অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സത്രീകളുടെ ആരോഗ്യസംരക്ഷണം

സത്രീകളുടെ ആരോഗ്യസംരക്ഷണം

 

ചിരിമരുന്നിന്റെ ഗുണഫലങ്ങള്‍

ശരീരത്തിന് ഗുണം ചെയ്യുന്ന ഒരു ഔഷധം വെറുതെ കിട്ടിയാല്‍ ആരെങ്കിലും നിരസിക്കുമോ? അത്തരമൊന്ന് കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ യാതൊരു ചെലവുമില്ലാതെ നല്‍കാന്‍ കഴിയുമെങ്കിലോ? എങ്കില്‍ നിങ്ങളുടെ പക്കല്‍ തന്നെയുണ്ട് അത്തരമൊരു മരുന്ന്, അത് ചിരിയല്ലാതെ മറ്റൊന്നുമല്ല. 

ചിരിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ചിരിപ്പിക്കാന്‍ കഴിയുന്നവരെ എല്ലാവരും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് ചിരിയുടെ സാമൂഹികവശം. ചിരി മനസ്സിനും ശരീരത്തിനും ഒട്ടേറെ ഗുണഫലങ്ങള്‍ തരുന്നു. ഹൃദയത്തിനും പ്രതിരോധസംവിധാനത്തിനുമാണ് കൂടുതല്‍ മെച്ചമുണ്ടാവുന്നത്. വിശ്രാന്തിക്കും മനസ്സംഘര്‍ഷം കുറയ്ക്കാനും ചിരിക്ക് തുല്യമായ മറ്റൊരു മരുന്നില്ലതന്നെ. 

ചിരിക്കുമ്പോള്‍ പ്രധാനമായി രണ്ട് ശാരീരികപ്രവര്‍ത്‌നങ്ങളാണ് നടക്കുന്നത്. രാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉത്തേജനം നാഡികള്‍ വഴി തലച്ചോറിലെത്തുന്നു. രണ്ടാമതായി എന്‍ഡോര്‍ഫിനുകള്‍, വേദന കുറയ്ക്കാന്‍ സഹായിക്കുന്ന രാസവസ്തുക്കള്‍. മനഃക്ഷോഭം ശമിപ്പിക്കുന്ന ഔഷധങ്ങള്‍ സ്രവിപ്പിക്കുന്നു, ചിരിക്കുമ്പോള്‍ മുഖത്തെ 15 മാംസപേശികളണ് സങ്കോചിക്കുന്നത്. 
ഗവേഷണഫലങ്ങള്‍

ചിരിക്കുമ്പോള്‍ ബീറ്റാ എന്‍ഡോര്‍ഫിന്‍, ഹ്യൂമന്‍ ഗ്രോത്ത് ഹോര്‍മോണ്‍ (ഃംഃ)എന്നിവ യഥാക്രമം 27, 87 ശതമാനം ഉയരുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. വിഷാദം ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുന്നവയാണ് ബീറ്റാ എന്‍ഡോര്‍ഫിനുകള്‍. എച്ച്.ജി.എച്ച്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നതും.

അതുപോലെ ശരീരത്തിന് ദോഷകരമായ മൂന്ന് സ്ട്രസ് ഹോര്‍മോണുകളുടെ നില താഴ്ത്താനും പൊട്ടിച്ചിരിക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കോര്‍ട്ടിസോള്‍, എപിനെര്‍ഫിന്‍, ഡോപാക്എന്നിവയാണവ. ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ ക്ഷീണിപ്പിക്കുന്നവയാണ് സ്ട്രസ് ഹോര്‍മോണുകള്‍. കാലിഫോര്‍ണിയയിലെ ക്രെസ്റ്റ് ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ.ലീ ബെര്‍ക്കാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

ഡോ.ലീയുടെ മറ്റൊരു പഠനത്തില്‍ കടുത്ത പ്രമേഹരോഗികളായ 20 പേരെ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചു. ചിരിസംഘവും നിയന്ത്രിതകൂട്ടവും. ഒരു മാസം പിന്നിട്ടപ്പോള്‍ ചിരിഗ്രൂപ്പിലെ അംഗങ്ങളുടെ മാനസിക പിരിമുറുക്കം കുറഞ്ഞതായും നല്ല കൊളസ്‌ട്രോള്‍ കൂടിയതായും കണ്ടെത്തി. ഒരു വര്‍ഷമെത്തിയപ്പോഴേക്കും സംഘാംഗങ്ങളുടെ നല്ല കൊളസ്‌ട്രോള്‍ 26 ശതമാനം വര്‍ധിച്ചു.
ചിരിമരുന്ന് എന്തിനൊക്കെ രക്തസമ്മര്‍ദം: ചിരി രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള ഒറ്റമൂലിയാണ്. നമ്മള്‍ ചിരിക്കുമ്പോള്‍ ആദ്യം രക്തസമ്മര്‍ദം ഉയരുന്നു. എന്നാല്‍ പിന്നീട് അത് താഴും. സാധാരണയില്‍ അല്പം താഴേയ്ക്ക് മര്‍ദം എത്തും. ഇതേത്തുടര്‍ന്ന് ഗാഢശ്വസനം നടക്കുന്നു. രക്തത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ എത്താനും ഇത് സഹായിക്കുന്നു.

പ്രതിരോധ സംവിധാനം: ശരീരത്തില്‍ സ്ട്രസ് ഹോര്‍മോണുകള്‍ കൂടുതല്‍ ഉത്പാദിപ്പിച്ചുകഴിഞ്ഞാല്‍ അവ ശരീരത്തിലെ ആന്റിബോഡികളുടെ പ്രവര്‍ത്തനത്തെ കുറയ്ക്കുന്നു. ആന്റിബോഡികളാണ് രോഗാണുബാധയില്‍നിന്ന് ശരീരത്തെ ചെറുക്കുന്നത്. ചിരി സ്ട്രസ് ഹോര്‍മോണുകളെ കുറയ്ക്കുക വഴി ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ സഹായിക്കുന്നു.

ഹൃദയാരോഗ്യം: ചിരിക്കുമ്പോള്‍ ഹൃദയധമനികളുടെ ആന്തരികഭാഗം വികസിക്കുന്നു. ഇത് രക്തചംക്രമണത്തെ ത്വരപ്പെടുത്തുന്നു. ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ഇത് സഹായകമാകുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനം: ചിരിക്കുമ്പോള്‍ തലച്ചോറിന്റെ എല്ലാ ഭാഗവും ഒരുപോലെ ഉത്തേജിപ്പിക്കപ്പെടുന്നു. പേശികളുടെ അയവിനും മനസ്സംഘര്‍ഷം കുറയ്ക്കുന്നതിനും ഈ പ്രവര്‍ത്തനം സഹായകമാകും. ഏകാഗ്രത വര്‍ധിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടാനും സഹായിക്കും.
വ്യായാമത്തിന് പകരം വെക്കാം: ഉദരത്തിന്റെ ഡയഫ്രം, മുഖം, പുറത്തെ പേശികള്‍, അടിവയര്‍, കുടല്‍ തുടങ്ങിയ ഭാഗങ്ങള്‍ക്ക് നല്‍കാവുന്ന ഉത്തമ വ്യായാമമാണ് പൊട്ടിച്ചിരി. ഇതുവഴി ഉദരാന്തര്‍ഭാഗത്തുണ്ടാകുന്ന ചലനങ്ങള്‍ ദഹനത്തെയും അതുവഴി പോഷകങ്ങളുടെ ആഗിരണത്തെയും സുഗമമാക്കുന്നു. അനാവശ്യമായ കലോറി എരിച്ചുകളയാനും ചിരിക്ക് കഴിയും.

മനസ്സിന്റെ ആരോഗ്യം: മനസ്സിന്റെ ഉന്മേഷം വര്‍ധിപ്പിക്കുന്നു. അതുവഴി കോപം, നിരാശ തുടങ്ങിയ വികാരങ്ങളെ കഴുകിക്കളയുന്ന ഔഷധമായി പ്രവര്‍ത്തിക്കുന്നു. ചിരി ശരീരം മുഴുവന്‍ ഇളകുന്ന ഒരു പ്രക്രിയയാണ്. നൂറുപ്രാവശ്യം ചിരിക്കുന്നത് എക്‌സര്‍സൈസ് ബൈക്കില്‍ 15 മിനിറ്റ് വ്യായാമം ചെയ്യുന്നതിനു തുല്യമാണ്. 20 സെക്കന്‍ഡ് ചിരിക്കുന്നത് മൂന്നുമിനിറ്റ് വഞ്ചി തുഴയുന്ന ഫലം ചെയ്യും.

ഇനി തീരുമാനിക്കാം, കോപിച്ച് ശരീരത്തിന്റെ ആരോഗ്യം കളയണോ അതോ ചിരിച്ച് ആയുസ്സ് കൂട്ടണോ?

ശ്വസിച്ച് നേടാം ആരോഗ്യം

 

മലിനവായുവില്ലാത്ത എവിടെയും ഗാഢശ്വസനം ചെയ്യുന്നത് ശരീരത്തിന് കൂടുതല്‍ ആരോഗ്യവും ഊര്‍ജസ്വലതയും നല്കും. ഉത്കണ്ഠ, മാനസിക പിരിമുറുക്കം എന്നിവയുണ്ടാകുമ്പോള്‍ ഗാഢശ്വസനം ഉത്തമമാണ്...



നിത്യജീവിതത്തില്‍ വളരെ സ്വാഭാവികമായി നടന്നുപോകുന്ന പ്രക്രിയയാണ് ശ്വസനം. ശരീരത്തിന്റെ എല്ലാ ജൈവ പ്രക്രിയയകള്‍ക്കും അതുവഴി ജീവന്‍ നിലനിര്‍ത്താനും ഇത് ആവശ്യമാണ്. ഒരല്പം ശ്രദ്ധിച്ചാല്‍, ബോധപൂര്‍വം പരിശ്രമിച്ചാല്‍ ശരീരത്തിന് ഒട്ടേറെ ഗുണകരമാകുന്ന 'ഔഷധമൂല്യം' ശ്വസനത്തിനുണ്ട്. ബോധപൂര്‍വമല്ലാതെ നടക്കുന്ന ശ്വസനത്തില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വായു സാവകാശം വലിച്ചെടുത്ത് ശ്വാസകോശത്തില്‍ നിലനിര്‍ത്തി, ക്രമേണ പുറത്തുവിടുന്ന ശ്വസനരീതി (deep breathing)അനുവര്‍ത്തിക്കുകയാണ് ഇതിനുള്ള മാര്‍ഗം.

വായിക്കുമ്പോഴോ, യാത്രചെയ്യുമ്പോഴോ, സിനിമകാണുമ്പോഴോ ഓഫീസിലെ ചെറിയ ജോലിക്കിടയിലോ ഗാഢശ്വസനം (deep breathing) ചെയ്യാം. ക്യൂവില്‍ നിന്ന് പാഴാക്കിക്കളയുന്ന സമയത്തിന്റെ ചെറിയൊരംശം, ടെലിവിഷന്‍ കാണുന്ന സന്ദര്‍ഭം ഇവയെല്ലാം ഇതിനുപയോഗപ്പെടുത്താം. മലിനവായുവില്ലാത്ത എവിടെയും ഗാഢശ്വസനം ചെയ്യുന്നത് ശരീരത്തിന് കൂടുതല്‍ ആരോഗ്യവും ഊര്‍ജസ്വലതയും നല്കും. ഉത്കണ്ഠ, മാനസിക പിരിമുറുക്കം എന്നിവയുണ്ടാകുമ്പോള്‍ ഗാഢശ്വസനം ഉത്തമമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് വേഗമില്ലാത്ത ഗാഢശ്വസനം ഔഷധതുല്യമായ ഗുണഫലമുണ്ടാക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ഗാഢശ്വസനത്തില്‍ ശരീരത്തില്‍ കൂടുതല്‍ എന്‍ഡോര്‍ഫിന്‍(Endorphine) സ്രവിപ്പിക്കപ്പെടുന്നത് വേദന സംഹാരിയുടെ ഗുണം ചെയ്യും. പേശികള്‍ക്ക് അയവുണ്ടാക്കി കഴുത്ത്, വയറ്, പുറം എന്നീ ഭാഗങ്ങളിലുണ്ടാകുന്ന വേദന കുറയ്ക്കാനും ശ്വസന വ്യായാമങ്ങള്‍ക്ക് സാധിക്കും. ആസ്ത്മ രോഗികള്‍ക്കും ഉറക്കക്കുറവ് അനുഭവപ്പെടുന്നവര്‍ക്കും ഗാഢശ്വസനം ആശ്വാസമേകുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.


ഗാഢശ്വസനത്തിന്റെ ഗുണഫലങ്ങള്‍


* കൂടുതല്‍ ഊര്‍ജം നല്കുന്നു
* ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന ക്ഷീണം അകറ്റുന്നു
* പേശികളുടെ പിടിത്തം കൊണ്ടുണ്ടാകുന്ന നെഞ്ച് വേദനയ്ക്ക് ശമനമേകുന്നു
* ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ദീര്‍ഘകാല ശ്വസനരോഗങ്ങളുടെ കാഠിന്യം കുറയ്ക്കുന്നു
* മരുന്നുകഴിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പലതും ഒഴിവാക്കാന്‍ സാധിക്കുന്നു
* ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്ന പ്രക്രിയയ്ക്ക്‌വേഗം കൂട്ടുന്നു
* രക്തചംക്രമണം വര്‍ധിപ്പിക്കുന്നു
* കോശങ്ങളിലേക്കുള്ള ഓക്‌സിജന്റെയും പോഷകങ്ങളുടേയും വിതരണം ത്വരപ്പെടുത്തുന്നു
* തലച്ചോറിന്റെയും കണ്ണുകളുടെയും പ്രവര്‍ത്തനം ഇതുവഴി മെച്ചപ്പെടുന്നു
* ഹൃദയത്തിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ എത്തിച്ച് പ്രവര്‍ത്തനത്തിനുള്ള ആയാസം ലഘൂകരിക്കുന്നു
* പേശികളിലേക്കും എല്ലുകളിലേക്കുമുള്ള ഓക്‌സിജന്‍ വിതരണം വര്‍ധിപ്പിച്ച് ഈ ശരീരഭാഗങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

ഗാഢശ്വസനം, നന്ദര്‍ഭോചിതമായ നാഡികളെ ഉത്തേജിപ്പിക്കുകയോ ശാന്തമാക്കുകയോ ചെയ്യുന്നു. തലച്ചോറിലെ ഹെമിസ്ഫിയറു(hemispheres)കളുടെ തുലനത്തെ സഹായിക്കുന്നു.

ദഹനവ്യവസ്ഥയേയും ശ്വസന വ്യായാമം സഹായിക്കുന്നുണ്ട്. ദഹനേന്ദ്രിയങ്ങള്‍ക്ക് ഒരു 'മസാജി'ന്റെ ഗുണം നല്കുകയും മെച്ചപ്പെട്ട ദഹനം സാധ്യമാക്കുകയും ചെയ്യും. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ മെച്ചപ്പെടുത്തുകയും വിഷാംശങ്ങള്‍ പുറന്തള്ളുകയും ചെയ്യുന്നതിന് ശരിയായ രീതിയിലുള്ള ശ്വസനം സഹായകമാണ്. ഗാഢശ്വസനം ശീലിക്കുന്നത് ചര്‍മത്തിന്റെ സ്‌നിഗ്ധത വര്‍ധിപ്പിക്കുന്നതായും അകാലത്തിലുണ്ടായേക്കാവുന്ന ചുളിവുകളില്‍ നിന്ന് സംരക്ഷണം നല്കുമെന്നും തെളിഞ്ഞിട്ടുണ്ട്.

എല്ലുകളുടെ ബലത്തിന് ചെറിയ മീനുകള്‍

ഡോ.നിര്‍മല സുധാകരന്‍

43 വയസ്സുള്ള വീട്ടമ്മയാണ് ഞാന്‍. ഇടയ്ക്കിടെ നടുവേദന വരുന്നതൊഴിച്ചാല്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. സ്ത്രീകള്‍ കാല്‍സ്യം ഗുളികകള്‍ കഴിക്കണമെന്ന് എവിടെയോ വായിച്ചു. അതിന്റെ ആവശ്യമുണ്ടോ?


സീമാ ജോയ്, ആലപ്പുഴ



ശരീരത്തിനെ താങ്ങിനിര്‍ത്തുന്ന എല്ലുകള്‍ക്ക് ഉറപ്പും ബലവും നല്‍കുന്ന പ്രധാന ഘടകമാണ് കാല്‍സ്യം. ആഹാരത്തില്‍നിന്നും എളുപ്പം ലഭിക്കുന്ന കാല്‍സ്യം, വേണ്ട അളവില്‍ കഴിക്കുന്നില്ല എന്നതാണ് ദുഃഖസത്യം. എല്ലിന്റെ ബലത്തിനും ദൃഢതയ്ക്കും പുറമെ മറ്റു പല സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്കും കാല്‍സ്യം ആവശ്യമാണ്. 

രക്തസമ്മര്‍ദ്ദം ശരിയായ അളവില്‍ നിലനിര്‍ത്തുക, രക്തം കട്ടപിടിക്കാന്‍ സഹായിക്കുക, രോഗപ്രതിരോധശക്തി ഉറപ്പാക്കുക, മസിലുകളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുക തുടങ്ങി പലതാണ് കാല്‍സ്യത്തിന്റെ ഉപയോഗം. ഓരോ ദിവസവും പ്രായമനുസരിച്ച് കാല്‍സ്യം കഴിക്കേണ്ടതാണ്. 3 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിത്യേന 300 മില്ലിഗ്രാം കാല്‍സ്യം ആവശ്യമാണ്. 9 വയസ്സുവരെ 700 മില്ലിഗ്രാം. എന്നാല്‍ വളര്‍ച്ച ഏറ്റവും വേഗത്തിലാവുന്ന കൗമാരക്കാര്‍ക്ക് (17-19 വയസ്സുവരെ) നിത്യേന 1300 മില്ലിഗ്രാം കാല്‍സ്യവും 19 വയസ്സുമുതല്‍ 50 വയസ്സുവരെ 1000 മില്ലിഗ്രാം കാല്‍സ്യവും ആവശ്യമാണ്. ബലമില്ലാത്ത എല്ലുകള്‍ (എല്ലുകള്‍ക്ക് ബലമുണ്ടാവണമെങ്കില്‍ കാല്‍സ്യം ഉണ്ടാവണം) എളുപ്പം പൊട്ടിപ്പോകുന്നു. 

ഒന്നു വീണാലോ, ഒന്നു തട്ടിയാലോ എല്ലുകളില്‍ പൊട്ടലുണ്ടാവുന്ന കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം കൂടുന്നു എന്നതാണ് സത്യം. ആവശ്യമായ കാല്‍സ്യം ഇവര്‍ക്ക് ലഭിക്കുന്നില്ല എന്നതിന്റെ സൂചനയാണിത്. കൗമാരക്കാരായ പെണ്‍കുട്ടികളും അവരുടെ അമ്മമാരും പ്രത്യേകം ശ്രദ്ധിക്കുക. ഈ പെണ്‍കുട്ടികള്‍ ഭാവിയില്‍ അമ്മമാരാവുമ്പോള്‍ ഗര്‍ഭധാരണത്തിനും ഗര്‍ഭസ്ഥശിശുവിനും ആരോഗ്യപ്രശ്‌നങ്ങളുണ്ടാവും. മാത്രമല്ല, 35 വയസ്സാവുമ്പോഴേക്കും എല്ലിന്റെ തേയ്മാനം തുടങ്ങുകയും ചെയ്യും.


കാല്‍സ്യം അടങ്ങിയ ഭക്ഷണം


ഏറ്റവും കൂടുതല്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നത് പാലിലും പാലുത്പന്നങ്ങളായ തൈര്, വെണ്ണ മുതലായവയിലുമാണ്. കൂടാത നെല്ലിക്ക, ഇലവര്‍ഗങ്ങള്‍, ബീന്‍സ് (ചിലതരം), ഉഴുന്ന്, എള്ള്, കുവരക് (പഞ്ഞപ്പുല്ല്, റാഗി) ഇവയിലും ധാരാളം കാല്‍സ്യം ഉണ്ട്. ചെമ്മീന്‍, ചെറിയ മീന്‍ (നെത്തോലി, മത്തി മുതലായവ) മുള്ളോടുകൂടി കഴിക്കുന്നതും കാല്‍സ്യം കിട്ടാന്‍ നല്ലതാണ്. ഒരു ഗ്ലാസ് പാലില്‍ 300 മില്ലിഗ്രാം കാല്‍സ്യവും തൈരിലാണെങ്കില്‍ 350-400 മില്ലിഗ്രാം കാല്‍സ്യവും ഉണ്ടാകും. ദിവസേന കൂവരക് പാലില്‍ക്കാച്ചികഴിക്കുന്നത്, ആവശ്യത്തിനുള്ള കാല്‍സ്യം കിട്ടാന്‍ നല്ല മാര്‍ഗമാണ്.

ആഹാരത്തിലുള്ള കാല്‍സ്യം ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ മറ്റു പല ഘടകങ്ങള്‍കൂടി ആവശ്യമാണ്. അതിലൊന്നാണ് വിറ്റാമിന്‍-ഡി. വെയില്‍ കൊള്ളുമ്പോള്‍ ശരീരത്തിനാവശ്യമായ വിറ്റാമിന്‍- ഡി ഉത്പാദിപ്പിക്കപ്പെടുന്നു. കാല്‍സ്യത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന പെപ്‌സി, കോള പോലുള്ളവ ഒഴിവാക്കേണ്ടതാണ്. പുകവലിക്കുന്നതും പുകവലിക്കുന്നവരുടെ പുകയേല്‍ക്കുന്നതും ഇതേ അവസ്ഥയുണ്ടാക്കുന്നു.


മുന്‍കരുതലുകള്‍


കാല്‍സ്യത്തിന്റ അളവ് കുറഞ്ഞാല്‍ എല്ലുകള്‍ക്ക് സ്വതവേയുള്ള ബലവും കട്ടിയും കുറയുന്നു. തത്ഫലമായി എല്ലിന് തേയ്മാനം സംഭവിക്കുകയും എല്ലുകള്‍ക്ക് വേഗം പൊട്ടലുണ്ടാവുകയും ചെയ്യും. ഓസ്റ്റിയോപൊറോസിസ് (ഛേെലീുീൃീശെ)െ എന്ന ഈ അവസ്ഥ സ്ത്രീകളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ചികിത്സയില്ലാത്ത ഈ രോഗത്തിന് പ്രതിരോധമാണ് ഏറ്റവും നല്ല മരുന്ന്. 

നാം കരുതുന്നതുപോലെ വാര്‍ധക്യത്തിന്റെ രോഗമല്ല ഇത്. ബാല്യം മുതല്‍ വര്‍ഷങ്ങളായി ശരിയായ അളവിലുള്ള കാല്‍സ്യത്തിന്റെ ലഭ്യത കുറവുമൂലം ഉണ്ടാവുന്ന ഒരവസ്ഥ. അതുകൊണ്ടുതന്നെ സ്ത്രീകള്‍ കൗമാരപ്രായം തുടങ്ങിയെങ്കിലും വാര്‍ധക്യത്തിലെ എല്ലിന്റെ ബലത്തിനുള്ള നിക്ഷേപധനമായി കാല്‍സ്യം ഉപയോഗിക്കണം. 19 വയസ്സുവരെ നീളംവെക്കുന്ന എല്ലുകള്‍ 30 വയസ്സാവുമ്പോള്‍ ബലം കൂടുന്നു. 40 വയസ്സ് തുടങ്ങുമ്പോള്‍ സ്വാഭാവിക തേയ്മാനം തുടങ്ങുന്നു. ഈ പ്രായത്തില്‍ കരുതല്‍ തുടങ്ങിയാലും മതി. കൂടുതല്‍ പ്രശ്‌നങ്ങള്‍ തടയാനാവും.

ഇന്നു ലഭ്യമായ ഏതു ഗുളികകളേക്കാളും ഗുണം ശരിയായ ഭക്ഷണരീതിയാണെന്ന സത്യം പഠനങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ബുദ്ധിമുട്ടുള്ളവര്‍മാത്രം ഗുളികകള്‍ കഴിക്കേണ്ടതാണ്; അതും ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം.

മഴക്കാലത്ത് ചിട്ടയായ ആരോഗ്യപരിചരണം

ഡോ.റീന രമേഷ്‌

ഇടവപ്പാതിയുടെ വരവായി. ഇടമുറിയാതെ പെയ്യുന്ന മഴ ചിലപ്പോള്‍ രോഗങ്ങളുമായിട്ടാവും എത്തുക. മഴക്കാല രോഗങ്ങളെ അകറ്റിനിര്‍ത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആയുര്‍വേദത്തില്‍ ഒട്ടേറെ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ആയുരാരോഗ്യത്തെ വര്‍ധിപ്പിക്കുന്ന, പാര്‍ശ്വഫലങ്ങളുണ്ടാക്കാത്ത പ്രതിരോധ മാര്‍ഗങ്ങള്‍.


ഭക്ഷണത്തില്‍ തേനും നെയ്യും

മഴക്കാലത്ത് ദഹനപ്രക്രിയ മെല്ലെയാകുന്നു. ത്രിദോഷങ്ങളുടെ തോതില്‍ ഏറ്റക്കുറച്ചിലുകള്‍ വരുമ്പോള്‍ ശരീരത്തില്‍ അസുഖങ്ങള്‍ പ്രത്യക്ഷപ്പെടാനും സാധ്യതയേറെയുള്ള സമയം. ത്രിദോഷങ്ങളിലെഏറ്റക്കുറച്ചിലുകള്‍ ക്രമീകരിച്ച് ദഹനപ്രക്രിയ സാധാരണ നിലയില്‍ത്തന്നെ തുടര്‍ന്നുകൊണ്ട് പോകാനാണ് മഴക്കാലത്ത് ശ്രദ്ധിക്കേണ്ടത്.

തേന്‍, ത്രിഫല, മോര്, ചെറുപയര്‍ എന്നിവ വര്‍ഷകാലത്ത് ഏതു ശരീരപ്രകൃതക്കാര്‍ക്കും ഇണങ്ങുന്നതാണ്. തേന്‍ ദഹനത്തെ കൂട്ടുന്നു, കണ്ണിന് ഹിതമാണ്, വിഷഹരമാണ്, സ്വരം നന്നാക്കുന്നു, ചര്‍മ്മരോഗങ്ങളെ അകറ്റുന്നു, രക്തശുദ്ധി വരുത്തുന്നു, കൃമികളെ നശിപ്പിക്കുന്നു, ഛര്‍ദ്ദി, ചുമ, ശ്വാസംമുട്ടല്‍, വയറിളക്കം എന്നിവയെ ശമിപ്പിക്കുന്നു, മുറിവുകളെ ശുദ്ധി ചെയ്യുന്നു, സുഖകരമായ ഉറക്കവും നല്‍കുന്നു.
ഭക്ഷണത്തില്‍ നെയ്യ് ഉള്‍പ്പെടുത്തിയാല്‍ ശരീരപുഷ്ടിക്കൊപ്പം ബുദ്ധിശക്തിയും വര്‍ധിക്കും. മറ്റേതൊരു മരുന്നിനേക്കാളും എളുപ്പത്തില്‍ ഇത് തലച്ചോറിനെ ഉദ്ദീപിപ്പിക്കും. കുട്ടികളിലാണ് നെയ്യ് കൂടുതല്‍ ഗുണം ചെയ്യുക. പ്രായം ചെന്നവര്‍ കഴിക്കുമ്പോള്‍ കൊളസ്‌ട്രോള്‍ നില മനസ്സിലാക്കി അതിനനുസരിച്ചു മാത്രമേ കഴിക്കാവൂ. ആസ്ത്മ രോഗികള്‍ വൈദ്യനിര്‍ദേശപ്രകാരം നെയ്യ് ശീലിക്കുന്നത് നല്ലതാണ്.
മഴക്കാലത്ത് ചുക്ക്, ജീരകം എന്നിവയിട്ട് 20 മിനിറ്റ് തിളപ്പിച്ച വെള്ളം കുടിക്കണം. ഉപ്പ്, പുളി, എരുവ് പോലുള്ള തീക്ഷ്ണരുചികള്‍ അല്പമായെങ്കിലും ഉപയോഗിക്കാം. പക്ഷേ, ഇത് അധികമാകുന്നത് മുടികൊഴിച്ചില്‍, അകാലനര, രക്തദുഷ്ടി, രക്തവാദം പോലുള്ള അസുഖങ്ങള്‍ക്ക് ഇടയാക്കും.

ഉരുളക്കിഴങ്ങ്, കപ്പ, പപ്പായ, കായ പോലുള്ള ജലാംശം കുറഞ്ഞ പച്ചക്കറികളാണ് മഴക്കാലത്ത് നല്ലത്. പഴങ്ങളില്‍ ഉണക്കമുന്തിരി, ഈന്തപ്പഴം തുടങ്ങിയ വരണ്ട പഴങ്ങള്‍ കൂടുതലായി കഴിക്കാം. ധാന്യങ്ങളില്‍ ഗോതമ്പ്, മൈദ, റവ എന്നിവ ശരീരത്തിലെ അനാവശ്യജലാംശത്തെ ഊറ്റിക്കളയുന്നവയാണ്. പയറുവര്‍ഗത്തില്‍ മുതിര, വന്‍പയര്‍ എന്നിവകൊണ്ട് പുഴുക്ക് വെച്ച് കഴിക്കുന്നതും നല്ലതാണ്. മുരിങ്ങയില, ചീരയില പോലുള്ള ഇലക്കറികള്‍ കഴിക്കുന്നത് സുഖകരമായ ശോധനയ്ക്ക് സഹായിക്കും. പക്ഷേ പറിച്ചെടുക്കുന്ന ഇല ശുദ്ധമായ വെള്ളത്തില്‍ നന്നായി കഴുകി മാത്രമേ ഉപയോഗിക്കാവൂ.

കോഴിയിറച്ചി, കോഴിമുട്ട, മത്സ്യം എന്നിവ മഴക്കാലത്ത് കഴിക്കാം. എങ്കിലും ദഹനം സുഖകരമാക്കാന്‍ മാംസം സൂപ്പുവെച്ച് കഴിക്കുന്നതാണ് ഉചിതം. സസ്യാഹാരംമാത്രം കഴിക്കുന്നവര്‍ ചെറുപയര്‍, കാരറ്റ്, ബീന്‍സ് സൂപ്പുകള്‍ കഴിക്കാം.

ശരീരത്തിന് കൂടുതല്‍ ഊര്‍ജം വേണ്ട കാലം കൂടിയാണ് മഴക്കാലം. പാല്‍, പാലുല്പന്നങ്ങള്‍, പഞ്ചസാര, എണ്ണക്ക് പകരം നെയ്യ് എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കണം. ഉലുവക്കഞ്ഞി നിത്യേന കഴിക്കുന്നത് വാതരോഗികള്‍ക്ക് സന്ധിവേദന, നടുവേദന എന്നിവ ഒഴിവാക്കാന്‍ സഹായിക്കും.

മഴക്കാലത്ത് വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. കൃമി, ശ്വാസതടസ്സം, ചുമ, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കും പ്രധാന മരുന്നാണിത്. തലമുടിയുടെ ആരോഗ്യത്തിനും വെളുത്തുള്ളി നന്ന്. ചെറുപയര്‍ രസം, കുരുമുളക് രസം എന്നിവ കഴിക്കുന്നത് ദഹനത്തെ സഹായിക്കും. 

വര്‍ഷകാലത്ത് കുഞ്ഞിന്റെ ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. അവരുടെ നിത്യാഹാരത്തില്‍ ഉഴുന്ന്, മഞ്ഞള്‍, ചെറുപയര്‍, നെയ്യ് ഇവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കുഞ്ഞിന് അരിയാഹാരം കൊടുക്കുമ്പോള്‍ മഞ്ഞളിട്ടു കാച്ചിയ മോരുകൂട്ടി കൊടുക്കുന്നതാണ് നല്ലത്. രക്തശുദ്ധീകരണത്തിന് ഏറ്റവും നല്ല ആന്റി ഓക്‌സിഡന്റാണ് മഞ്ഞള്‍. റാഗി വേവിച്ചുടച്ച് വെള്ളം ചേര്‍ത്ത് സൂപ്പായും നല്‍കാം. ഒന്നര വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുന്നത് രോഗപ്രതിരോധശേഷി കൂട്ടും.


വെള്ളം ശുദ്ധമാക്കണം


വര്‍ഷക്കാലത്ത് ജലശുദ്ധിതന്നെയാണ് പ്രധാനം. കുളിക്കാനും കുടിക്കാനും നല്ല വെള്ളം ഉപയോഗിച്ചാല്‍തന്നെ 90 ശതമാനം രോഗങ്ങളും അകന്നുനില്‍ക്കും.

മഴക്കാലത്ത് ദാഹം കുറയുകയും വിശപ്പ് ഏറുകയും ചെയ്യുന്നു. ദഹനം കുറവായതിനാല്‍ വയറില്‍ രോഗസാധ്യത വര്‍ഷക്കാലത്ത് കൂടുതലാണ്. ദാഹമുണ്ടെങ്കിലും ഇല്ലെങ്കിലും ദിവസം ആറു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

ആദ്യത്തെ നാലഞ്ചു മഴയ്ക്കു ശേഷമുള്ള മഴവെള്ളമാണ് ശ്രേഷ്ഠം എന്ന് ആയുര്‍വേദം. കുടിക്കാനുള്ള വെള്ളം തിളപ്പിച്ചാറ്റി വൃത്തിയായി സൂക്ഷിക്കാം. 

ഫ്രിഡ്ജില്‍ തണുപ്പിച്ചവെള്ളം കുടിക്കരുത്. ത്വക്കിനും ശ്വാസകോശത്തിനും തകരാറുണ്ടെങ്കില്‍ അത് കൂട്ടാന്‍ ശീതീകരിച്ച വെള്ളം ഇടയാക്കും. ദഹനപ്രക്രിയയെ ബാധിക്കുകയും ചെയ്യാം. വാതം അധികരിക്കുന്ന കാലമായതിനാല്‍ സന്ധിരോഗങ്ങളെ വര്‍ധിപ്പിക്കുന്നതിനും ശീതികരിച്ച വെള്ളം കാരണമാകും.

ചുക്ക് ഇട്ടു തിളപ്പിച്ച വെള്ളം മഴക്കാലത്ത് പൊതുവെ നല്ലതാണ്. ശ്വാസകോശശുദ്ധിക്കും ദഹനം സുഖമമാക്കാനും ഇത് സഹായിക്കും. കൊത്തമല്ലിയിട്ട് തിളപ്പിച്ച വെള്ളം രക്തദോഷം, മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന പുകച്ചില്‍ എന്നിവ തടയും.

തലേന്ന് കിണറ്റില്‍നിന്ന് കോരിവെച്ച വെള്ളം പിറ്റേന്ന് ഉപയോഗിക്കരുത്. മഴക്കാലത്ത് അണുബാധയ്ക്ക് സാധ്യത കൂടും. അന്നന്നത്തെ ആവശ്യത്തിനുള്ള വെള്ളം അന്നുതന്നെ കോരിയെടുക്കാം. കഞ്ഞിവെള്ളം അല്പം ഉപ്പിട്ട് ഇടയ്ക്കിടെ കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നത് നല്ലതാണ്. വയറിളക്കം മൂലം നിര്‍ജ്ജലീകരണം വരുകയാണെങ്കില്‍ ഇളനീര്‍വെള്ളം ഏറ്റവും ഗുണപ്രദമാണ്.


മലിനീകരണം പ്രശ്‌നം


മഴക്കാലത്ത് അന്തരീക്ഷ മലിനീകരണം കൂടും. ഇത് രക്തദൂഷ്യരോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും ഇടയാക്കും. വീടിന്റെ പരിസരം മലിന വിമുക്തമാക്കാന്‍ ആയുര്‍വേദം പറയുന്ന ചില ചിട്ടകള്‍ ഉണ്ട്.

ആര്യവേപ്പ് മരം അന്തരീക്ഷത്തെ ശുദ്ധീകരിക്കും. ഈ മഴക്കാലത്ത് ഒരു വേപ്പ് തൈ എങ്കിലും വീട്ടിനടുത്ത് വെച്ചുപിടിപ്പിക്കുക. എത്രത്തോളം വേപ്പ് വെച്ചുപിടിപ്പിക്കുന്നുവോ അത്രത്തോളം അന്തരീക്ഷം ശുദ്ധീകരിക്കപ്പെടും. അന്തരീക്ഷമലിനീകരണത്തെ ചെറുക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് പേരാല്‍ വച്ചുപിടിപ്പിക്കുന്നത്. പക്ഷേ, ഇതിന് സ്ഥലം ഏറെ വേണ്ടിവരും. വീടിനു ചുറ്റും തുളസി വെച്ചുപിടിപ്പിച്ചാല്‍ മലേറിയ, വൈറല്‍ ഫീവര്‍ ഇവ അകറ്റാം. വീടിനടുത്ത് മലിനജലം കെട്ടിനില്‍ക്കാന്‍ ഇടയാക്കരുത്. പ്ലാസ്റ്റിക് ഉള്‍പ്പെടേയുള്ള മാലിന്യങ്ങള്‍ വീട്ടിനോട് ചേര്‍ന്ന് കൂട്ടിയിടുകയുമരുത്.

ഗുല്‍ഗുലു, വേപ്പില, വയമ്പ്, കൊട്ടം, കടുക്ക, യവം, കടുക്, നെയ്യ് ഇവ തീക്കണലിട്ട് പുകയേല്‍പ്പിച്ചാല്‍ വീട്ടിനകത്ത് ഈര്‍പ്പം കുറയാനും കൊതുകുശല്യം അകലാനും സഹായിക്കും. ഗുല്‍ഗുലു, നാന്‍മുകപ്പുല്ല്, വയമ്പ്, വെള്ളിലം, വേപ്പില, എരുക്കില, അകില്‍, ദേവദാരം സമം കനലിലിട്ട് പുകയേല്പിക്കുന്നതും നല്ലതാണ്.


സ്ത്രീ രോഗങ്ങള്‍


മഴക്കാലമെന്നോ വേനല്‍ക്കാലമെന്നോ വ്യത്യാസമില്ലാതെ സ്ത്രീകളില്‍ കാണുന്ന അസുഖമാണ് വെള്ളപോക്ക്. ഇതിന് പരിഹാരമുണ്ട്. ശതാവരിഗുളം ദിവസവും ഒരു ടീസ്​പൂണ്‍ കഴിക്കുക. രാവിലെ വെറുംവയറ്റിലും രാത്രി ഭക്ഷണശേഷവും എരിവ്, പുളി, അച്ചാര്‍, മസാലകള്‍ എന്നിവ കഴിവതും ഒഴിവാക്കുകയും വേണം.

ആറുമാസത്തെ കൊടുംചൂടിനുശേഷം കാലവര്‍ഷം എത്തുന്ന ഇടവപ്പാതിയില്‍ ശരീരം ദുര്‍ബലമായിരിക്കും. രോഗപ്രതിരോധ ശേഷിയും താരതമ്യേന കുറയും. ഈ അവസ്ഥയില്‍ ലൈംഗികബന്ധം അധികമായാല്‍ ശരീരം ക്ഷീണിക്കും. ശാരീരികോര്‍ജം നഷ്ടമാവുകയും ചെയ്യും.
അതുകൊണ്ട് 'കാലവിപരീതം' സംഭവിക്കുന്ന ജൂണ്‍ മാസത്തില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് നല്ലത്. മഴക്കാലത്തോട് ശരീരം പൊരുത്തപ്പെട്ട് കഴിയുമ്പോള്‍ ഇതിന്റെ എണ്ണം കൂട്ടാം. ഒപ്പം പുരുഷന്മാര്‍ ശുക്ലവര്‍ധകമായ മരുന്നുകള്‍ കഴിക്കുന്നത് നല്ലതാണ്. ഒരു ഗ്ലാസ് എരുമപ്പാലില്‍ അമുക്കരം, ശതാവരി, നിലപ്പനക്കിഴങ്ങ് എന്നിവ അഞ്ചു ഗ്രാം ചേര്‍ത്ത് ദിവസവും രാത്രി കിടക്കാന്‍ നേരത്ത് കഴിക്കുക. നെയ്യ് കൂട്ടി ഊണുകഴിക്കുന്നതും നന്നായിരിക്കും. അല്ലെങ്കില്‍ അശ്വഗന്ധാദിലേഹ്യം, ശതാവരി ഗുളം, നാരസിംഹരസായനം, നായ്ക്കുരുണപരിപ്പ് എന്നിവയിലൊന്ന് രാത്രി ഒരു ടീസ്​പൂണ്‍ കഴിച്ചശേഷം ഒരു ഗ്ലാസ് പാല്‍ കുടിക്കുക. സ്ത്രീകള്‍ക്ക് ലൈംഗികക്ഷീണം മാറ്റാന്‍ ശതാവരിക്കിഴങ്ങ് ചതച്ചുപിഴിഞ്ഞ നീര് സമം എരുമപ്പാല്‍ ചേര്‍ത്ത് കഴിക്കാം. എന്നാല്‍, രക്തസമ്മര്‍ദം, പ്രമേഹം എന്നീ അസുഖമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമേ മരുന്നുകള്‍ കഴിക്കാവൂ. ബാലാശ്വഗന്ധാദിതൈലം ദിവസേന ശരീരത്തില്‍ തേച്ചു കുളിക്കുന്നതും ഇരുകൂട്ടര്‍ക്കും നല്ലതാണ്.


ഹൃദ്രോഗികള്‍ക്ക് പ്രത്യേക പരിചരണം


മഴക്കാലത്ത് ഹൃദ്രോഗത്തിന് സാധ്യത കൂടുതലാണ്. ഹൃദ്രോഗമരണങ്ങള്‍ കൂടുതല്‍ നടക്കുന്നതും ഇക്കാലത്തുതന്നെ. തണുപ്പും വാതകോപവും രക്തയോട്ടത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. അതു കാരണമാവാം ഹൃദ്രോഗസാധ്യത കൂടുന്നത്. ഹൃദ്രോഗികള്‍ മഴക്കാലത്ത് ദശമൂലകഷായം നിത്യവും കഴിക്കുന്നത് നല്ലതാണ്. രക്തപ്രവാഹം സാധാരണ ഗതിയിലാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഓരില, മൂവില, ചെറു വഴുതിന, വെണ്‍ വഴുതിന അല്ലെങ്കില്‍ ചെറൂള, പലകപ്പയ്യാന, പൂപാതിരി, കുമിഴ്, കൂവളം എന്നിവയുടെ വേരും ഞെരിങ്ങിന്‍ കായയും ഉണക്കിപ്പൊടിച്ചത്, പതിനഞ്ച് ഗ്രാം എടുത്ത് കിഴികെട്ടി 100 മില്ലി പാലില്‍ 400 മില്ലി വെള്ളം ചേര്‍ത്ത് അതില്‍ ഇട്ട് വെക്കുക. ഇത് തിളപ്പിച്ച് വറ്റിച്ച് 100 മില്ലി ആക്കുക. കിഴി എടുത്തുകളഞ്ഞശേഷം പാല്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കാം. നീര്‍മരുതിന്റെ തൊലി, കുറുന്തോട്ടിവേര്, ഇരട്ടിമധുരം ഇവയിലൊന്ന് ഇട്ട് പാല്‍കാച്ചി പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. പ്രമേഹ രോഗികള്‍ പഞ്ചസാര ചേര്‍ക്കരുത്.


സുഖചികിത്സയുടെ കാലം

മഴക്കാലം ആയുര്‍വേദത്തില്‍ സുഖചികിത്സയുടെ കാലംകൂടിയാണ്. വേനല്‍ക്കാലത്ത് ശരീരത്തിന്റെ ബലം കുറയും. മഴക്കാലത്ത് ഈ ബലം തിരിച്ചുപിടിക്കണം. അതിനാണ് സുഖചികിത്സ. മഴക്കാലത്ത് ദോഷങ്ങളെ ശരീരത്തില്‍നിന്നും കളയാനും എളുപ്പമാണ്.

മഴക്കാലം വാതരോഗങ്ങള്‍ കൂടുന്ന സമയമാണ്. വാതത്തിന്റെ പ്രധാനപ്പെട്ട സ്ഥാനമാണ് ചര്‍മം. മഴക്കാലത്ത് ശരീരമാകെ എണ്ണ പുതപ്പിച്ച്, തിരുമ്മി, കുളിക്കുന്നത് വേനലില്‍ നഷ്ടമായ ഊര്‍ജം തിരിച്ചുകിട്ടാന്‍ സഹായിക്കും. വീട്ടില്‍ സ്വയം ചെയ്യാവുന്നതും ചെലവ് കുറഞ്ഞതുമായ സുഖചികിത്സയാണ് താഴെ പറയുന്നത്.

പ്രത്യേകിച്ച് രോഗങ്ങള്‍ ഒന്നും ഇല്ലാത്തവരാണെങ്കില്‍ നല്ലെണ്ണ ചെറുതായി ചൂടാക്കി ദേഹത്ത് തടവിയാല്‍ മതി. രോഗമുള്ളവര്‍ക്ക് അതനുസരിച്ച് ഡോക്ടര്‍ നിര്‍ദേശിക്കുന്ന എണ്ണയോ കുഴമ്പോ ആണ് വേണ്ടത്.

ചുട്ടുപുകച്ചിലും പുറംവേദനയും ഉള്ളപ്പോള്‍ സ്ത്രീകള്‍ക്ക് പിണ്ഡതൈലമാണ് നല്ലത്. വേദന മാത്രമാണെങ്കില്‍ ധാന്വന്തരം കുഴമ്പ് ഉപയോഗിക്കാം. കുട്ടികള്‍ക്ക് ലാക്ഷാദിതൈലം, ബലാശഗന്ധാദിതൈലം എന്നിവ ആവാം.

എണ്ണ ദേഹത്ത് പുരട്ടി അരമണിക്കൂര്‍ തടവണം. താഴേക്കും മുകളിലേക്കുമാണ് തടവേണ്ടത്. എന്നിട്ട് കുളിക്കാം. തലയില്‍ പച്ച വെള്ളം തന്നെ ഉപയോഗിക്കണം. ചൂടുവെള്ളം തലയില്‍ ഒഴിച്ച് കുളിച്ചാല്‍ കണ്ണിനും മുടിക്കും ദോഷം ചെയ്യും. 

എണ്ണ കഴുകിക്കളയാന്‍ സോപ്പ് ഉപയോഗിക്കരുത്. മുതിരപ്പൊടി, ചെറുപയറുപൊടി, വാഗപ്പൊടി ഇവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാം. 10 മുതല്‍ 25 ദിവസം ഈ രീതിയിലുള്ള ഉഴിച്ചില്‍ ചെയ്യണം. വാതരോഗം, നടുവേദന, മുട്ടുവേദന, സന്ധിവേദന എന്നിവയക്ക് ഉഴിച്ചില്‍ ആശ്വാസമേകും. ധാന്വന്തരം നൂറ്റൊന്ന് ആവര്‍ത്തിച്ചത്, ക്ഷീരബലം നൂറ്റൊന്ന് ആവര്‍ത്തിച്ചത് എന്നിവ കഴിക്കുന്നതും നല്ലതാണ്.

ശരീരതാപനില നിലനിര്‍ത്താന്‍ മഴക്കാലത്ത് അല്പം മദ്യം കഴിക്കുന്നതില്‍ തെറ്റില്ലെന്ന് പൊതുവെ ധാരണയുണ്ട്. ഇത് ശരിയല്ല. മദ്യം ശരീരത്തെ നിര്‍ജ്ജലീകരിക്കും. ആയുര്‍വേദം നിര്‍ദേശിക്കുന്ന അരിഷ്ടവും ആസവങ്ങളും ശരീരത്തിന് ചൂട് നല്‍കുന്നവയാണ്. മഴക്കാലത്ത് നിത്യവും ദശാമൂലാരിഷ്ടം, അശ്വഗന്ധാരിഷ്ടം എന്നിവ കഴിക്കാം. കുട്ടികള്‍ക്ക് ബാലാമൃതം കൊടുക്കാം.


വ്യായാമവും വിശ്രമവും


മഴക്കാലത്ത് ചിട്ടയായ വ്യായാമം ആവശ്യമാണ്. വേനലില്‍ നഷ്ടമായ ശരീരബലം ആര്‍ജിക്കേണ്ട കാലമാണിത്. ഭക്ഷണത്തിനും മരുന്നിനുമൊപ്പം വ്യായാമവും ഇതിന് ആവശ്യമാണ്. മഴക്കാലത്ത് ശരീരത്തില്‍ രക്തയോട്ടം പതിവുപോലെ ആവില്ല. മിതമായി വ്യായാമം ചെയ്താല്‍ ഇതിനെ സാധാരണ നിലയിലെത്തിക്കാം. ഇത് ശരീരത്തിന് ഉണര്‍വ് നല്‍കും. യോഗ, ധ്യാനം, ബ്രീത്തിംഗ് വ്യായാമം, പ്രാണായാമം, എന്നിവയും ഗുണംചെയ്യും. എന്നാല്‍ ആസ്തമാ രോഗികള്‍, പ്രമേഹരോഗികള്‍, രക്തസമ്മര്‍ദ്ദമനുഭവപ്പെടുന്നവര്‍ എന്നിവര്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന വ്യായാമങ്ങളെ ചെയ്യാവൂ. മഴക്കാലത്തെ പകലുറക്കം ശരീരത്തെ മന്ദീഭവിപ്പിക്കും. പൊണ്ണത്തടി, അലസത എന്നിവയ്ക്ക് പകലുറക്കം കാരണമാവാറുണ്ട്. എന്നാല്‍, രാത്രി മിനിമം ആറു മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാണ്. നേരത്തെ ഉറങ്ങി നേരത്തെ ഉണരുന്ന രീതിയാണ് നല്ലത്.


മണ്ണില്‍ കളി വേണ്ട


മഴക്കാലത്ത് ചെരുപ്പിടാതെ മണ്ണില്‍ ചവിട്ടുന്നത് ചൊറിയും വളംകടിയും ഉണ്ടാക്കും. കുട്ടികളിലാണിത് കൂടുതല്‍ കാണുക. നല്പാമരാദി എണ്ണ തേച്ചു കുളിക്കുന്നത് ചൊറിയും ചിരങ്ങും വള്ളംകടിയും തടയും. ആര്യവേപ്പില പച്ചമഞ്ഞളും ചേര്‍ത്തരച്ച് അണുബാധയുള്ള ഭാഗത്ത് പുരട്ടി വരണ്ടുകഴിയുമ്പോള്‍ കഴുകിക്കളയാം. നിംബഹരിദ്രാദി ചൂര്‍ണം തിരുമ്മുന്നതും നല്ലതാണ്. കിംശുപത്രാദി എണ്ണ പുരട്ടുന്നതും അണുബാധ ശമിപ്പിക്കും. നനഞ്ഞ അടിവസ്ത്രം ധരിക്കുന്നത് തുടയിടുക്കില്‍ അണുബാധ ഉണ്ടാക്കും. നനഞ്ഞ തുണി ഉണക്കാനിട്ട മുറിയില്‍ കിടന്നുറങ്ങുന്നത് ജലദോഷം, കഫക്കെട്ട് എന്നിവയ്ക്ക് ഇടയാക്കും. മുറിയില്‍ ഈര്‍പ്പം നിറയുന്നതാണ് കാരണം.


ചര്‍മസംരക്ഷണം


മഴക്കാലത്ത് ചര്‍മസംരക്ഷണത്തിന് നല്ലെണ്ണ ദിവസവും തേച്ച് കുളിക്കുന്നത് നല്ലതാണ്. ദേഹത്തും തലയിലും എണ്ണ തേക്കുന്നത് ശരീരത്തില്‍ ചൂട് നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. കടലമാവ് പാലില്‍ കലക്കി കുഴമ്പുരൂപത്തില്‍ പുരട്ടിയാല്‍ മുഖത്തിന്റെ സ്വാഭാവികനിറം നിലനില്‍ക്കുന്നതിന് സഹായിക്കും. കാലില്‍ വിണ്ടുകീറുന്നത് തടയാന്‍ മഹാതിക്തകഘൃതം രണ്ടു ടീസ്​പൂണ്‍ അത്താഴത്തിനുശേഷം കഴിക്കുക. ശതദൗധഘൃതം കാലില്‍ പുരട്ടുന്നതും നല്ലതാണ്. മഴക്കാലത്ത് സോപ്പ് ഒഴിവാക്കുക. പകരം കടലമാവോ ചെറുപയര്‍ പൊടിയോ വെള്ളത്തില്‍ കുഴച്ച് തേച്ചുകുളിക്കുക. കുളിക്കുമ്പോള്‍ പാച്ചോറ്റിത്തൊലി പൊടിച്ച് തേങ്ങാവെള്ളത്തില്‍ കുഴച്ച് മുഖത്ത് തേക്കുക. മുഖക്കുരു പോകും.

മുടി നനവ് വിടാതെ കെട്ടിവെക്കരുത്. തലയോട്ടിയില്‍ താരന്‍ വര്‍ധിക്കുന്ന കാലമാണ് മഴക്കാലം. ഫാനിന്റെ ഇളംകാറ്റേല്പിച്ച് മുടിയുണക്കുന്നത് നല്ലതാണ്. ദിവസവും കുളി കഴിഞ്ഞാല്‍ രാസ്‌നാദിപൊടി നെറുകെയില്‍ തിരുമ്മുന്നത് രോഗസാധ്യതകളെ തടയും. രാസ്‌നാദിപ്പൊടി ഇളംചൂട് വെള്ളത്തില്‍ കുഴമ്പാക്കി കലക്കി നെറ്റിയില്‍ പുരട്ടിയാലും മതി.

മഴക്കാലത്ത് ചുണ്ടിലെ തൊലി അടര്‍ന്നുപോകുന്ന അവസ്ഥ ചിലരില്‍ കാണാറുണ്ട്. ദിവസവും കുളി കഴിഞ്ഞശേഷം അല്പം വെണ്ണ പുരട്ടുന്നത് ചുണ്ടിന് മിനുസം നല്‍കും. വായ്പ്പുണ്ണിന് ത്രിഫലപൊടി ഒരു ടിസ്​പൂണ്‍ 100 മില്ലീലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ചൂടു പാകമായല്‍ പകുതിയെടുത്ത് പത്തുമിനുട്ട് കവിള്‍കൊള്ളുക. ബാക്കി പകുതി രണ്ടാമതും കവിള്‍കൊള്ളാം. ദിവസവും രണ്ടുനേരം ഇങ്ങനെ ചെയ്താല്‍ വായ്പ്പുണ്ണ് മാറും. മുഖത്തും കൈകാലുകളിലും രോമം വളരുന്നതാണ് ചില പെണ്‍കുട്ടികളുടെ പ്രശ്‌നം. കസ്തൂരിമഞ്ഞള്‍ തിളച്ച വെള്ളം തളിച്ചരച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളയാം. ദിവസവും ഇത് ആവര്‍ത്തിച്ചാല്‍ ആഴ്ചകള്‍ക്കകം ഇത് മാറിക്കിട്ടും.


കണ്ണുകളുടെ ആരോഗ്യം


നീരിറക്കം, അണുബാധ എന്നിവ മഴക്കാലത്ത് കണ്ണുകളെ ബാധിക്കാറുണ്ട്. കണ്ണിന്റെ അഴകിനും ആരോഗ്യത്തിനും മഴക്കാലത്ത് നിത്യവും ക ണ്ണെഴുത്ത് ശീലമാക്കണം. പെണ്‍കുട്ടികള്‍ക്കുമാത്രമല്ല ആണുങ്ങള്‍ക്കും കണ്ണെഴുതാം. കണ്ണെഴുതിയാല്‍ കാഴ്ചയുടെ സൂക്ഷ്മശക്തി കൂടും. കണ്ണിന് തിളക്കവും നിറവും കിട്ടും. കരിമഷികൊണ്ടുള്ള കണ്ണെഴുത്താണ് നല്ലത്. ദിവസവും രാവിലെയാണ് കണ്ണെഴുതേണ്ടത്. രാത്രി കണ്ണെഴുതുന്നത് ഉറക്കക്കുറവ് ഉണ്ടാക്കാം.

ഔഷധഗുണമുള്ള കണ്‍മഷി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം. പുതിയ ഈരിഴതോര്‍ത്ത് കഷണങ്ങളാക്കി തിരിതെരച്ചുവെക്കുക. പൂവ്വാംകുറുന്നില നീര്, ചെറുനാരങ്ങനീര് എന്നിവ ചേര്‍ത്തതില്‍ ഈ തിരികള്‍ പലതവണ മുക്കി തണലില്‍ ഉണക്കിയെടുക്കുക. ഒരു ചിരാതില്‍ അല്പം തൃഫല പൊടിയിട്ട് മൂപ്പിക്കുക. ഇതിലേക്ക് എള്ളെണ്ണ ഒഴിച്ച് കലക്കുക. ഉണക്കിയെടുത്ത തിരി ഇതില്‍ മുക്കിവെച്ച് കത്തിക്കുക. ഇത് ഒരു പുതിയ മണ്‍കലം കൊണ്ട് മൂടിവെക്കുക. തിരികത്തിയതിന്റെ കരി കലത്തിന്റെ ഉള്‍ഭാഗത്ത് പിടിക്കും. ഇത് ചുരണ്ടിയെടുത്ത് അല്പം പച്ചകര്‍പ്പൂരവും അഞ്ജനവും ചേര്‍ത്ത് കണ്ണെഴുതാന്‍ പാകത്തിന് കുഴമ്പാക്കുക. ദിവസവും ഇതില്‍നിന്ന് ആവശ്യത്തിന് എടുത്ത് രാവിലെ കണ്ണെഴുതുകയും ചെയ്യാം.


ചികിത്സ വീട്ടില്‍


പനി -അമൃതാരിഷ്ടം, അഗ്നികുമാരരസം ഗുളിക എന്നിവ കഴിക്കാം. അമൃതാരിഷ്ടം ഒരു ഔണ്‍സ് വീതം മൂന്നുനേരം. കുട്ടികള്‍ക്ക് അര ഔണ്‍സ് വീതം രണ്ട് നേരം.

ജലദോഷം - ശീതജ്വരാരി ഗുളിക. രണ്ടെണ്ണം വീതം മൂന്നുനേരം. കുട്ടികള്‍ക്ക് ഒരു ഗുളിക വീതം മതി.

ചുമ, ശ്വാസംമുട്ടല്‍ - ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് പലവട്ടം കഴിക്കുക. ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്ത് പലവട്ടം സേവിക്കുക. ഒരു പിടി തുളസിയില, രണ്ടുമണി കുരുമുളക് എന്നിവ രണ്ട് ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് അര ഗ്ലാസാക്കി വറ്റിച്ച് അരിച്ചശേഷം ഇന്ദുപ്പ്, തേന്‍ എന്നിവ ചേര്‍ത്ത് പലവട്ടം കഴിക്കുക. മുതിര വേവിച്ച വെള്ളം അല്പം കുരുമുളക് ചേര്‍ത്ത് കഴിച്ചാല്‍ ശ്വാസംമുട്ടല്‍, മൂക്കടപ്പ്, ചുമ എന്നിവ ശമിക്കും. വ്യോഷാദിവടകം കഴിക്കുന്നത് ജലദോഷം, ചുമ എന്നിവക്ക് പുറമെ രുചിക്കുറവ്, ദഹനക്കേട് എന്നിവയും ശമിപ്പിക്കും. മുതിര വേവിച്ചവെള്ളം അല്പം കുരുമുളക് ചേര്‍ത്ത് കഴിച്ചാല്‍ മൂക്കടപ്പ്, ചുമ എന്നിവ മാറും. കുട്ടികള്‍ക്ക് അല്പം മുത്തങ്ങാപ്പൊടി അല്ലെങ്കില്‍ ചുക്കുപൊടി പാലില്‍ കലക്കിക്കൊടുത്താല്‍ കഫക്കെട്ട് തടയാം.

ഛര്‍ദ്ദി, വയറിളക്കം, പനി - വില്ല്വാദി ഗുളിക പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കാം. ഛര്‍ദ്ദി, വയറിളക്കം കാരണം ഉണ്ടാകുന്ന ക്ഷീണമകറ്റാന്‍ മലര്‍കഞ്ഞി നല്ലതാണ്. കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയും. ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ എട്ട് ടീസ്​പൂണ്‍ പഞ്ചസാര ഒരു ടീസ്​പൂണ്‍ ഉപ്പ് ചേര്‍ത്ത് പലവട്ടമായി കഴിക്കുന്നതും നിര്‍ജ്ജലീകരണം തടയും.

കണ്ണില്‍ അണുബാധ - അണുബാധ വരാതിരിക്കാന്‍ ദിവസവും കണ്ണെഴുതുന്നത് നല്ലതാണ്. അണുബാധ വന്നാല്‍ പുളിയില മഞ്ഞള്‍ ഇട്ട് വെള്ളം തിളപ്പിച്ച് ആവി കൊള്ളാം. നേത്രമൃതം ഒറ്റിക്കുന്നതും നന്ന്.

ദഹനക്കേട് - ദഹനം കൂട്ടാന്‍ ചുക്ക്, ഇരട്ടി ശര്‍ക്കര കൂട്ടി കഴിക്കുക. മഴക്കാലത്ത് നിത്യവും മുസ്താരിഷ്ടവും പിപ്പില്ല്യാസവും സമാസമം ചേര്‍ത്ത് ഒരു ഔണ്‍സ് വീതം രണ്ടുനേരം കഴിക്കുക.


ചുക്ക് മുക്കുടി


മഴക്കാലത്ത് ദഹനക്കേട് ഒഴിവാക്കാന്‍ കാച്ചിയ മോരുകൂട്ടിയുള്ള ഊണ് ശീലമാക്കാം. ആയുര്‍വ്വേദവിധിപ്രകാരം മോര് കാച്ചുന്ന വിധം ചുവടെ. ഇങ്ങനെ കാച്ചിയ മോരിന് 'ചുക്ക് മുക്കുടി' എന്നാണ് ആയുര്‍വേദത്തില്‍ പറയുക.
ചുക്ക് ഒരു വലിയ കഷണം
മഞ്ഞള്‍പൊടി ഒരുനുള്ള്
മോര് 100 മില്ലി
വെള്ളം 100 മില്ലി
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില രണ്ട് അല്ലി

തയ്യാറാക്കുന്നവിധം: ചുക്ക് ചൂടുള്ള കനലില്‍ ചുട്ടെടുക്കുക. ഇത് മോര് ചേര്‍ത്ത് അരക്കുക. ഈ അരപ്പ് 100 മില്ലി മോരില്‍ കലക്കി 100 മില്ലി വെള്ളവും ചേര്‍ത്ത്, ഉപ്പ്, കറിവേപ്പില, മഞ്ഞള്‍പൊടി എന്നിവയും ഇട്ട് തിളപ്പിക്കുക. പകുതി വറ്റും വരെ തിളക്കണം.


പനിക്ക് ചുക്കുകാപ്പി


പുതുമഴ നനഞ്ഞാല്‍ കുളിരും അസ്വസ്ഥതയും ഉണ്ടാവുക സ്വാഭാവികം. ഈ പനിയകറ്റാന്‍ മരുന്നുകാപ്പി മതി. വീട്ടില്‍ പെട്ടെന്ന് ഉണ്ടാക്കാവുന്ന മരുന്നുകാപ്പി.
ചക്കര (കരിപ്പെട്ടി) 250 ഗ്രാം
ചുക്ക് 25ഗ്രാം
മല്ലി 25ഗ്രാം
കുരുമുളക് 10 ഗ്രാം
തുളസിയില 10 അല്ലി
വെറ്റില ഒന്ന്

ചേരുവകളെല്ലാം നന്നായി ഇടിച്ച് യോജിപ്പിക്കുക. ഇത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ കാപ്പിപ്പൊടി ചേര്‍ക്കുക. ഈ കാപ്പി ചെറുചൂടോടെ അരഗ്ലാസ് വീതം മൂന്നോ നാലോ നേരം കുടിക്കുക. പനി ഭേദപ്പെടും

മുത്തശ്ശി പറഞ്ഞതെല്ലാം നേരാണോ

തൈരും പപ്പടവും ഒന്നിച്ച് കഴിക്കാമോ? ഭക്ഷണം കഴിഞ്ഞയുടന്‍ കുളിക്കരുതെന്ന് പറയുന്നതില്‍ കാര്യമുണ്ടോ? തുടങ്ങിയ സംശയങ്ങള്‍ക്ക് ഡോ. സി.എം. ശ്രീകൃഷ്ണന്‍ (വി.പി.എസ്.വി. ആയുര്‍വേദ കോളേജ്, കോട്ടക്കല്‍) മറുപടി പറയുന്നു...


പകലുറക്കം പാടില്ല എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ഇതു ശരിയാണോ? എങ്കില്‍ എന്താണ് കാരണം.

മനസ്സിനും ശരീരത്തിനുമുള്ള വിശ്രമമാണ് ഉറക്കം. രാത്രിയാവുമ്പോള്‍ ശരീരത്തിന്റെ ചയാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുന്നു. അതാണ് രാത്രിയില്‍ മനുഷ്യനടക്കമുള്ള സകല ജീവജാലങ്ങളും ഉറങ്ങുന്നത്. പകല്‍സമയത്ത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാണ്. പകലുറക്കം ഈവക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കും. 

പകലുറങ്ങിയാല്‍ കഫം വര്‍ധിക്കുമെന്ന് പറയും. ശരീരത്തിന് മന്ദത അനുഭവപ്പെടും. ഉച്ചയ്ക്ക് ഊണു കഴിഞ്ഞാലുടന്‍ ഉറങ്ങരുത്. ദഹനം ശരിക്ക് നടക്കില്ല. കുട്ടികള്‍ നല്ലപോലെ ഉറങ്ങണം. ഉറങ്ങുന്ന സമയത്താണ് അവരുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്.

ഉഷ്ണകാലത്ത് രാത്രി കുറവും പകല്‍ കൂടുതലുമാണ്. രാത്രിയുറക്കം പലപ്പോഴും ഉഷ്ണം കാരണം സ്വസ്ഥമാവുകയില്ല. പൊതുവില്‍ ശാരീരികബലം കുറയുന്ന ഉഷ്ണകാലത്ത് കുറച്ചൊക്കെ പകലുറക്കം ആവാം. ഊണ് കഴിഞ്ഞ് അര മണിക്കൂര്‍ ഉറങ്ങാം. ശബ്ദം കൂടുതല്‍ ഉപയോഗിക്കുന്ന പ്രാസംഗികര്‍, സംഗീതജ്ഞര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് കുറച്ചുനേരം പകലുറക്കം ആവാം. സ്വനപേശികള്‍ക്ക് വിശ്രമം കിട്ടാന്‍ ഇതു സഹായിക്കും.


ഉറങ്ങും മുന്‍പ് പാല്‍ കുടിക്കണം എന്നു പറയുന്നതില്‍ യുക്തി എന്താണ്?


ശീതഗുണമുള്ള പാലും തൈരും കഴിച്ചാല്‍ തലച്ചോറിന് ഒരു മന്ദഗതി വരും. ഈ അവസ്ഥ എളുപ്പം ഉറക്കത്തെ ക്ഷണിച്ചുവരുത്തുകയും ചെയ്യും. പാലില്‍ എരുമപ്പാലാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.


തലയില്‍ എണ്ണ തേച്ചില്ലെങ്കില്‍ മുടി വളരില്ല എന്നു കേട്ടിട്ടുണ്ട്. അതില്‍ കഴമ്പുണ്ടോ?


നിത്യവുമുള്ള എണ്ണതേപ്പ് തലമുടിയുടെ വളര്‍ച്ചയെ സഹായിക്കുമെന്നത് ശരിയാണ്. ഇന്ന് ചൊറിച്ചിലും താരനും മുടികൊഴിച്ചിലും ഇല്ലാത്തവരില്ല. എണ്ണ കൈകളിലൊഴിച്ച് വിരലുകള്‍കൊണ്ട് തലയോട്ടിയില്‍ പുരട്ടി തലോടണം. മൃദുവായ മസാജിങ്ങാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ ശിരോചര്‍മത്തിലെ രക്തപ്രവാഹം സജീവമാകും. ഇത് മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തും. എണ്ണ, പ്രത്യേകിച്ചും ത്രിഫല (താന്നിക്ക-കടുക്ക- നെല്ലിക്ക) ചേര്‍ത്തത്, തലയ്ക്ക് തണുപ്പ് നല്‍കും.


നെറ്റിയില്‍ ചന്ദനം തൊടുന്നത് നല്ലതാണെന്നു കേട്ടു. എന്താണതിന്റെ ശാസ്ത്രീയവശം.


ചന്ദനം വളരെ ശീതളമായ ഒന്നാണ്. അതുപോലെ ചന്ദനത്തിന് സുഗന്ധമുണ്ട്. ഭ്രൂമധ്യത്തിലാണ് ചന്ദനം തൊടേണ്ടത്. പുരികങ്ങള്‍ക്ക് നടുവില്‍ എന്നര്‍ത്ഥം. ഈ ഭാഗം മര്‍മമാണ്. നാഡികളുടെ തുടക്കം അവിടെനിന്നാണ്. ചന്ദനത്തിന്റെ ശീതളസ്​പര്‍ശം തലച്ചോറിന് സുഖം നല്‍കും. സുഗന്ധം തലച്ചോറിനെ ഉത്തേജിപ്പിക്കും. ഇതുകൊണ്ടാണ് നെറ്റിയില്‍ ചന്ദനക്കുറി ചാര്‍ത്തുന്നത് നല്ലതാണെന്നു പറയുന്നത്.


മലബന്ധം ഉണ്ടായാല്‍ പാലില്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യുമോ?


പാല്‍ ഒരു നല്ല 'ലാക്‌സേറ്റീവ്' ആണ്. കുടലുകളുടെ സുഗമമായ ചലനത്തെ സഹായിക്കുന്നത് എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. നമ്മള്‍ കൂടുതല്‍ പേരും ഇരുന്ന് ജോലി ചെയ്യുന്നവരാണ്. ഇതാണ് മലബന്ധത്തിന്റെ ഒരു പ്രധാന കാരണം. രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ഇളം ചൂടുള്ള പാലില്‍ കുറച്ച് നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.


ചെവിവേദനയ്ക്ക് ഉള്ളി ചൂടാക്കി നീരൊഴിക്കാമെന്ന് പറയാറുണ്ടല്ലോ.


ഇത്തരം ഒറ്റമൂലികളുടെ പ്രശ്‌നം എന്തെന്ന് വെച്ചാല്‍, അവ സാഹചര്യം നോക്കി ഔചിത്യത്തോടെ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ്. ചെവിയില്‍ പഴുപ്പുണ്ടെങ്കില്‍ ഉള്ളി ചൂടാക്കി ഒഴിക്കരുത്. അത് വ്രണമായി മാറും. കഴിയുന്നതും വൈദ്യനിര്‍ദ്ദേശപ്രകാരമേ ഒറ്റമൂലി പ്രയോഗങ്ങള്‍ ചെയ്യാവൂ.


കുഞ്ഞുങ്ങള്‍ക്ക് പനിയും നീരിളക്കവും വന്നാല്‍ പനിക്കൂര്‍ക്കയില മരുന്നായി ഉപയോഗിക്കാമോ?


കുഞ്ഞുങ്ങള്‍ക്ക് ചെറിയ ജലദോഷവും നേര്‍ത്ത പനിയുമൊക്കെ വന്നാല്‍ പനിക്കൂര്‍ക്കയില ഒന്ന് വാട്ടി നിറുകയിലിടാന്‍ പറയാറുണ്ട്. പനികൂര്‍ക്കയില നീര് വലിച്ചെടുത്തുകൊള്ളും. ഇത് എല്ലാ അവസ്ഥയിലും അനുവര്‍ത്തിക്കരുത്. വലിയ പനി വന്നാല്‍ പനികൂര്‍ക്കയില പ്രയോഗം നല്ലതല്ല. ഈ ഇല തണുപ്പാണ്. കടുത്ത പനി വീണ്ടും കൂടിയേക്കും.


കണ്ണില്‍ പുകച്ചിലും ചൊറിച്ചിലും വന്നാല്‍ മുലപ്പാല്‍ ഒഴിക്കുന്നത് നല്ലതാണോ?


ആയുര്‍വേദവിധിപ്രകാരം സ്തന്യം (മുലപ്പാല്‍) ഒരു ഔഷധമാണ്. പ്രത്യേകിച്ചും നേത്രരോഗങ്ങള്‍ക്ക്. സ്തന്യംകൊണ്ട് ധാര ചെയ്യാനും വിധിക്കാറുണ്ട്. ചെങ്കണ്ണ് പിടിപെട്ടാല്‍ ഇരുകണ്ണിലും രണ്ടു തുള്ളിവീതം മുലപ്പാല്‍ ഒഴിക്കുന്നത് സുഖപ്പെടാന്‍ സഹായിക്കും.


പ്രാണി കടിച്ചാല്‍ മുറിപ്പാടില്‍ മഞ്ഞള്‍ തൂവിയാല്‍ മതി എന്നത് ശരിയോ?


മഞ്ഞളിന് ആന്റിടോക്‌സിക് പ്രോപര്‍ട്ടി ഉണ്ട്. എങ്കിലും പ്രാണി കടിക്കുന്ന എല്ലാ കേസുകളിലും മഞ്ഞള്‍ പുരട്ടുന്നത് ശരിയല്ല. മുറിവില്‍ പഴുപ്പുണ്ടെങ്കില്‍ മഞ്ഞള്‍പ്രയോഗം വേണ്ട.


മത്സ്യവും മാംസവും തീര്‍ത്തും ഒഴിവാക്കണമെന്നാണോ ആയുര്‍വേദം പറയുന്നത്?


മത്സ്യവും മാംസവും കഴിക്കാന്‍ പാടില്ല എന്ന് ആയുര്‍വേദത്തില്‍ പറഞ്ഞിട്ടില്ല. മാത്രമല്ല, ഓരോ മാംസത്തിന്റെയും ഗോമാംസത്തിന്റെയടക്കം ഗുണഗണങ്ങള്‍ ശാസ്ത്രങ്ങളില്‍ വിശദീകരിക്കുന്നുമുണ്ട്. ദഹിക്കാന്‍ പ്രയാസമുള്ളതാണ് മാംസാഹാരം. ശരീരത്തിന് ബലം കിട്ടാന്‍ മാംസംകൊണ്ടുള്ള സൂപ്പുകള്‍ നന്ന്. എന്നാല്‍ കഴിക്കുന്ന മാംസത്തിന്റെ അളവ് കുറയ്ക്കണം. മാംസം തന്നെ മൂന്നുനേരം കഴിക്കുന്ന ശീലം ആരോഗ്യത്തിന് നല്ലതല്ല.


ആഴ്ചയില്‍ ഒരു ദിവസം ഉപവസിക്കണം എന്നു പറയുന്നതില്‍ കാര്യമുണ്ടോ?


ദഹനേന്ദ്രിയത്തിന് ആവശ്യമായ വിശ്രമമാണ് ഉപവാസത്തിലൂടെ കിട്ടുന്നത്. ഒരാള്‍ക്ക് ഒരു ദിവസം ഭക്ഷണത്തിലൂടെ 3000 കലോറിയേ ആവശ്യമുള്ളൂ. അതിന്റെ നാലിരട്ടിയാണ് ഇന്നത്തെ ജീവിതരീതിയില്‍ ഒരാള്‍ കഴിക്കുന്നത്. ഇത് അനാരോഗ്യം ഉണ്ടാക്കും. പണ്ട് ഉച്ചനേരത്ത് ഭക്ഷണമില്ല. ഇന്നത്തെ സ്ഥിതിയില്‍ മൂന്നു നേരമാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത്. രാത്രിയിലുള്ള ഭക്ഷണം പഴങ്ങള്‍ മാത്രമാക്കുക. വയറിന് നല്ല സുഖം കിട്ടും.


ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരണം എന്നൊക്കെ കേട്ടിട്ടുണ്ട്. അതിരാവിലെ ഉണരുന്നതിന്റെ പ്രത്യേകത എന്താണ്?


സൂര്യന്‍ ഉദിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് എഴുന്നേറ്റാല്‍ മതി. 5 മണിക്ക് ഉണരുക. മനുഷ്യരെ സംബന്ധിച്ച് കൂടുതല്‍ ഊര്‍ജ്ജസ്വലരാവുന്ന സമയമാണ് പുലര്‍കാലം. ഈ സമയത്ത് ശാരീരികവും മാനസികവുമായി നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയും. ചിന്തകള്‍ വളരെ വ്യക്തമായിരിക്കും. തലച്ചോര്‍ സജീവമാകും. കുട്ടികള്‍ രാവിലെ എഴുന്നേറ്റ് പഠിക്കുന്നത് ഫലപ്രദമായിരിക്കും.


ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്നത് ദോഷമാണോ?


ആഹാരത്തിനു മുന്‍പ് വെള്ളം കുടിച്ചാല്‍ ദേഹം മെലിയാന്‍ സാധ്യതയുണ്ട്. പിന്നീട് കുറച്ച് ഭക്ഷണമേ കഴിക്കാന്‍ പറ്റുകയുള്ളൂ എന്നതിനാല്‍. ആഹാരത്തിന്നിടയില്‍ വെള്ളം കുടിച്ചാല്‍ ശരീരം മധ്യസ്ഥിതിയില്‍ നില്‍ക്കും. ഭക്ഷണശേഷം ജലം കുടിച്ചാല്‍ ശരീരം തടിക്കും. ഈകാര്യങ്ങള്‍ ദഹനത്തിനനുസരിച്ചാണ് സംഭവിക്കുന്നത്. രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട അഷ്ടാംഗഹൃദയത്തില്‍ പറയുന്നത്, വയറിന്റെ നാലില്‍ രണ്ടു ഭാഗം ഭക്ഷണം മതിയെന്നാണ്. ഒരു ഭാഗം വെള്ളത്തിനായും ഒരു ഭാഗം വായുവിനായുമാണ്. വെള്ളം എന്നാല്‍ നേരിട്ടുള്ള കുടിവെള്ളമല്ല, മോരും കറികളും തൈരുമെല്ലാമാണ്.


ഭക്ഷണം കഴിച്ചത് ദഹിച്ചശേഷമേ വീണ്ടും കഴിക്കാവൂ എന്നു പറയുന്നതോ?


ഒരു ഭക്ഷണം കഴിച്ച് പകുതി ദഹനം ആവുമ്പോള്‍ വീണ്ടും പുതിയ ഭക്ഷണം ആമാശയത്തിലേക്ക് എത്തുന്നു. ഇത് ദഹനക്കേടുണ്ടാക്കും. രണ്ടു ഭക്ഷണങ്ങള്‍ക്കിടയില്‍ ആറ് മണിക്കൂറിന്റെ ഇടവേള നല്‍കണം.


തൈരും പപ്പടവും ഒന്നിച്ച് കഴിക്കരുതെന്ന് പറയുന്നതിലോ?


ഭക്ഷണത്തിലെ ഘടകങ്ങള്‍ ആമാശയത്തിന്റെ ഓരോ ഭാഗത്തു വെച്ചാണ് ദഹിക്കുന്നത്. തൈരും പപ്പടവും വിരുദ്ധാഹാരമാണെന്ന് ആയുര്‍വേദം പറയുന്നു. ഇവ രണ്ടും ഒന്നിച്ചല്ല ദഹിക്കുന്നത്. പക്ഷേ, അവ ഒന്നിച്ച് ആമാശയത്തിലെത്തുമ്പോള്‍ ദഹിക്കാന്‍ പ്രയാസം വരും. മത്സ്യവും പാലും ഒന്നിച്ചു കഴിക്കരുത്. മീന്‍കറിയും പായസവും അടുത്തടുത്തായി ഭക്ഷിക്കരുത്. പുളിയുള്ള പഴങ്ങളും പാലും ചേര്‍ത്ത് കഴിക്കരുത്. തേനും നെയ്യും തുല്യ അളവില്‍ കഴിക്കരുത്.


എന്തുകൊണ്ടാണ് ഭക്ഷണം കഴിഞ്ഞ ഉടന്‍ കുളിക്കരുത് എന്നു പറയുന്നത്?


ഭക്ഷണം കഴിഞ്ഞാല്‍ ആമാശയത്തില്‍ ദഹനം നടക്കുന്ന സമയമാണ്. അപ്പോള്‍ കുളിക്കുകയാണെങ്കില്‍ ശരീരത്തിലെ രക്തസഞ്ചാരം ചര്‍മത്തിനടിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. തത്ഫലമായി ദഹനം വേണ്ടവിധം നടക്കാനുള്ള രക്തചംക്രമണം കുറയുന്നു. ദഹനക്കേടുണ്ടാവും.


പണ്ടൊക്കെ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ വിശ്രമിക്കണം എന്നു പറയാറുണ്ടല്ലോ. എന്താണ് ഇതിന്റെ ശരി?


പഴയപോലെ ആര്‍ത്തവകാലത്തെ വിശ്രമം ഇന്ന് സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. പല ആരോഗ്യപ്രശ്‌നങ്ങളും ഇതുമൂലം ഉണ്ടാവുന്നുണ്ട്. ആര്‍ത്തവക്രമക്കേടുകള്‍, പോളിസിസ്റ്റിക് അവസ്ഥ തുടങ്ങിയ രോഗങ്ങള്‍ ഇക്കാലത്ത് കൂടിവരുന്നതായി കാണുന്നുണ്ട്. ആര്‍ത്തവരക്തം ശരിക്ക് പോയില്ലെങ്കില്‍ അത് വളരെയധികം അനാരോഗ്യം സൃഷ്ടിക്കും. ഇക്കാലത്ത് വീട്ടിലടച്ചിരിക്കാന്‍ സ്ത്രീകള്‍ക്ക് സാധ്യമല്ലെങ്കിലും ആര്‍ത്തവസമയത്ത് സ്വല്‍പമൊരു കരുതല്‍ അത്യാവശ്യമാണ്. വ്യായാമം പാടില്ല. ദേഹാധ്വാനം കുറയ്ക്കുക.


ആയുര്‍വേദ ചികിത്സ തുടങ്ങുമ്പോള്‍ ആദ്യം രോഗം മൂര്‍ച്ഛിക്കും എന്നു കേട്ടിട്ടുണ്ട്. ശരിയോ?


അത് തെറ്റായ ധാരണയാണ്. ശരിയായ ചികിത്സയില്‍ രോഗം കൂടുകയില്ല; കുറയുകയാണ് ചെയ്യുക. രോഗം കൂടിയാല്‍ ചികിത്സ ശരിയല്ല എന്നര്‍ത്ഥം

ആസ്ത്മ നിയന്ത്രിക്കാം

പുതിയ തലമുറയിലെ ആസ്ത്മയുടെ കാരണങ്ങള്‍



മൗറിയ സാഹചര്യങ്ങളും അന്തരീക്ഷ മലിനീകരണവുമാണ് ഇതിന് പ്രധാന കാരണം. ഫാസ്റ്റ് ഫുഡ് ഭക്ഷണരീതിയും പാല്‍, മുട്ട ഉത്പന്നങ്ങള്‍ അധികം കഴിക്കുന്നതും കുട്ടികള്‍ക്ക് അലര്‍ജി ഉണ്ടാക്കുന്നു. ഇത് പിന്നീട് ശ്വാസതടസ്സത്തിന് കാരണമാകുന്നു. ചില ബേക്കറിപലഹാരങ്ങളില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങള്‍ കുട്ടികളില്‍ അലര്‍ജിക്ക് കാരണമാകാറുണ്ട്.

ചില വീട്ടുപകരണങ്ങളിലുണ്ടാകുന്ന ചെറിയ ജീവികള്‍ ശ്വാസതടസ്സം ഉണ്ടാക്കുന്നു. ഈ ജീവികള്‍ (ഹോം ഡസ്റ്റ് മൈറ്റ്‌സ്) കുഷ്യനുകളിലും കാര്‍പ്പറ്റിലും കാണുന്നു. കൂടാതെ, കാര്‍പ്പറ്റിലെ പൊടിയും ശ്വാസംമുട്ടലിന് കാരണമാകുന്നു. എന്ത് കാരണത്താലാണ് ശ്വാസംമുട്ടല്‍ ഉണ്ടാകുന്നതെന്ന് കണ്ടെത്തണം.

വ്യവസായനഗരങ്ങളിലും മെട്രോസിറ്റികളിലും ആസ്ത്മ ബാധിതരുടെ എണ്ണം ഏറിവരുന്നു. കുട്ടികളില്‍ കുറുകലും കഫക്കെട്ടുമായിട്ടാണ് ഇത് കണ്ടുവരുന്നത്. മൂന്ന് വയസ്സുമുതലാണ് ആസ്ത്മ കണ്ടുതുടങ്ങുന്നത്. രോഗത്തിന്റെ ആരംഭത്തില്‍ത്തന്നെ ചികിത്സ നല്‍കിയാല്‍ നിയന്ത്രിക്കാം. 

ശ്വസന തടസ്സം, ചുമ തുടങ്ങിയവ ആഴ്ചയില്‍ രണ്ടുതവണയില്‍ കൂടുതല്‍ ഉണ്ടായാല്‍ ആസ്ത്മയുടെ ലക്ഷണമായി കണക്കാക്കാം.
നിയന്ത്രണവിധേയമാണെന്ന് എങ്ങനെ മനസ്സിലാക്കാം?

ദൈനംദിന ജീവിതത്തിന് തടസ്സമുണ്ടാകില്ല. കൂടാതെ, ജോലിചെയ്യാനും സ്‌കൂളില്‍ പോകാനും സാധിക്കും. വ്യായാമം ഉള്‍പ്പെടെയുള്ള സാധാരണ പ്രവൃത്തികള്‍ തടസ്സമില്ലാതെ ചെയ്യാന്‍ കഴിയും.

രാത്രി ഉറക്കത്തിന് തടസ്സമുണ്ടാവില്ല. രാത്രിയിലും പകലും വിഷമകരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയില്ല.

ആസ്ത്മയ്ക്ക് ആശ്വാസം നല്‍കുന്ന ഇന്‍ഹേലറുകളുടെയും (വലിക്കുന്ന മരുന്ന്) മറ്റ് മരുന്നുകളുടെയും ആവശ്യമില്ലാത്ത സ്ഥിതിയിലെത്താം.

ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അളക്കുന്ന പള്‍മണറി ഫങ്ഷന്‍ പരിശോധനയില്‍ ശ്വസന തടസ്സത്തിന്റെ ലക്ഷണങ്ങളില്ലാതിരിക്കുക.
എങ്ങനെ നിയന്ത്രിക്കാം?

ലഘുവായ നാല് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആസ്ത്മയെ പൂര്‍ണമായും നിയന്ത്രിക്കാനാകും.

1. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.

2. ആസ്ത്മ കൂടുന്ന സാഹചര്യങ്ങള്‍ നാം തിരിച്ചറിയണം. പൂമ്പൊടി, ചില ആഹാരപദാര്‍ഥങ്ങള്‍, വാഹനങ്ങളുടെ പുക, സിഗരറ്റിന്റെ പുക എന്നിവ അകറ്റുക. ചില സാഹചര്യങ്ങളില്‍ കഠിനാധ്വാനവും വ്യായാമവും ആസ്ത്മ വഷളാക്കാം.

3.ഒരു വിദഗ്ധ ഡോക്ടറുടെ മേല്‍നോട്ടം ആസ്ത്മ നിയന്ത്രണത്തിന് ആവശ്യമാണ്. ആസ്ത്മ നിയന്ത്രിതമാണെങ്കിലും നിങ്ങളുടെ ഡോക്ടറെ വര്‍ഷത്തില്‍ രണ്ടുമൂന്ന് തവണയെങ്കിലും സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തണം. ഇന്‍ഹേലറുകളുടെ ഉപയോഗരീതി വ്യക്തമായി മനസ്സിലാക്കണം.

4. തീക്ഷ്ണമായ ശ്വസനതടസ്സം ഉണ്ടാകുമ്പോള്‍ അടിയന്തരമായി ഡോക്ടറുടെ സഹായം തേടുക.


വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ജേക്കബ് ബേബി

എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വരുമോ?

ഭര്‍ത്താവിന്റെ പുകവലി ഭാര്യയ്ക്ക് ഹൃദയാരോഗ്യപ്രശ്‌നമുണ്ടാക്കുമോ? ഹൃദയാഘാതം വന്നവര്‍ ലൈംഗിക ജീവിതത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം? തുടങ്ങി ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി. വിജയരാഘവന്‍ (കിംസ് വൈസ് ചെയര്‍മാന്‍) മറുപടി പറയുന്നു...




ഏതു പ്രായം തൊട്ടാണ് ഹൃദയാരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്?


ഹൃദയത്തിന്റെ ആരോഗ്യം ശ്രദ്ധിക്കാന്‍ ഒരു പ്രത്യേക പ്രായമൊന്നുമില്ല. ഗര്‍ഭാവസ്ഥയില്‍ തൊട്ട് സ്​പന്ദിച്ച് തുടങ്ങുന്ന ഹൃദയത്തിന് പിന്നീടുള്ള ആയുഷ്‌കാലത്തില്‍ വിശ്രമമൊന്നുമില്ല. ചെറുപ്രായം തൊട്ടേ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തണം. നന്നായി ഓടിച്ചാടിക്കളിച്ച് വളരുന്ന ഒരു കുട്ടിയുടെ ഹൃദയം എത്ര പഴക്കമേറുമ്പോഴഉം നല്ല ആരോഗ്യസ്ഥിതിയില്‍ തുടരും.


ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍?


വ്യായാമം ആണ് ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ സുപ്രധാനം. അമിതവണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കണം. മറ്റൊന്ന് പുകവലി ശീലം ഒഴിവാക്കണമെന്നതാണ്. ആഹാരത്തില്‍ കൊഴുപ്പിന്റെ അളവ് കുറയ്ക്കണം. മലക്കറികളും പഴവര്‍ഗ്ഗങ്ങളും കുട്ടിക്കാലം തൊട്ടേ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കണം.


സ്ത്രീകളില്‍ ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ പുരുഷന്മാരെ അപേക്ഷിച്ച് വ്യത്യാസങ്ങളുണ്ടോ?


നല്ല വ്യത്യാസമുണ്ട്. പണ്ട് 60 വയസ്സിനപ്പുറം സ്ത്രീകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം കൂടി. അതോടെ ഹൃദയാഘാതനിരക്കും വര്‍ദ്ധിച്ചു. ആര്‍ത്തവവിരാമം വരെ പലതരം ഹോര്‍മോണുകള്‍ ഹൃദ്രോഗം വരാതെ സ്ത്രീകളെ സംരക്ഷിക്കുന്നു. ആര്‍ത്തവവിരാമമായാല്‍, അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കൊളസ്‌ട്രോള്‍ നില 10-20 ശതമാനം വരെ വര്‍ദ്ധിക്കുന്നു. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കുറയുന്നതാണിതിന് കാരണം.


നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ എന്താണ് വഴി?


നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ ഏറ്റവും നല്ലത് വ്യായാമമാണ്. നടക്കുന്നവരില്‍ നല്ല കൊളസ്‌ട്രോളിന്റെ ഉത്പാദനം ത്വരിതപ്പെടും. വ്യായാമം ചെയ്തുകഴിഞ്ഞാല്‍ ക്ഷീണം തോന്നാന്‍ പാടില്ല. അങ്ങിനെയെങ്കില്‍ അതിനര്‍ത്ഥം ശരീരത്തിന് താങ്ങാവുന്നതിലധികം വ്യായാമം ചെയ്തുവെന്നാണ്. മറിച്ച് വ്യായാമം ചെയ്തശേഷം നല്ല ഉന്മേഷമാണ് തോന്നേണ്ടത്. തുടര്‍ച്ചയായി നിര്‍ത്താതെ നടക്കുന്നതാണ് ശരിയായ വ്യായാമം. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും 45 മിനുട്ട് വീതം നടന്നാലേ ഹൃദയത്തിന് ഉദ്ദേശിച്ച ഗുണം കിട്ടൂ.


കൊളസ്‌ട്രോളിന്റെ ആരോഗ്യപരമായ തോത് എങ്ങനെയാണ്? പ്രായം കൂടുമ്പോള്‍ ഇതു വ്യത്യാസപ്പെടുമോ?


കുഞ്ഞുങ്ങളായാലും പ്രായമായവരായാലും ശരീരത്തിലെ കൊളസ്‌ട്രോളിന്റെ ആവശ്യമായ തോത് വ്യത്യാസപ്പെടുന്നില്ല. ഏത് പ്രായത്തിലുള്ളവരായാലും, കുടുംബത്തില്‍ പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍, മൊത്തം കൊളസ്‌ട്രോള്‍ അളവ് 200ല്‍ കുറവായിരിക്കണം. ശരീരത്തിന് ആവശ്യമായ ഒഉഘ കൊളസ്‌ട്രോള്‍ (നല്ല കൊളസ്‌ട്രോള്‍) 50ല്‍ കൂടുതലാകാം. ചീത്ത കൊളസ്‌ട്രോള്‍ (LDL) 110ല്‍ കുറവായിരിക്കണം. അതേ സമയം ഹൃദ്രോഗമുള്ളവര്‍ മൊത്തം കൊളസ്‌ട്രോള്‍ അളവ് 160ല്‍ കുറക്കാന്‍ ശ്രദ്ധിക്കണം. ഘഉഘ കൊളസ്‌ട്രോള്‍ 70ല്‍ കുറച്ച് വെക്കണം. കുടുംബത്തില്‍ ഹൃദയത്തിന് പ്രശ്‌നമുള്ളവരുണ്ടെങ്കില്‍ ഘഉഘ കൊളസ്‌ട്രോള്‍ 100ല്‍ കുറയ്ക്കാനും നോക്കണം.


ചെറിയ അളവില്‍ മദ്യം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നത് ശരിയോ? (എത്ര അളവാണ് അഭികാമ്യം?)


ചെറിയ അളവില്‍, അതായത് 12 ഔണ്‍സ്‌വരെ, റെഡ് വൈന്‍ കഴിച്ചാല്‍ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടും. രക്തക്കുഴലുകളില്‍ കൊഴുപ്പടിയാതിരിക്കാന്‍ സഹായിക്കുന്ന ചില ഘടകങ്ങള്‍ റെഡ് വൈനിലുണ്ട്. അതുപോലെ ഒഉഘന്റെ അളവ് കൂട്ടാനും റെഡ് വൈന്‍ സഹായിക്കുന്നു. പരമാവധി രണ്ട് ഗ്ലാസ് റെഡ് വൈന്‍, അല്ലെങ്കില്‍ അര ലിറ്റര്‍ ബിയര്‍, അറുപത് തൊട്ട് തൊണ്ണൂറു മില്ലിവരെ മദ്യം. ഇത്രയുമാണ് ഹൃദയത്തെ സംരക്ഷിക്കുക. ഇതില്‍ കൂടുതല്‍ കഴിച്ച് തുടങ്ങിയാല്‍ രക്തസമ്മര്‍ദ്ദം കൂടും; ഹൃദയസ്​പന്ദനം കൂടും; കലോറി അളവ് കൂടും. മേല്‍പ്പറഞ്ഞ അളവിലുള്ളവ തന്നെ ആഹാരത്തിനോട് ചേര്‍ത്ത് കഴിക്കുമ്പോഴേ പ്രയോജനമുള്ളൂ. എന്തായാലും ഹൃദ്രോഗം വരാതിരിക്കാനായിട്ടുള്ള ഒരു മരുന്നല്ല മദ്യം.


അമിതവണ്ണമുള്ളവരില്‍ ഹൃദ്രോഗസാധ്യത കൂടുതലാണോ?


വണ്ണം കൂടുന്നത് കൊണ്ട് മാത്രം ഹൃദ്രോഗം വരണമെന്നില്ല. പക്ഷേ വണ്ണം കൂടിയവര്‍ക്ക് കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും പ്രമേഹവും വരാന്‍ സാധ്യത കൂടുതലാണ്. തിരുവനന്തപുരത്ത് അമിതവണ്ണം സംബന്ധിച്ച് നടത്തിയ ഒരു സര്‍വ്വെയില്‍ 12% ആളുകള്‍ക്കാണ് അമിതവണ്ണമു ള്ളതായി കണ്ടത്. പക്ഷേ 30% ആളുകള്‍ക്കും കുടവയര്‍ കണ്ടു. വയറില്‍ കൊഴുപ്പടിയുന്നത് ഹൃദ്രോഗസാധ്യത കൂട്ടുന്നുണ്ട്. അമിതമായി ആഹാരം കഴിക്കുകയും ആവശ്യമായ വ്യായാമം ഇല്ലാതെ വരികയും ചെയ്യുമ്പോള്‍ ശരീരത്തില്‍ അമിതമായി ഇന്‍സുലിന്‍ ഉത്പാദനമുണ്ടാകുന്നു. ആവശ്യമില്ലാത്ത ഇന്‍സുലിനാണ് കുടവയര്‍ സൃഷ്ടിക്കുന്നത്. ഇതേ ഇന്‍സുലിന്‍ രക്തക്കുഴലുകളേയും ദോഷമായി ബാധിക്കുന്നു. അമിതവണ്ണത്തേക്കാള്‍ കുടവയറാണ് ഹൃദ്രോഗസാധ്യത കൂട്ടുന്നത്.


ബേക്കറി പലഹാരങ്ങള്‍ എത്രമാത്രം കഴിക്കാം?


എന്നും കഴിക്കാനുള്ളവയല്ല ബേക്കറി/ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍ . ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി. ഒരുപാട് റിസ്‌കുകളുണ്ട് ഇത്തരം ഭക്ഷണങ്ങളില്‍. പലതവണ ഒരേ എണ്ണയില്‍തന്നെയാണോ ഇവ പാകം ചെയ്തത്; എത്ര ദിവസം മുന്‍പ് ഉണ്ടാക്കിയവയാണ് ഇതൊന്നും നമുക്ക് ഉറപ്പിക്കാന്‍ പറ്റില്ല. സാന്‍ഡ്‌വിച്ച് വളരെ നല്ല ഒരു ഭക്ഷണമാണ്. കാരണം ഏത് മീറ്റ് സാന്‍ഡ്‌വിച്ചായാലും അതിനുള്ളില്‍ കുറച്ച് തക്കാളി, കക്കിരി, സവാള, മല്ലിയില തുടങ്ങിയ പച്ചക്കറികള്‍ എന്തായാലും കാണും.


മെലിഞ്ഞവര്‍ക്ക് കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ വരാറില്ലേ?


മെലിഞ്ഞ ശരീരപ്രകൃതമുള്ള, വ്യായാമമൊക്കെ ചെയ്യുന്നവര്‍ക്കും ഹൃദയാഘാതം വരാറുണ്ട്. ജനിതകമായ കാരണങ്ങളാണ് ഇതിന് പിന്നില്‍. കുടുംബാംഗങ്ങളില്‍ ഹൃദ്രോഗമുണ്ടായവര്‍ ആരോഗ്യകാര്യത്തില്‍ സ്വല്പം ശ്രദ്ധ കൂടുതലെടുത്താല്‍ രോഗസാധ്യത നിയന്ത്രിക്കാന്‍ സാധിക്കും.


അതിരാവിലെയാണ് പലര്‍ക്കും ഹൃദയാഘാതം വരുന്നതെന്ന് പറയുന്നതില്‍ ശരിയുണ്ടോ?


തണുപ്പ്കാലത്ത് രക്തസമ്മര്‍ദ്ദം സ്വഭാവികമായും കൂടും. ആ സമയത്ത് കഠിനാദ്ധ്വാനം ചെയ്യുമ്പോള്‍ രക്തസമ്മര്‍ദ്ദം പിന്നെയും വര്‍ധിച്ച് ഹൃദയാഘാതം സംഭവിക്കാം. സാധാരണ ദിവസങ്ങളില്‍ രാത്രി ഉറങ്ങുമ്പോള്‍ രക്തസമ്മര്‍ദ്ദവും ഹൃദയസ്​പന്ദനനിരക്കും കുറയുന്നു. രാവിലെ ഉണരുമ്പോള്‍ അതുവരെ വളരെ താഴ്ന്ന നിരക്കിലുള്ള രക്തസമ്മര്‍ദ്ദവും ഹൃദയസ്​പന്ദനനിരക്കും പെട്ടെന്ന് ഉയരുകയാണ്. പലപ്പോഴും 50ഉം 55ഉം ആയിനില്‍ക്കുന്ന ഹൃദയസ്​പന്ദനനിരക്ക് പെട്ടെന്നാണ് 70-80ലേക്ക് കുതിച്ചുയരുന്നു. 100 ലവലിലുള്ള രക്തസമ്മര്‍ദ്ദം 130 ആവുന്നു. ഈ വ്യതിയാനം കൊണ്ട് ചിലപ്പോള്‍ ഹൃദയാഘാതം സംഭവിക്കുന്നു. അതുകൊണ്ടാണ് അതിരാവിലെ ഹൃദയസ്തംഭന സാധ്യത കൂടുതലാണെന്ന് പറയുന്നത്.


ഉച്ചമയക്കം ശീലമാക്കിയവരില്‍ ഹൃദ്രോഗസാധ്യത കുറവാണെന്ന് പറയുന്നതില്‍ കാര്യമുണ്ടോ?


ഒരു ഇടവേളയില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുമ്പോള്‍ ശരീരം വളരെയധികം ക്ഷീണിക്കും. പ്രായമേറുന്തോറും ആഹാരം കഴിച്ചശേഷം കുറച്ച് സമയം വിശ്രമിക്കുന്നത് നല്ലതാണ്. നീണ്ട ജോലി സമയത്തിനിടയിലെ നല്ലൊരു ഇടവേള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മാത്രമല്ല വ്യക്തികളുടെ മാനസികമായ സ്വസ്ഥതയ്ക്കും ഇത് ഗുണം ചെയ്യും.


വേദനയില്ലാതെയും ഹൃദയാഘാതം വരാറുണ്ടോ?


പ്രമേഹമുള്ളവരില്‍ ചിലപ്പോള്‍ ഞരമ്പുകളുടെ സംവേദനശേഷി നശിച്ചു പോവാറുണ്ട്. ഹൃദയത്തിലേക്കുള്ള ഞരമ്പുകളുടെ സംവേദനശേഷി നശിച്ചവരില്‍ ഹൃദയാഘാതത്തിന്റെ വേദന അനുഭവപ്പെടാതെ പോകാറുണ്ട്. ഇവരില്‍ മറ്റു ചില ലക്ഷണങ്ങളിലൂടെയാണ് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍ തിരിച്ചറിയുന്നത്.


ഇപ്പോള്‍ കേരളത്തില്‍ വര്‍ധിച്ചു കാണുന്ന ഹൃദ്രോഗങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍?


കേരളത്തില്‍ ഹൃദ്രോഗബാധയെക്കുറിച്ച് നടന്ന ആദ്യത്തെ പഠനം 1962ല്‍ ഡോ. പത്മാവതിയുടെ റിപ്പോര്‍ട്ടാണ്. അതില്‍ത്തന്നെ പറയുന്നത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഹൃദ്രോഗസാധ്യത കൂടുതലാണെന്നാണ്. പുകവലി ഇനിയും നിയന്ത്രണാധീനമാവാത്തതാണ് ഇതിന് പ്രധാന കാരണം. പിന്നെ വ്യായാമശീലത്തിന്റെ കുറവ്. മറ്റൊന്ന് ആഹാരരീതി. കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണം പരിമിതമാക്കണം.


ഭര്‍ത്താവിന്റെ പുകവലി ഭാര്യക്കും കുട്ടികള്‍ക്കും ഹൃദയാരോഗ്യപ്രശ്‌നം ഉണ്ടാക്കുമോ?


'പാസീവ് സ്‌മോക്കിങ്' നമ്മുടെ നാട്ടില്‍ സാധാരണമാണ്. ഗര്‍ഭസ്ഥശിശുവിനെപ്പോലും പുകവലി മൂലമുള്ള ദോഷങ്ങള്‍ ബാധിക്കും. വീട്ടില്‍ ഒരു ഗര്‍ഭിണി ഉണ്ടെങ്കില്‍ വീടിനുള്ളില്‍വെച്ച് പുകവലിക്കാതിരിക്കാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക. കുട്ടികളേയും ഇത് ബാധിക്കും. അമേരിക്കയില്‍ ഹൃദയാഘാത നിരക്ക് പകുതിയായി കുറയാന്‍ കാരണം അവിടെ പുകവലി നിയന്ത്രിക്കാന്‍ കഴിഞ്ഞതാണ്.


ഏതാണ് ഹൃദയാരോഗ്യത്തിന് ഏറ്റവും സഹായകമായ വ്യായാമം?


ഒറ്റയ്ക്ക് നടക്കുകയാണ് ഹൃദയാരോഗ്യത്തിന് ഉത്തമമായ വ്യായാമം.


ജോഗിങ്ങിനേക്കാള്‍ നല്ലതാണോ നടത്തം?


കുട്ടിക്കാലം തൊട്ടേ വ്യായാമം ശീലമാക്കിയവര്‍ക്ക് ഏത് കടുത്ത വ്യായാമവും ചെയ്യാം. പത്ത് വര്‍ഷമായിട്ട് ഒരുതരം വ്യായാമവും ചെയ്യാത്ത ഒരാള്‍ പെട്ടെന്ന് ജോഗിങ്ങോ, എയ്‌റോബിക്‌സോ തുടങ്ങുന്നത് അപകടം ചെയ്യും. സന്ധികള്‍ക്ക് തകരാറ് വരാം. പകരം അത്തരം ആളുകള്‍ക്ക് നല്ലത് നടത്തമോ ബാഡ്മിന്റനോ ടെന്നീസോ ഒക്കെയാണ്.


തീരെ ചെറുപ്രായത്തില്‍ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ വരുമോ?


കുട്ടികളുടെ കൊളസ്‌ട്രോള്‍ ആരും നോക്കാറില്ലെന്നതാണ് സത്യം. കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കൊളസ്‌ട്രോള്‍ പരിശോധനകള്‍ ചെയ്യുന്നത് നല്ലതാണ്.


സാധാരണ ഒരാള്‍ ഹൃദയപരിശോധനകള്‍ ചെയ്യേണ്ടത് എന്നുതൊട്ടാണ്?


'കാര്‍ഡിയാക് എക്‌സിക്യൂട്ടീവ് ചെക്കപ്പ്' പോലുള്ള പാക്കേജുകളിലൂടെ അടിസ്ഥാനപരമായ ഹൃദയപരിശോധനകള്‍ നടത്താന്‍ കഴിയും. ഇ.സി.ജി., എക്കോ തുടങ്ങിയ പരിശോധനകളും ചെയ്യാം. രക്തത്തിലെ കൊളസ്‌ട്രോള്‍, ഷുഗര്‍ എന്നിവയും പരിശോധിക്കണം.


മരുന്ന് ഉപയോഗിക്കാതെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനാവുമോ?


ആഹാരവും വ്യായാമവും ശ്രദ്ധിക്കുകയാണ് പരമപ്രധാനം. അതിന് ശേഷമേ മരുന്ന് കൊണ്ടുള്ള ചികിത്സയ്ക്ക് സ്ഥാനമുള്ളൂ. വ്യായാമവും ആഹാരനിയന്ത്രണവുമില്ലാതെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ പറ്റില്ലെന്നത് ഒരു വസ്തുതയാണ്. 15-20 ശതമാനം പേര്‍ക്ക് മരുന്നില്ലാതെ, ആഹാരനിയന്ത്രണവും വ്യായാമവും വഴി കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയാറുണ്ട്. പ്രത്യേകിച്ചും ജനിതകപരമായ കുഴപ്പങ്ങളില്ലാത്ത കുടുംബത്തില്‍ പെട്ടവര്‍ക്ക്.


യോഗ പരിശീലനത്തിലൂടെ ഹൃദയാരോഗ്യം സൂക്ഷിക്കാമോ? ഏതുതരം പ്രശ്‌നങ്ങള്‍ക്കാണ് യോഗ നല്ലത്?


യോഗ പതിവായി ചെയ്യുമ്പോള്‍ ഹൃദയസ്​പന്ദനം വളരെ സമനിലയിലാവും. രക്തസമ്മര്‍ദ്ദം കുറഞ്ഞ് വരും. മാനസികമായി ശാന്തത കൈവരും. ഹൃദയത്തിന് വളരെ നല്ലതാണ് യോഗ. പക്ഷേ എന്നും ഒരു മണിക്കൂറെങ്കിലും ചെയ്താലാണ് യോഗയുടെ ഫലം ലഭിക്കുക.


ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഭക്ഷ്യവസ്തു ഏതാണ്? ഏറ്റവും മോശമായതേത്?


കായികമായി കൂടുതല്‍ അദ്ധ്വാനിക്കുന്നവര്‍ക്ക് അരി, ഗോതമ്പ് തുടങ്ങിയ ധാന്യഭക്ഷണം പരിമിതമായേ വേണ്ടൂ. ലഞ്ചിന് രണ്ട് ചപ്പാത്തിയം കറിയും, അത്രയും ധാരാളം. പഴങ്ങള്‍ നന്നായി കഴിക്കണം. ജൂസാക്കി കഴിക്കുന്നതിനേക്കാള്‍ നല്ലത് പഴങ്ങള്‍ അതേപടി കഴിക്കുന്നതാണ്. രണ്ട് കപ്പില്‍ കൂടുതല്‍ കാപ്പിയോ ചായയോ ഒരു ദിവസം ആവശ്യമില്ല. കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഇടയ്ക്കിടയ്ക്ക് ഓരോന്ന് കൊറിക്കുന്ന സ്വഭാവം നിര്‍ത്തണം.


ഏത് എണ്ണയാണ് ഹൃദയാരോഗ്യത്തിന് നല്ലത്?


എല്ലാ എണ്ണക്കും കലോറി കൂടുതലാണ്. അപൂരിത എണ്ണകളാണ് ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ നല്ലത്. വെളിച്ചണ്ണ ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ ആരോഗ്യപ്രശ്‌നമുണ്ടാവില്ല.


ഹൃദ്രോഗികള്‍ സ്ഥിരമായി ചെയ്യേണ്ട പരിശോധനകള്‍ എന്തൊക്കെ?


ഹാര്‍ട്ട് അറ്റാക്ക് വന്നിട്ട് 90 ശതമാനവും രോഗമുക്തരായവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഒരു ഫുള്‍ ചെക്കപ്പ് നടത്തണം. ഹൃദ്രോഗികളില്‍ 30-40 ശതമാനം പേരും ഈ വിഭാഗത്തില്‍ പെടുന്നവരാണ്. ഇവരില്‍ രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉള്ളവരാണെങ്കില്‍ മൂന്ന് മാസം കൂടുമ്പോള്‍ ചെക്കപ്പ് ചെയ്യണം. ഹൃദയാഘാതം വന്നിട്ട് ചെറിയ തരത്തില്‍ കുഴപ്പങ്ങളുണ്ടായവര്‍ രണ്ട് മാസം കൂടുമ്പോള്‍ ചെക്കപ്പ് ചെയ്യണം. ഹൃദയാഘാതം വന്നിട്ട് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായവര്‍ കൃത്യമായി പരിശോധനകള്‍ നടത്തിയിരിക്കണം.


ഹൃദയാഘാതം സംഭവിച്ചാല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷ എന്തൊക്കെ?

15 മിനുട്ടില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന നെഞ്ചുവേദന ഒരിക്കലും അവഗണിക്കരുത്. രോഗിയെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയാണ് ചെയ്യേണ്ടത്.


ഹൃദയാഘാതം മൂലമുള്ള വേദനയും ഗ്യാസിന്റെ പ്രശ്‌നംമൂലമുള്ള വേദനയും എങ്ങനെ വേര്‍തിരിച്ചറിയാം?


നെഞ്ചില്‍ വിരല്‍കൊണ്ട് തൊട്ടുനോക്കിയാല്‍ ഒരു പോയിന്റില്‍ മാത്രം അനുഭവപ്പെടുന്ന വേദന. ശ്വാസം വലിച്ച് വിടുമ്പോള്‍ കൂടുകയും കുറയുകയും ചെയ്യുന്ന വേദന. തിരിയുമ്പോഴും മറിയുമ്പോഴും തോന്നുന്ന വേദന. ഇതൊന്നും ഹൃദയാഘാതവുമായി ബന്ധമുള്ള വേദനകളല്ല.


രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞിന് ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍ ഉണ്ടാവുമോ?


പാരമ്പര്യമായി കിട്ടുന്ന ഹൃദ്രോഗസാധ്യത കുഞ്ഞിലേക്കും പകരാനിടയുണ്ട്. അതല്ലാതെ രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചത് കൊണ്ട് കുഞ്ഞിന് പ്രത്യേകം പ്രശ്‌നമൊന്നുമില്ല.


ഒരിക്കല്‍ ഹൃദയാഘാതം വന്നവര്‍ പിന്നീടുള്ള ലൈംഗികജീവിതത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്താണ്?


ഒരു മണിക്കൂര്‍ നടക്കുക, ഒരു നില കയറി ഇറങ്ങുക തുടങ്ങിയ പ്രവര്‍ത്തികള്‍ ഹൃദയാഘാതം വന്ന് ഭേദമായവര്‍ക്ക് കുറച്ചാഴ്ചകള്‍ക്കുള്ളില്‍ സാധ്യമാവും. ഒരു നില കയറി ഇറങ്ങാനുള്ള അദ്ധ്വാനമേ ലൈംഗികബന്ധത്തിലും ആവശ്യമാവുന്നുള്ളൂ. 'ട്രെഡ്മില്‍ ടെസ്റ്റി'ലൂടെ രോഗമുക്തമായവര്‍ക്ക് സജീവമായി ജീവിക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നതാണ് പുതിയ ചികിത്സാരീതി. ട്രെഡ്മില്ലില്‍ ഒരു മണിക്കൂര്‍ നടക്കുമ്പോള്‍ അവരുടെ ആരോഗ്യസ്ഥിതിയും ഒപ്പം മെഷീനില്‍ രേഖപ്പെടുത്തുന്ന ടെസ്റ്റാണിത്.


ഹൃദയാഘാതം ലക്ഷണങ്ങളിലൂടെ നേരത്തെ തിരിച്ചറിയാനാവുമോ? എന്തൊക്കെയാണ് അവ?


കുറച്ച് ആഴ്ചകളായുണ്ടാവുന്ന ചെറിയ നെഞ്ച് വേദനകള്‍. കയറ്റം കയറുമ്പോഴും വേഗത്തില്‍ നടക്കുമ്പോഴും ഉണ്ടാവുന്ന നെഞ്ചുവേദന. ഇതൊക്കെയാണ് പതിവായി കാണുന്ന ലക്ഷണങ്ങള്‍.


ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത എത്രത്തോളം?


കൃത്രിമമമായി ഹോര്‍മോണ്‍ ശരീരത്തിന് അകത്തെത്തുന്നത് ഹൃദയത്തെ ബാധിക്കുകതന്നെ ചെയ്യും. ഗര്‍ഭനിരോധന ഗുളിക ഒരു തരത്തിലുള്ള കൃത്രിമ ഹോര്‍മോണ്‍ തന്നെ. ഇവ സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗസാധ്യത ഉണ്ടാക്കും.


പ്രമേഹ രോഗികള്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണോ? മുന്‍കരുതലുകള്‍ എന്തൊക്കെയെടുക്കണം?


പ്രമേഹം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളുടേയും പ്രായം കൂട്ടുകയാണ്. അപ്പോള്‍ ഹൃദയത്തിന്റെ ആരോഗ്യവും ക്ഷയിക്കുന്നു. രക്തസമ്മര്‍ദ്ദം കുറച്ചുവെക്കാന്‍ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോള്‍ നിലയും ഇടയ്ക്ക് പരിശോധിച്ച് നിയന്ത്രണാധീനമാണെന്ന് ഉറപ്പാക്കണം.

വേനലില്‍ ഹൃദ്യമായ ആരോഗ്യപരിചരണം

കാലഭേദങ്ങള്‍ക്ക് അനുസരിച്ച് ജീവിതചര്യ ചിട്ടപ്പെടുത്തിയാല്‍ രോഗങ്ങള്‍ അകന്നുനില്‍ക്കുമെന്ന് ആയുര്‍വേദം. വേനലിനെ ചെറുക്കാന്‍ ആയുര്‍വേദം നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഫിസിഷ്യന്‍ ഡോ. റീന രമേഷ് വിശദീകരിക്കുന്നു...



വായുവും ഭൂമിയും ചുട്ടുപഴുക്കുന്ന വേനലില്‍ സൂര്യന്‍ മനുഷ്യശരീരത്തിലെ ശക്തിയെ വലിച്ചെടുക്കുന്നു'', ആയുര്‍വേദത്തില്‍ പറയുന്നു. അതിന്റെ ഫലമായി ശരീരത്തില്‍ കഫം കുറയുകയും വാതം വര്‍ധിക്കുകയും ചെയ്യുന്നു. അമിതമായി വിയര്‍ക്കുന്നതു കാരണം ശരീരത്തിലെ ധാതുലവണങ്ങള്‍ നഷ്ടപ്പെടുകയും ക്ഷീണം, തളര്‍ച്ച, ദാഹം, പേശികള്‍ക്ക് സങ്കോചം (കോച്ചല്‍), തലവേദന, രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം, മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ അനുഭവപ്പെടുന്നു. രോഗപ്രതിരോധശക്തി കുറയുന്നതിനാല്‍ വേനല്‍ക്കാലത്ത് പകര്‍ച്ച വ്യാധികള്‍ വരാനും സാധ്യത കൂടും.

എന്നാല്‍ ഈ ദോഷങ്ങളുടെ കാഠിന്യം കുറച്ച് ആരോഗ്യം നിലനിര്‍ത്തുന്നതിന് ആയുര്‍വേദത്തിലെ ഋതുചര്യയില്‍ ചില ചിട്ടകള്‍ അനുശാസിക്കുന്നുണ്ട്.


രണ്ടുനേരം കുളിക്കാം


വേനല്‍ക്കാലത്ത് സൂര്യോദയത്തിനു മുമ്പ് കുളിക്കണമെന്നാണ് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത്. സൂര്യനുദിക്കും മുന്‍പെ കുളി കഴിഞ്ഞാല്‍ ശരീരക്ഷീണം ഉണ്ടാവില്ല. സൂര്യനുദിച്ച ശേഷം കുളിച്ചാല്‍ ഉടനെ വിയര്‍ക്കും. അതുകൊണ്ട് കുളിച്ചതിന്റെ ഫലം കിട്ടില്ല. വിയര്‍പ്പ് നെറുകയിലിറങ്ങി തലവേദന വരാനും ഇടയുണ്ട്.

ദിവസം രണ്ടു നേരം കുളി വേനല്‍ക്കാലത്ത് നിര്‍ബന്ധമാക്കുന്നത് നന്നായിരിക്കും. രാവിലെ സൂര്യോദയത്തിനു മുന്‍പാണെങ്കില്‍ വൈകുന്നേരത്തെ കുളി സൂര്യനസ്തമിച്ചതിന് ശേഷം അത്താഴത്തിന് മുന്‍പായി വേണം.

ദേഹശുദ്ധി വരുത്താന്‍ തിളപ്പിച്ചാറിയ വെള്ളവും തലകുളിക്കാന്‍ പച്ചവെള്ളവുമാണ് നല്ലത്. ദിവസവും ഒരു നേരം നാല്‍പ്പാമരാദി, ചെമ്പരത്യാദി, പഞ്ചവല്‍ക്കാദി എന്നീ വെളിച്ചെണ്ണയില്‍ ഏതെങ്കിലുമൊന്ന് തേച്ചു കുളിക്കാം. തൈലം ശരീരത്തില്‍ നന്നായി തേച്ച് പിടിപ്പിച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. വേനല്‍ക്കാലത്ത് ശരീരം വരളുന്നതു കൊണ്ട് സോപ്പ് ഒഴിവാക്കുന്നതാണ് നല്ലത്. പകരം ചെറുപയറ് പൊടി, തേങ്ങാപ്പാല്‍ എന്നിവ ഉപയോഗിക്കാം. വേപ്പിലയും പച്ചമഞ്ഞളും അരച്ച് തേക്കുന്നത് പൂപ്പല്‍ബാധപോലുള്ള ചര്‍മ്മ രോഗങ്ങളെ തടയും.
തലയില്‍ തേക്കാന്‍ ജീരകമോ, തുളസിയിലയോ, ഇരട്ടിമധുരമോ ഇട്ട് മൂപ്പിച്ച വെളിച്ചെണ്ണ നന്ന്. ഇത് തലയ്ക്ക് ദിവസം മുഴുവന്‍ തണുപ്പ് പകരും. എണ്ണ കഴുകി കളയാന്‍ താളി തന്നെ ഉത്തമം. ചെമ്പരത്തി, കുറുന്തോട്ടി, വെള്ളില എന്നിവ ഉപയോഗിക്കാം. നെല്ലിക്കാതോട് തലേന്ന് വെള്ളത്തിലിട്ടു വെച്ച് അരച്ച് തലയില്‍ തേക്കുന്നതും നല്ലതാണ്. ചെറുപയര്‍ പൊടി കഞ്ഞിവെള്ളത്തില്‍ കലക്കി ഷാംപൂ പോലെ ഉപയോഗിക്കുകയുമാവാം. കുളികഴിഞ്ഞാല്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മുടി പൊട്ടിപ്പോകും. ഫാനിന്റെ ഇളം കാറ്റേല്‍പ്പിക്കുന്നത് തെറ്റില്ല.

മുടി നനവ് വിടാതെ കെട്ടിവെക്കരുത്. തലയോട്ടിയില്‍ ചൂടുകുരു, താരന്‍ എന്നിവ വരാം. കുളി കഴിഞ്ഞ ശേഷം ചന്ദനം അല്പം കര്‍പ്പൂരം ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുന്നത് ശരീരത്തെ മുഴുവന്‍ തണുപ്പിക്കും.


കോട്ടണ്‍ വസ്ത്രങ്ങള്‍ നല്ലത്


ചൂടിനെ ഒട്ടും വകവെക്കാതെയുള്ള നടത്തം വേനല്‍ക്കാലത്ത് ഒഴിവാക്കുക. കഴിയുന്നത്ര വെയിലു കൊള്ളാതെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പകല്‍ 11 മുതല്‍ 3 വരെയുള്ള സമയം. ഈ സമയത്ത് യാത്ര ചെയ്യേണ്ടി വരുന്നവര്‍ കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക. വെയിലത്ത് ജോലിയെടുക്കേണ്ടി വരുകയാണെങ്കില്‍ ശരീരം മറയ്ക്കുന്ന വിധം കോട്ടണ്‍ വസ്ത്രം ധരിക്കുന്നത് നന്നായിരിക്കും.

കോട്ടണ്‍ വസ്ത്രങ്ങളാണ് ചൂടുകാലത്ത് നല്ലത്. ഇവ ഈര്‍പ്പം അധികമായി വലിച്ചെടുക്കാത്തതുകൊണ്ട് ചൂട് കുറയും. കടും നിറങ്ങളേക്കാള്‍ ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് വേനല്‍ക്കാലത്ത് നല്ലത്. പോളിയസ്റ്റര്‍, നൈലോണ്‍, സില്‍ക് വസ്ത്രങ്ങള്‍ ഒഴിവാക്കണം. ഇറുകിയ ജീന്‍സ് വസ്ത്രങ്ങളും ചൂടു കൂട്ടും. വേനല്‍ക്കാലത്ത് രണ്ടുനേരം വസ്ത്രം മാറുന്നത് നല്ലതുതന്നെ. നനവുള്ള അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണം.


വ്യായാമം സൂര്യോദയത്തിന് മുന്‍പ്


വേനല്‍ക്കാലത്ത് അധികം വ്യായാമം ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചൂടുകൂടുമ്പോള്‍ കഫം കുറയുന്നു. അതുകൊണ്ട് ശരീരബലവും ഈ സമയത്ത് കുറവായിരിക്കും. വ്യായാമവും കഠിന ശാരീരിക അധ്വാനവും ശരീരത്തെ കൂടുതല്‍ ക്ഷീണിപ്പിക്കും. പക്ഷേ, വ്യായാമം ശീലമാക്കിയവര്‍, പ്രമേഹരോഗികള്‍, രക്തസമ്മര്‍ദ്ദമനുഭവപ്പെടുന്നവര്‍ എന്നിവര്‍ പെട്ടെന്നൊരു നാള്‍ വ്യായാമം നിര്‍ത്തുന്നത് ദോഷമേ ഉണ്ടാക്കൂ. ഇക്കൂട്ടര്‍ക്ക് സൂര്യോദയത്തിന് മുന്‍പോ സൂര്യാസ്തമയത്തിന് ശേഷമോ ചെറിയ തോതില്‍ വ്യായാമമാവാം.
ആയുര്‍വ്വേദത്തില്‍ ഉച്ചയുറക്കം പാടില്ല എന്നാണ് പറയുക. പക്ഷേ, വേനല്‍ക്കാലത്ത് അല്പനേരം ഉച്ചയുറക്കം നല്ലതാണ്. പ്രത്യേകിച്ച് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും.


ലളിതമായ ഭക്ഷണം

വേനല്‍ക്കാലത്ത് വിശപ്പ് പൊതുവെ കുറവായിരിക്കും. ദഹനവും കുറവായിരിക്കുമെന്നതിനാല്‍ വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണമാണ് വേനല്‍ ക്കാലത്ത് വേണ്ടത്. വയറുപൊട്ടിപ്പോകുമെന്ന് തോന്നുംവരെ കഴിക്കുന്നത് നല്ലതല്ല. മധുരമുള്ളതും തണുത്തതും ദ്രവരൂപത്തിലുള്ളതുമായ ആഹാരമാണ് ചൂടുകാലത്ത് നല്ലത്. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.

ഉപ്പ്, പുളി, എരുവ് കുറയ്ക്കണം. ഇവ തീക്ഷ്ണ രുചികളില്‍ പെടും. തീക്ഷ്ണ രുചി ശരീരത്തെ ക്ഷീണിപ്പിക്കും. ഉപ്പ് അധികം കഴിക്കുന്നത് മുടികൊഴിച്ചില്‍, അകാലനര, രക്തദുഷ്ടി, രക്തവാതം പോലുള്ള അസുഖങ്ങള്‍ക്ക് ഇടയാക്കും. എരുവ് കൂടിയ ഭക്ഷണം അള്‍സറുണ്ടാക്കും. അരക്കെട്ടിലും മുതുകിലും വേദനയ്ക്ക് ഇതു കാരണമാകും. പുളി കൂടിയാല്‍ തിമിരം, ചര്‍മരോഗങ്ങള്‍, വിളര്‍ച്ച എന്നിവ വരാം.

ചൂടുകാലത്ത് ധാന്യങ്ങളില്‍ ചെന്നല്ലരി, നവരയരി, ഗോതമ്പ്, റാഗി എന്നിവ ശ്രേഷ്ഠം. മൈദ, റവ എന്നിവ ഒഴിവാക്കണം. ഇവ ദഹിക്കാന്‍ ശരീരം കൂടുതല്‍ ഊര്‍ജ്ജം ചെലവിടേണ്ടി വരുമെന്നതാണ് കാരണം. ഇത് ശരീരത്തെ ക്ഷീണിപ്പിക്കും.

വെള്ളരിക്ക, പടവലങ്ങ, കുമ്പളങ്ങ, പാവക്ക, തക്കാളി, ഉള്ളി, ബീറ്റ്‌റൂട്ട്, കാരറ്റ്, കോളിഫഌവര്‍, ബീന്‍സ് തുടങ്ങിയ നീരുള്ള പച്ചക്കറികള്‍ ധാരാളമായി ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഉരുളക്കിഴങ്ങ്, കപ്പ, പപ്പായ, വെളുത്തുള്ളി, കൂര്‍ക്ക എന്നിവ ചൂടാണ്. ഇവയുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കണം. പയറുവര്‍ഗത്തില്‍ ചെറുപയറ്, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ് ഉപയോഗിക്കാം. പക്ഷേ, മുതിര, വന്‍പയറ്, എള്ള് എന്നിവ ശരീരത്തെ ചൂട് പിടിപ്പിക്കും.

പഴങ്ങളില്‍ തണ്ണിമത്തന്‍, പനനൊങ്ക്, ഓറഞ്ച്, മുന്തിരി, മൂസമ്പി, ഇളനീര്‍, ചക്ക, മാങ്ങ, ചെറുപഴം എന്നിവ ജലാംശം കൂടുതലുള്ളവയാണ്. ഇവ നന്നായി കഴിക്കാം. കൈതച്ചക്ക, പപ്പായ എന്നിവ ദാഹം വര്‍ധിപ്പിക്കും.

മാംസങ്ങളില്‍ മുയല്‍, കാട, താറാവ്, താറാമുട്ട എന്നിവയും പൊതുവെ മത്സ്യങ്ങളും വേനല്‍ക്കാലത്ത് പഥ്യമാണ്. പക്ഷേ, കോഴിയിറച്ചി, കോഴിമുട്ട, ബീഫ്, ഉണക്കമീന്‍ ഇവ നല്ലതല്ല.


ദിവസം എട്ട് ഗ്ലാസ് വെള്ളം


വേനല്‍ക്കാലത്ത് ആരോഗ്യമുള്ള ഒരാള്‍ ദിവസം 8-10 ഗ്ലാസ് തണുത്ത വെള്ളം നിര്‍ബന്ധമായും കുടിക്കണം. പക്ഷേ, വേനല്‍ക്കാലത്ത് കിണറുകള്‍ വറ്റിവരളുമ്പോള്‍ കിട്ടുന്ന വെള്ളം എപ്പോഴും ശുദ്ധമായിരിക്കണമെന്നില്ല. അതുകൊണ്ട് തിളപ്പിച്ചാറ്റിയ വെള്ളം മണ്‍കുടത്തില്‍ സൂക്ഷിച്ചു വെച്ച് ഉപയോഗിക്കുന്നതാണ് ഉചിതം. ജീരകം, ചന്ദനം, രാമച്ചം, പതിമുഖം, കരിങ്ങാലി ഇവയിട്ട് തിളപ്പിച്ചാറിയ വെള്ളം ഇടയ്ക്കിടെ കുടിക്കാം. ജീരകവെള്ളം ദഹനത്തെ ഉണ്ടാക്കും. ചുക്ക്, കൊത്തമല്ലി, കൂവ ഇവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രമൊഴിഞ്ഞ് പോകാനും ദാഹം ശമിപ്പിക്കാനും നല്ലതാണ്.

പശുവിന്‍പാല്‍, പുളിക്കാത്ത മോര് എന്നിവയും ധാരാളം കഴിക്കാം. പൊരിവെയിലില്‍ ശരീരം തണുപ്പിക്കാന്‍ സംഭാരം പോലെ മറ്റൊരു പാനീയമില്ല. സംഭാരം ദാഹശമനി എന്നതിനുപരി ഒരു ആരോഗ്യപാനീയമാക്കി മാറ്റാന്‍ ആയുര്‍വ്വേദം ഒരു വഴി ഉപദേശിക്കുന്നുണ്ട്. നാരകത്തില, ഇഞ്ചി, ചുക്ക്, കറിവേപ്പില ഇവ ചതച്ച് ചേര്‍ത്ത് സംഭാരം ഉണ്ടാക്കുക. ഇളനീര്, നാളികേരവെള്ളം, നാരങ്ങാവെള്ളം, നന്നാറി സര്‍ബത്ത് എന്നിവയും ഒന്നാന്തരം ദാഹശമനികളാണ്.

എ.സി. മുറിയില്‍ ഇരുന്ന് ജോലിയെടുക്കുന്നവര്‍ക്ക് കടുത്ത വേനല്‍ക്കാലത്തും ദാഹം തോന്നാറില്ല. പക്ഷേ, അവരറിയാതെ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടമാകാറുണ്ട്. ഇത് ഒഴിവാക്കാന്‍ ദാഹം തോന്നുന്നില്ലെങ്കിലും ഇടയ്ക്കിടെ അല്പാല്പം വെള്ളം കുടിക്കാന്‍ ശ്രമിക്കുക.


മദ്യം പ്രശ്‌നക്കാരന്‍


മദ്യം നിര്‍ജലീകരണം ഉണ്ടാക്കും. പ്രത്യേകിച്ചും ചൂടുകാലത്ത്. വെള്ളം ചേര്‍ക്കാതെ മദ്യം സേവിക്കുന്നത് ശരീരത്തിലെ ജലാംശത്തെ ഊറ്റിക്കളയും. വിളര്‍ച്ചപോലുള്ള അസുഖങ്ങളും കരള്‍, വൃക്ക തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളേയും ഇത് ബാധിക്കും. വേനല്‍ക്കാലത്ത് മദ്യം കുടിക്കുന്നത് കഴിവതും ഒഴിവാക്കുകയാണ് ഉചിതം. സാധിക്കാത്തവര്‍ മദ്യത്തിന്റെ ഇരട്ടിയെന്ന തോതില്‍ വെള്ളം ചേര്‍ത്ത് കഴിക്കാന്‍ ശ്രമിക്കുക. ചൂടുകാലത്ത് ബിയര്‍ നല്ലതാണെന്ന് പൊതുവെ പറയാറുണ്ട്. ഈ ധാരണ ശരിയല്ല. ബിയര്‍ മറ്റു മദ്യത്തേക്കാള്‍ നിര്‍ജലീകരണം ഉണ്ടാക്കുന്നു. ബിയര്‍ കഴിക്കുമ്പോള്‍ കൂടുതലായി മൂത്രമൊഴിഞ്ഞു പോകുന്നതും നിര്‍ജലീകരണത്തിന് കാരണമാകുന്നു.


സൗന്ദര്യപരിചരണം

കടുത്ത വേനലില്‍ വിയര്‍പ്പും പൊടിയും തട്ടി ഗ്രന്ഥികള്‍ അടഞ്ഞു പോകുമ്പോഴാണ് ചൂടു കുരുക്കള്‍ ഉണ്ടാവുന്നത്. വിയര്‍ത്താല്‍ ഫാനിനടിയിലിരുന്ന് വിയര്‍പ്പ് മാറ്റിയ ശേഷം നനഞ്ഞ തുണികൊണ്ട് ശരീരം തുടച്ചാല്‍ ചൂടുകുരു വരില്ല. തണുത്ത വെള്ളത്തില്‍ കുളിയും ഒരു പരിധിവരെ ചൂടുകുരു കുറയ്ക്കും. പഞ്ഞി പനിനീരില്‍ മുക്കി ചൂടുകുരു ഉള്ള ഭാഗത്ത് ഒപ്പുന്നതും രക്തചന്ദനം തേയ്ക്കുന്നതും ചൂടുകുരുവിന്റെ കാഠിന്യം കുറയ്ക്കും.

തുടയിടുക്കില്‍, കക്ഷത്തില്‍, വിയര്‍പ്പ് കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള ശരീരത്തിന്റെ മടക്കുകളിലെല്ലാം അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ അണുബാധ (ഫംഗസ്)യാണ് കാരണം. ചിലര്‍ക്ക് വിയര്‍പ്പ് കെട്ടിനിന്ന് കക്ഷത്തില്‍ മഞ്ഞ നിറം പടരാറുണ്ട്. ശരീരത്തില്‍ വിയര്‍പ്പ് തങ്ങി നില്‍ക്കാന്‍ അനുവദിക്കാതിരിക്കുകയാണ് ഇതിന് പോംവഴി. വെറ്റില, കൊട്ടം, കടുക്കത്തോട് എന്നിവ സമാസമം എടുത്ത് അരച്ച് തേച്ച് പച്ചവെള്ളത്തില്‍ കഴുകി കളയുന്നത് വിയര്‍പ്പ് നാറ്റം കുറയ്ക്കാന്‍ സഹായിക്കും. താണിക്കയിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ കുളിക്കുന്നതും വിയര്‍പ്പ് ശല്യം കുറേയേറെ കുറയ്ക്കും. തുടയിടുക്കില്‍ അണുബാധയുണ്ടെങ്കില്‍ ഇറുകിയ അടിവസ്ത്രങ്ങള്‍ ഒഴിവാക്കി അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ശീലിക്കണം. വേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് തേക്കുന്നത് ചൊറിച്ചില്‍ ഒഴിവാക്കും.


സോപ്പ് വേണ്ട


ചൂടുകാലത്ത് ചര്‍മ്മം വരണ്ടു പോയാല്‍ മൊരിച്ചിലും വിണ്ടു കീറലുമുണ്ടാവും. വസ്ത്രം കൊണ്ട് ശരീരം മറയാത്ത മുഖം, കൈകാലുകള്‍ എന്നിവയെയാണ് ഇത് കൂടുതലും ബാധിക്കുക. വരണ്ട ചര്‍മ്മമുള്ളവര്‍ സോപ്പ് ഉപയോഗിക്കരുത്. കുളി കഴിഞ്ഞ് നനവോടു കൂടി അല്പം നല്ല നെയ്യ്, നാളികേരപാല്‍ എന്നിവ ദേഹത്ത് തടവുന്നത് ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ സഹായിക്കും.

ചുണ്ട് വരണ്ട് കീറുന്നത് ഒഴിവാക്കാന്‍ ദിവസവും രാവിലെ നാളികേര പാലുകൊണ്ടോ പാല്‍പാട കൊണ്ടോ തടവുന്നത് നല്ലതാണ്. കാലിലെ വിണ്ടുകീറലാണ് വേനല്‍ക്കാലത്തെ മറ്റൊരു പ്രശ്‌നം. സദാസമയം അടുക്കളയില്‍ പെരുമാറുന്ന സ്ത്രീകളില്‍ ഇത് കൂടും. അടുക്കളയില്‍ റബ്ബര്‍ ചെരുപ്പ് ഉപയോഗിച്ചാല്‍ ഒരുപരിധിവരെ വിണ്ടുകീറല്‍ കുറയും. ശതദൗധഘൃതം പുരട്ടുന്നത് വിണ്ടുകീറലിന് ശമനമുണ്ടാക്കും. വിണ്ടുകീറിയ ഭാഗത്ത് നല്ല നെയ്യ് പുരട്ടുന്നതും നല്ലതാണ്.


കണ്ണിന് അതീവ ശ്രദ്ധ


ചൂടിന്റെ ദോഷങ്ങള്‍ പ്രധാനമായും ബാധിക്കുന്നത് കണ്ണിനെയാണ്. ചെങ്കണ്ണ് വേനല്‍ക്കാലത്ത് സര്‍വ്വസാധാരണമായ രോഗമാണ്. ഒരാള്‍ക്ക് വന്നാല്‍ ഒരുദേശം മുഴുവന്‍ പടര്‍ന്നുപിടിക്കാന്‍ ദിവസങ്ങള്‍ മതി. തണുത്ത വെള്ളംകൊണ്ട് ഇടയ്ക്കിടെ കഴുകുന്നത് ചെങ്കണ്ണ് പകരുന്നതിന്റെ സാധ്യത കുറയ്ക്കും. പനിനീരില്‍ കര്‍പ്പൂരം ചേര്‍ത്ത് അതില്‍ മുക്കിയെടുത്ത തുണികഷ്ണം കണ്ണുകള്‍ക്ക് മുകളില്‍ വെച്ച് ത്രിഫലാദിപൊടി തണുത്തവെള്ളത്തില്‍ കലക്കിയെടുത്ത് കണ്ണുകള്‍ക്ക് പാക്ക് ചെയ്യുന്നത് ചൂടുകൊണ്ട് കണ്ണിനേല്‍ക്കുന്ന ക്ഷതങ്ങളെ ഒരു പരിധിവരെ കുറയ്ക്കും. കക്കിരി നെടുകെ മുറിച്ച് കണ്‍പോളയില്‍ വെച്ച് തണുപ്പ് കൊള്ളിക്കുന്നതും നല്ലതാണ്.

ചൂട് കൂടുമ്പോള്‍ കണ്‍കുരുവും പ്രത്യക്ഷപ്പെടും. കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവരില്‍ ഇതിന് സാധ്യത കൂടും. കുരുവില്ലാകടുക്ക അരച്ച് തേക്കുന്നത് കണ്‍കുരു ഇല്ലാതാക്കും.

