Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ജയിക്കാന്‍ ഒരുങ്ങാം

കൂടുതല്‍ വിവരങ്ങള്‍

മുളയിലെ നുള്ളേണ്ട വൈകല്യങ്ങള്‍

 

അപ്രധാനമെന്ന് കരുതി അവഗണിച്ചേക്കാവുന്ന കുട്ടികളിലെ ആറു പെരുമാറ്റവൈകല്യങ്ങളും അവ പരിഹരിക്കാനുളള മാര്‍ഗ്ഗങ്ങളും

1. മുതിര്‍ന്നവര്‍ സംസാരിക്കുന്നതിനിടയ്ക്കു കയറി സംസാരിക്കുന്നു

നിങ്ങളോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ വലിയ താത്പര്യമായിരിക്കും കുട്ടിക്ക്. എന്നാല്‍ നിങ്ങള്‍ മറ്റൊരാളുമായി സംസാരിക്കുന്നതിനെ അവഗണിച്ച് സ്വന്തം കാര്യങ്ങള്‍ പറയാന്‍ കുട്ടിയെ അനുവദിക്കരുത്. ഇതൊരു ശീലമായാല്‍ കുട്ടി ഒരിക്കലും മറ്റുളളവരെ പരിഗണിക്കാന്‍ പഠിക്കുകയില്ല. മാത്രമല്ല, നിങ്ങള്‍ തിരക്കിലായിരിക്കുമ്പോള്‍ സ്വന്തം കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടു ചെയ്യാന്‍ കുട്ടി ശീലിക്കുകയുമില്ല. തത്ഫലമായി എപ്പോഴും എല്ലാവരും തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കണമെന്ന് കുട്ടി തെറ്റിദ്ധരിക്കും. ജീവിതത്തിലെ ചെറിയ വിഷമ സന്ധികളില്‍ പോലും തളര്‍ന്നു പോകുന്ന സ്വഭാവത്തിനുടമയായ്ത്തീരുകയും ചെയ്യും-പ്രശസ്ത മനഃ ശാസ്ത്രജ്ഞന്‍ ജെറി ജോണ്‍ പറയുന്നു.

പരിഹാര മാര്‍ഗ്ഗം

അടുത്ത തവണ നിങ്ങള്‍ ആരോടെങ്കിലും ഫോണില്‍ സംസാരിച്ചിരിക്കുമ്പോഴോ സുഹൃത്തിന്റെ വീട്ടില്‍ പോകുമ്പോഴോ കുട്ടിക്ക് ഒരു പെരുമാറ്റശൈലി പറഞ്ഞു കൊടുക്കണം. നിങ്ങള്‍ ചെയ്യാനുളളത് ചെയ്ത് കഴിയുന്നതുവരെ നിങ്ങളെ ശല്യപ്പെടുത്തരുതെന്ന് കുഞ്ഞിനോട് പറയണം. മാത്രമല്ല, അവള്‍ക്ക് എന്തെങ്കിലും വായിക്കാന്‍ കൊടുക്കുകയോ ഇഷ്ടമുളള കളിപ്പാട്ടം കളിക്കാന്‍ കൊടുക്കുകയോ ചെയ്യാം. നിങ്ങള്‍ സംസാരിക്കുവാന്‍ തുടങ്ങുമ്പോള്‍ വീണ്ടും കുട്ടി അടുത്തെത്തി നിങ്ങളുടെ കയ്യില്‍ തട്ടി ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചാല്‍ ആംഗ്യഭാഷയിലൂടെ, ഇരിക്കാന്‍ ഒരു സ്ഥലം കാണിച്ചുകൊടുക്കുക. നിങ്ങള്‍ സംസാരിച്ചു കഴിയുംവരെ അവിടെ മിടുക്കിയായിരിക്കണമെന്ന് സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കുക. നിങ്ങള്‍ക്ക് ചെയ്യാനുളളത് ചെയ്തു തീര്‍ക്കുംവരെ മറ്റൊരു കാര്യവും നിങ്ങള്‍ ശ്രദ്ധിക്കുകയില്ലായെന്നും ശല്യം ചെയ്യുന്നതുകൊണ്ടു പ്രത്യേകിച്ച് ഫലമൊന്നുമില്ലായെന്നും കുട്ടിക്ക് ഇതിലൂടെ മനസ്സിലാകും.

2. കളിയിലെ കാര്യം

കൂട്ടുകാരനെ നിങ്ങളുടെ കുട്ടി ഇടിച്ചുവെന്ന് കരുതുക. നിങ്ങള്‍ തീര്‍ച്ചയായും ഇടപെടും. എന്നാല്‍ മറ്റുളളവരെ ഉന്തുകയോ നുളളികയോ ചെയ്താല്‍ നിങ്ങല്‍ കണ്ണടച്ചേക്കാം. ഇതു സ്വീകാര്യമായ പെരുമാറ്റമല്ല എന്നു കുട്ടിക്ക് മനസ്സിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ഇടപെടാതിരുന്നാല്‍ അത്തരം പ്രവൃത്തികള്‍ എട്ട് വയസ്സാകുമ്പോഴേക്കും ഗൗരവമായ പെരുമാറ്റവൈകല്യങ്ങളായി മാറിയിട്ടുണ്ടാവും. അതുപോലെ മറ്റുളളവരെ ഉപദ്രവിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല, അത് തന്റെ ജന്മാവകാശമാണ് എന്നൊരു ധാരണയും കൂട്ടിക്കുണ്ടാകും- ഫാമിലി കൗണ്‍സലറായ രമേഷ് ശ്രീധര്‍ ചൂണ്ടിക്കാണിക്കുന്നു.

പരിഹാര മാര്‍ഗ്ഗം

പരുക്കന്‍ പെരുമാറ്റത്തിന് ഉടനടി താക്കീത് നല്‍കണം. കുഞ്ഞിനെ മാറ്റിനിര്‍ത്തി പറയുക, കണ്ടോ നീ നുളളിയപ്പോള്‍ ഉണ്ണിമോള്‍ക്ക് വേദനിച്ചു, അവള്‍ നിന്നോട് ഇങ്ങനെ ചെയ്താലോ? മോള്‍ക്ക് വേദനിക്കില്ലെ? മറ്റുളളവരെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യാന്‍ പാടില്ലന്ന് കുട്ടി ഇതിലൂടെ മനസ്സിലാക്കും. അടുത്ത തവണ കളിക്കാന്‍ പോകുമ്പോള്‍ നന്നായി പെരുമാറണമെന്ന് ഓര്‍മ്മിപ്പിക്കണം. വീണ്ടും പരുക്കന്‍ രീതി ആവര്‍ത്തിച്ചാല്‍ അടുത്ത തവണ കൂട്ടുകാരുമൊത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കാം.

3. നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ലായെന്ന് അഭിനയിക്കുന്നു

കാറില്‍ കയറാനോ കളിപ്പാട്ടങ്ങള്‍ ഒതുക്കിവെയ്ക്കാനോ പലതവണ പറഞ്ഞിട്ടും കുട്ടി കേള്‍ക്കുന്നില്ലെങ്കില്‍ അത് അഭിനയമാണെന്ന് മനസ്സിലാക്കണം. ഒരു കാര്യം വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് അടുത്ത ഓര്‍മ്മപ്പെടുത്തല്‍ കാത്തു നില്‍ക്കാനാണ് കുട്ടിയെ പ്രേരിപ്പിക്കുക. ആരുടെ ഇഷ്ടം നടക്കണം എന്ന വടംവലി ഇതിലുണ്ട്. നിങ്ങളെ അനുസരിക്കുന്നതിനു പകരം പറ്റിക്കുന്നത് ഒരു തമാശയായെടുക്കുന്ന കുട്ടി പിന്നീട് നിങ്ങളെ അനുസരിക്കാനേ തയാറായില്ലെന്നു തന്നെ വരും. ജീവിതത്തില്‍ പിടിവാശിക്കാരനായി മാറിയെന്നും വരും -മന:ശാസ്ത്രജ്ഞനായ ജോസ് ഫിലിപ്പ് അഭിപ്രായപ്പെടുന്നു.

പരിഹാര മാര്‍ഗ്ഗം

കുട്ടിയോട് നിങ്ങളുടെ മുറിയിലിരുന്ന് ചെയ്തുകൊണ്ടിരിക്കുന്ന ജോലിക്കിടയില്‍ ഓരോന്ന് വിളിച്ചു പറയുന്നത് തീര്‍ത്തും അഭികാമ്യമല്ല. പകരം അവളുടെ അടുത്തു ചെന്ന് അവളുടെ തോളില്‍ തട്ടി പേര് വിളിച്ച് അവള്‍ ചെയ്യേണ്ടതെന്താണെന്ന് കൃത്യമായി പറഞ്ഞുകൊടുക്കണം. സംസാരിക്കുമ്പോള്‍ അവള്‍ നിങ്ങളെ നോക്കുണ്ടെന്നു ഉറപ്പുവരുത്തുക. ശരി അമ്മ, ശരി പപ്പ എന്നു പ്രതികരിച്ചൂവെന്ന് ഉറപ്പു വരുത്തുക. നിങ്ങള്‍ ടിവി കണ്ടുകൊണ്ടിരിക്കുകയാണെങ്കില്‍ അത് ഓഫാക്കിയിട്ടെ സംസാരിക്കാവൂ. അത് കൂടുതല്‍ ശ്രദ്ധ കിട്ടാന്‍ സഹായിക്കും. ഇതൊക്കെ ചെയ്തിട്ടും കുട്ടി അനുസരിക്കാന്‍ കൂട്ടാക്കുന്നില്ലായെങ്കില്‍ ഇത്തരം പെരുമാറ്റത്തിന്റെ അനന്തരഫലങ്ങള്‍ വിശദീകരിച്ചുകൊടുക്കുക.

ആറ് വയസ്സുകാരന്‍ വിവേക് അവനിഷ്ടമുളള കാര്യങ്ങള്‍ മാത്രമെ ചെയ്യൂവെന്ന അവസ്ഥയിലായിരുന്നു. ഇതിനു പരിഹാരം കാണാന്‍ അവന്റെ മാതാപിതാക്കള്‍ തീരുമാനിച്ചു. കളിനിര്‍ത്താനോ, കുളിക്കാനോ ഭക്ഷണം കഴിക്കാനോ പറയുമ്പോള്‍ അനുസരിച്ചില്ലെങ്കില്‍ അര മണിക്കൂര്‍ മാത്രമെ ടിവി കാണാന്‍ സമ്മതിക്കൂ എന്നവര്‍ വിവേകിനോട് പറഞ്ഞു. സാധാരണയായി ഒരു മണിക്കൂര്‍ ടിവി കാണുന്ന കുട്ടിക്ക് അത് വിഷമമായി. രണ്ടു പ്രാവശ്യം പറഞ്ഞിട്ടും അനുസരിച്ചില്ലെങ്കില്‍ കളിക്കാനും വിടില്ലായെന്നവര്‍ അവനോട് പറഞ്ഞു. ഇത് ഞങ്ങള്‍ മനപൂര്‍വ്വം എടുത്ത തീരുമാനമാണ്. അല്ലെങ്കില്‍ അവന്‍ അനങ്ങാപ്പാറ നയം തുടരുകയും തീരെ അനുസരണയില്ലാത്ത കുട്ടിയാകുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഈ തന്ത്രം വിജയിക്കുകയും ചെയ്തു- വിവേകിന്റെ അമ്മ രാധിക അഭിമാനത്തോടെ വിശദീകരിച്ചു.

4. കാര്യങ്ങള്‍ തോന്നും വിധം ചെയ്യുന്നു

കുട്ടി സ്വയം ഭക്ഷണം കഴിക്കുന്നതും ഇഷ്ടമുളള ടിവി പ്രോഗ്രാം സ്വയം വച്ച് കാണുന്നതുമൊക്കെ മാതാപിതാക്കള്‍ അഭിമാനത്തോടെ നോക്കിനില്‍ക്കാറുണ്ട്. സ്വയം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സ്വയം ചെയ്യുമ്പോള്‍ കുഞ്ഞിനെ അഭിനന്ദിക്കുന്നത് അപകടകരമാണ്. അവനു നിയമങ്ങള്‍ മനസ്സിലായെന്നു വരില്ല. നിങ്ങളുടെ രണ്ടു വയസ്സുകാരന്‍ കുഞ്ഞ് വലിഞ്ഞുകയറി അലമാരയില്‍ നിന്ന് മിഠായി എടുക്കുന്നത് രസകരമായ കാഴ്ചയാണ്. എന്നാല്‍ എട്ട് വയസ്സാകുമ്പോഴേയ്ക്ക് അയല്‍പക്കത്തെ വീടുകളില്‍ നിങ്ങളുടെ അനുവാദം കൂടാതെ പോകാന്‍ തുടങ്ങുമ്പോഴായിരിക്കും നിങ്ങള്‍ കണ്ണുതുറക്കുക – ഡോ.ജോസ് ഫിലിപ്പ് പറയുന്നു.

പരിഹാരമാര്‍ഗ്ഗം

വീട്ടില്‍ കൊച്ചു കൊച്ചു നിയമങ്ങള്‍ ഉണ്ടാക്കുക. അവ കുഞ്ഞിനോട് ആവര്‍ത്തിച്ച് പറയുകയും ചെയ്യുക. ഉദാഹരണമായി, ഫ്രിഡ്ജില്‍ നിന്ന് എന്തെങ്കിലും എടുക്കുമ്പോള്‍ അമ്മയോട് പറയണം. നിങ്ങളുടെ അനുവാദമില്ലാതെ കുട്ടി ടിവി തുറക്കുകയാണെങ്കില്‍ ഓഫാക്കാന്‍ പറയുക. ടിവി തുറക്കുന്നതിന് മുമ്പ് അനുവാദം ചോദിക്കണം എന്ന് ഉറക്കെ പറയുകയും ചെയ്യുക. ഇങ്ങനെ കൊച്ചുകൊച്ചു നിയമങ്ങല്‍ ചെറുപ്പത്തിലെ അനുസരിക്കന്‍ കുഞ്ഞ് പഠിക്കും.

മൂന്ന് വയസ്സുകാരി അലോന അനുവാദമില്ലാതെ സ്കെച്ച് പേനയെടുത്ത് അവളുടെ കൈ മുഴുവന്‍ ചിത്രം വരച്ച് വെച്ചു. അമ്മ രേഖ അവള്‍ക്ക് കൊടുത്ത ശിക്ഷ ഉച്ചയ്ക്ക് ശേഷം ആന്റിയുടെ വീട്ടില്‍ കൊണ്ടു പോകില്ലായെന്നതായിരുന്നു. കുഞ്ഞ് വല്ലാതെ കരഞ്ഞു. കാരണം ആന്റിയുടെ വീട്ടില്‍ പോകുന്നത് അവളുടെ ഇഷ്ട വിനോദമായിരുന്നു. പിന്നീട് അവള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങി. ഇത്തരം ശീലങ്ങള്‍ മുളയിലെ നുളളിയില്ലെങ്കില്‍ ഭാവിയില്‍ വലിയ ബുദ്ധിമുട്ടാകും. അലോന ഇത്തരം വികൃതികള്‍ കുറയ്ക്കുകയും ചെയ്തു- രേഖ പറയുന്നു.

5. വികൃതിത്തരങ്ങള്‍

പലപ്പോഴും കുറെ വലുതായിക്കഴിയുമ്പോഴാണ് കുട്ടികളുടെ വികൃതിത്തരങ്ങളും കൊഞ്ഞനം കാട്ടലും മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. എന്നാല്‍ കുഞ്ഞിലെ തന്നെ അവര്‍ തങ്ങളുടെ ജ്യേഷ്ഠ സഹോദരങ്ങളുടെ വികൃതികള്‍ അനുകരിക്കാന്‍ ശ്രമിക്കും. മാതാപിതാക്കളുടെ പ്രതികരണമെന്തെന്ന് അവര്‍ ഓരോ വികൃതികള്‍ക്ക് ശേഷവും നിരീക്ഷിക്കും. വളര്‍ച്ചയുടെ ഒരു ഘട്ടം മാത്രമെന്ന് കരുതി ചില മാതാപിതാക്കള്‍ ഇത്തരം കാര്യങ്ങള്‍ അവഗണിക്കുന്നു. എന്നാല്‍ നിങ്ങളോടും കൂട്ടുകാരോടും അധ്യാപകരോടുമൊക്കെ മോശമായി പെരുമാറുന്ന ശീലം പ്രൈമറി സ്ക്കൂളിലെത്തുമ്പോഴേക്കും കുട്ടിക്കുണ്ടാകുമെന്നതാകും ഫലം – ഡോ ഷേര്‍ളി ജോസ് പറയുന്നു.

