Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പിഡോഫീലിയ

പിഡോഫീലിയ എന്ന ലൈംഗിക വൈകൃതത്തെ കുറിച്ചും അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചുമാണ് നാമിവിടെ അറിയാന്‍ ശ്രമിക്കുന്നത്. മുന്‍വിധികള്‍ മാറ്റിവച്ചുകൊണ്ട് ഈയൊരവസ്ഥയ്ക്ക് നേരെ നമുക്കൊരു നിലക്കണ്ണാടി വച്ചുനോക്കാം.

എന്താണ് പിഡോഫീലിയ ?

ജൈവലോകത്തെ ഏതുവിഭാത്തെയെടുത്താലും ഏറ്റവും കൗതുകമുണര്‍ത്തുന്നവരും ഓമനത്തമുള്ളവരും കുഞ്ഞുങ്ങളാണ്. സ്വയം രക്ഷിക്കാന്‍ കഴിവില്ലാത്ത കുരുന്നുകള്‍ക്ക്‌ പ്രകൃതി അറിഞ്ഞുനല്‍കിയ വരമാണീ ഓമനത്തം ! മറ്റുള്ളവരുടെ ശ്രദ്ധയും വാത്സല്യവും പരിചരണവും അതവര്‍ക്ക്‌ ഉറപ്പ്‌ നല്‍കുന്നു. എന്നാളിതിന്റെ ഇരുണ്ട മറുവശമാണ് ലോകമെമ്പാടുമുള്ള ശിശുപീഡകരിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്. അസ്വസ്ഥതാജനകമാം വിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ബാല ലൈംഗിക തൊഴിലാളികളും കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള അശ്ലീല പ്രചാരണങ്ങളും മനുഷ്യക്കടത്തുമെല്ലാം വിരല്‍ ചൂണ്ടുന്നത് ഈ പ്രശ്നത്തിലേക്ക് തന്നെയാണ്.

പതിമൂന്ന് വയസ്സോ അതിന് താഴെയോ പ്രായമുള്ള കുട്ടികളോട് ആവര്‍ത്തിച്ചനുഭവപ്പെടുന്ന തീവ്രമായ ലൈംഗികാകര്‍ഷണം, അനുബന്ധ താല്പര്യങ്ങള്‍, മനോരാജ്യങ്ങള്‍ എന്നിവയും ഇത്തരം ത്വരകള്‍ മൂലം കുട്ടികള്‍ക്ക്‌ നേരെ നടത്തുന്ന അനുചിത ചേഷ്ടകളുമെല്ലാം പിഡോഫീലിയയുടെ മുഖമുദ്രകളാണ്‍. ഈ താല്പര്യത്തിന്റെ തീവ്രത പലപ്പോഴും ഒരു മുതിര്‍ന്ന വ്യക്തിക്ക് പ്രായപൂര്‍ത്തിയായ എതിര്‍ലിംഗക്കാരോട് തോന്നുന്നതിന് തുല്യമോ അതിലും കൂടുതലോ ആയിരിക്കാം. ഈ ലക്ഷണങ്ങള്‍ വ്യക്തിപരവും സാമൂഹികവുമായുള്ള അസ്വസ്ഥതകള്‍ക്കും ക്ലേശങ്ങളുമെല്ലാം ഉളവാക്കുമ്പോഴാണ് ഈയവസ്ഥക്ക് ഒരു മാനസിക ക്രമക്കേടിന്റെ പദവി കൈവരുന്നത്. അതായത് പിഡോഫീലിയ ഒരസുഖമെന്ന നിലയില്‍ (Paedophilic disorder) കണക്കാക്കപ്പെടണമെങ്കില്‍ തങ്ങളുടെ വികലമായ ലൈംഗിക താല്പര്യങ്ങള്‍ ഇക്കൂട്ടര്‍ക്ക്‌ മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങണം.

പതിനാറ് വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരിലാണ് സാധാരണ ഈ രോഗം പരിഗണിക്കാറുള്ളത്. എന്നാല്‍ തങ്ങളേക്കാള്‍ അഞ്ച് വയസ്സെങ്കിലും കുറവുള്ള കുട്ടികളോട് ലൈംഗിക താല്പര്യം കാണിക്കുന്ന കൗമാരക്കാരുടെയും പ്രശ്നം പിഡോഫീലിയ തന്നെയാകാം.