മൂത്രത്തില്‍ പഴുപ്പാണ് വേനല്‍ക്കാലത്ത് സ്ത്രീകളിലെ പ്രധാന പ്രശ്‌നം. ശരീരം അമിതമായി വിയര്‍ക്കുന്നതുംമൂത്രത്തിന്റെ അളവ് കുറയുന്നതും മലമൂത്രവിസര്‍ജ്യങ്ങള്‍ അതത് സമയത്ത് ഒഴിച്ചുകളയാന്‍ ശ്രദ്ധിക്കാത്തതുമാണ് ഇതിന് കാരണം. വ്യക്തിശുചിത്വമാണ് രോഗം വരാതിരിക്കാന്‍ ഏറ്റവും പ്രധാനം. മൂത്രമൊഴിച്ചാല്‍ വൃത്തിയായി കഴുകണം. കട്ടി ഭക്ഷണങ്ങള്‍ കുറച്ച് ദ്രവരൂപത്തിലുള്ള ഭക്ഷണം കൂടുതല്‍ കഴിക്കുക. ഇടയ്ക്കിടെ വെള്ളം കുടിക്കുകയും വേണം. മൂത്രത്തെ സുഗമമായി ഒഴുക്കിക്കളഞ്ഞാല്‍ തന്നെ മൂത്രത്തില്‍ പഴുപ്പിനുള്ള സാധ്യത ഇല്ലാതാവും.

കുട്ടികളില്‍ വേനല്‍ക്കാലത്ത് കരപ്പന്‍പോലുല്ല ത്വക്ക് രോഗങ്ങള്‍ക്ക് സാധ്യതയേറെയാണ്. വേനല്‍ക്കാലത്ത് ദഹനക്കേടും കൃമിശല്യവും കൂടും. ആവണക്കെണ്ണ കൊടുത്ത് മാസത്തിലൊരിക്കല്‍ വയറിളക്കികളയുന്നത് ത്വക്ക് രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. 
പ്രായഭേദമില്ലാതെ വരുന്ന അസുഖമാണ് തൊണ്ടവേദന. വേനല്‍ക്കാലത്ത് രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് തൊണ്ടയില്‍ അണുബാധ ഉണ്ടാകുന്നത്. തുളസിയില, കുരുമുളക് ഇവയിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് ഇടയ്ക്കിടെ കഴിക്കുന്നത് തൊണ്ട വേദനയ്ക്ക് ശമനമുണ്ടാക്കും.


മുഖസൗന്ദര്യത്തിന് പ്രത്യേക ചിട്ടകള്‍


ചൂടുകാലത്ത് മുഖസൗന്ദര്യത്തിന് പ്രത്യേക പരിചരണം വേണം. ദിവസം മൂന്നുനേരമെങ്കിലും ശുദ്ധമായ പച്ചവെള്ളംകൊണ്ട് മുഖം കഴുകണം. മേക്കപ്പ് വളരെ അത്യാവശ്യത്തിനേ ഉപയോഗിക്കാവൂ. മേക്കപ്പ് അധികമായാല്‍ മുഖചര്‍മ്മം വരണ്ട് ചുളിവ് വീഴാം. ദിവസവും രാവിലെ രക്തചന്ദനം അരച്ച് മുഖത്ത് പുരട്ടി പച്ചവെള്ളത്തില്‍ കഴുകുന്നത് മുഖകാന്തി കൂട്ടും.

കഴുത്തിലും മുഖത്തും ഉണ്ടാകുന്ന ചൂടുകുരു വേനല്‍ക്കാലത്ത് മിക്ക സ്ത്രീകളേയും അലോസരപ്പെടുത്തുന്ന കാര്യമാണ്. കൊത്തമ്പാലയരി, വയമ്പ്, പാച്ചോറ്റിത്തൊലി ഇവ അരച്ച് തേക്കുന്നത് ചൂടുകുരു കുറയ്ക്കും. ശാരിബാദ്യാസവം 25 മില്ലി രണ്ട് നേരം ഭക്ഷണശേഷം സേവിക്കുന്നത് രക്തശുദ്ധി വരുത്താനും മുഖക്കുരു തടയാനും നല്ലതാണ്.

മുഖകാന്തി വര്‍ധിപ്പിക്കാന്‍ രക്തചന്ദനം, മഞ്ചട്ടി, പാച്ചോറ്റിത്തൊലി, കൊട്ടം, ഞാവല്‍പൂവ്, പേരാല്‍മൊട്ട്, ചണം പയറ് എന്നിവ വെള്ളത്തില്‍ അരച്ച് തേക്കാം. മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ നീര്‍മരുതിന്‍തൊലി, മഞ്ചട്ടി എന്നിവ തേന്‍ ചേര്‍ത്ത് ലേപനം ചെയ്യാം.
കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുപ്പ് മാറ്റാനും കണ്ണിന് കുളിര്‍മ്മ നല്‍കാനും പനിനീരില്‍ തുണിമുക്കി തുടയ്ക്കുകയോ കറ്റാര്‍ വാഴ പോള കണ്‍പോളയില്‍ വെയ്ക്കുകയോ ചെയ്താല്‍ മതി. വെയിലത്ത് യാത്ര ചെയ്യേണ്ടി വരുന്നവര്‍ നേത്രാമൃതം ഒരു തുള്ളിവീതം രാവിലെയും വൈകുന്നേരവും കണ്ണില്‍ ഉറ്റിക്കുന്നത് നന്നായിരിക്കും. കണ്ണിന്റെ ചുവപ്പുനിറം, വേദന, ചൊറിച്ചില്‍ എന്നിവ മാറിക്കിട്ടും.


സെക്‌സ് മിതമായി മതി


വേനല്‍ക്കാലത്ത് സെക്‌സിനുമുണ്ട് ചില ചിട്ടകള്‍. വേനല്‍ക്കാലത്ത് ആഴ്ചയിലൊരിക്കലേ ലൈംഗികബന്ധം പാടുള്ളു എന്നാണ് ആയുര്‍വേദം പറയുന്നത്. ലൈംഗികബന്ധം അധികമായാല്‍ ശരീരം ക്ഷീണിക്കും. ശാരീരികോര്‍ജം നഷ്ടമാവുകയും ചെയ്യും. വേനലിന്റെ കാഠിന്യം കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന ശരീരങ്ങളില്‍ രോഗാവസ്ഥ ഉടലെടുക്കാനും ഇതുവഴി സാധ്യതയുണ്ട്.

ചൂടുകാലത്ത് സ്ത്രീയിലും പുരുഷനിലും ലൈംഗിക ഉത്തേജനം കുറയുക സ്വാഭാവികം. പുരുഷന്‍മാരില്‍ ശുക്ലത്തിന്റെ അളവ് കുറയാനും ഇടയുണ്ട്. ഒരു ഗ്ലാസ് എരുമപ്പാലില്‍ അമുക്കുരം പൊടിയും പഞ്ചസാരയും ചേര്‍ത്ത് ദിവസവും രാത്രി കിടക്കാന്‍ നേരത്ത് കഴിക്കുന്നത് പുരുഷന്മാരില്‍ ശുക്ലവര്‍ധനവിന് നല്ലതാണ്. നെയ്യ് കൂട്ടി ഊണു കഴിക്കുന്നതു നന്നായിരിക്കും.

സ്ത്രീകള്‍ക്കുമുണ്ട് വേനല്‍ക്കാലത്തെ ലൈംഗിക ക്ഷീണത്തിന് മരുന്ന്. ശതാവരികിഴങ്ങ് ചതച്ചു പിഴിഞ്ഞ നീര് സമം എരുമപാല്‍ ചേര്‍ത്ത് സേവിക്കുകയാണ് ഇതിനുള്ള പ്രതിവിധി.


ദാഹമകറ്റാന്‍ ആരോഗ്യപാനീയം


വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ പറ്റുന്ന ഒരു ആരോഗ്യപാനീയമാണിത്. ഒന്നാംതരം ദാഹശമനിയും.

ഉണക്കമുന്തിരി 30 ഗ്രാം
നെല്ലിക്കാത്തോട് 30 ഗ്രാം
തിളപ്പിച്ചാറ്റിയ വെള്ളം 500 മില്ലി
കല്‍ക്കണ്ടം/തേന്‍ 50 മില്ലി

തയ്യാറാക്കേണ്ട വിധം:

ഉണക്കമുന്തിരിയും നെല്ലിക്കാത്തോടും തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ തലേന്ന് ഇട്ട് വെയ്ക്കുക. പിറ്റേന്ന് പിഴിഞ്ഞ് കലക്കി അരിച്ചെടുക്കുക. കല്‍ക്കണ്ടമോ തേനോ ചേര്‍ത്ത് ഇടയ്ക്കിടെ കഴിക്കാം.


തലയില്‍ തേക്കാന്‍



വെളിച്ചെണ്ണ-500 മില്ലി
തുളസിയില-അഞ്ച് പിടി

തയ്യാറാക്കുന്ന വിധം:

തുളസിയില ചതച്ച് നീരെടുത്ത് നീരും ഇലയും എണ്ണയിലിട്ട് കാച്ചിയെടുക്കുക. തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കുക. ദിവസവും രാവിലെ തലവിയര്‍ക്കും മുന്‍പ് എണ്ണ തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഞ്ഞിവെള്ളത്തില്‍ ചെറുപയറുപൊടി ചേര്‍ത്തുണ്ടാക്കുന്ന കൃത്രിമ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. നീരിറക്കത്തിന്റെ അസുഖമുള്ളവര്‍ എണ്ണ മൂപ്പിക്കുമ്പോള്‍ രണ്ട് മണി കുരുമുളക് ചതച്ചിട്ടാല്‍ മതി.


തേച്ചുകുളിക്ക് ആയുര്‍വ്വേദ തൈലം


ഗ്ലലനല്‍ക്കാലത്ത് ചര്‍മ്മം വരളാതിരിക്കാന്‍ ദിവസവും തൈലം തേച്ച് കുളി നന്നായിരിക്കും. തൈലം നന്നായി ശരീരത്തില്‍ തേച്ച് പിടിപ്പിച്ചശേഷം ചെറുപയറുപൊടി ഉപയോഗിച്ച് കഴുകി കളയുക.

ഒരു മാസത്തേക്ക് ഒരാള്‍ക്ക് വേണ്ട തൈലം തയ്യാറാക്കേണ്ട വിധം:

1. വെളിച്ചെണ്ണ 500 മില്ലി
2. ചന്ദനം 100 ഗ്രാം
3. രാമച്ചം 100 ഗ്രാം
4. ഇരട്ടിമധുരം 100 ഗ്രാം
5. നെല്ലിക്കാതോട് 100 ഗ്രാം
6. ഇരുവേലി 100 ഗ്രാം
7. നന്നാറി 100 ഗ്രാം
8. കുറുന്തോട്ടി വേര് 100 ഗ്രാം

രണ്ട് മുതല്‍ക്കുള്ള ചേരുവകള്‍ വൃത്തിയാക്കി വെളിച്ചെണ്ണയില്‍ ഇട്ട് തിളപ്പിക്കുക. അഞ്ച് മിനിറ്റ് തിളച്ച ശേഷം അരിച്ച് കുപ്പിയിലാക്കി സൂക്ഷിക്കുക.

ഒരു നിമിഷം ധ്യാനിക്കൂ സുഖകരമാവട്ടെ!

യോഗാഭ്യാസം നിങ്ങളുടെ ശരീരത്തെ എങ്ങിനെയെല്ലാം മാറ്റിത്തീര്‍ക്കുന്നു. ഒരു യോഗാമാസ്റ്റര്‍ സംസാരിക്കുന്നു...



രോഗം മാറാന്‍ ഒരുപാട് 'അഭ്യാസങ്ങള്‍' കാണിച്ചശേഷം ചിലര്‍ എത്തിച്ചേരാറുള്ള അഭയകേന്ദ്രമാണ് യോഗാഭ്യാസം.

രോഗം മാറാന്‍ യോഗ ചെയ്തൂടെ? എന്നെങ്ങാനും ചോദിച്ചാല്‍ സ്ത്രീകള്‍ ഒരു ലോകകാര്യം കണക്കെ പറയും: ''ഓ.. പെണ്ണുങ്ങള്‍ക്കെന്ത് യോഗ! അതിനെവിടെ നേരം!''

'വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും' എന്ന് തിരിച്ചു പറയാം. അതെന്തായാലും യോഗാനുഷ്ഠാനത്തിന്റെ ഔഷധമൂല്യം സ്ത്രീകള്‍ക്കിപ്പോഴും പിടികിട്ടിയിട്ടില്ല തന്നെ. പ്രസവശേഷം കടുത്ത നടുവേദനയുണ്ടല്ലേ, ഒരുപാട് മരുന്നഭ്യാസങ്ങള്‍ക്കുശേഷവും വേദനമാത്രം ബാക്കി തന്നെ അല്ലേ - ആറുമാസം സത്യസന്ധമായി യോഗാഭ്യാസം നടത്തൂ, അപ്പൊഴറിയാം മെച്ചം.

സ്ത്രീകളുടെ ഒരുപാട് ശാരീരികാസ്വസ്ഥതകള്‍ക്ക് നല്ല പരിഹാരമായ 'യോഗ' എന്ന 'അത്ഭുത'ത്തെ കുറച്ചൊന്ന് പരിചയപ്പെടാം.
ആര്‍ക്കൊക്കെ ചെയ്യാം?

യുവാവിനും വൃദ്ധനും അതിവൃദ്ധനും രോഗിക്കും ദുര്‍ബലനും യോഗ ചെയ്യാം എന്നാണ് ഹഠയോഗ സംഹിതയിലെ പ്രമാണം. കുട്ടികള്‍ക്കു മാത്രമാണ് നിഷിദ്ധം.


എപ്പോള്‍ തുടങ്ങാം


13 വയസ്സിനു മുമ്പ് യോഗാസനങ്ങള്‍ ചെയ്യുന്നത് നല്ലതല്ല. മസിലുകള്‍ ഉറയ്ക്കുന്നതിനു മുമ്പുള്ള ഇളംപ്രായത്തില്‍ ആസനങ്ങള്‍ ചെയ്യുക വളരെ എളുപ്പമായിരിക്കുമെങ്കിലും പിന്നീട് അത് വലിയ ദോഷം ചെയ്യാനിടയുണ്ട്.

പക്ഷേ, ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് സൂക്ഷ്മവ്യായാമങ്ങള്‍ ചെയ്യാം. സ്‌കന്ദശക്തി വര്‍ധകം (തോള്‍ഭാഗത്തെ ശക്തിക്ക്), ഗ്രീവശക്തി വര്‍ധകം (കഴുത്തിന്റെ ബലത്തിന്)

ഹൃദ്ശക്തി വര്‍ധകം (ഹൃദയശേഷിക്ക്) ജാനുശക്തി വര്‍ധകം (കാല്‍മുട്ടിന്റെ ശക്തിക്ക്), പാദശക്തി വര്‍ധകം, ജഘനശക്തി വര്‍ധകം എന്നിവയാണ് പ്രധാനമായും കുട്ടികള്‍ക്ക് ചെയ്യാവുന്ന സൂക്ഷ്മവ്യായാമങ്ങള്‍. കായിക ശേഷി വികസിപ്പിക്കാന്‍ താത്പര്യമുള്ള കുട്ടികളെ ഇത് ചെയ്യിപ്പിക്കുന്നത് ഏറെ ഗുണപ്രദമാണ്.


പഠനകാലത്ത്


വിളഞ്ഞ ബുദ്ധി ആര്‍ക്കാണിന്ന് വേണ്ടാത്തത്! കുട്ടിക്ക് ബുദ്ധി കൂട്ടാന്‍ വന്‍വിലയുള്ള ലേഹ്യവും പൊടികളും വാങ്ങിക്കൊടുക്കുന്നതിനേക്കാള്‍ ഗുണപ്രദമാണ് യോഗാഭ്യാസത്തിലെ ലഘുവ്യായാമങ്ങള്‍ ചെയ്യിക്കുന്നത്. തലച്ചോറില്‍ രക്തചംക്രമണം വര്‍ധിക്കുകയും ബുദ്ധി സൂക്ഷ്മമാവുകയും ചെയ്യാന്‍ സഹായിക്കുന്ന യോഗമുറകള്‍ ഉണ്ട്.


ആര്‍ത്തവകാലത്തും ഗര്‍ഭകാലത്തും വേണ്ട


ആര്‍ത്തവസമയത്ത് യോഗാഭ്യാസം അരുത്. യോഗ ചെയ്തുവരുന്നവര്‍ ആ ദിവസങ്ങളില്‍ ഒഴിവാക്കിയാല്‍ മാത്രം മതി. ഗര്‍ഭകാലത്ത് ലളിതമായ ആസനങ്ങളേ പാടുള്ളൂ - ഉദാഹരണത്തിന് 'പര്‍വതാസനം' പോലുള്ളവ. വയറിനെ അമര്‍ത്തുന്ന തരം യോഗമുറകള്‍ പാടില്ല.
ഗര്‍ഭകാലത്ത് ധ്യാനമുറകളാണ് ഏറ്റവും നല്ലത്. പ്രസവവേദന പരമാവധി കുറയ്ക്കാന്‍ ഇത് ഫലപ്രദമാണ്. ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധി വളര്‍ച്ചയ്ക്കും സഹായകമാണിത്.


പ്രസവശേഷം


പ്രസവിച്ച് 28 ദിവസം കഴിഞ്ഞാല്‍ നാഡീശുദ്ധി തുടങ്ങിയ ശ്വസനക്രിയകള്‍ ചെയ്യാം. ശാരീരികായാസം വേണ്ട യോഗമുറകള്‍ ആറു മാസം കഴിഞ്ഞേ തുടങ്ങാവൂ.


കുട്ടികള്‍ ഇല്ലെങ്കില്‍


വന്ധ്യതയ്ക്ക് ഒരു കാരണം അണ്ഡോത്പ്പാദനം ഇല്ലാതിരിക്കലോ കുറയലോ ആണല്ലോ. അണ്ഡോത്പ്പാദന ശേഷി കൂട്ടാന്‍ സഹായിക്കുന്നതാണ് കൃത്യമായ യോഗാഭ്യാസം. കുട്ടികളില്ലാത്തവര്‍ക്ക് മരുന്നുകള്‍ക്കൊപ്പം ഇത്തരം കാര്യങ്ങള്‍ കൂടി ചെയ്യുന്നത് ഉത്തമമാണ്.


ആസ്തമ, അലര്‍ജി, നടുവേദന


ശ്വാസകോശത്തെ വികസിപ്പിക്കാനും ശുദ്ധവായുവിന്റെ പരമാവധി കടന്നുവരവിനും സഹായിക്കുന്നതാണ് ശ്വസനക്രിയകള്‍. ഇത് ആസ്തമയ്ക്ക് ഫലപ്രദമായ പ്രതിരോധമാണ്. ശരീരത്തിന്റെ സഹനശക്തി കുറയുമ്പോഴാണ് അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

സഹനശക്തി കൂട്ടാന്‍ 'ഉത്ഥാനമണ്ഡൂകാസനം' പോലുള്ളവ ശീലിക്കുന്നതു കൊണ്ട് കഴിയും.

സ്ത്രീകളെ അലട്ടുന്ന വലിയ പ്രശ്‌നമാണ് നടുവേദന. ഇടുപ്പിനും നട്ടെല്ലിനും നല്ല വ്യായാമം ലഭിക്കുന്ന ആസനങ്ങള്‍ നടുവേദന ഇല്ലാതാക്കാന്‍ സഹായിക്കും.

മേരുദണ്ഡാസനം, ശലഭാസനം എന്നിവ ഏറ്റവും നല്ലതാണ്. അതുപോലെ ഉത്ഥിതപദാസനം, പവനമുക്താസനം, ഭുജംഗാസനം, ഉഷ്ട്രാസനം, ധനുരാസനം എന്നിവയും ചെയ്യണം.


സൗന്ദര്യം കൂട്ടാന്‍


അഴകു കൂട്ടാനും ആസനങ്ങളുണ്ടോ? സംശയം വേണ്ട, ഉണ്ട്. പ്രസവശേഷം അരക്കെട്ടിലും വയറിലും കൊഴുപ്പടിഞ്ഞ് വണ്ണം കൂടുന്നത് സ്ത്രീകളില്‍ സാധാരണമാണ്. സൗന്ദര്യത്തിന്റെ അടയാളമായ ആലിലവയറൊക്കെ ഇല്ലാതാവുന്നതില്‍ അവര്‍ ഏറെ ദുഃഖിതരുമാണ്. അരക്കെട്ടി ന്റെ അഴകു കൂട്ടാന്‍ യോഗശാസ്ത്രത്തില്‍ പറയുന്ന പ്രധാന ആസനമാണ് ഉഷ്ട്രാസനം. പൃഷ്ഠഭാഗത്തെ മസിലുകള്‍ ശക്തമാക്കാനും, കൊഴുപ്പു കുറയ്ക്കാനും ഇത് സഹായകമത്രേ. ധനുരാസനവും അരക്കെട്ടിന്റെ ഭംഗി കൂട്ടാനുതകും.

'ശീല്‍ക്കാരി' എന്നൊരു വ്യായാമമുണ്ട്. നമ്മള്‍ ശീല്‍ക്കാരം പ്രകടിപ്പിക്കും മാതിരി ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട്. 'ശീല്‍ക്കാരി' രണ്ടാം കാമദേവനാക്കും' എന്നാണ് യോഗാശാസ്ത്ര സങ്കല്പം. സ്ത്രീകളിലാണെങ്കില്‍ ഇത് 'രണ്ടാം രതിയാക്കും' എന്ന് മാറ്റിപ്പറയാവുന്നതാണ്.


ആയുസ് കൂട്ടാന്‍


ദീര്‍ഘായുസ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അതിന് സഹായിക്കുന്ന ആസനമാണ് 'സുപ്തവജ്രാസനം' ജരാനാശനമാണിതിന്റെ ഫലം.
തല മുതല്‍ ഉടലിന്റെ അവസാനം വരെമാത്രം രക്തസഞ്ചാരം വര്‍ധിപ്പിക്കുന്ന ആസനമാണിത്. ഈ ഭാഗത്താണല്ലോ ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളും. ഇവയുടെ യൗവ്വനവും ഊര്‍ജവും നിലനിര്‍ത്താന്‍ സുപ്തവജ്രാസനത്തിനു കഴിയും.


നല്ല സമയം ഏത്


യോഗ ചെയ്യാന്‍ കൃത്യമായി ഒരു കാലം തിരിഞ്ഞെടുക്കുന്നത് നല്ലതാണ്. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് യോഗ ചെയ്യുന്നതാണ് ഉത്തമം. പുലര്‍ച്ചെ ഏകദേശം മൂന്നു മണിക്ക് ഉണര്‍ന്ന് ചെയ്യാം. രാവിലെ ഒന്‍പത് മണിവരെയുള്ള നേരവും തരക്കേടില്ല. അതു പോലെ വൈകീട്ട് നാല് മുതല്‍ ഏഴ് വരെയും നല്ല സമയമാണ്. ഒരു മണിക്കൂറെങ്കിലും യോഗ ചെയ്യണം എങ്കിലേ ഫലമുണ്ടാവൂ. എല്ലാ ദിവസവും ചെയ്യണം. എങ്കിലേ ഗുണപ്രദമാകൂ. മനുഷ്യനല്ലേ ഇടയ്ക്ക് ചില ദിവസങ്ങളില്‍ മുടങ്ങിയാലും വേവലാതി വേണ്ട. പക്ഷേ, ഒരു പാട് ദിവസം മുടങ്ങിയാല്‍ അകന്നുമാറിനിന്ന അസ്വസ്ഥതകളും ശക്തിയോടെ തിരികെ വരാം.


എവിടെ വെച്ച്


ഹഠയോഗശാസ്ത്രത്തില്‍ പറയുന്നതിങ്ങനെ - ആള്‍പ്പെരുമാറ്റമില്ലാത്ത ഇടം, നല്ല രാജ്യം, സുഭിക്ഷദേശം, ശാന്തമായ അന്തരീക്ഷം ഇവയാണ് യോഗാനുഷ്ഠാനത്തിന് യോജിച്ച സാഹചര്യം. 

തുറന്ന സ്ഥലത്ത് പാടില്ല. (ശ്വാസം വലിക്കാന്‍ ആയാസം കൂടുതല്‍ വരുമല്ലോ).

നന്നായി ഉയര്‍ന്നതോ താഴ്ന്നതോ ആയ ഇടം പാടില്ല (അന്തരീക്ഷ സാന്ദ്രത വളരെ വ്യത്യസ്തമാവുമല്ലോ).

ശ്മശാനസാമീപ്യം അരുത്. (ശുദ്ധവായു ധാരാളം കിട്ടണമല്ലോ).

ഇതൊക്കെ മുഴുവന്‍ പിന്തുടരാന്‍ പറ്റില്ലെങ്കിലും ഒരു കാര്യത്തില്‍ ശ്രദ്ധ വേണം. ശാന്തമായ, വലിയ ചൂടും തണുപ്പുമില്ലാത്ത ഒരിടം, ഒരു മുറിയുമാവാം - അതാണ് യോഗ ചെയ്യാന്‍ ഏറ്റവും ഉത്തമം.


ആഹാരനിഷ്ഠ


ആഹാരം ഏതുമാവാം - സസ്യമോ മാംസമോ. പക്ഷേ, ഒന്നുണ്ട്, മാംസം ഒഴിവാക്കിയാല്‍ ശരീരത്തിന്റെ ദാര്‍ഢ്യം കുറഞ്ഞുകിട്ടും. ഒഴുക്കുള്ള ശരീരമാകും.


പുസ്തകത്തിലൂടെ പരിശീലനം


പുസ്തകം വായിച്ച് അതനുസരിച്ച് മാത്രം യോഗ പരിശീലനം അബദ്ധമാണ്. ഗുരുമുഖത്തുനിന്നും കേട്ടും ചെയ്തുമാണ് പഠിക്കേണ്ടത്. പിന്നീട് സ്വയം അനുഷ്ഠിക്കാം. പ്രാണായാമത്തോടും യുക്തമായും യോഗ ചെയ്താലേ രോഗമുക്തി ഉണ്ടാവൂ.

വ്യായാമത്തിലൂടെ സുന്ദരിയാവാം

ചിട്ടയായ വ്യായാമം ശീലമാക്കിയാല്‍ അമിതവണ്ണം കുറച്ച് ആരോഗ്യവും സൗന്ദര്യവും കൈവരുത്താം...



രൂപഭംഗിയുള്ള ശരീരമുണ്ടായാല്‍ ആദ്യത്തെ നേട്ടം ആരോഗ്യംതന്നെ... വയര്‍ ചാടി വശങ്ങളിലേക്ക് മടക്കുകള്‍ വീണാല്‍ പിന്നെ രോഗങ്ങള്‍ പിടികൂടുമെന്നുറപ്പാണ്. മുട്ടുവേദന തൊട്ട് പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍... അധ്വാനം നന്നേ കുറവായ ഇന്നത്തെ ജീവിതശൈലിയില്‍ അമിതവണ്ണം കുറച്ച് ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കാന്‍ വ്യായാമങ്ങള്‍ ശീലിക്കാം. ഒരു ദിവസം കുറഞ്ഞത് അര മണിക്കൂറെങ്കിലും.


പാദങ്ങളുടെ ആരോഗ്യം

ചിലര്‍ രാവിലെ ഉണരുന്നത് ഉപ്പൂറ്റിയിലെ കഠിനവേദനയെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ടാണ്. ഉപ്പൂറ്റിവേദന അഥവാ 'പ്ലാന്‍ടര്‍ ഫാസൈറ്റിസ്' സ്ത്രീകളില്‍ പൊതുവെ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. ഇത്തരക്കാര്‍ക്ക് നടക്കാന്‍ പ്രയാസമുണ്ടാവുന്നു. ചിലര്‍ക്ക് കാല്‍പാദം മൊത്തമായും വേദന വരാറുണ്ട്.

ഉപ്പൂറ്റിവേദനയുടെ പ്രധാന കാരണങ്ങളിലൊന്ന് അമിതവണ്ണമാണ്. സ്ഥിരമായി പരുക്കന്‍ പ്രതലങ്ങളിലൂടെ ദീര്‍ഘദൂരം നടക്കുന്നതും കാല്‍വണ്ണയിലെ പേശികള്‍ വല്ലാതെ മുറുകുന്നതും വേദനയ്ക്കുള്ള മറ്റു ചില കാരണങ്ങളാണ്. പരന്ന പാദം (ളഹമ േളീീ)േ ഉള്ളവരിലും ഉപ്പൂറ്റിവേദന വരാറുണ്ട്.

ആവശ്യമായ വ്യായാമം:
കാല്‍വണ്ണയുടെ പേശികളും ഉപ്പൂറ്റിയും ബലവത്താക്കാനുള്ള വ്യായാമങ്ങളാണ് ചെയ്യേണ്ടത്. വിരലുകളും കാലുകളും വലിച്ച് നീട്ടിപ്പിടിച്ചുകൊണ്ടുള്ള 'സ്‌ട്രെച്ചിങ്ങ്' വ്യായാമങ്ങള്‍ ചെയ്യുക. ജിംനേഷ്യത്തില്‍ ഇതിനുള്ള 'ലൈറ്റ് വെയിറ്റ് ട്രെയിനിങ്ങുകള്‍' ഉണ്ട്. വിരല്‍ മാത്രം നിലത്തൂന്നി നിവര്‍ന്ന് നില്‍ക്കുന്നതാണ് മറ്റൊരു വ്യായാമം. പാദങ്ങളുടെ കൃത്യഅളവിലുള്ള ചെരിപ്പ് ഉപയോഗിക്കാനും ശ്രദ്ധിക്കണം.


കൈമുട്ടിന്റെ ആരോഗ്യത്തിന് ജോഗ്ഗിങ്


കൈമുട്ടുകളില്‍ കഠിനവേദനയായി വരുന്ന അസുഖമാണ് 'ടെന്നീസ് എല്‍ബോ' എന്നറിയപ്പെടുന്നത്. എന്നാല്‍ ഈ ശാരീരികപ്രശ്‌നത്തിന് ടെന്നീസ് കളിയുമായി അത്ര ബന്ധമൊന്നുമില്ല. ടെന്നീസ് കളിക്കാരില്‍ ചിലര്‍ക്ക് കൈമുട്ട് വേദന വരാറുണ്ടെന്ന് മാത്രം.

കൈമുട്ടുകളിലെ പേശികളില്‍ വരുന്ന നീര്‍ക്കെട്ടാണ് 'ടെന്നീസ് എല്‍ബോ' ഉണ്ടാക്കുന്നത്. കൈകള്‍ ഉപയോഗിച്ച് സ്ഥിരമായി ഒരേതരം ജോലി ചെയ്യുന്നതുവഴിയും രോഗം വരാം. തുണി പിഴിയുമ്പോഴും കമ്പ്യൂട്ടര്‍ കീ ബോര്‍ഡ് ഉപയോഗിക്കുമ്പോഴുമൊക്കെയാണ് വേദന ആദ്യമായി അനുഭവപ്പെട്ടു തുടങ്ങുന്നത്.

രാവിലെ കൈമുട്ടുകളില്‍ വേദന വരുന്നതാണ് ഒരു പ്രധാന ലക്ഷണം. കൈയ്ക്കു മുകളില്‍ തോളിനോടു ചേരുന്ന ഭാഗത്തും വേദന കാണും. സാധാരണയായി വേദന തുടങ്ങിക്കഴിഞ്ഞാല്‍ കൈകൊണ്ട് ഒന്നുമെടുക്കാന്‍ പറ്റാതെ വരുന്നു. മുട്ടുകള്‍ മടക്കാനും നിവര്‍ത്താനും ബുദ്ധിമുട്ട് തോന്നും. മുട്ടിന് താഴെക്കുള്ള ഭാഗത്ത് മരവിപ്പും ബലക്കുറവും തോന്നുന്നു. തൊടുമ്പോള്‍ കടുത്ത വേദനയുമുണ്ടാവും.

ആവശ്യമായ വ്യായാമം:
കൈകളിലെ പേശികള്‍ക്ക് അയവുണ്ടാക്കുകയാണ് ഈ ഘട്ടത്തില്‍ പ്രധാനം. വിരല്‍, മണികണ്ഠം, കൈമുട്ടിന് താ ഴ്ഭാഗം എന്നിവിടങ്ങളിലെ പേശികള്‍ക്ക് ബലമുണ്ടാക്കിയെടുക്കണം. ഇതിന് ജിംനേഷ്യത്തില്‍ നല്‍കുന്ന 'ലൈറ്റ് വെയിറ്റ് ട്രെയിനിങ്ങ്' ആണ് നല്ലത്. വ്യത്യസ്ത ഭാരങ്ങള്‍ കൈകളിലെടുത്തുള്ള പരിശീലനമാണിത്. പല ഭാരങ്ങളിലുള്ള 'ഡംബല്‍സ്' ആണ് ഇതിനുപയോഗിക്കുന്നത്. ഇത് വീട്ടില്‍ വെച്ച് സ്വന്തമായും പരിശീലിക്കാം.

കൈമുട്ടിലെ വേദന വരാതിരിക്കാനും ചില മുന്‍കരുതലുകളെടുക്കാം. ഒരേതരം ജോലി എന്നും ചെയ്യേണ്ടിവരുമ്പോള്‍ കൈകള്‍ മാറ്റിമാറ്റി ചെയ്യുക. ഇടയ്ക്ക് കൈകള്‍ക്ക് വിശ്രമം നല്‍കുകയും വേണം.

ദേഹം നീട്ടിവലിച്ച് പിടിക്കുന്ന 'സട്രെച്ചിങ്ങ്' വ്യായാമങ്ങളും ചെയ്യുക. വിരലുകള്‍, മണികണ്ഠം, തോള്‍ എന്നിവിടങ്ങളിലാണ് ഇതാവശ്യം. വ്യായാമം ചെയ്യുമ്പോള്‍ വേദന കൂടുന്നുവെങ്കില്‍ ചെയ്യുന്നത് നിര്‍ത്തി ഡോക്ടറെ കാണുക.

കൈമുട്ടുകള്‍ക്ക് ബലം പകരാനുള്ള ലളിതമായ മറ്റൊരു വ്യായാമമാണ് ജോഗിങ്ങ്. ശുദ്ധവായുവുള്ള തുറസ്സായ സ്ഥലങ്ങളാണ് ജോഗിങ്ങിന് അനുയോജ്യം. അയഞ്ഞ വേഷമിട്ടാണ് വ്യായാമം ചെയ്യേണ്ടത്.

ജോഗ്ഗിങ്ങിന് പുറമെ സൈക്കിളിങ്, നീന്തല്‍ തുടങ്ങിയവയും ശരീരത്തിലെ രക്തസഞ്ചാരം ത്വരിതപ്പെടുത്തുന്നതരം വ്യായാമങ്ങളാണ്. ശരീരത്തിന്റെ പലതരം വേദനകള്‍ കുറയ്ക്കാന്‍ ഇവ സഹായിക്കും.


കൈക്കുഴയിലെ പേശികള്‍ക്ക് ബലം


കൈക്കുഴയില്‍ വരുന്ന വേദന, 'ഷോള്‍ഡേസ് ബര്‍സൈറ്റിസ്' എന്ന രോഗാവസ്ഥയാകുന്നു. മുന്‍പ് എപ്പോഴെങ്കിലും ഏറ്റിട്ടുള്ള ചതവുകള്‍, ആര്‍ത്രൈറ്റിസ് ബാധ, പ്രമേഹം, കഴുത്ത് വേദന എന്നിവകൊണ്ടാണ് പ്രധാനമായും കൈക്കുഴയിലെ വേദന വരുന്നത്.

കൈക്കുഴയും തോളുമുള്‍പ്പെടുന്ന ഭാഗം മൊത്തമായും അനുഭവപ്പെടുന്ന കടുത്ത വേദന, എല്ലാ ദിശകളിലേക്കും കൈകള്‍ ഉയര്‍ത്താന്‍ കഴിയാതെ വരിക എന്നിവയാണ് രോഗലക്ഷണങ്ങള്‍. ആദ്യം ചെറിയൊരു വേദന മാത്രമേ കാണൂ. തുടര്‍ന്ന് കൈ അനക്കാന്‍ പറ്റാത്ത സ്ഥിതി വരുന്നു.

ആവശ്യമായ വ്യായാമം: മിക്കവര്‍ക്കും പരിപൂര്‍ണമായ വിശ്രമംകൊണ്ട് വേദന മാറുന്നതായി കാണാറുണ്ട്. എന്നാല്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് കൈകള്‍ തീരെ ചലിപ്പിക്കരുത് എന്നല്ല. വേദനയുണ്ടാക്കുന്ന ജോലികള്‍ ഒഴിവാക്കിയാല്‍ മാത്രം മതി.

അരയ്‌ക്കൊപ്പം കുനിഞ്ഞുനില്‍ക്കുക, ഒരു കൈകൊണ്ട് ഒരു കസേരയില്‍ താങ്ങ് നല്‍കുക, വേദനയുള്ള മറുകൈ ക്ലോക്കിന്റെ പെന്‍ഡുലം ആടുന്നതുപോലെ മുന്നോട്ടും പിന്നോട്ടും പതുക്കെ ചലിപ്പിക്കുക, ഇരുവശങ്ങളിലേക്കും മാറ്റിച്ചെയ്യണം.

തോളിലെ പേശികള്‍ ബലപ്പെടുത്താനുള്ള വിവിധ ലൈറ്റ് വെയിറ്റ് ട്രെയിനിങ്ങുകള്‍ പരിശീലിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ വരാതെ തടയാം. ഒരു ജോഡി 'ഡംപ്‌ബെല്‍സ്' ഉപയോഗിച്ച് ട്രെയിനറുടെ നിര്‍ദ്ദേശപ്രകാരം പരിശീലിക്കാം.


വണ്ണംകുറയ്ക്കാന്‍ ഏയ്‌റോബിക്‌സ്


കാല്‍മുട്ടിലെ ദുസ്സഹമായ വേദനയായി വരുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ഒരു പ്രധാന കാരണം അമിതവണ്ണമാണ്. പ്രായക്കാരിലാണെങ്കില്‍ ഹോര്‍മോണ്‍കുറവു മൂലം വരുന്ന അസ്ഥിക്ഷയമാണ് ഇതിനു മറ്റൊരു കാരണം.

മുട്ടുകളിലെ കടുത്ത വേദന, നടക്കുമ്പോള്‍ മുട്ടുകള്‍ക്കുള്ളില്‍ നിന്ന് ശബ്ദം കേള്‍ക്കുക, കോണിപ്പടികള്‍ കയറാന്‍ പ്രയാസം തോന്നുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

ആവശ്യമായ വ്യായാമങ്ങള്‍:
ആദ്യം ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമങ്ങള്‍ തുടങ്ങണം. സൈക്കിളിങ്, ജോഗ്ഗിങ്ങ്, നീന്തല്‍, ട്രെഡ്മില്‍, ഇന്‍ഡോര്‍ റോവല്‍, എലിപ്റ്റിക്കല്‍ ട്രെയിനര്‍ തുടങ്ങി നിരവധി ഏയ്‌റോബിക് വ്യായാമങ്ങള്‍ ഇതിനായുണ്ട്. സൗകര്യമുള്ളത് തിരഞ്ഞെടുക്കാം.

ശരീരത്തിന്റെ ചലനക്ഷമത കൂട്ടുന്നതിന് ഒപ്പം യോഗാസനങ്ങള്‍ പരിശീലിക്കുക.

രോഗം പിടിപെടാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്ക് 'മസില്‍ സ്‌ട്രെങ്തനിങ്' വ്യായാമങ്ങള്‍ ശീലിക്കുന്നത് നല്ലതാണ്. പാദങ്ങള്‍, തുടകള്‍, ഉപ്പൂറ്റി എന്നിവയ്ക്കായി യോഗയിലും ജിംനേഷ്യങ്ങളില്‍ പരിശീലിപ്പിക്കുന്ന വ്യായാമങ്ങളിലും പ്രത്യേകം രീതികളുണ്ട്.


ഒന്നിലധികം വ്യായാമങ്ങള്‍ ഒരുമിച്ച്

ഏതെങ്കിലും ഒരു വ്യായാമം മാത്രം സ്ഥിരമായി ചെയ്യുന്നതിനേക്കാള്‍ നല്ലത് ഒന്നിലധികം വ്യായാമങ്ങള്‍ ചേര്‍ത്ത് ചെയ്യുന്നതാണ്. പരസ്​പരം പോരായ്മകള്‍ നികത്താന്‍ കഴിവുള്ള വ്യായാമങ്ങള്‍ തമ്മിലാണ് ചേര്‍ക്കേണ്ടത്.

ധാരാളം ഓക്‌സിജന്‍ ഉള്ളിലേക്കെടുത്തുകൊണ്ട് ദീര്‍ഘനേരമെടുത്ത് ചെയ്യുന്നവയാണ് ഏറോബിക് വ്യായാമങ്ങള്‍. ഹൃദയം, ശ്വാസകോശം, കോശങ്ങള്‍ എന്നിവയുടെ ക്ഷമത കൂട്ടുന്നതിന് ഇവ സഹായകമാണ്. സൈക്കിളിങ്, ട്രെഡ്മില്ല്, ഓട്ടം, ജോഗ്ഗിങ്ങ്, ടെന്നീസ് കളി, ഏറോബിക് ഡാന്‍സ് തുടങ്ങിയവ ഈ വിഭാഗത്തില്‍ പെടും.

ഓക്‌സിജന്‍ ഉപയോഗിക്കാതെയുള്ള രണ്ടു മിനുട്ടുമാത്രം നീണ്ടുനില്‍ക്കുന്നതരം വ്യായാമങ്ങളെയാണ് 'അനാറോബിക്' എന്ന് വിളിക്കുന്നത്. ഹെവി വെയ്റ്റ് ട്രെയിനിങ്ങ്, ശ്വാസം പിടിച്ചുകൊണ്ടുള്ള ഓട്ടം (Sprint) തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഒരു ദിവസം ഒരു മണിക്കൂര്‍ വ്യായാമത്തിനായി നീക്കിവെക്കുന്നുവെന്ന് കരുതുക, അതില്‍ 20 മിനുട്ട് ഏറോബിക് ഇനത്തില്‍പെട്ട ഏതെങ്കിലുമൊന്ന് ചെയ്യുക. ബാക്കിസമയം ശരീരം ബലപ്പെടുത്താനുള്ള വെയിറ്റ് ട്രെയിനിങ്ങ് ചെയ്യുക. തുടക്കക്കാര്‍ ലൈറ്റ് വെയിറ്റ് ട്രെയിനിങ്ങിലാണ് ആദ്യം പരിശീലിക്കേണ്ടത്. ഇവ ഒരു ജിംനേഷ്യം ട്രെയിനറുടെ നിര്‍ദ്ദേശത്തില്‍ ചെയ്യുന്നതാണ് നല്ലത്.

ഏറോബിക് വ്യായാമങ്ങള്‍ തടി കുറയ്ക്കുമെങ്കിലും പേശികള്‍ രൂപപ്പെടുന്നതും കുറയ്ക്കുന്നുണ്ട്. ഇതുമൂലം ശരീരത്തിന്റെ ശക്തി കുറയും. അനാറോബിക് വ്യായാമങ്ങള്‍ പേശികളെ സൃഷ്ടിക്കുന്നു. ഒപ്പം ശാരീരികബലം കൂട്ടുന്നുമുണ്ട്. ഇവ യോജിപ്പിച്ച് ചെയ്യുകയാണെങ്കിലും അവ പരസ്​പരം കുറവുകള്‍ നികത്തുന്നതായി കാണാം. 

ഒരു ദിവസം ഒരു മണിക്കൂര്‍ ഹൃദയക്ഷമതയ്ക്കായുള്ള ഏറോബിക് വ്യായാമവും പിറ്റേ ദിവസം അത്രയും സമയം ശാരീരികക്ഷമതയ്ക്കായുള്ള വെയിറ്റ് ട്രെയിനിങ്ങും ചെയ്യാം. ഇതും സ്വീകരിക്കാവുന്ന നല്ലൊരു മിശ്രണംതന്നെ.


വെയിറ്റ് ട്രെയിനിങും യോഗയും


വെയിറ്റ് ട്രെയിനിങ്ങ് ചെയ്യുന്നവര്‍ ശരീരത്തിന് സ്വല്‍പം അയവ് (flexibility) കിട്ടുന്നതിനായി യോഗയും ചെയ്തിരിക്കണം. വെയിറ്റ് ട്രെയിനിങ്ങിന് മുന്‍പും പിന്‍പും പത്ത്-പതിനഞ്ച് മിനുട്ട് 'ശവാസനം' ചെയ്യുന്നത് നന്നായിരിക്കും. വെയിറ്റ് ട്രെയിനിങ്ങിനു ശേഷം പേശികള്‍ക്കുണ്ടാവുന്ന കടുപ്പം ഒന്നയയാന്‍ ഇത് സഹായിക്കും.


വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങള്‍


ഏതു വ്യായാമത്തിനും മുന്‍പ് 'വാം അപ്' എടുത്തിരിക്കണം. സ്‌ട്രെച്ചിങ്ങിന് മുന്‍പ് 'വാംഅപ്' ചെയ്തില്ലെങ്കില്‍ പേശികള്‍ക്ക് കേട് പറ്റാം.

വ്യായാമം ചെയ്യുന്നുണ്ടെന്ന് കരുതി വാരിവലിച്ച് ഭക്ഷണം കഴിക്കരുത്. അതുപോലെ മെലിയുവാനായി കടുത്ത ഡയറ്റിങ്ങും ചെയ്യരുത്. അത് വിളര്‍ച്ചയ്ക്കിടയാക്കും. രാത്രി ഭക്ഷണം കഴിക്കുന്നത് ഉറങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പായിരിക്കണം.

നിറഞ്ഞ വയറുമായി വ്യായാമത്തിന്നൊരുങ്ങരുത്. ഊണ് കഴിച്ചിട്ടാണെങ്കില്‍ മൂന്നു മണിക്കൂറിനു ശേഷം മതി. ലക്ഷു ഭക്ഷണത്തിന് ശേഷമെങ്കില്‍ ഒരു മണിക്കൂറിനു ശേഷവും.

അടിവയര്‍ കുറയ്ക്കാന്‍ നൂറ് 'സിറ്റപ്‌സ്' ചെയ്താല്‍ മതി എന്നത് തെറ്റുധാരണയാണ്. ഏതെങ്കിലും ഒരു അവയവത്തിന് മാത്രം വ്യായാമം നല്‍കുന്നത് ദോഷമാണുണ്ടാക്കുക. ശരീരത്തിന് മൊത്തമായി വ്യായാമം നല്‍കുന്നതിനിടയ്ക്ക് വയര്‍ ചുരുക്കാനുള്ള 'സിറ്റപ്‌സ്' ചെയ്യുന്നതില്‍ തെറ്റില്ല.

വെയിറ്റ് ട്രെയിനിങ്ങ് സ്ത്രീകള്‍ക്കും ചെയ്യാം. ആദ്യം 'ലൈറ്റ് വെയിറ്റില്‍' തുടങ്ങി ശീലിക്കണമെന്നു മാത്രം. കലോറി കുറയ്ക്കാന്‍ ഫലപ്രദമാണെന്നതിനാല്‍ ശരീരഭാരം കുറയ്ക്കാനുള്ള മികച്ച വഴികൂടിയാണിത്.

കടപ്പാട്-channelkeralalzone.blogspot.in

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate