളിയുടെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ കാലം ധനു-മകരമാസമാണ്. ശൈത്യകാലത്ത് കഫം വര്‍ധിക്കും. ഈ സമയത്ത് ശരീരബലം കൂട്ടാന്‍ വെളുത്തുള്ളി സഹായിക്കും.ഗര്‍ഭിണികള്‍ വെളുത്തുള്ളി കഴിക്കുന്നത് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. കാരണം വെളുത്തുള്ളിക്ക് ഉഷ്ണ സ്വഭാവമാണ്. ഇത് ഗര്‍ഭപാത്രം സങ്കോചിക്കാന്‍ ഇടയാക്കും.


തേന്‍


ഹൃദയപേശികള്‍ക്ക് ബലം നല്‍കാന്‍ തേന്‍ നല്ലതാണ്. ചര്‍മ്മസൗന്ദര്യത്തിനും തേന്‍ ഉപകരിക്കും. തേന്‍ പുരട്ടുന്നത് ചര്‍മ്മം മൃദുവാവാനും തിളങ്ങാനും സഹായിക്കും. കരിയും തേനും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് പല്ലുതേച്ചാല്‍ പല്ലിന് നല്ല വെണ്‍മ കിട്ടും. 

രണ്ടു ടീ സ്​പൂണ്‍ തേന്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് ഉറങ്ങാന്‍ നേരത്ത് കഴിക്കുന്നത് സുഖനിദ്ര നല്‍കും. തേന്‍ ചൂടാക്കി കഴിക്കരുത്. തേന്‍ ചൂടാക്കിയോ നെയ്യിനൊപ്പമോ കഴിച്ചാല്‍ അത് വിഷത്തിന് തുല്യമാണ്. അതിസാരത്തിനും ഇടയാക്കും.


മഞ്ഞള്‍


മുഖത്തെ രോമങ്ങള്‍ മാറ്റാനും മുഖകാന്തി വര്‍ധിപ്പിക്കാനും കറുത്തപാടുകളും മുഖക്കുരുവും മാറാനും മഞ്ഞള്‍ നല്ല മരുന്നാണ്.കരളിന്റെ ശുദ്ധീകരണം, കൊളസ്‌ട്രോള്‍ അളവിന്റെ സന്തുലനം, അലര്‍ജിക്കെതിരെ പ്രതിരോധം, ദഹനത്തിന് ആക്കംകൂട്ടല്‍, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കല്‍, ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കല്‍ അങ്ങനെ മഞ്ഞളിന്റെ ഗുണങ്ങള്‍ ഏറെയാണ്. കൂടാതെ സ്ത്രീകളില്‍ പ്രത്യുത്പാദന അവയവങ്ങളുടെ പ്രവര്‍ത്തനം ക്രമീകരിക്കാനും ഗര്‍ഭാശയത്തെയും മുലപ്പാലിനെയും ശുദ്ധീകരിക്കാനും മഞ്ഞള്‍ ഉപകരിക്കും. പുരുഷന്‍മാരില്‍ ബീജോത്പാദനത്തിനും മഞ്ഞള്‍ സഹായിക്കുന്നു.

മുഖത്ത് രോമങ്ങളുള്ളവര്‍ മഞ്ഞള്‍ അരച്ച് രാത്രി കിടക്കുമ്പോള്‍ കട്ടിയില്‍ മുഖത്ത് തേച്ച് കിടക്കുക. രാവിലെ ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. പച്ചപപ്പായയും മഞ്ഞളും ചേര്‍ത്ത് അരച്ച് തേച്ചാലും മതി. കസ്തൂരി മഞ്ഞളും പാല്‍പ്പാടയും ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്. മഞ്ഞളും ചെറുപയറും തെച്ചിപ്പൂവും ചേര്‍ത്ത് അരച്ച് പാല്‍ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്ത് പുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കും. വേപ്പിലയും മഞ്ഞളും ചേര്‍ത്ത് നന്നായി അരച്ച് മുഖത്ത് തേക്കുന്നതും മുഖത്തിന് തിളക്കം നല്‍കും. രക്തചന്ദനവും കസ്തൂരിമഞ്ഞളും കൂട്ടിയരച്ച് തേച്ചാലും മുഖശോഭ വര്‍ധിക്കും.