യാതൊരുവിധ കുറ്റബോധമോ നാണക്കേടോ ഉത്കണ്ഠയോ ഇതുമൂലം അനുഭവപ്പെടാത്തവരേയും, ഇത്തരം ത്വരകളുടെ പ്രഭാവത്തില്‍ ഒരിക്കല്‍ പോലും കുറ്റകൃത്യങ്ങളിലേര്‍പ്പെടാത്തവരേയും, പ്രശ്നങ്ങളിലൊന്നും ചെന്നു ചാടാതെ സ്വന്തം പ്രവര്‍ത്തന മേഖലയില്‍ സുഗമമായി മുന്നോട്ട് പോകാനാകുന്നവരേയും പിഡോഫീലിയ രോഗികളായല്ല പിഡോഫീലിക് വാജ്ഞച്ഛയുള്ള വ്യക്തിത്വങ്ങളായാണ് വൈദ്യശാസ്ത്രം കണക്കാക്കാറുള്ളത്. ഈ പറഞ്ഞ ഇരുകൂട്ടരിലും ആണ്ണ്‍കുട്ടികളോട് മാത്രമോ പെണ്‍കുട്ടികളോട് മാത്രമോ താല്പര്യം കാണിക്കുന്നവരും, കുട്ടികളോടും മുതിര്‍ന്നവരോടും തുല്യ ആസക്തിയുള്ളവരുമുണ്ടാകാം. കുടുംബാംഗങ്ങളായ കുട്ടികളോട് മാത്രം ലൈംഗിക താല്പര്യം കാണിക്കുന്ന ഒരു വിഭാഗവുമുണ്ട്. ചിലര്‍ തങ്ങളുടെ ഈ സമാന്തര താല്പര്യങ്ങളെ തുറന്ന് സമ്മതിക്കുമെങ്കില്‍ മറ്റുചിലര്‍ തെളിവോടെ പറഞ്ഞു മനസ്സിലാക്കിയാല്‍ പോലും കാര്യം നിഷേധിക്കുന്നവരാകാം.

എല്ലാ ശിശുപ്രേമികളും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാറില്ല. എന്നതൊരു അതിശയോക്തിയായി തോന്നിയേക്കാം. അതായത്, ശിശുപ്രേമികളില്‍ ശിശുപീഡകരും അങ്ങനെയല്ലാത്തവരുമുണ്ട്. പൊതുവേ നാമറിയുന്നത് ആദ്യവിഭാഗക്കാരെപ്പറ്റി മാത്രമാണ്. എന്നാല്‍ ശാസ്ത്രം പറയുന്നു, രണ്ടാമത്തെ വിഭാഗവും പരോക്ഷമായ രീതിയില്‍ കുഞ്ഞുജീവിതങ്ങളെ താറുമാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ! കുഞ്ഞുങ്ങളെ നേരിട്ടുപയോഗിക്കാത്ത ഇവരില്‍ വലിയൊരു ശതമാനമാണ് ചൈല്‍ഡ്‌ പോണോഗ്രാഫിയുടെ സജീവപ്രേക്ഷകര്‍. കുഞ്ഞുങ്ങളുടെ അശ്ലീല ദൃശ്യങ്ങളോടുള്ള തീവ്രമായ അടിമത്തം ഇവരുടെ പ്രത്യേകതയാണ്. അശ്ലീല ചായാഗ്രഹണത്തിന്റേയും തദ്വാരാ ലൈംഗിക തൊഴിലിന്റെയും ലോകത്തേക്ക്‌ ഏതൊക്കെയോ കുഞ്ഞുങ്ങളെ പരോക്ഷമായി വലിച്ചിഴക്കുകയാണ് ഇത്തരം ഉപഭോക്താക്കള്‍. കുഞ്ഞുങ്ങളെ ചിത്രീകരിക്കുന്ന ലക്ഷോപലക്ഷം അശ്ലീലസൈറ്റുകളും അവയുടെ ഇരുപതിനായിരം കോടിയില്‍ പരം വരുന്ന ആസ്തിയും കൈചൂണ്ടുന്നത് പിഡോഫീലിയ എന്ന സമസ്യയുടെ ഇത്തരം വിഷമവശങ്ങളിലേക്ക് തന്നെയാണ്. അംഗീകരിക്കാന്‍ വിഷമം തോന്നുമെങ്കിലും, പുറംലോകമറിയാതെ ഒരുപാടുപേര്‍ നമുക്കുചുറ്റും ഈ പ്രശ്നവുമായി നടപ്പുണ്ട് എന്നത് തന്നെയാണ് വസ്തുത.

ചില ശാസ്ത്രീയ വശങ്ങള്‍

 • ഗവേഷണങ്ങളരക്കിട്ടുറപ്പിച്ച ചില വസ്തുതകളറിയാം.
 • പിഡോഫീലിയ ഒരു ആജീവനാന്ത അവസ്ഥയാണ്.
 • അതിന്റെ ലക്ഷണങ്ങള്‍ക്ക് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം.
 • പ്രായമേറും തോറും ഇത്തരം ലൈംഗിക താല്പര്യങ്ങള്‍ കുറഞ്ഞു വരുന്നതായാണ് പൊതുവേ കാണുന്നത്.
 • വലിയൊരു ശതമാനത്തിനും ഒപ്പം മറ്റേതെങ്കിലും മാനസിക രോഗങ്ങള്‍ കൂടി കാണാം.
 • ആന്റിസോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ പോലുള്ള വ്യക്തി വൈകല്യങ്ങളും ഇത്തരക്കാരില്‍ ചിലര്‍ക്കെങ്കിലും ഉണ്ടാകാം.
 • ബാല്യത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായവരില്‍ ഈയവസ്ഥ കൂടുതലായി കണ്ടുവരുന്നുണ്ട്.
 • ഗര്‍ഭാവസ്ഥയില്‍ നേരിടേണ്ടി വന്നിട്ടുള്ള വിവിധ രോഗങ്ങള്‍ പിഡോഫീലിയക്ക് വഴി തെളിക്കാം.
 • അമിതമായ ലൈംഗിക ത്വര, തീവ്രമായ കുറ്റബോധം എന്നിങ്ങനെ ഇത്തരക്കാരില്‍ കണ്ടുവരുന്ന ചില പ്രശ്നങ്ങള്‍ ചിലപ്പോള്‍ മനശാസ്ത്ര ചികിത്സയിലൂടെ മെച്ചപ്പെട്ടേക്കാം.

ഇരകളുണ്ടാകാതിരിക്കാന്‍ കരുതിയിരിക്കുക

കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുന്നതും കുട്ടിയുടെ അശീല ചിത്രങ്ങളും വീഡിയോകള്‍ എടുക്കുന്നതും സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതും മുതല്‍ ലൈംഗിക വേഴ്ച വരെയുള്ള എന്തു പ്രവൃത്തിയും പീഡനത്തിലുള്‍പ്പെടുന്നു. എങ്ങനെയാണീ ശിശുപീഡകര്‍ കുട്ടികളെ വേട്ടയാടുന്നത് ? യഥാര്‍ത്ഥ ജീവിതത്തിലായാലും സൈബര്‍ ലോകത്തായാലും ‘Child Grooming’ എന്നറിയപ്പെടുന്ന ശ്രമമേറിയ നീണ്ട മുന്നൊരുക്ക നാടകത്തിന്റെ പരിസമാപ്തി മാത്രമായിരിക്കും പലപ്പോഴും ലോകമറിയുന്നത്. അധികപങ്ക് പിഡോഫീലിയ ബാധിതരും സൂക്ഷ്മമായി ആസൂത്രണം ചെയ്താണ് തങ്ങളുടെ ഇരകളെ തിരഞ്ഞെടുത്ത്‌ വശത്താക്കുന്നത്. കുട്ടികളെ തന്ത്രപൂര്‍വ്വം പരിചയപ്പെടുകയും അവരുമായി സൗഹൃദം വളര്‍ത്തുകയും, അവരുടെ കുടുംബാംഗങ്ങളുടെ വരെ വിശ്വാസമാര്‍ജ്ജിക്കുകയും ഇത്തരക്കാര്‍ ചെയ്യുന്നു. മിക്കപ്പോഴും കുട്ടിയോട് അധികാരത്തോടെ പെരുമാറാവുന്ന പരിചയക്കാരോ ബന്ധുക്കളോ തന്നെയായിരിക്കാം പീഡകര്‍. കുട്ടി പരാതി പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ മുതിര്‍ന്നവര്‍ പോലും മടിക്കുന്നത്ര വിദഗ്ദ്ധമായിരിക്കും പലപ്പോഴും ഇവരുടെ മുന്നൊരുക്കങ്ങള്‍. വേണ്ടത്ര പരിഗണനയോ വാത്സല്യമോ കിട്ടാത്ത, പ്രശ്നങ്ങള്‍ നിറഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ളവരോ ശാന്തസ്വഭാവികളോ നല്ല അനുസരണ ശീലമുള്ളവരോ ആയ കുട്ടികളെയാണ് പലപ്പോഴും ഇക്കൂട്ടര്‍ ഉന്നം വയ്ക്കാറുള്ളത്. സാഹചര്യങ്ങള്‍ ഒത്തുവരുമ്പോള്‍ പ്രലോഭനമോ ഭീഷിണിയോ വഴി കുട്ടിയെ ഉപയോഗപ്പെടുത്തുന്നു. ചെറുത്തുനില്‍ക്കാനാകാത്ത വിധം കുട്ടി വലയില്‍ കുരുങ്ങാനും അതുകൊണ്ടുതന്നെ പീഡനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കാനും ഇടവരികയും ചെയ്യുന്നു. പലപ്പോഴും ഒന്നിലധികം തവണ പീഡനം നടന്ന ശേഷമാകാം വിവരങ്ങള്‍ പുറത്തറിയുന്നത് തന്നെ.

പീഡനവിധേയരായവരെ എങ്ങനെ തിരിച്ചറിയാം ?

 • പ്രായത്തിനപ്പുറമുള്ള ലൈംഗിക പരിജ്ഞാനം.
 • സംസാരത്തിലും പെരുമാറ്റത്തിലും വരയ്ക്കുന്ന ചിത്രങ്ങളിലുമെല്ലാം സെക്സിനെക്കുറിച്ചുള്ള സൂചനകള്‍.
 • കളിപ്പാട്ടങ്ങളും മറ്റും കൊണ്ട് ജനനേന്ദ്രിയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങള്‍.
 • മറ്റുകുട്ടികള്‍ക്ക് നേരെ നടത്തുന്ന ലൈംഗിക ചേഷ്ടകളും അനുബന്ധ പ്രവൃത്തികളും.
 • പൊതു ഇടങ്ങളില്‍ സ്വയംഭോഗത്തിന് മുതിരുക.
 • ലൈംഗികാവയവങ്ങളില്‍ വേദന, ചൊറിച്ചില്‍, നിറംമാറ്റം, രക്തസ്രാവം തുടങ്ങിയവ.
 • വിശപ്പില്ലായ്മ, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, സ്വയം മുറിവുകളേല്‍പ്പിക്കാനും അംഗഭംഗപ്പെടുത്താനുമുള്ള പ്രവണത.
 • അപ്രതീക്ഷിത ഭാവമാറ്റങ്ങള്‍. ഉദാ: ഭയവും പെട്ടെന്നുള്ള ദേഷ്യവും അനിയന്ത്രിതമായ കരച്ചിലും, അക്രമസ്വഭാവവും, ഉള്‍വലിയലും.
 • പ്രത്യക്ഷകാരണങ്ങളൊന്നും കൂടാതെ ചില ആളുകളെയോ സ്ഥലങ്ങളെയോ പ്രവൃത്തികളെയോ ഒഴിവാക്കാനോ അകറ്റിനിര്‍ത്താനോ ശ്രമിക്കുന്നത്.
 • പതിവില്ലാതെ തന്നേക്കാള്‍ പ്രായം കുറഞ്ഞ കുട്ടികളെപ്പോലെ പെരുമാറുന്നത്.
 • കുട്ടിയുടെ കൈവശം എവിടുന്നെന്ന് വ്യക്തമാകാത്ത വിധം പണം കാണപ്പെടുന്നത്.

ഭാവിയിലവര്‍ക്കെന്ത്‌ സംഭവിക്കാം ?

ലൈംഗിക പീഡനത്തിനിരകളാകുന്ന കുട്ടികളിലധികവും ചിരസ്ഥായിയായ വൈകാരിക പ്രശ്നങ്ങള്‍ പ്രകടിപ്പിക്കുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. ക്രിമിനല്‍ ചായ്‌വുകളും അനുചിത ലൈംഗിക താല്പര്യങ്ങളും അക്രമ സ്വഭാവങ്ങളും പ്രായത്തിന് യോജിക്കാത്ത പെരുമാറ്റ രീതികളും അവരില്‍ കണ്ടുവരുന്നു. ആത്മനിന്ദ, ആത്മവിശ്വാസക്കുറവ്, ആത്മഹത്യാ പ്രവണത, വിഷാദം, ഉത്കണ്ഠ, ലഹരിയുപയോഗം, നിദ്രാരോഗങ്ങള്‍, ഭക്ഷണശീല പ്രശ്നങ്ങള്‍, മനക്ലേശം മൂലമുണ്ടാകുന്ന വ്യക്തമായ രോഗകാരണം കണ്ടെത്താനാവാത്ത ശാരീരികാസ്വാസ്ഥ്യങ്ങള്‍ (Psychosomatic Disorders), പഠനത്തില്‍ പുറകോട്ട് പോകല്‍ എന്നിങ്ങനെ കുട്ടികള്‍ക്ക്‌ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ അനവധിയാണ്.

മുതിര്‍ന്ന്‍ കഴിഞ്ഞാലാകട്ടെ ലൈംഗിക അസ്വാസ്ഥ്യങ്ങളും ദാമ്പത്യതകര്‍ച്ചയും പങ്കാളിയെ ശാരീരികമായും മാനസികവുമായും പീഡിപ്പിക്കാനുള്ള പ്രവണതയും ദൃഡബന്ധങ്ങള്‍ നിലനിര്‍ത്താനും നല്ലൊരു രക്ഷാകര്‍ത്താവായിരിക്കാനുമുള്ള കഴിവില്ലായ്മയുമെല്ലാം ഇവരില്‍ പ്രത്യക്ഷമാകാം. ചിലരെങ്കിലും വീണ്ടും ഇത്തരം പീഡനാനുഭവങ്ങള്‍ക്കുള്ള വിധേയത്വ മനോഭാവവും പ്രകടിപ്പിക്കാം. കുട്ടിയായിരിക്കുമ്പോള്‍ ലൈംഗിക പീഡനത്തിനിരയായവര്‍ക്ക്‌ മാനസിക രോഗങ്ങളുണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. യൂനിസെഫ് പറയുന്നത്, ഇത്തരമനുഭവങ്ങളുടെ അനുകരണനങ്ങളായിരിക്കും കൗമാരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയുടെ നല്ലൊരു ശതമാനവുമെന്നാണ്.

മാതാപിതാക്കള്‍ക്കെടുക്കാവുന്ന മുന്‍കരുതലുകള്‍

 • ശരീരാവയങ്ങളുടെ പേര് പറയാന്‍ പഠിപ്പിക്കുമ്പോള്‍ തന്നെ ജനനേന്ദ്രിയങ്ങളുടെ യഥാര്‍ത്ഥ പേരുകള്‍ ഒഴിവാക്കാതിരിക്കുക. ഇത് അവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മടികൂടാതെ തുറന്ന് പറയാന്‍ ഒരു പരിധിവരെ സഹായിക്കും.
 • ശരീരഭാഗങ്ങളുടെ സ്വകാര്യതയെ കുറിച്ചും സമ്മതമില്ലാതെ തങ്ങളെ സ്പര്‍ശിക്കാനാര്‍ക്കും അവകാശമില്ല എന്നതിനെ കുറിച്ചും ചെറുപ്രായത്തിലേ കുട്ടികളെ പഠിപ്പിക്കുക.
 • അച്ഛനമ്മമാര്‍ക്കും കുട്ടികള്‍ക്കുമിടയില്‍ രഹസ്യങ്ങളില്ലെന്ന് കുഞ്ഞിലേ പറഞ്ഞു മനസ്സിലാക്കുക. ഇത് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനവര്‍ക്ക് താല്പര്യമുണ്ടാക്കും.
 • മാതാപിതാക്കള്‍ക്ക്‌ പ്രവേശനമുള്ള ഡേ കെയര്‍ സെന്ററുകളും നേഴ്സറികളും തിരഞ്ഞെടുക്കുക.
 • കുട്ടികള്‍ക്ക്‌ കൂടെക്കൂടെ സമ്മാനങ്ങളും മറ്റും നല്‍കുന്നവരും അവരെ തനിയെ പുറത്ത്‌ കൊണ്ടുപോകാന്‍ താല്‍പര്യപ്പെടുന്നവരുമായ മുതിര്‍ന്നവരെ ശ്രദ്ധയോടെ നിരീക്ഷിക്കുക.
 • കുട്ടിയുടെ ചിത്രങ്ങളെടുക്കാന്‍ അന്യരെ അനുവദിക്കാതിരിക്കുക.
 • കുട്ടിയെ മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ മാത്രം കമ്പ്യൂട്ടറുപയോഗിക്കാന്‍ അനുവദിക്കുക.
 • വീട്ടിലെ അന്തരീക്ഷം മുതിര്‍ന്ന കുട്ടികള്‍ക്ക്‌ ലൈംഗികതയെ കുറിച്ചുള്ള അറിവുകള്‍ പങ്കുവയ്ക്കാനും തെറ്റായ ധാരണകളെ തിരുത്താനുമുതകുന്നതാകണം.
 • പീഡനങ്ങളെപ്പറ്റിയുള്ള പത്രവാര്‍ത്തകള്‍ ഇത്തരം ചര്‍ച്ചകള്‍ക്കുള്ള ഒരുപാധിയായെടുത്ത് കാര്യങ്ങള്‍ തുറന്ന് പറയേണ്ടതിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുക.

പീഡനമുണ്ടായാല്‍

പീഡനമുണ്ടായതായി കുട്ടികള്‍ വെളിപ്പെടുത്തിയാല്‍ സമചിത്തതയോടെ അവര്‍ക്ക്‌ പറയാനുള്ളത്‌ കേള്‍ക്കുകയും അവരെ വൈകാരികമായി പിന്തുണയ്ക്കുകയും വൈകാതെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്യണം. കുഞ്ഞിനെ കുറ്റപ്പെടുത്താതിരിക്കാനും, ധൈര്യം പകരാനും സംഭവിച്ചതിന്റെ ഉത്തരവാദിത്തം ഇത്തിപ്പോലും അവരുടേതല്ലെന്നും ഇങ്ങനെയൊക്കെ പറ്റിയത് അവരുടെ പിഴവ് കൊണ്ടല്ലെന്നും ബോധ്യപ്പെടുത്താനും ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ മടികൂടാതെ മാനസികാരോഗ്യ പ്രവര്‍ത്തകരുടെ സഹായം സ്വീകരിക്കുക. സംഭവം പോലീസിലറിയിക്കുന്നതും നിയമനടപടി സ്വീകരിക്കുന്നതിനും അലംഭാവം കാണിക്കരുത്. ആ നിമിഷത്തെ അഭിമാന സംരക്ഷണത്തിനുവേണ്ടി പീഡനം നടന്നില്ലെന്ന് നടിക്കുന്നതും കുട്ടിയുടെ വാക്കുകളെ മുഖവിലക്കെടുക്കാതിരിക്കുന്നതും ഒന്നും സംഭവിക്കാത്ത മട്ടില്‍ പരിചയക്കാരായ പീഡകരോട് പെരുമാറുന്നതുമെല്ലാം ദോഷഫലങ്ങളേ ഉളവാക്കൂ. കുട്ടിക്ക്‌ രക്ഷാകര്‍ത്താവിനോടും സമൂഹത്തോടുമുള്ള വിശ്വാസ്യത നഷ്ടപ്പെടാനും പീഡനങ്ങള്‍ ആവര്‍ത്തിക്കപ്പെടാനും അങ്ങനെ സംഭവിച്ചാല്‍ അവഗണന മുന്നില്‍ കണ്ട് കുഞ്ഞത് മറച്ചു വയ്ക്കാനും മാത്രമേ ഇത്തരം മനോഭാവങ്ങള്‍ വഴിയൊരുക്കൂ.

എന്താണ് പരിഹാരം ?

ശാസ്ത്രമെന്തൊക്കെ പറഞ്ഞാലും സമൂഹമതിനെ ഇപ്പോഴും ഒരസുഖമായി അംഗീകരിക്കുന്നില്ല. അധികമാളുകള്‍ക്കും പിഡോഫീലിയ എന്ന് കേള്‍ക്കുന്നതേ അരപ്പും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുമെങ്കിലും ഈയവസ്ഥയുടെ മറുപുറത്തെ കുറിച്ചും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവരില്‍ തങ്ങളുടെ അവസ്ഥയെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ള, കുറ്റകൃത്യങ്ങളിലേര്‍പ്പെടാത്ത വ്യക്തികള്‍ക്ക് പോലും നല്‍കാന്‍ ശാശ്വതമായ ഒരു പരിഹാരവും ഇപ്പോള്‍ വൈദ്യശാസ്ത്രത്തിന്റെ പക്കലില്ല. സമൂഹത്തില്‍ നിന്നും തിരസ്കൃതരാകുമെന്ന ഭയംമൂലം സ്വന്തമവസ്ഥ മറച്ചുപിടിച്ച് നടക്കേണ്ടി വരികയും, തല്‍ഫലമായി കടുത്ത വൈകാരിക പ്രശ്നങ്ങള്‍ക്ക് പോലും മനശ്ശാസ്ത്ര ചികിത്സകളൊന്നും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതും അവരെ അപകടത്തിലാക്കാം. പാര്‍ശ്വവത്കരിക്കുന്നതും തരം താഴ്ത്തി കാണിക്കുന്നതും അവരെ കൂടുതല്‍ അപകടകാരികളാക്കുകയേ ഉള്ളൂ. ശിശുപ്രേമികളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ കുഞ്ഞുങ്ങളെ കാത്തുരക്ഷിക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകൂ.

തങ്ങളുടെ പ്രശ്നങ്ങള്‍ പുറത്തുപറയാന്‍ തയ്യാറാവുന്ന പിഡോഫീലിയ ബാധിതരധികവും വെളിപ്പെടുത്താറുള്ളത്‌ ഇത്തരം താല്‍പര്യങ്ങള്‍ തങ്ങളില്‍ കൗമാരത്തില്‍ തന്നെ തലപൊക്കിയിരുന്നു എന്നാണു. മുതിര്‍ന്ന്‍ കഴിയുമ്പോള്‍ കുട്ടികളോടുള്ള തങ്ങളുടെ താല്‍പര്യം വിട്ടകലുന്നില്ലല്ലോ എന്നത് പലര്‍ക്കും വേദനാജനകമായ തിരിച്ചറിവായിത്തീരുന്നു. കൗമാരത്തില്‍ തന്നെ ഇത്തരം താല്‍പര്യങ്ങള്‍ കണ്ടെത്താനോ മാനസിക സംഘര്‍ഷങ്ങളും കുറ്റവാസനകളും ഒഴിവാക്കാനുതകുന്ന നടപടികളെടുക്കാനോ ഉള്ള അവസരങ്ങള്‍ നമ്മുടെ നാട്ടില്‍ ഇല്ല എന്നുതന്നെ വേണം പറയാന്‍. മറ്റു പെരുമാറ്റ വൈകല്യങ്ങളൊന്നും പ്രകടിപ്പിക്കാത്ത കുട്ടികളെ ആരെങ്കിലും ഈയൊരു വിഷയത്തില്‍ സംശയിക്കാനുള്ള സാധ്യത കുറവാണ്. ഇത്തരം താല്‍പര്യങ്ങള്‍ നല്ല നിരീക്ഷശേഷിയുള്ള മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമേ കണ്ടെത്താനായേക്കൂ. വിഷയത്തെക്കുറിച്ച് ശാസ്ത്രീയ ബോധമുള്ള, സമചിത്തതയോടെ ഇവരെ സമീപിക്കാനും കാര്യങ്ങള്‍ ചോദിച്ചറിയാനും പാടവമുള്ള വിദഗ്ദ്ധര്‍ക്കേ ഇത്തരം കൗമാരക്കാരെ മാനസികമായി തളര്‍ത്താതെ ഈ വിഷയം ചര്‍ച്ച ചെയ്യാനും അവരുടെ താല്‍പര്യങ്ങളില്‍ കുറച്ച് താല്‍ക്കാലിക മാറ്റങ്ങളെങ്കിലും വരുത്താനും സാധിക്കൂ.ഇത്തരം വിദഗ്ദ്ധരുടെ ലഭ്യതക്കുറവും, ശിശുപ്രേമത്തേയും സര്‍വ്വോപരി ലൈംഗികതേയും ചുറ്റിപ്പറ്റിയുള്ള നമ്മുടെ സങ്കുചിത മനസ്ഥിതിയും സാമൂഹ്യനിലപാടുകളുമെല്ലാം ഇത്തരക്കാര്‍ക്ക് സഹായകരമായി വല്ലതും ചെയ്യുന്നതിന് നമ്മുടെ സമൂഹത്തിന് വിലങ്ങുതടിയാവുന്നുണ്ട്.

ജര്‍മ്മനിയിലെ ‘പ്രിവെന്‍ഷന്‍ പ്രൊജക്റ്റ് ഡങ്കല്‍ ഫീല്‍ഡ്‌’ ശിശുപ്രേമികളെ പീഡകരാക്കുന്നതില്‍ നിന്നും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ഒരു സംരംഭമാണ്. സ്വന്തം വൈകല്യാവസ്ഥയെക്കുറിച്ച് മനസ്സിലാക്കി അതിന്റെ അസുഖകരമായ പരിണിതഫലങ്ങള്‍ തടയണമെന്നാഗ്രഹിക്കുന്ന ശിശുപ്രേമികള്‍ക്ക്‌ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ടുള്ള സൗജന്യ സ്വാന്ത്വന ചികിത്സ അവിടെ ലഭിക്കുന്നു. പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ‘വെര്‍ച്വസ് പീഡോഫില്‍’ എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയും സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഇക്കൂട്ടരെ സാമൂഹവും ജീവിതവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുന്നു. Minor attracted persons എന്ന് സ്വയം വിശേഷിപ്പിക്കുന്ന, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്ത ശിശുപ്രേമികളുടെ കൂട്ടായ്മകളും പാശ്ചാത്യ രാജ്യങ്ങളില്‍ ഉണ്ടെങ്കില്‍ ഇന്ത്യന്‍ സമൂഹം ഇപ്പോഴും തിരിച്ചറിവില്ലായ്മയുടെ ആഴങ്ങളില്‍ പുതഞ്ഞ് കിടക്കുകയാണ്. ഈ വൈകൃതാവസ്ഥയെ മനസ്സിലാക്കാനുള്ള മനസ്സോ സാഹചര്യമോ ഇല്ലാതെ ചെളി വാരിയെറിഞ്ഞും സദാചാര പ്രഘോഷണം നടത്തിയും ഞെളിയുമ്പോള്‍ നമ്മളറിയുന്നില്ല അതുവഴി നമ്മുടെ കുഞ്ഞുങ്ങളോട് നാം ചെയ്യുന്ന ക്രൂരതയെക്കുറിച്ച് !

ഡോ.സ്മിത
അസി.പ്രൊഫസര്‍ & ഇന്‍ചാര്‍ജ് ഓഫ് ചൈല്‍ഡ്‌ സൈക്കാട്രി
മെഡിക്കല്‍ കോളേജ്‌, കോഴിക്കോട്‌
3.28125
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top