പരിഹാര മാര്‍ഗ്ഗം

സ്വന്തം പെരുമാറ്റത്തെക്കുറിച്ച് കുട്ടിയെ ബോധ്യപ്പെടുത്തുക. കുട്ടിയ്ക്ക് വിഷമം തോന്നാനല്ല സ്വന്തം പെരുമാറ്റത്തിലെ കുഴപ്പങ്ങള്‍ അവള്‍ തിരിച്ചറിയാനാണ് ഇങ്ങനെ ചെയ്യുന്നത്. അവള്‍ വീണ്ടും മോശമായി പെരുമാറുന്നൂവെങ്കില്‍ ചെറിയൊരു പരിഭവം കാണിക്കാം. മോള്‍ ഇങ്ങനെ ചെയ്താല്‍ അമ്മ കൂടില്ല. നല്ല രീതിയില്‍ പറയുന്ന കാര്യങ്ങള്‍ മാത്രമെ അമ്മ ശ്രദ്ധിക്കുകയുളളു. ഈ സൂത്രം ഫലിക്കാതിരിക്കില്ല.

6. വസ്തുതകള്‍ പെരുപ്പിച്ചു കാണിക്കുക

ബെഡ്ഷീറ്റ് അലസമായി വലിച്ചിട്ട ശേഷം ഞാന്‍ കിടക്ക ശരിയാക്കി എന്നു പറയുന്ന കുട്ടികള്‍ ഉണ്ട്. ഒരിക്കലും വിമാനത്തില്‍ കയറാത്ത കുഞ്ഞ് വിമാനത്തില്‍ കയറി ബാംഗ്ലൂര്‍ പോയി എന്നു പറയുന്നുവെന്നിരിക്കട്ടെ. നമുക്കത് ഗൗരവമായി തോന്നണമെന്നില്ല. എന്നാല്‍ കളളം പറയുന്ന ശീലത്തിലേയ്ക്ക് ഈ വീമ്പ് പറച്ചില്‍ എത്താതെ നോക്കണം. സ്വയം മിടുക്കിയാകാനോ, ഇഷ്ടമില്ലാത്തത് ചെയ്യാതിരിക്കാനോ, ചെയ്ത കുറ്റത്തിന് ശിക്ഷ കിട്ടാതിരിക്കാനോ, നുണ സഹായിക്കുമെന്ന് തോന്നിയാല്‍ കുട്ടി നുണ പറയുന്നത് ശീലമാക്കും-ഡോ ഷേര്‍ലി അഭിപ്രായപ്പെടുന്നു.

പരിഹാര മാര്‍ഗ്ഗം

കുഞ്ഞിനോട് പറയുക, വിമാനത്തില്‍ കയറാന്‍ നല്ല രസമായിരിക്കും. ഒരു ദിവസം നമുക്ക് വിമാനത്തില്‍ യാത്ര ചെയ്യാന്‍ പറ്റിയേക്കും എന്നാല്‍ വിമാനത്തില്‍ കയറി എന്ന് ആരോടും നുണ പറയരുത്. സത്യം പറഞ്ഞില്ലെങ്കില്‍ ആളുകളുടെ വിശ്വാസം കുറയും എന്ന് കുഞ്ഞ് മനസ്സിലാക്കട്ടെ. പല്ല് തേയ്ക്കാതെ പല്ല് തേച്ചെന്ന് പറയുന്ന കുഞ്ഞിനെ ഇണങ്ങിപ്പറഞ്ഞ് പല്ല് തേപ്പിക്കുക. അഞ്ച് വയസ്സുകാരി അനുമോള്‍ നുണ പറഞ്ഞപ്പോള്‍ അമ്മ അവള്‍ക്ക് “പുലി വരുന്നേ’ എന്നു പറഞ്ഞ് കരഞ്ഞ കുട്ടിയുടെ കഥ പറഞ്ഞു കൊടുത്തു. കഥയിലൂടെ, പറയുന്ന കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ കുഞ്ഞിന് സാധിക്കും- ഡോ ഷേര്‍ഷി ജോസ് അഭിപ്രായപ്പെടുന്നു.

രുചിയുള്ള പരീക്ഷ

 

പോഷക സമൃദ്ധമായ ഭക്ഷണം പഠനത്തോടൊപ്പം ചേരുമ്പോള്‍ പരീക്ഷയിലെ പ്രകടനം ഏറ്റവും മികച്ചതാകും

Dr. Jessina Merchant PhD, Family Therapist

പരീക്ഷയ്ക്ക് മുമ്പ് ആരോഗ്യദായകമായ ഭക്ഷണം കഴിക്കുന്നത് മെച്ചപ്പെട്ട പ്രകടനത്തിന് നിങ്ങളെ സഹായിക്കും. പരീക്ഷയ്ക്കിടയില്‍ ഭക്ഷണത്തിന് എന്ത് കാര്യമെന്നാവും നിങ്ങളുടെ ചിന്ത. അതുകൊണ്ട് പരീക്ഷയ്ക്കുളള ഒരുക്കങ്ങളില്‍ ഏറ്റവും അവസാനത്തെ സ്ഥാനമാണ് ഭക്ഷണത്തിന് നിങ്ങള്‍ നല്‍കുന്നതും. എന്നാല്‍ സത്യമിതാണ്-നന്നായി പഠിക്കുകയെന്നതുപാലെ തന്നെ പ്രധാനമാണ് നന്നായി ഭക്ഷിക്കുക എന്നതും. ഫാസ്റ്റ്ഫുഡും കൂള്‍ഡ്രിംങ്ക്സും കഴിച്ച് നന്നായി പരീക്ഷ എഴുതാമെന്ന വ്യാമോഹമേ വേണ്ട. പോഷകസമൃദ്ധമായ ഭക്ഷണം പഠനത്തോടൊപ്പം ചേരുമ്പോള്‍ പരീക്ഷയിലെ പ്രകടനം ഏറ്റവും മികച്ചതാകും.

 

പരീക്ഷയ്ക്ക് ഒരാഴ്ച്ച മുമ്പ്

ഒരാഴ്ച്ചയ്ക്കു മുമ്പ് പരീക്ഷയ്ക്കുളള ഒരുക്കങ്ങള്‍ ആരംഭിക്കണം. ചുവന്ന മാംസം, ഇലക്കറികള്‍, ധാന്യങ്ങള്‍, മുട്ട, മീന്‍, പഴങ്ങള്‍ എന്നിവ കഴിച്ച് ശരീരത്തിനാവശ്യമായ വിറ്റാമിനുകളും മിനറല്‍സും നേടിയെടുക്കുക. ദിവസവും ചുരുങ്ങിയത് മൂന്ന് നേരം ഭക്ഷണം കഴിക്കുക. കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് നിങ്ങള്‍ക്ക് തളര്‍ച്ചയുണ്ടാക്കുന്നുവെങ്കില്‍ അതേ അളവ് ഭക്ഷണം മൂന്നിനു പകരം അഞ്ചോ ആറോ നേരമായി കഴിക്കാം. പഞ്ചസാര കുറയ്ക്കുന്നതാണ് നല്ലത്. കാരണം പഞ്ചസാര, തളര്‍ച്ച കൂട്ടാന്‍ കാരണമാകും. അതുകൊണ്ട് തന്നെ സോഫ്റ്റ് ഡ്രിംഗ്സ്(കോളകള്‍) ഒഴിവാക്കുക. പകരം ധാരാളം വെളളം കുടിക്കുക. പുസ്തകങ്ങളില്‍ മാത്രം ശ്രദ്ധിക്കുമ്പോള്‍ നിര്‍ജ്ജലീകരണത്തില്‍ സാധ്യത കൂടുതലാണ്. വെളളം അടുത്തു തന്നെ വെയ്ക്കുക. ഇടയ്ക്കിടെ വെളളം കുടിച്ചുകൊണ്ടേയിരിക്കുക. എങ്കില്‍ ജീവിതത്തില്‍ വെളളം കുടിക്കേണ്ടി വരില്ല.

പ്രഭാത ഭക്ഷണം

ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണ് പ്രഭാതത്തിലേത്. ഇത് കഴിച്ചില്ലെങ്കില്‍ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടുകൂടിയിരിക്കുക അസാധ്യമായിരിക്കും. പ്രോട്ടീനും വിറ്റാമിന്‍ ബി കോംപ്ലക്സും അടങ്ങിയ സന്തുലിതമായ പ്രഭാതഭക്ഷണം കഴിക്കണം. ധാന്യങ്ങളും പഴങ്ങളും ഒഴിവാക്കരുത്. കുട്ടികള്‍ക്ക് വിരസത തോന്നാതിരിക്കുവാന്‍ ഓരോ ദിവസവും വ്യത്യസ്തമായ വിഭവങ്ങള്‍ തിരഞ്ഞെടുക്കാം ഉദാഹരണത്തിന് പാലും വെണ്ണ പുരട്ടിയ ടോസ്റ്റും മുട്ടയും ചേര്‍ന്നാല്‍ ഒരു ദിവസത്തെ പ്രാതലായി. മറ്റൊരു ദിവസം റൊട്ടിക്കു പകരം ഗോതമ്പ് വിഭവമാകാം. കട്ടിത്തൈരും അരികൊണ്ടോ ഓട്സുകൊണ്ടോ ഉളള പ്രാതലും വളരെ നല്ലതാണ്. പ്രധാനമായത് ധാന്യകം, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ ഇവ ലഭ്യമാകണം എന്നതാണ്. ഭക്ഷണം തെരഞ്ഞെടുക്കാനും ബുദ്ധി വേണം!

ഉച്ചഭക്ഷണം

തികച്ചും സന്തുലിതമായ ഉച്ചഭക്ഷണം കുട്ടികള്‍ക്ക് അത്യാവശ്യമാണ്, പ്രത്യേകിച്ച് ഉച്ച കഴിഞ്ഞ് പരീക്ഷയുണ്ടെങ്കില്‍. ഗോതമ്പ് ഭക്ഷണമോ അരിഭക്ഷണമോ കഴിക്കാം. പച്ചക്കറികള്‍, തൈര്, എന്നിവ അതില്‍ ഉള്‍പ്പെടുത്താം. ആപ്പിള്‍, മുന്തിരി തുടങ്ങിയ പഴങ്ങള്‍, കാരറ്റ് പോലുള്ള പച്ചക്കറികള്‍ ആവശ്യമായ വിറ്റാമിന്‍ നല്‍കും. നന്നായി വെള്ളം കുടിയ്ക്കുകയും വേണം. ഭക്ഷത്തോടൊപ്പം വെളളം കുടിക്കുന്നതിലും നന്ന് ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പോ പിന്‍പോ കുടിക്കുന്നതാണ്. അത്യാവശ്യം വെളളമെ ഭക്ഷണത്തോടൊപ്പം കുടിക്കാവൂ. ഫ്രൂട്ട് ജ്യൂസോ വെളളമോ ആണ് സോഡ, കാപ്പി എന്നിവയെക്കാള്‍ ഉത്തമം. എന്തെങ്കിലും അല്‍പം മധുര പലഹാരവും ഉള്‍പ്പെടുത്താം. വയറിന് ഭാരം തോന്നാത്ത ലഞ്ചാണ് ഉത്തമം.

ലഘുഭക്ഷണം

ആരോഗ്യദായകമായ ലഘുഭക്ഷണമാണ് പരീക്ഷാ ദിവസം കഴിക്കേണ്ടത്. വാഴപ്പഴവും മറ്റ് പഴവും നല്ലതാണ്. അവ വിറ്റാമിനുകളും ധാതുലവണങ്ങളും നല്‍കുന്നു. കൂടുതല്‍ പഞ്ചസാരയും ഉപ്പുമുള്ള ഭക്ഷണങ്ങള്‍ കഴിക്കരുത്. അവ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും. എണ്ണയില്‍ വറുത്ത വിഭവങ്ങള്‍ തീര്‍ത്തും ഒഴിവാക്കുന്നതാണ് നന്ന്. ഇവ ദഹനം ആയാസകരമാക്കും. ക്ഷീണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

തലച്ചോറും കറിയും!

ഐക്യൂ വര്‍ദ്ധിക്കാന്‍ എന്തെല്ലാം ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കേണ്ടതെന്ന് വിവിധ ഗവേഷണങ്ങളെ മുന്‍ നിര്‍ത്തി വിശദമാക്കുകയാണിവിടെ

Dr. Jessina Merchant PhD., Family Therapist

ഇക്കാര്യങ്ങളെക്കുറിച്ച് രണ്ടു കൊല്ലം മുന്‍പേ അറിഞ്ഞിരുന്നുവെങ്കില്‍-പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയായ ഗായത്രി ഭാര്‍ഗ്ഗവന്‍ അയവിറക്കുന്നു. പരീക്ഷയില്‍ കൂടുതല്‍ നേട്ടം കൈവരിക്കാന്‍ ഇതെന്നെ സഹായിച്ചേനെ.

നാം കഴിക്കുന്ന ഭക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നേരിട്ടു സ്വാധീനിക്കുമെന്നതിന് ധാരാളം തെളിവുകളുണ്ട്. നല്ല ഭക്ഷണം കഴിച്ചാല്‍ ഐക്യൂ വര്‍ധിക്കും, ഓര്‍മ്മശക്തി കൂടും, ഏകാഗ്രതയുണ്ടാകും, വൈകാരിക സ്ഥിരത കൈവരിക്കാനാകും എന്നൊക്കെയാണ് ഗവേഷകര്‍ പറയുന്നത്. താന്‍ നടത്തിയ ഒരു ഗവേഷണത്തിന്റെ ഫലം ഡോക്ടര്‍ സുരേഷ് നായര്‍ വിവരിക്കുന്നതിങ്ങനെ:

‘പരീക്ഷാവിജയം അക്ഷരാര്‍ത്ഥത്തില്‍ ഒരു പാത്രത്തില്‍ വിളമ്പി കൊടുക്കാന്‍ കഴിയും. തലച്ചോറിന് നിങ്ങള്‍ യഥാര്‍ത്ഥ പോഷക ഘടകങ്ങള്‍ നല്‍കുകയാണെങ്കില്‍ വേഗത്തില്‍ ചിന്തിക്കാനും, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും നല്ല ഏകാഗ്രതയോടെ പഠിക്കാനും, അടുക്കും ചിട്ടയോടും കൂടെ കാര്യങ്ങള്‍ വിശകലനം ചെയ്യാനും നിങ്ങള്‍ക്ക് കഴിയും.’

അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു: ‘നിങ്ങളുടെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന സുപ്രധാന ഘടകങ്ങള്‍ പോഷകാഹാരവും വെളളവും ഓക്സിജനുമാണ്’. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘ നല്ല ഭക്ഷണവും പരീക്ഷയിലെ മികച്ച പ്രകടനവും’ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സുകളെടുക്കുന്നതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം പറയുന്നു- കഴിക്കുന്ന ഭക്ഷണം പരീക്ഷയിലെ പ്രകടനത്തെ വ്യക്തമായി സ്വാധീനിക്കും എന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. മാസങ്ങളോളം അധ്വാനിച്ച് പഠിച്ചതിനുശേഷം പരീക്ഷാ ദിവസങ്ങളില്‍ നല്ല ഭക്ഷണം കഴിക്കാതിരിക്കുന്ന കുട്ടിയുടെ പ്രകടനം മോശമായിരിക്കുമെന്നതില്‍ സംശയമില്ല. ഇത് കുട്ടിയുടെ നീണ്ട അധ്വാനം ഫലരഹിതമാക്കും.

ധാരാളം വെളളം കുടിക്കുന്നതും പഴങ്ങള്‍ കഴിക്കുന്നതും പരീക്ഷയ്ക്കുളള നല്ല ഒരുക്കങ്ങളില്‍പെടും. പരീക്ഷയ്ക്ക് പോകുന്നതിനു മുമ്പ് നല്ല സംഗീതം ആസ്വദിക്കുന്നതും ഗുണം ചെയ്യും.

ഡോ.സുരേഷ് കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കുന്നു- നന്നായി വെളളം കുടിക്കണം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. ഈ പ്രവര്‍ത്തനം ഒരു ഗതാഗത സംവിധാനം പോലെയാണ്. തലച്ചോറില്‍ പോഷകാംശം വേഗം എത്തുന്നതിനും വിസര്‍ജ്ജ്യങ്ങള്‍ എളുപ്പത്തില്‍ പുറംതളളപ്പെടുന്നതിനും ധാരാളം വെളളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഏകാഗ്രതയും മന:സാന്നിദ്ധ്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പഠനങ്ങള്‍ സൂചിപ്പിക്കുന്നത് നല്ലൊരു ശതമാനം കുട്ടികളിലും ഭാഗികമായ നിര്‍ജ്ജലീകരണം ഉണ്ടെന്നാണ്. ഇതിന്റെ അര്‍ത്ഥം അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം അതിന്റെ യാഥാര്‍ത്ഥ കഴിവിനേക്കാള്‍ എത്രയോ താഴെയാണെന്നാണ്.

ഡോ.സുരേഷ് തുടര്‍ന്നു പറയുന്നു-നന്നായി ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ ഉറക്കം വരുന്ന അനുഭവം എല്ലാവര്‍ക്കുമുണ്ട്. ഇതിന്റെ കാരണം ശരീരത്തിലെ ഓക്സിജന്റെ ഒരു നല്ല പങ്ക് ഭക്ഷണം ദഹിപ്പിക്കാനായി ശരീരം ഉപയോഗിക്കുന്നുവെന്നതാണ്. ഈ

സമയത്ത് തലച്ചോറിന് അതിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഓക്സിജന്‍ കുറഞ്ഞുപോകുന്നു. കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നതും, പതിവായി വ്യായാമം ചെയ്യുന്നതും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും, ബുദ്ധിശക്തിയെ വര്‍ദ്ധിപ്പിക്കും.

എത്ര കഴിക്കുന്നു എന്നതിലധികം എന്തു കഴിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണത്തിലെ പോഷക വസ്തുക്കള്‍ തലച്ചോറിന്റെ പ്രകടനത്തെ സ്വാധീനിക്കുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്. ഇരുമ്പിന്റെ അംശത്തില്‍ വരുന്ന കുറവ് ഏകാഗ്രതയിലും ഊര്‍ജ്ജ്വസ്വലതയിലും ഗണ്യമായ കുറവ് വരുത്തും.

ഡോ. സുരേഷ് പറയുന്നു- ഭക്ഷത്തില്‍ ഇരുമ്പിന്റെ അംശം ആവശ്യത്തിനുണ്ടെങ്കില്‍ ഐക്യൂ കൂടിയിരിക്കും. ഇരുമ്പിന്റെ നല്ല സ്രോതസ്സുകളാണ് ഇലക്കറികള്‍, മുട്ട, ചുവന്ന മാംസം, കരള്‍, ധാന്യങ്ങള്‍, മത്തി തുടങ്ങിയവ. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണം മറ്റൊരു പ്രധാന മാര്‍ഗ്ഗമാണ്.

ദിവസം മുഴുവന്‍ മാനസികോന്മേഷം നിലനിര്‍ത്താനും ബുദ്ധിയെ ഉണര്‍ത്താനും പ്രോട്ടീന്‍ സഹായിക്കുന്നു. കോഴിയിറച്ചി, മത്സ്യം, മുട്ട, പാല്‍ എന്നിവയില്‍ ധാരാളം പ്രോട്ടീന്‍ ഉണ്ട്.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ കേര, ട്യൂണ, മത്തി, മുളളന്‍ തുടങ്ങിയ മത്സ്യയിനങ്ങള്‍ കഴിക്കുന്നത് തലച്ചോറിനെ ശക്തിപ്പെടുത്തുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഭക്ഷണം ഒഴിവാക്കുകയേ അരുത്: പ്രത്യേകിച്ച് പ്രഭാത ഭക്ഷണം. രാവിലെ ധാന്യ ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം ഒഴിവാക്കുന്ന കുട്ടികളേക്കാള്‍ നന്നായി പരീക്ഷ എഴുതാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് തലവേദന, തലകറക്കം, അമിതക്ഷീണം എന്നിവയ്ക്കും കാരണമാകും. നമ്മുടെ ഗ്ലൂക്കോസിന്റെ 1/5 ഭാഗവും തലച്ചോറാണ് ഉപയോഗിക്കുന്നത്. ഗ്ലൂക്കോസിന്റെ കുറവ് കുട്ടിയുടെ ദിവസം തന്നെ ബോറാക്കും.

പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ഗായത്രി ഭാര്‍ഗ്ഗവന്‍ ബുദ്ധിപൂര്‍വ്വമാണ് തന്റെ ഡയറ്റ് തെരഞ്ഞെടുത്തത്. തലച്ചോറിനുണ്ടായ അദ്ഭുതകരമായ ഉണര്‍വ്വാണ്, ‘ഇതിനെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍’ എന്ന അഭിപ്രായത്തിലേയ്ക്ക് ആ കുട്ടിയെ എത്തിച്ചത്. ഗായത്രി പറയുന്നു- റിവിഷന്‍ വളരെ എളുപ്പമാണിപ്പോള്‍. കൂടുതല്‍ ഏകാഗ്രത കിട്ടുന്നു. വായിച്ചതെല്ലാം ഓര്‍മ്മയിലുണ്ട്. പഠനം ഇപ്പോള്‍ ഒരു ബുദ്ധിമുട്ടേയല്ല. കൂടുതല്‍ പഠിക്കാനും നോട്ടുകള്‍ തയാറാക്കാനും എനിക്ക് കഴിഞ്ഞു. ഇതേ രീതി യൂണിവേഴ്സിറ്റി ലെവലിലും നിലനിര്‍ത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഗായത്രിയുടെ സുഹൃത്ത് നീമ പറയുന്നത് ഇങ്ങനെയാണ്- ഗായത്രി പറഞ്ഞു തന്ന ഭക്ഷണരീതിയാണ് ഞാനും പിന്‍തുടര്‍ന്നത്. ഇതിന്റെ റിസള്‍ട്ട് എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികളും ഇതറിയണമെന്നാണ് എന്റെ ആഗ്രഹം. ഫൈനല്‍ പരീക്ഷയ്ക്കൊരുങ്ങുന്ന എല്ലാ കൂട്ടുകാരോടും ഞങ്ങളിത് പറഞ്ഞുകഴിഞ്ഞു. എല്ലായിടത്തും മത്സരമുളള ഇക്കാലത്ത് ഇത്തരം അറിവുകള്‍ സുപ്രധാനമാണ്. ശരിയായ പഠന രീതിപോലെ തന്നെ ശരിയായ ഭക്ഷണരീതിയും തങ്ങളെ മത്സരങ്ങല്‍ക്ക് തയ്യറാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയണം. വിജയം ഉറപ്പാക്കി ജീവിതത്തില്‍ മുന്നേറണം.

പോക്കിരി രാജാസ്

കുട്ടികളുടെ വികൃതികളും വഴക്കുകളും കൊണ്ട് മടുത്തിരിക്കുകയാണോ നിങ്ങള്‍? വീട്ടിലെ സമാധാനം നിലനിര്‍ത്താനും അനാവശ്യ വഴക്കുകള്‍ മുളയിലേ നുള്ളിക്കളയാനും നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും?

വീട്ടിലെ കുട്ടികള്‍ സഹോദരീസഹോദരന്മാരാണെങ്കിലും ഒരു കൂട്ടുകുടുംബത്തിലെ  ബന്ധുക്കളാണെങ്കിലും അവര്‍ തമ്മില്‍ വഴക്കും തര്‍ക്കവും സ്വാഭാവികമാണ്. കുട്ടികള്‍ തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ അത് മാതാപിതാക്കളെ അസ്വസ്ഥരാക്കാറുണ്ട്. വളരെ ലളിതമായ ചില വഴികളിലൂടെ കുട്ടികളുടെ വഴക്കുകളെ കൈകാര്യം ചെയ്യാനാവും. ഫാമിലി തെറാപ്പിസ്റ്റായ ഡോ. ബീനയുടെ നിര്‍ദ്ദേശങ്ങള്‍.

1. അമിത പ്രതീക്ഷകള്‍ ഒഴിവാക്കുക

സഹോദരങ്ങളുടെ ഇടയില്‍ തര്‍ക്കവും വഴക്കും സ്വാഭാവികമാണ്. അതിനാല്‍ അവര്‍ പരസ്പരം പെരുമാറേണ്ടതിനെക്കുറിച്ച് ന്യായമായ പ്രതീക്ഷകളേ വച്ചുപുലര്‍ത്താവൂ… അഞ്ച് വയസ്സില്‍ താഴെയുള്ള രണ്ട് മൂന്ന് കുട്ടികള്‍ ഒരുമിച്ചിരുന്നാല്‍ ഓരോ ആറു മിനിട്ടിനുള്ളിലും ഒരു വഴക്ക് ഉറപ്പാണ്. ഇതിന്‍റെ തീവ്രത കുറഞ്ഞും കൂടിയുമിരിക്കും. ലളിതമായ ചില പരിഹാരങ്ങളിലൂടെ നിങ്ങള്‍ക്ക് തുടങ്ങാം. അവര്‍ കളിപ്പാട്ടങ്ങള്‍ പങ്കുവച്ച് ശീലിക്കട്ടെ. ഒരുമിച്ച് കളിച്ച് പഠിക്കട്ടെ.

2. താരതമ്യം ചെയ്യരുത്

കുടുംബസമാധാനത്തിന്‍റെ ഏറ്റവും പ്രധാന ഘടകം കുട്ടിക്ക് താന്‍ സഹോദരങ്ങളേക്കാള്‍ കൂടുതല്‍ നല്ലതോ മോശമോ ആണെന്ന തോന്നലുണ്ടാക്കാതിരിക്കലാണ്. “നിന്‍റെ ചേട്ടന്‍ എത്ര നന്നായി പഠിക്കുന്നു. നീ എന്താ ഇങ്ങനെ?” എന്ന മട്ടില്‍ ഒരു കുട്ടിയോടും ചോദിക്കരുത്. കുട്ടികള്‍ വളരെ സ്വാഭാവികമായാണ് ഓരോ കാര്യവും ചെയ്യുന്നത്. അവരെ അതിന് അനുവദിക്കുക. എപ്പോഴും ആരോടെങ്കിലും മത്സരിച്ചുകൊണ്ടിരിക്കണം എന്നൊരവസ്ഥ കുട്ടികളില്‍ ഉണ്ടാക്കിയെടുക്കേണ്ട കാര്യമില്ലല്ലോ.

3. എല്ലാവരും ജയിക്കുന്ന കളികള്‍

കൗമാരപ്രായക്കാര്‍ക്ക് മത്സരങ്ങളെ ആരോഗ്യകരമായി കൈകാര്യം ചെയ്യാന്‍ പറ്റും. എന്നാല്‍ കൊച്ചുകുട്ടികള്‍ക്ക് അതാവില്ല. എല്ലാവര്‍ക്കും ജയിക്കാന്‍ പറ്റുന്ന കളികളാണ് അവര്‍ക്ക് നല്ലത്. അത് അവരില്‍ പരസ്പരസഹകരണ മനോഭാവം വളര്‍ത്തും. അത്തരം കളികളെ എല്ലാവര്‍ക്കും പരസ്പരസഹകരണത്തിന്‍റെ അവസരമാക്കി മാറ്റാന്‍ പറ്റും. കുടുംബത്തില്‍ എല്ലാവരും പരസ്പരം സഹായിക്കണമെന്ന പാഠം കുട്ടികള്‍ ചെറുപ്പത്തിലെ മനസ്സിലാക്കട്ടെ. മൂത്തവര്‍ ഇളയവരെ സഹായിക്കട്ടെ; നേരെ തിരിച്ചും.

4. കൃത്യമായ ദിനചര്യകള്‍

ഭക്ഷണം കഴിക്കുമ്പോള്‍ ഇരിക്കേണ്ട സ്ഥലം, കാറില്‍ മുന്നിലിരിക്കേണ്ടയാള്‍, പിന്നിലിരിക്കേണ്ടയാള്‍ എന്നിങ്ങനെ കുട്ടികള്‍ സ്ഥിരം വഴക്കുണ്ടാക്കുന്ന രംഗങ്ങളുണ്ടാകാം. അപ്പോള്‍ “ഓരോന്നിനും കൃത്യമായ ഒരു ക്രമം ഉണ്ടാക്കുകയാണ് പരിഹാരം. ഈ തന്ത്രം മാതാപിതാക്കള്‍ എല്ലാക്കാലത്തും ഉപയോഗിച്ചിട്ടുണ്ട്.അച്ഛനോ അമ്മയോ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു പകരം കലണ്ടര്‍ തീരുമാനിക്കട്ടെ. തിങ്കളാഴ്ച കാറിന്‍റെ മുമ്പില്‍ ഇരിക്കുന്നത് ഇളയവനാണെങ്കില്‍ അടുത്തദിവസം രണ്ടാമത്തെയാള്‍, എന്നൊരു ക്രമം. അവര്‍ക്കത് തികച്ചും സ്വീകാര്യമാവും,” ഡോ. ബീന പറയുന്നു.

5. ഓരോരുത്തര്‍ക്കും സ്വന്തമായത് നല്കുക

പുസ്തകം വയ്ക്കാന്‍, കളിപ്പാട്ടങ്ങള്‍ വയ്ക്കാന്‍, എഴുതാന്‍, പഠിക്കാന്‍, ഉറങ്ങാന്‍- – ഇതിനൊക്കെ സ്വന്തമായൊരിടം ഓരോ കുട്ടിയും ആഗ്രഹിക്കും. അതിനായി പരസ്പരം വഴക്കിട്ടെന്നിരിക്കും. കിടപ്പുമുറിയിലും പഠിക്കുന്നിടത്തും ഓരോരുത്തര്‍ക്കുമുള്ള സ്ഥലം ‘സ്വന്തമായി’ നല്കുകയാണ് പ്രതിവിധി. ഇത് വളരെ കൃത്യമായി ചെയ്യുക. മാതാപിതാക്കളോടൊപ്പം ഒറ്റയ്ക്ക് സമയം വേണമെന്നും അവര്‍ ശാഠ്യം പിടിച്ചെന്നിരിക്കും. ഓരോ ദിവസവും കുറച്ചുസമയം ഓരോരുത്തര്‍ക്കും അനുവദിച്ചു നോക്കൂ. ഈ സമയം മറ്റു സഹോദരങ്ങളുടെ ഇടപെടലില്ലാതെ അവര്‍ സംസാരിക്കട്ടെ.

6. മടുത്തതുകൊണ്ട് വഴക്കുണ്ടാക്കാന്‍ അനുവദിക്കരുത്

ആരും ശ്രദ്ധിക്കാത്തപ്പോഴും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തപ്പോഴും കുട്ടികള്‍ പരസ്പരം വഴക്കുകൂടിയെന്നിരിക്കും. “ഇത് ഗൗരവമുള്ളതായിരിക്കില്ല. അവരുടെ ഒരു കളിതമാശ തന്നെയായിരിക്കും ഈ വഴക്ക്. മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുള്ള ഒരു കുറുക്കുവഴി,” ഡോ. ബീന പറയുന്നു: “ഉദാഹരണത്തിന്, ഒരു കാറ് യാത്രയില്‍ ബോറടിക്കുന്ന അവര്‍ പെട്ടെന്നൊരു വഴക്കുണ്ടാക്കുന്നു. അതിലെ ആവേശത്തില്‍ അവര്‍ സന്തോഷിക്കുന്നു. മാതാപിതാക്കള്‍ തങ്ങളെ ശ്രദ്ധിക്കുമ്പോള്‍ അവര്‍ക്കത് കൂടുതല്‍ സന്തോഷം നല്‍കുന്നു”.

കുട്ടിയുടെ ബോറടി മാറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കേണ്ടതാണ്. പ്രായത്തിന് അനുയോജ്യമായ ഡിവിഡികളും പുസ്തകങ്ങളും ലഭ്യമാക്കാം. എല്ലാവര്‍ക്കും കൂടെ പങ്കെടുക്കാവുന്ന കളികള്‍ പരിചയപ്പെടുത്താം.

7. നിങ്ങളുടെ കുട്ടിക്കാലം

ചില സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കള്‍ സ്വന്തം അനുഭവങ്ങള്‍ കുട്ടികളോട് പറയുന്നത് ഏറെ ഗുണം ചെയ്യും. അവരുടെ പ്രശ്നങ്ങള്‍ നിങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്ന് ഇതിലൂടെ കുഞ്ഞുങ്ങള്‍ക്ക് ബോധ്യപ്പെടും. ഡോ. ബീന നിര്‍ദ്ദേശിക്കുന്നു, “പുസ്തകങ്ങളില്‍ നിന്നുള്ള കഥകളും വളരെ നല്ലതാണ്. അതുപോലെ സഹകരിച്ചു വളരുന്ന മറ്റുള്ള കുട്ടികളുടെ കഥകളും പരസ്പരം പങ്കുവയ്ക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന അവരുടെ രീതികളും പരിചയപ്പെടുത്താം”.

വഴക്കിന്‍റെ കാരണങ്ങള്‍

സഹോദരങ്ങള്‍ തമ്മിലുള്ള വഴക്ക് കുട്ടികളുടെ ഇടയില്‍ സ്വാഭാവികമാണ്. അതുനുള്ള കാരണങ്ങള്‍ ഓരോ വീട്ടിലും വ്യത്യസ്തമായിരിക്കും. എന്നാല്‍ ചില പൊതുവായ കാരണങ്ങള്‍ എവിടെയും കണ്ടെത്താനാവും. കാരണം തിരിച്ചറിഞ്ഞാല്‍ വഴക്ക് മനസിലാക്കാനാവും: പരിഹാരവും എളുപ്പമാവും.

1. മാതാപിതാക്കളുടെ ശ്രദ്ധയും സ്നേഹവും പങ്കുവയ്ക്കാതെ മുഴുവനായി കിട്ടണമെന്നുള്ള ആഗ്രഹം.

2. പുതുതായി വന്ന അനുജന്‍റെ സാന്നിദ്ധ്യവും അവനു കിട്ടുന്ന ശ്രദ്ധയും നഴ്സറിക്കാരിയില്‍ അസൂയ ഉളവാക്കും.

3. രണ്ടുവയസിനെങ്കിലും അന്തരമില്ലാത്ത സഹോദരങ്ങള്‍ തമ്മിലാണ് കൂടുതല്‍ വഴക്കുണ്ടാകുക.

4. ശിക്ഷിക്കുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും കുട്ടികളുടെ ആത്മാഭിമാനം മുറിപ്പെടും.

ഇത് സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിലേക്ക് നയിച്ചേക്കാം.

5. സഹോദരങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന്‍റെ കുറവാണ് പലപ്പോഴും വഴക്കിന് മറ്റൊരു കാരണം. സ്വന്തം ആവശ്യങ്ങള്‍ അറിയിക്കാനാവാതെ വരുന്നത് അടിപിടിയില്‍ കലാശിക്കും.

6. മത്സരം സ്വാഭാവികമാണ് എന്നാല്‍ എന്തിനും ഏതിനും വേണ്ടിയുള്ള മത്സരം പലപ്പോഴും വഴക്കിലെ അവസാനിക്കൂ.

7. ഓരോ കുട്ടികളുടേയും കഴിവുകള്‍ വ്യത്യസ്തമായിരിക്കും.തന്‍മൂലം അവര്‍ക്ക് മാതാപിതാക്കളില്‍ നിന്നു കിട്ടുന്ന അംഗീകാരവും വ്യത്യാസപ്പെട്ടിരിക്കും. ഇത് സഹോദരങ്ങള്‍ തമ്മിലുള്ള അസൂയയ്ക്ക് കാരണമാവാം.

മാതാപിതാ ഗുരു

നിങ്ങളുടെ കുട്ടിയുടെ അദ്ധ്യാപകരുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കുന്നതിലൂടെ അവന്‍റെ/അവളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാന്‍ നിങ്ങള്‍ക്കു സാധിക്കും. മക്കളുടെ ടീച്ചേഴ്സുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനുള്ള വഴികള്‍.

അറിവു നേടുന്നതോടൊപ്പം സ്വഭാവരൂപീകരണവും നടക്കുന്ന വിദ്യാഭ്യാസ കാലം ഏറ്റവും ഫലപ്രദമാകുന്നത് അദ്ധ്യാപകരും രക്ഷിതാക്കളും സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ്. എന്നാല്‍ നിങ്ങളുടെ തിരക്കുപിടിച്ച ജീവിതശൈലി ഇത്തരമൊരു ബന്ധം പരിപോഷിപ്പിക്കുന്നതിന് തടസ്സമായേക്കാം. പതിനെട്ടു വര്‍ഷക്കാലം പ്രിന്‍സിപ്പലായിരുന്ന ഡാനിയല്‍ ജോണ്‍ പറയുന്നതിങ്ങനെ: “രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും നല്ലത് കാംഷിക്കുന്നവരാണ്. അദ്ധ്യാപകരും അങ്ങനെതന്നെ. എന്നാല്‍ ഇത് നേടിയെടുക്കാന്‍ പരസ്പര സഹകരണവും കൂട്ടുത്തരവാദിത്വവുമാണ് ആവശ്യം.”

പങ്കെടുക്കണം; ഏതളവില്‍?

കുട്ടികളുടെ പഠനത്തില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഏറെ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. എന്നാല്‍ എത്രമാത്രം ഇടപെടണം എന്നതിനെക്കുറിച്ച് പല മാതാപിതാക്കള്‍ക്കും ധാരണയില്ലെന്നതാണ് സത്യം. അദ്ധ്യാപകര്‍ പ്രതീക്ഷിക്കുന്നത്ര പിന്തുണയും പങ്കാളിത്തവും നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അദ്ധ്യാപകരും കുട്ടികളും ഒരുമിച്ച് ചെയ്യേണ്ട കാര്യങ്ങളില്‍ രക്ഷിതാവെന്ന നിലയില്‍ നിങ്ങള്‍ അമിതാവേശം കാണിക്കുന്നത് നന്നല്ല. അധ്യയന കാര്യങ്ങളില്‍ ഇടപെടുന്നതും, ഫലപ്രദമായി ഇടപെടുന്നതും രണ്ടാണ്. കുട്ടിയുടെ പഠനരീതി, പഠനഭാഗങ്ങള്‍, ക്ലാസ്സിലെ പെരുമാറ്റം, സാമൂഹ്യവത്ക്കരണം, സഹപാഠികളോടുള്ള സഹകരണം, അച്ചടക്കം ഇവയിലെല്ലാം അദ്ധ്യാപ കര്‍ക്ക് സ്വാതന്ത്ര്യം കൊടുക്കണം. കുട്ടിയെക്കുറിച്ചുള്ള ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ക്ക് ആശങ്ക ഉണ്ടെങ്കില്‍ അത് അദ്ധ്യാപകരുമായി പങ്കുവയ്ക്കുവാന്‍ കഴിയണം. കുട്ടിയുടെ ക്ലാസ്സ് ടീച്ചറുമായി ഒരു നല്ല ബന്ധം നിലനിര്‍ത്തുക എന്നത് അഭികാമ്യമാണ്.

അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുക

നിങ്ങളുടെ കുട്ടിയെക്കുറിച്ചും അവന്‍റെ പഠനത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും മനസ്സിലാക്കുവാന്‍ അദ്ധ്യാപക-രക്ഷാകര്‍തൃ സംഗമങ്ങള്‍ ഏറെ സഹായിക്കും. അതുകൊണ്ടുതന്നെ ഇത്തരം യോഗങ്ങളില്‍ താത്പര്യത്തോടും ഒരുങ്ങിയും പങ്കെടുക്കുവാന്‍ ശ്രദ്ധിക്കണം. നിങ്ങളാണ് കുട്ടിയെ ഏറ്റവും അടുത്തറിയുന്ന വ്യക്തി. അതുകൊണ്ട് കുട്ടിയെ മനസ്സിലാക്കുവാന്‍ അദ്ധ്യാപകരെ സഹായിക്കത്തക്ക വിധം കാര്യങ്ങള്‍ പങ്കുവയ്ക്കാനും മടിക്കരുത്.

കിരണ്‍ വീട്ടില്‍ വളരെ ‘ജോളി’യായി പെരുമാറുന്ന കുട്ടിയാണ്. പക്ഷെ ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അവന്‍ നിശബ്ദനായിരുന്നു. ടീച്ചര്‍ ഉപദേശിച്ചു, താക്കീത് ചെയ്തു. പക്ഷെ, ഫലമുണ്ടായില്ല. അവര്‍ കിരണിന്‍റെ അമ്മയെ വിളിപ്പിച്ചു. അവര്‍ തമ്മിലുള്ള സംഭാഷണത്തിലൂടെ വേദനിപ്പിക്കുന്ന ആ സത്യം പുറത്തുവന്നു. കിരണിന് കേള്‍വിക്കുറവുണ്ട്. നല്ല പൊക്കമുണ്ടായിരുന്നതുകൊണ്ട് അവന്‍ പിന്‍ബഞ്ചിലായിരുന്നു ഇരിപ്പ്. അതുകൊണ്ട് ടീച്ചര്‍ പറയുന്നത് ശരിക്ക് കേള്‍ക്കുവാന്‍ അവന് കഴിഞ്ഞിരുന്നില്ല.

അദ്ധ്യാപകരെ വിശ്വാസത്തിലെടുക്കുക

മിനിമോള്‍ 9-ാം ക്ലാസ്സില്‍ പഠിക്കുന്നു. കുറച്ചുനാളുകളായി അവള്‍ക്ക് പഠനത്തില്‍ ശ്രദ്ധകുറഞ്ഞുവരുന്നത് ടീച്ചര്‍ നിരീക്ഷിച്ചു. ടീച്ചര്‍ ഈ വിവരം അവളുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തി. അപ്പോഴാണ് കള്ളി പുറത്തായത്! 8 മണിമുതല്‍ മകളോട് പഠിക്കാന്‍ പറഞ്ഞശേഷം അമ്മ സീരിയല്‍ ലോകത്താണ്. അമ്മയെക്കാള്‍ മിടുക്കിയായ മകള്‍ ‘പഠിച്ചു’കൊണ്ട് സീരിയല്‍ നഷ്ടപ്പെടുത്താതെ നോക്കി. ഏതായാലും മിനിമോളെ ഏറെ സ്നേഹിച്ചിരുന്ന അമ്മ ഒരു മാറ്റത്തിന് തയ്യാറായി. നിങ്ങള്‍ പറയുന്നതല്ല, പ്രത്യുത നിങ്ങള്‍ ചെയ്യുന്നതാണ് കുട്ടികള്‍ ചെയ്യുന്നത്.

നിങ്ങളുടെ കുട്ടിയുടെ ഗ്രേഡ് മോശമാകുമ്പോള്‍ അവളുടെ അദ്ധ്യാപകര്‍ക്കാണ് നിങ്ങളെ ഏറ്റവും കൂടുതല്‍ സഹായിക്കാന്‍ കഴിയുക. അതുകൊണ്ട് അവരെ വിശ്വാസത്തിലെടുക്കണം. ഒരിക്കലും കുട്ടിയുടെ മുന്നില്‍വച്ച് അദ്ധ്യാപകരെക്കുറിച്ച് മോശമായി സംസാരിക്കരുത്.

തുടര്‍ച്ചയായ ആശയ വിനിമയം

നിങ്ങള്‍ വളരെ തിരക്കുള്ള ഒരു രക്ഷിതാവാണോ? രക്ഷാകര്‍തൃയോഗത്തില്‍ തിരക്കിട്ടുവന്ന് ഒപ്പിട്ടു പോകുവാനേ നിങ്ങള്‍ക്കു സാധിക്കുന്നുള്ളോ? എങ്കില്‍ ഇത് തീര്‍ത്തും അപര്യാപ്തമാണ്. കുട്ടിയുടെ ക്ലാസ്സ് ടീച്ചറുമായി നിരന്തരമായ സമ്പര്‍ക്കം പുലര്‍ത്തേണ്ടത് വളരെ ആവശ്യമാണ്. അതിലൂടെ നിങ്ങളുടെ കുട്ടിക്ക് അര്‍ഹിക്കുന്ന ശ്രദ്ധ കൊടുക്കുവാന്‍ ടീച്ചര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.

ജാസ്മിന്‍റെ അച്ഛന്‍ ഒരു ട്രഷറി ഉദ്യോഗസ്ഥനാണ്. സമയം അദ്ദേഹത്തിന് ഒരു ബോണസാണ്. എന്നിരുന്നാലും ആഴ്ചയിലൊരിക്കലെങ്കിലും സ്കൂളില്‍ ചെല്ലുകയും കണ്ടുമുട്ടുന്ന ടീച്ചേഴ്സിനോട് ഒരു ‘ഹലോ’ പറയുകയും ചെയ്യുക അദ്ദേഹത്തിന്‍റെ ശൈലി ആയിരുന്നു. വലിയ സംസാരമൊന്നുമില്ലെങ്കിലും ആ സാന്നിധ്യം തന്നെ പ്രോത്സാഹന ജനകമായിരുന്നു. ഇതുതന്നെയായിരിക്കണം ജാസ്മിനെ സ്കൂളിലെ ‘Best Student അവാര്‍ഡ്’ നേടുവാന്‍ സഹായിച്ചതും.

സ്കൂള്‍ കാര്യങ്ങളില്‍ പങ്കെടുക്കുക.

നിങ്ങളുടെ കുട്ടി ഒരു അധ്യയന വര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നുണ്ട്. ചിലപ്പോഴെങ്കിലും ഈ പ്രവര്‍ത്തനങ്ങളില്‍ ടീച്ചേഴ്സിന് താങ്ങാകുവാന്‍ നിങ്ങള്‍ക്കു കഴിയും. ഒരുപക്ഷെ എക്സിബിഷന്‍ ഹാളിലേക്ക് എത്താന്‍ ഒരു ലിഫ്റ്റ് ആകാം, അല്ലെങ്കില്‍ മത്സരാര്‍ത്ഥികള്‍ക്ക് അകമ്പടിപോകലാകാം. ഇതെല്ലാം നിങ്ങളുടെ കുട്ടിക്ക് നിങ്ങളെക്കുറിച്ചുള്ള അഭിമാനം വര്‍ദ്ധിപ്പിക്കും. സ്കൂളും വീടും തങ്ങള്‍ക്കായി സ്നേഹപൂര്‍വ്വം സഹകരിക്കുന്നു എന്നു മനസ്സിലാക്കുന്ന കുട്ടി പഠനത്തില്‍ താത്പര്യം കാണിക്കും. സ്വയം വിലമതിക്കും. നേര്‍വഴിയിലൂടെ നടക്കും.

ഇത്തരമൊരു സഹകരണവും പരസ്പരവിനിമയവും നിങ്ങളും നിങ്ങളുടെ കുട്ടിയുടെ അദ്ധ്യാപകരും തമ്മില്‍ വളര്‍ത്തി എടുക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കും. അത് ഒരു വലിയ നേട്ടമായിരിക്കും… നിങ്ങള്‍ക്കും, അതിലേറെ നിങ്ങളുടെ കുട്ടിക്കും.

കല്‍പ്പിക്കണ്ട അവര്‍ പ്രജകളല്ല

കൗമാരപ്രായക്കാരായ കുട്ടികളുടെ സഹകരണം ലഭിക്കുന്നില്ലെങ്കില്‍ അതിനു കാരണം രക്ഷകര്‍ത്താക്കള്‍ തന്നെയായിരിക്കും

രണ്ടുവയസ്സായ അഖില്‍ കാറില്‍ കയറാന്‍ വിസമ്മതിക്കുന്നുവെന്ന് കരുതുക. ആദ്യം നിങ്ങള്‍ കുറച്ചൊക്കെ നിര്‍ബന്ധിച്ചുനോക്കും. പരാജയപ്പെട്ടാല്‍ അവസാനം അവന്‍റെ എതിര്‍പ്പിനെ വകവയ്ക്കാതെ അവനെ എടുത്ത് സീറ്റിലിരുത്തും. എന്നാല്‍, നിങ്ങളെക്കാള്‍ വലുപ്പമുള്ള കൗമാരക്കാരനായ നിങ്ങളുടെ മകന്‍റെ കാര്യത്തില്‍ ഇത് നടപ്പിലാകില്ല.

രവികുമാര്‍ എന്ന മനഃശാസ്ത്രജ്ഞന്‍ പറയുന്നു: “നല്ല തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ കൗമാരപ്രായക്കാര്‍ക്കുള്ള കഴിവില്‍ നിങ്ങള്‍ വിശ്വാസമര്‍പ്പിച്ചേ പറ്റൂ. കൊച്ചുകുഞ്ഞുങ്ങളെ അനുസരിപ്പിക്കാന്‍ പ്രയോഗിക്കുന്ന നിര്‍ബന്ധബുദ്ധി മുതിര്‍ന്ന കുട്ടികളുടെ കാര്യത്തില്‍ തിരിച്ചടിയായേക്കും”.

സമീപനത്തിലുള്ള മാറ്റമാണ് കൗമാരക്കാരെ സമീപിക്കുമ്പോള്‍ നമുക്ക് വേണ്ടത്. സംഭാഷണത്തിലൂടെയും ചര്‍ച്ചയിലൂടെയും അവരുടെ സഹകരണം നേടിയെടുക്കുന്ന ബന്ധം വളര്‍ത്തിയെടുക്കുകയാണാവശ്യം. ഇത്തരമൊരു ബന്ധത്തിന്റെ ഹൃദയമെന്നത് അവരെ കേള്‍ക്കാനുള്ള സന്നദ്ധതയാണ്.

13-ഉം 11-ഉം വയസ്സായ രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് ലിസ. ഈ രണ്ട് കുട്ടികളെ വളര്‍ത്തിയതുകൊണ്ട് മാത്രം പരസ്പരം ആലോചിക്കാനും ചര്‍ച്ചചെയ്യാനുമുള്ള കഴിവ് എത്രയോ കൂടിയെന്ന് അവര്‍ പറയുന്നു.

“മനുവിനോട് ഞാനൊരു കാര്യം പറഞ്ഞിട്ട്, അവന്‍ എതിരു പറഞ്ഞാല്‍ ഞാന്‍ മറ്റൊരു വഴി ആലോചിക്കും. ‘പാത്രം തുടക്കാന്‍ പറ്റില്ലെങ്കില്‍ നീ ഒരു കാര്യം ചെയ്യ്, കൂജയില്‍ വെള്ളം നിറച്ചുവയ്ക്ക്.’ തീര്‍ത്തും മോശമായ അന്തരീക്ഷമാണെന്നു കണ്ടാല്‍ ഞാന്‍ പറയും, ‘ശരി ഇന്നത്തേക്ക് ഞാനിതു ചെയ്യാംഎന്നാല്‍ നാളെ നീ ഇത് ചെയ്യണം’.

വിലക്കുകള്‍ക്ക് പകരം ചര്‍ച്ച

ഡോ. രവികുമാര്‍ പറയുന്നു, കൗമാരക്കാരോട് ‘അരുത്’, ‘പറ്റില്ല’ എന്ന് പറയുന്നതിനേക്കാള്‍ കൂടുതലായി ‘ശരി’യെന്നും, ‘ഓകെ’ എന്നും പറയാന്‍ ശീലിക്കുന്നതായിരിക്കും നല്ലത്. അനുവദിക്കാന്‍ പറ്റാത്ത കാര്യമാണെങ്കിലും തുറന്നടിച്ച് പറ്റില്ല’ എന്ന് പറയരുത്. പകരം ഒരു ചര്‍ച്ചയോ സംഭാഷണമോ ആരംഭിക്കാം. ‘നിനക്ക് എന്ത് തോന്നുന്നു?’ ‘എന്‍റ ഉത്കണ്ഠ ഇതാണ്’. ഇങ്ങനെ ചര്‍ച്ച ചെയ്താല്‍ അവര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാകും. പലപ്പോഴും അവര്‍ തന്നെ ‘വേണ്ട’ എന്ന തീരുമാനത്തില്‍ സ്വയം എത്തിയെന്നും വരും.

കുടുംബസമ്മേളനം

വീട്ടില്‍ എല്ലാവരും ഒരുമിച്ചിരിക്കുന്ന അവസരങ്ങളുണ്ടാക്കണം. ഇത്തരം അവസരങ്ങള്‍ ഓരോരുത്തരുടേയും പ്രശ്നങ്ങള്‍ തുറന്ന് ചര്‍ച്ചചെയ്യാന്‍ ഉപയോഗിക്കുക.

“ഞങ്ങളുടെ വീട്ടിലൊരു വൈറ്റ് ബോര്‍ഡുണ്ട്. ഒരുമിച്ചു ചര്‍ച്ചചെയ്യാനുള്ള വിഷയം ആര്‍ക്കും അതില്‍ എഴുതിയിടാം. ഒരുമിച്ചിരിക്കുമ്പോള്‍ ഞങ്ങളത് ചര്‍ച്ച ചെയ്തെടുക്കും”. ഇത് വളരെ ഉപകാരപ്രദമാണെന്ന് മൂന്ന് മക്കളുടെ അമ്മയായ ആനി പറയുന്നു. “കാരണം ചര്‍ച്ചകള്‍ നടക്കുന്നത് വൈകാരികമായി ചൂടായിരിക്കുമ്പോഴല്ല, കാര്യങ്ങള്‍ തണുത്ത ശേഷമാണ്”.

നിയമങ്ങള്‍ പുനഃപരിശോധിക്കുക

വീട്ടിലെ പല നിയമങ്ങളും കുട്ടികള്‍ ചെറുതായിരുന്നപ്പോള്‍ ഉണ്ടാക്കിയതോ നിങ്ങള്‍

നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് ശീലിച്ചതോ ആകാം. സൈക്യാട്രിസ്റ്റ് തോമസ് സാമുവല്‍ പറയുന്നു: “കുട്ടികളുടെ പക്വതയും പ്രായവും പരിഗണിച്ച് അവരെകൂടി പങ്കെടുപ്പിച്ച് നിയമങ്ങളുണ്ടാക്കുക. ശരിയല്ലെന്ന് മക്കള്‍ കരുതുന്ന കാര്യങ്ങള്‍ക്ക് അവരെ നിര്‍ബന്ധിച്ചാല്‍ അവര്‍ കൂടുതല്‍ പിടിവാശി പിടിക്കാനേ സഹായിക്കൂ. ചര്‍ച്ചയും വിട്ടുവീഴ്ചയുമാണ് ഈ പ്രായത്തില്‍ കൂടുതല്‍ ഫലപ്രദം”.

കല്പനയല്ല അഭ്യര്‍ത്ഥന

“കൗമാരക്കാരോട് കല്പിക്കുന്നതിനേക്കാള്‍ നല്ലത് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നതാണ്. ‘പറ്റില്ല’ എന്ന് പറയാന്‍ സാധ്യതയുള്ളിടത്തുപോലും സഹായാഭ്യര്‍ത്ഥന വിജയിച്ചെന്നിരിക്കും; അതും മക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ തുറന്നിടുന്ന അഭ്യര്‍ത്ഥനയാണെങ്കില്‍,” അനുഭവത്തില്‍ നിന്നും ലിസ പറയുന്നു. “ആറു മണിക്ക് ചെടി നനച്ചു തീര്‍ക്കണം എന്ന് കല്പിക്കുന്നതിനേക്കാള്‍ നല്ലത്, എപ്പോള്‍ നനച്ചു തീര്‍ക്കും എന്നു ചോദിക്കുന്നതാണ്”.

ആവശ്യമുള്ളപ്പോള്‍ മാത്രം

“സാധാരണയായി അയവുള്ള സമീപനമാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍, ചില കാര്യങ്ങളില്‍ കര്‍ശനസ്വഭാവം കാണിച്ചാലും അവര്‍ സഹകരിക്കും,” ഡോക്ടര്‍ രവികുമാര്‍ പറഞ്ഞു. ഉത്തരവാദിത്വവും അവകാശങ്ങളും ഒരുമിച്ചു പോകുന്നതാണെന്ന് കൗമാരക്കാരെ ബോധ്യപ്പെടുത്തണമെന്ന് തോമസ് സാമുവല്‍ അഭിപ്രായപ്പെടുന്നു.

പരസ്പരബന്ധം പരിപോഷിപ്പിക്കുക

“തര്‍ക്കവും എതിര്‍പ്പും അനുസരണക്കേടും നിറഞ്ഞ ദിവസമായിരുന്നെങ്കില്‍ അന്ന് മക്കളുമായി ഒരു ഔട്ടിങ് നല്ലതാണ്,” രവികുമാര്‍ പറയുന്നു. “അതുമല്ലെങ്കില്‍ പുറത്ത് ഭക്ഷണം കഴിക്കാനോ, സിനിമയ്ക്കോ പോകാം. അതിലൂടെ അവരുമായുള്ള ബന്ധം വളര്‍ത്താനും അവരുടെ സഹകരണം നേടിയെടുക്കാനും സാധിക്കും. ബന്ധം നല്ലതായിരിക്കുമ്പോള്‍ സഹകരണം എളുപ്പമാകും.”

കൗമാരപ്രായക്കാരുടെ തലച്ചോറ്

ഡോക്ടര്‍ രവികുമാര്‍ പറയുന്നു: “കൗമാരപ്രായത്തിലുള്ള കുട്ടികളെ സംബന്ധിച്ച ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം അവര്‍ പെരുമാറുന്നതും സംസാരിക്കുന്നതുമെല്ലാം മുതിര്‍ന്നവരെപ്പോലെയാണെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ കുട്ടികളാണെന്നതാണ്. ഇത് ഒരു വളര്‍ച്ചാഘട്ടമായതിനാല്‍ മുതിര്‍ന്നവരുടെ യുക്തിയും പക്വതയും അവര്‍ക്കുണ്ടാവില്ല.” ഇക്കാരണത്താല്‍ തന്നെ ഈ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്നേഹവും പിന്തുണയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അത്യാവശ്യമാണ്. (ഒപ്പം അളവില്ലാത്ത ക്ഷമയും). എന്തൊക്കെ പറഞ്ഞാലും എത്ര ബുദ്ധിപൂര്‍വ്വം പെരുമാറിയാലും അവര്‍ കുട്ടികളാണ്.

കുട്ടിയുടെ കണ്ണാടി

കുട്ടികളുടെ എല്ലാ ശീലങ്ങളും അവര്‍ കണ്ട് പഠിക്കുന്നതാണ്.അവരുടെ ബന്ധങ്ങളാണിതിനു പിന്നില്‍.

കുട്ടികള്‍ക്ക് നല്ലബന്ധങ്ങളുണ്ടാകാന്‍ രക്ഷകര്‍ത്താക്കള്‍ ശീലിക്കേണ്ട പഞ്ചശീലങ്ങളിതാ

നമ്മള്‍ ഉദ്ദേശിക്കുന്നതിലേറെ, കുട്ടികള്‍ നമ്മില്‍ നിന്നും പഠിക്കുന്നുണ്ട്. കാരണം പിരീക്ഷണത്തിലൂടെയാണ് അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതും പഠിക്കുന്നതും സ്വാംശീകരിക്കുന്നതും. നിങ്ങളും പങ്കാളിയും പരസ്പരം ഇടപെടുന്നതും നിങ്ങള്‍ മറ്റുള്ളവരോട് ഇടപെടുന്നതും കുട്ടികള്‍ കൃത്യമായി നിരീക്ഷിക്കുകയും ഇതെല്ലാം അവരുടെ ഭാവി ബന്ധങ്ങളെ സ്വാധീനിക്കുകയും ചെയ്യും. പ്രശസ്ത മനഃശാസ്ത്രജ്ഞ ഡോ. വീണ നായര്‍ പറയുന്നു: “ചുറ്റുമുള്ള ബന്ധങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെ കുട്ടികള്‍ സ്വയം മനസ്സിലാക്കാന്‍ പഠിക്കുന്നു; ഒപ്പം മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നും. അതിനാല്‍ കുഞ്ഞുങ്ങളിലുണ്ടാകുന്ന മോശം സ്വാധീനങ്ങള്‍ പിന്നീടൊരിക്കലും മാറ്റുക സാധ്യമല്ല”. കുട്ടികള്‍ക്ക് നല്ല മാതൃകയാവാന്‍ ഇതാ ചില കുറുക്കു വഴികള്‍

1. പരസ്പരം കുറ്റപ്പെടുത്താതിരിക്കുക

കുട്ടികളുടെ മുന്നില്‍ വച്ച് പരസ്പരം വഴക്കിടാതിരിക്കുകയും കുറ്റപ്പെടുത്താതിരിക്കുകയും ചെയ്യുക. നല്ല വ്യക്തിബന്ധത്തിന് മാതൃകയാവാനുള്ള ആദ്യപടി ഇതാണ്. “അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങള്‍ നിങ്ങള്‍ ഇരുവരും മാത്രമായിരിക്കുമ്പോള്‍ ചര്‍ച്ച ചെയ്യുക. വീട്ടിലെ പൊതുകാര്യങ്ങളെക്കുറിച്ച് അച്ഛനും അമ്മയും തമ്മില്‍ ധാരണയുണ്ടായിരിക്കണം. ഒരാളുടെ തീരുമാനത്തെ മറ്റേയാള്‍ എതിര്‍ക്കരുത്” – ഡോ. വീണ പറയുന്നു. “മുറിപ്പെടുത്താതെ എങ്ങനെ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാമെന്നും മാതാപിതാക്കളില്‍ നിന്ന് മക്കള്‍ പഠിക്കണം”. നിങ്ങള്‍ക്കും പങ്കാളിക്കും എല്ലാക്കാര്യത്തിലും 100% പരസ്പരം യോജിക്കാനാവില്ല. ഇത് തികച്ചും സ്വാഭാവികമാണ്. എന്നാല്‍ നിങ്ങള്‍ അഭിപ്രായവ്യത്യാസങ്ങളെ കൈകാര്യം ചെയ്യുന്ന രീതി കുട്ടികളെ വലിയൊരളവില്‍ സ്വാധീനിക്കുമെന്ന് മറക്കാതിരിക്കുക.

2. ഒറ്റക്കെട്ടാണെന്ന് ഉറപ്പു വരുത്തുക

കുട്ടികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ത്, ചെയ്യേണ്ടാത്തതെന്ത് എന്ന് വ്യക്തമായ ധാരണ വേണം. കുട്ടികള്‍ വളര്‍ന്നുവരുന്നതിനനുസരിച്ച് ഈ കാര്യത്തില്‍ ഭേദഗതിയാകാം. എന്നാലും ചില കാര്യങ്ങള്‍ കുട്ടികളുടെ മുന്നില്‍ വച്ച് പറയാനേ പാടില്ല. കുട്ടികള്‍ കേട്ടാല്‍ കുഴപ്പമില്ലാത്ത കാര്യങ്ങളെന്തെന്ന് ദമ്പതികള്‍ക്ക് കൃത്യമായി ധാരണയുണ്ടായിരിക്കണം. അതില്‍ സ്ഥിരതയോടെ ഉറച്ചുനില്ക്കുകയും വേണം. “കുടുംബം എല്ലാവര്‍ക്കും പ്രാധാന്യവും ഭാഗഭാഗിത്വവും കൊടുക്കുന്ന ഒരു വ്യവസ്ഥയാണെങ്കിലും ഇതൊരു ജനാധിപത്യ സംവിധാനമല്ല. തങ്ങള്‍ മാതാപിതാക്കളാണെന്നും കുട്ടികളേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും ദമ്പതികള്‍ മറക്കരുത്”, ഡോ. വീണ പറയുന്നു.

3. നല്ല ബന്ധം നിലനിര്‍ത്തുക

മാതാപിതാക്കള്‍ പരസ്പരം ഇടപെടുന്നതെങ്ങനെയെന്ന് മാത്രമല്ല കുട്ടികള്‍ നിരീക്ഷിക്കുക; മറ്റു ബന്ധുമിത്രാദികളോടും നിങ്ങളുടെ മാതാപിതാക്കളോടും നിങ്ങള്‍ പെരുമാറുന്നതെങ്ങനെയെന്നു കൂടി അവര്‍ ശ്രദ്ധിക്കും. കൂടുതല്‍ ആളുകള്‍ സ്നേഹിക്കാനും പിന്തുണയ്ക്കാനും ഉള്ളപ്പോള്‍ കുട്ടികള്‍ കൂടുതല്‍ നന്നായിവളരും”, ഡോ. വീണ പറയുന്നു.

അടുത്ത കുടുംബാംഗങ്ങള്‍ തന്നെ പലപ്പോഴും അകലങ്ങളിലായിരിക്കും കഴിയുന്നത്. ഇന്റര്‍നെറ്റ്, സ്കൈപ്പ് മുതലായ ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് അകലെ ഉള്ളവരുമായി നല്ല ബന്ധം പുലര്‍ത്തുന്നത് കുട്ടികള്‍ മാതൃകയാക്കും. കുടുംബാംഗങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ പരിശ്രമിക്കുക; അത് പരിപോഷിപ്പിക്കാനും.

4. കുട്ടികള്‍ക്കുവേണ്ടി വിട്ടു വീഴ്ച ചെയ്യുക

ദമ്പതികള്‍ ഒരേ ആശയങ്ങളും അഭിപ്രായങ്ങളും ഉള്ളവരാകണമെന്നില്ല. എന്നാല്‍ കുട്ടികള്‍ക്കുവേണ്ടി നിങ്ങള്‍ പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യണം. നിങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ വിവാഹമോചനത്തിലേയ്ക്ക് വളരാന്‍ അനുവദിക്കരുത്. ഇനി അഥവാ അങ്ങനെയെങ്ങാനും സംഭവിച്ചാല്‍പോലും പങ്കാളിയെ കുറ്റപ്പെടുത്തി മക്കളോട് സംസാരിക്കരുത്. മക്കളില്‍ ആയിരിക്കണം നിങ്ങളുടെ ശ്രദ്ധ, അല്ലാതെ വിട്ടുപോയ പങ്കാളിയിലാകരുത്.

5. നല്ല മാതൃകകള്‍

മറ്റുള്ളവരോട് ഇടപെടുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് നല്കുന്ന മാതൃക നല്ലതായിരിക്കണം. കുട്ടികള്‍ നിങ്ങളെ നിരീക്ഷിക്കുന്നുവെന്ന് ഓര്‍ക്കണം. നിങ്ങളുടെ ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ താത്ര്യം കാണിക്കുകയും കുട്ടികളോട് അവ ചര്‍ച്ച ചെയ്യുകയും വേണം. കുട്ടികളുടെ പഠന, പഠനേതര പ്രവര്‍ത്തനങ്ങളില്‍ നിര്‍ബന്ധമായും താത്പര്യമുണ്ടായിരിക്കണം. വീട്ടിലേതല്ലാത്ത ചില ഉത്തരവാദിത്വങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ കുട്ടികളെ സഹായിക്കണം. കുട്ടികള്‍, അവരെ മോശമായി സ്വാധീനിക്കുന്നതിലൊന്നിലും ചെന്നുപെടാതിരിക്കാന്‍ ജാഗരൂകരായിരിക്കേണ്ടത് മാതാപിതാക്കളാണ്. ടി. വി. യും വീഡിയോയും, സിനിമയുമൊക്കെ വഴി പുറം ലോകം കുട്ടികളിലേക്ക് അതിക്രമിച്ചു കയറും. എന്നാല്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളുടെ മേല്‍ ന്യായമായ നിയന്ത്രണങ്ങള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടാവരുത്. കുട്ടികള്‍ സമയം ചില വഴിക്കുന്നതെങ്ങനെയെന്ന് കൃത്യമായി നിരീക്ഷിക്കുക.

“ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ: വിട്ടുവീഴ്ചകള്‍ ചെയ്യാനും പരസ്പരം ബഹുമാനിക്കാനും എതിര്‍ ലിംഗത്തില്‍പ്പെട്ടവരോട് മാന്യമായി പെരുമാറാനും പ്രതികൂല സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനും കുഞ്ഞുങ്ങള്‍ നിങ്ങളില്‍ നിന്ന് പഠിക്കും” ഡോ. വീണ നിസംശയം പറയുന്നു. “ആരും പരിപൂര്‍ണ്ണരല്ല. അതിനാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം എപ്പോഴും പൂര്‍ണ്ണമായി പാലിക്കാന്‍ പറ്റിയെന്നും വരില്ല. എന്നാല്‍ എത്രയധികം പരിശ്രമിക്കുന്നുവോ, അത്രയധികം എളുപ്പമായി ഇത് മാറും; അങ്ങനെ നിങ്ങളുടെ കുട്ടികളുടെ ജീവിതവും മെച്ചപ്പെടും”.

എന്തൊരുത്സാഹം എന്തൊരാനന്ദം!

അവസാനത്തെ പരീക്ഷ വരെ ഉത്സാഹം നിലനിര്‍ത്താനായാല്‍ ജയമുറപ്പെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ഉത്സാഹം ചോരുന്നുവെങ്കില്‍…

Liju Sunil Vachaparambil M.A., MS (Counseling & Psychotherapy)

പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴുള്ള ഏറ്റവും പ്രധാന വെല്ലുവിളി തുടക്കത്തിലെ ഉത്സാഹവും ഊര്‍ജ്ജവും അവസാനത്തെ പരീക്ഷവരെ നിലനിര്‍ത്തുക എന്നതാണ്. പരീക്ഷാക്കാലം ദൈര്‍ഘ്യമുള്ളതാണെങ്കില്‍ ഈ വെല്ലുവിളി അത്ര ലളിതവുമാകില്ല. പരീക്ഷയ്ക്കായി ഉത്സാഹത്തോടെ ഒരുങ്ങാനുള്ള ചില തന്ത്രങ്ങള്‍ പരിചയപ്പെടാം.

1. ഭാവിലക്ഷ്യം മനസ്സില്‍ നിലനിര്‍ത്തുക

പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ വിഷയത്തിന്‍റെ വിശദാംശങ്ങളില്‍ കുടുങ്ങി മനസ്സ് മടുത്തുപോകാന്‍ ഇടയുണ്ട്. ഏതു വിഷയത്തിന്‍റെ കാര്യത്തിലും ഇത് സംഭവിക്കാം. പാഠപുസ്തകങ്ങളുമായി ഗുസ്തി പിടിക്കുന്നതിലും ഉപരിയായി വേറെ എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യാനാവും എന്ന് ചിന്തിച്ചുപോകാം. അത്തരം അവസരങ്ങളില്‍ ഒന്ന് മാറിനിന്ന് ചിന്തിക്കാന്‍ ശ്രമിക്കുക. സ്വന്തം ഭാവിയെന്ന വലിയ ക്യാന്‍വാസ് മനസ്സിലേക്ക് കൊണ്ടുവരുക. ഭാവിയില്‍ ആരായിത്തീരുകയാണ് അഥവാ എന്ത് നേടുകയാണ് ലക്ഷ്യമെന്ന കാര്യം വീണ്ടും മനസ്സില്‍ ഉറപ്പിക്കുക. ഇത് ഒരു പരീക്ഷ മാത്രമാണെങ്കില്‍ പോലും സ്വന്തം ലക്ഷ്യത്തിലേക്കുള്ള വഴിയിലെ പ്രധാനപ്പെട്ട ഒരു പടി തന്നെയാണെന്ന കാര്യം ഓര്‍മയില്‍ കൊണ്ടുവരിക.

2. ഏകാഗ്രത നഷ്ടപ്പെടുത്താതിരിക്കുക

പാഠ്യവിഷയത്തില്‍ നിന്ന് ശ്രദ്ധ പതറിപ്പോകാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കുക. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത് നല്ലകാര്യമല്ല. അതുപോലെ വരുന്ന ഓരോ ഇമെയിലും ഗൂഗിള്‍ നോട്ടിഫയറിലൂടെ അറിഞ്ഞുകൊണ്ടിരുന്നാല്‍ പഠനം തടസ്സപ്പെടും. ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ പഠനസമയത്ത് മാറ്റിവയ്ക്കുക ഒരു പാഠമോ അധ്യായമോ പഠിച്ചു കഴിഞ്ഞ് ഫെയ്സ് ബുക്കോ, ഫോണോ, ട്വിറ്ററോ നോക്കാമല്ലോ. ചുറ്റും നടക്കുന്ന എല്ലാ സംഭാഷണങ്ങളും പിടിച്ചെടുക്കുന്ന സൂക്ഷ്മതയുള്ള ചെവിയാണ് നിങ്ങളുടേതെങ്കില്‍ ശാന്തമായി ഒരിടം കണ്ടെത്തി പഠിക്കാനിരിക്കുക. ചിലരുണ്ട്, വായിക്കുന്നതിനേക്കാള്‍ അവര്‍ക്കു താല്‍പര്യം പുസ്തകത്തില്‍ കുത്തിവരയ്ക്കാനാണ്. അത്തരം ശീലമുള്ളവര്‍ എഴുതാന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പേന മാറ്റി നോക്കുക.

3. ഓരോ ഘട്ടത്തിലും സമ്മാനം

സ്വയം സമ്മാനം നല്‍കുക! നന്നായി പരീക്ഷയെഴുതണമെങ്കില്‍ ദിവസത്തില്‍ 18 മണിക്കൂര്‍ പഠിക്കണമെന്ന് ചിലപ്പോള്‍ കുട്ടികള്‍ക്ക് തോന്നിയെന്നിരിക്കും. ഇത് അവരെ തളര്‍ത്തുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും. പഠനത്തിനിടെ ഇടയ്ക്കിടെ ഇടവേള എടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉദാഹരണത്തിന്, ഒരു ഭാഗം പഠിച്ചു കഴിഞ്ഞാല്‍ ടി.വി.യിലെ ഏതെങ്കിലുമൊരു പ രിപാടി കാണാം എന്ന് സ്വയം തീരുമാനിക്കുക. ഭക്ഷണം ഇഷ്ടമാണെങ്കില്‍ എന്തെങ്കിലും നല്ല ഭക്ഷണം തന്നെ സമ്മാനമായി നിശ്ചയിക്കാം. ഐസ്ക്രീമാകാം, കാഡ്റിയാകാം. കളിക്കാനാണ് താല്‍പര്യമെങ്കില്‍ ഇടവേളയില്‍ ചെറിയൊരു ഗെയിമാകാം. അല്ലെങ്കില്‍ സംസാരിക്കാന്‍ ഇഷ്ടമുള്ള ആര്‍ക്കെങ്കിലും ഒരു ഫോണ്‍ കോള്‍. കഠിനമായ മാനസിക അദ്ധ്വാനം ആവശ്യപ്പെടുന്ന പഠനത്തിനിടെ ഇതിലേതും നല്ലൊരു സമ്മാനമായിരിക്കും.

4. കൂട്ടുകാരോടൊപ്പം പഠിക്കുക

പഠിക്കാന്‍ കൂട്ടിന് ഒരാളെകിട്ടുക എന്നത് വലിയൊരു കാര്യമാണ്. കൂട്ടുകാര്‍ക്ക് പരസ്പരം പ്രചോദനം നല്‍കാനും സഹായിക്കാനും കഴിയും. നല്ല കൂട്ടുകാരോടൊപ്പമാണ് പഠിക്കുന്നതെങ്കില്‍ നന്നായി ശ്രദ്ധിക്കാനും അച്ചടക്കത്തോടെ പഠിക്കാനും ആരോഗ്യകരമായഒരു സമ്മര്‍ദ്ദം അവരില്‍ നിന്നുണ്ടാകും. ലൈബ്രറി പോലെ ശാന്തമായ ഒരിടത്തിരുന്ന് പഠിക്കുകയാണെങ്കില്‍ സംസാരിക്കാനും തമാശകളിക്കാനുമുള്ള പ്രലോഭനം വളരെ കുറവായിരിക്കും. ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പഠിക്കുന്നതും വളരെ ഗുണകരമാണ്. കണക്കോ സ്റ്റാറ്റിസ്റ്റിക്സോ പോലുള്ള വിഷയങ്ങള്‍ പഠിക്കുമ്പോള്‍ കൂടെ കൂട്ടുകാരുണ്ടെങ്കില്‍ മടുപ്പ് വരില്ല, ഉറക്കം ശല്യം ചെയ്യുകയുമില്ല. ഒരു ചെറിയ മത്സരബുദ്ധിയും ഇത്തരം പഠന സന്ദര്‍ഭങ്ങളെ ഫലവത്താക്കും. എന്നാല്‍ എല്ലാവരുടെ കാര്യത്തിലും ഇത് ഫലപ്രദമാകണമെന്നില്ല. ചിലര്‍ക്ക് തനിച്ചിരുന്ന് പഠിക്കുന്നതാണ് ഇഷ്ടം. പഠനപുരോഗതി അളക്കാനും ഒരുമിച്ചുള്ള പഠനം സഹായിക്കും.

5. അല്പം വികൃതി

പഠനസമയത്ത് ചില വികൃതിത്തരങ്ങള്‍ പരീക്ഷിച്ചുനോക്കാം. വിരസത മാറ്റാന്‍ ഇത് സഹായിക്കും. കുറിപ്പുകളും പുസ്തകങ്ങളും തലതിരിച്ചുപിടിച്ച് വായിച്ചുനോക്കാം. ഇത് പഠനത്തിന് തമാശ കലര്‍ന്ന ഒരു പുതുമ നല്‍കും! ഇഷ്ടമുള്ള ഒരു ഗാനത്തിന്‍റെയോ നഴ്സറിപ്പാട്ടിന്‍റെയോ ഈണത്തില്‍ പഠിക്കാനുള്ളത് പാടി നോക്കാം. ഇത്തരം സാധ്യതകള്‍ അനന്തമാണ്!

പരീക്ഷാപ്പേടി ഒഴിവാക്കാന്‍..

അധികം കുട്ടികളും പരീക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഏറ്റെടുക്കുകയും വിജയിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ ഇവരെ കൂടുതല്‍ സഹായിക്കാന്‍ മുതിര്‍ന്നവര്‍ക്ക് കഴിയും.

വൈകാരിക പിന്തുണ

സമ്മര്‍ദ്ദത്തിന്‍റെയും വൈകാരിക പിരിമുറുക്കത്തിന്‍റെയും അവ സരത്തിലാണ് കുട്ടികള്‍ക്ക് മാതാപിതാക്കളുടെ കരുതലും പരിചരണവും കൂടുതല്‍ ആവശ്യമായി വരുന്നത്. പരീക്ഷാക്കാലം അത്തരം ഒരവസരമാണ്. മാതാപിതാക്കളുടെ പ്രത്യേക പരിഗണനയും സംരക്ഷണവും കുട്ടികളുടെ സുരക്ഷിതത്വവും ആത്മവിശ്വാസവും വളര്‍ത്തും.

മാനസികാവസ്ഥ സംസാരവിഷയമാക്കുക

കുട്ടികളുടെ വികാരങ്ങള്‍ തുറന്നുപറയാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. നിങ്ങളും അവരുടെ പ്രായത്തില്‍ ഇത്പോലെയായിരുന്നു എന്ന് പറയുക, അപ്പോള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ തികച്ചും സാധാരണമാണെന്ന് അവര്‍ക്ക് മനസിലാകും. പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ മടികാണിക്കേണ്ടതില്ല എന്ന് കുട്ടികള്‍ക്ക് തോന്നണം.

ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുക

അവര്‍ക്ക് കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം നിങ്ങള്‍ക്കുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക. സംഘര്‍ഷമുള്ള സന്ദര്‍ഭങ്ങളില്‍ കുട്ടികളുടെ കൂടെ നില്‍ക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അവരുടെ അദ്ധ്വാനത്തെ അംഗീകരിച്ച് സംസാരിക്കുക; വിജയത്തില്‍ അഭിനന്ദിക്കുക.

വിശ്രമിക്കാന്‍ സഹായിക്കുക

ശാന്തമായ ശ്വസനക്രമത്തിലൂടെ മനസിനും ശരീരത്തിനും വിശ്രമം നല്‍കാന്‍ പഠിപ്പിക്കുക. യോഗപരിശീലനവും പ്രാണായാമവും ഇതിന് ഉപകരിക്കും. ഇഷ്ടമുള്ള വിനോദങ്ങളും കളികളും ക്രമമായ ഇടവേളകളില്‍ അനുവദിക്കണം.

നല്ല ചിന്തകള്‍

“എനിക്കിത് ചെയ്യാന്‍ കഴിയില്ല” എന്ന് പറയുന്നതിന് പകരം “ഞാന്‍ ഒരു കൈ നോക്കാം” എന്ന് പറയാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

പ്രശ്ന പരിഹാരത്തേക്കുറിച്ച് ചര്‍ച്ച

പരീക്ഷാസമയത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളേക്കുറിച്ച് കുട്ടിയുമായി മുന്‍കൂട്ടി ചര്‍ച്ച ചെയ്യുക. ഉദാഹരണത്തിന്, പരീക്ഷ എഴുതുമ്പോള്‍ ടെന്‍ഷന്‍ തോന്നിയാല്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കുക. സാധ്യമായ മൂന്ന് പരിഹാരങ്ങളെങ്കിലും നിര്‍ദേശിക്കുക; പത്ത് തവണ ശാന്തമായി ശ്വാസോച്ഛോസം ചെയ്ത് ഈ അവസ്ഥ പരിഹരിക്കാന്‍ നോക്കുക; കുറച്ച് വെള്ളം കുടിക്കുക; സുഖമില്ലെന്ന് അധ്യാപകനോട് പറയുക.

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുക

ചോദ്യപേപ്പര്‍ ആദ്യം തന്നെ വായിച്ച് എളുപ്പമുള്ള ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരമെഴുതുക. ബുദ്ധിമുട്ടുള്ളവയുടെ ഉത്തരമെഴുതാന്‍ പിന്നീട് ശ്രമിക്കുക.

ഇനിയും പേടിയുണ്ടെങ്കില്‍

കുട്ടിയുടെ ഉത്കണ്ഠ നിങ്ങള്‍ക്ക് പരിഹരിക്കാവുന്നതിലും കൂടുതലാണെന്ന് തോന്നിയാല്‍ ക്ലാസ്ടീച്ചറോട് സംസാരിച്ച് കുട്ടിയുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുക. ഒരു മന:ശാസ്ത്രജ്ഞനോടോ, കൗണ്‍സിലറോടോ സംസാരിക്കാന്‍ സാഹചര്യമൊരുക്കുക.

ജയിക്കാന്‍ ഒരുങ്ങാം

ഒത്തിരി ഒരുങ്ങിയിട്ടും റിസല്‍റ്റ് വരുമ്പോള്‍ ഫലം പരാജയം; ജയിക്കാനായ് മാത്രം ഒരുങ്ങുന്നതിനുള്ള 9 മാര്‍ഗ്ഗങ്ങളിതാ…

Liju Sunil Vachaparambil M.A., MS (Counseling & Psychotherapy)

പ്രിയ വിദ്യാര്‍ത്ഥികളേ, നിങ്ങള്‍ പലതരക്കാരായിരിക്കാം.നിങ്ങളില്‍ അധികം പേരും വളരെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളാണ്. എന്നിരുന്നാലും നിങ്ങളുടെ പഠനത്തെ ബാധിക്കുന്ന പലതരം പ്രശ്നങ്ങളുണ്ടാവാം. നിങ്ങളിലധികം പേരും നന്നായി പഠിക്കുകയും നല്ല മാര്‍ക്ക് വാങ്ങുകയും ചെയ്യുന്നവരാകാം. ഒരുപാട് കഷ്ടപ്പെടാതെ തന്നെ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവരുമുണ്ട്. ഇത് എങ്ങനെ സാധിക്കുന്നുവെന്ന് മറ്റുള്ളവര്‍ അത്ഭുതപ്പെട്ടേക്കാം.

അതേ സമയം നന്നായി പഠിച്ചിട്ടും നല്ല മാര്‍ക്ക് കിട്ടാത്ത ചിലരുണ്ട്. ഇതില്‍ വിഷമിക്കേണ്ട കാര്യമില്ല, വളരെ ചെറിയ ചില തന്ത്രങ്ങളിലൂടെ പഠനത്തില്‍ പ്രാഗത്ഭ്യം നേടാന്‍ നിങ്ങള്‍ക്ക് കഴിയും. ‘ചുരുങ്ങിയ സമയത്തിനുള്ളില്‍ എങ്ങനെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം’ എന്ന് അവ നിങ്ങള്‍ക്ക് മനസ്സിലാക്കിത്തരും. ഹൈസ്ക്കൂള്‍ പരീക്ഷയോ, മത്സരപ്പരീക്ഷയോ ഏതുമാകട്ടെ, ഒരാഴ്ച്ചയ്ക്കുള്ളില്‍ നന്നായി ഒരുങ്ങാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ നിങ്ങളെ സഹായിക്കും. എങ്കിലും ഇവ ദീര്‍ഘകാലാടിസ്ഥാനത്തിലോ, സ്ഥിരമായോ പരിശീലിക്കുന്നത് വളരെ ഫലപ്രദമായിരിക്കും.

എന്നാല്‍ വ്യത്യസ്ത പരീക്ഷകള്‍ക്ക് ഒരുങ്ങേണ്ടത് വ്യത്യസ്ത രീതികളിലാണ്. ചില മത്സരപ്പരീക്ഷകള്‍ക്ക് ദീര്‍ഘകാലത്തെ പരിശീലനം വേണ്ടിവരും. എന്നാല്‍ സ്കൂള്‍ തലത്തിലുള്ള പരീക്ഷകള്‍ക്ക് ഒന്നോ രണ്ടോ ആഴ്ചത്തെ തീവ്ര ഒരുക്കം സഹായകമാകും.

1. പരീക്ഷയെ പേടിക്കരുത്

ചില കുട്ടികള്‍ നന്നായി പഠിക്കും. എന്നാല്‍ പരീക്ഷയെ വല്ലാതെ പേടിക്കുന്നതുകൊണ്ട് പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടാന്‍ അവര്‍ക്ക് കഴിയാതെ വരുന്നു. അതുകൊണ്ട് പഠനം തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാ ഭയങ്ങളും അകറ്റി മനസ് സ്വതന്ത്രമാക്കുക. നിങ്ങള്‍ക്ക് നല്ല ആത്മവിശ്വാസം വേണം, ആത്മവിശ്വാസമാണ് വിജയത്തിലേക്ക് നയിക്കുന്ന ഏറ്റവും വലിയ ശക്തി.

2. നല്ലൊരു ടൈം ടേബിള്‍

പഠനം തുടങ്ങുന്നതിന് മുമ്പ് നല്ലൊരു ടൈംടേബിള്‍ തയ്യാറാക്കുക. ഇതില്‍ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തണം; എന്നാല്‍ എല്ലാത്തിനും ഒരേ പ്രാധാന്യമല്ല കൊടുക്കേണ്ടത്. വിഷമമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയവും എളുപ്പമുള്ള വിഷയങ്ങള്‍ക്ക് കുറച്ചു സമയവും നിശ്ചയിക്കുക. ഒപ്പം വിനോദത്തിനുള്ള സമയവും കണ്ടെത്താന്‍ മറക്കരുത്. മാത്രമല്ല, ഓരോ വിഷയത്തിനും ശേഷം വേണ്ടത്ര ഇടവേള ഉണ്ടായിരിക്കുകയും വേണം.

3. അനുയോജ്യമായ അന്തരീക്ഷം

ഇക്കാര്യം വിശദീകരിക്കേണ്ട ആവശ്യം പോലുമില്ല. പഠനാന്തരീക്ഷത്തിന് അത്ര മാത്രം പ്രാധാന്യമുണ്ട്. ടി.വി. കണ്ടുകൊണ്ട് പഠിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? അതുകൊണ്ട് നിങ്ങള്‍ക്ക് ഏറ്റവും ഏകാഗ്രത കിട്ടുന്ന ഒരു സ്ഥലം തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ശാന്തതയും ശ്രദ്ധയും കിട്ടുന്ന ഒരിടം. മറ്റൊരു സുപ്രധാനകാര്യം ഒരു വിഷയം പഠിക്കുമ്പോള്‍ അതില്‍ മാത്രമാണ് ശ്രദ്ധ എന്ന് ഉറപ്പു വരുത്തുക. അതിനായി മറ്റ് വിഷയങ്ങളുടെ പുസ്തകങ്ങള്‍ കണ്ണെത്തുന്നിടത്ത് വക്കരുത്. അപ്പോള്‍ പിന്നീട് പഠിക്കാനുള്ള കാര്യങ്ങളോര്‍ത്ത് ഉത്കണ്ഠയുണ്ടാവില്ല.

ഏറ്റവും നല്ലത് അതിരാവിലെ പഠിക്കുന്നതാണ്. തികച്ചും നിശബ്ദമായ ആ സമയത്ത് നിങ്ങള്‍ക്ക് കൂടുതല്‍ ഏകാഗ്രത ലഭിക്കും. ഏകാഗ്രത വളരെ പ്രധാനമാണ്.

4. നിവര്‍ന്ന് ഇരിക്കുക

പഠിക്കുമ്പോള്‍ ശരിയായ രീതിയില്‍ ഇരിക്കുക എന്നതും വളരെ പ്രധാനമാണ്. കിടക്കയിലോ, ചാരു കസേരയിലോ കിടന്ന് പഠിക്കാതിരിക്കുക. നട്ടെല്ല് നേരെയാക്കി ഇരുന്ന് വേണം പഠിക്കുവാന്‍. കാലുകള്‍ തറയ്ക്ക് സമാന്തരമായി, എന്നാല്‍ തറയില്‍ നിന്ന് അല്പം ഉയര്‍ത്തി വച്ച് ഇരിക്കുക. അതുപോലെ തലയേക്കാള്‍ ഉയരത്തില്‍ കാല്‍ വരുന്ന രീതിയില്‍ ഒരിക്കലും പഠിക്കാനിരിക്കരുത്. ഇത് രക്തപ്രവാഹത്തിന്‍റെ ദിശയെ ബാധിക്കുകയും ഉറക്കത്തിന് കാരണമാവുകയും ചെയ്യും.

5. കുറിപ്പുകള്‍ തയ്യാറാക്കുക

ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പഠിക്കുമ്പോള്‍ ചെറിയ കുറിപ്പുകള്‍ തയ്യാറാക്കുക, അതൊരിക്കലും വിശദമായവ ആയിരിക്കരുത്. റിവിഷന്‍ സമയത്ത് പാഠഭാഗങ്ങളെല്ലാം ആവര്‍ത്തിക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും ഈ കുറിപ്പ് സഹായിക്കും. നല്ലൊരു കുറിപ്പില്‍ പ്രധാനപ്പെട്ട സൂത്രവാക്യങ്ങളും, വര്‍ഷങ്ങളും മറ്റ് സുപ്രധാന പോയിന്റുകളുമുണ്ടാകും. പാഠപുസ്തകത്തിലെ പേജുകള്‍ മറിച്ചു നോക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ ഈ കുറിപ്പുകള്‍ മറിച്ചു നോക്കുക. ഈ കുറിപ്പുകള്‍ നോക്കാന്‍ അധികം സമയം ആവശ്യമില്ല. ഏതെങ്കിലും ഭാഗം വ്യക്തമല്ലെന്നു തോന്നിയാല്‍ മാത്രം ടെക്സ്റ്റ് ബുക്കിന്‍റെ സഹായം തേടുകയും ആവാമല്ലോ.

6. ഉറക്കം, ഭക്ഷണം

നന്നായി ഉറങ്ങുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉറങ്ങേണ്ടത് ചുരുങ്ങിയത് ആറ് മണിക്കൂറുകളെങ്കിലുമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് പരീക്ഷയുടെ തലേന്ന് രാത്രി ചുരുങ്ങിയത് ആറ് മണിക്കൂര്‍, എന്നാല്‍ എട്ട് മണിക്കൂറില്‍ കൂടാതെ. ഓരോ ദിവസവുംകഴിക്കേണ്ടത്ര ഭക്ഷണം നിര്‍ബന്ധമായും കഴിക്കുക. പരീക്ഷാദിവസം ഭക്ഷണം കഴിക്കാതിരിക്കരുത്. ഇത് വിപരീത ഫലമുണ്ടാക്കും. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. തലച്ചോറിലെ കോശങ്ങളെ ഊര്‍ജ്വസ്വലമാക്കാന്‍ ഇതിലൂടെ സാധിക്കും.

7. പരീക്ഷയെഴുത്തും അവതരണവും

നിങ്ങളുടെ മാര്‍ക്കിനെ ബാധിക്കുന്ന പ്രധാനഘടകം അവതരണരീതിയാണ്. പഠിച്ചതും ഒരുങ്ങിയതുമെല്ലാം ഉത്തരക്കടലാസില്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതനുസരിച്ചിരിക്കും മാര്‍ക്ക്. എഴുതിയതെല്ലാം വായിക്കാന്‍ അധ്യാപകര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. ഓര്‍ക്കുക, ഒരു ദിവസം 30–40 പേപ്പറുകളാണ് അവര്‍ നോക്കേണ്ടത്. പോയിന്റുകള്‍ക്കായി ഓടിച്ചു വായിക്കുകയാണ് പലരും ചെയ്യുക. ഉപന്യാസങ്ങളില്‍ പ്രധാന പോയിന്റുകള്‍ അടിയില്‍ വരച്ച് അടയാളപ്പെടുത്തണം. കയ്യക്ഷരവും മാര്‍ക്കിനെ ബാധിക്കും. വൃത്തിയായി എഴുതാന്‍ ശ്രമിക്കുക. കയ്യക്ഷരം വളരെ മനോഹരമല്ലെങ്കിലും വിഷമിക്കേണ്ടതില്ല. പരമാവധി നന്നായി എഴുതിയാല്‍ നല്ല മാര്‍ക്ക് കിട്ടും.

മറ്റൊരു പ്രധാന കാര്യം, “First impression is the best impression” എന്നാണല്ലോ. അത്കൊണ്ട്, നന്നായി അറിയാവുന്ന ഉത്തരങ്ങള്‍ ആദ്യമെഴുതുക. ഇത് ഉത്തരക്കടലാസ് പരിശോധിക്കുന്ന ആളുകളില്‍ നിങ്ങളെക്കുറിച്ച് നല്ല മതിപ്പുണ്ടാക്കും. അതുകൊണ്ട് മറ്റ് ചില ഉത്തരങ്ങള്‍ നന്നായി എഴുതാന്‍ കഴിഞ്ഞില്ലെങ്കിലും ഗണ്യമായ രീതിയില്‍ മാര്‍ക്ക് കുറയില്ല. സമയത്തിന്‍റെ കാര്യത്തില്‍ നല്ല ശ്രദ്ധ വേണം. അങ്ങനെയാണെങ്കില്‍ എല്ലാ ഉത്തരങ്ങളും എഴുതാന്‍ കഴിയും.

8. കോപ്പിയടി

പരീക്ഷയില്‍ കള്ളത്തരം പാടില്ല. അത് ചിലപ്പോള്‍ പരീക്ഷ തുടര്‍ന്നെഴുതാനുള്ള നിങ്ങളുടെ അവസരം നഷ്ടപ്പെടുത്തിയേക്കാം. ഉത്തരം അറിയില്ലെങ്കില്‍ എഴുതരുത്. പരീക്ഷയെഴുതുന്നത് നിങ്ങള്‍ക്ക് വേണ്ടിയാണ്, നിങ്ങളുടെ കഴിവ് തെളിയിക്കാനാണ് എന്ന് മറക്കാതിരിക്കുക.

9. ദൈവത്തില്‍ വിശ്വസിക്കുക, നിങ്ങളിലും

പരീക്ഷയ്ക്ക് മുമ്പ് നന്നായി പ്രാര്‍ത്ഥിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അഞ്ച് മിനിറ്റ് മുമ്പെങ്കിലും നിങ്ങളുടെ മനസ് പൂര്‍ണമായും സ്വതന്ത്രമായിരിക്കണം. പ്രാര്‍ത്ഥനയ്ക്ക് അളവില്ലാത്ത ഊര്‍ജവും മനസമാധാനവും തരാന്‍ കഴിയും. അതേപോലെ തന്നെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.

എല്ലാറ്റിലും ഉപരിയായി നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങള്‍ക്കുവേണ്ടി എടുക്കുന്ന ബുദ്ധിമുട്ടുകളേക്കുറിച്ചും സഹനങ്ങളേക്കുറിച്ചും ചിന്തിക്കുക. അവര്‍ നിങ്ങളെ എത്രമാത്രം ശ്രദ്ധയോടെ വളര്‍ത്തുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ അവരോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വിജയമാണ് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനം. പഠിക്കാന്‍ നിങ്ങളെ അവര്‍ നിര്‍ബന്ധിക്കുന്നത് നിങ്ങളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയാണ്. ഇപ്പോള്‍ നന്നായി പഠിച്ചാല്‍ ജീവിതത്തിലെ വരും നാളുകള്‍ സന്തോഷമായി ജീവിക്കാനാവും.

വിദ്യാര്‍ത്ഥി-ആത്മഹത്യ (ഇന്ത്യയില്‍)

പ്രതിദിന ആത്മഹത്യ (എല്ലാപ്രായക്കാരും): 95-100
കൗമാരക്കാരും യുവജനങ്ങളും: 40%
പഠനസമ്മര്‍ദ്ദംമൂലം: 90%

മാതാപിതാക്കള്‍ ചെയ്യേണ്ടത്

താഴെ പറയുന്ന കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ കുട്ടികളുടെ പഠനത്തെ അത് ഭാവാത്മകമായി സ്വാധീനിക്കും.

1. ഇടക്കിടെ സ്കൂള്‍ സന്ദര്‍ശിച്ച് കുട്ടിയുടെ പഠനനിലവാരത്തെക്കുറിച്ച് അധ്യാപകരോട് അന്വേഷിക്കണം.

2. കുട്ടികളോട് തുറന്ന് സംസാരിക്കുക. അപ്പോള്‍ അവര്‍ക്ക് എന്തും തുറന്നു പറയാനുള്ള ധൈര്യം ലഭിക്കും. അങ്ങനെ കുട്ടിയുമായി ആരോഗ്യകരമായ ഒരു ബന്ധമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. മാര്‍ക്ക് കുറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്തരുത്. ഏത് സാഹചര്യത്തിലും നിങ്ങള്‍ കൂടെയുണ്ടെന്ന് ബോധ്യപ്പെടുത്തി അവര്‍ക്ക് ധൈര്യം കൊടുക്കുക. ഇത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

3. സമയം കിട്ടുമ്പോഴൊക്കെ കുട്ടികളുടെ കൂടെയിരിക്കുകയും അവരെ പഠനത്തില്‍

സഹായിക്കുകയും ചെയ്യുക. നല്ലൊരു ടൈംടേബിള്‍ ഉണ്ടാക്കാനും അവരെ സഹായിക്കുക.

4. കളിക്കാനും, ടി.വി. കാണാനും കുട്ടികളെ അനുവദിക്കണം, കഴിയുമെങ്കില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കണം. ഇത് കുട്ടിയുടെ വ്യക്തിത്വ വികസനത്തില്‍ വലിയ സ്വാധീനം ചെലുത്തും. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുള്ളൂ എന്നത് മറക്കരുത്, അതുകൊണ്ട് അവര്‍ നന്നായി കളിക്കാനും സമയം കണ്ടെത്തട്ടെ.

5. പരീക്ഷാദിവസങ്ങളില്‍ അവര്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തിന്‍റെ കാര്യത്തിലും ശ്രദ്ധ വേണം. കൊഴുപ്പ് അധികമുള്ള പൊരിച്ചെടുത്ത ഭക്ഷണം ഒഴിവാക്കുക. തൈര്, പാല്‍, തേന്‍, കൊക്കോ അടങ്ങിയ ചോക്കളേറ്റ് മുതലായവ ഗുണം ചെയ്യും. അവരുടെ ഉറക്കത്തിലും ശ്രദ്ധവേണം.

6. പരീക്ഷയ്ക്ക് പോകുമ്പോള്‍ കുട്ടികള്‍ക്ക് നല്ല ആശംസ നേര്‍ന്ന് അവരെ സന്തോഷത്തോടെ പറഞ്ഞയക്കുക. പരീക്ഷാദിവസങ്ങളില്‍ കുട്ടികളെ സങ്കടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക.

ശ്രുതി അമ്മ ലയം അച്ഛന്‍

 

വിവിധ പ്രവേശന പരീക്ഷകള്‍ എഴുതുന്ന കുട്ടികള്‍ ആഹ്ലാദകരമായി ആ കടമ്പകടക്കാന്‍ മാതാപിതാക്കള്‍ ശ്രുതിയും ലയവും പോലെ മക്കള്‍ക്ക് താങ്ങും തണലുമാകണം…

Liju Sunil Vachaparambil M.A., MS (Counseling & Psychotherapy)

പരീക്ഷാക്കാലത്ത് കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യം മാതാപിതാക്കളുടെ പിന്തുണയാണ്. പ്രത്യേകിച്ച് അവര്‍ 12-ാം ക്ലാസ് പരീക്ഷയെഴുതിക്കഴിഞ്ഞ് വിവിധ പ്രവേശനപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയാണെങ്കില്‍.

നിര്‍ണ്ണായകമായ ഈ സമയത്ത്, കുട്ടികള്‍ക്ക് ഏതാവശ്യത്തിനും ആശ്രയിക്കാവുന്ന താങ്ങും തണലുമായിരിക്കണം മാതാപിതാക്കള്‍. പഠന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പരീക്ഷകളുമായി ബന്ധപ്പെട്ട മാനസിക, വൈകാരിക സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മാതാപിതാക്കള്‍ക്കുള്ള സ്ഥാനം സവിശേഷമാണ്. മക്കളുടെ കൂടെ ആയിരിക്കുക ദിവസത്തില്‍ 24 മണിക്കൂറും; ആഴ്ചയില്‍ ഏഴു ദിവസവും.

CAT, MAT മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശനപ്പരീക്ഷകള്‍, IIT-JEE, AIEEE ഈ പ്രവേശനപ്പരീക്ഷകളെല്ലാം കുട്ടികളെ സംബന്ധിച്ച് അത്യദ്ധ്വാനം ആവശ്യമുള്ളതും സംഘര്‍ഷങ്ങളുണ്ടാക്കുന്നതുമാണ്. “ഈ പരീക്ഷകളിലെ കുട്ടികളുടെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നത് മാതാപിതാക്കളാണ്. ഓര്‍ക്കുക, പ്രവേശനപ്പരീക്ഷകള്‍ കുട്ടികളുടെ മാനസികനില കൂടിയാണ് അളക്കുന്നത്. അതുകൊണ്ടാണ് ഇത്തരം പരീക്ഷകളില്‍ മാതാപിതാക്കളുടെ നിരന്തരമായ പിന്തുണ കുട്ടികള്‍ക്ക് നല്‍കണമെന്ന് പറയുന്നത്”, സ്റ്റുഡന്റ് കൗണ്‍സിലറും ബാംഗ്ലൂര്‍ ആര്‍മി പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലുമായ മഞ്ജുള രാമന്‍ പറയുന്നു.

ഒന്നാമത്തെ ഉപദേശം: പരീക്ഷ നന്നായെഴുതാന്‍കുട്ടികളില്‍ നിങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തരുത്, അത് അവരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയേയുള്ളൂ. പഠനത്തിന് അനുകൂലമായ സാഹചര്യവും, ഏകാഗ്രത ഉറപ്പുവരുത്തുന്ന അന്തരീക്ഷവും വീട്ടില്‍ സൃഷ്ടിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്.

“കുട്ടികളുമായി സൗഹൃദം സ്ഥാപിക്കാനും അവര്‍ക്ക് നല്ല മാര്‍ഗനിര്‍ദേശകരാകാനും മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന ഒരു അവസരമാണിത്. അത് മനസ്സിലാക്കി അവര്‍ക്ക് ധൈര്യം പകരുക, അവരില്‍ ആത്മവിശ്വാസം വളര്‍ത്തുക, അവരുടെ പരീക്ഷപ്പേടി ഇല്ലാതാക്കുക,” മഞ്ജുള രാമന്‍ കൂട്ടിച്ചേര്‍ക്കുന്നു.

മാതാപിതാക്കളുടെ മാനസികാവസ്ഥ കുട്ടികളെ ബാധിക്കും. അതിനാല്‍ നിങ്ങള്‍ ശാന്തരായിരിക്കുക; സമ്മര്‍ദ്ദത്തിനടിപ്പെടാതിരിക്കുക. പരീക്ഷാഫലത്തെക്കുറിച്ചുള്ള നിങ്ങളുടെ വേവലാതികള്‍ കുട്ടികള്‍ ഒരു കാരണവശാലും തിരിച്ചറിയരുത്.

ഈ കാലഘട്ടത്തില്‍ കുടുംബത്തില്‍ ചിലപ്പോള്‍ സംഘര്‍ഷങ്ങളുണ്ടായെന്ന് വരാം. ഇത് കുട്ടികളുടെ പഠനത്തേയൊ പരീക്ഷയേയൊ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (IISC) എയറോസ്പേസ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ മുഖ്യ ശാസ്ത്രഗവേഷകനും കരിയര്‍ കൗണ്‍സിലറുമായ എസ്. എന്‍. ഓംകാര്‍ പറയുന്നു: “പരീക്ഷാ ഫലത്തേക്കാള്‍ തങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത് കുട്ടികളുടെ നന്മയ്ക്കാണെന്ന് മാതാപിതാക്കള്‍ അവര്‍ക്ക് ഉറപ്പുകൊടുക്കണം.” ആരോഗ്യദായകമായ ഭക്ഷണശീലങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുകയും കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്താതിരിക്കുകയും വേണം. മധുരപലഹാരങ്ങളും ഫാസ്റ്റ്ഫുഡും കഴിവതും ഒഴിവാക്കി പഴങ്ങള്‍ പോലെ ആരോഗ്യസംരക്ഷണം ഉറപ്പുനല്‍കുന്ന ഭക്ഷണം അവര്‍ക്ക് ലഭിക്കുന്നെന്ന് ഉറപ്പുവരുത്തണം.

മന:ശാസ്ത്രജ്ഞന്‍മാര്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്ന മറ്റൊരുപദേശം അവസാന മണിക്കൂറിലേക്ക് പഠനം നീക്കിവയ്ക്കാതിരിക്കാനും പരീക്ഷയുടെ തലേദിവസം നന്നായി ഉറങ്ങാനും കുട്ടികളെ പ്രേരിപ്പിക്കണമെന്നാണ്. അവര്‍ക്ക് പഠനത്തിനിടെ കൃത്യമായ ഇടവേളകള്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. അതുപോലെ തന്നെ, ടിവി കണ്ടുകൊണ്ടിരിക്കുന്ന കുട്ടി പഠിക്കാന്‍ തുടങ്ങണമെന്ന് പറയുമ്പോള്‍, കുടുംബത്തിലെ എല്ലാവരും ടിവി കാണുന്നത് നിര്‍ത്തുക. പഠിക്കുന്ന കുട്ടികളെ ഏറ്റവുമധികം ശല്യപ്പെടുത്തുക ശബ്ദമാണെന്ന കാര്യം മറക്കരുത്.

“കുട്ടികള്‍ പരീക്ഷയ്ക്കൊരുങ്ങുമ്പോള്‍ മാതാപിതാക്കളും ആരോഗ്യകരമായ ഒരു ദിനചര്യശീലിക്കണം. റിവിഷന്‍ സമയം ഉചിതമായി ഭാഗിക്കാന്‍, കുട്ടികളെ മാതാപിതാക്കള്‍ സഹായിക്കണം. ഇടവേളകളു ള്ള പഠനരീതി നല്ല ഫലം ഉറപ്പുവരുത്തും,” മഞ്ജുള രാമന്‍ നിര്‍ദേശിക്കുന്നു.

സാധ്യമെങ്കില്‍ കുട്ടികള്‍ക്കുവേണ്ടി ചെറിയ പരീക്ഷകള്‍ നടത്താം, അവര്‍ക്ക് എന്തെങ്കിലും സഹായം വേണോ എന്ന് അനേഷിക്കാനും മറക്കരുത്. വളരെ പ്രധാനപ്പെട്ട കാര്യം, പഠനത്തിനായി കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ പഠനത്തിനാവശ്യത്തിന് തന്നെയാണ് അവരത് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ പരീക്ഷാസമയം മാതാപിതാക്കളുടെയും പരീക്ഷാസമയമാണെന്ന കാര്യം മറക്കരുത്.

ബാംഗ്ലൂരില്‍ താമസമാക്കിയ മാതാപിതാക്കളിലധികംപേരും വര്‍ഷാവസാനപ്പരീക്ഷയ്ക്ക് കുട്ടികളെ സഹായിക്കാനായി ഒരു മാസത്തേക്ക് അവധിയെടുക്കാറുണ്ട്. “മെയ് 1-ന് AIEEE പരീക്ഷയെഴുതുന്ന എന്‍റെ മോന് വേണ്ടത്ര പിന്തുണ നല്‍കാന്‍ എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യുന്നുണ്ട്. ഞാന്‍ അവനെ പഠിക്കാന്‍ നിര്‍ബന്ധിക്കാറേയില്ല. അവന്‍ അവന്റേതായൊരു പഠനരീതി പിന്തുടരുന്നുണ്ട്. അവന്‍ നന്നായി പരീക്ഷയെഴുതുമെന്ന് എനിക്കുറപ്പാണ്,” അമൃത കെ. പറയുന്നു.

കുട്ടികളുടെ റിവിഷന്‍ ടൈം ടേബിള്‍, പരീക്ഷാ തീയതി, സമയം എന്നിവ മാതാപിതാക്കള്‍ കൃത്യമായും അറിഞ്ഞിരിക്കണം. മാതാപിതാക്കളുടെ പിന്തുണ വളരെ പ്രധാനമാണെന്ന് കുട്ടികളും സാക്ഷ്യപ്പെടുത്തുന്നു. COMED-K 2010ല്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടിയ കാവ്യ ശരത് തന്‍റെ വിജയത്തിന്‍റെ കാരണം മാതാപിതാക്കളുടെ പിന്തുണയാണെന്ന് അഭിമാനത്തോടെ പറയുന്നു. “അച്ഛന്‍റെയും അമ്മയുടെയും സഹായമില്ലായിരുന്നെങ്കില്‍ ഈ വി-ജയം എനിക്ക് കിട്ടില്ലായിരുന്നെന്ന് ഉറപ്പാണ്. സന്തോഷത്തിലും സങ്കടത്തിലും അവരെന്‍റെ കൂടെ നിന്നു. മുഴുവന്‍ ഹൃദയത്തോടെ അവരെന്നെ വിശ്വസിച്ചു. ഞാനും അവരെ നിരാശപ്പെടുത്തിയില്ല,” കാവ്യ പറഞ്ഞു നിര്‍ത്തി

കടപ്പാട്-www.smartfamilyonline.com

2.72727272727
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top