অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രക്ഷിതാക്കള്‍ ശ്രദ്ധിക്കാന്‍

രക്ഷിതാക്കള്‍ ശ്രദ്ധിക്കാന്‍

  1. ആപ്പ്‌ ആപ്പാകുമോ ?
  2. അതിരുവിട്ടാല്‍ വികൃതിയും വൈകൃതം
  3. ശാരീരിക പീഡനം
  4. വൈകാരിക പീഡനം ഇരയെ വൈകാരികമായി തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടുകാരില്‍ നിന്ന് ഒരാളെ ഒറ്റപ്പെടുത്തുകയും പുറത്താക്കാനും ശ്രമിക്കുക. കുപ്രചരണം നടത്തിയും മാനസികമായി തളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചും മനപ്പൂര്‍വ്വം അവഗണിച്ചുമൊക്കെയാണ് ഇവര്‍ ഒരാളെ വൈകാരികമായി പീഡിപ്പിക്കുന്നത്.
    1. വാക്കാലുള്ള പീഡനം
    2. സൈബര്‍ പീഡനം
    3. ലൈംഗീക പീഡനം
    4. സംഘം ചേര്‍ന്ന ഭീഷിണി
    5. സ്കൂളുകളില്‍ ശ്രദ്ധിക്കേണ്ടത്‌
    6. മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്
    7. ശാരീരികമായി പീഡിപ്പിക്കപ്പെട്ടാല്‍
    8. വാക്കാല്‍ പീഡിപ്പിക്കപ്പെടുമ്പോള്‍
    9. ഒരു കുട്ടി ആക്രമിക്കപ്പെടുന്നതായി മനസ്സിലാക്കാന്‍ അവരിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ നമ്മെ സഹായിച്ചേക്കും
    10. ഒരാള്‍ മറ്റുകുട്ടികളെ ഉപദ്രവിക്കുന്നുവെന്ന് മനസ്സിലാക്കാന്‍
    11. പീഡനത്തിനിരയായവരെ എങ്ങനെ സഹായിക്കണം ?
    12. ആക്രമണത്തിന് മുതിരുന്ന കുട്ടികളെ ബോധവല്‍ക്കരിക്കേണ്ട വിധം
  5. മാന്യനാകാം മാതൃകയുമാകാം
    1. സാമന്യമര്യാദകളെ മൂന്ന്‍ തലത്തില്‍ കാണാം
    2. ഒരു ദിവസം എങ്ങനെ ആരംഭിക്കാം
  6. കുട്ടികള്‍ കള്ളം പറയുന്നത്
  7. കാശിന്‍റെ കളി
    1. ഓര്‍ത്തിരിയ്ക്കാന്‍ :
  8. കുറ്റം പറയണ്ട, കുട്ടികള്‍ അനുകരിക്കുന്നത് നിങ്ങളെയാണ്
    1. പാരന്റ്സ് ബി കെയര്‍ഫുള്‍
    2. സംസാര രീതി
    3. വാഗ്ദാനങ്ങള്‍
    4. മദ്യപാനവും പുകവലിയും
    5. മദ്യപിച്ച് വാഹനമോടിക്കുന്നത്
    6. സിനിമ / മീഡിയ
    7. സാമ്പത്തികം
    8. സ്വഭാവം
    9. ശരണ്യ വരുണ്‍
  9. സ്കൂള്‍ ബാഗൊരുക്കാം കുരുന്നിനായി
  10. ജലം അമൂല്യമാണ്‌..
  11. വേനലും അവധിയും

ആപ്പ്‌ ആപ്പാകുമോ ?

നമ്മുടെ കുട്ടികള്‍ അവരുടെ ഫ്രീ ടൈം കമ്പ്യൂട്ടറിലും, മൊബൈല്‍ ഫോണിലുമായി ചിലവഴിക്കുമ്പോള്‍ നമ്മള്‍ക്ക് എന്ത് തോന്നും ? എന്റമ്മോ ലോകത്തിന്റെ ഓരോ പോക്കെ എന്ന് പറഞ്ഞ് നമ്മളില്‍ പലരും അത്ഭുതപ്പെടുന്നുണ്ടാവും. ചിലരെങ്കിലും എനിക്കിതൊന്നും അറിയില്ലെന്ന് പറഞ്ഞ് മുഖം തിരിച്ചിട്ടുണ്ടാവും. എന്താണ് ഇതിന്റെ മുന്നില്‍ ഇത്രംയും നേരം നിനക്ക് നോക്കാനുള്ളത് ? എന്നൊരു ചോദ്യം നമ്മള്‍ കുഞ്ഞിനോട് ചോദിച്ചിടുണ്ടാവും.

അതെ മൊബൈലും, ഇന്‍റര്‍നെറ്റും ഒരു മാന്ത്രിക ലോകമാണ്. അതിന് കൊഴുപ്പ് കൂട്ടുന്നതോ ആപ്പ്‌ എന്നാ ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആപ്ലിക്കേഷന്‍സും. എന്തിനും ഏതിനും ആപ്പ്‌ എന്നൊരു പ്രയോഗം തന്നെ വന്നു കഴിഞ്ഞു. ആപ്പിന്റെ സാധ്യതകള്‍ നിരവധിയാണ്. പ്രായപരിധിയില്ലാതെ ആര്‍ക്കും ആപ്പ്സ്‌ ഉപയോഗിക്കാം. പ്രായമായ മുത്തശ്ശിക്ക് ആപ്പ്‌ വഴി മഹാഭാരതം വായിച്ചു കേള്‍ക്കാം. അമ്മമാര്‍ക്ക് പാചകപരീക്ഷണങ്ങള്‍ക്ക് പബ്ലിസിറ്റി കൊടുക്കാം, അച്ഛന് വാര്‍ത്ത കാണല്‍ ഹൈടെക്‌ ആക്കാം. എസ്ടിഡി ബൂത്തുകള്‍ ഭൂരിഭാഗവും മാറ്റപ്പെട്ടു കഴിഞ്ഞു. ലോകത്ത്‌ ആരുമായും കുറഞ്ഞ ചിലവില്‍ സംസാരിക്കാന്‍ കഴിയുമ്പോള്‍ ബൂത്ത്‌ എന്തിന് നോക്കുകുത്തിയാവണം ? swing എന്നതിന്റെ അര്‍ത്ഥം എന്താണ് ? ഡിക്ഷ്ണറി തപ്പാന്‍ ഓടണ്ട ഫോണില്‍ ഒരു ഡിക്ഷ്ണറി ആപ്പ്‌ ഇന്‍സ്റ്റാള്‍ ചെയ്തോളൂ. ഇഷ്ടപ്പെട്ട പുസ്തകം വായിക്കണോ ? ആപ്പ്‌ എടുത്തോ ഒരു ലൈബ്രറി തന്നെ സ്ക്രീനില്‍ പൂഇക്കാം. കുറഞ്ഞ ചിലവില്‍ കൂട്ടുകാരുമായി കത്തി വയ്ക്കാം. അതെ സാധ്യതകള്‍ നിരവധിയാണ്. പക്ഷേ എന്ത് കാര്യമായാലും അതിന് ഒരു നല്ലവശവും ചീത്തവശവും ഉണ്ടാവുമല്ലോ. ആപ്പും അതില്‍ നിന്നും ഭിന്നമല്ല. പലപ്പോഴും കാണാതെ പോകുന്ന അപകടകരമായ ഒരു മുഖം ആപ്പിനുമുണ്ട്. 12 വയസ്സുകാരി 21 വയസ്സുകാരന്റെ കൂടെ ഒളിച്ചോടി എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ നമുക്ക്‌ എന്താണ് തോന്നുക ? കുട്ടിയുടെ കയ്യിലിരിപ്പ് എന്നോ അതോ അവരുടെ അച്ഛനമ്മമാരെ പറഞ്ഞാ മതിയെന്നോ ? എന്നാല്‍ നമ്മളില്‍ പലരും അറിയാതെ വിട്ടുപോകുന്ന ഒരു കാര്യമുണ്ട്. 12 വയസ്സുകാരിക്ക് 21 വയസ്സുകാരനുമായി ഒളിച്ചോടാന്‍ പാകത്തിലുള്ള റിലേഷന്‍ഷിപ്പ് എങ്ങനെ ഉണ്ടായി എന്ന് ? അപകടം സംഭവിക്കുമ്പോള്‍ മാത്രം അത് വന്ന വഴിയെ കുറിച്ച് നമ്മളില്‍ പലരും ചിന്തിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉള്ളറകളിലേക്ക് അന്വേഷിച്ച് പോകുമ്പോഴാണ് വില്ലന്മാര്‍ മൊബൈല്‍ഫോണും, ഇന്റര്‍നെറ്റും ആണെന്ന് അറിയുക.

സ്വന്തം സ്വകാര്യ ദുഖങ്ങളും, പ്രശ്നങ്ങളും എവിടെയോ കിടക്കുന്ന നേരിട്ട് കണ്ടിട്ട് പോലുമില്ലാത്ത ഒരാളോട് പങ്കുവയ്ക്കുന്ന രീതിയിലേക്ക് കുട്ടികളെ പരിവപ്പെടുത്താല്‍ ആപ്പിന് കഴിയുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുത തന്നെയല്ലേ ? നിങ്ങളുടെ കുട്ടികളുടെ മൊബൈലില്‍ എന്തൊക്കെ ആപ്പ്സ്‌ ഉണ്ടെന്ന് നിങ്ങള്‍ക്കറിയാം ? 12-17വസ്സുകാരില്‍ 95%വും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരാണ്. 70% ത്തോളം പേര്‍ സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായി ഉള്ളവരും. അതെ ടെക്നോളജി നമ്മുടെ കുട്ടിയെ ഭരിക്കുകയാണ്.

ടെക്നോളജി ഗ്യാപ്പ്‌ എന്നൊന്നുണ്ടോ ?

എല്ലാ എന്ന് പറഞ്ഞ് ഒഴിയല്ലേ, നമ്മുടെ ബാല്യം നമുക്കൊന്ന് ഓര്‍ത്ത്‌ നോക്കാം. കാല്പ്പന്ത് കളിച്ചും, മാവില്‍ കല്ലെറിഞ്ഞും, കണ്ണാരം പോത്തിയും, നീന്തിത്തുടിച്ചും, വെള്ളാരം കല്ലില്‍ തട്ടി വീണ് മുട്ട് പൊട്ടുമ്പോള്‍ ഓടി കമ്മ്യൂണിസ്റ്റ്‌ പച്ച തേച്ചും നമ്മള്‍ കളിക്കളത്തിലേക്ക് ഓടും. അങ്ങനെ പലതും ഇപ്പോള്‍ ഓര്‍മ്മയില്‍ തെളിഞ്ഞ് വരുന്നില്ലേ. പ്രകൃതിയായിരുന്നു നമ്മുടെ ലോകം എന്നാല്‍ ഇന്ന് നമ്മുടെ മക്കളോ, മണ്ണിലിറങ്ങാന്‍ അവര്‍ക്ക്‌ മടിയാണ്. അവരുടെ കളിയും, ചിന്തയും, പ്രവര്‍ത്തനങ്ങളും ഒരു സ്ക്രീനിലേക്ക് ഒതുങ്ങി പോകുന്നു.

ടെക്നോളജി ഗ്യാപ്പ്‌ ഭീകരമാണ്. നമുക്ക് അറിയാവുന്നതിനേക്കാള്‍ കാര്യങ്ങള്‍ ടെക്നോളജിയെ കുറിച്ച് നമ്മുടെ മക്കള്‍ക്കറിയാം. അതെ അവര്‍ വളരുകയാണ്. നിങ്ങള്‍ക്കൊപ്പമല്ല, നിങ്ങളെക്കാള്‍ മുമ്പേ.. എന്നാല്‍ ഓട്ടത്തില്‍ അവര്‍ കാലിടറി വീഴാതെ നോക്കേണ്ട ഉത്തരവാദിത്വം നമ്മള്‍ രക്ഷിതാക്കള്‍ക്ക് തന്നെയാണ്. അറിവില്ലായ്മയുടെ പേരും പറഞ്ഞ് അതില്‍ നിന്നും ഒഴിവാകാന്‍ നമുക്കാവില്ല.

ഒരു മോശപ്പെട്ട വ്യക്തിയോ, സംഭവമോ തിരക്കിട്ട മാര്‍ക്കറ്റില്‍ നിന്നോ റോഡില്‍ നിന്നോ മാത്രമല്ല നമ്മുടെ കുഞ്ഞിന്റെ ബെഡ്റൂം വരെ അവരെ തേടിയെത്താം അതും ആപ്പ്‌ വഴി. അറിഞ്ഞോ അറിയാതെയോ അവര്‍ വീണ് പോകുകയാണ്. അത് മനസ്സിലാക്കി അവരെ നല്ല വഴിക്ക് നയിക്കേണ്ട ഉത്തരവാദിത്വം നമുക്ക്‌ തന്നെയാണ്.

കുട്ടിത്തത്തെ വഴി തെറ്റിക്കുന്ന ചില ആപ്പിതാ

വിസ്പര്‍

യാതോരു ചെലവുമില്ലാതെ ഉപയോഗിക്കാവുന്ന ആപ്പാണ് വിസ്പര്‍. ഇതിലൂടെ ആര്‍ക്കും ആരോടും ആശയവിനിമയം നടത്താം. ആളുകള്‍ പരസ്പരം അറിയണമെന്നില്ല. ഐഡന്റിറ്റി വെളിപ്പെടില്ല എന്നത് കൊണ്ട് ആര്‍ക്കും എന്തും പടച്ച് വിടാന്‍ ഈ ആപ്പ്‌ വഴിയൊരുക്കുന്നു. 2012-ലാണ് ഈ ആപ്ലിക്കേഷന്‍ രംഗത്തെത്തിയത്. മൊബൈല്‍ മെസ്സേജിംഗ് സര്‍വ്വീസിന്റെ വക്താക്കളായ മൈക്കല്‍ ഹെവാര്‍ഡും, ബ്രാഡ്‌ബുക്ക്സുമാണ് ഇതിന് പിന്നില്‍. ഐഡന്റിറ്റി ആരും അറിയില്ല എന്നത് കൊണ്ട് തന്നെ കുട്ടികള്‍ക്ക് നിയന്ത്രണമില്ലാതെ എന്തും ചെയ്യാം എന്ന രീതിയിലാണ് കാര്യങ്ങള്‍.

സ്നാപ് ചാറ്റ്

ചിത്രങ്ങള്‍ അയക്കുന്നതിനുള്ള ഒരു ആപ്ലിക്കേഷനാണിത്. സ്വീകര്‍ത്താവ് സ്വീകരിച്ച് 10 സെക്കന്റിനകം ചിത്രം അപ്രത്യക്ഷമാവും. സ്ക്രീന്‍ഷോട്ട് സംവിധാനത്തിലൂടെ ചിത്രം ഒരു പെര്‍മനന്റ് ഇമേജാക്കി മാറ്റാന്‍ കഴിയും. എന്നാല്‍ പല കുട്ടികളും ഇതിനെകുറിച്ച് ബോധവാന്മാരല്ല. ചിത്രം മാഞ്ഞുപോകും എന്നുള്ളത് കൊണ്ട് എന്ത് മോശം ചിത്രവും അയക്കാന്‍ കുട്ടികള്‍ ധൈര്യപ്പെടും. ഇവാന്‍ സ്പീഗല്‍, ജോനാതന്‍ മേ എന്നിവര്‍ ചേര്‍ന്നാണ് സ്നാപ് ചാറ്റ് നിര്‍മ്മിച്ചത്‌.

ആസക് എഫ്.എം

ആസക് എഫ്.എം ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്പാണ്. ഇതൊരു ചോദ്യോത്തര പരിപാടിയാണ്. ആര്‍ക്കും എന്ത് ചോദ്യവും പോസ്റ്റ് ചെയ്യാം, ഉത്തരങ്ങള്‍ പങ്കുവയ്ക്കാം. പക്ഷേ ഇങ്ങനെ ഉണ്ടാവുന്ന സൗഹൃദത്തില്‍ നിന്നും കുട്ടിക്ക്‌ ഊരിപ്പോകണം എന്ന് thonniyആള്‍ രക്ഷയില്ല. കാരണം ബ്ലോക്ക്‌ ചെയ്താലും കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ബ്ലോക്ക്‌ ചെയ്യപ്പെട്ട ആള്‍ക്ക് കഴിയും. Ask.com ഉടമസ്ഥതയിലുള്ള ആസക് എഫ്.എം 2010 ലാണ് രംഗത്തെത്തിയത്‌.

കിക്ക്‌ മെസഞ്ചര്‍

ഇതൊരു മെസ്സേജിംഗ് ആപ്ലിക്കേഷനാണ്. രക്ഷിതാക്കളുടെ കണ്ണില്‍പ്പെടാതെ മെസേജ് അയക്കനാവും എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. തികച്ചും സൗജന്യമായ ഒരു ആപ്പാണിത്. പലപ്പോഴും മെസ്സേജുകളില്‍ സെക്സിന്റെ അമിതപ്രസരം ഉണ്ടാവുണ്ട് എന്നതിനാല്‍ കുട്ടികള്‍ വഴിതെറ്റി പോകാനുള്ള സാത്യത കൂടുതലാണ്. 2009 ല്‍ രംഗത്തെത്തിയ ഇതിന് പിന്നില്‍ വാട്ടര്‍ലൂ സര്‍വ്വകലാശാലയിലെ ഏതാനും കുട്ടികളാണ്.

ഒമ്ലേഗ

2008 ലാണ് ഒമ്ലേഗ ആപ്പ്‌ രംഗത്തെത്തിയത്‌. രജിസ്റ്റര്‍ ചെയ്യാതെ ഉപയോഗിക്കാനാവുന്ന ഒരു ആപ്ലിക്കേഷനാണിത്. ഇതുപയോഗിക്കുന്ന വ്യക്തികള്‍ക്ക് പരസ്പരം അറിയണമെന്നില്ല. അതുകൊണ്ട് തന്നെ പരസ്പരം പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്കും, വീഡിയോകള്‍ക്കും യാതൊരു നിയന്ത്രണവുമില്ല. അതുകൊണ്ട് തന്നെ ഇത് അപകടകരവുമാണ്.

ചാറ്റ് റൌലറ്റ്

ഇത് ഒരു വീഡിയോ ചാറ്റിംഗ് ആപ്ലിക്കേഷനാണ്. അപരിചിതരുമായി വീഡിയോയിലൂടെ കണ്ട് സംസാരിക്കാന്‍ ഈ ആപ്പ്‌ അവസരമൊരുക്കുന്നു. ഇതൊരു സൌജന്യ സേവനമാണെന്ന് മാത്രമല്ല, രജിസ്ട്രേഷനും ആവശ്യമില്ല. അജ്ഞാരായി ഇരിക്കും എന്നതിനാല്‍ ഇത നഗ്നതാ പ്രദര്‍ശനത്തിനുള്ള ഒരു വേദി കൂടിയായി മാറുന്നു.

ഇത് വായിച്ചു കഴിയുമ്പോള്‍ നിങ്ങള്ക്ക് മക്കള്‍ ഉപയോഗിക്കുന്ന ആപ്പ്സ്‌ ഒന്ന് പരിശോധിക്കണം എന്ന് തോന്നിയിട്ടുണ്ടാകും. ചിലരൊക്കെ ഇപ്പോഴും നെറ്റി ചുളിക്കുന്നുണ്ടാവും. കുഞ്ഞിന്റെ സ്വകാര്യതയെ കുറിച്ചല്ലേ നിങ്ങളുടെ ചിന്ത. നമ്മുടെ കുഞ്ഞിന്റെ സുരക്ഷയേക്കാള്‍ വലുതാണോ അവരുടെ സ്വകാര്യത ? ഇനി ആപ്പിലാവാത്ത ഒരു തീരുമാനം എടുക്കാലോ അല്ലേ ?

അതിരുവിട്ടാല്‍ വികൃതിയും വൈകൃതം

സ്കൂളില്‍ നിന്നും കുസൃതി കാട്ടി മിക്ക ദിവസവും ക്ലാസ്സിന് പുറത്താണ് കുട്ടി. അവന്റെ അച്ഛനും അമ്മയുമാണെങ്കില്‍ ഓഫീസില്‍ ചിലവഴിക്കുന്നതിനേക്കാള്‍ സമയം സ്കൂളിലാണ്. കൈക്കരുത്ത് കാട്ടിയും തര്‍ക്കുത്തരം പറഞ്ഞും അദ്ധ്യാപകര്‍ക്കും വീട്ടുകാര്‍ക്കും ശരിക്കും ഒരു തലവേദനയാണ് കക്ഷി. അതിശയോക്തിയിയല്ല സംഭവം ഉള്ളതുതന്നെയാണ്. ഏറണാകുളത്ത് ഒരു സ്കൂളിലാണ് സംഭവം. ബലപ്രയോഗത്തിലൂടെയും കരുത്ത്‌ കാട്ടിയും തര്‍ക്കിച്ചും മറ്റുള്ളവരെ ഭയപ്പെടുത്തി ശക്തി ഉപയോഗിച്ചാണ് ഇത്തരക്കാര്‍ സ്വന്തം കാര്യം നേടുന്നത്. സഹപാഠികളെയും സുഹൃത്തുകളെയും ദേഹോപദ്രവം എല്പ്പിക്കലാണ് പ്രധാന സ്വഭാവ സവിശേഷത. എന്നാല്‍ വല്ലപ്പോഴും കുട്ടികള്‍ പ്രകടിപ്പിക്കുന്ന ഇത്തരം പെരുമാറ്റങ്ങളെ സ്വഭാവ വൈകൃതമായി കാണാന്‍ കഴിയില്ല. മറിച്ച് ആവര്‍ത്തിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അതൊരു സ്വഭാവ വൈകൃതമായി കണക്കാക്കുക തന്നെവേണം.

പ്രകടിപ്പിക്കുന്ന രീതിയും സന്ദര്‍ഭവുമായി ഇത്തരം കയ്യേറ്റങ്ങളെ ആറായി തിരിക്കാം

ശാരീരിക പീഡനം

സഹപാഠികളെ അല്ലെങ്കില്‍ സുഹൃത്തുക്കളെ ശാരീരികമായി കീഴ്പ്പെടുത്തി കാര്യം നേടുന്നവരാണിവര്‍. ചിലപ്പോള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഇരയെ വേദനിപ്പിക്കുന്നതുവരെയെത്തും കാര്യങ്ങള്‍.

വൈകാരിക പീഡനം

ഇരയെ വൈകാരികമായി തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടുകാരില്‍ നിന്ന് ഒരാളെ ഒറ്റപ്പെടുത്തുകയും പുറത്താക്കാനും ശ്രമിക്കുക. കുപ്രചരണം നടത്തിയും മാനസികമായി തളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചും മനപ്പൂര്‍വ്വം അവഗണിച്ചുമൊക്കെയാണ് ഇവര്‍ ഒരാളെ വൈകാരികമായി പീഡിപ്പിക്കുന്നത്.

വാക്കാലുള്ള പീഡനം

ഇരയെക്കുറിച്ച് കുപ്രചരണം നടത്തി മാനസികമായി തളര്‍ത്തിയും മറ്റുള്ളവരുടെ മുന്‍പില്‍ പരിഹാസ കഥാപാത്രമാക്കിയും വാക്കുകള്‍ കൊണ്ട് ഇരയെ തളര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നത്.

സൈബര്‍ പീഡനം

ഇന്റര്‍നെറ്റ്‌, മൊബൈല്‍ഫോണ്‍ തുടങ്ങിയ നൂതന മാര്‍ഗ്ഗങ്ങളിലൂടെ ഇരയെ ഭീഷിണിപ്പെടുത്തി കാര്യങ്ങള്‍ നേടുന്നവരാണിവര്‍. പുതുതലമുറയുടെ മാറിവരുന്ന സാഹചര്യങ്ങളെ ദുരുപയോഗപ്പെടുത്തുകയാണിവര്‍ ചെയ്യുന്നത്. മറ്റു പീഡനങ്ങളില്‍ നിന്ന് സൈബര്‍ ചൂഷണങ്ങളെ എളുപ്പത്തില്‍ തിരിച്ചറിയുക പ്രയാസമാണ്.

ലൈംഗീക പീഡനം

ഇന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് ലൈംഗീക പീഡനങ്ങള്‍. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്നവയാണിവ. സഹപാഠികളുടെ സ്വകാര്യത അവരറിയാതെ പകര്‍ത്തുകയും നൂതന മാര്‍ഗ്ഗങ്ങളിലൂടെ ഭീഷിണിപ്പെടുത്തുകയുമാണിവര്‍ ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ പെണ്‍കുട്ടികളാണ് കൂടുതലും സൈബര്‍ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നത്.

സംഘം ചേര്‍ന്ന ഭീഷിണി

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളിലും കോളേജ്‌ വിദ്യാര്‍ത്ഥികളിലുമാണ് സംഘം ചേര്‍ന്ന് ഭീഷിണിപ്പെടുത്തുന്ന പ്രവണത കൂടുതലായി കണ്ടുവരുന്നത്. സംഘം ചേര്‍ന്നായിരിക്കും ഇവര്‍ ഇരയെ നേരിടുന്നത്. ക്ലാസ്സ്‌ മുറികള്‍, സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സാധാരണയായി ഇവയ്ക്കുള്ള സാഹചര്യങ്ങള്‍ കണ്ടെത്തുന്നത്.

പലപ്പോഴും ഭീഷിണികളും, ചൂഷണങ്ങളും മറ്റും രഹസ്യസ്വഭാവമുള്ളതും മുതിര്‍ന്നവര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായിരിക്കും. അതുകൊണ്ട് തന്നെ ഇരയാകുന്ന കുട്ടികളെ തിരിച്ചറിയാന്‍ കഴിയാതെ വരും.

ഭീഷിണിക്കും ചൂഷണത്തിനും ഇരയാകുന്നവര്‍ മാത്രമല്ല ദൃക്സാക്ഷികളെയും വൈകാരികമായും മാനസികമായും മോശമായി ഇത് ബാധിക്കും. വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ബഹുമാനം, വിശ്വാസം, സത്യസന്ധത എന്നീ മൂല്യങ്ങളാണ് ഇതിലൂടെ നഷ്ടമാകുന്നത്. വിദ്യാര്‍ത്ഥികളുടെ സ്വാഭിമാനം, പഠനം, എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ്, സഹവര്‍ത്തിത്വം എന്നിവയെ സാരമായി ബാധിച്ചേക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഇതൊരു സാധാരണ സംഭവമായി കാണുകയും അവഗണിക്കുകയും ചെയ്‌താല്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ഗുരുതരമായി ബാധിച്ചേക്കാം.

സ്കൂളുകളില്‍ ശ്രദ്ധിക്കേണ്ടത്‌
  • സ്കൂളുകളില്‍ ഓരോ വിദ്യാര്‍ത്ഥിക്കും സുരക്ഷിതത്വവും പിന്തുണയും നല്‍കേണ്ടതാണ്.
  • സ്കൂളുകളില്‍ പൊതുവായി അംഗീകരിച്ച പെരുമാറ്റ രീതികളും, സംസ്കാരവും ഉയര്‍ത്തിപ്പിടിക്കുക.
  • പ്രശ്നങ്ങളെ വിലയിരുത്തുകയും ഇരകളില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
  • തിരിച്ചറിയപ്പെട്ട കുറ്റാരോപിതരെ സംയമനത്തോടെ കൈകാര്യം ചെയ്യുകയും സാഹചര്യമനുസരിച്ച് കര്‍ശനമായ അല്ലെങ്കില്‍ മാതൃകാ ശിക്ഷ നല്‍കുകയുമാവാം.
  • കുട്ടികള്‍ക്ക്‌ പറയാനുള്ളത്‌ സശ്രദ്ധം കേള്‍ക്കുക.
  • കുട്ടികളെ കുറ്റപ്പെടുത്താതിരിക്കുക. മാത്രമല്ല അവരില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കാന്‍ ശരമിക്കുക.
  • കുട്ടികളുടെ അഭിപ്രായത്തെ മുന്‍നിര്‍ത്തി കാര്യങ്ങള്‍ തീരുമാനിക്കുക.
  • സ്കൂളുമായി നിരന്തര ബന്ധം സൂക്ഷിക്കുക.
  • ഇത്തരം പ്രശ്നങ്ങളെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുക.
മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

ഇരയാക്കപ്പെടുന്ന കുട്ടികള്‍ ചെയ്യേണ്ടത്‌

ശാരീരികമായി പീഡിപ്പിക്കപ്പെട്ടാല്‍

സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.

ഒറ്റപ്പെടാതെ മറ്റുള്ള കുട്ടികളുടെ കൂടെ സാന്നിധ്യം ഉറപ്പാക്കുക.

വീട്ടിലോ സ്കൂളിലോ ഏറ്റവും വിശ്വസ്തരായവരോട് കാര്യങ്ങള്‍ തുറന്നു പറയുക.

വാക്കാല്‍ പീഡിപ്പിക്കപ്പെടുമ്പോള്‍

പരമാവധി ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുക

പ്രശ്നം തന്നെ ബാധിച്ചതായി പ്രകടിപ്പിക്കാതെ ധൈര്യത്തോടെ നില്‍ക്കുക

ഒരു കുട്ടി ആക്രമിക്കപ്പെടുന്നതായി മനസ്സിലാക്കാന്‍ അവരിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ നമ്മെ സഹായിച്ചേക്കും
  • അകാരണമായ മുറിവുകള്‍
  • ക്രമം തെറ്റിയ വസ്ത്രധാരണംഭക്ഷണക്രമത്തിലുണ്ടാകുന്ന മാറ്റം
  • ക്ലാസ്സില്‍ പഠനത്തില്‍ പിന്നിലാവുക
  • സ്വയം മുറിവേല്‍പ്പിക്കുക
  • മറ്റു വിദ്യാര്‍ത്തികളെ ശാരീരികമായി ഉപദ്രവിക്കുക
  • സമാന സ്വഭാവമുള്ള കുട്ടികളുമായുള്ള കൂട്ടുകെട്ട്
  • സ്ഥാപന മേധാവിയുടെ സാന്നിദ്ധ്യത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടാതായി വരുന്ന കുട്ടികള്‍
  • ദൈനംദിന പ്രവര്‍ത്തികളില്‍ അസാധാരണത്വം
  • ഒരു കുട്ടി ചൂഷണത്തിന് വിധേയമാകുന്നത് കണ്ടുനില്‍ക്കേണ്ടി വരുന്ന മറ്റൊരു കുട്ടിയിലെ പെരുമാറ്റ വ്യത്യാസങ്ങള്‍
  • നിരാശ
  • ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം
  • ആത്മഹത്യാ പ്രവണത
  • അത്തരം കുട്ടികളില്‍ സ്വാഭിമാനം വളര്‍ത്തുക
  • പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ അവരെ പ്രേരിപ്പിക്കുക
  • ആരോഗ്യകരമായ ബന്ധം സൃഷ്ടിക്കുക
  • വിദ്യാര്‍ത്ഥികളെ സംവദിക്കാന്‍ അനുവദിക്കുക
  • വ്യത്യസ്ത മേഖലകളിലെ കുട്ടികളെ ഒന്നിച്ച് നിര്‍ത്തുക
  • അനന്തര ഫലത്തെ കുറിച്ച് ബോധവാന്മാരാക്കുക
  • കഴിവുകള്‍ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുക
  • തെറ്റ് ആവര്‍ത്തിക്കില്ലെന്നും എങ്ങനെ പെരുമാറണമെന്ന പെരുമാറ്റ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉടമ്പടികളില്‍ ഒപ്പുവയ്പ്പിക്കുകയും ചെയ്യുക.
ഒരാള്‍ മറ്റുകുട്ടികളെ ഉപദ്രവിക്കുന്നുവെന്ന് മനസ്സിലാക്കാന്‍
പീഡനത്തിനിരയായവരെ എങ്ങനെ സഹായിക്കണം ?
ആക്രമണത്തിന് മുതിരുന്ന കുട്ടികളെ ബോധവല്‍ക്കരിക്കേണ്ട വിധം

ഡയാന പത്രോസ് വിവിന്‍

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌

സണ്‍റൈസ്‌ ഹോസ്പിറ്റല്‍, എറണാകുളം

മാന്യനാകാം മാതൃകയുമാകാം

ഇടവക സന്ദര്‍ശനവുമായി ഒരു വൈദികന്‍ ഭാവന സന്ദര്‍ശനം നടത്തുകയായിരുന്നു. ഒരു വീട്ടിലെത്തിയപ്പോള്‍ ഡോര്‍ ബെല്ലടിച്ചു. തുറന്നിട്ട വാതില്‍ പാളിയിലൂടെ ഒരു കുട്ടി എത്തിനോകി വിളിച്ചു പറഞ്ഞു. ‘അമ്മേ അച്ഛന്‍ വന്നിട്ടുണ്ട് ഒന്നിങ്ങോട്ട് വാ’. ആ കുട്ടി വീണ്ടും അകത്തേക്ക്‌ വലിഞ്ഞ് ടിവി കാണുന്നതില്‍ വ്യാപൃതനായി. ഏതാനും മിനിറ്റ്‌ വൈദികന്‍ പുറത്ത് നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മ ഇറങ്ങി വന്ന് അച്ഛനെ സ്വീകരിച്ചു. അതിഥി അകത്ത്‌ കടന്നെങ്കിലും ടിവി ഓഫാക്കാനോ അതിഥിയുമായി സംസാരിക്കാനോ ആ കുട്ടി ശ്രമിച്ചില്ല എന്നത് ആ വൈദികനെ അത്ഭുതപ്പെടുത്തി. ‘ഒരു വൈദികന്‍ വന്നിട്ട് പോലും ഇതാണ് പ്രതികരണമെങ്കില്‍..’എന്നദ്ദേഹം പിന്നീട് പറഞ്ഞു. ചാനലുകള്‍ മര്യാദ പഠിപ്പിക്കുന്ന ഇക്കാലത്ത്‌ ഇതിലപ്പുറവും സംഭവിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യ സംസ്കാരത്തിന്റെ ആദ്യപാഠം മറ്റൊരാളുടെ വ്യക്തിത്വത്തെ മാനിക്കുവാന്‍ പഠിക്കുകയെന്നതാണ്. ‘മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താത്തവനാണ് യഥാര്‍ത്ഥ മനുഷ്യനെന്ന് കര്‍ദിനാള്‍ ന്യൂമാന്‍ എഴുതുന്നുണ്ട്. വാക്കോ പ്രവൃത്തിയോ വഴി മറ്റുള്ളവരെ മുറിപ്പെടുത്താത്തവനാണ് മനുഷ്യന്‍.

സമൂഹജീവിയായ മനുഷ്യന്‍ സമൂഹത്തില്‍ പെരുമാറുന്നതിനനുസരിച്ച് അവന് അംഗീകാരവും ആദരവും ലഭിക്കുന്നു. സമൂഹത്തിലെ ഉപചാര മര്യാദകള്‍ പാലിക്കുന്നവരെ മാന്യനെന്ന്‍ വിളിക്കാം. മുന്‍കാലങ്ങളില്‍ മുത്തച്ഛനും മുത്തശ്ശിയും കുടുംബാംഗങ്ങളും കൂടിയായിരിക്കുമ്പോഴേ എങ്ങനെ പെരുമാറണമെന്ന് പറഞ്ഞു കൊടുക്കുമായിരുന്നു. ഇന്നാകട്ടെ അനുകുടുംബങ്ങളായി മാറുകയും ജീവിതം തിരക്കേറുകയും ചെയ്തതിനാല്‍ കുട്ടികളെ മര്യാദകള്‍ ശീളിപ്പിക്കുവാന്‍ സമയമില്ലാതായി. ആളില്ലാതായി.

സാമന്യമര്യാദകളെ മൂന്ന്‍ തലത്തില്‍ കാണാം
  1. നമ്മുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടത്‌ : ഉദാഹരണമായി മറ്റുള്ളവരെ കാണുമ്പോള്‍ ഗുഡ്‌മോര്‍ണിംഗ് പറയുക, സ്തുതി ചൊല്ലുക, മാന്യമായി ഹസ്തദാനം ചെയ്യുക തുടങ്ങിയവ.
  2. പരിഗണനയ്ക്ക് കീഴില്‍ വരുന്നത് : ഉദാഹരണമായി മാന്യവും, വൃത്തിയായും വസ്ത്രം ധരിക്കുന്നത്, മാന്യമായി ഭക്ഷണം കഴിക്കുന്നത്, കിടന്നുറങ്ങുമ്പോഴും ചെയ്യേണ്ടതെല്ലാം.
  3. സാമാന്യ ബുദ്ധിക്കനുസരിച്ച് ചെയ്യുന്നത് : യാത്ര ചെയ്യുമ്പോള്‍, ബന്ധുക്കള്‍ വീട്ടിലെത്തുമ്പോള്‍, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍, കളിക്കളത്തിലും വിദ്യാലയങ്ങളിലും പെരുമാറുന്നത്.

ജീവിത വിജയത്തിന്റെ ആദ്യചുവട് ഒരു ദിവസത്തില്‍ ആരംഭിക്കുന്നു

ഒരു ദിവസം എങ്ങനെ ആരംഭിക്കാം

എയ്ഞ്ചല്‍ജോണ്‍ എന്ന സിനിമയിലെ മഡോണ എന്ന യുവാവിന്റെ ദിനം ആരംഭിക്കുന്നത് കണ്ടിരിക്കും. വൈകിയാണ് എഴുനേല്‍ക്കുന്നത്. അതുകൊണ്ട് തന്നെ പല്ലുതേയ്ക്കാനോ, കുളിക്കാനോ, മുടി ചീകാനോ സമയമില്ലാതെ കോളേജിലേക്ക് ഓടുകയാണ്. അമ്മയെടുത്ത് തരുന്ന ഭക്ഷണം എങ്ങനെയൊക്കെയോ വലിച്ചുകേറ്റി ഓടുകയാണ്.

ഇങ്ങനെയൊരു ദിവസമായാല്‍ എന്താണ് കുഴപ്പം

  • ആത്മവിശ്വാസമില്ലാത്ത ദിനമായിത്തീരും
  • മറ്റുള്ളവരില്‍ നിന്നും അകന്നുപോകും
  • ക്ലാസ്സില്‍ ഒറ്റപ്പെടും
  • മറ്റുള്ളവരുടെ ശകാരവും അസംതൃപ്തിയും അനുഭവിക്കേണ്ടി വരും
  • ഒരു ദിവസം തന്നെ നഷ്ടമാകും

എല്ലാ ദിവസവും ഇങ്ങനെയായാല്‍ ഒരു അദ്ധ്യയന വര്‍ഷം തന്നെ നഷ്ടമാകും. എല്ലാ വര്‍ഷവും ഇങ്ങനെയാണെങ്കിലോ? ജീവിതം തന്നെ നഷ്ടമാകും. ഈ സുന്ദര ജീവിതം നഷ്ടമാകാതിരിക്കാന്‍ ചില മര്യാദകള്‍ ശീലിക്കുന്നത് നല്ലതല്ലേ ?

  • എല്ലാ ദിവസവും അലാറം വച്ച് കൃത്യ സമയത്ത്‌ തന്നെ എഴുനേല്‍ക്കുക
  • ഒരു പുതുദിനം തന്ന ദൈവത്തിന് നന്ദി പറഞ്ഞ് ചെറിയൊരു പ്രാര്‍ത്ഥനയാവാം
  • ബെഡ്ഷീറ്റ് ചുളിവ്‌ നിവര്‍ത്തി പുതപ്പ് മടക്കി വയ്ക്കുക
  • പല്ല് തേച്ച് മുഖം കഴുകി ഒരു ഗ്ലാസ് വെള്ളം കുടിച്ച് ഉന്മേഷത്തോടെ പഠിക്കാനിരിക്കുക
  • തിരി കത്തിച്ച് പ്രാര്‍ത്ഥനയോടെ പഠനത്തിലേക്ക് കടക്കാം
  • നേരം പുലരുന്നതോടെ ദിവസവും ആരാധനാലയങ്ങളില്‍ പോകുന്നത് വളരെ നല്ലതാണ്

Eyes on the prize എന്ന് പറയാറുണ്ട്‌. ഇന്ന് ചെയ്യുന്ന എല്ലാ ജോലിയിലും വിജയം കൈവരിക്കണമെന്ന ദൃഡനിശ്ചയമാണിത്. I want a great day എന്ന് മനസ്സില്‍ ഉറപ്പിക്കണം. തലേദിവസം തയ്യാറാക്കി വച്ച Do list എടുത്ത്‌ ചെയ്യേണ്ട കാര്യങ്ങള്‍ എടുത്തുനോക്കി പ്രവൃത്തികള്‍ ആരംഭിക്കാം. വീട്ടിലെ കൊച്ചു ജോലികള്‍ കൂടി ചെയ്‌താല്‍ മാതാപിതാക്കള്‍ക്ക് സന്തോഷമാവും. കുളി കഴിഞ്ഞ് വൃത്തിയായി വസ്ത്രമണിഞ്ഞ് ടൈം ടേബിളിനനുസരിച്ച് പുസ്തകവുമെടുത്ത് സ്കൂളിലേക്ക് പോകാം. Yes I want to be a great.

കുട്ടികള്‍ കള്ളം പറയുന്നത്

പ്രസിദ്ധ ബ്രിട്ടീഷ്‌ കുറ്റാന്വേഷക വിദഗ്ദ്ധന്‍ സര്‍ സിറില്‍ ബര്‍ട്ട് കള്ളം പറയല്‍ രീതിയെ എട്ടായി തരം തിരിച്ചിട്ടുണ്ട്. തമാശക്ക് പറയുന്ന കള്ളങ്ങള്‍ (playful lies) വിചിത്ര കല്പനാ കള്ളങ്ങള്‍ (fantasy lies) തെറ്റിദ്ധരിപ്പിക്കുന്ന കള്ളങ്ങള്‍ (confusing lies) സ്വാഭിമാനം വളര്‍ത്തുന്നതിനുള്ള കള്ളങ്ങള്‍ (vanity aroucing lies) പ്രതികാരാത്മക കള്ളങ്ങള്‍ (revengeful lies) സ്വാര്‍ത്ഥതല്പരമായ കള്ളങ്ങള്‍ (selfish lies) കൂറ് പുലര്‍ത്താനുള്ള കള്ളങ്ങള്‍ (lies of loyalty) രോഗസംബന്ധിയായ കള്ളങ്ങള്‍ (pathological lies) എന്നിവയാണവ. അസത്യം പറയുന്നതിനെയാണ് കള്ളം പറയല്‍ എന്ന് പറയുന്നത്. മനപ്പൂര്‍വ്വം തെറ്റായ കാര്യങ്ങള്‍ പറയുക, ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പറയുക, കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കത്തക്ക വിധത്തില്‍ പറഞ്ഞു ഫലിപ്പിക്കുക, കാര്യങ്ങള്‍ വളച്ചൊടിച്ച് പറയുക എന്നിവയൊക്കെ ചേര്‍ന്നതാണ് കള്ളം പറയല്‍. ചില വസ്തുക്കളെ ബോധപൂര്‍വ്വം നിഷേധിക്കുന്നതും പൂര്‍ണ്ണമായും നിഷേധിക്കുന്നതും കള്ളം പറച്ചലില്‍ ഉള്‍പ്പെടും.

ശൈശവത്തിലും ബാല്യത്തിന്റെ ആദ്യ ദശകങ്ങളിലും തമാശക്ക് വേണ്ടി കുട്ടികള്‍ കള്ളം പറയാറുണ്ട്‌. ഇത്തരം കള്ളം പറയലിനെ കുറ്റകൃത്യമായി കാണാന്‍ കഴിയില്ല. ഇത്തരം കള്ളങ്ങള്‍ ധാരാളം തമാശ പ്രദാനം ചെയ്യുന്നവയാണ്. ആഗ്രഹങ്ങളുടെ സഫലീകരണ ചിന്തകളാണ് വിചിത്ര കല്പനാ കള്ളങ്ങളിലൂടെ പ്രകടിപ്പിക്കുന്നത്. ഏകദേശം 4 വയസ്സുവരെയുള്ള കുട്ടികള്‍ കൂടെക്കൂടെ വിചിത്ര കല്പനാ കള്ളങ്ങള്‍ പറയുന്നത് സ്വാഭാവികമാണ്. ഈ കാലത്ത്‌ കുട്ടികള്‍ ഭാവനാ സൃഷ്ടിയുടെ വിചിത്ര ലോകത്ത്‌ വസിക്കുന്നതാണ് ഇതിന് കാരണം. ചില സന്ദര്‍ഭങ്ങളില്‍ വസ്തുക്കളെക്കുറിച്ചും വസ്തുതകളെക്കുറിച്ചും ശരിയും തെറ്റും തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് കഴിയാതെ വരും. അത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷപ്പെടുന്നത്തിനുവേണ്ടി കുട്ടികള്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കുവാന്‍ നോക്കും. കള്ളം പറഞ്ഞ് ഇല്ലാത്ത സ്വാഭിമാനം വളര്‍ത്തി രസിക്കുക കുട്ടികളുടെ ഒരു വിനോദമാണ്. ഇത്തരം കള്ളങ്ങള്‍ പറയുന്നത് അവരുടെ അഹ (ego) ത്തിന്‍റെ സംതൃപ്തിക്ക് വേണ്ടിയാണ്. അപകര്‍ഷതാബോധം പുലര്‍ത്തുന്നവരാണ് ഇത്തരം കള്ളങ്ങള്‍ പറയുന്നത്. കളികളിലും മത്സരങ്ങളിലും തങ്ങളെ പരാജയപ്പെടുത്തുന്നവരെക്കുറിച്ച് മറ്റുള്ളവരോട് കള്ളങ്ങള്‍ പറയുന്ന സ്വഭാവം ചില കുട്ടികള്‍ക്കുണ്ട്. തന്റെ പരതിയോഗിയുടെ മേല്‍ മേധാവിത്വം പുലര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരം കള്ളങ്ങള്‍ മെനയുന്നത്. മുതിര്‍ന്ന വ്യക്തികളിലും ഈ പ്രവണതയുണ്ട്.

സ്വന്തം കുറ്റങ്ങളും കുറവുകളും മറച്ചുവയ്ക്കുന്നതിനായി കള്ളം പറയുന്നവരുമുണ്ട്. മറ്റുള്ളവരുടെ മുന്‍പില്‍ കുറ്റക്കാരനാകാതെ സ്വയരക്ഷക്ക് വേണ്ടിയാണ് ഇത്തരം കള്ളങ്ങള്‍ പറയുക. വ്യക്തികള്‍ തങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിനോട് കൂറ് പുലര്‍ത്തുക സ്വാഭാവികമാണ്. ഗ്രൂപ്പിനോട് കൂറ് പുലര്‍ത്തുന്നവര്‍ ഗ്രൂപ്പിന്റെ സുരക്ഷിതത്വത്തിന് വേണ്ടി കള്ളം പറയും. ഗ്രൂപ്പിന്റെ തെറ്റായ നടപടികള്‍ മൂടിവയ്ക്കുന്നതിനുവേണ്ടിയാണിത്‌. ചില വ്യക്തികള്‍ പ്രത്യേകതരം വൈകാരിക ഭാവങ്ങളും വ്യവഹാര അപസാമാന്യതകളും പുലര്‍ത്തുന്നവരാണ്. വെറുതെ നുണ പറയുക, സംതൃപ്തിക്കുവേണ്ടി നുണ പറയുക, പറ്റിക്കാന്‍ വേണ്ടി നുണ പറയുക, വംപത്തം പ്രകടിപ്പിക്കുന്നതിന് വേണ്ടി നുനപരയുക എന്നിങ്ങനെയുള്ള നുണകള്‍ ഇക്കൂട്ടര്‍ പറയും. ഇത്തരക്കാര്‍ ‘നുണരോഗി’കളാണ്.

കുട്ടികളുടെ കള്ളം പറയുന്ന ശീലം പരിഹരിക്കാവുന്നതാണ്. കള്ളം പറഞ്ഞതായി ബോധ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ കള്ളം പറയുകയാണോ എന്ന് ചോദിക്കുന്നതിന് പകരം ‘ എന്തിന് കള്ളം പറഞ്ഞു’ എന്ന് വളച്ചുകെട്ടില്ലാതെ ചോദിക്കുന്നതാണ് നല്ലത്. നേരിട്ടുള്ള ചോദ്യം കള്ളം മൂടിവയ്ക്കാന്‍ കള്ളങ്ങള്‍ മെനെഞ്ഞെടുക്കുന്നതില്‍ നിന്നും കുട്ടിയെ പിന്തിരിപ്പിക്കും. ഒപ്പം കള്ളം പറഞ്ഞതിന്റെ അടിസ്ഥാന കാരണം കണ്ടുപിടിക്കുകയും വേണം. കുട്ടികള്‍ക്ക് ഭയം കൂടാതെ എന്തും തുറന്ന് പറയുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കണം. പേടിച്ചിട്ടാണ് കുട്ടികള്‍ കള്ളം പറയുന്നത്.

കുട്ടികള്‍ കള്ളം പറയാന്‍ പ്രേരിതരാകുന്ന സന്ദര്‍ഭങ്ങളും കള്ളം പറയാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളും കഴിവതും ഒഴിവാക്കണം. കുട്ടി ആദ്യമായി കള്ളം പറയുമ്പോള്‍ കുട്ടിയെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുന്നത് നല്ലതാണ്. കുറ്റസമ്മതം വഴി പശ്ചാത്താപം, നാണക്കേട്, പരിഭ്രമം തുടങ്ങിയ വികാരങ്ങള്‍ കുട്ടികളില്‍ ഉണ്ടാകും. ഇത്തരം വികാരങ്ങള്‍ വീണ്ടും കള്ളം പറയുന്നതിന് തടസ്സമായി നില്‍ക്കും. കള്ളം പറഞ്ഞതിന്റെ ഫലമായി ഉണ്ടായിട്ടുള്ള ഹിതകരമല്ലാത്ത സാഹചര്യം കുട്ടികള്‍ ഓര്‍ക്കുകയും അതുവഴി വീണ്ടും കള്ളം പറയുന്നതില്‍ നിന്നും അവര്‍ പിന്മാറുകയും ചെയ്യും.

കള്ളം നിയന്ത്രിക്കുന്നതിന്, ചിലത് ചെയ്യരുതെന്ന് വിലക്കുന്നതിനേക്കാള്‍ അവ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് വേണ്ടത്. കള്ളം പറയരുതെന്ന് ഉപദേശിക്കുന്നതിന് പകരം സത്യം പറയണം എന്ന് പഠിപ്പിക്കുക. അതോടൊപ്പം കള്ളം പറയുന്നതും, കള്ളം പ്രവൃത്തിക്കുന്നതും തെറ്റാണെന്ന് ബോധ്യപ്പെടത്തക്ക വിധം ചെയ്ര്യ പരിഹാര ശിക്ഷകള്‍(ശാരീരിക ശിക്ഷകള്‍ പാടില്ല) നല്‍കുക. ‘അരുത്’ എന്ന് പറയുന്നതിനേക്കാള്‍ ‘എങ്ങനെ’ ചെയ്യണമെന്ന തിരിച്ചറിവാണ് ഓരോ കുട്ടിയ്ക്കും നല്‍കേണ്ടത്. എങ്ങനെ ചെയ്യണമെന്ന് പഠിപ്പിക്കുന്നതാണ് ശിക്ഷണം.

ശൈശവകാല അനുഭവങ്ങള്‍ സ്നേഹത്തിന്റെ നിറച്ചാര്‍ത്തുകളായിരിക്കണം. സ്നേഹം എന്നാല്‍ സന്തോഷമുള്ള അനുഭവങ്ങളാണ്. ലാളനയും കരുതലും പരിഗണനയും സ്പര്‍ശനവും തലോടലും അടങ്ങിയ സന്തോഷകരമായ അനുഭവങ്ങളാണ് ആരോഗ്യകരമായ വ്യക്തിത്വവികസനത്തിന് കളമൊരുക്കുന്നത്. കുട്ടികള്‍ക്ക് മാനസികാരോഗ്യം ഉണ്ടാക്കുക എന്നതാണ് പ്രധാനം. സ്നേഹം, നീതി, അനുകമ്പ, കരുണ, ഉത്തരവാദിത്വബോധം, ആത്മാര്‍ത്ഥത, വിശുദ്ധി തുടങ്ങി ഒരുപാട് മൂല്യങ്ങള്‍ മാതാപിതാക്കളിലൂടെ മക്കളിലേക്ക് സന്നിവേശിപ്പിക്കപ്പെടണം. ആത്മവിശ്വാസത്തിന്റേയും ആത്മധൈര്യത്തിന്റെയും സ്വയം മതിപ്പിന്റെയും തലങ്ങളിലേക്ക് അവര്‍ ഉയര്‍ന്നാല്‍ പിന്നീട് കള്ളം പറയില്ല.

കുട്ടികള്‍ക്ക്‌ കുടുംബാംഗങ്ങള്‍ മാതൃകയാകണം. കുട്ടികള്‍ ദുശ്ശീലങ്ങളിലേക്ക് വഴുതി വീഴുന്നത മറ്റുള്ളവരേക്കാള്‍ വീട്ടിലുള്ളവരെ നോക്കിയാണെന്നത് എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കണം. മാതാപിതാക്കള്‍ നുണ പറഞ്ഞാല്‍ കുട്ടികളും നുണ ഒഅരയും. കുട്ടികള്‍ ചെയ്യരുതെന്ന് നാം പറയുന്ന കാര്യങ്ങള്‍ മാതാപിതാക്കളോ വീട്ടിലുള്ളവരോ ചെയ്‌താല്‍ മറിച്ചുള്ള വിലക്കുകള്‍ കുട്ടികളില്‍ ഒരു സ്വാധീനവും ഉണ്ടാക്കില്ല. കുട്ടികള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ് അവര്‍ ജീവിതത്തില്‍ ആവര്‍ത്തിക്കുന്നത്.

ശൈശവത്തില്‍ സംഭവിക്കുന്നതെല്ലാം ടേപ്പ്‌ റെക്കോര്‍ഡറിലെന്നപോലെ കുട്ടികളുടെ തലച്ചോറില്‍ ആലേഖനം ചെയ്യപ്പെടുന്നു എന്നാണു ന്യൂറോ സര്‍ജനായ പെന്‍ ഫീല്‍ഡിന്റെ ഗവേഷണ പഠനങ്ങള്‍ തെളിയിക്കുന്നത്. നൈസര്‍ഗ്ഗിക വാസനകളുടെ നിര്‍ബാധമായ പ്രകടനമാണ് ശിശുഭാവത്തിന്റെ പ്രത്യേകത. ഈ ഭാവമാണ് സര്‍ഗ്ഗാത്മകതയുടേയും പ്രസന്നതയുടേയും ഉറവിടം. മൂല്യബോധമുള്ള സ്വതന്ത്രമായ വളര്‍ച്ചയുടെ പരിപോഷണം നടന്നാല്‍ കുട്ടികള്‍ ഉന്നത വ്യക്തിത്വമുള്ളവരാകും.

അടിസ്ഥാന മനോഭാവ രൂപീകരണം നടക്കുന്നത് ബാല്യകാലത്താണ്. മനസ്സിന് മുറിവേല്‍പ്പിക്കാത്ത വളരെ പോസറ്റീവായ രൂപീകരനമാണ് ബാല്യത്തില്‍ വേണ്ടത്‌. ‘ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം’ എന്ന കവി വാക്യം വളരെ അര്‍ത്ഥവത്താണ്. വളര്‍ത്തു ദോഷത്തിന്റെ ഇരകളായി അവര്‍ മാറുമ്പോഴാണ് കള്ളന്മാരും കുറ്റവാളികളുമായി തീരുന്നത്. ഉത്തരവാദിത്വമുള്ള പിതൃത്വവും മാതൃത്വവും പകര്‍ന്നു നല്‍കുക. സ്വയം മാതൃകയായി, മൂല്യങ്ങള്‍ പകര്‍ന്ന്‍ മക്കളെ നല്ലവരാക്കുക.

കാശിന്‍റെ കളി

പ്ലാസ്റ്റിക്കും റബ്ബറും ലോഹങ്ങളും ഒക്കെ ഉപയോഗിച്ചിട്ടുണ്ടാക്കുന്ന കളിപ്പാട്ടങ്ങള്‍ക്കൊണ്ട് കളിയ്ക്കുന്ന പ്രായം കഴിയുമ്പോഴേക്കും തങ്ങളുടെ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നല്‍കുന്ന കടലാസ്സുകൊണ്ടുള്ള കളിപ്പാട്ടമായി മാറിയിരിക്കുകയാണ് പണം. ആവശ്യത്തിനും അനാവശ്യത്തിനും വാരിക്കോരി മക്കള്‍ക്ക്‌ പണം നല്‍കുന്നതാണ് സ്നേഹത്തിന്‍റെ ഉത്തമമായ പ്രകടനമെന്ന് ധരിച്ച് വച്ചിരിക്കുന്നവരാണ് പല അച്ഛനമ്മമാരും.

ഹോസ്റ്റലിലും, ബോര്‍ഡിങ്ങിലുമൊക്കെ താമസിക്കുന്ന മക്കള്‍ക്ക്‌ അവര്‍ ആവശ്യപ്പെട്ടതിലുമപ്പുറം ഇഷ്ടം പോലെ പണം അയച്ച് കൊടുക്കുന്നതിലൂടെ തങ്ങള്‍ അടുത്തില്ലാത്ത കുറവ് നികത്താം എന്നാണ് പല അച്ഛനമ്മമാരുടേയും ധാരണ. ഏറ്റവും വിലകൂടിയ വസ്ത്രങ്ങളും, ചെരുപ്പുകളും, മൊബൈല്‍ ഫോണുമൊക്കെ മക്കള്‍ക്ക്‌ സമ്മാനിക്കുമ്പോള്‍ അവര്‍ മാതാപിതാക്കളെ ഒരുപാട് സ്നേഹിക്കും എന്നുള്ള പൊട്ടച്ചിന്ത വച്ച് പുലര്‍ത്തുന്നവര്‍ വിഡ്ഢികളുടെ ലോകത്താണ് !

പണത്തിന്‍റെ ധാരാളിത്തം കൊണ്ട് നശിച്ച് പോയവരില്‍ ഭൂരിഭാഗവും ആ ശീലം ബാല്യകാലത്ത്‌ തന്നെ ആരംഭിച്ചവരാണ്. അതിന് വളം വച്ച് കൊടുത്തതാവട്ടെ വീട്ടിലുള്ളവരാണെന്ന് ദുഃഖകരമായ മറ്റൊരു സത്യം !

താരതമ്യേനെ പാവപ്പെട്ട കുടുംബത്തിലെ ഏക സന്താനമായിരുന്നു അരുണ്‍. കോളേജില്‍ ധനികരായ വിദ്യാര്‍ത്ഥികളായിരുന്നു അവന്‍റെ കൂട്ടുകാര്‍. വീട്ടിലെ ഇല്ലായ്മ സമ്പന്നരായ കൂട്ടുകാരുടെ മുമ്പില്‍ മറച്ച് വയ്ക്കാന്‍ അരുണ്‍ ആദ്യം മുതലേ ശ്രമിച്ച് തുടങ്ങി. അച്ഛനോടും അമ്മയോടും തന്ത്രപരമായ നുണകള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പണം കൈക്കലാക്കുന്നത് അവന്‍റെ സ്ഥിരം പരിപാടിയായി മാറി. അതുകൊണ്ടും മതിയാവാതെ വരുമ്പോള്‍ പല ആവശ്യങ്ങള്‍ക്കായി വീട്ടിലുള്ളവര്‍ സൂക്ഷിച്ച് വയ്ക്കുന്ന ചെറിയ തുകകള്‍ മോഷ്ടിക്കുന്ന ശീലത്തിലെക്ക് അവന്‍ വഴിമാറി. പാവപ്പെട്ടെവനെങ്കിലും പത്രാസ്സുകാരനായ അരുണിന്റെ ആര്‍ഭാട ശൈലി അവനെ സമ്പന്നരായ കൂട്ടുകാര്‍ക്കിടയില്‍ പ്രിയങ്കരനാക്കി. പക്ഷേ മദ്യപാനവും മറ്റ് അധിക ചിലവുകളും വര്‍ദ്ധിച്ച് വന്നപ്പോള്‍ അവന്‍ തിരിഞ്ഞത് ബൈക്ക്‌ മോഷണത്തിലേക്കായിരുന്നു. നിനച്ചിരിയ്ക്കാതെ പോലീസിന്‍റെ പിടിയിലായപ്പോള്‍ ഞെട്ടിയത്‌ അരുണിന്റെ മാതാപിതാക്കള്‍ മാത്രമായിരുന്നില്ല ആ നാടും നാട്ടുകാരും കൂടിയായിരുന്നു. മനസ്സലിവ് തോന്നിയ അയല്‍ക്കാരന്റെ രാഷ്ട്രീയ സ്വാധീനത്തില്‍ കേസില്‍ നിന്ന് കഷ്ടിച്ച് അരുണ്‍ തലയൂരി. അച്ഛനമ്മമാരോടൊപ്പം അരുണ്‍ ക്ലിനിക്കിലെത്തുമ്പോള്‍ മാനസികമായി ആകെ തകര്‍ന്ന നിലയിലായിരുന്നു അരുണ്‍.

ഓര്‍ത്തിരിയ്ക്കാന്‍ :
  • കുട്ടികള്‍ക്ക്‌ കളിയ്ക്കാന്‍ കൊടുക്കേണ്ട ഒന്നല്ല പണം. വീട്ടിലെ ബുദ്ധിമുട്ടും പ്രയാസവും പണത്തിന്‍റെ ലളിതമായ ഉപയോഗത്തിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തുക.
  • സാധനങ്ങള്‍ വാങ്ങാന്‍ മക്കളുടെ പക്കല്‍ പണം കൊടുക്കുമ്പോള്‍ കണക്ക് സഹിതം ബാക്കി തുക തിരികെ മേടിയ്ക്കുക. അഥവാ ബാക്കി രൂപ പോക്കറ്റ് മണിയായി അവര്‍ക്ക്‌ നല്‍കുകയാണെങ്കില്‍ പോലും കണക്ക്‌ ചോദിച്ച് തീര്‍ച്ചപ്പെടുത്തിയിട്ടാവണം
  • പിന്നെ സ്വന്തം ജീവിതത്തില്‍ ലാവിഷായി പണം ചിലവഴിയ്ക്കുന്ന അച്ഛനും അമ്മയും മക്കളെ മിതവ്യം പഠിപ്പിക്കാന്‍ ചെന്നാല്‍ ഇളിഭ്യരാകുമെന്നത് മറക്കണ്ട. വടി കൊടുത്ത് അടി വാങ്ങരുത്‌.

കുറ്റം പറയണ്ട, കുട്ടികള്‍ അനുകരിക്കുന്നത് നിങ്ങളെയാണ്

പാരന്റ്സ് ബി കെയര്‍ഫുള്‍

കുട്ടികള്‍ നാളെയുടെ വാഗ്ദാനങ്ങളാണ്, പ്രതീക്ഷകളാണ്. കുട്ടികള്‍ നന്നാവുന്നതിലും ചീത്തയാവുന്നതിലും 90 ശതമാനം പങ്കും അവരുടെ കുടുംബത്തിന്റേത് മാത്രമാണ്. നമ്മുടെ കുരുന്നുകള്‍ക്ക്‌ അവരുടെ മാതാപിതാക്കള്‍ തന്നെയാണ് അന്നും ഇന്നും എന്നും റോള്‍ മോഡല്‍. നിസ്സാരകാര്യങ്ങള്‍ പോലും അവര്‍ രക്ഷിതാക്കളെ കണ്ട് പഠിക്കുന്നത്. നടക്കുന്നത്, ഇരിക്കുന്നത്, ഭക്ഷണം കഴിക്കുന്നത്, ഫോണ്‍ ചെയ്യുന്നത്, ഡ്രസ്സ് ചെയ്യുന്നത്, സംസാരിക്കുന്നത് അങ്ങനെ എല്ലാം. നമ്മുടെ മക്കള്‍ കാര്‍ബണ്‍ കോപ്പിയാണ്. അതിനാല്‍ തന്നെ അവരുടെ ഭാവി നമ്മുടെ കരങ്ങളിലാണ്.

രക്ഷിതാക്കളെ അനുകരിക്കുന്നത് മുതലാണ്‌ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് തുടക്കം കുറിക്കുന്നത്. 1 മുതല്‍ 6 വയസ്സുവരെയുള്ള പ്രായത്തിലാണ് മാതാപിതാക്കള്‍ കുട്ടികളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത്. ഈ പ്രായത്തില്‍ തന്നെയാണ് സ്വഭാവത്തില്‍ പോസിറ്റീവും നെഗറ്റീവും സ്ഥാനം പിടിക്കുന്നതും. അതുകൊണ്ട് തന്നെ രക്ഷിതാക്കളുടെ ദുശ്ശീലങ്ങള്‍ കുട്ടികളെ വളരെ പെട്ടെന്ന് സ്വാധീനിക്കുന്നു. ഇത്തരം ദുശ്ശീലങ്ങള്‍ കുട്ടികളെ ഏതെല്ലാം തരത്തിലാണ് ബാധിക്കുന്നത് എന്ന് നമുക്ക്‌ പരിശോധിക്കാം.

സംസാര രീതി

കുരുന്നുകള്‍ സംസാരിച്ച് തുടങ്ങുന്നത് തന്നെ മാതാപിതാക്കളുടെ മുഖത്ത് നിന്നാണ്. ഒന്ന് ഒന്നര വയസ്സ് മുതല്‍ അമ്മയും അച്ഛനും പറയുന്നത് കേട്ടുകൊണ്ടാണ് കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ പഠിക്കുന്നത് തന്നെ. കുട്ടികളുടെ മുന്‍പില്‍ വച്ച് ചീത്ത വിളിക്കുന്നതും മോശം പദപ്രയോഗങ്ങള്‍ നടത്തുന്നതും മനസ്സിലാക്കുവാനും അതുപോലെ പറയുവാനും അവര്‍ ശ്രമിക്കും. മാത്രമല്ല, കുട്ടികളുടെ മുന്‍പില്‍ നിന്ന് മാതാപിതാക്കള്‍ വഴക്കിടുന്നതും, മറ്റൊരാളെ കുറിച്ച് മോശമായി സംസാരിക്കുന്നതും, ഫോണിലൂടെയുള്ള വര്‍ത്തമാനം ശൈലികളും, ചേഷ്ടകളും എല്ലാം കുട്ടികളെ വളരെ പെട്ടെന്ന് സ്വാധീനിക്കുകയും, അവയെല്ലാം ശരിയാണ് എന്ന ബോധം അവരില്‍ വളര്‍ത്തുകയും ചെയ്യും. പിന്നീട് ഒരു ചടങ്ങില്‍, കുടുംബ പരിപാടിയില്‍, സ്കൂളില്‍ ഒക്കെ കുട്ടി ഇത്തരത്തില്‍ പെരുമാറുമ്പോഴാണ് രക്ഷിതാക്കള്‍ക്ക്‌ അടി കിട്ടുന്നത്. ഈ സ്വഭാവം പറഞ്ഞ് തിരുത്താന്‍ കഴിയില്ല, അവരുടെ കുഞ്ഞു മനസ്സില്‍ പതിഞ്ഞ് പോയതാണവ. നമ്മള്‍ അവരുടെ മുന്‍പില്‍ വച്ച് അത്തരം സംഭാഷണങ്ങള്‍ ഒഴിവാക്കുക മാത്രമാണ് പരിഹാരം.

വാഗ്ദാനങ്ങള്‍

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ഉദാഹരണമായി പരീക്ഷയില്‍ ഇത്ര മാര്‍ക്ക്‌ വാങ്ങിയാല്‍ സൈക്കിള്‍ വാങ്ങിത്തരാം, ട്രിപ്പ്‌ കൊണ്ടുപോകാം തുടങ്ങിയവ. രക്ഷിതാക്കള്‍ തങ്ങളുടെ വാക്ക്‌ പാലിക്കുന്നതിലൂടെ മക്കളിലും വാക്ക്‌ പാലിക്കണം എന്ന ഒരു ബോധമാണ് ഉണ്ടാക്കുന്നത്. രക്ഷിതാക്കള്‍ പാലിക്കാത്ത പക്ഷം അതിന്‍റെ ഒന്നും ആവശ്യമില്ല എന്നാണ് കുട്ടികള്‍ മനസ്സിലാക്കുക. ഉത്തരവാദിത്ത ബോധമില്ലാത്ത തലമുറയെ വാര്‍ത്തെടുക്കും ഫലം.

മദ്യപാനവും പുകവലിയും

കുട്ടികളുടെ സാന്നിധ്യത്തില്‍ പുകവലിക്കുമ്പോഴും മദ്യപിക്കുമ്പോഴും നാം അത് ആസ്വദിക്കുകയാണ് എന്ന തോന്നല്‍ കുട്ടിയുടെ മനസ്സില്‍ വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ ഇത് നല്ലതാണ് എന്ന തോന്നലും ഉണ്ടാക്കുന്നു. അതുകൊണ്ടാണ് ഇന്നത്തെ കുട്ടികള്‍ കൗമാരത്തിലെത്തും മുന്‍പേ ഈ ദുശ്ശീലം സ്വായത്തമാക്കുന്നത്. പിതാക്കളെ അനുകരിച്ച് ചെറിയ കുട്ടികള്‍ വിറക്‌ കമ്പ് വായില്‍ വച്ച് വലിച്ച നടക്കുന്നത് നമ്മള്‍ കാണാറില്ലേ ?

മദ്യപിച്ച് വാഹനമോടിക്കുന്നത്

വാഹനം ഓടിച്ചുകൊണ്ട് പുകവലിക്കാനോ, മദ്യപിച്ചുകൊണ്ട് വാഹനം ഓടിയ്ക്കുവാനോ പാടില്ല എന്ന് മാത്രമല്ല, അത് നിയമ ലംഘനം കൂടിയാണ്. കുട്ടികളുമൊത്തുള്ള യാത്രയില്‍ മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ ഇത് ശരിയായ നയമാണെന്നും, ഈ നിയമനിഷേധം അത്ര കാര്യമാക്കേ എന്നുമുള്ള ബോധ്യമാണ് രക്ഷിതാക്കള്‍ വളര്‍ത്തിയെടുക്കുന്നത്. ഇത്തരം പ്രവൃത്തികളിലൂടെ കുട്ടികളുടെ മുന്നില്‍ ഒരു സൂപ്പര്‍ ഡാഡിയാവാനുള്ള ശ്രമം വിപരീത ഫലമാണ് ഉണ്ടാക്കുക.

സിനിമ / മീഡിയ

മാതാപിതാക്കള്‍ കാണുന്ന സിനിമകള്‍, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയെല്ലാം കുട്ടികളെ വളരെയേറെ സ്വാധീനിക്കുന്നവയാണ്. സ്വന്തം ചിന്തകളെ രൂപീകരിക്കാന്‍ ഇവ ഉതകുന്നു. കുട്ടികളുടെ സാന്നിധ്യത്തില്‍ കാണുന്ന അശ്ലീല ചിത്രങ്ങള്‍ അവരെ വിപരീത ദിശയിലേക്കായിരിക്കും നയിക്കുക. 2 വയസ്സുകാരിയേയും 80 വയസ്സുകാരിയേയും പീഡിപ്പിക്കുന്നവരുടെ ഗണത്തിലേക്കുള്ള ചവിട്ടുപടിയാവും അത്.

സാമ്പത്തികം

പണം അമിതമായി ചിലവാക്കുന്ന രക്ഷിതാക്കളുടെ മക്കള്‍ക്ക് ഒരിക്കലും അതിന്റെ മൂല്യം മനസിലാക്കാന്‍ സാധിക്കുകയില്ല. ഒപ്പം പണം നല്‍കി എന്തും നേടാം എന്ന മനോഭാവവും മക്കളില്‍ വളര്‍ത്തുകയാണ് ചെയ്യുക.

സ്വഭാവം

മാതാപിതാക്കളുടെ ചില സ്വഭാവ സവിശേഷതകള്‍ കുട്ടികളില്‍ അതുപോലെ പ്രകടമാകാറുണ്ട്. തമാശയ്ക്ക് പോലും പറയാറുള്ള ചെറിയ ചെറിയ നുണകളും കള്ളത്തരങ്ങളും അതുപോലെ അനുകരിക്കാന്‍ കുട്ടികള്‍ ശ്രമിക്കാറുണ്ട്. അവരുടെ സ്കൂളിലും കൂട്ടുകാര്‍ക്കിടയിലും ഈ ദുശ്ശീലം അവരെ മോശമാക്കി ചിത്രീകരിക്കുക മാത്രമല്ല സ്വഭാവ വൈകല്യങ്ങളുടെ അടിത്തറയായിരിക്കും ചെയ്യുന്നു.

മാറ്റം അവനവനില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത് എന്ന ബോധം രക്ഷിതാക്കളാണ് ആദ്യം വളര്‍ത്തിയെടുക്കേണ്ടത്.

ശരണ്യ വരുണ്‍

സ്കൂള്‍ ബാഗൊരുക്കാം കുരുന്നിനായി

പലവര്‍ണ്ണങ്ങളിലുള്ള ബാഗുകള്‍ തൂക്കി കുട്ടികള്‍ സ്കൂളില്‍ പോവുന്നതു കണ്ടിട്ടില്ലേ ? അപ്പോള്‍ മിക്കവാറും എല്ലാ വീടുകളിലും അമ്മമ്മാരുടെ ജോലിയാണ് ഇങ്ങനെ ബാഗൊരുക്കിക്കൊടുക്കല്‍. രാവിലെ സ്കൂള്‍ ബസ്സ്‌ വന്ന് ഹോണടിക്കുമ്പോഴാവും ബാഗ് ഒരുക്കിയിട്ടില്ലെന്ന് ഓര്‍മ വരിക. പിന്നെ ഒരു ഓട്ടപ്പാച്ചിലാണ്. അതിനിടയില്‍ പകുതി സാധനങ്ങള്‍ മറന്ന് പോവുകയും ചെയ്യും. തലേദിവസം ഒന്ന് ശ്രദ്ധിച്ചാല്‍ ഈ ഓട്ടപ്പാച്ചില്‍ ഒഴിവാക്കാവുന്നതേ ഉള്ളൂ.

  • ടിഫിന്‍ ബോക്സും, സ്നാക്സ്‌ ബോക്സും, വാട്ടര്‍ ബോട്ടിലും ഒഴിച്ചുള്ളവ എല്ലാം തലേദിവസം തന്നെ ബാഗില്‍ എടുത്ത്‌ വയ്ക്കുക
  • ഹോം വര്‍ക്കുകള്‍ ഉണ്ടെങ്കില്‍ അതെല്ലാം ചെയ്ത് കഴിഞ്ഞതിന് ശേഷം ടൈംടേബിള്‍ നോക്കി പുസ്തകങ്ങള്‍ എടുത്ത്‌ വയ്ക്കണം. ചെറിയ കുട്ടികളെ ഇക്കാര്യത്തില്‍ സഹായിക്കേണ്ട ചുമതല അച്ഛനമ്മമാര്‍ക്കുണ്ട്
  • ഇന്‍സ്ട്രുമെന്റ് ബോക്സും മറ്റും കൃത്യമായി എടുത്ത്‌ വയ്ക്കാന്‍ മറക്കരുത്
  • മഴക്കാലമാണെങ്കില്‍ കുടയോ, മഴക്കൊട്ടോ ബാഗില്‍ എടുത്ത്‌ വയ്ക്കാന്‍ മറക്കരുത്
  • ടിഫിന്‍ ബോക്സ് എടുത്ത്‌ വയ്ക്കുമ്പോള്‍ കറി വേറെ പാത്രത്തില്‍ എടുക്കണം. ഇത് പ്ലാസ്റ്റിക് കവര്‍കൊണ്ട് പൊതിയുന്നത് നന്നായിരിക്കും
  • മത്സ്യം, മാംസം തുടങ്ങിയവ സ്കൂളില്‍ കൊടുത്തുവിടാതിരിക്കുന്നതായിരിക്കും നല്ലത്
  • ടിഫിന്‍ ബോക്സും, സ്നാക്സ്‌ ബോക്സും ചെറിയൊരു ക്യാരി ബാഗിനുള്ളില്‍ കൊടുത്ത് വിടുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ കറികളും മറ്റും മറിഞ്ഞ് പുസ്തകങ്ങള്‍ കേടുവരാന്‍ ഇടയാകും
  • തിളപ്പിച്ചാറിയ വെള്ളം എപ്പോഴും വാട്ടര്‍ ബോട്ടിലില്‍ കൊടുത്തുവിടാന്‍ മറക്കരുത്.

ഇതും കുട്ടികളെ പഠിപ്പിക്കണം

ജലം അമൂല്യമാണ്‌..

വെള്ളം വെള്ളം സര്‍വത്ര തുള്ളി കുടിക്കാനില്ലത്രേ എന്ന പറച്ചില്‍ ഒരുപാട് കേട്ടതാണെങ്കിലും പലരും അത് നേരിട്ട് അനുഭവിച്ചു കാണണമെന്നില്ല. പക്ഷെ ഇങ്ങനെ പോയാല്‍ ആ കാലം വരാന്‍ അധികം വൈകുമെന്നും തോന്നുന്നില്ല. പ്രകൃതി ചൂഷണത്തോടൊപ്പം ജലത്തിന്റെ അമിതോപയോഗമായിരിക്കും അതിന്റെ മുഖ്യ കാരണം. വളര്‍ന്നു വരുന്ന ഒരു തലമുറയെ ജലസംരക്ഷണതിന്റെ പാഠം പഠിപ്പിക്കേണ്ടത് അതുകൊണ്ടുതന്നെ  അനിവാര്യമാണ്. അത് നമ്മുടെ വീട്ടില്‍ നിന്നും തുടങ്ങണം. കുട്ടികള്‍ക്ക് എന്തൊക്കെ ചെയ്യാമെന്ന ചില നിര്‍ദ്ദേശങ്ങള്‍..

  1. സ്കൂളില്‍ നിന്നും തിരികെ വരുമ്പോള്‍ വാട്ടര്‍ ബോട്ടിലില്‍ വെള്ളം ബാക്കിയുണ്ടെങ്കില്‍ അത് കുടിക്കാനോ അതല്ലെങ്കില്‍ ചെടിക്കോ ഒഴിക്കാന്‍ ശീലിപ്പിക്കുക. ഒഴിച്ചുകളയാന്‍ സമ്മതിക്കരുത്.
  2. അശ്രദ്ധമായി ടാപ്പുകള്‍ തുറന്നിട്ട്‌ പോകുന്ന ശീലം കുട്ടികള്‍ക്കുണ്ട്. ഇങ്ങനെ കണ്ടാല്‍ അവരോടുതന്നെ അത് അടയ്ക്കാന്‍ ആവശ്യപ്പെടാം.കുട്ടികള്‍ അത് പിന്നീട ആവര്‍ത്തിക്കില്ല. അതുപോലെ വാഷ് ബേസിനില്‍ കൈ കഴുകുമ്പോള്‍ ടാപ്പ്‌ തുറന്നിടാതിരിക്കാന്‍ പറയുക.
  3. വീട്ടില്‍ അടുക്കളയിലും മറ്റും അരിയും പച്ചക്കറിയുമൊക്കെ കഴുകാനുപയോഗിക്കുന്ന വെള്ളം ഒഴിച്ചുകളയാതെ ചെടിക്കും മറ്റും ഒഴിക്കുന്നത് കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കുക.
  4. വീട്ടില്‍നിന്നും പുറത്തുപോകുമ്പോള്‍ ടാപ്പുകളൊന്നും തുറന്നുകിടക്കുന്നില്ലെന്നു ഉറപ്പാക്കാന്‍ കുട്ടികളോട് ആവശ്യപ്പെടുക
  5. വേനല്‍മഴ പെയ്യുമ്പോള്‍ ബക്കറ്റുളിലും മറ്റു പാത്രങ്ങളിലും വെള്ളം ശേഖരിച്ചു വെക്കാന്‍ കുട്ടികളോട് ആവശ്യപ്പെടുക. പിന്നീടത് ചെടികള്‍ നനയ്ക്കാനും മറ്റും ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിക്കുക. മഴക്കൊയ്ത്തിന്റെ പ്രാധാന്യവും വിവിധ രീതികളും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാം.
  6. തുണി അലക്കിയ ശേഷം വാഷിംഗ് മെഷിനില്‍നിന്നും പുറത്തുവരുന്ന സോപ്പ് വെള്ളം തറ തുടക്കാനും കഴുകാനുമായി ഉപയോഗിക്കാമെന്ന് ബോധ്യപ്പെടുത്തുക.
  7. ടാപ്പ് തുറന്നിട്ട്‌, ഹോസ്പൈപ്പ് ഉപയോഗിച്ച് തുടര്‍ച്ചയായി സൈക്കിളും ബൈക്കും കാറുമൊക്കെ കഴുകുന്ന ശീലം മാറ്റുക. പകരം ബക്കറ്റില്‍ വെള്ളമെടുത്ത് കഴുകുന്നതിലൂടെ ജല ഉപയോഗം കുയ്ക്കാമെന്നു ബോധ്യപ്പെടുത്തുക.
  8. ലോകത്ത് ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളുടെയും മരുഭൂമികളുടെയും അവിടെ കഷ്ടപ്പെടുന്ന ജനങ്ങളുടെയും ചിത്രങ്ങള്‍ കുട്ടികളെ കാണിച്ച് ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയാം.
  9. നിത്യ ജീവിതത്തില്‍ ജലനഷ്ടം ഒഴിവാക്കാവുന്ന ഓരോ അവസരവും കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുക. കുളിക്കുമ്പോള്‍ അമിതമായി ഷവര്‍ തുറന്നിടുന്നതും അനാവശ്യമായി വെള്ളം കോരിയോഴിക്കുന്നതും നിയന്ത്രിക്കാം. ഫ്ലഷ് ടോയിലറ്റുകള്‍ ഉപയോഗിക്കുന്ന വീടുകളില്‍ മൂത്രമൊഴിച്ച ശേഷം ഫുള്‍ ഫ്ലഷ് ഉപയോഗിക്കുന്നതിനു പകരം ഹാഫ് ഫ്ലാഷ് ചെയ്‌താല്‍ മതിയെന്നും പറഞ്ഞു കൊടുക്കുക.
  10. ഹോട്ടലുകളില്‍ വെയിറ്റര്‍ തുടര്‍ച്ചയായി ഗ്ലാസ്സുകളില്‍ വെള്ളം നിറച്ചുവെക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അതിന്റെ ആവശ്യമില്ലെന്ന് പറയുക. അത് കുട്ടികള്‍ക്കും പ്രചോദനമാകും.

വേനലും അവധിയും

ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍

അവധിക്കാലം വേനല്‍ക്കാലത്തായത് ചില കാര്യങ്ങളില്‍ ഗുണവും ചിലപ്പോള്‍ അല്പം ദോഷവും ആകാറുണ്ട്. സ്വാതന്ത്ര്യം കിട്ടുന്നതുകൊണ്ട് എല്ലാം മറന്നു ആഘോഷിക്കുന്നവരാണ് പലരും. അതുകൊണ്ടുതന്നെ ചില അപകടങ്ങളും സ്വാഭാവികം. വേനല്‍ക്കാലത്തും അവധി ആഘോഷങ്ങളിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

  1. സാധാരണ ഗതിയില്‍ തന്നെ പകല്‍ ചൂട് 35ഡിഗ്രിയാണ്. ചില സ്ഥലങ്ങളില്‍ 40ഉം. പൊരിവെയിലത്ത് കളിക്കാനിരങ്ങിയാല്‍ സൂര്യാഘാതത്തിനു സാദ്ധ്യതയുണ്ട്. നട്ടുച്ചയ്ക്ക് കളി ഒഴിവാക്കുന്നതാണ് നല്ലത്.
  2. ചൂടായതുകൊണ്ട് തന്നെ സ്വന്തമായി വാഹനമുള്ളവര്‍ അതിലാവും യാത്ര. ഒരു കാരണവശാലും ചെറിയ കുട്ടികളെ വാഹനങ്ങളില്‍ ഇരുത്തി പുറത്തു പോകരുത്. വാഹനത്തിലെ അമിതമായ ചൂടുകൊണ്ടും ഓക്സിജന്റെ അഭാവം (Asphyxiation)കൊണ്ടും കുഞ്ഞുങ്ങള്‍ മരണപ്പെട്ട സംഭവങ്ങള്‍ നിരവധി.
  3. തീപ്പെട്ടി, ഗ്യാസ് ലൈറ്റര്‍, സിഗരറ്റ് ലൈറ്റര്‍ ഇവയൊന്നും ചെറിയകുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കരുത്.
  4. എളുപ്പം തീപിടിക്കുന്ന തരത്തില്‍ വീടിനു ചുറ്റും കരിയിലയും മറ്റും നിറഞ്ഞു കിടക്കുന്നുണ്ടെങ്കില്‍ നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം.
  5. പുഴകളും കുളങ്ങളുമൊക്കെ വറ്റിയാലും അവധിക്കാലത്ത്‌ വെള്ളം തേടിയുള്ള പോക്ക് കുട്ടികള്‍ക്കൊരു ഹരമാണ്. പക്ഷെ പുഴയുടെ ചില ഭാഗങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളംത്തില്‍ ഇറങ്ങുന്നത് അപകടം വരുത്തിയേക്കാം. വേനലല്ലേ പുഴയില്‍ വെള്ളമില്ലല്ലോ എന്ന് കരുതി ചാടിമറിയുന്നത് ഇനിയൊന്ന് ആലോചിച്ചിട്ട് മതി.
  6. ഇടയ്ക്കൊരു വേനല്‍ മഴ കിട്ടുമ്പോള്‍ നിറച്ചു വെക്കുന്ന പാത്രങ്ങളും അപകടം വരുത്തിയേക്കാം. ചൂടത്ത് ഒന്ന് തണുക്കാന്‍ ഇത്തരം വെള്ളംനിറച്ച പാത്രത്തില്‍ എത്തിനോക്കി, അതില്‍വീണ് അപകടം പറ്റുന്നവര്‍ ഉണ്ടെന്നത് മറക്കാതിരിക്കുക.
  7. മാമ്പഴം നിറഞ്ഞ കാലം, കണിവെക്കാന്‍ കൊന്നമരത്തില്‍ കയറേണ്ട മാസം, ഊഞ്ഞാല് കെട്ടാനും കരണം മറിയാനുമൊക്കെ മത്സരിക്കുമ്പോള്‍ അമിതാവേശത്തില്‍ പിടി വിടാതിരിക്കാന്‍ ശ്രദ്ധിക്കണേ. ചിലപ്പോള്‍ പിടിക്കുന്ന മരക്കൊമ്പ് ഉണങ്ങിയതുമാവാം.
  8. വഴിവക്കില്‍നിന്നും പെട്ടന്ന് മുളച്ചുപൊന്തിയ ശീതള പാനീയ കടകളില്‍നിന്നും ഐസ് ക്രീമും വെള്ളവുമൊക്കെ ഉപേക്ഷിക്കുന്നത് നന്നായിരിക്കും. ജലക്ഷാമത്തിന്റെ സമയത്ത് നമ്മള്‍ കുടിക്കുന്ന വെള്ളത്തിനും ഒരു ഗ്യാരണ്ടിയും ഉണ്ടാവാണമെന്നില്ല.
  9. വിഷുവും ഈസ്റ്ററും ഒക്കെയുണ്ട് അവധിക്കാലത്ത്. ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ പൊട്ടിക്കുന്ന പടക്കങ്ങളും വലിയ വില്ലന്മാരാണ്. ഒരുനിമിഷത്തെ അശ്രദ്ധ മതി ഒരു ജീവിതകാലം മുഴുവന്‍ സങ്കടപ്പെടാന്‍. അതുകൊണ്ടു പടക്കതിന്റെയടുത്തു അധികം സ്മാര്‍ട്ട് ആവണ്ട.
  10. പൊടിയും മറ്റു ചൂടുകാലത്തുള്ള അലര്‍ജികളും ഉള്ളവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്ന്.

കടപ്പാട്-http:www.ourkidsindia.com

അവസാനം പരിഷ്കരിച്ചത് : 3/8/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate