Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ശിശു സംരക്ഷണം - കൂടുതൽ വിവരങ്ങൾ

കുഞ്ഞുങ്ങളുടെ വളർച്ചാ ഘട്ടങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങൾ

കടിഞ്ഞൂൽ കൺമണിയെ പരിചരിക്കുമ്പോൾ

ആദ്യത്തെ കൺമണിയെ പരിചരിക്കുമ്പോൾ പരിചയക്കുറവു മൂലം ചില അബദ്ധങ്ങൾ പറ്റാം. കടിഞ്ഞൂൽ കൺമണിയെ പരിചയിക്കുമ്പോൾ ശ്രദ്ധ അൽപം കൂടും . സ്വന്തം പരിചയക്കുറവുകൊണ്ട് കുട്ടിക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവരുതെന്നു കരുതി അമ്മമാർ ചെയ്യുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ കുട്ടിക്ക് അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെങ്കിലോ? അമിതമായ പരിചരണമല്ല കൃത്യമായ പരിചരണമാണ് ഈ ഭൂമിയിലേക്ക് ഇന്നലെ വന്ന നമ്മുടെ പ്രിയ അതിഥിക്ക് വേണ്ടതെന്ന് മറക്കേണ്ട.

ഡയപ്പർ മാറാൻ മറക്കല്ലേ..

മൂത്രമൊഴിച്ചാൽ കുഞ്ഞു കരയുമെന്നും അപ്പോൾ മാത്രം ഡയപ്പര്‍ മാറിയാൽ മതിയെന്നും കരുതരുത്. ദിവസത്തിൽ മുക്കാൽപങ്കും കണ്ണുംപൂട്ടി ഉറങ്ങുന്ന കുഞ്ഞുങ്ങളെ ശല്യപ്പെടുത്തേണ്ട എന്നു കരുതി ഡയപ്പർ മാറാതിരിക്കരുത്. ഒാരോ മണിക്കൂർ ഇടവിട്ട് ഡയപ്പർ പരിശോധിക്കുകയും ആവശ്യമെങ്കിൽ മാറുകയും ചെയ്യണം. ഡയപ്പറിനു പകരം മൃദുവായ കോട്ടൺ തുണികൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ആരോഗ്യകരം. രാത്രിയിലും യാത്രയിലും മാത്രം നല്ല നിലവാരമുള്ള ഡയപ്പർ ഉപയോഗിച്ചാൽ മതിയാവും. എത്ര വൃത്തിയായി സൂക്ഷിച്ചാലും ചില കുഞ്ഞുങ്ങൾക്ക് ചർമത്തിന്റെ ആരോഗ്യക്കുറവുമൂലം ചിലപ്പോൾ ഡയപ്പർ റാഷ് ഉണ്ടാവാം. ഇതിനോടൊപ്പം ഫംഗസ് ബാധയും ഉണ്ടാവാനിടയുണ്ട്. റാഷ് ഉണ്ടായാൽ ആ ഭാഗം വൃത്തിയായി മരുന്നു പുരട്ടുകയും കാറ്റും വെളിച്ചവും കടക്കാൻ അനുവദിക്കുകയും വേണം.

പാൽ കൊടുക്കുമ്പോൾ

കുഞ്ഞിനെ പാലൂട്ടുമ്പോൾ ഇരുവശങ്ങളില്‍ നിന്നും മാറി മാറി പാൽ കൊടുക്കാൻ ശീലിക്കണം. കുഞ്ഞിനെ എടുക്കാൻ വശമുള്ള ഒരു ഭാഗത്തു നിന്നുതന്നെ പാൽ കൊടുക്കുന്നത് സൗകര്യം മൂലമാണ്. എന്നാൽ ഒരു വശത്തുനിന്നു തന്നെ തുടർച്ചയായി പാൽ നൽകിയാൽ മറുവശത്ത് പാൽ കെട്ടി നിന്ന് വേദനയും പനിയുമെല്ലാം ഉണ്ടാകാം.മാറിമാറി പാൽ കൊടുത്താൽ കുട്ടി പാൽ കുടിക്കുന്ന സ്റ്റിമുലേഷൻ മൂലം കൂടുതൽ പാലുണ്ടാകും. നാലുമാസത്തിനുള്ളിൽ ജോലിക്കുപോകേണ്ടി വരുന്ന അമ്മമാർ കുഞ്ഞിന് മുലപ്പാൽ പിഴിഞ്ഞു വച്ചിട്ടുപോകുന്നത് നല്ലതാണ്. ഒരു മണിക്കൂർ വരെ മുലപ്പാൽ വെളിയിൽ സൂക്ഷിക്കാം.ഗ്ലാസ് പാത്രങ്ങളിൽ വേണ്ട അടപ്പുള്ള സ്റ്റീൽ ടംബ്ലറുകളിൽ ആവാം.

പാൽ തികട്ടി വരുന്നുണ്ടോ?

കുഞ്ഞിന്റെ ആമാശയത്തിൽ എത്തുന്ന പാൽ അന്ന നാളത്തിലേക്കു തന്നെ തിരിച്ചു കയറുന്ന അവസ്ഥ ചില കുട്ടികളിൽ ഉണ്ടാവാം. ഗാസ്ട്രോ ഇൗസോഫാഗൽ റിഫ്ളക്സ് എന്നാണ് ഇതിന്റെ പേര്. ഇൗ അവസ്ഥ തുടർന്നുകൊണ്ടിരുന്നാൽ കുട്ടിക്ക് തൂക്കം കൂടാതെ വരാം. തികട്ടിവരുന്നത് തടയാൻ പാൽ കൊടുത്തു കഴിഞ്ഞാൽ ഉടനേ കുട്ടിയെ അമ്മയുടെ തോളിൽ കമഴ്ത്തി കിടത്തി പുറത്ത് പതിയെ തട്ടിക്കൊടുക്കണം. ഉറങ്ങാൻ കിടത്തുമ്പോൾ തല കാൽ ഭാഗത്തേക്കാൾ അല്‍പം ഉയർത്തി ചരിച്ചു കിടത്തുന്നത് നല്ലതാണ്. മരുന്നൊന്നും ഇല്ലാതെതന്നെ ഒരു വയസാകുന്നതോടെ ഇൗ പ്രശ്നം മാറാറുണ്ട്.

തൊട്ടിൽ വേണോ?

ആറുമാസംവരെ അമ്മയുടെ നെഞ്ചോടു ചേർന്ന് ചൂടുപറ്റി ഉറങ്ങുന്നതാണ് ഉത്തമം. മദറിങ് ഇൻ എന്നും ബെഡിങ് ഇൻ എന്നുമാണ് ഇത് അറിയപ്പെടുന്നത്. അതിനുശേഷം ഒതുക്കമുള്ള തുണിത്തൊട്ടിൽ ഉപയോഗിക്കാം. അല്‍പംകൂടി മുതിർന്നാൽ കുഞ്ഞ് ഉണർന്നാൽ എഴുന്നേറ്റു നിൽക്കാനും മറിഞ്ഞുവീഴാനും സാദ്ധ്യതയുള്ള തൊട്ടിലുകൾ ഒഴിവാക്കൻ മറക്കരുത്.

കുഞ്ഞ് ആദ്യമായി നടക്കുമ്പോൾ

പിച്ചവച്ച് തുടങ്ങുമ്പോൾ അൽപം നടന്ന ശേഷം പതിയെ ഇരിക്കാൻ കുട്ടി പ്രാപ്തനായിട്ടുണ്ടാവില്ല.പെട്ടെന്ന് ഇരിക്കുമ്പോൾ വീണു പോകാം. ഇതൊഴിവാക്കാൻ കരുതൽ വേണം.

കുട്ടിയുടെ മുന്നിൽ നിന്നു കൊണ്ടോ മുട്ടുകുത്തി നിന്നു കൊണ്ടോ രണ്ടു കൈകളും പിടിച്ച് അമ്മയ്ക്ക് അഭിമുഖമായി നിർത്തി നടക്കാൻ പ്രോത്സാഹിപ്പിക്കണം. അമ്മ അടുത്തുണ്ടെന്ന സുരക്ഷിതബോധം പ്രോത്സാഹനമാകും.

സ്വതന്ത്രമായി ‌നടക്കാൻ ആവശ്യമായ സ്ഥലം ഒരുക്കി കൊടുക്കണം. മുറിയിലെ ഫർണിച്ചർ വശങ്ങളിലേക്കു നീക്കിയിടാം.

കൂർത്ത അഗ്രങ്ങളുള്ള മേശകളും മറ്റും മുറിയിൽ നിന്ന് ഒഴിവാക്കുകയോ കൂർത്ത അഗ്രങ്ങൾ മറയ്ക്കുകയോ ചെയ്യാം.

തീര്‍ത്തും ബലം കുറഞ്ഞ എളുപ്പത്തിൽ മറിഞ്ഞു വ‌ീഴാൻ ഇടയുള്ള ഫർണിച്ചറുകൾ മാറ്റുക.

സ്റ്റെയർകേസിന്റെ മുകളിലെയും താഴത്തെയും അറ്റങ്ങളിൽ സേഫ്റ്റി ഗേറ്റ് പിടിപ്പിക്കുക

കുഞ്ഞിനെ നോട്ടം

കുഞ്ഞുങ്ങളുടെ മേല്‍ എപ്പോഴും നമുക്കൊരു കണ്ണു വേണമെന്നു പറയാറുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളുടെ കാര്യം നോക്കാന്‍ കണ്ണ് രണ്ടുണ്ടായാല്‍പ്പോര എതാണ് നേര്. വീട്ടിലോ ഹോട്ടലിലോ ഒക്കെ പാര്‍ട്ടികള്‍ നടക്കുമ്പോഴോ മുതിന്നര്‍വര്‍ തുണിതേച്ചു കൊണ്ടിരിക്കുതിനിടയിലോ, എന്തിനേറെ പറയണം അമ്മ അടുക്കളയില്‍ കടുക് വറുക്കുതിനിടയില്‍ വരെ കുസൃതിക്കുടുക്കകള്‍ ആപത്തുകള്‍ ഒപ്പിച്ചുെവരാം.

നമ്മള്‍ എന്തെങ്കിലും ആഘോഷവേളകളിലാണെങ്കില്‍ കുഞ്ഞുങ്ങള്‍ അടുത്തുനിന്നു മാറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പൂന്തോട്ടത്തില്‍ കളിക്കുന്ന കുഞ്ഞ് അവിടെയുള്ള ഇലച്ചെടികള്‍ക്കിടയില്‍ ഇഴജന്തുക്കളുണ്ടെങ്കില്‍ അവയുടെ മുന്നിലകപ്പെട്ടെന്നു വരാം. താമരക്കുളത്തിലോ മറ്റോ വീണ് കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തില്‍പെടാനും സാധ്യതയുണ്ട്.

കുഞ്ഞുങ്ങള്‍ ഏറ്റവുമധികം അപകടത്തിൽ ചാടുക അവര്‍ക്ക് വിശപ്പും ദാഹവും ഉണ്ടാവുമ്പോഴാണ്. അപ്പോള്‍ കാണുതെന്തും അവര്‍ എടുത്തു കഴിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍, ഡിറ്റര്‍ജന്റ്, കീടനാശിനികള്‍, മണ്ണെണ്ണ, മരുന്ന്, എലിവിഷം തുടങ്ങിയവ ഒന്നും കുഞ്ഞുങ്ങളുടെ കൈയകലത്തില്‍ വയ്ക്കരുത്. മുതിർന്നവര്‍ ടിവി കണ്ട് രസിച്ചിരിക്കുമ്പോഴോ അയല്‍വീട്ടിലുള്ളവരുമായി സംസാരിച്ചിരിക്കുമ്പോഴോ ആവും കുഞ്ഞുങ്ങള്‍ പണി പറ്റിക്കുക.

കാര്‍ പിറകോട്ടെടുക്കുമ്പോള്‍ കുട്ടികള്‍ കാറിന്റെ പിന്നിൽ പതുങ്ങി നില്‍പുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. അടുക്കളയില്‍ കത്തി, ഫോര്‍ക്ക് എന്നിവ കുഞ്ഞിന് എത്താത്ത ഉയരത്തില്‍ വയ്ക്കുക. അടുക്കളയില്‍ കഴിയുന്നതും കുഞ്ഞുങ്ങളെ അടുപ്പിക്കരുത്. കടുക് വറക്കുമ്പോള്‍ കുഞ്ഞുങ്ങളെ അടുത്തു നിര്‍ത്തിയാല്‍ അത് കണ്ണില്‍ വീഴാനുള്ള സാധ്യതയുണ്ട്. കൂടാതെ തിളച്ച എണ്ണയോ ചായയോ മറിച്ചിടാന്‍ കുട്ടികള്‍ തുനിയും. ഒാര്‍ക്കാപ്പുറത്ത് പിന്നില്‍നിന്നു വന്ന് അമ്മയുടെ സാരിയില്‍ പിടിച്ചു വലിക്കും ചില കുട്ടികള്‍. അതിന്റെ ഞെട്ടലില്‍ അമ്മ പെട്ട്െ തിരിയുമ്പോള്‍ അമ്മയുടെതെ കൈ തട്ടി തിളച്ച എണ്ണപ്പാത്രമോ മറ്റോ മറിഞ്ഞ് കുഞ്ഞിന്റെ അടുത്തേക്ക് വീണെന്നു വരാം.

കുഞ്ഞുപാവകള്‍, കല്ലുകള്‍, പളുങ്കുഗോലികള്‍, ബട്ടണ്‍, പിന്‍, സൂചി, മുത്ത് തുടങ്ങിയവ കുഞ്ഞുങ്ങള്‍ക്ക് കൈയെത്തു സ്ഥലത്ത് വയ്ക്കരുത്. അതുപോലെ പഴവര്‍ഗങ്ങളും മറ്റ് ആഹാരപദാര്‍ഥങ്ങളും തീരെ ചെറിയ കഷണങ്ങളായി മുറിച്ച് കൊടുക്കണം. അല്ലെങ്കില്‍ തൊണ്ടയില്‍ കുരുങ്ങാം.

മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ പ്ളഗ്ഗില്‍ കുത്തി താഴേക്ക് തൂക്കിയിടരുത്. ടിവി, ഫോണ്‍ എിവയുടെ വയറുകള്‍ കുഞ്ഞിന്റെ കയ്യെത്താത്തത്ര പൊക്കത്തിലാവണം. താഴെ പ്ളഗ് സോക്കറ്റ് കുഞ്ഞുങ്ങളുള്ള വീട്ടില്‍ വേണ്ട. ഏതു നേരവും ബക്കറ്റില്‍ വെള്ളം നിറച്ച് വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. കിണറിന്റെ ചുറ്റുമതില്‍ പൊക്കിക്കെട്ടണം. കിണറിന് മൂടിയും വേണം.

വീടിന്റെയും ഫ്ലാറ്റിന്റെയും പാരപ്പറ്റുകള്‍ ഉയരത്തില്‍ വേണം നിര്‍മിക്കാന്‍. വീടിന് മുകളില്‍ കയറി കളിക്കുന്ന കുട്ടികള്‍ താഴേക്കു വീണ് മരണം വരെ സംഭവിച്ചിട്ടുണ്ട്. കാറില്‍ യാത്ര ചെയ്യുമ്പോള്‍ കുഞ്ഞിനെ മടിയില്‍വച്ച് മുന്‍സീറ്റിലിരിക്കുവര്‍ അറിയാന്‍ ഒരു കാര്യം. കാര്‍ സഡന്‍ ബ്രേക്കിടുതിന്റെ തള്ളലില്‍ നിന്നുണ്ടാവു ഇടി കുഞ്ഞിന്റെ ഇളം നെഞ്ച് താങ്ങിക്കൊള്ളണമെന്നില്ല. ഒട്ടും ചെറുതല്ലാത്ത ഈ വലിയ കുഞ്ഞുകാര്യങ്ങളില്‍ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാര്‍ക്ക് മാത്രമല്ല അവരുടെ ആയമാര്‍ക്കും വേണം പ്രത്യേക ശ്രദ്ധ.

വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. പി.എ. ലളിത (എംഡി, മലബാര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് യൂറോളജി സെന്റര്‍, എരഞ്ഞിപ്പാലം, കോഴിക്കോട്).

കുഞ്ഞിന്റെ ബുദ്ധിശക്തി കൂട്ടാന്‍

നേരത്തേ തുടങ്ങിയാല്‍ നേട്ടങ്ങളേറെ കുഞ്ഞിന്റെ ബുദ്ധിപരമായ ശേഷി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമ്പോള്‍ ഇക്കാര്യം മനസിലോര്‍ക്കുന്നത് നല്ലതാണ്. വായനയുടെ വാതിലിലൂടെയായിരിക്കണം കുഞ്ഞിനെ അറിവിന്റെ ലോകത്തേക്ക് നയിക്കേണ്ടത്.

കുഞ്ഞിനെക്കൊണ്ടു സംസാരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ടാണ് ഗുണം, സ്വാഭാവികമായ ശ്രവണശേഷി അവരെക്കൊണ്ട് ഉപയോഗിപ്പിക്കാനാവുകയും ഇതിനു മറുപടിയായി തങ്ങള്‍ കേള്‍ക്കുന്നതിനു സംഭാഷണരൂപം നല്‍കാനുമാകുന്നു. കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുത്ത് അവരുടെ അറിവിന്റെ ലോകം വിശാലമാക്കുക. സ്വാഭാവികമായും സംശയങ്ങളുണ്ടാവുകയും അതിനെല്ലാം ഉത്തരം നല്‍കി കുഞ്ഞിനെ എല്ലായിപ്പോഴും സംസാരിക്കാനും പ്രോല്‍സാഹനം നല്‍കാം. പുതിയ വാക്കുകളും ആശയങ്ങളും കിട്ടിയാല്‍ പിന്നെ അതിനെക്കുറിച്ച് പഠിക്കാനുള്ള താല്‍പര്യം നമ്മള്‍ പോലും അറിയാതെ കുട്ടികളില്‍ നിറയുകയായിരിക്കും.

ഭാവനകളുടെ ലോകം വളര്‍ത്തുന്നതിന് ധാരാളം ചിത്രങ്ങളും നിറങ്ങളുമുള്ള പുസ്തകങ്ങള്‍ കുഞ്ഞിനു നല്‍കുക. പുസ്തകങ്ങളിലെ കഥകളും പാട്ടുകളും ദിവസവും അല്‍പനേരം ഉറക്കെ വായിച്ചു കൊടുക്കാം. എന്നും പുതിയ കഥകളായിരിക്കണം പറഞ്ഞു കൊടുക്കാന്‍. കുഞ്ഞിനെ ഇടയ്ക്കിടെ പുറത്തേയ്ക്കു കൊണ്ടുപോകണം. പുതിയ കാഴ്ചകള്‍ കുഞ്ഞിന്റെ അനുഭവസമ്പത്തു വളര്‍ത്തും. തിരിച്ചെത്തിയ ശേഷം പോയ സ്ഥലത്ത് എന്തൊക്കെ ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ച് കുഞ്ഞിന്റെ അനുഭവങ്ങള്‍ പറയിക്കുക.

അടച്ചിട്ടു വളര്‍ത്തുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തിലും ആ ഒറ്റപ്പെടല്‍ ബാധിക്കും. കുഞ്ഞിനെ മറ്റു കുട്ടികളുമായി കളിക്കാന്‍ അനുവദിക്കുക. ഇടക്കൊക്കെ മാതാപിതാക്കളും കുട്ടികളോടൊപ്പം കളിക്കണം. ഇടയ്ക്കിടെ തോറ്റു കൊടുക്കുന്നതും കുഞ്ഞിന് സമ്മാനിക്കുക, കളിയില്‍ ജയത്തോടൊപ്പം തോല്‍വിയും സ്വാഭാവികമെന്ന തരത്തിലുള്ള, പുതിയ പാഠങ്ങളായിരിക്കും. കളികളിലൂടെയും കാര്യങ്ങളിലൂടെയും നല്ല സൌഹൃദങ്ങള്‍ ഉണ്ടാക്കാന്‍ പ്രോത്സാഹിപ്പിക്കാം. ഇതു കുഞ്ഞില്‍ സാമൂഹികപരമായ കഴിവുകളും വളര്‍ത്താന്‍ സഹായിക്കും.

സംസാരിക്കാന്‍ പ്രായമാകുമ്പോൾ മുതൽ കുട്ടിയുടെ മുഖത്തു നോക്കി നമ്മൾ ഇടയ്ക്കിടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 'എന്റെ കുട്ടിക്ക് വലുതാകുമ്പോൾ ആരാകാനാണ് ‌ഇഷ്ടം? 'ചിലപ്പോൾ ഒരു ഡിറ്റക്റ്റീവിനെപ്പോലെ കുട്ടി ചെയ്യുന്നതെല്ലാം നിരീക്ഷിച്ച് പുറകെ നടക്കുകയും ചെയ്യും. ചോറു കൊടുക്കുന്ന പാത്രത്തിൽ കുട്ടി താളാത്മകമായി കൊട്ടിയാൽ 'ഹോ....നല്ല താളബോധം. വലുതാകുമ്പോൾ സംഗീതത്തിലാവും തിളങ്ങുക. 'എന്നങ്ങു തീരുമാനിക്കും. രാത്രി ഇന്റർനെറ്റിൽ സെർച് ചെയ്ത് ഏറ്റവും മ‌ികച്ച സംഗീത കോളജുകൾ കണ്ടു വയ്ക്കാനും സാധ്യതയുണ്ട്.

കുട്ടിയിൽ ഉറങ്ങുന്ന കഴിവുകളെ പുറത്തു കൊണ്ടുവരാന്‍ അച്ഛ നമ്മമാർ നടത്തുന്ന ശ്രമങ്ങൾ പലപ്പോഴും പാളിപ്പോവുന്നതായാണ് കണ്ടിട്ടുള്ളത്. ഇതിന്റെ പ്രധാന കാരണം കുട്ടി ആദ്യം പ്രകടിപ്പിക്കുന്ന കഴിവുകളിൽ നിന്ന് അൽപം മുതിരുമ്പോൾ പിൻവലിയുന്നു എന്നതാണ്. ഏതെങ്കിലും കലാ കായിക മേഖലയിലോ പഠന വിഷയത്തിലോ ഇഷ്ടം കാണിക്കുക, അതിലേക്കിറങ്ങി ചെല്ലാൻ ശ്രമിക്കുക, ആ രംഗത്തെ പ്രശസ്തരെ അനുകരിക്കുക....എന്നിവയാണ് കുട്ടിയുടെ ടാലന്റ് തീരുമാനിക്കാൻ സഹായിക്കുന്ന ആദ്യ ലക്ഷണങ്ങൾ. മൂന്നു വയസ്സു മുതൽ ചില കുട്ടികൾ കഴിവുകൾ പ്രകടമാക്കിയെന്നു വരാം. ചിലർ ബാല്യത്തിന്റെ രണ്ടാം ഘട്ടമായ ആറുവയസ്സു മുതലാവും കഴിവുകൾ പ്രകടിപ്പിച്ചു തുടങ്ങുക. പക്ഷേ. ഇവ യഥാർത്ഥത്തിൽ കുട്ടിയുടെ ടാലന്റ് തന്നെയാണോ എന്ന് മനസ്സിലാക്കിയ ശേഷം മാത്രം ശാസ്ത്രീയമായി പഠിക്കാൻ വിടുന്നതാണ് നല്ലത്.

കഴിവുകൾ കണ്ടെത്താം

മൂന്നു വയസ്സു മുതലാവും കുട്ടികൾ അവരുടെ കഴിവുകൾ പ്രകടമാക്കി തുടങ്ങുക. അപ്പോൾ മുതൽ തന്നെ കുഞ്ഞുങ്ങളെ നിരീക്ഷിച്ചു തുടങ്ങാം. പക്ഷേ, 'ഇതാണ് കുട്ടിയുടെ കഴിവ് ' എന്ന് ഒരു തീരുമാനമെടുക്കാൻ തിടുക്കം കൂട്ടരുത്. കുട്ടി കളിക്കുമ്പോൾ പോലും നിരീക്ഷണമാകാം. കളി ചിലപ്പോൾ ചിലത് പഠിക്കാനുള്ള അവസരമാക്കുന്നുണ്ടാകാം. കുഞ്ഞുങ്ങൾ.

കുട്ടിയോട് ഒരുപാട് നേരം സംസാരിക്കുക. കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങൾ, താൽപര്യങ്ങൾ എന്നിവ മനസ്സിലാക്കാൻ ഇതു സഹായിക്കും. ഒരുപാട് സംസാരിക്കുമ്പോൾ സ്വാഭാവികമായും കുട്ടി തനിക്ക് ഇഷ്ടമുള്ള വിഷയത്തെക്കുറിച്ചോ മേഖലയെക്കുറിച്ചോ മനസ്സു തുറക്കും.

അടുത്തത് പരീക്ഷണഘട്ടമാണ്. കുട്ടിയുടെ യഥാർത്ഥ കഴിവുകൾ തന്നെയാണു കണ്ടെത്തിയതെന്ന് ഉറപ്പിക്കാൻ ചോദ്യാവലി ഉപയോഗിച്ച് ടെസ്റ്റ് ചെയ്യാം.

ഏറ്റവും താൽപര്യമുള്ള വിനോദം? ഇഷ്ടമുള്ള പാഠ്യവിഷയം ? കഥാപുസ്തകത്തിലെ ഏതുഭാഗം വായിക്കാനാണ് ഇഷ്ടം? ടിവിയിൽ ഇഷ്ടപ്പെട്ട പരിപാടി എന്താണ്?ഇത്തരത്തിലുള്ള ചോദ്യങ്ങളായിരിക്ക ണം ചോദ്യാവലിയിൽ ഉൾപ്പെടുത്തേണ്ടത്. കുട്ടിയുടെ ഉത്തരങ്ങൾ വിലയിരുത്തി നമ്മുടെ കണ്ടെത്തലുകൾ ശരിയാണോ എന്ന് ഉറപ്പിക്കാം.

കുട്ടിയുടെ അഭിരുചി കണ്ടെത്തുന്നതിൽ എന്തെങ്കിലും ആശയക്കുഴപ്പങ്ങൾ തോന്നിയാൽ വിദഗ്ധ സഹായം തേടുകയുമാവാം.

ഇങ്ങനെ നൽകാം പ്രോത്സാഹനം

ഏത് പ്രവൃത്തിയും മറ്റുള്ളവർ അംഗീകരിക്കണമെന്നും അഭിനന്ദിക്കണമെന്നുമുള്ള ആഗ്രഹം എല്ലാവരുടെയും ഉള്ളിലുണ്ട്. ‌ഈ ‌ആഗ്രഹം കുട്ടികളിലും വളര്‍ത്തിയെടുക്കണം. അഭിരുചി തൊട്ടറിഞ്ഞ് പ്രോത്സാഹനം വളരെ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യേണ്ടതാണ്.

പ്രോത്സാഹനം രണ്ടു രീതിയിലാണുള്ളത്. 1..ഇഷ്ടപ്പെട്ട മേഖലയിൽ മികവു പുലർത്താനായി കഠിനാധ്വാനം ചെയ്യാനുള്ള പ്രോത്സാഹനം.2.. നേട്ടങ്ങൾക്കായുള്ള പ്രോത്സാഹനം. ‌ആദ്യത്തേത് ഗുണകരമായ പ്രോത്സാഹനമാണ്. രണ്ടാമത്തേത് ദോഷകരവും.

കഠിനാധ്വാനം ചെയ്യാനുള്ള പ്രോത്സാഹനം കിട്ടുമ്പോൾ കുട്ടിയിലെ ആത്മവിശ്വാസം ഉയരുകയും അതുവഴി കു‍ട്ടി വിജയം ന‌േടുകയും ചെയ്യുന്നു, എന്നാൽ നേട്ടങ്ങൾ ലക്ഷ്യമിട്ട് കുട്ടിക്ക് കൊടുക്കുന്ന പ്രോത്സാഹനം ദോഷകരമായെ ബാധിക്കൂ. അവനിലെ സഹിഷ്ണുതാ മനോഭാവം ഇല്ലാതാകുന്നു.

കുട്ടികൾക്ക് സർഗവാസനയുള്ള കാര്യങ്ങൾ ചെയ്യാൻ കൂടുതൽ താൽപര്യമുള്ളതിനാൽ അതിന് നല്ല റിസൾട്ട് കിട്ടും. ഉദാഹരണമായി ക്രിക്കറ്റിൽ താൽപര്യം കാണിക്കുന്ന കുട്ടി അതേ താൽപര്യം ചിത്രരചനയിൽ കാണിച്ചുവെന്ന് വരില്ല.കാരണം നൈസർ‌ഗിക ‌ഗുണങ്ങളാണ് കുട്ടി എപ്പോഴും കൂ‍ടുതൽ പ്രകടിപ്പിക്കുക.

കുഞ്ഞുങ്ങൾ മികവ് കാണിക്കുന്ന മേഖലയിൽ കൂടുതല്‍ ‌അറിവ‌് നേ‍‍‍ടാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക. 'ഷൈ ' ആയ കുട്ടികളെ കുറ്റപ്പെടുത്താതെ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും പരമാവധി അഭിനന്ദിക്കുക. ക്രമേണ നാണം മാറാനും ആത്മവിശ്വാസം വളരാനും ഈ പ്രോത്സാഹനത്തിനു കഴിയും

എന്റെ കുട്ടി ചെയ്യുന്നത് എല്ലാം മഹത്തരം എന്ന സമീപനം നല്ലതല്ല. ക്രിയേറ്റീവായ ക്രിട്ടിസിസം നടത്താം. എന്നാൽ കുട്ടിയിലെ കുറവുകൾ ചൂണ്ടിക്കാണിച്ച് കുറ്റപ്പെടുത്തുന്ന തരത്തിലേക്ക് ഇതു മാറരുത്.

മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യുന്നതിനേക്കാൾ ആരോഗ്യകരമാണ് കുട്ടിയുടെ ഇന്നലകളും ഇന്നും താരതമ്യം ചെയ്യുന്നത്. ‌ഓരോ ദിവസം കഴിയും തോറും എത്രത്തോളം പുരോഗതിയുണ്ടെന്ന് മനസ്സിലാക്കാൻ ഇത്തരം താരതമ്യത്തിനേ കഴിയൂ.

ആത്മവിശ്വാസവും പരിശ്രമവും

കുട്ടികളിലെ കഴിവുകൾ കണ്ടെത്തിക്കഴിഞ്ഞാൽ അവരിലെ ആത്മവിശ്വാസം ഉയർത്തിക്കൊണ്ടു വരേണ്ട ചുമതല കൂടിയുണ്ട്. സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തവർക്ക് ഒരിക്കലും തിളക്കമുള്ള വിജയങ്ങൾ സ്വന്തമാക്കാൻ കഴിയില്ലെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. ലോകത്തിൽ പൂർണരായവർ ആരുമില്ലെന്ന് മനസ്സിലാക്കിക്കൊടുത്താൽ പരാജയങ്ങളിൽ മനസ്സു തളരാതെ വീണ്ടും വീണ്ടും പരിശ്രമക്കാൻ കുട്ടി തയാറാവും.

ടാലന്റ് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ പരിശീലനത്തിലൂടെ ആ കഴിവിനെ മികവുറ്റതാക്കണം. നൈസര്‍ഗിക ഗുണവും താൽപര്യവുമുള്ള കാര്യങ്ങൾ പഠിക്കാൻ കുട്ടിയുടെ സഹകരണവും ഉണ്ടാവും.

ശാസ്ത്രീയ പഠനത്തിന് പറ്റിയ പ്രായം ആറുവയസ്സു മുതലാണെങ്കിലും കുട്ടിക്ക് താൽപര്യമുണ്ടെങ്കിൽ പഠനം നേരത്തേ തുടങ്ങാം. കൃത്യമായും ചിട്ടയായും പരിശീലനം നൽകണം. എന്നാൽ ഇത് പീഡനമാവുകയുമരുത്.

പ്രോത്സാഹനം നല്‍കുമ്പോൾ പലപ്പോഴും നമ്മൾ മുൻവിധിയോടെ സംസാരിക്കാനിടയുണ്ട്. ഇതാ‌യിരിക്കും ഭാവിയിൽ കുട്ടി‌യുടെ കരിയർ എന്ന ഭാവം ഉണ്ടാവരുത്. കരിയർ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം അവർക്കുതന്നെയാണ്. നമ്മൾ ചൂണ്ടുപലകകൾ മാത്രമാണ്.

അറിയൂ, നിങ്ങളുടെ കുട്ടി ഏത് വിഭാഗമെന്ന്

കുട്ടികളുടെ കഴിവുകളെ പല രീതിയിൽ‌ തരം തിരിച്ചിട്ടുണ്ട്. ഇവയിൽ ഏതു വിഭാഗത്തില്‍ ഉൾപ്പെടുന്നുവെന്ന് കണ്ടെത്തുന്നത് അവരെ കൂടുതൽ മിടുക്കരാക്കാന്‍ സഹായിക്കും

1..ലിങ്ക്വിസ്റ്റിക്ക് ഇന്റലിജൻസ്-ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവാണ് ഈ വിഭാഗ‍ത്തിൽ വരുന്നത്. ഇവർ എഴുത്തിലും ‌വായനയിലും ഇഷ്ടം കുടുതൽ കാണിക്കും.

2..ലോജിക്കൽ മാത്തമാറ്റിക്കല്‍ ‌ഇന്റലിജൻസ്- യുക്തിയോടെ ഗണിതം ഉപയോഗിക്കുന്നതിനുള്ള കഴിവാണിത്. ഗണിതശാസ്ത്രത്തിൽ മികവ് പുലർത്തുന്നവർ ഈ വിഭാ‍ഗത്തിൽ വരും.

3..മ്യൂസിക്കൽ ഇന്റലിജൻസ്-സംഗീത്തോടുള്ള താല്‍പര്യം, പാടാനുള്ള കഴിവ്, ആസ്വദിക്കാനുള്ള കഴിവ്, സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യാ‍നുള്ള കഴിവ് ഇവ പ്രകടമാക്കുന്നവർക്ക് മ്യൂസിക്കൽ ഇന്റലിജൻസ് ഉണ്ടാവും.

4..സ്പേഷ്യൽ ഇന്റലിജൻസ്-ചുറ്റുപാടിൽ നിന്ന് മനസ്സിലാക്കുന്നതോ സങ്കൽപത്തിൽ രൂപം കൊള്ളുന്നതോ ആയ ചിത്രങ്ങളെ പേപ്പറിൽ വരച്ചെടുക്കുക, ശിലയിൽ കൊത്തിയെടുക്കുക. ക്ലേ മോഡലിങ് ചെയ്യുക.. ഇവരെ സ്പേഷ്യൽ ഇന്റലിജൻസ് വിഭാഗത്തില്‍ പെടുത്താം.

5..ബോഡി കൈനസ്തെറ്റിക് ഇന്റലിജൻസ്- മെയ് വഴക്കത്തിലൂടെ ശാരീരിക ചലനങ്ങളെ വരുതിയിലാക്കാനുള്ള കഴിവ്. നര്‍ത്തകർ, സ്പോർട്സുകാർ ഇവർ ഈ ഗണത്തിൽപെടും.

6..ഇൻട്രാപേഴ്സണൽ ഇന്റലിജൻസ്-ചിന്ത‌കളും വികാരങ്ങളും തിരിച്ചറിയുകയും അതിനെ കഥ, നോവൽ, കവിത ഇവയായി പുനരാവിഷ്കരിക്കുകയും ചെയ്യുന്നവർ.

വിവരങ്ങൾക്കു കടപ്പാട് : ഡോ.എം.എസ്.ഇന്ദിര, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ചൈൽഡ് ഡവലപ്മെന്റ് സെന്റർ, തിരുവനന്തപുരം

ഒറ്റയ്ക്കു വളർത്താം, മിടുക്കരാക്കാം

കുഞ്ഞുങ്ങളെ ഒറ്റയ്ക്കു വളർത്തേണ്ടി വരുമ്പോൾ തളരുകയല്ല കൂടുതൽ സമർഥരാവുകയാണ് വേണ്ടത്.

തീർത്തും അപ്രതീക്ഷിതമായ ഒരു നിമിഷത്തിലെടുത്ത തീരുമാനം ആവില്ല അത്. ഇനിയുള്ള വഴി ഒറ്റയ്ക്കു നടന്നു തീർക്കാമെന്ന്. പരസ്പരം ചേരാൻ കഴിയാത്ത പങ്കാളിയിൽ നിന്ന് അകന്നു ജീവിക്കാമെന്ന് ഏറെ നാളത്തെ ആലോചനയ്ക്കു ശേഷം ഉറപ്പിച്ചതാകാം. എങ്കിലും ഈ സമയത്ത് മുന്നിൽ തെളിയുന്ന ഏറ്റവും വലിയ ചോദ്യം കുട്ടികളെ എങ്ങനെ ഒറ്റയ്ക്കു വളർത്തുമെന്നതാണ്.

ഭർത്താവുമായി വഴി പിരിയുന്നവർക്കു മാത്രമല്ല, പങ്കാളി മരിച്ചു പോയവർക്കും വേറിട്ടു താമിസിക്കുന്നവർക്കും കുട്ടികളെ ഒറ്റയ്ക്ക് വളർത്തിയെടുക്കേണ്ടി വരാം. ഫെയ്സ് ബുക്കും വാട്ടആപ്പും മിസ്ഡ് കോളുമൊക്കെ വലയൊരുക്കി കാത്തിരിക്കുന്ന കാലത്ത് ഒറ്റയ്ക്ക് കുട്ടികളെ വളർത്തിയെടുക്കേണ്ടി വരുന്നവർ ഒരുപാടു കാര്യങ്ങളിൽ ശ്രദ്ധയുളള വരാകണം. ഒറ്റയ്ക്കാവുമ്പോൾ തളരുകയല്ല, കുട്ടികൾക്കായി കൂടുതൽ സമർഥരും സ്നേഹമുള്ളവരും ആകുകയാണ് വേണ്ടത്.

നികത്താനാകാത്ത നഷ്ടമല്ല ഇത്

വിവാഹമോചനം, അല്ലെങ്കിൽ വേർപരിഞ്ഞു താമസിക്കൽ എന്ന തീരുമാനം മാനസ്സികമായി വലിയ അഘാതമായിരിക്കും പലർക്കും. പക്ഷേ, ഇത് എന്റെ വിധി എന്നു പഴിക്കുന്നതിൽ അർഥമില്ല. ആദ്യം മനസിലാക്കേണ്ടത് ഒറ്റ രക്ഷിതാവ് ആകേണ്ടി വന്നത് നികത്താനാകാത്ത നഷടമല്ല എന്നാണ്.

മാതാപിതാക്കൾ തമ്മിൽ സ്നേഹവും സന്തോഷവും ബഹുമാനവും ഉണ്ടാകുകയാണ് കുട്ടികളുടെ വ്യക്തിത്വവികസനത്തിന് ആവശ്യം. കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ, ഗാർഹിക പീഡനങ്ങൾ, പങ്കാളിയുടെ അന്യബന്ധങ്ങൾ ഇവയല്ലാം കൊണ്ട് വീട്ടിൽ എന്നും യുദ്ധാന്തരീക്ഷമാണെങ്കിലും? കലുഷിതമായ കുടുംബങ്ങളിൽ കുട്ടികൾ വളരുന്നതിനെക്കാൾ നല്ലത്, ഒറ്റയ്ക്ക് കുട്ടികളെ നന്നായി വളർത്തിയെടുക്കുകയാണ്. ഇത് നല്ല ദാമ്രത്യം പോലെതന്നെ മനസ്സിന് സന്തോഷവും ആത്മാഭിമാനവും തരും.

വേർപരിയലോ പങ്കാളിയുടെ നഷ്ടമോ അനുഭവിക്കേണ്ടി വരുമ്പോൾ നഷ്ടദാമ്പത്യത്തെക്കുറിച്ച് ചിന്തിയ്ക്കാതെ കുട്ടികളെ അവരുടെ പരുക്കുകളേൽക്കാതെ വളർത്താൻ എങ്ങനെ കഴിയും എന്ന് ആലോചിക്കുക. ഒറ്റ രക്ഷിതാവ് വളർത്തിയ കുട്ടിക്ക് ഒരുപാട് കുഴപ്പങ്ങൾ ഉണ്ടാവുമെന്നാന്നും ചിന്തിക്കേണ്ട. ഒറ്റ രക്ഷിതാവായാലും രണ്ടു പേർ ചേർന്നാണെങ്കിലും എങ്ങനെ കുട്ടിയെ വളർത്തുന്നു എന്നതിലാണ് കാര്യം.

സ്വയം തയാറാകുക

ഒറ്റയ്ക്കുള്ള പുതിയ ജീവിതം തുടങ്ങും മുമ്പ് ആദ്യം ചെയ്യേണ്ടത് നിങ്ങളിലെ പിരിമുറുക്കം കുറയ്ക്കാനായി വിദഗ്ദധസഹയം തേടുകയാണ്. കഴിഞ്ഞ കാലത്തിന്റെ ഉണങ്ങാത്ത മുറിവുകൾ മനസ്സിൽ നിന്ന് കഴുകിക്കളയണം. എത്രയൊക്കെ പൊരുത്തപ്പെടാനാവത്ത ആളാണെങ്കിലും പങ്കാളിയുടെ നഷ്ടം ചിലരെ വിഷാദത്തിലേക്കു നയിക്കാറുമുണ്ട്.

പ്രശ്നങ്ങൾ പരിചയക്കാരോടും കൂട്ടുകാരോടും പറയുന്നതിനെക്കാൾ നല്ലത് മാനസ്സികാരോഗ്യ വിദഗ്ധരോടും പറയുകയാണ്. സുഹൃത്തുക്കളും പരിചയക്കാരുമായി പ്രശ്നങ്ങൾ പങ്കുവയ്ക്കുമ്പോൾ അവയുടെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുമോ എന്ന ഭയം നിങ്ങളിൽ ഉണ്ടാവാം. അപ്പോൾ അവരെ പ്രീതിപ്പെടുത്തി നിർത്തേണ്ടി വന്നേക്കാം. ഈ മനോഭാവം മറ്റുള്ളവർ ചൂഷണം ചെയ്യാനും മതി.

ചിലർ സ്വന്തം മാനസ്സികാവസ്ഥ കുട്ടികൾക്കു മുന്നിൽ തുറന്നു വയ്ക്കും. അതെല്ലാം ഉൾക്കൊള്ളാനുള്ള മാനസിക ബലം മുതിർന്ന കുട്ടികൾക്കും പോലും ഉണ്ടാകണമെന്നില്ല. മാത്രമല്ല അച്ഛനമ്മമാരുടെ വേർപിരിയൽ നൽകിയ സമ്മർദവും കുട്ടികൾക്ക് ഉണ്ടാകും. സന്തോഷകരമായ ടെൻഷനില്ലാത്തഅന്തരീക്ഷമാണ് കുട്ടികൾക്ക് ചുറ്റും ഉണ്ടാവേണ്ടത്. കുട്ടികളെ നന്നായി വളർത്താനും സാഹചര്യങ്ങൾ നൽകിയ സമ്മർദത്തിൽ നിന്നും അവരെ വീണ്ടെടുക്കാനും അമ്മയുടെ മാനസ്സികാരോഗ്യം നല്ല നിലയിലായെ പറ്റൂ.

കുട്ടികളോടുള്ള ഇടപെടലുകളിൽ വരുന്ന പാളിച്ചകളായിരിക്കും പല പ്രശ്നങ്ങളിലേക്കുമുള്ള വാതിലുകളാകുന്നത്. പ്രശ്നങ്ങൾ വന്ന ശേഷം പരിഹരിക്കാൻ നിൽക്കതെ അവയുടെ വഴി അടച്ചു കൊണ്ട് മികച്ച അമ്മയാവുകയാണ് വേണ്ടത്. അതിന് മാനസികമായി സ്വയം ഒരു മാറ്റത്തിന് തയാക്കുക.

കണ്ണു വേണം എല്ലാത്തിലും

കുട്ടിയുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്ന അമ്മയ്ക്ക് കുട്ടിയിലെ ഏത് ചെറിയ മാറ്റങ്ങളും പറയാതെ അറിയാൻ കഴിയും. എന്തെങ്കിലും പ്രശ്നങ്ങളിൽ പെട്ടാൽ അതു നിങ്ങളോട് പറയാതിരിക്കാൻ കുട്ടിക്കും കഴിയില്ല.

എങ്കിലും എന്റെ കുട്ടി എന്നോടെല്ലാം പറയും, എന്നോട് സത്യമേ പറയൂ എന്ന മൂഢ വിശ്വാസവും നല്ലതല്ല. കുട്ടികളെ വേണ്ടയിടത്ത് സംശയിക്കുക തന്നെ വേണം. കൂട്ടുകാരുടെ വീട്ടിൽ പോയി കുട്ടി വൈകിയെത്തിയാൽ ഉടൻ സംശയത്തോടെ അവരെ കൂടുതൽ ചോദ്യം ചെയ്താൽ അവർ പിന്നീട് ഒന്നും തന്നെ പറഞ്ഞന്ന് വരില്ല. പകരം മറ്റൊരവസരത്തിൽ തികച്ചും സാധാരണ രീതിയിൽ അന്ന് മോൻ വീട്ടിൽ പോയില്ലേ? ആ കുട്ടീടെ പേരെന്താണ്? എന്ന മട്ടിൽ കാര്യങ്ങൾ ചോദിക്കാം. കുട്ടി കള്ളം പറയുന്നു എന്നു മനസ്സിലാക്കിയാൽ കൂടുതൽ ജാഗ്രതയോടെ കൈകര്യം ചെയ്യണം. ∙ നിങ്ങൾ ക്ഷീണിതരായിരിക്കുന്ന സമയത്ത് കുട്ടികൾ വന്നു ചോദിക്കുന്ന കാര്യങ്ങൾക്ക് അനുവാദം കൊടുക്കരുത്. പിന്നീട് പറയാം എന്നു പറയുന്നതാണ് നല്ലത്. ക്ഷീണത്തിൽ അവർ ചോക്കുന്നിനെല്ലാം അനുവദിച്ചാൽ നിങ്ങൾ അരുതെന്ന് പറയാൻ സാധ്യകതയുള്ള പലതും അവർ ഈ അവസരം നോക്കി ചോദിച്ച് നടത്തിയെടുത്തെന്ന് വരും. ∙ നിങ്ങളറിയാതെ ഗുരുതരമായ പ്രശ്നത്തിൽ കുട്ടി അകപ്പെട്ടെന്ന് തന്നെയിരിക്കട്ടേ. കുഞ്ഞിന്റെ പരിരക്ഷ നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ് എന്ന് തിരിച്ചറിഞ്ഞ് ഏത് കടുത്ത കുഴപ്പവും തുറന്നു പരിശോധിക്കാനുള്ള മനസ്സുണ്ടാക്കുക. പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടൻ ഒരിക്കലും ശ്രമിക്കരുത്. തെറ്റ് ക്ഷമിക്കാനും സഹിക്കാനും ഉള്ള മനസും നിങ്ങൾക്ക് ഉണ്ടാകണം. തെറ്റിപറ്റിപ്പോയ അവസ്ഥയിൽ ആണ് അവർക്ക് നിങ്ങളുടെ സ്നേഹം ഏറ്റവും വേണ്ടതെന്ന് മനസ്സിലാക്കുക.

ഉപദേശം വേണ്ട, മാത്യകയാകുക

ജോലി കഴിഞ്ഞു വന്ന വഴി ടിവിയുടെ മുന്നിൽ ചടഞ്ഞിരുന്നാൽ കുട്ടിയെ ടിവിയിൽ നിന്നും വിലക്കാനാകില്ല. കംപ്യൂട്ടർ പൊതുവായി വയ്ക്കുക, ടിവി കാണാൻ നിശ്്ചിത സമയംവേണം. കുട്ടിയെ ഒളിച്ച് നിങ്ങൾ മോശമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കരുത്. രഹസ്യമായ ബന്ധങ്ങൾ, അശ്ശീല ദൃശ്യങ്ങൾ ആസ്വദിക്കൽ എന്നിവയെല്ലാം കുട്ടിക്കൾ കണ്ടുപിടിച്ചുവെന്നു വരും. കുട്ടി ഉറങ്ങുകയാണെന്ന ധാരണയിൽ ഇത്തരം കാര്യങ്ങളൾ ചെയ്യുന്നവരുണ്ട്. കുട്ടികൾ ഉറക്കം നടിക്കുകയും കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുന്ന സ്വഭാവക്കാർ കുടിയാണെന്ന് അറിയുക. ∙ ദേഷ്യം വരുമ്പോൾ പിരിഞ്ഞു പോയ അച്ഛനുമായി താരതമ്യം ചെയ്ത് കുട്ടിയെ വഴക്കു പറയരുത്. അയാളുടെ കുട്ടിഅല്ലേ, ഇതല്ലേ ചെയ്യൂ എന്ന മട്ടിലുള്ള സംസാരം കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും. ദേഷ്യത്തിൽ നിങ്ങൾ കുട്ടിയോട് മോശം വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആ തെറ്റ് കുട്ടിയോട് ഏറ്റു പറയുക. തെറ്റു പറ്റിയാൽ തിരുത്താൻ പറ്റും എന്ന ബോധം ഇതുണ്ടാക്കും. നിർദേസങ്ങൾ ആജ്ഞകളാകരുത്. എന്നാൽ, അപേക്ഷകൾ അനുസരണ ഉറപ്പാക്കാൻ നല്ലതായിരിക്കും. ∙ ഏത് തെറ്റിന് ശാസിച്ചാലും പിണക്കങ്ങൾ ഉണ്ടായാലും ഒരു സ്പർശത്തിന് മഞ്ഞുരുക്കാൻ സാധിക്കും. കുട്ടിയെ സ്നേഹത്തോടെ സ്പർശിക്കാൻ മറക്കാതിരിക്കുക. ∙ വീണ്ടും വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ അത് കുട്ടിയുടെ അംഗീകാരത്തോടെ മാത്രം ചെയ്യുക. വരാൻ പോകുന്ന വ്യക്തി കുട്ടിയെ ഉൾക്കൊള്ളാൻ കഴിയുന്ന ആളായിരിക്കണം. നിങ്ങളുടെ ജീവിതത്തിലെത്തിയ ആളെ കുട്ടി പിറ്റേന്ന് മുതൽ സ്വന്തം അച്ഛനെ പോലെ കരുതണം എന്ന് വാശിപിടിക്കരുത്. അവർ തമ്മിൽ നല്ല ബന്ധം ഉരുത്തിരിയാനുള്ള സമയം അനുവദിക്കുക.

അവരെ കരുവാക്കരുത്

ജീവിതത്തിൽ ഉടനീളം യുദ്ധം ചെയ്ത് ഒടുവിൽ വിവാഹമോചനം നേടിയാലും ചിലർ വീണ്ടും യുദ്ധം തുടർന്നു കൊണ്ടിരിക്കും. കുട്ടികളിലൂടെ. വിവാഹമോചന ശേഷവും പങ്കാളിയുടെ മനസറിയാനും പരാജയമറിയാനും വെമ്പുന്നവരാണ് പലരും. അതിന് അവർ അറിയാതെ തന്നെ കുട്ടികളെ കരുവാക്കുന്നു. കുഞ്ഞുങ്ങളെ ഒറ്റയ്ക്കു വളർത്തുമ്പോൾ തീർത്തും ഒഴിവാക്കേണ്ട കാര്യമാണിത്. ∙ ഒറ്റ രക്ഷിതാവിന്റെ കുട്ടികൾക്ക് ചിലപ്പോൾ ഇരുവരുടെയും കൂടെ നിൽക്കേണ്ടതായി വരും. തിരികെയെത്തുന്ന കുട്ടിയോട് അയാൾ എന്നെക്കുറിച്ച് എന്തു പറഞ്ഞു? ഇവിടത്തെ കര്യങ്ങൾ വല്ലതും നീ പറഞ്ഞോ? എന്ന മട്ടിലുള്ള അന്വേഷണങ്ങൾ വേണ്ട. ∙ പലരും തന്നിലേക്ക് കുട്ടിയെ അടുപ്പിക്കാനായി മുൻ പങ്കാളിയെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയാറുണ്ട്. ഇത് യഥാർത്തിൽ കുട്ടികളെ ഉഴ്ക്കണ്ഠാകുലരാക്കാനും നിങ്ങൾക്കതിരെ തിരിക്കാനുമേ വഴി തെളിക്കൂ. മറുഭാഗത്തുള്ളയാൾ കുട്ടിയുടെ അച്ഛനാണെന്നും കുട്ടിയുടെ സ്നേഹം നേടാൻ അർഹതയുണ്ടെന്നും മറക്കരുത്. ∙ സ്നേഹിക്കുന്നതിലൂടെയേ ഒരാൾക്ക് സ്നേഹം നേടാനാകൂ. അത് മുൻ പങ്കാളി ചെയ്യുന്നുവെങ്കിൽ അനുവദിച്ചു കൊടുക്കൂ. അവിടെ താമസിച്ചിട്ടു വരുന്ന കുട്ടിയോട് പൊതുവായി വിശേഷങ്ങൾ ചോദിച്ച് കുശലം അവയാനിപ്പിക്കാം. നിങ്ങളുടെ അടുത്ത് സ്വസ്മാകാൻ കഴിയുന്നെങ്കിൽ അവിടത്തെവിശേഷങ്ങള് ചോദിക്കാതെ തന്നെ അവർ പറയും. ഈ സ്വാതന്ത്യ്രമായിരിക്കും അവെ നിങ്ങളുടെ മനസ്സുമായി അടുപ്പിച്ചു നിറത്തുക.

സമയവും സ്നേഹവും നൽകാം

അമ്മയ്ക്ക് ഒറ്റയ്ക്ക് മക്കളെ സിനിമ കാണാൻ കൊണ്ടുപോകാനും ടൂർ പോകാനുമൊക്കെ സാധിക്കും. അൽപം പ്ലാനിങ് ഉണ്ടായാൽ മതി. മക്കൾക്കായി സ്പെഷൽ വിഭവങ്ങൾ ഉണ്ടാക്കാനും വസ്ത്രം സെലക്റ്റ് ചെയ്യാനുമൊക്കെ മനസുണ്ടാവുകയാണ് പ്രധാന കാര്യം. മൂന്നു സമയങ്ങളാണ് കുട്ടിക്ക് ഏറ്റവും പ്രധാനം. ഉണർന്നെണീക്കുമ്പോൾ, ഉറങ്ങുമ്പോൾ, സ്കൂൾ വിട്ടു വരുമ്പോൾ. അമ്മയുടെ സ്നേഹസ്പർശത്തിൽ കണ്ണുതുറക്കുന്ന കുട്ടിക്ക് അന്നത്തെ ദിവസം തീർച്ചയായും പോസിറ്റീവ് ആയിരിക്കും. ഇറക്കമുണരാൻ വൈകുന്ന കുട്ടിയെ ജോലിത്തിരക്കിനിടയിൽ വഴക്കു പറഞ്ഞ് ഞെട്ടിച്ചു കൊണ്ട് എഴുന്നേൽപ്പിക്കുന്നവർ കുട്ടിയുടെ ദിവസത്തെയാകെ മോശമാക്കുകയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്. ∙ സ്കൂളിൽ നിന്നും വരുന്ന സമയം ഏറ്റവും ക്ഷീണിതരും വിശപ്പുള്ളവരുമായിരിക്കും അവർ. ഇഷ്ടപ്പെട്ട ഭ”ക്ഷണം ഉണ്ടാക്കി വിളമ്പിക്കെടുക്കുന്ന അമ്മയെ അവർക്ക് സ്ഹേിക്കാതിരിക്കാനാകില്ല. ഇഷ്ട ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ അവധി ദിവസങ്ങളെങ്കിലും ഉപയോഗിക്കണം. വൈകുന്നേരങ്ങൾ നഷ്ടമായാലും രാവിലെയും രാത്രിയും തീർച്ചയായും നിങ്ങളുടേതാക്കി മാറ്റാം. ∙ അല്പം മുതിർന്ന കുട്ടിയായാലും ഉറങ്ങാൻ നേരം കൂടെ കിടക്കുക. അമ്മയുടെ സ്പർശത്തിൽ ഉറങ്ങാൻ കഴിയുന്നത് കുട്ടിയുടെ സുരക്ഷിതത്വ ബോധം കൂട്ടും. ഉറക്ക സമയമായാൽ എത്ര തിരക്കുള്ള ആളെണെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുക. കുട്ടിയുടെ കൂടെ കിടന്ന് വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും ചാറ്റ് ചെയ്യരുത് കഥകളിലൂടെ അവരോട് സംവദിക്കാം. ജീവിത മൂല്യങ്ങൾ ഉൗട്ടിയുറപ്പിക്കാം. ∙ കുട്ടിക്കിഷ്ടമുള്ള വിനോദങ്ങളിൽ കുട്ടിയോടൊപ്പം ചേരുകയും സാധിച്ചു കൊടുക്കുകയും ചെയ്യണം. കുട്ടിക്ക് കാർട്ടൂൺ കാണാൻ ഇഷ്ടമാണെങ്കിൽ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിലും അവരോടൊപ്പം അതു കാണുക. അപ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള സിനിമ കാണാൻ അവർ സ്ന്തോഷപൂർവം കൂടെ വരും നിങ്ങളുടെ ആവശ്യങ്ങൾക്ക് കൂടെ കൂട്ടുമ്പോൾ കുട്ടിയുടെ ഇഷ്ടം കൂടിപരിഗണിക്കുക. ഹോം വർക്ക് ചെയ്തിട്ട് കുളിച്ചാൽ മതി എന്ന മട്ടിലുള്ള കടുത്ത നിബന്ധനകൾ വേണ്ട. കുട്ടികളിടെ ആവശ്യങ്ങൾ പരിഹരിക്കാൻ ശ്രദ്ധിക്കുക. വേദനകൾ, ക്ഷീണം, വിളർച്ച തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. പഠിക്കാൻ പ്രശ്നം അനുഭവപ്പെടുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണെന്ന് അറിഞ്ഞ് പരിഹരിക്കുക. ∙ ഇടയ്ക്ക് ഫ്രീ ടൈം അവർക്കായി മാറ്റി വയ്ക്കുക. കുട്ടിയോടൊപ്പം വെറുതേ ഇരിക്കുക. അപ്പോൾ അവരുടെ ഇഷ്ടങ്ങളും പ്ലാനുകളും പറഞ്ഞു തുടങ്ങും. അതിനോടൊപ്പം കൂടാം. ഇല്ലെങ്കിൽ പെട്ടെന്ന് തോന്നുന്ന ഏത് ആശയവും പ്രാവർത്തികമാക്കാം. അത് തലയണകൾ കൊണ്ടൊരു കുട്ടി ഫൈറ്റോ, സിനിമാ പേരു പറഞ്ഞു കളിയോ എന്തുമാകാം. വെറുതേ കുട്ടികളുടെ കണ്ണിലേക്ക് നോക്കുക. അവരെ നോക്കി ചിരിക്കുക, കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുക. ഇതിന് പ്രായമില്ല എന്നും ഓർക്കുക. ∙ അച്ഛനില്ലാത്ത അവസ്ഥ കുട്ടിയുടെ മനസ്സിനെ തീർച്ചയായും ബാധിക്കുന്നുണ്ടാകും. നിങ്ങൾ സ്നേഹപൂർവം ഇടപെടുന്നതിനൊപ്പം കുട്ടിക്ക് സ്വയം പ്രശ്നങ്ങളെ ഒഴുക്കിക്കളയാനുള്ള അവസരങ്ങൾ ഉണ്ടാക്കിക്കെടുക്കുക. പാട്ട്, നൃത്തം, പോലുള്ള ഇഷ്ടങ്ങളിലേക്ക് കുട്ടിയെ നയിക്കുന്നത് നന്നായിരിക്കും. അല്പം പ്രയാസപ്പെട്ടിട്ടായാലും കുട്ടികൾക്ക് മികച്ച വിദ്യാഭ്യúúാസം നൽകുകയും നല്ല കരിയറിലേക്ക് നയിക്കുകയും ചെയ്യുക.

ആശ്രയിക്കാതെ ജീവിക്കാം

ഒറ്റയ്ക്കു വളർത്തുന്ന കുട്ടികളെ ചെറുപ്പത്തിൽ തന്നെ സ്വയംപര്യാപ്തത പരിശീലിപ്പിക്കാം. ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കുന്നത് പരമാവധി ഒഴിവാക്കണം. ഇത് അനാവശ്യ ചൂഷണങ്ങൾക്കു വഴിവയ്ക്കും. ∙ പല്ലുതേയ്ക്കുക, കുളിക്കുക, ടോയ് ലറ്റ് ശുചിത്വം പാലിക്കുക ഇവ രണ്ടാം ക്ലസ് മുകലേ പരിശീലിപ്പിക്കണം. കുട്ടി വേണ്ട വിധം വൃത്തിയാക്കി എന്നുറപ്പാക്കിയാൽ മാത്രം മതിയാവും. ∙ സ്കൂൾ വിട്ടു വന്നാൽ ഭക്ഷണപാത്രം സ്വയം കഴുകിവയ്ക്കുക, യൂണിഫോമും ഷൂസും യഥായ്ഥാനത്ത് വയ്ക്കുക.. തുടങ്ങിയ കാര്യങ്ങൾ സ്വയം ചെയ്യാൻ പഠിപ്പിക്കാം. ∙ ഹോം വർക്ക് ചെയ്യാൻ അമിതായി സഹായിക്കരുത്. പെൻസിൽ, ബുക്ക്, ഇറേസർ ഇവ സ്വയം എടുത്തുവച്ച് തയാറാകട്ടെ. മുഴുവൻ ചെയ്ത ശേഷം പരിശോധിച്ച് ശരിയെന്ന് ഉറപ്പുവരുത്തിയാൽ മതിയാവും. ∙ ഭക്ഷണം മേശയിൽ എടുത്തുവച്ചതിനു ശേഷം സ്വയം എടുത്ത് കഴിക്കാൻ പരിശീലിപ്പിക്കാം. വിരുന്നുകൾക്കും മറ്റും പോകുമ്പോൾ കുട്ടിയെ കഴിപ്പിക്കാൻ തനിയെ പാടുപെടുന്ന അവസ്ഥ ഒഴിവാക്കാം. ∙ സമൂഹവുമായി നന്നായി ഇടപഴകാൻ അനുവദിക്കണം. ഒറ്റയ്ക്കു വളർത്തുന്ന കുട്ടികൾ ചിലപ്പോൾ അന്തർമുഖരായി തീരാറുണ്ട്. കൂട്ടുകാരോടൊപ്പം കളിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുക. മുതിർന്നവരോട് സ്വയം പരിചയപ്പെടുത്താനും മുൻകൈ എടുത്ത് സംസാരിക്കാനും കുട്ടിയെ പഠിപ്പിക്കുക. അൽപം കൂടി മുതിർന്നാൽ ഒറ്റയ്ക്കു കടയിലും മറ്റും പോകാനും പരിശീലിപ്പിക്കണം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ സൈലേഷ്യ, കൺസൾട്ടന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൊച്ചി

3.15384615385
Geethika S Apr 11, 2016 04:32 PM

നല്ലതാണു .

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top