മുഖകാന്തിയ്ക്ക് വഴികള്‍


വെള്ളരിക്ക നീര്, പപ്പായ തുടങ്ങിയ ഫലങ്ങളില്‍ ഒന്നെടുത്ത് മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം. ചെറുചൂടുവെള്ളമാണ് ഇതിന് ഉപയോഗിക്കേണ്ടത്. 

തുളസിയില നീര് തുടര്‍ച്ചയായി മുഖത്തുപുരട്ടുന്നതും മുഖകാന്തിയുണ്ടാക്കും. 

ചന്ദനവും കര്‍പ്പൂരവും ചേര്‍ത്ത് കിടക്കാന്‍ നേരത്ത് മുഖത്ത് പുരട്ടുക

കാബേജ് അരച്ചെടുത്ത് ഒരു ടീസ്​പൂണ്‍ തേനും അര ടീസ്​പൂണ്‍ യീസ്റ്റും ചേര്‍ത്ത് 20 മിനിട്ടുനേരം മുഖത്ത് തേച്ചുപിടിപ്പിക്കുക. തുടര്‍ന്ന് കഴുകിക്കളയാം. സ്ഥിരമായി ചെയ്താല്‍ മുഖത്തെ ചുളിവുകള്‍ അപ്രത്യക്ഷമാകും. 

ഒലിവെണ്ണയില്‍ ഉലുവ അരച്ചുചേര്‍ത്ത് 10 മിനിട്ട് മുഖത്തുവെച്ച ശേഷം ചെറിയ ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. മുഖകാന്തിക്കൊപ്പം ചര്‍മ്മം മൃദുവാകുകയും ചെയ്യും. 

ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. 

കുറച്ചുവെള്ളത്തില്‍ ഈന്തപ്പഴം/ ഉണക്കമുന്തിരി തലേദിവസം രാത്രി ഇട്ടുവെച്ച് പിറ്റെ ദിവസം രാവിലെ പിഴിഞ്ഞെടുത്ത് ചാറ് കുടിക്കുന്നതും ചര്‍മ്മത്തിന് ഗുണം ചെയ്യും.


ഡോ.പി.കമലം
റിട്ട.ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദം

ഞ്ഞപ്പിത്തം വരാതിരിക്കാന്‍
ഡോ.സന്തോഷ് മോഹന്‍

ശുചിത്വക്കുറവിനാല്‍ പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം. വെള്ളത്തിലൂടേയും ആഹാരസാധനങ്ങളിലൂടേയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലുണ്ടാകുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്ന് മറ്റൊരാളിലെത്തുന്നു.


ലക്ഷണങ്ങള്‍


പനി, കഠിനമായ ക്ഷീണം, സന്ധി-പേശി വേദന, കണ്ണുകള്‍ക്ക് മഞ്ഞനിറം, മൂത്രത്തിന് കടുത്ത മഞ്ഞ നിറം, മൂത്രത്തിന്റെ അളവിലെ കുറവ്, വിശപ്പില്ലായ്മ, ഛര്‍ദിക്കാനുള്ള തോന്നല്‍ ഇവയാണ് സാധാരണ ലക്ഷണങ്ങള്‍.

മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. കരളിന്റെ പ്രവര്‍ത്തന തകരാറുകള്‍മൂലം 'ബിലിറൂബിന്‍' രക്തത്തില്‍ കൂടുന്നതാണ് മഞ്ഞനിറത്തിനു കാരണം. കരളിന്റെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിടുമ്പോള്‍ പിത്തരസം പുറത്തുപോവാതാവുന്നത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു.


ഭക്ഷണം


മഞ്ഞപ്പിത്തം വന്നാല്‍ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. കൊഴുപ്പ്, എണ്ണ കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണ-പാനീയങ്ങള്‍ പാടില്ല. മദ്യപാനം, പുകവലി എന്നിവ തീര്‍ത്തും ഒഴിവാക്കുക. ഇളനീര്‍, പഴച്ചാറുകള്‍ ഇവ നല്ലതാണ്. ധാരാളം വെള്ളം കുടിക്കണം. ഐസ് ക്രീം, ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കാം. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക.

പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനുട്ടെങ്കിലും തിളപ്പിച്ചതായിരിക്കണം. ജലം ഫില്‍റ്റര്‍ ചെയ്യുന്നതിലൂടെ ബാക്ടീരിയകള്‍ മാത്രമേ നശിക്കൂ. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസ് നശിക്കണമെങ്കില്‍ വെള്ളം തിളപ്പിക്കുകതന്നെ വേണം. തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി അതില്‍ പച്ചവെള്ളമൊഴിക്കുന്ന ശീലം ഉപേക്ഷിക്കുക. മഞ്ഞപ്പിത്തരോഗികള്‍ക്ക് പ്രത്യേക പാത്രത്തില്‍ ഭക്ഷണം നല്‍കുക. അവ തിളപ്പിച്ച വെള്ളത്തില്‍ കഴുകി അണുവിമുക്തമാക്കുകയും വേണം.

മഞ്ഞപ്പിത്തം പടരാതിരിക്കാന്‍ ശുദ്ധജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യണം. മഞ്ഞപ്പിത്തരോഗിയുടെ വസ്ത്രങ്ങള്‍ അണുവിമുക്തമാക്കണം. 

ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക. രോഗിയെ സ്​പര്‍ശിക്കുകയാണെങ്കില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം.

ഉപവാസത്തിലൂടെ ആരോഗ്യം
ഡോ.പ്രേമലളിത

ഉപവാസം പലതരത്തിലുണ്ട്. ഭക്ഷണം ചില ദിവസങ്ങളില്‍ വേണ്ടെന്ന് വെക്കുക, വിശപ്പ് തോന്നുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക, ശരീരത്തിന് വിശപ്പുള്ളപ്പോഴും മനഃപൂര്‍വം ഭക്ഷണം നല്‍കാതിരിക്കുക എന്നിങ്ങനെ. ഇത്തരത്തില്‍ ഉപവസിക്കുമ്പോള്‍ ശരീരത്തിലെ വിവിധ അവയവങ്ങള്‍ സാവധാനം ശുദ്ധീകരിക്കുന്നു.

വെള്ളം, ഭക്ഷണം എന്നിവ ഉപവാസകാലത്ത് മൂന്നു ദിവസം തുടരെ നിയന്ത്രിക്കുമ്പോള്‍ ശരീരത്തിനകത്തുള്ള വിഷവസ്തുക്കള്‍ ഇളകിത്തുടങ്ങുന്നു. പൊതുവെ പൂര്‍ണആരോഗ്യം ഉള്ളവര്‍ക്ക് മാത്രമാണ് ഉപവാസം യോജിച്ചത്. 

പോഷകാഹാരക്കുറവിനുള്ള പരിഹാരംകൂടിയാണ് ഉപവാസം. ശരീരപ്രകൃതിക്ക് യോജിക്കാത്ത അമിതാഹാരം, തെറ്റായ പാചകരീതി, ചവച്ചരച്ച് ഭക്ഷണം കഴിക്കാത്തത്, ശരീരപേശികളില്‍ ഉപ്പിന്റെ അളവ് കൂടുതല്‍, രക്തത്തിലും പേശികളിലും ഉള്ള ജൈവിക വിഷങ്ങളുടെ സാന്ദ്രത, അശ്രദ്ധ, ഭയം, കോപം, അസൂയ എന്നീ മാനസികവികാരങ്ങള്‍, ആഹാരാംശങ്ങള്‍ക്ക് പൂര്‍ണ ആഗിരണം ഇല്ലായ്മ എന്നിവയെല്ലാം പോഷകക്കുറവിലേക്കുള്ള വഴിയാണ്. .


ഉപവാസകാലത്തെ ആഹാരം


ഉപവാസകാലത്ത് വെണ്ണ, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍, സോസേജ്, കൊഴുപ്പുള്ള ഇറച്ചി, എണ്ണയില്‍ വറുത്ത വിഭവങ്ങള്‍, പരിപ്പുകള്‍, ലഹരിപാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം. പഴങ്ങള്‍, കായ്കറികള്‍, കൊഴുപ്പ് കുറവായ മത്സ്യം, ചുട്ടെടുത്ത/ആവിയില്‍ പുഴുങ്ങിയ വിഭവങ്ങള്‍ എന്നിവ നിത്യാഹാരക്രമത്തില്‍ കൂടുതല്‍ അളവില്‍ ചേര്‍ക്കാനും ശ്രദ്ധിക്കണം.

ഉപവാസകാലം കഴിഞ്ഞാല്‍ അവരവര്‍ക്കിഷ്ടമുള്ള രീതിയില്‍ ഭക്ഷണം ക്രമീകരിക്കണം. ഓരോരുത്തരുടെയും ആഹാരാവശ്യം നിയന്ത്രിക്കുന്ന മുഖ്യഘടകങ്ങളാണ് ശരീരതൂക്കം, ഉയരം, ശരീരപ്രകൃതം, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തുടങ്ങിയവ. ഇതിനനുസരിച്ച് വേണ്ട പോഷകങ്ങള്‍ നല്‍കുന്ന വിഭവങ്ങള്‍ വൈവിധ്യത്തോടെ തിരഞ്ഞെടുക്കാം. ആഹാരശീലങ്ങള്‍ ജനനം മുതല്‍ തുടര്‍ന്നുവരുന്നവയാണ്. അത് മാറ്റിയെടുക്കുവാന്‍ കൂടുതല്‍ സമയം വേണം. മധുരപലഹാരങ്ങളില്‍ ആസക്തിയുള്ളവര്‍ ഉപവാസമെടുക്കുമ്പോള്‍ ആദ്യത്തെ ഒരു മാസം പഞ്ചസാര/കൊഴുപ്പ് എന്നിവയുടെ അളവ് 60 ശതമാനം കുറച്ച് ഉപയോഗിക്കുക. കാലക്രമത്തില്‍ ഇവ പൂര്‍ണമായി ഒഴിവാനും ശ്രദ്ധിക്കണം.


പ്രയോജനം


ഭക്ഷണത്തോടുള്ള അമിതാവേശം കുറയുന്നു. അളവ് കുറച്ച് കഴിക്കാനുള്ള ശീലമുണ്ടാകുന്നു.

ദഹനേന്ദ്രിയത്തിന് വിശ്രമം നല്‍കുന്നു.

പുകയില, ലഹരിപാനീയങ്ങള്‍ എന്നിവയിലേക്കുള്ള താത്പര്യം കുറയുന്നു.

ആയുസ്സ് കൂട്ടാന്‍ സഹായിക്കുന്നു.

ജലം, പഴരസങ്ങള്‍ എന്നിവ മാത്രം 

ഭക്ഷിച്ചുള്ള ഉപവാസം രക്തസമ്മര്‍ദം കുറയ്ക്കും.

രക്തത്തിലെ ജൈവവിഷാംശം കുറയുന്നു.

ഹൃദയത്തിന് ആയാസം കുറയുന്നു.

പഴങ്ങള്‍, കായ്കറികള്‍, ഇലക്കറികള്‍ ചേര്‍ത്തതും ഉപ്പ് കുറച്ചതുമായ വിഭവങ്ങള്‍ എന്നിവ തുടരെ കഴിക്കുന്നത് പേശിപ്രവര്‍ത്തനങ്ങളെ സജീവമാക്കുന്നു.

കടപ്പാട്-channelkeralalzone.blogspot.in,മാതൃഭൂമി.ഇന്‍

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate